literature

അഖിൽ പുതുശ്ശേരി

അവളോടൊപ്പം തന്നെയാണ്
ആ വീടും ഉണരുന്നത്
മിക്ക വീടുകൾക്കും
പെൺമണമാണെന്നും
മിക്ക പെണ്ണുങ്ങൾക്കും
അടുക്കള മണമാണെന്നും
അവളോർക്കും.

അയാളും മോളും
പോയതിന് ശേഷം
ഒറ്റയായി പോകുന്ന
തന്റെ പകലാകാശത്ത്
അവൾ നിറയെ
നക്ഷത്രങ്ങളെ കുടഞ്ഞിടും

( പകലിൽ നക്ഷത്രങ്ങൾ തിളങ്ങാറില്ല /
അവളുടെ നക്ഷത്രങ്ങൾ രാത്രിയിലും
തിളങ്ങാറില്ല )

ഒറ്റയായി ഇരിക്കുമ്പോഴൊക്കെ
അവളൊരു ശലഭമാകും
പറക്കാനായി രണ്ട്
ചിറകുകൾ തുന്നും.

അപ്പോൾ വീട് അവൾ
മാത്രമുള്ളൊരു പൂന്തോട്ടമാകും
പാത്രങ്ങൾ തുണികൾ എല്ലാം
പൂക്കളായി പരിണമിക്കും.

ആ വീട്ടിൽ നിന്ന്
അവളുടെ വീട്ടിലേക്ക്
ഒരു നീളൻ തീവണ്ടിയുണ്ട്
( അവൾക്കതിന് സ്വന്തമായി വീടുണ്ടോ?)
ബോഗികൾ നിറയെ സ്വപ്‌നങ്ങൾ
കുത്തിനിറച്ച് തീവണ്ടി
അവളെയുംകൊണ്ട്
ചൂളം വിളിച്ചോടും.

മഴ ചാറുമ്പോൾ
അവളോർക്കുന്നത്
വെയിലത്തിട്ട മല്ലിയേയും
മുളകിനെയും തുണികളെയും
കുറിച്ചാണ്

സ്വപ്‌നങ്ങളെ മറന്ന്
റിസർവേഷൻ ഇല്ലാത്ത
കിട്ടുന്ന വണ്ടിക്ക് അവൾ
തിരികെയോടും

രാത്രി തുണികളോടൊപ്പം
അവൾ മടക്കി വെക്കുന്നത്
ഓർമ്മകളെ കൂടിയാണ്

അഖിൽ പുതുശ്ശേരി

1995 ഏപ്രിൽ 15-ന് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ പുതുശ്ശേരിയെന്ന ഗ്രാമത്തിൽ ജനിച്ചു .
അച്ഛൻ മുരളീധരൻ നായർ ,അമ്മ കൃഷ്ണകുമാരി . ബാല്യകാലം മുതൽ കവിത എഴുതിത്തുടങ്ങി ,നാല് കാവ്യസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്
. 2010-ൽ isro യിൽ പ്രബന്ധം അവതരിപ്പിക്കാൻ വിദ്യാലയത്തെ പ്രതിനിധീകരിച്ചു .മാതൃഭൂമി, കലാകൗമുദി, എഴുത്തോല, മലയാള മനോരമ, കവിമൊഴി, മാധ്യമം, കേസരി, സമകാലിക മലയാളം ,പച്ചമലയാളം, ദേശാഭിമാനി, ചന്ദ്രിക, കലാപൂർണ്ണ, തുടങ്ങിയ സമകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു
ഓൾ ഇന്ത്യ റേഡിയോയിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്.
നിലവിൽ ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ എം എ മലയാളം വിദ്യാർഥിയാണ്

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:

നിഴൽക്കുപ്പായം
മാമ്പൂവ്
സ്വപ്നംകൊണ്ടെഴുതിയ ഒസ്യത്ത്‌
ജീവിതത്തിന് ഒരു അൻഡു ഓപ്ഷൻ ഉണ്ടായിരുന്നെങ്കിൽ

പുരസ്‌കാരങ്ങൾ
—————–
എഴുത്തച്ഛൻ ഫെൽലോഷിപ്
ആശാൻ സ്മാരക പുരസ്‌കാരം
എം എൻ കുമാരൻ സ്മാരക പുരസ്‌കാരം
റോട്ടറി ക്ലബ്‌ സാഹിത്യ പുരസ്‌കാരം
ടാഗോർ സ്മാരക പുരസ്‌കാരം
ലെനിൻ ഇറാനി സ്മാരക പുരസ്‌കാരം
യാനം സാഹിത്യ പുരസ്‌കാരം

റ്റിജി തോമസ്

പല പുസ്തകങ്ങളും തേടിപ്പിടിച്ച് വായിക്കുകയാണ് എന്റെ പതിവ്. പക്ഷേ ചിലപ്പോഴൊക്കെ വളരെ അവിചാരിതമായി ചില പുസ്തകങ്ങൾ നമ്മുടെ വായനാനുഭവത്തിന് പാത്രമാകും. അങ്ങനെ ആണ് വിനിൽ പോൾ രചിച്ച അടിമ കേരളത്തിൻറെ അദൃശ്യ ചരിത്രം എന്ന പുസ്തകം എൻറെ കൈയ്യിൽ വന്നത്. തിരുവല്ല മാക്ഫാസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് കെ ചെറിയാന് സമ്മാനം കിട്ടിയ പുസ്തകം അദ്ദേഹം എനിക്ക് വായിക്കാനായി നൽകുകയായിരുന്നു.

നാം ഇതുവരെ പഠിച്ച, കേട്ടറിഞ്ഞ കേരള ചരിത്ര പാഠങ്ങളിൽ ഒന്നും ഇല്ലാത്ത കീഴാള ജീവിതത്തിൻറെ അടയാളപ്പെടുത്തലുകളാണ് പുസ്തകത്തിൻറെ അടിമ കേരളം എന്ന ആദ്യ ഭാഗത്തിന്റെ പ്രമേയം. കേരളത്തിൽനിന്ന് അടിമകളായി വിൽക്കപ്പെട്ടിരുന്ന കീഴാള സമൂഹത്തിന്റെ രേഖാചിത്രം വസ്തുതകളുടെ അടിസ്ഥാനത്തിൽ വിനിൽ പോൾ വരച്ചുകാട്ടുന്നു. അതോടൊപ്പം കേരളത്തിലെ അടിമകൾ നേരിട്ടിരുന്ന ക്രൂരതകളെക്കുറിച്ച് തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ലേഖനങ്ങളും ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ മിഷനറി പ്രസ്ഥാനത്തെ കുറിച്ചും ദളിത് ക്രൈസ്തവരെ കുറിച്ചുമുള്ള ലേഖനങ്ങളാണ് പുസ്തകത്തിലെ മിഷിനറി പ്രസ്‌ഥാനം എന്ന രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുള്ളത് . കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ദളിതരുടെ ഇടയിൽ പ്രവർത്തിച്ച വിവിധ മിഷനറി സഭകളെ കുറിച്ചും അതുവഴി ഉണ്ടായ നവോഥാനത്തെ കുറിച്ചും കൂടുതൽ അടുത്തറിയാൻ പുസ്തകത്തിലെ ഉള്ളടക്കം വായനക്കാരെ സഹായിക്കും. അതോടൊപ്പം ദളിത് ക്രിസ്ത്യാനികൾ നേരിട്ട ജാതീയ വിവേചനത്തിൻ്റെ നേർചിത്രം വിവിധ സംഭവങ്ങളിലൂടെ എഴുത്തുകാരൻ വരച്ചുകാട്ടുന്നു.

ജന്മികുടിയാൻ ബന്ധത്തിനുമപ്പുറം കേരളത്തിൽ അടിമവ്യാപാരം നിലനിന്നിരുന്നു എന്ന ചരിത്ര വസ്തുതയെ എത്രമാത്രം തമസ്കരിക്കാൻ നമ്മുടെ ചരിത്ര രചയിതാക്കൾക്ക് സാധിച്ചു എന്ന സത്യം വിളിച്ചു പറയുന്നു എന്നതാണ് അടിമ കേരളത്തിൻറെ അദൃശ്യ ചരിത്രം എന്ന പുസ്തകത്തിൻറെ പ്രാധാന്യം.

ബ്രിട്ടീഷ് ഭരണകാലത്ത് ഇംഗ്ലണ്ടിൽ നിന്നുള്ള മിഷനറിമാരുടെ പ്രവർത്തനങ്ങൾ മലയരയർ തുടങ്ങിയ ആദിവാസി വിഭാഗങ്ങളിൽ വിദ്യാഭ്യാസപരമായി ചെലുത്തിയ സാമൂഹിക പരിവർത്തനം എത്ര മാത്രമായിരുന്നു എന്ന് മിഷനറി പുരാശേഖരത്തിലെ മലയരയർ എന്ന ലേഖനത്തിൽ വിവരിക്കുന്നു. ലണ്ടനിലെ അറിയപ്പെടുന്ന പ്രകൃതി ശാസ്ത്രജ്ഞനായിരുന്ന ഹെൻറി ബേക്കർ കേരളത്തിൽ എത്തി മുണ്ടക്കയം കേന്ദ്രീകരിച്ച് നടത്തിയ മിഷനറി പ്രവർത്തനങ്ങളും സ്കൂളുകൾ സ്ഥാപിച്ചുകൊണ്ടുള്ള നവോത്ഥാന പരിശ്രമങ്ങളെ കുറിച്ചുള്ള വിവരണങ്ങളും പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. പ്രധാനമായും മുണ്ടക്കയം കേന്ദ്രീകരിച്ചിട്ടുള്ള മിഷനറിമാരുടെ പ്രവർത്തനത്തെ കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്. എന്നാൽ പുസ്തകത്തിൽ പറയുന്നതിന് വിപരീതമായി മർഫി സായിപ്പാണ് ഏന്തയാറിൽ സ്കൂൾ തുടങ്ങിയതെന്നാണ് മുണ്ടക്കയത്തെ പഴമക്കാരുടെ അഭിപ്രായം.

പക്ഷേ മധ്യതിരുവിതാംകൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ദളിത് ജീവിതങ്ങൾ എത്രമാത്രം ദുഷ്കരമായ പരിതസ്ഥിതിയാണ് അഭിമുഖീകരിച്ചത് എന്നതോടൊപ്പം കേരളത്തിലെ ജനങ്ങളുടെ ഭൂതകാലത്തിന്റെ കാർമേഘങ്ങൾ ഒരു പരുധി വരെ തുടച്ചുമാറ്റാൻ മിഷനറിമാർക്കും വിദേശ ആധിപത്യത്തിനും കഴിഞ്ഞതായും പുസ്തകം സമർത്ഥിക്കുന്നു . ചരിത്രത്തിൻറെ ഏടുകളിൽ ഒരു രാജ്യത്തെ ഭരണം കൊണ്ട് അടിച്ചമർത്തിയ ബ്രിട്ടീഷ് ആധിപത്യം ഒരു പരുധിവരെ കേരളത്തിലെ ജാതിയ അടിമത്വത്തിന്റെ ചങ്ങലകളെ പൊട്ടിച്ചെറിയുന്നതിന് പ്രേരകമായതും വിനിൽ പോളിന്റെ പുസ്തകം ചൂണ്ടി കാണിക്കുന്നു.

കെ ജെ ബേബിയുടെ മാവേലി മന്റം എന്ന നോവലിൽ വയനാട്ടിലെ ആദിവാസികൾ അനുഭവിക്കുന്ന അടിമത്വത്തിന്റെ ആഴം വരച്ചു കാട്ടിയിരുന്നു. തമിഴ് മലയാളം എഴുത്തുകാരനായ ജയമോഹന്റെ 100 സിംഹാസനങ്ങൾ നായാടി ആദിവാസി സമൂഹത്തിൻറെ ദുരവസ്ഥയും പ്രതിഫലിപ്പിക്കുന്നുണ്ട്. ഇവയുൾപ്പെടെ കഥയും കവിതയും നോവലുമായി മലയാള സാഹിത്യത്തിൽ എഴുതപ്പെട്ട പുസ്തകങ്ങൾക്കപ്പുറം കേരളത്തിൻറെ സാമൂഹ്യ ചരിത്രം എത്രമാത്രം ഇരുണ്ടതായിരുന്നു എന്ന് വായനക്കാരന് മനസ്സിലാക്കാൻ വിനിൽ പോളിന്റെ അടിമ കേരളത്തിൻറെ അദൃശ്യ ചരിത്രം എന്ന പുസ്തകം നമ്മളെ സഹായിക്കും.

റ്റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

ഡോ. മായാഗോപിനാഥ്

ട്രെയിനിൽ തനിക്കഭിമുഖമായിരിക്കുന്ന ഉമയുടെ മുഖത്തെ കൗതുകം ശ്രദ്ധിച്ചിരുന്നു അയാൾ. ഓടുന്ന ട്രെയിനിന്റെ പിന്നീലേക്ക് പായുന്ന മരങ്ങളും കെട്ടിടങ്ങളുമൊക്കെ ഒരു കുഞ്ഞിന്റെ കൗതുകത്തോടെ ആസ്വദിക്കുകയാണവൾ
.മുഖത്തേക്ക് വീണ് കിടക്കുന്ന പാറിയ നരമുടികളും വലതു കവിളിൽ പടർന്ന കരിമംഗല്യവും ഒഴിച്ചാൽ പണ്ടത്തെ ആ മെല്ലിച്ച പെൺകുട്ടി തന്നെ ഇന്നും…നിറഞ്ഞ ചിരിയുള്ള സ്നേഹത്തിന്റെ നിറകുടമായ തന്റെ ഉമ.

ചുറ്റിലുമുള്ള ചെറിയ സുഖങ്ങളിൽ അലിഞ്ഞു ചേർന്നു സന്തോഷിക്കാൻ അവൾക്ക് പണ്ടേ നല്ല കഴിവാണ്. തനിക്കാകട്ടെ സുഖ സൗകര്യങ്ങൾ ആസ്വദിക്കാൻ അവസരം ഉണ്ടായാലും പിശുക്കി സന്തോഷിക്കുന്ന ശീലമാണ്.

സമ്പാദിക്കുന്നതൊക്കെ ചുരുക്കി ചിലവാക്കിയും മിച്ചം പിടിച്ചും കണക്ക് കൂട്ടി വീടുവച്ചും മക്കൾക്ക് വേണ്ടി നിക്ഷേപിച്ചും ഒക്കെയാണ് താൻ സന്തോഷിക്കുക.

ഉമയും താനും ഒരുമിച്ചുള്ള ജീവിതം തുടങ്ങിയിട്ടു ഇരുപത്തഞ്ചു വർഷം കഴിഞ്ഞു. തന്റെ കഷ്ടപാടുകളിൽ ക്ഷമയോടെ കൂടെ നിന്നവളാണ്. സ്വകാര്യമായ ഒരാവശ്യവും കൊണ്ട് തന്നെ ഒരിക്കലും ബുദ്ധിമുട്ടിക്കാത്തവൾ

ഉമയെ പെണ്ണ് കാണാൻ പോയ ദിവസം ഓർത്തുപോയി.
സർക്കാർ ജോലി ഉള്ളത് കൊണ്ട് സാമാന്യം സ്ത്രീധനമൊക്കെ ഉറപ്പാക്കിയാണ് അമ്മാവൻ
തന്നെ അവളുടെ വീട്ടിലേക്കു കൂട്ടികൊണ്ട് പോയത്.

തലേന്നത്തെ മഴയിൽ അടർന്നു വീണ് കിടന്ന മാമ്പൂക്കൾ മണക്കുന്ന മാവിന് കീഴെ ചമയങ്ങളില്ലാതെ നിറം കുറഞ്ഞ സാരി ചുറ്റി ഇതാണ് ഞാൻ എന്ന തുറന്ന ചിരിയോടെ നിന്ന പെൺകുട്ടിയുടെ കണ്ണുകളിൽ വിടർന്നു നിന്ന കൗതുകം തന്നെ വല്ലാതെ ആകർഷിച്ചു. നഷ്ട പ്രണയത്തിന്റെ ഗൃഹാതുരതകളൊന്നും രണ്ട് പേർക്കും ഇല്ലാഞ്ഞത് കൊണ്ട് തന്നെ ഊഷ്മളമായ ഒരു പെണ്ണ് കാണൽ തന്നെ ആയിരുന്നു അത്.
ഉമാ മഹേശ്വരി എന്ന പേരും ആളും അന്നേ തന്റെ മനസ്സിൽ ഇടം പിടിച്ചു.

ഇന്നത്തെ പോലെ ഇവന്റ് മാനേജ്മെന്റ് ഒന്നുമില്ലാത്ത അന്ന് വെറും പത്തോ അമ്പതോ പേർക്ക് സദ്യ വിളമ്പിയ സാധാരണ കല്യാണമായിരുന്നു തന്റേതും.

ഉള്ള പുരയിടത്തിന്റ മുക്കാൽ പങ്കും പത്തു മുപ്പത് പവനും ഒക്കെ തന്ന് അവളുടെ അച്ഛൻ പൊന്നു പോലെ നോക്കണം എന്ന് പറഞ്ഞാണ് തന്റെ വലം കൈ അവളുടേതിനോട് ചേർത്തു വച്ചത്.

വിവാഹ വിരുന്നു നാളുകളിൽ മിക്കപ്പോഴും പാടവരമ്പിലൂടെ കൈകോർത്തു പിടിച്ച് സംസാരിച്ചു നടന്നിട്ടുണ്ട് തങ്ങൾ. വയൽപ്പൂക്കൾക്കിടെ മറ്റൊരു പൂവിന്റെ കാന്തിയിൽ തുടുത്ത മുഖത്തോടെ അന്നൊരിക്കൽ ഉമ പറഞ്ഞ മോഹമാണ് വൃന്ദാവനം കാണണമെന്നും യമുനയുടെ കരയിൽ ഒന്നു നിൽക്കണമെന്നുമൊക്കെ .

അടങ്ങാത്ത കൃഷ്ണഭക്തിയാണുമയ്ക്ക്.
അതിനാൽ തന്നെ ഭഗവാന്റെ പാദം പതിഞ്ഞ മണ്ണും ആ ജീവിതത്തിന് സാക്ഷിയായ യമുനാദേവിയും അവളെ വല്ലാതെ മോഹിപ്പിച്ചു

അതിരില്ലാത്ത മോഹങ്ങൾ അവൾ ഒരിക്കലും കാത്തു വച്ചില്ല. ബന്ധുക്കൾക്കോ കൂട്ടുകാർക്കോ ഒപ്പം വക്കാനാവും വിധം അവൾ ഒന്നും തന്നെ ആഗ്രഹിച്ചതുമില്ല

ജീവിത പ്രാരാബ്ദങ്ങൾക്കിടെ അവളുടെ പല ചെറിയ ആഗ്രഹങ്ങളും അവൾ പോലും ഓർത്തതുമില്ല. തന്റെ സ്കൂട്ടറിന്റെ പിന്നിലിരുന്നു വല്ലപ്പോഴും ഒന്ന് അമ്പലത്തിൽ പോവുന്നതല്ലാതെ അവളെയും കൂട്ടി താൻ ഒരു പാർക്കിലും കടലോരത്തും പോയതുമില്ല. എങ്കിലും തങ്ങൾക്കിടയിൽ പരസ്പരമുള്ള ഇഷ്ടം ആഴത്തിൽ വേരു പടർത്തി നിന്നു.

മക്കളുണ്ടായതിൽ പിന്നെ അവൾ എപ്പോഴും അവരുടെ ലോകത്തായിരുന്നു. അവരുടെ കളികളും ചിരിയും കുറുമ്പും മാത്രമായി അവളുടെ ലോകം. ബാലരമയും പൂമ്പാറ്റയുമൊക്കെ വായിച്ച് അവളും പൊട്ടിച്ചിരിക്കുമായിരുന്നു. മിക്കപ്പോഴും അമ്മയുടെ അടുത്തേക്ക് പോകാൻ കുഞ്ഞു മൃഗങ്ങളെ വഴികണ്ടു പിടിക്കുന്ന കളി മക്കൾക്ക്‌ വേണ്ടി അവളാണ് വരയ്ക്കുമായിരുന്നത്.

പദപ്രശ്നം പൂരിപ്പിക്കാനോ ക്ലാസ്സിൽ കണക്കിന് ഉത്തരം കണ്ടുപിടിക്കാനോ ഒന്നും മക്കൾ തന്നെ ആശ്രയിച്ചില്ല.

ഉമയുടെ വിഷയം ജിയോഗ്രാഫി ആയത് കൊണ്ട് ഇന്ത്യയിലെ തന്നെ പല സ്ഥലങ്ങളെയും നദികളെയും കുറിച്ചും മറ്റും അവൾക്ക് നല്ല അറിവുമുണ്ടായിരുന്നു.
മക്കളെ പഠിപ്പിക്കുമ്പോൾ ഉത്തരെന്ത്യൻ രേഖാചിത്രം വരച്ചു യമുനോത്രി മുതൽ എങ്ങനെ ഹരിയാന വഴി ഉത്തർപ്രദേശിലൂടെ ഒഴുകി അല്ലഹബാദിൽ വച്ച് യമുന ഗംഗയിൽ ലയിക്കുന്നു എന്നൊക്കെ അവൾ പഠിപ്പിക്കുന്നത് താൻ സാകൂതം നോക്കി നിന്നിട്ടുണ്ട്.

സൂര്യ പുത്രിയായി സങ്കല്പിക്കപ്പെടുന്ന യമുനയുടെ തപസ്സിന്റെ പുണ്യത്താൽ നദിയായി മാറിയ കഥയൊക്കെ താൻ ഉമയിൽ നിന്നാണറിഞ്ഞത്.

ഇനി ഒരു ജന്മമുണ്ടെങ്കിൽ ഒരു നദിയായി ജനിക്കാനാണ് അവളാഗ്രഹിക്കുന്നതെന്നു പലപ്പോഴും പറഞ്ഞതോർത്തു അയാൾ.

പൊതുവെ മിതഭാഷിയായ ഉമ നദികളെ കുറിച്ചു പറഞ്ഞാൽ വാചാലയാവും.

പർവതം മുതൽ സമുദ്രം വരെ ഒഴുകുന്നതിനിടെ തനിക്ക് ചുറ്റിലുമുള്ള സകല ജീവജാലങ്ങളുടെയും ജീവനാഡിയാണ്‌ നദി.
ഓരോ നദിക്കും മിടിക്കുന്ന ഒരു ഹൃദയമുണ്ടെന്നവൾ പറയുന്നത് ശരിയാണെന്നു തനിക്കും തോന്നിയിട്ടുണ്ട്.

ഒരു നദിക്കും മുന്നോട്ടോഴുകേണ്ട വഴി ആരും പറഞ്ഞു കൊടുക്കേണ്ടതില്ല.

നേരിന്റെ വിശുദ്ധിയാണ് മനുഷ്യന്റെ സ്വാർത്ഥതയിലും നദികളെ വരണ്ട് പോകാതെ കാക്കുന്നതെനാണവളുടെ പക്ഷം.

നേരിന്റെ വിശുദ്ധി പകർന്നു കൊടുത്തു തന്നെയാണ് ഉമ മക്കളെ കൈപിടിച്ച് മുന്നോട്ടു നടത്തിയതും.

അവർ രണ്ട് പേരും ഉപരിപഠനവും ജോലിയും തേടി യൂ കെ യ്ക്ക് പോകും വരെ അവൾ ഓടി നടന്ന് എല്ലാ കാര്യങ്ങളും ചെയ്യുമായിരുന്നു.

ഒരിക്കലും വയ്യെന്ന് പറഞ്ഞു ഒതുങ്ങിയിരിക്കാൻ ഇഷ്ടപെടാത്ത ഉമ മക്കൾ പോയശേഷം ചിറകൊടിഞ്ഞ പക്ഷിക്കുഞ്ഞിനെ പോലെയായി.

ഉത്സാഹമൊക്കെ നശിച്ച് പെട്ടെന്നു വാടിപ്പോയി. പറക്കമുറ്റുമ്പോൾ പുതിയ ചില്ലകൾ തേടി പറന്നു പോകുന്ന കിളികുഞ്ഞുങ്ങളെ ആർക്കാണ് തടയാനാവുക?

ഉമയുടെ അച്ഛൻ തന്ന പറമ്പും വീടിരിക്കുന്നത് ഒഴികെയുള്ള തന്റെ മുഴുവൻ പറമ്പും വിറ്റാണ് കുട്ടികൾക്ക് വേണ്ടി പത്തു നാൽപതു ലക്ഷം ഉണ്ടാക്കിയത്..

ഓരോന്നോർത്തിരിക്കെ ഉമ പിന്നിലേക്ക് ചാരി കണ്ണടച്ചിരിക്കുന്നത് കണ്ടു.
യാത്ര പല സ്റ്റേഷനുകൾ പിന്നീട്ടിരുന്നു.

ഉമയുടെ ആഗ്രഹം പോലെ യമുന കാണാൻ, ദില്ലി കാണാൻ പിന്നെ എയിംസ് ലെ ന്യൂറോസർജനെ കാണാൻ.

ഉത്സാഹം നശിച്ചതിനൊപ്പം വഴികൾ തിരിച്ചറിയാൻ അവൾക്ക് ബുദ്ധിമുട്ട് തുടങ്ങി.

പെട്ടെന്നൊരു നാൾ മാർക്കറ്റിൽ പോയി വന്ന ഉമ ഓട്ടോയിൽ വീടിന് മുന്നിലെ വഴിയിൽ ഇറങ്ങി വീട് കണ്ടു പിടിക്കാനാവാതെ പലവുരു നടന്നു എന്ന് പറഞ്ഞത് തന്നെ വല്ലാതെ അസ്വസ്ഥാനക്കി.
അന്ന് കനത്തു പെയ്ത മഴയിൽ അവൾ വേദന മറച്ചു പിടിച്ചു പുലരുവോളം തേങ്ങിയത് മുഖം തിരിഞ്ഞു കിടന്നാണ്.തന്റെ ഉള്ളിളും വല്ലാത്തൊരു കാളൽ ആയിരുന്നു.

മാസത്തിലെ രണ്ട് ഞായറാഴ്ച വീടിനടുത്തുള്ള സർക്കാർ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കുറച്ച് ചോറുപൊതികൾ കൊടുക്കുന്ന ഒരു ശീലം അവൾക്കുണ്ടായിരുന്നു. മറ്റെന്തു ജോലിയുണ്ടായാലും കൊല്ലങ്ങളോളം മുടങ്ങാതെ തുടർന്ന ഒരു ശീലം

എന്നാൽ പിന്നീട് വന്ന ഞായറാഴ്ച ദിവസം അവിടേക്കു പോകാൻ ഇറങ്ങി വഴി മറന്നു ഇടവഴികളിലൂടെ ചുറ്റിതിരിഞ്ഞ ഉമയ്ക്ക് കരച്ചിൽ വന്ന് തന്നെ ഫോൺ ചെയ്തു വിളിച്ചു വരുത്തി.
അവൾക്കെന്തോ സാരമായ അസുഖം ഉണ്ടെന്നു അവൾ ഉറപ്പിച്ചിരുന്നു.

അങ്ങനെയാണ് ഡോക്ടർ ബ്രെയിൻ സ്കാൻ നിർദേശിച്ചത്…
സ്ഥലങ്ങളും ദിക്കും തിരിച്ചറിയുന്ന മസ്തിഷ്ക ഭാഗത്താണ് ഒരു മുഴ രൂപപ്പെട്ടത്.

റിപ്പോർട്ട്‌ അറിഞ്ഞ നാൾ മുതൽ ഒന്നും മക്കളെ അറിയിച്ചു വേദനിപ്പിക്കരുതെന്നു ഉമ നിർബന്ധം പിടിച്ചു.

ദില്ലി യാത്രയെ കുറിച്ച് പറഞ്ഞപ്പോൾ അച്ഛനും അമ്മയും ഒത്ത് കാണാത്ത നാടുകളിൽ യാത്ര പോകുന്നതോർത്തു മക്കൾ സന്തോഷിക്കട്ടെ എന്നാണ് ഉമ പറഞ്ഞത്.

ഏത് പ്രതിസന്ധിയിലും സാരമില്ല നന്ദേട്ടാ ഞാനില്ലേ കൂടെ എന്ന് പറയുന്ന ഉമ…
ദാമ്പത്യത്തിൽ അതിനപ്പുറം എന്താണ് വേണ്ടത് എന്നോർത്തുപോയി അയാൾ..

ഒപ്പം നടന്ന് നെഞ്ചിലെ നോവറിഞ്ഞു സാരമില്ലെന്നു പറയാൻ ഒരാൾ. ഒരുമിച്ചിരുന്നു പൊട്ടിച്ചിരിക്കാനും ആയാസപ്പെടുമ്പോൾ തോളിലേക്കൊന്നു ചായാനും ഒരാൾ.. പരസ്പരം മടുക്കാതെ, വെറുക്കാതെ കൈപിടിച്ച് കൂടെ നടക്കാൻ ഒരാൾ…
തന്റെ അർദ്ധനാരീശ്വരി
ഉമ…

ഒരു രോഗത്തിനും വിട്ട് കൊടുക്കാനാവില്ല തന്റെ ഉമയെ.

യമുന മാത്രമല്ല അവളുടെ ആഗ്രഹം പോലെ തന്നെ കൊണ്ടാവുന്നിടത്തൊക്കെ കൊണ്ട് പോകണം..ഒരു കുഞ്ഞിനെ എന്ന വണ്ണം കൈപിടിച്ച് കൂടെ കൊണ്ട് നടക്കണം..അവൾക്ക് പ്രിയപ്പെട്ട കുപ്പിവളകളും കരിമണി മാലയും വാങ്ങി കൊടുക്കണം..
വിവാഹ നാളുകളിലേതു പോലെ കനകാംബരവും മുല്ലയും അടുക്കി കെട്ടിയ പൂമാല മുടിയിൽ തിരുകി കൊടുക്കണം…

ബെർത്തിൽ വിരിപ്പ് വിരിച്ചു അയാൾ സീറ്റിൽ ചാരി യിരുന്ന ഉമയെ വിളിച്ചു. പിന്നെ അവിടേക്കു അവരെ താങ്ങി കിടത്തി.
ഉമ മെല്ലെ മയക്കത്തിലേക്കു വഴുതി വീഴുന്നത് അയാൾ നോക്കിയിരുന്നു.

യമുന അയാളുടെ കണ്ണുകളിൽ നീലച്ചു നീലച്ചു കിടന്നു ..ഉത്തര
മഥുരാപുരിയും യമുനയുടെ പുളിനങ്ങളും സ്വപ്നം കണ്ടു ഉമ ട്രെയിനിന്റെ താളത്തിൽ ലയിച്ചുറങ്ങി.

യമുനയൊഴുകും വഴി മനസ്സിൽ ഒരു ചിത്രം പോലെ സൂക്ഷിച്ചു വച്ച ഉമ തന്റെ പുളിനങ്ങളെ തലോടാൻ വരുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞ യമുനയുടെ നെഞ്ചു മിടിച്ചു. നേരിന്റെ ഹൃദയതാളം യമുനയോളം മറ്റാരാണറിയുക?

ഡോ. മായാഗോപിനാഥ്: തിരുവനന്തപുരം സ്വദേശി . പ്രമുഖസാഹിത്യകാരിയും തിരുവനന്തപുരം ധര്‍മ്മ ആയുര്‍വേദ സെന്‍റര്‍ ചീഫ് മെഡിക്കല്‍ ഓഫീസറുമാണ്. പ്രസിദ്ധീകരിച്ച സാഹിത്യകൃതികള്‍: മരുഭൂമിയിൽ മഴ പെയ്യുമ്പോൾ, തളിർ മരം , ഇതെന്‍റെ ജാലകം, ഇതളുകൾ പൂക്കളാവുമ്പോൾ, മഴ നനച്ച വെയിൽ,
നിത്യകല്യാണി തുടങ്ങിയ ആറോളം കഥാസമാഹാരങ്ങളും അർദ്ധനാരി എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രാജു കാഞ്ഞിരങ്ങാട്

വന്ധ്യമായ് ജീവിതം
അവസാനസന്ധ്യതൻ –
വിഷാദ മാത്രയായ്…….!
ഇല്ലിനി മോദവും മുക്തിയും
യൗവ്വന പ്രാചീന പ്രാന്ത
ങ്ങളിലൂടില്ലിനി യാത്ര
ഇല്ല, പ്രണയത്തിൻ ഭാവവി –
ലോലതകൾ

ഉണരുന്നു വ്യാകുലതകൾ,
വേദനകൾ
കരിഞ്ഞ കിനാവുകൾ
നിഷ്ഫല മോഹങ്ങൾ
ഇല്ലായ്മകൾ, വല്ലായ്മകൾ
നിസ്സഹായതകൾ

ഇല്ലിനി, തരള ഭാവനയുടെ –
കൂടിളക്കി
വിവശ പക്ഷമിളക്കും നിമിഷങ്ങൾ
ഇല്ലിനി പ്രഭാതം
മോഹന വിഭാതം
ചരമക്കുറിപ്പിലെ അക്ഷരമായ്
അടർന്നു വീഴുമൊരു പത്രമിത്.

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

 

ജേക്കബ് പ്ലാക്കൻ

തുള്ളി തുള്ളി പോകുന്നൊരു പുള്ളിമാനെ ..!
നിൻ കണ്ണിനുള്ളിലോളം തുള്ളുന്നതും പ്രണയമല്ലേ ..?
നാണം കുണുങ്ങിനിൽക്കും
നാലുമണിപ്പൂവേ ..!
കണ്മണി നിന്നുള്ളിലുള്ളതും പ്രണയത്തിൻ വെണ്മണിയല്ലേ ..?

മരമെത്ര വളർന്നാലും ഇലഞ്ഞി പൂവിൻ പ്രേമസൗരഭ്യം പോയ്മറയുമോ ..?
കാലമെത്ര കോലംമിട്ടാലും
മനസ്സിലെ പ്രണയം അസ്തമിക്കുമോ ..?

പ്രണയിനി നീയോർക്കുന്നുവോ ..?നമ്മുക്കായിയന്ന്
പ്രണയത്തിൻ ഫെബ്രുവരി പിറക്കാതിരുന്നൊരു പുണ്യകാലം ..!
സങ്കല്പങ്ങളാൽ നമ്മൾ രാജകുമാരിയും രാജകുമാരനും മായി വാണകാലം …!
നവയൗവനം നമ്മിൽ പൂർണിമ തീർത്ത സ്വപ്‍ന കാലത്ത് ..!
നഷ്ടചന്ദ്രൻ നമ്മെക്കണ്ട് നാണിക്കും സായംസന്ധ്യയിൽ ..!
മിഴികളാൽ നമ്മളന്നാദ്യം തേന്മൊഴിയെഴുതിയ ദിവ്യനേരം ..!
മിന്നാമിനുങ്ങുകളായി നമ്മൾ മാനം മുട്ടെ പറന്നുയർന്നനേരം ..!

കാണുവാൻ വീണ്ടും കാണുവാൻ കൊതിച്ചകാലം ..!കണ്ണുകളാലൊരായിരം കഥകൾ ചൊല്ലിയനാളുകൾ …!
നിൻ തേൻല്ലിചുണ്ടിൽ നിന്നുംമോരുവാക്ക് കാതിലോർത്ത് വെച്ച് മധുനുണഞ്ഞ കാലം …!
നാണത്താൽ പൂക്കും നിൻ നുണക്കുഴികളിലെ കുങ്കുമപ്പൂ നുള്ളിയെടുക്കാൻ …..!
വണ്ട് പോലെ ഞാനന്ന് നിൻപ്പാതകളിൽ പറന്നലഞ്ഞകാലം ..!

കാണുവാൻ വീണ്ടും വീണ്ടും മൊന്നു കാണുവാൻ കൊതിച്ചകാലം ..!
ഈറനിറ്റുവീഴും മുടിച്ചുരുളിൽ പനിനീർപൂവ് ചൂടി നീപോകുമ്പോൾ …!
ഹൃദയത്തിൽ പ്രേമതാമരപ്പൂ വിടർത്തി ഞാൻ കാത്തുനിന്നകാലം ..!

കാലമിന്ന് കോലമിട്ടു നമ്മിലെ വസന്തമെങ്ങോ പോയ്മറഞ്ഞു ..വെങ്കിലും ..!കരളിലന്ന് നമ്മളൊളുപ്പിച്ച പ്രണയത്തിൻ പൊന്മണിമുത്ത് മാഞ്ഞു പോകുമോ …?

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്. 2023 -ലെ മലയാളം യുകെ അവാർഡ് നൈറ്റിൽ പോയറ്റ് ഓഫ് ദ ഇയർ അവാർഡ് ലഭിച്ചത് ജേക്കബ് പ്ലാക്കന് ആണ്

Phone # 00447757683814

 

ശ്രീകുമാരി അശോകൻ

പുഴവന്നു മാടിവിളിക്കുന്നു വീണ്ടുമാ
പഴയ ഓർമ്മതൻ കൂട്ടിലേക്കെന്തിന്
കുഞ്ഞുറുമ്പ് വരിവച്ചു പോകുമാ
പൂഴിമണ്ണിന്റെ മാറിലേക്കിന്നിതാ
മഞ്ചാടി വാരിയെറിഞ്ഞു കളിച്ചയാ
കരിവളയിട്ട നനുത്ത കരങ്ങളെ
കൈതോലത്തുമ്പിന്റെ കെട്ടഴിച്ചീടുമ്പോൾ
ചോര പൊടിഞ്ഞൊരാ തളിരണി വിരലിനെ
മഞ്ഞമന്ദാര ചോട്ടിലെന്നോരത്ത്
ചാഞ്ഞിരുന്നൊരാ പാവാടക്കാരിയെ
ആറ്റുവഞ്ചി പൂവുമായ്‌ വന്നെന്റെ
കവിളിൽ പ്രണയം വരച്ച നിമിഷങ്ങളെ
പുഴയരികിലെ കുളമാവിൻ ചോട്ടിലെൻ
ഹൃദയം കവരുവാനെത്തിയ പെണ്ണിനെ
പ്രണയമെത്ര നനുത്ത വികാരമെന്നെന്റെ
ചെവിയിൽ നുള്ളി പതിയെ പറഞ്ഞോളെ
ഇനിയുമെത്ര ജന്മമെടുത്താലും ഞാൻ
നിന്റേതുമാത്രമെന്നോതി മറഞ്ഞോളെ
ഇന്നീ തീരത്ത് കാണുവാനാകുമോ
ഇനിയും സ്വപ്‌നങ്ങൾ പങ്കിടാനാകുമോ
മറവി വന്നു മറച്ച നിമിഷങ്ങളെ
വിരലു തൊട്ടോന്നുണർത്തുവാനാകുമോ
പഴകി പോയൊരെൻ ഓർമചെരാതിൽ
പ്രത്യാശതൻ തിരിതെളിക്കുവാനാകുമോ.

 

എം. ജി.ബിജുകുമാർ

ഉച്ചയൂണും കഴിഞ്ഞ് ഓഫീസ് ടേബിളിന് മുന്നിലിരിക്കുമ്പോഴും താര പറഞ്ഞ കാര്യങ്ങളെക്കുറിച്ച് തന്നെയാണ് മല്ലിക ആലോചിച്ചു കൊണ്ടിരുന്നത്. ജോലി കിട്ടി ഈ ഓഫീസിൽ ജോയിൻ ചെയ്തിട്ട് മൂന്ന് ദിവസമേ ആയിട്ടുള്ളൂ. ഇവിടെ എത്തിയപ്പോൾ തന്നെ ആകർഷിച്ചത് ഓഫീസ് കെട്ടിടത്തിന് പിറകിലുള്ള പൂത്തു നിൽക്കുന്ന നീർമാതളച്ചെടിയും അതിനുചുറ്റും ഉള്ള ചെറിയ മരങ്ങളും ചെടികളും നിറഞ്ഞ സ്ഥലമായിരുന്നു. രണ്ട് ദിവസവും ഉച്ചയൂണും കഴിഞ്ഞ് ആ നീർമാതളത്തിന്റെ ചുവട്ടിൽ പോയി നിന്ന് സുഹൃത്തുക്കളോട് ഫോണിൽ സംസാരിക്കുകയും പൂക്കൾ പറിച്ചെടുക്കുകയും ചെയ്തിരുന്നു. മൂന്നാം ദിവസം ഊണ് കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് വളരെ ഗൗരവത്തോടെ താര ചില അസ്വാഭാവികമായ കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.

”ആ നീർമാതളത്തിൻ്റെ ചുവട്ടിൽ പോകുമ്പോൾ വളരെ ശ്രദ്ധിക്കണം. ചില സമയങ്ങളിൽ അതിന്റെ ചുവട്ടിൽ നിൽക്കുമ്പോൾ വളരെ പതിഞ്ഞ ചിരിയും വളയുടെ കിലുക്കവും കേൾക്കാം. പീരീഡ്സ് ആയിരിക്കുന്ന സമയത്ത് അതിന്റെ ചുവട്ടിലേക്ക് പോകുകയോ ആ ചെടിയിൽ സ്പർശിക്കുകയോ ചെയ്യരുത്. ”
ജിജ്ഞാസയേക്കാൾ കൗതുകത്തോടെയാണ് മല്ലിക ആദ്യം അതു കേട്ടിരുന്നത്.

“ചില ഗന്ധവും തണുത്ത തെന്നലും ഒക്കെ നമ്മെ അവിടേക്ക് വലിച്ചടുപ്പിക്കുന്നതായി തോന്നും.നമ്മളിലേക്ക് പരകായ പ്രവേശം നടത്താൻ ശ്രമിക്കുന്ന ഒരു ആത്മാവ് ആ ചെടിയിൽ വസിക്കുന്നുണ്ടെന്നാണ് പറഞ്ഞു കേട്ടിരിക്കുന്നത്. ”
ഇതൊക്കെ കേട്ടിരിക്കുമ്പോൾ തന്റെ മനസ്സിൽ ഉണ്ടായ പേടി പുറത്തുകാണിക്കാതിരിക്കാൻ താൻ പരമാവധി ശ്രദ്ധിച്ചിരുന്നു.

” ഓഫീസിലേക്ക് വരുന്ന വഴിയിൽ ഒരു ആശ്രമം കണ്ടില്ലേ? അവിടുത്തെ അന്തേവാസിയായ ഒരു പെൺകുട്ടി ഈ നീർമാതളത്തിന്റെ ചുവട്ടിലിരുന്ന് വിഷം കഴിച്ച് ആത്മഹത്യ ചെയ്തിട്ടുണ്ട്. ”
അതെന്തിനാണെന്ന ചോദ്യത്തിന് താര അതിനു പിന്നിലെ സംഭവങ്ങൾ മല്ലികക്ക് വിവരിച്ചു കൊടുത്തു. ഹൊറർ സിനിമയുടെ കഥ കേൾക്കുന്നതുപോലെ മല്ലിക അതിൽ ശ്രദ്ധിച്ചിരുന്നു.

” പ്രണയ വിവാഹത്തെ വീട്ടുകാർ എതിർത്തതിന് രാഖി എന്ന പെൺകുട്ടി വീട്ടുകാരെ ഉപേക്ഷിച്ച് ആശ്രമത്തിൽ ചേരുകയും ഒന്ന് രണ്ട് വർഷങ്ങൾ കടന്നു പോവുകയും ചെയ്തപ്പോഴാണ് അവൾ സ്നേഹിച്ച യുവാവ് ആക്സിഡൻ്റിൽ മരിക്കുന്നത്. തന്റെ വീട്ടുകാർ ആണ് അതിനു പിന്നിൽ എന്ന് അവൾ ഉറച്ചു വിശ്വസിച്ചു. അത് അവളെ മ്ളാനവതിയാക്കി. താൻ കാരണം ഒരു ജീവൻ നഷ്ടപ്പെട്ട ഈ ലോകത്ത് തന്റെ ജീവനും ഉപേക്ഷിക്കാൻ അവൾ തീരുമാനിച്ചു. അവന് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന നീർമാതളച്ചെടിയുടെ ചുവട്ടിൽ എത്തി വിഷം കഴിച്ച് ജീവൻ വെടിയുകയും ചെയ്തു.”
താര ഇങ്ങനെ പറഞ്ഞു നിർത്തുമ്പോൾ മല്ലിക ആകെ അസ്വസ്ഥയായി.

തന്റെ മാസമുറയുടെ സമയമായതുകൊണ്ടും നീർമാതളത്തിന്റെ പൂവുകൾ പറിച്ചതിന്റെയും അതിൻ്റെ ചുവട്ടിൽ നിന്ന് ഫോൺ ചെയ്തിരുന്നതിൻ്റെയും ഒക്കെയുള്ള ചിന്തകൾ കൊണ്ടും അവളിൽ അല്പം ഭീതിയുളവാക്കി.

ഇത്തരം കാര്യങ്ങളും പ്രേതങ്ങളും ഒക്കെ വളരെ പേടിയുള്ള കൂട്ടത്തിലായിരുന്ന തനിക്ക് വല്ലതും സംഭവിച്ചു പോകുമോ എന്നവൾ വ്യാകുലപ്പെട്ടു.

വീട്ടുകാരെ ഭയന്ന് പ്രണയിച്ചവൻ്റെ ഒപ്പം പോകാതെ ആശ്രമത്തിൽ ചേർന്നതിനു പകരം ആ പെൺകുട്ടിക്ക് കാമുകനൊപ്പം ഒരു ജീവിതം തുടങ്ങിയാൽ പോരായിരുന്നോ എന്ന് അവൾ മനസ്സിൽ പറഞ്ഞു.

വൈകുന്നേരം വീട്ടിലേക്ക് ബസ്സിൽ യാത്ര ചെയ്യുമ്പോഴും താര പറഞ്ഞ കാര്യങ്ങളിൽ ഉടക്കി കിടക്കുകയായിരുന്നു മല്ലികയുടെ മനസ്സ്. ട്രാഫിക് ബ്ളോക്കിൽ പെട്ട് വാഹനം നിർത്തിയിട്ടതും അതിനിടയിലെ ബഹളങ്ങളുമൊന്നും മല്ലിക അറിഞ്ഞില്ല. ഇരുട്ടിനെ പോലും ഭയമുള്ള തന്നിലേക്ക് രാഖിയുടെ ആത്മാവ് വളരെ വേഗം കയറിക്കൂടിയേക്കുമോയെന്നവൾ ഭയപ്പെട്ടു.

വീട്ടിലെത്തി ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴും രാഖിയുടെ ആത്മഹത്യയും നീർമാതളച്ചുവടുമൊക്കെയായിരുന്നു മല്ലികയുടെ മനസ്സിൽ. താൻ അറിയാതെ തന്നിൽ ഒരു ആത്മാവ് കയറി തന്റെ സ്വത്വത്തെ ഹനിച്ച്, തന്നെ അതിന്റെ വരിധിയിലാക്കി തന്റെ ശരീരത്തിലൂടെ പ്രവർത്തിക്കുമ്പോൾ പേടിപ്പെടുത്തുന്ന കഥകളിൽ കാണുന്നതുപോലുള്ള കാര്യങ്ങളൊക്കെയുണ്ടാകുമെന്ന് ഓർത്ത് അവൾ ഭയപ്പെട്ടു.

കുറെ നേരം കിടക്കയിൽ ഓരോന്നോർത്തു കിടന്ന മല്ലികയ്ക്ക് ഇക്കാര്യം അമ്മയോട് പറയാൻ മനസ്സ് വന്നില്ല. അമ്മക്ക് ഇത്തരം കാര്യങ്ങളിൽ ഒന്നും വിശ്വാസമില്ല. അതിനാൽ വഴക്ക് പറയും എന്ന് ഉറപ്പാണ്.

” എന്താടി വന്നപാടെ കയറിക്കിടന്നതാണല്ലോ! മണിക്കൂർ രണ്ടായി. എന്തുപറ്റി?”
അമ്മയുടെ ശബ്ദം അവളെ ചിന്തയിൽ നിന്നുണർത്തി.
” ഒരു തലവേദന ” അലസതയോടെ അവൾ മറുപടി നൽകി. “പതിവില്ലാതെ ബസ് യാത്ര തുടങ്ങിയില്ലേ ! അതാവും. എഴുന്നേറ്റ് കുളിക്കാൻ നോക്ക് .അത്താഴം കഴിക്കാൻ നേരമായി. ”
അതും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി.

അവൾ എഴുന്നേറ്റ് ബാത്ത്റൂമിലേക്ക് നടന്നു. ഷവറിനു ചുവട്ടിൽ നിൽക്കുമ്പോൾ തന്നിലേക്ക് പതിക്കുന്ന തണുത്ത ജലകണികകൾ തന്റെ ചിന്തകളെയും തണുപ്പിക്കുമെന്ന് അവൾ വെറുതെ വ്യാമോഹിച്ചു.
ഷവറിന് ചുവട്ടിൽ നിന്ന് സമയം കടന്ന് പോയത് അറിഞ്ഞില്ല. കുളിച്ചു തോർത്തി വസ്ത്രവുമണിഞ്ഞ് ടവ്വൽ കഴുകാനായി നോക്കുമ്പോഴാണ് തലേദിവസം ധരിച്ചിരുന്ന നൈറ്റി ബക്കറ്റിൽ കിടക്കുന്നത് കണ്ടത്.അത് രാവിലെ കുളിക്കാൻ നേരം ഊരി ബക്കറ്റിലിട്ടിരുന്നതാണെന്നവൾ ഓർത്തു. ജോലിയിൽ പ്രവേശിച്ച ദിവസം ഓഫീസിൽ തുണി വിൽപ്പനക്കു വന്ന ഒരു പാവം സ്ത്രീയുടെ നിർബന്ധത്തിനു വഴങ്ങി വാങ്ങിയതാണത്.

ടവ്വലെടുത്ത് പിഴിഞ്ഞു ബാത്റൂമിലെ ചെറിയ അയലിട്ടു. നൈറ്റിയെടുത്ത് സോപ്പുപുരട്ടി നനച്ച് ഉലച്ചുകൊണ്ടിരിക്കുമ്പോൾ അവളുടെ മനസ്സ് എവിടെയോ സഞ്ചരിച്ചുകൊണ്ടേയിരുന്നു. അമ്മ ഉറക്കെ വിളിക്കുന്നത് കേട്ടപ്പോഴാണ് അവൾ ചിന്തകളിൽ നിന്നുണർന്നത്.

ഡീ..മല്ലികേ ! എത്ര നേരമായി കുളിക്കാൻ കയറിയിട്ട് ഇങ്ങോട്ട് ഇറങ്ങിവന്നേ.” എന്തുപറ്റിയെന്ന് അറിയാതെ അവൾ കയ്യിലിരുന്ന് നൈറ്റി പിഴിയാൻ മറന്ന് അയയിലിട്ട് ബക്കറ്റിൽ ഇരുന്ന വെള്ളം താഴേക്ക് കളഞ്ഞു വാതിൽ തുറന്നു വെളിയിലേക്ക് ഇറങ്ങി. അപ്പോൾ സമയം 9 മണി ആയിരുന്നു.
ഒരു മണിക്കൂറോളം താൻ ആ ബാത്റൂമിൽ ആയിരുന്നു എന്ന് വിശ്വസിക്കാൻ അവൾക്ക് കഴിഞ്ഞില്ല. എന്നും പതിനഞ്ച് മിനിറ്റ് കൊണ്ട് കുളിച്ചിറങ്ങുന്ന തനിക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നോർത്ത് അവൾ ഭയപ്പെട്ടു.

അത്താഴവും കഴിഞ്ഞ് കിടക്കയിലേക്ക് വീഴുമ്പോഴും പലവിധ ചിന്തകളാൽ മല്ലികയുടെ മനസ്സ് കുഴഞ്ഞു മറിയുന്നുണ്ടായിരുന്നു. ആകാശത്തിലൂടെ മേഘങ്ങൾ സഞ്ചരിച്ചു കൊണ്ടേയിരുന്നു. ഉറക്കം അവളുടെ കൺപോളകളിലൂടെ തഴുകി.

” മല്ലീ…. മല്ലീ…. ”
ആരോ തന്നെ വിളിക്കുന്നതുപോലെ മല്ലികക്ക് തോന്നി. ആരാണ് ഈ രാത്രിയിൽ തന്നെ വിളിക്കുന്നത് എന്നറിയാൻ അവൾ ജനാല തുറന്നു വെളിയിലേക്ക് നോക്കി. ചന്ദനത്തിന്റെ ഗന്ധം അവിടമാകെ പരക്കുന്നതായി അവൾക്ക് തോന്നി. ജനാലയിലൂടെ നോക്കുമ്പോൾ ഒരു പെൺകുട്ടി വീടിനു പിന്നിലുള്ള കുളത്തിൻ്റെ കരയിൽ നിൽക്കുന്നു.
അവളുടെ മുഖം എവിടെയോ കണ്ടു മറന്നതാണെന്ന് മല്ലികയ്ക്ക് തോന്നിയെങ്കിലും ആരാണെന്ന് ഓർത്തെടുക്കാൻ അവൾക്ക് കഴിഞ്ഞില്ല.

”….മല്ലി…..മല്ലി…..! ”
അവൾ നിസ്സഹായതയോടെ വിളിക്കുന്നതു പോലെ മല്ലികയ്ക്ക് തോന്നി.

യാന്ത്രികമായി വാതിൽ തുറന്ന് അവൾ വെളിയിലേക്ക് നടന്നു. വിടരുന്ന കണ്ണുകളും, നിതംബവും കവിഞ്ഞ് താഴേക്ക് നീണ്ടുകിടക്കുന്ന കാർകൂന്തലും, ചുംബനം കൊതിക്കുന്ന ചുണ്ടുകളുമുള്ള ഈ സുന്ദരി ആരാണ്?’
ശ്വാസഗതിക്ക് അനുസരിച്ച് അവളുടെ നിറഞ്ഞ മാറിടങ്ങൾ ഉയർന്നു താഴുന്നുണ്ടായി യിരുന്നു.

”എന്താണ് പറ്റിയത് …..നീ ആരാ …? ”
എന്ന് ചോദിച്ചുവെങ്കിലും ശബ്ദം വെളിയിലേക്ക് വന്നില്ല. അവൾ മല്ലികയെ നോക്കി കുളത്തിൻ്റെ കൽപ്പടവിലരുന്നു. അപ്പോൾ സുമുഖനായ ഒരു യുവാവ് അവളുടെ അടുത്തേക്ക് വന്നു. അവൻ അവളോടൊപ്പം ഇരുന്നു. അവളെ ചേർത്ത് പിടിച്ചു തഴുകിയശേഷം അവളുടെ നീണ്ട മുടി ചേർത്ത് മുകളിലേക്ക് കെട്ടിവെച്ചു. അവളുടെ ശിരസിൽ തഴുകിക്കൊണ്ട് കെട്ടിവെച്ച മുടിയിൽ ഒരു പുഷ്പം ചൂടിക്കൊടുത്തു. മല്ലിക ആ പൂവിലേക്ക് സൂക്ഷിച്ചു നോക്കി.
‘ നിർമാതളപ്പൂവ്…”

അവളുടെ ശ്വാസഗതി വർദ്ധിച്ചു.
പെട്ടെന്ന് വല്ലാത്ത ശബ്ദത്തോടെ അദൃശ്യ ശക്തിയാൽ ആ യുവാവ് കുളത്തിലേക്ക് എറിയപ്പെട്ടു. കുളക്കരയിൽ ഇരുന്ന പെൺകുട്ടി ഉച്ചത്തിൽ അലറി.
ഇതു കണ്ട മല്ലിക “അയ്യോ…അമ്മേ…. ” എന്ന് ഉറക്കെ വിളിച്ചുവെങ്കിലും ശബ്ദം വെളിയിലേക്ക് വന്നില്ല. കുളത്തിലെ ജലം തിരയിളകും പോലെ ഓളം വെട്ടുന്നത് മല്ലിക ശ്രദ്ധിച്ചു. പെട്ടെന്ന് ആ കുളത്തിലെ ചെറിയ പായലുകളെല്ലാം അപ്രത്യക്ഷമായി. കുളത്തിലെ ജലത്തിന് കടും ചുവപ്പ് നിറമായി മാറി.

” എന്റെ പ്രിയപ്പെട്ടവനെ എന്നിൽ നിന്ന് അകറ്റിയില്ലേ ? ഒരിക്കൽ ഞാൻ മടങ്ങി വരുമെന്ന അവന്റെ വാക്ക് എന്നിൽ നിറയുന്നിടത്തോളം ഞാൻ ഈ നീർമാതളത്തിൽ നിന്നും പോവില്ല. ഞാൻ നിന്നിലേക്ക് പ്രവേശിച്ച് ആ കാത്തിരിപ്പ് തുടരും.”

അതു പറയുമ്പോൾ അവളുടെ കണ്ണുകളിൽ അഗ്നി സ്ഫുരണങ്ങൾ ഉണ്ടാകുന്നതായി മല്ലികക്ക് തോന്നി. അവൾക്ക് നിൽക്കുന്നിടത്തു നിന്നും അനങ്ങാൻ കഴിയുന്നില്ല. തൊണ്ട വരണ്ടു. അലറി കരയണമെന്നുണ്ടെങ്കിലും ശബ്ദം വെളിയിലേക്ക് വരുന്നില്ല. അവളുടെ വാക്കുകൾ കാതുകളിൽ വീണ്ടും വീണ്ടും മുഴങ്ങുന്നതായി മല്ലികക്ക് തോന്നി. അത് ഉള്ളിൽ വല്ലാത്ത പ്രകമ്പനം സൃഷ്ടിക്കുന്നുണ്ടായിരുന്നു.

പെട്ടെന്ന് കുളത്തിലെ ചുവന്ന ജലത്തിനു മുകളിൽ നിറയെ നീർമാത പൂക്കൾ പൊങ്ങിക്കിടക്കുന്നതും ആ പടികളിൽ നിറയെ രക്തത്തുള്ളികൾ പോലെ പാടുകൾ ഉണ്ടാവുന്നതും മല്ലിക കണ്ടു.അവൾക്ക് പിറകിലായി മഴ തകർത്തു പെയ്യുകയും ഇടിയും മിന്നലും അകമ്പടിയായെത്തുകയും ചെയ്തു.
ആ പെൺകുട്ടി കരയുന്നുണ്ടായിരുന്നു. പെട്ടെന്ന് അവൾ നീണ്ട നഖങ്ങളുള്ള വിരലുകൾ നീട്ടി തന്റെ നേരെ നടന്നടുക്കുന്നത് കണ്ട് മല്ലിക ഉറക്കെകരഞ്ഞു.അവളുടെ കാലുകൾ നിലത്തു മുട്ടിയിട്ടില്ലെന്നത് കണ്ട് മല്ലിക ഞെട്ടി. തൻ്റെയടുത്തേക്ക് നടന്നടുക്കുന്ന ആ പെൺകുട്ടിയ്ക്കപ്പോൾ രണ്ട് നിഴലുകൾ ഉള്ളതായി മല്ലികയ്ക്ക് തോന്നി.

” അമ്മേ… അമ്മേ…. !”
“എന്താടീ ? എന്താണ് കിടന്നു കാറുന്നത്! എന്തുപറ്റി?”
അമ്മയുടെ ചോദ്യം കേട്ടാണ് മല്ലിക ഞെട്ടി ഉണർന്നത്. അവൾ ആകെ വിയർത്തിരുന്നു. അവളുടെ മുഖത്ത് ഭയം നിറഞ്ഞിരുന്നു. അവളുടെ മിഴിക്കോണിൽ നീർമണികൾ ഉരുണ്ടു കൂടുന്നുണ്ടായിരുന്നു. ദുസ്വപ്നം കണ്ടതാണെന്ന് മനസ്സിലാക്കിയ അവൾക്ക് അമ്മ കാപ്പി എടുത്തുകൊണ്ടുവന്നു കൊടുത്തു. അതു കുടിച്ചിട്ട് അവൾ കട്ടിലിരുന്ന അമ്മയുടെ മടിയിലേക്ക് തലവച്ചു കിടന്നു.

അല്പം കഴിഞ്ഞ് മല്ലിക തലയുയർത്തി നോക്കി.ഏഴു മണിയായിരിക്കുന്നു.
അവൾ അമ്മയുടെ മടിയിൽ നിന്നും എഴുന്നേറ്റ് പല്ലു തേക്കാൻ വാഷ്ബേസിനടുത്തേക്ക് നടന്നു.

കുളിക്കാനായി ബാത്റൂമിൽ കയറി നോക്കുമ്പോൾ അതിന്റെ തറയിലൂടെ രക്തം പോലെ ചുവന്ന നിറത്തിലുള്ള ദ്രാവകം ഒഴുകി നീങ്ങുന്നത് കണ്ട് മല്ലിക ഞെട്ടി. തലേദിവസം കണ്ട സ്വപ്നം അവളിലേക്ക് പാഞ്ഞെത്തി.
” അമ്മേ… ഓടിവായോ…”
അമ്മ വേഗം അവിടേക്ക് ഓടിയെത്തി. അവൾ വിറച്ചുകൊണ്ട് ചുവന്ന നിറത്തിലുള്ള ദ്രാവകം ചൂണ്ടിക്കാണിച്ചു.

” ഇതായിരുന്നോ …!
അമ്മ ലാഘവത്തോടെ പറയുമ്പോഴും അവളുടെ വിറയൽ മാറിയിരുന്നില്ല. കാര്യം അറിയാതെ അവൾ നിന്നു കിതച്ചു.
” ഇന്നലെ ഈ നൈറ്റി പിഴിയാതെ നീ വിരിച്ചിട്ടതാ, അതിന്റെ കളർ ഇളകി ഒഴുകുന്നതാണിത് ”
അവൾ അതിലേക്ക് നോക്കി.

“കുളം കലക്കുന്ന തരത്തിലുള്ള തുണികൾ വാങ്ങരുത് എന്ന് ഞാൻ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്, ”
ഇതും പറഞ്ഞ് അമ്മ ആ നൈറ്റി പിഴിഞ്ഞെടുത്ത് വിരിക്കാനായി വെളിയിലേക്ക് പോയി.

സ്വപ്നം കാരണം തന്റെ സ്ഥലകാല ബോധം പോലും നഷ്ടപ്പെടുന്നു എന്നോർത്ത് അവൾ ദീർഘമായി നിശ്വസിച്ചു.

രാവിലെ ഓഫീസിലേക്കുള്ള യാത്രയിലും താൻ കണ്ട സ്വപ്നത്തെപ്പറ്റിയായിരുന്നു മല്ലിക ആലോചിച്ചു കൊണ്ടിരുന്നത്. കഴിഞ്ഞ രാത്രി തന്റെ ഭയത്തെ വർധിപ്പിച്ച ദു:സ്വപ്നത്തെപ്പറ്റി ഓർത്തെടുക്കാൻ ശ്രമിച്ചപ്പോൾ അവൾ അസ്വസ്ഥയായി.

ആകെയൊരു ഭയം അവളെ പൊതിഞ്ഞു.
ഒരു പെൺകുട്ടിയുടെ തീഷ്ണമായ രണ്ട് കണ്ണുകൾ അവളുടെ ചിന്തകളെ വേട്ടയാടുന്നുണ്ടായിരുന്നു.

ഓഫീസിൽ എത്തുമ്പോഴും താൻ കണ്ട സ്വപ്നത്തെപ്പറ്റി ആരോടും ഒന്നും പറയാൻ തോന്നിയില്ല. ഒരുപക്ഷേ അവർ ഇതെങ്ങനെ എടുക്കും എന്ന് അറിയില്ല. തന്നെയുമല്ല ആരോടും ശരിക്ക് പരിചയവുമായിട്ടില്ല.

സമയം കടന്നുപോയി. ഉച്ചയൂണിന് മുമ്പ് കൈകഴുകാനായി ഓഫീസിന് പിറകിലേക്ക് പോയി തിരിച്ചു വരുമ്പോൾ നീർമാതളച്ചെടിയിലേക്ക് മല്ലിക സൂക്ഷിച്ചു നോക്കി. അതിനടുത്തേക്ക് പോകാൻ അവൾ ഭയപ്പെട്ടു.
അവൾ വേഗം തിരിഞ്ഞു നടക്കാൻ തിരിയവേ “മല്ലീ..” എന്ന് ആരോ മൃദുലമായി വിളിച്ചതായി തോന്നി.

” മല്ലീ…. ”
വീണ്ടും വിളിക്കുന്നത് കേട്ടുവെങ്കിലും തിരിഞ്ഞു നോക്കാൻ കഴിയാതെ അവൾ ശില പോലെ നിന്നു. സംഭവിക്കുന്നത് എന്താണെന്ന് അവൾക്ക് മനസ്സിലായില്ല.

“ഹലോ.. മല്ലികേ… ”
വീണ്ടും വിളിച്ചപ്പോൾ ഭയചകിതയായ അവൾ ചിന്തകളിൽ നിന്നും ഉണർന്നു. അവൾ ധൈര്യം സംഭരിച്ച് തിരിഞ്ഞു.
” രാഖി… ”
അവളുടെ മനസിലെത്തിയത് ആ പേരായിരുന്നു.
താരയായിരുന്നു അവളെ വിളിച്ചത്.
മല്ലികയുടെ നിർവികാരമായ മുഖത്തിന് മുന്നിൽ കൈ വീശിയിട്ട്
” എന്താണ് മല്ലികേ സ്വപ്നം കണ്ട് നിൽക്കുന്നത് ” എന്ന് ചോദിച്ചപ്പോൾ അവൾ ചിന്തകളിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക് വന്നു.
ഇന്നലെ സ്വപ്നത്തിൽ കണ്ട പെൺകുട്ടിയുടെ മുഖവും താരയുടെ മുഖവും ഒന്നായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ അവൾ വീണ്ടും ഞെട്ടി.

ഭയചകിതയായ അവൾ ചിന്തകളിൽ നിന്നും ഉണർന്നു. സ്വപ്നത്തിൽ കണ്ട രാഖിയുടെയും തൻ്റെ മുന്നിൽ നിൽക്കുന്ന താരയുടെയും മുഖം ഒന്നു തന്നെയായതെങ്ങനെയെന്ന് ചിന്തിച്ചു നിൽക്കവേ ഒരു തണുത്ത കാറ്റ് അവരെ കടന്നു പോയി

”എനിക്ക് ട്രാൻസ്ഫർ ആണ്. രണ്ടുദിവസത്തിനുള്ളിൽ ഞാൻ ഇവിടെ നിന്നും പോകും.” താര പറഞ്ഞു തുടങ്ങി
“ഒരു കാര്യം വെളിപ്പെടുത്താനാണ് ഞാനിപ്പോൾ വിളിച്ചത്.”
അവൾ പറയുന്നത് വീണ്ടും തന്നിൽ ഭയം ജനിപ്പിക്കുന്ന കാര്യങ്ങളാവുമെന്നോർത്ത് മല്ലിക സ്തബ്ധയായി നിന്നു.

” മറ്റൊന്നുമല്ല നീർമാതളത്തെപ്പറ്റി കഴിഞ്ഞ ദിവസം പറഞ്ഞ കഥകളെല്ലാം വെറുതെയാണ്. അങ്ങനെയൊന്നും ഒരു സംഭവമേയില്ല.”
താര മല്ലികയുടെ കയ്യിൽ പിടിച്ചുകൊണ്ട് അവളുടെ കരിവളകളിൽ വിരലോടിച്ചു..
” ചുമ്മാ തമാശയ്ക്ക് ഒന്നു പറഞ്ഞു നോക്കിയതാ. പുതിയ ക്ലാസ്സിലേക്ക് ചെല്ലുമ്പോൾ മുതിർന്നവരൊക്കെ റാഗിങ് നടത്തില്ലേ…! അതേപോലെ.. ഞാനും… വെറുതേ…”
താര ഉറക്കെ ചിരിച്ചു. വാതിൽക്കൽ നിന്ന മറ്റു സ്റ്റാഫുകളും അവരെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

“അല്ലെങ്കിലും മല്ലികക്ക് പേടിയൊന്നുമില്ലെന്ന് എനിക്കറിയാം. പൊയ്ക്കോളൂ, പോയി ആഹാരം കഴിച്ചു കൊള്ളൂ. ഞാനാ നീർമാതളത്തിന്റെ ചുവട്ടിൽ അൽപനേരം ഇരിക്കട്ടെ. നല്ല തണലും കാറ്റുമാണവിടെ.”
കയ്യിൽ പച്ച നിറമാർന്ന പുറംചട്ടയുള്ള ഒരു പുസ്തകവുമായി താര അവിടേക്ക് നടന്നു.

ആഹാരം കഴിക്കാനായി പാത്രം ടേബിളിൽ വെച്ചിട്ട് മല്ലിക അടച്ചിട്ടിരുന്ന ജനാല തുറന്നിട്ടു. അപ്പോൾ അടിച്ച കാറ്റിൽ ജനാല വിരികൾ പറക്കാൻ തുടങ്ങി. അതിനിടയിലൂടെ നോക്കുമ്പോൾ പൂത്തുനിൽക്കുന്ന നിർമാതളത്തിന് ചുവട്ടിൽ താര പുസ്തകവും വായിച്ചു നിൽക്കുന്നത് കാണാമായിരുന്നു. താരയുടെ കാലുകൾ നിലത്ത് മുട്ടിയിട്ടുണ്ടോ എന്ന് മല്ലിക സൂക്ഷിച്ചു നോക്കി.
അവളുടെ കയ്യിലിരിക്കുന്ന പുസ്തകത്തിന്റെ പുറംചട്ടയിലേക്ക് സൂക്ഷിച്ചു നോക്കിയ മല്ലിക മനസ്സിൽ അതിൻ്റെ പേര് വായിച്ചു. ”നീർമാതളം പൂത്തകാലം”

എം.ജി.ബിജുകുമാർ

പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ ബിഎഡും പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമൊക്കെയെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ഒരു കഥാസമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്.

അനുജ സജീവ്

ജനലഴികളിൽ കൂടി പാറിപ്പറന്നെത്തുന്ന മഴത്തുളളികൾ ……. രാവിലെ തന്നെ മഴകനക്കുകയാണ്. തണുപ്പുമുണ്ട്. അനുപമ അച്ഛൻ കൊടുത്ത കമ്പിളി ഷാളിനുളളിലേക്കു തിരക്കുപിടിച്ചു കയറി. അപ്പോളാണ് ജനൽപ്പടിയിലിരിക്കുന്ന രുദ്രാക്ഷങ്ങൾ ശ്രദ്ധയിൽപെടുന്നത്. നേപ്പാളിലെ ഏതോ വീട്ടുമുറ്റത്തെ രുദ്രാക്ഷമരത്തിൽ നിന്നും വീണ രുദ്രാക്ഷങ്ങൾ എന്റെ ജനൽപടിയിൽ മഴത്തുളളികളുടെ നനവേറ്റ് വിറുങ്ങലിച്ചു കിടക്കുന്നു. അനുപമ കുറ്റബോധത്തോടെ ജനലിനടുത്തേക്കു നടന്നു. ഉണങ്ങാനായി വച്ച രുദ്രാക്ഷളാണ്. അദ്ദേഹം അവസാനമായി തന്ന മറക്കാൻ പറ്റാത്ത സമ്മാനം. ഫ്ളാറ്റിൽ ജോലിക്കുവരുന്ന ഏതോ ഒരു നേപ്പാളി പയ്യൻ കൊടുത്തതാണ്. അവന്റെ വീട്ടിലെ രുദ്രാക്ഷമരത്തിൽ നിന്നും കിട്ടിയതാണ് ഇൗ കണ്ണുനീർ മുത്തുകൾ. “മാലക്കൊരുക്കാം …..” എന്നൊരു അഭിപ്രായവും കേട്ടു.

ആർക്കുമാലകൊരുക്കാൻ…. ? എന്നൊരുചോദ്യം അനുപമയുടെ മനസ്സിൽ അവശേഷിപ്പിച്ചുകൊണ്ട് രുദ്രാക്ഷം എടുത്ത് ഒരുപാത്രത്തിലാക്കി അവൾ അടച്ചുവച്ചു. വർഷങ്ങൾക്കുശേഷം അലമാരിയിൽ എന്തോ തിരക്കി ചെന്നപ്പോളാണ് പാത്രം വീണ്ടും ശ്രദ്ധയിൽ പെട്ടത്. പാത്രം തുറന്നപ്പോൾ രുദ്രാക്ഷങ്ങൾ മുഴുവൻ വെളുത്ത പൂപ്പലുകൾ പിടിച്ചിരിക്കുന്നു. അതെടുത്ത് കഴുകി വൃത്തിയാക്കി ഉണങ്ങാൻ വച്ചതാണ് ജനൽപ്പടിയിൽ. പിന്നീട് അക്കാര്യമേ മറന്നു… മഴത്തുള്ളികൾ വീണ രുദ്രാക്ഷങ്ങൾ സാരിത്തലപ്പുകൊണ്ട് തുടയ്ക്കുമ്പോൾ കണ്ണിൽ നിന്നും പെയ്യുന്ന വെളുത്തമുത്തുകൾക്ക് അവസാനമില്ലാതാകുന്നു… നെറ്റിയിൽ തൊട്ട ചന്ദനക്കുറി നോക്കി “നീയെന്താ സന്യാസിനിയാവുകയാണോ…. ? ” എന്ന ചോദ്യത്തിന് ഇൗ രുദ്രാക്ഷവുമായി എന്തെങ്കിലും ബന്ധമുണ്ടോ ?

കാവി വസ്ത്രവും രുദ്രാക്ഷവും ജടപിടിച്ച മുടിയുമുള്ള ഞാൻ…അനുപമ ഞെട്ടലോടെ സ്വപ്നത്തിൽനിന്നുണർന്നു. ശിവഭഗവാന്റെ കണ്ണുനീരിന് മറ്റൊരാളുടെ കണ്ണുനനയ്ക്കാനൊക്കുമോ…അനുപമ വീണ്ടും ചിന്തയിലാണ്ടു. ആരൊക്കെയോ ചെലുത്തുന്ന ബലാബലങ്ങൾക്കു താൻ അടിമപ്പെടണമെന്നാണോ… കയ്യിലിരിക്കുന്ന രുദ്രാക്ഷങ്ങൾ ഒന്നൊന്നായി താഴേയ്ക്ക് വീണു കൊണ്ടിരുന്നു…

അനുജ.കെ : ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍   ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .

ഡോ.ഉഷാറാണി.പി.

പ്രശാന്തമായ പകൽ. വെയിൽ, ഇനി ഉറയ്ക്കുകയേയുള്ളൂ. നിർവ്വേദത്തിൽനിന്നു സർവ്വശക്തയായ ദേവി പെട്ടെന്നുഞെട്ടിയുണർന്നു.

ശ്രീകോവിലകം! കുന്തിരിക്കത്തിൻ്റെയും ചന്ദനത്തിരിയുടെയും അഭൗമഗന്ധം.എല്ലായിടവും പൂക്കൾ. കർപ്പൂരമെരിയുന്നതു ശ്വസിക്കാൻതന്നെ എന്തുസുഖം. ഓട്ടുമണികൾ കിലുങ്ങുന്ന ആനന്ദകരമായ ശബ്ദമുണ്ട്.നിലവിളക്കുകളിലെ തിരിനാളങ്ങളുടെ ജ്വാലകൾക്കു തെല്ലും മങ്ങലില്ല.

പോറ്റിയും പരിചാരകരുമുണ്ട്. ഭക്തജനങ്ങളുമുണ്ട്. ഭൂമിയിലാണെങ്കിലും സ്വർഗീയമായ ഈ അന്തരീക്ഷത്തിൽ താൻ വല്ലാതെ ഞെട്ടിത്തെറിക്കാനുണ്ടായ കാരണം മഹാമായയുടെ മനോമുകുരത്തിലപ്പോൾ തെളിഞ്ഞു.

തൻ്റെ ഒരു ചിലമ്പ് കാലിലില്ല. മറ്റേച്ചിലമ്പ് മാത്രമേ ഇപ്പോഴുള്ളൂ!
“അമ്മേ…” എന്ന് ഉള്ളുനിറഞ്ഞ് തന്നെ വിളിച്ച് കൈകൾ രണ്ടും മുന്നോട്ടുനീട്ടിയവളെ ഓർമ്മവരുന്നു. അവളും ദേവിയായിരുന്നു. ഒരു ഹൃദയക്ഷേത്രത്തിലെ ദേവി.

ആ സമയം തന്നിലർപ്പിതമായ അവളുടെ മനസു വായിച്ചറിഞ്ഞു.വരദായിനിയല്ലേ താൻ. പിന്നെ ഒന്നുമോർത്തില്ല. അഭയംയാചിച്ച ആ കൈകളിലേക്ക് തൻ്റെയൊരു പൊൻചിലമ്പ് കാരുണ്യത്തോടെ വച്ചുകൊടുത്തു.

അതീവഭക്തിയോടെ അവളുടെ മനസുനിറയുന്നതു താൻ കണ്ടു. അതിലേറെ ഭക്തിയോടെ ആ ചിലമ്പ് രണ്ടു കണ്ണുകളിലും അവൾ ചേർത്തു. കണ്ണടയണിഞ്ഞവൾ. എന്നിട്ടും എത്ര പവിത്രമായാണ് ആ ചിലമ്പിനെ അവൾ കണ്ണുകളിൽ ചേർത്തത്.പാത്രമറിഞ്ഞുള്ള ദാനംതന്നെ.

പിന്നെയൊന്നും ഓർമ്മയില്ല. താൻ നിർവ്വേദത്തിലാണ്ടു. അപ്പോൾ ,അവൾ തൻ്റെ ചിലമ്പും കൊണ്ടുപോയിരിക്കും. ഭഗവതിയൊന്നു ഞെട്ടി.അവളെ പിന്തുടർന്നേപറ്റൂ.

അകക്കണ്ണു തുറന്നു. ഒന്നും കാണാൻ പറ്റുന്നില്ല. ജഗദംബിക വീണ്ടും ഞെട്ടി. സർവ്വചരാചരങ്ങളുടെയുംമേൽ നിയന്ത്രണാധികാരമുള്ള തന്നെ ഏതൊന്നാണു നിയന്ത്രിക്കുന്നത്?

“ഭഗവാനേ, ” അറിയാതെ ദേവി വിളിച്ചുപോയി. “എന്തൊരു പരീക്ഷണമാണിത്!പരമേശ്വരിയായ താൻ വെറുമൊരു നാരിയാൽ പരാജയമറിയുകയോ. ഉം… ” അവിടുന്ന് അമർത്തിമൂളി.

തിരക്കിയിറങ്ങുകതന്നെ.ചിലമ്പ് തിരികെക്കിട്ടിയേതീരൂ. ചെയ്തുപോയ ബുദ്ധിശൂന്യത തിരുത്തണം.
ദേവി, വിഗ്രഹത്തിൽ നിന്നുമിറങ്ങാൻ തുനിഞ്ഞു. അപ്പോഴാണ് കണ്ടത്, ശ്രീകോവിലിൻ്റെ വാതിലുകൾ അടച്ചിരിക്കുന്നു. ദീപാരാധനയ്ക്കായി നടയടച്ചതാണ്. താൻ ബോധത്തിലേക്കുണർന്നു ചിന്തകളിൽ മുഴുകിയപ്പോൾ പൂജാരി ശ്രീകോവിൽനട അടച്ചതാണ്. പുറത്തു ഭക്തർ വാതിൽ തുറക്കുന്നതും കാത്തുനിൽക്കുകയാവും. ദീപാരാധനകഴിഞ്ഞാലും നടയടയ്ക്കാൻ വളരെനേരം കഴിയും. അവശേഷിക്കുന്ന ഭക്തരുടെ ഇടയിലൂടെ തനിക്കു പുറത്തിറങ്ങാൻ കഴിയില്ല. ദീപാരാധന കഴിയുമ്പോൾ സ്വസ്ഥമായി പ്രാർത്ഥനചെയ്യാൻ കാത്തുനിൽക്കുന്നവരുമുണ്ടാകും. വിളിച്ചാൽ വിളിപ്പുറത്തെത്തേണ്ടവളാണു താൻ.

ഉടനെയൊന്നും ക്ഷേത്രനട താണ്ടാൻപറ്റില്ലെന്ന് ദേവിക്കുറപ്പായി. മനസിൽ നിരാശനിറഞ്ഞു. അതിനെക്കാളേറെ ആകാംക്ഷയായിരുന്നു, തൻ്റെ ചിലമ്പെവിടെയെന്ന്.

സമയം ഇഴഞ്ഞുനീങ്ങുകയാണെന്ന് ആദ്യമായിത്തോന്നി. സമയചക്രത്തെ തിരിക്കുന്നവളുടെ നിസ്സഹായത !
യുഗങ്ങൾതന്നെ കഴിഞ്ഞുവെന്നു തോന്നി. ശ്രീകോവിൽനട മലർക്കെ തുറക്കപ്പെട്ടു.

പ്രധാനമണി ഉച്ചത്തിലടിക്കുന്നു. പോറ്റി തൻ്റെ കയ്യിലെ ചെറുമണികിലുക്കുന്നു. മറുകയ്യാലെ ദീപങ്ങൾകൊണ്ടു തന്നെ ഉഴിയുന്നു. ചന്ദനത്തിരികളും കർപ്പൂരവും ഉയർത്തുന്ന ഗന്ധവും ധൂമവും നിറഞ്ഞുകവിയുന്നു.എന്തൊരു പുകച്ചിലാണു തനിക്കിപ്പോളനുഭവപ്പെടുന്നത്. ശ്വാസംമുട്ടുന്നു. കണ്ണുകൾ പുകയുന്നു.പുറത്തിറങ്ങി ഓടാൻതോന്നുന്നു.

ശ്രീകോവിലിനു പുറവും മുഖരിതമാണ്. കുരവയിടൽ ശബ്ദം കാതുകളെ തുളച്ചുകയറുന്നു. ഭാഗ്യം, പ്രധാനമണി മുഴക്കിക്കൊണ്ടിരുന്നതു നിർത്തി.അത്രയും കർണങ്ങൾക്കാശ്വാസമെന്നു കരുതി. പോറ്റിയുടെ കൈമണികിലുക്കലും നിർത്തി.

” ദേവീ അംബികേ, മഹാമായേ ,ഭഗവതീ, അമ്മേ…” എന്നൊക്കെയുള്ള വിളികൾ ഇപ്പോൾ വ്യക്തമായിക്കേൾക്കാം. അമ്മേ എന്നുള്ള വിളി വല്ലാതെ അസഹനീയമായി. കാതുകൾ ഇറുകെപ്പൊത്തി.

“ഭഗവാനേ ഇനിയും ഞാൻ എത്രനേരം കാക്കണം.” ദേവി ഞെളിപിരികൊണ്ടു. ഭക്തവത്സലയായ ഭഗവതിക്കൊടുവിൽ ആശ്വാസത്തിൻ്റെ മുഹൂർത്തമണഞ്ഞു. ദേവീപ്രതിഷ്ഠയിൽനിന്നു താൽക്കാലികമോചനം.എന്നാൽ അന്വേഷണത്തിൻ്റെ ബന്ധനവും.

ക്ഷേത്രനടയും പ്രധാനവാതിലും പിന്നിട്ടു റോഡിലിറങ്ങി .ഏതു ദിക്കിലേക്കാണവൾ പോയത്. മനസ്സിലേക്ക് ആ ചിത്രംതെളിഞ്ഞുവന്നു.പടിഞ്ഞാറേക്കുനടന്നു. പാദുകങ്ങളണിഞ്ഞിരുന്നതാണെങ്കിലും അവളുടെ കാലടികൾ തിരിച്ചറിഞ്ഞു.

റോഡിനിരുവശവുമുള്ള ഭവനങ്ങൾതാണ്ടി. ചെറിയ മുക്കവലയും അതിനെക്കാൾ ചെറിയ നാൽക്കവലയും പിന്നിട്ടു. എന്നാൽ തുടർന്ന് കാലുകൾ മുന്നോട്ടു നീങ്ങുന്നില്ലെന്ന് അതിശയത്തോടെ ദേവി മനസിലാക്കി.

ഇടതു വശത്തുള്ള ഇരുനിലക്കെട്ടിടത്തിലേക്ക് തൻ്റെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടു. അവളുടെ വീട് ഇതല്ല. പക്ഷേ അവൾ ഈ വീട്ടിൽ കയറിയിരിക്കുന്നു.

വിവരങ്ങളെല്ലാം മനസിൽത്തെളിഞ്ഞു. ഇതവളുടെ സഹപാഠിയുടെ വീടാണ്. അവളവിടെ കയറാനുണ്ടായ വസ്തുതതയും ദേവിയുടെ ബോധത്തിലേക്കു കടന്നുവന്നു. അവൻ്റെ പ്രായമായ അമ്മ മരണപ്പെട്ടിട്ടിന്നു രണ്ടാം ദിവസം. മരണത്തിൽ അനുശോചനമറിയിക്കാനാണ് നാട്ടാചാരപ്രകാരം അവളവിടെക്കയറിയത്.മറ്റൊന്നുകൂടി ദേവിയുടെ ബോധത്തിൽ ആഞ്ഞടിച്ചു.അവൾ തൻ്റെ ചിലമ്പ് അവിടെ മറന്നുവച്ചിട്ടാണു തിരികെപ്പോയത്!

എന്തൊരു പരീക്ഷണമാണിത്.

താനെങ്ങനെ ആ വീട്ടിൽക്കയറും, തൻ്റെ കാലുകൾ മുന്നോട്ടു ചലിക്കാത്തതും മറ്റൊന്നും കൊണ്ടല്ല, മരണവീട്ടിലോ പരിസരത്തോ പതിനാറു ദിവസം ദേവിയായ തനിക്കു പ്രവേശനമില്ല!

മടങ്ങുകയേ നിവൃത്തിയുള്ളൂ. തൻ്റെ ചിലമ്പ്, അതൊന്നു കാണുകയെങ്കിലും ചെയ്യാൻ ജ്ഞാനദൃഷ്ടിയിലൂടെ ദേവി ഉദ്യമിച്ചു. നടക്കുന്നില്ല. പുലയുള്ള വീട്ടിലെ കാഴ്ചകൾപോലും ദേവിമാർക്ക് പ്രാപ്യമല്ലല്ലോ.

ഒരു സാധാരണ മനുഷ്യസ്ത്രീയെപ്പോലെ തനിക്ക് വല്ലാതെ തലകറങ്ങുന്നതായി ഈശ്വരിക്കനുഭവപ്പെട്ടു. വിയർക്കുന്നുണ്ടോ? ഇല്ല. വിയർക്കില്ല. ദൈവങ്ങൾക്കു വിയർപ്പില്ല.
ക്ഷേത്രത്തിനകത്ത് വിഗ്രഹത്തിൽ തിരികെക്കയറിയിരുന്നു ദേവി. “ഭഗവാനേ….. ” എന്നു മാത്രം മനസു കേണു. പതിനാറു ദിവസം നീണ്ടുനിൽക്കുന്ന പുലയാചാരം.മരണവീട്ടിലെ ദു:ഖം പങ്കുവയ്ക്കാനെത്തുന്ന അസംഖ്യം ബന്ധുമിത്രാദികൾ,അഞ്ചാം നാളിലെ സഞ്ചയനം. ഇതിനിടയിൽ ആ പൊൻചിലമ്പിൻ്റെ സുരക്ഷിതത്വം എങ്ങനെയായിരിക്കും?

സുദേവൻ എന്ന അവളുടെ കൂട്ടുകാരൻ സ്വന്തം ഭവനത്തിൽനടന്ന ഇക്കാര്യം അറിഞ്ഞിട്ടേയില്ല. ഇടയ്ക്കിടെ അവനുമായി ഫോൺസന്ദേശങ്ങൾ കൈമാറുന്ന അവൾ ഇതുവരെ അവനെ അറിയിച്ചതുമില്ല.

അവളുടെ വീടും ചലനങ്ങളും തൻ്റെ കൺമുമ്പിലുണ്ട്.എന്തുകൊണ്ടാണവൾ തൻ്റെ മറവിയാൽ കൈമോശംവന്ന ഈ വലിയ സംഗതി അവനെ അറിയിക്കാതിരിക്കുന്നത്?

അവൾക്ക് ഇതിത്ര നിസ്സാരകാര്യമാണോ? അതോ മറ്റുവല്ല ഉദ്ദേശ്യവുമാണോ?

കാത്തിരിക്കുകതന്നെ.

കാത്തിരിപ്പിൻ്റെ പതിനാലു ദിവസങ്ങൾ കഴിഞ്ഞു ;പതിനാലു യുഗങ്ങളെപ്പോലെ. നിർണ്ണായകമായവ.
ഇന്ന് സുദേവൻ്റെ അമ്മയുടെ മരണാനന്തര പതിനാറാംദിനചടങ്ങുനടക്കുകയാണ്. അടുത്ത ബന്ധുക്കൾമാത്രം പങ്കെടുക്കുന്ന ആചാരം. എന്നാൽ ഉറ്റകൂട്ടുകാരിയായ അവളെയും അവൻ ക്ഷണിച്ചിരിക്കുന്നു. സസന്തോഷം ആ ക്ഷണം അവൾ കൈപ്പറ്റി.

നല്ല സൗഹൃദങ്ങൾ നിലനിൽക്കട്ടെ ; അവയിലെ സഹകരണവും വിശ്വാസവും.അതുകൊണ്ടാണല്ലോ അവൻ തൻ്റെ ജീവിതത്തിലെ നിലയില്ലാക്കയങ്ങൾ അവളെ തുറന്നുകാണിച്ചത്.

ഇടയ്ക്കിടെ കൈമാറിയിരുന്ന തമാശകൾ നിറഞ്ഞ ഫോൺസന്ദേശങ്ങൾ സുദേവൻ്റെ അമ്മയുടെ മരണത്തോടെ അവളൊന്നുനിർത്തി. അവളുടെ ചിന്തകളിൽ താൻ അവൻ്റെ വീട്ടിൽ മറന്നുവച്ച പൊൻചിലമ്പു കടന്നുവന്നതു പിന്നെയും വൈകിയാണ്.

” പ്രായമായിത്തുടങ്ങി ” എന്ന് മാത്രമാണ് ഈയിടെ സാധാരണമായ തൻ്റെ മറവിക്കു കാരണമായി അവൾ പറയാറുള്ളത്.

തനിക്കു ചിലമ്പിൻ്റെ രൂപത്തിൽക്കിട്ടിയ ഭഗവതീകടാക്ഷം സുദേവൻ്റെ വീട്ടിൽ കൈമോശം വന്നുവെന്നോർത്ത നിമിഷം അവൾ ഞെട്ടിത്തെറിച്ചു. അക്ഷന്തവ്യമായപാപം.

തന്നോടു പൊറുക്കാൻ വിളിച്ചപേക്ഷിച്ചു മഹാമായയോട്. താൻ സ്വപ്നത്തിലാണോ യാഥാർത്ഥ്യത്തിലാണോ ആ ചിലമ്പ് കൈപ്പറ്റിയതെന്നവൾ ശങ്കിച്ചു. ഉത്തരം നൽകാൻ ദേവിയോടു കേണു.

ഒടുവിൽ സുദേവനു തൻ്റെ വിരൽ കൊണ്ടെഴുതി, അതു സന്ദേശമാക്കി ഫോണിലൂടെ അയച്ചു. സാമ്പത്തികമായുള്ള തൻ്റെ പരാധീനതകൾ സുദേവൻ അവളോടു തുറന്നുപറയാൻ തുടങ്ങിയതായിടയ്ക്കാണ്. രാത്രികളിൽ ചിലമ്പിനെക്കുറിച്ചുമാത്രം സന്ദേശങ്ങളിലൂടെ അവൾ ചോദിച്ചുകൊണ്ടേയിരുന്നു. അവൻ്റെ വീട്ടിലെ പതിനാറുകഴിയാൻ അവളും കാത്തിരുന്നു.

രണ്ടു ദേവിമാർ, ഇഹത്തിലെയും പരത്തിലെയും. ഇരുവരും ഒരുമിച്ചാണന്ന് സുദേവൻ്റെ ഗേറ്റിങ്കൽച്ചെന്നത്. താൻ ഒറ്റയ്ക്കാണെന്നേ അവൾക്കറിയാവൂ.ദൃഢനിശ്ചയം ഇരുവരുടെയും മുഖത്തുണ്ടായിരുന്നു.

അപ്പോഴേക്കും ചടങ്ങുകളെല്ലാം കഴിഞ്ഞിരുന്നു. കണ്ണുകൾകൊണ്ടുമാത്രം സുദേവനും അവളും സംസാരിച്ചു.സുദേവൻ്റെ ഭാര്യ അവളെക്കണ്ട് വന്നുകൂട്ടിക്കൊണ്ടുപോയി. ഗേറ്റിനു പുറത്തുനിന്നിരുന്ന സർവ്വാഭരണവിഭൂഷിതയായ സാക്ഷാൽ ഭഗവതിയെ ആരും കണ്ടില്ല.അതിനാൽ ദേവി ക്ഷണിക്കപ്പെട്ടതുമില്ല.
ഇപ്പോഴും കാര്യങ്ങൾ തനിക്കു വ്യക്തമായിക്കാണാൻ തുടങ്ങിയില്ലെന്നു ദേവിക്കു ബോധ്യമായി.തൻ്റെ വ്യഗ്രത. ഇന്നു ഗേറ്റു വരെ എത്താൻ തനിക്കു കഴിഞ്ഞല്ലോ.

പുകപടലം ക്രമേണ നീങ്ങുന്ന അന്തരീക്ഷം; തൻ്റെ ദൃഷ്ടിപഥംപോലെ. ഇനിയും തീ കെട്ടുതീരാത്ത താൽക്കാലിക അടുപ്പിലെ കൊതുമ്പിൻ്റെ കനലുകൾ തിളങ്ങുന്നു ;തൻ്റെ ചിന്തകൾപോലെ.ഇക്കഴിഞ്ഞ പതിനാലു ദിവസവും ഉച്ചയ്ക്കു ക്ഷേത്രനടയടച്ചു കഴിയുമ്പോൾ ഈ വീടിൻ്റെ കണ്ണെത്തുംദൂരെവരെ താൻ മറ്റൊരനുഷ്ഠാനംപോലെ വരുമായിരുന്നല്ലോ.

ഇനി രാത്രിയിലെയൊരു ചടങ്ങു കൂടിയുണ്ട്.പരേതാത്മാവിന് ഇഷ്ടഭോജനങ്ങളെല്ലാമുണ്ടാക്കി വച്ചുകൊടുക്കൽ ചടങ്ങ്. ഏറ്റവുമടുത്ത ബന്ധുക്കൾമാത്രം സന്ധിക്കുന്നത്.

തൻ്റെ മുന്നിലൂടെ ഭക്ഷണവും കഴിഞ്ഞ് ഇറങ്ങിപ്പോകുന്നവരിൽ ഒടുവിൽ അവളുമുൾപ്പെട്ടു. പടിവരെ അവളെ അനുഗമിച്ച സുദേവനെ ഗേറ്റിൽനിന്ന് അവസാനമെന്നതുപോലെ അവൾ നോക്കി.ഗേറ്റിനു പുറത്ത് റോഡിലിറങ്ങി.

അവളുടെ മനസിലെ വിങ്ങലുകൾ ഭഗവതി വായിച്ചെടുത്തു.ദേവി അനുഗ്രഹമായിത്തന്ന പൊൻചിലമ്പിൻ്റെ കൈമോശം വരുത്തിവച്ച നൊമ്പരമായിരുന്നു അവൾക്ക്. പ്രായവും പാരമ്പര്യവും തനിക്കു കനിഞ്ഞുതന്ന രണ്ടു വൈകല്യങ്ങളെ അവൾ മനസാ ശപിക്കുന്നതും കേട്ടു .

ഓർമ്മക്കേടും കേൾവിക്കുറവും.

സുദേവനധികം ഒച്ചയെടുത്തില്ലെങ്കിലും ഇപ്പോൾ തൻ്റെയടുത്തുനിന്നു പറഞ്ഞതുപോലും തനിക്കു കേൾക്കാൻപറ്റാതെപോയതവളോർമ്മിച്ചു.

ആദ്യമായാണ് പൈതൃകമായിക്കിട്ടിയ ഈ സ്വഭാവവിശേഷങ്ങളെ താൻ ശപിക്കുന്നത്. അച്ഛനും അപ്പച്ചിമാർക്കും കൊച്ചച്ഛനും ചേച്ചിക്കും ഇപ്പോൾ തനിക്കും. അനുഗ്രഹമായേ ഇതുവരെ കരുതിയിട്ടുള്ളൂ, അച്ഛനെ ഇടയ്ക്കിടയ്ക്കോർമ്മിക്കാൻ അച്ഛൻ തന്ന സൗഭാഗ്യങ്ങൾക്കിടയിൽ ഇതൊരു കുറവേയല്ലായിരുന്നുതാനും.

ഇപ്പോൾ അവൻ പറഞ്ഞ ഒരുകാര്യംമാത്രം വ്യക്തമായി. സാമ്പത്തികപരാധീനത.അതിനാൽ അവൻ്റെ വീട്ടിലെവിടെയോ താൻ മറന്നുവച്ച ചിലമ്പു കണ്ടുപിടിക്കാനായെങ്കിൽ, എന്നും.

“സുദേവാ ….” എന്ന് താൻ ഒച്ചയില്ലാതെ അലറി. “ഈശ്വരാ….” ഇപ്പോഴവൾ നെടുവീർപ്പിട്ടു.

രാത്രിയിലെ ചടങ്ങിനും പ്രിയകൂട്ടുകാരൻ വിളിച്ചിട്ടുണ്ട്. താൻ പോകില്ല. ചടങ്ങുകളെല്ലാം കഴിയുമ്പോൾ അവൻ ഫോണിൽ സന്ദേശമയയ്ക്കും.ഉറപ്പ്. കാത്തിരുന്നതുപോലെ രാത്രി ഒരുപാട് വൈകിയപ്പോൾ അവൻ്റെ സന്ദേശംവന്നു. ഒരു കടമ നിർവ്വഹിച്ചുകഴിഞ്ഞ ആശ്വാസം അവൻ പങ്കുവച്ചിരിക്കുന്നു. ഒപ്പം തൻ്റെ വീട്ടിലെവിടെയോ ഒളിഞ്ഞിരിക്കുന്ന ചിലമ്പു കണ്ടെത്തിക്കഴിഞ്ഞാലുണ്ടാവുന്ന നേട്ടവും ആവർത്തിച്ചിരിക്കുന്നു.

തൻ്റെ അസ്വസ്ഥകൾക്കറുതിയില്ലെന്നവൾ തീർച്ചപ്പെടുത്തി; തുടങ്ങിയതേയുളളുവല്ലോ.ഒന്നു കൂടെ നെഞ്ചുരുകി വിളിച്ചു “ഭഗവാനേ…. ”

ഉറക്കത്തിലാണെങ്കിലും താൻ ഉണർവ്വിലാണെന്നവൾ ഉറച്ചു വിശ്വസിച്ചു. ഒഴുകുകയാണ്, സാക്ഷാൽ മഹാമായയോടൊപ്പം .ദേവിയെ കണ്ണിമചിമ്മാതെ നോക്കി. ജ്വലിക്കുന്ന സൗന്ദര്യമെന്നെല്ലാം വായിച്ചിട്ടുള്ളത് നേരിൽക്കണ്ടു. എന്തൊക്കെ ആഭരണങ്ങളാണ് അവിടുന്നണിഞ്ഞിരിക്കുന്നത്.

ചുറ്റും ധൂമം പൊങ്ങുന്നു.ചലച്ചിത്രങ്ങളിൽ കാണുന്നതുപോലെ. എന്തൊരു സുഗന്ധമാണതിന്.ദേവിയെ തൊടാൻ പറ്റുന്നില്ല. രാത്രിയോ പകലോ എന്നു തിരിച്ചറിയാനും വയ്യ. പെട്ടെന്ന് യാത്ര അവസാനിച്ചു.

സുദേവൻ്റെ വീട്ടിലാണ് എത്തിയിരിക്കുന്നത്. അല്പംപോലും സംശയമില്ലാതെ നിൽക്കുകയാണവൻ.

“സുദേവാ, ഇവളെക്കൂട്ടിക്കൊണ്ടുവന്ന് നേരിട്ടു ബോധ്യപ്പെടുത്തിയില്ലെങ്കിൽ വിശ്വസിക്കില്ലിവൾ .എന്നും നീറിനീറിക്കഴിയും. ” ദേവിയുടെ ശബ്ദംകേട്ട് മുത്തുമണികൾ പൊഴിയുന്നതാണോ എന്നവൾ സംശയിച്ചു.

സുദേവൻ ചിരിച്ചു. അവളോടായി പറഞ്ഞു. ” കല ടെൻഷനടിക്കണ്ട. ചിലമ്പിൻ്റെ കാര്യം സോൾവു ചെയ്തു.”

ഭൂഗോളമൊന്നു കുലുങ്ങിയോയെന്ന് ചിന്തിച്ചതേയുള്ളൂ.സുദേവൻ്റെ ശബ്ദം ഓങ്കാരംപോലെ മുഴങ്ങുന്നതായവൾക്കു തോന്നി. “എടേയ്, ആ ചിലമ്പ് ഈ വീട്ടിലുണ്ട്. കണ്ടെത്തി ഞാൻ സ്വന്തമാവശ്യങ്ങൾക്കുപയോഗിച്ചുകൊള്ളാൻ ദേവിതന്നെ സമ്മതിച്ചു. എൻ്റെ അമ്മയുടെ അനുഗ്രഹം.” അവസാനത്തെ വാചകം പറഞ്ഞപ്പോൾ സുദേവൻ്റെ സ്വരം ഇടറിയെന്നവൾക്കു വ്യക്തമായി .

ദേവിയുടെ പുഞ്ചിരി അവിടെയെല്ലാം പ്രഭപരത്തി. അവൾ നിലവിളിച്ചു.” അമ്മേ, എൻ്റെ അമ്മേ, സർവ്വാപരാധങ്ങളും പൊറുക്കണേ. ” കുങ്കുമ വർണ്ണമുള്ള ഭഗവതിയുടെ തൃപ്പാദങ്ങളിൽ അവൾ മുഖംചേർത്തു കണ്ണടച്ചു.

ശ്രീകോവിലിനുള്ളിലെ ദേവീവിഗ്രഹം അന്ന് പാതിരാത്രികഴിഞ്ഞനേരത്ത് കെടാവിളക്കിൻ്റെ മങ്ങിയപ്രഭയിൽ നിർവ്വേദത്തിലാണ്ടു ;കല തൻ്റെ കിടക്കയിലും.

രണ്ടു ദേവിമാർ!

ഡോ.ഉഷാറാണി .പി

തിരുവനന്തപുരം ജില്ലയിൽ മണക്കാടിനടുത്ത് 1975 ൽ ജനനം. കെ.ജി.പ്രഭാകരനാചാരിയും കെ.പത്മവുമാണ് മാതാപിതാക്കൾ. ഗവ.സ്കൂൾ മണക്കാട്, ആൾ സെയിൻ്റ്സ് കോളേജ് തിരുവനന്തപുരം, ഗവ.യൂണിവേഴ്സ് റ്റി കോളേജ് തിരുവനന്തപുരം, ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി തിരുവനന്തപുരം കേന്ദ്രം എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം കഴിഞ്ഞ് കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റു നേടി. സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിലെ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ ആറ്റുകാൽ ചിന്മയ വിദ്യാലയത്തിൽ. ആനുകാലികങ്ങളിൽ സാഹിത്യരചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ആത്മ നിവേദനം’ എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു.

വിലാസം: പ്രഭാതം, ടി.ആർ.ഏ-39, താവലോട് നഗർ, മുട്ടത്തറ, തിരുവനന്തപുരം – 8.
ഫോൺ – 9746201959

ഡോ. മായാഗോപിനാഥ്

തികച്ചും അവിചാരിതമായിട്ടാണ് പ്രൊഫസർ ശാരദാമണിയെ സുമിത്ര പരിചയപ്പെട്ടത്.
അമ്മയുടെ കാലുവേദനയ്ക്ക് ചികിൽസിക്കുന്ന ഡോക്ടർ രമേശിന്റെ പരിശോധന മുറിയ്ക്കു പുറത്തെ ടീപോയിൽ കിടന്ന കഥാ പുസ്തകത്തിന്റെ പുറം ചട്ടയിലെ കട്ടികണ്ണടവച്ച നരകയറിയ മുടിയുള്ള സൗമ്യമായ മുഖത്തെ പാതിവിടർന്ന ചിരിയിലും കണ്ണടയ്ക്കിടയിലൂടെ വലിയ കണ്ണുകളിൽ കുടിയിരുന്ന വിഷാദം നീരണിഞ്ഞു കിടന്ന പോലെ.

പുറംചട്ട തിരിച്ച് അവസാനത്തെ കഥ വായിച്ചു. ശയ്യാവലംബിയായ ഭർത്താവ് ഒരു ദിവസം ഭാര്യയോട് നീയിങ്ങനെ കോലം തിരിഞ്ഞു പോയല്ലോ മണീ. നല്ലൊരു സാരിയുടുത്തു മുടി ഒതുക്കി നെറ്റിയിൽ സിന്ദൂരം തൊട്ട് നീയെന്റെ അരികെയിരുന്ന് കഞ്ഞി തരുമോ? എനിക്ക് നിന്നെ നെറ്റിയിലെ സിന്ദൂരം മായാതെ കാണണം ആരെന്തു പറഞ്ഞാലും വേണ്ടില്ല ഞാൻ ഇല്ലെങ്കിലും നീ കുങ്കുമം തൊടണം. നിറമുള്ള പുടവ ചുറ്റണം.. അതാ എനിക്കിഷ്ടം..

നിറഞ്ഞ കണ്ണുകൾ തുളുമ്പാതെ മനസ്സ് വിങ്ങി അണിഞ്ഞൊരുങ്ങി അദ്ദേഹത്തിന്റെ അടുത്തിരുന്നു കഞ്ഞി കൊടുത്ത് കൊണ്ടിരിക്കുന്നതിനിടെ നെഞ്ച് വേദന വന്ന് ഒരു നിമിഷം കൊണ്ടു പ്രാണൻ വിട്ട് പോയതും..

ആ കഥ വായിച്ച് സുമിയുടെ കണ്ണുകളും നിറഞ്ഞു പോയി..

വീണ്ടും കവർ പേജിലെ ചിത്രത്തിൽ നോക്കി. ഇളം പച്ച കരയുള്ള സെറ്റ് സാരി. നെറ്റിയിൽ ചന്ദനക്കുറിക്കുള്ളിൽ നിന്ന് ഒരു സിന്ദൂരചുവപ്പ് എത്തിനോക്കുന്നത് കണ്ടു…

ശാരദാമണിയമ്മേ നിങ്ങളെന്റെ ഹൃദയത്തിലേക്കു കടന്ന് കയറിയത് ഞൊടിയിടയിലാണ്.. സുമിത്ര ആ പുസ്തകവുമായി കൗണ്ടറിൽ എത്തി. അവിടെ ഇരുന്ന പെൺകുട്ടിയോട് ആ കഥ എഴുതിയ അമ്മ ഇവിടുത്തെ പേഷ്യന്റ് ആണോ എന്ന് തിരക്കി.
അവരോടു ആയമ്മയുടെ ഫോൺ നമ്പർ ചോദിച്ചു വാങ്ങി.

അമ്മയെ ഫോൺ വിളിച്ച് സംസാരിച്ച് നേരിട്ട് കാണാൻ തീരുമാനിച്ച് അഡ്രെസ്സ് വാങ്ങി.

അമ്മ പറഞ്ഞ അടയാളങ്ങൾ വച്ച് കിള്ളിയാറിന് കുറുകെയുള്ള പാലത്തിലൂടെ കടന്ന് വന്ന് മൂന്ന് പടുകൂട്ടൻ കെട്ടിടങ്ങളുടെ മുന്നിലെത്തി. നടുവിലത്തെ ഓറഞ്ച് നിറം ബിൽഡിംഗ്‌. അമ്മ പറഞ്ഞത് ഓർത്തു.

11B. അമ്മയെ ഫോണിൽ വിളിച്ചു താൻ താഴെ എത്തിയ വിവരം പറഞ്ഞു.

ലോബിയിൽ കുറച്ച് കുട്ടികൾ ഏതോ കളിതമാശകളിൽ മുഴുകി നിന്നിരുന്നു. വിശാലമായ ഒരു സോഫയിൽ ഇരുന്ന് പത്രം വായിക്കുന്ന ഒരു മുത്തശ്ശിയെ കണ്ടു.

സുമിത്ര എലെവറ്റോറിൽ കയറി 11 പ്രെസ്സ് ചെയ്തു.
കൂടെ ഏഴാം നിലയിൽ ഇറങ്ങാനുള്ള ഒരു കുട്ടിയുണ്ടായിരുന്നു.
ജീൻസും ടോപ്പുമിട്ട ഒരു ചുരുണ്ടമുടിക്കാരി.

ബാല്യത്തിന്റെ കൗതുകമോ കുറുമ്പോ ഒന്നും അവളുടെ കണ്ണിൽ ഉണ്ടായിരുന്നില്ല. അവൾ ഇടയ്ക്കിടെ മൊബൈലിൽ അക്ഷമയോടെ നോക്കി കൊണ്ടേയിരുന്നു.

കുട്ടി ഇറങ്ങി പോയപ്പോൾ സുമിത്ര എലെവറ്ററിൽ ഒറ്റയ്ക്കായി.

പതിനൊന്നാം നിലയിലെത്തി.11. B കണ്ടുപിടിക്കാൻ തീരെ ബുദ്ധിമുട്ടുണ്ടായില്ല. അമ്മ പുറത്ത് തന്നെ നിന്നിരുന്നു.

അമ്മയ്ക്ക് താൻ കരുതിയതിലും കൂടുതൽ നര പടർന്ന മുടിയും പരീക്ഷീണതയും തോന്നി.എങ്കിലും നെറ്റിയിൽ ചന്ദന വരയ്ക്കുള്ളിൽ ഒരു സിന്ദൂര ചുവപ്പ് അപ്പോഴും തുടുത്തു നിന്നു. സംതൃപ്തവും സൗഭാഗ്യപ്രദവും ആയ ഒരു ദാമ്പത്യത്തിന്റെ പ്രതീകമായി അത് തെളിഞ്ഞു നിന്നു.

സുമി വരൂ. ആദ്യ കാഴ്ചയിലെ അമ്മ തന്നെ വല്ലാതെ ആകർഷിച്ചു. വെളുവെളുത്ത തറയും ചുമരുകളും ഉള്ള വിശാലമായ സ്വീകരണ മുറിയിലെ പതുപതുത്ത സോഫയിൽ ഇരുന്ന് ചുറ്റും നോക്കി.

ഇതാണെന്റെ ഒരേയൊരു മകൻ. ഇംഗ്ലണ്ടിൽ ഡോക്ടറാണ്. വലിയ ഒരു ഫോട്ടോ ചൂണ്ടി അമ്മ പറഞ്ഞു. നിറയെ പൂവിട്ട വാകമരച്ചുവട്ടിൽ ഇരുന്ന അമ്മയെ പിന്നിൽ നിന്നു കഴുത്തിൽ ചുറ്റിപ്പിടിച്ചു ചിരി തൂകുന്ന ചിത്രം. അമ്മയുടെ കണ്ണുകൾ പുത്രസ്നേഹത്താൽ ദീപ്തമായ ചിത്രം

അതിനടുത്ത് ഉടൽ മൂടുന്ന വസ്ത്രങ്ങളും കമ്പിളി തൊപ്പിയും സ്കാർഫും കെട്ടി രണ്ട് പെൺകുട്ടികൾ ചിരിച്ചു കൊണ്ടു നിൽക്കുന്ന ഫോട്ടോ.ഇതാണ് മിനിയും സിനിയും. ചെറുമക്കൾ. ഇതവരുടെ അമ്മ.
മരുമകളുടെ ചിത്രം ചൂണ്ടി അമ്മ പറഞ്ഞു.

പക്ഷെ ഹാളിൽ ഒരിടത്തും അമ്മയുടെ ഭർത്താവിന്റെ ചിത്രങ്ങൾ കണ്ടില്ല.

സുമിത്രയ്ക്ക് കുടിക്കാൻ അമ്മ ചായ കൊണ്ടു വന്നു.
ചായ മൊത്തി കുടിക്കെ അമ്മ ഓരോരോ വിശേഷങ്ങൾ പറഞ്ഞു.

ഇവിടെ ഈ ഫ്ലാറ്റിൽ ഞാൻ ഒറ്റയ്ക്കാണെന്നു എനിക്ക് തോന്നാത്തത് എന്താണെന്നറിയുമോ സുമിയ്ക്ക്?”വരൂ
ഞാൻ കാണിച്ചു തരാം.” സുമിത്രയെ അമ്മ ബാൽക്കണിയിലേക്ക് കൂട്ടിക്കൊണ്ട് പോയി.
ശക്തമായ കാറ്റു വീശുന്നുണ്ടായിരുന്നു അവിടെ.
ബാൽക്കണിൽ അമ്മ ഒരു തുളസിത്തറ വച്ചിരുന്നു.
തഴച്ചു വളർന്ന തുളസിചെടി ഒരു വലിയ ചതുര തിട്ടയ്ക്കുള്ളിൽ ആയിരുന്നു വച്ചിരുന്നത്.ഞാൻ മോനോട്
പ്രത്യേകം പറഞ്ഞു ചെയിച്ചതാ ഇത്. അമ്മ ദൂരേക്ക് വിരൽ ചൂണ്ടി പറഞ്ഞു. കണ്ടോ എന്റെ സർവസ്വവും ഞാനിപ്പോൾ അർപ്പിച്ചിരിക്കുന്നത് അവിടെയാ.
കിള്ളിയാറിനപ്പുറം ചെറുതും വലുതുമായ അനേകം കെട്ടിടങ്ങൾക്ക് ഇടയിൽ ശിവക്ഷേത്രത്തിന്റെ ചുറ്റമ്പലവും കൊടിമരവുമെല്ലാം വ്യക്തമായി കാണാമായിരുന്നു
ഭഗവാന്റെ നിർമ്മാല്യത്തിന്റെ മണിയൊച്ച കേട്ടാണ് പുലർച്ചെ ഞാൻ ഉണരുക. പക്ഷെ കഴിഞ്ഞ അഞ്ച് കൊല്ലമായി ഭഗവാനെ കണ്ടു തൊഴുതിട്ട്…
ഇവിടെ നിന്നെങ്കിലും കാണാനാവുന്നത് മഹാഭാഗ്യം..
അമ്മ അമ്പലത്തിനു നേർക്ക് നോക്കി തൊഴുതപ്പോൾ സുമിത്രയും കൂടെ തൊഴുതു.
തുളസി ചെടിയെ തഴുകി വന്ന കാറ്റിൽ അമ്മ അപ്പോൾ ഇറുത്തെടുത്ത ഒരു തുളസിക്കതിരിന്റെ സുഗന്ധം അവിടമാകെ നിറഞ്ഞ വിശുദ്ധി പരത്തി.

സുമിക്ക് മറ്റൊരൂട്ടം ഞാൻ കാണിച്ചു തരാം. അമ്മ സുമിത്രയെ അപ്പാർട്മെന്റിന്റെ മറുവശത്തേക്ക് കൂട്ടികൊണ്ട് പോയി.

ദീർഘകാലമായി ഒറ്റയ്ക്ക് താമസിക്കുന്നൊരാൾക്ക് മിണ്ടാനും പറയാനും ഒരാൾ ഉണ്ടായാലത്തെ സന്തോഷത്തോടെ അമ്മ നിർത്താതെ സംസാരിച്ചുകൊണ്ടേയിരുന്നു.

അമ്മ ആ വശത്തെ നീളൻ ജനാല തുറന്നപ്പോൾ നഗരത്തിന്റെ പ്രൗഢിയോടെ തലയുയർത്തി നിന്ന അനേകം കെട്ടിടങ്ങൾക്കപ്പുറം സഹ്യപർവത നിരകളുടെ നീലനിറം. ഇടയ്ക്ക് കണ്ട രണ്ട് ശൃംഗങ്ങൾ ചൂണ്ടി അമ്മ പറഞ്ഞു ഏറ്റവും പൊക്കമുള്ളത് അഗസ്ത്യമലയാണ്. അതിനൊക്കെ ഇങ്ങിപ്പുറം ചെത്തി മുറിച്ച പോലെ കാണുന്നത് എന്റെ മൂക്കുന്നി മലയാണ്.

എന്റെ കുടുംബ വീട് മലയിൻകീഴാണ്. പേര് പോലെ തന്നെ മലകളുടെ നാട്.മാങ്കുന്നു മല,എള്ളുമല, മൂക്കുന്നി മല ഇവ എല്ലാം ഞങ്ങൾക്ക് ഹിമാലയം പോലെ പവിത്രമായിരുന്നു.
പണ്ട് കാലത്ത് എള്ളു ചെടികൾ സമൃദ്ധമായി പൂത്തു കിടന്ന കാടാണ് എള്ളുമല.
അവിടെ ഒരു ഭൂതത്താൻ കാവുണ്ട്…

മൂക്കുന്നി മലയെ കുറിച്ച് താൻ കേട്ടിരുന്നു.

പണ്ട് രാമ രാവണ യുദ്ധകാലത്തു ഹനുമാൻ ഹിമാലയത്തിൽ നിന്നടർത്തി കൊണ്ടു വന്ന മലയുടെ ഒരു ഭാഗം ഹനുമാന്റെ മൂക്കു തട്ടി അടർന്നു വീണതാണത്രേ മൂക്കുന്നി.

പക്ഷെ എള്ള് മലയെ കുറിച്ച് കേട്ടിരുന്നില്ല.
സുമി പോയി കാണണം.

അങ്ങോട്ടുള്ള വഴി നിറയെ അനേകം കാട്ടുചെടികളും മരങ്ങളുമുണ്ട്. മഴ പെയ്തൊഴിഞ്ഞാലും വിട്ടുമാറാത്ത ഈർപ്പം ഒളിച്ചിരിക്കുന്ന വഴി.

അവിടേ കുത്തനെ ചരിഞ്ഞ ഒരു കരിമ്പാറയുണ്ട്.. അതിൽ വലിയ ചാരുകസാല പോലെ ഒരു കുഴിയും ഭീമസേനന്റെ കസേര എന്നാണ് നാട്ടുകാര് അതിനിട്ട പേര്..ഏതോ കാലത്തെ നീരൊഴുക്കിന്റെ അടയാളമായ ചില പാടുകളുമുണ്ട് അവിടേ.
ഭീമന്റെ കസാലയുടെ മേലറ്റത്തു നിന്നാൽ പാറയിടുക്കിലൂടെ ഭൂതത്താന്റെ അമ്പലം കാണാം. ഞാൻ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്.

അമ്മ അത് പറഞ്ഞ് ചിരിച്ചു.

മഹാകവി മലയിൻകീഴു മാധവ പണിക്കർ ഭഗവത് ഗീത
328 പാട്ടുകളായി കാച്ചി കുറുക്കി ഭാഗവാന് അർപ്പിച്ച നാടാണത്. സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാന്റെ സാന്നിധ്യം നിറഞ്ഞയിടം അറിയുമോ?

പിന്നീട് അമ്മ സുമിയെ തന്റെ കിടപ്പു മുറിയിലേക്ക് കൂട്ടികൊണ്ട് പോയി. അവിടെ കട്ടിലിൽ കിടന്നാൽ കാണും വിധം അമ്മയുടെ ഭർത്താവിന്റെ ഒരു പൂർണകായ ചിത്രം തൂക്കിയിരുന്നു.

ഇതാണെന്റെ പ്രാണനായിരുന്നയാൾ…
എന്റെ ജീവിതത്തിലെ സത്യത്തിന്റെ സ്പന്ദനം.

സത്യത്തെക്കാൾ വിലപിടിപ്പുള്ളതായി മറ്റെന്താണുള്ളത്…
..ആ വിരൽ തുമ്പ് പിടിച്ചതായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ സുരക്ഷിതത്വവും.

അദ്ദേഹം എന്നും പറയുമായിരുന്നു. മണിയുടെ കണ്ണ് നിറയുന്നത് സഹിക്കാനാവില്ലെന്നു…അതുകൊണ്ട് ഒരു കടലോളം കണ്ണീർ ഉള്ളിൽ നിറഞ്ഞാലും ഞാനതു ഒഴുക്കാറില്ല സുമി.. ഏത് ലോകത്തായാലും അദ്ദേഹത്തിന്നത് വേദനയാവും..

പോയിട്ടിപ്പോൾ അഞ്ച് കൊല്ലം കഴിഞ്ഞു..
കണ്ണടച്ചാൽ ഇപ്പോഴും കൂടെയുള്ള പോലെ തോന്നും..ഇടയ്ക്കിടെ മണി എന്ന്‌ വിളിക്കുന്നത് എനിക്ക് കേൾക്കാം…
സത്യ സ്പന്ദനങ്ങൾ ഒരിക്കലും നിലയ്ക്കില്ലല്ലോ കുട്ടി… അതിന്റെ രൂപ ഭാവങ്ങൾക്കല്ലേ മാറ്റമുണ്ടാവുകയുള്ളു…

നിശബ്ദമായ രാത്രികളിൽ ഞാനീ ജാലകവിരി മാറ്റി ആകാശത്തെ എണ്ണമറ്റ നക്ഷത്രങ്ങളെ നോക്കി കിടക്കും…

അമ്മ തനിക്കേറ്റവും പ്രിയമുള്ള ഒരു ബന്ധുവിനോടെന്ന പോലെ സുമിത്രയോട് തന്റെ ഹൃദയം തുറക്കുകയായിരുന്നു.

ഇപ്പോൾ മുട്ടുവേദനയാണ്‌ ഏറ്റവും വലിയ പ്രശ്നം..
തേയ്മാനം ഉണ്ട്. ഓപ്പറേഷൻ വേണ്ടി വരുമെന്നാണ് ഡോക്ടർ രമേശ്‌ പറഞ്ഞത്.

എന്റെ ഓർമ്മകൾക്ക് കൂടി തേയ്മാനം വന്നുപോയാൽ പിന്നെ എന്താവും അവസ്ഥ എന്നൊരു ചിന്ത വല്ലാതെ അലട്ടുന്നുണ്ട് ഇടയ്ക്കിടെ..

ഒറ്റയ്ക്കായാൽ വാർദ്ധക്യം നമ്മെ വല്ലാതെ ഭയപ്പെടുത്തും കുട്ടി….

ഒന്ന് കിടന്നു പോയാൽ മോനി ക്ക് വന്ന് നിൽക്കാൻ ആവുമോ?
അവനും അവന്റെ ഭാര്യക്കും മക്കൾക്കുമെല്ലാം OCI കാർഡ് ഉണ്ട്. പക്ഷെ അവരൊക്കെ ഇംഗ്ലീഷ് പൗരന്മാരയല്ലേ ജീവിക്കുന്നത്.

അവിടെ പോയി നിൽക്കാൻ മോനി നിർബന്ധിക്കുമെങ്കിലും എനിക്ക് നാട് വിട്ട് പോകാൻ താല്പര്യമില്ല കുട്ടി.

ഇവിടെ ഈ അപാർട്മെന്റിലാവുമ്പോൾ അവശ്യ സാധനങ്ങളും ഒക്കെ വാങ്ങി തരാനും, മറ്റ് എന്തേലും ആവശ്യം വന്നാലൊക്കെ ആരെങ്കിലും ഉണ്ടാവുമല്ലോ സഹായത്തിന്… വേറെ ഒന്നും പേടിക്കേണ്ടല്ലോ ആ ഒരൊറ്റ കാരണത്താലാണ്
ഇവിടെ മകൻ വാങ്ങിയ ഫ്ലാറ്റിൽ താമസിക്കാൻ ഞാൻ തയ്യാറായത്. ഇപ്പോൾ ഞാനീ വീടിനെയും വല്ലാതെ സ്നേഹിക്കുന്നു…

പരിചിതത്വമാണ് എന്റെ പ്രശ്നം..
അടുത്താൽ പരിചിതമായാൽ പിന്നെ എന്തും വിട്ടകലാൻ ഒരു വേദനയാണ്..
ആദ്യമൊക്കെ ഈ ഫ്ലാറ്റും അപരിചിതത്വത്താൽ എന്നെ ശ്വാസം മുട്ടിച്ചിരുന്നു…

മോനി അവന്റെ അച്ഛനെ പോലെതന്നെയാണ്.. ഭാര്യയെ ജീവനാണവനും. അവനവളെ പിരിഞ്ഞിരിക്കാനും വയ്യ. എന്നെ ഒറ്റയ്ക്കാക്കാനും വയ്യ. പാവം കുട്ടി. എന്ത്‌ നീറ്റലാവും അവന്റെ ഉള്ളു നിറയെ…

അമ്മയുടെ വാക്കുകളിൽ ഒറ്റപ്പെടലിന്റെ നൊമ്പരവും മകന്റെ തിരക്കിൽ അവർക്കു താൻ ഒരു ബുദ്ധിമുട്ടുണ്ടാവരുത് എന്ന ചിന്തയും തന്റെ ഭയവും വിഹ്വലതകളും എല്ലാം ഇടതടവില്ലാതെ പ്രവഹിച്ചു കൊണ്ടിരുന്നു.

തന്റെ അന്ത: സംഘർഷങ്ങൾ പറഞ്ഞ് തീർക്കാൻ ഒരാൾ അവർക്കു വേണ്ടിയിരുന്നു എന്ന്‌ സുമിത്ര തിരിച്ചറിഞ്ഞു.

അമ്മയുടെ കുടുംബവീട് മകൻ ഭാര്യയുടെ സഹോദരിക്ക് കൈമാറ്റം ചെയ്തത്തിലുള്ള പരിഭവത്തെ അമ്മ പരാതിയായല്ലെങ്കിലും വേദനയോടെയാണ്‌ പറഞ്ഞത്..

വളരെ ചുരുങ്ങിയ നേരം കൊണ്ടു തന്റെ ജീവിതത്തിന്റെ കലർപ്പില്ലാത്ത ഒരു ചിത്രം അമ്മ സുമിത്രയ്ക്ക് നല്കി.

ഇടയ്ക്ക് അമ്മയുടെ നീര് വച്ച മുട്ടുകാൽ കണ്ടു അവിടെ മേശമേലിരുന്ന കൊട്ടംചുക്കാദി കുഴമ്പ് മുട്ടിനു മേൽ പുരട്ടി തടവി കൊടുത്തു സുമിത്ര.

കൂടാതെ അമ്മയോടൊപ്പം അടുക്കളയിൽ കയറി രാത്രി ഭക്ഷണത്തിനുള്ള ചപ്പാത്തി പരത്താനും സുമിത്ര സഹായിച്ചു.

പെട്ടെന്നാണ് അമ്മ അടുത്ത് വന്നതും സുമിയുടെ താടിയിൽ പിടിച്ചുയർത്തി പറഞ്ഞതും…
നിന്നെ പോലെ ഒരു മകളെ ഭഗവാൻ എനിക്ക് തന്നെങ്കിൽ എന്ന്‌ വല്ലാതെ ആശിച്ചു പോയി മോളേ.

അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..കയ്യിലെ
മാവ് പൊടി തട്ടി കളഞ്ഞ് അമ്മയെ കെട്ടിപിടിച്ചു സുമിത്ര പറഞ്ഞു..

സ്വന്തം മകളാണെന്ന് തന്നെ കരുതിക്കോളൂ അമ്മേ…

അടുത്ത ശനിയാഴ്ച താൻ വന്ന് അമ്മയെ ശിവന്റെ കോവിലിൽ കൊണ്ടു പോകാം എന്ന്‌ ഉറപ്പ് പറഞ്ഞു വൈകുന്നേരം തിരികെ ഇറങ്ങുമ്പോൾ അമ്മ സുമിത്രയ്ക്ക് സ്വന്തം കൈയ്യൊപ്പിട്ടു ഒരു പുസ്തകം നല്കി
എന്നെ അമ്മയായി കണ്ട എന്റെ മകൾ സുമിത്രയ്ക്ക് സ്നേഹപൂർവ്വം….
ശാരദാമണിയമ്മ.
അമ്മയുടെ മുഖത്തിന്നപ്പോൾ കൂടുതൽ ചൈതന്യം കൈവന്ന പോലെ തോന്നി.

അന്നേരം അമ്മ തനിക്ക് വന്ന മകന്റെ ഇമെയിൽ തുറന്ന് വായിച്ചിരുന്നില്ല.

ഭാര്യയുടെ സഹോദരനും കുടുംബത്തിനും തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം ആയെന്നും അവരുടെ മക്കളുടെ പഠന സൗകര്യം അനുസരിച്ചു അവർക്ക് ഫ്ലാറ്റിൽ താമസിക്കുന്നതാണ് നല്ലതെന്നും അമ്മയ്ക്ക് താമസിക്കാൻ മകൻ നെറ്റിലൂടെ തൊട്ടടുത്തു ഒരു ഷെയെറിങ് അക്കൊമോടെഷൻ തയ്യാറാക്കിയിട്ടുണ്ടെന്നും അങ്ങോട്ട്‌ താമസം മാറാൻ അമ്മയ്ക്ക് സഹായത്തിനും നെറ്റിലൂടെ ആളെ ഏർപ്പാടാക്കിയിട്ടുണ്ടെന്നും ഒക്കെ എഴുതിയ മെസ്സേജ് കാണാതെ അമ്മ ഭഗവാൻ തന്ന മകൾക്കൊപ്പം ശനിയാഴ്ചകളിൽ ശിവന്റെ കോവിലിൽ തൊഴുന്നത് ഓർത്തു അപ്പോൾ നിറഞ്ഞ മനസ്സോടെ ചിരിക്കുകയായിരുന്നു.

ഡോ. മായാഗോപിനാഥ്: തിരുവനന്തപുരം സ്വദേശി . പ്രമുഖസാഹിത്യകാരിയും തിരുവനന്തപുരം ധര്‍മ്മ ആയുര്‍വേദ സെന്‍റര്‍ ചീഫ് മെഡിക്കല്‍ ഓഫീസറുമാണ്. പ്രസിദ്ധീകരിച്ച സാഹിത്യകൃതികള്‍: മരുഭൂമിയിൽ മഴ പെയ്യുമ്പോൾ, തളിർ മരം , ഇതെന്‍റെ ജാലകം, ഇതളുകൾ പൂക്കളാവുമ്പോൾ, മഴ നനച്ച വെയിൽ,
നിത്യകല്യാണി തുടങ്ങിയ ആറോളം കഥാസമാഹാരങ്ങളും അർദ്ധനാരി എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved