literature

വിനോദ് വൈശാഖി

നാല്പത്തിനാല്
നദികളൊരുമിച്ചൊ
രുത്സവ ക്കമ്പം
കഴിഞ്ഞ മട്ട്

നീണ്ട വിരൽ
നില വിട്ടുയർന്നാരെയും
പേരു ചോദിക്കാതെ
തൂത്തെടുത്തു

വഴികൾ തിരിച്ചുപിടിച്ചു ,
ജല വാളു വീശി
പുറമ്പോക്കു കയ്യടക്കി ,
ജല സൂചികൾ
കോർത്തെടുത്തു,
മിനുക്കിയ
നിലയും വിലയു-
മണിഞ്ഞതെല്ലാം

കാറ്റിലാടുന്നൊരു
വൻമരം കണ്ട നാൾ
പേടി മുളച്ചു
തിരികെയോടി

പൊങ്ങുതടി പോലെ
വെള്ളം തുഴഞ്ഞെന്റെ
വീടൊഴുകുന്നൊരു
കാഴ്ച കണ്ടു.

പുസ്തകം കൈ നീട്ടി
യെത്തിപ്പിടിക്കെ
യെൻ പാഠം പഠിപ്പുര
വിട്ടു പോയി

എച്ച് ടു ഒ –
എന്നെഴുതിയ
ബോർഡിലെ
ഹൈഡ്രജൻ ഭീകര
ബോംബു തന്നെ

നീർച്ചുഴിക്കുള്ളിൽ
നടുങ്ങുംനിമിഷത്തി
ലൊന്നുമല്ലെന്നുള്ള
നേരറിഞ്ഞു.

പുഴയിലെറിഞ്ഞ
പാഴ് വസ്തുക്ക
ളൊക്കെയും
തിരികെയെത്തിച്ചു
പിൻ വാങ്ങിടുമ്പോൾ

നീൾമുടിത്തുമ്പൊ
ന്നൊതുക്കിവേഗം
കുറച്ചാഴത്തിലേക്ക്
മടങ്ങിയെത്തി.

ജല വാളു വീശി
ത്തിരികെയെത്താനിടം
നമ്മളിലൂറി
നില്ക്കുന്നു വീണ്ടും..!

വിനോദ് വൈശാഖി
മലയാളം മിഷൻ രജിസ്ട്രാർ . ഭാഷാ പണ്ഡിതനായ കെ കൃഷ്ണ പിള്ളയുടെയും അദ്ധ്യാപിക ടി സരസമ്മയുടെയും മകനായി തിരുവനന്തപുരം ജില്ലയിൽ കരുംകുളത്ത് ജനനം. മലയാളത്തിൽ ബിരുദാനന്ദര ബിരുദവും ബി എഡും നേടിയ ശേഷം ഒറ്റശേഖരമംഗലം ജനാർദനപുരം ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അദ്ധ്യാപകനായി. കവി, പ്രഭാഷകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന അദ്ദേഹം കേരള സർക്കാരിന്റെ സാംസ്കാരിക സ്ഥാപനമായ വൈലോപ്പിള്ളി സംസ്കൃതിഭവൻ വൈസ് ചെയർമാനായും കേരളസർവകലശാല സെനറ്റ് അംഗമായും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കോവളം കവികൾ സ്മാരകം ജനറൽ കൺവീനർ, മഹാകവി പി ഫൗണ്ടേഷൻ വൈസ്ചെയർമാൻ, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാനസെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. സാംസ്കാരികവകുപ്പിൽ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.

കൃതികൾ : മഴയെരിയും കാലം(കവിതാ സമാഹാരം) , കൈതമേൽപ്പച്ച (കവിതാ സമാഹാരം) ,
ഇലകൾവെള്ളപൂക്കൾപച്ച (ബാല കവിതകൾ, സമാഹരണം) , ഓലപ്പൂക്കൾ (ബാലസാഹിത്യ കാവ്യം)
പുരികങ്ങൾക്കിടയിലെ സൂര്യോദയം (കവിതാ സമാഹാരം) , ചായക്കടപ്പുഴ

പുരസ്കാരങ്ങൾ : കുളത്തൂർ ശ്രീനാരായണ പ്ലാറ്റിനം ജൂബിലി കവിതാ പുരസ്കാരം(1997) ,
കെ സുരേന്ദ്രൻ സ്മാരക സാഹിത്യ അവാർഡ് (1998) , പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം പുരസ്കാരം (2003) , വിദ്യാഭ്യാസ വകുപ്പിന്റെ ജോസഫ് മുണ്ടശേരി കവിതാപുരസ്കാരം (2008) ,
യുവധാര അവാർഡ് (2009) , പഞ്ചമി മാതൃക പൊതുപ്രവർത്തക പുരസ്കാരം (2017) , തുഞ്ചൻ സ്മാരക സമിതി യുടെ കാവ്യശ്രേഷ്ഠ പുരസ്കാരം (2017) , അബൂദാബി ശക്തി അവാർഡ് കൈതമേൽ പച്ച എന്ന കാവ്യസമാഹാരത്തിന് ലഭിച്ചു(2018) , അക്ഷര മനസ്സ് ആർ പി പുരസ്കാരം(2018) , പുനലൂർ ബാലൻ കവിതാ പുരസ്കാരം (2018) , കേരള സർക്കാർ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവിതാ പുരസ്കാരം “ഓലപ്പൂക്കൾ “(2019) , ആവള ടി മാനവ പുരസ്കാരം(2019) , മൂലൂർ പുരസ്കാരം(2020) , അധ്യാപകലോകം അവാർഡ്(2021) , എഴുവന്തല ഉണ്ണികൃഷ്ണൻ സ്മാരക പുരസ്കാരം (2021 ) , ചുനക്കര രാമൻകുട്ടി പ്രഥമകവിതാ പുരസ്കാരം (2021) , ശൂരനാട് രക്തസാക്ഷി സ്മരണ പുരസ്കാരം(2021)

റ്റിജി തോമസ്

അവിടെ എത്താറായപ്പോൾ കുറെ കൂടി നേരത്തെ എത്തിച്ചേരാമായിരുന്നോ എന്ന് അയാൾ സ്വയം ചോദിച്ചുകൊണ്ടിരുന്നു.

എത്രയും നേരത്തെ വന്നാൽ അത്രയും നല്ലത്.

നേരത്തെ അയാൾക്ക് കിട്ടിയാൽ നിർദ്ദേശം അതായിരുന്നു. താമസിക്കുന്ന ഓരോ നിമിഷവും കുറ്റബോധവും നിരാശയും ഉളവാക്കിയ പൂർവ്വാനുഭവങ്ങൾ ഒഴിവാക്കാൻ അയാൾ പെട്ടെന്ന് നടന്നു . ബസിറങ്ങി കുറെ നടക്കേണ്ടി വന്നു . കാറിൽ വരാമായിരുന്നു . ഒറ്റയ്ക്ക് ഇത്രയും ദൂരം ഡ്രൈവ് ചെയ്ത് വരുന്നതിന്റെ ബുദ്ധിമുട്ട് ഓർത്തപ്പോൾ വേണ്ടെന്ന് വെച്ചതാണ്.

ചെറിയ ഒരു കെട്ടിടമാണ് ഫോറസ്റ്റ് ഓഫീസ്. അവിടെ അയാളെയും കാത്ത് ഫോറസ്റ്റ് ഓഫീസർ അരുണും വാച്ചർ രാഘവനും കാത്തു നിൽപ്പുണ്ടായിരുന്നു.

“താമസിച്ചുപോയോ ? ”
ഒറ്റയ്ക്കേ ഉള്ളൂ … അല്ലേ …”

ചിരിച്ചുകൊണ്ടാണ് ഫോറസ്റ്റ് ഓഫീസർ അരുൺ അയാളുടെ ചോദ്യത്തിന് മറുപടി എന്നോണം പറഞ്ഞത് … പെട്ടെന്ന് മറ്റു രണ്ടുപേരുടെയും മുഖം മനസ്സിലേക്ക് ഓടിയെത്തി. വരാമെന്ന് ഏറ്റിരുന്ന ഒരാൾ അനൂപായിരുന്നു. തൻറെ ക്യാമറയുമായി കാടുകയറുന്ന അനൂപിന്റെ വിവരണങ്ങളായിരുന്നു ഇങ്ങനെ ഒരു യാത്രയ്ക്ക് വിത്തുപാകിയത് …

മൂന്നാമൻ വിനോദായിരുന്നു…
മൾട്ടി നാഷണൽ കമ്പനിയിലെ സോഫ്റ്റ്‌വെയർ പ്രോജക്ടുകളുടെ നൂലാമാലകളിൽ നിന്ന് രക്ഷപ്പെടാനായിട്ടായിരുന്നു അയാളും അനൂപും കൂടി ഇങ്ങനെ ഒരു യാത്രയ്ക്ക് പദ്ധതി ഇട്ടതുതന്നെ …

പിന്നെ എപ്പോഴോ വിനോദ് ആകസ്മികമായി അതിലേയ്ക്ക് എത്തിപ്പെടുകയായിരുന്നു…

നീണ്ട ചർച്ചകൾ … അതിനായി തന്നെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പും തുടങ്ങി …
എന്നിട്ടാണ് ഒടുക്കം യാത്ര തന്നിലേക്ക് മാത്രമായി ചുരുങ്ങിയത്.

പ്രോജക്ടിന്റെ നൂലാമാലകൾ കൊണ്ടുതന്നെ അനൂപിനും വിനോദിനും ലീവ് കിട്ടിയില്ല. അവരുടെ പ്രോജക്റ്റിന്റെ ഫൈനൽ പ്രസന്റേഷൻ യാത്രയുടെ ദിവസം തന്നെയായത് എല്ലാം തകിടം മറിച്ചു.

നമ്മുടെ ജീവിതം കെട്ടുപിണഞ്ഞു കിടക്കുന്നു…
ജീവിതം …ജോലി… മേലുദ്യോഗസ്ഥർ …മറ്റൊരു രാജ്യത്തെ ക്ലൈന്റിന് വേണ്ടി ചെയ്യുന്ന പ്രോജക്ട് … അതുകൊണ്ടുതന്നെ ജീവിതത്തിലെ ചില സ്വകാര്യ നിമിഷങ്ങളെ കുറിച്ചുള്ള പ്ലാനുകൾക്കും പദ്ധതികൾക്കും ഒരു പ്രസക്തിയുമില്ല.

മുങ്ങി ചാകാൻ പോകുന്നവന് കിട്ടുന്ന കച്ചിത്തുരുമ്പു പോലെ അവസാനവട്ടം ഒരു പരിശ്രമം കൂടി നടത്തി.

പ്രോജക്റ്റിന്റെ പ്രസന്റേഷനിൽ ഓൺലൈനായി പങ്കെടുത്താലോ? വിനോദ് ആയിരുന്നു ആശയം പറഞ്ഞത്. കാടിനുള്ളിൽ ഇൻറർനെറ്റ് പോയിട്ട് മൊബൈൽ ഫോണിന് പോലും റേഞ്ച് കിട്ടില്ലെന്ന് ഫോറസ്റ്റർ അരുൺ നേരത്തെ പറഞ്ഞിരുന്നത് ഓർത്തപ്പോൾ ആ സാധ്യതയും മങ്ങി …

യാത്ര മാറ്റിവെച്ചാലോ ? തങ്ങളുടെ അസൗകര്യം പറയാൻ വിളിച്ചപ്പോൾ അനൂപും വിനോദും പറഞ്ഞ കാര്യം പലവട്ടം രാജേഷ് തന്നോട് തന്നെ ചോദിച്ചു …

പക്ഷേ അയാൾ ഉറച്ചു തന്നെയായിരുന്നു. ഇതിനായി എത്രവട്ടം ഫോറസ്റ്ററെ വിളിച്ചിരിക്കുന്നു. ഓരോ വട്ടവും വിളിക്കുമ്പോൾ അയാൾ വാച്ചർ രാഘവനെ കുറിച്ചും പറഞ്ഞിരുന്നു. ഒരു പ്രാവശ്യം അരുൺ രാഘവനെ വിശേഷിപ്പിച്ചത് കാട്ടറിവുകളുടെ എൻസൈക്ലോപീഡിയ എന്നാണ്. അയാൾ മാറ്റിവെക്കണമെന്ന് തീരുമാനിച്ചാൽ പോലും സാധ്യമല്ലാത്ത രീതിയിലേയ്ക്ക് കാട്ടിലേക്കുള്ള യാത്ര അയാളെ ആവേശിച്ചിരുന്നു. ഇനി ഒരുപക്ഷേ മറ്റുള്ളവരെ കൂടെ കൂട്ടാൻ യാത്ര മാറ്റിവെച്ചാലും താൻ ജോലി ചെയ്യുന്ന സോഫ്റ്റ് വെയർ കമ്പനിയിലെ ഭാവിയിലെ ദിവസങ്ങളെ കുറിച്ച് തനിക്ക് യാതൊരു നിയന്ത്രണവും ഇല്ലല്ലോ … പ്രത്യേകിച്ച് മൊബൈൽ റേഞ്ചും ഇൻറർനെറ്റും ഇല്ലാത്ത ഒരു ലോകത്തേക്ക് പോകാൻ…

അരുണിന്റെ ഓഫീസിനകത്ത് ഫോറസ്റ്റ് ഡിവിഷന്റെ വിശദമായ മാപ്പുണ്ട്.
അരുൺ പേപ്പറിൽ എന്തൊക്കെയോ എഴുതി …
വാച്ചർ രാഘവൻ പുറത്തുനിന്ന് കയറിവന്നു. അയാളുടെ കണ്ണുകളിൽ സ്നേഹഭാവമുണ്ട് …വർഷങ്ങളായി ഒന്നിച്ച് പഠിച്ച ഒരു സഹപാഠിയുടെ പരിചയം മുഖത്ത് നിറഞ്ഞുനിന്നു . വലതു കൈയ്യിൽ സാമാന്യം വലിപ്പമുള്ള വാക്കത്തി. ഇടതു കൈയ്യിലെ കുപ്പിയിൽ വെള്ളം ചരടിൽ കെട്ടി തൂക്കി പിടിച്ചിരുന്നു.

രാഘവൻ ഈ ഫോറസ്റ്റ് ഡിവിഷനിൽ ചെറുപ്പത്തിലെ ജോലിക്ക് കയറിയതാ …ഏറ്റവും സീനിയറായിട്ടുള്ള വാച്ചറാണ്…ഈ കാടിൻറെ മുക്കും മൂലയും അറിയുന്ന ആൾ…ഈ കാര്യങ്ങൾ ഫോണിൽ കൂടി അരുൺ ഒട്ടേറെ തവണ പറഞ്ഞിട്ടുണ്ട് . എങ്കിലും തന്റെ കീഴ്ജീവനാക്കാരനെ കുറിച്ചുള്ള സ്നേഹവും കരുതലും ആകാം സ്വയം അയാളെ കൊണ്ട് വീണ്ടും വീണ്ടും ഇത് പറയാൻ പ്രേരിപ്പിക്കുന്നത്.

ഞങ്ങളുടെ സംസാരത്തിന് ഒരു ചെറു ചിരി മാത്രമായിരുന്നു രാഘവന്റെ പങ്കുചേരൽ .

എന്നാ സമയം കളയണ്ട …അരുൺ പറഞ്ഞ താമസം രാഘവൻ നടന്നു തുടങ്ങി. രാജേഷ് ബാഗ് പുറത്തു തൂക്കി രാഘവന്റെ ഒപ്പം നടന്നു. കഴിഞ്ഞ കുറെ നാളുകളായി അയാൾ ഒട്ടേറെ ആലോചിച്ചത് കാട്ടിലെ വഴികളെക്കുറിച്ചായിരുന്നു. ടാറിട്ട നാലുവരി പാതകളിലൂടെയുള്ള സ്ഥിരപരിചയം അയാൾക്ക് കാട്ടിലെ വഴികളെ അന്യമാക്കിയിരുന്നു. എന്തിന് പണ്ട് സ്കൂളിൽ പഠിച്ചിരുന്ന കാലത്തെ ചെമ്മൺ പാതകൾ പോലും ഓർത്തെടുക്കാൻ ഇന്ന് അയാൾക്ക് ആകുമായിരുന്നില്ല.

രാഘവൻ മുന്നേ നടക്കുകയാണ്.
തൊട്ടു പിറകിൽ നടക്കുമ്പോൾ തന്റെ കിതപ്പിന്റെ ശബ്ദം അയാൾ തിരിച്ചറിഞ്ഞു.

വഴിയായിട്ടൊന്നുമില്ല… നടവഴിയിലേയ്ക്ക് ചാഞ്ഞു നിൽക്കുന്ന അടിക്കാടുകൾ ഇടയ്ക്കൊക്കെ രാഘവന്റെ വാക്കത്തിക്ക് ഇരയാവുന്നുണ്ട്. പെട്ടെന്ന് ഒരു അന്തച്ഛോദനയോടെ അയാൾ മൊബൈൽ ഫോണെടുത്തു.

“ഇവിടെ റേഞ്ച് കിട്ടില്ല … നമ്മൾ പോകുന്ന ചില ഭാഗത്ത് കിട്ടിയേക്കാം… സാറിന് വേണമെങ്കിൽ അപ്പോൾ വിളിക്കാം “…രാഘവൻ പറഞ്ഞു
രാജേഷിന് സന്തോഷം തോന്നി … ആരെയും വിളിക്കാതെ … ആരാലും വിളിക്കപ്പെടാതെ രണ്ട് ദിവസങ്ങൾ … വേണ്ടതും വേണ്ടാത്തതുമായ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് മോചനം … അയാൾ മൊബൈലിലെ ഫ്ലൈറ്റ് മോഡ് ഓൺ ആക്കി …

കാട്ടിലേക്കുള്ള രാജേഷിന്റെ രണ്ടാമത്തെ യാത്രയായിരുന്നു ഇത്. ആദ്യ യാത്ര 10 പേരടങ്ങിയ സംഘത്തിനൊപ്പമായിരുന്നു . പക്ഷേ അന്നത്തെ യാത്രയിൽ കാടു കണ്ടതായി അയാൾക്ക് തോന്നിയില്ല. എല്ലാവരും ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു. സെൽഫി പ്രളയം… ഒന്നിൽ പോലും കാടില്ലായിരുന്നു. അന്ന് ആരെങ്കിലും കാടിനെ അനുഭവിച്ചോ ?

ആൾക്കൂട്ടത്തിൽ നിന്ന് ഓടി അകന്ന് കാടിൻറെ വന്യതയിൽ ഒരു ഒറ്റപെടൽ അയാൾ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ യാത്രയുടെ ആലോചനാവേളയിൽ അയാൾ അനൂപിനോട് പറഞ്ഞു.
നമ്മുടെ യാത്രയിൽ കാടിൻറെ പടം മാത്രം എടുത്താൽ മതി …
വിനോദും അനൂപും ഇപ്പോൾ പ്രോജക്ട് പ്രസന്റേഷന്റെ തിരക്കിലായിരിക്കും …

രാഘവൻ ഒരു പടുകൂറ്റൻ മരത്തിന്റെ മുന്നിൽ നിന്നു .
” ഇതാണ് കമ്പകം…തടിയുറപ്പിൽ ഇവനെ കടത്തി വെട്ടാൻ ഒന്നുമില്ല … എത്രനാൾ കഴിഞ്ഞാലും ചെതിക്കത്തില്ല … ആനകൂടൊക്കെ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മരമാണ്.”

മരത്തിൽ തലോടിക്കൊണ്ട് അയാൾ അഭിമാനത്തോടെ പറഞ്ഞു … അത് പറയുമ്പോൾ അയാളുടെ മുഖത്ത് ഒരു പ്രത്യേക പ്രകാശം നിഴലിക്കുന്നുണ്ടോ ?
” ഈ മരത്തിന് എത്ര പഴക്കമുണ്ടാകും ….”
” ആവോ…”
“ഒരു മൂന്നു നൂറ്റാണ്ടെങ്കിലും പഴക്കമുണ്ടായിരിക്കും …അല്ലേ..” അയാൾ സ്വയം പറഞ്ഞു. മാർത്താണ്ഡവർമ്മ നാടുവാണിരുന്ന കാലത്തെ മരങ്ങൾ. ഒരുപക്ഷേ അതിലും മുമ്പുണ്ടായിരുന്നവ…. കാലഗണനയുടെ കണക്കു കൂട്ടലിൽ അയാൾ ഒന്നു പകച്ചുനിന്നു …

ആറടി പൊക്കത്തിൽ മരങ്ങളിൽ തൊലിയുരിഞ്ഞ് ചെളി പറ്റിയ പാടുകൾ കാണിച്ച് രാഘവൻ പറഞ്ഞു
“ആന ദേഹമിട്ടുരയ്ക്കുന്നതാണ് ….”
“ഇതാണ് വെള്ളിലാവ് …”
ഓരോ മരത്തെയും ബന്ധുവിന്റെ സ്ഥാനത്തുനിന്ന് അയാൾ പരിചയപ്പെടുത്തി. പക്ഷികളുടെ ശബ്ദത്തിലും കുറുകലിലും പുറകിലെ അവയുടെ പേരുകൾ അയാൾ ഉരുവിട്ടു കൊണ്ടിരുന്നു. ചെറിയ ഒരു കയറ്റം കയറി ചെന്നപാടെ അയാൾ നിശബ്ദനായി.

“സാറിന് കേൾക്കാൻ പറ്റുന്നുണ്ടോ …”
രാജേഷ് ചെവി കൂർപ്പിച്ചു …
“ഇല്ല..”

“ചെവിയടിയുടെ ഒച്ച കേൾക്കാം … നമ്മുടെ സാമിപ്യം അറിഞ്ഞാൽ ചെവിയടി നിൽക്കും …”
“ചെവിയടിയോ …”
രാജേഷിന്റെ ചോദ്യത്തിന് പതിഞ്ഞ സ്വരത്തിൽ അയാൾ ഒരു വിവരണം തന്നെ നടത്തി.
ആനകൾ സ്വൈര്യമായി വിഹരിക്കുമ്പോൾ ചെവി വിശറിപോലെ വീശുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തെയാണ് രാഘവൻ ചെവിയടി എന്ന് പറഞ്ഞത്. ആനയുടെ സാമീപ്യം അറിയാൻ രാഘവന്റെ കാട്ടറിവാണ് ചെവിയടിക്ക് വേണ്ടി കാതോർക്ക എന്നത് . മനുഷ്യൻറെ സാമീപ്യം ശബ്ദത്തിലൂടെയോ ഘ്രാണത്തിലൂടെയോ ജന്മസിദ്ധമായ ചോദനകളിലൂടെ മനസ്സിലാക്കുന്ന കാട്ടാനകൾ ചെവിയടി നിർത്തി നിശബ്ദമാകുമ്പോൾ ആന അടുത്തെങ്ങാനുമുണ്ടോ എന്നറിയാൻ കഴിയില്ല …
മനുഷ്യൻറെ സാമീപ്യം അറിഞ്ഞ ആന അനങ്ങാതെ നിൽക്കും. മുൻപിൽ പെട്ടു കഴിഞ്ഞാലേ അറിയൂ…
ഏതെങ്കിലും ഒരു കാൽവെയ്‌പിൽ പതിയിരിക്കുന്ന ഒരു കൊമ്പന്റെ സാമീപ്യം …

“ആന എവിടാണെങ്കിലും അയാൾക്ക് അറിയാൻ പറ്റും. അതാണ് രാഘവന്റെ കഴിവ് … ”
ഫോറസ്റ്റർ പറഞ്ഞത് രാജേഷ് ഓർത്തു.
“പാമ്പുകളൊക്കെ ഇഷ്ടം പോലെയുണ്ട് … നാട്ടിൽ പിടിക്കുന്ന പാമ്പുകളെ തുറന്നുവിടുന്നത് ഈ കാട്ടിലാണല്ലോ … പിന്നെ കടുവയും പുലിയും. അവരുടെ മെനുവിൽ നമ്മളില്ലല്ലോ … അതുകൊണ്ട് ഒട്ടും പേടിക്കേണ്ട …”
ഒരുപക്ഷേ യാത്രയുടെ സാഹസികതയ്ക്ക് എരിവും പുളിയും ചേർക്കാൻ അരുൺ പറഞ്ഞതാകാം ….
പെട്ടെന്ന് രാഘവൻ രാജേഷിനെ വിളിച്ചു ചൂണ്ടിക്കാണിച്ചു …
“സാറേ ഇതാണ് പൂത… അടുത്ത് എവിടെയോ കാട്ടുപന്നിയുണ്ട് … ”
ചെറു പ്രാണി കൂട്ടത്തെ ചൂണ്ടിക്കാണിച്ച് അയാൾ തുടർന്നു … കാട്ടിലെ എല്ലാം അയാളുടെ പരിചയക്കാരായിരുന്നു. ചെടികളും മരങ്ങളും മൃഗങ്ങളും പക്ഷികളും എല്ലാം പൂർവ്വജന്മത്തിലെ അടുപ്പക്കാരെ പോലെ അയാളോട് ബന്ധപ്പെട്ടിരിക്കുന്നു. പുല്ലാഞ്ഞി വെട്ടി ഔഷധ ഗുണമുള്ളതാണെന്ന് പറഞ്ഞ് അതിനുള്ളിലെ ചവർപ്പുള്ള വെള്ളം രാജേഷിന് കുടിക്കാൻ കൊടുത്തു. ഒരു ചെടിയുടെ ഇല പറിച്ച് അയാൾ പറഞ്ഞു.
“ഇതാണ് ദന്തപാല ഇലയിട്ട് കാച്ചിയ എണ്ണ ത്വക് രോഗവും തലമുടി വളരാനും നല്ലതാണ്…”
ദന്ത പാലയുടെ ഇല ഉരുക്കു വെളിച്ചെണ്ണയിൽ ഇട്ട് മൂന്നു ദിവസം വെയിലത്ത് വയ്ക്കണം. എണ്ണ വയലറ്റ് നിറമുള്ളതായിത്തീരും. ഇത് തേച്ചാൽ സോറിയാസിസ് നിശ്ശേഷം മാറും. തലയിൽ തേച്ചാൽ മുടി കൊഴിച്ചിലും താരനും മാറും.

ദന്തപാലയുടെ ഇല വായിലിട്ട് ചവച്ച് ഒന്ന് രാജേഷിന് നൽകി അയാൾ പറഞ്ഞു .
“ഒന്ന് ചവച്ചു നോക്കിയേ …”
ആദ്യത്തെ ചമർപ്പിലും പിന്നെ രസമുകളങ്ങളിൽ ഏറി വരുന്ന എരുവിലും രാജേഷിന്റെ മുഖത്തേയ്ക്ക് നോക്കി രാഘവൻ ചിരിച്ചു.
ഇടയ്ക്കിടയ്ക്ക് കടിക്കുന്ന അട്ടയെ ഉപ്പിട്ട് കളയുവാൻ സഹായിക്കുമ്പോൾ രാഘവൻ പറഞ്ഞു
“പേടിക്കണ്ട …ചീത്ത രക്തം അട്ട കടിച്ചു കളയുന്നത് നല്ലതാ…”
കാടിൻറെ നടുവിലെ താമസസ്ഥലത്ത് എത്തിച്ചേർന്നപ്പോൾ അയാൾക്ക് ക്ഷീണമുണ്ടെങ്കിലും മനസ്സ് എല്ലാ ബന്ധങ്ങളിൽ നിന്നും കെട്ടുപാടുകളിൽ നിന്നും വിമുക്തമായി ഭാരം കുറഞ്ഞ അവസ്ഥയിലായിരുന്നു.
ഇപ്പോൾ നമ്മൾക്ക് കാടിൻറെ മണമാ… വാസന സോപ്പിട്ട് കുളിച്ചാൽ നമ്മൾ കടന്നു കയറ്റക്കാരാവും …മൃഗങ്ങൾ പെട്ടെന്ന് അത് തിരിച്ചറിയും…. പിന്നെ ഒന്നിനേയും കാണാൻ പറ്റില്ല… രാഘവൻ പറഞ്ഞു … രാഘവൻ അയാൾക്ക് ഒരു പ്രഹേളിയായി തോന്നി … അയാളുടെ അറിവുകൾ ശേഖരിച്ചാൽ എത്ര പുസ്തകങ്ങളാക്കാം .
ഭക്ഷണം കഴിച്ച് ചീവീടിന്റെ സ്വരം കേട്ട് കാട്ടിലെ രാത്രിയെ നോക്കിയിരുന്നപ്പോൾ രാഘവൻ അയാളുടെ കഥ പറഞ്ഞു. കാട്ടിൽ ദേവിക്ക് വിളക്ക് വച്ച് ഈറ്റ മുറിക്കാൻ പോയ കാലം …ഈറ്റയും ഇഞ്ചയും കുന്തിരിക്കവും എടന തൊലിയും വിറ്റ് അരി മേടിച്ചത് ….
അങ്ങനെയുള്ള പലരും ഡിപ്പാർട്ട്മെന്റിന് ശല്യക്കാരായിരുന്നു. പല ശല്യക്കാരെയും ഡിപ്പാർട്ട്മെൻറ് വാച്ചർമാരാക്കി … ക്ലാസിലെ അലമ്പനെ ക്ലാസ് ലീഡർ ആക്കുന്നതുപോലെ . സ്ഥിരമായൊരു ജോലി ആയപ്പോൾ അവരെല്ലാം നന്നായി കാട് നോക്കി. കാട്ടുതീയുള്ളടത്ത് ഓടിയെത്തി …
ഏതോ ഒരു പക്ഷിയുടെ ശബ്ദം… അത് മൂങ്ങയാ … എല്ലാ ദിവസവും രാത്രി ഇവിടെ വരും . രാഘവൻ പറഞ്ഞു.
ചെറുപ്പത്തിൽ കാട്ടിൽ കണ്ണു കെട്ടി ചുറ്റിച്ചത് രാഘവൻ സ്കൂളിൽ പഠിക്കുമ്പോഴായിരുന്നു. കാട്ടിലൂടെ ഒട്ടേറെ നടന്നു… വഴിയറിയാതെ… എല്ലായിടവും ഒരുപോലെ തോന്നിയ കാര്യം പറഞ്ഞപ്പോൾ ഇപ്പോഴും അയാളുടെ കണ്ണുകളിൽ ചെറിയ ഭയമുണ്ടായിരുന്നോ ? അങ്ങനെ കണ്ണ് കെട്ടി ചുറ്റിച്ചാൽ പേടിക്കേണ്ടെന്ന് അപ്പൻ പറഞ്ഞു. എവിടെയെങ്കിലും കുറെ നേരം ഇരിക്കണം … അപ്പോൾ വഴി തെളിഞ്ഞു വരും …

വീണ്ടും രാഘവൻ എന്തൊക്കെയോ പറയുന്നുണ്ട് ….

അന്ന് ഉറക്കത്തിൽ അയാൾ രണ്ട് സ്വപ്നങ്ങൾ കണ്ടു… ഒന്നാമത്തേതിൽ അഞ്ചു നില കെട്ടിടത്തിലെ തന്റെ ഓഫീസിൽ നൂറുകണക്കിന് കമ്പ്യൂട്ടറുകളുടെ ഇടയിൽ അയാൾ ഒറ്റയ്ക്ക് ഇരിക്കുന്നതായിരുന്നു.
രണ്ടാമത്തെ സ്വപ്നം കാട്ടിലേതായിരുന്നു. ഒറ്റയ്ക്ക് കാടിൻറെ നടുവിൽ … അയാൾ രാഘവനെ അന്വേഷിച്ചു …രാഘവൻ എവിടെയാണ് …

 

റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ വകുപ്പ് മേധാവി. [email protected]

രാധാകൃഷ്ണൻ മാഞ്ഞൂർ

കാലമിന്നേറെ കഴിഞ്ഞു ഞാനീ
സ്കൂളിൻ വരാന്തയിൽ നിൽപ്പൂ
കാറ്റും വെളിച്ചവുമേറ്റു നിൽക്കും
കുന്നിൻ മുകളിലെ സ്കൂളങ്കണം ഓരോ ഋതുക്കളും കാത്തിരിക്കുന്നൊരീ ഓർമ്മചിരാതിൽ വന്നണഞ്ഞും
കാലം പതിയെ പുറകോട്ടു നിൽക്കുന്നു
എവിടെന്റെ പിൻവിളി കാലൊച്ചകൾ …
എവിടെന്റെ പിൻവിളി കാലൊച്ചകൾ
വഴിയൊരു വഴിയായ് പിരിയുന്നതും
ചിറകുകൾ വച്ച് ദൂരം പറന്നതും
ഉള്ളിൽ കിനാവിന്റെ കണ്ണീരുടഞ്ഞതും
കൗമാര കാലത്തിൻ മോഹഭംഗങ്ങളും …
ഭൂതകാലത്തിന്റെ കണ്ണാടി ശില്പമെ നന്ദി.
ഇലപ്പൊതിച്ചോറിനിരുപുറം നാം
കാണാത്ത പാഠത്തിൻ തോണി തുഴഞ്ഞതും
ചോക്കിൻ വരയിൽ ഒളിപ്പിച്ച നോവുകൾ
പ്രാണന്റെ പ്രാണനായി കാത്തുവച്ചും ഒപ്പം നടന്നും പങ്കിട്ടെടുത്തും
മറക്കാതിരിക്കട്ടെ വികൃതിക്കുറുമ്പുകൾ .
പകലന്യോന്യം പങ്കിട്ട സ്വപ്ന മഞ്ചാടികൾ
വീർപ്പുമുട്ടി വിതുമ്പി വേപഥു പൂണ്ടങ്ങനെ…
നിന്നെ മറക്കുന്നതെങ്ങനെന്ന് മൊഴിഞ്ഞവർ
പിന്നീടൊരിക്കലും കണ്ടില്ല … കേട്ടില്ല ഓർക്കുക … ഓർക്കുക മിത്രമെ
ഒപ്പം നടന്നവർ നാം…
കാലമിന്നേറെ കഴിഞ്ഞു ഞാനീ
സ്കൂളിൻ വരാന്തയിൽ നിൽപ്പൂ കാലം പതിയെ പുറകോട്ടു നിൽക്കുന്നു
എവിടെന്റെ പിൻവിളി കാലൊച്ചകൾ …

രാധാകൃഷ്ണൻ മാഞ്ഞൂർ :   ഫ്രീലാൻസർ. കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ മാഞ്ഞൂർ ഗ്രാമത്തിൽ പന്തല്ലൂർ വീട്ടിൽ പരേതരായ പി . കൃഷ്ണനാചാരിയുടെയും, ഗൗരി കൃഷ്ണന്റെയും മകനായി 1968 -ലെ ഏപ്രിൽ വേനലിൽ ജനനം.

മാഞ്ഞൂർ സൗത്ത് ഗവൺമെൻറ് സ്കൂൾ, മാഞ്ഞൂർ വി .കെ, വി .എം. എൻ. എസ് . എസ് സ്കൂൾ, കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

സമചിന്ത, പിറവി എന്നീ ലിറ്റിൽ മാഗസിനുകളിൽ എഡിറ്റോറിയൽ ബോർഡ് മെമ്പറായി . അക്ഷരക്കാഴ്ച മാസികയുടെ ചീഫ് എഡിറ്റർ, കാഞ്ഞിരപ്പള്ളി സമചിന്ത സാഹിത്യ സംഘം വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു .

1986 -ൽ ഭാരത കഥാപുരസ്കാരം, 1997 -ൽ അസീസി ചെറുകഥാ പുരസ്കാരം എന്നിവ ലഭിച്ചു . രണ്ട് കഥാപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. നിലാവിന്റെ ജാലകം (നവീന ബുക്സ് പൊൻകുന്നം , കോട്ടയം)

പരസ്യപ്പലകയിലൊരു കുട്ടി (ചിത്രരശ്മി ബുക്സ് , കോട്ടയ്ക്കൽ , മലപ്പുറം) കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു ) ഓൾ കേരള എഡിറ്റേഴ്സ് ആൻഡ് റൈറ്റേഴ്സ് അസോസിയേഷൻ ( അക്കേവ ) എന്നിവയിൽ മെമ്പർ . ഭാര്യ : ഗിരിജ മകൾ : ചന്ദന
Email : [email protected]
Facebook : RADHA KRISHNAN MANJOOR
ഫോൺ : 9447126462
8075491785

അനുജ സജീവ്

“ഹർഷ ബാഷ്‌പം തൂകി …
വർഷ പഞ്ചമി വന്നു …
ഇന്ദുമുഖീ … ”

യൂട്യൂബിൽ നിന്നും ഉയരുന്ന ഗാനത്തിനൊപ്പം നന്ദു തലയാട്ടി. ചിരിച്ചുകൊണ്ട് അടുക്കളയിൽ ഓണസദ്യ ഉണ്ടാക്കുന്ന തിരക്കിലായിരുന്ന അമ്മൂമ്മയെ പുറകിലൂടെ ചെന്ന് കെട്ടിപ്പിടിച്ചു.

“എന്താ …എന്താ … വേണ്ടേ …”

പെട്ടെന്നുള്ള ആക്രമണത്തിൽ അമ്മൂമ്മ ചൊടിച്ചു .

“അമ്മൂമ്മ പാട്ടു കേട്ടില്ലേ …”

ഉണ്ടക്കണ്ണുകൾ കുസൃതിക്കണ്ണുകളാക്കി നന്ദു ചിരിച്ചു.

അമ്മൂമ്മ പാട്ടിനായി ചെവിയോർത്തു.

“വിഫലമായ മധുവിധുവാൽ
വിരഹ ശോക സ്മരണകളാൽ അകലെയെൻ കിനാക്കളുമായ് ഞാനിരിക്കുന്നു … ”

കണ്ണുകളിൽ നനവു പടർന്നു. കൊച്ചുമകൾ അതു കാണാതിരിക്കാനായി സാരി തലപ്പുകൊണ്ട് മുഖം തുടച്ചു .

” പോടി… പെണ്ണെ … ” എന്നു പറഞ്ഞ് നന്ദുവിനെ ഓടിച്ചു. നന്ദുവിന്റെ ഭാഷയിൽ അപ്പൂപ്പന്റെ റൊമാൻസ് ഗാനമാണ് കേട്ടത്.

വിവാഹശേഷം മലബാറിലെ കണിയാംപറ്റയിലുള്ള സ്കൂളിൽ ജോലി നോക്കുമ്പോൾ ഇടുക്കി അണക്കരയിൽ നിന്നും ഓരോ ആഴ്ചകളിലും വരുന്ന മൂന്നും നാലും എഴുത്തുകളിൽ അദ്ദേഹത്തിൻറെ സ്നേഹത്തിൽ ചാലിച്ച സിനിമാഗാനങ്ങൾ . പാട്ടിനായി വീണ്ടും ചെവിയോർത്തു.

ഗ്രാമത്തിലെ സ്കൂളിൽ പത്താം ക്ലാസ് പഠനം കഴിഞ്ഞതോടെ ടിടിസിയ്ക്ക് മഠത്തിലെ സ്കൂളിൽ ചേർന്നു . പഠിപ്പു കഴിഞ്ഞപ്പോൾ തന്നെ ജോലി. അതും മലബാറിൽ . പെൺകുട്ടികൾക്ക് എത്രയും വേഗം ഒരു ആൺതുണ വേണമെന്ന അച്ഛൻറെ വാശിക്ക് മുന്നിൽ തലകുനിച്ചു. വരൻ ഇടുക്കിയിൽ അധ്യാപക ജോലിയുള്ളയാൾ. ഗൃഹഭരണത്തിൽ ഇതുവരെ യാതൊരു പരിചയവുമില്ലാത്ത എനിക്ക് അദ്ദേഹം എന്നും വഴികാട്ടിയായി.

” അവൾക്ക് വയ്ക്കാനൊന്നും അറിഞ്ഞുകൂടാ കുട്ടാ” എന്നു പറഞ്ഞ് എൻറെ അമ്മ നേരത്തെ തന്നെ നേടിത്തന്ന മുൻകൂർ ജാമ്യത്തിൽ അടുക്കളക്കാര്യങ്ങളിൽ അദ്ദേഹത്തിൻറെ ശിഷ്യയായി.

പാവയ്ക്ക തീയലിന്റെയും വെള്ളരിക്കാ പച്ചടിയുടെയും അവിയലിന്റേയും ഹരം പിടിപ്പിക്കുന്ന മണങ്ങൾ എന്റെ മൂക്കിൽ തുളഞ്ഞു കയറി. അരിയും പയറും ചേർന്ന പായസം … ഇപ്പോഴും നാവിൽ വെള്ളമൂറുന്നു. എല്ലാ ഓണനാളിലും അദ്ദേഹത്തിനും മക്കൾക്കുമൊപ്പമിരുന്നുള്ള ഓണസദ്യ ഓർമ്മയിൽ നിറയുന്നു.

” അപ്പൂപ്പന്റെ പായസം, ഉപ്പേരി, ശർക്കരവരട്ടി … ഇതെല്ലാം നാട്ടിൽ ഫെയ്മസാണല്ലേ അമ്മൂമ്മേ …” നന്ദു വീണ്ടും വന്നിരിക്കുന്നു. കൈയ്യിൽ മുറ്റത്തെ റോസാ ചെടിയിൽ നിന്നും പിച്ചിയ ഒരു പൂവുമുണ്ട്. ഒറ്റക്കാലിൽ മുട്ടുകുത്തി നിന്ന് പൂവ് എൻറെ നേരെ നീട്ടി … ഒറ്റക്കണ്ണിറുക്കി … “വിൽ യു മാരി മി”.

മുറ്റത്തെ പൂച്ചെടികളിലുണ്ടാകുന്ന ആദ്യപുഷ്പം അദ്ദേഹം എന്നും എനിക്കായിരുന്നു സമ്മാനിച്ചിരുന്നത്. നന്ദുവിന്റെ ഭാഷയിൽ പ്രൊപ്പോസൽ.

പൂ വാങ്ങി പകരം ഉരുളിയിൽ നിന്നും ചുക്കിന്റെയും ജീരകം ഏലക്കാ എന്നിവയുടെയും മണം പൊങ്ങുന്ന ആവി പറക്കുന്ന ശർക്കര വരട്ടി എടുത്ത് നന്ദുവിനു കൊടുത്തു.

” അപ്പൂപ്പന്റെ ശർക്കര വരട്ടിയുടെ അത്രയും ശരിയായില്ല ” കണ്ണിറുക്കി അവൾ വീണ്ടും ചിരിച്ചു. കുഞ്ഞു മകളെ കെട്ടിപ്പിടിച്ച് ഞാനും ആ ചിരിയിൽ പങ്കുചേർന്നു. ആകാശത്തിരുന്ന് അപ്പൂപ്പൻ ഇതെല്ലാം കാണുന്നുണ്ടാവും അല്ലേ…

അനുജ.കെ : ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍   ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .

ലിജി മാത്യു

ചത്ത മേഘങ്ങൾ പോൽ
പെയ്യാത്ത വാക്കുകൾ
കെട്ടിക്കിടക്കുമാകാശം..
പെറ്റമ്മ പോലും
കനിഞ്ഞുമ്മ വെക്കാത്ത
നെറ്റിത്തടം പോലശാന്തം…

വഴിതെറ്റി വന്നെൻ
വിളക്കിൽ കുടുങ്ങിയ
ചെറു പൊൻ പറവപോൽ വെട്ടം
ചിറകിട്ടടിച്ചു മരിച്ചു, എൻ കണ്ണിനു
വെറുതെയായ് കാഴ്ചാസാമർഥ്യം..

മിണ്ടാതെ ഒഴുകുന്നു രാത്രി
തിരക്കൊന്നുമില്ലാത്തപോലെ പതുക്കെ…
മുങ്ങുകയാണ് ഞാൻ
ഉള്ളിൽ ഒരാൾമാത്രമുള്ളോരു കപ്പൽ കണക്കെ..

ആഴത്തിൽ ആഴത്തിലേയ്ക്ക് താഴുമ്പോൾ
അനാവശ്യമാണിത്ര മൗനം..
വിങ്ങലോ തേങ്ങലോ ഗദ്ഗദമോ ദീർഘ –
നിശ്വാസമോ ഇല്ല പൂർണം… !

മരണക്കയത്തിലെ ചേർമണമല്ലെന്നെ
പുണരുന്നതുൻമാദ ഗന്ധം
ഈ ജലശയ്യയിലെന്റെ പുതപ്പിനും
എല്ലു തുളയ്ക്കുന്ന ശീതം
ഈ അവസാനക്കിതപ്പിലെൻ
നെഞ്ചത്തൊരൊന്നു മില്ലായ്മതൻ ഭാരം
ഇട്ടിട്ടു പോകാനൊരിഷ്ടവുമില്ലെന്ന
ദുഃഖ മില്ലെന്നുള്ള ദുഃഖം..

ലിജി മാത്യു

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ സേവനം അനുഷ്ഠിക്കുന്നു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശം . “ഡിസംബർ ” ആണ് ആദ്യ കവിതാ സമാഹാരം. ദൈവാവിഷ്ടർ , തഥാഗത എന്നീ നോവലുകൾ ഡിസി ബുക്ക് പബ്ലിഷ് ചെയ്തു. മൂന്നാമത്തെ നോവലായ പെണ്ണാഴങ്ങൾ പ്രസാധനം ചെയ്തത് സാഹിത്യപ്രവർത്തക സഹകരണ സംഘമാണ് .

ബാബുരാജ് കളമ്പൂർ

നീരു വറ്റിയ പുഴയിൽ നിന്നൊരു
കാറ്റു കേഴുന്നൂ..
നേരു ചത്ത മനസ്സിലേയ്ക്കതു
പാറിവീഴുന്നു..

പാതിവെന്തു കരിഞ്ഞ ചിറകിൽ
മോഹവും പൂശി
പാവമാമൊരു പക്ഷിയകലെ
പ്പാട്ടു പാടുന്നു..
ആധിവിങ്ങിയടഞ്ഞ ശബ്ദം
നീറിയടരുമ്പോൾ ..
ആയിരം കരിനിഴലുകൾ ചേർന്നിരുളു നെയ്യുന്നു.

പുഴയിറമ്പിൽപ്പഴയ കാലം വെയിലിൽ വാടുന്നൂ
വയൽ വരമ്പിലിരുന്നു മൗനം
മൊഴികൾ തേടുന്നു
അകലെ മുകിലിൻ പടവുകൾക്കും മുകളിലായേ തോ
പുതിയ ദൈവം പിറവി കൊള്ളും
നടനഘോഷങ്ങൾ..

വേനൽ പെയ്തു കരിഞ്ഞുണങ്ങിയ
കാടു പറയുന്നു,
ചോറ്റു കനവിൽ വീണു ചത്ത
കിടാങ്ങൾ തൻ കഥകൾ
കോട്ട കാക്കും വേട്ടനായ്ക്കൾ
കാത്തു നിൽക്കുന്നു
ആർത്തനാദ ധ്വനികൾ ചുറ്റും
നേർത്തു മായുന്നു.

കണ്ണുകെട്ടിക്കൂട്ടിലിട്ടൊരു
കിളികളപ്പോഴും
രാജരാജ സ്തുതികൾ പാടി
പ്പാടിയാർക്കുന്നു..

നീരു വറ്റിയ പുഴയിൽ നിന്നൊരു
കാറ്റു കേഴുന്നൂ..
നേരു ചത്ത മനസ്സിലേയ്ക്കതു
പാറി വീഴുന്നു..

ബാബുരാജ് കളമ്പൂർ.

കവി, കഥാകാരൻ,വിവർത്തകൻ -മഹാഭാരതം, വാല്മീകി രാമായണം എന്നിവയുടെ പുനരാഖ്യാനവും തീമഴക്കാലം, വാരണാവതം, പശ്ചിമായനം എന്നീ നോവലുകളും ഉൾപ്പടെ അമ്പതിലേറെ പുസ്തകങ്ങളുടെ രചയിതാവ്. മലയാളം – തമിഴ് ഭാഷകളിൽ കഥകൾ എഴുതുന്നു. എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് കളമ്പൂർ സ്വദേശി .
Mob: 8075245980/E – Mail: [email protected]

ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഓണപ്പാട്ടുകൾ കേൾക്കുന്നുണ്ടോ ? മുറ്റം നിറയെ ഓടിക്കളിച്ചിരുന്നിരുന്ന ഉണ്ണികളെവിടെ ? പടർന്നു പന്തലിച്ചു നിന്നിരുന്ന വർണാഭമായ പൂക്കളെവിടെ ?പൂക്കാലമെവിടെ ? തുമ്പികളെവിടെ ?
പാരമ്പര്യ ഓർമകളെല്ലാം നമുക്കിന്നൊരു ചോദ്യങ്ങളായി മാറിയിരിക്കുകയാണ് .

ഓണമെന്നാൽ കുംഭനിറച്ചു കിടന്നുറങ്ങുന്നതിലും കൂടുതൽ കാര്യങ്ങളുണ്ടറിയാൻ . ഓണമൊരു ഐത്യഹ്യമാണ് . ശീതകാല അറുതിയുടെ സമയത്തെ ആഘോഷങ്ങൾ ഗ്രഹത്തിലെ മിക്കവാറും എല്ലാ സംസ്കാരങ്ങളിലും കാണാവുന്നതാണ് . തമിഴ്‌നാട്ടിൽ പൊങ്കൽ, ബംഗാളിലെ നബന്ന, അസമിലെ ബിഹു, പഞ്ചാബിലെ ലോഹ്രി & ബൈശാഖി, കേരളത്തിൽ ഓണം എന്നിങ്ങനെ .

പുതിയ സൂര്യന്റെ ഉദയമായാണ് ഓണത്തിനെ കാണുന്നത്. പുരാതന റോമിൽ, ഇത് സാറ്റർനാലിയ എന്ന പേരിൽ ആഘോഷിക്കപ്പെട്ടു, അതായത് ഇത് കൃഷിയുടെയും ഭക്ഷണത്തിന്റെയും ദേവനായ ശനിയെക്കുറിച്ചാണ്. അവർ ആഘോഷിക്കുന്നത് . ഓണക്കാലങ്ങളിൽ പച്ചക്കറികൾ കൂടുതലായി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിലൂടെ നമ്മൾ മാംസഭൂക്കുകളേക്കാൾ അധികമായി സസ്യഭുക്കുകളാണെന്നും,സസ്യാഹാരത്തിന്റെ ഗുണമേന്മയും അതിന്റെ ആവശ്യകതയും അവ നമ്മുടെ സ്വഭാവരൂപീകരണത്തിനു വരെ പച്ചക്കറികൾക്ക് റോളുണ്ട് എന്നുമൊക്കെ ഊന്നിക്കാട്ടാനായാണ് പത്തുതരം പച്ചക്കറികൾ കൂട്ടി ഓണമുണ്ണുന്നത് . അല്ലാതെ പത്തു കറിവെക്കാനുള്ളത്രേം സാമ്പത്തിക ശേഷി ഉണ്ടെന്ന് കാണിക്കാനല്ല .

ദക്ഷിണേന്ത്യയിൽ, ഇന്നും മകരസംക്രാന്തി ആഘോഷം കാർഷിക സമൂഹങ്ങളുടെ ഒരു വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ്. റോമിൽ സാറ്റർനാലിയ ഒരു അവധിക്കാലമായിരുന്നു – യജമാനന്മാരും അടിമകളും അവരുടെ സ്ഥാനങ്ങൾ. മറന്ന് ഒത്തുകൂടിയിരുന്നൊരു കാലം .

മധ്യേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലും ഓണം പോലുള്ള ഇത്തരം ആഘോഷങ്ങൾ വ്യാപകമായിരുന്നു. എന്നാൽ ക്രിസ്തുമതത്തിന്റെ ആവിർഭാവത്തോടെ യൂറോപ്പിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഈ പാരമ്പര്യങ്ങൾ നശിപ്പിക്കപ്പെട്ടു.

ഇന്നിപ്പോൾ നമ്മൾ മോടിപിടിപ്പിച്ചു കാത്തുസൂക്ഷിച്ചു കൊണ്ടുവന്നിരുന്ന ഓണമെന്ന ആഘോഷം ഈ കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ, വളരെ ഭയാനകമായി തകർന്നിരിക്കുന്നു. ഇന്നിപ്പോൾ പൂക്കളില്ല പൂക്കളമില്ല പൂക്കൾ പറിക്കാൻ ഉണ്ണികളില്ല . ഊഞ്ഞാലില്ല, ഊഞ്ഞാലാടാൻ, കൈകൊട്ടികളിക്കാൻ മങ്കമാരില്ല.

പത്തോ പന്ത്രണ്ടോ വർഷങ്ങൾക്ക് മുമ്പ് ഒരു കാലമുണ്ടായിരുന്നു, നടീൽ കാലം എല്ലാവരും ഒത്തുചേർന്ന് സഹകരിച്ച് പാട്ടും നൃത്തവും നടീലും വിളവെടുപ്പുമൊക്കെ നടത്തിയിരുന്നൊരു കാലം. ഇന്ന് എല്ലാ പാട്ടും നൃത്തവും പൂർണ്ണമായും ബാഷ്പീകരിക്കപ്പെട്ടു . ഇന്നത് ടെലിവിഷനിലോ സിനിമയിലോ പാട്ടും നൃത്തവും മാത്രമായി ഒതുക്കപ്പെട്ടു . ഇന്ന് ഗ്രാമീണ ജനതയുടെ മുഴുവൻ ആത്മാവും ഇല്ലാതായി.

ആധുനിക ജീവിതത്തിന്റെ ആവിർഭാവത്തോടെ, നമ്മൾ ടെലിവിഷനിലും കമ്പ്യൂട്ടറിലും ഒതുങ്ങിനിൽക്കരുത്. പുറത്ത് വന്ന് ആഘോഷിക്കാനും, വായു അനുഭവിക്കാനും, കാലാവസ്ഥയിലെ മാറ്റം അനുഭവിക്കാനും, ഗ്രഹവുമായി സംഭവിക്കുന്ന മാറ്റങ്ങൾ കാരണം നമ്മുടെ ഉള്ളിൽ സംഭവിക്കുന്ന മാറ്റങ്ങൾ അനുഭവിക്കാനും ഉള്ള സമയമാണിത്. നമുക്കാ ശ്രുതിക്കൊട്ടും താളവും മേളവുമൊക്കെയുള്ള ആ വർണാഭമായ കാലം തിരിച്ചുപിടിക്കണ്ടേ ……

ജോസ്‌ന സാബു സെബാസ്റ്റ്യൻ : കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന പുസ്തകത്തിൻറെ രചയിതാവ് .

പാലാ മരങ്ങാട്ടുപിള്ളി സ്വദേശിയാണ്. വിവാഹശേഷം യുകെ യിൽ ഭർത്താവും രണ്ടു കുട്ടികളുമൊത്തു കുടുംബസമേധം താമസിക്കുന്നു. വൈക്കം സെന്റ്‌ ലിറ്റിൽ ഫ്‌ളവേഴ്സിൽ , വൈക്കം ശ്രീനാരായണ ഹൈയർ സെക്കണ്ടറി എന്നിവിടങ്ങളിൽ സ്കൂൾ പഠനം . ബാംഗ്ലൂരിൽ നിന്നു അഗ്രികൾചറിൽ ബിരുദം . നഴ്സിംഗ് പഠനതിനുശേഷം യുകെയിൽ കുറേനാൾ ഹെൽത്ത് കെയറിൽ ജോലിചെയ്യുകയും അവിടെനിന്ന് തന്നെ ബിസിനസ് മാനേജ്‌മെന്റിൽ ബിരുദവും എടുത്തു .

ഇന്റെഗ്രേറ്റിവ്‌ ഹോളിസ്റ്റിക് മെഡിസിൻ ആൻഡ് ന്യൂട്രിഷൻ പഠിക്കുകയും നേഴ്സിങ് ഹോമിൽ അസിസ്റ്റന്റ് മാനേജർ ആയും നുട്രീഷനിസ്റ്റ് ആയും പിന്നീട് നാഷണൽ ഹെൽത്ത് സിസ്റ്റത്തിൽ ഡിസ്ചാർജ് സൗകര്യം ഒരുക്കുന്നതിൽ ഏർപ്പെടുകയും ചെയ്തു .

പിങ്കി എസ്

ഓണം – ഐതിഹ്യത്തിന്റെ ശക്തി സൗന്ദര്യമാണ്. ഓണത്തെ സംബന്ധിച്ച് പല ചരിത്ര രേഖകളും കണ്ടെത്താൻ കഴിയുമ്പോഴും , ഓണം ആത്യന്തികമായി ഒരു വിളവെടുപ്പ് ഉത്സവമായാണ് കരുതി വരുന്നത്. ഓണം തമിഴ് നാട്ടിൽ നിന്നും നമ്മുടെ നാട്ടിലേക്ക് കുടിയേറിയതാണെന്നാണ് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്.

സംഘ കാലത്ത് മലയാള നാട്ടിലും ബുദ്ധമതം ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കർക്കിടകത്തിന്റേയും മഴക്കാലത്തിന്റേയും പഞ്ഞകാലം കഴിഞ്ഞ് ആളുകൾ വീണ്ടും വാണിജ്യം തുടങ്ങുന്ന മാസമാണ് ശ്രാവണ മാസം. പാലി ഭാഷയിൽ ഉള്ള സാവണം, ലോപിച്ചതാകണം ശ്രാവണം.പിന്നീടത് ഓണമായി മാറിയെന്നും കരുതുന്നു. പണ്ടു കാലത്ത് ചിങ്ങമാസത്തിലാണ് വിദേശ കപ്പലുകൾ സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരള തീരത്ത് കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണം കൊണ്ടു വരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങ മാസമെന്നും , ഓണത്തെ പൊന്നോണമെന്നും വിളിച്ചു തുടങ്ങി. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം.

ഓണത്തെക്കുറിച്ച് ഓർക്കുമ്പോൾ പ്രധാനമായും മനസ്സിലേക്ക് ഓടിയെത്തുക ഓണസദ്യ തന്നെയാണ്. ഉണ്ടറിയണം ഓണം … എന്നാണ് ചൊല്ല് . ലോകമെമ്പാടുമുള്ള മലയാളികൾ തിരുവോണ ദിവസം വിഭവ സമൃദ്ധമായ സദ്യ ഒരുക്കാറുണ്ട്. എന്നാൽ ഈ സദ്യയിലുമുണ്ട് വൈവിധ്യങ്ങൾ. വടക്കൻ കേരളത്തിലെ കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ തിരുവോണ നാളിൽ ഇലയിൽ മത്സ്യമോ, മാംസമോ വിളമ്പാതെ സദ്യ പൂർണ്ണമാകില്ല. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശുദ്ധ വെജിറ്റേറിയൻ സദ്യയാണ് ഓണത്തിന് കണ്ടു വരുന്നത്. മലപ്പുറം കോഴിക്കോട് ജില്ലക്കാർ മൂന്നാലു ദിവസം മുമ്പ് തന്നെ പുളിയിഞ്ചി നാരങ്ങ മുതലായവ ഒരുക്കി ഓണ സദ്യക്ക് തയ്യാറെടുക്കുമ്പോൾ തെക്കൻ ജില്ലക്കാർ ഉത്രാട നാളിലാണ് പ്രധാനമായും ഇതിനു വേണ്ടി പരക്കം പായുന്നത്. വിഭവ സമൃദ്ധമായ സദ്യയിൽ പ്രധാനമായും എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്പ്, ചവർപ്പ് എന്നീ ആറു രസങ്ങൾ ഉണ്ടായിരിക്കും.

ഓണത്തെ മുൻ നിർത്തി ഭക്ഷണ സംസ്കാരത്തിന്റെ ചരിത്രം എന്തായിരിക്കും എന്ന് ഒരാലോചന നടത്താം.
ബഹുഭൂരിപക്ഷം മലയാളികളും ശുദ്ധ വെജിറ്റേറിയൻ ആയിരിക്കാൻ ഇഷ്ടപെടുന്നില്ലെങ്കിലും, തെക്കൻ കേരളത്തിലെ തിരുവോണ നാളിലെ ശുദ്ധ സസ്യാഹാര രീതി കൗതുകമുളവാക്കുന്ന ഒന്നാണ്. തിരുവോണ നാളിൽ മത്സ്യ മാംസാദികൾ ആഹരിക്കുക എന്നത് അവരുടെ വിദൂര ചിന്തയിൽ പോലും ഇല്ല. എന്നാൽ മുൻപിൻ ദിവസങ്ങളിൽ ഇതിനൊന്നും യാതൊരു തടസവും ഇല്ല താനും. ഒരുപക്ഷേ ഫ്യൂഡൽ ജന്മിത്വ വാഴ്ചയുടെ കാലത്ത് അടിയാള വിഭാഗങ്ങളിൽ പെട്ട മനുഷ്യർക്ക് ആണ്ടിലൊരിക്കലെങ്കിലും ജന്മിമാരെ പോലെ വിഭവ സമൃദ്ധമായ ഊണ് കഴിക്കുക എന്നത് ഒരു സ്വപ്നമായിരുന്നിരിക്കാം. വിഭവ സമൃദ്ധമെന്നാൽ അന്നത്തെ പ്രമാണിമാരുടെ വിസ്തരിച്ചുള്ള ശാപ്പാടും, അതിനു ശേഷമുള്ള നാലും കൂട്ടിയുള്ള മുറുക്കും ആണെന്ന് പറയേണ്ടതില്ലല്ലോ. ആചാരപരമായി തന്നെ ചില ആഹാര പദാർത്ഥങ്ങൾ ചില ജാതികൾക്ക് വിലക്കപ്പെട്ടിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. നിഷേധിക്കപ്പെടുന്ന അവകാശങ്ങൾ സ്ഥാപിച്ചെടുക്കാനുള്ള ത്വരയിൽ നിന്നുമാകാം തന്റെ സ്ഥായിയായ ജീവിത ക്രമത്തിന്റെ ഭാഗം അല്ലാതിരുന്നിട്ടു പോലും അത്തരം ശുദ്ധ സസ്യ ഭക്ഷണ ശൈലി അവൻ ഓണത്തിനെങ്കിലും സ്ഥാപിച്ചെടുക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണ ശ്രമം പോലും സാമൂഹിക മാറ്റത്തിലേക്കുള്ള ചുവടു വയ്പായി കരുതുന്നതിൽ തെറ്റില്ല.

19ാം നൂറ്റാണ്ടിൽ അവർണ്ണ പ്രധാനികളായ ഈഴവർക്കും മറ്റും , വിവാഹത്തിന് നാലു തരം വിഭവങ്ങളോടെ സദ്യ നടത്തണമെങ്കിൽ പോലും മഹാരാജാവിന് മുൻകൂട്ടി പണം അടിയറ വെച്ച് അനുവാദം വാങ്ങേണ്ടിയിരുന്നു. എറണാകുളം പ്രവൃത്തിയിൽ ചിറ്റൂരു ദേശത്ത് കെള മംഗലത്ത് വീട്ടുകാർ കീഴ് മര്യാദ അല്ലാതെ അധിക പദവികൾ എടുത്ത് കൊണ്ട് പെണ്ണ് കെട്ട് കല്യാണം കഴിച്ചതിന് ശിക്ഷ ലഭിച്ചതായി പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം എന്ന കൃതിയിൽ പി.ഭാസ്ക്കരനുണ്ണി രേഖപ്പെടുത്തുന്നുണ്ട്. അധിക പദവി എന്നു പറയുന്നത് ഒരാറു കാലി പന്തലു കെട്ടിയതോ, വലിയ പപ്പടം കാച്ചി വിളമ്പിയതോ ഒക്കെ ആകാം. ഇക്കാര്യങ്ങൾ കേൾക്കുമ്പോൾ ഭക്ഷണ കാര്യങ്ങളിൽ വിലക്ക് ഉണ്ടായിരുന്നത് കീഴ് ജാതിക്കാർക്ക് മാത്രമാണെന്ന് ധരിക്കരുത്. മറിച്ച് ഭക്ഷണത്തിൽ ബ്രാഹ്‌മണർക്കും ഉള്ളി, വെളുത്തുള്ളി, ചുരയ്ക്ക, കരിഞ്ചണം, നെല്ലി എന്നിവയുടെ ഉപയോഗം വർജ്യമായിരുന്നു. മനു സ്മൃതിയിൽ അഭക്ഷ്യ പദാർത്ഥങ്ങളുടെ കൂട്ടത്തിൽ വെളുത്തുള്ളി, മുരിങ്ങ, ചുവന്നുള്ളി, ഭൂമിയിലും മരത്തിലുമുണ്ടാകുന്ന കൂൺ, അശുദ്ധ സ്ഥലങ്ങളിലുണ്ടാകുന്ന പദാർത്ഥങ്ങൾ ഇവ ബ്രാഹ്മണനു നിഷിദ്ധമെന്ന് പറയുന്നുണ്ട്. 19-ാo നൂറ്റാണ്ടിൽ പോലും ഇതിനു വ്യത്യാസമുണ്ടായതുമില്ല. പൊതുവേ എല്ലാ ജനങ്ങളും നന്നേ പുലർന്നുള്ള ഭക്ഷണം, അത്താഴമെന്ന നേരം മങ്ങിയുള്ള ഭക്ഷണം എന്നിങ്ങനെയുള്ള രണ്ടു നേരത്തെ ആഹാരം കൊണ്ട് തൃപ്തരായിരുന്നു. ഇതിൽ ഉയർന്ന നായന്മാരുടെ ഭവനങ്ങൾ ഒഴികെയുള്ള നായർ ഭവനങ്ങളിലും, ഈഴവർ തൊട്ടുള്ള താണ ജാതിക്കാരുടെ പുരകളിലും നിത്യഭക്ഷണം വളരെ മോശപ്പെട്ടത് ആയിരുന്നു. ചോറ് അപൂർവ്വം – അഥവാ ഉണ്ടെങ്കിൽ ഏറ്റവും മോശപ്പെട്ട അരിയുടേത് ആയിരുന്നു. ചാമ, തിന, മുള, നെല്ല്, കൂവരക്, മുതിര, പയറ് ഇവ കൊണ്ടുള്ള കഞ്ഞിയോ, കാടിയോ, പുഴുക്കോ കൊണ്ട് അവർ ഒരു വിധം അഷ്ടി കഴിച്ചു വന്നു. എന്നാൽ ഇല്ലങ്ങളിലും , പ്രഭു ഭവനങ്ങളിലും എന്നും സമൃദ്ധിയുടെ വിളയാട്ടവും. ഭക്ഷണം വെജിറ്റേറിയൻ വേണോ, നോൺ വെജിറ്റേറിയൻ വേണമോ എന്നുള്ളത് ആചാരപരമായി തീരുമാനിക്കപ്പെടുന്ന പ്രവണത ഇന്നും നില നിൽക്കുന്നു. ശുദ്ധമായ സസ്യഭക്ഷണ രീതി ബുദ്ധജൈന മതങ്ങളുടെ സംഭാവന ആയിരുന്നിരിക്കണം.

നാം പൂർണ്ണമായും സസ്യഭുക്കുകൾ ആയിരുന്നു എന്നത് നമ്മുടെ വേദങ്ങൾ പോലും അവകാശപ്പെടുന്നില്ല. എങ്കിലും ഭക്ഷണം ഇപ്പോഴും രാഷ്ട്രീയ ഉപകരണമാകുന്നു. മലയാളിയുടെ സന്തോഷത്തിന്റെ നല്ല ദിനങ്ങളാണ് ഓണ നാളുകൾ. അനേകം കളികളുടെ ഉത്സവമാണ് ഓണം. പുത്തനുടുപ്പിട്ട കുഞ്ഞുങ്ങളുടെ ഊഞ്ഞാലേറലാണ് ഓണം. ആദരിക്കപ്പെടുന്ന വൃദ്ധ മനസ്സുകളുടെ നിറവാണ് ഓണം. കാർഷിക സമൃദ്ധിയുടെ മധുരമുള്ള ഓർമ്മകളാണ് ഓണം. മാനവ മൈത്രിയുടെ സന്ദേശം ആവർത്തിച്ചു പുതുക്കലാണ് ഓണം.

വരുന്ന ഓണ നാളുകളേയും നമുക്കിഷ്ടമുള്ള ആഹാരം കഴിച്ചു കൊണ്ട് സന്തോഷത്തിന്റെ ദിനങ്ങളാക്കി മാറ്റാം.

പിങ്കി എസ്: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. ബാങ്കിംഗ് ദേശസാൽക്കരണത്തിന്റെ 52-ാം വാർഷികത്തോടനുബന്ധിച്ച് ഊർജ്ജസ്വല ബാങ്കിംഗ്, ഊർജ്ജസ്വല ഭാരതം എന്ന വിഷയത്തെ മുൻനിർത്തി രാജ്യത്തെ പ്രഗൽഭമതികളെ ഉൾക്കൊള്ളിച്ച് AlBEA നടത്തിയ ഒരു മാസം സെമിനാർ പ്രബന്ധങ്ങൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് പുസ്തകമാക്കിയിട്ടുണ്ട്.

ഡോ.ഉഷാറാണി .പി.

ആലക്തികദീപങ്ങളെക്കാൾ ഭംഗിയുണ്ടെനിക്കെന്നാ-
ദ്യത്തെയോണത്തിനാമോദരാവിൽ,
ആശ്ലേഷംകൊണ്ടനുഗ്രഹിച്ചൊരു
മൊഴിയിൽ നീ
മിഴിപൊത്തി ഞാൻ.

അപരിചിതത്വത്തിൻ്റെയിരുണ്ട പകലുകൾക്കറുതി –
പെടുത്തിയ പ്രഥമരാവുകളിലൊന്നി തു,
നിറദീപസമൃദ്ധിയിൽമുങ്ങി നഗരമദ്ധ്യത്തിലെ-
യോണരാവിൻപ്രഭയിൽ ഞങ്ങളും
നിലയ്ക്കാത്ത തിരക്കിൻ്റെയോരംതേടി.
ഒരു ചെറുചിരി തുടുപ്പിച്ചയെൻ്റെ
കവിളത്തു മിന്നിയ വർണ്ണവിളക്കുകൾ
ഓർമ്മയിലെയോണത്തിനു തനിയാവർത്തനം.

ബാല്യം മുതൽക്കെൻ്റെ നാലോണരാത്രികൾ
നാടോടിപ്പാട്ടിനുംമീതെ പ്രിയം തുന്നി,
അലങ്കാരവിളക്കിൻ്റെ നാഗരികവെട്ടത്തിൽ
സ്വപ്നം നിറച്ചിട്ടുമൂഞ്ഞാലിലാട്ടിയും
അത്തക്കളത്തിൽ പൂകൊണ്ടു മൂടിയും
തൂശനിലത്തുമ്പിൽ മാധുര്യമേറ്റിയും
പാലടപ്രഥമൻ നുകർന്നിരുന്നു.

പാടേപതിച്ചെടുത്തേകിയ ചുംബനത്തിൻ്റെയിളംചൂടൊപ്പി
കുങ്കുമക്കുറിപടർന്നു തിളങ്ങുന്ന
പുലർകാലവാനവുമെൻ്റെ തിരുനെറ്റിയും
പൊന്നോണംകൊണ്ടു പുണ്യമാവാഹിച്ചു
കൺകളിലേന്തുന്നു പ്രിയനുടെ സ്നേഹദീപങ്ങൾ.

ഡോ.ഉഷാറാണി .പി

തിരുവനന്തപുരം ജില്ലയിൽ മണക്കാടിനടുത്ത് 1975 ൽ ജനനം. കെ.ജി.പ്രഭാകരനാചാരിയും കെ.പത്മവുമാണ് മാതാപിതാക്കൾ. ഗവ.സ്കൂൾ മണക്കാട്, ആൾ സെയിൻ്റ്സ് കോളേജ് തിരുവനന്തപുരം, ഗവ.യൂണിവേഴ്സ് റ്റി കോളേജ് തിരുവനന്തപുരം, ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി തിരുവനന്തപുരം കേന്ദ്രം എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം കഴിഞ്ഞ് കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റു നേടി. സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിലെ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ ആറ്റുകാൽ ചിന്മയ വിദ്യാലയത്തിൽ. ആനുകാലികങ്ങളിൽ സാഹിത്യരചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ആത്മ നിവേദനം’ എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു.

വിലാസം: പ്രഭാതം, ടി.ആർ.ഏ-39, താവലോട് നഗർ, മുട്ടത്തറ, തിരുവനന്തപുരം – 8.
ഫോൺ – 9746201959

ശ്രീകുമാരി അശോകൻ

ഓണം വന്നോണം വന്നോണം വന്നേ
ഓമനത്തുമ്പികൾ പാറിവന്നേ
ഓണത്തപ്പന് പൊന്നാട ചാർത്തുവാൻ ഓണനിലാവിന്നൊരുങ്ങിവന്നേ
പാടത്തിനോരത്ത് പൂമ്പാറ്റപ്പൈതങ്ങൾ
പാറിപ്പറക്കുന്നേ തോഷമോടെ
പൂഞ്ചേല ചുറ്റിയ ചിങ്ങമഴപ്പെണ്ണ്
പൂമുറ്റമാകവേ ശുദ്ധമാക്കി
അത്തക്കളത്തിൽ നിരത്തുവാൻ പൂവുമായ്‌
അമ്മിണിത്തത്തമ്മ ചാരെയെത്തി
ആറ്റിറമ്പിൽ പൂത്തു നിൽക്കണ പാച്ചോറ്റി
ആരാരും കാണാതെ പുഞ്ചിരിച്ചേ
താളത്തിൽ പാടുന്നേ പച്ചപ്പനങ്കിളി
താമരത്തുമ്പിയും കൂടെയുണ്ടേ
പൂങ്കാവുകളെല്ലാം പൂവണിഞ്ഞേ
പൂവായ പൂവെല്ലാം പുഞ്ചിരിച്ചേ
ഓണം വന്നോണം വന്നോണം വന്നേ
ഓമനത്തുമ്പികൾ പാറിവന്നേ.

ശ്രീകുമാരി. പി

ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ശ്രീനാരായണ പബ്ലിക് സ്കൂൾ പാവുമ്പയിലെ അധ്യാപിക. നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് അവാർഡും സമന്വയ കാവ്യ പ്രഭാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved