ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ 12000 ത്തില്‍ അധികം ജോലികള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം ഐടി തൊഴില്‍ മേഖലയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. തങ്ങളുടെ തൊഴിലാളികളുടെ എണ്ണം രണ്ട് ശതമാനം കുറയ്ക്കാനുള്ള നീക്കത്തിലാണ് കമ്പനി. ഏകദേശം 12,200 മിഡില്‍, സീനിയര്‍ മാനേജ്മെന്റ് ജോലികള്‍ ഇല്ലാതാക്കപ്പെടുമെന്നാണ് നിഗമനം.
ടിസിഎസിന് പിന്നാലെ മറ്റ് കമ്പനികളും അണിചേര്‍ന്ന് 283 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള മേഖലയില്‍ അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി അഞ്ച് ലക്ഷം അവസരങ്ങള്‍ ഇല്ലാതാക്കുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍മ്മിത ബുദ്ധി സാധ്യതകള്‍ പ്രയോജനപ്പെടുത്തി മനുഷ്യശേഷി വിഭവ ബാധ്യത ചുരുക്കുകയാണ് ഈ തീരുമാനത്തിന് പിന്നില്‍. ഇങ്ങനെ മത്സരക്ഷമത വര്‍ധിപ്പിക്കയാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. അടിസ്ഥാന കോഡിങ് മുതല്‍ മാനുവല്‍ ടെസ്റ്റിങ്, ഉപഭോക്തൃ പിന്തുണ എന്നിങ്ങനെയുള്ള മേഖലകളില്‍ മനുഷ്യ തൊഴിലാളികള്‍ക്ക് പകരമായി എഐ വരും.
2025 മാര്‍ച്ച് വരെ ഐടിയും അനുബന്ധവുമായ ഈ മേഖല 5.67 ദശലക്ഷം ആളുകളെ ജോലിക്കെടുത്തിരുന്നു. ഇന്ത്യയുടെ ജിഡിപിയുടെ ഏഴ് ശതമാനത്തിലധികം വരും ഇത്. ഈ മേഖലയിലേക്കാണ് എഐ കടന്നു കയറുന്നത്. ഉപഭോക്തൃ സ്ഥാപനങ്ങളുടെയും ഇടപാടുകാരുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തതിനാല്‍ ഏകദേശം 400000 മുതല്‍ 500000 വരെ പ്രൊഫഷണലുകളെ അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ആവശ്യമില്ലാതാവും എന്നാണ് ടെക് മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ അണ്‍എര്‍ത്ത് ഇന്‍സൈറ്റിന്റെ സ്ഥാപകന്‍ ഗൗരവ് വാസുവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇവരില്‍ എഴുപത് ശതമാനവും നാല് മുതല്‍ 12 വര്‍ഷം വരെ പ്രവര്‍ത്തി പരിചയമുള്ളവരാണ്. പുതിയതായി ഈ മേഖലയിലേക്ക് എത്തുന്നവരെയും ഇത് ബാധിക്കും.
ടിസിഎസില്‍ മാത്രം പിരിച്ചുവിടലും വെട്ടിക്കുറയ്ക്കലും ആരംഭിക്കുന്നതിന് മുമ്പ് 6,13,000ത്തിലധികം തൊഴിലാളികളുണ്ടായിരുന്നു. എഐ ഉപയോഗിച്ച് ഭാവി മത്സരങ്ങളിലേക്ക് സജ്ജമാവുക എന്നാണ് കമ്പനികള്‍ തൊഴില്‍ വെട്ടിക്കുറയ്ക്കലിനെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴും ശക്തമായ മാനുഷിക സ്പര്‍ശം ആവശ്യമുള്ള നിരവധി കരിയറുകളുണ്ട്. സഹാനുഭൂതി, സര്‍ഗാത്മകത, പ്രായോഗിക കഴിവുകള്‍ അല്ലെങ്കില്‍ വൈകാരിക ബുദ്ധി എന്നിവ പോലെ എഐയ്ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ആവശ്യമുള്ള മേഖലകള്‍. ഇത് ഐടി വ്യവസായത്തിന് അകത്തും നിലനില്‍ക്കുന്നുണ്ട്. എഐ തരംഗത്തില്‍ ഇത്തരം മേഖലകള്‍ തളര്‍ച്ചയില്ലാതെ നിലനില്‍ക്കും.
കോള്‍ സെന്റര്‍ ഏജന്റുമാര്‍, അടിസ്ഥാന അക്കൗണ്ടിങ്/ബുക്ക് കീപ്പിങ്, ടിക്കറ്റ് ഏജന്റുമാര്‍/ട്രാവല്‍ ക്ലാര്‍ക്കുകള്‍, ലീഗല്‍ അസിസ്റ്റന്റുമാര്‍ (പതിവ് ഡ്രാഫ്റ്റിങ്), ടെലിഫോണ്‍ ഓപ്പറേറ്റര്‍മാര്‍, റീട്ടെയില്‍ ടാസ്‌ക്കുകള്‍ ചെയ്യുന്ന ഫിനാന്‍സ്/ഇന്‍ഷുറന്‍സ് അണ്ടര്‍റൈറ്റര്‍മാര്‍, ആവര്‍ത്തിച്ചുള്ള ജോലികള്‍ ചെയ്യുന്ന കോഡര്‍മാര്‍, ജൂനിയര്‍ മാര്‍ക്കറ്റിങ് ഗവേഷകര്‍, ഉപഭോക്തൃ സേവന പ്രതിനിധികള്‍, ഐടിയിലെ അടിസ്ഥാന ക്യുഎ ടെസ്റ്റര്‍മാര്‍, വ്യാഖ്യാതാക്കള്‍/വിവര്‍ത്തകര്‍, മാര്‍ക്കറ്റിങ് അനലിറ്റിക്‌സ് (പ്രെഡിക്റ്റീവ് റിപ്പോര്‍ട്ടിങ് ഓട്ടോമേഷന്‍)എഴുത്തുകാര്‍/രചയിതാക്കള്‍ (അടിസ്ഥാന ഉള്ളടക്കം)സിഎന്‍സി ടൂള്‍ പ്രോഗ്രാമര്‍മാര്‍, ഡാറ്റ എന്‍ട്രി ക്ലാര്‍ക്കുകള്‍, ഡാറ്റ ശാസ്ത്രജ്ഞര്‍, എച്ച്ആര്‍ സ്‌ക്രീനിങ് റോളുകള്‍, വെബ് ഡെവലപ്പര്‍മാര്‍, വെയര്‍ഹൗസ് സ്റ്റോക്കര്‍മാര്‍ എന്നിങ്ങനെയാണ് വേര്‍തിരിക്കുന്നത്.
ഇന്ത്യയും യുഎസും തമ്മിലുള്ള താരിഫ് യുദ്ധം കൂടുതല്‍ കടുക്കുന്നു. യുഎസുമായുള്ള പ്രതിരോധ ഇടപാടുകള്‍ താല്‍ക്കാലികമായി ഇന്ത്യ നിര്‍ത്തിവയ്ക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുഎസില്‍നിന്ന് യുദ്ധ വിമാനങ്ങള്‍, മിസൈലുകള്‍, ബോയിങ് വിമാനങ്ങള്‍ എന്നിവ വാങ്ങുന്നതിനുള്ള ചര്‍ച്ചകളാണ് ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. താരിഫ് വിഷയത്തില്‍ യുഎസ് നിലപാട് മയപ്പെടുത്താതെ ഇനി ചര്‍ച്ചകള്‍ വേണ്ടന്നാണ് ഇന്ത്യയുടെ തീരുമാനമെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തന്റെ വാഷിങ്ടന്‍ സന്ദര്‍ശനം റദ്ദാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങിക്കുന്നുവെന്ന് ആരോപിച്ചാണ് ഓഗസ്റ്റ് 6ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് 25% തീരുവ ചുമത്തിയത്. പിന്നീടത് 50% ആയി ഉയര്‍ത്തി. യുഎസുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന തീരുവ ചുമത്തിയിരിക്കുന്നത് ഇന്ത്യയ്ക്കാണ്. താരിഫിലും ഉഭയകക്ഷി ബന്ധത്തിലും വ്യക്തത ലഭിച്ചുകഴിഞ്ഞാല്‍ പ്രതിരോധ കരാറുകളുമായി മുന്നോട്ടു പോകാമെന്നാണ് ഇന്ത്യയുടെ തീരുമാനം.
അതേസമയം, യുഎസുമായുള്ള പ്രതിരോധ ചര്‍ച്ചകള്‍ നിര്‍ത്തിവച്ചെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. യുഎസില്‍ നിന്ന് ആയുധങ്ങളും വിമാനങ്ങളും വാങ്ങാനുള്ള പദ്ധതി ഇന്ത്യ നിര്‍ത്തിവച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.
വിമാനത്തിനുള്ളില്‍ പവര്‍ ബാങ്ക് ഉപയോഗിക്കുന്നത് പൂര്‍ണമായും നിരോധിക്കാന്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ്. ഈ വര്‍ഷം ഒക്ടോബര്‍ ഒന്ന് മുതല്‍ തീരുമാനം നിലവില്‍ വരും. 100 വാട്ട് ഹവേഴ്‌സ് താഴെ ശേഷിയുള്ള ഒരു പവര്‍ ബാങ്ക് കൈവശം വയ്ക്കാന്‍ അനുമതി നല്‍കുമെങ്കിലും വിമാനത്തില്‍ അത് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇനി മുതല്‍ വിമാനത്തിനുള്ളില്‍വച്ച് പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യാനും അനുവദിക്കില്ല. പവര്‍ ബാങ്കില്‍ അതിന്റെ വാട്ട് ഹവേഴ്‌സ് അടക്കമുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം. അല്ലെങ്കില്‍ അത് വിമാനത്തിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ല. പവര്‍ ബാങ്കുകള്‍ സീറ്റ് പോക്കറ്റിലോ മുന്നിലുള്ള സീറ്റിന്റെ അടിയിലുള്ള ബാഗിലോ വയ്ക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
ലിഥിയം-അയണ്‍ അല്ലെങ്കില്‍ ലിഥിയം-പോളിമര്‍ ബാറ്ററികളാണ് പവര്‍ ബാങ്കുകളില്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഇവ ഉപയോഗിച്ച് അമിതമായി ചാര്‍ജ് ചെയ്യുമ്പോള്‍ പവര്‍ ബാങ്കുകള്‍ തീപിടിക്കാനോ, പൊട്ടിത്തെറിക്കാനോ സാധ്യത ഉണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മലയാളം യുകെ ഡയറക്ടർ ബോർഡ് മെമ്പറും യുകെയിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ തോമസ് ചാക്കോയുടെ പിതാവ് കുട്ടനാട്, പുതുക്കരി, കൊച്ചുതെള്ളിയിൽ കുഞ്ചാക്കോച്ചൻ ( 88 വയസ് ) നിര്യാതനായി.
ഭാര്യ : അന്നമ്മ ചാക്കോ .
മക്കൾ: ജിമ്മിച്ചൻ , സോഫി , മിനി , ജെസ്സി , ടോമി. മരുമക്കൾ: ബാബു കുര്യൻ , റെന്നിച്ചൻ , മോനിച്ചൻ , അൽഫോൻസ
ആഗസ്റ്റ് 10-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 5 മണി മുതൽ ചങ്ങനാശ്ശേരി കൂത്രപ്പള്ളിയിലെ വസതിയിൽ പൊതു ദർശനം ഉണ്ടായിരിക്കും.
പിറ്റേദിവസം തിങ്കളാഴ്ച 10 മണിയോടുകൂടി കുട്ടനാട് പുതുക്കരിയിലേക്ക് മൃതദേഹം കൊണ്ടുപോകുകയും 3 മണിക്ക് പുതുക്കരി സെൻറ് സേവിയേഴ്സ് പള്ളിയിൽ അന്ത്യകർമ്മങ്ങൾ നടത്തുകയും ചെയ്യും.
തോമസ് ചാക്കോയുടെ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ബലാത്സംഗക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഹിരണ്‍ദാസ് മുരളിയെന്ന റാപ്പര്‍ വേടനായി ഇതരസംസ്ഥാനങ്ങളില്‍ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. വേടന്‍ ഒളിവില്‍ തുടരുന്ന സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്.
കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വേടന്‍ കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും ഇപ്പോള്‍ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് സര്‍ക്കാരിന്റെ വിശദീകരണംതേടി. ഹര്‍ജി ഓഗസ്റ്റ് 18-ന് പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്.
ഡോക്ടറായ യുവതിയാണ് പരാതിക്കാരി. കോഴിക്കോട്ടേക്കും പിന്നീട് എറണാകുളത്തേക്കും സ്ഥലംമാറ്റമുണ്ടായപ്പോള്‍ അവിടത്തെ താമസസ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്നും സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും പരാതിയിലുണ്ട്.
2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ കോഴിക്കോട്ടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും പിന്നീട് വിവാഹം കഴിക്കാതെ ഒഴിവാക്കിയെന്നുമാണ് പരാതി. പരാതിയില്‍ പറയുന്ന സ്ഥലങ്ങളിലും പരിശോധന നടത്തും. യുവ ഡോക്ടറുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യു പീഡനക്കേസ് പ്രതിയായ അറ്റന്‍റര്‍ എം എം ശശീന്ദ്രനെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടു. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് നടപടി സ്വീകരിച്ചത്. പ്രതിയെ ശിക്ഷിക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് അതിജീവിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യു പീഡനക്കേസില്‍ പ്രാഥമിക അന്വേഷണ സമിതിയുടെ അന്വേഷണത്തില്‍ തന്നെ ആശുപത്രിയിലെ ഗ്രേഡ് വണ്‍ അറ്റന്‍ററായ എം എം ശശീന്ദ്രന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനുശേഷമാണ് വിശദ അന്വേഷണത്തിനായി ഫോറന്‍സിക് വിഭാഗം അസിസ്റ്റന്‍റ് പ്രഫസര്‍ ഡോക്ടര്‍ പ്രിയദയെ ചുമതലപ്പെടുത്തിയത്.
ഈ അന്വേഷണത്തിലും കുറ്റക്കാരനാണെന്ന് വ്യക്തമായതോടെയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശശീന്ദ്രനെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഉത്തരവിറക്കിയത്. അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്ന കുറ്റം അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പോലെയുള്ള സ്ഥാപനത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും പിരിച്ചു വിട്ടുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.
ആരോഗ്യ വകുപ്പിന്‍റെ നടപടിയില്‍ സന്തോഷമുണ്ടെന്നായിരുന്നു അതിജീവിതയുടെ പ്രതികരണം.നീതി കിട്ടിയതിൽ സന്തോഷമുണ്ട്. തന്‍റെ പോരാട്ടം വിജയം കണ്ടുവെന്നും എല്ലാ സ്ത്രീകൾക്കും വേണ്ടിയാണു പോരാട്ടത്തിന് ഇറങ്ങിയതെന്നും പിരിച്ചു വിടാനുള്ള നടപടികൾ പൂർത്തിയാക്കിയതായി പ്രിൻസിപ്പൽ അറിയിച്ചെന്നും അതിജീവിത പറഞ്ഞു.
2023 മാര്‍ച്ച് 18നാണ് തൈറോയ്ഡ് ശസ്ത്രക്രിയക്ക് ശേഷം അര്‍ധ ബോധാവസ്ഥയിലായിരുന്ന യുവതിയെ ഐ സിയുവില്‍ വെച്ച് അറ്റന്‍ററായ ശശീന്ദ്രന്‍ ലൈംഗികമായി ഉപദ്രവിച്ചത്. പ്രതിയെ സംരക്ഷിക്കാന്‍ ഭരണാനുകൂല സംഘടനയില്‍ പെട്ട ചില ജീവനക്കാരുടെ നേതൃത്വത്തില്‍ ശ്രമം നടത്തുന്നുണ്ടെന്നാരോപിച്ച് അതിജീവിത നേരത്തെ സമരത്തിനിറങ്ങിയിരുന്നു. ഐ സിയു പീഡന കേസില്‍ വിചരാണ നടപടികള്‍ തുടരുകയാണ്.
പാക് വംശജയായ പെണ്‍കുട്ടിയുടെ ബലാത്സംഗപരാതിയില്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഹൈദര്‍ അലി യുകെയില്‍ അറസ്റ്റില്‍. പാകിസ്താന്റെ എ ടീം- പാകിസ്താന്‍ ഷഹീന്‍സിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസാണ് ഹൈദര്‍ അലിയെ അറസ്റ്റുചെയ്തത്. പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് ഹൈദറിനെ ജാമ്യത്തില്‍വിട്ടു. പിന്നാലെ താരത്തെ പാക് ക്രിക്കറ്റ് ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തു.
ഓഗസ്റ്റ് മൂന്നിന് യുകെയിലെ ബെക്കന്‍ഹാം ഗ്രൗണ്ടില്‍ എംസിഎസ്എസി ടീമിനെതിരേയുള്ള മത്സരത്തിനിടെയാണ് അറസ്‌റ്റെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പാക് വംശജയായ പെണ്‍കുട്ടിയാണ് പരാതിക്കാരി. ജൂലായ് 17 മുതല്‍ ഓഗസ്റ്റ് ആറുവരെയായിരുന്നു ടീമിന്റെ ഇംഗ്ലണ്ട് പര്യടനം. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിന മത്സരവുമായിരുന്നു ടീമിനുണ്ടായിരുന്നത്. ക്യാപ്റ്റനൊഴികെ മുഴുവന്‍ താരങ്ങളും ബുധനാഴ്ച തിരിച്ചെത്തിയിരുന്നു.
അന്വേഷണത്തെക്കുറിച്ച് തങ്ങളെ അറിയിച്ചിരുന്നുവെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) വക്താവ് പ്രതികരിച്ചു. അന്വേഷണവുമായി സഹകരിക്കും. ബോര്‍ഡ് സ്വന്തം നിലയ്ക്കും യുകെയില്‍ അന്വേഷണം നടത്തും. അന്വേഷണവിധേയമായാണ് ഹൈദര്‍ അലിയുടെ സസ്പന്‍ഷന്‍ എന്നും ബോര്‍ഡ് വ്യക്തമാക്കി.
പാകിസ്താനുവേണ്ടി രണ്ട് ഏകദിനങ്ങളും 35 ടി20കളും കളിച്ച താരമാണ് ഹൈദര്‍ അലി. നേരത്തേയും താരം ബോര്‍ഡിന്റെ നടപടിക്ക് വിധേയനായിരുന്നു. 2021-ല്‍ അബുദാബിയില്‍ നടന്ന പാകിസ്താന്‍ സൂപ്പര്‍ലീഗിനിടെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചായിരുന്നു സസ്‌പെന്‍ഷന്‍. ഇതേത്തുടര്‍ന്ന് അതേവര്‍ഷം ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്നു.
ആഗോളതലത്തില്‍ സമ്പൂര്‍ണവ്യാപാരയുദ്ധത്തിന് നാന്ദികുറിച്ചുകൊണ്ട് ഇന്ത്യയുള്‍പ്പെടെ 60-ലേറെ രാജ്യങ്ങള്‍ക്കുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്കം വ്യാഴാഴ്ച അര്‍ധരാത്രിമുതല്‍ പ്രാബല്യത്തില്‍വന്നു. ഇന്ത്യക്ക് 25 ശതമാനമാണ് യുഎസിന്റെ പകരച്ചുങ്കം.
അതുകൂടാതെ റഷ്യയില്‍നിന്ന് എണ്ണവാങ്ങി യുക്രൈന്‍ യുദ്ധത്തിന് സഹായം ചെയ്യുന്നെന്നാരോപിച്ച് കഴിഞ്ഞദിവസം ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം അധികതീരുവ ഈ മാസം 27-ന് നിലവില്‍വരും.
രണ്ടുംചേര്‍ത്ത് ഇന്ത്യക്ക് ആകെ 50 ശതമാനമാകും യുഎസ് തീരുവ. വിദേശരാജ്യങ്ങള്‍ക്ക് യുഎസ് ചുമത്തിയ തീരുവയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ത്യയെക്കൂടാതെ ബ്രസീലിനുമാത്രമാണ് 50 ശതമാനം തീരുവയുള്ളത്. സിറിയക്ക് 41 ശതമാനമാണ് തീരുവ.
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുള്ള പകരച്ചുങ്കം 50 ശതമാനമായി ഉയര്‍ത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ നടപടി യുഎസിലേക്കുള്ള ഇന്ത്യയുടെ 55 ശതമാനംവരെ കയറ്റുമതിയെ നേരിട്ട് ബാധിച്ചേക്കുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്‌ഐഇഒ). ഇത് ടെക്സ്‌റ്റൈല്‍, സമുദ്രോത്പന്നങ്ങള്‍, തുകല്‍ ഉത്പന്ന മേഖലകളില്‍ വലിയ ആഘാതമുണ്ടാക്കും. 50 ശതമാനം തീരുവ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയുടെ ചെലവുയര്‍ത്തും. മറ്റു വിപണികളുമായി മത്സരിക്കാനാകാതെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പുറന്തള്ളപ്പെടുമെന്നും എഫ്‌ഐഇഒ ഡയറക്ടര്‍ ജനറല്‍ അജയ് സഹായ് പറഞ്ഞു.
പാപ്പിനിശേരിയിൽ 17കാരി പ്രസവിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിശേരിയിൽ താമസിക്കുന്ന തമിഴ്‌നാട് സേലം സ്വദേശിയായ 34കാരനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ വളപട്ടണം പൊലീസ് പോക്സോ കേസ് ചുമത്തി. 17കാരിയും സേലം സ്വദേശിയാണ്,.
ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ആചാരപ്രകാരം സേലത്ത് വച്ച് വിവാഹിതരായെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി. പിന്നീട് പാപ്പിനിശേരിയിൽ താമസമാക്കുകയായിരുന്നു. കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് 17കാരി പ്രസവിച്ചത്. ആശുപത്രി അധികൃതർ വയസ് ചോദിച്ചപ്പോൾ 17 എന്ന് പെൺകുട്ടി പറഞ്ഞതിന് പിന്നാലെയാണ് അധികൃതർ പൊലീസിൽ വിവരം അറിയിച്ചത്. ആശുപത്രി അധികൃതരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു,
പീഡനക്കേസില്‍ ഒളിവിലുളള റാപ്പര്‍ വേടന്റെ കൊച്ചിയിലെ സംഗീത പരിപാടി മാറ്റിവച്ചു. ശനിയാഴ്ച ബോള്‍ഗാട്ടി പാലസിലെ ഓളം ലൈവ് എന്ന പരിപാടിയാണ് മാറ്റിയത്.പരിപാടിക്കെത്തിയാൽ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് തീരുമാനം. അതേസമയം, മറ്റൊരു ദിവസം പരിപാടി നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യത്തിനായി റാപ്പർ വേടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല. അതേസമയം, വേടനുമായി യുവതിയുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് സ്ഥിരീകരിച്ചു.
അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്.
2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും യുവതി വെളിപ്പെടുത്തുന്നു. പിൻമാറ്റം മാനസികമായി തകർത്തു ഡിപ്രഷനിലേക്ക് എത്തിപ്പെട്ടു. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇവയുടെ അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ഹാജരാക്കിയിട്ടുണ്ട്.