

കേരളത്തിലെ എച്ച്.ഐ.വി രോഗബാധയിലെ പ്രവണതയിൽ ആശങ്കാജനകമായ ഉയർച്ചയുണ്ടെന്ന് കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ (KSACS) ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 2022 മുതൽ 2025 വരെ സംസ്ഥാനത്ത് 4,477 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പുരുഷന്മാരാണ് ഭൂരിപക്ഷം രോഗബാധിതർ എന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത. 90 ഗർഭിണികളിൽ രോഗം സ്ഥിരീകരിച്ചതോടെ അമ്മയിൽ നിന്ന് കുഞ്ഞിലേക്കുള്ള രോഗവ്യാപനം തടയുന്നതിലെ വെല്ലുവിളിയും കൂടുതൽ രൂക്ഷമായി. ആരോഗ്യരംഗത്ത് മുന്നേറ്റം കൈവരിച്ച സംസ്ഥാനത്തും പ്രതിമാസം ശരാശരി 100 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വിദഗ്ധരെ ആശങ്കയിലാക്കുന്നു.
പൊതുസമൂഹത്തിൽ എച്ച്.ഐ.വി വ്യാപനം കുറവായിട്ടുണ്ടെങ്കിലും, ഉയർന്ന റിസ്ക് വിഭാഗങ്ങളിൽ രോഗം കേന്ദ്രീകരിക്കുകയാണ്. പ്രത്യേകിച്ച് 15–24 വയസ്സ് പ്രായമുള്ള യുവാക്കൾക്കിടയിൽ രോഗബാധ ഉയരുന്നുവെന്നതാണ് കെ എസ് എ സി എസ് കണ്ടെത്തിയ ഏറ്റവും ഗൗരവകരമായ മുന്നറിയിപ്പ്. മയക്കുമരുന്ന് കുത്തിവെക്കുന്ന ശീലം, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങൾ, അണുവിമുക്തമല്ലാത്ത ടാറ്റൂ സൂചികളുടെ ഉപയോഗം, അതിഥി തൊഴിലാളികൾക്കിടയിലെ ശൃംഖലകൾ എന്നിവയാണ് രോഗവ്യാപനത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. യുവാക്കളിലെ ഈ വർദ്ധനവ് കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി തുടർച്ചയായി ഉയർന്നു തന്നെയാണ്.
ജില്ലാതല കണക്കുകളിൽ എറണാകുളം 850 കേസുകളുമായി സംസ്ഥാനത്തെ ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്ത ജില്ലയായി തുടരുന്നു. വാണിജ്യ നഗരമായ കൊച്ചിയിലെ അതിഥി തൊഴിലാളികളുടെ വലിയ സാന്നിധ്യവും, മയക്കുമരുന്ന് ഉപയോഗവും, ജീവിതശൈലീ മാറ്റങ്ങളും രോഗവ്യാപനത്തെ ശക്തമായി ബാധിക്കുന്നുവെന്ന് കെ എസ് എ സി എസ് ഉദ്യോഗസ്ഥർ പറയുന്നു. ഉയർന്ന ജനസാന്ദ്രതയുള്ള തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലും കേസുകൾ വർദ്ധിക്കുകയാണ്. രോഗവ്യാപനം കൂടുതൽ വ്യാപകമാകുന്നതിന് മുൻപ് ബോധവൽക്കരണ പ്രവർത്തനങ്ങളും പരിശോധനകളും ശക്തിപ്പെടുത്തണമെന്ന് ആരോഗ്യ മേഖല മുന്നറിയിപ്പ് നൽകുന്നു.
തിരുവനന്തപുരത്തെ നെയ്യാറിന്റെ വൃഷ്ടിപ്രദേശത്ത് വിളയുന്നത് ടണ്‍കണക്കിന് കരിമീനും വരാലുമാണ്. അമ്പൂരിയിലെ പുരവിമല കടവിലെ കൂടുകളില്‍ വളരുന്ന മത്സ്യത്തിന് ബ്രിട്ടനില്‍ നിന്നുവരെ ആവശ്യക്കാരുണ്ട്. പ്രാദേശിക വില്പനയ്ക്ക് ശേഷം ബാക്കി വരുന്നവ കയറ്റി അയക്കാമെന്ന ആശയമാണ് വിദേശ വിപണിയിലേക്കുള്ള വഴി തുറന്നത്. അമ്പൂരി പഞ്ചായത്തിലെ തൊടരുമല വാര്‍ഡിലെ ഗോത്രവിഭാഗത്തിലുള്ളവരാണ് ഇവിടത്തെ ജീവനക്കാർ.
റിസര്‍വോയറിലെ വെള്ളത്തില്‍ കൂടുകളൊരുക്കിയാണ് കൃഷി. ഒരുകൂട്ടില്‍ നാലായിരം മുതല്‍ ആറായിരം വരെ കരിമീനാണ് വളരുന്നത്. ആറുമാസത്തിനിടെ അഞ്ചുടണ്ണിലേറെയാണ് വിളവെടുത്തത്. ഒരു കിലോ കരിമീനിന് 450 രൂപയും വരാലിന് 350 രൂപയുമാണ് വില. മത്സ്യം വില്‍ക്കുന്നതിനായി പ്രത്യേക വാഹനവും സജ്ജീകരിച്ചിട്ടുണ്ട്. നെയ്യാറില്‍ പരീക്ഷണ വിധേയമായി നടപ്പാക്കിയ പദ്ധതി വിജയിച്ചതോടെ ഇടുക്കി, പീച്ചി റിസര്‍വ്വോയറുകളിലും മീനുകളെ നിക്ഷേപിച്ചിരിക്കുകയാണ്.
അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ ഖബറടക്കം ഇന്ന്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ സിപിഎം നേതാക്കള്‍ ഏറ്റുവാങ്ങും. രാവിലെ എട്ട് മുതല്‍ പത്ത് വരെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും.
പിന്നീട്, കൊയിലാണ്ടി ടൗണ്‍ ഹാളിലും തലക്കുളത്തൂരിലെ കണ്‍വെന്‍ഷന്‍ സെന്‍ററിലും ചോയിക്കുളത്തെ വീട്ടിലും പൊതു ദര്‍ശനമുണ്ട്. അത്തോളി കുനിയില്‍ കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വൈകിട്ട് അഞ്ചു മണിക്കാണ് ഖബറടക്കം.
ആദര സൂചകമായി കൊയിലാണ്ടി ടൗണില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് അഞ്ച് വരെ ഹര്‍ത്താല്‍ ആചരിക്കും. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാനത്തില്‍ ജമീല ശനിയാഴ്ചയാണ് അന്തരിച്ചത്.
വിദേശത്തുള്ള മകന്‍ എത്തേണ്ടതിനാലാണ് ഖബറടക്കം ഇന്നത്തേക്ക് മാറ്റിയത്.
ഗുജറാത്തിലെ സൂറത്ത് എൻഐടിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച തൃശൂർ സ്വദേശി അദ്വൈത് ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചു. മൂന്നാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥിയായിരുന്ന അദ്വൈത് ഞായറാഴ്ച കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ജീവൻ നഷ്ടമായി.
അതേസമയം, വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിക്കുന്നതിന് ആംബുലൻസ് വൈകിയെന്നാരോപിച്ച് ക്യാമ്പസിൽ വിദ്യാർത്ഥികൾ പ്രതിഷേധം നടത്തി. സംഭവത്തെ കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കുകയും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തുകയും ചെയ്ത കേസിൽ ഒളിവിലായിരിക്കുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ പ്രത്യേക സംഘം വ്യാപകമായ തിരച്ചിൽ തുടരുന്നു. പാലക്കാട്ടിൽ നിന്നുള്ള രക്ഷപ്പെടലിനായി സ്വന്തം കാർ ഉപേക്ഷിച്ച് ഒരു ചുവന്ന കാറിൽ യാത്ര ചെയ്തുവെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഒരു ചലച്ചിത്ര താരത്തിന്റെ പേരിലുള്ളതാണെന്ന് സംശയിക്കുന്ന ഈ കാറിൽ സുഹൃത്തും രണ്ടാമത്തെ പ്രതിയുമായ ജോബി ജോസഫും ഒപ്പമുണ്ടായിരുന്നെന്നുള്ള സൂചനയും ശക്തമാണ്.
പാലക്കാട് ഫ്ലാറ്റ് വിട്ടുപോകുന്നതിന് മുമ്പ് രാഹുൽ എത്തിച്ചേർന്ന സമയത്തുള്ള സിസിടിവി ദൃശ്യങ്ങൾ ഡിവിആറിൽ നിന്ന് ഉദ്ദേശപൂർവ്വം മായ്ച്ചുകളഞ്ഞതായി അന്വേഷണം വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കെയർടേക്കർ ഉൾപ്പെടെയുള്ളവരുടെ മൊഴി സംഘം ശേഖരിച്ചുകഴിഞ്ഞു. അതേസമയം, മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഓഡിയോയിൽ കേൾക്കുന്നത് രാഹുൽ മാങ്കൂട്ടത്തിലിന്റെ ശബ്ദം തന്നെയാണെന്ന് വിദഗ്ധ പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ജാമ്യഹർജിക്ക് പിന്തുണയായി പരാതിക്കാരിയുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകളും ഓഡിയോ-വീഡിയോ ക്ലിപ്പുകളും രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച ജാമ്യഹർജി പരിഗണിക്കുന്നത് വരെ കാത്തിരിക്കാതെ പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. തെളിവുകൾ ശേഖരിക്കുന്ന നടപടികൾ പൂർത്തിയായ ശേഷം അടുത്ത ഘട്ട നടപടി സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡനപരാതി നൽകിയ യുവതി രണ്ടു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വിവരം പുറത്തുവന്നു. പ്രതിയിൽ നിന്നുണ്ടായ പീഡനവും നിർബന്ധിത ഗർഭഛിദ്രവും മാനസികമായി തകർത്തതിനെ തുടർന്ന് അമിതമായി മരുന്നുകൾ കഴിച്ചാണ് ആദ്യമായി ജീവൻ വെടിയാണ് ശ്രമിച്ചത്, ഇതിന്റെ തുടർച്ചയായി അവർ ചില ദിവസങ്ങൾ ആശുപത്രിയിൽ ചികിത്സയിലാണ് കഴിഞ്ഞത്. മറ്റൊരു അവസരത്തിൽ കൈയിലെ ഞരമ്പ് മുറിക്കാൻ ശ്രമിച്ചതായും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഗർഭഛിദ്രത്തിനായി രണ്ട് ഗുളികകൾ തന്നെ ബലമായി കഴിപ്പിച്ചുവെന്ന കാര്യവും അവർ ചികിത്സയ്ക്കിടെ ഡോക്ടറോട് വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പരാതിക്കാരിയുടെ വിവരങ്ങള്‍ പരോക്ഷമായി വെളിപ്പെടുത്തിയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രതികരണങ്ങള്‍ നടത്തിയുമാണെന്ന് പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരം അഡിഷണല്‍ സിജെഎം കോടതിയാണ് ജാമ്യം അനുവദിക്കാതെ റിമാന്‍ഡ് ഉത്തരവിടുന്നത്.
അറസ്റ്റിനിടെ തന്നെ കേസ് കൃത്രിമമാണെന്ന ആരോപണവുമായി രാഹുല്‍ ഈശ്വര്‍ മുന്നോട്ട് വന്നു. ജയില്‍വാസ കാലത്ത് നിരാഹാരം ഇരുന്ന് പ്രതിഷേധിക്കുമെന്ന് അദ്ദേഹം പോലീസിന്റെ വാഹനത്തിലിരുന്ന് പ്രഖ്യാപിച്ചു. അഭിഭാഷകര്‍ നല്‍കിയ വാദങ്ങളില്‍, വീഡിയോയില്‍ യുവതിയുടെ പേരോ വ്യക്തിഗത വിവരങ്ങളോ പറഞ്ഞിട്ടില്ലെന്നതും, എന്നാല്‍ പേരില്ലെങ്കിലും പരാതിക്കാരിയെ അപകീർത്തിപ്പെടുത്തിയെന്ന പൊലീസ് വാദം കോടതിയംഗീകരിച്ചതുമാണ് ശ്രദ്ധേയം.
ഞായറാഴ്ച വൈകിട്ട് സൈബര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സൈബര്‍ അധിക്ഷേപത്തിനു ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടുത്തി കേസ് ശക്തിപ്പെടുത്തിയതോടെയാണ് നടപടി കടുത്തത്. സൈബര്‍ ആക്രമണ കേസില്‍ പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കന്‍ ഒന്നാം പ്രതിയാണെന്നും കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍, രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെ അഞ്ചുപേർക്കെതിരെ കേസ് തുടര്‍ന്നു വരുന്നെന്നുമാണ് വിവരം.
പ്രിയ സ്നേഹിതരേ, യുകെയിലെ ഇടുക്കി ജില്ലാ ക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമം കോവിഡിന് ശേഷം വീണ്ടും ചാരിറ്റി പ്രവർത്തനങ്ങളുമായി നിങ്ങൾ ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു. ഉറ്റവരേയും ഉടയവരേയും ഉപേക്ഷിച്ച് നല്ലൊരു നാളേയ്ക്കായി പിറന്ന നാടിനെ ഉപേക്ഷിച്ച് പോകുമ്പോഴും ആ പച്ചപ്പിനേയും അവിടുത്തെ പ്രിയപ്പെട്ടവരേയും എന്നും ചേർത്തു പിടക്കുന്നവരാണ് മലയാളിയെന്നത് നമ്മുടെ ഏറ്റവും അഭിമാനകരമായ കാര്യമാണ്.
ഇടുക്കിയെന്ന സുന്ദരിയേയും, മിടുക്കിയേയും ഉപേക്ഷിച്ച് ഇംഗ്ലണ്ടിൽ എത്തിചേർന്ന വലിയൊരു സമൂഹത്തിൻ്റെ കുട്ടായ്മയാണ് ഇടുക്കി ജില്ലാ സംഗമം. കൂട്ടായ്മയുടെ ഇവിടുത്തെ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ നാട്ടിലുള്ളവർക്കും കൈത്താങ്ങായി അവർക്കൊപ്പം കഴിഞ്ഞ 13 വർഷങ്ങളായി ഇടുക്കി ജില്ലാ സംഗമം പ്രവർത്തിച്ച് വരുന്നു. കഴിഞ്ഞ 13 വർഷങ്ങൾ കൊണ്ട് 1 കോടി 20 ലക്ഷം രൂപ നാട്ടിലും,യുകെയിലുമായി നൽകി കഴിഞ്ഞു. പിന്നിട്ട വർഷങ്ങളിൽ വളരെയേറെ സാമ്പത്തികമായ കഷ്ടപ്പെടുന്ന രോഗികൾക്കും, ഭവനരഹിതർക്കും ഒപ്പം ചേർന്നു പോകുവാൻ സാധിച്ചുവെന്നത് യുകെയിലുള്ള ഓരോ ഇടുക്കിക്കാർക്കും അവരോടൊപ്പം എന്നും സഹായമായ ഇതര സംഘടനകൾക്കും, കൂട്ടായ്മകൾക്കും അഭിമാനകരമായ കാര്യം തന്നെയാണ്.
ഈ വർഷവും ഇടുക്കി ജില്ലാ സംഗമത്തിൻ്റെ ചാരിറ്റിക്കായി കണ്ടെത്തിയ വ്യക്തി ഇടുക്കി നാരകകാന സ്വദേശിയാണ് രണ്ടു വ്യക്കകളും പ്രവർത്തനരഹിതമായി കൊണ്ടിരിക്കുന്ന ഷിനോയ്ക്ക് കിഡ്നിമാറ്റ ശസ്ത്രക്രിയക്ക് സഹായം നൽകാനാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. 38 വയസുള്ള ഷിനോയിക്ക് കിഡ്നി നൽകുന്നത് ഭാര്യയാണ്. ഈ കുടുംബത്തിന് മൂന്ന് കുട്ടികൾ ഉണ്ട്. കൂലിപണി എടുത്ത് ജീവിതം മുന്നോട്ട് പോകുന്ന സമയത്താണ് ഷിനോയിക്ക് കിഡ്നിക്ക് രോഗം ബാധിക്കുന്നത്, ശാശീരിക അസുഖത്താൽ കഷ്ടപെടുന്നതിനാൽ ഷിനോയിക്ക് ഇപ്പോൾ ജോലിക്ക് പോകുവാൻ സാധിക്കാത്ത അവസ്ഥയാണ്. ഈ കുടുംബത്തെ സഹായിക്കുവാൻ നിങ്ങൾ ഏവരുടെയും, സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു ഷിനോയെയും,കുടുംബത്തെയും സഹായിക്കാൻ താല്പര്യം ഉള്ളവർ നിങ്ങൾക്ക് ഇഷ്ടമുള്ള തുക ഇടുക്കി ജില്ലാ സംഗമം അക്കൗണ്ടിൽ കൈമാറി ഈ കുടുംബത്തിൻ്റെ സ്വപ്നങ്ങൾ നിറവേറ്റാൻ പങ്കാളികളാകൂ.
IDUKKIJILLA SANGAMAM
BARCLAYS
AC – 93633802.
SC- 20 76 92.
ഇടുക്കി ജില്ലാ സംഗമം യുകെക്ക് വേണ്ടി പ്രസിഡൻ്റ്, ബാബു തോമസ് .
07730883823
രാജസ്ഥാനിലെ ശ്രീഗംഗാനഗർ ഗവ. വെറ്ററിനറി കോളജിൽ പഠിക്കുന്ന കണ്ണൂർ ചക്കരക്കൽ സ്വദേശിനി പൂജയെ (23) ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . ശ്രീഗംഗാനഗർ ഗവൺമെന്റ് വെറ്ററിനറി കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ഹോസ്റ്റൽ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . നവംബർ 28നാണ് സംഭവം നടന്നത് എന്നാണ് ലഭിച്ച വിവരം.
പൂജയുടെ മരണവാർത്ത നാട്ടിൽ അറിയിച്ചതിനെ തുടർന്ന് മൃതദേഹം നാട്ടിലേക്കെത്തിച്ചു. തുടർന്ന് പയ്യാമ്പലത്ത് തിങ്കളാഴ്ച രാവിലെ സംസ്കാര കർമ്മങ്ങൾ നടത്തി. അമ്മ സിന്ധു അഞ്ചരക്കണ്ടിയിലെ എഐഇഎസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയും അച്ഛൻ വസന്തൻ കൊല്ലൻചിറയിലെ ഓട്ടോ ഡ്രൈവറുമാണ്. ഇവരുടെ ഏക മകളായിരുന്നു പൂജ.
മുതുകുളം കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ കുടുംബ വഴക്കിനിടയിൽ അഭിഭാഷകനായ മകൻ മാരകമായ ആക്രമണം നടത്തിയ സംഭവത്തിൽ അച്ഛൻ നടരാജൻ (62) മരിച്ചു. അമ്മ സിന്ധു (49) തീവ്ര പരിക്കുകളോടെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് മാവേലിക്കര ബാറിലെ അഭിഭാഷകനായ മകൻ നവജിത്ത് നടരാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി ഒൻപതരയോടെ വീട്ടിൽ ഉണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിന് കാരണമായതെന്നതാണ് പ്രാഥമിക വിവരം. മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പ്രതി ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചുവെന്നാണ് പോലീസ് പറയുന്നത്. നടരാജന്റെ തലയിൽ ഒന്നിലധികം വെട്ടേറ്റതായും പരിക്കേറ്റവരെ നാട്ടുകാർ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയപ്പോഴേക്കും നടരാജൻ മരണപ്പെട്ടു.
വീടിന്റെ രണ്ടാം നിലയിൽ ഒളിച്ചിരുന്ന പ്രതിയെ സാഹസികമായി പൊലീസ് പിടികൂടി. ഗുരുതരാവസ്ഥയിൽ ആയിരുന്ന സിന്ധുവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബക്ഷോഭമാണ് സംഭവത്തിന് പിന്നിലെന്ന് അന്വേഷണം സൂചിപ്പിക്കുന്നത്. മകൻ നടത്തിയ ക്രൂരാക്രമണത്തിൻ്റെ ഞെട്ടലിലാണ് പ്രാദേശികവാസികൾ.