ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നതിന് പോംവഴി തേടിയെത്തിയ ഗര്‍ഭിണിയായ യുവതിയുടെ നെറ്റിയില്‍ മന്ത്രവാദി ആണിയടിച്ചു കയറ്റി. പാകിസ്താനിലെ പെഷാവറിലാണ് സംഭവം. യുവതിയുടെ നെറ്റിയില്‍ തുളഞ്ഞു കയറിയ രണ്ടിഞ്ച് നീളമുള്ള ആണി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വീട്ടില്‍ വെച്ച് പൊടുന്നനെ യുവതി ബോധരഹിതയായതോടെയാണ് കുടുംബം ഇവരെ വടക്കുപടിഞ്ഞാറന്‍ പെഷാവറിലെ ലേഡി റീഡിംഗ് ഹോസ്പിറ്റലില്‍ എത്തിക്കുന്നത്. നെറ്റി തുളഞ്ഞു കയറിയ ആണി പറിച്ചെടുക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ലെന്നും ആശുപത്രിയിലെത്തിക്കുമ്പോള്‍ യുവതി വേദനയില്‍ പുളയുകയായിരുന്നുവെന്നും ഡോ.സുലൈമാന്‍ ഡോണ്‍ പത്രത്തിനോട് പറഞ്ഞു.
നിലവില്‍ മൂന്ന് പെണ്‍കുട്ടികളുടെ അമ്മയാണ് യുവതി. നാലാമത്തേത് ആണ്‍കുട്ടിയല്ല എങ്കില്‍ ബന്ധം ഉപേക്ഷിക്കുമെന്ന് ഭര്‍ത്താവ് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. അള്‍ട്രാസൗണ്ടില്‍ പെണ്‍കുട്ടിയാണെന്ന് തെളിഞ്ഞതോടെയാണ് യുവതി ആണ്‍കുഞ്ഞിനെ പ്രസവിക്കാനുള്ള വഴി തേടി മന്ത്രവാദിയുടെ അടുത്തെത്തുന്നത്. ഇയാള്‍ പരിഹാരമെന്ന് വിശ്വസിപ്പിച്ച് ആണിയടിച്ച് കയറ്റുകയായിരുന്നു. തലയോട്ടിയുടെ കുറച്ച് ഉള്ളിലേക്ക് ആണി തുളഞ്ഞു കയറിയെങ്കിലും തലച്ചോറിന് പരിക്കില്ല.
സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയാനും യുവതിയെ കൗണ്‍സിലിംഗിന് വിധേയയാക്കാനും ക്യാപിറ്റല്‍ സിറ്റി പോലീസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. യുവതിയുടെ ഭര്‍ത്താവിനെതിരെയും കുറ്റകൃത്യം നടത്തിയവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
കാമുകന്റെ ഭാര്യയായ 30 കാരിയെയും നാലു കുട്ടികളെയും കൊലപ്പെടുത്തിയ സംഭവത്തിൽ 32കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരു സ്വദേശിയായ പ്രതി കൊല്ലപ്പെട്ട യുവതിയുടെ ബന്ധുവാണ്. പ്രതിയുടെയും ഇരയുടെയും പേര് ലക്ഷ്മി എന്നാണ്. ഞായറാഴ്ച പുലർച്ചെയാണ് മാണ്ഡ്യ ജില്ലയിലെ കൃഷ്ണരാജ് സാഗർ പ്രദേശത്ത് നാടിനെ നടുക്കിയ ക്രൂരകൃത്യം അരങ്ങേറിയത്.
ഇരയുടെ മക്കളായ കോമള (8), രാജ് (10), കുനാൽ (5) എന്നിവരും അനന്തരവനായ ഗോവിന്ദയും (13) ആണ് കൊല്ലപ്പെട്ടത്. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വ്യാപാരിയായ ഗംഗാറാമുമായി പ്രതി അവിഹിത ബന്ധത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്.
ഞായറാഴ്ച പുലർച്ചെ 12.45 ഓടെ ഇരുചക്രവാഹനത്തിൽ അരിവാളുമായി പ്രതി ഗംഗാറാമിന്റെ വീട്ടിലെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് കൊലപാതകം നടത്തിയ ശേഷം ഇരുചക്രവാഹനത്തിൽ രക്ഷപ്പെട്ടു. ഗംഗാറാം ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല.
