Latest News

സ്റ്റോക്ക് ഓൺ ട്രെൻറിൽ താമസിക്കുന്ന സിബി അരഞ്ഞാണിയിലിൻ്റ ഭാര്യ ലൂസിയുടെ പിതാവ് കട്ടപ്പന താന്നിക്കൽ ചെറിയാൻ മത്തായി (മത്തച്ചൻ – 87) നിര്യാതനായി. ഭാര്യ ത്രേസ്യാമ്മ കടനാട് ചിറ്റേട്ട് കുടുംബാംഗമാണ്.

മക്കൾ ഡെയ്സി, സി. മെർലി (സെൻ്റ് ജോൺ ഓഫ് ഗോഡ് ) ഔസേപ്പച്ചൻ, റോസമ്മ, ജെമിനി (ഓസ്ട്രേലിയ), ലൂസി(UK), റോയിച്ചൻ. മരുമക്കൾ തോമസ് കല്ലംതറയിൽ (ശ്രാന്തിഗ്രാം), മേഴ്സി പടിഞ്ഞാറേക്കുറ്റ് (തിരുവമ്പാടി), ബൈജു പുരയിടത്തിൽ (പൈക), റവ. സാബു സി മാത്യു (മലേഷ്യ), സിബി അരഞ്ഞാണിയിൽ, മോനിപ്പിള്ളി (UK), മോളി പൊടിപാറ (കൽത്തൊട്ടി).

സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച 2.30ന് ഭവനത്തിൽ നിന്നും ആരംഭിച്ച് കട്ടപ്പന സെൻറ് ജോർജ് ഫെറോനാ പള്ളിയിൽ നടത്തുന്നതാണ്.

സിബി അരഞ്ഞാണിയിലിൻ്റ ഭാര്യാ പിതാവിൻ്റെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂഡൽഹി∙ തിരുവനന്തപുരത്തും എറണാകുളത്തും കോവിഡ് സാഹചര്യം ഗുരുതരമെന്ന് കേന്ദ്ര സർക്കാർ. കേരളത്തില്‍ ടിപിആര്‍ കുറഞ്ഞെങ്കിലും രോഗികള്‍ കൂടുന്നു. രാജ്യത്ത് 14 ജില്ലകളിലെ രോഗവ്യാപനത്തില്‍ ആശങ്കയെന്നും കേന്ദ്രം അറിയിച്ചു.

അതിനിടെ, സംസ്ഥാനത്ത് കോവിഡും ഒമിക്രോണ്‍ വകഭേദവും ഉയരുന്നു. മുന്‍ ദിവസങ്ങളേക്കാള്‍ ഇരട്ടിയാണ് കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിദിന രോഗനിരക്ക്. വരുന്ന ഒരാഴ്ചത്തെ കണക്കുകള്‍ നിര്‍ണായകമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അടുത്ത ആഴ്ച ചേരുന്ന കോവിഡ് അവലോകനയോഗം കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണോയെന്ന് തീരുമാനിക്കും.

മഹാരാഷ്ട്രയിൽ 24 മണിക്കൂറിൽ 36,265 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുംൈബയിൽ പോസിറ്റീവ് ആയവരുടെ എണ്ണം 20,181 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ 79 പേർക്കു കൂടി ഒമിക്രോൺ വകഭേദം കണ്ടെത്തി. ഇതിൽ 57ഉം മുംബൈയിലാണ്.

അഫീല്‍ എന്ന വാക്കിന് അര്‍ഥം പ്രകാശം എന്നാണ്. ജീവിതത്തില്‍ എന്നും പ്രകാശം പരത്തുന്നവനാകണം മകന്‍ എന്നോര്‍ത്താണ് ജോണ്‍സണ്‍ ജോര്‍ജ്ജും ഡാര്‍ളിയും ആദ്യത്തെ കണ്‍മണിക്ക് ആ പേരിട്ടത്. എന്നാല്‍ 2019 ഒക്ടോബര്‍ 21-ന് ആ പ്രകാശം പൊലിഞ്ഞു. പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെ തലയില്‍ ഹാമര്‍ പതിച്ച് അഫീല്‍ അവരുടെ ജീവിതത്തില്‍ നിന്ന് മാഞ്ഞുപോയി.

ജോണ്‍സണ്‍ന്റേയും ഡാര്‍ളിയുടേയും മുന്നില്‍ വരണ്ട ദിനങ്ങള്‍ മാത്രമാണ് പിന്നീടുണ്ടായിരുന്നത്. ഉച്ചവെയിലില്‍ ചുട്ടുപൊള്ളുന്ന അത്‌ലറ്റിക് ട്രാക്കുകളേക്കാളും ചൂടുണ്ടായിരുന്നു ഡാര്‍ളിയുടെ കണ്ണീരിന്. വാട്‌സ്ആപ്പ് സ്റ്റാറ്റസുകളില്‍ മകന്റെ ചിത്രങ്ങള്‍ മാറ്റി മാറ്റി പോസ്റ്റ് ചെയ്ത് ആ അമ്മ തന്റെ സങ്കടഭാരം കുറയ്ക്കാന്‍ ശ്രമിച്ചു. എന്നിട്ടും പിടിച്ചുനില്‍ക്കാനായില്ല. അവന്റെ ഓര്‍മകള്‍ക്ക് ഓരോ ദിവസവും കനംകൂടി വന്നു.

ഒടുവില്‍ ഇരുണ്ട രണ്ട് ക്രിസ്മസ്, പുതുവത്സര കാലങ്ങള്‍ക്ക് ശേഷം കോട്ടയം കുറിഞ്ഞാംകുളം വീട്ടിലേക്ക് ഒരു മാലാഖക്കുഞ്ഞ് എത്തിയിരിക്കുന്നു. പ്രതീക്ഷയുടെ പുഞ്ചിരിയുമായെത്തിയ ആ കുഞ്ഞിന് ജോണ്‍സണും ഡാര്‍ളിയും പേരു നല്‍കിയിരിക്കുന്നത് എയ്ഞ്ചല്‍ ജോ എന്നാണ്. തിങ്കളാഴ്ച്ച രാവിലെ 9.30നാണ് ഡാര്‍ളി മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

‘ഒരുപാട് സന്തോഷം. അഫീല്‍ പോയശേഷം ജീവിതത്തില്‍ ഇതുവരെ സന്തോഷിച്ചിട്ടില്ല. ഇപ്പോഴാണ് ഉള്ളില്‍ തട്ടി ഒന്നു ചിരിക്കുന്നത്. സിസേറിയനായി ഓപ്പറേഷന്‍ തിയേറ്ററിലേക്ക് പോകുമ്പോഴും അഫീലിന്റെ ചിത്രം ഡാര്‍ളി ചേര്‍ത്തുപിടിച്ചിരുന്നു. ജീവിതത്തിന് പുതിയ അര്‍ഥം വന്നതുപോലെ തോന്നുന്നു’, ആശുപത്രിയില്‍ നിന്ന് ജോണ്‍സണ്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിച്ചു.

2019 ഒക്ടോബര്‍ നാല് വെള്ളിയാഴ്ച്ചയാണ് കായിക കേരളത്തെ നടുക്കിയ ദുരന്തമുണ്ടായത്. പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മീറ്റിലെ വളന്റിയറായി എത്തിയതായിരുന്നു അഫീല്‍. മത്സരത്തിനിടെ അഫീലിന്റെ തലയില്‍ ഹാമര്‍ പതിച്ചു. ചോരയൊലിക്കുന്ന അഫീലിനേയും എടുത്ത് മറ്റുള്ളവര്‍ ആശുപത്രിയിലേക്ക് ഓടി. പിന്നീട് കാത്തിരിപ്പിന്റെ ദിവസങ്ങളായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 25-ാം വാര്‍ഡിന് സമീപത്തെ ന്യൂറോ ഐസിയുവിന് മുന്നില്‍ പ്രാര്‍ഥനയുമായി, കണ്ണു ചിമ്മാതെ ജോണ്‍സണും ഡാര്‍ലിയും കാത്തിരുന്നു. 17 ദിവസത്തിനുശേഷം ഒക്ടോബര്‍ 21ന് വൈകുന്നേരം മൂന്നേ മുക്കാലോടെ ആ കാത്തിരിപ്പ് അവസാനിച്ചു.

നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി എടുക്കാൻ അനുമതി. എറണാകുളം സിജെഎം കോടതിയാണ് അനുമതി നൽകിയത്. ഇതിനായി ഒരു മജിസ്ട്രേറ്റിനെ കോടതി ചുമതലപ്പെടുത്തും. സംവിധായകന് സമൻസ് അയച്ച ശേഷം ഒരു തീയതി തീരുമാനിച്ചാകും രഹസ്യമൊഴി രേഖപ്പെടുത്തുക. അതേസമയം, നടിയെ ആക്രമിച്ച കേസിൽ സംസ്ഥാനസ‍ർക്കാർ നൽകിയ രണ്ട് ഹർജികൾ നാളെ ഹൈക്കോടതി ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. നാളെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് ഈ ഹർജികൾ ഹൈക്കോടതി പരിഗണിക്കുക.

കേസ് അട്ടിമറിക്കാനും വിചാരണ തടസ്സപ്പെടുത്താനും നടൻ ദിലീപടക്കമുളളവർ ശ്രമിക്കുന്നതിന്‍റെ ശബ്ദരേഖകളടക്കമാണ് സംവിധായകൻ ബാലചന്ദ്രകുമാർ അടുത്തയിടെ പുറത്തുവിട്ടത്. കേസിൽ പ്രോസിക്യൂഷന് കച്ചിത്തുരുമ്പായേക്കാവുന്ന തെളിവുകളാണ് ഇതെന്നാണ് കണക്കുകൂട്ടൽ. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ ഫോണിന്‍റെ മെമ്മറി കാർഡ് ഇത് വരെ അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല. എന്നാൽ ഈ ആക്രമണദൃശ്യങ്ങൾ ദിലീപ് കണ്ടു, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തു – ഇത് രണ്ടും തെളിയിക്കുന്ന ശബ്ദരേഖകളും അതിന് ശേഷം ഇക്കാര്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ ദിലീപിനെ വിളിച്ചപ്പോൾ പാടില്ലെന്ന് പറഞ്ഞ് ദിലീപ് ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്ത് കാണാൻ വന്നുവെന്നും, ഇതിന് തെളിവായി വാട്സാപ്പിൽ അയച്ച ഓഡിയോ മെസ്സേജും സംവിധായകൻ പുറത്തുവിട്ടിരുന്നു.

”ബാലൂ, എന്‍റെ ഫോണും വാട്സാപ്പുമെല്ലാം പൊലീസ് ടാപ്പ് ചെയ്യുന്നുണ്ട്. അതുകൊണ്ട് ഫോണിൽ സംസാരിക്കുന്നത് സേഫല്ല. അതുകൊണ്ട് നേരിട്ട് വന്നിരിക്കുകയാണ്. ഞാൻ കാത്തിരിക്കുകയാണ്”, എന്ന് പറയുന്ന ഓഡിയോ സന്ദേശവും, നേരിട്ട് കാണാൻ കാത്തിരിക്കുകയാണെന്നുള്ള ടെക്സ്റ്റ് മെസ്സേജും ബാലചന്ദ്രകുമാർ പുറത്തുവിട്ടിരുന്നു.

അതിനാലാണ് ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴിയെടുക്കാൻ അന്വേഷണസംഘം എറണാകുളം സിജെഎം കോടതിയിൽ അപേക്ഷ നൽകിയത്. ഇതിന് തുടർച്ചയായി ദിലീപിനെയും ഒന്നാം പ്രതി പൾസർ സുനി എന്ന് വിളിക്കുന്ന സുനിൽകുമാറിനേയും വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം.

ഇതിനിടെ തുടരന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുന്നതും ആലോചിക്കുന്നുണ്ട്. അന്വേഷണമേൽനോട്ടച്ചുമതലയും ഒരു ഉന്നത ഉദ്യോഗസ്ഥനെ തന്നെ ഏൽപിക്കും. നിലവിലെ അവസ്ഥയിൽ ഈ മാസം ഇരുപതിനകം വിചാരണക്കോടതിയിൽ തുടരന്വേഷണ റിപ്പോ‍ർട്ട് നൽകാനാകില്ല. ഈ സാഹചര്യത്തിൽ വിചാരണ നിർത്തിവെച്ച് തുടരന്വേഷണത്തിന് കൂടുതൽ സമയം തേടാനാണ് പ്രോസിക്യൂഷൻ നീക്കം. ഇതിന് വേണ്ടിയാണ് സംസ്ഥാന സർക്കാർ തന്നെ സുപ്രീംകോടതിയെ ഇന്നലെ സമീപിച്ചത്.

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ അടുത്ത മാസം പൂർത്തിയാക്കാനാണ് സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ തന്നെ വിചാരണക്കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാരിന്‍റെ നീക്കം. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ തുടരന്വേഷണം അനിവാര്യമാണെന്നും അതിനാൽ വിസ്താരത്തിന് കൂടുതൽ സമയം അനുവദിക്കണമെന്നുമാണ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ലിജോ ജോസ് പെല്ലിശേരിയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. പഴനിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. തനി സാധാരണക്കാരനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത് എന്ന് സിനിമയുടെതായി പുറത്തു വന്ന ലൊക്കേഷന്‍ ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്.

‘നന്‍പകല്‍ നേരത്ത് മയക്കം’ എന്നാല്‍ ഒരാളുടെ ഉച്ചനേരത്തെ ഉറക്കമാണ് എന്ന് ചിത്രത്തിന്റെ സഹ സംവിധായകനായ ടിനു പാപ്പച്ചന്‍ പറഞ്ഞത്. പകല്‍ സൈക്കിള്‍ മെക്കാനിക്കും ആക്രിക്കാരനും രാത്രി പക്കാ കള്ളനുമായ വേലന്‍ എന്ന നകുലനെയാണ് മമ്മൂക്ക ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മമ്മൂട്ടിയുടെ പേരിലുള്ള പുതിയ നിര്‍മാണ കമ്പനിയുടെ പേരിലാണ് ചിത്രം നിര്‍മിക്കുന്നത്. ലിജോയും മമ്മൂട്ടിയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. പൂര്‍ണമായും തമിഴ്‌നാട്ടില്‍ ചിത്രീകരിക്കുന്ന സിനിമ മലയാളത്തിലും തമിഴിലുമായാണ് ഒരുങ്ങുന്നത്.

രമ്യ പാണ്ട്യന്‍, അശോകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു. എസ് ഹരീഷ് ആണ് തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത്. തേനി ഈശ്വറാണ് ക്യാമറ. ചിത്രത്തില്‍ അശോകനും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

ദിലീപ്-നാദിര്‍ഷ കൂട്ടുകെട്ടില്‍ എത്തിയ കേശു ഈ വീടിന്റെ നാഥന്‍ ചിത്രത്തെ കുറിച്ച് സീരിയല്‍ താരം അശ്വതി പങ്കുവച്ച കുറിപ്പിനെതിരെ വിമര്‍ശനം. ചിത്രം ഇഷ്ടപ്പെട്ടില്ല എന്നാണ് അശ്വതി കുറിപ്പിലൂടെ പറയുന്നത്. ഒന്നാം തിയതി മുതല്‍ കാണാന്‍ തുടങ്ങിയ സിനിമ ഇന്നാണ് കണ്ടു തീര്‍ത്തത് എന്നാണ് കുറിപ്പില്‍ അശ്വതി പറയുന്നത്.

”അങ്ങനെ ഒന്നാം തീയതി മുതല്‍ കാണാന്‍ തുടങ്ങിയ കേശുവേട്ടനെ ഇന്നലെ ഒരു വിധം കണ്ടു തീര്‍ത്തു. കേള്‍ക്കട്ടെ നിങ്ങളെല്ലാരും എത്ര ദിവസം എടുത്തു കണ്ടു തീര്‍ക്കാന്‍ എന്ന്” എന്നാണ് അശ്വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

”സീരിയല്‍ മാത്രം ശരണം. സിനിമയില്‍ അഭിനയിക്കാനുള്ള യോഗ്യതയും, അവസരവും കിട്ടാത്ത വെറും ഒരു കൂതറ നടിയുടെ രോദനം” എന്നാണ് പോസ്റ്റിന് എതിരെ എത്തിയ ഒരു കമന്റ്. ”ആഹ് അതിനെ അങ്ങനെ കണ്ടാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ” എന്നാണ് മറുപടിയായി അശ്വതി കുറിച്ചിരിക്കുന്നത്.

”പടം ഒന്നും ഇല്ലാതെ ഇരിക്കുവല്ലെ…..ഒരുപാട് അടുക്കള പണി ഉണ്ടാകും പാവത്തിന്…..” എന്നാണ് താരത്തെ വിമര്‍ശിച്ച് എത്തിയ മറ്റൊരു കമന്റ്. ”ബ്ലെസ്സാ അടുക്കള പണി അത്ര മോശം പണിയൊന്നുമല്ല ട്ടാ.. ഒരു അടുക്കളക്കാരീടെ രോദനം എന്ന് കരുതിയാല്‍ മതി ആ ദേഷ്യം അങ്ങ് കുറയും” എന്നാണ് അശ്വതി ഇതിന് മറുപടി നല്‍കുന്നത്.

വിമര്‍ശനങ്ങള്‍ ഏറിയതോടെ താരം മറ്റൊരു കമന്റും പങ്കുവച്ചു. ”അപ്പൊ എല്ലാരും ചീത്ത വിളിച്ചു കഴിഞ്ഞോ ? ബാക്കി വെക്കണേ ബിഗ് ബോസ് വരുന്നോണ്ട് നമുക്കതില്‍ കാണാം എന്ന് ഔട്ട്‌ഡേറ്റഡ് ആയ യാതൊരു എഫേര്‍ട്ടുകളും എടുക്കാതെ ടെലികാസ്‌റ് ചെയ്യുന്ന സീരിയല്‍ പണ്ടെങ്ങാണ്ടോ മുഖം കാണിച്ചു വീട്ടില്‍ കുത്തിരിപ്പായ ഒരു അമ്മച്ചി” എന്നാണ് അശ്വതി കുറിച്ചത്.

പുതിയ വര്‍ഷം സംസ്ഥാനത്ത് വൈദ്യുത വാഹന വിപണി ടോപ് ഗിയറിലേക്ക്. കേരളത്തില്‍ ജനുവരിയില്‍ ചുരുങ്ങിയ ദിനങ്ങള്‍ കൊണ്ടുതന്നെ 188 വൈദ്യുത വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ജനുവരിയില്‍ മൊത്തം 265 വൈദ്യുത വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്താണ് ഇത്. 2021-ല്‍ മൊത്തം 8,683 വൈദ്യുത വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.

അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചു വരുന്നതേയുള്ളൂവെങ്കിലും വൈദ്യുത വാഹനങ്ങളിലേക്കുള്ള ചുവടുമാറ്റത്തില്‍ കേരളവും വേഗത്തിലാണെന്ന സൂചനയാണ് ഈ കണക്കുകള്‍ നല്‍കുന്നത്. പെട്രോള്‍-ഡീസല്‍ വില ദൈനംദിന ബജറ്റിന് താങ്ങാനാകാത്ത നിലയില്‍ തുടരുന്നതും സി. എന്‍.ജി. വിലവര്‍ധന സംബന്ധിച്ച ആശങ്കകളും വൈദ്യുത വാഹനങ്ങളുടെ ജനപ്രീതി കൂട്ടുമെന്നാണ് വാഹന നിര്‍മാണ കമ്പനികളുടെ പ്രതീക്ഷ. അതേസമയം, ഈ വര്‍ഷത്തോടെ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലെത്തിക്കുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം അസാധ്യമാണ്.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില താരതമ്യേന കൂടുതലാണെങ്കിലും മറ്റ് ചെലവുകളൊന്നും പിന്നീട് വരില്ലെന്ന് ഫാഡ കേരള ചെയര്‍മാന്‍ സാബു ജോണി പറഞ്ഞു. അതായത്, പെട്രോള്‍ വാഹനത്തിന് ഒരു മാസം ചുരുങ്ങിയത് 5,000 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്നുണ്ടെങ്കില്‍ വൈദ്യുത കാറിന് ഏകദേശം 1,000 രൂപയില്‍ കൂടുതല്‍ ചെലവ് വരില്ല.

വീടുകളില്‍ സൗരോര്‍ജം ഉപയോഗിക്കുന്നവര്‍ക്ക് ചെലവ് ഇതിനെക്കാള്‍ കുറയും. 2023-ഓടെ മിക്ക വാഹന നിര്‍മാതാക്കളും ഇ.വി. മോഡലുകള്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇതോടെ ഇ.വി. വില്പന വലിയ തോതില്‍ കൂടും.

ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജിങ് സൗകര്യങ്ങളൊരുക്കുന്നതില്‍ കേരളം പ്രായോഗികമായി മുന്നേറുന്നുണ്ടെങ്കിലും ആനുകൂല്യങ്ങളുടെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ പിന്നിലാണ്. വൈദ്യുത വാഹന വില്പന പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ കേരളം ശരാശരിയില്‍ നില്‍ക്കുന്നുവെന്നേ പറയാന്‍ കഴിയുകയുള്ളൂവെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (ഫാഡ) കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ സാബു ജോണി പറയുന്നു.

ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി, അസം, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ‘ഇ.വി. സബ്സിഡി’ നല്‍കുന്നതില്‍ മുന്നിലാണ്. കേരളം, കര്‍ണാടക, തമിഴ്നാട്, പഞ്ചാബ്, തെലങ്കാന, യു.പി., മധ്യപ്രദേശ് തുടങ്ങിയവയാണ് സബ്സിഡി നല്‍കുന്നതില്‍ പിന്നിലുള്ള സംസ്ഥാനങ്ങള്‍.

മിക്ക മെട്രോ നഗരങ്ങളിലും വൈദ്യുത വാഹനങ്ങളുടെ റോഡ് നികുതി പൂജ്യം ശതമാനമാണ്. കേരളത്തില്‍ അഞ്ച് ശതമാനമാണ് റോഡ് നികുതി. വൈദ്യുത വാഹന നയത്തില്‍ മുച്ചക്ര വൈദ്യുത വാഹനങ്ങള്‍ക്ക് (ഇ-റിക്ഷ) മാത്രമാണ് കേരളം പര്‍ച്ചേസ് സബ്സിഡി നല്‍കുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും ഇലക്ട്രിക് കാറുകളും എസ്.യു.വി.കളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്‍സെന്റീവുകളൊന്നും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ല.

റോഡ് നികുതിയില്‍ 100 ശതമാനം ഇളവ് നല്‍കിയ സംസ്ഥാനങ്ങള്‍

ഡല്‍ഹി
മഹാരാഷ്ട്ര
മേഘാലയ
അസം
ബിഹാര്‍
പശ്ചിമ ബംഗാള്‍
ഉത്തര്‍പ്രദേശ്
കര്‍ണാടക
തമിഴ്നാട്

വൈദ്യുത വാഹനങ്ങളില്‍ ടാക്സികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ യാതൊരു പ്രാധാന്യവും കൊടുത്തിട്ടില്ല. സാധാരണ ടാക്സി കാറുകള്‍ക്ക് റോഡ് നികുതിയില്‍ ഇളവുണ്ടെങ്കിലും ഇലക്ട്രിക് ടാക്സി കാറുകള്‍ക്ക് ഇപ്പോഴും ഉയര്‍ന്ന നികുതിയാണ്.

ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ലളിതമാക്കണം. ചാര്‍ജിങ് സ്റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള അനുമതികള്‍ക്ക് കാലതാമസം നേരിടുന്നു. സൗകര്യങ്ങള്‍ വൈകുന്നതിനനുസരിച്ച് ഇലക്ട്രിക്കിലേക്കുള്ള വേഗവും കുറയും.

ചാര്‍ജിങ് സ്റ്റേഷനുകള്‍ ധാരാളം വരുന്നുണ്ടെങ്കിലും ചാര്‍ജ് ചെയ്യാന്‍ എടുക്കുന്ന സമയത്ത് ഉടമകള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം മിക്കയിടങ്ങളിലുമില്ല. ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കൊപ്പം ഇത്തരം സൗകര്യങ്ങള്‍ കൂടി വരണം.

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെതിരെ തലസ്ഥാനമായ പ്യോങ്യാങില്‍ ചുമരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ കയ്യക്ഷരം പരിശോധിക്കാനൊരുങ്ങി ഉത്തരകൊറിയ. നഗരവാസികളായ ആയിരക്കണക്കിന് പേരുടെ കയ്യക്ഷരമാണ് പരിശോധിക്കുക.

പ്യോങ്യാങിലെ പ്യോങ്ചന്‍ ജില്ലയില്‍ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ ചുവരിലാണ് ഡിസംബര്‍ 22ന് കിമ്മിനെതിരെ അസഭ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.’നീ കാരണം ആയിരങ്ങള്‍ പട്ടിണി കിടന്ന് മരിക്കുന്നു’ എന്നടക്കം ചുവരില്‍ എഴുതിയിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ തന്നെ അധികൃതര്‍ ഇത് നീക്കം ചെയ്‌തെങ്കിലും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തിയേ മടങ്ങൂ എന്ന തീരുമാനത്തിലാണ് സുരക്ഷാമന്ത്രാലയം.

ഉത്തരകൊറിയയില്‍ വലിയ കുറ്റമായി കണക്കാക്കുന്ന ഒന്നാണ് കിമ്മിനെതിരെയുള്ള ചുമരെഴുത്ത്. മുമ്പ് 2018ല്‍ ഈ കുറ്റത്തിന് ഒരു കേണലിനെ വധിച്ചിട്ടുണ്ട്. ചുമരെഴുത്ത് കണ്ടെത്തിയതിന് ശേഷം കയ്യക്ഷരത്തിന്റെ സാംപിളുകള്‍ക്കായി പോലീസും മറ്റും വീടുവീടാന്തരം കയറിയിറങ്ങുന്നതായാണ് വിവരം.

തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം. കാഞ്ചീപുരം മനുസ്വാമി അവന്യുവില്‍ താമസിക്കുന്ന വേലായുധം ആണ് മക്കള്‍ മൂന്നു പേരും ഹിന്ദുമതം ഉപേക്ഷിച്ച് ക്രിസ്ത്യന്‍ മതം സ്വീകരിച്ചതില്‍ മനംനൊന്ത് രണ്ട് കോടിയോളം വിലവരുന്ന സ്വത്തുക്കള്‍ സംഭാവനയായി നല്‍കിയത്.

വേലായുധത്തിന് രണ്ട് പെണ്‍മക്കളും ഒരു മകനുമാണുള്ളത്. ഹിന്ദുമത വിശ്വാസികളായിരുന്ന ഇവര്‍ അടുത്തിടെയാണ് ക്രിസ്തുമതം സ്വീകരിച്ചത്. ഇതോടെ ഹിന്ദു മതാചാരങ്ങള്‍ പ്രകാരം തന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ മക്കള്‍ തയ്യാറാകില്ലെന്ന് മനസിലാക്കിയതോടെയാണ് വേലായുധം കടുംകൈ ചെയ്തത്. കുമരകോട്ടം മുരുകന്‍ ക്ഷേത്രത്തിനാണ് സ്വത്തുക്കള്‍ കൈമാറിയത്.

വേലായുധത്തിന്റെ കുടുംബക്ഷേത്രം കൂടിയാണിത്. റിട്ടയേര്‍ഡ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആണ് വേലായുധം. 2680 സ്‌ക്വയര്‍ ഫീറ്റ് ഉള്ള ഇദ്ദേഹത്തിന്റെ വീടിന് രണ്ട് കോടിയോളമാണ് വില. തന്റെ അന്ത്യകര്‍മങ്ങള്‍ ഹിന്ദു ആചാരപ്രകാരം നടക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ക്രിസ്തുമതം സ്വീകരിച്ച മക്കള്‍ക്ക് ഒരു കാരണവശാലും സ്വത്തുക്കള്‍ നല്‍കാനാവില്ലെന്നും വേലായുധം തുറന്നടിച്ചു.

ഇപ്പോഴും രണ്ട് മക്കള്‍ തന്റെ കൂടെയാണ് താമസിക്കുന്നത്. താനും ഭാര്യയും ജീവിച്ചിരിക്കുന്നിടത്തോളം അവര്‍ക്കും ഇവിടെ വേണമെങ്കില്‍ താമസിക്കാമെന്നും വേലായുധം അറിയിച്ചു. എന്നാല്‍ തങ്ങളുടെ മരണശേഷം ക്ഷേത്രം വീട് ഏറ്റെടുക്കും. വീടിന്റെ വില്‍പ്പത്രം ക്ഷേത്രത്തിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു.

ഇറ്റലിയില്‍ നിന്ന് പഞ്ചാബിലെ അമൃത്‌സറിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തിലെ 125 യാത്രക്കാര്‍ കോവിഡ് പോസിറ്റീവായി. അമൃത്സറിലെ വി.കെ സേത്ത് വിമാനത്താവളത്തില്‍ എത്തിയശേഷം നടത്തിയ പരിശോധനയിലാണ് ഈ വിമാനത്തിലെത്തിയ യാത്രക്കാര്‍ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ആകെ 179 യാത്രക്കാരാണ് ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്.

ഇത്രയുമധികം യാത്രക്കാര്‍ ഒന്നിച്ച് കോവിഡ് പോസിറ്റിവായത് ആശങ്ക ഉയര്‍ത്തുന്നതാണ്. അതേസമയം ഒമിക്രോണ്‍ ബാധയാണോയെന്ന് വ്യക്തമായിട്ടില്ല. ഇതിനായി പരിശോധന നടത്തും. അതേസമയം രാജ്യത്ത് സമീപ ദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ​ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഒരു ലക്ഷത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത്.

325 മരണങ്ങള്‍ക്ക് ഒപ്പമാണ് കഴിഞ്ഞ ദിവസം മാത്രം 90,928 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും ഉയരുകയാണ്. 6.43 ആണ് നിലവിലെ പോസ്റ്റിവിറ്റി റേറ്റ്. ഒമിക്രോണ്‍ കേസുകളിലും വലിയ വര്‍ധനയാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് വ്യാഴാഴ്ച ഇന്ത്യയിലെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 2,630 ആയി. മഹാരാഷ്ട്ര (797) ഒന്നാം സ്ഥാനത്തും ഡല്‍ഹി (465), രാജസ്ഥാന്‍ (236), കേരളം (234) എന്നിങ്ങനെയാണ്. കര്‍ണാടകയിലും ഗുജറാത്തിലും യഥാക്രമം 226, 204 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ശക്തമായ കോവിഡ് വ്യാപനത്തിലേക്കാണ് രാജ്യം പോകുന്നതെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ വൈറസിന്റെ വ്യാപനശേഷി ഇതുവരെയുള്ളതില്‍വച്ച് ഏറ്റവും ഉയര്‍ന്ന നിരക്കായ 2.69 എന്ന നിലയിലേക്ക് എത്തി. ഈ കണക്കുകള്‍ പരിശോധിച്ചാല്‍ കോവിഡ് രോഗിയായ പത്ത് പേരില്‍ നിന്നും 26 പേരിലേക്കു വരെ പകരാന്‍ സാധ്യതയുണ്ട്. ഇതിനൊപ്പമാണ് ഒരാഴ്ചയ്ക്കിടയിലെ രോഗ വ്യാപനം. 8 ദിവസത്തിനിടെ, പ്രതിദിന കേസുകള്‍ 6.3 മടങ്ങ് വര്‍ധിച്ചു. ടിപിആറും കുത്തനെ കൂടിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved