മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് കൊവിഡ് സ്ഥിരീകരിച്ചു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതുകൊണ്ട് വിദഗ്ദ ചികിത്സയ്ക്കായി അദ്ദേഹത്തെ തിരുവനന്തപുപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇന്നലെയാണ് വിഎസിന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
പൊതുപരിപാടികൾ ഒഴിവാക്കിയും സന്ദർശകരെ അനുവദിക്കാതേയും കഴിയുകയായിരുന്നു വി എസ്. എന്നാൽ വി എസിനെ പരിചരിക്കാനെത്തുന്ന നഴ്‌സിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിഎസിനും പോസിറ്റീവായത്. മകൻ വി എ അരുൺ കുമാർ ആണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
മഹാമാരിയുടെ പിടിയിൽ പെടാതെ, ഡോക്ടർമാരുടെ നിർദ്ദേശം കർശനമായി പാലിച്ച് വീട്ടിൽ കഴിച്ചുകൂട്ടിയ അച്ഛനും കോവിഡ് പോസിറ്റീവായിരിക്കുന്നു. സന്ദർശകരെപ്പോലും അനുവദിക്കാതെ, ഒരർത്ഥത്തിൽ ക്വാറന്റൈനിലായിരുന്നു, അച്ഛൻ.
നിഭാഗ്യവശാൽ അച്ഛനെ പരിചരിച്ച നഴ്‌സിന് കോവിഡ് പോസിറ്റീവായി. ഇന്നലെ പരിശോധിച്ചപ്പോൾ അച്ഛനും കോവിഡ് പോസിറ്റീവ്. ആരോഗ്യവിദഗ്ധരുടെ നിർദ്ദേശം പാലിച്ച് അച്ഛനിപ്പോൾ ആശുപത്രിയിലാണ്. സുഖവിവരമന്വേഷിച്ച് നിരവധി പേർ വിളിക്കുന്നുണ്ട്. സ്‌നേഹാന്വേഷണങ്ങൾക്ക് നന്ദിയെന്ന് അരുൺ കുറിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. അടുത്ത രണ്ട് ഞായറാഴ്ചകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം.
ജനുവരി 23,30 തീയതികളിലായിരിക്കും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തുക. അവശ്യ സർവീസുകൾ മാത്രമാകും അനുവദിക്കുക.
സ്കൂളുകൾ പൂർണ്ണമായും നാളെ മുതൽ ഓൺലൈൻ ക്ലാസുകളിലേക്ക് മാറാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലുള്ളവർക്കായിരുന്നു 21 മുതൽ ഓൺലൈൻ ക്ലാസുകൾ അനുവദിച്ചിരുന്നത്.
മേഖലകൾ തിരിച്ച് നിയന്ത്രണം കർശനമാക്കും. തീവ്ര വ്യാപന മേഖലയിൽ വിവാഹത്തിന് 20 പേർ മാത്രം മറ്റിടങ്ങളിൽ 50 പേർ. രോഗവ്യാപനതോത് അനുസരിച്ച് ജില്ലാ തലത്തിൽ നിയന്ത്രണം’ അതാത് കളക്ടർമാർക്ക് തീരുമാനിക്കാം.
തിരുവനന്തപുരം: കേരളത്തില്‍ 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി 1441, കാസര്‍ഗോഡ് 1135, വയനാട് 827 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,357 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,20,516 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,13,323 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7193 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1337 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 1,99,041 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 309 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,501 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 172 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 43,176 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2654 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 385 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,388 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1701, കൊല്ലം 519, പത്തനംതിട്ട 492, ആലപ്പുഴ 437, കോട്ടയം 3300, ഇടുക്കി 369, എറണാകുളം 4216, തൃശൂര്‍ 1072, പാലക്കാട് 476, മലപ്പുറം 652, കോഴിക്കോട് 1351, വയനാട് 142, കണ്ണൂര്‍ 317, കാസര്‍ഗോഡ് 344 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,99,041 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,59,594 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 99.8 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,66,89,763), 83 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,21,29,768) നല്‍കി.
15 മുതല്‍ 17 വയസുവരെയുള്ള ആകെ 61 ശതമാനം (9,24,531) കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,02,379)
ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 46,387 പുതിയ രോഗികളില്‍ 41,046 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 2162 പേര്‍ ഒരു ഡോസ് വാക്‌സിനും 29,926 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 8958 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
ജനുവരി 13 മുതല്‍ 19 വരെയുള്ള കാലയളവില്‍, ശരാശരി 1,09,745 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 0.6 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 1,01,578 വര്‍ധനവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 204 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 201%, 70%, 126%, 48%, 14% 64% വര്‍ധിച്ചിട്ടുണ്ട്.
