literature

ഡോ. ഐഷ വി

ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടാനായി നടത്തിയ റാലിയിൽ കല്ലട സി വി കെ എം ഹൈസ്കൂളിലെ വിദ്യാർത്ഥികളായിരുന്ന തോപ്പുവിള വീട്ടിൽ വിദ്യാധരനും വിശ്വംഭരനും പങ്കെടുത്തിരുന്നു. നന്നേ ചെറുപ്പത്തിലുണ്ടായ മാതാപിതാക്കളുടെ വിയോഗം രണ്ടു പേരിലും വലിയ ആഘാതം സൃഷ്ടിച്ചിരുന്നെങ്കിലും മൂത്തയാളായ വിദ്യാധരന് അതൊക്കെ വേഗം അതിജീവിക്കാൻ കഴിഞ്ഞു . എന്നാൽ വിശ്വംഭരനാകട്ടെ ജന്മനാൽ തന്നെ വായുടെ ഭാഗത്തുള്ള കോടലും ഇടയ്ക്കിടെ അലോസരപ്പെടുത്തിയിരുന്ന സന്നിയും ഒരിക്കലും അതിജീവിക്കാൻ കഴിയാത്ത അപകർഷാ ബോധത്തിന് അടിപ്പെടുത്തിയിരുന്നു. വിശ്വംഭരൻ ചിത്രരചനയിൽ നല്ല മികവു പുലർത്തിയിരുന്നതിനാൽ കുണ്ടറയിൽ ചിത്രരചന പഠിക്കാൻ ആക്കിയിരുന്നു. പഠനത്തിലും വിശ്വംഭരൻ മുന്നിലായിരുന്നു. കുറച്ചു വളർന്നപ്പോൾ ഹൃദയത്തകരാറു കൂടി വിശ്വംഭരനെ അലട്ടിയിരുന്നു. അന്ന് മദ്രാസ് മെഡിക്കൽ കോളേജിൽ മാത്രമേ തെക്കേ ഇന്ത്യാക്കാർക്ക് എത്താൻ പാകത്തിന് ഹൃദശസ്ത്രക്രിയാ വിഭാഗം ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ജ്യേഷ്ഠാനുജന്മാർ വിൽക്കാൻ പറ്റുന്ന വസ്തുവകകളെല്ലാം വിറ്റുപെറുക്കി പണം സ്വരൂപിച്ച് മദ്രാസിലേയ്ക്ക് വണ്ടി കയറി. അവിടെ വച്ച് ശസ്ത്രക്രിയ കഴിഞ്ഞ് ജ്യേഷ്ഠൻ അനുജനെ കയറി കണ്ടു. വെള്ളം ചോദിച്ചെങ്കിലും നേഴ്സുമാർ കൊടുത്തില്ല. നേഴ്സുമാർ രോഗികളെ പരിചരിക്കുന്നതിനാവശ്യമായി സാധനങ്ങൾ വച്ചിരുന്ന ട്രേയിൽ നിന്നും ഐസ് ക്യൂബുകൾ എടുത്ത് വിശ്വംഭരൻ വായിലിട്ടതിനെ തുടർന്ന് വീണ്ടും തീയറ്ററിലേയ്ക്ക് കയറ്റേണ്ടിവന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷം സുഖം പ്രാപിച്ച് നാട്ടിലെത്തി.

പഠനത്തിൽ മികവ് പുലർത്തിയിരുന്ന വിശ്വംഭരന് ഗവ ഐറ്റി ഐയിലെ പഠന ശേഷം സർവ്വേ ഓഫ് ഇന്ത്യയിൽ ജോലി കിട്ടി ഹൈദരാബാദിലെത്തി. ഇടയ്ക്ക് നാട്ടിൽ പോയപ്പോൾ ശമ്പളം വാങ്ങി ഒരു ബന്ധുവിനെ ഏൽപ്പിക്കാൻ ഓഫീസിലെ ഒരു സ്റ്റാഫിനെ ചുമതലപ്പെടുത്തി. നാട്ടിൽ നിന്നും തിരിച്ചെത്തിയ വിശ്വംഭരന് ശമ്പളത്തുക കിട്ടിയില്ല. ശമ്പളം ബന്ധുവിനെ ഏൽപ്പിച്ചെന്ന് ഓഫീസിലെ സ്റ്റാഫും കിട്ടിയില്ലെന്ന് ബന്ധുവും പറഞ്ഞതോടെ കാര്യം വക്കേറ്റത്തിലും തുടർന്ന് കൈയ്യാങ്കളിയിലും വിശ്വംഭരന്റെ രാജിയിലും കലാശിച്ചു. രാജി വച്ച് കഴിഞ്ഞ് നാട്ടിലെത്തിയ വിശ്വംഭരന്റെ മാനസിക നില വഷളായി. അര നൂറ്റാണ്ട് മുമ്പുള്ള കാലമായതിനാൽ മനോരോഗികളോട് സമൂഹത്തിനുള്ള കാഴ്ചപ്പാട് നികൃഷ്ടമായിരുന്നു. വേണ്ടത്ര ചികിത്സയും ലഭ്യമായിരുന്നില്ല.

മനസ്സിന്റെ ഇരുളിൽ നിന്ന് വെളിച്ചത്തിലേയ്ക്കും തിരിച്ചുമുള്ള ആന്ദോളനങ്ങൾക്കിടയിൽ കടുത്ത തലവേദന വരുമ്പോൾ കടുകരച്ച് നെറ്റിയിൽ ഇടുന്ന ശീലം വിശ്വംഭരനുണ്ടായിരുന്നു. ഇത് ഒരു ബന്ധു വീട്ടിൽ വച്ച് ചെയ്തപ്പോൾ അവർക്ക് പ്രശ്നമായിരുന്നു. ജോലി നഷ്ടപ്പെടുത്തി കൈയ്യിൽ കാശില്ലാതെ വന്നപ്പോൾ ജ്യേഷ്ഠാനുജന്മാരുടെ പറമ്പിൽ ഉണ്ടായിരുന്ന ഓരോ വർഷവും നൂറിലേറെ ചക്ക കായ്ക്കുന്ന വരിക്കപ്ലാവ് മുറിച്ച് വിൽക്കാൻ തീരുമാനിച്ചു. പിന്നെ ആളെ വരുത്തി പ്ലാവ് വിറ്റു. അച്ഛനമ്മമാർ മരിച്ച് കഴിഞ്ഞ് ജ്യേഷ്യാനുജന്മാരുടെ വിശപ്പടക്കാൻ സഹായിച്ചിരുന്നത് ഈ അമ്മച്ചി പ്ലാവായിരുന്നു. ഇത് ചോദ്യം ചെയ്ത ജ്യേഷ്ഠനെ അനുജൻ നെറ്റിയിൽ പരുക്കേല്പിച്ചു. അവരുടെ അമ്മച്ചി പ്ലാവ് അവശേഷിച്ച കുറ്റിയിൽ നിന്നും മൂന്ന് ശാഖകളായി പടർന്ന് പന്തലിച്ചു . ദീർഘ കാലം നൂറുകണക്കിന് ഫലങ്ങൾ നൽകി കൊണ്ടിരുന്നു.

മനോനില തെറ്റുമ്പോൾ വിവിധ സ്ഥലങ്ങളിലേയ്ക്ക് യാത്ര പോവുകയും പിന്നീട് എപ്പോഴെങ്കിലും തിരികെയെത്തുകയും ചെയ്യുന്ന ശീലമായിരുന്നതിനാൽ ജ്യേഷ്ഠൻ ഭാര്യാ സമേതം ജോലി സ്ഥലത്തായിരുന്നതിനാൽ അനുജനെ പാർപ്പിക്കാൻ ഇടമില്ലാതിരുന്നതിനാൽ ജ്യേഷ്ടന്റെ ഭാര്യ വീട്ടിൽ താമസിപ്പിച്ചു. പുറത്തിറങ്ങി നടന്ന സമയത്ത് പലരും ഉപദ്രവിച്ചിരുന്നു. ഒരുവൻ കാൽ കൊണ്ട് ചവിട്ടി. അതേ കാൽ പിന്നീട് പ്രമേഹം വന്ന് മുറിയ് ക്കേണ്ടി വന്നപ്പോൾ നാട്ടുകാർ വിധിച്ചു : വിശ്വംഭരനെ ചവിട്ടിയതു കൊണ്ടാണ് കാൽ മുറിയ് ക്കേണ്ടി വന്നതെന്ന് .

മനസ്സ് വെളിച്ചത്തിൽ നിന്നും ഇരുട്ടിലേയ്ക്ക് പോയപ്പോൾ ഒരു ദിവസം ചിറക്കര ത്താഴത്തെ ഒരു ഏറുമാടക്കടയുടെ പടിയിൽ കിടന്നു. നല്ല നിലാവുള്ള രാത്രി. നല്ല കറുപ്പുനിറമുള്ള ചായകടക്കാരൻ വെളുപ്പു നിറമുള്ള ജീവനക്കാരനെ കൊന്ന് ഏറുമാടക്കടയുടെ അടിയിൽ കൊണ്ടു വച്ചു. ഇതു കണ്ടെങ്കിലും വിശ്വംഭരൻ കണ്ണും പൂട്ടി കിടന്നു. സംഭവത്തിന് ഒരേ ഒരു ദൃക് സാക്ഷി. പിറ്റേന്ന് പോലീസെത്തി ചോദ്യം ചെയ്തപ്പോൾ ഒരു കറുത്ത പട്ടി വെളുത്ത പട്ടിയെ കൊന്ന് ഏറുമാടക്കടയുടെ അടിയിൽ കൊണ്ടു വച്ചെന്നായിരുന്നു വിശ്വംഭരന്റെ മറുപടി. ഇത് ഒരു ഭ്രാന്തന്റെ ജല്പനമായേ പോലീസ് കരുതിയുള്ളൂ. അങ്ങനെ ആ കേസ് തേഞ്ഞുമാഞ്ഞില്ലാതായി.

ജനങ്ങൾ വിശ്വംഭരനേയും വിശ്വംഭരൻ തിരിച്ചും ഉപദ്രവിച്ചപ്പോൾ ജ്യേഷ്ഠൻ അനുജനെ കോടതി മുഖേന തിരുവനന്തപുരം ഊളൻ പാറയിലുള്ള മാനസിക ചികിത്സാ കേന്ദ്രത്തിലാക്കിയിരുന്നു. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന രോഗി ഡോക്ടർമാരുടേയും അന്തേവാസികളുടേയും പ്രിയങ്കരനായി മാറി. കാലവും ചികിത്സയും മനോരോഗം മാറ്റി. ജ്യേഷ്ഠന്റെ കുടുംബം നാട്ടിൽ സ്ഥിര താമസമാക്കിയപ്പോൾ ജ്യേഷ്ഠനും കുഞ്ഞമ്മയും കൂടി വിശ്വംഭരനെ കാണാൻ പോയി. പിന്നെ ജ്യേഷ്ഠൻ ജോലി സ്ഥലത്തായിരുന്നപ്പോൾ കുഞ്ഞമ്മ ഇടയ്ക്കിടെ വിശ്വംഭരനെ പോയി കണ്ട് വിശേഷങ്ങൾ വീട്ടിലറിയിച്ചു കൊണ്ടിരുന്നു. കോടതി മുഖാന്തിരം മനോരോഗ ചികിത്സാ കേന്ദ്രത്തിലാക്കിയതിനാൽ കോടതി വഴി തന്നെ തിരിച്ച് കൊണ്ടുവരണമായിരുന്നു.

അങ്ങനെയിരിക്കേ 1981 ജനുവരിയിലെ ആദ്യ ചൊവ്വാഴ്ച ജേഷ്ഠന്റെ മകൾ ഋതുമതിയായി. ഒരു മുത്തശ്ശി കണക്കുകൂട്ടിയിട്ട് പറഞ്ഞു. ചൊവ്വാഴ്ച ഋതുമതിയായാൽ വീട്ടിൽ മരണം സുനിശ്ചിതം. ഇത്തിരി പുരോഗമന ചിന്താഗതിക്കാരിയായതിനാൽ പെൺകുട്ടി അത് വിശ്വസിച്ചില്ല. പിറ്റേന്ന് വീട്ടിലേയ് ക്കൊരു കത്തു വന്നു വിശ്വംഭരന് അസുഖം കൂടുതലാണ്. വയറിന് ഒരു ശസ്ത്രക്രിയ വേണം. രക്തക്കുറവും ഉണ്ട്. ജ്യേഷ്ഠൻ വീട്ടിലേയ്ക്ക് അനുജനെ കൊണ്ടുവരാനുള്ള സജ്ജീകരണങ്ങൾ ഒരുക്കി. കോടതി, വീട് , മനോരോഗ ചികിത്സാ കേന്ദ്രം എന്നിവിടങ്ങളിലേയ്ക്കുള്ള യാത്രകൾ തകൃതിയായി നടന്നു. ഒരാഴ്ചയ്ക്കുള്ളിൽ അനുജന്റെ മരണം സംഭവിച്ചു. നിരന്തര ശ്രമങ്ങൾക്കൊടുവിൽ മൃതദേഹം വീട്ടിലേയ്ക്ക് കൊണ്ടുവന്നു.

കാലം കടന്നുപോയപ്പോൾ മനോരോഗികളോട് അനുതാപത്തോടെ പെരുമാറാൻ സമൂഹം ഏറെക്കുറെ പഠിച്ചു. ശരീരത്തിനെന്ന പോലെ മനസ്സിന് ചികിത്സ തേടാനും പൊതുജനങ്ങൾക്കുള്ള മടി കുറഞ്ഞു . ചികിത്സാലയങ്ങളുടെ എണ്ണം കൂടി.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

രാധാകൃഷ്ണൻ മാഞ്ഞൂർ

മനുഷ്യജീവിതത്തിൻെറ പുതുകാല പ്രതിസന്ധികളിൽ വായനയ്ക്കും അപചയം സംഭവിച്ചിരിക്കുന്നു. എഴുത്തിൻെറ ഋതുഭേദങ്ങൾക്കൊപ്പം നിലകൊള്ളേണ്ടവർ , നിരന്തരം സംവദിയ്ക്കപ്പെടേണ്ടവർ കൂടുതൽ നിശബ്ദരാവുന്നു. കാലത്തിനനുസരിച്ച് ഭാഷയെ നവീകരിക്കാത്തതുകൊണ്ട് എഴുത്തിൽ പിന്തള്ളപ്പെടുന്നു .

സൈബർ കഥയിടങ്ങളിൽ നിന്നും മലയാള ചെറുകഥയുടെ എഴുത്ത് ഭൂപടങ്ങളിലേക്ക് നടന്നു കയറുന്ന കഥാകാരൻ സുരേഷ് തെക്കീട്ടിൽ. കുന്തിപ്പുഴയും, വള്ളുവനാടൻ ഭാഷയും തെക്കേട്ടിൽ കഥകളിൽ സമൃദ്ധമായി നിറഞ്ഞൊഴുകുന്നു. ജീവിതങ്ങളിൽ പൂക്കുന്ന നന്മയുടെയും സ്നേഹത്തിൻെറയും ഉദാത്ത കഥകൾ പറയുന്നു…. ഒരുപക്ഷെ മറ്റൊരു കഥാകാരനും കാണാത്ത അനുഭവ തലങ്ങളിൽ …. പാരിസ്ഥിതികമായി, ലാവണ്യപരമായി കഥ പിൻപറ്റുന്ന എല്ലാ സ്ഥലരാശികളെയും മാറ്റി മറിക്കുന്ന എഴുത്തുരീതി.

മലപ്പുറം ജില്ലയിൽ പുലാമന്തോളിൽ നടുത്ത പാലൂരിൽ തെക്കേട്ടിൽ ശങ്കരനാരായണൻ നായരുടെയും, പാതായ്ക്കര അമ്മിക്കല്ലിക്കൽ സാവിത്രിയുടെയും മകനായി ജനനം. പാലൂർ ഏ . എൽ . പി . സ്കൂൾ, പുലാമന്തോൾ ഗവൺമെൻറ് ഹൈസ്കൂൾ, പെരിന്തൽമണ്ണ ഗവൺമെൻറ് കോളേജ്, പട്ടാമ്പി ഗവൺമെൻറ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. പട്ടാമ്പി ശിൽപ്പ-ചിത്ര കോളേജിൽ ചിത്രകലാ പഠനം. പാരലൽ കോളേജ് അധ്യാപകനായിരിക്കെ ഇരുപത്തിമൂന്നാം വയസ്സിൽ സർക്കാർ ജോലി. കഥകളും ഹൃസ്വ കഥകളും, കവിതകളുമായി 1500 ഓളം രചനകൾ. അഞ്ഞൂറോളം രചനകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ആകാശവാണിയിലൂടെ കഥകളും, ലളിതഗാനങ്ങളും പ്രക്ഷേപണം ചെയ്യപ്പെട്ടു . സർക്കാരിൻ്റെ ഓൺലൈൻ റേഡിയോ ആയ കൈരളി റേഡിയോയിൽ പ്രഭാഷണങ്ങൾ ചെയ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള പ്രസാധകൻമാരുടെ 30 കൂട്ടു പ്രസിദ്ധീകരണങ്ങളിൽ പങ്കാളിയായി. മുക്കം ഭാസി മാസ്റ്ററുടെ ആത്മകഥ ഉൾപ്പെടെ പത്ത് കൃതികൾക്ക് അവതാരിക എഴുതി . മൈത്രി ഓൺലൈൻ റേഡിയോയിൽ ഒരു ആഴ്ച ഒരു പുസ്തകം എന്ന രീതിയിൽ ഒരു വർഷം പുതിയ എഴുത്തുകാരുടെ പുസ്തകങ്ങൾ അവലോകനം നടത്തി .

ഏറ്റവും കൂടുതൽ കഥകളുമായി മലയാളത്തിൽ പ്രഥമ കൃതി ഇറക്കിയ എഴുത്തുകാരൻ .

 

കൃതികൾ

1 . സവിനയം പറയട്ടെ.
( 377 ഹൃസ്വ കഥകളുടെ സമാഹാരം)
ചിത്ര രശ്മി ബുക്.സ് മലപ്പുറം.

2 . കഥ നിറയും കാലം.
( 34 കഥകളുടെ സമാഹാരം )
ആപ്പിൾ ബുക്സ് പാലക്കാട്.

3 . കഥയും ഉണരും കാലം.
( 160 കുഞ്ഞു കഥകളുടെ സമാഹാരം)
ചിത്ര രശ്മി ബുക്സ്.

4 . നിറഞ്ഞൊഴുകും നിള വീണ്ടും.
( 150 കഥകളുടെ സമാഹാരം)
കെ . കെ ബുക്‌സ് മേഴക്കൂർ

5 . പത്തോർമ്മകളും പിന്നെ
പാലൂരോർമ്മകളും.
( ഓർമ്മക്കുറിപ്പുകൾ) ചിത്ര രശ്മി ബുക്സ്

പുരസ്ക്കാരങ്ങൾ

1. 2015 -ൽ തൃശൂർ സ്വർഗ്ഗം സാഹിത്യവേദിയുടെ സർഗ്ഗ ദീപ്തി പുരസ്കാരം.

2. ഇടുക്കി വാതിൽ മാസികയുടെ പുരസ്കാരം 2015 -ൽ

3. 2016 -ൽ പാലക്കാട് ഗ്രന്ഥപുര കവിതാപുരസ്‌ക്കാരം.

4. തൃശൂർ പന്തിരുകുലം ആർട്ട്സ് അക്കാദമി പുരസ്കാരം 2016 -ൽ ലഭിച്ചു.

5. 2016 -ൽ കോട്ടയത്തുനിന്ന് പങ്കജാക്ഷിയമ്മ മെമ്മോറിയൽ അവാർഡ്.

6. 2017 -ൽ തൃശ്ശൂർ സർഗ്ഗം സാഹിത്യവേദി പുരസ്കാരം.

7. 2017 -ൽ കൊല്ലം സമന്വയം സാഹിത്യ പുരസ്കാരം.

8. 2017 -ൽ പാലൂർ സുബ്രഹ്മണ്യ പുരസ്കാരം .

9. 2019 -ൽ ബോധി പുരസ്കാരം.

10. 2019 -ൽ മേഴത്തൂർ കെ. കെ. ബുക് സിൻെറ അക്ഷര പ്രഭ പുരസ്കാരം.

11. ‘ഇന്ന്’ മാസികയുടെ അഖിലകേരള തപാൽ ബന്ധു പുരസ്കാരം 2019 -ൽ .

12. 2020 -ൽ കോട്ടയം പരസ്പരം വായനക്കൂട്ടം കവിതാ അവാർഡ്.

13. 2021 -ൽ ജാലകം പുരസ്കാരം. കൂടാതെ കഥാ രംഗത്തെ സജീവതയ്ക്ക് പാലൂർ ആലഞ്ചേരി ക്ഷേത്ര കമ്മിറ്റി നൽകിയ പ്രത്യേക പുരസ്കാരം.

2016 നവംബർ 15 മുതൽ 2018 മാർച്ച് 30 വരെ മുഖപുസ്തകത്തിൽ ഒരു ദിവസം ഒരു കഥ എന്ന രീതിയിൽ തുടർച്ചയായി തെക്കീട്ടിൽ കഥകൾ എന്ന പേരിൽ 500 കഥകൾ എഴുതി. ഇന്ത്യയിൽ ഒരു ഭാഷയിലും അതുവരെ ഒരു എഴുത്തുകാരനും നടത്തിയിട്ടില്ലാത്ത ഈ കഥാപ്രയാണത്തിലൂടെ 2018 -ൽ യൂണിവേഴ്സൽ റെക്കോർഡ് ഫോറം നാഷണൽ റെക്കോർഡ് നേടി. ഇതുവഴി സോഷ്യൽ മീഡിയയിൽ തുടർച്ചയായി കഥകൾ എഴുതി റെക്കോർഡ് സ്ഥാപിക്കുന്ന ആദ്യ ഇന്ത്യൻ എഴുത്തുകാരൻ എന്ന ചരിത്ര നേട്ടത്തിനുടമയായി.

എഴുത്തിൻറെ ആദ്യകാലങ്ങൾ എങ്ങനെ ഓർത്തെടുക്കുന്നു ?

എഴുത്തിൽ എനിക്ക് ഒരു പാരമ്പര്യവും അവകാശപ്പെടാനില്ല. പ്രോത്സാഹനം നൽകാനോ കൈപിടിച്ചു നടത്താനോ ഒന്നും ആരുമുണ്ടായിരുന്നില്ല . അതിയായ ആഗ്രഹം എനിക്കുണ്ടായിരുന്നു. ഒരു പുസ്തകം എൻെറ പേരോടുകൂടി ഇറങ്ങുന്നത് എന്നും സ്വപ്നം കണ്ടിരുന്നു. എന്നാൽ വലിയൊരു ഭാഗ്യം എന്നു പറയുന്നത് പാലൂർ എന്ന കലാഗ്രാമത്തിലെ സാഹചര്യങ്ങൾ ശ്രമത്തിലൂടെ ഒരു കലാകാരന് അനുകൂലമാക്കിയെടുക്കാൻ കഴിയുന്നതായിരുന്നു എന്നതാണ് . പ്രത്യേകിച്ച് എൻറെ കൗമാരം കയറിവന്ന എൺപതുകളുടെ രണ്ടാം പകുതി. എന്നിലെ നടനും എഴുത്തുകാരനും എൻെറ കഴിവിനനുസരിച്ച് അത് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ആദ്യരചന നാടകമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഒന്ന് വിശദമാക്കാമോ?

ശരിയാണ് നാടകമായിരുന്നു തുടക്കം. നാടകത്തെ കുറിച്ചുള്ള ധാരണ ഒട്ടുമേ ഉറയ്ക്കാത്ത കാലത്ത് നടത്തിയ ഒരു സാഹസം എന്ന് പറയാൻ പറയാമതിനെ . ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് മാപ്പ് എന്ന നാടകം എഴുതി സംവിധാനം ചെയ്യുന്നത്. പുലാമന്തോൾ ഹൈസ്കൂൾ യുവജനോത്സവത്തിൽ ഒന്നാം സ്ഥാനം നേടി. ആ ഒന്നാം സ്ഥാനം സത്യത്തിൽ ഇന്നും എനിക്ക് വിസ്മയമാണ്.

എഴുത്തു രംഗത്തെ മോഹം?

ഈ ചോദ്യത്തിന് ഉത്തരം പറയുമ്പോൾ ഒരു ചോദ്യമാണ് മനസ്സിൽ വരുന്നത്. എന്താണ് മോഹിക്കാൻ പാടില്ലാത്തത്. എന്താണതുകൊണ്ട് കാര്യം എന്നുകൂടി ചിന്തിക്കേണ്ട. എന്നാലും മോഹമുണ്ട്. ഒരു മോഹവുമില്ലാത്തവൻ മുന്നോട്ടുപോവുന്നതെങ്ങനെ എന്നും ആലോചിക്കാറുണ്ട്. ‘ തെക്കേട്ടിൽ കഥകൾ’ എന്ന പേരിൽ ആയിരം കഥകളുടെ ഒരു പുസ്തകം പ്രതീക്ഷയുണ്ട് സാധ്യമാകുമെന്ന് .

എഴുത്തിൻറെ ആഹ്ളാദങ്ങൾ ?

അഞ്ചു പുസ്തകങ്ങൾ പലതിനും പുതിയ പതിപ്പുകൾ, 13 പുരസ്കാരങ്ങൾ. ഭൂരിഭാഗവും മത്സരങ്ങളിലൂടെ വലിയ പുരസ്കാരങ്ങൾ ആണോ എന്ന് ചോദിച്ചാൽ എന്നെ സംബന്ധിച്ച് വളരെ വലുത് എന്നു തന്നെ പറയും . 2018 -ൽ യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറം ദേശീയ റെക്കോർഡ് സ്ഥാപിച്ചു. ഇന്ത്യയിൽ ഒരു ഭാഷയിലും ഒരു എഴുത്തുകാരനും അതുവരെ ഇത്തരത്തിൽ ഒരു കഥാപ്രയാണം നടത്തിയിട്ടില്ലായിരുന്നു. അതൊരു ചരിത്ര നേട്ടം തന്നെയല്ലെ . കൂടുതൽ ശക്തർ വന്നേക്കാം. വരും . തീർച്ചയായും വരണം. എന്നാലും ആദ്യത്തെയാൾ. ഒരു സാധാരണക്കാരന് അഭിമാനിക്കാൻ ഇതൊക്കെ ധാരാളമല്ലെ .

ഒറ്റവരി കഥകൾ എഴുതുന്നത് വളരെ ശ്രമകരമല്ലെ ? ചാട്ടൂളിപോലെ കുറിക്കുകൊള്ളുന്ന വരികൾ താങ്കളുടെ എഴുത്ത് പ്രത്യേകതയാണ്. എങ്ങനെ കാണുന്നു ഈ വിഷയത്തെ ?

ഒറ്റവരിയിൽ കഥയെഴുതുക എന്നത് പ്രയാസം തന്നെയാണ്. അത്തരം കഥകൾ ധാരാളം എഴുതിയിട്ടുണ്ട്. പലതും ശ്രദ്ധിക്കപ്പെട്ടു. ഭാഗ്യം കൂടിയാണ്. എഴുതുന്നത് ഒരു വരിയാണെങ്കിലും അതിനു മുന്നിലേക്കും പിന്നിലേക്കും കഥയുണ്ട് എന്ന് വായനക്കാർക്ക് തോന്നണമെങ്കിൽ കഥാപശ്ചാത്തലം, കഥാസന്ദർഭം, കഥാപാത്രങ്ങൾ എല്ലാം ഫീൽ ചെയ്യണം. അതോടൊപ്പം അതിശക്തമായ ആശയവും വേണം. ഇതൊക്കെ ഒത്തു വരുമ്പോഴാണ് ഒറ്റവരി കഥകൾ വിജയിക്കുന്നത്.

എഴുത്തു വഴികളിലെ കടപ്പാടുകൾ? സൗഹൃദങ്ങൾ?

കടപ്പാട് ഒരുപാട് പേരോട് ഉണ്ട്. കേരളത്തിലെ സമാന്തര പ്രസിദ്ധീകരണങ്ങളോട് , അക്ഷരങ്ങളെ വില്പനയ്ക്ക് വെക്കാത്ത അക്ഷര സ്നേഹികളായ കേരളത്തിലങ്ങോളമിങ്ങോളമുള്ള നന്മകൾ നിറഞ്ഞ ആ പത്രാധിപന്മാരോട് കടപ്പെട്ടതാണ് എൻെറ എഴുത്തു ജീവിതം.

പിന്നെ എഴുത്തു രംഗത്ത് ചേർത്തുനിർത്തുന്ന പ്രിയ സൗഹൃദങ്ങൾ ശക്തമായ പിൻബലം തന്നെയാണ് . 40 പ്രസിദ്ധീകരണങ്ങളിലായി നൂറിലധികം രചനകളിൽ അച്ചടിമഷി പുരണ്ട വർഷങ്ങളുണ്ടായിരുന്നു. സമാന്തര പ്രസിദ്ധീകരണങ്ങളിലൂടെ എഴുതി വന്ന എഴുതി നിന്ന ഒരാൾ എന്ന് പറയുമ്പോൾ എൻറെ ശിരസ്സ് അഭിമാനത്താൽ ഉയർന്നു തന്നെ നിൽക്കും . ‘ബീ പ്രാക്ടിക്കൽ’ എന്ന ആദ്യനോവൽ വായനക്കാരിലേയ് ക്കെത്താൻ പോകുന്നു. അതിൻറെ വലിയൊരു സന്തോഷത്തിലാണിപ്പോൾ.

ഭാര്യ : രേഖ (അധ്യാപിക)

മകൾ ആതിര .ബി എഡ്‌ വിദ്യാർത്ഥിനി

ഫോൺ 9446330957, 7907614176

ഡോ. ഐഷ വി

പ്രീഡിഗ്രിക്ക് തൊണ്ണൂറോളം കുട്ടികൾ പഠിക്കുന്ന ക്ലാസ്സിൽ രണ്ടാo ഭാഷയുടെ ക്ലാസ്സുള്ള സമയത്ത് ഒരു തിരക്കു തന്നെ. ഒരു ക്ലാസ്സിലെ വിദ്യാർത്ഥിനികൾ രണ്ടായിപ്പിരിഞ്ഞ് രണ്ടു ക്ലാസ്സുകളിലേയ്ക്ക് . ഓല മേഞ്ഞ ഷെഡിലുള്ള ക്ലാസ്സ് മുറിയുടെ ഒറ്റവാതിലിൽ കൂടി പെൺകുട്ടികൾ വരിവരിയായി ഇറങ്ങുമ്പോഴേയ്ക്കും ഇത്തിരി നേരം പിടിക്കും. അതിന് ഞാൻ കണ്ടെത്തിയ പരിഹാരം ജനലിലൂടെ പുറത്തു ചാടുക എന്നതാണ് അഴികളില്ലാത്ത ജനലായിരുന്നതു കൊണ്ട് വളരെ സൗകര്യം. അങ്ങനെ കുറുക്കുവഴിയിലൂടെ പുറത്തുകടന്ന് നേരെ മലയാളം ക്ലാസ്സിലേയ്ക്ക്. മലയാളം ക്ലാസ്സിൽ എന്നോടൊപ്പം നിഷയുമുണ്ടായിരുന്നു. നിഷ പ്രീഡിഗ്രിക്ക് മറ്റൊരു ക്ലാസിലായിരുന്നു. ചങ്ങമ്പുഴയുടെ കാല്പനികതയും ഒ എൻ വിയുടെ നൈസർഗികതയും മുത്തുമണികൾ പോലെ മനോഹരമായ മണിപ്രവാളവും രേണുക ടീച്ചറും ലൈല ടീച്ചറുമൊക്കെ അവരവരുടെ വൈഭവം പോലെ, രമണീയമായി അവതരിപ്പിക്കുമ്പോൾ കുട്ടികളെല്ലാം ശ്രദ്ധയോടെ കേട്ടിരിയ്ക്കും . വനിതാ കോളേജായതു കൊണ്ട് പ്രത്യേകിച്ചും. ചങ്ങമ്പുഴയുടെ നിഴലും നിലാവും പോലെ ഗദ്യവും പദ്യവും മാറി മാറി വന്നു.

അങ്ങനെയിരിക്കെ മലയാളം ഡിപ്പാർട്ട്മെന്റിൽ ഒരു അധ്യാപകൻ ജോയിൻ ചെയ്തു. ആറേഴ് വനിതാ ലക് ചറർമാരുടെ ഇടയിൽ ഒരേ ഒരു ആൺ തരി. ഇടവേളകളിൽ ഈ അധ്യാപകനും മറ്റധ്യാപികമാരും ഒരുമിച്ച് കാന്റീനിലേയ്ക്ക് പോകുന്ന വേളയിൽ ക്ലാസ്സിലെ രസികത്തികളിൽ ആരോ പറഞ്ഞു: “കണ്ണനും ഗോപികമാരും ” എന്ന്. ഏകദ്ദേശം ഒരു മാസം കഴിഞ്ഞു കാണും . ആ അധ്യാപകൻ അപ്രത്യക്ഷനായി . പകരം മറ്റൊരധ്യാപകൻ എത്തി. അദ്ദേഹവും ഞങ്ങൾക്ക് ക്ലാസ്സെടുത്തിരുന്നില്ല.

നിഷാ വിജയൻ ഇടയ്ക്കിടെ ക്ലാസ്സിൽ വന്നിരുന്നില്ല. അങ്ങനെ ഒരു ദിവസം പത്രത്തിൽ നിഷയും നിഷയുടെ അമ്മയും സഹോദരങ്ങളും കൂടി സെക്രട്ടേറിയേറ്റ് പടിക്കൽ സത്യാഗ്രഹമിരിയ്ക്കുന്ന ഫോട്ടോ കണ്ടു. ഏരൂർ പഞ്ചായത്ത് എക്സിക്യൂട്ടീ ഓഫീസറായിരിയ് ക്കേ കൊല ചെയ്യപ്പെട്ട നിഷയുടെ അച്ഛന്റെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സത്യാഗ്രഹമായിരുന്നു അത്. നിഷ ഹൈസ്കൂളിൽ പഠിക്കുമ്പോഴായിരുന്നു നിഷയുടെ അച്ഛന്റെ മരണം. അന്ന് നിഷ എസ് എൻ വി സ്കൂളിലും ഞാൻ ഭൂതക്കുളം സ്കൂളിലുമായിരുന്നു പഠിച്ചിരുന്നത്. നേരിൽ പരിചയമില്ലായിരുന്നെങ്കിലും നിഷയുടെ അയൽപക്കക്കാരായ കുട്ടികൾ ഞങ്ങളുടെ സ്കൂളിൽ പഠിച്ചിരുന്നു. അവർ വഴി കൊലപാതക വാർത്തയും രണ്ടാമത് പോസ്റ്റ് മാർട്ടം ചെയ്ത സംഭവവുമൊക്കെ അറിഞ്ഞിരുന്നു. തത്ത, മൈന എന്നിങ്ങനെ കിളികളുടെ പേരായിരുന്നു നിഷയുടെ വീട്ടിലെ കുട്ടികളുടെ ചെല്ലപ്പേര്.

വീട്ടുപേർ ” കിളി കൂടെ”ന്നും (തലക്കുളം ഭവൻ) കുട്ടികൾ പറഞ്ഞറിവ് എനിക്കുണ്ടായിരുന്നു. നിഷയുടെ പേര് മൈനയെന്നാണ്. നിഷ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ചില കവിതകൾ എഴുതിയിരുന്നു. അതിൽ തൂലികാനാമം മൈനയെന്നായിരുന്നു. ഞാനും അക്കാലത്ത് ചിലതൊക്കെ കുത്തിക്കുറിച്ചിരുന്നു. അതൊന്ന് എഡിറ്റ് ചെയ്യിക്കാനായി ഞാനും നിഷയും കൂടി മലയാളം ഡിപാർട്ട്മെന്റിലെത്തി. ഞങ്ങൾ എത്തിയപ്പോൾ അധ്യാപികമാരാരും അവിടെ ഉണ്ടായിരുന്നില്ല. ഊണ് കഴിക്കാൻ പോയതാകണം. പുതുതായി എത്തിയ അധ്യാപകൻ അവിടെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേരറിയില്ലെങ്കിലും ഞാനും നിഷയും കൂടി ഞങ്ങളെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. വന്ന കാര്യം അറിയിച്ചപ്പോൾ അദ്ദേഹം ഞങ്ങളുടെ കവിത വാങ്ങി വായിച്ചു നോക്കി. പിന്നെ ഞങ്ങളോട് ഉറക്കെ ചൊല്ലാൻ പറഞ്ഞു. ഞങ്ങൾ രണ്ടു പേരും കവിതകൾ ഉറക്കെ ചൊല്ലി. അദ്ദേഹം ഒന്നും പറഞ്ഞില്ല. ഞങ്ങൾ തിരികെ പോന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹവും അപ്രത്യക്ഷനായി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫ. കുമ്മിൾ സുകുമാരൻ സർ കോളേജിലെത്തി. ഞങ്ങൾ അദ്ദേഹത്തെ കണ്ട് കവിത നീട്ടി. അദ്ദേഹം കവിതകൾ കൈയ്യിൽ വാങ്ങില്ല. റൂമിന് പുറത്ത് കോളേജ് മാഗസിനിൽ പ്രസിദ്ധീകരിക്കാനുള്ള രചനകൾ ഇടേണ്ട പെട്ടി ചൂണ്ടിക്കാട്ടി. ഞങ്ങൾ കവിതകൾ അതിലിട്ടു. അതൊന്നും പിന്നെ വെളിച്ചം കണ്ടതേയില്ല.

മലയാളം ക്ലാസ്സിൽ ഞങ്ങൾക്ക് ചില പ്രായോഗിക വിജ്ഞാനങ്ങൾ പറഞ്ഞു തന്നിരുന്നത് ലൈല ടീച്ചറായിരുന്നു. ബസ്സിലെയും ട്രെയിനിലേയും തിക്കിലും തിരക്കിലും പെൺകുട്ടികളെ ശല്യം ചെയ്യുന്ന പൂവാലൻമാരെ നേരിടുന്ന വിദ്യയായിരുന്നു അതിലൊന്ന്. സേഫ്റ്റി പിൻ പ്രയോഗം. വളരെ സേഫെന്നാണ് ടീച്ചറുടെ അഭിപ്രായം. ടീച്ചറുടെ ഉപദേശം ശിരാസാ വഹിച്ച് ഞാനും കൂട്ടുകാരി കനകലതയും ഈ പ്രയോഗം പ്രാവർത്തികമാക്കി വിജയം കണ്ടു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ജോൺ കുറിഞ്ഞിരപ്പള്ളി

ഇന്ത്യക്ക്   സ്വാതന്ത്ര്യം കിട്ടി   ഏതാനും വർഷങ്ങൾ  കഴിഞ്ഞിരുന്നു.അപ്പോഴാണ് കുഞ്ഞന്നാമ്മക്കും സ്വാതന്ത്ര്യംവേണം  എന്ന ആഗ്രഹം ഉദിക്കുന്നത്.

പാലായിൽ   ഒരു നസ്രാണി കൂട്ടുകുടുംബത്തിലെ  തിക്കിലും തിരക്കിലും വീർപ്പുമുട്ടുമ്പോഴാണ് കുഞ്ഞന്നാമ്മയുടെ കെട്ടിയവൻ ഔസേപ്പിന് വെളിപാട് ഉണ്ടാകുന്നത്.

“മലബാറിന് പോയാൽ സുഖമായി ജീവിക്കാം “.

എങ്ങനെ ഈ വെളിപാട് ഔസേപ്പിന് ഉണ്ടായി എന്നതിൻ്റെ  പിന്നിലെ രഹസ്യം കുഞ്ഞന്നാമ്മക്ക് മാത്രം അറിയാവുന്ന രഹസ്യമായിഅവശേഷിച്ചു.

കുഞ്ഞന്നാമ്മക്ക് ഇരുപത്തിരണ്ടുവയസ്സുണ്ട് ,മൂന്നു വയസ്സുള്ള ഒരു ആൺകുട്ടിയുടെ അമ്മയുമാണ് .

.”നമ്മളെന്നാത്തിനാ ഇങ്ങനെ ഇവിടെക്കിടന്നു കഷ്ടപ്പെടുന്നത്?മലബാറിൽ പോയാൽ  വല്ല കപ്പേം തിന്നു ജീവിക്കാം.ഇവിടെ ഇറ്റു  കഞ്ഞിവെള്ളം കുടിക്കാൻ നല്ല നേരം നോക്കണം.”.കുഞ്ഞന്നാമ്മ പറഞ്ഞപ്പോൾ ഔസേപ്പിനും  അത് ശരിയാണെന്ന്  തോന്നി.

ആശയം ഒരു പ്രമേയമായി സഹോദരന്മാർ മൂന്നുപേരെയും കൂട്ടി കേന്ദ്രത്തിൽ സമർപ്പിക്കപ്പെട്ടു.പ്രമേയം കേന്ദ്രം നിഷ്ക്കരുണം തള്ളിക്കളഞ്ഞെങ്കിലും സഹോദരന്മാർ നാലുപേരും അവരുടെ  സുഹൃത്തുക്കൾ രണ്ടുപേരും കൂടി അപ്പീൽ കൊടുത്തപ്പോൾ കേന്ദ്രം അയഞ്ഞു.

അങ്ങനെ അവർ  സഹോദരന്മാർ നാലുപേരും അവരുടെ കുടുംബവും  സുഹൃത്തുക്കൾ രണ്ടുപേരും അവരുടെ കുടുംബവും  ഒന്നിച്ചു് മലബാറിലേക്ക് പുറപ്പെട്ടു.

എല്ലാവരും കൂടി മലബാറിൽ വന്ന്  സ്ഥലം വാങ്ങി വീട് വച്ച് താമസമാക്കി.നെല്ലും കപ്പയും ചേനയും കാച്ചിലും കൃഷി ചെയ്തു.കുഞ്ഞന്നാമ്മയുടെ ഭാഷയിൽ പറഞ്ഞാൽ ,”നാട്ടിലേത്  എന്നാ  ജീവിതമായിരുന്നു?പന  ഇടിച്ചു കുറുക്കി തിന്നു ജീവിക്കുക,ഇപ്പം വല്ലതുമൊക്കെ  ഒക്കെ തിന്നാനുണ്ടായി.”

പക്ഷേ,ചുറ്റുപാടും മലമ്പനിയും വസൂരിയും പടർന്നുപിടിക്കുന്നതിൻ്റെ  വാർത്തകൾ  കേൾക്കുമ്പോൾ എല്ലാവരെയുംപോലെ കുഞ്ഞന്നാമ്മയുടെ മനസ്സിലും തീ ആളിക്കത്തി ..അത് അവരെ ഭയപെടുത്തുക തന്നെ ചെയ്തു.

ദിവസവും ആരും നോക്കാനില്ലാതെ ചികിത്സകിട്ടാതെ അവിടെയും ഇവിടയും ആളുകൾ വസൂരിയും മലമ്പനിയും പിടിപെട്ട് മരിക്കുന്നതു കേൾക്കുമ്പോൾ എങ്ങനെ ഞെട്ടാതിരിക്കും?മലമ്പനിയെ തടഞ്ഞുനിർത്താൻ മഞ്ഞനിറത്തിലുള്ള “കൊയ്‌ന ഗുളികകൾ “ഉണ്ടായിരുന്നു.എന്നാൽ വസൂരിയുടെ കാര്യം അങ്ങനെ അല്ല..പിടിപെട്ടാൽ രക്ഷപെടുന്നവർ വിരളം ആയിരുന്നു.രക്ഷപ്പെട്ടാലും അവരുടെ ജീവിതം ദുരിത പൂർണമായിരുന്നു.

.അത് അവർ എല്ലാവരെയും വല്ലാതെ ഭയപ്പെടുത്തി.രോഗം വന്നാൽ തങ്കത്തിൻ്റെ ഹോസ്പിറ്റലിൽ പോകും ഡോക്ടർ തങ്കം, കുടിയേറ്റ പ്രദേശങ്ങളിൽ പ്രശസ്ത ആയിരുന്നു. അവിടെ നിന്നും രോഗിയെ ഉപേക്ഷിച്ചാൽ പിന്നെ എവിടെ പോയാലും രക്ഷപെടുകയില്ലന്ന് അവർ വിശ്വസിച്ചു.

എന്നാൽ  ഭാഗ്യം കൊണ്ട്  കുഞ്ഞന്നാമ്മയുടെ കുടുംബത്തെ ഒരു രോഗവും അവർ ഭയപ്പെട്ടതുപോലെ  ബാധിക്കുകയുണ്ടായില്ല.  എല്ലാവിധ അസുഖങ്ങളിൽ നിന്നും  തങ്ങളെ കാത്തുസൂക്ഷിക്കുന്നത് പരിശുദ്ധ കന്യാമറിയം ആണെന്ന് കുഞ്ഞന്നാമ്മ വിശ്വസിച്ചു .അതിൻ്റെ നന്ദിസൂചകമായി എല്ലാ ശനിയാഴ്ചകളിലും മകൻ കുഞ്ഞുമോനെയും കൂട്ടി  കുഞ്ഞന്നാമ്മ   നിത്യസഹായമാതാവിൻ്റെ നോവേന കൂടാൻ പള്ളിയിൽ പോകും.

അങ്ങിനെ പള്ളിയിൽ പോയി വരുന്ന വഴിക്കാണ് കുഞ്ഞന്നാമ്മയെ പ്രശസ്തയാക്കിയ ചരിത്ര പ്രസിദ്ധമായ ഒരു സംഭവം നടക്കുന്നത്.

കുഞ്ഞന്നാമ്മയും മകൻ അന്തോണിയും  ടാറിട്ട റോഡിൽക്കൂടി നടന്നു പോകുകയായിരുന്നു.മകൻ കുഞ്ഞുമോന് നാലുവയസ്സ്..നടന്നു പോകുന്ന അവരുടെ മുൻപിൽ  പെട്ടെന്ന് ഒരു വില്ലിസ് ജീപ്പ് വന്നു നിന്നു.അതിൽ  നിന്നും ഒരു  വെള്ളക്കാരൻ   ചാടി ഇറങ്ങി.. വെള്ളക്കാരായ ബ്രിട്ടീഷുകാരെ എല്ലാവരും സായിപ്പ് എന്നാണ് വിളിക്കുക.നമ്മളുടെ സായിപ്പ്  കുഞ്ഞന്നാമ്മേടെ  ചുറ്റും ഒന്നു രണ്ടു തവണ  നടന്നു നോക്കി .അത്ഭുതത്തോടെ എന്തോക്കെയോ  വിളിച്ചുപറഞ്ഞു.കുഞ്ഞന്നാമ്മ പേടിച്ചും പരിഭ്രമിച്ചും അന്താളിച്ചു നിൽക്കുന്നതുകണ്ട സായിപ്പ് ആംഗ്യം കാണിച്ചു പേടിക്കാണ്ട എന്ന്.

കുഞ്ഞന്നാമ്മേടെ ഭംഗിയായി  അടുക്കിട്ട മുണ്ടും ചട്ടയും കവണിയും  ആണ് സായിപ്പിനെ ആകർഷിച്ചത്.എന്തൊക്കെയോ അയാൾ വിളിച്ചു പറയുന്നു,ഇടക്ക് എന്തൊക്കെയോ കുഞ്ഞന്നാമ്മയോട് ചോദിക്കുകയും ചെയ്തു..ഒന്നും മനസിലാകാതെ കുഞ്ഞന്നാമ്മ കുഞ്ഞുമോനെയും ചേർത്തുപിടിച്ചു അങ്ങനെ നിന്നു.

സായിപ്പ് ജീപ്പിൽ നിന്നും  ഒരു വലിയ പെട്ടി  വലിച്ചു പുറത്തിട്ടു.അത് ഒരു  മുക്കാലിയിൽ കയറ്റി വെച്ചു കുഞ്ഞന്നമ്മയോടും മകനോടും  പെട്ടിയിലേക്ക് നോക്കി നില്ക്കാൻ ആംഗ്യം കാണിച്ചു.

പിന്നീട്  സായിപ്പ് പെട്ടിക്കുള്ളിൽ തലയിട്ട് എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു.കുറച്ചു കഴിഞ്ഞു പുറത്തുവന്നു. രണ്ടു മൂന്നു തവണ പെട്ടിയുടെ അടപ്പ് തുറക്കുകയും അടക്കുകയും ചെയ്തു.ഇടക്ക് സായിപ്പ് കുഞ്ഞന്നാമ്മയുടെ കയ്യിൽ പിടിച്ചു പലപോസുകളിൽ നിർത്തി പെട്ടിയുടെ അടപ്പു തുറക്കുകയും അടക്കുകയും ചെയ്തു.കുഞ്ഞന്നാമ്മക്ക് സായിപ്പിൻ്റെ  കൈ ദേഹത്ത് സ്പർശിച്ചപ്പോൾ അകെ കോരിത്തരിച്ചു.ആരെങ്കിലും അതുകണ്ടുകാണുമോ  എന്ന് ചുറ്റും നോക്കുകയും ചെയ്തു.

സായിപ്പ് ചിരിച്ചുകൊണ്ട്  അഡ്രസ്സ് എന്ന് പറഞ്ഞു.അഞ്ചാം ക്ലസ് വരെ പഠിച്ചിരുന്ന കുഞ്ഞന്നാമ്മ എന്തും വരട്ടെ എന്ന് വിചാരിച്ചു “നോ,നോ”,എന്ന് തട്ടിവിട്ടു.

സായിപ്പ് അറിയാവുന്ന മലയാളം പറഞ്ഞു,” വിലാസം വിലാസം.”

കുഞ്ഞന്നാമ്മക്ക് മനസ്സിലായി അഡ്രസ്സാണ് സായിപ്പ് ചോദിക്കുന്നത് എന്ന്.

” നോ നോ”കുഞ്ഞന്നാമ്മ ധൈര്യപൂർവ്വം വീണ്ടും പറഞ്ഞു..

എവിടെ പോകുന്നു എന്ന്  ആംഗ്യഭാഷയിൽ സായിപ്പ് മോണോ ആക്‌ട് കാണിച്ചു.ഇപ്പോൾ കുഞ്ഞന്നാമ്മക്കും നല്ല ധൈര്യമായി..ഇടതു കൈയിലെയും വലതുകൈയിലെയും ചൂണ്ടുവിരൽ ചേർത്ത് കുരിശുണ്ടാക്കി കുഞ്ഞന്നാമ്മ കാണിച്ചുകൊടുത്തു,പള്ളിയിൽ പോയതാണ് എന്ന് അർത്ഥം. .ചിരിച്ചുകൊണ്ട് സായിപ്പ് എന്തോ പറഞ്ഞു.ജീപ്പിൽ ചാടിക്കയറി ഓടിച്ചുപോയി.

എന്താണ് സംഭവിച്ചത് എന്നും പെട്ടിക്കുള്ളിൽ എന്തിനാണ് സായിപ്പു തല ഒളിപ്പിച്ചു വച്ചത് എന്നും കുഞ്ഞന്നാമ്മക്ക് മനസ്സിലായില്ല..കുഞ്ഞന്നാമ്മ നടന്നത് എല്ലാം സവിസ്തരം വീട്ടിൽ വന്ന് ചേടത്തിമാരോടും അനിയത്തിമാരോടും പറഞ്ഞെങ്കിലും ആരും അത് കാര്യമാക്കിയില്ല.

.

.അനിയൻ്റെ  ഭാര്യമാത്രം പറഞ്ഞു,”ഇപ്പോൾ സായിപ്പന്മാർ ഒരു മെഷീൻ കണ്ടുപിടിച്ചിട്ടുണ്ട്.അതിനുള്ളിൽ ക്കൂടി നോക്കിയാൽ മനുഷ്യരെ തുണിയുടുക്കാത്ത രീതിയിൽ കാണാം”.

അതുകേട്ടതോടുകൂടി  പിന്നെ കുഞ്ഞന്നാമ്മ ആരോടും ഈ വിഷയം ചർച്ച ചെയ്തില്ല.

“എല്ലാത്തിനും   അസൂയയാ.”തന്നതാൻ  പറഞ്ഞു..

ആറുമാസം കഴിഞ്ഞു .

ഒരു ദിവസം പതിവുപോലെ പള്ളിയിൽ പോയി നൊവേനയും കഴിഞ്ഞു  വരുമ്പോൾ  പള്ളിയിലെ അച്ചൻ  വിളിച്ചു.”കുഞ്ഞന്നാമ്മ  ഒന്ന് പള്ളിമുറിയിലേക്ക്  വരൂ.”

അച്ചൻ  ഒരു തടിച്ച കവർ  കൊണ്ടുവന്ന് ചിരിച്ചുകൊണ്ട്  അത് തുറന്ന് കാണിച്ചു കൊടുത്തു. അതിൽ കുഞ്ഞന്നാമ്മയുടെ പല പോസിലുള്ള ഏതാനും ഫോട്ടോകൾ ആയിട്ടിരുന്നു.കുഞ്ഞന്നാമ്മക്ക്  കൊടുക്കാൻ സായിപ്പ് ഇംഗ്ലണ്ടിൽ നിന്നും പള്ളിയുടെ അഡ്രസിൽ അയച്ചുകൊടുത്തതായിരുന്നു ആ ഫോട്ടോകൾ..കുഞ്ഞന്നാമ്മക്ക് സന്തോഷം അടക്കുവാനായില്ല,എങ്കിലും ആരോടും പറഞ്ഞില്ല.

“എല്ലാത്തിനും മുഴുത്ത അസൂയയാണ്.വെറുതെ എന്തിന് നാണംകെടണം?”

.ഒരു നിധി കിട്ടിയ പോലെ ആ ഫോട്ടോകൾ കുഞ്ഞന്നാമ്മ തനിക്ക് സ്ത്രീധനമായി കിട്ടിയ കാലിപ്പെട്ടിയിൽ ഒരു തുണിയിൽ പൊതിഞ്ഞു  സൂക്ഷിച്ചു വച്ചു.

കാലമേറെ കടന്നു പോയി.

കുഞ്ഞന്നാമ്മ ഒഴിച്ച് എല്ലാവരും ആ ഫോട്ടോയുടെ കാര്യം മറന്നു

ആരും അറിയാതെ ഇടക്കിടക്ക് കുഞ്ഞന്നാമ്മ കാലിപ്പെട്ടി  തുറന്ന് ആ ഫോട്ടോകൾ  എടുത്തുനോക്കും. ‘

അമ്മ ആയിരുന്ന കുഞ്ഞന്നാമ്മ വല്യമ്മയായി.

മക്കളും മക്കളുടെ മക്കളും എല്ലാം ആയി എല്ലാവരുടേയും അമ്മച്ചിയായി  കുഞ്ഞന്നാമ്മ ഭരണം നടത്തിപ്പോന്നു.

കുഞ്ഞന്നാമ്മയുടെ  മകൻ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന അന്തോണിയുടെ മകൻ    സണ്ണിക്കുട്ടിക്ക്   ലണ്ടനിൽ  ജോലി കിട്ടി..

കുഞ്ഞന്നാമ്മയ്ക്ക് കൊച്ചുമക്കളിൽ ഏറ്റവും ഇഷ്ടം സണ്ണിക്കുട്ടിയോടായിരുന്നു.

കുഞ്ഞന്നാമ്മ  ആരും കേൾക്കാതെ സണ്ണികുട്ടിയോട്  ആ ഫോട്ടോയുടെ കഥയും ചരിത്രവും പറഞ്ഞു .അവൻ ആ കഥകൾ കേട്ട് വായും തുറന്ന് ഇരുന്നുപോയി.

“നീ ബ്രിട്ടോ സായിപ്പിനെ കണ്ടാൽ എൻ്റെ  അന്വേഷണം  പറയണം.”

അവനെ പെട്ടി തുറന്നു സൂക്ഷിച്ചു വച്ചിരുന്ന  ഫോട്ടോകൾ  കാണിച്ചുകൊടുത്തു.അവന് അതൊരു പുതിയ അറിവായിരുന്നു.എഴുപതു വർഷം  പഴക്കമുള്ള ആ ഫോട്ടോകൾ  യാതൊരു കേടും  കൂടാതെ ഇരിക്കുന്നു.

ഫോട്ടോ നോക്കി സണ്ണിക്കുട്ടി പറഞ്ഞു,”വല്യമ്മച്ചി അന്ന് എന്ത് സുന്ദരിയായിരുന്നു?.വല്യമ്മച്ചിയുടെ സൗന്ദര്യം മക്കൾ ആർക്കും  കിട്ടിയില്ലല്ലോ ?”

അതുകേട്ട് കുഞ്ഞന്നാമ്മയുടെ മുഖം പ്രകാശിച്ചു.സണ്ണിക്കുട്ടി  ആ ഫോട്ടോയുടെ കവറിൽ എഴുതിയിരുന്ന അഡ്രസ്സ് നോക്കി.ജെയിംസ് ബ്രിട്ടോ ഗ്രാൻറ് റോഡ് 4  പോർട്ട്സ് മൗത്.

എഴുപത്‌ വർഷം  മുൻപുള്ള കാര്യമാണ്,വല്യമ്മച്ചിക്ക് ഇപ്പൾ തൊണ്ണൂറ്റിരണ്ട്‌ വയസ്സായിരിക്കുന്നു..ഭൂതകാല സ്വപ്നങ്ങളും ഓർമകളുമായി വല്യമ്മച്ചി ജീവിക്കുന്നു.

ഫോട്ടോ കണ്ട് കുഞ്ഞന്നാമ്മ പറഞ്ഞത് ബോധ്യപ്പെട്ടെങ്കിലും  അവൻ അത് കാര്യമായി എടുത്തില്ല.

ഇനി അവൻ ജോലി സ്ഥലത്തുനിന്നും അവധിക്ക് വരുമ്പോൾ തീർച്ചയായും ബ്രിട്ടോ സായിപ്പിനെക്കുറിച്ചു അന്വേഷിക്കും എന്നുതന്നെ കുഞ്ഞന്നാമ്മ കരുതി.

സണ്ണിക്കുട്ടി ഭാര്യയുമൊന്നിച്ചു ലണ്ടനിലെ നാഷണൽ മ്യൂസിയത്തിൽ  ചുറ്റിനടക്കുമ്പോഴാണ് ആ ഫോട്ടോ അവൻ്റെ കണ്ണിൽ പെടുന്നത് .

“ദേ , നമ്മുടെ വല്യമ്മച്ചി ” അവൻ വിളിച്ചുകൂകി .അതെ അത് കുഞ്ഞന്നാമ്മയുടെ ഫോട്ടോ തന്നെ ആയിരുന്നു.എ ട്രാവൻകൂർ വുമൺ ഇൻ ട്രഡീഷണൽ  ഡ്രസ്സ്( A  travancore woman in traditional dress )എന്ന് അതിനടിയിൽ എഴുതിവച്ചിരിക്കുന്നു..അതെ അത് വല്യമ്മച്ചി തന്നെ.

ലണ്ടനിൽ നിന്നും  കൊച്ചു മകൻ സണ്ണിക്കുട്ടി അവധിക്ക് വരുന്നു എന്നറിഞ്ഞപ്പോഴേ  കുഞ്ഞന്നാമ്മക്കു ആവേശമായി.അവൻ ബ്രിട്ടോ സായിപ്പിനെ  കണ്ടിട്ടുണ്ടായിരിക്കും.തന്നെകുറിച്ചു സായിപ്പ് അന്വേഷിച്ചിട്ടുണ്ടാകും,എന്നെല്ലാം മനസ്സിൽ സ്വപ്നങ്ങൾ നെയ്തുകൊണ്ടിരുന്നു.

കുഞ്ഞന്നാമ്മയുടെ ഉത്സാഹവും സന്തോഷവും എന്തുകൊണ്ടാണെന്ന് ആർക്കും  മനസ്സിലായില്ല.

“തൊണ്ണൂറ്റിരണ്ട്‍  വയസ്സായില്ലേ, അമ്മക്ക് നല്ല ബോധം ഇല്ലാതായി,നമ്മൾക്ക് ഒരു ഹോം നഴ്സിനെ വയ്ക്കാം എപ്പോഴും ഒരാളുടെ ശ്രദ്ധ വേണം.”മകൻ്റെ ഭാര്യ പറഞ്ഞു.

അത് എല്ലാവർക്കും  സമ്മതമായിരുന്നു.സണ്ണിക്കുട്ടി വരുന്നതും കാത്തു കുഞ്ഞന്നാമ്മ ഇരുന്നു.

കുഞ്ഞന്നാമ്മ ഹോം നഴ്‌സിനോട് പറഞ്ഞു,” നീ ആ പെട്ടി ഒന്ന് തുറക്ക്.”

അവൾ പെട്ടി തുറന്നു.അതിൽ ഒരു പഴയ ടർക്കി തൂവാലയിൽ  എന്തോ പൊതിഞ്ഞു വച്ചിരുന്നു.

“അതിങ്ങെടുക്ക്”.

അവർ പൊതി  എടുത്തുകൊടുത്തു.ആ പൊതിയഴിച്ചു കുഞ്ഞന്നാമ്മ  കുറേനേരം ആ ഫോട്ടോകളിൽ  തന്നെ നോക്കിയിരുന്നു.ശല്യപ്പെടുത്തണ്ട എന്നു വിചാരിച്ചു ഹോം നഴ്സസ് പുറത്തേക്ക് പോയി.

സണ്ണിക്കുട്ടി കാറിൽ നിന്നും ഇറങ്ങി ആദ്യം  പോയത് വല്യമ്മച്ചിയുടെ റൂമിലേക്കാണ്. ബ്രിട്ടോ സായിപ്പ് എടുത്ത കുഞ്ഞന്നാമ്മച്ചിയുടെ   ഫോട്ടോ കണ്ടത്  അമ്മച്ചിയെ അറിയിക്കണം.

വാതിൽക്കൽ എത്തിയപ്പോഴേ അവൻ വിളിച്ചു,” വല്യമ്മച്ചി വല്യമ്മച്ചി.”

വാതിലിന് എതിർ വശത്തേക്ക് തിരിഞ്ഞു തുറന്നുകിടക്കുന്ന ജനാലയിൽകൂടി പുറത്തേക്ക് നോക്കി കിടക്കുകയായിരുന്നു വല്യമ്മച്ചി.

അവൻ അടുത്തുചെന്നു.”വല്യമ്മച്ചി ഇത് ഞാനാ സണ്ണിക്കുട്ടി”

വല്യമ്മച്ചി ഉറങ്ങുകയാണ്.ഉറങ്ങുന്ന വല്യമ്മച്ചിയുടെ അടുത്ത്  തുറന്നുകിടന്നിരുന്ന ആ തുണി കെട്ട് സണ്ണിക്കുട്ടി  കയ്യിൽ എടുത്തു. അതിൽ  ബ്രിട്ടോ സായിപ്പ് എടുത്ത വല്യമ്മച്ചിയുടെ ഫോട്ടോകൾ ആയിരുന്നു.

അവൻ  പതുക്കെ കുലുക്കി വിളിച്ചു “കുഞ്ഞന്നമ്മേ,ഇത് ഞാനാ സണ്ണിക്കുട്ടി എഴുന്നേൽക്ക്”

സണ്ണിക്കുട്ടിയുടെ  കയ്യിലെ  ആ കടലാസുകെട്ടിൽ നിന്നും കുറെ ഫോട്ടോകൾ താഴേക്ക് വീണു.അവൻ അത് പെറുക്കി എടുക്കുമ്പോൾ ഫോട്ടോകളുടെ കൂട്ടത്തിൽ ചിരിച്ചുകൊണ്ട് നിൽക്കുന്ന ഒരു സായിപ്പിൻ്റെ  ചിത്രം.

അത് വല്യമ്മച്ചി അവനെ കാണിച്ചിരുന്നില്ല.അതിൻ്റെ യാതൊരു സൂചനയും കൊടുത്തിരുന്നുമില്ല .

അത് ജെയിംസ് ബ്രിട്ടോ.എന്ന സായിപ്പ് ആയിരിക്കും.

സണ്ണിക്കുട്ടി വീണ്ടും വിളിച്ചു,”കുഞ്ഞന്നമ്മേ,കൊച്ചുകളളി,എഴുന്നേൽക്ക് ബ്രിട്ടോ സായിപ്പിൻ്റെ  വിശേഷങ്ങൾ അറിയണ്ടേ?”

കുഞ്ഞന്നാമ്മ മറുപടി ഒന്നും പറഞ്ഞില്ല. സംശയത്തോടെ സണ്ണിക്കുട്ടി വിളിച്ചു .”വല്യമ്മച്ചി…………………”

ശബ്ദം കേട്ട് ഓടിവന്ന ഹോം നഴ്‌സ് കുഞ്ഞന്നാമ്മയുടെ പൾസ്‌ പിടിച്ചുനോക്കി.

നിശബ്ദതയുടെ തണുത്ത നിഴലുകൾ ആ ചിത്രങ്ങളെ ചേർത്തുപിടിച്ചു.അജ്ഞാതവും അവ്യക്തവുമായ  സ്നേഹത്തിൻ്റെ  നിഴലുകൾ അവരെ പൊതിഞ്ഞു..

 

രാധാകൃഷ്ണൻ മാഞ്ഞൂർ

പുതുമഴയിലാണ് ആലിപ്പഴം വീണത്. പിന്നീട് ഭൂമി തിമർത്തു പെയ്യുന്ന മഴ . പെരുമഴ, മഴ വഴികളിലൂടെയാണ് ജൂണും ജൂലൈയും  നമുക്ക് പരിചിതമാവുന്നത്. അനുസ്യൂതമായ് ആകാശത്തുനിന്നും തിമിർത്തങ്ങനെ ….

ബാല്യത്തിന്റെ കളിമുറ്റത്ത് കൂട്ടുകാർക്കൊപ്പം കളിവള്ളമുണ്ടാക്കി രസിച്ച മഴക്കാലങ്ങൾ ….. ഓർമ്മകളുടെ ആ മഴ വെള്ളച്ചാലുകൾ എത്ര രസകരം. മഴ വെള്ളം കെട്ടി നിർത്തിയും ചവിട്ടിത്തെറിച്ചും കടന്നുപോയ ഇന്നലകൾ .

സ്കൂൾ തുറക്കുന്ന ജൂൺ മാസത്തിൽ പുത്തനുടുപ്പിട്ട് മഴയത്തുള്ള യാത്ര പുത്തൻ ഷർട്ടിന് മഴ സമ്മാനിച്ച സമ്മിശ്രഗന്ധം. പത്താം ക്ലാസ് പരീക്ഷ തീർന്ന ദിവസം വൈകുന്നേരം പെയ്ത മഴ… കോളേജ് ക്യാമ്പസിലെ കൊലുന്നൻ പെൺകുട്ടി നിറകണ്ണുകളോടെ യാത്ര ചോദിച്ചപ്പോഴും മഴ …. അച്ഛൻ്റെ മരണ രാത്രിയിലും മഴ… മഴ സഹയാത്രികയാവുന്നു… ജീവിതത്തിൻ്റെ സന്തോഷങ്ങളിലും സന്താപങ്ങളിലും മഴയൊരു അനിവാര്യതയാവുന്നു.

മരണത്തിൻ്റെ ഇടനാഴിയിലും ഒരു മഴയുണ്ട് . ഹൃദയം മുറിച്ച് കടന്നു പോകുന്നവരുടെ കണ്ണീരായിട്ടാണ് കാണേണ്ടത്.  വേർപാടുകളുടെ, സങ്കടങ്ങളുടെ നൊമ്പര മഴ .

അയൽ ഗ്രാമത്തിൽ നിന്നും ഒരു രാത്രി മഴയിലാണ് മരണം അറിയിച്ച് ആൾ വന്നത്.  മരിച്ച ആളിന്റെ  അടുത്ത ബന്ധു വരുന്നത് രാത്രി 11 നുള്ള തീവണ്ടിയിൽ. അയാളെത്തിയെങ്കിൽ മാത്രമേ ശവസംസ്കാരം നടത്താൻ പറ്റുകയുള്ളൂ. ബന്ധുവിനായിട്ട് തീവണ്ടി സ്റ്റേഷനിൽ കാത്തിരിപ്പ്.  ചുറ്റും ഏകാന്തത പടർന്ന രാത്രി. ഈ കാത്തിരിപ്പിനിടയിലും മഴ .  തീവണ്ടി പാളങ്ങൾക്ക് മുകളിലേയ്ക്ക് അമ്ല മഴപെയ്യുന്നു …..സ്റ്റേഷനിലെ പുരാതനമായ ക്ലോക്കിൽ 11:00 മണി അടിക്കുമ്പോഴും അസ്വസ്ഥമായി തെക്കുവടക്ക് നടക്കുകയായിരുന്നു.  വണ്ടി ഇതുവരെ എത്തിയിട്ടില്ല. പാളത്തിൻ്റെ അങ്ങേത്തലയ്ക്കലെങ്ങാനും തീവണ്ടിയുടെ മുരൾച്ചയുണ്ടോ ? ഇല്ല . സ്റ്റേഷനിലെ സിഗ്നൽ ലൈറ്റിന്റെ വെളിച്ചം മാത്രം പാളത്തിൽ ചുവന്ന രേഖയായി കിടന്നു.  സ്റ്റേഷൻ മാസ്റ്ററുടെ മുറിയ്ക്കരികിൽ ചെന്ന് ഉദ്വേഗത്തോടെ നോക്കി.  കഴുത്തിൽ മഫ്ലയർ  ചുറ്റിയ സ്റ്റേഷൻ മാസ്റ്റർ തല ഉയർത്തി പറഞ്ഞു. പാസഞ്ചർ അൽപം ലേറ്റാണ്.  ഒന്നരമണിക്കൂർ ഇനിയും താമസിക്കും.’

വീണ്ടും സിമൻറ് ബെഞ്ചിൽ തപസ്സ് . തകരം പാകിയ ഷെഡ്ഡിങ് മുകളിൽ ആരോ തിമിർത്താടുന്നു. അട്ടഹസിക്കുന്നു…. മറ്റാരുമല്ല മഴയാണ്. മരണത്തിന്റെ നരച്ച മുഖമുള്ള മഴ .

ഒ വി വിജയൻറെ ‘ഖസാക്കിൻറെ ഇതിഹാസ’ത്തിൽ രവിയുടെ ‘കൂമൻകാവിൽ’ നിന്നുള്ള അവസാന യാത്രയിലും മഴയുണ്ട് ,  കനക്കുന്ന മഴയിലൂടെയാണ് രവിയുടെ യാത്ര . “മഴ  പെയ്യുന്നു . മഴ മാത്രമേയുള്ളൂ.  കാലവർഷത്തിന്റെ അനാദിയായ വെളുത്ത മഴ .മഴ ഉറങ്ങി . മഴ ചെറുതായി.  രവി ചാഞ്ഞു കിടന്നു . അയാൾ ചിരിച്ചു.  മഴവെള്ളത്തിന്റെ സ്പർശം.  ചുറ്റും പുൽക്കൊടികൾ മുളപൊട്ടി.  രോമകൂപങ്ങളിലൂടെ പുൽക്കൊടികൾ വളർന്നു. മുകളിൽ വെളുത്ത കാലവർഷം പെരുവിരലോളം ചുരുങ്ങി”

തോറാനയും മഴയും

ബാല്യകാലത്ത് നിർത്താതെ മഴ പെയ്യുന്ന ഒരു ദിവസം ആകാശത്തേക്ക് നോക്കി അമ്മ പറഞ്ഞു “ഇന്ന് തോറാനയാണ്. അതാണീ  പെരുമഴ .  ഈ പെരുമഴക്ക്  ആറാന തോട്ടിൽകൂടി ഒഴുകി വരുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.”

മഴവെള്ളപ്പാച്ചിലിൽ ആനകൾ പോലും കാൽവഴുതി ഒഴുകി പോകുമെന്ന് വിശേഷിപ്പിച്ചത് ഏതോ പഴമക്കാരനായ സരസനാവാം. ഇവിടെ പെരുമഴയുടെ ഈ അവസ്ഥ മനോഹരമായ മിത്താവുന്നു.  ഫാന്റെസിയുടെ തലത്തിലേയ്ക്ക് ഉയരുന്ന തോറാന ഗ്രാമ ജീവിതത്തിന് മഴയുമായുള്ള അഭേദ്യബന്ധത്തെ കാണിക്കുന്നു.

മഴയെയും പരസ്യവൽക്കരിക്കുന്നു.

എന്തിനെയും ഏതിനെയും പരസ്യവൽക്കരിക്കാൻ നമ്മൾ മുന്നിലാണ്.  കേരളത്തിലെ പ്രശസ്തരായ കുട നിർമാതാക്കളാണ് മഴയെ അവരുടെ ബിസിനസിന്റെ ഭാഗമാക്കിയത്.  മഴയെന്നാൽ കുടയെന്നും കുടെയെന്നാൽ ഏതെന്നുമുള്ള  പാഠഭേദങ്ങൾ.

മഴക്കു ‘ കുഞ്ഞാത്ത’ യെന്ന ഓമനപ്പേരിട്ട് ഉപഭോഗ സംസ്കാരത്തിൻറെ ഭാഗമാക്കുന്നു.  മലയാളത്തിന്റെ പുതിയ പദാവലികളിൽ ഈ വിധത്തിലുള്ള ‘കുഞ്ഞാത്ത ‘ മാർ സ്ഥാനം പിടിക്കുമ്പോൾ പ്രതിഭാധനനായ കോപ്പിറൈറ്ററെ സ്തുതിക്കാം. വിപണന തന്ത്രങ്ങൾക്ക് പുതിയ പര്യായപദങ്ങളന്വേഷിക്കുന്നതാണ് ഇവിടെ കച്ചവടം . അതു തന്നെയാണ് പരസ്യവും.

നഷ്ടപ്പെടുന്നവരുടെ മഴ

പെരുമഴയിൽ തൊഴിൽ നഷ്ടമാവുന്നവർ ഏറെയാണ്.  കാറ്റിലും പേമാരിയിലും വീട് കടലെടുത്തു പോവുന്നുണ്ട്. വഞ്ചിയിൽ മീൻ പിടിക്കാൻ പോകാതാവുന്നത്, അടുപ്പിൽ തീ പുകയാതാവുന്നത് ….   മഴ നഷ്ടങ്ങളുടേതുമാണെന്ന്  നാം തിരിച്ചറിയുന്നു.

പുഴക്കരയിലെ കടത്തു തോണിക്കാരന് വള്ളമിറക്കാനാവുന്നില്ല.  അയാൾ പുഴക്കരയിലെ അബ്ദുവിന്റെ ചായക്കടയിൽ ചടഞ്ഞു കുത്തിയിരിക്കുകയാണ്.  “പുഴ കടക്കാനാവില്ല കുട്ട്യേ .  നശിച്ച മഴ കാരണം അടിയൊഴുക്കായി. ഇന്നലെ കിഴക്കൻ മലയിലൊക്കെ നല്ല മഴയായിരുന്നു. ”

മഴ മൂലമുണ്ടാകുന്ന ലാഭനഷ്ടങ്ങളുടെ കടവിലാണയാൾ. പ്രകൃതിയുടെ ആജ്ഞകൾക്ക് നാം വിധേയമാവുകയാണ്.

നമ്മുടെ പൂർവ്വ പിതാക്കന്മാർ മഴയെ യഥാർത്ഥമായി അവതരിപ്പിക്കുന്നു. വാല്മീകിരാമായണത്തിലെ ഈ വരികൾ അത് വ്യക്തമാക്കുന്നു.
” നവമാസ ധൃതം  ഗർഭംദാസ്
ക്കരസ്വ ഗദസ്തിദി:
പീത്വാരസം സമുദ്രാണാം ചൌ :
പ്രസൂതെ രസായനം”
(സൂര്യൻ്റെ ഉഷ്ണ രശ്മികൾ ഉപയോഗിച്ച് സമുദ്രജലം കുടിച്ച് , ഒമ്പതുമാസം ചുമന്ന് ,  വായുമണ്ഡലം മഴയെ പ്രസവിക്കുന്നു .)

മഴയെ ഒരു വാഗ്ദാനമായും ഒരനുഗ്രഹമായും കാണണമെന്ന് ലബനൻ പ്രവാചക കവി ഖലീൽ ജിബ്രാൻ ‘;പ്രവാചകന്റെ ഉദ്യാനം’ എന്ന പുസ്തകത്തിൽ പറയുന്നു .

വനങ്ങളിലെ മഴയ്ക്ക് ഒരു താളമുണ്ട് . വനാന്തരത്തിലെ ഓരോ വൃക്ഷലതാദികളും, നിലത്തെ കരിയിലകളും ഈ വെള്ളം വലിച്ചെടുക്കും . ഒട്ടേറെ വെള്ളം അവയിൽ തങ്ങിനിൽക്കും. ഒലിച്ചു പോവുകയില്ല. വനത്തിൽ പെയ്തു വീഴുന്ന ഓരോ മഴത്തുള്ളിയും വന ഹൃദയത്തിലേയ്ക്ക് ആഴ്ന്നു പോവുന്നു. പിന്നീട് പതിയെ അരുവിയായി പുഴകളിലേയ്ക്ക് ഒഴുകിയെത്തും.  വനഭൂമിയുടെ ഭൗതികവും രാസപരവുമായ ഘടകമാണ് മഴ.

മഴയുടെ മനസ്സറിഞ്ഞ പെരുമഴ ക്യാമ്പ്

മഴയത്ത് പാടിനടന്നും മഴയുടെ മനസ്സറിഞ്ഞും  ഇടുക്കി ജില്ലയിലെ വെൺമണി ഗ്രാമത്തിൽ 2000 ജൂലൈ 7 8 9 തീയതികളിൽ ‘പെരുമഴ ക്യാമ്പ് ‘ സംഘടിപ്പിക്കപ്പെട്ടു . വളരെ പുതുമയുള്ള ക്യാമ്പ് വെണ്മണി ‘സംസ്കൃതി ‘യായിരുന്നു സംഘാടകർ .  പ്രശസ്ത സാമൂഹ്യപ്രവർത്തകനും, എഴുത്തുകാരനുമായ രേഖ വെള്ളത്തൂവലിന്റെ നേതൃത്വത്തിൽ ‘മഴ ധ്യാനം’ ‘മഴ കവിയരങ്ങ് ‘  ‘മഴ ക്കഥയരങ്ങ് ‘ എന്നിവ ഈ ക്യാമ്പിൽ നടത്തപ്പെട്ടു.  ഈ സംഘടന 1998 ജൂലൈ മാസത്തിലും ഇതുപോലൊരു ക്യാമ്പ് സംഘടിപ്പിച്ചിരുന്നു  ..ഒരു പുത്തൻ ജല സംസ്കൃതിക്കായുള്ള തയ്യാറെടുപ്പാണ്  പ്രസ്തുത സംഘടന മുന്നോട്ട് വച്ചിരിക്കുന്നത്.

മഴ ഒരു ഒത്തുതീർപ്പിന്റെ വ്യവസ്ഥിതിയിൽ നിന്നാണ് സഞ്ചരിക്കുന്നത്.  വിശ്വാസങ്ങളുടെ മാനദണ്ഡങ്ങളിൽ , കാര്യ ബോധത്തിൽ പ്രവർത്തിക്കുന്ന കാര്യ ബോധത്തിൽ പ്രവർത്തിക്കുന്ന ഒരു കാരണവരായിട്ടൊക്കെ ….അത് പ്രകൃതിയുടെ പ്രാർത്ഥനയും, ക്ഷോഭവും ധ്യാനവുമാകുന്നു. ഉർവ്വരതയിലേയ്ക്ക് നയിക്കുന്ന നന്മയാകുന്നു.

” ഈ പുതുമഴ നനയാൻ
നീ കൂടി ഉണ്ടായിരുന്നെങ്കിൽ
ഓരോ തുള്ളിയെയും
ഞാൻ നിൻ്റെ പേരിട്ടു വിളിക്കുന്നു.
ഓരോ തുള്ളിയായ്
ഞാൻ നിന്നിൽ പെയ്തുകൊണ്ടിരിക്കുന്നു.
ഒടുവിൽ നാം ഒരു മഴയാകും വരെ  ”
(.മഴ-ഡി . വിനയചന്ദ്രൻ)

ഉപരേഖ: –
എഴുപതുകളുടെയും എൺപതുകളുടെയും മഴയുടെ സൗന്ദര്യ തുടർച്ച രണ്ടായിരം വരെ നീണ്ടു.  പിന്നീട് നമ്മുടെ ഋതുക്കൾക്ക് മാറ്റം വന്നു. രണ്ടായിരത്തി പതിനെട്ടുമുതൽ മഴക്കാലങ്ങൾ നമുക്ക് ഭീതിയും , നാശവും മാത്രം സമ്മാനിച്ചു.

ഡോ. ഐഷ വി

1/12/2021 രാവിലെ ഫോണെടുത്ത് വാട്സാപ് നോക്കിയപ്പോൾ കോളേജിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീ സുബിയുടെ മെസേജ് കിടക്കുന്നു. തലേന്നിട്ട മെസ്സേജാണ്. നാളെ പത്ത് മണിയ്ക്ക് ഞാറ് നടാനായി കുട്ടികൾ ബോധിയിലേയ്ക്ക് പോകുന്നുണ്ട്. ടീച്ചർ വരുന്നുണ്ടെങ്കിൽ ഞാൻ വണ്ടിയുമായി വരാം. ഞാൻ സമ്മതമറിയിച്ചു. “ടീച്ചർ വയലിലെ ചെളിയിൽ ഇറങ്ങുമോ ഞാറ് നടാനായി ?” സുബി സാർ ചോദിച്ചു. പ്രമേഹ ബാധിതയായതു കൊണ്ട് ഞാൻ ചെളിയിലിറങ്ങില്ലെന്ന് അറിയിച്ചു. 10 മണിയായപ്പോഴേയ് ക്കും സുബി സാർ വണ്ടിയുമായെത്തി. ഞാനും രതി ടീച്ചറും അനുരഞ്ജ് എന്ന വിദ്യാർത്ഥിയും സുബി സാറും കൂടി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് വടക്കഞ്ചേരിയിൽ നിന്നും നേരെ ബോധിയിലേയ്ക്ക് തിരിച്ചു.

പാലക്കാട് നാഷണൽ ഹൈവേ 544 ൽ കിണ്ടി മുക്കിൽ നിന്ന് സർവ്വീസ് റോഡിലിറങ്ങി ഗുരുകുലം സ്കൂളിനടുത്തു കൂടി ബോധിയിലേയ്ക്ക് പോകാനുള്ള വഴിയിലെത്തിയപ്പോൾ സുബി സാർ പറഞ്ഞു: ഗുരുകുലം സ്കൂൾ സംസ്ഥാനത്തെ മികച്ച സ്കൂളിനുള്ള അവാർഡ് നേടിയിട്ടുണ്ട്. ധാരാളം ആക്ടിവിറ്റികൾ അവിടത്തെ കുട്ടികൾ ചെയ്യുന്നുണ്ട്. കുറച്ചു കൂടി മുന്നോട്ട് പോയി ഒരു വളവ് തിരിഞ്ഞ് വയലിനക്കരെ കടന്നപ്പോൾ ബോധിയെത്തി. സുബി സാർ കൃഷ്ണേട്ടനെ പറ്റി പറഞ്ഞു. അദ്ദേഹം തികഞ്ഞ ഗാന്ധിയനാണ്. വാക്കു പോലെയാണ് പ്രവൃത്തിയും. നല്ല കർഷകനും കൂടിയാണ്.

ബോധി വളർന്നു വരുന്ന ഒരു സ്ഥാപനമാണ്. ബോധിയിലെത്തി കാർ ഒതുക്കിയിട്ട് ഞങ്ങളിറങ്ങിയപ്പോൾ കണ്ടത് ഷഡ്‌ഭുജാകൃതിയിൽ പണി പൂർത്തിയാകാത്ത ഒരു നിർമ്മിതിയാണ്. പുറത്ത് നിന്ന് വരുന്നവർക്കിരിയ്ക്കാൻ പാകത്തിനുള്ളത്. അടുത്ത കാഴ്ച ഒരു തേൻ മാവിൽ ചേർത്ത് നിർമ്മിച്ചിരിയ്ക്കുന്ന ഒരു ഏറു മാടമാണ്. അതിൽ കയറിനിന്നു നോക്കിയാൽ പാലക്കാടൻ നെല്ലറകളിലൊന്നിന്റെ ദൂരകാഴ്ച കിട്ടും. ഒട്ടുമേ തരിശിടാത്ത പാടങ്ങൾ . എല്ലാം പുതു വിതയ്ക്കും കൃഷിയ്ക്കുമായി ഒരുങ്ങിയിരിയ്ക്കുന്നു. കൃഷ്ണേട്ടന്റെ മുറ്റത്തെ മറ്റൊരു കാഴ്ച വിശാലമായ ഓല മേഞ്ഞ ഒരു കെട്ടിടമാണ്. ചുറ്റും മരത്തൂണുകൾ നാട്ടിയിട്ടുള്ള ഒരു വരാന്തയുണ്ട്. ആ കെട്ടിടത്തിൽ വച്ചാണ് യോഗയും മറ്റു ക്ലാസ്സുകളും നടത്തുന്നത്.

ഞങ്ങൾ കൃഷ്ണേട്ടന്റെ വീട്ടുമുറ്റത്തെത്തിയപ്പോൾ ഭാര്യ പ്രവീണ കോളേജിൽ നിന്ന് നെൽകൃഷി പഠിക്കാനെത്തിയ എൻ എസ് എസ് വോളന്റിയർമാർക്ക് കാപ്പിയും കിഴങ്ങു വർഗ്ഗങ്ങൾ കൊണ്ടുള്ള പുഴുക്കും തയ്യാറാക്കുന്ന തിരക്കിലായിരുന്നു. ഒന്നു പരിചയപ്പെട്ട് ഞങ്ങൾ അടുത്ത പറമ്പിലൂടെ കയറിയിറങ്ങി പാടത്തേയ്ക്ക് നടന്നു. പാടത്തിനക്കരെ കൃഷ്ണേട്ടന്റെ വയലിനടുത്തായി കുട്ടികൾ പാടത്ത് പണിയ്ക്കിറങ്ങാൻ പാകത്തിനുള്ള വേഷവിധാനങ്ങളുമായി നിൽപുണ്ടായിരുന്നു. കൃഷ്ണേട്ടനും സഹായി ഗോപാലകൃഷ്ണനും കുട്ടികളും നടാനുള്ള ചിറ്റുണ്ടകൾ ട്രേകളിൽ നിറച്ചു വച്ചിരുന്നു.

സാധാരണ വിത്തിനുള്ള നെല്ല് കുതിർത്ത് ചണ ചാക്കിൽ കെട്ടി ഭാരം വച്ച് മുള പൊട്ടുമ്പോൾ ഞാറ്റടികളിൽ പാകി കിളിർപ്പിച്ച് പറിച്ചു നടാൻ പരുവമാകുമ്പോൾ ഒരു പിടി വീതം ഉഴുതു തയ്യാറാക്കിയ പാടത്ത് നടുകയാണ് പതിവ്. എന്നാൽ ഈ രീതി വ്യത്യസ്തമാണ്. വയനാട്ടിലെ അജയ് തോമസ് വികസിപ്പിച്ചെടുത്തു പുതുരീതി. വളരെ കുറച്ച് നെൽ വിത്തു കൊണ്ട് കൂടുതൽ സ്ഥലത്ത് കൃഷിയിറക്കാൻ പറ്റും. വിളവും കൂടുതൽ , കൃഷ്ണേട്ടന് കഴിഞ്ഞ കൃഷിയിൽ ഒരു നെൽച്ചെടിയിൽ നിന്ന് 40 നെൽകതിരുകൾ കിട്ടിയിരുന്നു. എന്നാൽ വയനാട്ടിൽ ഈ രീതിയിൽ കൃഷി നടത്തിയപ്പോൾ 100-140 നെൽക്കതിരുകൾ കിട്ടിയിരുന്നു.

ചെയ്തു കൊണ്ടിരുന്ന പണിതീർന്നപ്പോൾ കൃഷ്ണേട്ടൻ ഞങ്ങളുടെ അടുത്തേയ്ക്ക് വന്ന് പരിചയപ്പെട്ടു. ഒട്ടും ദുർമേദസ്സില്ലാത്ത ശരീരം. നല്ല കർഷകന് പറ്റിയ ശരീരം തന്നെ. ഞാൻ കൃഷ്ണേട്ടനോട് ” ചിറ്റുണ്ട” രീതിയിൽ നെൽകൃഷി ചെയ്യുന്നതിനെ പറ്റി ചോദിച്ചു. അദ്ദേഹം കൃഷി രീതിയെ കുറിച്ച് വാചാലനായി . ചതുരാകൃതിയിൽ തയ്യാറാക്കിയ ഒരു പെല്ലറ്റിൽ ഏകദേശം ഒന്നൊന്നര ഇഞ്ച് പൊക്കമുള്ള നാല് കുഞ്ഞൻ നെൽ തൈകൾ വളർന്ന് നിൽക്കുന്നു. ഇതിനെയാണ് ഒരു ചിറ്റുണ്ടയെന്ന് പറയുന്നത്. ഈ ചിറ്റുണ്ട നിർമ്മിയ്ക്കാൻ ഉപയോഗിക്കുന്നത് ജൈവ കൂട്ടും കളി കൂട്ടുമാണ്. ജൈവ കൂട്ടിൽ കരിയിലയും പച്ചിലകളുമായിരിയ്ക്കും. കളി കൂട്ടിൽ പഞ്ചഗവ്യം- ഗോ മൂത്രം ചാണകം മുതലായവ. ഒരു നെൽച്ചെടിയ്ക്ക് 45 ദിവസം വളരാനുള്ള വളം ഈ കൂട്ടടങ്ങിയ ചിറ്റുണ്ടയിലുണ്ടാവും. ഈ ചിറ്റുണ്ട നിശ്ചിത അകലത്തിൽ വരയിട്ട് തയ്യാറാക്കിയ ചാലുകളിൽ ഒരടി അകലത്തിൽ ഇട്ടു പോയാൽ മാത്രം മതിയാകും. കുഴിച്ചുവയ്ക്കയോ ഉറപ്പിയ്ക്കുകയോ ചെയ്യേണ്ടതില്ല. ചതുര കൃതിയിലുള്ളതായതിനാൽ ചെടികൾ നിവർന്നു നിൽക്കത്തക്ക രീതിയിൽ ചാലിൽ ഇട്ടാൽ മാത്രം മതിയാകും. ഇങ്ങനെ പാടം മുഴവൻ തൈകൾ ഇട്ട ശേഷം “കോണോ വീൽ” എന്ന ഉപകരണം ചെടികൾക്കിടയിലൂടെ കുറുകെ ഓടിയ്ക്കുമ്പോൾ മണ്ണിളകുകയും ചെടിയുടെ വേരുകൾ ഉപരിതലത്തിൽ നിന്ന് വളം വലിച്ചെടുക്കാൻ പാകപ്പെടുകയും ചെയ്യും.

ഉഴുത് നിരപ്പാക്കിയ പാടത്ത് വരയിടാനായി 7 പല്ലുകളുള്ള തടി ഫ്രെയിമിൽ തീർത്ത ഉപകരണം തയ്യാറാക്കിയിട്ടുണ്ട്. ഇങ്ങനെയിട്ട വരയിലൂടെ ഒരടിയകലത്തിൽ ചിറ്റുണ്ട ഇട്ടു പോയാൽ മാത്രം മതി. പാടത്ത് അധികമുള്ള വെള്ളം വാർന്നു പോകാനായി ചെറു ചാലുകൾ തീർത്തിട്ടുണ്ട്. ഇത് ഒരു തുണിയിൽ കെട്ടിയ ഒരു ഉരുളൻ കല്ല് പാടത്തു കൂടി വലിച്ചു കൊണ്ട് പോകുമ്പോൾ രൂപപ്പെടുന്നതാണ്. ജീരകചമ്പാവ് എന്ന നെൽ വിത്താണ് ഈ കൃഷിയ്ക്ക് ഉപയോഗിച്ചത്. സൗമ്യവും മൃദുത്വവും സുഗന്ധവുള്ളതാണ് ഈ ഇനം വിത്ത്. കാലാവസ്ഥാ വ്യതിയാനം മൂലം ആലത്തൂർ മേഖലയിൽ 70% കൃഷി നഷ്ടമായിരുന്നു. അത്തരം സാഹചര്യത്തിൽ ഈ ഇനം വിത്തുകൾ പിടിച്ചു നിൽക്കാൻ കെല്പുള്ളവയാണ്. കൃഷ്ണേട്ടന്റെ വയലിന് ചുറ്റും ഉമയും തവളക്കണ്ണനുമൊക്കെയാണ് കൃഷി ചെയ്തിരുന്നത്. കഴിഞ്ഞ മഴക്കാലത്ത് കാലാവസ്ഥയെ അതിജീവിച്ചത് ജീരകചമ്പാവാണ്.

പാടത്തിലും പറമ്പിലും ഇറങ്ങി പ്രവൃത്തിക്കുന്ന കൃഷി ഓഫീസറായ രശ്മി മാഡം എത്തിക്കഴിഞ്ഞപ്പോൾ ചെറിയ ഉത്ഘാടന ചടങ്ങോടു കൂടി മണ്ണൊരുക്കിയ കൃഷ്ണേട്ടനും കൂട്ടരും മനസ്സൊരുക്കിയ വിദ്യാർത്ഥികളും ചിറ്റുണ്ട നിക്ഷേപിയ്ക്കാൻ തയ്യാറായി. ഈ നിക്ഷേപം വളർന്നു വലുതായി ധാരാളം ചിനപ്പുകൾ വന്ന് പൊൻ കതിരുകൾ വിളവെടുക്കാൻ കഴിയണമെന്ന ആഗ്രഹത്തോടെ മുൻപരിചയമില്ലെങ്കിലും വിദ്യാർത്ഥികൾ കൃഷിയ്ക്കിറങ്ങി. ചെളിയിൽ ബാലൻസ് ചെയ്തും ട്രേകളിൽ ചിറ്റുണ്ട നിറച്ചും വിതച്ചും കുട്ടികൾ മുന്നേറി. മണ്ണറിഞ്ഞും കൃഷിയറിഞ്ഞും പുതുതലമുറ മുന്നേറട്ടെ. ഞങ്ങൾ തിരിച്ചു പോകും വഴി കൃഷ്ണേട്ടന്റെ ഭാര്യ തയ്യാറാക്കി വച്ചിരുന്ന പനംചക്കര കാപ്പിയും കുടിച്ച് ഞങ്ങൾ തിരികെ പോന്നു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

രാധാകൃഷ്ണൻ മാഞ്ഞൂർ

സൂക്ഷ്മ മനോഹരങ്ങളായ പദാവലികൾ കൊണ്ട് ആഴവും, പരപ്പുമുള്ള കവിതകളും,  നാനോകഥകളും സമ്മാനിക്കുന്ന ഒരു എഴുത്തുകാരൻ നമുക്കുണ്ട് – സതീഷ് തപസ്യ.

സാഹിത്യ വഴിയിൽ വ്യതിരിക്തമായൊരു വ്യക്തിത്വം, ഏതെങ്കിലും എഴുത്തു പൊങ്ങച്ചങ്ങളുടെയോ ,  സാങ്കേതികതകളുടെയോ, പദവി കസർത്തുകളുടെയോ  കൂട്ടുകൃഷിയിൽ പെട്ടു പോകാത്തവൻ. തീപിടിച്ച കിടക്കയും, പൊള്ളുന്ന കനൽ ജീവിതവും സ്വന്തമായുള്ള ഒരുവൻ.  നീതിബോധത്തിൽ ജ്വലിക്കുകയും തേങ്ങുകയും ചെയ്യുന്ന മനസ്സോടെ നമുക്ക് നേരെ നീട്ടുന്നത് നന്മയുടെ സാഹിത്യസൃഷ്ടികളാണ്…. കലർപ്പില്ലാത്ത ജീവിതത്തിൻറെ തുറസ്സായ തലങ്ങളിൽ നിന്ന് ഉരുവം കൊണ്ടത് ……

അരയ്ക്ക് കീഴ്പോട്ട് തളർന്നു കിടക്കുന്ന ഒരു കവിയെപ്പറ്റിയാണ് പറഞ്ഞുവരുന്നത്.  നിസ്സഹായതകളെ നിഷ്ക്കരുണം വകഞ്ഞുമാറ്റി ജീവിതത്തിൻറെ പുതിയ ബോധ്യങ്ങളിലേയ്ക്കാണ് ഈ കവി സഞ്ചരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട എടുരുത്തി ഗ്രാമത്തിലാണ് സതീഷ് താമസിക്കുന്നത്.  സതീഷിന്‌ രണ്ടു വയസ്സുള്ളപ്പോൾ അപ്പൻ  ഉപേക്ഷിച്ചുപോയി.  പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് വീടിൻറെ മുറ്റത്തെ തെങ്ങിൽ കയറിയ സതീഷ് താഴേക്ക് പതിച്ചു. തൊണ്ണൂറിലെ  ഒരു സായാഹ്ന മഴയിൽ ജീവിതം തല കുത്തി വീണപ്പോൾ എല്ലാം അവസാനിച്ചുവെന്ന് കരുതി. നട്ടെല്ലിന് ക്ഷതം, നെഞ്ചിനു കീഴ്‌പോട്ടു തളർന്നു ….

അനാഥത്വം, ഏകാന്തത,  രോഗങ്ങൾ എല്ലാം കവിതയിൽ കടന്നുവരുന്നുണ്ട് . ഈ ആത്മ പീഡകളാവും സതീഷിന്റെ കവിതകളെ വേറിട്ടു നിർത്തുന്നത്.  ചുറ്റുപാടുകൾ പൊള്ളിക്കുന്ന ചിത്രങ്ങളായി മുന്നിൽ നിൽക്കുമ്പോൾ മറ്റൊരു വിഷയവും തേടി അലയേണ്ടി വരുന്നില്ല.  ഇനി കവി പറയട്ടെ ജീവിതത്തെപ്പറ്റി ,  കാലത്തെപ്പറ്റി ……

 

 കവിതയെ എങ്ങനെ കാണുന്നു ?

കവിത എനിക്ക് അതിജീവനത്തിൻെറ നട വഴിയാണ്.  അവിടെനിന്ന് ഞാൻ പ്രതികരിക്കുകയും,  പ്രതിഷേധിക്കുകയും ചെയ്യുന്നു

അഭയവും അതിജീവനവുമാവുന്നു. കവിതയെന്നെ ജാഗ്രതയുള്ളവനാക്കുന്നു ….

 വളരെ സമ്പന്നമായ വായനക്കാലം? പ്രിയപ്പെട്ട എഴുത്തുകാർ?

ഞാൻ വീണ് ഒരു വർഷം കഴിഞ്ഞപ്പോൾ മുതൽ പുസ്തക വായന തുടങ്ങി. വായന കരുത്തും വഴികാട്ടിയുമായി. വായിച്ച എല്ലാ പുസ്തകങ്ങളും എനിക്ക് പ്രിയപ്പെട്ടതാവുന്നു.

എ.അയ്യപ്പൻ , സച്ചിദാനന്ദൻ ,കടമ്മനിട്ട, സുഗതകുമാരി സത്യചന്ദ്രൻ പൊയിൽക്കാവ്

കിട്ടിയ പുരസ്കാരങ്ങൾ ? 

ജയലക്ഷ്മി സാഹിത്യപുരസ്കാരം, പൊൻകുന്നം ജനകീയ വായനശാല ദശവാർഷിക പുരസ്കാരം ,ഗ്രന്ഥപ്പുര  കവിതാ പുരസ്കാരം, നാമ്പ് സാഹിത്യ പുരസ്ക്കാരം ,പരസ്പരം മാസികയുടെ വായനക്കൂട്ടം പുരസ്കാരം,  പ്രദീപ് മീനാത്തുശ്ശേരി സ്മാരക കവിതാ പുരസ്കാരം,  ഇൻഡിവുഡ് ഭാഷാ  സാഹിത്യ പുരസ്കാരം

 സൈമൺ ബ്രിട്ടോയുമായുള്ള സൗഹൃദം?

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഫിസിക്കൽ മെഡിസിൻ ആൻഡ്  റിഹാബിലിറ്റേഷൻ സെൻററിൽ വച്ചാണ് സൈമൺ ബ്രിട്ടോയെ പരിചയപ്പെട്ടത്. അന്ന് ബ്രിട്ടോയും  ചികിത്സയ്ക്കായി എത്തിയതായിരുന്നു . ബ്രിട്ടോയാണ് വായനയും,  എഴുത്തും ആത്മബലം നൽകുന്നതാണെന്ന് പറയുന്നത്.  ഈ നിസ്സഹായതയാണ് തൻറെ കരുത്തെന്നും ഈ കരുത്ത് ഉപയോഗിച്ച് സിംഹത്തെ വേട്ടയാടണമെന്നും പറഞ്ഞു.

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ?

മഞ്ഞുപൊഴിയുമ്പോൾ (കവിത – ചിത്രരശ്മി മലപ്പുറം)
മരിച്ചവർ മരങ്ങൾക്ക് ഹരിതമാകുന്നു. ( നാനോ കഥകൾ – ജനകീയ വായനശാല പൊൻകുന്നം )
അതിരുകളിലൂടെ കുഞ്ഞുങ്ങൾ നടക്കുമ്പോൾ(കവിത – ഡിസി  കോട്ടയം )
തൊട്ടാവാടി (ബാലകവിതകൾ – പ്രിന്റ് ഹൗസ് തൃശ്ശൂർ)

പൂവിനെയും,  പ്രണയത്തെയും, വെണ്മയെയും , ജീവിതത്തെയും ,  മരണത്തെയും ജീവിതത്തിൻറെ പളിത യുക്തികളിലേയ്ക്ക് മിഴി ചൂണ്ടി , വായനക്കാരന്റെ ആത്മസ്ഥലിയെ ഉണർത്തുന്നു. സതീഷിന്റെ പ്രശസ്തമായ ‘ വില്പന’ എന്ന നാനോക്കഥ ഇങ്ങനെയാണ് “അവൾക്ക് വിൽപ്പനയെക്കുറിച്ച് ഒന്നും അറിയില്ല . അതുകൊണ്ടാണ് ഒരു പുരുഷനെയും അവൾക്ക് വിൽക്കാനാവാത്തത്”. ഈ കഥ കച്ചവടത്തിന്റെ നീതി ശാസ്ത്രത്തെ ദയാരഹിതമായി കീറിമുറിച്ച് വെളിപ്പെടുത്തുന്നു. സ്ത്രീയെന്ന ഉപകരണത്തിന്റെ വില്പന സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന ആഗോള വ്യവസ്ഥയുടെ കപടതകളെയും ,  ആൺകോയ്മയെയും എത്ര ഒതുക്കത്തോടെ പകർത്തി വച്ചിരിക്കുന്നു.

ഉപരേഖ

ഈ കവിജീവിതത്തിനു പുറകിൽ ജാഗ്രതയും , കരുതലുമായ് ഒരാളുണ്ട്.  അമ്മ – ടി. കമലമ്മാൾ . ഈ അമ്മയുടെ പ്രാർത്ഥനകളിൽ നിന്നാണ്, വറ്റാത്ത പ്രതീക്ഷകളിൽ നിന്നാണ് ,വറ്റാത്ത പ്രതീക്ഷകളിൽ നിന്നാണ്  സതീഷിന്റെ  സർഗ്ഗാത്മകത പൂർണമാവുന്നത് …… അതുകൊണ്ടുതന്നെയാണ് അതിജീവന കഥ നമുക്ക് പാഠപുസ്തകമാവുന്നത്.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

പണ്ടൊക്കെ ഒരു പറ്റം ജനതയുണ്ടായിരുന്നു സ്വന്തം മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും എന്തിനേറേ അയൽക്കാരുടെ കൂടെ അന്നന്നത്തെ വയറു ശരിക്കൊന്നു നിറയ്ക്കാനായി കടൽകടന്ന് ജോലിക്കായി പോയിരുന്നവർ . കടൽ കടന്ന് ഗൾഫിൽ ഇറങ്ങാതെ അത് ഇംഗ്ലണ്ടോ അമേരിക്കയിലോ ഒക്കെ ഇറങ്ങിയാൽ പിന്നെ ആ വന്നിറങ്ങിയവരുടെ വീടുകൾമാത്രമല്ല ആ ഗ്രാമം കൂടി സന്തോഷിച്ചിരുന്ന ഒരു കാലം . ഇന്ന് നമുക്കറിയാവുന്ന ആ കാലവും ചുറ്റുപാടുകളുമൊക്കെ അവിടെ തന്നെയുണ്ട് . പക്ഷെ മാറി നമ്മൾ മനുഷ്യർ ഒത്തിരി മാറി .

ഇംഗ്ലണ്ട് എന്ന നാട്ടിൽ വന്ന് 14 വർഷങ്ങൾ മേലെയായി. നമ്മൾ ഹിസ്റ്ററിയിൽ വായിച്ചു കാണാപാഠം മാത്രം പഠിച്ചിരുന്ന അല്ലെങ്കിൽ ഇന്ത്യക്കാരോട് ക്രൂരമായി മാത്രം പെരുമാറിയിരുന്ന ആ സമൂഹം അല്ല ഇന്നിവിടെയുള്ളത് .

അവർ വല്ലാതെ മാറി. അവരുടെ മാനുഷിക നിയമങ്ങൾ അഭയാർഥികളോടുള്ള കരുണ എന്തിനേറെ ഭീകരൻമാരോട് പോലും അവന്റെ മാനുഷിക മൂല്യങ്ങൾ മനസിലാക്കി പെരുമാറുന്ന ഒരു നാടാണിത് . ഇവിടെ ആരും ആരോടും ജോലിയെന്താ എന്ന് അഭിമുഖമായി ചോദിക്കില്ല, ജോലിയും വേതനവുമനുസരിച്ച് ആരേയും ബഹുമാനിക്കാറുമില്ല, ആർക്കുവേണ്ടിയും അവരുടെ സാമൂഹിക സ്ഥാനം അനുസരിച്ചു തന്നിരിക്കുന്ന സീറ്റ്‌ എണീറ്റു കൊടുക്കേണ്ടതില്ല, ഒരു തിക്കിലും തിരക്കിലും വേറൊരാളുടെ സ്ഥാനവും പ്രൗഢിയും അനുസരിച്ച് മാറിക്കൊടുക്കേണ്ടതില്ല, ഒരു പോലീസുദ്യോഗസ്ഥനും കുറ്റവാളിയെ സമൂഹ മധ്യത്തിലിട്ടു ചോദ്യം ചെയ്യാറില്ല , അവരുടെ കാറിൽ ഇരുത്തി സാവകാശം കാര്യങ്ങൾ ചോദിച്ചറിയും,ഒരാളും ഇന്നത്തെ പകയും വിദ്വേഷവും നാളത്തേയ്ക്ക് ഓർത്തുവെക്കാറില്ല . തമ്മിൽ അടിച്ചു പിരിഞ്ഞ ദമ്പതിമാർ പോലും പിറ്റേ ദിവസം പരസ്പരം കാണുമ്പോൾ ഒന്നിച്ചിരുന്നു ചായ കുടിക്കുന്നവരാണ്, ഒരു ജഡവും ഒരു പ്രജപോലും കാൺകെ ക്രോസ് വിസ്താരം ചെയ്യാറില്ല ,ഒരു ജന നേതാവും അവർക്ക് അകമ്പടി കൊണ്ട് നടക്കാറില്ല. അവരുടെ മനസ്സിൽ ആഴത്തിൽ സ്നേഹം ഉണ്ടെങ്കിലും ഇല്ലങ്കിലും ആരോടും അവർ ചൂടായി സംസാരിക്കാറില്ല . റോഡ് ക്രോസ് ചെയ്യാൻ വണ്ടി ഒന്ന് ചെറുതായി നിർത്തിത്തരുന്നവരോട് പോലും അല്ലെങ്കിൽ ബസിറങ്ങുമ്പോൾ ഡ്രൈവറോട് പോലും നന്ദി പറഞ്ഞിറങ്ങുന്നവരാണ് , ചെയ്ത തെറ്റിന് ക്ഷമചോദിച്ചു സമാധാനത്തിലാകുന്നവരാണ് . എല്ലാരോടും അനുകമ്പയും സ്നേഹവും അവർ ഒരു പൊതു അജണ്ടയായി കൊണ്ട് നടക്കുന്നവരാണ് . ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്തവരോടുപോലും ” How are you” എന്ന് ചോദിച്ചു കടന്നു പോകുന്നവരാണ്.

നാടേതാ ജാതി ഏതാ എന്ന് നോക്കാതെ ജോലിയില്ലാത്തവർക്കെല്ലാം സാമ്പത്തിക സഹായങ്ങൾ നൽകി മറ്റു ജോലിയുള്ളവർക്കൊപ്പം അവരുടെ ജീവിതവും ഉറപ്പാക്കുന്നവരാണ് . ഇനിയും എണ്ണിയാൽ തീരാത്തത്ര പറയാൻ ഉണ്ടേറെ.

ഇവിടെ ബിസിനസ് മാനേജ്‌മന്റ് പഠിച്ചിറങ്ങുന്നതിനുമുമ്പേ നേഴ്സിങ് ഹോമിന്റെ അസിസ്റ്റന്റ് മാനേജരായി ജോലിചെയ്യാനുള്ള ഭാഗ്യമെനിക്ക് ഉണ്ടായിട്ടുണ്ട്. അപ്പോയിന്മെന്റ് കിട്ടിയ ഉടനെ ചെയ്തത് മാനേജർക്ക് ഇടാൻ പറ്റിയ ഒരു കോട്ടും സ്യുട്ടും മേടിക്കുക എന്നതാരുന്നു. പിറ്റേദിവസം കോട്ടും സ്യൂട്ടും അണിഞ്ഞു കറങ്ങുന്ന കസേരയിൽ ഇരിക്കാൻ ചെന്ന എന്നോട് മാനേജർ പറഞ്ഞു നേഴ്സിംങ്ങ് അനുബന്ധിച്ചുള്ള ജോലി ചെയ്യാൻ വരുന്നയാൾ ഇങ്ങനെ ആഡംമ്പരമായി വരേണ്ടതില്ല .ഇവിടെ പേഷ്യൻസിൻ്റെ നാപ്പി മാറുന്നതു മുതൽ തറ തുടയ്ക്കുന്നതുവരെ ചെയ്യേണ്ടിവരുമെന്ന്. അന്നുമുതൽ എന്റെ കോട്ടും സ്യൂട്ടും വെട്ടം കണ്ടില്ല. യൂണിഫോം ആണ് ഇതിനെല്ലാം അനുയോജ്യം.

അപ്പോൾ പറഞ്ഞുവന്നത് ഇവിടെ മറ്റുമുള്ളവരെ അവരുടെ ജോലിയുടെ അടിസ്ഥാനത്തിലോ സാമ്പത്തികാടിസ്ഥാനത്തിലോ ബഹുമാനിക്കുകയോ ഉയർത്തി പിടിക്കുകയോ ഇല്ല എന്നാണ്. അത് ഹെൽത്തുമായി ബന്ധപ്പെട്ട മേഖലയാണെങ്കിൽ പിന്നെ പറയുകയും വേണ്ട . അവിടെ ഡൊമസ്റ്റിക് സ്റ്റാഫ് മുതൽ മേട്രൺ അല്ലെങ്കിൽ സിഇഒ വരെ ഹോപിറ്റലിൽ ജോലിചെയ്യണമെങ്കിൽ അവരുടെ ഡിഗ്രികളും സ്ഥാനങ്ങളും മറക്കണം . അവിടെ രോഗിയാണ് വിഐപി, അവിടെ രോഗിയെ കാണുന്നത് ഒരു വൾണറബിൾ പേഴ്സൺ ആയിട്ടാണ് . അവരോടു മിണ്ടാനും ഇടപെഴകാനും ഒരു രീതിയുണ്ട് .

നമ്മുടെ നാട്ടിൽ വീട്ടിൽ ഒറ്റമകനോ മകളോ ആയിവളർന്നു ജീവിതം മുഴുവൻ കൈവെള്ളയിൽ ഇട്ടു അമ്പിളി അമ്മാവനെ കാണിച്ചു കൊതിപ്പിക്കാതെ മേടിച്ചു കൊടുത്തു കണ്ണ് മഞ്ഞളിച്ച പുതു തലമുറയ്ക്ക് ഇതൊന്നും അത്ര ദഹിക്കില്ല . ഇവിടുള്ളവരെ ശിശ്രൂഷിക്കാൻ വേണ്ടി ടിക്കറ്റ് ചാർജും ഭക്ഷണ ചെലവ് വരെ മുടക്കി വന്നിറങ്ങുന്ന പുതു തലമുറയ്ക്ക് അവർ വന്നത് എന്തിനാണെന്ന കാര്യം മറക്കുന്നു . കാരണം വേറൊന്നുമല്ല ഇന്നുള്ളവർ ഒരു സ്വിമ്മിങ് പൂളിൽ മാത്രം നീന്താൻ അറിയാവുന്നവരാണ് , ആ ട്രാക്കിൽ മാത്രം അവർ ഓടി ജയിക്കും പക്ഷെ ഒരു നദിയിലോ കുളത്തിലോ ഇട്ടാൽ അവർ മുങ്ങി മരിക്കും . അതാണ് ട്രാക്കിലൂടെ മാത്രം ഓടി ജയിച്ചു പരിചയം ഉള്ളവരുടെ കഥ .

പിന്നെ ഇവിടെ ബ്രിട്ടനിൽ നേഴ്‌സുമാരുടെ ശമ്പളം എന്നത് എച്ച്സിഎ അലവൻസു കൂടി ഉൾപ്പെടുത്തിയുള്ളതാണ് .അതും അവരുടെ മര്യാദ. അപ്പോൾ എന്തുജോലിയും ചെയ്യണമെന്ന് സാരം . നമ്മൾ ചെയ്യാൻ മടിക്കുന്ന ജോലി സന്തോഷത്തോടെ ചെയ്യാൻ ഓടിയെത്തുന്ന ബംഗാളികളോടും തമിഴ് നാട്ടുകാരോടും നമ്മൾ കാണിക്കുന്ന മര്യാദയേക്കാൾ എത്രയോ ഉയർന്ന ഗ്രാഫാണ് നമ്മൾ കുടിയേറ്റക്കാർക്ക് ഇവർ തരുന്നതെന്നും മറന്നുകൂടാ ..

അതുകൊണ്ട് നാട്ടിലെ കൊട്ടാരത്തിന്റെ തിളക്കം ഓർത്തു ഈ നാട്ടിൽ കണ്ണ് കാണാതായാൽ നേടിയെടുത്ത പിന്ന് കൊണ്ടുതന്നെ സ്വയം കുത്തി മുറിവേൽപ്പിച്ചു അഴികൾ എണ്ണാം. കാരണം ഒട്ടേറെ ഹ്യൂമൺ റൈറ്റ്സും അബ്യൂസ് റിലേറ്റടുമായുള്ള നിയമങ്ങൾ’ സാമ്പത്തിക വലുപ്പങ്ങൾ നോക്കാതെ ചിട്ടയോടെ പാലിക്കുന്നൊരു നാടാണിത് .

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട …കൂടാതെ വരും തലമുറയുടെയൊക്കെ ശുശ്രൂഷ ലഭിക്കാൻ ഭാഗ്യം ചെയ്തവരാണ് നമ്മൾ പഴയതലമുറ എന്നും മറക്കണ്ട . നമ്മൾ വളർത്തിയ കർമ്മ …

ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️. ——————————————-

രാധാകൃഷ്ണൻ മാഞ്ഞൂർ
കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര പ്രദേശങ്ങളിലും, പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമായി കഴിഞ്ഞ നാളുകളിലുണ്ടായ പ്രളയദുരന്തം കൺമുന്നിൽ ഭീകര ദൃശ്യമായി ഇപ്പോഴുമുണ്ട്.

ഒരു മനുഷ്യായുസ്സിൽ കൂട്ടി വെച്ചതൊക്കെ ഒരു നിമിഷം കൊണ്ട് പ്രകൃതി കവർന്നെടുക്കുകയായിരുന്നു. പ്രളയത്തിൽ സർവ്വതും നഷ്ടമായവർ ആർത്തലച്ചു പെയ്യുന്ന മഴ നോക്കി നിസഹായതയോടെ നിന്നു.

പതിവുപോലെ പ്രളയ ദുരന്ത ചർച്ചകൾ ടിവി ചാനലുകളുടെ റേറ്റിംഗ് വർധിപ്പിച്ചു. വലിയ ബ്രാൻഡഡ് കമ്പനികൾ പരസ്യം തന്ന്  രംഗം കൊഴുപ്പിച്ചു. ശീതീകരിച്ച മുറികളിലിരുന്ന് കരിങ്കൽ ക്വാറി മുതലാളിമാർ, ജിയോളജി വിഭാഗം മേധാവികൾ, രാഷ്ട്രീയനിരീക്ഷകർ വരെ പ്രളയന്തര കാലത്തെ വായിച്ചെടുത്തു. പ്രശ്‌നത്തെ പറ്റി കീറിമുറിച്ചവരാരും പ്രകൃതിക്കുവേണ്ടി സംസാരിച്ചില്ലെന്നതാണ് വാസ്തവം.

വികസനമെന്ന് പേരിട്ട് ഭരണകൂടം നടത്തുന്ന ചില തുഗ്ലക്ക് പരിഷ്‌കാരങ്ങൾ, ആവശ്യത്തിൽ കൂടുതൽ പ്രകൃതിയെ കവർന്നെടുക്കാൻ വെമ്പൽ കൂട്ടുന്ന ആർത്തി പിടിച്ച
ജനത…….. ഈ രണ്ട് റോളുകളും നമ്മൾ തന്നെയാണ് ചെയ്യുന്നത്. ഈ ദർപ്പണത്തിൽ പതിയുന്നത് നമ്മൾ ഓരോരുത്തരുടെയും മുഖങ്ങളാണ്.

കൂറ്റൻ മലനിരകളെ കവർന്നെടുത്ത് ടിപ്പർലോറിയിൽ കയറ്റിവിട്ടും, കരിങ്കൽ ക്വാറി കുഴിച്ച് സിമൻറ് കൊട്ടാരം പണിതും ഉപഭോഗ സംസ്കാരത്തിന് ഭാഗമായി. പുഴ മണൽ കൊണ്ട് തീർത്ത സിമൻറ് കൂടാരത്തിന് ‘അല്ലിമലർ കാവ് ‘ എന്നു പേരിടാനും മറന്നില്ല. (എന്തൊരു പരിസ്ഥിതി സ്നേഹം)

2019-ൽ ഘാനയിൽ (ആഫ്രിക്കൻ രാജ്യം) ജെസിബി നിരോധിച്ചതായി വാർത്ത കണ്ടു. നിരോധനം ആ രാജ്യത്തെ ഇരുബൈര് കടത്തിക്കൊണ്ടു പോകുന്നത് തടയാൻ കൂടിയായിരുന്നു. 2012-ൽ  തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലും ജെസിബി നിരോധിച്ചു. മണ്ണിൻറെ ഘടനയെ തന്നെ മാറ്റിമറിക്കുന്ന ഈ യന്ത്രകൈ ഒരു പരിധി വരെ നമ്മുടെ ഭൂമിയെ തകർക്കുന്നു.

കേരളത്തിൽ മഴക്കാലത്തിനു മുൻപ് നമ്മുടെ പൂർവികർ ചെയ്തിരുന്ന ചില കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. റോഡിനിരുപുറമുള്ള ഓടകൾ മഴക്കാലത്തിനു മുമ്പ് ശുചിയാക്കുമായിരുന്നു. നീരൊഴുക്ക് തടയുന്ന ഒരു പ്രവർത്തിയും അവർ ചെയ്തിരുന്നില്ല.

2017-ൽ ചെന്നൈ നഗരം പ്രളയത്തിൽ മുങ്ങിയപ്പോഴാണ് അശാസ്ത്രീയമായ ടൗൺപ്ലാനിങ്ങിനെപ്പറ്റി അവർ ബോധവാന്മാരായത്. ചെന്നൈ നഗരത്തിൽ നിരവധി കുളങ്ങൾ ഉണ്ടായിരുന്നു. ഈ കുളങ്ങളിലായിരുന്നു മഴവെള്ളം ശേഖരിച്ചിരുന്നത്. എത്ര മഴ പെയ്താലും നഗരം പ്രളയത്തിൽ ആവാതെ ഈ കുളങ്ങൾ കാത്തുസൂക്ഷിച്ചു. കാലങ്ങൾ കഴിഞ്ഞ് പുതിയ ഭരണാധികാരികൾ ഈ കുളങ്ങൾ മണ്ണിട്ട് മൂടി അതിനുമുകളിൽ ഫ്ലാറ്റുകൾ നിർമ്മിച്ചു. അന്ന് തുടങ്ങി വെള്ളപ്പൊക്കം…….

ഓരോ പ്രകൃതിദുരന്തങ്ങളും കടന്നു പോകുമ്പോൾ നാം ഉച്ചരിക്കുന്ന ഒരു പേരാണ് മാധവ് ഗാഡ്ഗിലിന്റേത് . വികസനം എന്നാൽ വെറും സമ്പത്തിൻെറ അടിസ്ഥാനത്തിൽ മാത്രമാകരുതെന്നും പരിസ്ഥിതിയെ ഉൾക്കൊണ്ടും പരിഗണിച്ചും മാത്രമേ ചെയ്യാവൂ എന്നാണ് ഗാഡ്ഗിൽ കമ്മീഷൻ പറഞ്ഞത്. വെള്ളത്തിൻറെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന ഒരു നിർമ്മാണ പ്രക്രിയകളും നടത്താൻ പാടില്ലെന്ന് പറഞ്ഞതിന് ഗാഡ്ഗിലിൻെറ കോലം കത്തിച്ചു നമ്മൾ.

ആരോഗ്യവകുപ്പിൽ നിന്നും റിട്ടയർ ചെയ്‌ത്‌ വിശ്രമജീവിതം നയിക്കുന്ന പരിസ്ഥിതി, ഗ്രന്ഥശാല പ്രവർത്തകൻ കൂടിയായ ശ്രീ വി കെ ഹരിദാസ് പെരുവ ശ്രദ്ധേയമായ ചില നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു “നാലുവരിപാതയെപ്പറ്റി ചിന്തിക്കുന്ന മലയാളി എന്തുകൊണ്ട് നാലുവരി ഓടയെപ്പറ്റി ചിന്തിക്കുന്നില്ല? തോടും കായലും കെട്ടിയടച്ച്‌ കെട്ടിടങ്ങൾ നിർമ്മിക്കുന്നവരെ സൂപ്പർ ടാക്സ് ഈടാക്കി നിയമത്തിനു മുന്നിൽ കൊണ്ടുവരണം. റോഡുകൾ അടക്കമുള്ള ഏതു നിർമ്മിതികളും പരിസ്ഥിതി ആഘാത പഠനത്തിന് ശേഷം മാത്രം നടപ്പാക്കുക.

പ്ലാസ്റ്റിക് മാലിന്യമടക്കമുള്ള സാധനങ്ങൾ അന്യൻെറ പുരയിടത്തിലേക്ക് വലിച്ചെറിയുന്ന ‘ഗോത്രോ’ സംസ്കാരത്തിൽ നിന്നാണ് നമ്മൾ മാറി തുടരേണ്ടത്. ഓരോ ഗ്രാമത്തിലും ഏത് അടിയന്തര സാഹചര്യത്തേയും നേരിടാൻ കെൽപ്പുള്ള  സന്നദ്ധപ്രവർത്തകരെ പരിശീലിപ്പിച്ച് എടുക്കണം. സ്കൂൾ തലത്തിൽ തന്നെ ഇതുപോലുള്ള മികച്ച കേഡറ്റുകളെ നമുക്ക് കണ്ടെത്താനാവും.

കഴിഞ്ഞദിവസം ദുരന്തമുണ്ടായ കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിൽ 3 പാറമടകൾ മാത്രമേ കണക്കുകളിൽ ഉള്ളൂ. (കൃത്യമായി 17 ക്വാറികൾ പ്രവർത്തിക്കുന്നു എന്ന് ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു)
ബ്യൂറോക്രസിയും ക്വാറിലോബിയുമായുള്ള ‘അന്തർധാര’ ഇതിൽ നിന്നും വളരെ വ്യക്തമാകുന്നു. ഉപഗ്രഹങ്ങൾ കള്ളം പറയാറില്ല…….

ഉപരേഖ
522 പേജുള്ള ഗാഡ്ഗിൽ റിപ്പോർട്ട് വലിച്ചുകീറി ഗോഗ്വാ വിളിച്ചപ്പോൾ അറിയുക. പ്രകൃതി മാതാവിൻറെ കണ്ണുനീരാണ് മഴയായി, പ്രളയമായി ഒഴുകിപ്പോയത്.

ഡോ. ഐഷ വി

ആലപ്പുഴ പട്ടണത്തിലുള്ള സെന്റ് റോസസ് ഹോസ്റ്റലിലേയ്ക്ക് പോകുന്ന വഴിയിൽ ഇടതു വശത്തെ ഒരു വീട് ചൂണ്ടികാട്ടി എന്റെ സഹപ്രവർത്തക ടെസ്സിയമ്മ ജേക്കബ് പറഞ്ഞു. അതാണ് എഴുത്തുകാരൻ തകഴിയുടെ മകളുടെ വീട്. ഇടയ്ക്കൊക്കെ തകഴി അവിടെ വരാറുണ്ട് . ആദ്യമായി ആ ഹോസ്റ്റലിലെത്തിയ എനിക്ക് ഹോസ്റ്റലും പരിസരവുമൊക്കെ ടെസ്സി പരിചയപ്പെടുത്തുകയായിരുന്നു. ഇടയ്ക്ക് ജ്ഞാന പീഠ ജേതാവ് ശ്രീ തകഴി ശിവശങ്കരപ്പിള്ളയെ കാണാൻ കഴിയുമല്ലോ എന്നോർത്തപ്പോൾ എനിക്ക് സന്തോഷം തോന്നി. ഹോസ്റ്റലിന്റെ ഗേറ്റെത്തിയപ്പോൾ ടെസ്സി പറഞ്ഞു. തൊട്ടപ്പുറത്താണ് മലയാള മനോരമയുടെ പത്രമോഫീസ്. ബാഗും കുടയും ഡോർ മെട്രിയിൽ കൊണ്ടു വച്ച ശേഷം ഞാൻ ടെസ്സിയുടെ ഡോർ മെട്രിയിലേയ്ക്ക് ചെന്നു. ഗ്ലാസ്സും ചെറിയ കിണ്ണവുമെടുത്ത് ടെസ്സി എന്റെ കൂടെ ചായ കുടിക്കാനായി ഇറങ്ങുന്നതിനിടയിൽ ടെസ്സിയുടെ ഡോർ മെട്രിയുടെ ജന്നലിലൂടെ ഞാൻ പാളി നോക്കി. മനോരമ പത്രമോഫീസ് കണ്ടു. അവിടെയെല്ലാവരും നല്ല തിരക്കിലായിരുന്നു.

താഴെ മെസ്സിൽ പോയി ചായ കുടി കഴിഞ്ഞ് വീണ്ടും മുകളിൽ പോയി വസ്ത്രം മാറി ഞങ്ങൾ താഴെ റിസപ്ഷനിലെത്തി. ടെസ്സി അവിടെ കിടന്ന പത്രമെടുത്ത് വായിക്കാൻ തുടങ്ങി. ഞാനാ മുറിയിലെ കാഴ്ചകൾ ഓരോന്നായി ശ്രദ്ധിക്കാൻ തുടങ്ങി. ഉണ്ണിയേശുവിന്റെ പുൽകൂടിൽ കിടക്കുന്ന ചെറുശിൽപവും അതിൽ ഇട്ടിരുന്ന ചെറിയ അലങ്കാര ബൾബുമൊക്കെ നോക്കി. മുറിയിൽ ഒരറ്റത്ത് ഒരു സ്റ്റാന്റിൽ ഒരു ലാന്റ് ഫോൺ , കോയിനിട്ട് ഫോൺ വിളിക്കാനുള്ള സംവിധാനമുണ്ട്. ചിലർ അവർക്ക് വരേണ്ട ഫോൺ കാത്തിരിയ്ക്കുന്നു. ഒരു പെൺകുട്ടി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. പെൺകുട്ടി വളരെ പതിഞ്ഞ ശബ്ദത്തിലാണ് സംസാരിക്കുന്നത്. പ്രാണപ്രിയനോടകണം. അപ്പോൾ അവിടിരുന്ന ഒരു സ്ത്രീ പറഞ്ഞു. ഈ കുട്ടി ഇത്ര പതിയെ സംസാരിച്ചാൽ എങ്ങിനെയാണ് മറുതലയ്ക്കുള്ളയാൾ കേൾക്കുക. ഈ പെൺകുട്ടി ഫോണിൽ സംസാരിക്കാൻ തുടങ്ങിയാൽ പിന്നെ നിർത്തില്ല. ധാരാളം സമയമെടുക്കുo. മറ്റുള്ളവർ അവരവർക്ക് വരേണ്ട കാൾ കാത്തിരുന്ന് മടുക്കും.

അങ്ങനെ ആ മുറിയിലെ ഓരോ കാഴചകളിലും കണ്ണുടക്കിക്കഴിഞ്ഞ് എന്റെ ശ്രദ്ധ ഭിത്തിയിൽ നിന്ന് ഒരു മുപ്പത് ഡിഗ്രി ചായ്ച് സ്ഥാപിച്ച് വർണ്ണക്കടലാസ് കൊണ്ടുണ്ടാക്കിയ ഒരു മാലയിട്ടിരിയ്ക്കുന്ന കന്യാസ്ത്രീയുടെ ഫോട്ടോയിലേയ്ക്ക് തിരിഞ്ഞു. അപ്പോഴേയ്ക്കും ടെസ്സിയുടെ പത്ര വായന കഴിഞ്ഞിരുന്നു. ടെസ്സി എന്നെ വിളിച്ച് അടുത്തിരുത്തി. ഫോട്ടോയിലേയ്ക്ക് ചൂണ്ടി ടെസ്സി പറഞ്ഞു: വർഷങ്ങൾക്ക് മുമ്പ് വാട്ടർ ആന്റ് വേസ്റ്റ് വാട്ടർ അതോറിറ്റിയുടെ ക്ലോറിൻ ഗ്യാസ് സിലിണ്ടറിന് ചോർച്ചയുണ്ടായപ്പോൾ മരിച്ച സിസ്റ്ററാണത്. സിസ്റ്ററിന്റെ പേര് ടെസ്സി പറഞ്ഞെങ്കിലും ഇപ്പോൾ ഞാനത് ഓർക്കുന്നില്ല. കടുത്ത ചൂടേറിയ വേനൽക്കാലത്ത് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ പലരും ഉഷ്ണം കാരണo ഒറ്റ വസ്ത്രമേ ധരിച്ചിരുന്നുള്ളൂ. എല്ലാവരും ഉറക്കത്തിലായിരുന്ന സമയത്താണത് സംഭവിച്ചത്. മതിലിനപ്പുറത്ത് കുടിവെള്ളം ശുദ്ധീകരിക്കാനുപയോഗിക്കുന്ന ക്ലോറിൻ സിലിണ്ടർ ചോരാൻ തുടങ്ങി. താഴത്തെ നിലയിൽ ഉറങ്ങുകയായിരുന്ന സിസ്റ്റർ ഉറക്കത്തിൽ പതിവില്ലാത്ത ശ്വാസം മുട്ടൽ അനുഭവപ്പെട്ടപ്പോൾ വേഗം ചാടിയെഴുന്നേറ്റു.

അടുത്ത മുറികളിലും ഡോർ മെട്രികളിലും ആർക്കൊക്കെയോ ശ്വാസം മുട്ടൽ, ചുമ, ഛർദ്ധി എന്നിവയൊക്കെയുണ്ടെന്ന് സിസ്റ്റർക്ക് മനസ്സിലായി. അന്തരീക്ഷത്തിൽ ക്ലോറിൻ ഗന്ധം പരന്നപ്പോൾ സിറ്റർ അപകടം മണത്തു. സിസ്റ്റർ വേഗം അവസരത്തിനൊത്തുയർന്നു ഉണർന്ന് പ്രവർത്തിച്ചു. അച്ചന്മാരെ വിവരമറിയിച്ച് ആംബുലൻസുകൾ വരുത്തി. ഓരോ ഡോർ മെട്രിയിലും ചെന്ന് ഹോസ്റ്റലിലെ അന്തേവാസികളെ താങ്ങി ആംബുലൻസിൽ എത്തിച്ചു. ഒറ്റവസ്ത്രം മാത്രം ധരിച്ചിരുന്നവർക്ക് ഒരു പുതപ്പു കൂടി തപ്പിയെടുത്ത് പുതപ്പിക്കാൻ സിസ്റ്റർ പ്രത്യേകം ശ്രദ്ധിച്ചു. എല്ലാ ഡോർ മെട്രിയിലും ചുറ്റി നടന്ന് അവസാനത്തെയാളെയും സിസ്റ്റർ ആംബുലൻസിൽ എത്തിച്ചു. അധോമുഖാദേശ സ്വഭാവമുള്ള ക്ലോറിൻ വാതകം ആദ്യം പരക്കുന്നത് അന്തരീക്ഷത്തിൽ താഴ്ന്ന തലത്തിലാണ്. താഴെ ക്ലോറിന്റെ ആധിക്യം കൂടിയപ്പോൾ പരിക്ഷീണയായ സിസ്റ്റർ കുഴഞ്ഞ് വീണ് തത്ക്ഷണം മരിച്ചു. ആ അപകടത്തിൽ സിസ്റ്റർക്കല്ലാതെ മറ്റാർക്കും മരണത്തിന് കീഴടങ്ങേണ്ടി വന്നില്ല. ടെസ്സി പറഞ്ഞു നിർത്തിയപ്പോൾ എല്ലാവരെയും രക്ഷിച്ച ശേഷം കർത്താവിന്റെ അരികിലേയ്ക്ക് പോയ കർത്താവിന്റെ മണവാട്ടിയുടെ ഫോട്ടോയിലേയ്ക്ക് ആദരപൂർവ്വം ഞാനൊന്നു കൂടി നോക്കി. ഇന്നോർമ്മയിൽ തപ്പുമ്പോൾ പേരോർമ്മ വരുന്നില്ലെങ്കിലും ചിന്തിച്ചു. ആ ആത്മത്യാഗത്തിന് എന്തിനാണൊരു പേര് ?

അന്നത്തെ ഹോസ്റ്റലിലെ അന്തേവാസികളുടെ മനസ്സിലെല്ലാം ഇന്നും ആ സിസ്റ്റർ ജീവിക്കുന്നുണ്ടാകും. തിരിച്ച് രണ്ടാം നിലയിലെ ഡോർ മെട്രിയിലെത്തിക്കഴിഞ്ഞ് ഞാൻ ജാലകത്തിലൂടെ ഒരു വിഹഗ വീക്ഷണം നടത്തി. ഭാഗ്യം അവിടെങ്ങും ഒരു ക്ലോറിൻ സിലിണ്ടറും ഇല്ലായിരുന്നു. കുടിവെള്ളം പമ്പുചെയ്ത് കയറ്റുന്ന ഒരു കൂറ്റൻ ജലസംഭരണി അവിടെ തലയുയർത്തി നിന്നു. പഴയ പത്രവാർത്തയിലൂടെയും ക്ലോറിൻ വാതകം ശ്വസിക്കാനിടയായാൽ അമോണിയാണ് പ്രതി മരുന്നെന്നും അമോണിയ ശ്വസിക്കാനിടയായാൽ ക്ലോറിനാണ് പ്രതിവിധിയെന്നും സ്കൂളിലെ രസതന്ത്ര ക്ലാസ്സുകളിൽ പഠിച്ചത് ഞാനോർത്തു. പിന്നിൽ നിന്നും വാട്ടർ അതോറിറ്റിയിലെ ജീവനക്കാരിയായ ഒരു ഹോസ്റ്റൽ അന്തേവാസി എന്റടുത്തേയ്ക്ക് വന്ന് ജാലകത്തിലൂടെ ദൂരേയ്ക്ക് കൈ ചൂണ്ടി എന്നോട് പറഞ്ഞു. ആ കാണുന്നതാണ് ഞങ്ങളുടെ എഞ്ചിനീയറുടെ ക്വാർട്ടേസ്. ജാലക കാഴ്ചകളിൽ നിന്ന് പിന്തിരിയുമ്പോൾ അവസാനയാളെയും രക്ഷപെടുത്തിയ സിസ്റ്ററിന്റെ മുഖമായിരുന്നു മനസ്സിൽ.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved