literature

കാരൂർ സോമൻ

ലോക രാജ്യങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ട രാജ്യമാണ് ഇന്ത്യ. സർവ്വദിക്കുകളിലും പ്രകാശകിരണങ്ങൾ ചിതറിക്കൊണ്ടിരിന്ന രാജ്യത്തിന് ഇന്ന് മങ്ങലേറ്റിരിക്കുന്നു. വിദേശ രാജ്യങ്ങളിൽ പാർക്കുന്ന ഇന്ത്യാക്കാരടക്കം ലോക ജനതയുടെ ശ്രദ്ധ എത്തിനിൽക്കുന്നത് പുണ്യ നദിയായ ഗംഗയിലാണ്. വിശുദ്ധ നദിയായ ഗംഗയിൽ പോയി കുളിക്കുകയും സൂര്യ ഭഗവാനെ പുജിക്കുകയും ചെയ്ത പലരുടേയും മൃതദേഹങ്ങൾ മൃഗങ്ങളെപോലെ ഒഴുകിയൊഴുകി പോകുന്ന കാഴ്ചകൾ ആരോ കാട്ടിയ മഹാപാതകമായിട്ടാണ് തോന്നുന്നത്. ദയനീയമായി വിലപിക്കുന്ന പാവങ്ങളും, യു.പി ഭരണാധിപൻമാരുടെ നിഷ്‌ഠൂരവും മൂഢത്വവും ലജ്ജാവഹവുമായ ഹൃദയത്തെ ദഹിപ്പിക്കുന്ന പ്രവർത്തികളും ആരിലും ആശങ്ക വളർത്തുന്നു. വാസ്തവത്തിൽ കർത്തവ്യബോധമുള്ള, രാഷ്ട്രീയബോധമുള്ള ഒരു ഭരണാധിപൻ ജനത്തിന്റ ശിശ്രുഷകൻ ആകേണ്ടവനാണ്. മനുഷ്യമനസ്സുകളിൽ എന്നും കുളിർമ്മയും സുഗന്ധവും പരത്തുന്ന നദിയിൽ കോവിഡ് ബാധിച്ച ശവശരീരങ്ങൾ ഒഴുകുകയെന്നത് ആരും സ്വപ്നത്തിൽപ്പോലും പ്രതിക്ഷിച്ചതല്ല. പുണ്യ നദികൾ മലിനപ്പെടുത്തുന്നത് ആരാണ്? ഞാൻ ന്യൂഡൽഹിയിൽ ആയിരുന്ന കാലം ഗംഗാനദിക്ക് മുകളിലെ പാലത്തിലൂടെ ട്രെയിനിൽ പോകുമ്പോൾ ഒരു നേർച്ചപോലെ ട്രെയിനിലിരുന്ന് നദിയിലേക്ക് നാണയങ്ങൾ എറിയുന്നവരെ കണ്ടിട്ടുണ്ട്.

കവി സച്ചിദാനന്ദൻ സമൂഹത്തിന്റ ദയനീയാവസ്ഥ മനസ്സിലാക്കി ചില തീവ്രമായ പ്രതികരണങ്ങൾ നടത്തിയപ്പോൾ തലയില്ലാത്ത ഫെയ്‌സ് ബുക്കിൽ തലകൾ പൊങ്ങി വന്ന് അദ്ദേഹത്തിന്റ അക്കൗണ്ട് വരിഞ്ഞു മുറുക്കികെട്ടുകയുണ്ടായി. സാഹിത്യകാരൻ, കവി, എഴുത്തുകാരൻ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന മനുഷ്യത്വ രഹിതമായ പ്രവർത്തികളെ ശക്തമായി അപലപിക്കും. അതിന് ആരും രാഷ്ട്രീയ നിറം കൊടുക്കരുത്. ഒരു ദുരന്തം വരുമ്പോൾ സർക്കാരുകൾ യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടേണ്ടവരല്ലേ? അത് യു.പി. സർക്കാർ, ഡൽഹി സർക്കാരായാലും ചോദ്യം ചെയ്യുക ഒരു പൗരന്റെ മൗലിക അവകാശമാണ്. മൗനികളായിരിക്കാൻ ഇന്ത്യയിൽ രാജഭരണമല്ല.

ഭരണാധികാരികളുടെ ഭാഗത്ത് നിന്ന് ആഴമേറിയ മുറിവുകളുണ്ടാകുമ്പോൾ അധികാര ലഹരിയിൽ മദിക്കുന്നവർക്ക് എഴുത്തുകാർ ഒരു വിലങ്ങുതടിയാണ്. വികലമായ കാഴ്ചപ്പാടുകളുള്ളവരെ ഹൃദയത്തിൽ പുണരുന്ന സങ്കുചിത മനസ്സുള്ളവരല്ല സാഹിത്യ രംഗത്തുള്ളവർ. എല്ലാവരും അധികാരികൾ എറിഞ്ഞുകൊടുക്കുന്ന അപ്പക്കഷണത്തിനായി കാത്തുനിൽക്കുന്നവരുമല്ല. ഭരണത്തിന്റ തലപ്പത്തിരുന്നുകൊണ്ട് മനുഷ്യശരീരങ്ങളെ നദികളിൽ ഒഴുക്കിവിടുന്നതും, കൊറോണയുടെ പേരിൽ ഓക്സിജനും മരുന്നുമില്ലാതെ ജനങ്ങൾ മരിക്കുന്നതും ലോക ജനത കണ്ടിരിക്കില്ല അതിനെ വികാരാർദ്രമായി അപലപിക്കതന്നെ ചെയ്യും. അത് വിദേശ മാധ്യമങ്ങൾ കൊണ്ടാടുന്നു.

യൂ.പി. സർക്കാരിന്റെ സാമൂഹ്യ അടിത്തറ നിലനിർത്തുന്നത് കുറെ മതങ്ങളായതുകൊണ്ടാണ് പുണ്യനദിയിലൂടെ മൃതശരീരങ്ങൾ ഒഴുകിപോകുന്നത് കണ്ടിട്ടും വിശ്വാസികൾ മൗനികളാകുന്നത്. ഈ ദുരവസ്ഥ കണ്ടിട്ടും വിടർന്ന മിഴികളോടെ മതത്തെ പ്രണമിക്കാനാണ് താത്പര്യം. ഈ കൂട്ടർക്കാവശ്യം പൊങ്ങച്ചം പറയുന്ന, മൈതാനപ്രസംഗം നടത്തുന്ന ജനപ്രതിനിധികളെയാണ്. മനുഷ്യരെ വിഭജിച്ചു നിർത്തി മത വർഗീയതയുടെ പേരിൽ ചൂഷണം ചെയ്യുന്നവരെ തിരിച്ചറിയാൻ സാധിക്കുന്നില്ല. അറിവുണ്ടാകാൻ, വായിച്ചു വളരാൻ പുസ്തകങ്ങളോ ലൈബ്രറികളോയില്ല. ഏതാനമുള്ളത് നഗരങ്ങളിൽ മാത്രം. ഒരു പൗരന്റെ മൗലിക അവകാശങ്ങൾ ക്രൂരമായി രാഷ്ട്രീയ മേലാളന്മാർ കാറ്റിൽപറത്തി സമൂഹത്തിൽ അരാജകത്വം നിലനിർത്താൻ അനുവദിക്കരുത്. മുൻകാലങ്ങളിൽ ഇതുപോലുള്ള സമ്പന്നവർഗ്ഗം സമൂഹത്തെ വരിഞ്ഞുമുറുക്കി കെട്ടിയിട്ടിട്ടുണ്ട്. ജനങ്ങളുടെ ജീവനേക്കാൾ സ്വാർഥതാത്പര്യങ്ങൾ വളർത്തുന്നവർ.

കോവിഡ് മരണനിരക്ക് കുറയ്ക്കാനും വാക്സിൻ ഉത്പാദനം കൂട്ടാനുമാണ് ശ്രമങ്ങൾ നടത്തേണ്ടത്. അതിലെ വീഴ്ചകൾ ആളിക്കത്തിക്കുന്നതിലാണ് പലർക്കും താത്പര്യം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത ആൾക്കൂട്ടങ്ങളിൽ നടക്കുന്ന പ്രമുഖരെ ധാരാളമായി കണ്ടു. ജനങ്ങളെ മരണത്തിലേക്ക് നയിക്കുന്നതിൽ ഇവർക്കും നല്ലൊരു പങ്കുണ്ട്. എവിടെയെല്ലാം കോവിഡുണ്ടോ അവിടെയെല്ലാം ഇവരുടെ കാലടിപ്പാടുകൾ പതിഞ്ഞിട്ടുണ്ട്. ഇവരാണ് ജനങ്ങളോട് പറയുന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ഇവരല്ലേ മറ്റുള്ളവർക്ക് മാതൃകയായി ആദ്യം വരേണ്ടത്. ജാഗ്രത പാലിക്കേണ്ടത്. നമ്മുടെ ആരോഗ്യ രംഗം കോവിഡു മൂലം കൂടുതൽ സങ്കീർണമാകുമ്പോൾ മനുഷ്യരെ നിയന്ത്രണത്തിലാക്കാൻ സാധിച്ചില്ലെങ്കിൽ അത് സർവ്വനാശത്തിലേക്ക് നയിക്കും. ഭരണകൂടങ്ങൾ അവരുടെ വിജയം കാഴ്ചവെയ്ക്കേണ്ടത് ഇതുപോലുള്ള അപകടവേളകളിലാണ്. ജനങ്ങളെ ചിന്താകുഴപ്പത്തിലാക്കാതെ കോവിഡിന് എതിരെയുള്ള പോരാട്ടമാണ് എല്ലാവരും നടത്തേണ്ടത്.

ഭരണകൂടത്തിനെതിരെ പ്രതികരിക്കുമ്പോൾ അല്ലെങ്കിൽ അവരുടെ വീഴ്ചകൾ ഗൗരവപൂർവ്വം ചർച്ച ചെയ്യുമ്പോൾ എഴുത്തുകാരെ ഭീഷണിപ്പെടുത്തി മൂലക്കിരുത്താമെന്നത് രാഷ്ട്രീയ ശൂന്യത മാത്രമല്ല മടിശീല ഒളിപ്പിക്കാൻ കൂടിയാണ്. ലോകചരിത്രത്തിൽ വിപ്ലവങ്ങളുടെ, സാമൂഹ്യ മാറ്റത്തിന് പിന്നിൽ എത്രയോ സർഗ്ഗ പ്രതിഭകൾ കടന്നു വന്നിരിക്കുന്നു. “അർത്ഥശാസ്ത്ര” ത്തിന്റ സൃഷ്ടാവും ബി.സി. 297 കളിൽ മൗര്യ ചക്രവർത്തിയായ ചന്ദ്രഗുപ്തന്റെ സഹായിയും ഉപദേഷ്ടാവുമായിരുന്ന ചാണക്യൻ നന്ദരാജവംശത്തെ കുടിലതന്ത്രത്തിലൂടെ ഇല്ലാതാക്കിയത് വിവേകവും മനുഷ്യനന്മയും ഉള്ളതുകൊണ്ടായിരുന്നു. ആ പാരമ്പര്യമാണ് നമുക്കുള്ളത്. അനീതിക്ക് കൂട്ടുനിൽക്കാൻ ഭൂരിപക്ഷം എഴുത്തുകാരും തയ്യാറാകില്ല. ആ പാത പിന്തുടരുന്നവർ ഇന്ന് ചുരുക്കമാണ്. എഴുത്തുകാർ അടച്ചുപൂട്ടിയ മുറിക്കുള്ളിലിരുന്ന് മതമന്ത്ര പൂജകൾ നടത്തുന്നവരല്ല. അവരുടെ ആയുധം അക്ഷരമാണ്.

കോവിഡ് മൂലം ജനങ്ങളിൽ ഉത്ക്കണ്ഠ വർദ്ധിപ്പിച്ചു എന്നതാണ് യാഥാർഥ്യം. ആ കർത്തവ്യബോധത്തിൽ നിന്ന് ആർക്കും ഒഴിഞ്ഞുമാറാൻ സാധിക്കില്ല. എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. പുണ്യ നദിയായ ഗംഗയിൽ ഞാനും കുളിച്ചു ശുദ്ധിവരുത്തിയിട്ടുണ്ട്. അവിടെ മൃതശരീരങ്ങൾ ഒഴുകുന്നതും ഓക്സിജൻ കിട്ടാതെ ജനങ്ങൾ മരണപ്പെടുന്നതും ലോകജനതയെ അമ്പരിപ്പിക്കുന്ന കാര്യമാണ്. ഇത്തരത്തിൽ ഇന്ത്യയുടെ പ്രതിച്ഛായക്ക് അപമാനമുണ്ടാക്കിയവർ തട്ടാമുട്ടി ഉത്തരങ്ങൾ പറഞ്ഞു ഒഴിഞ്ഞുമാറുന്നത് കാലത്തിന്റ ചുവരെഴുത്തുകൾ എന്തെന്ന് അറിയാത്തവരാണ്. ഈ ദുരിതത്തിൽ നിന്ന് മുക്തി നേടാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. അല്ലാതെ പരസ്പരം പഴിചാരലല്ല.