“ആദ്യം കൊലപാതകത്തിൽ ഗംഗാറാമിനെയാണ് സംശയിച്ചത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിനെതിരെ തെളിവുകളൊന്നുമില്ല. സംഭവം നടക്കുമ്പോൾ ഇയാൾ ഹൈദരാബാദിലായിരുന്നു. എന്നാൽ ഗംഗാറാമും ലക്ഷ്മിയും തമ്മിൽ അവിഹിതബന്ധമുണ്ടെന്ന് മനസ്സിലായി. പ്രദേശവാസികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ഗംഗാറാമിന്റെ വീടിന് സമീപമുള്ള സിസിടിവി ക്യാമറകൾ പരിശോധിക്കുകയും ചെയ്തപ്പോൾ, ലക്ഷ്മി (പ്രതി) തന്റെ വാഹനവുമായി രാത്രി വൈകി അവിടെയെത്തിയെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു,” -ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
മോഷണത്തിന്റെ ഭാഗമായാണ് കൊലപാതകം നടന്നതെന്ന് വരുത്തിത്തീർക്കാൻ പ്രതി വീട്ടിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ചതായും പൊലീസ് പറഞ്ഞു. “എന്നിരുന്നാലും, കുട്ടികളും കൊല്ലപ്പെട്ടതിനാൽ, ഈ കേസിൽ വ്യക്തിപരമായ വൈരാഗ്യമുണ്ടെന്ന് ഞങ്ങൾ സംശയിച്ചു. വീട്ടിൽ അതിക്രമിച്ചു കയറിയതായി കണ്ടെത്താത്തതിനാൽ വീട്ടുകാർക്ക് പരിചിതമായ ആരെങ്കിലും കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങൾ സംശയിച്ചു.- പൊലീസ് വ്യക്തമാക്കി.
പ്രതി പലപ്പോഴും ഗംഗാറാമിന്റെ വീട്ടിൽ വന്നിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ, വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതോടെ ഇയാൾ ഒഴിവാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗംഗാറാമിന്റെ ഭാര്യയും ഈ ബന്ധത്തിൽ നിന്ന് മാറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിൽ പ്രകോപിതനായ പ്രതി ഗംഗാറാമിന്റെ ഭാര്യയെ തലയ്ക്കടിച്ചും തലയണ കൊണ്ട് ഞെരിച്ചും കൊലപ്പെടുത്തുകയായിരുന്നു. ബഹളത്തിനിടെ വീട്ടിലെ നാല് കുട്ടികളിൽ രണ്ട് പേർ ഉണർന്ന് തങ്ങളെ ഉപദ്രവിക്കരുതെന്ന് പ്രതിയോട് അപേക്ഷിച്ചതായി പോലീസ് പറഞ്ഞു. എന്നാൽ ഉറങ്ങിക്കിടക്കുകയായിരുന്ന അവരെയും മറ്റ് രണ്ട് കുട്ടികളെയും കൊലപ്പെടുത്തി. മൈസൂരുവിലേക്ക് പോകുന്നതിന് മുമ്പ് പ്രതി വീട്ടിൽ നിന്ന് കുറച്ച് ആഭരണങ്ങൾ മോഷ്ടിക്കുകയും ചെയ്തു.
കൊലപാതകത്തിന് ഉപയോഗിച്ച പ്രതി വലിച്ചെറിഞ്ഞ ആയുധം സമീപത്തെ കനാലിൽ നിന്ന് കണ്ടെടുത്തു. കൊലപാതകത്തിൽ നേരിട്ടോ അല്ലാതെയോ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിനത്തില്‍ കേരളത്തിന്റെ പേര് പരാമര്‍ശിച്ച് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്നാണ് യോഗി അഭിപ്രായപ്പെട്ടത്.
വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ വീഡിയോ സന്ദേശമായി യോഗി ആദിത്യനാഥ് ഇങ്ങനെ വിവാദ പരാമര്‍ശം നടത്തിയത്. ബിജെപിക്ക് വോട്ട് ചെയ്യുന്നത് ഭയരഹിതമായ ജീവിതം ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
എന്റെ മനസ്സില്‍ ഉള്ള ഒരു കാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്, ഈ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരുപാട് അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിച്ചു, സൂക്ഷിക്കുക, നിങ്ങള്‍ക്ക് തെറ്റിയാല്‍, ഈ അഞ്ച് വര്‍ഷത്തെ അധ്വാനം നശിച്ചുപോകും. ഉത്തര്‍ പ്രദേശ് കശ്മീരും ബംഗാളും കേരളവും ആകാന്‍ അധിക സമയം എടുക്കില്ല’ യോഗി വോട്ടര്‍മാരോടായി പറഞ്ഞു
നിങ്ങളുടെ വോട്ട് അഞ്ചു വര്‍ഷത്തെ എന്റെ പ്രയത്‌നത്തിനുള്ള അനുഗ്രഹമാണ്. നിങ്ങളുടെ ഭയരഹിത ജീവിതത്തിനുള്ള ഉറപ്പുകൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു വലിയ തീരുമാനത്തിനുള്ള സമയമായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, ബിജെപിയുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ അര്‍പ്പണബോധത്തോടെയും പ്രതിബദ്ധതയോടെയും എല്ലാം ചെയ്തു. നിങ്ങള്‍ എല്ലാം കാണുകയും എല്ലാം വിശദമായി കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യോഗി പറഞ്ഞു. ബിജെപി ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ഈ വീഡിയോ തിരഞ്ഞെടുപ്പ് ദിനത്തില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
പടിഞ്ഞാറന്‍ യു.പിയില്‍ 58 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 2.27 കോടി വോട്ടര്‍മാര്‍ ഇന്ന് വോട്ട് രേഖപ്പെടുത്തും.പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളിലായി 623 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴ് മണിക്കാണ് പോളിങ് ആരംഭിച്ചത്.
उत्तर प्रदेश के मेरे मतदाता भाइयों एवं बहनों… pic.twitter.com/voB37uA3uV
— Yogi Adityanath (@myogiadityanath) February 9, 2022
ന്യൂഡല്‍ഹി: പെട്ടെന്നുള്ള ലോക്ക്ഡൗണും കടബാധ്യതയും തൊഴിലില്ലായ്മയും കോവിഡ് ഒന്നാം തരംഗത്തില്‍ തീര്‍ത്ത സാമ്പത്തിക പ്രതിസന്ധി കാരണം 2020ല്‍ രാജ്യത്ത് 8761 പേര്‍ ആത്മഹത്യ ചെയ്തുവെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് വേളയിലെ ആത്മഹത്യാ കണക്കുകൾ കേന്ദ്രം പുറത്തുവിടുന്നത്.
2018നും 2020നും ഇടയിലുള്ള മൂന്ന് വര്‍ഷ കാലയളവില്‍ രാജ്യത്ത് 25,251 പേര്‍ സാമ്പത്തിക പ്രതിസന്ധി കാരണം ജീവനെടുക്കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: എയര്‍ ഇന്ത്യ സാറ്റ്‌സിലെ ഉദ്യോഗസ്ഥനെതിരേ വ്യാജ പീഡന പരാതി ചമച്ചെന്ന കേസില്‍ സ്വപ്‌ന സുരേഷ് അടക്കം പത്ത് പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണസംഘമാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. സാറ്റ്‌സ് വൈസ് ചെയര്‍മാന്‍ ബിനോയ് ജേക്കബാണ് കേസിലെ ഒന്നാംപ്രതി. സ്വപ്‌ന സുരേഷാണ് രണ്ടാംപ്രതി. സ്ഥാപനത്തിലെ ആഭ്യന്തര അന്വേഷണ സമിതിയിലെ അംഗങ്ങളെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
കേസെടുത്ത് അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യ സാറ്റ്‌സിലെ ഉദ്യോഗസ്ഥനായിരുന്ന സിബുവിനെതിരേ പ്രതികള്‍ വ്യാജ പീഡന പരാതി കെട്ടിച്ചമച്ചെന്നാണ് കേസ്. സ്ഥാപനത്തിലെ മറ്റു ചില ജീവനക്കാരികളുടെ പേരിലാണ് സ്വപ്‌ന സുരേഷ് അടക്കമുള്ളവര്‍ സിബുവിനെതിരേ പരാതി നല്‍കിയിരുന്നത്. ഈ സമയം സാറ്റ്‌സിലെ എച്ച്.ആര്‍. വിഭാഗത്തില്‍ ഉദ്യോഗസ്ഥയായിരുന്നു സ്വപ്‌ന സുരേഷ്. പീഡന പരാതി ലഭിച്ചതിന് പിന്നാലെ സിബുവിനെതിരേ ആഭ്യന്തര അന്വേഷണ സമിതി അന്വേഷണം നടത്തുകയും കുറ്റക്കാരനെന്ന് കണ്ടെത്തി ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു. ഇതിനെതിരേ സിബു മുഖ്യമന്ത്രിക്കും കോടതിയിലും പരാതി നല്‍കി. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസില്‍ അന്വേഷണം നടത്തി പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്.
പീഡനപരാതി വ്യാജമാണെന്ന് കണ്ടെത്തിയെങ്കിലും കേസിന്റെ തുടര്‍നടപടികളിലേക്ക് ക്രൈംബ്രാഞ്ച് സംഘം കടന്നിരുന്നില്ല. പിന്നീട് സ്വപ്‌ന സുരേഷ് സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായതോടെയാണ് എയര്‍ ഇന്ത്യ സാറ്റ്‌സ് കേസിലും നടപടികളുണ്ടായത്.
ബിനോയ് എം. ജെ.
ആപേക്ഷിക ജ്ഞാനത്തിൽ പെട്ടു പോകുന്ന മനുഷ്യന് അതിൽ നിന്നും കര കയറാൻ ഒരു മാർഗ്ഗമേയുള്ളൂ – ആത്മവിശ്വാസം. നിങ്ങളുടെ ആത്മവിശ്വാസം അനന്തതയിലേക്ക് ഉയരട്ടെ. ഇത് സാധിക്കുന്ന കാര്യമാണോ?എന്താണ് നമ്മുടെ ആത്മവിശ്വാസത്തെ തകർക്കുന്നത്? അറിവാണ് ആത്മവിശ്വാസത്തെ തകർക്കുന്നത്. ഉദാഹരണത്തിന് നിങ്ങൾക്ക് ഒരു രോഗം പിടിപെട്ടു എന്ന് കരുതുക. ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നു “ഈ രോഗം മാറുകയില്ല, നിങ്ങൾ അധിക നാൾ ജീവിച്ചിരിക്കുകയില്ല.” നിങ്ങളുടെ ആത്മവിശ്വാസം പൊയ്പോകുന്നു. നിങ്ങൾ നിരാശയുടെ ആഴങ്ങളിലേക്ക് വീഴുന്നു. ഇവിടെ ,’അസുഖം മാറുകയില്ല’ എന്ന അറിവാണ് നിങ്ങളുടെ ആത്മവിശ്വാസത്തെ തകർത്തത്.
ഇപ്രകാരം അറിവ് ആത്മവിശ്വാസത്തെ തകർക്കുകയും ആത്മവിശ്വാസത്തിന്റെ അഭാവം കൂടുതൽ അറിവിന്റെ പിറകെ ഓടുവാൻ നമ്മെ നിർബന്ധിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഒരു ദൂഷിതവലയം രൂപം കൊള്ളുന്നു. ഇതിൽ നിന്നും കരകയറുവാനുള്ള ഏകമാർഗ്ഗം ആത്മവിശ്വാസത്തെ ബലപ്പെടുത്തുക എന്നതാണ്. നിങ്ങൾക്ക് വേണ്ടുവോളം ആത്മവിശ്വാസം ഉണ്ടെങ്കിൽ വികലമായ ഇത്തരം അറിവുകൾ നിങ്ങളെ ബാധിക്കുകയില്ല .മലകളെ മാറ്റുവാനുള്ള- പോരാ, ഭൂമിയെ ഇളക്കുവാനും നക്ഷത്രങ്ങളെ തകർക്കുവാനുമുള്ള, സൂര്യനെ അതിന്റെ സ്ഥാനത്ത് നിന്നും മാറ്റുവാനുള്ള- ആത്മവിശ്വാസമാണ് നമുക്ക് വേണ്ടത്. അതുണ്ടെങ്കിൽ നമ്മെ ബാധിക്കുവാൻ ബാഹ്യലോകത്തിനോ അതിലെ ആപേക്ഷികജ്ഞാനത്തിനോ കഴിയുകയില്ല!
നിങ്ങൾക്ക് അനന്തമായ ആത്മവിശ്വാസം ഉണ്ടെങ്കിൽ പിന്നീട് അറിവിന്റെ ആവശ്യം ഉദിക്കുന്നില്ല. ആർക്കു വേണം പിന്നീടറിവ്?നിങ്ങൾ കൽപിക്കുന്നതെല്ലാം സാധിച്ചു കിട്ടുന്നുണ്ടെങ്കിൽ നിങ്ങൾക്ക് പിന്നെന്തിനാണ് ആപേക്ഷികജ്ഞാനം?ഈയവസ്ഥയെ ‘സർവ്വാധിപത്യം’ എന്നാണ് ഭാരതീയതത്വചിന്തയിൽ വിളിക്കുന്നത്. അവിടെ എത്തുന്നയാൾ താൻ അമൃതനും സർവ്വഗനുമാണെന്നും താൻ കൽപിക്കുന്നതൊക്കെ- യാചിക്കുകയോ പ്രാർത്ഥിക്കുകയോ അല്ല- സാധിച്ചു കിട്ടുന്നതായും അറിയുന്നു. ക്രമേണ അയാൾ ആപേക്ഷികജ്ഞാനത്തെ ത്യജിക്കുന്നു.
ആപേക്ഷികജ്ഞാനം ത്യജിക്കപ്പെടുന്ന അവസരത്തിൽ ഉള്ളിലുള്ള നിരപേക്ഷിക ജ്ഞാനം അഥവാ സത്യം പ്രകാശിക്കുന്നു. അത് എല്ലാറ്റിനെയും കുറിച്ചുള്ള അറിവാണ്. പിന്നീടയാൾക്ക് ആശയക്കുഴപ്പങ്ങൾ ഇല്ല. അത് കിട്ടുന്നവൻ ഈശ്വരപദത്തെ പ്രാപിക്കുന്നു.
നിങ്ങൾക്ക് ഇച്ഛിക്കുവാനറിയാമോ?അല്ലെങ്കിൽ കൽപിക്കുവാനറിയാമോ?എങ്കിൽ നിങ്ങൾ ഇച്ഛിക്കുകയും കൽപിക്കുകയും ചെയ്യുവിൻ. നിങ്ങൾ ഇച്ഛിക്കുകയും കൽപിക്കുകയും ചെയ്യുന്നവ നടന്നു കിട്ടുമെന്ന് ഉറച്ചു വിശ്വസിക്കുവിൻ. നിങ്ങൾ ഈ ഒരു കാര്യമേ ചെയ്യേണ്ടതായുള്ളൂ. നിങ്ങളുടെ കൽപ്പന അനുസരിക്കുവാൻ പ്രകൃതി തയ്യാറായി നിൽക്കുന്നു. പക്ഷെ നിങ്ങൾ കൽപിക്കുന്നില്ല. നിങ്ങൾ നിഷേധാത്മക ചിന്തകളിലൂടെയും ആപേക്ഷികജ്ഞാനത്തിലൂടെയും വട്ടം കറങ്ങുന്നു. നിങ്ങളുടെ ശക്തിയെ ഉപയോഗിക്കുന്നതിൽ നിങ്ങൾ പരാജയപ്പട്ടു പോകുന്നു. ഇത് നിങ്ങളുടെ തന്നെ കുറ്റമാണ്.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ജോസ്‌ന സാബു സെബാസ്റ്റ്യൻ
വർഷങ്ങൾക്ക് മുമ്പ് മാതാപിതാക്കളെയും സഹോദരങ്ങളെയും കൂട്ടുകാരെയുമൊക്കെ വിട്ട് വല്യ വിമാനം കേറിയവരാണ് ഞങ്ങൾ പ്രവാസികൾ ….
ഇത് നമ്മുടെ നാട്ടിൽ ജീവിക്കാനുള്ള ആസ്തി ഇല്ലായ്മകൊണ്ടൊന്നുമായിരുന്നില്ല …മറിച്ചു ഞങ്ങളൊക്കെ മത്സത്തിൽ ഓടാൻ തുടങ്ങിയപ്പോളേ സ്വയം മടുത്തതുകൊണ്ടാണ് …
അത്യാവശ്യം തരക്കേടില്ലാതെ ജീവിച്ചു പോകാനുള്ള ജീവിത ചുറ്റുപാടുകളും ജോലിയുമൊക്കെയുണ്ടായിട്ടും മാതാപിതാക്കളെ കണ്ണീർ അണിയിച്ചുകൊണ്ട് വണ്ടികേറേണ്ടി വന്നിട്ടുണ്ടെങ്കിൽ അതിന് തക്കതായ കാരണവും ഞങ്ങൾ പ്രവാസികൾക്ക് പറയാനുണ്ടാകും… അപ്പോൾ കാര്യത്തിലേക്ക് വരാം.
ജനനം മുതൽ തങ്ങൾക്ക് ചുറ്റും കണ്ടുവളരുന്ന പലവിധ മത്സരയിനങ്ങളായ…
കുട്ടികളുടെ പഠന ഫീസ്…
ഏറ്റവും കൂടുതൽ ഫീസുള്ളിടത്ത് പഠിപ്പിക്കാനുള്ള തത്രപ്പാട് …
സ്‌കൂളിൽ ഒന്നാമതാകാൻ ട്യൂഷൻ ഫീസ് മുടക്കിയുമുള്ള തത്രപ്പാട് അങ്ങനെ അങ്ങനെ …
സ്‌കൂളിൽ പോകുന്ന തന്റെ കുഞ്ഞിൻെറ സ്‌കൂൾ ബാഗ് കുട എന്തിനേറെ പെൻസിൽ ബോക്സുവരെ മറ്റുള്ളവരെക്കാൾ ഒരു പിടി കൂടിനിന്നില്ലങ്കിൽ ഒരു ഉറക്കക്കുറവ് അനുഭവിക്കുന്നവരാണ് നമ്മൾ മാതാപിതാക്കളും കുട്ടികളും .
എന്നാലും ഇന്നും ഒരുമാറ്റവുമില്ലാതെ ഏറ്റവും കൂടുതൽ ട്രെൻഡിൽ ഓടിക്കൊണ്ടിരിക്കുന്നത് മലയാളിയുടെ വീടും, ജോലിയും കല്യാണവുമാണ് . ഇപ്പോൾ ഇതൊന്നും കൂടാതെ സേവ് ദി ഡേറ്റ് കൂടി അകമ്പടി പാലിച്ചിട്ടുണ്ട് ….
എന്നാൽ ഒരു സാധാ മലയാളി നമ്മുടെ നാട്ടിൽ ജോലിചെയ്താൽ കിട്ടുന്നത് 20,000 രൂപ ആയിരിക്കാം . ആ കിട്ടുന്നതിൽ നിന്നു പെട്രോൾ, ബസ് കൂലി , അയലോക്കത്തെ കല്യാണം, നൂലുകെട്ട് ,പേരിടൽ അല്ലെങ്കിൽ മരണം ഇവയ് ക്കെല്ലാം മറ്റുള്ളവർ കൊടുക്കുന്നതിനേക്കാൾ ഇത്തിരി കൂട്ടി കൊടുത്തില്ലെങ്കിൽ നഷ്ടമാകുന്ന മാനവും മനഃസമാധാനവും. ഇതെല്ലം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ കഞ്ഞി മുളകുകൂട്ടി കഴിക്കാൻ പറ്റിയാലായി.
ഇനി ഈ മേല്പറഞ്ഞതൊക്കെ സാധിച്ചു പ്രസ്റ്റീജ് മേടിച്ചെടുക്കണമെങ്കിൽ നമ്മൾ യുദ്ധം ചെയ്യേണ്ടിവരുക വീട്ടിലെ പേസ്റ്റിനോടും, തേഞ്ഞു തീർന്ന ബ്രഷിനോടും സോപ്പിനോടും കൂടാതെ വർഷങ്ങൾ പഴക്കമുള്ള അണ്ടർവെയറിനോടും ബനിയനോടുമൊക്കെയാണ് . അതാവുമ്പോൾ ഇതൊന്നും ആരും കാണുന്നില്ലല്ലോല്ലേ? …..
അതിനിടയിൽ വീട്ടിലൊരാൾക്ക് അസുഖം കൂടി വന്നാൽ പേരുകേട്ട ഹോസ്പിറ്റലിൽ പോയില്ലെങ്കിലൊരു ഗുമ്മില്ല…അവസാനം ബ്ലേഡുകാരൻ, ലോൺ, ചിട്ടി അങ്ങനെ അങ്ങനെ …..പിന്നീടുള്ള അവന്റെ ജീവിതം മുഴുവൻ കടം വീട്ടൽ കൂടി അവന്റെ നിരന്തര സഹപാഠിയായി കൂടെ കൂടും …
അങ്ങനെ ശ്വാസം കിട്ടാതെ അലഞ്ഞ മലയാളി എങ്ങനെങ്കിലുമൊരു പുറം രാജ്യത്തെത്തിയാൽ പിന്നെ അവന്റെ ഓട്ടത്തിന്റെ ഗതി അവൻ തന്നെ മാറ്റി ശ്വാസമൊരു മന്ദഗതിയിൽ കൊണ്ടുവരും …
അവനൊന്ന് റിലാക്സ് ചെയ്യാൻ തുടങ്ങും .. കാരണം അവിടെ അവനെ അറിയുന്നവരാരുമില്ല..
ഇനി അവനു ശാന്തമായി അവനായി ജീവിക്കാം ..
മക്കളെ സർക്കാർ സ്‌കൂളുകളിൽ വിടാം …
മത്സര പരീക്ഷകളുടെ ഭാരങ്ങളില്ല …
സർക്കാർ ഹോസ്‌പിറ്റലുകളിൽ പോകാൻ മടിയേതുമില്ല …
മതം നോക്കാതെ ഇഷ്ടമുള്ളവരെ പ്രണയിക്കാം…കല്യാണം കഴിക്കാം… ഒഴിവാക്കാം…
കുട്ടികൾ വേണമെന്നോ വേണ്ടന്നോ വക്കാം …
ഇഷ്ടമുള്ള വിശ്വാസം കാത്തുസൂക്ഷിക്കാം …
ഇഷ്ടമുള്ള വസ്ത്രം ധരിക്കാം….
ഇഷ്ട ഭക്ഷണം കഴിക്കാം …
പ്രായപരിധികൾ എണ്ണിപ്പറയാതെ ഇഷ്ടമുള്ള ജോലി …അല്ലെങ്കിൽ കിട്ടുന്ന ജോലി എന്തും ചെയ്യാം ..
ചാരിറ്റി ഷോപ്പിൽ നിന്നോ സെക്കൻഹാന്റായോ ഉടുതുണിമുതൽ വാഹനങ്ങൾ വരെ മേടിക്കാം …
അവിടെ ആരും അവനോട് ചോദിക്കില്ല…
തിരക്കില്ല നമ്മുടെ ഒരു കഥയും ….
മലയാളി ഒഴികേ….
എന്നാലും അണ്ണാൻ മരം കേറ്റം മറക്കുമോ എന്ന പഴഞ്ചൊല്ല് മറക്കാൻ പറ്റാത്ത ചിലർ ഇവിടെനിന്നും നാട്ടിൽ താമസിക്കാനാളില്ലാതെ മണിസൗധങ്ങൾ കെട്ടിവയ്ക്കുന്നു …
ആസ്തികൾ വാങ്ങിക്കൂട്ടുന്നു …
ജോലി ചെയ്തു മരിക്കുന്നു …
മത്സരം മാത്രമറിയാവുന്ന…
ജീവിക്കാൻ മറക്കുന്ന മലയാളി …
(ഒന്ന് മനസിലാക്കുക…ഇന്ന് മത്സരഭീതിയിൽ നെഞ്ചിടിപ്പ് കൂടി മാതൃരാജ്യം വിട്ടു വണ്ടികേറുന്ന യുവതലമുറയുടെ എണ്ണം ഭീമമാണ് …
ഏറ്റവും കൂടുതൽ ചെറുപ്പക്കാർ ഉള്ള സ്ഥലം നമ്മുടെ ഇന്ത്യയാണ് ( 50- 53%).അവരുടെ എനർജി ലെവൽ is at the peak. This is more than enough to bring our nation to the top in everything.
പക്ഷെ അവരെ പിടിച്ചു നിർത്താൻ, അവരുടെ എനർജി ലെവൽ മതിയാവുന്നത്ര ഉപയോഗിക്കാൻ ..പഴയ പല പൊങ്ങച്ച രീതികളും, പഴഞ്ചൻ രാഷ്ട്രീയ കാഴ്ചപ്പാടുകളുമുള്ള കസേര ഒഴിഞ്ഞു നമ്മുടെ ചോരത്തിളപ്പുള്ള യുവാക്കൾക്കായി മാറിനിന്നാൽ നമുക്കെത്താം മാനസികമായും രാജ്യപരമായുമൊക്കെ ഒന്നാമത് തന്നെ .)
ടോം ജോസ്
ലിവർപൂളിന്റെ കുഞ്ഞു മാലാഖ അമല മേരിയ്ക്ക് വെള്ളിയാഴ്ച ലിവർപൂൾ മലയാളി സമൂഹം കണ്ണീരോടെ വിടനൽകും . കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലിവർപൂൾ നോട്ടിആഷിൽ താമസിക്കുന്ന ആശിഷ് പീറ്റർ പരിയാരത്തിന്റെയും എയ്ഞ്ചൽ ആശിഷിന്റയും മകൾ അമല മേരി (5 ) ഈ ലോകത്തോട് വിടപറഞ്ഞത്.
മരണം അറിഞ്ഞനിമിഷം മുതൽ ലിവർപൂൾ മലയാളി സമൂഹം എല്ലാ സഹായവുമായി ആശിഷിനൊപ്പമുണ്ടായിരുന്നു .
വരുന്നവെള്ളിയാഴ്ച (ഫെബ്രുവരി 11 തീയതി) ലിവർപൂൾ സെന്റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയിലാണ് ചടങ്ങുകൾ നടക്കുന്നത്. രാവിലെ 11.00 am മുതൽ 2.30 pm വരെയുള്ള സമയമാണ് ദൈവാലയത്തിലെ ശിശ്രൂഷകൾ നടത്തുവാനും പൊതുദർശനത്തിനുമായി ക്രമീകരിച്ചിരിക്കുന്നത്.കഴിയുന്നവർ പള്ളിയിലെത്തി ചടങ്ങുകളിൽ പങ്കെടുക്കുക. പള്ളിയിലെ ചടങ്ങുകൾക്കു ശേഷം അലെർട്ടെൻ സിമിത്തേരിയിൽ ശവസംസ്കാരം നടക്കും. കഴിഞ്ഞ രണ്ടു വർഷമായി അമല മേരി ലുക്കിമിയ ബാധിച്ചു ചികിത്സയിൽ ആയിരുന്നു . മരണം സ്ഥിരീകരിച്ചതുമുതൽ കുട്ടിയുടെ ആത്മശാന്തിക്കുവേണ്ടി ആശിഷിന്റെ വീട്ടിൽ എല്ലാദിവസവും വൈകുന്നേരം പ്രാർത്ഥന നടന്നിരുന്നു. ആശിഷ് പിറവം ,പാഴൂർ പരിയാരത്തു മെരിലാൻഡ് കുടുംബാംഗമാണ്.
പള്ളിയുടെ അഡ്രസ്സ് താഴെ കൊടുക്കുന്നു
St. Davids church, Rocky lane, Liverpool, L16 1JA)
കടം വാങ്ങിയ തുക തിരികെ നൽകാത്തതിന്റെ പേരില് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. ശേഷം, സമീപത്തെ പൊട്ടക്കിണറ്റിൽ തലകീഴായി കെട്ടിത്തൂക്കി. നന്നാട്ടുകാവ് സ്വദേശി നസീമാണ് (32) ക്രൂരമർദ്ദനമേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. അതേസമയം, ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. പോത്തൻകോട് സ്വദേശിയായ ഷുക്കൂർ എന്നയാളുടെ നേതൃത്വത്തിലാണ് മർദ്ദനമെന്നാണ് വിവരം.
ഇന്നലെ വൈകിട്ട് മൂന്നോടെ പോത്തൻകോട്ടാണ് സംഭവം നടന്നത്. ഷുക്കൂർ അടക്കമുള്ള നാലംഗ സംഘം ഓട്ടോയിലെത്തി സുഹൃത്തിന്റെ കടയിൽ ഇരിക്കുകയായിരുന്ന നസീമിനെ വിളിച്ചിറക്കി സംസാരിച്ചശേഷം ഓട്ടോയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. ചങ്ങാതിമാരാണെന്ന് കരുതി കടയിലുണ്ടായിരുന്നവരും ശ്രദ്ധിച്ചില്ല.
എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും നസീം തിരിച്ചുവരാതിരുന്നതോടെ ബന്ധുക്കൾ അന്വേഷണം തുടങ്ങിയിരുന്നു. തട്ടിക്കൊണ്ടുപോയ സംഘം നസീമിനെ വട്ടപ്പാറയ്ക്ക് സമീപത്ത് കുറ്റിയാണിയിലുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച ശേഷം ക്രൂരമായി മർദ്ദിച്ചു.ഇതിനുശേഷം സമീപത്തെ പൊട്ടക്കിണറ്റിൽ തലകീഴായി കെട്ടിയിട്ടു. അവശനായപ്പോൾ നസീമിനെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു.
പിന്നീട് എങ്ങനെയോ രക്ഷപ്പെട്ട നസീം ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. അവശനിലയിലായ നസീമിനെ ബന്ധുക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പോത്തൻകോട് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേർ കസ്റ്റഡിയിലായത്.
കർണാടകയിൽ ഹിജാബ് വിവാദം കത്തിക്കയറി നിൽക്കെ വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തി ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. പ്രമുഖ മാധ്യമത്തോടായിരുന്നു അവരുടെ പ്രതികപണം. കർണാടകയിൽ നടക്കുന്നത് ഒരു മതവിഭാഗത്തിന് നേരെ മാത്രമുള്ള വിവേചനമാണ്. അത് അംഗീകരിക്കാൻ കഴിയില്ല. അതിനു പിന്നിലുള്ള രാഷ്ട്രീയ കാരണങ്ങൾ വ്യക്തമാണ്. അതേസമയം പ്രായപൂർത്തിയാവാത്ത കുട്ടികളുടെ മനസ്സിൽ മതചിന്തകൾ കുത്തിവെച്ച് പരുവപ്പെടുത്തുന്നതിനോട് തീർത്തും വിയോജിക്കുന്നെന്നും ജസ്ല തുറന്നു പറഞ്ഞു.
ജസ്ല മാടശ്ശേരിയുടെ വാക്കുകൾ;
കുട്ടികളുടെ വിദ്യാഭ്യാസം നിരോധിച്ച് കൊണ്ടല്ല ഇത്തരത്തിലുള്ള ഒരു നിരോധനവും നടപ്പാക്കേണ്ടത്. നിരോധിക്കുകയാണെങ്കിൽ എല്ലാ സ്‌കൂളുകളിൽ നിന്നും എല്ലാ മതത്തിന്റെ ആചാരങ്ങളും അനാചാരങ്ങളും നിരോധിക്കുകയാണ്. കുട്ടികളെ സംബന്ധിച്ച് മതം എന്നു പറയുന്നത് ഒരാളുടെയും തെരഞ്ഞെടുപ്പല്ല. നമ്മൾ ജനിച്ചു വീഴുന്നത് മുതൽ നമ്മുടെ തലയിലേക്ക് ആരോ കുത്തിവെച്ച് തരുന്നതാണ്. കുട്ടികൾ അതിന്റെ ഇര മാത്രമാണ്.
മതചിഹ്നങ്ങൾ ധരിച്ച് സമൂഹത്തിലിറങ്ങുന്നതിനോട് എനിക്ക് വ്യക്തപരമായി യോജിപ്പില്ല. സ്‌കൂളുകളിലും കോളേജുകളിലും കുട്ടികൾ ഹിജാബ് ധരിച്ച് വരേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഒരു തരത്തിലുള്ള മത ചിഹ്നങ്ങളും അണിഞ്ഞ് നടക്കുന്നവരോട് യാതൊരു യോജിപ്പുമില്ലാത്തയാളാണ് ഞാൻ. ബുർഖ പോലുള്ള വസ്ത്രങ്ങളോട് അങ്ങേയറ്റം വിയോജിപ്പുണ്ട്. ഒരാളുടെ മുഖം ഒരാളുടെ ഐഡന്റിറ്റിയാണ്. ഐഡന്റിറ്റി മറച്ച് സമൂഹത്തിലിറങ്ങുന്നത് ഏറ്റവും വലിയ വൃത്തികേടാണ്. എന്ന് മാത്രമല്ല ഞാൻ നാളെ പുറത്തിറങ്ങുമ്പോൾ എന്റെയടുത്ത് ഇത്തരത്തിൽ വന്നിരിക്കുന്നത് ഗോവിന്ദചാമിയാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത വസ്ത്രം സമൂഹത്തിൽ ഒരുപാട് കണ്ട് വരുന്നുണ്ട്.
കുട്ടികളിൽ കുഞ്ഞുനാൾ മുതൽ കുത്തി നിറയ്ക്കുന്നത് നിർത്തണം. കർണാടകയിൽ ഹൈന്ദവ പഠന ശാലകളും മദ്രസകളും നിരോധിക്കണം. എല്ലാവരുടെ ഉള്ളിലും മതമെന്നത് വലിയ വിഷയമായി കിടക്കുന്നുണ്ട്. ശാസ്ത്ര ബോധം, പരിഷ്തരണ ബോധം, അന്വേഷണ ത്വര എന്നിവയാണ് ചെറുപ്പം മുതൽ കുട്ടികളിൽ വളർത്തേണ്ടത്.