യെമൻ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കുമെന്ന അറിയിപ്പ് നില്‍ക്കെ ഇന്നത്തെ ദിനം നിർണായകം. കൊല്ലപ്പെട്ട യെമന്‍ പൌരന്‍ തലാല്‍ അബ്ദുമഹദിന്റെ കുടുംബം ഇന്ന് നിലപാട് അറിയിക്കുമെന്നാണ് സൂചന. വധശിക്ഷ ഒഴിവാക്കാനുള്ള ചർച്ചകള്‍ തുടരുകയാണ്. ഇന്നലെ നടന്ന ചർച്ചയില്‍ ദിയാധനം സ്വീകരിച്ച് വധശിക്ഷ ഒഴിവാക്കുന്നതില്‍ കൊല്ലപ്പെട്ട തലാലിന്റ കുടുംബം പ്രതികരിച്ചിട്ടില്ല.
കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനിലെ സുന്നി പണ്ഡിതനാണ് തലാലിന്റെ കുടുംബവുമായി ആദ്യഘട്ട ചർച്ച നടത്തിയത്. നോർത്ത് യമനില്‍ നടക്കുന്ന അടിയന്തിര യോഗത്തില്‍ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ അലി മഷ്ഹൂർ, യമൻ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരൻ, ഗോത്ര തലവന്മാർ എന്നിവരാണ് പങ്കെടുത്തത്.
ബ്ലഡ് മണിക്ക് സ്വീകരിച്ചു തലാലിന്റെ കുടുംബം നിമിഷ പ്രിയക്ക് മാപ്പ് നല്‍കണം എന്നായിരുന്നു ചർച്ചയിലെ നിർദേശം.
കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ദുരൂഹ സാഹചര്യത്തില്‍ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഷാർജയിലും നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം. ഷാർജ പൊലീസിൽ പരാതി നൽകും. കാനഡയിലുള്ള സഹോദരൻ ഉടൻ ഷാർജയിൽ എത്തും. ഭർത്താവിനും വിട്ടുകാർക്കുമെതിരെ കേസെടുക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. അതേസമയം, കേരളത്തില്‍ നല്‍കിയ പരാതി ഡിവൈഎസ്പി അന്വേഷിക്കും.
അമ്മയുടെ പരാതിയിലെടുത്ത കേസ് ശാസ്താംകോട്ട ഡിവൈഎസ്പിയാണ് അന്വേഷിക്കുക. കൊല്ലം റൂറൽ എസ് പി സാബു മാത്യു മേൽനോട്ടം വഹിക്കും. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കുണ്ടറ പൊലീസ് വിപഞ്ചികയുടെ ഭർത്താവ് നിതീഷിനും വീട്ടുകാർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. നിതീഷാണ് ഒന്നാം പ്രതി. രാജ്യത്തിന് പുറത്തുനടന്ന കേസായതിനാൽ സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിൻ്റെ അന്വേഷണത്തിനും സാധ്യതയുണ്ട്. മകളുടെ മരണത്തിന് കാരണക്കാരായവർക്ക് ശിക്ഷവാങ്ങി നൽകാൻ ഏതറ്റംവരെയും പോകുമെന്ന് അമ്മ ഷൈലജ പറഞ്ഞു.
വിവാഹം കഴിഞ്ഞ നാൾ മുതൽ വിപഞ്ചിക നിതീഷിൽ നിന്നും പീഡനം നേരിട്ടിരുന്നുവെന്നാണ് അമ്മ ഷൈലജയുടെ പരാതി. നിതീഷിന്‍റെ സഹോദരി നീതുവും, അച്ഛനും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും അമ്മ പറയുന്നു. സ്ത്രീധനത്തിന്‍റെയും പണത്തിന്‍റെയും പേരില്‍ മകളെ വേട്ടയാടി. നിതീഷിന്‍റെ വഴിവിട്ട സാമ്പത്തിക ഇടപാടുകള്‍ വിപഞ്ചിക ചോദ്യം ചെയ്തതും വൈരാഗ്യത്തിന് കാരണമായെന്നാണ് ആരോപണം. മകള്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായിരുന്നതിന്‍റെ ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകളുമായാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കുടുംബം പരാതി നല്‍കിയത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിപഞ്ചികയെയും കുഞ്ഞിനെയും ഷാർജയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരേ കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. മരണ കാരണം സ്ഥിരീകരിക്കുന്നതിനാണ് നാട്ടിൽ റീപോസ്റ്റ്മോർട്ടത്തിൻ്റെ സാധ്യത കുടുംബം ആലോചിക്കുന്നത്. ഭർത്താവിനും കുടുംബത്തിനും എതിരെ വിപഞ്ചിക ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് അപ്രത്യക്ഷമായതിൽ ദുരൂഹതയുണ്ടെന്നും പരാതിയുണ്ട്. വിപഞ്ചിക ഉപയോഗിച്ചിരുന്ന ഫോണും ലാപ്ടോപ്പും കാണാതായതും അന്വേഷിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികളെ നാട്ടില്‍ എത്തിച്ച് അന്വേഷണത്തിന് വിധേയരാക്കുന്നതിനുള്ള ശ്രമം തുടരുമെന്നും കുടുംബം വ്യക്തമാക്കി.
വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ അവസാനവട്ട ശ്രമങ്ങള്‍ ഊര്‍ജിതം. അതിന്റെ ഭാഗമായി നോര്‍ത്ത് യെമനില്‍ അടിയന്തര യോഗം ചേരുകയാണ്.
വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ചര്‍ച്ചകളുമായി നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യമനില്‍ ഇന്നും ചര്‍ച്ച നടക്കുകയാണ്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായാണ് ചര്‍ച്ച നടക്കുന്നത്. കാന്തപുരവുമായി ബന്ധമുള്ള യമനി പൗരന്‍ ആണ് ചര്‍ച്ച നടത്തുന്നത്.
നോര്‍ത്ത് യമനില്‍ നടക്കുന്ന അടിയന്തിര യോഗത്തില്‍ ജിനായത് കോടതി സുപ്രീം ജഡ്ജ്, യമന്‍ ഭരണകൂട പ്രതിനിധികള്‍, തലാലിന്റെ സഹോദരന്‍, ഗോത്ര തലവന്മാര്‍ എന്നിവരാണ് പങ്കെടുക്കുന്നത്. ദയാധനം സ്വീകരിച്ച് തലാലിന്റെ കുടുംബം നിമിഷ പ്രിയയ്ക്ക് മാപ്പ് നല്‍കണം, വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി മോചനം സാധ്യമാക്കണം എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.
കേരളത്തിലെ എപി സുന്നി വിഭാഗം നേതാവ് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിലാണ് ഇത്തരമൊരു ചര്‍ച്ച നടക്കുന്നത്. ഇന്നലെയാണ് കാന്തപുരം വിഷയത്തില്‍ ഇടപെട്ടത്. വധശിക്ഷ നടപ്പിലാക്കാന്‍ രണ്ട് ദിവസത്തില്‍ താഴെ മാത്രം ബാക്കിയുള്ളപ്പോഴാണ് നിര്‍ണായക നീക്കങ്ങള്‍ നടക്കുന്നത്.
അതേസമയം നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ശിക്ഷ ഒഴിവാക്കാന്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ദയാധനം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും അഡ്വക്കേറ്റ് ജനറല്‍ ഇന്ന് രാവിലെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
നേരത്തെ നിശ്ചയിച്ചിരുന്നതില്‍ നിന്ന് 10 മിനിറ്റ് വൈകി ഇന്ത്യന്‍ സമയം വൈകുന്നേരം 4.45 നാണ് ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക് ചെയ്തത്. അവസാനഘട്ട പരിശോധനകള്‍ നീണ്ടതിനാലാണ് അണ്‍ഡോക്കിങ് അല്‍പം വൈകിയത്.
ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെ പേടകം കാലിഫോര്‍ണിയ തീരത്തിനടുത്ത് ശാന്ത സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ ചെയ്യും. അതിനു ശേഷം യാത്രികരെ പേടകത്തില്‍ നിന്ന് പുറത്തെത്തിച്ച് ബോട്ടുകളില്‍ പുനരധിവാസ കേന്ദ്രത്തില്‍ എത്തിക്കും.
ബഹിരാകാശ നിലയത്തിൽ 18 ദിവസം പൂർത്തിയാക്കി ശുഭാംശുവും സംഘവും ഭൂമിയിലേയ്ക്ക് . പേടകം നാളെ ഭൂമിയിൽ എത്തും
ഭൂഗുരുത്വവുമായി പൊരുത്തപ്പെടുന്നതിനായി ഏഴ് ദിവസം സംഘം അവിടെ തുടരും. നാസയുടെയും സ്പേസ് എക്സിന്റെയും മിഷന്‍ കണ്‍ട്രോളില്‍ നിന്ന് അന്തിമ അനുമതി ലഭിച്ച ശേഷമാണ് ഡ്രാഗണ്‍ ബഹിരാകാശ പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പെടുത്തിയത്.
പേടകത്തിന്റെ ഫ്ളൈറ്റ് കമ്പ്യൂട്ടറാണ് മടക്കയാത്ര നിയന്ത്രിക്കുന്നത്. നാല് ബഹിരാകാശ യാത്രികരും മടക്കയാത്രയ്ക്കിടെ നിര്‍ദേശങ്ങളൊന്നും നല്‍കേണ്ടതില്ല. പൂര്‍ണമായും സ്വയം നിയന്ത്രിച്ചാവും ഡ്രാഗണ്‍ ബഹിരാകാശ പേടകം ഭൂമിയിലേക്ക് മടങ്ങുക.
അണ്‍ഡോക്ക് ചെയ്യുന്നതിനു മുമ്പ് പേടകത്തിന്റെ വാതില്‍ അടയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തു വന്നിട്ടുണ്ട്. എക്സ്പെഡിഷന്‍ 73 ദൗത്യത്തിന്റെ ഭാഗമായി നിലയത്തിലുള്ള മറ്റ് ഏഴ് ശാസ്ത്രജ്ഞര്‍ ഞായറാഴ്ച വൈകുന്നേരം നാല്‍വര്‍ സംഘത്തിന് ഔദ്യോഗിക യാത്രയയപ്പ് നല്‍കിയിരുന്നു.
ആറ് രാജ്യങ്ങളില്‍ നിന്നുള്ള വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഇവര്‍ നേരത്തേ സംഘാംഗങ്ങള്‍ക്ക് വിരുന്നും നല്‍കിയിരുന്നു. മാമ്പഴം കൊണ്ടുള്ള മറാത്തി വിഭവമായ ആംരസും കാരറ്റ് ഹല്‍വയും ഉള്‍പ്പെട്ട വിരുന്നാണ് ശാസ്ത്രജ്ഞര്‍ ശുഭാംശു ഉള്‍പ്പെട്ട സംഘത്തിന് നല്‍കിയത്.
സൂരജ് രാധാകൃഷ്ണൻ
ആഴ്ചതോറും സിനിമകൾ കണ്ടിരുന്ന മലയാളികളിൽ പലരും ഇവിടെ യു കെ യിൽ വന്നതിന് ശേഷം സിനിമ കാണുന്നത് കുറച്ചു. അതിന് പല കാരണങ്ങൾ ഉണ്ടാകാം. അതിൽ ആദ്യത്തേത് ടിക്കറ്റ് ചാർജ്ജ് തന്നെയാണ്. നാല് പേരടങ്ങുന്ന ഒരു ഫാമിലിക്ക് നാൽപ്പത് പൗണ്ടെങ്കിലും ടിക്കറ്റിന് മാത്രം ചിലവാകും. എന്നാൽ ഇതേ നാല് ടിക്കറ്റ് വെറും നാല് പൗണ്ടിനു ലഭിച്ചാലോ.
ഈ മാസം, ജൂലൈ 25 മുതൽ ആഗസ്റ്റ് 28 വരെ Cineworldil ഒരു ടിക്കറ്റിന് ഒരു പൗണ്ട് മാത്രം. എല്ലാ സിനിമകൾക്കും ഈ ഓഫർ ഇല്ലാ കേട്ടോ. പക്ഷേ ഈ അടുത്ത കാലത്ത് ഇറങ്ങിയ പ്രേക്ഷക പ്രശംസ നേടിയ ഒട്ടു മിക്ക എല്ലാ ഫാമിലി ചിത്രങ്ങളും ഈ ഒരു ഓഫറിൽ കാണാം. എല്ലാ ദിവസവും രാവിലെ പത്ത് മണിക്കാണ് ഷോ. സമ്മർ അവധിക്ക് നാട്ടിലോട്ട് പോകാത്ത വായനക്കാർ ഈ ഒരു അവസരം പ്രയോജനപ്പെടുത്തുമെന്ന് കരുതുന്നു.
സിനിമകളും ദിവസങ്ങളും ചുവടെ കൊടുത്തിരിക്കുന്നു.
എല്ലാ സിനിമാസിലും
The Wild Robot – July 25 to July 31
Sonic the Hedgehog 3-August 1 to August 7
Moana 2 – August 8 to August 14
Paddington in Peru – August 15 to August 21
A Minecraft Movie – August 22 to August 28
തിരഞ്ഞെടുക്കപ്പെട്ട സിനിമാസിൽ മാത്രം
Mufasa: The Lion King – July 25 to July 31
Flow – August 1 to August 7
Transformers One – August 8 to August 14
Disney’s Snow White – August 15 to August 21
Dog Man – August 22 to August 28
സംസ്ഥാനത്ത് ഒരു നിപ്പ മരണം കൂടി സ്ഥിരീകരിച്ചതോടെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശ്ശൂർ ജില്ലകൾക്ക് ജാഗ്രതാ നിർദേശം. നിപ ലക്ഷണങ്ങളുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്ന് ആശുപത്രികളോട് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം മരിച്ച പാലക്കാട് കുമാരംപുത്തൂര്‍ സ്വദേശിയുടെ സമ്പർക്കപ്പട്ടികയിൽ 46 പേരാണുള്ളത്. പാലക്കാടും മലപ്പുറത്തും അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി.
രോഗ ലക്ഷണവും സമ്പര്‍ക്കപട്ടികയിലും ഉള്ളവരില്‍ ചിലരുടെ ഫലം നെഗറ്റീവായതിന്റെ ആശ്വാസത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളെങ്കില്‍ നിപ്പയില്‍ പുതുതായി ഒരു മരണം കൂടി സംഭവിച്ചതോടെ അതീവ ജാഗ്രതയിലേക്ക് കടന്നിരിക്കുകയാണ് ആരോഗ്യമേഖല.
ഒരാഴ്ച മുമ്പാണ് പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ ചങ്ങലീരി സ്വദേശിയായ 58 കാരന്‍ പനി ബാധിച്ച്, മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. പിന്നാലെ വട്ടമ്പലത്തെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ച മലപ്പുറം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗി കഴിഞ്ഞ ദിവസം മരിച്ചു. കുമരംപുത്തൂർ ചങ്ങലീരിക്ക് മൂന്ന് കിലോമീറ്റർ ചുറ്റളവില്‍ കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി. സമ്പര്‍ക്കമുണ്ടായവര്‍ ക്വാറൻ്റീനിൽ പ്രവേശിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നല്‍കി.
പാലക്കാട് മലപ്പുറം കോഴിക്കോട് ജില്ലകളിലായി നിലവില്‍ അഞ്ഞൂറോളം പേരാണ് നിപ്പ സമ്പര്‍പ്പട്ടികയിലുള്ളത് മലപ്പുറത്ത് 203 പേരും കോഴിക്കോട് 114 പേരും പാലക്കാട് 178 പേരും എറണാകുളത്ത് രണ്ട് പേരുമാണ് സമ്പര്‍ക്കപ്പട്ടികയില്‍. മലപ്പുറത്ത് രോഗലക്ഷണങ്ങളോടെ 10 പേര്‍ ചികില്‍സയിലുണ്ട്. ഒരാള്‍ ഐസിയുവിലാണ്. 62 സാമ്പിളുകള്‍ മലപ്പുറത്ത് നെഗറ്റീവായിട്ടുണ്ട്. നേരത്തെ രോഗം സ്ഥിരീകരിച്ച പാലക്കാട് തച്ചനാട്ടുകര സ്വദേശിയായ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഈ മാസം ഒന്നിന് മരിച്ച മലപ്പുറം മങ്കട സ്വദേശിയായ 18 കാരിക്കും നേരത്തെ നിപ്പ സ്ഥിരീകരിച്ചിരുന്നു.
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന് മുൻപാകെയാണ് ഹർജി എത്തുന്നത്. നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കും എന്നാണ് വിവരം. ഇത് മരവിപ്പിക്കാനും നിമിഷപ് പ്രിയയെ മോചിപ്പിക്കാനും കേന്ദ്രസർക്കാർ ഇടപെടല്‍ തേടി ആക്ഷൻ കൗണ്‍സിലിൻ ആയി അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ ആണ് ഹർജി നല്‍കിയിരിക്കുന്നത്.
ഹർജിയില്‍ കേന്ദ്രസർക്കാർ വക്കാലത്ത് ഫയല്‍ ചെയ്തിട്ടുണ്ട്. 2017 ജൂലൈ 25ന് യെമനില്‍ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാല്‍ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു നിമിഷയുടെ വാദം.
തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു. നിമിഷ പ്രിയ തലാലിന്‍റെ ഭാര്യയാണെന്നതിന് യെമനില്‍ രേഖകളുണ്ടായിരുന്നു. എന്നാല്‍ ക്ലിനിക്കിനുള്ള ലൈസന്‍സ് എടുക്കുന്നതിനുണ്ടാക്കിയ താല്‍ക്കാലിക രേഖ മാത്രമാണിതെന്നാണ് നിമിഷയുടെ വാദം. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നും നിമിഷ ആരോപിച്ചിരുന്നു.
ഇതുപോലൊരു സ്‌റ്റേജ് ഷോ, ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. നിറം 25 കണ്ടിറങ്ങിയ പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നു, ഇത് വിസ്മയം! യുകെയിലെ മലയാളി സമൂഹം ഒന്നടങ്കം ഏറ്റെടുത്ത നിറം 25 സ്റ്റേജ് ഷോയ്ക്ക് ആഘോഷപൂര്‍വ്വമായ കൊട്ടിക്കലാശം.
ലെസ്റ്ററിലെ വേദിയില്‍ തിങ്ങിനിറഞ്ഞ സദസ്സിന് മുന്നില്‍ മലയാളിയുടെ പ്രിയതാരങ്ങള്‍ മനസ്സ് നിറയ്ക്കുന്ന വിസ്മക്കാഴ്ചകള്‍ തീര്‍ത്തു. ടിക്കറ്റുകള്‍ മുന്‍കൂറായി തന്നെ സമ്പൂര്‍ണ്ണമായി വിറ്റഴിച്ചിരുന്ന ആഘോഷരാവിലേക്ക് 1500-ലേറെ പേരാണ് കുടുംബസമേതം പങ്കെടുത്തത്. തിങ്ങിനിറഞ്ഞ സദസ്സിന് പുറമെ സ്റ്റാന്‍ഡിംഗ് ടിക്കറ്റില്‍ വരെ പരിപാടി ആസ്വദിക്കാന്‍ മലയാളി സമൂഹം ആവേശം കാണിച്ചു.
രമേഷ് പിഷാരടിയുടെ സംവിധാന മികവിന്റെ പൂര്‍ണ്ണതയോടെ അരങ്ങേറിയ നിറം 25 മലയാളികളുടെ പ്രിയങ്കരായ ചാക്കോച്ചനാണ് നയിച്ചത്. ആദ്യ ചിത്രം തൊട്ട് മലയാളികളുടെ പ്രണയ നായകനായും, ഏറ്റവും ഒടുവില്‍ കുറ്റാന്വേഷണം നടത്തുന്ന ഓഫീസറായും വരെ അഭിനയിച്ച് വ്യത്യസ്ത തലത്തില്‍ എത്തിനില്‍ക്കുന്ന ചാക്കോച്ചനോടുള്ള ഹൃദ്യമായ സ്‌നേഹത്തിന്റെ ആഴം വെളിവാക്കുന്നതായിരുന്നു ഒഴുകിയെത്തിയ മലയാളി സമൂഹം.
സദസിനെ കോരിത്തരിപ്പിക്കാന്‍ തന്റെ നൃത്തച്ചുവടുകളും ചാക്കോച്ചന്‍ പുറത്തെടുത്തു. തന്റെ റൊമാന്റിക് ഹീറോ പരിവേഷത്തിലും, നൃത്തമികവിലും ഒട്ടും കുറവ് വന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു വേദിയിലെ ഓരോ നിമിഷവും. ചാക്കോച്ചന്റെ പഴയകാലത്തേക്ക് കൂട്ടിക്കൊണ്ട് പോയ സെഗ്മെന്റ് വ്യത്യസ്തമായ അനുഭവമായി മാറുകയും ചെയ്തു.
നിറം 25 വേദിയെ ഇളക്കിമറിച്ച പ്രിയഗായിക റിമി ടോമി ലെസ്റ്ററിലെ കൊട്ടിക്കലാശത്തിലും ആവേശം വര്‍ദ്ധിപ്പിച്ചു. നൃത്തച്ചുടവുമായി കാണികളെ ആവേശത്തിലാഴ്ത്തിയ റിമി, സദസ്സിനെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ രസിപ്പിക്കുകയും ചെയ്തു.

സ്റ്റീഫന്‍ ദേവസിയുടെ സംഗീതവിസ്മയമായിരുന്നു വേദിയിലെ മറ്റൊരു കിടിലന്‍ അനുഭവം. തീപ്പോരിയായി മാറുന്ന സംഗീതവിരുന്നും കാണികള്‍ക്ക് ഏറെ ഹൃദ്യമായി. ചലച്ചിത്രതാരം മാളവിക മേനോന്റെ നൃത്തച്ചുവടുകള്‍ കൂടി ചേര്‍ന്നതോടെ നിറം 25 വേദി അക്ഷരാര്‍ത്ഥത്തില്‍ ഇളകിമറിഞ്ഞു. കൗശിക്കും, ശ്യാമപ്രസാദും ഗാനങ്ങളുടെ അകമ്പടിയോടെ ആഘോഷരാവില്‍ ഈണങ്ങളുടെ താരകങ്ങള്‍ പെയ്യിക്കുകയും ചെയ്തു.
പാട്ടും, ഡാന്‍സും, കോമഡിയും ഒത്തുചേരുന്ന കംപ്ലീറ്റ് സ്റ്റേജ് ഷോയായി മാറിയ നിറം 25 ഇതുവരെ യുകെ വേദികളില്‍ അവതരിപ്പിച്ചതില്‍ വെച്ച് ഏറ്റവും കൂടുതല്‍ താരങ്ങളെ ഒരുമിപ്പിച്ച വേദി കൂടിയായിരുന്നു. മലയാളികളുടെ പ്രിയതാരങ്ങളെ ഒത്തൊരുമിപ്പിച്ച് വേദിയില്‍ അവതരിപ്പിക്കാന്‍ സ്‌പോണ്‍സര്‍മാര്‍ നല്‍കിയ പിന്തുണയും ചെറുതല്ല. നിറം 25 പ്രധാന സ്‌പോണ്‍സറായ യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സിന്റെ എംഡിയും, മറ്റ് ടീം അംഗങ്ങളും ചാക്കോച്ചനും, മറ്റ് താരങ്ങള്‍ക്കും സ്‌നേഹാദരങ്ങളുടെ ഭാഗമായി മൊമെന്റോ സമ്മാനിച്ചു.
യുകെയില്‍ നിറം 25 അരങ്ങേറിയ എല്ലാ വേദികളിലും ജനങ്ങള്‍ ഒഴുകിയെത്തിയതിന്റെ ആഹ്ലാദത്തിലാണ് ചാക്കോച്ചനും സംഘവും മടങ്ങുന്നത്. പരിപാടി വന്‍വിജയമാക്കിയ മലയാളി സമൂഹത്തിന് താരങ്ങള്‍ നന്ദി പറയാന്‍ മറന്നില്ല.
‘ചാക്കോച്ചനൊപ്പം സെല്‍ഫി കോണ്ടന്റ്‌സിന്റെ’ ഭാഗമായി നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തി അവരുടെ ആഗ്രഹം പൂര്‍ത്തിയാക്കി. കൂടാതെ ടിക്കറ്റ് എടുന്നവരില്‍ നിന്നും ലക്കി ഡിപ്പിലൂടെ വിജയികളായവര്‍ക്ക് ഗോള്‍ഡ് കോയിന്‍ സമ്മാനവും നല്‍കി.
നിറം 25-ലൂടെ ഇത്രയേറെ മലയാള താരങ്ങളെ വേദിയില്‍ എത്തിച്ചതിന് പിന്നിലെ സംഘാടകരായ ഋതം ക്രിയേഷന്‍സിന്റെ ജിബിന്‍ വേദിയില്‍ നന്ദി അറിയിച്ചു. മനോഹരമായ സ്‌റ്റേജ് ഷോ അണിയിച്ചൊരുക്കിയ രമേഷ് പിഷാരടിയും യുകെ മലയാളികളുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞു. ഷോയുടെ എല്ലാ സ്‌പോണ്‍സര്‍മാര്‍ക്കുമുള്ള നന്ദിസൂചകമായി ഉപഹാരങ്ങള്‍ കൈമാറി. യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സ്, ലോ & ലോയേഴ്‌സ് സോളിസിറ്റേഴ്‌സ്, ഡെയ്‌ലി ഡിലൈറ്റ് എന്നിവര്‍ പരിപാടിയുടെ മുഖ്യസ്‌പോണ്‍സര്‍മാരായിരുന്നു.
മഹാവിജയമായി മാറിയ, സമാനതകളില്ലാത്ത അനുഭവങ്ങള്‍ വേദിയിലെത്തിയ ഋതം ഇനിയും ഇതിലും മികച്ച പരിപാടികള്‍ യുകെ വേദികളില്‍ എത്തിക്കുമെന്ന് പ്രതീക്ഷിക്കാം. നിറം 25 സമ്മാനിച്ച ആവേശപ്പൂരം മനസ്സുകളില്‍ ഇനിവരും ദിവസങ്ങള്‍ക്ക് പ്രതീക്ഷയുടെ നിറം പകരും.
കർക്കിടക വാവ് ബലി ( പിതൃ തർപ്പണം) കെന്റ് അയ്യപ്പ ടെമ്പിളിലും വളരെ വിപുലമായ രീതിയിൽ നടത്തപ്പെടുന്നു. 2025 ജൂലൈ 24 -ാം തീയതി വ്യാഴാഴ്ച പകൽ 11.30 am മുതൽ 3 pm വരെ കെന്റിലെ റോചെസ്റ്ററിൽ ഉള്ള കെന്റ് അയ്യപ്പ ടെമ്പിളിന് സമീപമുള്ള റിവർ മെഡ് വേയിൽ വച്ചാണ് ബലിതർപ്പണ ചടങ്ങുകൾ നടത്തപ്പെടുന്നത്.
ബലി തർപ്പണം നടത്താൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്നു സംഘടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
07838170203, 07985245890.
Registration link
https://forms.gle/Pee2q2MePGTKiDgD9

അപ്പച്ചൻ കണ്ണഞ്ചിറ
വാട്ഫോർഡ്: കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയും, ജനനായകനും, വികസനോന്മുകനും, മാതൃകാ ഭരണാധികാരിയുമായിരുന്ന യശഃശരീരനായ പ്രീയപ്പെട്ട ഉമ്മൻ ചാണ്ടിസാറിന്റെ രണ്ടാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും വാറ്റ് ഫോർഡിൽ വെച്ച് നടത്തപ്പെടുന്നു. വാറ്റ് ഫോർഡിലെ കോൺഗ്രസ് അനുഭാവികളും, ഉമ്മൻചാണ്ടിയുടെ ആത്‌മ സുഹൃത്തുക്കളും നേതൃത്വം നൽകുന്ന അനുസ്മരണ ചടങ്ങിൽ ഏവരെയും ഹാർദ്ധവമായി സ്വാഗതം ചെയ്യുന്നതായി മുഖ്യ സംഘാടകരായ സൂജു കെ ഡാനിയേൽ, സിബി തോമസ് ലിബിൻ കൈതമറ്റം, സണ്ണിമോൻ മത്തായി എന്നിവർ അറിയിച്ചു.
ഉമ്മൻചാണ്ടിയുടെ ചരമ ദിനമായ ജൂലൈ18 നു വെള്ളിയാഴ്ച വൈകുന്നേരം 8 മണിമുതൽ 10 മണി വരെ ഹോളിവെൽ ഹാളിൽ വെച്ചാവും അനുസ്മരണ ചടങ്ങുകൾ ഒരുക്കുന്നത്.
ഐഒസി ദേശീയ നേതാക്കളായ സുജു കെ ഡാനിയേൽ, സുരാജ് കൃഷ്ണൻ വാട്ഫോർഡിലെ പ്രമുഖ എഴുത്തുകാരും, സംസ്കാരിക നേതാക്കളുമായ ആയ കെ പി മനോജ് കുമാർ (പെയ്തൊഴിയാത്ത മഴ) പ്രശസ്ത പ്രവാസി കവയത്രി റാണി സുനിൽ, സിബി ജോൺ,കൊച്ചുമോൻ പീറ്റർ , ജെബിറ്റി , ബീജു മാത്യു, ഫെമിൻ, ജയിസൺ എന്നിവർ ഉമ്മൻചാണ്ടി അനുസ്മരണ സന്ദേശങ്ങൾ നൽകുന്നതാണ്.
ഉമ്മൻചാണ്ടിയുടെ കല്ലറയിൽ നിത്യേന സന്ദർശകർ എത്തി തിരികത്തിച്ചു പ്രാർഥിക്കുകയും, പുണ്യാത്മാവായി മാനിക്കുകയ്യും ചെയ്യുന്ന ജനനായകന്റെ ചരമ വാർഷിക ദിനത്തിൽ ഒരുക്കുന്ന പ്രാത്ഥനാ യജ്ഞത്തിന് ബീജൂമോൻ മണലേൽ (വിമുക്ത ഭടൻ) ജോൺ തോമസ് എന്നിവർ നേതൃത്വം നൽകുന്നതും , തുടർന്ന് ഉമ്മൻചാണ്ടിയുടെ പാവന സ്‌മാരക്കു മുമ്പാകെ പുഷ്പാർച്ചന നടത്തുന്നതുമായിരിക്കും.
ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളന വേദിയായ ഹോളിവേൽ ഹാളിലേക്ക് ഏവരേയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
Address :
Holywell Community Centre, Tropits Lane, Watford, WD18 9QD