രാഷ്ട്രീയ പാർട്ടികൾ ഏതുമാകട്ടെ. യു പിയിൽ ഇതിനുത്തരവാദികളായ മന്ത്രിമാരെ രാജിവെപ്പിക്കാൻ തയ്യാറായിട്ടില്ല. ഇന്ത്യയിൽ ഇത്ര വലിയ മഹാപാപം ചെയ്തിട്ടും നിർബാധം ഭരണത്തിൽ തുടരുന്നു. ജനങ്ങളുടെ ജീവനേക്കാൾ അവർക്ക് വലുത് അധികാരമാണ്. പ്രിയപ്പെട്ടവരുടെ കണ്ണീരിനെ തടഞ്ഞു നിർത്താൻ, ഗംഗാപ്രവാഹംപോലെ ഉള്ളിലെരിയുന്ന തീയണക്കാൻ ഇവർക്കാകുമോ? ഇവരാരും തപസ്സിൽ ആത്മാവിനെ ബന്ധിച്ചു നിർത്തി പ്രാണൻ പോയവരല്ല അതിലുപരി കോവിഡിനെ കീഴടക്കാൻ ഓക്സിജൻ കിട്ടാതെ ആശുപത്രി കിടക്ക കിട്ടാതെ മരിച്ചവരാണ്. പ്രാണൻ പോയിട്ടും അവരുടെ ശവസംസ്‌കാരം നടത്താൻ സാധിക്കാതെ നദിയിൽ ഒഴുക്കുക ആർക്കാണ് അംഗീകരിക്കാൻ സാധിക്കുക. ഇതിന്റെ ഉത്തരവാദിത്വം ആരാണ് ഏറ്റെടുക്കുക? ഹിമാലയസാനുക്കളിൽ ആർഭാടമായ പൂജാദ്രവ്യങ്ങളൊന്നുമില്ലാതെ കാട്ടുപഴങ്ങളും പച്ചവെള്ളം കുടിച്ചും അതി കഠിനമായ മഞ്ഞിൽ ഭാരത ജനതയ്ക്കായി തപസ്സനുഷ്ഠിച്ച സന്ന്യാസിവര്യന്മാരുടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്. ഇപ്പോൾ സംഭവിച്ചത് അങ്ങനെയല്ല. അതിന്റ മൂലകാരണം കണ്ടെത്തി കുറ്റക്കാരെ ശിക്ഷിക്കാൻ കോടതികൾ മുന്നോട്ട് വരണം.

ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടാതെ വാക്സിൻ നിർമ്മാണം ദ്രുതഗതിയിൽ നടത്താനും ജീവനുവേണ്ടി പോരടിക്കുന്ന പാവങ്ങളോട് സ്‌നേഹവും കാരുണ്യവും കാട്ടാനും എല്ലാവരും മുന്നിട്ടിറങ്ങണം. കൊട്ടാരക്കെട്ടുകളിൽ താമസിക്കുന്ന ഭരണാധികാരികൾ മനസ്സിലാക്കേണ്ടത് ജനങ്ങൾക്ക് വേണ്ടുന്ന സുരക്ഷ, സംരക്ഷണം കൊടുക്കുക മാത്രമല്ല ഓക്സിജൻ, വാക്സിൻ കിട്ടാതെ വന്നാൽ അത് ഭരണ പരാജയമെന്ന് പറയാൻ ഇടയുണ്ടാകും. സാധാരണ സാഹിത്യ രംഗത്തുള്ളവർ ധർമ്മികതയുടെ ശബ്‌ദമാണുയർത്തുന്നത്. അവർ സായുധകലാപത്തിനൊന്നും ആഹ്വാനം ചെയ്തിട്ടില്ല. ജനത്തിനാവശ്യം കരുതലും സ്‌നേഹവുമാണ്. കരുത്തുള്ള ഭരണാധിപന്മാർ നിത്യവും നേട്ടങ്ങൾ കൈവരിക്കുന്ന ലക്ഷ്യബോധമുള്ളവരാകണം. അവിടെയാണ് പുഞ്ചിരി വിടരേണ്ടത് അല്ലാതെ ഭയമോ മരണമോ അല്ല. ശവശരീരങ്ങൾ ദഹിപ്പിക്കാൻ സ്ഥലമില്ലാതെ വന്നാൽ മരുന്നില്ലാതെ മരണത്തിലേക്ക് തള്ളിവിട്ടാൽ രാജവാഴ്ച്ച ഒളിച്ചോടിപ്പോയതുപോലെ ഇന്നത്തെ ജനാധിപത്യവും ഒളിച്ചോടിപ്പോകാൻ സാധ്യതയുണ്ട്.

കടപ്പാട് : ലിമ വേൾഡ് ലൈബ്രറി

ഡോ. ഐഷ വി

ഏത് യുദ്ധവും വലിയ നാശനഷ്ടത്തിലേ കലാശിക്കുകയുള്ളൂ. യുദ്ധത്തിന്റെ തീവ്രതയനുസരിച്ച് നാശത്തിന്റെ അളവും കൂടും. സമാധാനത്തിന്റേയും ശാന്തിയുടേയും വഴിയാണ് നന്മയുടെ വഴി. അത് സ്നേഹവും സാഹോദര്യവും ഊട്ടി ഉറപ്പിക്കുന്നു. ഇന്ന് ലോകം ഒറ്റക്കെട്ടായി കോവിഡ് മഹാമാരിക്കെതിരെയുള്ള യുദ്ധത്തിലാണ്. അതിന് രാജ്യാതിർത്തികളില്ല. ജാതി മത വംശ ഭേദങ്ങളില്ല. മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന യുദ്ധം. കൊറോണയെന്ന സുന്ദരമായ വൈറസിനെതിരെ ഒരേ ലക്ഷ്യത്തോടെയുള്ള യുദ്ധം. ഈ യുദ്ധത്തിൽ മാനവരാശി ജയിക്കണമെന്ന് മനുജൻ ആഗ്രഹിക്കുന്നു. കൊറോണയ്ക്കെതിരെയുള്ള വാക്സിൻ കണ്ടുപിടിക്കുകയും അത് എല്ലാവരിലും എത്തിക്കാനുള്ള ശ്രമങ്ങൾ ലോകമെമ്പാടും നടക്കുന്നു എന്ന കാര്യo സ്തുത്യർഹം തന്നെ. അതിനിടയിൽ വൈറസിന്റെ ജനിതക വ്യതിയാനവും അതുളവാക്കുന്ന ശക്തിമത്തായ രണ്ടാം തരംഗവും മൂന്നാം തരംഗവുമൊക്കെ അതിജീവിക്കാനുള്ള അതി തീവ്ര ശ്രമത്തിലാണ് ലോക ജനത.

അതിനിടയ്ക്കാണ് മഹാമാരിയെ നേരിടുന്ന ജനതയ്ക്ക് പേമാരിയേയും കൊടുംങ്കാറ്റിനേയും നേരിടേണ്ടി വരുന്നത്. അനന്തരഫലങ്ങളായ കടൽ കയറ്റം വെള്ളപ്പൊക്കം എന്നിവ മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടങ്ങൾ സംഭവിക്കുന്നത്. ഒക്കെയും രോഗവ്യാപന സാധ്യതകൾ കൂട്ടുന്ന കാര്യങ്ങൾ. ഇതൊക്കെ പ്രകൃത്യാ നടക്കുന്നത് എന്ന് കരുതാം. എന്നാൽ മനുഷ്യൻ കരുതി കൂട്ടി ചെയ്യുന്ന ചിലയാക്രമണങ്ങൾ കണ്ടില്ലെന്നു നടിക്കാൻ വയ്യ. അതിലൊന്ന് ഈയാഴ്ച നടന്ന ഇസ്രായേലിലേയ്ക്കുള്ള പാലസ്തീന്റെ റോക്കറ്റാക്രമണം. അതിൽ ഒരു മലയാളി വനിത മരണത്തിനിരയാകുകയും ചെയ്തു. അതിനിടയിൽ നിരവധി കെട്ടിടങ്ങൾ തകർന്നടിഞ്ഞ കാഴ്ച . ഇതൊക്കെ കാണുമ്പോൾ മനുഷ്യൻ തലമറന്ന് എണ്ണ തേയ്ക്കുകയാണോ എന്ന് തോന്നിപ്പോകും.

ഈ ലോകത്ത് താമസ സൗകര്യമില്ലാത്ത നിരവധി ജനങ്ങൾ ഉണ്ട്. അപ്പോൾ ഉള്ള കെട്ടിടങ്ങൾ എന്തിന്റെ പേരിലായാലും ഏതു രാജ്യത്തിന്റെ മുതലായാലും ശരി തകർക്കുന്നത് ന്യായീകരിക്കത്തക്ക കാര്യമല്ല. ഓരോ യുദ്ധത്തിലും മരിക്കുന്നത് അച്ഛനമ്മമാരോ മക്കളോ സഹോദരങ്ങളോ ഒക്കെയാകാം. ഒരു രാജ്യം വെട്ടിപിടിച്ചതു കൊണ്ടോ, അന്യ രാജ്യാതിർത്തി കയ്യേറി കുറേക്കൂടി വെട്ടിപിടിച്ചതുകൊണ്ടോ ആരും പ്രത്യേകിച്ചൊന്നും അധികത്തിൽ നേടുന്നില്ല. അപ്പോൾ ഓരോ രാജ്യവും അവനവന്റെ രാജ്യാതിർത്തിയ്ക്കുള്ളിൽ നിന്ന് സർവ്വോന്മുഖമായ വികസനം ജനതയുടെ ക്ഷേമം എന്നിവ കൈവരിക്കാൻ ശ്രമിക്കുന്നതാണ് ഉത്തമമായ വഴി. അതിനാൽ കോവിഡിനെതിരെയുള്ള യുദ്ധം നടക്കുന്ന സമയത്ത് ലോകം മുഴുവൻ സമാധാനത്തിന്റേയും ശാന്തിയുടേയും വഴി തെളിക്കുന്നതാണ് നല്ലത്.

“ലോകാ സമസ്താ സുഖിനോ ഭവന്തു” എന്ന വാക്യം നമുക്ക് സ്മരിക്കാം. പാലിക്കാം.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ജോൺ കുറിഞ്ഞിരപ്പള്ളി

“ഇന്ന് ഫ്രീ ആണല്ലോ, നമുക്ക് ഒരു സിനിമയ്ക്ക് പോയാലോ?” ഞാൻ ജോർജുകുട്ടിയോട് പറഞ്ഞു. കേട്ടപാടെ ജോർജുകുട്ടി പറഞ്ഞു,”തനിക്ക് ഒരു സഹായമായി കൂടെ വരുന്നതിന് വിരോധമില്ല. നിർബന്ധമാണെങ്കിൽ വൈകുന്നേരത്തെ ഭക്ഷണവും കഴിക്കാം. അതിൽ കൂടുതൽ ഒന്നും പറഞ്ഞേക്കരുത്. എനിക്ക് സമയമില്ല.”

ഞങ്ങൾ ഡ്രസ്സു മാറി പുറത്തേക്കിറങ്ങി. സിനിമ കഴിഞ്ഞു വൈകുന്നേരത്തെ ഭക്ഷണവും കഴിച്ചുപോന്നാൽ ഭക്ഷണം ഉണ്ടാക്കുക എന്ന ബോറൻ പരിപാടി ഒഴിവാക്കാം. ഞങ്ങൾ ബസ്‌സ്റ്റോപ്പിൽ എത്തിയപ്പോൾ ദാ,നിൽക്കുന്നു ബിഷപ്പ് ദിനകരനും രണ്ട് ഉപദേശികളും.

“ഞങ്ങൾ ജോർജ് കുട്ടിയെ കാണാൻ അങ്ങോട്ട് വരാൻ തുടങ്ങുകയായിരുന്നു. “ദിനകരൻ പറഞ്ഞു. “നമ്മളുടെ അടുത്ത ബൈബിൾ കൺവെൻഷനെക്കുറിച്ചു ആലോചിക്കാനാണ്.”

