literature

ഡോ. ഐഷ വി

വൈകി വന്ന പാസഞ്ചറിൽ വൈകുന്നേരം ഹരിപ്പാട് റയിൽവേ സ്റ്റേഷനിൽ നിന്നും കയറുമ്പോൾ കംപാർട്ട്മെന്റിൽ ആരുമില്ലെന്നൊരു തോന്നൽ. അപ്പോൾ ചുരിദാറിട്ട സുന്ദരിയായ ഒരു സ്ത്രീ ഓടി വന്ന് ആ കംപാർട്ട്മെന്റിൽ കയറി. ഞാനിരുന്ന ബർത്തിന്റെ എതിർ വശത്തെ ബർത്തിൽ അവരിരുന്നു. ഞാനൊന്ന് കിടന്നു. അവർ ഇരുന്നു കൊണ്ടൊന്ന് മയങ്ങാൻ തുടങ്ങി. ട്രെയിൻ കായംകുളം എത്തിയപ്പോൾ ഒരു ട്രാക്കിലൊതുക്കി. പല അതിവേഗ തീവണ്ടികളും കടന്നുപോയി. എന്തായാലും ട്രെയിൻ വൈകുമെന്നുറപ്പായി. എന്റെ എതിർ വശത്തിരുന്ന സ്ത്രീയോട് എവിടെയിറങ്ങാനാണെന്ന് ഞാൻ കുശലം ചോദിച്ചു. ‘കൊല്ലം’ എന്ന് അവർ മറുപടി നൽകി. “എവിടെ ജോലി ചെയ്യുന്നു ? ” എന്ന ചോദ്യത്തിന് ” എനിക്ക് ജോലിയൊന്നുമില്ല. അഞ്ച് മക്കളെ വളർത്തുകയാണ് ജോലി ” എന്നവർ മറുപടി നൽകിയപ്പോൾ എന്റെ കൗതുകം വർദ്ധിച്ചു.

മിക്കവാറും എല്ലാ വീടുകളിലുമിപ്പോൾ ഒന്നോ രണ്ടോ കുട്ടികൾ മാത്രമുള്ളപ്പോൾ അഞ്ച് കുട്ടികൾ എന്നത് കൗതുകം തന്നെ. ഞാൻ എഴുന്നേറ്റിരുന്നു. “വീട് കൊല്ലത്താണോ ” എന്ന് ഞാൻ ചോദിച്ചു. ” അല്ല . കൊല്ലത്തൊരുമകൾ പഠിക്കുന്നു. മോളെ കാണാൻ പോവുകയാണ്”. വീട് ഹരിപ്പാട് എരിക്കകത്താണ്.” ” മോളെവിടെ പഠിക്കുന്നു. ” ട്രാവൻകൂർ മെഡിക്കൽ കോളേജിലാണ്. മോൾക്കൊരു പനി. അതിനാൽ മകളുടെ അടുത്തേയ്ക്ക് പോവുകയാണ്.” മറ്റ് മക്കൾ എന്തു ചെയ്യുന്നു എന്ന ചോദ്യത്തിന് അവർ മറുപടി നൽകി. മൂത്ത പെൺകുട്ടി എം.ഡി കഴിഞ്ഞ ശേഷം ചെന്നൈയിലെ ഒരാശുപത്രിയിൽ ജോലി ചെയ്യുന്നു. രണ്ടാമത്തെയാൾ ബിഡി എസ്സിന് പഠിക്കുന്നു. മൂന്നാമത്തെയാളുടെ അടുത്തേയ്ക്കാണ് പോകുന്നത്. മറ്റ് രണ്ട് പേർ പ്ലസ് ടു കഴിഞ്ഞ ശേഷം മെഡിക്കൽ എൻട്രൻസ് എഴുതാൻ പഠിക്കുന്നു. അവരെ രണ്ടു പേരെയും വീട്ടിലാക്കിയ ശേഷമാണ് ആ ഉമ്മയുടെ വരവ്. ” അവർ രണ്ടു പേരും ഇരട്ടകളാണോ?” എന്ന എന്റെ ചോദ്യത്തിന് ” അല്ല , നാലാമത്തെ കുട്ടിയ്ക്ക് ഒരപകടം പറ്റിയിരുന്നു.” അതിനു ശേഷം ഒരുമിച്ചായതാണ്.

ആ ഉമ്മ അവരുടെ ജീവിത കഥയിലേയ്ക്ക് കടന്നു. അഞ്ചാമത്തെ കുട്ടി കൈകുഞ്ഞായിരുന്നപ്പോൾ ബിസിനസ് നടത്തിയിരുന്ന ഭർത്താവിന് കടബാധ്യതയായി. ബാങ്കുകാർ ജപ്തി നോട്ടീസയച്ചു. പണം തിരിച്ചടയ്ക്കാൻ കഴിയാതിരുന്നതിനാൽ ബാങ്കുകാർ വീട് ജപ്തി ചെയ്യാൻ വന്നു. അപ്പോഴേയ്ക്കും ഭർത്താവ് ഹൃദയ സ്തംഭനം മൂലം മരിച്ചു. മരണം നടന്നത് കൊണ്ട് ജപ്തി നടന്നില്ലെന്നുo, താമസിക്കാൻ മറ്റൊരിടമില്ലാത്തതു കൊണ്ട് അവരിപ്പോഴും ആ വീട്ടിൽ തന്നെ കഴിയുന്നെന്നും കടം ഇതുവരെയും വീട്ടാൻ കഴിഞ്ഞില്ലെന്നും അവർ പറഞ്ഞു. ചില ബന്ധുക്കളും പരിചയക്കാരും കുറച്ചൊക്കെ സഹായിച്ചു. മൂത്ത മകൾ മിടുമിടുക്കിയായി പഠിച്ചപ്പോൾ ആ ഉമ്മയ്ക്ക് സന്തോഷമായി. എൻട്രൻസ് എഴുതിയപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ചു. ഹോസ്റ്റൽ ചിലവുകളും മറ്റും പരുങ്ങലിലാവുമെന്ന് കണ്ടപ്പോൾ ആ ഉമ്മ പത്രക്കാരെ സമീപിച്ചു. മാതൃഭൂമി ലേഖകൻ പത്രത്തിൽ കൊടുക്കാൻ തയ്യാറായി. സ്പോൺസറെ കിട്ടിയാൽ മകളുടെ പഠനം ഉറപ്പാക്കാം എന്ന പ്രതീക്ഷയിലിരിക്കേയാണ് കോട്ടയം മെഡിക്കൽ കോളേജിലെ അലൂമിനി അസോസിയേഷൻ ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ ഹോസ്റ്റൽ ഫീസ് വഹിക്കാൻ തയ്യാറായത്. അത് ആ കുട്ടിയ്ക്ക് ലഭിച്ചു. അങ്ങനെ ഹോസ്റ്റൽ ഫീസിന്റെ കാര്യത്തിൽ ആശ്വാസമായി.

രണ്ടാമത്തെ കുട്ടിക്കും പത്രത്തിൽ കൊടുത്തപ്പോൾ സ്പോൺസറെ കിട്ടി. മൂന്നാമത്തെ കുട്ടിയുടെ കാര്യം വന്നപ്പോൾ പത്രക്കാർ കൈയൊഴിഞ്ഞു. ഇനി ബാങ്ക് ലോൺ വല്ലതും എടുക്കാൻ നോക്കുക എന്നായിരുന്നു ഉപദേശം. മൂത്ത മകൾ എം.ബി.ബി.എസ് പൂർത്തിയാക്കി കഴിഞ്ഞപ്പോൾ എം.ഡിഅഡ്മിഷനുമായി ബന്ധപ്പെട്ട് ഡൽഹിയ്ക്ക് പോകേണ്ടി വന്നു. കുടുംബം മുഴുവനും ട്രെയിനിൽ രാജ്യ തലസ്ഥാനത്തേയ്ക്ക് യാത്രയായി. ഉച്ചഭക്ഷണം കഴിച്ച് കൈ കഴുകാൻ വാഷ് ബേസിനടുത്തേയ്ക്ക് പോയ നാലാമത്തെ കുട്ടി തിരികെ വന്നില്ല. ഏറെ നേരമായിട്ടും കുട്ടിയെ കാണാഞ്ഞപ്പോൾ അവർ ട്രെയിൻ മുഴുവനും തിരഞ്ഞു. ജീവിത കഥ ഇത്രയുമായപ്പോൾ ഞാനാ ഉമ്മയോട് ചോദിച്ചു: കുട്ടിയുടെ പേര് സുൽഫിക്കർ എന്നാണോയെന്ന്. മലയാള മനോരമ പത്രത്തിന്റെ ഞായറാഴ്ച പതിപ്പിൽ ഈ കുടുംബത്തിന്റെ ഫീച്ചർ വന്നത് എന്റെ ഓർമ്മയിലുണ്ടായിരുന്നു. പത്രത്തിൽ വായിച്ച കുടുംബത്തെ നയിച്ച ഉമ്മയാണ് എന്റെ മുമ്പിലിരിയ്ക്കുന്നത് എന്ന കാര്യം എന്നെ അതിശയിപ്പിച്ചു.

ഡൽഹിയിൽ എത്തുന്നതു വരെ പല സ്റ്റേഷനിലും അനൗൺസ്മെന്റ് നടത്തിച്ചു. ടെയിൻ മുഴുവൻ അരിച്ചു പെറുക്കി . പലരേയും ഫോണിൽ വിളിച്ചു. കേന്ദ്ര മന്ത്രിമാരെ കണ്ട് കാര്യം ഉണർത്തിച്ചു. അവരുടെ ഇടപെടലോടെ രാജ്യം മുഴുവൻ ടെലിവിഷൻ ചാനലുകളിൽ വാർത്ത വന്നു. മൂന്നാം ദിവസം ആന്ധാപ്രദേശിലെ കുപ്പം റയിൽവേ സ്റ്റേഷനടുത്തുള്ള ചെറിയ ആശുപത്രിയിൽ അപകടം പറ്റി ഒരു കുട്ടി കിടപ്പുണ്ടെന്ന വിവരം ലഭിച്ചു. കുടുംബം അവിടെയെത്തി. അവർ ചെല്ലുന്നതു വരെയും കുട്ടിക്ക് യാതൊരു ചികിത്സയും ലഭിച്ചിരുന്നില്ല. ഡോക്ടർ കുട്ടി മരിച്ചു എന്ന് കരുതി ജഡം മോർച്ചറിയിലേയ്ക്ക് മാറ്റിയതാണ്. മോർച്ചറിയിലെ അറ്റന്റർക്ക് കുട്ടിക്ക് ജീവൻ പോയിട്ടില്ല എന്ന് തോന്നിയതിനാൽ ഇടയ്ക്കിടെ വായിൽ അല്പാല്പം വെള്ളം ഒഴിച്ചു കൊടുത്തു കൊണ്ടിരുന്നു. ട്രെയിനിൽ കൈകഴുകുന്നതിനിടയിൽ ജെർക്കിൽ കുട്ടി ട്രെയിനിൽ നിന്നും തെറിച്ചു പുറത്തേയ്ക്ക് വീണതായിരുന്നു. വീൽ കയറിയിറങ്ങി തലയുടെ ഒരു വശത്ത് പറ്റിയ പരിക്ക് ഗുരുതരമായിരുന്നു.

കുടുംബം ആശുപത്രിയിലെത്തിയപ്പോൾ മെഡിക്കൽ വിദ്യാർത്ഥികളായ മൂത്ത മക്കൾക്ക് കുട്ടി മരിച്ചിട്ടില്ലെന്ന് മനസ്സിലായി. വേഗം ആംബുലൻസ് വിളിച്ച് അവർ ഹൈദരാബാദിലെ സൗകര്യങ്ങളുള്ള ആശുപത്രിയിൽ കുട്ടിയെ എത്തിച്ചു. ഡോക്ടർമാർ പരിശോധിച്ചപ്പോൾ ഒരു കൈയ്യും ഒരു കാലും ചലനമറ്റ നിലയിലും മുറിവുകൾ പുഴുവരിച്ച നിലയിലുമാണെന്ന് മനസ്സിലായി. പോരാത്തതിന് തലയിലെ ഗുരുതര പരിക്കും. ഒരു കാലും ഒരു കൈയ്യും മുറിയ് ക്കേണ്ടി വരുമെന്ന് ഡോക്ടർമാർ വിധിയെഴുതി. ഉമ്മ സമ്മതിച്ചില്ല. ഷർട്ടോ പാൻ്‌സോ ഇടുമ്പോൾ ഒരു കൈയ്യും ഒരു കാലും കയറ്റാൻ എന്തെങ്കിലും ഒരവയവം അവിടെ വേണ്ടേ അതിനാൽ അതവിടെയിരിയ്ക്കട്ടെ എന്ന് ഉമ്മ തറപ്പിച്ചു പറഞ്ഞു. ഡോക്ടർമാർ മറുത്തൊന്നും പറഞ്ഞില്ല. അവരാലാവും വിധം അവർ ചികിത്സിച്ചു.

ചികിത്സാ ചിലവുകൾ ആ കുടുംബത്തിന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. പിന്നെ സുമനസ്സുകളുടെ സഹായത്തോടെ അവർ കോഴിക്കോട് മിംസിലെത്തി. അവിടത്തെ ചികിത്സ സൗജന്യമായിരുന്നു. എന്നിട്ടും കൈകാലുകളുടെ ചലന ശേഷി തിരികെ കിട്ടിയിരുന്നില്ല. ചെങ്ങന്നൂരിലെ ഒരു ഫിസിയോ തെറാപിസ്റ്റ് സൗജന്യ ചികിത്സ നൽകാമെന്നേറ്റു. അവർ അങ്ങോട്ട് തിരിച്ചു. ഡോക്ടർ പറഞ്ഞ പ്രകാരം 24 മണിക്കൂറും കുടുംബാംഗങ്ങൾ മാറി മാറി കുട്ടിയ്‌ക്ക് ഫിസിയോ തെറാപ്പി ചെയ്തു. കുറേ നാളുകൾക്കു ശേഷം ഈ ചികിത്സ ഫലം കണ്ടു. കുട്ടി നടക്കാൻ തുടങ്ങി. ഞാൻ ഉമ്മയെ കാണുന്ന സമയത്ത് കുട്ടി പ്ലസ് 2 പാസായിരുന്നു. ഉമ്മ കുട്ടിയ്ക്ക് അപകടം പറ്റിയ ശേഷമുള്ള പല ഫോട്ടോകളും എനിക്ക് കാട്ടിത്തന്നു.

കഷ്ടിച്ച് ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രം ലഭിച്ച അമ്മയാണ് അനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്നുപോവുകയും പ്രതിസന്ധികളെ അതിജീവിക്കുകയും മക്കളെ നന്നായി നോക്കുകയും ചെയ്യുന്നതെന്നറിഞ്ഞപ്പോൾ എനിക്കതിശയമായി. ഉമ്മ പറഞ്ഞതു പോലെ ശരിക്കും അതൊരു ജോലി തന്നെയാണ്. ഹൈസ്കൂളിലെത്തിയപ്പോഴേയ്ക്കും ശാരീരിക വളർച്ചയുള്ളതിനാൽ മാതാപിതാക്കൾ മകളെ വേഗം വിവാഹം കഴിച്ചയച്ചു. കട ബാധ്യതയും ഭർത്താവിന്റെ മരണവും കൂടിയായപ്പോൾ ഇരു വീട്ടുകാരും ഏതാണ്ട് കൈയൊഴിഞ്ഞു. പിന്നെ ജയിക്കാനുള്ള വാശിയും പ്രയത്നവും മാത്രം ബാക്കി. ഇന്ന് എല്ലാം ഏതാണ്ട് കരയ്ക്കടുത്തു വരുന്നു. സുൾഫിക്കറിനെ സ്പോൺസർ ചെയ്യാൻ ആൾക്കാരുണ്ട്. ഉമ്മയുടെ ആഗ്രഹം പോലെ എല്ലാം നടക്കട്ടെയെന്ന് ഞാൻ മനസ്സാ ആഗ്രഹിച്ചു. വണ്ടി കൊല്ലം സ്റ്റേഷനിലെത്തിയപ്പോൾ ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ജോഷി മാത്യൂസ്‌ , നോര്‍ത്താപ്റ്റെൻ

എസ് എസ് എല്‍ സിയ്ക്ക് പാസാകുമെന്ന പ്രതീഷ ഉണ്ടായിരിന്നില്ല . പക്ഷെ റിസള്‍ട്ട്‌ വന്നപ്പോള്‍ സെക്കന്റ്‌ ക്ലാസ്സ്‌ !!. തീരെ പ്രതീഷിച്ചില്ല . എന്തായാലും കൈപ്പത്തിയിലും ചെരുപ്പേലും കുറിപ്പെഴുതി അല്‍പ്പം കോപ്പി അടിച്ചത് കാരണം ആയിരിക്കാം. റിസള്‍ട്ട്‌ അറിഞ്ഞു വീട്ടിലെത്തിയപ്പോള്‍ അമ്മ അടുക്കള മുറ്റത്തിരുന്നു കപ്പ നുറുക്കുകയായിരുന്നു. വാര്‍ത്ത ചുടോടെ വിളമ്പി . അമ്മയ്ക്ക് സന്തോഷായി . എന്താ പരിപാടി ??. അതുവരെ ഭാവി പരിപാടിയെക്കുറിച്ച് ഒന്നും ആലോചിക്കാതെ ഇരുന്ന ഞാന്‍ ഉത്തരം മുട്ടി . എന്തെങ്കിലും ചെയ്യണം എന്ന് പറഞ്ഞു തടി തപ്പി .

പലരും ഞാന്‍ ഇനി എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് അഭിപ്പ്രായങ്ങള്‍ പറഞ്ഞു. വല്യപ്പച്ചന്‍ പറഞ്ഞു പോലിസാകാന്‍. വല്യപ്പന്‍പറഞ്ഞു തൂമ്പയെടുക്കാന്‍. അങ്ങനെ പല അഭിപ്രായങ്ങള്‍. അമ്മ തന്ന അഭിപ്രായം കൊള്ളാമെന്നു തോന്നി . സെമിനാരിയില്‍ പോകുക . ആ സമയത്ത് എസ്.എസ് .എല്‍‍.സി കഴിഞ്ഞവരുടെ ഒരു ഫാഷനായിരുന്നു സെമിനാരിയില്‍ പോക്ക്. ഞാന്‍ വിചാരിച്ചപ്പോള്‍ അതുചിതം ആണെന്ന് തോന്നി. കാരണം പപ്പായുടെ സാമ്പത്തികം പൂജ്യം . പുള്ളിക്കാരന്‍ അതിനെപ്പറ്റി അതുവരെ ചിന്തിച്ചു കാണില്ല . അല്പം കള്ളുകുടി കൂടി ഉണ്ടായിരിന്നത് കൊണ്ട് ബാക്കിയിരിപ്പ് ഒന്നും ഉണ്ടായിരുന്നില്ല . പപ്പാ നന്നായി അധ്വാനിക്കുമായിരുന്നു പക്ഷെ അതിന്‍റെ ഫലം വല്ലവരും കൊണ്ടുപോകും.

എന്തായാലും സെമിനാരി തന്നെ രക്ഷ . അതിനൊരു ചെറിയ ടെസ്ട്ടുണ്ട്ട്ട് . അതിനുവേണ്ടി ദിവസം നിശ്ചയിച്ചു. അതിനായി വന്ന വൈദീകന്റെ മുൻപില്‍ ഒരു ചെറിയ വിറയലോടെ ഇരുന്നു. പേരും വിവരങ്ങളൊക്കെ അറിഞ്ഞ ശേഷം ചോദിച്ചു ഇഷ്ടമുള്ള നിറം ???. ഞാന് ‍ഒന്ന് ചിന്തിച്ചു. പെട്ടന്നു മനസിലേക്ക് വന്നു , വെളുപ്പ്‌ !! കാരണം വെളുപ്പ്‌ പരുശുദ്ധിയുടെ നിറം. തട്ടി . പാസ്‌ !!!

സ്വന്തമായി ഉണ്ടായിരുന്നതെല്ലാം പായ്ക്ക് ചെയ്തു .പോകാന്‍ ‍ റെഡി . അമ്മാവന്‍ ദുബായിൽ നിന്നു കൊണ്ട് വന്ന നല്ല മണമുള്ള ഒരു ഉടുപ്പും എടുത്തു .എല്ലാവരോടും യാത്ര പറഞ്ഞു. യാത്ര പറഞ്ഞ പ്രായം കൂടിയവര്‍ക്കെല്ലാം ഒത്തിരി സന്തോഷം.അവരുടെ പാപങ്ങള്‍ നേരിട്ട് ദൈവ സന്നിധിയില്‍ എത്തിച്ചു പാപപരിഹാരം നേടാന്‍ അച്ചനാകാന്‍ ‍ പോകുന്ന എനിക്ക് അവര്‍ ചില്ലറ കൈനീട്ടം തന്നു. ഒരുതരം കൈക്കൂലി !!.ഏതെങ്കിലും ഒരു അച്ചനാവും എന്നെല്ലാവര്‍ക്കും ഉറപ്പു നല്‍കി വണ്ടി കയറി.

ആകെ ഒരു വിറയല്‍ . ആദ്യം ആയിട്ടാണ് വീട്ടിന്നു അകന്നു നില്‍ക്കുന്നത് . തിരുവനന്തപുരം ആണ് സ്ഥലം . ഒത്തിരി നിലകളുള്ള സെമിനാരി . മൂന്ന് വര്‍ഷങ്ങള്‍ ആണ് അവിടെ . സീനിയേഴ്സ് ഞങ്ങളെ എല്ലയിടവും പരിചയപ്പെടുത്തി . മൂന്ന് നേരവും സമയത്ത് ഭക്ഷണം . അതേതായാലും എനിക്കിഷ്ടപ്പെട്ടു . ഇതുവരെ കഴിക്കാത്ത ഭക്ഷണങ്ങള്‍ !! ആദ്യ ദിവസങ്ങളില്‍ നല്ല പോളിങ്ങായിരുന്നു.പ്രാര്‍ത്ഥനയും പഠിത്തവും കളിയുമായി ദിവസങ്ങള്‍ . മെല്ലെ വീടും പപ്പയെയും അമ്മയെയും ഒക്കെ മിസ്സാകാന്‍ തുടങ്ങി .അടുക്കും ചിട്ടയും ഇല്ലാതിരുന്ന ജീവിതത്തിന്‍ പെട്ടെന്ന് അതല്ലാം വന്നപ്പോള്‍ ആകെ ഒരു ശ്വാസം മുട്ടല്‍ . വീട്ടില്‍ കയറാത്ത മരങ്ങളും എടുക്കാത്ത പക്ഷി കൂടുകളും ഇല്ലായിരുന്നു . ചാടാത്ത തോടുകളും വായിക്കാത്ത പൈങ്കിളി വീക്കലികളും ഇല്ലായിരുന്നു. കശുമാവിന്‍റെ പൂക്കള്‍ കടുത്ത വേനലില്‍ ഉണങ്ങിയപ്പോള്‍ അത് പേപ്പറില്‍ തെറുക്കി പുകവലിക്കാന്‍ ശ്രമിച്ചത് അന്നത്തെ എന്‍റെ വലിയൊരു കണ്ടുപിടുത്തമായിരുന്നു. അതിന്റെ തരിപ്പ് ഇപ്പോഴും മാറിയിട്ടില്ല . അടുത്ത അമ്പലത്തിലെ ഉത്സവം അടിപൊളിയയിട്ടാണ് നടത്തുന്നത് . അതിനു പോക്കറ്റ് മണി ഇല്ല .പപ്പാ കാണാതെ കുറച്ചു ഉണങ്ങിയ കുരുമുളക് അടിച്ചു മാറ്റി വിറ്റു. പക്ഷെ പിടിക്കപ്പെട്ടു . പപ്പയുടെ മുൻപില്‍ മുട്ടുകുത്തി നിര്‍ത്തി അമ്മ വിധി വാചകം ചൊല്ലി മാപ്പ് പറയിപ്പിച്ചു. സങ്കടം സഹിച്ചില്ല . കിണറ്റില്‍ ചാടാന്‍ തീരുമാനിച്ചു . പറമ്പില്‍ ഒരു പൊട്ട കിണറുണ്ട്. ആരും കാണാതെ അതിന്‍റെ വക്കില്‍ നിന്ന് കിണറ്റിലേക്ക് നോക്കി . കിണര്‍ നിറഞ്ഞു വെള്ളം . നിറയെ തേങ്ങയുടെ വലിപ്പമുള്ള പച്ച തവളകള്‍ . പേടിച്ച് ആ ശ്രമം ഉപേഷിച്ചു. വീട്ടില്‍ നല്ല പിള്ളയാവാന്‍ കുറെ ശ്രമിച്ചു . പക്ഷെ കഴിഞ്ഞില്ല . കശുവണ്ടി സീസണായാല്‍ പഴയ തകര പാത്രത്തില്‍ വറക്കും. ഒരിക്കല്‍ അതിന്‍റെ ചെന തെറിച്ചു മുഖം വസൂരി വന്നപോലെയായി .അമ്മ വടിയും ആയി പുറകെ .

ഞാന്‍ റബ്ബര്‍ മരത്തിന്‍റെ മണ്ടയ്ക്ക് കയറി . ഇനി അടിക്കില്ല എന്ന വാക്കില്‍ താഴെ ഇറങ്ങി . അമ്മ വാക്ക് തെറ്റിച്ചു പൊതിരെ കിട്ടി . അമ്മ അടിക്കുന്നത് ചെറിയ വണ്ണം കുറഞ്ഞ വടി കൊണ്ട് . പുളച്ചിൽ അല്പം കൂടും . പപ്പാ അങ്ങനെയല്ല കൈയ്യില്‍ കിട്ടുന്നത് കൊണ്ടടിക്കും .അത് ചിലപ്പോള്‍ കപ്പക്കോല്‍, തെങ്ങിന്‍റെ മടല്‍ ചിലപ്പോള്‍ ഒന്നും കിട്ടിയില്ലെങ്കില്‍ കൈവച്ചടിക്കും . പപ്പയുടെ കൈ മരത്തടിയുടെ ഗുണം ചെയ്യും . കൃഷിപണിയെടുത്തു നല്ല കട്ടി . അതിന്‍റെ പാട് അഞ്ചു വിരലുകളുടെ രൂപത്തില്‍ പുറത്ത് ഉണ്ടാവും ഒരാഴ്ചത്തേക്ക് .

സെമിനാരിയില്‍ ജീവിതം ചിലപ്പോൾ ‍അല്പം ബുദ്ധിമുട്ടായിട്ടു തോന്നും പ്രത്യേകിച്ചു ഈ പ്രായത്തില്‍ . ആഴ്ചയില്‍ ഒരിക്കലേ പുറത്തു പോകാന്‍ പറ്റുകയുള്ളു . അച്ചന്മാരുടെ തുണിയലക്കാന്‍ ഇടയ്ക്കു ഒരു മുസ്ലിം സ്ത്രീയും മകളും വരും .മകള്‍ സുന്ദരിയാണ്‌ കാണാന്‍ . ഞങ്ങളുടെ കണ്ണുകള്‍ ഇടയ്ക്ക് അലക്ക് കല്ലേലും അലക്കുന്നവരിലും ആയിരിക്കും . മരുഭൂമിയില്‍ മഴ പെയ്യും പോലെ ആയിരുന്നു അത്. ഈ പ്രായമല്ലേ എന്ത് ചെയ്യാം . രാവിലെ അഞ്ചു മണിക്ക് എഴുന്നേല്‍ക്കാന്‍ മണിയടിക്കും . മണിയടിക്കുന്നവനെ പിരാകികൊണ്ടെണ്ണീക്കും ഒരുതരത്തില്‍ . പിന്നെ പ്രാര്‍ത്ഥനയും കുര്‍ബാനയും കഴിഞ്ഞു ഭക്ഷണവും കഴിഞ്ഞു അരമണിക്കൂര്‍ മോര്‍ണിംഗ് ഡ്യൂട്ടി . ആ സമയത്ത് ചെറിയൊരു ജനറല്‍ ക്ലീനിംഗ്. ‍ അന്നെനിക്ക് കിട്ടിയ പണി ഞങ്ങള്‍ ഉറങ്ങുന്ന ഹാള്‍ അടിച്ചു വാരുക. മൂന്നു വലിയ ഹാളുകള്‍. ഓരോ ഹാളിലും മത്തിയടുക്കും പോലെയാണ് എല്ലാവരും കിടക്കുന്നത്. ഹാള്‍ അടിച്ചുകൊണ്ടിരിക്കുമ്പോള്‍ ജനലില്‍ തൂങ്ങി കിടക്കുന്ന ഒരു കമ്പി . കര്‍ട്ടന്‍ തൂക്കാന്‍ വേണ്ടി . കര്‍ട്ടന്‍ ഊര്‍ന്നു താഴെ പോയി . നോക്കിയപ്പോള്‍ ആ കമ്പിയുടെ അറ്റം അല്പം വളഞ്ഞിരിക്കുന്നു . പെട്ടെന്ന് എന്‍റെ മനസിലേയ്ക്ക് വന്നത് അപ്പച്ചനും വല്യമ്മച്ചിയും ഉപയോഗിക്കുന്ന ചെവിതോണ്ടിയായിരുന്നു . അവരത് ഉപയോഗിക്കുമ്പോള്‍ അവരുടെ മുഖത്തെ പല ഭാവങ്ങളും എന്നെ രസിപ്പിച്ചിട്ടുണ്ട്. ഞാനും അരകൈ പരീഷിച്ചു അവര്‍ കാണാതെ . ഹാ..ഹാ നല്ല രസം ..പിന്നെ പലപ്പോഴും അത് പ്രയോഗിച്ചിട്ടുണ്ട് . ജനലില്‍ തൂങ്ങി കിടക്കുന്ന ആ കമ്പി കണ്ടപ്പോള്‍ എന്നെ പലപ്രാവിശം രസിപ്പിച്ച ആ ചെവിതോണ്ടിയായി തോന്നി . പിന്നെ ഒന്നും ആലോചിച്ചില്ല അത് പറിച്ചെടുത്തു ഇട്ടു വലതു ചെവിയില്‍ !! ആ കമ്പിക്കു ഏകദേശം ഒരു മുപ്പതു സെന്റീമീറ്റര്‍ നീളം കാണും . കമ്പി ചെവിയില്‍ ഇടാന്‍ എളുപ്പമായിരുന്നു പക്ഷെ സാധനം പുറത്തേക്കു വരുന്നില്ല .ചെവിക്കകത്ത്‌ കുടുങ്ങി . പിന്നെയും ശ്രമിച്ചു നോ രക്ഷ . ആരോടെങ്കിലും പറയാതെ വയ്യ . ആകെ ഒരു ചമ്മല്‍ . അത് പിന്നെ മെല്ലെ ഒരു വിറയലായി . എന്‍റെ കര്‍ത്താവേ പണിയായോ . വീട്ടില്‍ അമ്പും വില്ലും ഉണ്ടാക്കി അര്‍ജുനനായി വിലസിയ കാലം കോഴിയായിരുന്നു ഇര . പാവം കോഴി.. എയ്ത അമ്പ് കഴുത്തേലും തൂക്കിയിട്ടു നടക്കും . ദൈവമേ ആ കോഴിയുടെ എങ്ങാനും പ്രാക്കാണോ. മെല്ലെ ഒളിച്ചും പാത്തും ഒന്ന് രണ്ടു പേരെ വിവരം അറിയിച്ചു . അവരിത് കണ്ടതും പൊട്ടി ചിരിക്കാന്‍ തുടങ്ങി . ഞാന്‍ വേദന കൊണ്ട് പുളയുമ്പോള്‍ അവരുടെ അട്ടഹാസം. തിളച്ചു വന്നു എനിക്ക് . എന്ത് ചെയ്യാം സഹിക്കുകയേ രക്ഷ. അച്ചനെ അറിയിച്ചു ആദ്യം പുള്ളി ഒന്ന് ചിരിച്ചെങ്കിലും കാര്യത്തിന്‍റെ ഗൗരവം മനസിലായി . ഉടനെ വല്യച്ചനെ അറിയിച്ചു പെട്ടെന്നു ആശുപത്രിയില്‍ പോകാന്‍ തീരുമാനമായി .പോകുന്നത് വല്യച്ചന്റെ ബുള്ളറ്റേല്‍. വേദനയിലും സന്തോഷായി. വല്യച്ചന്‍ ബുള്ളറ്റേല്‍ കുടു കുടു വെച്ച് പോകുമ്പോൾ കൊതിയോടെ നോക്കിയിരുന്നിട്ടുണ്ട്. അപ്പോള്‍ വിചാരിച്ചിട്ടുണ്ട് എത്രയും പെട്ടന്നു അച്ചനായിരുന്നെങ്കില്‍ എന്ന്. എല്ലാവരും പലവിധത്തില്‍ ശ്രമിച്ചു കമ്പി പുറത്തെടുക്കാന്‍ . റോക്കിയുടെ സഹായം വരെ തേടി . റോക്കി ..പൂന്തുറ സ്വദേശി . മുക്കുവ കുടുംബത്തില്‍ പെട്ട അവന്‍ മീന്‍ മാത്രം തിന്നു തടിച്ച ഒരു തടിമാടനായിരുന്നു . അവനും ശ്രമിച്ചിട്ട് പറ്റിയില്ല . പിന്നെ എല്ലാവരുടെയും ശ്രമം കമ്പിയുടെ നീളം കുറയ്ക്കാനായിരുന്നു . ആശുപത്രിയിലേക്ക് പോകുന്ന വഴി സൈഡ് കിട്ടണ്ടേ ?? എല്ലാവരുടെയും അമര്‍ത്തിയുള്ള ചിരിയിലും കമ്മന്റുകളിലും എന്‍റെ നെഞ്ച് നീറി . അങ്ങനെ ആശുപത്രിയിലെത്തി . ശ്രീ ചിത്തിര ഹോസ്പിറ്റല്‍ . ഓപ്പറേഷന്‍ തീയേറ്ററില്‍ കിടത്തിയ എന്‍റെ നെഞ്ച് പട പട അടിച്ചു. ഒരുപാടു മെഷിനുകള്‍ എനിക്ക് ചുറ്റും . ദൈവമേ വെറും ഒരു കമ്പി എന്നെ എത്തിച്ച സ്ഥലം !! ചെവി മരവിപ്പിച്ചു …ക്ടിന്‍ ഒരൊച്ച കേട്ട് മെല്ലെ തപ്പി നോക്കി . ഭാഗ്യം കമ്പി പോയി. പുറത്തിറങ്ങി ഒരു കസേരയിലിരുന്നു . സ്വയം ശപിച്ചു . ഏത് സമയത്ത് തോന്നി കര്‍ത്താവേ ഇങ്ങനെയൊക്കെ . വല്യച്ചന്‍ ഒരു ഡോക്ടറിന്റെ കൂടെ എന്‍റെ അരികില്‍ വന്നു. ഡോക്ടറിന്റെ കൈയില്‍ എന്‍റെ ചെവിയില്‍ നിന്നെടുത്ത കമ്പിയും ഉണ്ടായിരുന്നു . ഡോക്ടര്‍ കമ്പി എന്‍റെ നേരെ നീട്ടിയിട്ട് പറഞ്ഞു നാളെ മറ്റേ ചെവിയില്‍ ഇട്ടിട്ടു വാ !!!!. ചമ്മലും സങ്കടവും സഹിക്കാന്‍ പറ്റിയില്ല.

തിരിച്ചു സെമിനാരിയില്‍ എത്തിയ ഞാനൊരു അത്ഭുത വസ്തുവായി . പിന്നെ ഒരു മാസത്തേക്ക് ഇത് തന്നെ ആയിരുന്നു സംസാര വിഷയം . സെമിനാരിയില്‍ എല്ലാവര്‍ക്കും ഓരോ ഇരട്ട പേരുണ്ട് . എനിക്കൊരു ഇരട്ട പേരിനു അധികം തപ്പേണ്ടി വന്നില്ല …”കമ്പി” പിന്നീടുള്ള കാലം എന്‍റെ അപ്പനും അമ്മയും ഇട്ട പേര് എല്ലാവരും മറന്നു . ഞാന്‍ “കമ്പി” ആയി . കൂടെ ഉണ്ടായിരുന്നവര്‍ ചിലര്‍ അച്ചമ്മാരായി ബാക്കിയുള്ളവര്‍ അച്ഛന്മാരായി. ഇപ്പോഴും ഈ കഥ അറിയാവുന്ന എല്ലാവരും ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്ന് വിളിക്കുമ്പോള്‍ “ഡാ കമ്പി” എന്നാ തുടങ്ങാറ് .

യുകെയിലെ തിരക്ക് പിടിച്ച ജീവിതത്തില്‍ എന്‍റെ കമ്പി കഥ എന്നെ പഴയ കാലങ്ങളിലേക്ക് കൊണ്ട് പോകും . എന്തായാലും ജനലില്‍ കമ്പി നിരോധിച്ചു . പാരമ്പര്യത്തെ അല്പം പേടി !!
എന്നാലും ആ കമ്പിയെ മറക്കാന്‍ പറ്റുമോ . എന്നെ “കമ്പി”യാക്കിയ ആ കമ്പിയെ !!!!

ഡോ. ഐഷ വി

പ്രദർശന നഗരി കൊല്ലം എസ് എൻ കോളേജായിരുന്നു . പ്രദർശനത്തെ സംബന്ധിച്ച പത്രവാർത്ത കണ്ടിട്ടാണ് അച്ഛൻ ഞങ്ങളോട് പറഞ്ഞത് നാളെ രാവിലെ എക്സിബിഷന് കൊണ്ടുപോകാം . എല്ലാവരും രാവിലെ എഴുന്നേറ്റ് പോകാൻ തയ്യാറാകണം. ഞങ്ങൾ അതിരാവിലെ തന്നെ കുളിച്ചൊരുങ്ങി. ശ്രീദേവിയപ്പച്ചിയുടെ മകൾ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന മീനാകുമാരിയും ഞങ്ങളോടൊപ്പം വരുന്നുണ്ട്. ആറാം ക്ലാസ്സുകാരിയായ ഞാൻ വേഗം ചെന്ന് നിലവിളക്ക് കത്തിച്ചു . വിളക്കിനടുത്തായി സൂക്ഷിച്ചിരുന്ന ചന്ദനമെടുക്കാൻ കൈ നീട്ടിയതും വിളക്കു തിരിയിൽ നിന്നും ചൂടുള്ള ഒരു തുള്ളി എണ്ണ എന്റെ കൈയ്യിൽ വീണു. ഒരു മഴത്തുള്ളിയുടെ ആകൃതിയിൽ വലതു കൈത്തണ്ട പൊള്ളി. നല്ല നീറ്റൽ . കുറച്ച് പച്ചവെള്ളമൊഴിച്ച് പൊള്ളിയ ഭാഗം കഴുകി. എക്സിബിഷന് പോകാനുള്ള ആവേശത്തിൽ ഞങ്ങൾ യാത്രയായി.

ഉളിയനാടു വരെ നടന്ന് കൊല്ലത്തേയ്ക്കുള്ള ബസ്സിൽ കയറി. അപ്പോൾ പൊള്ളിയ ഭാഗത്തെ നീറ്റൽ സഹിക്കവയ്യാതായപ്പോൾ അമ്മയോട് കാര്യം പറഞ്ഞു. വീട്ടിൽ വച്ച് പറഞ്ഞിരുന്നെങ്കിൽ കോഴി നെയ്യ് തേയ്ക്കാമായിരുന്നെന്ന് അമ്മ മറുപടി നൽകി. അടുക്കളയിൽ വച്ച് സംഭവിക്കുന്ന ചെറിയ പൊള്ളലുകൾക്കൊക്കെ അമ്മയുടെ ഒറ്റമൂലിയായിരുന്നു കോഴി നെയ്യ് . നല്ല നെയ് വച്ച നാടൻ കോഴിയെ കറിവയ്ക്കാനെടുക്കുമ്പോൾ അതിന്റെ നെയ്യുരുക്കി ഒരു കുപ്പിയിൽ സൂക്ഷിയ്ക്കുകയായിരുന്നു അമ്മയുടെ പതിവ്. ഇടയ്ക്കിടെ കൈയ്യിലേക്കൂതിയും കൊച്ചേച്ചി (മീന) യോട് വർത്തമാനം പറഞ്ഞിരുന്നും കൊല്ലം എസ് എൻ കോളേജ് ജങ്ഷനിലെത്തി. എസ് എൻ കോളേജ് കോമ്പൗണ്ടിലുള്ള പ്രദർശന നഗരിയിലേയ്ക്ക് നടക്കുമ്പോൾ അച്ഛൻ പറഞ്ഞു തന്നു. വ്യവസായം കൊണ്ട് സമ്പന്നരാകാൻ ആഹ്വാനം ചെയ്ത ശ്രീനാരയണ ഗുരുവിന്റെ ഒരുത്തമമായ ആശയമായിരുന്നു എക്സിബിഷൻ സംഘടിപ്പിക്കുക എന്നത്.

ആദ്യ കാലത്ത് തിരുവിതാംകൂറിൽ ഈ എക്സിബിഷനുകൾ പുത്തനനുഭവമായിരുന്നു. വാണിജ്യപ്രാധാന്യമുള്ള പുതുമയുള്ള ഒട്ടേറെ ഉത്പന്നങ്ങളെ പരിചയപ്പെടാനും വിപണനത്തിനും ഇത്തരം എക്സിബിഷനുകൾ വേദിയൊരുക്കി. വൈവിധ്യമായിരുന്നു ആ എക്സിബിഷന്റെ മുഖമുദ്ര.1977-78 കാലഘട്ടത്തിൽ നടന്ന എക്സിബിഷനിൽ അന്ന് നാട്ടിൽ സുപരിചിതമല്ലാത്ത ഒട്ടേറെ ഉത്പന്നങ്ങൾ കണ്ടു. മിക്സി, ഗ്രൈന്റർ, ക്ലോസ്ഡ് സർക്യൂട്ട് ടി വി മുതലായവ അവയിൽ ചിലതായിരുന്നു. കറങ്ങുന്ന ദണ്ഡിൽ കുഴച്ച കളിമണ്ണ് വാരി വച്ച് കരവിരുതുകൊണ്ട് മൺകലവും മൺ നിലവിളക്കുമൊക്കെയുണ്ടാക്കുന്ന വിദ്യ കൗതുകകരമായിരുന്നു. കടലവറുത്തത് വറുത്ത ചോളം ചായ, വട , തുടങ്ങിയ ഉത്പന്നങ്ങളും പ്രദർശന നഗരിയിലുണ്ടായിരുന്നു. പാമ്പുകളെ പരിചയപ്പെടുത്തുന്ന വിഭാഗമെത്തി. അതിന്റെ നടത്തിപ്പുകാരൻ ഒരു പെരുമ്പാമ്പിനേയുമെടുത്ത് എന്റെയരികിലെത്തി. പേടിക്കേണ്ട പാമ്പിനെയൊന്ന് തൊട്ടു നോക്കാൻ പറഞ്ഞു. ഞാൻ തൊട്ടു നോക്കി. ആ ശീതരക്ത ജീവിയുടെ ശരീരത്തിന്റെ തണുപ്പ് ആദ്യമായി ഞാനറിഞ്ഞു. എല്ലാം പുതുമയും കൗതുകവും നിറഞ്ഞതായിരുന്നു. മെഡിക്കൽ കോളേജിന്റെ സ്റ്റാളും ഗംഭീരമായിരുന്നു. അമ്മ എല്ലാവർക്കും പൊതിച്ചോർ കൊണ്ടു വന്നത് ഞങ്ങൾ ഒരിടത്തിരുന്നു കഴിച്ചു. പിന്നെയും കാണാനും ബാക്കി . ചിത്രരചന. ഫോട്ടോഗ്രഫി, ചെടികൾ, മുടി വളരാനുള്ള എണ്ണ, വിവിധ തരം പലഹാരങ്ങൾ മുതലായ വിഭാഗങ്ങൾ കണ്ടു കഴിഞ്ഞപ്പോൾ ഞങ്ങൾ തളർന്നു. അങ്ങനെ ഞങ്ങൾ തിരികെ പോന്നു. ദീർഘദർശിയായ ഒരു ഗുരുവര്യൻ തുടങ്ങി വച്ച പ്രദർശനം പിറകേ വന്നവർ നല്ല രീതിയിൽ തുടർന്ന് പോകുന്നതിൽ വളരെ സന്തോഷം തോന്നി. വീട്ടിലെത്തിയപ്പോൾ എന്റെ കൈയ്യിലെ പൊള്ളലിൽ അമ്മ കോഴി നെയ്യ് പുരട്ടിത്തന്നു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ശ്രീകുമാരി അശോകൻ

കാഴ്ച മങ്ങിയ കണ്ണുകളിൽ നിന്നും കണ്ണീരിറ്റിറ്റു വീണു. എന്തേ ഇപ്പോൾ കണ്ണു നനയാൻ? ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്. ഓർത്തപ്പോൾ അതിശയം തോന്നി. ഇന്ന് തന്റെ മനസ്സിൽ എന്തോ ആഘാതം തട്ടിയിട്ടുണ്ട്. അതാ ഇങ്ങനെ. ജീവിതത്തിന്റെ കൊഴിഞ്ഞുപോയ കാലങ്ങളിൽ ഇത്തരം അനുഭവങ്ങൾ തനിക്കുണ്ടായിട്ടുണ്ട്. അത് മനസ്സിലോർത്തിട്ടെന്നവണ്ണം ചുണ്ടിലൊരു പുഞ്ചിരി. ഞാൻ കമല. സ്നേഹത്തോടെ എല്ലാരും കമലൂന്ന്‌ വിളിക്കും.

മക്കളും പേരക്കുട്ടികളുമടങ്ങുന്ന കുടുംബം. അണുകുടുംബങ്ങൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ഞങ്ങൾ വേറിട്ടു നിൽക്കുന്നു. രണ്ടാൺമക്കളും വിവാഹിതരായി. അവർക്കു മക്കളുമായി. പക്ഷെ അണുകുടുംബങ്ങളിലേക്കു അവർ ചേക്കേറിയില്ല. ദിവാകരേട്ടന്റെ തീരുമാനമായിരുന്നു അത്. തങ്ങളുടെ മരണം വരെ മക്കൾ ഒപ്പമുണ്ടാകണമെന്ന് ഒരു മുജ്ജന്മ സുകൃതം പോലെ, അവർ അച്ഛന്റെ വാക്കുകൾ അനുസരിച്ചു. “”മാതാപിതാക്കളെ ധിക്കരിച്ചു നടക്കുന്ന മക്കൾ അധിവസിക്കുന്ന ഈ മണ്ണിൽ ഇങ്ങനെ രണ്ടെണ്ണത്തിനെ കിട്ടിയത് നമ്മുടെ ഭാഗ്യാടി “” ഇടയ്ക്കിടെ ദിവാകരേട്ടൻ ഇതും പറഞ്ഞു അഭിമാനപുളകിതനായി നിൽക്കുന്നത് താൻ കണ്ടിട്ടുണ്ട്.

ഇന്ന് ദിവാകരേട്ടനില്ല.അതിന്റെ ശൂന്യത ഇനിയും മാറിയിട്ടില്ല. ഓർമയുടെ വാതായനങ്ങൾ തുറക്കുമ്പോഴൊക്കെ പുഞ്ചിരി കളിയാടുന്ന ആ മുഖം മനസ്സിലേക്കോടിയെത്തും. ഒരിക്കലും പിരിഞ്ഞിരുന്നിട്ടില്ലാത്ത ഇണപ്രാവുകൾ. എന്നും സ്നേഹമായിരുന്നു പരസ്പരം. ഒരിക്കൽ പോലും പിണങ്ങിയതായി ഓർക്കുന്നില്ല. എന്തെങ്കിലും സൗന്ദര്യ പിണക്കമുണ്ടായാൽ ഞാൻ ഓടിച്ചെന്നു ആ മുടിയിഴകളിൽ തലോടും. വെറുതേ പുറം ചൊറിഞ്ഞു കൊടുക്കും. പിന്നെ മൂക്കിലെയും മുഖത്തെയും കാരകൾ ഞെക്കും. പരസ്പരം ഉരിയാടില്ല. അത് കഴിയുമ്പോഴേക്കും പിണക്കമൊക്കെ പമ്പകടക്കും. അത്രയും ആയുസ്സേയുള്ളൂ ഞങ്ങളുടെ പിണക്കങ്ങൾക്ക്. ചിലപ്പോൾ ഓർക്കുമ്പോൾ ചിരി വരും എന്തൊരു ജന്മങ്ങൾ!

ദിവാകരേട്ടനെക്കുറിച്ച് പറയാൻ നൂറു നാവാണെനിക്ക്. അദ്ദേഹം ഒരു ഭർത്താവ് മാത്രമായിരുന്നില്ല. അച്ഛനായിരുന്നു, സഹോദരനായിരുന്നു, എന്റെ കാരണവരായിരുന്നു. അദ്ദേഹത്തിന്റെ തീരുമാനങ്ങൾ മനസാ -വാചാ -കർമണാ ഞാൻ അനുസരിച്ചു. പക്ഷെ ഒരിക്കലും അദ്ദേഹത്തിന്റെ അടിമയാണെന്ന് തോന്നിയിട്ടില്ല. സ്നേഹംകൊണ്ട് പൊതിഞ്ഞെന്നെ ഒരു കുഞ്ഞിനെപ്പോലെ സംരക്ഷിച്ചു. ചോറ് വാരിത്തന്നു, എന്റെ കുഞ്ഞുകുഞ്ഞു വാശികൾക്ക് കൂടെ നിന്നു. ജീവിത വിജയങ്ങൾ നേടിയെടുക്കാൻ കൂട്ടായി നിന്നു. അതൊക്കെ ഓർക്കുമ്പോൾ അറിയാതെ കണ്ണു നനയും. അതുകാണുമ്പോൾ കൊച്ചുമകൾ ദേവയാനി ഓടിവരും. “അമ്മൂമ്മയെന്തിനാ കരയണേ? വിശക്കുന്നോ? എന്നാലേ ഞാൻ പോയി മിഠായി എടുത്തിട്ട് വരാം അമ്മൂമ്മ കരയല്ലേ ദേവൂന് സങ്കടം വരും ” എന്നുപറഞ്ഞുകൊണ്ട് അവൾ അടുക്കളയിലേക്കോടും. ഫ്രിഡ്ജ് തുറന്ന് കുറെ ചോക്ലേറ്റുകളുമായി വരും. പാവം കുട്ടി! അവൾക്കെന്തറിയാം.

ദേവയാനിക്ക് അമ്മൂമ്മയെ വല്യ ഇഷ്ടാ. അമ്മൂമ്മ പാട്ടുപാടും കഥ പറയും. രസിപ്പിക്കുന്ന കഥകൾ. അഞ്ചുകണ്ണന്റെയും ഊപ്പതട്ടാരുടെയും ഭയപ്പെടുത്തുന്ന കഥകൾ. കഥകൾ കേട്ടാണ് അവൾ ഉറങ്ങാറ്. ദിവാകരേട്ടൻ സൃഷ്‌ടിച്ച ശൂന്യത ഒട്ടെങ്കിലും കുറഞ്ഞത് അവളുടെ വരവോടെയാണ് .

ഉദ്യോഗവും വീട്ടുവേലയും കൂടി ഒരുമിച്ചുകൊണ്ടുപോകാൻ ബുദ്ധിമുട്ടുന്ന കാലത്ത് ഒരു പെൺകുട്ടിയെ പെറേണ്ടതായിരുന്നു എന്നു തോന്നിയിട്ടുണ്ട്. അവരാകുമ്പോൾ എന്തെങ്കിലും ഒരു കൈ സഹായം കിട്ടിയേനെ.. പക്ഷെ രണ്ടാൺകുട്യോളെയല്ലേ പെറ്റത്. പെൺകുട്യോളില്ലാത്തോളൂ പാപിയാ എന്ന പറച്ചിൽ വേറെയും. അന്നൊക്കെ ഒരു പെണ്ണിനെ ആഗ്രഹിച്ചിട്ടുണ്ട്. പ്രസവം നിർത്താനായി ഓപ്പറേഷൻ ടേബിളിൽ കിടക്കുമ്പോൾ ഡോക്ടർ ആവർത്തിച്ചു പറഞ്ഞു. “കമലൂ, രണ്ടാൺകുട്ടികളല്ലേ ഒരു പെണ്ണിനേക്കൂടി പ്രസവിച്ചിട്ടു പോരെ.. ആണായാലെന്തു പെണ്ണായാലെന്തു ഒന്നിന് കൂട്ട് ഒന്നുണ്ട് അതുമതി.” തന്റെ മറുപടി അവരെ തെല്ലൊന്നമ്പരപ്പിച്ചു. ആ ആശുപത്രി വാസത്തിനിടയിൽ ഞാൻ രണ്ടു പെൺമക്കളുടെ അമ്മയായ കാര്യം അധികമാരും അറിഞ്ഞിട്ടുണ്ടാവില്ല. ഒരു നിഗൂഢ രഹസ്യമായി ഞാനെന്റെ മനസ്സിൽ സൂക്ഷിക്കുയായിരുന്നു ഇതുവരെ. ഇപ്പോൾ ദേവൂട്ടിയാണ് അതെല്ലാം ഓർമ്മിപ്പിച്ചത്.
പ്രസവിച്ചതിന്റെ ക്ഷീണവും ഓപ്പറേഷന്റെ വേദനയുമെല്ലാമായി കിടക്കയിൽ കിടന്നു പുളയുകയാണ്. എന്റെ വെപ്രാളം കണ്ടിട്ടാവാം അമ്മ കുഞ്ഞിനെയെടുത്തു മടിയിൽ വച്ചു.

ആരൊക്കെയോ കൊന്നു തിന്നാനുള്ള ദേഷ്യത്തോടെ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒരു പിഞ്ചു കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ. ഞാൻ മെല്ലെ നോക്കി. എന്റെ കുഞ്ഞാണോ കരയുന്നത്. ആശ്വാസമായി. അവൻ അച്ഛമ്മയുടെ മടിയിൽ സുഖനിദ്രയിലാണ്. “”മോളേ ഇത്തിരി പാലുകൊടുക്ക്, ഇതിന്റെ തള്ളയ്ക്കു ബോധം വീണില്ല. കുഞ്ഞ് വിശന്നു കരയുവാ ‘. ഒരു വയസ്സി തള്ള അടുത്തേക്ക് വന്നു. കാഴ്ച മങ്ങിത്തുടങ്ങിയ അവരുടെ കണ്ണുകളിൽ പീളയടിഞ്ഞിരുന്നു. വിറയ്ക്കുന്ന കൈകളിലിരുന്നു കുഞ്ഞ് പിന്നെയും കരയുകയാണ്. എന്നിലെ മാതൃത്വം ഉണർന്നെഴുന്നേറ്റു.”വിശക്കുന്നവനാണ് ആഹാരം കൊടുക്കേണ്ടത് ” എന്ന അമ്മയുടെ വാക്കുകൾ ഓർമ വന്നു. “ഇങ്ങു താ ” തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ വാങ്ങി മാറോടു ചേർത്തു. നെറുകയിൽ ഉമ്മ വച്ചു. ഞാനാണ് അവളെ ആദ്യം ചുംബിച്ചത്. പെറ്റതള്ളയ്ക്കു കിട്ടാത്ത സൗഭാഗ്യം. പിന്നെ നെഞ്ചിലെ ദുഗ്ധം പകർന്നു നൽകി ഒപ്പം വാത്സല്യദുഗ്ധവും. വിശപ്പടങ്ങിയപ്പോൾ കുഞ്ഞ് ഉറക്കമായി. തൊട്ടടുത്ത കട്ടിലിൽ കുഞ്ഞിനെ കിടത്തി. അപ്പോഴാണ് കിടക്കുന്നയാളെ ശ്രദ്ധിച്ചത്. അവർ കണ്ണടച്ച് കിടക്കുകയാണ്. അവരുടെ കാലുകളിലും വിരലുകളിലും ഉണങ്ങിയ ചോരപ്പാടുകൾ കാണാമായിരുന്നു. “ഓമനേടെ കുഞ്ഞാ, പെൺകുഞ്ഞ്. കുഞ്ഞിന് കൊടുക്കാൻ പാലില്ല. ദേ ആ കുട്ടിയാ പാലുകൊടുത്തെ “. തള്ള വിശേഷങ്ങൾ അഴിച്ചുവിട്ടു. പ്രസവിച്ചില്ലെങ്കിലും താനിന്നൊരമ്മയായിരിക്കുന്നു. ഒരു പെൺകുട്ടീടെ അമ്മ. തെല്ല് അഭിമാനം തോന്നി. ആ ലഹരിയിൽ അല്പമൊന്നു മയങ്ങി. ഒരു ആർത്തനാദം കാതുകളിൽ വന്നലച്ചു. എന്താ… മനസ്സിലൊരാന്തൽ. വല്ലവരും മരിച്ചതാണോ? പ്രസവത്തിനിടെ മരിച്ചുപോയ പെണ്ണിനെപ്പറ്റി അമ്മമാർ പറയുന്നത് കേട്ടിരുന്നു. അങ്ങനെ വല്ലതും? ഒരു ചെറുപ്പക്കാരി ഒരു പിഞ്ചു കുഞ്ഞിനേയും എടുത്തുകൊണ്ടു കരയുകയാണ്. കുട്ടിയെ സിസ്സേറിയൻ ചെയ്തെടുത്തതാണ്. അമ്മയ്ക്ക് ബോധം വീഴാൻ സമയമെടുക്കും. കുട്ടിക്ക് ഹാർട്ടിനു എന്തോ തകരാറ്. ഉടനെ എസ് എ ടി യിൽ എത്തിക്കണം. ഒരു ഓപ്പറേഷൻ വേണമത്രേ. വിലയേറിയ ഒരു ഇഞ്ചക്ഷൻ കൊടുത്തുവേണം അവിടെയെത്തിക്കാൻ. വെറുംവയറ്റിൽ മരുന്നുചെയ്യാനാവില്ല. ഇത്തിരി മുലപ്പാൽ കൊടുക്കണം. എല്ലാവരും അമ്പരന്നു നിൽക്കയാണ്. കഠിനമായ വേദനകൾക്കിടയിലും ഞാനവരെ കൈയാട്ടി വിളിച്ചു. കുഞ്ഞിനെ വാങ്ങി മുലകൊടുത്തു. നന്ദിവാക്കു പറഞ്ഞ് സ്ത്രീ കുഞ്ഞുമായി പോയി. പിറ്റേന്ന് രാവിലെ ആരോ പറയുന്നത് കേട്ടു.”ആ കുട്ടി മരിച്ചൂത്രെ, നല്ല ചുന്ദരിക്കുട്ടിയായിരുന്നു. ആയുസ്സില്ലാച്ചാൽ എന്താ ചെയ്ക”ആ വാക്കുകൾ ഒരു ഞെട്ടലോടെയാണ് കേട്ടത്. അതും പെൺകുട്ടി. അവൾക്കും ഞാനമ്മയായി. അങ്ങനെ രണ്ടു പെൺകുട്ടികളുടെ അമ്മയാ ഈ ഞാൻ. ഒരുത്തി സ്വർഗ്ഗത്തിലെ മാലാഖമാരോടൊപ്പം എന്നെ നോക്കി ചിരിക്കുന്നുണ്ടാവും. ഓമനയുടെ മകളോ?. അവൾ വളർന്നു വല്യ പെൺകുട്ടിയായി, വിവാഹമൊക്കെ കഴിഞ്ഞു കുട്ടികളുമൊക്കെയായി.. അവൾ എന്നെ ഓർക്കുമോ? അവളെ ആദ്യമായി പാലൂട്ടിയ ഈ അമ്മയെ…. “അമ്മൂമ്മേ… ഉറങ്ങ്വ? കഥ പറഞ്ഞു താ എനിക്കുറക്കം വരുന്നു”” ദേവു ചിണുങ്ങാൻ തുടങ്ങി.”വാ.. അമ്മൂമ്മേടെ മടിയിലിരുന്നോ. അമ്മൂമ്മ കഥ പറയട്ടെ. ഒരിടത്തൊരിടത്തു ഒരമ്മയുണ്ടായിരുന്നു. രണ്ടു പെൺകുട്ടികളുടെ അമ്മ…. നനഞ്ഞൊഴുകിയ മിഴിനീർ മെല്ലെ തുടച്ചുകൊണ്ട് അവർ കഥ തുടർന്നു….

 ശ്രീകുമാരി അശോകൻ

ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ശ്രീനാരായണ പബ്ലിക് സ്കൂൾ പാവുമ്പയിലെ അധ്യാപിക. നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് അവാർഡും സമന്വയ കാവ്യ പ്രഭാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ഡോ. ഐഷ വി

മരുന്നിന്റെയാവശ്യത്തിനായി പത്മനാഭൻ മേസ്തിരി താന്നിക്ക ഉരലിൽ ഇട്ട് ഇരുമ്പുലക്ക കൊണ്ട് ഇടിച്ച് പൊട്ടിയ്ക്കുമ്പോൾ ഞങ്ങൾ ക്യൂ നിന്നു. താന്നിക്കയുടെ പരിപ്പിന് നല്ല രുചിയാണ്. പത്മനാഭൻ മേസ്തിരിയാണ് ആ രുചി ഞങ്ങൾക്കാദ്യം പഠിപ്പിച്ച് തന്നതും. താന്നിക്ക പൊട്ടിച്ചു കൊണ്ടിരിയ്ക്കുമ്പോൾ പത്മാനാഭൻ മേസ്തിരി ആ കഥ പറഞ്ഞു. അവരുടെ പരിചയത്തിലുള്ള ഒരു കുട്ടി ” ചേര് ” എന്ന വൃക്ഷത്തിന്റെ ഭാഗങ്ങൾ സ്പർശിയ്ക്കാനിടയായി. പിന്നെ കുട്ടിയുടെ ദേഹം ചൊറിഞ്ഞു തടിച്ചു. ചൊറിച്ചിൽ നിൽക്കാതായപ്പോൾ കുട്ടിയുടെ അമ്മൂമ്മയ്ക്ക് കാര്യം മനസ്സിലായി. ചേര് മരത്തിന്റെ ഇലയിലോ മറ്റോ സ്പർശിച്ചതാണ് കാരണമെന്ന്. അമ്മൂമ്മ കുട്ടിയെയും കൂട്ടി താന്നിമരത്തിന്റെ അരികിലെത്തി. എന്നിട്ട് കുട്ടിയോട് പറഞ്ഞു: താന്നിമരത്തിനോട് കൈകൂപ്പി ” ചേരച്ചൻ ചെയ്ത പിഴ താന്നിയച്ചൻ പൊറുക്കണേ” എന്ന് പറയാൻ. കുട്ടിയത് അനുസരിച്ചു. അമ്മൂമ്മ കുറച്ച് താന്നിയില പറിച്ച് ഉള്ളം കൈയ്യിലിട്ട് ഞെരടി ചാറെടുത്ത് കുട്ടിയുടെ ദേഹത്ത് പുരട്ടി കൊടുത്തു. കുട്ടിയക്ക് ആശ്വാസമായി. അങ്ങനെ ചേരച്ചൻ ചെയ്ത പിഴ താന്നിയച്ചൻ പൊറുത്തു.

കഥ തീർന്നപ്പോഴേയ്ക്കും പത്മനാഭൻ മേസ്തിരി കുറച്ച് താന്നിയ്ക്ക കൂടി പൊട്ടിച്ച് മുറത്തിലിട്ടിരുന്നു. ഞങ്ങളത് കൈക്കലാക്കി തിന്നു. ഞങ്ങൾ സ്കൂളിൽ പോകുന്ന ദിവസമാണ് താന്നിക്ക പൊട്ടിയ്ക്കുന്നതെങ്കിൽ ചിലപ്പോൾ ഒരു മുറം നിറയെ പരിപ്പ് കാണും. അത് പാവടയുടെ പോക്കറ്റിലിലും ഉടുപ്പിന്റെ പോക്കറ്റിലുമിട്ട് കളിച്ച് നടക്കുന്നതിനിടയിൽ തിന്നുതീർക്കുന്ന പരിപാടിയും ഞങ്ങൾക്കുണ്ടായിരുന്നു. താന്നി ഒട്ടേറെ ഔഷധ ഗുണമുള്ള വൃക്ഷമാണ് . പരിപ്പിന് പോഷക ഗുണവും. ചേരിൽ സ്പർശിക്കുന്നത് മൂലമുണ്ടാകുന്ന അലർജിയ്ക്ക് താന്നിയിലയാണ് മറുമരുന്നെന്ന് പഴമക്കാർക്ക് അറിയാമായിരുന്നു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ശ്രീകുമാരി അശോകൻ

മഴവന്നു പുൽകിയോ മധുമാസ രാവിൽ
മണിതെന്നലേ നിന്റെ പൂന്തോണിയിൽ
നിറനിലാവൊഴുകേണ്ട ഈ രമ്യ രാവിൽ
ഘനശ്യാമ രാജികൾ വന്നതെന്തേ
തുടികൊട്ടിപ്പെയ്യുന്ന മഴയുടെ സംഗീതം
മനസ്സിലോരോർമയെ കൊണ്ടുവന്നു
പഴയൊരു ബാല്യത്തിൻ നിറമാർന്ന ചിന്തകൾ
പകൽപോലെ ഉള്ളിൽ തെളിഞ്ഞു. ഒരു
പകൽപോലെ ഉള്ളിൽ തെളിഞ്ഞു.
പള്ളിക്കൂടത്തിലെ തോഴരോടൊപ്പം
പലവഴികൾ തേടിയലഞ്ഞ കാലം
കായ്കനികൾ തേടി കാവുകൾ തോറും
കേറിയിറങ്ങി കളിച്ച കാലം.
അമ്മൂമ്മപ്പഴവും കുരുവിക്കയും പിച്ചി
ചാടിരസിച്ചു മദിച്ച കാലം
പുത്തിലഞ്ഞിപ്പൂ പെറുക്കിയെടുത്തിട്ട്
പൊന്മാല കോർക്കുന്ന ബാല്യകാലം
മുള്ളിക്ക, കൊട്ടയ്ക്ക എന്നിവ വിറ്റിട്ടു
മുറിപ്പെൻസിൽ വാങ്ങുന്ന ആ നല്ലകാലം
വട്ടയിലയിൽ പൊതിഞ്ഞുവെക്കുന്നോരാ
ഉപ്പുമാവിന്റെ മണമെത്ര ഹൃദ്യം.
ചൂരൽവടിയുമായ് മുന്നിലേക്കെത്തുന്ന
ഗുരുനാഥന്മാരുടെ ഗംഭീരഭാവം.
കുന്നിമണിയും മഞ്ചാടിയും വാരി
ചെപ്പിലൊളിപ്പിച്ച ബാല്യകാലം
പൈക്കിടാങ്ങൾക്ക് പോച്ചയറുക്കുവാൻ
വയലുകൾ തോറും നടന്നകാലം
പാലപ്പൂ നുള്ളി മാലകൊരുത്തിട്ടു മുല്ലപ്പുപോലെ ചൂടുന്നകാലം
കണ്ണാരംപൊത്തും കുഴിപ്പാറയും കളി –
ച്ചടിപിടി കൂടുന്ന കൂട്ടുകാരും
ദാരിദ്ര്യദുഃഖങ്ങൾ വർധിച്ച വീട്ടിലെ
കറിയില്ലാക്കഞ്ഞിയും ഓർമ വന്നു.
പിഞ്ഞിത്തുടങ്ങിയ ചേലയുടുത്തമ്മ
വിങ്ങിക്കരയുന്നതോർമ വന്നു
ഓണ -വിഷുനാളിൽ അമ്മയൊരുക്കുന്ന
സദ്യവട്ടങ്ങളും തെളിഞ്ഞുവല്ലോ
പുത്തനുടുപ്പുമായ് എൻ മുന്നിലെത്തുന്ന
താതന്റെ മുഖവും തെളിഞ്ഞു വന്നൂ
ഏട്ടന്റെ കൈയ്യുമ്പിടിച്ചു ഞാൻ പോകുമ്പോൾ
എന്താണ് ഗർവ് മനസ്സിൽ!.
വിദ്യാലയത്തിന്റെ മുറ്റത്തു ചെല്ലുമ്പോൾ
എന്തൊരുണർവാണെന്റെയുള്ളിൽ
അദ്ധ്യാപകരോതും പാഠങ്ങളൊക്കെയും
പേടിയോടെന്നും പഠിക്കും
അവരുടെ കരുതലും സ്നേഹവും ഇന്നെന്റെ
ചിന്തയിൽ നനവാർന്നു നിന്നു
സ്നേഹ -ബഹുമാനം നിലനിന്നൊരക്കാലം
ഇന്നെവിടെ പോയി മറഞ്ഞു
ഗുരു -ശിഷ്യ ബന്ധത്തിൻ പവിത്രതയെങ്ങുപോയ്‌
ആത്മബന്ധത്തിന്റെ ബാക്കിപത്രങ്ങളായ്

പുതിയ തലമുറ തേടുന്നനുദിനം
എങ്ങനെ അലസരായ് മേവാം
ഈസിയായ്‌ കാര്യങ്ങൾ ചെയ്യാനെന്തെങ്കിലും
‘ആപ്പ് ‘ഉണ്ടോ എന്നൊന്ന് നോക്കാം
അച്ഛനുമമ്മയും പുരാവസ്തുക്കളല്ലേ
അഭയകേന്ദ്രത്തിലിരുത്താം
സാങ്കേതികതയുടെ പാരമ്യം തേടാം
പത്രാസു കുറെക്കൂടി കൂട്ടാം
ആർഭാടമാക്കിടാം ജീവിതം കൂടുതൽ
ആർത്തുല്ലസിച്ചു നടക്കാം……..

പോരുവിൻ കൂട്ടരേ ഒന്നായി ചേർന്നിടാം
പ്രാണന്റെ നോവുകൾ കേൾക്കാം
നന്മയുടെ ഉറവിടം തേടാം നമുക്ക്
സ്നേഹത്തിൻ പാലാഴിയാകാം
കൈകോർത്തുനിൽക്കാം ധരയിൽ എന്നും
വിശ്വമാനവന്മാരായ്‌ വളരാം
അമ്മയെ നെഞ്ചോട്‌ ചേർക്കാം നമു –
ക്കമ്മതൻ പൊൻമക്കളാകാം
ഉണ്മയുടെ തിരിനാളമാകാം എന്നും
ഉണ്മയുടെ തെളിനാളമാകാം
ഉണരുവിൻ കൂട്ടരേ ഉയർത്തെഴുന്നേൽക്കുവിൻ
സത്യത്തിനായി പൊരുതാം എന്നും
നേരിന്റെ പാട്ടുകൾ പാടാം……..

 

ശ്രീകുമാരി. പി

ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ശ്രീനാരായണ പബ്ലിക് സ്കൂൾ പാവുമ്പയിലെ അധ്യാപിക. നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് അവാർഡും സമന്വയ കാവ്യ പ്രഭാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ഡോ. ഐഷ വി

ആറ്റുകാൽ ക്ഷേത്രത്തിലെ കതിർമണ്ഡപത്തിൽ വച്ച് ശശി അമ്പിളിയുടെ കൈ പിടിയ്ക്കുമ്പോൾ അതൊന്നു കൂടി മുറുകെ പിടിയ്ക്കാൻ അയാൾക്ക് തോന്നി. കാരണം അതൊരു വിശ്വാസത്തിന്റെ പ്രതിഫലനമാണ്. അമ്പിളി ഇനിയെന്നും ശരിയുടെ സ്വന്തമെന്ന വിശ്വാസം. ആദ്യം നിശ്ചയിച്ച വിവാഹ ദിനത്തിൽ വിവാഹം നടക്കാതിരുന്നതിനാൽ രണ്ടാമത് നിശ്ചയിച്ച സുദിനത്തിലാണ് ആ വിവാഹം നടക്കുന്നത്. ആദ്യം നിശ്ചയിച്ച വിവാഹദിനത്തിന്റെ തലേന്ന് അയാളുടെ സമനില തെറ്റിയിരുന്നു. ഒരു വൃക്കയില്ലെന്ന വസ്തുത തനിക്കല്ലാതെ മറ്റാർക്കും അറിയില്ല. അമ്പിളിയെ പലവട്ടം കണ്ടിട്ടുണ്ടെങ്കിലും ഇക്കാരും പറയാൻ സാധിച്ചില്ല. വീടും നാടും വിട്ടുപോയി കാലമേറെ കഴിഞ്ഞപ്പോൾ തിരികെയെത്തിയ മൂത്ത മകനെ സഹാദരന്റെ മകളായ അമ്പിളിയെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചത് അയാളുടെ അമ്മയും അമ്മയുടെ സഹോദരനും അച്ഛനും ചേർന്നാണ്.

ഒരു വൃക്കയില്ലെന്ന വിവരം അവരോടൊക്കെ പറയാൻ അയാളാഗ്രഹിച്ചു. എന്നാൽ അയാൾക്കതിന് കഴിഞ്ഞില്ല. കുട്ടിക്കാലത്ത് കണ്ടു മറന്ന മുറപ്പെണ്ണ് അമ്പിളി ഇന്ന് എം എ ക്കാരിയായ യുവതിയായിരിക്കുന്നു. നാടുവിട്ടു പോയി ഉത്തരേന്ത്യയിൽ പണിയെടുത്ത് സ്വരൂപിച്ച പണം കൊണ്ട് നാട്ടിലെത്തി പഴയ വീട് പൊളിച്ച് ഒരു ടെറസ് വീടു നിർമ്മിച്ചു. അതും സമീപ പ്രദേശങ്ങളിലെല്ലാം ഓടിട്ടതോ ഓലമേഞ്ഞതോ ആയ വീടുകളുള്ളപ്പോൾ. സഹോദരീ പുത്രന്റെ അനുഭവസമ്പത്തിലും മിടുക്കിലും അമ്പിളിയുടെ അച്ഛന് ഉത്തമ വിശ്വാസമായിരുന്നു. വരന്റെ ഗ്യഹത്തിൽ വിവാഹത്തലേന്ന് ഒത്തുചേർന്നവർ വരന്റെ കഴിവിനെ വാനോളം പുകഴ്ത്തുന്നുണ്ടായിരുന്നു. എല്ലാം കേട്ട് കേട്ട് മനസ്സിന്റെ നിയന്ത്രണം വിട്ട അയാൾക്ക് തനിക്ക് ഒരു വൃക്ക മാത്രമേയുള്ളൂവെന്ന് ചിന്തിക്കുമ്പോൾ ഹാലിളകി. നിയന്ത്രണം വിട്ട അയാൾക്ക് പിന്നീട് കാട്ടി കൂട്ടിയതൊന്നും ഓർമ്മയില്ലായിരുന്നു. ഫോണിന്റെ ഉപയോഗം സർവ്വസാധാരണമല്ലാതിരുന്നതിനാൽ വരന്റെ വീട്ടിൽ നിന്നും നല്ല ദൂരത്തുള്ള വധൂഗൃഹത്തിലാരും ഇതൊന്നു മറിഞ്ഞതുമില്ല.

പിറ്റേന്നത്തേയ്ക്കുള്ള സകല ഒരുക്കങ്ങളും അവർ നടത്തി. പിറ്റേന്ന് വരനും കൂട്ടരും എത്തേണ്ട സമയമായിട്ടും ആരും എത്തിയില്ല. കുറെ വൈകിയപ്പോൾ വരന്റെ സഹോദരിയും ഏതാനും അടുത്ത ബന്ധുക്കളുമെത്തി. അവർ കാര്യം പറഞ്ഞു വരൻ മനോനില തെറ്റി ആശുപത്രിയിലാണ്. വരൻ നാടുവിട്ടു പോയി ഡൽഹിയിലായിരുന്ന സമയത്ത് ഒരു വയറുവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിൽ പോയതാണ്. ഒരു ശസ്ത്രക്രിയ അത്യാവശ്യമായി ചെയ്യേണ്ടതുണ്ടെന്ന് ധരിപ്പിച്ച് അവർ വൃക്ക അടിച്ചു മാറ്റുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞിട്ടും വിട്ടുമാറാത്ത വയറുവേദനയുമായി മറ്റൊരു ആശുപത്രിയിൽ ചെക്കപ്പ് നടത്തിയപ്പോഴാണ് ഒരു വൃക്കയില്ലെന്ന വിവരം അയാളറിയിരുന്നത്. പിന്നെ നാട്ടിലെത്തി. വിവാഹം നിശ്ചയിച്ചു.

വരൻ ആശുപത്രിയിലായി. വരന്റെ അസാന്നിദ്ധ്യത്തിൽ വധുവിന് പുടവ കൊടുത്ത് കൊണ്ടുപോകാനാണ് വരന്റെ പെങ്ങൾ എത്തിയിരിയ്ക്കുന്നത്. വിവരമറിഞ്ഞപ്പോൾ അവിടെ കൂടിയിരിയ്ക്കുന്നവരിൽ ചിലർ എതിർത്തു. ചിലർ അനുകൂലിച്ചു. എതിർത്തവർ സദ്യ കഴിക്കാതെ സ്ഥലം വിട്ടു. അമ്പിളി പുടവ സ്വീകരിക്കാൻ തയ്യാറായി. സാമ്പത്തിക ശേഷി കുറഞ്ഞ വീട്ടിലെ അംഗമായ തനിക്ക് സ്ത്രീധനമൊന്നും ആവശ്യപ്പെടാതെ വന്ന വിവാഹാലോചനയാണിത്. താനും തനിക്കിളയ സഹോദരിമാരും വീട്ടിൽ നിന്നാൽ അച്ഛനമ്മമാരുടെ സാമ്പത്തിക ബാധ്യത കൂടുമെന്നും അവൾ ചിന്തിച്ചു. മറ്റൊന്നുമില്ലെങ്കിലും സ്വന്തം അപ്പച്ചിയുടെ വീട്ടിലേയ്ക്കാണ് പോകുന്നതെന്ന വിശ്വാസം അവൾക്കുണ്ടായിരുന്നു. പിന്നെ വിവാഹ ശേഷമാണ് ഇതുപോലൊക്കെ സംഭവിക്കുന്നതെങ്കിൽ അതൊകെ താൻ സഹിക്കേണ്ടതല്ലേ എന്നവൾ ചിന്തിച്ചു. വരന്റെ പെങ്ങളുടെ പക്കൽ നിന്നും പുടവ സ്വീകരിക്കാമെന്ന് അവൾ അച്ഛനോട് സമ്മതിച്ചു. അങ്ങനെ പിരിഞ്ഞു പോകാതെ അവിടെ നിന്നവരുടെ സാന്നിദ്ധ്യത്തിൽ അമ്പിളി പുടവ സ്വീകരിച്ചു. വരന്റെ ഗൃഹത്തിലേയ്ക്ക് യാത്രയായി. മനോനില തെറ്റിയ മുറച്ചെറുക്കനെ ആശുപത്രിയിലും വീട്ടിലും അവൾ പരിചരിച്ചു . ഇനി പ്രശ്നമൊന്നുമില്ലെന്ന് ഡോക്ടർ അറിയിച്ചപ്പോൾ ആറ്റുകാലമ്പലത്തിൽ വച്ച് വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു. എല്ലാം മനസ്സിലാക്കി അവർ വരണമാല്യമണിഞ്ഞപ്പോൾ പേരു പോലെ തന്നെ അവർ ഒന്നാവുകയായിരുന്നു.

ഡോ. ഐഷ വി

ലിനക്സ് പ്രോഗ്രാമിംഗ് ഷോർട്ട് ടേം കോഴ്സിന് അഡ്മിഷൻ എടുക്കാൻ വന്ന കുട്ടി അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതിനിടയിൽ ഞാൻ കുട്ടിയുടെ അച്ഛനോട് ചോദിച്ചു. : എന്താണ് ജോലി? കിണറിന് സ്ഥാനം കാണൽ. അത് എങ്ങിനെയാണ് കാണുക ? ചിതൽ പുറ്റ്, പാലമരം മുതലായവയിൽ നിന്ന് ചില പ്രത്യേക ദിശയിലുള്ള അകലം വാസ്തു ശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട് എന്നറിവുള്ളതിനാൽ അത് മനസ്സിൽ വച്ചായിരുന്നു എന്റെ ചോദ്യം. മാത്രമല്ല ആ കോളേജിലെ പ്യൂൺ ആയിരുന്ന ബാബു അഗസ്റ്റിൽ എന്നോട് പറഞ്ഞിട്ടുണ്ട് കണ്ണൂർ കാസർഗോഡ് പ്രദേശത്ത് ഒരു മീറ്റർ താഴ്ചയിൽ വെള്ളം കണ്ട കിണറുകളെ കുറിച്ചും പാതാള താഴ്ചയിൽ കുഴിച്ചിട്ടും വെള്ളം കാണാത്ത കിണറുകളെ കുറിച്ചും അറിയാമെന്ന് . അനുഭവ സമ്പന്നരായ കിണർ പണിക്കാർ ചെയ്യുന്നത് കിണർ കുഴിച്ച് ചെല്ലുമ്പോൾ മണലിന്റെ സ്ട്രാറ്റ എവിടെ വച്ച് കാണുന്നുവോ അവിടെ നിർത്തുക എന്നത്. മണലിന് ജലത്തെ പിടിച്ചു നിർത്താനുള്ള കഴിവുണ്ടെന്നാണറിവ്.
കിണറിന് സ്ഥാനം കാണുന്നത് എങ്ങിനെയെന്ന എന്റെ ചോദ്യം കേട്ടിട്ടാകണം ആ പിതാവ് എന്നോട് പറഞ്ഞു. “കിണർ കുഴിയ്ക്കാൻ സ്ഥാനം കാണാനുള്ള ദണ്ഡുമായി ഞാൻ നടക്കുമ്പോൾ എന്റെ ശരീരം വില്ലു പോലെ വളയും. എവിടെ വച്ചാണോ അതു സംഭവിയ്ക്കുന്നത് അവിടെ കുഴിച്ചാൽ വറ്റാത്ത കിണർ ജലം ലഭിക്കും.” അത് എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ ശരീരത്തിന്റെ പ്രത്യേകതയാണ് എന്നായിരുന്നു മറുപടി. നിറമോ മണമോ രുചിയോ കാന്തിക ശക്തിയോ ഇല്ലാത്ത മണ്ണിനടിയിൽ ഏറെ താഴ്ച്ചയിൽ കിടക്കുന്ന ജലത്തിന്റെ ഒരു ഉറവയ്ക്ക് എന്റെ മുന്നിൽ എല്ലു പോലിരിയ്ക്കുന്ന ഈ മനുഷ്യന്റെ ശരീരം വില്ലു പോലെ വളയ്ക്കാൻ കഴിയുമെന്ന് കേട്ടപ്പോൾ എനിക്കതിശയമായിരുന്നു. വീട്ടിൽ മറ്റാർക്കെങ്കിലും ഈ പ്രത്യേകതയുണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ ബാബു അഗസ്റ്റിനെ കൊണ്ട് കാസറഗോഡ് ചീമേനി ഭാഗത്തുള്ള ഇദ്ദേഹത്തെ കുറിച്ച് അന്വേഷിപ്പിച്ചു. സംഗതി വാസ്തവമാണെന്നും ഇദ്ദേഹം സ്ഥാനം കണ്ട കിണറുകൾ വറ്റാത്ത ഉറവയുള്ളവയാണെന്നുമായിരുന്നു ബാബു അഗസ്റ്റിന്റെ വിശ്വസനീയമായ റിപ്പോർട്ട് .

എന്റെ ഭർത്താവിന്റെ അനുജന്റെ ഭാര്യയുടെ മുതുമുത്തശ്ശനായിരുന്ന തിരുവനന്തപുരം ജില്ലയിലെ അമരവിള എന്ന സ്ഥലത്ത് ജീവിച്ചിരുന്ന തട്ടാരക്കോണത്ത് അനന്തപത്മനാഭൻ എന്ന വ്യക്തിക്ക് ഒരു സവിശേഷതയുണ്ടായിരുന്നു. മണ്ണിനടിയിലെ സ്വർണ്ണത്തിന്റെ സാന്നിധ്യം തിരിച്ചറിയാനുള്ള അസാമാന്യ കഴിവ് . അദ്ദേഹം നടന്നു പോകുന്ന വഴിയിൽ എവിടെ സ്വർണ്ണത്തിന്റെ സാന്നിധ്യം അദ്ദേഹത്തിന് തിരിച്ചറിയാൻ കഴിയുന്നുവോ അവിടെ കുഴിക്കാൻ പണിക്കാരോട് ആവശ്യപ്പെടുകയായിരുന്നു പതിവ്. അപ്പോൾ സ്വർണ്ണം ലഭിച്ചിരുന്നു. അയിർ രൂപത്തിലുള്ള സ്വർണ്ണമായിരിക്കില്ല ശുദ്ധ സ്വർണ്ണമായിരിക്കും ഇതെന്നാണ് എന്റെ നിഗമനം. അങ്ങനെ ധാരാളം സ്വർണ്ണം കുഴിച്ചെടുത്തു കഴിഞ്ഞപ്പോൾ തിരുവിതാംകൂർ മഹാരാജാവ് ഇക്കാര്യം അറിയുകയും അദ്ദേഹത്തെ വിളിച്ച് പട്ടും വളയും നൽകുകയും ധാരാളം സ്ഥലം അദ്ദേഹത്തിന് പതിച്ചു നൽകുകയും ചെയ്തു.

ശ്രീ അനന്തപത്മനാഭൻ അദ്ദേഹം കുഴിച്ചെടുത്ത സ്വർണ്ണം മുഴുവൻ തിരുവിതാം കൂർ മഹാരാജാവിന് കൈമാറുകയായിരുന്നു. ” തട്ടാരക്കോണത്ത് അനന്തപത്മനാഭൻ വക” എന്ന പേരിൽ തിരുവിതാംകൂർ കൊട്ടാരത്തിൽ ഈ സ്വർണ്ണം സൂക്ഷിച്ചിരുന്നു. ട്രഷറി ട്രോവ് ആക്ടനുസരിച്ച് ഭൂമിയിൽ നിന്നും കിട്ടുന്ന നിധി കൊട്ടാരത്തിന് അവകാശപ്പെട്ടതാണെന്നതിനാൽ ഇനി സ്വർണ്ണം കഴിച്ചെടുക്കേണ്ടയെന്ന് മഹാരാജാവ് ശ്രീ അനന്തപത്മനാഭനോട് പറഞ്ഞ ശേഷം 500 ഏക്കറോളം സ്ഥലം പതിച്ചു നൽകുകയായിരുന്നു എന്നാണറിവ്. അതിൽ അദ്ദേഹത്തിന്റെ അനന്തരാവകാശികൾ സ്കൂളുകളും മറ്റു സ്ഥാപനങ്ങളും പണിയുകയും ചെയ്തു. തീരുവനന്തപുരം ജില്ലയിൽ നെയ്യാറിന്റെ പരിസര പ്രദ്ദേശങ്ങളിൽ ധാരാളം ആൾക്കാർ സ്വർണ്ണം വജ്രം എന്നിവ തേടി തുരങ്കങ്ങൾ തീർക്കുകയും മണ്ണിടിഞ്ഞ് വീണ് മരിക്കുകയും ചെയ്തെന്ന വാർത്ത 25 ഓളം വർഷങ്ങൾക്ക് മുമ്പ് പത്രങ്ങളിൽ ഉണ്ടായിരുന്നു.

ഡോ. ഐഷ വി

കൊല്ലം ശ്രീ നാരായണ വനിത കോളേജിൽ ഷിഫ്റ്റ് ആയിരുന്നതിനാൽ ഞാനും കൂട്ടുകാരി കനകലതയും പരവൂർ റയിൽവേസ്റ്റേഷനിൽ നിന്നും 31/10/1984 ന് അതി രാവിലെയുള്ള ട്രെയിനിൽ കയറി കൊല്ലം ജംങ്ഷനിൽ ഇറങ്ങി റയിൽവേ ട്രാക്കിലൂടെ തന്നെ മുന്നോട്ട് നടന്ന് നടപ്പാതയായി ഉപയോഗിക്കുന്ന മേൽപ്പാലത്തിനടുത്തെത്തി ഫാത്തിമ മാതാ നാഷണൽ കോളേജിന് സമീപമുള്ള കർബല ജംങഷനിലെത്തി ഞങ്ങളുടെ കോളേജിലേയ്ക്ക് നടന്നു. വഴിയിൽ വലതു വശത്തുള്ള ലേഡീസ് ഹോസ്റ്റലിൽ നിന്നും ഇറങ്ങി വന്ന കുട്ടികൾ ഞങ്ങളുടെ കൂട്ടത്തിൽ ചേർന്നു. ഇങ്ങനെ നടന്ന് വരുന്നവരുടെ കൂട്ടത്തിൽ മറ്റു കുട്ടികൾ കൂടി ചേർന്ന് വർത്തമാനം പറഞ്ഞു നടക്കുന്നതിന് ഞങ്ങൾ ഉപയോഗിച്ചിരുന്ന പ്രയോഗം ” നടരാജൻ വണ്ടിയിൽ കയറുക” എന്നാണ്. അങ്ങനെ ഞങ്ങൾ കോളേജിലെത്തി. കനകലത അവളുടെ പ്രീഡിഗ്രി ക്ലാസ്സിലേക്കും ഞാൻ എന്റെ പ്രീഡിഗ്രി ക്ലാസ്സിലേയ്ക്കും മറ്റുള്ളവർ അവരവരുടെ ക്ലാസ്സുകളിലേയ്ക്കും പിരിഞ്ഞു. എട്ട് മണിയായപ്പോൾ ക്ലാസ്സ് തുടങ്ങി. ഒന്നാം പീരീഡ് കഴിഞ്ഞു. രണ്ടാം പീരീഡിലെ മലയാളം ക്ലാസ്സെടുക്കുന്ന ലൈലടീച്ചർ ക്ലാസ്സെടുത്ത് ആ പീരീഡ് തീരുന്നതിന് മുമ്പ് പ്യൂൺ ഒരു തുണ്ടുമായി ഞങ്ങളുടെ ക്ലാസ്സിലേയ്ക്ക് വന്നു. ടീച്ചർ തുണ്ട് വായിയ്ക്കുന്നതിനിടയിൽ ലോങ്ങ് ബെല്ലടിച്ച് കോളേജ് വിട്ടു. അന്ന് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധിയ്ക്ക് വെടിയേറ്റു എന്നതായിരുന്നു ആ തുണ്ടിലെ സന്ദേശം. ബെല്ലടി കേട്ടതും ഞാൻ ക്ലാസ്സിൽ നിന്നും ചാടിയോടി ഗേറ്റിനടുത്തെത്തിയപ്പോൾ കനകലതയും എത്തിയിരുന്നു.

സ്കൂളിൽ പഠിക്കുന്ന കാലത്ത് സ്കൂൾ വിട്ടാൽ ആദ്യം വീട്ടിലെത്താനായി ആൺകുട്ടികളെ വരെ പിന്നിലാക്കി ഓടുന്ന ശീലമുണ്ടായിരുന്നതിനാൽ ഞാനും കനകലതയും കൂടി റയിൽവേ സ്റ്റേഷനിലേയ്ക്ക് വച്ചു പിടിച്ചു. സ്റ്റേഷനിലെത്തിയതും തിരുവനന്തപുരത്തേയ്ക്ക് പോകുന്ന ജയന്തി ജനത എക്സ്പ്രസ് തയ്യാറായി നിൽപുണ്ടായിരുന്നു. ഞങ്ങൾ ലേഡീസ് കംപാർട്ട്മെന്റിൽ വലിഞ്ഞു കയറി. താമസിയാതെ ട്രെയിൻ ചൂളം വിളിച്ചു മുന്നോട്ടെടുത്തു. പ്രധാനമന്ത്രിയ്ക്ക് വെടിയേറ്റ് കേവലം അര മണിക്കൂറിനുള്ളിലാണ് ഇതൊക്കെ നടന്നത്. ഞങ്ങൾ കയറിയ ട്രെയിൻ പരവൂർ മാമൂട്ടിൽ പാലം കഴിഞ്ഞപ്പോൾ നിന്നു . ആരോ തടഞ്ഞതോ പിടിച്ചു നിർത്തിയതോ ആണ്. ഒരര മണിക്കൂർ ഞങ്ങൾ കാത്തു. ട്രെയിൻ മുന്നോട്ട് ചലിക്കില്ലെന്ന് മനസ്സിലായപ്പോൾ ഞങ്ങളിറങ്ങി ട്രാക്കിലൂടെ തന്നെ നടന്നു. ടി വി അത്ര പ്രചാരത്തിലില്ലാത്തതും റേഡിയോ , ടെലഗ്രാം , ലാന്റ് ഫോൺ( അതും വളരെ കുറവ്) ഒഴികെയുള്ള മറ്റ് വാർത്താവിനിമയ സൗകര്യങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത് പ്രധാനമന്ത്രിയ്ക്ക് വെടിയേറ്റ് ഒരു മണിക്കൂറിനുള്ളിൽ രാജ്യം നിശ്ചലമാവുകയാണെന്ന് ഞങ്ങൾ തിരിച്ചറിയുകയായിരുന്നു. എട്ടു കിലോമീറ്റർ നടന്നാലേ വീട്ടിലെത്തൂ.. ബസ്സും കാണില്ലെന്ന് ഉറപ്പായതിനാൽ ഞങ്ങൾ ട്രാക്കിലൂടെ തന്നെ ഒല്ലാൽ ലവൽ ക്രോസിനരികിലെത്തി(കുറുക്കു വഴി) . പിന്നെ പരവൂർ പാരിപ്പള്ളി ബസ് റൂട്ടിൽ ഞങ്ങൾ കാൽനടയാത്ര തുടർന്നു. കോമേഴ്സിലെ ഷൈലജയും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ഷൈലജ ട്രെയിനിൽ മറ്റേതോ കമ്പാർട്ട്മെന്റിൽ കയറി വന്നതായിരുന്നു. അമ്മാരത്തു മുക്കിലെത്തിയപ്പോൾ ഞാനും ഷൈലജയും ഇടത്തോട്ട് തിരിഞ്ഞു. ഞങ്ങളുടെ വീട്ടിലേയ്ക്ക് . കനകലത നേരെ പ്ലാവിന്റെ മൂട്ടിലെ അവളുടെ വീട്ടിലേയ്ക്കും നടന്നു. ഷൈലജയുടെ വീടെത്തിയപ്പോൾ അവിടെ നിന്ന് കുറച്ച് ചൂടുവെള്ളം വാങ്ങിക്കൂടിച്ച് ഞാൻ നടന്നു. അത്രയും ദൂരം നടന്നതിനാൽ ശരീരത്തിലെ ജലാംശം തീരെ കുറഞ്ഞിരുന്നു. തിരിഞ്ഞു നോക്കിയപ്പോൾ കൊല്ലം എസ് എൻ കോളേജിൽ പഠിക്കുന്ന മനോജും പുറകിലുണ്ട്. മനോജ് എന്റെ നാട്ടുകാരനാണ്.

പരവൂരിൽ നിന്നും ഒന്നേകാൽ മണിക്കൂർ കാൽനടയാത്ര കഴിഞ്ഞപ്പോൾ ഞാൻ വീട്ടിലെത്തി. റേഡിയോയിൽ ശോക സ്വരമുതിർത്തുന്ന പശ്ചാത്തല സംഗീതം. ഇടയ്ക്കിടെ വാർത്തകൾ . എല്ലാം ഞങ്ങൾ കേട്ടു. ശ്രീദേവി അപ്പച്ചിയുടെ മകൾ കൊല്ലം രാമൻ കുളങ്ങര ഐറ്റി ഐ -ൽ പഠിക്കുന്ന ലീനയും ഡിഗ്രിക്ക് എസ് എൻ കോളേജിൽ പഠിക്കുന്ന ബീന ചേച്ചിയും വീട്ടിലെത്തിയിരുന്നില്ല. ഒരല്പം ഭാഗ്യമുള്ളതുകൊണ്ടാണ് ഞങ്ങൾക്ക് ആ ട്രെയിൻ കിട്ടിയതും എട്ടു കിലോമീറ്റർ നടന്നെങ്കിലും വീട്ടിലെത്താനായതും.
ബീന ചേച്ചിയും കൂട്ടുകാരും കൊല്ലം എസ് എൻ കോളേജ് ജംങ്ഷനിൽ നിന്നും റയിൽവേ ട്രാക്കിലൂടെ നടന്ന് രാത്രി എട്ടുമണിയോടെ വീട്ടിൽ എത്തി ചേർന്നു. ഏകദേശം 25 കിലോമീറ്ററാണ് അവർക്ക് നടക്കേണ്ടി വന്നത്. ലീനയും പട്ടര് സദാശിവൻ എന്നയാളിന്റെ മകൾ ഷീല ചേച്ചിയും കൂടി രാമൻ കുളങ്ങര നിന്നും കൊല്ല o എസ് എൻ കോളേജ് ജംങ്ഷനിൽ എത്തി ഷീല ചേച്ചിയുടെ ഒരു ബന്ധുവീട്ടിൽ തങ്ങി. അവിടെ നിന്നും ചിറക്കര സർവ്വീസ് സഹകരണ സംഘത്തിലേയ്ക്ക് ഫോൺ ചെയ്ത് വിവരം അറിയിച്ചു. അവിടെ നിന്നും സ്റ്റാഫ് ഷീല ചേച്ചിയുടെ വീട്ടിലും ശ്രീദേവി അപ്പച്ചിയുടെ വീട്ടിലും വിവരമറിയിച്ചു. അങ്ങനെ വീട്ടുകാർക്ക് സമാധാനമായി.

അക്കാലത്ത് ഞങ്ങളുടെ ഗ്രാമത്തിൽ ആ സർവ്വീസ് സഹകരണ സംഘത്തിൽ മാത്രമേ ഒരു ഫോൺ ഉണ്ടായിരുന്നുള്ളൂ. സൈക്കിളൊഴികെയുള്ള വാഹന സൗകര്യങ്ങളുള്ള വീടുകൾ വിരലിൽ എണ്ണാവുന്നവ മാത്രം. അക്കാലത്ത് ഞങ്ങളുടെ നാട്ടിൽ ടി വിയുള്ള വീടുകൾ മൂന്നെണ്ണം മാത്രം. അന്ന് മൂന്ന് മണിയോട് കൂടി ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ മരണ വാർത്തയെത്തി. സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചതായിരുന്നു. റേഡിയോയിൽ ശോക സംഗീതം തുടർന്നു കൊണ്ടേയിരുന്നു. എന്റെ അനുജനും അനുജത്തിയും ടിവിയുള്ള വീടുകളിലൊക്കെ ചുറ്റിക്കറങ്ങി കണ്ട വാർത്തകൾ എനിക്കും വിവരിച്ചു തന്നു. ആ ദിനങ്ങളിൽ പത്രം നിറയെ ഇതു സംബന്ധിച്ച വാർത്തകളായിരുന്നു. ഞങ്ങളോടൊപ്പമുണ്ടായിരുന്ന കുട്ടികളും വിവിധ സ്ഥലങ്ങളിൽ ജോലിക്കും മറ്റു കാര്യങ്ങൾക്കുമായി പോയവരും മൂന്ന് ദിവസത്തോളം ഹോസ്റ്റലുകളിലും പരിചയക്കാരുടേയോ ഒരു പരിചയവുമില്ലാത്തവരുടേയോ വീടുകളിലും തുടർന്നു.

ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ ഭൗതികശരീരം ശക്തി സ്ഥലിൽ ചന്ദന മുട്ടികളിൽ എരിഞ്ഞടങ്ങി പഞ്ചഭൂതങ്ങളായി വലയം പ്രാപിക്കുന്നതുവരെ രാജ്യത്ത് സ്തംഭനാവസ്ഥ തുടർന്നു എന്ന് പറയാം . ഒരു സഹസ്രാബ്ദത്തിനിടയിൽ ഈ ലോകം കണ്ട ഏറ്റവും ശക്തയായ സ്ത്രീയുടെ വേർപാട് രാജ്യം അങ്ങനെയാണ് ഉൾക്കൊണ്ടത്.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

എം. ജി.ബിജുകുമാർ

“നീരദശ്യാമള നീലനഭസ്സൊരു ചാരുസരോവരമായി… ”
റിങ്ങ് ടോണിലെ പാട്ടിൻ്റെ വരികൾ പൂർത്തിയാകും മുമ്പ് ഞാൻ ഫോണെടുത്തു എടുത്തു ചെവിയിൽ വച്ചു.
‘ഹലോ..!’
” നീ വീട്ടിലുണ്ടോടാ..?”
ചിറ്റപ്പൻ്റെ ഘനഗംഭീര ശബ്ദം.
‘വീട്ടിൽ തന്നെയുണ്ട്.. ”
” നീ എവിടെയെങ്കിലും പോകുന്നുണ്ടോ ഇന്ന് ?”
വീണ്ടുമൊരു ചോദ്യം.
എന്തോ കാര്യം ഉണ്ടല്ലോ എന്ന് മനസ്സിലോർത്തു.
‘ഇല്ല എങ്ങും പോകുന്നില്ല, മഴ ഇപ്പോൾ പെയ്യുമെന്ന നിലയിലാ മാനം. വീട്ടിൽ തന്നെ കാണും. എന്താ ചിറ്റപ്പാ കാര്യം..?’
”ഒരു ബ്രോക്കർ അങ്ങോട്ട് വരുന്നുണ്ട്, നിന്നെ ഒന്ന് കാണണമെന്ന് പറഞ്ഞു ”
ചിറ്റപ്പൻ വിളിച്ച കാര്യം വ്യക്തമാക്കി.
” പഴയതുപോലെ വെറുതേ കാശ് വാങ്ങി മുങ്ങുന്നവരെപ്പോലെയുള്ളവരാണോ..?”
മുമ്പുണ്ടായിട്ടുള്ള അനുഭവത്തെപ്പറ്റി ഞാൻ ചെറുതായൊന്നു സൂചിപ്പിച്ചു.
“ഏയ് അല്ല ! ഇത് നല്ല ഡീസൻ്റ് പാർട്ടിയാ”
ചിറ്റപ്പൻ്റെ ഗ്യാരൻറി.
“ശരി വരട്ടെ നോക്കാം ”
ഞാൻ ഫോൺ കട്ട് ചെയ്തു.

തുറന്ന ജനാലയിലൂടെ കൈ വെളിയിലേക്ക് നീട്ടവേ മുകിലിൻ ചിറകിൽ തഴുകി ആകാശക്കൂടാരത്തിലെ രാജകുമാരിയുടെ കഥ പറയാനെത്തിയ ആലിപ്പഴങ്ങൾ കൈകളിലേക്ക് പൊഴിയുന്നുണ്ടായിരുന്നു.
ഉള്ളിലേക്ക് ഊർന്നിറങ്ങുന്ന കുളിർമ്മയിൽ ഹൃദയത്തിൽ കവിത വിരിയുമോ എന്ന് ഞാൻ സംശയിച്ചു.
ഓർമ്മകളെ പക്ഷികളാക്കി ചിറകുകൾ ബന്ധിച്ച് ,കൂട്ടിന് കുറേ കിനാവുകളേയും ചേർത്ത് കൂട്ടിലിട്ടടച്ചു വെക്കാറുണ്ട്…
മുനയുള്ള ചിന്തകൾ പായുമ്പോൾ ചിറകുകളുടെ ബന്ധനങ്ങൾ മുറിഞ്ഞ് പുറത്തേക്ക് പറന്ന് കലപില കൂട്ടി മേഘക്കൂട്ടങ്ങളിലൂടെ സഞ്ചരിച്ച് അത് അക്ഷരങ്ങളിലേക്ക് ചേക്കേറും…
വാക്കുകളും വരികളും ചേർന്നത് മഴയായ് പെയ്തിറങ്ങുമ്പോൾ മനസ്സ് വീണ്ടും ചിറകുകൾ ബന്ധിക്കാനുള്ള ഓർമ്മപ്പറവകളെ തേടുന്നുണ്ടാവും…..!

ജാതകത്തിൽ ചെറിയ പ്രശ്നങ്ങൾ ഒക്കെ ഉള്ളതിനാൽ വരുന്ന ബ്രോക്കർമാർ എല്ലാം കിട്ടുന്ന കാശ് കൊണ്ട് പോകുന്നതല്ലാതെ പിന്നീട് ഈ വഴി വരാറില്ല എന്നത് പതിവായപ്പോൾ ഈ ബ്രോക്കർമാക്ക് കാശ് കൊടുക്കുന്ന പരിപാടി ഇനി വേണ്ടത് വിചാരിച്ചിരുന്നതാണ്. എന്തായാലും ചിറ്റപ്പൻ പറഞ്ഞതല്ലേ എന്ന് കരുതിയാണ് മറുത്തൊന്നും പറയാതെ സമ്മതിച്ചത്.

ഓരോന്നാലോചിച്ച്, ഇളം കാറ്റിൽ ഒരു നനുത്ത തൂവൽപോലെ വാനിലെ മേഘക്കൂടാരങ്ങൾക്ക് താഴെ
മനസ്സങ്ങനെ പാറി നടക്കുകയായിരുന്നു.
മാരിവില്ല് തെളിഞ്ഞ് മണ്ണിന്റെ ഗന്ധമുണർത്തി ചാറ്റൽ മഴ പെയ്യുമ്പോൾ മനവും കുളിർത്ത് നിറയുന്നതായി തോന്നി.

തുറന്ന ജനാലയിലൂടെ ഇടവിട്ട് പെയ്യുന്ന മഴയുമാസ്വദിച്ച് വെറുതേ സമയം കളയുമ്പോൾ പത്രത്തോടൊപ്പം വന്ന വാരാന്തപ്പതിപ്പ് വായിക്കാനായി എടുത്തു. മഴയൊന്നു തോർന്ന് വെയിൽ അൽപ്പം തെളിഞ്ഞു. പത്രത്താളുകളിലൂടെ വെറുതെയൊന്ന് കണ്ണോടിക്കുമ്പോൾ ദൃഷ്ടി നക്ഷത്ര ഫലത്തിൽ ചെന്നു നിന്നു.
“അപ്രതീക്ഷിതമായി സാമ്പത്തികനേട്ടം ഉണ്ടാകും. ജീവിതപങ്കാളിയുടെ നിർദ്ദേശങ്ങൾ യുക്തമായ തീരുമാനങ്ങളെടുക്കാൻ സഹായകരമാകും. സന്താനങ്ങളുടെ പഠനകാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവധിയെടുക്കും”
ഇതു വായിച്ചപ്പോൾ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. കുറേക്കാലമായി ലോട്ടറിപോലുമെടുക്കാതെ എനിക്ക് എങ്ങനെ അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടാകും? അവിവാഹിതനായ ഞാനെങ്ങനെ പങ്കാളിയുടെ നിർദ്ദേശങ്ങൾക്ക് അനുസരിക്കുകയും സന്താനങ്ങളുടെ പഠിപ്പു നോക്കുകയുമൊക്കെ ചെയ്യും??’

അതിനെക്കുറിച്ചോർത്ത് ഊറിച്ചിരിക്കവേ വീടിനുമുന്നിൽ തൂക്കിയിരുന്ന മണി ആരോ അടിക്കുന്ന ശബ്ദം മുഴങ്ങി. എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നപ്പോൾ മുപ്പതിലേറെ പ്രായം തോന്നുന്ന ഒരു യുവതി ഫയലുമായി നിൽക്കുന്നു.
ബ്രോക്കർ വരും എന്നു പറഞ്ഞെങ്കിലും അതൊരു ചെറുപ്പക്കാരിയായ സ്ത്രീ ആകും എന്ന് കരുതിയില്ല. ഇത് വെറും ബ്രോക്കർ അല്ല അല്പം സ്റ്റാൻഡേർഡ് ഒക്കെ ഉള്ളതാണല്ലോ എന്ന് ഞാൻ മനസ്സിലോർത്തു.
“അകത്തേക്ക് കയറി ഇരിക്കാം”
ഞാൻ പറഞ്ഞു. അവരൊന്നും മടിച്ചു നിൽക്കവേ “കയറിയിരുന്നോളൂ ” എന്ന് ഞാൻ വീണ്ടും പറഞ്ഞു. യുവതി സിറ്റൗട്ടിലേക്ക് കയറിയിരുന്നു.
” ചോദിക്കുന്ന കാര്യങ്ങളുടെ ഡീറ്റയിൽസ് ഒന്ന് കറക്ടായി പറയണം”
യുവതി മൊഴിഞ്ഞു.
എത്ര പേരോട് ഇങ്ങനെ ഡീറ്റെയിൽസ് പറഞ്ഞിരിക്കുന്നു എന്ന ഭാവത്തിൽ ഞാൻ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.
വഴിയരികിലെ കാഴ്ചകളിൽ
മിഴിനട്ട് മുറ്റത്ത് നിൽക്കുന്ന മരങ്ങളിൽ
ചാഞ്ഞു വീഴുന്ന മഴയുടെ സംഗീതം ഓർമ്മിപ്പിച്ച് സിറ്റൗട്ടിലേക്ക്
കാറ്റു പൊഴിച്ച നിറമാർന്നൊരില പറന്നു വീണു; കുളിരാർന്ന കഥ പറയാനെത്തിയതെന്ന് ഓർമ്മിപ്പിക്കും പോലെ.

” ഗൃഹനാഥൻ്റെ പേരെന്താണ് ?”
ആദ്യ ചോദ്യം.
“ഗോപാലകൃഷ്ണക്കുറുപ്പ് ”
” വീട്ടിൽ വേറെ ആരൊക്കെയുണ്ട് ?”
“ഇപ്പോൾ ഞാൻ മാത്രമേയുള്ളൂ”
എന്റെ മറുപടി കേട്ട് സംശയഭാവത്തിൽ ആഗത ഒന്ന് നോക്കി. ചെറുപ്പക്കാരൻ ആണല്ലോ എന്നിട്ടും ഇങ്ങനെയൊരു പേര് എങ്ങനെ വന്നു എന്നതായിരുന്നു ആഗതയുടെ ആ നോട്ടത്തിൻ്റെ പിന്നിൽ.

“വീട്ടു നമ്പർ എത്രയാണ് ?”
അതൊക്കെ എന്തിനാ ഇവരറിയുന്നത് എന്ന് മനസ്സിൽ തോന്നിയെങ്കിലും പറഞ്ഞുകൊടുത്തു.
“ഹൈടെക് ബ്രോക്കർമാർ എല്ലാം തിരക്കുമായിരിക്കും. കാലം പോയ പോക്കേ !” ഞാൻ മനസ്സിൽ പറഞ്ഞു.
“വീട്ടിൽ നാൽക്കാലികൾ ഉണ്ടോ? എത്രയെണ്ണം?
അടുത്ത ചോദ്യം.
” ഇത് കൊള്ളാമല്ലോ പെണ്ണ് അന്വേഷിക്കുന്ന ബ്രോക്കർമാർക്ക് എന്തെല്ലാം അറിയണം, ദൈവമേ !’ എന്നു മനസ്സിലോർത്തു.
“നാൽക്കാലികൾ ഇല്ല, ഇരുകാലികൾ രണ്ടെണ്ണം ”
നിഷേധഭാവത്തിലുള്ള എന്റെ മറുപടി കേട്ട് അവൾ അവിശ്വസനീയതയോടെ ചോദ്യഭാവത്തിൽ എന്നെ നോക്കി. ഞാൻ ആ ചോദ്യഭാവത്തിന് മറുപടി നൽകിയില്ല.

” ചോദിക്കുന്ന കാശ് കൊടുക്കണം. പിന്നെ ഇത്തരം ചോദ്യങ്ങൾക്ക് എന്തിന് മറുപടി നൽകണം” എന്നതായിരുന്നു എന്റെ ചിന്ത.
” വളർത്തുമൃഗങ്ങൾ എന്തെങ്കിലുമുണ്ടോ?” അടുത്ത ചോദ്യം.
ഞാൻ ഇതിനൊക്കെ മറുപടി പറയണോ എന്നറിയാതെ സംശയിച്ചു നിന്നു.
” പശു ആട് പട്ടി കോഴി ഇവയിൽ ഏതെങ്കിലും ഉണ്ടോ..? ”
അവൾ ചോദ്യം വ്യക്തമാക്കി. ഇതൊക്കെയുള്ള വീട്ടിലേക്ക് പെൺകുട്ടികൾക്ക് വിവാഹം കഴിച്ചു താൽപ്പര്യമില്ലാത്തവരും കാണും,അതാവും ഇത്രയും വിശദമായി ചോദ്യാവലി എന്ന് ഞാൻ ചിന്തിച്ചു.
” ഇപ്പറഞ്ഞവ പോയിട്ട് ഒരു പൂച്ച കുഞ്ഞുപോലുമിവിടില്ല ” അൽപ്പം ഈർഷയോടെ ഞാനതിന് മറുപടി നൽകി. അവൾ എന്തൊക്കെയോ എഴുതുന്നതിനിടയിൽ മഴ ഇരച്ചെത്തി. അതിനൊപ്പം രണ്ട് പൂച്ചകൾ സിറ്റൗട്ടിലേക്ക് ഓടിക്കയറി.
“പൂച്ചകളില്ലെന്ന് പറഞ്ഞിട്ട്..? ”
രൂക്ഷ ഭാവത്തിൽ അവൾ എന്നെ നോക്കി.
“ശ്ശൊ, ഇതിവിടുത്തെല്ല. അയൽവീട്ടിലേതാണ്. വല്ലപ്പോഴും മീനൊക്കെ കൊടുക്കുന്നതുകൊണ്ട് ഇടയ്ക്കൊക്കെ ഇവിടെ വരും. ചാരനിറമുള്ളത് കുട്ടപ്പൻ, ചന്ദനനിറമുള്ളത് കുഞ്ചു. ”
എൻ്റെ വിശദീകരണം കേട്ട് അവൾ ചെറുതായി പുഞ്ചിരിച്ചു. അപ്പോൾ മുറ്റത്തുകൂടി കോഴികൾ പോകുന്നത് കണ്ടു. അവളുടെ ദൃഷ്ടി അങ്ങോട്ട് പോകുന്നത് ഞാൻ ശ്രദ്ധിച്ചു.
” നോക്കണ്ട അത് ഇവിടുത്തെയല്ല,ഇവിടെ മനുഷ്യർ മാത്രമേയുള്ളൂ.”
അതു കേട്ടപ്പോഴും അവൾ ചെറുതായി ചിരിച്ചു. പിന്നെയും ചില ചോദ്യങ്ങൾ ചോദിക്കുന്ന അതിനിടയിൽ മഴ കനത്തു. തൂവാനമടിക്കുന്നത് ദേഹത്തേക്ക് തെറിച്ചുവീണപ്പോൾ അവൾ അസ്വസ്ഥയാകും പോലെ തോന്നി.
” അകത്തേക്ക് കയറിയിരിക്കാം ”
ഞാൻ പറഞ്ഞു.
അവൾ മടിയോടെ എന്നെ നോക്കി.
” മടിയ്ക്കേണ്ട കയറിയിരുന്നാേളൂ, ഇവിടെ മൃഗങ്ങളില്ല. മനുഷ്യരേയുള്ളു” ഞാൻ ഓർമിപ്പിച്ചു.
അത് കേട്ട് പുഞ്ചിരിച്ചുകൊണ്ട് മടിച്ചു മടിച്ചു അകത്തേക്ക് കയറി സെറ്റിയിലിരുന്നു.

”എത്ര പേരുടെ ഡീറ്റെയിൽസ് നിങ്ങളുടെ കസ്റ്റഡിയിലുണ്ട്.? ” എതിർവശത്ത് അവൾക്കഭിമുഖമായി കസേരയിലിരുന്ന് ഞാൻ തിരക്കി.
” ഈ വാർഡിൽ ഉള്ള എല്ലാ വീട്ടിലെയും ഡീറ്റെയിൽസ് എടുക്കും. ഇന്നലെ തുടങ്ങിയതേയുള്ളൂ”
മറുപടി കേട്ട് എനിക്ക് എന്തോ പന്തികേട് പോലെ തോന്നി.
” ശ്ശൊ ! കുടിക്കാൻ എന്തെങ്കിലും തരാൻ മറന്നു. ചായയോ അതോ കാപ്പിയോ?”
സാധാരണ ബ്രോക്കർ വരാറുള്ളപ്പാേൾ നൽകാറുള്ളതാണത്. സ്ത്രീയായതുകൊണ്ട് അത് മാറ്റേണ്ട എന്നുകരുതി ഞാൻ ചോദിച്ചു.

“ഏയ് ഒന്നും വേണ്ട.” അവൾ സൗമ്യതയോടെ പറഞ്ഞു.
” മഴയും തണുപ്പുമൊക്കെയല്ലേ, ചൂടുള്ള ചായയോ കാപ്പിയോ ആവിയൂതി കുടിക്കുന്നത് ഒരു രസമല്ലേ” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. അതു കേട്ട് അവളും ചിരിച്ചു.
” കാപ്പിയിടാം, ഞാനതാണ് കുടിയ്ക്കാറ്” എന്നു പറഞ്ഞു കൊണ്ട് ഞാൻ അടുക്കളയിലേക്ക് കയറി.അപ്പോൾ അവൾ ഷെൽഫിനടുത്തേക്ക് ചെന്ന് പുസ്തകങ്ങളൊക്കെ എടുത്തു നോക്കുന്നുണ്ടായിരുന്നു.

പെയ്ത മഴയുടെ തണുപ്പ് അടുക്കളയുടെ
തുറന്നിട്ട ജനാലയിലൂടെ വന്നു തലോടുമ്പോൾ തണുപ്പും വഹിച്ചു വന്ന കാറ്റ്, വാഴയില കുടയായി പിടിച്ചു നടന്ന കാലത്തെ ഓർമ്മയിലേക്ക് എന്നെ കൊണ്ടു പോയി. പകുതി നനഞ്ഞുവരുമ്പോൾ അമ്മയുണ്ടാക്കിത്തരുന്ന കാപ്പിയുടെ രുചി ഗൃഹാതുരതയോടെ ഓർത്തു. വീശിയടിച്ച കാറ്റിൽ ജനാല അല്പം ശബ്ദത്തോടെയടഞ്ഞത് എന്നെ ഓർമ്മയിൽനിന്നും ഉണർത്തി.

കാപ്പിയുമായി വന്നപ്പോൾ അവളതും വാങ്ങി വീണ്ടും സെറ്റിയിലിരുന്നു.
” ഇപ്പോൾ എത്ര പെൺകുട്ടികളുടെ ഡീറ്റെയിൽസ് കൈയിലുണ്ട് ?”
കാപ്പി കുടിച്ചു കൊണ്ടിരിക്കേ ഞാൻ തിരക്കി.
“പെൺകുട്ടികളുടെ ഡീറ്റെയിൽസോ ?” അവൾ കാര്യം മനസിലാകാത്ത ഭാവത്തിൽ ചോദിച്ചു.
“അവിവാഹിതരായ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും ഡീറ്റെയിൽസ് നിങ്ങൾ ശേഖരിക്കുമല്ലോ.അതാ ചോദിച്ചത് .” ഞാൻ വ്യക്തമാക്കി.
“എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല ” അവൾ സംശയദൃഷ്ടിയോടെ എന്നെ നോക്കി.
“ബ്രോക്കർമാർ എല്ലാം അങ്ങനെയല്ലേ ചെയ്യുക. ഡീറ്റെയിൽസ് കളക്ട് ചെയ്തിട്ട് യോജിപ്പിക്കാൻ പറ്റുന്നത് തമ്മിൽ യോജിപ്പിക്കാൻ നോക്കുകയുമല്ലേ ചെയ്യാറ്. ചില പൊടിക്കൈകൾ ഒക്കെ പ്രയോഗിച്ച് ചേരാത്തത് തമ്മിൽ ചേർക്കുന്ന രീതികളും ഉണ്ടെന്നാണ് കേട്ടിട്ടുള്ളത്.”
ഞാൻ പുഞ്ചിരിയോടെ പറഞ്ഞു.

” അയ്യേ ഞാൻ ബ്രോക്കർ അല്ല. നിങ്ങൾക്ക് ആള് തെറ്റിയതാ ” അവൾ ചമ്മലോടെ പറഞ്ഞു.
“ചിറ്റപ്പൻ കുറച്ചുമുമ്പ് വിളിച്ചു പറഞ്ഞിരുന്നു. ഒരു ബ്രോക്കർ വരുന്നുണ്ടെന്ന്. അപ്പോൾ ആ ആളല്ലേ..?” ഞാൻ അവിശ്വസനീയതയോടെ തിരക്കി.
” ഹേയ് അല്ല, എന്റെ പേര് നീരദ. ഈ വാർഡിൽ കന്നുകാലി സെൻസസ് എടുക്കാനായി വന്നതാണ്.” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
ഞാനാകെ ചമ്മിപ്പോയി. ജാള്യത മറക്കാൻ ഞാൻ വേഗം കാപ്പി കുടിച്ചു.
മഴ തോർന്ന് മഴമുകിൽക്കീറ് മാഞ്ഞ് വെയിൽ പരക്കുന്നുണ്ടോയെന്ന് അവൾ വെളിയിലേക്ക് നോക്കുന്നുണ്ടായിരുന്നു. അവളുടെ കയ്യിൽ കുട ഇല്ലെന്ന് ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്.
“മഴ ആയിട്ടും കുട എടുക്കാൻ മറന്നോ ? ” ഞാൻ തിരക്കി.
” കുട എടുത്തിരുന്നു. മുമ്പ് കയറിയ വീടുകളിലെവിടെയോ മറന്നു വെച്ചിട്ടുണ്ട്. എവിടെയാണെന്ന് ഓർക്കുന്നില്ല.” അവളുടെ പതിഞ്ഞ ശബ്ദത്തിലുള്ള മറുപടി.
” കുടയുണ്ടെങ്കിലും നനയുന്ന പെരുമഴയാണ് ഇപ്പോൾ പെയ്യുന്നത്.” ഞാൻ മുറ്റത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
” ധാരാളം വായിക്കുന്ന ആളാണെന്ന് തോന്നുന്നല്ലോ..? പുസ്തകങ്ങളൊക്കെ കുറേയുണ്ടല്ലോ!” ഷെൽഫിലേക്ക് നോക്കിക്കൊണ്ട് അവൾ തിരക്കി.
“വല്ലപ്പോഴും കുറച്ചൊക്കെ വായിക്കും. മടി ആണെന്നേ…! പിന്നെ സമയം കിട്ടുമ്പോൾ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കും” ഞാൻ പുഞ്ചിരിച്ചു കൊണ്ട് മറുപടി നൽകി.
” ആഹാ എഴുതുമോ..! കഥയോ കവിതയോ ??” അവൾ കൗതുകത്തോടെ ചോദിച്ചു.
” അങ്ങനെയൊന്നുമില്ല എന്തു തോന്നുന്നുവോ, അതെഴുതും. അത് നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യും. ചിലതൊക്കെ അച്ചടിച്ചു വരും. കുറെയൊക്കെ ഓൺലൈൻ പേജുകളിലും മറ്റും പ്രസിദ്ധീകരിക്കും.” എൻ്റെ മറുപടി കേട്ട് അവളുടെ മുഖം വിടർന്നു.
“ആഹാ കൊള്ളാമല്ലോ ! പക്ഷേ എഴുത്തുകാരനു പറ്റിയ പേര് അല്ലല്ലോ ഈ ഗോപാലകൃഷ്ണക്കുറുപ്പ് എന്നത് ”
അവൾ ചിരിച്ചു കൊണ്ട് കാപ്പിയുടെ കപ്പ് ടീപ്പോയിൽ വച്ചു.അതിൽ കിടന്ന ഒരു പുസ്തകം എടുത്തു കണ്ണോടിച്ചു.
“അയ്യോ! അത് അച്ഛന്റെ പേര് ആണ്. ഇരുകാലികൾ രണ്ടുപേരുണ്ട് എന്ന മുമ്പ് നിഷേധത്തോടെ ഞാൻ പറഞ്ഞില്ലേ. അതിലൊരാൾ .മറ്റേത് ഞാനും.” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“എന്നിട്ട് അച്ഛൻ എവിടെ..?”
അവൾ തിരക്കി “സഹോദരിയുടെ വീട് വരെ പോയിരിക്കുകയാണ്.”
“എപ്പോഴാണ് എഴുത്തുകാരൻ്റെ സൃഷ്ടികൾ ജനിക്കുന്നത്.?”
അവൾ ആകാംക്ഷയോടെ തിരക്കി.
“ഭൂമിയേയും ആകാശത്തിനേയും വേർതിരിച്ച വെളിച്ചത്തെ വിഴുങ്ങാനെത്തുന്ന നിശീഥിനിയോട് സല്ലപിക്കാൻ പ്രതീക്ഷയുടെ നീല വെളിച്ചം നൽകുന്ന റാന്തലിന്റെ തിരിയും തെളിച്ച് കാത്തിരിക്കും.
പുലരിയിൽ കൊരുത്ത ഹിമകണങ്ങളിൽ സ്വർണ്ണനിറമെത്തുംവരെ
ഉറവ വറ്റാത്ത ചിന്തകളും മഷി വറ്റാത്ത തൂലികയുമായി കനവുകൾക്ക് നിറംചേർത്ത വാക്കുകൾക്കായി തിരഞ്ഞുകൊണ്ടിരിക്കും.
അങ്ങനെ മനസ്സിൽ തോന്നുന്നതൊക്കെ കുത്തിക്കുറിയ്ക്കും” ഞാൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
” മറുപടിയിലും ഒരു സാഹിത്യ ഭംഗിയുളണ്ടല്ലോ ! അപ്പോൾ എഴുത്തുകാരൻ തന്നെ..!” അവളുടെ വക അഭിനന്ദനം.
” ആലങ്കാരികമായി പറഞ്ഞെന്നേയുള്ളൂ ഒഴിവു സമയങ്ങളിൽ എഴുതുന്നമെന്ന് തോന്നിയാൽ എഴുതും അത്രേയുള്ളു.”
ഞാൻ മന്ദഹസിച്ചു.

“ഈ അടുത്ത വാർഡുകളിൽ എങ്ങും കണ്ടിട്ടില്ലല്ലോ, ഇവിടെയെങ്ങും അല്ലേ താമസം..? പുസ്തകത്തിൽ കണ്ണാടിച്ചു കൊണ്ടിരിക്കുന്ന അവളോട് ഞാൻ തിരക്കി.
” ഞാൻ ഈ പഞ്ചായത്തിൽ വന്നിട്ട് ആറു മാസമേ ആയിട്ടുള്ളൂ. മറ്റു ജോലി ഒന്നും ഇല്ലാത്തതിനാൽ കന്നുകാലി സെൻസസ് എടുക്കാൻ വിളിച്ചപ്പോൾ അപേക്ഷ കൊടുത്തു. അങ്ങനെ വന്നതാണ്.”
അവൾ പുസ്തകത്തിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.
” അപ്പോൾ കുടുംബം..?
“അത് നിങ്ങൾക്കൊരു കഥയെഴുതാനുള്ളത് ഉണ്ട്. ” അവളുടെ മുഖം അല്പം മ്ളാനമായി.
“വിരോധമില്ലെങ്കിൽ പറയൂ, കേൾക്കട്ടെ, എന്നിട്ടു തീരുമാനിക്കാം എഴുതണോ വേണ്ടയോ എന്ന് ” അവൾ തൻ്റെ കഥ പറയുമെന്ന പ്രതീക്ഷയോടെ ഞാൻ പറഞ്ഞു
.
അവൾ തന്റെ കഥ പറഞ്ഞു തുടങ്ങി. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശവാസിയായ തൻ്റെ ഭർത്താവ് മുങ്ങി മരിച്ചെന്നും അതിനുശേഷം ഭർത്താവിന്റെ സഹോദരന്റെ ശല്യം സഹിക്കാൻ വളരെ ബുദ്ധിമുട്ടായി വന്നെന്നും, സ്വന്തം അച്ഛനും അമ്മയും നേരത്തെ മരിച്ചതിനാൽ മറ്റു മാർഗ്ഗമില്ലാതെ ആ ചെറിയ വീടും സ്ഥലവും വിറ്റ് ഭർത്താവിന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം ഈ നാട്ടിലെത്തി ഒരു ചെറിയ വീട് വാങ്ങി താമസമായിട്ട് ആറുമാസമേ ആയുള്ളൂവെന്നും, നാലാം ക്ലാസ്സിൽ പഠിക്കുന്ന ഒരു മകൻ ഉണ്ടെന്നുമെല്ലാം അവൾ വളരെ വിഷാദത്തോടെ പറഞ്ഞു നിർത്തി.

” നീരദ വേറെ ജോലിക്കൊന്നും ശ്രമിക്കുന്നില്ലേ ?”
അവൾ കണ്ണു തുടയ്ക്കുന്നത് കണ്ട് ആ വിഷാദഭാവം മാറ്റുന്നതിനായി ഞാൻ ചോദിച്ചു.
” ഒരു ഹോം ട്യൂഷൻ സെൻ്റർ തുടങ്ങണമെന്നുണ്ട്. ആൾക്കാരുമായി അധികം പരിചയമായിട്ടില്ല. അതിൻ്റെയൊരു ബുദ്ധിമുട്ടുണ്ട്.” ശുഭാപ്തി വിശ്വാസത്തോടെ അവൾ പറഞ്ഞു നിർത്തി.
” അങ്ങനെയെങ്കിൽ ജീവിതമൊക്കെ ഇപ്പോൾ വളരെ ബുദ്ധിമുട്ടായിരിക്കുമല്ലോ..? സഹാനുഭൂതിയോടെ ഞാൻ അന്വേഷിച്ചു.
“ഏയ്, അങ്ങനെയൊന്നുമില്ല. ഭർത്താവിൻ്റെ അച്ഛൻ ലാസ്റ്റ് ഗ്രേഡായിരുന്നു. പെൻഷനുളളതിനാൽ അഡ്ജസ്റ്റ് ചെയ്തു പോകാൻ കഴിയുന്നുണ്ട്.” അവളതു പറഞ്ഞു കൊണ്ട് മഴ തോർന്നോന്നറിയാൻ പുറത്തേക്ക് നോക്കി.

വലിയ മഴ തോർന്നെങ്കിലും ചെറിയ ചാറ്റലുണ്ടായിരുന്നു. അപ്പോഴും അവൾ ടീപ്പോയിൽ നിന്നുമെടുത്ത “മേഘങ്ങൾ പറഞ്ഞ കഥ” എന്ന പുസ്തകത്തിന്റെ ഉൾപ്പേജുകൾ അലക്ഷ്യമായി മറിച്ചു നോക്കുന്നുണ്ടായിരുന്നു.
“ഞാൻ ഒരു കുട തരാം, കുറച്ചു ദിവസം കൂടി ഈ വാർഡിൽ വരുമല്ലോ, ഈ വഴി വരുമ്പോൾ തിരിച്ചു തന്നാൽ മതി. അല്ലെങ്കിൽ അമ്പലത്തിൽ മുന്നിലുള്ള കടയിൽ ഏൽപ്പിച്ചിരുന്നാലും മതി” എന്നു പറഞ്ഞുകൊണ്ട് ഞാൻ അകത്തു നിന്നും ഒരു കുട എടുത്ത് അവൾക്ക് നൽകി. അവൾ അതു വാങ്ങി പുഞ്ചിരിച്ചു. അപ്പോഴും ആ പുസ്തകം അവളുടെ കയ്യിൽത്തന്നെ ഉണ്ടായിരുന്നു.
” ആ പുസ്തകം എടുത്തോളൂ, വെറുതെയിരിക്കുമ്പോൾ വായിക്കാമല്ലാ !” ഞാനത് പറഞ്ഞപ്പോൾ അവൾ ആ പുസ്തകവും ഫയലും ചേർത്തുപിടിച്ച് കുടയുമായി ഹാളിന് വെളിയിലേക്കിറങ്ങി. കുട നിവർത്തി മുറ്റത്തേക്കിറങ്ങി മുന്നോട്ടു നടന്നിട്ട് നീരദ തിരിഞ്ഞുനിന്നു.
” ഈ ഇരുകാലിയുടെ പേര് എന്താണെന്ന് പറഞ്ഞില്ലല്ലോ…! ചിരിച്ചുകൊണ്ടാണ് അവളത് ചോദിച്ചത്.
” ആ പുസ്തകത്തിൻ്റെ പുറത്തുണ്ട് ” മുറ്റത്തേക്കിറങ്ങാനുള്ള പടിയിൽ നിന്ന് പുഞ്ചിരിച്ചു കൊണ്ട് ഞാനതു പറയുമ്പോൾ
ഈറനുടുത്ത മഴപ്പെണ്ണിന്റെ മുടിത്തുമ്പിൽ നിന്നും ജലകണികകൾ ചാറ്റൽ മഴയായി ഊർന്ന് എൻ്റെ മുഖത്തേക്ക് വീണു.

അവൾ അത്ഭുതത്തോടെ ആ പുസ്തകമെടുത്തു കവർ പേജിലേക്ക് നോക്കി.”മേഘങ്ങൾ പറഞ്ഞ കഥ” എന്ന പേരിനു താഴെ എഴുതിയിരിക്കുന്ന രചയിതാവിൻ്റെ പേര് അവൾ ആകാംക്ഷയോടെ വായിച്ചു.
“മുകിൽ…”

അതിനുശേഷം വീണ്ടും പുസ്തകം ഫയലിനോട് ചേർത്തുപിടിച്ച് , എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൾ റോഡിലൂടെ നടന്നകന്നു.

എം.ജി.ബിജുകുമാർ

പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ ബിഎഡും പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമൊക്കെയെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ഒരു കഥാസമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്.

RECENT POSTS
Copyright © . All rights reserved