കേരളത്തിലെത്തിയ ഡോക്ടര്‍ കഫീല്‍ ഖാന്റെ ഗോരഖ്പൂരിലെ വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഉത്തര്‍പ്രദേശ് പോലീസിന്റെ റെയ്ഡ്. റെയ്ഡിന്റെ ഭാഗമായി തന്റെ വീട്ടിലേക്ക് പോലീസെത്തിയതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചായിരുന്നു കഫീല്‍ഖാന്റെ പ്രതികരണം.
പ്രായമായ മാതാവും ബന്ധുവായ സ്ത്രീയും മാത്രമാണ് വീട്ടിലുള്ളതെന്നും അവരെ ഭീഷണിപ്പെടുത്തിയാണ് വീട്ടില്‍ യുപി പോലീസ് റെയ്ഡ് നടത്തുന്നതെന്ന് കഫീല്‍ ഖാന്‍ അറിയിച്ചു.
വീട്ടില്‍ റെയ്ഡ് നടത്തുന്ന പോലീസുകാരുടെ ചിത്രം പങ്കുവച്ച് കഫീല്‍ ഖാന്‍ കുറിച്ചു:
”70 വയസ് പ്രായമുള്ള മാതാവിനെ ഭീഷണിപ്പെടുത്തുന്നത് സഹിക്കാന്‍ സാധിക്കില്ല. അവരെ ഭീഷണിപ്പെടുത്തി നിങ്ങള്‍ക്ക് എന്താണ് തെളിയിക്കേണ്ടത്. അറസ്റ്റ് ചെയ്യുകയോ കൊല്ലുകയോ ചെയ്യണോ. ചെയ്തോളൂ. പക്ഷേ ഉമ്മയോട് കരുണ കാണിക്കൂ, അവര്‍ക്ക് താങ്ങാന്‍ കഴിയില്ല. മനുഷ്യത്വം ബാക്കിയുണ്ടാവണം.”
തന്റെ ‘എ ഡോക്ടേഴ്സ് മെമയിര്‍ ഓഫ് എ ഡെഡ്ലി മെഡിക്കല്‍ ക്രൈസിസ്: ദ ഖൊരക്പൂര്‍ ഹോസ്പിറ്റല്‍ ട്രാജഡി ‘ എന്ന പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് കേരളത്തിലാണ് കഫീല്‍ ഖാന്‍ ഇപ്പോഴുള്ളത്. മന്ത്രി മുഹമ്മദ് റിയാസ്, സിപിഐഎം നേതാവ് എംഎ ബേബി തുടങ്ങിയവരുമായി കഫീല്‍ ഖാന്‍ ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലുള്ള കഫീല്‍ ഖാന്‍ യുപിയിലെ സാഹചര്യങ്ങളെക്കുറിച്ച് തന്റെ പ്രസംഗങ്ങളില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്.
പാന്‍ മാക്മില്ലനാണ് കഫീല്‍ ഖാന്റെ പുസ്തകത്തിന്റെ പ്രസാധകര്‍. ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓക്സിജന്‍ പ്രതിസന്ധിയും വിഷയത്തില്‍ ഇടപ്പെട്ടതിന് പിന്നാലെ താന്‍ നേരിട്ട ഭീഷണിയും ദുരനുഭവങ്ങളും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
ഖൊരക്പൂര്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ച കുട്ടികളുടെയും കുടുംബത്തിന്റെയും അവസ്ഥ തുറന്ന് കാണിക്കുന്നതാണ് കഫീല്‍ഖാന്റെ ദി ഖൊരക്പൂര്‍ ഹോസ്പിറ്റല്‍ ട്രാജഡി എന്ന പുസ്തകം.
സത്യം തുറന്ന് കിട്ടിയതിന്റെ പേരില്‍ ജയിലില്‍ അനുഭവിക്കേണ്ടി വന്ന പീഡനവും കഫീല്‍ ഖാന്‍ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. പുസ്തകം മലയാളത്തില്‍ ഉള്‍പ്പെടെ മറ്റ് ഭാഷകളിലും വൈകാതെ പുറത്തിറങ്ങുമെന്നും കഫീല്‍ ഖാന്‍ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ക്ഷാമത്തെ തുടര്‍ന്ന് നിരവധി കുട്ടികള്‍ മരിച്ചിരുന്നു. അന്ന് സ്വന്തം ചെലവില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച കഫീല്‍ ഖാന്‍ യോഗി സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു. അന്ന് മുതല്‍ കഫീല്‍ ഖാനെതിരെ നിരന്തരം യുപി സര്‍ക്കാര്‍ പ്രതികാര നടപടികളുമായി രംഗത്തെത്തിയിരുന്നു.
കോവിഡ് ഒമിക്രോൺ വകഭേദം പടരുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾ കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുന്നതിനിടെ എല്ലാം തുറന്നിട്ട് ഇംഗ്ലണ്ട്. ഇനി മുതൽ രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
കോവിഡ് നിയന്ത്രണങ്ങളും മുൻകരുതലുകളും എല്ലാം പിൻവലിച്ച് കോവിഡിനെ വെറും സാധാരണ വൈറൽ പനിയായി കാണാനാണ് ഇംഗ്ളണ്ടിന്റെ നീക്കം.
ദിവസേന ഒരു ലക്ഷത്തിലേറെ ആളുകൾ രോഗികളാകുന്ന സ്ഥിതി നിലനിൽക്കുമ്പോഴും വാക്സീൻ നൽകുന്ന പ്രതിരോധത്തിൽ വിശ്വാസം അർപ്പിച്ചാണ് നിയന്ത്രണങ്ങൾ എല്ലാം ഓരോന്നായി പിൻവലിക്കുന്നത്.
കോവിഡിന്റെ പേരിൽ ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോം സംവിധാനം ഇനി നിലവിലുണ്ടാകില്ല. ഇതുസംബന്ധിച്ച മാർഗരേഖകൾ ഇന്ന് അവസാനിച്ചതായി പ്രധാനമന്ത്രി പാർലമെൻറിൽ പ്രഖ്യാപിച്ചു. സെക്കൻഡറി സ്കൂളുകളിലും ഇനി മാസ്കും നിർബന്ധമല്ല. അടുത്ത വ്യാഴാഴ്ച മുതൽ ഇംഗ്ലണ്ടിൽ പൊതുസ്ഥലത്തോ ഓഫിസുകളിലോ കടകളിലോ ഒന്നും മാസ്ക് നിർബന്ധമാകില്ല.
മാസ്ക് ധരിക്കുന്നത് നിർബന്ധമല്ലെങ്കിലും ജനത്തിരക്കുള്ള സ്ഥലങ്ങളിലും അപരിചിതരുമായി ഇടപഴകുമ്പോഴും മാസ്ക് ഉപയോഗിക്കുന്നത് ഉചിതമാകും എന്ന ഉപദേശം സർക്കാർ നൽകുന്നുണ്ട്. അതുപോലെ എൻഎച്ച്എസിനു കീഴിലുള്ള സ്ഥാപനങ്ങളിൽ വേണമെങ്കിൽ കോവിഡ് വാക്സിനേഷൻ പാസ് നിർബന്ധമാക്കാം.
നൈറ്റ് ക്ലബ്ബുകളിലും കളിസ്ഥലങ്ങളിലും ഗാലറികളിലും സിനിമാശാലകളിലും പ്രവേശിക്കാൻ കോവിഡ് പാസ് വേണമെന്ന നിർബന്ധനയും പിൻവലിച്ചിട്ടുണ്ട്.
രണ്ടു മീറ്റർ സോഷ്യൽ ഡിസ്റ്റൻസ് നിയന്ത്രണങ്ങൾ നേരത്തെ തന്നെ പിൻവലിച്ചിരുന്ന ഇംഗ്ലണ്ടിൽ പുതിയ ഇളവുകൾ കൂടിയാകുന്നതോടെ അടുത്തയാഴ്ച മുതൽ ജനജീവിതം പൂർണമായും സാധാരണ നിലയിലാകും.
രോഗവ്യാപനം തുടരുമ്പോഴും ആശുപത്രിയിലെത്തുന്നവരുടെയും മരണനിരക്കിലെയും കുറവ് ജനങ്ങൾ ഒമിക്രോണിനെ ഭയക്കാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചു. നവംബറിനുശേഷം ആദ്യമായി രോഗവ്യാപന നിരക്കിലും കുറവുണ്ട്.
ഇംഗ്ലണ്ടിൽ ഇരുപതിൽ ഒരാൾക്ക് എന്ന നിലയിലാണ് രോഗവ്യാപനം. രോഗികളാകുന്നവർക്കുള്ള ഐസൊലേഷൻ നിയമങ്ങളിൽ നിലവിൽ മാറ്റമില്ല. എന്നാൽ മാർച്ച് അവസാനത്തോടെ ഇക്കാര്യത്തിലും കാര്യമായ ഇളവുകൾ ഉണ്ടാകുമെന്നാണ് സർക്കാർ നൽകുന്ന സൂചനകൾ. കോവിഡ് രോഗികളാകുന്നവർ നിർബന്ധമായും ഐസൊലേഷനു വിധേയരാകണം എന്ന നിയമം മാറ്റി ഇതിനെ ഉപേദശമോ ഗൈഡൻസോ ആക്കി മാറ്റണമെന്നാണ് സർക്കാരിന്റെ ആഗ്രഹമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കടയിൽ നിന്ന് വാങ്ങിയ ദോശമാവിൽ നിന്ന് കിട്ടിയത് സ്വർണ്ണമൂക്കുത്തി. കാക്കനാട് താമസിക്കുന്ന സീരിയൽ നടി സൂര്യതാരയ്ക്കാണ് മൂക്കുത്തി കിട്ടിയത്. തൃപ്പൂണിത്തുറിയിലെ ഒരു പ്രസിദ്ധമായ കമ്പനിയുടേയുതാണ് ദോശമാവ്. തിങ്കളാഴ്ച രാത്രി എരൂരിലെ ഒരു കടയിൽനിന്ന് വാങ്ങിയ ദോശ-ഇഡ്ലി മാവ് ഉപയോഗിച്ച് പിറ്റേന്ന് ദോശ ഉണ്ടാക്കി.
കഴിക്കാനെടുത്തപ്പോഴാണ് അതിൽ മൂക്കുത്തി ശ്രദ്ധയിൽപ്പെട്ടത്. അതേസമയം, ദോശ ഉണ്ടാക്കിയപ്പോൾ മൂക്കുത്തി ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കഴിക്കാനെടുത്തപ്പോഴാണ് ദോശയ്ക്കുള്ളിൽ മൂക്കുത്തി തിളങ്ങുന്നതു കണ്ടത്. ഉരച്ച് സ്വർണം തന്നെയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.
കുട്ടികളും മറ്റും ശ്രദ്ധിക്കാതെ കഴിക്കുകയായിരുന്നെങ്കിൽ മൂക്കുത്തി വയറ്റിലെത്തുമായിരുന്നെന്ന് സൂര്യതാരയുടെ മാതാവ് കാർത്തിക പറയുന്നു. മാവ് പായ്ക്ക് ചെയ്തപ്പോൾ മൂക്കുത്തി അബദ്ധത്തിൽ ഊരിവീണതാവാമെന്നാണ് നിഗമനം.
തലയോലപ്പറമ്പിൽ നവദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മറവൻ തുരുത്ത് കുലശേഖരമംഗലം സ്വദേശി ശ്യാം പ്രകാശും ഭാര്യ അരുണിമയുമാണ് മരിച്ചത്. പെയിൻ്റിംഗ് തൊഴിലാളിയായ ശ്യാമും അയൽവാസിയായ അരുണിമയും ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ അഞ്ച് മാസം മുൻപാണ് വിവാഹിതരായത്. വീട്ടിലെ രണ്ട് മുറികളിലായിട്ടാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
പെയിന്റിംങ് തൊഴിലാളിയായിരുന്നു ശ്യാം പ്രകാസ്. പ്ലസ് വൺ വിദ്യാത്ഥിയായ സഹോദരൻ ശരത്ത് പ്രകാശും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ലാലിയ്ക്കുമൊപ്പമാണ് ഇരുവരും വീട്ടിൽ താമസിച്ചിരുന്നത്. രണ്ടു പേരും വീട്ടിലില്ലാതിരുന്ന സമയത്താണ് തൂങ്ങി മരണം സംഭവിച്ചിരിക്കുന്നത്.ക്ലാസ് കഴിഞ്ഞ് വൈകിട്ട് മൂന്നു മണിയോടെ വീട്ടിലെത്തിയ ശരത്ത് ആണ് ആദ്യം തുങ്ങി മരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തിയത്.ഉടനെ ബഹളം വെച്ച് അയൽവാസികളെ വിളിച്ച് കൂട്ടി വാതിൽ ചവിട്ടി തുറന്ന് അകത്തു കടന്നുവെങ്കിലും ഇരുവരും മരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ശ്യാംപ്രകാശ് സമീപത്ത് താമസിക്കുന്ന അമ്മാവനോട് വിനോദയാത്ര പോകാൻ കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാർ നൽകാൻ അമ്മാവനായ ബാബു തയ്യാറായില്ല. ഇതിൽ പ്രകോപിതനായ ശ്യാം ബാബുവിൻ്റെ വീട്ടിലെത്തി കാർ തല്ലി തകർത്തു. ഇതു കണ്ട ബാബു കുഴഞ്ഞു വീഴുകയും ആശുപത്രിയിലാവുകയും ചെയ്തു.
ഇതോടെ കാർ തല്ലിതകർത്തതിനും വീട്ടിൽ അതിക്രമിച്ചു കയറിയതിനും ശ്യാമിനെതിരെ ബാബുവിൻ്റെ ഭാര്യ പൊലീസിൽ പരാതി നൽകി. രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം ശ്യം വരുത്തിവച്ചെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്. നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് വന്നതോടെ ശ്യാമും ഭാര്യയും കടുത്ത മാനസിക പ്രയാസത്തിലായിരുന്നുലെന്നും ഇതേ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് വൈക്കം പൊലീസ് അറിയിക്കുന്നത്.
ബിനോയ് എം. ജെ.
ജീവിതത്തിലെ അടിസ്ഥാനപരമായ മൂല്യം ഉപേക്ഷിക്കുക എന്നതാകുന്നു. നിങ്ങൾ എന്തെങ്കിലും ചെയ്യേണ്ടതായിട്ടുണ്ടെങ്കിൽ അത് ‘ഉപേക്ഷ’ ആകുന്നു. ഹിന്ദുക്കൾ അതിനെ ‘ത്യാഗം’ എന്ന് വിളിക്കുന്നു. സമ്പത്തിനെയും ,സത്പേരിനെയും, മറ്റ് പ്രതാപങ്ങളെയും ഉപേക്ഷിക്കണമെന്ന് പറയുമ്പോൾ മനുഷ്യരുടെ മുഖം വാടുന്നു. അതുകൊണ്ട് ഞാൻ നിങ്ങളോട് പറയുന്നു, നിങ്ങൾ നിങ്ങളുടെ പ്രശ്നങ്ങളെയും, പ്രാരാബ്ധങ്ങളെയും, ദു:ഖങ്ങളെയും ഉപേക്ഷിക്കുവിൻ!! ഒരു നിമിഷം നമ്മുടെ ജീവിതത്തിലേക്ക് ഒന്ന് കണ്ണോടിച്ച് നോക്കാം. നാം നേടിയെടുക്കുവാനുള്ള വ്യഗ്രതയിൽ നല്ലതും ചീത്തയുമായ പലതിനെയും ആർജിച്ചെടുത്ത് നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമാക്കി വച്ചിട്ടുണ്ട്. അവയിൽ പലതും നമ്മുടെ ജീവിതത്തിൽ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അവയെ എന്തു ചെയ്യണമെന്ന് നമുക്കറിഞ്ഞുകൂടാ ;നാം ആശയക്കുഴപ്പത്തിലാണ്.
ഇവിടെയാണ് ‘ത്യാഗ’ത്തിന്റെ പ്രസക്തി. അങ്ങനെയൊരു ഘടകം നമ്മുടെ വ്യക്തിത്വത്തിൽ ഉണ്ടോ എന്ന് പോലും സംശയം തോന്നുന്നു. നാം നേടുവാനേ പഠിച്ചിട്ടുള്ളൂ, ഉപേക്ഷിക്കുവാൻ പഠിച്ചിട്ടില്ല. അതായിരുന്നു നാം പഠിക്കേണ്ടിയിരുന്നത്. കണ്ണിൽ കാണുന്നവയെ എല്ലാം നാം സ്വന്തമാക്കുവാൻ വ്യഗ്രത കൂട്ടുന്നു. നമ്മുടെ ശരീരവും, മനസ്സും ,ബുദ്ധിയും, അഹ(ego)വും എല്ലാം നാമാർജ്ജിച്ചെടൂത്തവയാണ്. ആർജ്ജിച്ചെടൂക്കാത്തതായി നമ്മുടെ ആത്മാവ് മാത്രമേയുള്ളൂ. ആർജ്ജിച്ചെടുത്തവയെ എല്ലാം ഉപേക്ഷിച്ചിട്ടേ നമുക്കിവിടെ നിന്ന് പോകുവാനാവൂ. അതിനാൽതന്നെ ഉപേക്ഷിക്കുക അല്ലെങ്കിൽ ത്യജിക്കുക എന്നതാകുന്നു പരമമായ ആദർശം.
അടിസ്ഥാനപരമായും നാമുപേക്ഷിക്കേണ്ടത് നമ്മുടെ നിഷേധാത്മക ചിന്തകളെയാണ്. അവയാണ് നമ്മുടെ ഉള്ളിൽ കിടന്നു കൊണ്ട് ദഹനക്കേട് ഉണ്ടാക്കുന്നത്. ഓരോ നിഷേധാത്മക ചിന്തയും നമ്മുടെ ഉള്ളിലെ ഭാവാത്മക സത്തയോട് അഥവാ ഈശ്വരനോട് സംഘട്ടനത്തിൽ ആവുന്നു. ഇങ്ങനെയാണ് മനസ്സ് ഉണ്ടാവുന്നത്. നിഷേധാത്മക ചിന്തകളോട് നാം പ്രണയത്തിലാണ് എന്ന് തോന്നുന്നു. അവയില്ലാതെ നമുക്ക് വയ്യ. അവ നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമായി എന്ന് പറയുന്നതിലും കൂടുതൽ ശരി അവ നമ്മുടെ വ്യക്തിത്വം തന്നെയായി എന്ന് പറയുന്നതാവും. ഒന്ന് നോക്കൂ, നാം സദാ പ്രശ്നങ്ങളെ നേരിട്ടുകൊണ്ടേയിരിക്കുന്നു. ജീവിതം തന്നെ പ്രശ്നങ്ങളുടെ ഒരു സമാഹാരമാണ്. നാമെന്തിനോടാണ് സദാ പൊരുതിക്കൊണ്ടിരിക്കുന്നത് ? പ്രശ്നങ്ങളോട് അഥവാ നിഷേധാത്മക ചിന്തകളോട്. നിഷേധാത്മക ചിന്തകളെ ഓരോന്നായി ഉപേക്ഷിക്കുവിൻ. അപ്പോൾ നമ്മുടെ ദു:ഖങ്ങളും മാറിവരുന്നതായി കാണുവാൻ കഴിയും.
സ്വാർത്ഥതയും മനസ്സും അഹവുമെല്ലാം നിഷേധാത്മക ചിന്തകളുടെ സമാഹാരങ്ങളാകുന്നു. അവ നമ്മുടെ മിത്രങ്ങളല്ല, മറിച്ച് ശത്രുക്കൾ തന്നെയാകുന്നു. നാം മന:സ്സിനെയും, സ്വാർത്ഥതയെയും, അഹത്തെയും വാരിപ്പുണരുമ്പോൾ നാം സാത്താനെ തന്നെയാണ് വാരിപ്പുണരുന്നത്. അതുകൊണ്ടാണ് നമുക്ക് ജീവിതത്തിൽ ശാന്തി കിട്ടാതെ പോകുന്നത്. അതിനാൽ ഉണർവ്വോടെ ഇരിപ്പിൻ.
നമ്മുടെ പ്രശ്നങ്ങൾ പല തരത്തിൽ ആണെങ്കിലും അവയ് ക്കെല്ലാം പൊതുവായ ഒരു സവിശേഷതയുണ്ട്. ഈ നാനാത്വത്തിൽ ഒരു ഏകത്വം ഉണ്ട്. പ്രകൃതിയുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു പോകുന്നു എന്നതാണ് ഈ സവിശേഷത. നൈസർഗ്ഗികമായ ‘സർവ്വാധിപത്യം’ നമുക്ക് നഷ്ടപ്പെട്ടു പോകുന്നു. സർവ്വാധിപത്യം നഷ്ടപ്പെടുന്ന മനുഷ്യൻ സ്വാഭാവികമായും അത് വീണ്ടെടുക്കുവാൻ ഒരു മാർഗ്ഗം അന്വേഷിക്കുന്നു. ഈ അന്വേഷണം അവനെ ആപേക്ഷികജ്ഞാനത്തിലും ആശയക്കുഴപ്പത്തിലും കൊണ്ട് ചെന്നെത്തിക്കുന്നു. ഈ ആശയക്കുഴപ്പം അവനെ വീണ്ടും സർവ്വാധിപത്യത്തിൽ നിന്നും തെറിപ്പിക്കുന്നു. ഇപ്രകാരം ഒരു ദൂഷിതവലയത്തിൽ അകപ്പെടുന്ന മനുഷ്യന്റെ പ്രശ്നങ്ങൾ ഒരിക്കലും അവസാനിക്കാതെ പോകുന്നു. അതിനാൽ പ്രശ്നങ്ങളെയും അവയോട് ചേർന്ന് നിൽക്കുന്ന ആപേക്ഷികജ്ഞാനത്തെയും ദൂരെയെറിയുവിൻ !അപ്പോൾ നിങ്ങളിലെ നിരപേക്ഷികജ്ഞാനം അഥവാ ‘സത്യം’ പ്രകാശിക്കും .
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
കൊഹിമ: ഓസ്‌ട്രേലിയായില്‍ സേവനം ചെയ്യുന്ന മലയാളി വൈദികന്‍ ഹൃദയസതംഭനം മൂലം മരണമടഞ്ഞു. ഫാ. മനോജ് മാനുവലാണ് മരണമടഞ്ഞത്. 46 വയസായിരുന്നു. ഓസ്‌ട്രേലിയായിലെ വില്‍കാനിയ- ഫോര്‍ബ്‌സ് രൂപതയില്‍ ഏതാനും വര്‍ഷങ്ങളായി സേവനം ചെയ്തുവരികയായിരുന്ന ഇദ്ദേഹം അവധിക്ക് നാട്ടിലെത്തിയതായിരുന്നു.
കൊഹിമ രൂപതയ്ക്കുവേണ്ടി വൈദികനായ ഇദ്ദേഹം അവധിക്ക് സുഹൃത്തുക്കളെ കാണാനെത്തിയതായിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് അദ്ദേഹം ഏതാനും ദിവസം ഐസൊലേഷനിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കായിരുന്നു അന്ത്യം.
‘എന്റെ കുഞ്ഞൂ… നിന്റെ കണ്ണിനെന്തു പറ്റിയെടാ?’ ഷാൻ ബാബുവിന്റെ മൃതദേഹം കീഴുകുന്ന് ഉറുമ്പേത്ത് വീട്ടിലേക്കു കൊണ്ടുവന്നപ്പോൾ അമ്മ ത്രേസ്യാമ്മയുടെ നിലവിളി ചുറ്റും നിന്നവരുടെ കണ്ണുകളിലും നനവു പടർത്തി. ബന്ധുക്കളും കൂട്ടുകാരും ‘കുഞ്ഞു’ എന്നാണ് ഷാനിനെ വിളിച്ചിരുന്നത്.
ഷാനിനു വേണ്ടി സഹോദരി ഷാരോൺ വാങ്ങിയ വാച്ചും മാലയും കണ്ണടയും ഷാനിന്റെ മൃതദേഹത്തിൽ അണിയിക്കാൻ ശ്രമിച്ച കാഴ്ച ഹൃദയഭേദകമായി. തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 12നാണു വീട്ടിലേക്കു കൊണ്ടുവന്നത്. ഷാനിന്റെ പിതാവ് ബാബു ജോസഫ് വാഹനാപകടത്തെത്തുടർന്ന് കിടപ്പിലാണ്. കൊല്ലം ആയൂർ വയ്യാനത്താണ് അദ്ദേഹം താമസം. ബാബു ജോസഫും കീഴുക്കുന്നിലെ വീട്ടിലെത്തിയിരുന്നു.
1.30ന് മൃതദേഹം പിതാവ് ബാബു ജോസഫിന്റെ വയ്യാനത്തുള്ള ഇടക്കരിക്കത്തിൽ വീട്ടിലേക്കു കൊണ്ടുപോയി. വൈകിട്ട് 4.30നു സംസ്കാരം നടത്തി. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ശരിയായി തുന്നിക്കെട്ടിയില്ലെന്നു ബന്ധുക്കൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയോടു പരാതിപ്പെട്ടു. സംഭവം അന്വേഷിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകി
ഗുണ്ടാ നേതാവ് ലുതീഷിനെ മർദിക്കുന്നതിന്റെ ഫോട്ടോ സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്ത ശേഷം എതിർ സംഘാംഗം ശരത് പി. രാജ് (സൂര്യൻ) ഇങ്ങനെ പോസ്റ്റിട്ടു. ഈ പോസ്റ്റ് ഷാൻ ബാബു ലൈക് ചെയ്തു. സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്തു. ഷാൻ ബാബുവിനോട് ജോമോനു പക തോന്നിയതും ജീവനെടുത്തതും സമൂഹ മാധ്യമത്തിലെ ആ പോസ്റ്റാണ്. അതിനിടെ സൂര്യനൊപ്പം കൊടൈക്കനാലിൽ നിൽക്കുന്ന ഫോട്ടോയും ഷാൻ ബാബു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.
അതോടെ ജോമോനും ലുതീഷും ഉറപ്പിച്ചു; ഷാനിനെ പിടിച്ചാൽ സൂര്യനെ കണ്ടെത്താം. ലുതീഷിനെ തല്ലിയ അതേ രീതിയിൽ പ്രതികാരം ചെയ്യാം. വ്യക്തമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് ഷാന്റേതെന്ന് പൊലീസ് പറഞ്ഞു.സൂര്യന്റെയും ലുതീഷിന്റെയും നേതൃത്വത്തിലുള്ള ഗുണ്ടാ സംഘങ്ങൾ തമ്മിൽ ആക്രമണം പതിവാണ്. സംഘാംഗങ്ങൾക്കെതിരെ 20 കേസുകളുണ്ട്. പലരും കാപ്പ കേസിൽ ജില്ലയ്ക്കു പുറത്താണ്. ലുതീഷിനെ തൃശൂരിലേക്കു വിളിച്ചു വരുത്തി വിവസ്ത്രനാക്കിയായിരുന്നു മർദനം.
അതു ലുതീഷിന്റെ സംഘത്തിന് നാണക്കേടായി.അന്നു മുതൽ പ്രതികാരത്തിനായി സംഘം സൂര്യനെ തിരയുകയാണ്. മർദ്ദനത്തിനു ശേഷം സൂര്യനും സംഘവും ഒളിവിലായിരുന്നു. നാടുകടത്തപ്പെട്ട ജോമോനും കോട്ടയത്തിനു പുറത്തായിരുന്നു. സൂര്യൻ തന്നെ ലക്ഷ്യമിടുന്നതായി ജോമോനു ഭീതിയുണ്ടായിരുന്നു. അതിനിടെയാണ് ഷാൻ ഫോട്ടോ ലൈക് ചെയ്തതു കണ്ടത്. ഇതോടെ പകയേറി. കാപ്പ ഇളവു തേടി ജോമോൻ നാട്ടിലെത്തി. ഞായറാഴ്ച ഷാനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു.
കാപ്പ നിയമപ്രകാരം നാടു കടത്തപ്പെട്ട ജോമോന്റെ വീട് എവിടെയെന്ന് പൊലീസിന് അറിയില്ലായിരുന്നു. സംഭവത്തിൽ വീഴ്ചയില്ലെന്ന് പൊലീസ് പറയുമ്പോഴും ഞായറാഴ്ച രാത്രി പൊലീസിന് പാളിച്ച പറ്റി.
ഷാനിന്റെ അമ്മ ത്രേസ്യാമ്മ രാത്രി വന്നു പരാതി കൊടുത്തപ്പോൾ തന്നെ ജോമോനെക്കുറിച്ച് സംശയം പറഞ്ഞിരുന്നു. ജോമോൻ താമസിക്കുന്നത് കോട്ടയം ടിബിക്ക് സമീപത്തെ വീട്ടിലെന്നു കരുതി അവിടെയെത്തി. ഇയാൾ മാങ്ങാനത്തേക്കു താമസം മാറിയത് പൊലീസ് അറിഞ്ഞില്ല. ഈ വീടിനു സമീപത്തു വച്ചാണ് ഷാനിനെ സംഘം ക്രൂരമായി മർദിച്ചത്.
ഒരുപക്ഷേ ആ സമയം മാങ്ങാനത്ത് എത്തിയിരുന്നെങ്കിൽ സംഘത്തെ പിടികൂടാമായിരുന്നു. ഗുണ്ടാ നടപടി പ്രകാരം എല്ലാ ആഴ്ചയും ഗുണ്ടകളെ നിരീക്ഷിക്കണം. ഡോസിയർ അപ്ഡേഷൻ നടത്തണം. ഗുണ്ടകളെ സംബന്ധിച്ച വിവരശേഖരണവും അതു പുതുക്കി വയ്ക്കലുമാണ് ഡോസിയർ അപ്ഡേഷൻ. എല്ലാ വെള്ളിയാഴ്ചയും ഗുണ്ടകളെ സ്റ്റേഷനിൽ പരേഡിൽ വിളിച്ചു നിർത്തണം. വിലാസവും ഫോൺ നമ്പറും എഴുതി വയ്ക്കണം. ആ നടപടി ഇവിടെ ഉണ്ടായില്ല.
പരാതി നൽകിയ സമയത്ത് എഫ്ഐആർ എടുത്തില്ല. തട്ടിക്കൊണ്ടു പോയ സമയത്ത് ഷാൻ ധരിച്ചിരുന്ന വസ്ത്രത്തെക്കുറിച്ചും മറ്റുമുള്ള വിവരങ്ങൾ പരാതിയോടൊപ്പം ലഭിക്കാത്തതിനാലാണ് എഫ്ഐആർ എടുക്കാൻ വൈകിയത്.പൊലീസ് രാത്രിയിൽ കോട്ടയം നഗരത്തിൽ വാഹന പരിശോധന നടത്താറുണ്ട്. എന്നാൽ ഓട്ടോയിൽ യുവാവുമായി ഗുണ്ടാ സംഘം നഗരത്തിനു ചുറ്റും യാത്ര ചെയ്തെങ്കിലും പൊലീസ് കണ്ടില്ല.