ഒ . സി . രാജു
സൂഹൃത്തും സഹപാഠിയും ഇപ്പോൾ തിരുവല്ലാ മാക്ഫാസ്റ്റ് കോളജിലെ കമ്പ്യൂട്ടർ വിഭാഗം മേധാവിയുമായ ശ്രീ. റ്റിജി തോമസ് വഴിയാണ് ഞാൻ ഡോ. അയിഷ വി. യെ പരിചയപ്പെടുന്നത്. കൊല്ലം ചിറക്കരത്താഴത്ത്, കാരക്കോട് സ്വദേശിയായ അവർ ഇപ്പോൾ വടക്കഞ്ചേരിയിൽ കോളജ് ഓഫ് അപ്ലൈഡ് സയൻസിന്റെ പ്രിൻസിപ്പാളാണ്. ടീച്ചറേക്കുറിച്ച് ഇവിടെ പ്രത്യേകമായി വിവരിക്കുന്നതിന് ചില കാരണങ്ങളുണ്ട്. ഒന്നാമതായി മലയാള ഭാഷയ്ക്ക്, സാഹിത്യത്തിന് ലഭിക്കാതെ പോയ അക്ഷരങ്ങളുടെ മകളായിരുന്നു അവർ എന്നതാണ്.
വിശദമായി പറഞ്ഞാൽ അതിങ്ങനെയാണ്, തീരെ ചെറിയ കുട്ടിയായിരുന്നപ്പോഴേ ഐഷ ടീച്ചർ കഥകളും നാടകങ്ങളും എഴുതുമായിരുന്നു. ആദ്യമെഴുതിയത് നാടകവും. ഐഷ ടീച്ചർ അത് അമ്മയെ കാണിക്കുന്നു. നോട്ടുബുക്കിന്റെ താളുകളിലെഴുതിയ ആ കൃതി അമ്മ ആസ്വദിക്കുന്നുവെങ്കിലും ആ രചന അവർ കീറിക്കളയുകയാണ് ചെയ്യുന്നത്. കാരണമാകട്ടെ തികച്ചും ബാലിശവും. ഐഷ ടീച്ചർ എഴുതിയ കഥയിലെ കഥാപാത്രങ്ങൾ അയൽക്കാരും നാട്ടുകാരുമത്രേ, നാടകം വായിച്ച് അവരെന്തെങ്കിലും പറഞ്ഞാലോ? ഏതൊരെഴുത്തുകാരിയും എഴുത്തുകാരനും എഴുതിത്തുടങ്ങുന്നത് തനിക്കു ചുറ്റുമുളള ജീവിതങ്ങളിൽ നിന്നാണെന്ന കേവലബോധ്യം ആ അമ്മയ്ക്ക് ഇല്ലാതെ പോയി. അതോടെ ഐഷ ടീച്ചറിലെ കഥാകാരി ആദ്യ രചനയിൽ തന്നെ എഴുത്തിന്റെ രക്തസാക്ഷിയുമായി.
ഐഷ ടീച്ചർ പിന്നെയും അക്ഷരങ്ങളാൽ പൊള്ളുന്നുണ്ട്. ഐഷ ടീച്ചറും കൂട്ടുകാരിയും രചനയുമായി ഒരു അദ്ധ്യാപകനെ സമീപിക്കുമ്പോൾ അയാൾ പറയുന്നതിങ്ങനെയാണ്, ഐഷ ടീച്ചറിൻെറ വാക്കുകളിൽ നിന്നും അത് കേൾക്കുക.
“പുതുതായി എത്തിയ ആ അധ്യാപകന്റെ പേരറിയില്ലെങ്കിലും ഞാനും നിഷയും കൂടി ഞങ്ങളെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. വന്ന കാര്യം അറിയിച്ചപ്പോൾ അദ്ദേഹം ഞങ്ങളുടെ കവിത വാങ്ങി വായിച്ചുനോക്കി. പിന്നെ ഞങ്ങളോട് ഉറക്കെ ചൊല്ലാൻ പറഞ്ഞു. ഞങ്ങൾ രണ്ടു പേരും കവിതകൾ ഉറക്കെ ചൊല്ലി. അദ്ദേഹം ഒന്നും പറഞ്ഞില്ല. ഞങ്ങൾ തിരികെ പോന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹവും അപ്രത്യക്ഷനായി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫ. കുമ്മിൾ സുകുമാരൻ സർ കോളേജിലെത്തി. ഞങ്ങൾ അദ്ദേഹത്തെ കണ്ട് കവിത നീട്ടി. അദ്ദേഹം കവിതകൾ കൈയ്യിൽ വാങ്ങിയില്ല. റൂമിന് പുറത്ത് കോളേജ് മാഗസിനിൽ പ്രസിദ്ധീകരിയ്ക്കാനുള്ള രചനകൾ ഇടേണ്ട പെട്ടി ചൂണ്ടിക്കാട്ടി. ഞങ്ങൾ കവിതകൾ അതിലിട്ടു. അതൊന്നും പിന്നെ വെളിച്ചം കണ്ടതേയില്ല.” ഇങ്ങനെ അക്ഷരങ്ങളാൽ നിശബ്ദയായ ഐഷ വി. പിന്നീട് ഒന്നും എഴുതിയില്ല, പതിറ്റാണ്ടുകളോളം.
പിന്നീട് ഒരു പുസ്തകപ്രകാശനവേദിയിൽ കഥാകൃത്തുകൂടിയായ എന്റെ സഹപാഠി റ്റിജി, ടീച്ചറെ കാണുന്നു. കുശലാന്വേഷണങ്ങൾക്കിടയിൽ ടീച്ചർ എഴുതാറുണ്ടോ എന്ന് ചോദിക്കുന്നു. അവർ താൽപ്പര്യം അറിയിക്കുന്നു. റ്റിജി തോമസ് അപ്പോൾ ‘മലയാളം യുകെ’ എന്ന ഓൺലൈൻ പ്രസിദ്ധീകരണവുമായി സഹകരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം ടീച്ചർക്ക് ഒരു സ്പെയ്സ് വാഗ്ദാനം ചെയ്യുന്നു, പിന്നെ സംഭവിച്ചതെല്ലാം സ്വപ്നതുല്യമായ നിമിഷങ്ങളെന്ന് പറയാം.
“ഓർമ്മച്ചെപ്പുതുറന്നപ്പോൾ” എന്ന പേരിൽ എല്ലാ ഞായറാഴ്ച്ചയും മലയാളം യുകെയിൽ അവരുടെ കോളം പ്രസിദ്ധീകരിച്ചു തുടങ്ങുന്നു. ചങ്ങമ്പുഴയുടെ എഴുത്തിനെക്കുറിച്ച് സാനുമാഷ് പറഞ്ഞതുപോലെ “പിന്നെ ഒരു മലവെള്ളപ്പാച്ചിലായിരുന്നു…” ഐഷ ടീച്ചറിന്റെ എഴുത്തും അതുതന്നെ. അത് നൂറ് അദ്ധ്യായങ്ങൾ പിന്നിട്ടപ്പോൾ റ്റിജിയുടെ ഒരു കോൾ എന്നെ തേടിയും വരുന്നു.
“ഓസീ, എനിക്ക് പരിചയമുള്ള ഒരു ടീച്ചറുണ്ട്. അവർ എഴുതിയ ഒരു പംക്തിയുണ്ട് അതൊന്ന് പുസ്തകമാക്കികൊടുക്കണം.”
ആ ജോലി ഞാൻ സന്തോഷത്തോടെ ഏറ്റെടുക്കുകയും ലേ-ഔട്ട്, കവർ, വരകൾ ഉൾപ്പടെയുള്ള കാര്യങ്ങളോടെ പുസ്തകം പ്രിന്റുചെയ്തു കൊടുക്കുകയും ചെയ്യുന്നു. മുന്നൂറോളം പേജുകളുള്ള ഒരു വലിയ പുസ്തകം തന്നെ അത്.
പ്രിന്റിംഗിനും ലേ-ഔട്ടിനുമൊക്കെയായി കിട്ടുന്ന പുസ്തകങ്ങളുടെ രീതിയിലേ ഞാൻ ഇതിന്റെ ‘ടെസ്റ്റും’ കണ്ടിരുന്നുള്ളൂ. പക്ഷേ, വായിച്ചുതുടങ്ങിയപ്പോൾ കഥ മാറി. അതെന്നെ ഏതേതോ ലോകങ്ങളിലൂടെ കൊണ്ടുപോവുകയും മനുഷ്യത്വം എന്ന പദം എത്ര മനോഹരവും ഉദാത്തവുമാണെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തുതുടങ്ങി. പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഒരുപാട് ദീർഘിപ്പിക്കാതെ ഒറ്റവാക്കിൽ ഞാൻ ഇങ്ങനെ കുറിക്കുകയാണ്.
“പ്രതിഭ, അല്ലെങ്കിൽ എഴുതാനുള്ള കഴിവ് എത്ര മൂടിവയ്ക്കപ്പെട്ടാലും ഒരു നാൾ അത് മറനീക്കി പുറത്തുവരും. കാലം എല്ലാക്കാലത്തും ഒരാളെ അയാളുടെ ഐഡന്റിറ്റിയിൽ നിന്നും മാറ്റി നിർത്തുകയില്ല. തെല്ലുവിഷമത്തോടെയാണെങ്കിലും ഇപ്പോൾ നമുക്ക് ഇങ്ങനെ ആശ്വസിക്കാം, ഐഷ ടീച്ചറിലെ എഴുത്തുകാരിയെ ഭാഷയ്ക്ക് നഷ്ടമായില്ല, അവരെ തിരിച്ചുകിട്ടിയിരിക്കുന്നു”
.
400 രൂപ വിലയുള്ള ഈ പുസ്തകം വാങ്ങണമെന്ന് താൽപ്പര്യമുള്ളവർക്കായി ആയതിന്റെ വിശദാംശങ്ങൾ ചുവടെ. പുസ്തകം ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പരിൽ മേൽവിലാസം വാട്ട്സാപ് ചെയ്യുക.
Ph: 9495069307
Google pay number
9495069307
A/C No
67081892000
Of SBI Chathannur
A/ C name : Aysha V
IFSC: SBIN0070067
ജോൺ കുറിഞ്ഞിരപ്പള്ളി
മഴ പെയ്യുന്നു.
പാതി തുറന്നു കിടന്നിരുന്ന ജനാലയിലൂടെ പുറത്തേക്ക് നോക്കി സജി കിടന്നു. മഴയുടെ പുകമറയിൽ പുറംകാഴ്ചകൾ മങ്ങുന്നു. നൂലുകളായി നിശബ്ദമായി പെയ്യുന്ന മഴപോലെ എന്തോ ഒന്ന് ഉള്ളിലും പെയ്യുന്നു.
ഒരു അപകടം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. എല്ലാ അപകടങ്ങളും അപ്രതീക്ഷിതമാണ്. മദ്യപിച്ചിട്ടുണ്ടെങ്കിൽ അപകട കാരണം അത് മാത്രമാണ് എന്ന് എല്ലാവരും ഉറപ്പിക്കും, മറ്റൊന്നും ആരും വിശ്വസിക്കില്ല.
ജോലികഴിഞ്ഞു വർക്ക് സൈറ്റിൽ നിന്നും വരുമ്പോൾ വെള്ളിയാഴ്ചകളിൽ ജോലിസ്ഥലത്തിനടുത്തുള്ള ബാറിൽ കൂട്ടുകാരോട് ഒന്നിച്ച് രണ്ട് പെഗ്ഗ് കഴിക്കുന്നത് എത്രയോകാലമായി ഉള്ള ഒരു ശീലമായിരുന്നു. തിരിച്ച് വീട്ടിലേക്കുള്ള യാത്രകളിൽ അതൊരു പ്രശ് നമായി തോന്നിയിരുന്നില്ല.
ചിരപരിചിതമായ റോഡിൽ കാർ ഒരു ഹമ്പിൽ കയറി. പിന്നെ എന്താണ് സംഭവിച്ചത് എന്നറിയില്ല . റോഡരുകിൽ ഉണ്ടായിരുന്ന ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു കാർ തകർന്നുപോയി എന്നാണ് റോഷൻ പറഞ്ഞത്. ഒന്നും ഓർമ്മിച്ചെടുക്കാൻ കഴിയുന്നില്ല.
മഴവെള്ളം നിറഞ്ഞ റോഡിലെ കുഴികൾ കാണാതെപോയിരിക്കാം.
അപകടം നടക്കുമ്പോൾ റോഡ് വിജനമായിരുന്നു. വേറെ വാഹനങ്ങൾ അടുത്തെങ്ങും ഇല്ലാതിരുന്നത് അനുഗ്രഹമായി. അതുകൊണ്ട് പിറകിൽ വരുന്ന വാഹനങ്ങളുമായി ഒരു കൂട്ടിയിടി ഒഴിവായി എന്ന് ആശ്വസിക്കാം.
രാത്രി പത്തുമണിയായിരുന്നെങ്കിലും അപകടം നടന്നത് ഒരാൾ കണ്ടതുകൊണ്ട് ചോര വാർന്ന് റോഡിൽ അധികസമയം കിടക്കേണ്ടിവന്നില്ല.
കണ്ണ് തുറക്കുമ്പോൾ സജി ഹോസ്പിറ്റലിൽ ഐ .സി.യു വിൽ കിടക്കുകയായിരുന്നു. ഉത്കണ്ഠ നിറഞ്ഞ മുഖവുമായി ബന്ധുക്കൾ പുറത്ത് കാവൽ നിൽക്കുന്നുണ്ടാകും എന്നത് ഉറപ്പാണ്. ബിന്ദുവിന് മുഖം കൊടുക്കാനാണ് വിഷമം.
രണ്ടാഴ്ചത്തെ ആശുപത്രി ജീവിതം കഴിഞ്ഞപ്പോഴേക്കും ഏതുവിധേനയും ഫ്ലാറ്റിൽ എത്തണമെന്ന് മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു.
ഫ്ലാറ്റിൽ തിരിച്ചെത്തിയപ്പോൾ ഒരു വല്ലാത്ത അപരിചിതത്വം അനുഭവപ്പെടുവാൻ തുടങ്ങി.
ഇത് താനല്ല, വേറെ ആരോ ആണ് എന്നെല്ലാം സജിക്ക് തോന്നിത്തുടങ്ങി. ഒരിക്കൽ ബിന്ദുവിനോട് ചോദിക്കുകയും ചെയ്തു,”ഹോസ്പിറ്റലിൽ നിന്ന് ഡിസ്‌ചാർജ് ചെയ്തപ്പോൾ ആൾ മാറിപ്പോയതാണോ”,എന്ന്.
ഭാഗ്യം കൊണ്ട് ചോദ്യം അവൾക്ക് മനസ്സിലായില്ല, ചിലപ്പോൾ അവഗണിച്ചതും ആകാം.
നിറം മങ്ങിയ കാഴ്ചകൾ മനസ്സിനെ മടുപ്പിച്ചു, ആവർത്തനവിരസമായ നിർജ്ജീവമായ ദിവസങ്ങൾ കടന്നുപോയ് ക്കൊണ്ടിരുന്നു. തൻ്റെ മനസ്സിൻറെ താളം തെറ്റുകയാണോ എന്ന് സജിക്ക് തോന്നി ത്തുടങ്ങിയിരുന്നു.
ബിന്ദു, അധികം പരാതികൾ ഒന്നും ഇല്ലാതെ ഹോസ്പിറ്റലിലും വീട്ടിലും ജോലിസ്ഥലത്തും എല്ലാം ഓടി നടന്നു. ഇപ്പോൾ അവൾ തളർന്നിരിക്കും എന്നത് ഉറപ്പാണ്. ഒന്നും പറയുന്നില്ലെങ്കിലും മുഖത്തുനോക്കുമ്പോൾ അറിയാം, അവൾക്ക് എത്രമാത്രം ടെൻഷനുണ്ട് എന്ന്.
“നാളെ കുട്ടികളുടെ പരീക്ഷ ആരംഭിക്കുകയാണ്.എക്സാമിനേഷൻ ഡ്യൂട്ടി ഉള്ളതുകൊണ്ട് പോകാതിരിക്കാൻ പറ്റില്ല.” അവൾ പറഞ്ഞു.
അത്യാവശ്യം കാര്യങ്ങൾ തനിച്ചു് ചെയ്യാം എന്ന് തോന്നുന്നു. അവളെ വിഷമിപ്പിക്കേണ്ട എന്നുകരുതി സമാധാനിപ്പിച്ചു. അല്ലെങ്കിൽത്തന്നെ എത്ര ദിവസം ഈ രീതിയിൽ മുൻപോട്ടു പോകാൻ കഴിയും.?
കട്ടിലിന് അടുത്തുകിടന്നിരുന്ന മേശയിൽ ബ്രേക്ക് ഫാസ്റ്റ് ,ഓരോസമയത്തും കഴിക്കാനുള്ള മരുന്നുകൾ, കുടിക്കാൻ വെള്ളം എല്ലാം ബിന്ദു തയാറാക്കി വച്ചിട്ടുണ്ട്.
“മരുന്ന് സമയത്തിന് കഴിക്കണേ. റോഷൻ ഒരാഴ്ച അവധിയിലാണ് എന്നാണ് പറഞ്ഞത്. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചോ,എന്ന് പറഞ്ഞിട്ടുണ്ട്.”
“ഉം”.
അവൾ തിരക്കിട്ട് ഇറങ്ങി.
അടുത്ത ഫ്ളാറ്റിലെ താമസക്കാരനും സുഹൃത്തുമാണ് റോഷൻ. സഹായത്തിനായി വിളിച്ചാൽ ഒരു മടിയുമില്ലാതെ ഓടിവരും.
തുറന്നുകിടന്നിരുന്ന ജനാലയിലൂടെ തണുത്തകാറ്റ് വീശുന്നുണ്ടെങ്കിലും സജിക്ക് വല്ലാത്ത ചൂട് അനുഭവപ്പെട്ടു.
കറങ്ങുന്ന സീലിംഗ് ഫാനിൽ നോക്കി ഇനി എത്ര സമയം വേണമെങ്കിലും വെറുതെ കിടക്കാം. ഭിത്തിയിൽ ഉറപ്പിച്ചിരുന്ന ക്ലോക്കിൽ സമയം പിന്നിലേക്കാണ് ഓടുന്നത് എന്ന് തോന്നും.
മേശപ്പുറത്ത് ഇരിക്കുന്ന ചായ തണുത്തുപോകും. ചായ ഗ്ലാസ്സ് കൈ എത്തുന്ന ദൂരത്തിലാണ്.എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ കട്ടിലിൽ ചാരി വച്ചിരുന്ന വാക്കിങ് സ്റ്റിക്ക് കയ്യ് തട്ടി താഴേക്കു വീണു. വലത് കാൽ പ്ളാസ്റ്ററിലും ഇടതു കൈ ബാൻഡേജിലും ആയിരുന്നതുകൊണ്ട് എഴുന്നേൽക്കുവാൻ പ്രയാസമാണ്.
ഡോർ ബെൽ മുഴങ്ങി. ചാരി ഇട്ടിരുന്ന വാതിൽ പതിയെ തുറന്ന് റോഷൻ അകത്തേക്ക് വന്നു.
അഞ്ചോ ആറോ വയസ്സ് തോന്നിക്കുന്ന ഒരു കൊച്ചു പെൺകുട്ടി അയാളുടെ കൈപിടിച്ച് ഒപ്പം ഉണ്ട്.
“എങ്ങനെയുണ്ട് സുഖവാസം?”
സജി വെറുതെ ചിരിച്ചു.
പെൺകുട്ടി റോഷൻറെ മറവിൽ നിന്ന് അയാളെ സൂക്ഷിച്ചു നോക്കി. കുസൃതി നിറച്ച അവളുടെ ചിരിയും ആ ഒളിഞ്ഞുനോട്ടവും കൗതുകം ഉണർത്തുന്നതായിരുന്നു. അവളെ ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല,.
“ഇത് ആരാ ഈ രാജകുമാരി?”
“ബാംഗ്ലൂരിലെ അനിയത്തിയുടെ കുട്ടിയാണ്, വെക്കേഷനല്ലേ? ഞാൻ കഴിഞ്ഞ ആഴ്ച ബാംഗ്ലൂർ പോയിരുന്നു മടങ്ങിയപ്പോൾ കൂടെക്കൂട്ടി.”
അവൾ അയാളെ നോക്കി ചിരിച്ചു. റോഷൻറെ കയ്യിലെ പിടിവിട്ട് അവൾ മുറിയിൽ ആകമാനം കണ്ണോടിച്ചു..
“എന്താ മോളുടെ പേര്?”
അവൾ അത് കേട്ടതായി ഭാവിച്ചതേയില്ല..അവളുടെ ശ്രദ്ധ ഫാനിൻ്റെ കാറ്റിൽ റൂമിൽ പറന്ന് നടക്കുന്ന ടിഷ്യു പേപ്പറിൽ ആയിരുന്നു.
അവൾ നിലത്തു പറന്നു കളിക്കുന്ന ടിഷ്യു പേപ്പറിൻ്റെ പുറകെ അല്പസമയം ഓടി. പിന്നെ അതെടുത്ത് വേസ്റ്റ് ബോക്സിൽ നിക്ഷേപിച്ചു. അവിടെ കിടന്നിരുന്ന ഒരു സ്റ്റൂൾ വലിച്ചുകൊണ്ടുവന്നു. അതിൽ കയറി ഫാനിൻ്റെ വേഗത കുറച്ചു. ബിന്ദു മേശപ്പുറത്തു മൂടിവച്ചിരുന്ന ചായ ഗ്ലാസ്സിൽ അവളുടെ ശ്രദ്ധ പതിഞ്ഞു. ചായ ഗ്ലാസ് എടുത്തുകൊണ്ടുവന്ന് അയാൾക്ക് കൊടുത്തു.
ചിരി അടക്കി അയാൾ അത് വാങ്ങി.
ചായകുടിച്ചു കഴിഞ്ഞപ്പോൾ മേശപുറത്തുനിന്നും മുഖം തുടക്കാൻ ഒരു ടിഷ്യുപേപ്പർ എടുത്തുകൊണ്ടുവന്ന് സജിക്ക് കൊടുത്തു. കുടിച്ചുകഴിഞ്ഞ ചായ ഗ്ലാസ്സ് വാങ്ങി തിരികെ മേശപ്പുറത്തു വച്ചു..
ഇതൊന്നും ശ്രദ്ധിക്കാതെ റോഷൻ അപകടത്തെക്കുറിച്ചും ഇൻഷുറൻസിനെക്കുറിച്ചുമെല്ലാം എന്തെല്ലാമോ ചോദിക്കുകയും വിശദീകരിക്കുകയും ചെയ്തുകൊണ്ടിരുന്നു.സംസാരത്തിനൊത്തു മൂളുകയും തലകുലുക്കുകയും ചെയ്യുന്നെണ്ടെങ്കിലും സജിയുടെ ശ്രദ്ധ ആ സുന്ദരിക്കുട്ടിയിലായിരുന്നു. മനോഹരമായ ഒരു നൃത്തംപോലെ താളത്തിലാണ് അവളുടെ നടത്തം.
കുസൃതി നിറഞ്ഞ അവളുടെ മുഖത്ത് എപ്പോഴും ഒരു മന്ദഹാസം ഒട്ടി പിടിച്ചിരിക്കുന്നു.ജീൻസിൻ്റെ പോക്കറ്റിൽ ഇടക്കിടക്ക് കയ്യിട്ട് എന്തോ ഒന്ന് അവിടെ ഉണ്ട് എന്നുറപ്പ് വരുത്തുന്നുണ്ട്.
കയ്യിൽ ഒരു കരിവളയും കഴുത്തിൽ കിടക്കുന്ന ഒരു നേരിയ മാലയും അവൾക്ക് നന്നായി ചേരുന്നുണ്ട്.ചുരുണ്ട മുടിയിഴകൾ ഒരു റബ്ബർ ബാൻഡ് കൊണ്ട് മുകളിലേക്ക് കെട്ടി വച്ചിരിക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്.
സജി ശ്രദ്ധിക്കുന്നതുമനസ്സിലാക്കിയ അവൾ കണ്ണിറുക്കി തല ചെരിച്ചുപിടിച്ചു ചിരിച്ചുകാണിച്ചു.
പതുക്കെ സജിയുടെ അടുത്തുവന്നു.കാലിൽ ഇട്ടിരുന്ന പ്ലാസ്റ്ററിൽ മേശപ്പുറത്തിരുന്ന പേനകൊണ്ട് കുത്തി വരച്ചു.
ബിന്ദു മേശപ്പുറത്തുവച്ചിരുന്ന ഗുളികകളും ഒരു ഗ്ലാസിൽ വെള്ളവുമെടുത്തു സജിയുടെ അടുത്തേക്ക് വന്നു. ക്ളോക്കിൽ നോക്കി സജി പറഞ്ഞു, “സമയം ആയിട്ടില്ല, പന്ത്രണ്ടുമണിക്ക്.”
അവൾക്ക് അയാൾ പറഞ്ഞത് മനസ്സിലായില്ലെന്ന് വ്യക്തമായിരുന്നു..സജി വാച്ചിൽ തൊട്ട് സമയംകാണിച്ചുകൊടുത്തു, പന്ത്രണ്ടുമണി .
റോഷൻ പറഞ്ഞു,”ഇത്ര വേഗം നിങ്ങൾ ഫ്രണ്ട്സ് ആയോ? ഒരു നിമിഷം ഇവൾ അടങ്ങിയിരിക്കില്ല.”
സജി വെറുതെ ചിരിച്ചു.
“ഞാൻ ഒരാഴ്ച ഫ്രീയാണ്. സജിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചോളൂ.”.
റോഷൻ പോകാനായി എഴുന്നേറ്റു..
“എന്നാൽ ശരി മാഷേ ,ടേക്ക് കെയർ.”
“ഒക്കെ .”
“മോളേ, നമുക്ക് പോകാം.”
റോഷൻറെ കൂടെ പെൺകുട്ടിയും പോകാൻ തയ്യാറായി. അവൾ സജിയുടെ അടുത്തുവന്ന് പ്ലാസ്റ്റർ ഇട്ടിരിക്കുന്ന കാലിലും ബാൻഡേജ് ഇട്ട ഇടതുകൈയിലും തൊട്ടുനോക്കി,അയാളെ കണ്ണിറുക്കി കാണിച്ചു, ചിരിച്ചുകൊണ്ട് പുറത്തക്ക് ഓടി.
അവളുടെ കുസൃതികൾ ആസ്വദിച്ച് സജിയൊന്നു മയങ്ങി. സ്വപ്നങ്ങളിൽ അവൾ സജിയുടെ അടുത്തുവന്ന് കുസൃതികൾ കാണിച്ചു ചിരിപ്പിച്ചു.
ഒന്നുറങ്ങി എഴുന്നേറ്റപ്പോൾ സജിക്ക് ഒരു വലിയ ഭാരം ഇറക്കിവച്ചതുപോലെ അനുഭവപ്പെട്ടു.
രണ്ടാംദിവസം
ജോലിക്ക് പോകുന്നതിനുമുമ്പ് കഴിക്കാനുള്ള ഭക്ഷണവും മരുന്നും കുടിക്കാനുള്ള വെള്ളവും എല്ലാം പതിവുപോലെ ബിന്ദു മേശപ്പുറത്തു ഒരുക്കി വച്ചിരുന്നു.
ഇഴഞ്ഞുനീങ്ങുന്ന വിരസമായ സമയത്തിൻ്റെ അസ്വസ്ഥതയിൽ സജി ഞെളിപിരികൊണ്ടു. ഇടയ്ക്കിടെ ക്ലോക്കിൽ നോക്കി, പതിയെ ചലിക്കുന്ന ക്ലോക്കിൻ്റെ സൂചിയെ ശപിച്ചു.
ഇന്ന് മഴയില്ല,ആകാശം തെളിഞ്ഞിരിക്കുന്നു.തുറന്നുകിടന്നിരുന്ന ജനൽ പാളികളിലൂടെ അകത്തേക്ക് വരുന്ന സൂര്യപ്രകാശത്തിൽ നേരിയ പൊടിപടലങ്ങൾ തീർത്ത മായാജാലക്കാഴ്ചകളിൽ കണ്ണുകൾ ഉടക്കി.പ്രകാശപാളികളിൽ വിചിത്രമായ രൂപങ്ങൾ തെളിയുകയും മറയുകയും ചെയ്യുന്നത് ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ സജി നോക്കികൊണ്ടിരുന്നു.
റോഷൻ വന്നിരുന്നെങ്കിൽ കുറച്ചു സമയം പോയികിട്ടുമായിരുന്നു
സമയം 8.30.
ഡോർ ബെൽ മുഴങ്ങി.ആരോ വാതിൽ തുറക്കുന്നു.വാതിൽപാളികളിൽ പിടിച്ചുകൊണ്ട് ,നിറഞ്ഞ ചിരിയുമായി അവൾ എത്തിനോക്കി
“ചക്കരേ, ഓടി വാ”.
നൃത്ത ചുവടുകളിൽ അവൾ അകത്തേക്ക് വന്നു. വരുന്നതിനിടയിൽ ഒരു രണ്ടു തവണയെങ്കിലും അവൾ വട്ടംകറങ്ങിയിട്ടുണ്ടാകും. കുട്ടി ഫ്രോക്കും ടീ ഷർട്ടും ആണ് ധരിച്ചിരിക്കുന്നത്.
“ചക്കരേ,നിൻറെ പേരെന്താ?”
അവൾ ചുണ്ടിൽ വിരൽ അമർത്തി,”ശ് ” എന്ന ഒരു ശബ്ദം കേൾപ്പിച്ചു.
“ശരി, ഞാൻ മിണ്ടുന്നില്ല.”
അവൾ മേശക്കരികിൽ ചെന്ന് കാലത്ത് കഴിക്കാനായി ബിന്ദു എടുത്തുവച്ചിരുന്ന ഗുളികകളും ഒരു ഗ്ലാസിൽ വെള്ളവും എടുത്ത് കൊണ്ടുവന്നു സജിക്ക് കൊടുത്തു. പിന്നെ മുഖം തുടക്കാനായി ഒരു ടിഷ്യു പേപ്പറും.
കിടക്കുന്ന കട്ടിലിനരികിലായി മടക്കിവച്ചിരുന്ന റോൾ സ്റ്റൂൾ അവളുടെ കണ്ണിൽ പെട്ടു.അത് എടുത്ത് നിവർത്തി വച്ചു. സജി ഒരുതരത്തിൽ എഴുന്നേറ്റ് അതിൽ കയറി ഇരുന്നു. പുറത്തിറങ്ങിയിട്ട് നാല് ദിവസങ്ങൾ കഴിഞ്ഞിരുന്നു.
തിരക്കിനിടയിൽ എങ്ങനെയാണ് ബിന്ദുവിനോട് പറയുക? അവളെ ബുദ്ധിമുട്ടിക്കേണ്ട എന്ന് വിചാരിച്ചു,
“ചക്കരെ,നിനക്ക് തള്ളിക്കൊണ്ടുപോകാൻ പറ്റുമോ?”.
സജി ഭിത്തിയുടെ സൈഡിൽ പിടിച്ചു അവളെ സഹായിച്ചു. അവൾ ബാൽക്കണിയിലേക്കുള്ള വാതിൽ പതുക്കെ തുറന്നു.
ബാൽക്കണിയിൽ നിന്നാൽ അങ്ങകലെ അഴിമുഖത്ത് നീങ്ങുന്ന ബോട്ടുകൾ കാണാം. ഈ ഫ്ലാറ്റ് വാങ്ങാൻ കാരണം തന്നെ ബാൽക്കണിയിൽ നിന്നുള്ള സുന്ദരമായ കാഴ്ചകൾ ആയിരുന്നു. അങ്ങകലെ കടലിലെ തിരമാലകളിലും കായലോരത്ത് നിരനിരയായി കാണുന്ന ചീനവലകളിലും എല്ലാം അത്ഭുതം നിറഞ്ഞ കണ്ണുകളോടെ അവൾ മാറി മാറി നോക്കിക്കൊണ്ടിരുന്നു. ബാംഗ്ലൂരിൽ താമസിക്കുന്ന കുട്ടിയല്ലേ, അവൾക്ക് ആ കാഴ്ചകൾ പുതുമയുള്ളതു തന്നെ.
അവർ രണ്ടുപേരും തങ്ങളുടേതായ ലോകത്തിലേക്ക് പിൻവലിഞ്ഞു.
സമയം പോയത് സജി അറിഞ്ഞതേയില്ല..
അവർ തിരിച്ചു റൂമിൽ വന്നപ്പോൾ തറയിൽ കിടന്നിരുന്ന ഏതാനും പുസ്തകങ്ങൾ അവളുടെ ശ്രദ്ധയിൽ പെട്ടു. ഫാനിൻറെ കാറ്റിൽ അവയുടെ പേജുകൾ മറിഞ്ഞുകൊണ്ടിരുന്നു. അവൾ അത് കൗതുകത്തോടെ അല്പസമയം നോക്കി നിന്നു. പിന്നെ എല്ലാം എടുത്ത് അലമാരയിൽ അടുക്കി വച്ചു.
ഒന്നും മിണ്ടാതെ ഒരു പുഞ്ചിരിയോടെ സജി അവളെ നോക്കി കട്ടിലിൽ കണ്ണടച്ചു ഉറക്കം നടിച്ചു കിടന്നു.
അവൾ അടുത്തുവന്ന് സജിയുടെ കൺപോളകൾ തുറന്നുനോക്കി കൊഞ്ഞനം കുത്തി. സജിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
അവൾ പുറത്തേക്ക് ഓടി,വാതിൽ സാവകാശം അടഞ്ഞു.
മനസ്സിൻറെ ഭാരം കുറഞ്ഞുകുറഞ്ഞു ഇളംകാറ്റിൽ പറന്നുനടക്കുന്ന ഒരു അപ്പൂപ്പൻ താടിയാണ് താൻ എന്ന് സജിക്ക് തോന്നി.
മൂന്നാം ദിവസം
സജി കൂടെക്കൂടെ ക്ലോക്കിൽ നോക്കികൊണ്ടിരുന്നു.
ഇന്ന് അവൾ വരുമോ എന്നറിയില്ല.
പതിവുപോലെ കൃത്യം 8.30 ന് ഡോർ ബെൽ ശബ്ദിച്ചു. ചിരിച്ചുകൊണ്ട് നൃത്തച്ചുവടുകളുമായി അവൾ വന്നു.
ഷോർട്സും ടീ ഷർട്ടും വേഷം. കയ്യിൽ എന്തോ ഒരു പാക്കറ്റ് ഉണ്ട് . നേരെവന്നു,അത് മേശപ്പുറത്തു വച്ചു . ക്ലോക്കിൽ നോക്കി മേശപ്പുറത്തുനിന്നും കഴിക്കാനുള്ള ടാബ്‌ലറ്റുകളും വെള്ളവും എടുത്തുസജിയുടെ അടുത്തേക്ക് വന്നു. അതു കൊടുത്തിട്ട് അവൾ റൂമിൽ ആകെ ഒന്നുകണ്ണോടിച്ചു. എല്ലാം വൃത്തിയായിരിക്കുന്നു,അവൾ കൈകൊട്ടി ചിരിച്ചുകൊണ്ട് മേശപുറത്തുവച്ചിരുന്ന പാക്കറ്റ് തുറന്ന് ഒരു നെയ്യപ്പം എടുത്ത് സജിയുടെ കൈയിൽ വച്ച് കൊടുത്തു. എന്നിട്ട് ആ പാക്കറ്റ് അയാളുടെ മുൻപിലേക്ക് നീക്കിവച്ചു.
പിന്നെ റോൾ സ്റ്റൂളിൽ അയാളെ പതുക്കെ തള്ളിക്കൊണ്ട് ബാൽക്കണിയിലേക്ക് പോയി. വിടർന്ന കണ്ണുകളോടെ നിശ്ശബ്ദയായി കായലോര കാഴ്ചകൾ നോക്കി അവൾ നിന്നു. ഒരു കൊച്ചുകുട്ടി ഏകാഗ്രതയോടെ കാഴ്ചകൾകണ്ട് അതിൽ ലയിച്ച് അങ്ങനെ നിൽക്കുന്നത് സജിയെ അത്ഭുതപ്പെടുത്താതിരുനില്ല.
സജിയെ തിരിച്ചു റൂമിൽ കൊണ്ടുവന്നശേഷം പോകാനായി തുടങ്ങിയ അവളെ അയാൾ സ്നേഹപൂർവ്വം ചേർത്ത് പിടിച്ചു. അവൾ അയാളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് കുസൃതിച്ചിരിയുമായി പുറത്തേക്ക് ഓടി, വാതിൽ അടഞ്ഞു.
നാലാം ദിവസം
തികച്ചും അക്ഷമനായി സജി ഒരു നൂറു തവണയെങ്കിലും ഇതിനോടകം ക്ലോക്കിലേക്ക് നോക്കിയിട്ടുണ്ട്. ഇന്ന് സമയം പതിവിലും ഇഴഞ്ഞാണ് നീങ്ങുന്നത്. കഴിഞ്ഞ എല്ലാ ദിവസങ്ങളിലെയും പതിവ് ഓർത്താൽ അവൾ കൃത്യം എട്ടരയ്ക്ക് വരും. ആ കുട്ടിയുടെ എനർജിയും പെരുമാറ്റവും എല്ലാം സജിയെ ഒരു മായിക ലോകത്തിൽ എത്തിച്ചിരുന്നു. സെക്കൻഡുകൾ മണിക്കൂറുകൾ പോലെ ഇഴയുന്നു. സമയം എട്ടു മുപ്പത്,കാളിങ് ബെൽ ശബ്ദിച്ചു.
അവൾക്ക് കൊടുക്കാനായി സൂക്ഷിച്ചുവച്ചിരുന്ന ചോക്ലറ്റ് സജി കയ്യിലെടുത്തു. അവൾക്ക് ഒരു സർപ്രൈസ് ആയിരിക്കും അത് . ബിന്ദുവിൻ്റെ സുഹൃത്തുക്കൾ കൊടുത്തയച്ച സ്വിസ്സ് ചോക്ളറ്റ് അവൾക്കുവേണ്ടി സൂക്ഷിച്ചു വച്ചിരുന്നതാണ്.
വാതിൽ പാളികൾ സാവകാശം തുറക്കപ്പെട്ടു. ഒരു നിമിഷം,റോഷൻ അകത്തേക്ക് വന്നു. കൂടെ അവൾ കാണാതിരിക്കില്ല. തന്നെ കബളിപ്പിക്കാൻ അവൾ മാറി നിൽക്കുകയായിരിക്കും, സജി വിചാരിച്ചു. റോഷൻ അകത്തുവന്നു സജിയുടെ അടുത്ത് ഒരു സ്റ്റൂൾ നീക്കിയിട്ട് ഇരുന്നു. സജി വീണ്ടും വീണ്ടും വീണ്ടും വാതിൽക്കലേക്ക് നോക്കി. ഇല്ല ആ കുട്ടി വന്നിട്ടില്ല.”മോൾ ..?”
“അവൾ പോയി “. റോഷൻ പറഞ്ഞു.
“എവിടേക്ക് ?”സജിയുടെ ശബ്ദത്തിൽ ഒരു വല്ലാത്ത ഉത്കണ്ഠ കലർന്നിരുന്നു.
“അവൾ ബാംഗ്ലൂരിലുള്ള അനുജത്തിയുടെ കുട്ടിയാണ് എന്ന് പറഞ്ഞിരുന്നല്ലോ.
സ്കൂൾ തുറക്കുകയല്ലേ? അവളെ കൂട്ടി ഞാൻ നാളെ ബാംഗ്ലൂർ പോകാനിരുന്നതാണ്. അപ്പോൾ അനിയത്തിക്ക് എറണാകുളം വരേണ്ട ആവശ്യംവന്നു. ഇനി എന്നെ ബുദ്ധിമുട്ടിക്കണ്ട എന്നുകരുതി മോളെയുംകൂട്ടി, അവർ മോർണിങ് ആറുമണിക്കത്തെ ബാംഗ്ലൂർ ഫ്ലൈറ്റിൽ പോയി.”
സജിക്ക് ആകെ ഒരു മരവിപ്പ് അനുഭവപ്പെട്ടു…
“അവൾ പോകുന്നതിനുമുമ്പ് തന്നെ കാണണം എന്ന് വാശിപിടിച്ചുകരഞ്ഞു. കാലത്തു നാലുമണിക്ക് എങ്ങനെയാണ് സജിയെ വിളിച്ചെഴുന്നേല്പിക്കുക എന്ന് വിചാരിച്ചു,”
“എങ്കിലും വരാമായിരുന്നു.”
“സജിയോട് അവൾക്ക് വല്ലാത്ത ഒരു ഇഷ്ട്ടമായിരുന്നു. പാവം കുട്ടി………വിധി”
“മനസ്സിലായില്ല.അവൾക്ക് എന്തുപറ്റി?”
“സജി ,നീ ശ്രദ്ധിച്ചോ എന്ന് എനിക്കറിഞ്ഞുകൂട, അവൾക്ക് സംസാരിക്കാൻ കഴിയില്ല അവൾ ഊമയാണ്.”
ഒരു വല്ലാത്ത മരവിപ്പ് ദേഹമാസകലം പടരുന്നതുപോലെ………………..
അവൾക്ക് കൊടുക്കാനായി സജി കയ്യിൽ കരുതിയിരുന്ന ചോക്ലേറ്റ് ഞെരിഞ്ഞമർന്ന് കയ്യിലും മേശയിലും ദേഹത്തും പരന്നു.
ഉള്ളിൽ ഒരു പെരുമഴ പെയ്യുന്നു, കർക്കിടകമാസത്തിലെ കറുത്ത മഴ.
അവൾക്ക് സംസാരിക്കാൻ കഴിയില്ല എന്ന് ആർക്ക് പറയാൻ കഴിയും?
കഴിഞ്ഞ ദിവസങ്ങളിലെല്ലാം തമ്മിൽ സംസാരിക്കുക ആയിരുന്നില്ലേ?
കണ്ണുകൾ നിറഞ്ഞൊഴുകുന്നു.
“സജി,എന്താണിത്? താൻ കരയുകയാണോ?”
പുറത്ത് മഴയുടെ താളം.
മഴനേർത്തു നേർത്തു നൂലുകളായി.
സ്വർണ്ണ നൂലുകൾ.
അവയിൽ അവളുടെ വർണ്ണചിത്രം തെളിഞ്ഞുവരുന്നു.
ശബ്ന രവി
വീണ്ടും പൊൻചിങ്ങം വന്നണഞ്ഞു
വീണ്ടുമൊരോണം അരികിലെത്തി
വീണ്ടുമൊരുത്സവ കാലമുണരവേ
ഞാനെന്റെ ബാല്യമൊന്നോർത്തുപോയീ.
മുറ്റത്തെ മൂവാണ്ടൻ മാവിന്റെ ചില്ലയിൽ
ഊഞ്ഞാലുകെട്ടിയങ്ങായത്തിലാടിയും
കൂട്ടരുമൊത്ത് തൊടിയായ തൊടിയെല്ലാം
പൂ പറിക്കാനായോടി നടന്നതും
കുന്നോളം തുമ്പപ്പൂ മുക്കുറ്റി മന്ദാരം
ചേമന്തി ചെമ്പകം ചെമ്പരത്തിപ്പൂവും
മുറ്റത്തെ പൂക്കളം ചേലുറ്റതാക്കുവാൻ
പേരറിയാപൂക്കളൊരായിരം വേറെയും
തിരുവോണനാളിൽ പുത്തനുടുപ്പിട്ട്
അമ്മ വിളമ്പിയ സദ്യയുമുണ്ട്
ആവോളം കളിച്ചു തിമിർത്തുല്ലസിച്ചു
നാലോണനാളിൽ പുലിക്കളിയും കണ്ടു.
കാലം കടന്നുപോയ് ബാല്യവും കഴിഞ്ഞുപോയ്
ഓർമ്മകളായ് മാറി ആ നല്ല നാളുകൾ
ഇന്നീ അലച്ചിലിൽ ജീവിതപ്പാച്ചിലിൽ
ഓണം കൊണ്ടാടുവാനാർക്കുനേരം?
എങ്കിലുമോരോ മലയാളിമനസ്സിലും
ഓണമൊരുത്സവ ലഹരിയേകും
വറുതിയും വ്യാധിയും ദുരിതങ്ങൾ തീർക്കിലും
ഉള്ളതു കൊണ്ടവനോണമുണ്ണും.
ശബ്ന രവി
എറണാകുളത്ത് റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥയാണ്. കേരള സർവകലാശാലയിൽ ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന ശ്രീ.ടി.ആർ. രാമദാസിന്റെ മകളും സൗദി അറേബ്യയിൽ എസ് ജി എസ് ഗ്ലോബൽ കമ്പനി മാനേജർ ഡോ. രവിയുടെ ഭാര്യയുമാണ്. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ ഋഷികേശ് മകനാണ് .
വായന ,സംഗീതം, സിനിമ എന്നിവ ഇഷ്ടപ്പെടുന്നു. കവിതകളും ലേഖനങ്ങളും എഴുതാറുണ്ട് .ഓൺലൈൻ പോർട്ടലുകളിൽ പല കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇമെയിൽ വിലാസം : [email protected]
ജേക്കബ് പ്ലാക്കൻ
ചിറകെനിക്കെന്തിന് പതംഗമെ പറക്കുവാൻ …!യെൻ
ചിത്തത്തിൻ ചക്ഷസ്സ് തുറന്നിരിക്കുമ്പോൾ …!
ഭാവന തൻ താമരപ്പൊയ്‌കയിൽ നീരാടി രമിക്കുവാനെനിക്കെന്തിന് വിസാരമേ …ചിറകും ചെകിള പൂക്കളും…!
ഭൂഗോളമാകും മെൻ കൃഷ്ണഗോളങ്ങളിൽ തെളിവതിനപ്പുറംമെനിക്കെന്തിനു മറ്റൊരു നക്ഷത്ര സ്വർഗം …!
ഭംഗുരമാം നിമിഷമണി പട്ടുനൂലിൽ കെട്ടിയോരു ഋതുക്കാളാം ഉഞ്ചലിലാടുമ്പോളെനിക്കെന്തിന് പവിഴമണി കൊട്ടാരം ….!
കാലമാം ഭാഗീരഥി പ്രവാഹത്തിൽ കൗതുകംപൂണ്ടൊഴുകിമായുന്നൊരു
കുഞ്ഞു തൃണമായീ ഞാനും …!കൃഷ്ണപക്ഷചന്ദ്രികയിലലിഞ്ഞലിഞ്ഞു മാഞ്ഞുമായുന്നവൻ …!അടങ്ങാത്ത തിരകളായി ..,
കൊതി തീരാത്തൊരു ജീവിത സ്വപ്നങ്ങളുമായി വീണ്ടും കരപറ്റി ഗദ്ഗദംചൊല്ലിക്കരയുന്നവൻ ..!
അസ്തമയങ്ങളെല്ലാം ഉദയങ്ങളാകുമ്പോഴും ….!ഋതുകാലചക്രാറുതിയിൽ വീണ്ടും ഉദയമില്ലാത്തൊരു അസ്തമയത്തിനാഴങ്ങളിൽ മായുന്നവൻ ….
കാലമാം വർഷത്തിൽ കാലഹരണപ്പെടാത്ത
മഹാ മുദ്രകളുണ്ടോ …മാഞ്ഞു പോകാത്ത മന്ദസ്മിതങ്ങളും …!
ആർത്തട്ടഹസിക്കുന്നു മധ്യാനസുര്യൻ ….!
തീർത്തും വിവശയായി മണ്ണെന്ന പെണ്ണും …!
തീ തിന്നു പൂക്കുന്ന മണലാരണ്യങ്ങളിൽ …!
തണുപ്പിന്റ രേണുക്കൾ ആല്മക്കളായി മൂര്‍ത്തരൂപം തേടിയലയും വനികകളിൽ .!
ഉദയാഗ്‌നി യൂതി പടർത്തും
പേകാറ്റിൽ നീന്തിതുടിക്കുന്നു മർത്യനാമത്തിലിഞാനും …!
വൃതം വിട്ടു പായുന്ന ഋതുക്കളിൽ മദം കൊണ്ടു കൂവുന്നു മത്തം …!
വ്രണിതഹൃത്തരേകും പിണ്ഡമുണ്ണാതെ അലറിക്കരഞ്ഞകലുന്നു …
ബലി കാക്കകൾ …!
തളിരുകൾ മുള്ളുകളായി നീർത്തി നീർ തുള്ളി കളയാത്തൊരു കള്ളിമുള്ളും തളരുമൊരുഷ്ണശിഖിയിൽ …!തണലായി യൊരു ശ്യാമ മേഘവും പറക്കാൻ മടിക്കുന്ന വാനിടങ്ങളിൽ ….വിണ്ണിന്റെ വെള്ളി രഥഘോഷങ്ങളിൽ …!
അസ്തമിക്കാത്തൊരു പകപോൽ പകലവൻ തീ തുപ്പി ചിരിക്കുമ്പോൾ ….!
ആയുസ്സിന്റെ പെന്‍ഡുലം സായാഹ്നത്തിന്റെ
സമയം കുറിക്കുവാൻ
വെമ്പലാലോടിതളരവേ …!
ശലഭനൂലാൽ തീർത്തൊരു
പുഴുക്കൂടുനുള്ളിൽ സുഖസുഷ്പ്തിയിലാണ്ടു ഞാൻ മറയവെ ….!
ഓർക്കുക നിങ്ങളും …ഈ പട്ടുനൂലോക്കയും എന്റേതെന്നു വെറുതെ ധരിച്ചിരുന്നു ഞാനും ….!
ജേക്കബ് പ്ലാക്കൻ
മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.
Phone # 00447757683814
ഐശ്വര്യ ലക്ഷ്മി.എസ്സ്.
ഓണമല്ലേ ആർക്ക്?
മലയാളിക്കോ വിപണിയ് ക്കോ
ആരാണേറെ ആഘോഷ വർണ്ണപ്പരപ്പിൽ തിളങ്ങുക
ആറു കാണ്ഡവും പാടിത്തീർന്ന രാമായണത്തിന്റെ വിപണനമേളയുടെ പോരായ്മ കൊഴുപ്പിക്കാൻ സജീവമാണ് ഓണവിപണികൾ
ഫ്ളാറ്റ് മുതൽ വീടുവരെ
എത്തണം മാവേലിക്കുമുന്നേ
പരസ്യപ്രചരണത്തിനു റേറ്റില്ലാത്തോണ്ടിപ്പോ രഹസ്യപ്രചരണമാണ്
കലാശക്കൊട്ടുണ്ടെന്നാലും
ഉത്രാടപ്പാച്ചിൽ അടുക്കളയിൽ നിന്നിപ്പോ
അരങ്ങത്തേക്കായോണ്ടേ
തിരുവോണത്തിനു മുന്നേ
രണ്ടു മൂന്ന് ട്രയൽ ആഘോഷം കൊഴുപ്പിച്ചില്ലേൽ കൊറോണങ്ങളുടെ
നഷ്ടക്കണക്കുകൾ
ടാലിയാവൂലല്ലോ
പ്രളയങ്ങൾ ശുദ്ധികലശം
തീർത്ത തെരുവോരങ്ങളിൽ ഡ്യൂപ്ലിക്കേറ്റ് മാവേലികളും
തയ്യാർ
കൊറോണ തീർത്ത
അകലമൊക്കെ കുറഞ്ഞതോടെ ഓഫ്‌ലൈൻ വിപണികൾ
പുതുജീവനായി പുതുതന്ത്രങ്ങളൊരുക്കുന്നുണ്ടെന്നാലും
ഓൺലൈൻ വിപണിയ്ക്കതു വിള്ളലാവുമോയെന്നു
കണ്ടറിയേണ്ടിയിരിക്കുന്നു
പൂക്കളമത്സരത്തിൽ മാത്രമെങ്കിലും തിളങ്ങിനിന്ന പൂക്കളിപ്പോൾ സമൂഹമാധ്യമ ചിത്രങ്ങളിലേക്കൊരു ചേക്കേറലായി
കാലം മാറുമ്പോൾ ഓണത്തിനും വിപണിയ്ക്കുമൊരു മാറ്റം വേണ്ടേ
എങ്കിലല്ലേ മാറ്റുരയ്ക്കാനാവൂ
വിപണനത്തിന്റെ കൗടില്യതയ്ക്കു കുതറാതെ വിശാലതയുടെ
കുത്തൊഴുക്കിൽ മാവേലി നാടിനിതൊരു കളങ്കമില്ലാത്തൊരുത്സവമായിടേണം
ഐശ്വര്യ ലക്ഷ്മി.എസ്സ്.
സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. ടി സി എസ്സിൽ അസിസ്റ്റന്റ് സിസ്റ്റം എഞ്ചിനീയർ ട്രയിനി. മലയാളം യു കെ ഉൾപ്പെടെയുള്ള ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അച്ഛൻ ശശിധര കൈമൾ. അമ്മ ഇന്ദു കുമാരി. ഇമെയിൽ വിലാസം [email protected]
എബി ജോൺ തോമസ്
അർദ്ധോക്തിയിൽ
ഒരു നിലവിളി
‘അ’ യെന്ന്
തൊണ്ടയിൽ കുരുങ്ങുമ്പോഴാണ്
ആദ്യാക്ഷരത്തിൻ്റെ പിറവി…
കുരുക്കുകൾ
പൊട്ടിച്ചിറങ്ങിയ
നീണ്ടകരച്ചിലിന്
‘ആ….. ‘ യെന്ന്
ഒറ്റയെഴുത്ത്…
– ‘ഇ ‘ യിലെ
ചിരി നീണ്ട് നീണ്ട്
‘ഈ ‘യിൽ എത്തിയിട്ടാവും
ഇളി പോലെ തോന്നിയത്…
‘ഉ’ -വിനോളവും
‘ഊ’ – വിനോളവും
ആരും ജീവശാസത്രം
പറഞ്ഞിട്ടില്ലെങ്കിലും
ജീവിതത്തിൻ്റെ
രൂപം
‘ഋ ‘വിലാണ്….
‘എ’ -യിൽ അൽപ്പം
ആംഗലേയം ഉണ്ടെന്ന്
കണ്ടിട്ടാവും
‘ഏ’ -യിൽ
ഒരു ചോദ്യത്തിൻ്റെ
കുറുമ്പ്…
‘ഐ’ -യോളം
ദാരിദ്ര്യപ്പെട്ട
ഒരു
സംജ്ഞ
ഇനിയും പിറന്നിട്ടില്ലെന്ന്
തലയാട്ടി
സമ്മതിക്കുന്നുണ്ട്
‘ഒ ‘…
പക്ഷം പിടിക്കലിനോട്
പുച്ഛം നീട്ടിയെഴുതി
‘ഓ’…..
അൽപം കരുണയും
ദൈന്യതയും തോന്നിയത്
‘ഔ’ വിനാണ്…
‘അം’
എല്ലാം സമ്മതിച്ചിട്ടാവും
ഒടുക്കത്തിൽ
ഒരു നിലവിളി
അർദ്ധോക്തിയിൽ
കുരുങ്ങിയത്…
പരസഹായത്തിൽ
നിലനിന്ന് പോകുന്നവരെ
ഓർമ്മിപ്പിക്കുന്നുണ്ട്
വ്യഞ്ജനങ്ങൾ..
സംഘടിച്ചാൽ
ശക്തരാകാമെന്ന്
കൂട്ടക്ഷരത്തോളം
മനസ്സിലാക്കിയിട്ടുള്ളവർ
വേറെ കാണില്ല….
പ്രണയ പർവ്വങ്ങൾക്ക്
ഒളിച്ചു താമസിക്കാനുള്ള
തുരുത്തുകൾ ഉള്ളത്
ചില്ലക്ഷരങ്ങളിലാവും…
അതെ,
അക്ഷരമാലയ്ക്ക്
ജീവിതം എന്നും
അർത്ഥമുണ്ട്…
എബി ജോൺതോമസ് : പാറക്കാലയിൽ തോമസിന്റെയും അമ്മിണിയുടെയും മകൻ. മാധ്യമപ്രവർത്തകയായ നൊമിനിറ്റ ഭാര്യയാണ്. സഹോദരൻ ആൽബി. കുറുപ്പന്തറ ഇരവിമംഗലത്ത് 1988 ൽ ജനനം. 2007- 10 ൽ കോട്ടയം ബസേലിയസ് കോളജിൽ നിന്നും മലയാളത്തിൽ ബിരുദവും 2010 -12 ൽ എംജി യൂണിവേഴ്സിറ്റിയിൽ നിന്നും ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും എടുത്തു. 10 വർഷമായി മാധ്യമപ്രവർത്തകൻ. കേരളവിഷൻ, ജീവൻ ടിവി, ജയ്ഹിന്ദ് ടിവി, മീഡിയവൺ എന്നിടങ്ങളിൽ ജോലി ചെയ്തു. ഇപ്പോൾ മൈഫിൻ പോയിന്റ് ഫിനാൻസ് മീഡിയ എന്ന സ്ഥാപനത്തിൽ സീനിയർ റിപ്പോർട്ടറായി ജോലി ചെയ്യുന്നു.
2021 ൽ നിലാവിൽ മുങ്ങിച്ചത്തവന്റെ ആത്മാവ് എന്നപേരിൽ ആദ്യ കവിതാ സമാഹാരം . രണ്ടാമത്തെ പുസ്തകം ഇറങ്ങി പോകുന്നവർ പാലിക്കുന്ന മര്യാദകൾ . പുരസ്കാരം- 2014 കാഴ്ച പുരസ്കാരം(ജൂറീ പരാമർശം), 2019 ലെ നെഹ്റു ട്രോഫി പുരസ്കാരം( മികച്ച റിപ്പോർട്ടർ)
എം.ജി.ബിജുകുമാർ, പന്തളം
മഴ നിറഞ്ഞ ഒരു രാവുമാഞ്ഞ് പുലരിയെത്തുമ്പോൾ മരച്ചില്ലയിൽ ഇരുന്നു പാടുന്ന വണ്ണാത്തിപ്പുള്ളിനെ നോക്കി കുട്ടൻപിള്ള ജനാലക്കരികിൽ ചുമരിൽ ചാരി ഇരിക്കുകയാണ്. മേശപ്പുറത്തിരുന്ന വാരികകൾ എടുത്ത് തിരിച്ചുംമറിച്ചും നോക്കുമ്പോഴും അയാളുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നു. ഘടികാര സൂചികൾ ചലിച്ചുകൊണ്ടേയിരുന്നു. അടുത്തുള്ള കശുവണ്ടി ഫാക്ടറിയിൽ പത്തുമണി സൈറൻ മുഴങ്ങുമ്പോഴും ഒന്നു തൊടുകപോലും ചെയ്യാതെ രാവിലെ കൊടുത്ത ചായ തണുത്ത് മേശപ്പുറത്തുതന്നെയിരിക്കുന്നുണ്ട്. കഴിഞ്ഞ പകലും രാത്രിയും ഇതേപോലെ ഒന്നിനും ഒരു ഉത്സാഹമില്ലാതെ കഴിച്ചു കൂട്ടുകയാണ് കുട്ടൻ പിള്ള. എഴുപതാം വയസ്സിലും ഉന്മേഷവാനായിരുന്ന അയാൾക്ക് ഒരു പകലും ഒരു രാത്രിയും കൊണ്ട് എന്താണ് സംഭവിച്ചത് ? നൂല് പൊട്ടിയ പട്ടം പോലെ മനസ്സ് ഇങ്ങനെ പറക്കാൻ കാരണം എന്താണ് ?
“ഗോപൻ എപ്പോൾ വരുമെന്ന് എന്ന് ഒന്ന് വിളിച്ചു ചോദിക്കെടീ സാവിത്രീ..”
കുട്ടൻപിള്ള ഭാര്യയോട് വിളിച്ചുപറഞ്ഞു.
” അവൻ വണ്ടി സർവീസ് ചെയ്യാനോ മറ്റോ കൊണ്ടുപോയതാണ്. വൈകുന്നേരമേ തിരിച്ചു വരികയുള്ളൂന്ന് പറഞ്ഞിരുന്നു. പൂച്ചക്കുട്ടികളെ തിരിച്ചുകൊണ്ടുവരാനാണ് അന്വേഷണമെങ്കിൽ അത് നടക്കില്ല.. പറഞ്ഞേക്കാം ”
സാവിത്രിയമ്മയുടെ നീരസത്തോടെയുള്ള മറുപടി കേട്ട് കുട്ടൻപിള്ളയുടെ മുഖം ഒന്നുകൂടി മ്ലാനമായി.
അയാൾ ജനാലയിലൂടെ വെളിയിലേക്ക് നോക്കിയിരുന്നു.. ഇടയ്ക്ക്
വീടിന്റെ മച്ചിനു മുകളിൽ എന്തെങ്കിലും അനക്കം കേൾക്കുന്നുണ്ടോയെന്ന് അയാൾ വെറുതെ കാതോർത്തു. യാതൊരു അനക്കവും ഇല്ലെന്ന് മനസ്സിലാക്കി വീണ്ടും ജനാലയിലൂടെ വിദൂരതയിലേക്ക് കണ്ണും നട്ടിരുപ്പായി.
കുട്ടൻ പിള്ളയുടെ വീട്ടിൽ മൂന്നു പൂച്ചകൾ ഉണ്ടായിരുന്നു. അവയ്ക്ക് ഭക്ഷണമൊക്കെ കൊടുത്ത് ഓമനിച്ചായിരുന്നു അയാൾ അവയെ വളർത്തിയത്.
പക്ഷേ വീട്ടിൽ എല്ലാം ഓടി നടന്നു അടുക്കളയിൽ വരെ കയറി കിട്ടുന്നതെല്ലാം തിന്നാൻ ശ്രമിക്കുന്നത് സാവിത്രിയമ്മയ്ക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല. രാത്രിയിൽ മച്ചിനു മുകളിൽ കിടന്ന് കടിപിടികൂടി ബഹളമുണ്ടാക്കുന്ന ഇവറ്റകളെ എവിടെയെങ്കിലും കൊണ്ടുക്കളയാൻ മരുമകനായ ഗോപനോട് പലതവണ പറയുകയും ചെയ്തിട്ടുണ്ട്. ഇവ അയൽവീടുകളിലൊക്കെ പോയി ശല്യം ഉണ്ടാക്കുന്നുവെന്ന പരാതികൾ ദിവസേന സമീപവാസികൾ പറഞ്ഞപ്പോഴും പൂച്ചകളെ ഉപേക്ഷിക്കാൻ കുട്ടൻപിള്ള തയ്യാറായില്ല.
അങ്ങനെയിരിക്കെയാണ് ഒരു ദിവസം അയൽവാസിയായ കൃഷ്ണക്കുറുപ്പ് രാവിലെ വീട്ടിൽ എത്തി പരാതി ബോധിപ്പിച്ചത്.
” നിങ്ങടെ ഒരു പൂച്ച ഞങ്ങടെ കിണറ്റിൽ ചത്തു കിടക്കുന്നു, പൂച്ചയെ നാട്ടുകാർക്ക് ശല്യത്തിനാണോ വളർത്തുന്നത് ?”
കുറുപ്പ് കയർത്ത് സംസാരിച്ചിട്ടും കുട്ടൻപിള്ള അക്ഷോഭ്യനായി മുഖം കുനിച്ചിരുന്നു.
ഗോപൻ കിണറു വറ്റിക്കുന്നവരെ വിളിച്ച് പൂച്ചയെ എടുക്കുകയും കൃഷ്ണക്കുറുപ്പിന്റെ കിണറ്റിലെ വെള്ളം വറ്റിച്ച് കിണർ വൃത്തിയാക്കി കൊടുക്കുകയും ചെയ്തപ്പോൾ അതിന്റെ പണവും കുട്ടൻപിള്ളയാണ് കൊടുത്തത്. എന്നിട്ടും പൂച്ചകളെ ഉപേക്ഷിക്കാൻ തയ്യാറാവാതെ അവയെ ലാളിച്ചു അയാൾ ദിവസങ്ങൾ തള്ളിനീക്കി.
അതിലൊരു ചക്കി പൂച്ച പ്രസവിച്ചു മൂന്ന് കുഞ്ഞുങ്ങൾ കൂടിയായപ്പോൾ കുട്ടൻ പിള്ളയ്ക്ക് സന്തോഷമായി. പക്ഷേ സാവിത്രിയമ്മയാകട്ടെ ഇവറ്റകളെ എവിടെയെങ്കിലും കൊണ്ടു കളഞ്ഞേ മതിയാവു എന്ന തീരുമാനത്തിൽ ഉറച്ചു നിന്നു.
“നാല് കോഴികളെ വാങ്ങി വളർത്തരുതോ മനുഷ്യാ, ഒന്നുമല്ലെങ്കിലും വല്ലപ്പോഴും ഒന്നുരണ്ടു മുട്ട എങ്കിലും കിട്ടും ”
സാവിത്രിയമ്മയുടെ ഇത്തരം സംസാരത്തിന് മറുപടി പറയാതെ കുട്ടൻപിള്ള കേൾക്കാത്ത ഭാവത്തിൽ ഇരിക്കുകയാണ് പതിവ്.
പൂച്ചക്കുഞ്ഞുങ്ങൾ അൽപസ്വൽപം വളർന്നപ്പോൾ വീടിനുള്ളിൽ അവരുടെ ബഹളവും വർദ്ധിച്ചു. മകൾ പ്രിയയ്ക്കും പൂച്ചകളുടെ ബഹളം ശല്യമായിത്തുടങ്ങിയെങ്കിലും അച്ഛനോടതു പറയാൻ അവൾക്ക് മടിയായിരുന്നു. മൃഗ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സെർവൻറായിരുന്ന കുട്ടൻപിള്ള വിരമിച്ച ശേഷം സമയം പോക്കിനായി ഒരു പശുവിനെ വളർത്തിയിരുന്നതാണ്. വൈക്കോലിട്ടു കൊടുക്കാൻ ചെന്ന തന്നെ ആ പശു കുത്തിയതിനാൽ സാവിത്രിയമ്മ അതിനെ വിൽക്കുകയാണുണ്ടായത്. അതിനെ തീറ്റുന്നതും കുളിപ്പിക്കുന്നതും പുല്ലു പറിച്ചു കൊടുക്കുന്നതുമെല്ലാം അച്ചനായിരുന്നു ചെയ്തിരുന്നതെന്നും പശുവിനെ വിറ്റതിനു ശേഷമാണ് അച്ഛന്റെ ചങ്ങാത്തം പൂച്ചകളുമായിട്ടായത് എന്നും പ്രിയ ഓർത്തു.
പൂച്ചകളെ വീട്ടിൽനിന്നും നാടുകടത്തിയേ പറ്റൂ എന്ന ദൃഢമായ തീരുമാനത്തിലെത്താൻ സാവിത്രിയമ്മയെ പ്രേരിപ്പിച്ചത് ഒരു പൂച്ച സരസ്വതിയമ്മയുടെ കിണറ്റിൽ വീണു ചത്തപ്പോഴാണ്. കുട്ടൻപിള്ളയുടെ മുന്നിൽ നീറുപോലെ നിൽക്കുമെങ്കിലും സരസ്വതിയമ്മയുടെ നാക്കിനു മുന്നിൽ പിടിച്ചു നിൽക്കാനുള്ള ശക്തിയില്ലാത്തതിനാൽ അവർ പറഞ്ഞതെല്ലാം കേട്ട് മുഖം കുനിച്ചു നില്ക്കാനേ സാവിത്രിക്ക് കഴിഞ്ഞുള്ളൂ. നേരം വെളുത്തപ്പോൾ തന്നെ ശകാരം കേട്ട് അപമാനഭാരത്താൽ കുനിഞ്ഞ ആ മുഖത്ത് ഒരു ദൃഢനിശ്ചയമെടുക്കാൻ പോകുകയാണെ ഭാവം നിഴലിച്ചതായി ഇതൊക്കെ വീക്ഷിച്ചു കൊണ്ടിരുന്ന പ്രിയയ്ക്ക് തോന്നി. അന്നും അവരുടെ കിണർ വൃത്തിയാക്കി കൊടുക്കേണ്ടിവന്നതിന് കുട്ടൻപിള്ള പൈസ കൊടുത്തെങ്കിലും അതിൽ ഒതുങ്ങുന്ന കാര്യങ്ങളായിരുന്നില്ല പിന്നീട് നടന്നത്. ഒരു വലിയ ഫേസ് ബോർഡ് കവറിനുള്ളിൽ മൂന്നു പൂച്ചക്കുഞ്ഞുങ്ങളെയും തള്ളപ്പൂച്ചയെയും പിടിച്ചിട്ട് അടച്ച് സാവിത്രിയമ്മ ഗോപന്റെ കയ്യിൽ കൊടുത്തു.
” ജോലിക്ക് പോകുന്നവഴിയിൽ എവിടെയെങ്കിലും ഇവറ്റകളെ ഉപേക്ഷിച്ചേക്കണം”
അവനതും വാങ്ങിയിറങ്ങുമ്പോൾ താൻ ജോലിചെയ്യുന്ന പ്രസ്സിന് എതിർവശത്തുള്ള ഫാമിൽ തുറന്നു വിടാമെന്ന് മനസ്സിലുറപ്പിച്ചിരുന്നു.
അവിടെ പകൽ ജോലിക്കാരൊക്കെ ഉള്ളതിനാൽ അതിനുള്ളിലേക്ക് കയറാൻ കഴിയാത്തതുകൊണ്ട് കവർ പ്രസ്സിന്റെയുള്ളിൽ തന്നെ സൂക്ഷിച്ചു.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരും നേരം ഇരുൾ പരത്തുന്ന സന്ധ്യയിൽ മാനത്തോളം ഉയർന്നു നിൽക്കുന്ന മരങ്ങളും പേടിപ്പെടുത്തുന്ന കുറ്റിക്കാടുമൊക്കെയുള്ള ഫാമിന്റെ മതിൽ ചാടിക്കടന്ന് ഗോപൻ പൂച്ചകളെ അവിടെ തുറന്നു വിട്ടു.
ആ പകൽ കുട്ടൻപിള്ളയ്ക്ക് വളരെ വ്യസനമാണ് സമ്മാനിച്ചത്. തൻറെ പൂച്ചക്കുട്ടികളെ നഷ്ടപ്പെട്ടപ്പോൾ തന്റെ ശരീരത്തിലെ അവയവം നഷ്ടപ്പെടുന്ന മാനസികാവസ്ഥയിലായിരുന്ന. അയാൾക്ക് ആഹാരം പോലും കഴിക്കാൻ കഴിഞ്ഞില്ല. അത്താഴം കഴിക്കാതെ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ നാരകമുള്ളുപോലെ പൂച്ചകളുടെ കരച്ചിൽ അയാളുടെ മനസ്സിനെ വേദനപ്പെടുത്തി. ജനലും വാതിലുമൊക്കെ അടച്ച് ഏണിയെടുത്ത് മച്ചിനു മുകളിലേക്ക് കയറാനും, പൂച്ചകൾ കിടക്കുമായിരുന്നിടത്തേക്ക് കയറിക്കിടക്കാനും അയാൾക്ക് തോന്നി.
തുറന്നു വെച്ചിരുന്ന ഒരു വാരിക എടുത്ത് മുഖത്ത് വെച്ച് കൊണ്ടയാൾ നേരം വെളുപ്പിച്ചു. ഉറക്കം ഇല്ലാതിരുന്നിട്ടും രാവിലെ പത്തുമണി കഴിഞ്ഞിട്ടും ഒന്നും കഴിക്കാനോ കുടിക്കാനോ കുട്ടൻ പിള്ളക്ക് കഴിഞ്ഞില്ല.ഒരക്ഷരം പോലും വിടാതെ പരസ്യം ഉൾപ്പെടെ പത്രം മുഴുവൻ വായിച്ചു തീർക്കുന്ന അയാൾ ഇന്നതിനു മെനക്കെട്ടില്ല. ഉപേക്ഷിക്കപ്പെട്ട നിലയിൽ പത്രം മടക്കു പോലും നിവർത്താതെ വരാന്തയിൽ കിടപ്പുണ്ടായിരുന്നു.
അയാൾ മെല്ലെ ഇറങ്ങി നടന്ന് ക്ഷേത്രക്കുളത്തിൽ മുങ്ങിക്കുളിച്ച് മതിൽക്കെട്ടിന് വെളിയിലെ ആൽ മരച്ചുവട്ടിലെ കൽക്കെട്ടിലിരുന്നു. ക്ഷേത്രക്കളത്തിൽ നിന്നു വീശിയ തണുത്ത കാറ്റിന് അയാളുടെ ഉള്ള് തണുപ്പിക്കാൻ കഴിഞ്ഞില്ല.സൂര്യന്റെ നിഴലുകൾക്ക് നീളം കുറഞ്ഞു വന്നു. അപ്പോഴും ആകാശത്തിന് നെറുകയിലൂടെ സഞ്ചരിക്കുന്ന മേഘങ്ങളിൽ കണ്ണും നട്ട് അയാൾ അവിടെത്തന്നെ ഇരിക്കുകയായിരുന്നു. മുഖത്ത് ചുളിവുകൾ വീഴ്ത്തിക്കൊണ്ട് ചിന്തകൾ സഞ്ചരിച്ചുകൊണ്ടേയിരുന്നു
ഗോപൻ വന്നതിനുശേഷം വേണം പൂച്ചകളെ എവിടെ ഉപേക്ഷിച്ചുവെന്ന് ചോദിച്ചറിയാനെന്ന് മനസ്സിലുറപ്പിച്ച് അയാൾ വീട്ടിലേക്ക് നടന്നു. രണ്ടുദിവസമായി ജലപാനം പോലും ചെയ്യാതെയുള്ള ഉള്ള അച്ഛൻറെ നടപ്പ് പ്രിയയിൽ സങ്കോചം ഉണ്ടാക്കി. വിശപ്പും ദാഹവും അന്യമാകുന്ന അവസ്ഥയിലുടെ കുട്ടൻപിള്ള കടന്നു പൊയ്ക്കോണ്ടിരുന്നു
പൂച്ചയെ ഉപേക്ഷിച്ചാൽ ഇത്രയും പ്രശ്നമാകും എന്നാരും കരുതിയില്ല.
“ഇതിപ്പോൾ കുട്ടികളുടെ സ്വഭാവരീതികൾ പോലെ ആയല്ലോ ഈ മനുഷ്യന്, ഇവിടുത്തെ ശല്യം കൂടാതെ നാട്ടുകാരുടെ വായിലിരിക്കുന്നത് കൂടി കേൾക്കാൻ എനിക്ക് വയ്യ. കൊണ്ടു കളഞ്ഞത് കാര്യമായി ”
സാവിത്രിയമ്മ ഉറക്കെ പറഞ്ഞു.
ഉന്മേഷവാനായിരുന്ന അച്ഛന്റെ പെട്ടെന്നുള്ള മാറ്റം പ്രിയയെ വിഷമത്തിലാക്കി. പൂച്ചകളെ തിരിച്ചു കൊണ്ടു വരണമെന്ന് ഗോപേട്ടനോട് വിളിച്ചുപറയാൻ അവൾ അമ്മയെ നിർബന്ധിച്ചു കൊണ്ടേയിരുന്നു. പക്ഷേ സാവിത്രിയമ്മ ആദ്യമൊന്നും അതിന് തയ്യാറായില്ല. ഉച്ചയ്ക്കും ആഹാരം കഴിക്കാതെ ചാരുകസേരയിൽ തുറന്ന പുസ്തകം കൊണ്ട് മുഖം മറച്ചു കിടന്ന കുട്ടൻപിള്ളയെ കണ്ടപ്പോൾ സാവിത്രിയമ്മയുടെ മനസ്സ് ഒന്നയഞ്ഞു. താനെന്തു പറഞ്ഞാലും എതിർക്കാതെ അക്ഷോഭ്യനായി നിലകൊള്ളുന്ന തൻറെ ഭർത്താവിൻറെ മനസ്സ് പൂച്ചകളെ നഷ്ടപ്പെട്ടതിൽ വളരെയേറെ വേദനിക്കുന്നുണ്ടെന്ന് സാവിത്രിയമ്മയ്ക്ക് മനസ്സിലായി. വൈകിട്ട് ചായ ഇടുമ്പോൾ ചീനി വറുത്തതും തിന്ന് അടുക്കളയിലിരുന്ന് പ്രിയ അമ്മയോട് പറഞ്ഞു ,
“അമ്മേ മനുക്കുട്ടൻ വിളിച്ചിരുന്നു അവനോട് പറഞ്ഞപ്പോൾ പൂച്ചകളെ തിരിച്ചുകൊണ്ടുവരണം എന്നാണവനും പറയുന്നത് “.
ബോർഡിങ്ങിൽ പ്ളസ് വണ്ണിനു പഠിക്കുന്ന പ്രിയയുടെ മകനാണ് അനു. അവന് അപ്പൂപ്പനോടാണ് വീട്ടിൽ മറ്റുള്ളവരോടുള്ളതിനേക്കാൾ സ്നേഹം. അപ്പൂപ്പന്റെ വിരൽ തുമ്പു പിടിച്ചാണവൻ വളർന്നത്.
അതുകൂടി കേട്ടപ്പോൾ സാവിത്രി അമ്മയുടെ മനസിൽ ഒരു ചെറിയ ചാഞ്ചാട്ടം ഉണ്ടായി.
“അമ്മേ ഗോപേട്ടനെ വിളിച്ചു പറയ് വരുമ്പോള് പൂച്ചകളെ കൂടി പിടിച്ചു കൊണ്ടു വരാൻ ” മകൾ പറഞ്ഞതു കേട്ടപ്പോൾ
“ഇനിയും നാട്ടുകാരുടെ ചീത്ത കേൾക്കേണ്ടി വന്നാലോ? ഇങ്ങേരുടെ ഇരുപ്പ് കണ്ടിട്ട് തിരിച്ചുകൊണ്ടുവരാൻ പറയാതിരിക്കാനും തോന്നുന്നില്ല” എന്ന് മറുപടി പറഞ്ഞെങ്കിലും സാവിത്രിയമ്മ വിഷമവൃത്തത്തിലായി.
‘പ്രിയ ഗ്ലാസ്സിലേക്ക് ചായ പകർന്നെടുത്തു.
“ഇനിയങ്ങനെയൊന്നും ഉണ്ടാകാതെ അച്ഛൻ ശ്രദ്ധിച്ചോളും”
വീണ്ടും അമ്മയുടെ മനസ്സുമാറ്റാൻ പ്രിയ ശ്രമിച്ചു .
” എന്നാൽ പിന്നെ അങ്ങനെയാകട്ടെ അവനെയൊന്ന് വിളിച്ചിട്ട് ഫോൺ ഇങ്ങു താ, ഞാൻ പറയാം, ”
അമ്മ പറയുന്നത് കേട്ട് പ്രിയ ഫോണിൽ നമ്പർ ഡയൽ ചെയ്യാനെടുക്കുമ്പോഴേക്കും ഗോപൻ തന്റെ കാറിൽ വീട്ടമുറ്റത്തെത്തിയിരുന്നു. വീട്ടിലേക്ക് കയറിയ ഗോപന് പ്രിയ ചായയെടുത്തു കൊടുക്കുമ്പോൾ സാവിത്രിയമ്മ അവനോടു പറഞ്ഞു.
” ഇവിടെ ഈ മനുഷ്യന്റെ മൂകത കണ്ടിരിക്കാൻ വയ്യ, ആഹാരവുമില്ല ജലപാനവുമില്ല, നീയാ പൂച്ചകളെ ഇങ്ങ് തിരിച്ചെടുത്തു കൊണ്ടു പോര് ,വരുന്നപോലെ വരട്ടെ” ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ കഴിഞ്ഞദിവസത്തെ അമ്മയുടെ പെർഫോമൻസ് എന്നാേർത്ത് അവൻ മനസ്സിൽ ചിരിച്ചു. ഇതുകേട്ടയുടനെ വിശപ്പും ദാഹവും അന്യമാകുന്ന ഏതോ അവസ്ഥയിലൂടെയാണ് താൻ പൊയ്ക്കൊണ്ടിരിക്കുന്നതെന്നറിയാതെ വരാന്തയിലെ ചൂരൽക്കസേരയിൽ പ്രതിമ കണക്കേയിരുന്ന കുട്ടൻപിള്ള പെട്ടെന്നെഴുന്നേറ്റു.
“എന്നാൽ വാ ഞാനും വരാം നമുക്കു പോയി വേഗം അതിങ്ങളെയിങ്ങ് എടുത്തോണ്ട് വരാം”
അച്ഛൻറെ പറച്ചിൽ കേട്ട് പ്രിയക്ക് ചിരിവന്നു, ഗോപനും.
“ഇപ്പോൾ പോയി എടുക്കാൻ
പറ്റില്ല, ഫാമിനുള്ളിലാണ് അവയെ തുറന്നു വിട്ടത്. അതിനുള്ളിൽ കയറണേൽ സന്ധ്യ കഴിയണം.”
ഗോപൻ പറഞ്ഞത് കേട്ടപ്പോൾ നിരാശയോടെ കുട്ടൻപിള്ള മുറിയിലേക്ക് പോയി.സന്ധ്യയാവുന്നതും കാത്ത് അയാൾ ചായംപൂശിയ ചുവരിൽ ചാരി ഇരുന്നു. “തിരിച്ചെടുക്കാൻ ചെല്ലുമ്പോഴേക്കും അവറ്റകൾ അവിടെ കാണുമോ? ഇല്ലെങ്കിൽ.. ‘?
അതോർത്തപ്പോൾ കുട്ടൻപിള്ളയുടെ നെഞ്ച് ഒന്നു പിടഞ്ഞു. തുടർന്നുളള ഓരോ നിമിഷങ്ങളും ഓരോ മണിക്കൂറുകളായണ് അയാൾക്ക് തോന്നിയത്.
ശുഭപ്രതീക്ഷയോടെ നേരം ഇരുട്ടുന്നതും കാത്ത് അയാളിരുന്നു.
സന്ധ്യയ്ക്ക് പ്രിയ വിളക്ക് വയ്ക്കാൻ വരാന്തയിൽ എത്തിയപ്പോൾ ഇരുൾ പരക്കുന്നതും കാത്ത് കയ്യിൽ ഒരു ചെറിയ ചാക്കും ഒരു ടോർച്ചുമായി കുട്ടൻപിള്ള മുറ്റത്തുലാത്തുന്നുണ്ടായിരുന്നു.
ഇരുട്ടു പരന്നപ്പോൾ ഗോപൻ പൂച്ചകളെ എടുക്കാനായി പോകാൻ വണ്ടി എടുത്തു.
“ഞാനും വരാം…” എന്നു പറഞ്ഞു കുട്ടൻപിള്ള ബൈക്കിന് അടുത്തേക്കു നടന്നു .
വേണ്ട എന്നു പറയണമെന്നുണ്ടായിരുന്നെങ്കിലും അയാളിലെ ആകാംഷ മനസ്സിലാക്കിയതിനാൽ ഗോപൻ എതിർപ്പ് പറഞ്ഞില്ല. ബൈക്കിൽ സഞ്ചരിക്കുമ്പോഴും പിന്നിലിരുന്ന് കുട്ടൻപിള്ളയുടെ മനസ്സ് അതിലേറെ വേഗത്തിൽ സഞ്ചരിക്കുകയായിരുന്നു. അവിടെ എത്തും വരെ ഇടയ്ക്കിടയ്ക്ക് “കുറച്ചുകൂടി വേഗം പോ” എന്ന് അയാൾ പറയുന്നുണ്ടായിരുന്നു. ഫാമിന്റെ പിന്നിലെത്തി ബൈക്ക് വെച്ചതിനുശേഷം ഗോപൻ ചുറ്റുപാടും നോക്കി. വല്ലവരും കണ്ടാൽ മോഷണത്തിനു വന്നവരെന്നേ കരുതുകയുള്ളു എന്നവൻ മനസ്സിലോർത്തുകൊണ്ട് പറഞ്ഞു,
“ആ ടോർച്ചും ചാക്കും ഇങ്ങു താ ഞാൻ പോയിട്ട് വരാം ”
”ഞാനും വരാം ഇവിടെ കാത്തു നിൽക്കാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല, വേഗം അവയെ കണ്ടെത്തണം.”
അയാളുടെ മറുപടി കേട്ടപ്പോൾ ഗോപന് തടയാൻ തോന്നിയില്ല. മതിലിൽ കയറി അപ്പുറത്തേക്ക് ചാടാൻ ഗോപൻ അയാളെ സഹായിച്ചു. രണ്ടുപേരുംകൂടി അതിനുള്ളിലെ കാട് നിറഞ്ഞ ഭാഗത്തേക്ക് നടന്നു. അവിടെയൊക്കെ ടോർച്ചടിച്ചു നോക്കിയെങ്കിലും പൂച്ചകളെ കണ്ടെത്താനായില്ല.
അപ്പോൾ കുട്ടൻപിള്ള പല്ലുകൾ ചേർത്തുവെച്ച് നാക്ക് ഉപയോഗിച്ച് ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിച്ചു. അങ്ങനെ രണ്ടുമൂന്നു പ്രാവശ്യം ആയപ്പോഴേക്കും പൂച്ചക്കുട്ടികളും തള്ളപ്പൂച്ചയും അവിടേക്ക് ഓടിവന്നു. കുട്ടൻപിള്ളയുടെ കാലിൽ ദേഹം ഉരസി നിൽപ്പായി. അയാൾ തന്റെ കയ്യിലിരുന്ന ചാക്കിൽ നിന്നും ഒരു പ്ലാസ്റ്റിക് കവർ പുറത്തെടുത്തു. അതിൽനിന്നും നിന്നും ചെറിയ മത്തികളെടുത്ത് അവയ്ക്ക് മുന്നിലേക്കിട്ടുകൊടുത്തു. ടോർച്ച് വെട്ടത്തിൽ അതു തിന്നുന്നത് നോക്കിനിന്നപ്പോൾ കുട്ടൻപിള്ളയുടെ മുഖം വിടർന്നു.ഗോപനതെല്ലാം അത്ഭുതത്തോടെ നോക്കി നിന്നു.
” വേഗം പോകാം ” അയാൾ ഗോപനോട് പറഞ്ഞു.
മതിൽ ചാടി ബൈക്കിൽ സഞ്ചരിക്കുമ്പോൾ “കുട്ടൻപിള്ള ഒരു അത്ഭുത പ്രതിഭാസം തന്നെ ” എന്നു ഗോപൻ മനസ്സിൽ പറഞ്ഞു. വീട്ടിലെത്തി പൂച്ചകളെ സ്വതന്ത്രമാക്കാൻ വെമ്പുന്ന കുട്ടൻപിള്ളയുടെ മനസ്സ് ബൈക്കിനെക്കാൾ വേഗത്തിൽ പായുകയായിരുന്നു. അപ്പോഴും കുട്ടൻപിള്ള പൂച്ചകളെ വിളിക്കാൻ പുറപ്പെടുവിച്ച പ്രത്യേക ശബ്ദം ഗോപന്റെ ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു.
എം.ജി.ബിജുകുമാർ
പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ ബിഎഡും പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമൊക്കെയെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ഒരു കഥാസമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു.
അഖിൽ പുതുശ്ശേരി
ഇന്ന് അത്തം. ഇന്നേക്ക് പത്താം നാൾ തിരുവോണം. മഹാബലിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ഇന്നുമുതൽ ആരംഭിക്കും. വീട്ടുമുറ്റത്ത് പൂക്കളമിട്ടും ഓണത്തിനായുള്ള മറ്റു ഒരുക്കങ്ങളിലൂടെയും മലയാളിയുടെ മനസിൽ മുഴുവൻ ആഘോഷങ്ങളുടെ ആരവമുയരുന്ന ദിവസങ്ങൾ. എന്നാൽ, അസാധാരണ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന മലയാളി ഏറെ ജാഗ്രതയോടെ വേണം ഈ ഓണക്കാലം ആഘോഷിക്കാൻ.
മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ചിങ്ങമാസത്തിലാണ് ഓണം മലയാളികള്‍ ആഘോഷിക്കുന്നത്. മഹാബലി തന്റെ പ്രജകളെ കാണുവാന്‍ വര്‍ഷത്തിലൊരിക്കൽ എത്തുന്ന ദിവസമാണ് ഓണം എന്ന് കരുതി പോരുന്നു. എന്നാൽ, ഓണം ആത്യന്തികമായി ഒരു വിളവെടുപ്പ് അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു.
ഓണഘോഷത്തില്‍ ഒഴിച്ചുകൂടുവാനാകാത്ത ഒന്നാണ് പൂക്കളം. തിരുവോണദിവസം വരുന്ന മഹാബലിയെ സ്വീകരിക്കുന്നതിന് അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്. മുറ്റത്ത് ചാണകം മെഴുകിയാണ് പൂക്കളമൊരുക്കുന്നത്. ചിങ്ങത്തിലെ അത്തംനാൾ മുതലാണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂവ് മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടത്തിൻനാളിലാണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്. മൂലം നാളിൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.
ആണ്ടുപിറപ്പിനെ സൂചിപ്പിക്കുന്ന ചിങ്ങമാസത്തിലെ ആഘോഷം ക്രമേണ ദേശീയോത്സവമായി വളര്‍ന്നുവെന്നാണ് മറ്റൊരു വിശ്വാസം. എന്നാല്‍, തിരുവോണം വിളവെടുപ്പ് ഉത്സവം ആണെന്ന് ചില സാമൂഹിക ശാസ്ത്രജ്ഞര്‍ കരുതുന്നു. ഇല്ലങ്ങളിലെ പത്തായങ്ങളെല്ലാം നിറഞ്ഞ്, കുടിലുകളിലെ വല്ലങ്ങളെല്ലാം നിറഞ്ഞ്, നിറവിന്റെയും സന്തുഷ്ടിയുടെയും സമയം. പാടങ്ങളിലെ പണിയെല്ലാം കഴിഞ്ഞ്, കൃഷിപ്പണി ചെയ്യുന്നവര്‍ക്കും, ചെയ്യിക്കുന്നവര്‍ക്കും കൊണ്ടാടാനുള്ള അവസരം. ജന്മിമാരും അടിയാന്മാരും വ്യത്യാസങ്ങള്‍ മറന്നു സമഭാവനയോടുകൂടി കഴിയുകയും, പരസ്പരം സ്‌നേഹസന്ദര്‍ശനങ്ങള്‍ നടത്തുകയും, ഒരേ വേദിയില്‍ ഒത്തുചേരുകയും ചെയ്യുവാന്‍ ഉപകരിച്ചിരുന്ന ഈ കാര്‍ഷികോത്സവ പരിപാടി, ക്രമേണ ദേശീയോത്സവമായി എന്നതാണ് ഇവരുടെ നിഗമനം.
അത്തം നാള്‍ മുതല്‍, തിരുവോണം വരെ പൂക്കളമിട്ട്, ഊഞ്ഞാലിലാടി, തിരുവോണം നാള്‍ മാവേലിയെ (തൃക്കാക്കരയപ്പന്‍, ഓണത്തപ്പന്‍) നടുമുറ്റത്ത് കുടിയിരുത്തി, വീട്ടിലെ ആണ്‍കുട്ടിയെകൊണ്ട് പൂജ ചെയ്യിച്ച്, പെണ്‍കുട്ടികളുടെ കൈകൊട്ടിക്കളിയും, ആണ്‍കുട്ടികളുടെ ഓണപ്പന്തുകളിയും, ഓണത്തല്ലും, വീട്ടിനുള്ളിലും പുറത്തും ഉള്ളവര്‍ക്ക് ഓണക്കോടിയും, വിഭവസമൃദ്ധമായ സദ്യയും ഒക്കെയായി, ചതയം നാള്‍, മാവേലിയെ എടുത്തു മാറ്റുന്നതു വരെ, ഓണം പൊടിപൊടിക്കുമായിരുന്നു. അരിയിടിക്കലും വറക്കലും, കായവറുക്കലും, കൊണ്ടാട്ടമുണക്കലും, അടപരത്തലും, അച്ചാറിനിടീലും, ചക്ക വരട്ടലും ഒക്കെയായി ഒരുമാസം മുന്‍പേ ഒരുക്കങ്ങള്‍ തുടങ്ങും. ‘കാണം വിറ്റും ഓണമുണ്ണണം.’ എന്നൊരു ചൊല്ലുണ്ടായിരുന്നു. ഓരോ ദിവസവും ഓരോ പായസം, അടപ്രഥമന്‍, ചക്കപ്രഥമന്‍, കടല പ്രഥമന്‍, പാലട, ഓലന്‍, കാളന്‍, അവിയല്‍.
ഇന്ന് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും എല്ലാം റെഡിമേഡ് ആയി സുലഭം, മാവേലിമന്നനെ കാലാന്തരത്തില്‍, പ്രച്ഛന്നവേഷമിട്ട കോമാളിരൂപത്തിലുള്ള ഒരു കുടവയറനാക്കി മാറ്റി. എന്നാലും ഓണം, ഓണം തന്നെ. വള്ളംകളിയും, അത്തപ്പൂമത്സരങ്ങളും, പുലികളിയും, ഘോഷയാത്രയും ഒക്കെയായി, ജാതിമതഭേദങ്ങളെല്ലാം മറന്ന് ‘നാമെല്ലാം ഒന്നാണ്’ എന്ന അനന്തമായ സത്യം ഓര്‍മപ്പെടുത്തുന്ന ഒത്തുചേരലിന്റെ ഒരുത്സവമായി അതു മാറി. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും, മലയാളി ഏറ്റവും ചെറിയ രീതിയിലെങ്കിലും ഓണം ആഘോഷിച്ചിരിക്കും.
ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലയാളത്തിന് സമ്മാനിച്ചതാണ് ഓണം. കാലാകാലങ്ങളായി പാടിപ്പതിഞ്ഞ ഇവ വാമൊഴിയായി തലമുറകൾ പങ്കിട്ടെടുക്കുകയാണ്. ഓണത്തിന്റെ ഐതിഹ്യം വിളിച്ചോതുന്ന ഒരു ഓണപ്പാട്ട്.
“മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല.”
ഏവർക്കും ഓണാശംസകൾ
അഖിൽ പുതുശ്ശേരി
1995 ഏപ്രിൽ 15-ന് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ പുതുശ്ശേരിയെന്ന ഗ്രാമത്തിൽ ജനിച്ചു .
അച്ഛൻ മുരളീധരൻ നായർ ,അമ്മ കൃഷ്ണകുമാരി . ബാല്യകാലം മുതൽ കവിത എഴുതിത്തുടങ്ങി ,മൂന്ന് കാവ്യസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് . എഴുത്തച്ഛൻ ഫെല്ലോഷിപ്പ് പുരസ്‌കാരത്തിനർഹനായി . 2010-ൽ isro യിൽ പ്രബന്ധം അവതരിപ്പിക്കാൻ വിദ്യാലയത്തെ പ്രതിനിധീകരിച്ചു . നിലവിൽ CSIR-NIIST ൽ അസിസ്റ്റന്റ് ആയി സേവനമനുഷ്ടിക്കുന്നു. കലാകൗമുദി, എഴുത്തോല, മലയാള മനോരമ, കവിമൊഴി, സമകാലിക മലയാളം തുടങ്ങിയ സമകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു ഓൾ ഇന്ത്യ റേഡിയോയുടെ റേഡിയോ മലയാളത്തിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്.
പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:
നിഴൽക്കുപ്പായം
മാമ്പൂവ്
സ്വപ്നംകൊണ്ടെഴുതിയ ഒസ്യത്ത്
ജേക്കബ് പ്ലാക്കൻ
മധുവല്ല ഞാൻ മധു പകരുവാൻ
മധുമൊഴിയുമില്ലെന്നിൽ ഇമ്പമേകി നിങ്ങളെ രസിപ്പിക്കുവാൻ …
ഈണമുള്ളൊരു പാട്ടുമല്ലാ ഈറ തണ്ടിലെഴുകും കാറ്റിന്റെ രാഗവുമല്ലെൻ ജീവിതം …!
പാറ്റുന്ന കാറ്റിൽ പറക്കുന്ന പതിരായിരുന്നു ഞാൻ
മുറ്റും വേദനയോടെ മുറം വിട്ടൊഴിഞ്ഞൊരു കേവലം പതിര് …
വിധുവേകിയവിധിയാൽ
പതിരായി പിറന്നു .പിന്നെ …
വഴികളിൽ വഴികാണാതെ വഴിതേടിയലഞ്ഞൂ …!
നോക്കുകളിൽ കുന്തമുനചാർത്തി കുത്തുന്നുവെൻ കരളിൽ …!
നിങ്ങൾ ….വാക്കുകളിൽ വെറുപ്പിന്റെ വിഷപ്പല്ലാഴ്ത്തി കൊത്തുന്നുവെന്നെ തെരുവിൽ …!
അരവയർ നിറക്കാൻ വഴിയില്ലാതെ അരയാൽ തണലത്തിരുന്നു …
ആശകളെല്ലാം വെറും പശിമാത്രമായിരുന്നു …
ബോധി വൃക്ഷമോതും ബോധോദയങ്ങളെല്ലാംമെനിക്ക് വെറും വിശപ്പിന്റെ അപ്പങ്ങളയിരുന്നു …!
ഊട്ടുപുരകളിൽ …നക്ഷത്ര കലവറകളിൽ വിരുന്നുണ്ട് തിമർത്തവർ ഊണിന്റെയാലസ്യം തീർക്കാൻ
ശ്ലോകങ്ങളുമായി
ആൽത്തറതണലത്തു വന്നു …!
ആട്ടിയോടിച്ചുവിശപ്പറിയാത്തവരെന്നെ ആഢ്യത്വത്തിന്റെ ചാട്ടവാർ വീശി …!
അന്നാബോധിവൃക്ഷവും ബോധരഹിതമായി ആരെയോ തണലൂട്ടി സ്തംഭിച്ചു നിന്നു …!അന്നുംമാ മരചില്ലകൾ വീണ്ടും വരരുചിക്കെന്നപോൽ “മാം വിധി “മന്ത്രം ചൊല്ലി …!
വിശപ്പകറ്റാൻ അപ്പമില്ലാത്തവൻ..
ശിശിരത്തെ ശരീരത്തിൽ പോറ്റിയവൻ …!
തലചായിക്കുവാനൊരു കൂരയില്ലാത്തവൻ ..അന്നവൻ..
അലമാരയിൽ നിന്നൊരു അപ്പം മോഷ്ടിച്ചുവെത്രെ …!
പട്ടിണിയില്ലാത്തൊരു നാട്ടിൽ പട്ടിണി കിടന്നീ നാട്ടുകൂട്ടത്തെ നാണം കെടുത്തിപോലും …!
കാട്ടുതീ പോലെ പരന്നാ നാട്ടിലെ പട്ടാപകലിലെ കവർച്ച …!
നാട്ടുക്കൂട്ടം കൂടി കെട്ടി യെന്നെ
തെരുവിലൊരു മുള്ളുവേങ്ങയിൽ തന്നെ …!
വിശപ്പിന്റെ പ്രേതരൂപമായെന്റെ എല്ലുകൊണ്ടു മുള്ളുംനൊന്തു കരഞ്ഞു …!
പട്ടിണി മാറ്റാനെന്തുവഴിയെന്നവർ ഉണ്ടുമുറുക്കി തുപ്പി തല പുകച്ചു തപ്പുമ്പോൾ …!
പേ പട്ടിയെപോലൊരുവനലറി
“പട്ടിണിക്കാരനെ കൊന്നുകളയുക പിന്നെയാരും പട്ടിണികിടന്നു നമ്മളെ നാണം കെടുത്തില്ലല്ലോ …!”
തൽക്ഷണമൊരു മൂളലാലൊരു വിരൽ നീണ്ടു യെന്റെ നേർക്കതു നാട്ടുപ്രമാണിയുടേതായിരുന്നു ..!
ബോധം നശിച്ചൊരു ബോധിവൃഷമകലെ തീ പന്തമായി കത്തി…ആരെയോ തണലൂട്ടി ചിരിക്കുന്നു …!
വേങ്ങമരമൊരു പട്ടിണിക്കാരുടെ കഴുമരമാകതിരിക്കാൻ ഭൂമിദേവിയോടിന്നും പ്രാർത്ഥിക്കുന്നു ….!
ജേക്കബ് പ്ലാക്കൻ
മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.
Phone # 00447757683814
ഡോ. ഐഷ വി
വൃത്താകൃതിയിലുള്ള മനോഹരമായ ജാലകത്തിന്റെ പോളിഷ് ചെയ്ത ആരക്കാലുകളിൽ തടവി കൊണ്ട് അയാൾ പറഞ്ഞു: ” വീടു പണിതപ്പോൾ ചിലവു കുറയ്ക്കാനായി പഴയതു പലതും പുനരുപയോഗിച്ചു. ഇതൊരു കാളവണ്ടി ചക്രമാണ്.” അപ്പോഴാണ് അതിഥിയും അത് ശ്രദ്ധിച്ചത്. എത്രയോ ഘാതങ്ങൾ ഉരുണ്ടു താണ്ടിയ ചക്രമാണിത്. കാലം കടന്നുപോയപ്പോൾ സാമാന്യം നല്ലൊരു വീടിന്റെ മനോഹരമായ ജാലകമായി മാറാൻ അതിന് ഭാഗ്യം ലഭിച്ചിരിക്കുന്നു. ഇനി ഉരുണ്ടു തേയേണ്ട ഇരുമ്പു പട്ട ബലപ്പെടുത്തേണ്ട . അവസാന കാലത്ത് ഇത്തിരി വിശ്രമം.
ഏതോ പറമ്പിലെ മര ഉരുപ്പടി , ഏതോ മരപ്പണിക്കാരന്റെ കരവിരുതിൽ വൃത്താകൃതിയിൽ കൊത്തിയെടുത്ത് ആരക്കാലുകൾ വച്ചുപിടിപ്പിച്ച് അച്ചു ദണ്ഡ് വച്ച് ഗ്രീസിട്ട് വണ്ടിയുടെ എല്ലാ ഭാരവും താങ്ങുന്ന ചക്രമായൊരു രൂപാന്തരം . കൊല്ലന്റെ ആലയിൽ ഉരുക്കിയെടുത്ത ഇരുമ്പ് പട്ട കൂടിയായപ്പോൾ ബലം കൂടി. ഇനി ഏത് ദൂരവും ഭയമില്ലാതെ പിന്നിടാം. സാധനങ്ങൾ കയറ്റാനുള്ള ചട്ടക്കൂടോ ആളുകൾക്കിരിയ്ക്കാനുള്ള “റ” ആകൃതിയിലുള്ള പനമ്പ് മേൽ കൂരയോ വണ്ടിയിലുണ്ടാകും. വണ്ടിയുടെ തണ്ടിൽ ചാട്ടവാറുമായി വണ്ടിക്കാരനും ഭാരം വലിക്കാൻ രണ്ട് കാളകളും . അതിഥിയുടെ ഓർമ്മകൾ പിന്നോട്ടു പോയി. ആതിഥേയൻ അടുത്ത അതിഥിയെ സ്വീകരിക്കാൻ മുന്നോട്ടും.
തന്റെ ഗ്രാമത്തിൽ രണ്ടോ മൂന്നോ ഭവനങ്ങളിൽ മാത്രമേ 1970-80 കളിൽ കാളവണ്ടികൾ ഉണ്ടായിരുന്നുള്ളൂ. പിൽക്കാലത്തെ മാരുതി കാറിന്റേയോ മിനിലോറിയുടേയോ ഉപയോഗമായിരുന്നു കാളവണ്ടികൾക്ക്. റോഡുള്ളിടത്തൊക്കെ സാധനങ്ങൾ കയറ്റാനും ഇറക്കാനും പറമ്പുകളിൽ വിളവെടുത്ത തേങ്ങ, മാങ്ങ, നെല്ല്, വാഴ ക്കുലകൾ, തടികൾ എന്നിവ എത്തിക്കേണ്ടിടത്ത് എത്തിക്കാനും കയറ്റാനും ഇറക്കാനും കാളവണ്ടി തന്നെ ആശ്രയം. രാത്രി യാത്രയിൽ ഒരു റാന്തലും വണ്ടിയിൽ തൂങ്ങിക്കിടക്കും. അതിഥിയുടെ അച്ഛൻ ട്രാൻസ്ഫറായി വന്നപ്പോൾ പരവൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച തയ്യൽ മെഷീൻ, കട്ടിൽ, മേശ എന്നിവ വീട്ടിലെത്തിച്ചത് തെക്കേ പൊയ്കയിൽ ധർമ്മൻ എന്നയാളുടെ കാളവണ്ടിയിലാണ്.
ഒരു വീട്ടുകാരെ അവർ കാളവണ്ടി ഒഴിവാക്കിയ കാലത്തും വണ്ടിക്കാർ എന്ന് വിളിച്ച് പോന്നു. എവിടെ നിന്നെങ്കിലും കുറച്ച് വൈക്കോലും തീറ്റയും വെള്ളവും കിട്ടിയാൽ കാളകൾ ഊർജ്ജ്വസ്വലരാകും. ഇന്ന് ഗ്രാമത്തിലെ കാളവണ്ടികൾ അപ്രത്യക്ഷമായിട്ട് കാലമേറെയായി. ചക്രത്തിന് ഇങ്ങനെയൊരു പുനരുപയോഗം നല്ലതു തന്നെ. ആതിഥേയന്റെ വീട്ടിലെ കലാവിരുതു കണ്ടിറങ്ങുമ്പോൾ അതിഥിയങ്ങനെ ചിന്തിച്ചു.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.