“അയ്യോ,ഇന്നുപറ്റില്ല, ഞങ്ങൾ ഒരു സിനിമയ്ക്ക് പോകുകയാണ്.”

“അതുശരി,ഏതാ ഫിലിം?”

“പതിനൊന്നാമത്തെ പ്രമാണം.”,ഞാൻ പെട്ടെന്ന് പറഞ്ഞു. ബിഷപ്പ് ദിനകരൻ എന്നെ ഒന്ന് അടിമുടി നോക്കിയിട്ട് പറഞ്ഞു,”നിങ്ങൾ പോയിട്ട് വാ.”

ഞങ്ങളെല്ലാവരും കൂടി നിൽക്കുന്നതിൽനിന്നും കുറച്ചുദൂരെ ഒരാൾ ഓടി പോകുന്നത് കണ്ടു.” അത് നമ്മളുടെ ഗംഗാധരൻ ആണല്ലോ..” ജോർജ്ജുകുട്ടി പറഞ്ഞു..

” അതെ അത് ഗംഗാധരൻ തന്നെയാണല്ലോ. എന്തോ കുഴപ്പമുണ്ട്. നമ്മൾ ഇടപെടേണ്ടി വരും എന്നാണ് തോന്നുന്നത്.” ഞാൻ പറഞ്ഞു.

” ഗംഗാധരൻ നിൽക്കൂ. എന്തുപറ്റി? എങ്ങോട്ടാണ് താൻ ഓടുന്നത്?”

” ഒരു വഴക്ക് സമാധാനത്തിൽ തീർക്കാൻ പോകുകയാണ്. നിൽക്കാൻ സമയമില്ല.”.

” തന്നെ ഓടിക്കുന്നത് ആരാണ്?ഞങ്ങൾ ഇടപെടണോ?”.

” അയ്യോ വേണ്ട, ഇത് നിങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റുന്ന കാര്യമല്ല.”

” അതെന്താ? തനിക്ക് ഞങ്ങളുടെ കഴിവിൽ വിശ്വാസമില്ലേ?”

“ഇത് ഞാനും ഭാര്യയും തമ്മിലുള്ള പ്രശ്നമാണ്. അവളുടെ അടി കിട്ടാതിരിക്കാൻ ഞാൻ ഓടിയതാണ്”.

ഓടിക്കൊണ്ടിരുന്ന ഗംഗാധരൻ നിന്നു, എന്നിട്ട് പറഞ്ഞു,” നമ്മുടെ കോൺട്രാക്റ്റർ രാജൻ അവശനായി ആശുപത്രിയിലാണ്. നിങ്ങൾ അറിഞ്ഞില്ലേ ?പറ്റുമെങ്കിൽ അതിലൊന്ന് ഇടപെട്.”

“എന്തുപറ്റി? .”

“ആരോ രാജനെ അടിച്ചുവീഴ്ത്തി എന്നാണ് പറയുന്നത്. ശരിക്കും എന്താണ് സംഭവിച്ചത് എന്ന് ആർക്കുമറിയില്ല. രാവിലെ വീട്ടിൽ അടിയേറ്റ് അവശനായി ബോധമില്ലാതെ കിടക്കുന്നത് കണ്ട് അയൽക്കാർ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ ആക്കിയിരിക്കുകയാണ്.”

കോൺട്രാക്ടർ രാജൻ ബ്രൂസിലിയുടെ കടുത്ത ആരാധകനാണ്. രാജൻ കരാട്ടെ ട്രെയിനിങ്ങുകൾ നടത്താറുണ്ട്. കൈയിൽ മിക്കവാറും കരാട്ടെ പ്രാക്ടീസ് ചെയ്യുന്നവർ കൊണ്ടുനടക്കുന്ന ഒരു നിഞ്ച ഉണ്ടാകും. രണ്ടു തടിക്കഷണങ്ങൾ ഒരു ചെയിനിൽ പിടിപ്പിച്ചിരിക്കും. അത് വീശി ആളുകളെ കീഴടക്കുന്ന അഭ്യാസമാണ് രാജൻ്റെ സ്‌പെഷ്യൽ പരിപാടി. ഈ ഉപകരണം രാജൻ സ്വയം നിർമ്മിച്ചതാണ്.

ഉയരം വളരെ കുറഞ്ഞ കുള്ളനായ രാജൻ നിഞ്ച എടുത്ത് ചുഴറ്റുന്നതുകാണുമ്പോൾ ആരും ചിരിച്ചുപോകും..

“ഇനി ഇന്നേതായാലും സിനിമയ്ക്കു പോകണ്ട. നമുക്ക് രാജനെ പോയി കാണാം. ഇങ്ങനെയുള്ളപ്പോഴല്ലേ നമ്മൾ മറ്റുള്ളവരെ സഹായിക്കേണ്ടത്.”ജോർജ് കുട്ടി പറഞ്ഞു.

“അങ്ങനെയാണെങ്കിൽ നമുക്ക് നമ്മുടെ ട്രഷറെയും കൂട്ടണം. അത്യാവശ്യം ഫണ്ട് പിരിക്കണമെങ്കിൽ നാലു പേർ അറിഞ്ഞിരിക്കണ്ടേ?”

ഞങ്ങൾ ജോസഫ് അച്ചായനേയും സെൽവരാജനെയും വിളിച്ചു. വരുന്നതിൽ രണ്ടുപേർക്കും വളരെ സന്തോഷം. അഡ്‌മിറ്റായിരിക്കുന്ന സെൻറ് ഫിലോമിനാസ് ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ രാജൻ നല്ല ഉറക്കത്തിലാണ്.

സൂക്ഷിച്ചുനോക്കിയിട്ട് സെൽവരാജൻ ഒരു ചോദ്യം,”ചത്തുപോയോ?”

അടിയേറ്റ് മുഖത്തിൻറെ ആകൃതി മാറിപ്പോയിരുന്നു. മൂക്കിൻറെ പാലം തകർന്നു പോയാൽ മുഖത്തിൻറെ ആകൃതി മാറാതിരിക്കുമോ?.നല്ല ഒന്നാന്തരം അടിയാണ് കിട്ടിയിരിക്കുന്നത്. മുഖം നീരുവച്ച് വീർത്തിരുന്നു. ഉറക്കം തെളിഞ്ഞു എഴുന്നേറ്റ രാജനോട് ഞങ്ങൾ വിവരങ്ങൾ വിശദമായി ചോദിച്ചു.

” ആരാണ് രാജനെ ആക്രമിച്ചത്? എന്താണ് അതിനുപിന്നിലുള്ള പ്രചോദനം ?” ഇതെല്ലാം ഞങ്ങൾക്ക് അറിയണമായിരുന്നു. ഇത് നമ്മുടെ അസോസിയേഷൻറെ അന്തസ്സിൻ്റെ പ്രശ്നമാണ് . ആരാണെങ്കിലും നമുക്ക് പകരം ചോദിക്കണം”. ഞങ്ങൾ തീരുമാനമെടുത്തു.

രാജൻ പറഞ്ഞു സാരമില്ല, ഞാൻ എല്ലാം ക്ഷമിച്ചിരിക്കുന്നു .”

“അങ്ങനെ താൻ ക്ഷമിച്ചു എന്ന് പറഞ്ഞാൽ ഞങ്ങൾക്ക് ക്ഷമിക്കാൻ കഴിയില്ല. അതിന് പകരം ചോദിക്കണം .”

രാജൻ ഒന്നും മിണ്ടുന്നില്ല.

താൽപര്യമില്ലെന്ന് വളരെ വ്യക്തം.

കുറച്ചു കഴിഞ്ഞു ചുറ്റും നോക്കുന്നത് കണ്ട് അച്ചായൻ ചോദിച്ചു,” രാജൻ എന്താണ് തിരയുന്നത്?”

” എൻറെ മൊബൈൽ കാണുന്നില്ല. അത് വീട്ടിൽ ആണെന്ന് തോന്നുന്നു. എടുത്തു കൊണ്ടു വരാമോ?” “അതിനെന്താ?”

ഞങ്ങൾ തിരിച്ചു പോകുന്ന വഴി ഹൗസ് ഓണറുടെ വീട്ടിൽ നിന്നും താക്കോൽ വാങ്ങി വീട് തുറന്നു. അവിടെ ഒരു സ്റ്റാൻഡിൽ മൊബൈൽ ഉറപ്പിച്ചിരിക്കുന്നു. അപ്പോഴും മൊബൈൽ ഓൺ ആയിരുന്നു.

ഞങ്ങൾ മൊബൈൽ എടുത്ത് നോക്കി. അതിൽ ഒരു വീഡിയോ റെക്കോർഡ് ചെയ്തിരിക്കുന്നു.

രാജൻ മൊബൈൽ ഓൺ ചെയ്തു വെച്ചിട്ട് നിഞ്ച ഉപയോഗിച്ച് പ്രാക്ടീസ് ചെയ്തതാണ് .തൻ്റെ അഭ്യാസം വീഡിയോ എടുത്ത് യൂട്യൂബിൽ ഇടാൻ വേണ്ടി റെക്കോർഡ് ചെയ്തതായിരുന്നു.

രാജൻ ആഞ്ഞുവീശിയപ്പോൾ ലക്ഷ്യം തെറ്റി നിഞ്ച മൂക്കിൽ കൊണ്ടു മൂക്കിൻറെ പാലം തകർന്നു.

എല്ലാം വിഡിയോയിൽ കൃത്യമായി റെക്കോർഡ് ചെയ്തിരിക്കുന്നു.

“ഇനി രാജൻ വെൽഫെയർ ഫണ്ട് വേണ്ടെന്നു വയ്ക്കാം. അല്ലാതെ എന്തുചെയ്യാനാണ്?”

സെൽവരാജൻ പറഞ്ഞു.

എല്ലാവരും സമ്മതിച്ചു.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

ഡോ. ഐഷ വി

“ഇവിടെ നല്ലൊരു കുശിനി ഉണ്ടായിരുന്നതാ . അത് പൊളിച്ച് വയ്ക്കേണ്ടി വന്നപ്പോൾ ഈ പരുവത്തിലായി” . ഗോപാലൻ വല്യച്ഛൻ അമ്മ കൊടുത്ത ചായ ഗ്ലാസ് വാങ്ങി കൊണ്ട് പറഞ്ഞു തുടങ്ങി. വല്യച്ഛൻ ഒരല്പം ചരിത്രം പറഞ്ഞു തുടങ്ങുകയാണെന്ന് എനിക്ക് തോന്നി. തറവാട്ടിൽ മരുമക്കത്തായം വിട്ട് മക്കത്തായമായപ്പോൾ ആദ്യം സ്വതന്ത്രനായത് ഗോപാലൻ വല്യച്ഛനാണ്. പതിനെട്ടാം വയസ്സിൽ തന്നെ കാരണവരുടെ ആശ്രിതനായി കഴിയാതെ സ്വന്തമായി അധ്വാനിച്ച് ജീവിക്കാൻ തീരുമാനിച്ചു. നാട്ടിൽ തന്നെ അധ്വാനിച്ചാൽ വലിയ മേന്മയില്ലെന്ന് തോന്നിയതിനാൽ സിങ്കപ്പൂരിലേയ്ക്ക് പോകാൻ തീരുമാനിച്ചു. അങ്ങനെ നീലമ്മയുടെ സീമന്ത പുത്രൻ സിങ്കപ്പൂരിലേയ്ക്ക് യാത്രയായി. സ്വത്ത് ഭാഗം വച്ച സമയത്ത് പറക്കമുറ്റാതിരുന്ന കൃഷ്ണൻ. കേശവൻ, രാമൻ എന്നിവരുടെ സ്വത്തുക്കൾ നീലമ്മ ഒറ്റപട്ടികയിലാണിട്ടിരുന്നത്. ജ്യേഷ്ഠൻ നാടുവിട്ടതോടെ അനുജന്മാരും പറക്കമുറ്റിയതോടെ ഓരോരുത്തരായി സിങ്കപ്പൂർ ലക്ഷ്യം വച്ച് യാത്രയായി. രണ്ടാo ലോക മഹായുദ്ധവും ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരവും നടക്കുന്ന സമയമായതിനാൽ ശ്രീ സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമിയിൽ (INA) അവർ നാലു പേരും ആകൃഷ്ടരായി. ഐ.എൻ.എ. യിൽ ചേർന്നു.

എല്ലാവരും പോർമുഖത്തായിരുന്നതിനാൽ തീക്ഷണമായ അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടായിരുന്നു. ചിലപ്പോൾ മലേഷ്യൻ കാടുകളിൽ കുടിവെള്ളം പോലും കിട്ടാതെ കഴിയേണ്ടി വന്നിട്ടുണ്ട്. അപ്പോൾ രാത്രി പാറപ്പുറത്ത് വിരിച്ചിട്ടിരിക്കുന്ന വെള്ളമുണ്ടിൽ പറ്റുന്ന മഞ്ഞുകണങ്ങൾ പിഴിഞ്ഞെടുത്തിരുന്ന വെള്ളമായിരുന്നു പലപ്പോഴും ദാഹം ശമിപ്പിച്ചിരുന്നത്. സൈന്യം സിങ്കപ്പൂരിലേയ്ക്ക് നീങ്ങിയപ്പോൾ ബ്രിട്ടൻ സിങ്കപ്പൂർ കറൻസി മാറ്റിയ സമയമായിരുന്നു. നാട്ടിൽ നിന്നും പോയ മറ്റൊരാൾ ഉപേക്ഷിക്കപ്പെട്ട സിങ്കപ്പൂർ കറൻസി ധാരാളം ശേഖരിച്ച് തലയിണയുറകളിൽ കെട്ടിവച്ചു. പിന്നീട് രണ്ടാം ലോക മഹായുദ്ധത്തിനൊടുവിൽ കറൻസി പുന:സ്ഥാപിയ്ക്കപ്പെട്ടപ്പോൾ പണക്കാരനായിത്തീർന്നു.

ഇതിനിടയിൽ യുദ്ധത്തിൽ രാമൻ കൊല്ലപെട്ടു. രാമന്റെ മരണ വാർത്തയറിഞ്ഞ സഹോദരി ലക്ഷ്മി മറ്റുള്ളവർ കൂടി യുദ്ധത്തിൽ മരിച്ചേക്കുമെന്ന ധാരണയാൽ വീടു വച്ചപ്പോൾ മൂവരുടേയും സ്വത്തിലേയ്ക്ക് കയറ്റി വീടുവച്ചു. യുദ്ധം കഴിഞ്ഞ് കുറേ കാലം കൂടി സിങ്കപ്പൂരിൽ തുടർന്ന സഹോദരന്മാർ നാട്ടിലെത്തിയപ്പോൾ കണ്ടത് അവരുടെ പറമ്പിൽ കയറി സഹോദരി വീടു വച്ചിരിക്കുന്നതാണ്. കൃഷ്ണൻ വീടുവച്ചപ്പോൾ കുശിനി നീളത്തിൽ ലക്ഷ്മിയുടെ ഭിത്തിയോട് ചേർന്ന് വരത്തക്കവിധത്തിൽ വച്ചു. സഹോദരന്മാരും സഹോദരിയും തമ്മിലുള്ള തർക്കം മുറുകിയപ്പോൾ മൂന്നാമസ്ഥന്മാരുടെ സാന്നിദ്ധ്യത്തിൽ കൃഷ്ണൻ കുശിനി പൊളിയ്ക്കാമെന്ന വ്യവസ്ഥയിലും ലക്ഷ്മി പുതിയ കിണർ വെട്ടാമെന്ന വ്യവസ്ഥയിലും തർക്കം പരിഹരിക്കപ്പെട്ടു. അങ്ങനെ ഒരു മുറ്റത്ത് രണ്ട് വീടും രണ്ട് കിണറുമായി. കുശിനി പൊളിച്ച് പണിഞ്ഞപ്പോൾ അത് ഒരു വരാന്തയും അടുക്കളയുള്ള ഓല മേഞ്ഞ ചാണകം മെഴുകിയ ഭാഗമായാണ് പണിതത്. ഇതിനിടയിൽ സഹോദരന്മാർ വിവാഹിതരായി. കൃഷ്ണൻ കലയ്ക്കോട് എന്ന സ്ഥലത്തുള്ള ഗോമതിയെയാണ് വിവാഹം ചെയ്തത്. ലക്ഷ്മിയോട് പോരടിച്ച് നിൽക്കാനുള്ള ത്രാണി ഗോമതിയ്ക്ക് ഇല്ലാത്തതിനാൽ കൃഷ്ണനും കുടുബവും വീടും വസ്തുവകകളും കേശവന് വിറ്റിട്ട് കലയ് ക്കോട്ടേയ്ക്ക് താമസം മാറി. സഹോദരന്മാരിൽ കൃഷ്ണൻ മാത്രമേ ഐഎൻഎയിൽ പ്രവർത്തിച്ചിരുന്നതിന്റെ രേഖകൾ പെട്ടിയിൽ സൂക്ഷിച്ചിരുന്നുള്ളൂ. സ്വാതന്ത്ര്യ സമര സേനാനികൾക്ക് പെൻഷൻ അനുവദിച്ചപ്പോൾ കൃഷ്ണന് പെൻഷൻ ലഭിച്ചു. കൃഷ്ണൻ ഐഎൻഎ കൃഷ്ണൻ എന്ന പേരിൽ അറിയപ്പെട്ടു. മറ്റുള്ളവരുടെ ഗൃഹങ്ങളിൽ ശ്രീ സുഭാഷ് ചന്ദ്രബോസിന്റെ ഓരോ ഫോട്ടോകൾ ഭിത്തിയിൽ തൂക്കിയിട്ടിരുന്നു. ഗോപാലൻ വല്യച്ഛൻ പറഞ്ഞ് നിർത്തിയപ്പോൾ എനിക്ക് ഏകദേശ ചരിത്രം പിടി കിട്ടി.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ജോൺ കുറിഞ്ഞിരപ്പള്ളി

എല്ലാ ശനിയാഴ്ചയും സാധാരണ ഞങ്ങൾ കാലത്ത് ഉറങ്ങി എഴുന്നേൽക്കാൻ താമസിക്കും. കൂടുതൽ സമയം കിടന്നുറങ്ങും, അത് ഒരു പതിവ് സംഭവമാണ്. പതിവ് പോലെ ഞങ്ങൾ ഉറക്കത്തിലായിരുന്നു. ഒൻപതുമണി ആയിക്കാണും ഞങ്ങളുടെ വീടിൻ്റെ വാതിലിൽ എന്തോ ശക്തിയായി ഇടിച്ചതുപോലെ ഒരു ശബ്ദം കേട്ടു. എന്തെല്ലാമോ തകർന്നു വീഴുന്നതു പോലെ, ആളുകളുടെ ഉച്ചത്തിലുള്ള സംസാരവും കേൾക്കാം.

വീണ്ടും ഒരിക്കൽ കൂടി ആ ശബ്ദം കേട്ടു. ഞങ്ങൾ ഞെട്ടിപിടഞ്ഞെഴുന്നേറ്റു.

“ഭൂമി കുലുങ്ങിയതാ, എല്ലാം തകർന്ന് വീണു. ഇനി നമ്മൾ എവിടെ താമസിക്കും?ഹൗസ് ഓണർക്ക് വലതും പറ്റിയോ എന്ന് നോക്കണം.”ജോർജ് കുട്ടി പറഞ്ഞു.

“ഇടിവെട്ടിയവനെ പാമ്പുകടിച്ചു എന്ന് പറഞ്ഞതുപോലെയായി.”

“അയ്യോ പാമ്പും കടിച്ചോ? എവിടെ? ആരെ? എന്നിട്ടു പാമ്പെവിടെ?”

കോമഡി കേൾക്കാൻ നിൽക്കാതെ ഞാൻ പോയി വാതിൽ തുറന്നു.

വാതിൽ തുറന്നു ഞാൻ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്നു. പെട്ടെന്ന് , ചിട്ടി നടത്തുന്ന തോമസ് ചേട്ടനും വേറെ പരിചയമുള്ള അഞ്ചാറുപേരും കൂടി ഒന്നും പറയാതെ എന്നെ തള്ളിമാറ്റി തുറന്ന വാതിലിൻ്റെ ഗ്യാപിലൂടെ അകത്തു കയറി. എല്ലാവരും കിട്ടിയ കസേരകളിൽ ഇരിപ്പുറപ്പിച്ചു. എന്താണ് സംഭവിക്കുന്നത് എന്ന് ഞങ്ങൾക്ക് മനസിലായില്ല.

“ഇവിടെ നമ്മൾ മലയാളികൾക്ക് ഒരു അസോസിയേഷൻ ഉണ്ട്. പക്ഷെ എന്താ പ്രയോജനം?പ്രസിഡണ്ടും സെക്രട്ടറിയും മറ്റ് അസോസിയേഷനുകൾ നന്നാക്കാൻ നടക്കുകയാണ്. അതെങ്ങനെയാ, വഴിയേ പോയവനൊക്കെ സിനിമ സംവിധായകനും പ്രൊഡ്യൂസറും എല്ലാം ആണ് എന്നാണ് ഭാവം.”ഒരുത്തൻ കിട്ടിയ സമയം പാഴാക്കാതെ പ്രസംഗം ആരംഭിച്ചു. അയാളുടെ ചൊറിയുന്ന പ്രസംഗം കേൾക്കാൻ എനിക്ക് വലിയ താല്പര്യം തോന്നിയില്ല.

“നിങ്ങൾ കാര്യം എന്താണ് എന്ന് പറയൂ.”

“നമ്മുടെ തോമസ് ചേട്ടനെ ഇവിടെ ചായക്കട നടത്തുന്ന രാമകൃഷ്ണൻ പട്ടിയെ അഴിച്ചുവിട്ടു കടിപ്പിച്ചു. നമ്മൾക്ക് അതിൽ പ്രതിഷേധിക്കണം. അനുശോചന മീറ്റിംഗ് കൂടണം.”അയാൾ പറഞ്ഞു..

“അനുശോചന മീറ്റിങ്ങോ?അതെന്താ?തോമസ് ചേട്ടൻ ചത്തോ?

“ചത്തില്ല. ഞാൻ ഇവിടെയുണ്ട്. “തോമസ് ചേട്ടൻ വിളിച്ചു പറഞ്ഞു.

“ഇപ്പോൾ എന്താ പ്രശനം?”

തോമസ്സ് ചേട്ടൻറെ കൂടെ വന്നവർ പറഞ്ഞു,”തോമസ്സ് ചേട്ടൻ ഇവിടെ ഒരു ചിട്ടി നടത്തുന്നുണ്ട്. ചിട്ടി പിടിച്ചതിനുശേഷം രാമകൃഷ്‌ണൻ തവണ അടയ്ക്കാതെ മുങ്ങി നടക്കുകയായിരുന്നു. ഇന്നലെ കിട്ടാനുള്ള പൈസ പിരിക്കാൻ തോമസ് ചേട്ടൻ രണ്ടുപേരെയും കൂട്ടി രാമകൃഷ്ണന്റെ വീട്ടിൽ ചെന്നപ്പോൾ അയാൾ പട്ടിയെ അഴിച്ചുവിട്ടു, തോമസ്‌ ചേട്ടനെ കടിപ്പിച്ചു. ഇതിന് പകരം ചോദിക്കണം.”

“കടിപ്പിച്ചില്ല, നക്കിയതേയുള്ളു.”തോമസ് ചേട്ടൻ പറഞ്ഞു

“നക്കിയതേയുള്ളു? അപ്പോൾ കുഴപ്പം ഇല്ല. പട്ടിക്ക് തോമസ് ചേട്ടൻ്റെ സ്വഭാവം മനസിലായി എന്ന് ചുരുക്കം. ജോർജ് കുട്ടി പറഞ്ഞു.”

“എന്ത് സ്വഭാവം?”

“നക്കിയാണ് എന്ന് പട്ടിക്ക് മനസ്സിലായിക്കാണും”. ഞാൻ പറഞ്ഞു.

“ഇതിന് ഞങ്ങൾ എന്ത് ചെയ്യണം?പട്ടി നക്കിയ ഭാഗം സോപ്പും വെള്ളവും ഒഴിച്ച് കഴുകിയാൽ മതി. ഇനി പട്ടി കടിച്ചു എന്ന് തോന്നൽ ഉണ്ടെങ്കിൽ കുത്തിവയ്പ്പ് എടുക്കണം.”

“അയ്യോ അതൊന്നും വേണ്ട.”തോമസ്സ് ചേട്ടന് കുത്തി വയ്‌പ്പ് എടുക്കുന്നതിന് പേടിയാണ്.

“അത് പറ്റില്ല. പൊക്കിളിനു ചുറ്റും പതിനാലു കുത്തിവയ്പ്പ് വേണം .ഇപ്പോൾ അത് മൂന്നായി ചുരുക്കിയിട്ടുണ്ട്. നമ്മൾക്ക് പുഷ്പ ക്ലിനിക്കിലേക്ക് പോകാം”

“പോകാം.”എല്ലാവരും ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. പുഷ്പ ക്ലിനിക്കിൽ പോകാൻ എല്ലാവർക്കും നല്ല ഉത്സാഹമാണ്.

“ഞാൻ ഇപ്പോൾ വരാം,” എന്ന് പറഞ്ഞിട്ട് ജോർജ് കുട്ടി വീടിനകത്തേയ്ക്കു കയറിപ്പോയി.

സംഭവം അറിഞ്ഞു പിന്നെയും ഏതാനും പേരുകൂടി വന്നു ചേർന്നു. രാമാകൃഷ്ണനോട് എങ്ങനെ പ്രതികാരം ചെയ്യാം എന്ന് ചിലർ ചർച്ച ചെയ്യുന്നു. വേറെ ചിലർ തോമസ് ചേട്ടനെ പട്ടികടിച്ച വാർത്തയ്ക്ക് പബ്ലിസിറ്റി കൊടുത്ത് എങ്ങനെ നാറ്റിക്കാൻ കഴിയും എന്നു പ്ലാൻ ചെയ്യുകയാണ് എന്ന് മനസ്സിലായി.

രണ്ടു ഗ്രൂപ്പ് തിരിഞ്ഞു ചർച്ചയിലാണ്. തോമസ് ചേട്ടനോട് ചിട്ടി പിരിവിൽ എതിർപ്പുള്ളവർ അയാളെ നാണം കെടുത്താൻ എന്താണ് മാർഗ്ഗം എന്ന് വിചാരിച്ചുള്ള നാടകം ആണ് ഇത് എന്ന് ഞങ്ങൾക്ക് മനസ്സിലായി.

ജോർജ് കുട്ടിയെ കാണുന്നില്ല.

ഞാൻ അകത്തെ മുറിയിൽ നോക്കുമ്പോൾ ജോർജ് കുട്ടി കണ്ണാടിയുടെ മുൻപിൽ നിന്നും പ്രസംഗിക്കുകയാണ്.

“നമ്മളുടെ തോമസ് ചേട്ടനെ പട്ടിയെക്കൊണ്ട് കടിപ്പിച്ചോ എന്ന ചോദ്യത്തിന് എന്താണ് പ്രസക്തി?ഒരാളെ നക്കുന്നത് പട്ടിയാണെങ്കിലും തെറ്റാണ്. ഇത്തരം നക്കിത്തരത്തിന് കൂട്ട് നില്ക്കാൻ നമ്മളുടെ അസോസിയേഷന് കഴിയില്ല. അതുകൊണ്ട് ഇത്തരം സംഭവങ്ങൾ അപലപിക്കപ്പെടേണ്ടതാണ്.”.

“അപ്പോൾ പ്രതിഷേധം കൂടാൻ തീരുമാനിച്ചോ?”

“പിന്നല്ലാതെ? കുറച്ച് നാളായി ഒന്ന് നല്ല രീതിയിൽ പ്രസംഗിച്ചിട്ട്.”

ജോർജ് കുട്ടി പറഞ്ഞു,”പട്ടി കടിച്ചതാണോ നക്കിയതാണോ എന്ന് സശയമുണ്ട്. അതുകൊണ്ട് ഒരു ഡമ്മി പരീക്ഷണം ആവശ്യമാണ്. ഡമ്മിയായി പട്ടിയെ കിട്ടണം. അതല്ലെങ്കിൽ തോമസ് ചേട്ടൻറെ ഒപ്പം വന്ന ആരെങ്കിലും പട്ടി ആയി അഭിനയിച്ചാലും മതി,.ആരാണ് പട്ടി?”

“നമ്മളുടെ കൂടെ പട്ടിയാകാൻ പറ്റിയത് ആരാണ് എന്ന് കണ്ടു പിടിക്കണം. കൂടുതൽ ബഹളം ഉണ്ടാക്കികൊണ്ടിരുന്ന ഒരാളെ ചൂണ്ടി ഒരുചോദ്യം. തനിക്ക് പട്ടി ആകാമോ?”

“ഞാൻ പട്ടി?”

“അതെ താൻ തന്നെ പട്ടി.”എല്ലാവരും കയ്യടിച്ചു.

“പട്ടിയായി അഭിനയിക്കുന്ന ആൾ നാലുകാലിൽ വന്ന് തോമസ്സ് ചേട്ടനെ എങ്ങനെയാണ് കടിച്ചത് എന്ന് അഭിനയിച്ചുകാണിക്കണം.”

ആൾക്കൂട്ടത്തിൽ നിന്നും ഒരാൾ വിളിച്ചു പറഞ്ഞു,”തുടങ്ങുന്നതിന് മുൻപ് ഒന്ന് പറയണേ. വീഡിയോ എടുത്ത് ഫേസ് ബുക്കിൽ ഇട്ടാൽ ഇത് വൈറൽ ആകും.”

ഞങ്ങൾക്ക് ഒരു കാര്യം മനസ്സിലായി, തോമസ്സ്‌ ചേട്ടൻറെ ഒപ്പം വന്നിരിക്കുന്നവർ തോമസുചേട്ടൻ്റെ ശത്രുക്കൾ ആണ്, അയാളെ എങ്ങനെയെങ്കിലും താഴ്ത്തികെട്ടണം, ഇതാണ് അവരുടെ മനസ്സിലിരിപ്പ്..പലരും ചിട്ടി പിടിച്ചിട്ടു പൈസകൊടുക്കാതെ സൂത്രത്തിൽ മാറി നടക്കുന്നവർ ആണ്. എന്നാൽ തോമസ്‌ ചേട്ടന് അത് മനസ്സിലാകുന്നുമില്ല.

“ശരി , തോമസുചേട്ടൻ പുറത്തുപോയിട്ട് , ഇങ്ങോട്ടു തിരിച്ച് നടന്നു വരണം. അപ്പോൾ പട്ടി ആയി അഭിനയിക്കുന്ന ആൾ രാമകൃഷൻറെ പട്ടി ചെയ്തത് എന്താണോ അതുപോലെ ചെയ്യണം.”

പട്ടി ആയിട്ടു അഭിനയിക്കുന്ന ആൾ ചമ്മി. എങ്കിലും അയാൾ അതിനു തയാറായി. അപ്പോൾ ജോർജ് കുട്ടി തൻ്റെ പ്രിയപ്പെട്ട ഗിത്താർ എടുത്തുകൊണ്ടു വന്ന് ഒരു കസേരയിൽ ചാരിവച്ചു. എന്നിട്ട് പറഞ്ഞു, ഇത് മൈൽ കുറ്റിയാണ്.”

മൈൽ കുറ്റിയോ? അതെന്തിനാണ്?”

“അത് തനിക്ക് അറിയില്ലേ? മൈൽ കുറ്റി കണ്ടാൽ ഏതു പട്ടിയും അതിനുമുകളിൽ മൂത്രം ഒഴിക്കും. നമ്മളുടെ ഡമ്മി പരീക്ഷണത്തിന് ഒറിജിനാലിറ്റി വേണ്ടേ? പട്ടിയായി അഭിനയിക്കുന്ന ആൾക്ക് താനൊരു പട്ടിയാണന്നു തോന്നലുണ്ടാക്കാൻ ആണ്.”

ഇപ്പോൾ ഒരു മൊട്ടുസൂചി താഴെ വീണാൽ കേൾക്കാം.

“എവിടെ പട്ടി?”

“ഇതാ പട്ടി നിൽക്കുന്നു”. ഒരാൾ വിളിച്ചുപറഞ്ഞു.

“ഞാനല്ല പട്ടി,താനാണ് പട്ടി”

“ഒരുകാര്യം ചെയ്യൂ,നിങ്ങളിൽ ആരാണ് പാട്ടി എന്ന് തീരുമാനിച്ചിട്ട് ഉച്ചകഴിഞ്ഞു വാ,നമ്മൾക്ക് പരിഹാരം ഉണ്ടാക്കാം.”

തോമസ്‌ ചേട്ടനൊഴിച്ച് എല്ലാവരും സ്ഥലം വിട്ടു. “അപ്പോൾ ഉച്ചകഴിഞ്ഞു വീണ്ടും വരണോ?”

“എൻ്റെ തോമസുചേട്ടാ, അവർ നിങ്ങളെ മണ്ടൻ കളിപ്പിക്കുന്നത് ആണെന്ന് നിങ്ങൾക്ക് മനസ്സിലാകുന്നില്ലല്ലോ. പിന്നെ നിങ്ങളുടെ ചിട്ടി എങ്ങനെ ശരിക്കു നടന്നുപോകും?.”

“അപ്പോൾ എന്നെ പട്ടി കടിച്ചു എന്നുപറയുന്നതിൽ വാസ്തവം ഇല്ല എന്ന് നിങ്ങൾക്ക് മനസിലായി. അത് മതി.”

“പാവം തോമസുചേട്ടൻ”,ഞങ്ങൾ രണ്ടുപേരും ഒന്നിച്ച് പറഞ്ഞുപോയി.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

ഡോ. ഐഷ വി

ഒരു പത്ത് പതിനേഴ് വർഷം കഴിഞ്ഞു കാണും കേരളത്തിൽ വിവിധയിനം പനികൾ വാർത്തയായിട്ട്. ചിക്കുൻ ഗുനിയ, ഡെംഗി പനി, തക്കാളിപ്പനി, പക്ഷിപ്പനി, പന്നിപനി, എലിപ്പനി എന്നിങ്ങനെ വൈവിധ്യമാർന്ന പനികൾ. ഞങ്ങളുടെ കുട്ടിക്കാലത്ത് ജൂൺ മാസം സ്കൂളു തുറക്കുമ്പോൾ ഒരു പനി സാധാരണ സ്കൂൾ കുട്ടികൾക്ക് വരാറുണ്ടായിരുന്നു. രണ്ടാഴ്ചയോളം പനിച്ച് വിറച്ച് കിടക്കുന്ന “ഫ്ലു” എന്ന പനി. ഇൻഫ്ലുവൻസ വൈറസ് മൂലം വരുന്ന പനി. പലപ്പോഴും സ്കൂൾ കുട്ടികൾ കടുത്ത പനി മൂലം പിച്ചും പേയും പറയുന്ന അവസ്ഥയിലും അസ്ഥി വരെ കഴയ്ക്കുന്ന ക്ഷീണത്തിലും ആകാറുണ്ടായിരുന്നു ആ പനിക്കാലത്ത്. ചിലപ്പോൾ കുട്ടികളിൽ നിന്ന് മുതിർന്നവർക്കും പനി പകർന്നു കിട്ടും. മിക്ക വീടുകളിലും ചുക്ക് , കുരുമുളക്, കരുപ്പട്ടി, തുളസിയില തുടങ്ങിയവ ഇട്ടുണ്ടാക്കുന്ന കാപ്പി കുടിയ്ക്കുന്നതു കൊണ്ട് തന്നെ മുതിർന്നവരുടെ പനി മാറി കിട്ടും. പുട്ടു കുടത്തിൽ കുരുമുളകിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിന്റെ ആവി ഒരു പുതപ്പിട്ട് മൂടി പുതച്ച് പല പ്രാവശ്യം കൊള്ളുന്നതോടെ ആള് ഉഷാറാകും. കുട്ടികൾ ശരിയായി ഭക്ഷണം കഴിയ്ക്കാത്തതു കൊണ്ടും ആവി കൊള്ളാത്തതു കൊണ്ടും പലപ്പോഴും ഡോക്ടറുടെ അടുത്തു കൊണ്ടുപോകേണ്ടിവരും. കുട്ടികളാവുമ്പോൾ ബാലാരിഷ്ടതകൾ കൂടും.

കാസർഗോഡായിരുന്നപ്പോൾ ഡോക്ടർ റേ ആയിരുന്നു ഞങ്ങളെ ചികിത്സിച്ചിരുന്നത്. ഡോക്ടർ റേ ഞങ്ങൾക്ക് പല നിറത്തിലുള്ള മധുരമുള്ള സിറപ്പുകളും ഇളം മഞ്ഞ കലർന്ന അല്പം കയ്പ്പുള്ള മരുന്നും തന്നിരുന്നു. നാട്ടിലെത്തിയപ്പോൾ മുതൽ വല്യമാമൻ തന്നെയായിരുന്നു ഞങ്ങളെ ചികിത്സിച്ചിരുന്നത്. പനിയുള്ളപ്പോൾ ലഘു ഭക്ഷണം കഴിയ്ക്കുന്നതാണ് നല്ലത്. എങ്കിലും പനിച്ച് ഒരാഴ്ച കഴിയുമ്പോൾ ആക്രാന്തം മൂത്ത് അമ്മ കാണാതെ കപ്പലണ്ടി വാരിത്തിന്ന് വൈകുന്നേരമായപ്പോൾ പനി കൂടി വല്യമാമന്റെ അടുത്തേയ്ക്ക് പോകേണ്ട അനുഭവവും എനിയ്ക്കുണ്ടായിട്ടുണ്ട്. വല്യമാമൻ ആന്റിബയോട്ടിയ്ക്കുകൾക്കൊപ്പം വൈറ്റമിൻ ഗുളിക കൂടി ഞങ്ങൾക്ക് തന്നിരുന്നു.

നന്നായി പനിച്ച് ശരീരോഷ്മാവ് കൂടുന്ന സന്ദർഭങ്ങളിൽ അച്ഛൻ ഉറക്കമൊഴിഞ്ഞിരുന്ന് ഞങ്ങളുടെ നെറ്റിയിൽ കോട്ടൻതുണിക്കഷണം നനച്ച് ഇട്ട് തന്നിട്ടുണ്ട്. പനിച്ച് വായ കയ്ക്കുന്ന സന്ദർഭങ്ങളിൽ ചിലപ്പോൾ ഞങ്ങൾ ആഹാരം കഴിയ്ക്കാതെ കിടക്കും. അപ്പോൾ അമ്മ ചായ ഇട്ടു കൊണ്ടു വരട്ടേയെന്ന് ചോദിക്കും. വേണ്ടെന്ന് പറയുമെങ്കിലും അമ്മ ചായ ഇട്ടുകൊണ്ടുവരുമ്പോൾ ഞങ്ങളത് കുടിക്കും. തീരെ പനിച്ച് കിടക്കുമ്പോൾ ഊർജ്വസ്വലരാകാൻ നല്ല ചൂടു ചായ കുടിക്കുന്നത് നല്ലതായി എനിക്ക് തോന്നിയിട്ടുണ്ട്. പിൽക്കാലത്ത് ഡിഗ്രിയ്ക്ക് ഇംഗ്ലീഷ് ക്ലാസ്സിൽ “Admirable Chriton” എന്ന പാഠത്തിൽ “Nothing like a cup of tea to settle the nerves” എന്ന വരി പഠിക്കുമ്പോൾ ഈ പനിക്കാലത്ത് ചായ കുടിച്ച ഓർമ്മയായിരുന്നു എന്റെ മനസ്സിൽ. പനിക്കാലത്ത് ഉറക്കമിളച്ചിരുന്ന് മക്കളെ നോക്കുന്ന മാതാപിതാക്കളുടെ വാത്സല്യം നമ്മൾ പ്രത്യേകം സ്മരിക്കേണ്ടതു തന്നെ.

വൈറസ് ബാധിച്ച ശരീരം അതിന്റെ പ്രതിരോധ ശേഷി ഊഷ്മാവ് കൂട്ടിയാണ് കാണിക്കുന്നത്. നന്നായി പ്രതികരിക്കുന്ന പ്രതിരോധിയ്ക്കുന്ന ശരീരം ഊഷ്മാവ് കൂട്ടുകയും ജലദോഷം ചുമ മുതലായവയിലൂടെ കഫം പുറന്തള്ളി രോഗാവസ്ഥയ്ക്ക് ശമനമുണ്ടാക്കുകയും ചെയ്യുന്നു. അതിന് കഴിയാതെ വരുന്ന സന്ദർഭങ്ങളിൽ ശരീരത്തിന് കീഴടങ്ങേണ്ടിവരുന്നു.

അന്നത്തെ ” ഫ്ലു” , ഈ കഴിഞ്ഞ 20 വർഷത്തിനകം ഞാൻ കണ്ടിട്ടും അനുഭവിച്ചിട്ടും ഇല്ല. ആ വൈറസ് എങ്ങു പോയി മറഞ്ഞെന്നാണ് എന്റെ സംശയം. പകരം ഓരോ വർഷവും പുതിയ പേരിലുള്ള പനികളാണ്.

രോഗം വരാതെ നോക്കുന്നതാണ് വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത്. അതിനായി വല്യമാമൻ എല്ലാ വർഷവും ഞങ്ങൾക്ക് വയറിളക്കാനുള്ള മരുന്ന് ( മിക്കവാറും ആവണക്കെണ്ണ) തന്നിരുന്നു. പിന്നെ ദശമൂലാരിഷ്ടം കഴിയ്ക്കുന്നതും ഇന്ദുകാന്തം നെയ്യ് സേവിക്കുന്നതും പ്രതിരോധശേഷി കൂട്ടിയിരുന്നു. ചിലപ്പോൾ ദശമൂല കടുത്രയം കഷായവും കഴിച്ചിട്ടുണ്ട്. ഈ മരുന്നുകൾ അക്കാലത്ത് അമ്മയുടെ വീട്ടിൽത്തന്നെ ഉണ്ടാക്കിയിരുന്നതിനാൽ ദശമൂലങ്ങളും ചേരുമെന്ന് ഉറപ്പായിരുന്നു.

പനി വന്ന് പോകാറാവുമ്പോൾ ശരീരം നന്നായി വിയർക്കും. തല കൂടി വിയർക്കുന്നതോടെ തലയിൽ പേനുണ്ടെങ്കിൽ അവ കൂടി മുടിയുടെ ഇടയിൽ നിന്നും പുറത്തേയ്ക്ക് വരും. അതിനെ കൂടി കൊല്ലുന്നതോടെ നമ്മുടെ തലയും ക്ലീൻ. അത് പനിയുടെ ധനാത്മക വശമായി എനിക്ക് തോന്നിയിട്ടുണ്ട്. കൃത്യമായി എല്ലാ വർഷവും കർക്കിടക ചികത്സ ചെയ്യുന്ന ചിലരേയും ഞാൻ കണ്ടിട്ടുണ്ട്. അങ്ങനെ കർക്കിടക ചികിത്സ ചെയ്യുന്നവർക്ക് മറ്റസുഖങ്ങളൊന്നും വന്ന് കണ്ടിട്ടില്ല. കാരണം അവരുടെ ശരീരത്തിലെ മാലിന്യങ്ങൾ മുഴുവൻ ഈ കർക്കിടക ചികിത്സ കൊണ്ട് പുറന്തള്ളിയിരിയ്ക്കും.

ഈ കൊറോണക്കാലത്തും രോഗ പ്രതിരോധ ശേഷി കൂട്ടത്തക്ക തരത്തിലുള്ള ഭക്ഷണങ്ങളും പ്രതിരോധത്തിന് സ്വീകരിക്കേണ്ട മാർഗ്ഗങ്ങളായ സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസർ, മാസ്ക് എന്നിവ ഉപയോഗിയ്ക്കുക, യാത്ര കുറയ്ക്കുക, ആഘോഷങ്ങളും ചടങ്ങുകളും കുറയ്ക്കുക, വാക്സിൻ എടുക്കുക. ഈ കൊറോണാക്കാലത്തെ ലളിത ജീവിതം തുടർന്നും കൊണ്ടുപോവുക എന്നിവ ഉത്തമമായിരിയ്ക്കും. രോഗം വരാതെ നോക്കുന്നതായിരിക്കും വന്നിട്ട് ഓക്സിജൻ കിട്ടാതെ മരിക്കുന്നതിനേക്കാൾ നല്ലത്. അതിനാൽ ജാഗ്രതൈ.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ജോൺ കുറിഞ്ഞിരപ്പള്ളി

നാടകവും സ്റ്റേജിലെ പ്രശ്നങ്ങളും കാണികളുടെ ഇടപെടലും എല്ലാം കൂടി ആയപ്പോൾ കാര്യങ്ങൾ ഞങ്ങളുടെ കൈയിൽ നിന്ന് കൈ വിട്ടുപോയിരുന്നു. ഞങ്ങൾ രണ്ടുപേരും വെറുതെ നാട്ടുകാരുടെ തല്ലുകൊള്ളാൻ നിൽക്കാതെ ഓടി രക്ഷപെടുക എന്ന് തീരുമാനിച്ചു.

സംഘാടകർ ഞങ്ങൾ മുങ്ങും എന്ന് മനസ്സിലാക്കി, രണ്ടുമൂന്നുപേർ ഓടിവന്നു. നേരത്തെ സംവിധായകനെ അന്വേഷിച്ചുവന്ന ആ രണ്ടുപേരും കൂട്ടത്തിലുണ്ട്.

“അയ്യോ ചതിക്കരുത് മാഷെ, ഞങ്ങൾ ഉപദ്രവിക്കാൻ വന്നതല്ല. മറ്റേ ഗ്രൂപ്പ് അടി ഉണ്ടാക്കിയാൽ നിങ്ങൾക്ക് പ്രൊട്ടക്ഷൻ തരാൻ വന്നതാണ്.”

സ്റ്റേജിൽ പരിപാടികൾ അലങ്കോലം ആയിക്കഴിഞ്ഞിരുന്നു. ഭാഗ്യത്തിന് കർട്ടൻ വലിക്കുന്നവന് അല്പം കലാബോധം ഉണ്ടായിരുന്നതുകൊണ്ട് അവൻ കർട്ടൻ ഇട്ട് തൽക്കാലം കാണികളിൽ നിന്നും സ്റ്റേജിലെ ബഹളം മറച്ചു.

ജോർജുകുട്ടി പറഞ്ഞു,” ഇദ്ദേഹം ഒരു പ്രസിദ്ധനായ സംവിധായകനാണ്. ഒരു തരത്തിൽ നിർബ്ബന്ധിച്ച് കൂട്ടിക്കൊണ്ടുവന്നതാണ്. അവസാനം ഇങ്ങനെ ആയി. ഇനി ഞങ്ങൾ എന്ത് ചെയ്യാനാണ്? ഞങ്ങൾക്ക് പോകണം.”

“കഴിഞ്ഞത് കഴിഞ്ഞു,നമ്മുക്ക് ബാക്കികൂടി നടത്തണം. ഇല്ലെങ്കിൽ നാട്ടുകാർ ഞങ്ങളെ തല്ലിക്കൊല്ലും.”

“ജോർജ് കുട്ടി എന്നെ നോക്കി ഒരു ചോദ്യം,”സാർ,എന്ത് ചെയ്യണം ?”

ഞാൻ ഒന്നും മിണ്ടാതെ നിന്നു.

“പണിയുണ്ട്. ചേട്ടൻ ഒന്നിങ്ങു വന്നേ.”

നേതാവിനെ വിളിച്ചു ജോർജ് കുട്ടി മാറ്റി നിർത്തി എന്തോ പറഞ്ഞു.

അയാൾ പറഞ്ഞു,”നോക്കട്ടെ,”

“എടാ,നിൻറെ ചേട്ടൻ ഇന്നലെ വിദേശത്തുനിന്നും വന്നതല്ലേ?ഒരു കുപ്പി സംഘടിപ്പിക്കാമോ എന്ന് നോക്ക്.”

ഒരു അഞ്ചു മിനിട്ടുകഴിഞ്ഞില്ല, ഒരു ഷിവാസ് റീഗൽ വിസ്കി ബോട്ടിലുമായി അയാൾ തിരിച്ചുവന്നു.

ആദ്യ പെഗ്ഗ്‌ എനിക്കുതന്നെ തന്നു.

ജോർജ് കുട്ടി പറഞ്ഞു,”പ്രസിദ്ധ റഷ്യൻ സാഹിത്യകാരൻ ആൻറൺ മാക്രോവിസ്കിയുടെ ,ദി റോഡ് ഗോസ് ടു സീ ,എന്ന കഥ മലയാളത്തിലേക്ക് തർജമ ചെയ്ത് ഇദ്ദേഹം തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. ആൻറൺ മാക്രോവിസ്കിയുടെ,ക ടലിലേക്ക് പോകുന്ന റോഡ് എന്ന പുസ്തകം വായിച്ചിട്ടുണ്ടോ ആരെങ്കിലും?”

“ഞാൻ വായിച്ചിട്ടുണ്ട്”. കൂട്ടത്തിൽ ഒരാൾ പറഞ്ഞു.

“കണ്ടോ അദ്ദേഹം വായിച്ചുട്ടുണ്ട്. ഇപ്പോൾ അദ്ദേഹം ആ കഥ ചുരുക്കി പറയും.”

പുസ്തകം വായിച്ചിട്ടുണ്ട് എന്ന് പറഞ്ഞയാൾ ഒന്ന് ചമ്മി.

“കുറേക്കാലം മുൻപ് വായിച്ചതാണ്. ഇപ്പോൾ ശരിക്കും ഓർക്കുന്നില്ല.”

“അതാണ് മാക്രോവിസ്ക്കിയുടെ പുസ്തകത്തിൻ്റെ പ്രത്യേകത.വായിച്ചവർ ഓർത്തിരിക്കില്ല. “പുസ്തകം വായിച്ചു എന്ന് പറഞ്ഞവൻ മുങ്ങിക്കഴിഞ്ഞിരുന്നു.

“അതെ നമ്മൾ വായിച്ചാൽ കരഞ്ഞുപോകും. അടുത്തുതന്നെ ഫിലിം ഷൂട്ടിംഗ് ആരംഭിക്കും.”

“എങ്കിൽ വായിക്കാതെ ഇരുന്നാൽ പ്രശനം ഇല്ലല്ലോ?”ഒരുത്തൻ ഗോൾപോസ്റ്റിലേക്ക് ബോൾ അടിച്ചു.

“വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും, നിങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. “കുഞ്ഞുണ്ണി മാഷിനെ ഉദ്ധരിച്ചു ജോർജ് കുട്ടി പറഞ്ഞു.

ഷൂട്ടിങ് ഉടനെ ആരംഭിക്കും എന്ന് കേട്ടപ്പോൾ അതുവരെ അലമ്പായിരുന്നവരെല്ലാം വേഗം ഡീസൻറ് ആയി. ബോട്ടിലുകൾ പിന്നെയും രണ്ടെണ്ണം കൂടി വന്നു.

ഒരാൾ ഒരു പെഗ്ഗ് സ്പെഷ്യലായി ഒരു ഗ്ലാസ്സിൽ ഒഴിച്ച് എനിക്കും ജോർജ് കുട്ടിക്കും തന്നുകൊണ്ട് പറഞ്ഞു,”സാറെ, ഒരു ചെറിയ റോളു മതി എൻ്റെ കാര്യം കൂടി ഒന്നു പരിഗണിക്കണേ “.

ഞങ്ങൾ രണ്ടുപേരും അത് വാങ്ങിയില്ല. ജോർജ് കുട്ടി പറഞ്ഞു,”ഷിവാസ് റീഗൽ ബോട്ടിലിൽ മാക്ഡോവൽസ് ഒഴിച്ചാൽ ഞങ്ങൾക്ക് തിരിയാതിരിക്കാൻ ഞങ്ങൾ വെറും ഉണ്ണാക്കന്മാരാണ് എന്ന് വിചാരിച്ചോ,? ഡോണ്ട് റിപ്പീറ്റ് ഇറ്റ് എഗൈൻ. മനസ്സിലായോ?”

അയാൾ വെളുത്തു വിളറി

എല്ലാവരും കൂടി ഞങ്ങളെ രണ്ടു പേരെയും പൊക്കി തോളിൽ ഇരുത്തി സ്റ്റേജിലേക്ക് നടന്നു. സ്റ്റേജിൽ പരിപാടികളെല്ലാം മൊത്തം അലങ്കോലമായി കഴിഞ്ഞിരുന്നു. അവരുടെ പ്രസിഡണ്ട് സ്റ്റേജിൽ കയറി പരിപാടികൾ താമസിച്ചതിന് ക്ഷമ പറഞ്ഞു.

നാടകം വീണ്ടും ആരംഭിച്ചു.

നാടകത്തിൽ അമ്മായിഅമ്മ മരിച്ചുകിടക്കുമ്പോൾ മരുമകൾ തല്ലി അലച്ചുകരയുന്ന ഒരു സീൻ ഉണ്ട്. നടി കർട്ടൻ ഉയരുന്നതിനുമുമ്പ് എൻ്റെ അടുത്ത് വന്നു. “എനിക്ക് കരയാൻ അറിയില്ല.”

“അമ്മ മരിച്ചുകിടക്കുകയാണ് എന്ന് വിചാരിച്ചാൽ മതി. അപ്പോൾ കരച്ചിൽ വന്നോളും.”

“പക്ഷെ ഇത് അമ്മായിഅമ്മയല്ലേ?”

“അതിനെന്താ?”

“അമ്മായിഅമ്മ മരിക്കുമ്പോൾ ആരെങ്കിലും കരയുമോ ?ചിരിക്കുകയല്ലേ ചെയ്യുക?എനിക്ക് കരയാൻ അറിയില്ല.”

“എങ്കിൽ കരയുന്ന സീൻ വരുമ്പോൾ മുഖം പൊത്തി കുനിഞ്ഞു നിൽക്കുക. ഞങ്ങൾ കരച്ചിൽ ശബ്ദം കേൾപ്പിച്ചോളാം.”

നടി സമ്മതിച്ചു.

അമ്മായിഅമ്മ മരിക്കുന്നതിനു മുമ്പ് ഭർത്താവു ഭാര്യയോട് ദേഷ്യപ്പെട്ടു വാതിൽ ശക്തിയായി വലിച്ചടയ്ക്കുന്ന ഒരു സീൻ ഉണ്ട്. അയാൾ വാതിൽ അയാളുടെ മുഴുവൻ ശക്തിയും എടുത്ത് വലിച്ചടച്ചു. സ്റ്റേജിൽ ഫിറ്റു ചെയ്‌ത്‌ വച്ചിരുന്ന വീടിൻ്റെ കട്ടഔട്ടർ ഒരു കഷ്ണം ഒടിഞ്ഞു നടിയുടെ തലയിലേക്ക് വീണു. നടി ഉച്ചത്തിൽ നിലവിളിച്ചു.

നായകൻ സ്റ്റേജിലേക്ക് വരുന്നതിനു മുൻപ് എന്നോട് ചോദിച്ചു, നായികയുടെ തലയിൽ പട്ടിക കഷ്ണം വീണു മോങ്ങുന്നു. നാടകം നിർത്തി അവർക്ക് എന്ത് പറ്റി എന്ന് നോക്കണ്ടേ?”

“വേണ്ട,താൻ കേറിചെന്ന് തൻ്റെ ഡയലോഗ് പറയൂ. നല്ല ഒറിജിനാലിറ്റിയാണ് ഇപ്പോൾ.”

നാടകം ഭംഗിയായി നടന്നു.

നാടകം അവസാനിച്ചപ്പോൾ സംഘാടകരിൽ ഒരാൾ സ്റ്റേജിലേക്ക് വന്നു.

“ഈ നാടകത്തിൽ ഏറ്റവും നന്നായി അഭിനയിച്ച നമ്മളുടെ പ്രിയപ്പെട്ട നടിക്ക് ഒരു ക്യാഷ് അവാർഡ് ഞാൻ കൊടുക്കുവാൻ തീരുമാനിച്ചു”.

അയാൾ പതിനായിരം രൂപയുടെ ഒരു ചെക്ക് കവറിലിട്ട് നടിക്ക് കൊടുത്തു.

കാണികൾ ആരും കൈ അടിച്ചില്ല.

സംവിധായകൻ പറഞ്ഞു,”ഈ മനോഹര നിമിഷത്തിൽ എല്ലാവരും അവാർഡ് കിട്ടിയ നടിയെയും അത് കൊടുത്ത ആളെയും കൈയടിച്ചു പ്രോത്സാഹിപ്പിക്കുക.”

“ഞങ്ങളുടെ പട്ടി കൈയ്യടിക്കും. അയാളുടെ ഭാര്യക്ക് അയാൾ തന്നെ അവാർഡ് കൊടുക്കുമ്പോൾ. “സദസ്സിൽ നിന്നും ആരോ വിളിച്ചുപറഞ്ഞു.

കുറുക്കന്മാരുടെ അവതാരങ്ങൾ കിട്ടിയ അവസരം ശരിക്കും ഉപയോഗിച്ചു.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

സുരേഷ് നാരായണൻ

തെരുവോരത്തെ
പോപ്ലാർ
വൃക്ഷനിരകളപ്പാടെ
തലകുനിച്ചു നിശബ്ദരായ് നിന്നിരുന്നു.

നിർബാധം പച്ചിലകൾ പൊഴിച്ചിട്ടുകൊണ്ട്,
തങ്ങളുടെ ചുവട്ടിലഭയം പ്രാപിച്ച പ്രവാഹങ്ങളെ മൂടുവാനവർ ശ്രമിച്ചു.

ഫാക്ടറിസൈറനുകളും വെടിയൊച്ചകളും മത്സരിച്ചു മുഴങ്ങി.

അതികാലത്തെഴുന്നേറ്റ്
അച്ചടക്കത്തോടെ ഫാക്ടറിയിലേക്ക് പോയവർ…

അവരുടെ രക്തമാണ് തെരുവിനെ കീഴടക്കിയിരിക്കുന്നത്.

തെരുവിൻറെ മറ്റേയറ്റത്തുനിന്നപ്പോൾ
ദിമിത്രിയുടെ വിലാപം കേട്ടു;ബധിരനായ ചെരുപ്പുകുത്തി.

“എന്തുകൊണ്ടിത്ര നേരമായിട്ടും
ഫാക്ടറിത്തൊഴിലാളികളാരും
അവരുടെ പഴഞ്ചൻ തുകൽ ഷൂസുകൾ
നന്നാക്കുവാൻ കൊണ്ടുവരുന്നില്ല?”

ദൈവമേ,
അയാളോടു
ഞാനെന്തുപറയും;
അഥവാ
എങ്ങനെ പറയും?

തൊഴിലാളികളെല്ലാം കൊല്ലപ്പെട്ടുവെന്നോ..
സെൻറ് പീറ്റേഴ്സ് ബസിലിക്കയുടെ
പിന്നാമ്പുറത്തുള്ള പാഴ്ഭൂമി
വിലപിച്ചു വിറങ്ങലിച്ചുകൊണ്ടാ
ശരീരങ്ങളെയത്രയും ഏറ്റുവാങ്ങിയെന്നോ…..

ഒക്ടോബർ
നീയെന്തു പറയുന്നു?
നിനക്കിത്രയും രക്തം ആവശ്യമുണ്ടായിരുന്നോ?

 

സുരേഷ് നാരായണൻ

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി .16 വർഷത്തെ ബാങ്കിംഗ് പരിചയം. ഇപ്പോൾ ധനലക്ഷ്മി ബാങ്കിൽ .ജോലിയോടൊപ്പം എഴുത്ത്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, യാത്രകൾ അങ്ങനെ തുടർന്നു പോരുന്നു. മാധ്യമം, പ്രസാധകൻ, രിസാല,കലാകൗമുദി, ദേശാഭിമാനി, മംഗളം ഉൾപ്പെടെയുള്ള ആനുകാലികങ്ങളിലും, മാതൃഭൂമി, മനോരമ ഉൾപ്പെടെ നിരവധി ഓൺലൈൻ പോർട്ടൽ മാസികകളിലും കഥ, കവിത, ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മലയാളം ഷോർട്ട് ഫിലിമുകളും ചെയ്തിട്ടുണ്ട്. പ്രഥമ കവിതാ സമാഹാരം വയലിൻ പൂക്കുന്ന  മരം കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങി. എൻ വി ഭാസ്കരൻ  കവിതാപുരസ്കാരജേതാവ്

ബിനോയ് എം. ജെ.

അസ്ഥിത്വവാദം(Existentialism) വെറുമൊരു തത്വചിന്ത അല്ല മറിച്ച് അത് നമ്മുടെ തന്നെ തത്വചിന്ത വളർത്തിയെടുക്കുന്നതിന് നമ്മെ സഹായിക്കുന്ന ചിന്താപദ്ധതിയാണ്. സാധാരണയായി കൗമാരപ്രായം ആകുമ്പോഴേക്കും ഒരു കുട്ടി സ്വന്തം തത്വചിന്ത ഉപേക്ഷിക്കുകയും സമൂഹത്തിൻറെ തത്വചിന്ത സ്വീകരിക്കുകയും ചെയ്യുന്നതായാണ് കാണപ്പെടുന്നത്. ഇതിനെ സാമൂഹ്യവൽക്കരണം(socialisation) എന്ന് വിളിക്കുന്നു . ഇത് സാധ്യമാകുന്നത് അനുകരണത്തിലൂടെയും ആണ് . ഇപ്രകാരം സമൂഹത്തിലെ എല്ലാ വ്യക്തികൾക്കും ഏതാണ്ട് ഒരേ മനോഭാവവും ഒരേ ഇഷ്ടാനിഷ്ടങ്ങളും ഒരേ ചിന്താരീതികളും ആണുള്ളത്. വ്യത്യസ്തനായ ഒരാളെ സമൂഹം തിരസ്കരിക്കുന്നു. ഇതിനെ സാമൂഹിക ബഹിഷ്കരണം (social boycott) എന്ന് വിളിക്കുന്നു . ഇപ്രകാരം സമൂഹം വ്യക്തികളെ അതിന്റെ അടിമകളാക്കി കൊണ്ടുപോകുന്നു .

ഈ അടിമത്തത്തിൽ നിന്ന് മോചനം നേടുവാൻ അസ്ഥിത്വവാദം നമ്മെ ഉദ്ബോധിപ്പിക്കുന്നു . സമൂഹത്തിന്റെ വെറും അടിമ ആകാതെ അതിന്റെ യജമാനൻ ആവാനുള്ള മാർഗ്ഗം അസ്ഥിത്വവാദം നമ്മെ പഠിപ്പിക്കുന്നു. ഒരിക്കലും സ്വന്തം തത്വചിന്ത ഉപേക്ഷിച്ച് സമൂഹത്തിൻറെ തത്വചിന്ത സ്വീകരിക്കരുതെന്ന് അസ്ഥിത്വവാദം നമ്മോട് ആവശ്യപ്പെടുന്നു . സ്വന്തം രീതികൾ ഉപേക്ഷിച്ച് സമൂഹത്തിന്റെ രീതികൾ സ്വീകരിക്കുമ്പോൾ നമ്മുടെ ഉള്ളിലുള്ള സത്ത അടിച്ചമർത്തപ്പെടുന്നു. ഇതിൽനിന്ന് ടെൻഷൻ അഥവാ സ്ട്രസ് ഉത്ഭവിക്കുന്നു. സ്ട്രസ് ഇല്ലാത്തവർ ആധുനിക ലോകത്തിൽ വളരെ വിരളമാണ്.

അനുകരണത്തിലൂടെ സമൂഹത്തിന്റെ പിന്നാലെ പോവുമ്പോൾ നമുക്ക് അറിഞ്ഞു കൂടാത്ത എന്തിനെയോ ആണ് നാം പിന്തുടരുന്നത്. ഇവിടെ അജ്ഞത നമ്മുടെ മുഖമുദ്രയാകുന്നു .അഥവാ എന്തെങ്കിലും നാമറിയുന്നുണ്ടെങ്കിൽ ,അവ ആരിൽനിന്നൊക്കെയോ കടം വാങ്ങിയത് ആയിരിക്കും . നമ്മുടേതായ വിജ്ഞാനം അടിച്ചമർത്തപ്പെടുന്നു . നമ്മുടെ സർഗ്ഗശേഷി നിഷ്ക്രിയമാകുന്നു. എന്നാൽ സ്വന്തം സത്തയെ അടിച്ചമർത്താതെ അതിനെ സർവ്വാത്മനാ സ്വീകരിക്കുന്നയാൾ ഉള്ളിലുള്ള പ്രതിഭയെ വളർത്തിക്കൊണ്ടു വരുന്നു. അത് കാലാകാലങ്ങളിൽ പുഷ്പിച്ച് ഉത്തമമായ ആശയങ്ങളെ സമൂഹത്തിന് സമ്മാനിക്കുന്നു. സമൂഹത്തിന്റെ പുറകെ ഓടുന്നവർ അല്ല സമൂഹത്തിന് വിലയേറിയ സംഭാവനകൾ നൽകുന്നത് മറിച്ച് വേണമെങ്കിൽ സമൂഹത്തെ ഒരല്പം മാറ്റിനിർത്തിക്കൊണ്ട് സ്വന്തം സത്തയെ കണ്ടെത്തുന്നവരാണ് സമൂഹത്തിന് വലിയ സംഭാവനകൾ നൽകുന്നത് എന്നറിഞ്ഞുകൊള്ളുവിൻ. ഇത്തരക്കാരെയാണ് പ്രതിഭാശാലികൾ എന്ന് വിളിക്കുന്നത്. അസ്ഥിത്വവാദം ഈ നൂറ്റാണ്ടിലും വരും നൂറ്റാണ്ടുകളിലും നമ്മെ നയിക്കേണ്ട തത്വചിന്തയാണ് .മനുഷ്യ ജന്മത്തിന്റെ മൂലൃം മനസ്സിലാക്കിക്കൊണ്ട് അതിനെ അതിൻറെ ഉത്തുംഗശൃംഗങ്ങളിലേക്ക് കയറ്റി കൊണ്ടുപോകുവാൻ അസ്ഥിത്വവാദം നമ്മെ സഹായിക്കുന്നു.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

ഡോ. ഐഷ വി

കിളികളുടെ മധുരസംഗീതവും കലപില ശബ്ദവും നയന മനോഹരമായ കാഴ്ചകളും പുഴയുടെ കളകളാരവവും വൈവിധ്യമാർന്ന സസ്യജന്തു ജനസ്സുകളും ഭൗമോപരിതലത്തിലെ നിന്മോന്നതങ്ങളും ഭാവി തലമുറയ്ക്കായ് മാറ്റിവയ്ക്കാൻ നാമേവരും ശ്രദ്ധിക്കേണ്ടതാണ്. . കാരണം സുനാമി വന്നാലും കാട്ടു തീ വന്നാലും നമ്മൾ ഓടിക്കയറുന്നത് ഉയരങ്ങളിലേയ്ക്കാണ് വെള്ളപ്പൊക്കം വന്നാൽ ആ വെള്ളത്തെ ഉൾക്കൊള്ളാൻ താഴ്ചകളും ആവശ്യമാണെന്ന് നാം സമീപകാലത്തു തന്നെ കണ്ടു കഴിഞ്ഞു.

അടുത്ത കാലത്തായ് ഭൂമിയുടെ ചൂട് കൂടി കൂടി വരികയാണ്.. മൂന്നിൽ രണ്ട് ഭാഗം ജലവും മൂന്നിൽ ഒന്ന് ഭാഗം മാത്രം കരയുമുള്ള ഈ ഗ്രഹത്തിൽ ധ്രുവങ്ങളിലെ മഞ്ഞ് പാളികൾക്ക് രൂപാന്തരം സംഭവിച്ച് ഖരാവസ്ഥ ദ്രാവകാവസ്ഥയിലേയ്ക്ക് പരിണമിച്ചാൽ പിന്നെയുള്ള അവസ്ഥ പറയേണ്ടതില്ലല്ലോ? ജലത്താൽ മാത്രം ചുറ്റപ്പെട്ട കരയില്ലാത്ത ഒരു ഗ്രഹമായി ഭൂമി മാറും.

ലക്ഷക്കണക്കിന് വരുന്ന ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് ഭൂമി. ദിനോസർ , മാമത്ത് തുടങ്ങിവയ്ക്ക് വംശനാശം സംഭവിച്ചു കഴിഞ്ഞു. പാന്റാ , ഒരിനം സൂര്യകാന്തി തുടങ്ങി പല ജീവികളും സസ്യങ്ങളും വംശനാശ ഭീഷണിയുടെ വക്കിലാണ്. കടൽത്തീരവും പുഴയോരവും വനങ്ങളും സംരക്ഷിക്കേണ്ടത് ആവശ്യമാണ്. ഭൂമിയുടെ സന്തുലിതാവസ്ഥ എന്നും നിലനിർത്തേണ്ടത് നമ്മുടെ കർത്തവ്യമാണ്. അങ്ങനെ നിലനിർത്തിയെങ്കിൽ മാത്രമേ വരുo തലമുറയ്ക്ക് ഈ ഗ്രഹത്തിൽ ജീവിയ്ക്കാൻ സാധിയ്ക്കയുള്ളൂ.
ജൈവ വൈവിധ്യമാണ് ഭൂമിയുടെ നേട്ടം. മനുഷ്യൻ മാത്രമല്ല ഭൂമിയുടെ അവകാശി. മറ്റെല്ലാ ജീവജാലങ്ങളും ഈ ഭൂമിയുടെ അവകാശികളാണ്. ഒന്ന് ചീഞ്ഞ് മറ്റൊന്നിന് വളമാകുക ഒന്ന് മറ്റൊന്നിന് ഇരയാവുക തുടങ്ങിയ പ്രക്രിയകളും അനസ്യൂതം സംഭവിച്ചു കൊണ്ടേയിരിയ്ക്കും. ഈ തുടർ പ്രക്രിയയിൽ ഏതെങ്കില്ലമൊരുകണ്ണി നഷ്ടപ്പെട്ടാൽ അത് മറ്റെല്ലാ ജീവജാലങ്ങളെയും നേരിട്ടോ അല്ലാതേയോ ബാധിച്ചേക്കാം.

ഞങ്ങളുടെ നാട്ടിൽ കല്ലുവാതുക്കൽ ജങ്ഷനിൽ ഒരു വലി പാറയുണ്ടായിരുന്നു.. നോക്കെത്താ ദൂരത്തു നിന്നും കാണാമായിരുന്ന കല്ലുവാതുക്കൽ പാറയെന്ന ആഗ്‌നേയ ശില . എന്റെ കുട്ടിക്കാലത്തു തന്നെ പാറ പൊട്ടിക്കൽ മൂലം അത് തറനിരപ്പിൽ നിന്നും താഴ്ചയിലേയ്ക്കായി കഴിഞ്ഞിരുന്നു. ഇന്ന് ജനനിബിഡമായി കഴിഞ്ഞപ്പോൾ അങ്ങനെയൊരു ആഗ്‌നേയശില അവിടെയുണ്ടായിരുന്നു എന്ന് ആരും വിശ്വസിക്കാത്ത തരത്തിലേയ്ക്ക് ആ സ്ഥലം മാറിയിട്ടുണ്ട്.

ഒരു ദിവസം ഞാൻ ബസ്സിൽ യാത്ര ചെയ്തപ്പോൾ ശ്രീ. ബാബയെ ജിയോളജിസ്റ്റിനെ കാണാനും സംസാരിക്കാനും ഇടയായി. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും റിട്ടയർ ചെയ്ത ശേഷം സ്വന്തം വിഷയവുമായി ബന്ധപ്പെട്ട സെമിനാറുകളിലും കോൺഫറൻസിലും സജീവമായി പങ്കെടുക്കുക പതിവാണ്. ഒരേ സീറ്റിൽ ഇരുന്ന ഞങ്ങൾ പല വിഷയങ്ങളും ചർച്ച ചെയ്തു. യാദൃശ്ചികമെന്നു പറയട്ടെ തിരികെയുള്ള ബസ്സിലും ഞങ്ങൾ ഒരേ സീറ്റിലായിരുന്നു. തീരത്തേയ്ക്കാഞ്ഞടിയ്ക്കുന്ന തിരമാലകൾ കരയിൽ തീർക്കുന്ന ഷോക്ക് ആഗിരണം ചെയ്യാൻ തീരത്തെ മണൽ തിട്ടയക്കാണ് കഴിയുക. . കടൽ തീരത്ത് മനുഷ്യന്റെ ഇടപെടൽ അധികമില്ലാത്ത സ്ഥലത്ത് മണലിനെ പൊതിഞ്ഞ് കിടക്കുന്ന വളളികൾ നല്ലൊരു കവചമാണ്.

ഭൂമിയിൽ മനുഷ്യന്റെ ഇടപെടൽ പ്രകൃതിക്ഷോഭം മലിനീകരണം എന്നിവമൂലം ധാരാളം പാരിസ്ഥിതികാഘാതങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കേണ്ടത് മനുഷ്യന്റെ ധർമ്മമാണ്. മരങ്ങൾ വച്ച് പിടിപ്പിക്കുക, മലിനീകരണം ഉണ്ടാകാതെ നോക്കുക, ആഗേളതാപനം കുറയ്ക്കുക, ചെറു വനങ്ങൾ സൃഷ്ടിയ്ക്കുക. മിയാ വാക്കി ഫലവൃക്ഷ വനം സൃഷ്ടിക്കുക എന്നീ കർമ്മങ്ങൾ നമുക്ക് അനുഷ്ടിക്കാവുന്നതാണ്. ആണവ അവശിഷ്ടങ്ങളും വ്യാവസായിക മാലിന്യങ്ങളും നമ്മൾ ശാസ്ത്രീയമായി മറവു ചെയ്യേണ്ടവയാണ്.

അതുപോലെ ഓസോൺ പാളിയിലെ വിള്ളൽ കുറയ്ക്കാനും നമ്മൾ പരിശ്രമിക്കണം. വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നത് ആഗോളതാപനം കുറയ്ക്കും. ഭൂമി സംരക്ഷിച്ച് നിലനിർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഇത് അര നൂറ്റാണ്ടു മുമ്പ് മനസിലാക്കിയവർ 22 ഏപ്രിൽ 1970 മുതൽ ഭൗമദിനം ആചരിക്കുന്നു. അതിനാൽ നല്ല ഭാവിയ്ക്കായ് നമുക്കും വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാം.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved