രാജു കാഞ്ഞിരങ്ങാട്
മറുഭാഷ വശമില്ലാത്തതിനാൽ
വിവർത്തന കവിതയ്ക്കായ്
ലൈബ്രറിയിലേക്ക് പോയി
സെലിബ്രിറ്റിയായിരുന്നു
എനക്ക് വിവർത്തന കവിതകൾ
അലമാരകൾ അരിച്ചുപെറുക്കി
അടിവശത്തും പിറകുവശത്തും
എവിടെയുമില്ല അന്യഭാഷ (മറ്റുരാജ്യ) കവിത
കഴിഞ്ഞ ദിവസംവരേയുണ്ടായ
ബുക്കുകളൊക്കെയെങ്ങുപോയി
നാടുകടത്തപ്പെട്ട സ്വദേശാഭിമാനി
യോപുസതകങ്ങൾ
രജിസ്റ്റ്റിൽപരതിയപ്പോൾ
വെട്ടപ്പെട്ടിരിക്കുന്നു കുറേപേരുകൾ
പൗരത്വപട്ടികയിൽ (Accession Register)
പേരില്ലാതവയൊക്കെ
ഒറ്റരാത്രികൊണ്ട് നാടുകടത്തപ്പെട്ടെന്ന്
വെട്ടപ്പെട്ട വരികൾക് താഴെയും
മുകളിലുമുള്ള വരികൾക്ക്
വല്ലാതെ അകലംവർദ്ധിച്ചു വരുന്നത്
എന്നെ ഭയപ്പെടുത്തുന്നു
രാജു കാഞ്ഞിരങ്ങാട്
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138
Email – [email protected]
ഡോ. ഐഷ . വി.
ആദ്യ പരീക്ഷയ്ക്ക് ഒന്നാം ക്ലാസ്സിൽ മിക്കാവാറും എല്ലാ കുട്ടികൾക്കും നല്ല മാർക്ക് ലഭിക്കാറുണ്ട്. അത് അച്ഛനമ്മമാർക്ക് കൂടി ലഭിക്കുന്ന മാർക്കാണ്. എന്നാൽ എന്റെ കാര്യത്തിൽ സംഭവിച്ചത് നേരെ തിരിച്ചാണ് . അച്ഛന്റെ ജോലി തിരക്കും, അമ്മയുടെ നവജാത ശിശു (അനുജത്തി)പരിപാലനവും, പനി, വയറിളക്കം, ചുമ, ജലദോഷം തുടങ്ങിയ ബാലരിഷ്ടത മൂലം ക്ലാമ്പിൽ പോകാതിരുന്നതിനാലും പരീക്ഷയാണെന്ന വിവരം ഞാനോ അച്ഛനമ്മമാരോ അറിഞ്ഞിരുന്നില്ല.
ക്ലാസ്സിൽ ചെന്നപ്പോൾ നന്ദിനി ടീച്ചർ കുട്ടികളോട് സ്ലേറ്റും പെൻസിലും എടുക്കാൻ പറഞ്ഞു. പിന്നെ കുറ കുറെ നിർദ്ദേശങ്ങൾ നൽകി . എനിക്കൊന്നും മനസ്സിലായില്ല . ഞാൻ എന്തൊക്കെയോ കുത്തിക്കുറിച്ചു..അവസാനം ടീച്ചർ മൂല്യ നിർണ്ണയം നടത്തി. എനിയ്ക്ക് ലഭിച്ചത് 28/50 മാർക്ക് .ടീച്ചർ പറഞ്ഞു. എല്ലാവരും സ്ലേറ്റ് മായ്ക്കാതെ വീട്ടിൽ കൊണ്ടുപോയി കാണിക്കണം. ഞാൻ അത് അക്ഷരം പ്രതി അനുസരിച്ചു. അമ്മ എന്റെ മാർക്കുകണ്ടു. പരീക്ഷയായിരുന്നു എന്നത് അമ്മ പറഞ്ഞപ്പോഴാണ് എനിയ്ക്ക് മനസ്സിലായത്.അങ്ങനെ പരീക്ഷാ പേടിയില്ലാതെ മുന്നൊരുക്കങ്ങൾ ഇല്ലാതെ യാതൊരു മാത്സര്യ ബുദ്ധിയുമില്ലാതെ ആദ്യ പരീക്ഷ കഴിഞ്ഞു. പാസാകാനുള്ള മാർക്കും ലഭിച്ചു. അഞ്ചു വയസ്സിന് മുമ്പേ തന്നെ അചഛനമ്മമാർ എന്നെ അക്ഷരം പഠിപ്പിച്ചിരുന്നു. അതിനാൽ അത്യാവശ്യം വായിക്കാനൊക്കെ എനിയ്ക്ക് കഴിഞ്ഞിരുന്നു. അങ്ങനെ ഒന്നാം ക്ലാസ്സിൽ ചേരുന്നതിന് മുമ്പാണ് ഞാൻ ആദ്യമായി പത്രം വായിച്ചത്. അമ്മ പത്രം നിവർത്തി പിടിച്ച് കസേരയിലിരുന്നു വായിച്ചപ്പോൾ ഞാൻ പുറകിലൂടെ ചെന്ന് പത്രം നോക്കി വായിച്ച വാർത്തയായിരുന്നു . ” ഓട്ടു കമ്പനിയിൽ തീ പിടുത്തം ” എന്നതായിരുന്നു തലക്കെട്ട്. അത്രയും വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു പിന്നെ പത്രം കൈയ്യിൽ കിട്ടിയാൽ തലക്കെട്ടുകൾ വായിക്കുക പതിവായി. ഇത്തിരിക്കുഞ്ഞൻ അക്ഷരങ്ങളിലുള്ള വാർത്തകൾ ഒത്തിരി അവഗണന നേരിട്ടു. കുഞ്ഞിക്കൈകൾ കൊണ്ട് പത്രം നിവർത്തിപ്പിടിച്ച് വായിക്കുക ഒത്തിരി പ്രയാസമുളള കാര്യമായിരുന്നു. എന്നാലും ശ്രമിച്ചു കൊണ്ടേയിരുന്നു. ശ്രമിച്ചു കൊണ്ടേയിരിക്കുന്നത് തീർച്ചയായും നമുക്ക് വിജയമുണ്ടാക്കും . അന്ന് വീട്ടിൽ മലയാള മനോരമ ഇന്ത്യൻ എക്സ്പ്രസ് എന്നീ രണ്ട് പത്രങ്ങളും ബാലരമയുമാണ് അച്ഛൻ വരുത്തിയിരുന്നത്. ഇക്കാലത്തെപ്പോലെ തീരെ ചെറിയ കുട്ടികളെ ആകർഷിക്കത്തക്ക തരത്തിലായിരുന്നില്ല ബാലരമയുടെ കെട്ടും മട്ടും. കുറച്ചു കൂടി മുതിർന്ന കുട്ടികൾക്ക് വേണ്ടിയുള്ളതായിരുന്നു. ഗുണപാഠ കഥകൾ ധാരാളമുണ്ടായിരുന്നു.
കാസർഗോഡ് നെല്ലികുന്നിൽ ഞങ്ങൾ താമസിച്ചിരുന്ന വീട്ടു പറമ്പിൽ തന്നെയായിരുന്നു ദേവയാനി ചേച്ചിയും ഭർത്താവ് ഭാസ്കരൻ മാമനും താമസിച്ചിരുന്നത്. ഭാസ്കരൻ മാമൻ ചേർത്തല സ്വദേശിയും ദേവയാനി ചേച്ചി കൊല്ലം സ്വദേശിനിയും ആയിരുന്നു. വിവാഹശേഷം 14 വർഷത്തോളം സന്താനദു:ഖം അനുഭവിച്ച ചേച്ചിക്കും മാമനും ഞങ്ങൾ കുട്ടികളായിരുന്നു മക്കൾ. കൊല്ലം സ്വദേശികൾ എന്ന സ്നേഹം വേറെയും . ഇപ്പുറത്തെ മനോരമ വാർഷിക പതിപ്പ്, ഇയർ ബുക്ക് എന്നിവ അപ്പുറത്തോട്ടും അപ്പുറത്തെ വനിതയും മറ്റു പുസ്തകങ്ങളും ഇപ്പുറത്തോട്ടും കൈമാറി വായിച്ചിരുന്നു. രണ്ടു കുടുംബവും ഒന്നിച്ച് യാത്ര പോയിട്ടുണ്ട്. ഞങ്ങളെ മുടിയൊക്കെ ചീകിയൊതുക്കി സ്കൂളിലേയ്ക്ക് വിട്ടിരുന്നത് ചേച്ചിയായിരുന്നു. ഇരു വീടുകളിലേയും വിശേഷ ഭക്ഷണങ്ങൾ പരസ്പരം പങ്കു വച്ചിരുന്നു. മാമന് ഐസ് പ്ലാന്റിലായിരുന്നു ജോലി. ഒരിക്കൽ മാമൻ ഞങ്ങളെ ഐസ് പ്ലാന്റ് കാണാൻ കൊണ്ടുപോയിട്ടുണ്ട്. അമ്മ അനുജത്തിയെ പ്രസവിക്കാൻ ആശുപത്രിയിൽ പോയ ദിവസങ്ങളിൽ ഞാനും അനുജനും ചേച്ചിയുടേയും മാമന്റേയും കൂടെയായിരുന്നു കഴിഞ്ഞിരുന്നത്. അച്ഛൻ അമ്മയോടൊപ്പം ആശുപത്രിയിലും, അമ്മ അനുജത്തിയെ പ്രസവിച്ചതിന്റെ തലേ രാത്രിയിൽ എനിയ്ക്കു വയറിളക്കം കലശലായി. ചേച്ചിയെന്നെ പല പ്രാവശ്യം കക്കൂസിൽ കൊണ്ടുപോയി. ആ രാത്രി ഞാനൊരു സ്വപ്നം കണ്ടു. തല മുടി ഉണ്ണിക്കെട്ടുകെട്ടി മേശക്കടിയിൽ ഇരിക്കുന്ന ഒരു കൊച്ചു പെൺകുട്ടി. ഇക്കാര്യം ഞാൻ ചേച്ചിയോട് പറഞ്ഞപ്പോൾ ചേച്ചിയെന്നോട് പറഞ്ഞത് ജനിക്കാൻ പോകുന്നത് മോളായിരിക്കുമെന്നാണ്. അതുപോലെ തന്നെ സംഭവിച്ചു. പിറ്റേന്ന് ഞങ്ങൾ കുഞ്ഞിനേയും അമ്മയേയും കാണാൻ ആശുപത്രിയിലേയ്ക്ക് പോയി.
അമ്മയുടെ ഉദരത്തിൽ മൂന്നാമത്തെ കുഞ്ഞ് വളരുന്ന വിവരം ഞാനറിഞ്ഞത് ഞാനിപ്പോഴും ഓർക്കുന്നു. ഒരു ദിവസം രാവിലെ അച്ഛന്റെ മേശക്കരികിൽ രണ്ടു കസേരകളിലായി അച്ഛനും അമ്മയും ഇരുന്ന് പരസ്പരം എന്തൊക്കെയോ സംസാരിക്കുന്നു. അമ്മ ഇടയ്ക്കിടയ്ക്ക് കരയുന്നുമുണ്ട്. അപ്പോൾ കാര്യം പന്തികേടാണെന്ന് എനിയ്ക്ക് തോന്നി. ഞാനവരുടെ സംഭാഷണം ശ്രദ്ധിച്ചു. ഗർഭം അലസിപ്പിച്ചു കളയാൻ വേണ്ടി അമ്മ നിർബന്ധം പിടിക്കുകയാണ്. അച്ഛൻ സമ്മതിച്ചില്ല. മൂന്നാമതൊരു കുട്ടി കൂടി വേണ്ട . അമ്മ കട്ടായം പറഞ്ഞു. അച്ഛൻ പറഞ്ഞു : ഈ കുട്ടിയായിരിക്കും നിനക്ക് ഉതകുക. ( കാലം അത് തെളിയിച്ചു. അമ്മയ്ക്ക് പല വിധ അസുഖങ്ങൾ വന്നപ്പോൾ അനുജത്തിയായിരുന്നു അമ്മയെ തക്ക സമയത്ത് ആശുപത്രിയിൽ എത്തിച്ചതും നന്നായി സംരക്ഷിച്ചതും. മൂത്ത മക്കൾ രണ്ടുപേരും ദൂരെ ജോലി സ്ഥലങ്ങളിൽ ആയിരുന്നു.). അങ്ങനെ അവസാനം പ്രസവിക്കാൻ അമ്മയ്ക്ക് തീരുമാനിക്കേണ്ടി വന്നു. അമ്മ ഒരു നിബന്ധന വച്ചു. പ്രസവത്തിന് നാട്ടിൽ പോവുകയില്ല. നാട്ടിൽ പോയാൽ രണ്ടാമത്തെ പ്രസവത്തിന് ആശുപത്രിയിലെത്താൻ പറ്റാതിരുന്നതുപോലെ സംഭവിച്ചാൽ പ്രസവം നിർത്താൻ പറ്റില്ലല്ലോ. അതിനാൽ നാട്ടിൽ പോകുന്ന പ്രശ്നമേയില്ല. അച്ഛന് സമ്മതിക്കേണ്ടി വന്നു.അമ്മ വീട്ടിലേയ്ക്കും അച്ഛന്റെ അമ്മാവന്റെ വീട്ടിലേയ്ക്കും സ്ഥിരമായി കത്തുകൾ എഴുതിയിരുന്നെങ്കിലും ഗർഭത്തിന്റെ കാര്യം മാത്രം മറച്ചുവച്ചു.മൂന്നാമത്തെ മകൾ ജനിച്ച വിവരം അറിയിച്ചു കൊണ്ടുള്ള കത്ത് ഇരു വീട്ടിലേയ്ക്കും ചെന്നപ്പോൾ അച്ഛന്റെ അമ്മായി ഞങ്ങളുടെ സ്നേഹ നിധിയായ ശാരദ വല്യമ്മച്ചി കാഞ്ഞിരത്തുംവിള വീട്ടിൽ നിന്നും ഓടി ഒന്നര കിലോമീറ്റർ അകലെയുള്ള ചിരവാത്തോട്ടത്ത് വലിയവിള വീട് എന്ന അമ്മ വീട്ടിലെത്തി. വല്യമ്മച്ചിയോടും (ലക്ഷ്മി അമ്മാമ്മ ) ആന്റിയോടും (സ്വർണ്ണ ലത ) വിവരവും പരിഭവവും ഒക്കെ പങ്കു വച്ച് മൂവരും കൂടെ കരച്ചിലായി. ഇതിനിടെ ശാരദ വല്യമ്മച്ചി വടക്കൻ പാട്ടിലെ വരികളും ചൊല്ലി. ” മാനത്തു നിന്നെങ്ങാനം പൊട്ടിവീണോ ഭൂമിയിൽത്തന്നെ മുളച്ചതാണോ .”
കാസർഗോഡ് താലൂക്കാശുപത്രിയിലാണ് അമ്മ അനുജത്തിയെ പ്രസവിച്ചത്. അച്ഛൻ പുറത്തേയ്ക്കു പോയ സമയത്താണ് പി.പിഎസ്( പോസ്റ്റ് പാർട്ട് സ്റ്റെറിലൈസേഷൻ ) ചെയ്യാനായി തീയറ്ററിൽ കയറ്റിയത്. അപ്പോൾ കുഞ്ഞ് ആശുപത്രി കിടക്കയിൽ ഒറ്റയ്ക്കായി. പിന്നീട് അച്ഛനെത്തി.
അങ്ങനെ എന്റെ അമ്മ കുടുംബാസൂത്രണത്തിന്റെ വക്താവായി മാറി. സർക്കാർ അറിയാതെ വീട്ടുകാർ അറിയാതെ ഒട്ടേറെ സ്ത്രീകളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കുടുംബാസൂത്രണത്തിലേയ്ക്ക് നയിച്ചു. അച്ഛൻ ഞങ്ങളെയും കൊണ്ട് ഒരിക്കൽ മിലൻ തീയറ്ററിൽ സിനിമ കാണാൻ പോയപ്പോൾ സ്ക്രീനിൽ കുടുംബാസൂത്രണം സംബന്ധിച്ച ഒരു പരസ്യം തെളിഞ്ഞത് ഞാനിന്നും ഓർക്കുന്നു : ” നാം രണ്ട് നമുക്ക് രണ്ട്” . ഇതുമായി ബന്ധപ്പെട്ട സ്റ്റാമ്പും അന്നുണ്ടായിരുന്നു. ഒരു അച്ഛനും അമ്മയും രണ്ടു കുട്ടികളുമുള്ള ചിത്രമുള്ളത്. അന്നത്തെ പരസ്യം പിന്നീടെപ്പോഴോ ” നാം ഒന്ന് നമുക്ക് ഒന്ന് ” എന്നായി മാറി. മൂന്നാമത്തെ കുഞ്ഞ് പാഴായില്ല. ഇന്ന് കേരള യൂണിവേഴ്സിറ്റിയിൽ സാമ്പത്തിക ശാസ്ത്രം ഡിപ്പാർട്ട്മെന്റ് ഹെഡും പ്രൊഫസറുമായി മാറി.
ആതിര സരാഗ്
“സമീറാ… നീ കരുതുംപോലെ പണത്തിന്റെ ഇല്ലായ്മയിൽനിന്നുള്ള കലഹത്തിന്റെ പേരല്ല വിപ്ലവം എന്നത്. ഇല്ലായ്മയിൽ നിന്ന് ആത്യന്തികമായി ഉണ്ടാവുന്നത് നിരാശയും ഭഗ്നാശയും മാനസിക തകർച്ചയും അന്യനോടുള്ള പകയും ഒക്കെയാണ്.
. . . . . . . . . . . . . . .
എന്നാൽ ഒരുവന്റെ ആത്മാഭിമാനവും സ്വത്വബോധവും അടങ്ങിയ വീണ്ടുവിചാരത്തിൽനിന്ന് ഉയർന്നുവരുന്ന ഒരു സമത്വബോധമുണ്ട്. നിനക്കൊപ്പം തുല്യനായിരിക്കാൻ എനിക്കും അവകാശമുണ്ടെന്ന ബോധം. അതു തന്റെ ഇല്ലായ്മയെ ഓർത്തുള്ള പകയല്ല. ഉള്ളവനോടുള്ള അസൂയയുമല്ല. തന്റെ അവകാശങ്ങളെക്കുറിച്ചുള്ള ബോധ്യങ്ങളാണ്. അതാണ് യഥാർത്ഥ വിപ്ലവം സൃഷ്ടിക്കുന്നത്. ” (മുല്ലപ്പൂ നിറമുള്ള പകലുകൾ)
“ചിലരുടെ അസാന്നിധ്യത്തിലേ അവരുടെ വില നമുക്ക് മനസ്സിലാവൂ. അതുവരെ അവർ പരിഹസിക്കപ്പെടാനും സംശയിക്കപ്പെടാനും അവഗണിക്കപ്പെടാനും മാത്രമുള്ളവരാണ്.” (അൽ അറേബ്യൻ നോവൽ ഫാക്ടറി)
അറേബ്യൻ രാജ്യങ്ങളിലെ മുല്ലപ്പൂ വിപ്ലവത്തെ പശ്ചാത്തലമാക്കി ബെന്യാമിൻ രചിച്ച ഇരട്ട നോവലുകളായ അൽ അറേബ്യൻ നോവൽ ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകൾ എന്നിവയിലെ വരികളാണിവ.
വായനക്കാരനെ തന്റെ അക്ഷരങ്ങൾക്കുള്ളിൽ പിടിച്ചിടുവാൻ ബെന്യാമിന് സാധിച്ചിട്ടുണ്ട് എന്ന് ഈ നോവലുകൾ വായിക്കുന്ന ഏതൊരു വായനക്കാരനും അംഗീകരിക്കും.
ഒരുമിച്ച് പ്രസിദ്ധീകരിച്ച ഈ നോവലുകൾ ഒറ്റപ്പെട്ട വായനക്ക് യോഗ്യമാണെങ്കിലും അൽ അറേബ്യൻ നോവൽ ഫാക്ടറി ആദ്യത്തേത് എന്നും മുല്ലപ്പൂ നിറമുള്ള പകലുകൾ രണ്ടാമത്തേത് എന്നും കണക്കാക്കാവുന്നതാണ്.
കാനഡയിൽ സ്ഥിരതാമസമാക്കിയ പ്രതാപ് എന്ന മലയാളി പത്രപ്രവർത്തകന് വളരെ യാദൃശ്ചികമായാണ് ഒരു മധ്യപൂർവ്വേഷ്യൻ രാജ്യത്തേക്ക് പോകേണ്ടി വരുന്നത്. ഈ യാത്രയേയും ഇതിനിടയിൽ പ്രതാപ് വായിക്കുവാൻ ഇടയാക്കുന്ന ഒരു പുസ്തകത്തെ ചുറ്റിപ്പറ്റിയാണ് ‘അൽ അറേബ്യൻ നോവൽ ഫാക്ടറി’ എന്ന നോവൽ.
ഒരു വിദേശ നോവലിസ്റ്റിനായി നോവൽരചനയ്ക്കാവശ്യമായ വിവരശേഖരണത്തിനായിയാണ് പത്രസ്ഥാപനം പ്രതാപിനെ നിയോഗിക്കുന്നതെങ്കിലും തന്റെ പഴയകാല നഷ്ടപ്രണയം ആ നഗരത്തിൽ ഉണ്ട് എന്ന തിരിച്ചറിവാണ് അയാൾ അങ്ങോട്ട് പോകുവാൻ പ്രേരിപ്പിക്കുന്നത്. ആനന്ദത്തിന്റെ നഗരം എന്ന പേരിൽ അറിയപ്പെടുന്ന നഗരത്തിൽ കഴിയവേ വളരെ യാദൃശ്ചികമായ അനുഭവങ്ങളിലൂടെ പ്രതാപ് കടന്നുപോകുന്നു. ഒരു സഹപ്രവർത്തകന്റെ മുറിയിൽ നിന്നും ലഭിക്കുന്ന ‘എ സ്പ്രിങ് വിത്തൗട്ട് സ്‌മെൽ’ എന്ന പുസ്തകം അയാളുടെ ജീവിതത്തെ പരിപൂർണ്ണമായി മാറ്റിമറിക്കുന്നു. മുല്ലപ്പൂ വിപ്ലവം ശക്തമായിരുന്ന കാലഘട്ടത്തിൽ നഗരത്തിൽ ആർ ജെ ആയി ജോലി നോക്കിയ സമീറ പർവീൺ എന്ന പാക്കിസ്ഥാനി പെൺകുട്ടി രചിച്ച ആ പുസ്തകം കാലഘട്ടത്തിന്റെ യഥാർത്ഥ ദുരന്തമുഖം വെളിപ്പെടുത്തുന്നതായിരുന്നു. എന്നാൽ രാജ്യത്ത് നിരോധിച്ച ആ പുസ്തകം പൂർണമായും വായിക്കുവാൻ പ്രതാപിന് സാധിക്കാതെ വരികയും സമീറയ്ക്ക് എന്ത് സംഭവിച്ചു എന്ന തുടരന്വേഷണവുമാണ് നോവലിന്റെ ബാക്കി ഭാഗങ്ങൾ.
ഉദ്യോഗജനകമായ അവതരണം നോവലിന്റെ കഥാഗതിയെയും ആശയത്തെയും ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. സാധാരണയായി മലയാളത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന മധ്യപൂർവേഷ്യൻ രാജ്യങ്ങളുടെ ചരിത്രവും പോരാട്ടവും തുറന്നുകാട്ടുവാൻ നോവിലിനു സാധിച്ചിട്ടുണ്ട് എന്ന് പറയാം. സ്വെച്ഛാധിപത്യതിന്റെ അവസാനം പ്രതീക്ഷിച്ച് നടത്തുന്ന സമരങ്ങളും അതിനു പിന്നിലെ ക്രൂരസത്യങ്ങളും നിരപരാധികളായ ആയിരങ്ങളുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളും നോവലിൽ പ്രതിപാദിക്കുന്നു. ചെയ്യുവാൻ പോകുന്ന ജോലിയോ തിരഞ്ഞു വന്ന പ്രണയമോ മറന്ന് പ്രതാപ് സമീരയെ കണ്ടെത്തുവാൻ നടത്തുന്ന ഓരോ ശ്രമങ്ങളും വായനക്കാരുടെയും ശ്രമങ്ങളായി മാറുകയാണ്.
അന്വേഷണമാണ് ‘അൽ അറേബ്യൻ നോവൽ ഫാക്ടറിയുടെ’ ശൈലിയെങ്കിലും ഉത്തരം പറച്ചിലാണ് ‘മുല്ലപ്പൂ നിറമുള്ള പകലുകൾ’ എന്ന പുസ്തകം. പാകിസ്ഥാനിൽ നിന്നും തന്റെ അച്ഛനൊപ്പം കഴിയുവാനായി നഗരത്തിലെത്തിയ സമീറ ആർജെയുടെ
സ്ഥാനം സ്വീകരിക്കുകയും വളരെ യാദൃശ്ചികമായി ഒരു ജനമുന്നേറ്റത്തിന്റെ ഭാഗമായി മാറുന്നു. ആനന്ദം എന്ന പുറംതൊലിക്കുള്ളിൽ സ്വേച്ഛാധിപത്യത്തിന്റെ മൃഗമാണ് ആ നഗരത്തിൽ ഒളിച്ചിരിക്കുന്നത് എന്ന് സമീറ മനസ്സിലാക്കുന്നു. മജസ്റ്റിയുടെയും കാവൽ പൊലീസിന്റെയും ഗൂഢലക്ഷ്യങ്ങളും അതിക്രൂരമായ ശിക്ഷാനടപടികളും അടിച്ചമർത്തൽ രീതികളും ഞെട്ടലോടെയാണ് സമീറ നോക്കിക്കാണുന്നത്.
താൻ കണ്ടതും അനുഭവിച്ചതുമായ
കാര്യങ്ങൾ എഴുതിയിടുമ്പോൾ വലിയ അപകടത്തിലേക്കാണ് പോകുന്നത് എന്ന് സമീറ തിരിച്ചറിഞ്ഞില്ല. സാധരണ ജനതയെ വെറും നോക്കുകുത്തിയാക്കി നിർത്തി മുന്നോട്ട് പോകുന്ന ഭരണസംവിധാനം എതിരെ വരുന്ന പ്രതിക്ഷേധങ്ങളെ എത്ര ക്രൂരവും അവിശ്വസനീയവുമായ രീതിയിലാണ് അടിച്ചമർത്തുന്നത് എന്ന് സമീറയുടെ വിവരണത്തിൽ വ്യക്തമാണ്.
ഈ കാരണത്താൽ ഭരണകൂടത്തിന്റെ ശത്രുവായി മുദ്ര കുത്തപെടുന്ന സമീറ കടന്നുപോകേണ്ടി വരുന്ന അവസ്ഥകളും നോവലിൽ വിവരിക്കുന്നു. ആ രാജ്യത്ത് വിലക്കപെട്ട സമീറയുടെ ‘എ സ്പ്രിങ് വിത്തൗട്ട് സ്‌മെൽ’ എന്ന പുസ്തകം സ്വതന്ത്ര പരിഭാഷയിലൂടെ വായനക്കാർക്ക് മുന്നിൽ എത്തിയ്ക്കുക എന്ന ഉദ്യമം ബെന്യാമിനെ ഏൽപ്പിക്കുന്നത് പ്രതാപാണ്. കുടുംബം പോലും ഭരണകൂടത്തെ ഭയന്ന് സമീറയെ ഒറ്റപ്പെടുമ്പോൾ നീതിയുടെയും സത്യത്തിന്റെയും സ്വരമായി മാറുകയാണ് അവൾ.
വിപ്ലവത്തിന്റെ പറയപ്പെടാത്ത പോകുന്ന മുഖങ്ങൾ, ഏകാധിപത്യവും മതാധിപത്യവും ഒരു സാധാരണജനതയെ കൊണ്ടെത്തിക്കുന്ന അവസ്ഥാന്തരങ്ങൾ, മനുഷ്യന്റെ നിലനിൽപ്പിനായുള്ള പോരാട്ടം എന്നിവ വളരെ തൻമയത്വത്തോടെ നോവലുകളിൽ അവതരിപ്പിച്ചിരിക്കുന്നു. ഒന്നു വായിച്ചാൽ മറ്റേത് വായിക്കാതെ ഇരിക്കാനാവില്ല എന്ന നിലയിലേക്കു വായനക്കാരനെ എത്തിക്കുവാൻ ബെന്യാമിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മറ്റു നോവലുകളിൽ നിന്ന് വ്യത്യസ്തമായി രാഷ്ട്രീയവും ചരിത്രവും യാഥാർത്ഥ്യവും ഇടകലർന്ന ഒരു പുതിയലോകം വായനക്കാരനു മുൻപിൽ തുറന്നിടുകയാണ് അദ്ദേഹം തന്റെ ഇരട്ട നോവലുകളിലൂടെ.
ആതിര സരാഗ്
ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബിഎഡും കരസ്ഥമാക്കി തൃശ്ശൂർ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ സേവനമനുഷ്ഠിച്ചു. വായനയിലും സാഹിത്യരചനയിലും തല്പര. സ്കൂൾ – കോളേജ് തലങ്ങളിൽ കലാമത്സരങ്ങളിൽ വിജയി. ഇപ്പോൾ കോട്ടയം പ്രസ് ക്ലബ് ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനി.
ഡോ. ഐഷ . വി.
കമലാക്ഷിയെ ഞാനാദ്യം കാണുന്നത് ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. ക്ലാസ്സിൽ ചെന്ന ആദ്യ ദിവസം തന്നെ കമലാക്ഷി എന്നോട് കൂട്ടുകൂടി . കമലാക്ഷിയ്ക്ക് ഒന്നാം ക്ലാസ്സിൽ എന്നേക്കാൾ ഒരു വർഷം കൂടുതൽ പരിചയം ഉണ്ട്. കാരണം കമലാക്ഷി ഒന്നിൽ തോറ്റ കുട്ടിയായിരുന്നു. അന്നൊക്കെ ഇന്നത്തെ പോലെ എല്ലാവരെയും ജയിപ്പിക്കുന്ന (ആൾ പ്രമോഷൻ ) പരിപാടിയില്ലായിരുന്നു. കമലാക്ഷിയ്ക്ക് മൂന്ന് ചേച്ചിമാരും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ കമലാക്ഷിയെ പരിചയപ്പെടുന്നതിന് മുമ്പ് കമലാക്ഷിയുടെ അച്ഛൻ മരിച്ചു പോയിരുന്നു. സ്കൂളിൽ നിന്ന് കാസർഗോഡ് നെല്ലി കുന്നിലെ ഞങ്ങളുടെ വീട്ടിലേയ്ക്കു പോകുന്ന വഴിയിൽ ഇടതു വശത്തായി സ്ഥിതി ചെയ്യുന്ന പൊടിപ്പു മിൽ കഴിഞ്ഞ് ഒരു ചെറിയ ഓലപ്പുരയിലായിരുന്നു കമലാക്ഷിയും കുടുംബവും താമസിച്ചിരുന്നത്. ഓലപ്പുരയുടെ മുകളിൽ പുല്ലുകൊണ്ട് മേയുന്ന രീതി അക്കാലത്ത് അവിടെ യുണ്ടായിരുന്നു. ഈ വീടിന്റെ പ്രത്യേകത ഒരു തെങ്ങ് അകത്ത് നിർത്തിയാണ് മേൽക്കൂര മേഞ്ഞിരിക്കുന്നത് എന്നതാണ്. അവിടെ ആകെയുണ്ടായിരുന്ന അലങ്കാരച്ചെടി ഒരു പൊട്ടിയ ഗ്ലാസ്സിൽ നട്ടുപിടിപ്പിച്ച പത്തു മണിച്ചെടിയാണ്. ചിലപ്പോൾ അവരതെടുത്ത് ഓലപ്പുരയുടെ മുകളിൽ സ്ഥാപിക്കും. ചിലപ്പോൾ അവരതെടുത്ത് മുറ്റത്ത് വയ്ക്കും. ഒരു ദിവസം കമലാക്ഷി അതിൽ നിന്നും ഒരു കൊച്ചു തണ്ടൊടിച്ച് എനിയ്ക്ക് സമ്മാനിച്ചു. ഞാനത് വീട്ടിൽ കൊണ്ടുപോയി നട്ടുപിടിപ്പിച്ചു.
കാസർഗോഡ് , ഗവ. ടൗൺ യു പി എസി ലായിരുന്നു ഒന്നാം ക്ലാസ്സു മുതൽ നാലാം ക്ലാസ്സ് വരെ ഞാൻ പഠിച്ചിരുന്നത്. അന്ന് കാസർകോഡ് ജില്ലയായിരുന്നില്ല. താലൂക്ക് മാത്രം. ചെറിയ പട്ടണം. അന്ന് ഗവ.ടൗൺ യു പി എസ് സ്ഥിതി ചെയ്തിരുന്നത് മല്ലികാർജുന ക്ഷേത്രത്തിന് എതിർ വശത്തായിരുന്നു. മുനിസിപ്പൽ ഓഫീസ്, താലൂക്ക് ഓഫീസ് തുടങ്ങിയ വയൊക്കെ സമീപത്തായിരുന്നു. സ്കൂൾ ഗേറ്റ് കയറി ചെന്നാൽ വലതു വശത്ത് ഒരു കിണർ. അതു കഴിഞ്ഞ് വലതു വശത്തുള്ള ഇരു നില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സ്റ്റെയർകെയ്സിനടുത്തുള്ള മുറിയായിരുന്നു ഞങ്ങളുടെ ഒന്നാം ക്ലാസ്സ് . മുകളിലത്തെ നിലയിലായിരുന്നു പ്രധാനാധ്യാപകന്റെ/ പ്രധാനാധ്യാപികയുടെ മുറി. നന്ദിനി ടീച്ചറായിരുന്നു ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ. ആ സ്കൂളിൽ കന്നട മീഡിയത്തിനും മലയാളം മീഡിയത്തിനും പ്രത്യേകം ക്ലാസ്സുകൾ ഉണ്ടായിരുന്നു. ഞാനും കമലാക്ഷിയും മലയാളം മീഡിയത്തിലായിരുന്നു. അതേ സ്കൂളിലെ സരോജിനി ടീച്ചറിന്റെ മകൾ ജയശ്രീ ഞങ്ങളുടെ ക്ലാസ്സിലായിരുന്നു. ജയശ്രീ മിക്കവാറും ദിവസങ്ങളിൽ റോസ് നിറത്തിലുള്ള റോസാപ്പൂ ചൂടിയായിരുന്നു വരവ്.
ഞങ്ങൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടു പറമ്പിൽ ആകെ ആറ് വീടുകളുണ്ടായിരുന്നു. എല്ലാം ഒരു കുഞ്ഞിക്കണ്ണൻ വൈദ്യൻ വക . അതിൽ ഒരു വീട്ടിലെ ബാങ്കറുടെ മകൾ സുകന്യയും മറ്റൊരു വീട്ടിലെ വക്കീലിന്റെ മകൾ മഞ്ജുളയും ഞങ്ങളുടെ അതേ സ്കൂളിൽ സീനിയർ ക്ലാസ്സിൽ കന്നട മീഡിയത്തിലായിരുന്നു പഠിച്ചിരുന്നത്. ചിലപ്പോൾ ഞാൻ മഞ്ജുളയുടേയും സുകന്യയുടേയും കൂടെയാവും സ്കൂളിൽ പോവുക. ചിലപ്പോൾ അച്ഛനോടൊപ്പവും. ഇവർ കൂടെയില്ലാത്തപ്പോൾ കമലാക്ഷി യോടൊപ്പവും . കമലാക്ഷി യോടൊപ്പമുള്ള യാത്ര ഊരു മുഴുവൻ ചുറ്റിയുള്ളതാകും. കമലാക്ഷിയുടെ അമ്മയും ചേച്ചിമാരും പല വീടുകളിൽ പണിയെടുത്താണ് ജീവിത യാനം മുമ്പോട്ട് പോയിരുന്നത്. കമലാക്ഷിയുടെ അമ്മ അതിരാവിലെ ജോലിക്ക് പോയിരുന്നത് മുറ്റംനിറയെ വൈവിധ്യമാർന്ന റോസാ പൂക്കളുള്ള ഒരു വീട്ടിലിലായിരുന്നു. ഞങ്ങൾ അവിടെയെത്തുമ്പോൾ കമലാക്ഷിയുടെ അമ്മ പാത്രങ്ങൾ കഴുകി കൊണ്ടിരിക്കുകയായിരിക്കും. അവിടെ നിന്നും കമലാക്ഷിക്ക് പ്രാതൽ കിട്ടും. പിന്നെ നേരെ സ്കൂളിലേയ്ക്ക് . കമലാക്ഷിയുടെ ഉച്ച ഭക്ഷണം മിലൻ ഹോട്ടലിൽ . ആദ്യ വീട്ടിലെ പണികഴിഞ്ഞാൽ കമലാക്ഷിയുടെ അമ്മയ്ക്ക് മിലൻ ഹോട്ടലിൽ പാചകത്തിന് സഹായിക്കുന്ന പണിയാണ്. സ്കൂളിന് പുറകിലുള്ള നിറയെ റോസാ പൂക്കളുള്ള മറ്റൊരു വീട്ടിൽ കമലാക്ഷിയുടെ ഒരു ചേച്ചി ജോലിക്ക് പോയിരുന്നു. കമലാക്ഷിയുടെ ഒരു ചേച്ചി അതേ സ്കൂളിൽ പഠിച്ചിരുന്നു. തിരുവനന്തപുരത്തു നിന്നും വന്ന് കുടുംബമായി കാസർഗോഡ് താമസിച്ചിരുന്ന ഒരു ഹിന്ദി ടീച്ചറിന്റെ വീട്ടിൽ ഈ ചേച്ചി ജോലിയ്ക്ക് പോയിരുന്നു. മിക്കവാറും അരി പാറ്റി കല്ലു പെറുക്കി കൊടുക്കുന്ന ജോലിയായിരുന്നു ആ ചേച്ചി ചെയ്തിരുന്നത്. ആ ടീച്ചറിന്റെ വീട്ടിൽ നിന്ന് കമലാക്ഷിക്കും എന്തെങ്കിലും ലഘു ഭക്ഷണം ലഭിക്കും.
അങ്ങനെ ആ കുടുംബം ബാലവേല, ബാലാവകാശം, വിദ്യാഭ്യാസാവകാശം എന്നിവയെ കുറിച്ചൊന്നും അറിയാതെ വേവലാതിപ്പെടാതെ വിശപ്പടക്കി.
കമലാക്ഷിയുടെ കൂടെ ഊരു ചുറ്റുന്നതിനിടയിൽ ഞാൻ മുമ്പ് പഠിച്ചിരുന്ന ഗിൽഡിന്റെ നഴ്സറി സ്കൂളിലെ ആയ കണ്ടാൽ അച്ഛനോട് പറഞ്ഞു കൊടുക്കും ഇങ്ങനെ കറങ്ങി നടക്കരുത് എന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തും. അതിനാൽ അല്പം ഭയത്തോടെയായിരുന്നു കറക്കം.
അമ്മ അനുജത്തിയെ പ്രസവിച്ചത് 1973 ജൂലൈ 5 നായിരുന്നു. ആയതിനാൽ ആദ്യത്തെ മൂന്നാലു മാസം എന്റെ ഉച്ച ഭക്ഷണം അച്ഛന്റെ സുഹൃത്തായ ഒരു നമ്പ്യാരുടെ ഹോട്ടലിൽ ആയിരുന്നു. നമ്പ്യാരുടെ മൂന്ന് മക്കൾ ഞങ്ങളുടെ സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. ആദ്യ ദിവസം തന്നെ അച്ഛൻ അവരെ എനിക്ക് പരിചയപ്പെടുത്തി തന്നിരുന്നു – അവരോടൊപ്പം ഞാൻ ഹോട്ടലിലേയ്ക്ക് പോകും . അവരുടെ വീട്ടിൽ പുസ്തകം വച്ച് ഹോട്ടലിന്റെ പിന്നാമ്പുറത്തു കൂടെ ഹോട്ടലിൽ കയറും. പോകുന്ന വഴിക്ക് ഒരു കാലിത്തൊഴുത്തുണ്ടായിരുന്നു. ചില ദിവസങ്ങളിൽ ഈ കാലിത്തൊഴുത്തിലെ വെള്ളം നമ്പ്യാരുടെ വീട്ടിൽ നിന്നും ഹോട്ടലിലേയ്ക്ക് പോകുന്ന നടവഴിയിലേയ്ക്കു ഒഴുകി കിടന്നിരുന്നത് എനിക്ക് ഇഷ്ടപ്പെട്ടില്ല. ഒരു ദിവസം ഈ കൂട്ടികളോടൊപ്പം ഞാൻ ഹോട്ടലിലേയ്ക്ക് പോകുന്ന വഴിയിൽ ഒരു ബാർബർ ഷോപ്പിൽ ഇരുന്ന ഒരു പയ്യൻ റോഡ് മുറിച്ച് ഓടി വന്ന് എന്നെ പൊക്കിയെടുത്തു. ഞാൻ പേടിച്ച് നിലവിളിച്ചപ്പോൾ അയാൾ എന്നെ താഴെ നിർത്തി. ഈ സംഭവം ഞാൻ വീട്ടിൽ പറഞ്ഞു ആരാണയാൾ എന്ന് അച്ഛനമ്മമാർക്ക് പിടി കിട്ടിയില്ല. അതിന്റെ പിറ്റേന്ന് ഉച്ച ഭക്ഷണം കഴിക്കാൻ പോകാതെ ഞാൻ സ്കൂളിൽ തന്നെ നിന്നു. അപ്പോൾ സുകന്യ ആ വഴിയ്ക്ക് വന്നു. ഞാൻ സുകന്യയോട് കാര്യം പറഞ്ഞപ്പോൾ സുകന്യ എന്നെ മുൻ വശത്തെ റോഡിലൂടെ ഹോട്ടലിൽ കൊണ്ടാക്കി. ഞാൻ ചെന്നപ്പോൾ നമ്പ്യാർ കൗണ്ടറിൽ ഇരുപ്പുണ്ടായിരുന്നു. മോളെത്തിയോ എന്ന് പറഞ്ഞ് അകത്തേയ്ക്ക് നയിച്ച് ഭക്ഷണം തന്നു. പിന്നീട് കുറച്ചു ദിവസം കൂടിയേ എനിക്കവിടുന്ന് ഭക്ഷണം കഴിക്കേണ്ടി വന്നുള്ളൂ. അത് ഞാൻ തനിച്ച് ഹോട്ടലിന്റെ മുൻഭാഗത്തുകൂടി പോയി കഴിച്ചിട്ട് സ്കൂളിലേയ്ക്ക് തിരികെ പോന്നു. എനിയ്ക്ക് ഉച്ച ഭക്ഷണം തന്ന വകയിൽ നമ്പ്യാർ കാശൊന്നും വാങ്ങിയില്ലെന്ന് പിന്നീട് അച്ഛൻ പറഞ്ഞറിഞ്ഞു. ഇതു കൂടാതെ നമ്പ്യാർ ചില സഹായങ്ങളൊക്കെ അച്ഛന് ചെയ്ത് കൊടുത്തിരുന്നു. അതിലൊന്ന് വാടക വീട് കണ്ടെത്തി കൊടുത്തത്, പിന്നെ നമ്പ്യാരുടെ വക ചില ജംഗമ വസ്തുക്കളായ ഡസ്ക് കസേര, സിമന്റിൽ ഉണ്ടാക്കിയ ജലസംഭരണി ആട്ടുകല്ല്, അമ്മിക്കല്ല് തുടങ്ങിയവയായിരുന്നു അത്. ഇതെല്ലാം വീടൊഴിഞ്ഞ് പോരുന്ന സമയത്ത് അച്ഛൻ നമ്പ്യാർക്ക് തിരികെ കൊടുത്തു. അമ്മ അനുജത്തിയെ പ്രസവിച്ചു കിടന്ന സമയത്ത് അമ്മയെയും കുഞ്ഞിനേയും നോക്കാനായി ദേവിയെന്ന സ്ത്രീയേയും നമ്പ്യാർ തന്നെ പറഞ്ഞയച്ചു കൊടുക്കുകയും ചെയ്തു. ദേവി അവരുടെ ദൗത്യം നന്നായി നിർവ്വഹിച്ചു.വടക്കൻ കേരളത്തിലുള്ളവർ തെക്കൻ കേരളത്തിലുള്ളവരോട് മാന്യമായും സ്നേഹത്തോടെയും പെരുമാറുന്നതിന് ഉത്തമോദാഹരണമാണമായിരുന്നു നമ്പ്യാരുടെ പെരുമാറ്റ രീതി.
രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷം.
സർവ്വേ ഓഫ് ഇന്ത്യയിൽ ജിയോളജിസ്റ് ആയി ജോലിചെയ്യുകയാണ്, ഡോ.ബി.നാണയ്യ.കുടക് ഡിസ്ട്രിക്കിലെ മടിക്കേരി സ്വദേശിയാണ് നാണയ്യ. ജോലിസ്ഥലത്തുനിന്നും സുഹൃത്ത് രാജൻ ബാബുവും ഒന്നിച്ചു മടിക്കേരിയിൽ ഒരു ആഴ്ച അവധി ആഘോഷിക്കാൻ വന്നിരിക്കുകയാണ്.രാജൻ ബാബു ബാംഗ്ളൂർ യൂണിവേഴ്സിറ്റിയിൽ ചരിത്രാദ്ധ്യാപകനാണ്.അവർ രണ്ടുപേരുടെയും സുഹൃത്തായ ആന്ത്രോപോളജിസ്റ് കെ.ആർ. പ്രകാശുമുണ്ട് അവരുടെ ഒപ്പം.മൂന്നുപേരും താന്താങ്ങളുടെ വിഷയങ്ങളിൽ ഡോക്ട്രേറ്റ് നേടിയവരും അറിയപ്പെടുന്നവരുമാണ്.ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ തങ്ങളുടെ അറിവുകൾ പ്രസിദ്ധപ്പെടുത്താറുമുണ്ട്.
മൂന്നുപേരും കൂടി ഡോ.നാണയ്യയുടെ മടിക്കേരിയിലെ വീട്ടിൽ സായാഹ്‌ന ചർച്ചകളിൽ മുഴുകിയിരിക്കുകയാണ്.കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും ഗ്ലോബൽ വാമിങ്ങിനെക്കുറിച്ചും മറ്റും ഡോ.നാണയ്യ വാചാലമായി സ്വംസരിച്ചുകൊണ്ടിരുന്നു.മാറിത്
ഇന്ന് കുടകിന്റെ മുഖം മാറിയിരിക്കുന്നു.മൂടൽ മഞ്ഞിൽ മുഖാവരണം തീർത്തു ശാന്തമായി ഉറങ്ങിക്കിടന്നിരുന്ന കുടക് മലനിരകളിൽ റിസോർട്ടുകളും ഹോട്ടലുകളും ഉയർന്നു തുടങ്ങിയിരിക്കുന്നു.പല തോട്ടങ്ങളും കൃഷി ഭൂമിയും പണ്ടത്തെപോലെ സംരക്ഷിക്കാൻ കർഷകർ താല്പര്യം കാണിക്കുന്നില്ല.കൃഷിയോടുള്ള താല്പര്യം കുറഞ്ഞു തുടങ്ങി.വരുമാനം കൂടുതൽ കിട്ടുന്ന മറ്റു മേഖലകളിലേക്ക് കൃഷിക്കാർ തിരിഞ്ഞു തുടങ്ങിയിരുന്നു.
രാത്രിയുടെ നേരിയ തണുപ്പിൽ മുന്നിലിലിരിക്കുന്ന വിസ്കി ഗ്ലാസ്സിൽകിടക്കുന്ന ഐസ് ക്യുബ് കൾ നോക്കി നാണയ്യ പറഞ്ഞു,”കുടക് നശിച്ചുകൊണ്ടിരിക്കുകയാണ്.ഈ ഐസ് ക്യൂബ് കൾ പോലെ അലിഞ്ഞലിഞ്ഞു ഇല്ലാതാകുകയാണ്.”
“മാറ്റങ്ങൾ അനിവാര്യമാണ്.അതാണ് ചരിത്രം.ഒരു നൂറു വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന രീതിയിൽ ഇപ്പോൾ ജീവിക്കാൻ കഴിയില്ല.”രാജൻ ബാബു പറഞ്ഞു.
“എന്ത് മാറ്റങ്ങൾ? നോക്കൂ ഇന്ന് മേമനെകൊല്ലിയുടെ അവസ്ഥ”
“മേമനെകൊല്ലി? എന്താണ് അത്?”
“കേട്ടിട്ടില്ലേ?പ്രകൃതിയെ അറിയാതെ മനുഷ്യൻ നടത്തുന്ന വികസന പ്രവർത്തനങ്ങൾ എങ്ങിനെ ഒരു ഭൂപ്രദേശം നശിപ്പിക്കും എന്നതിന് ഉദാഹരണമാണ് മേമനെകൊല്ലി.” ഡോ.നാണയ്യ തുടർന്നു.
” അസാധാരണമായ മണ്ണാണ് അവിടെയുള്ളത്.ഒരു മഴപെയ്യുമ്പോൾ വെണ്ണപോലെ ആകുന്ന മണ്ണ്, ഒരു വെയിലിൽ കോൺക്രീറ്റ് പോലെ കട്ടി പിടിക്കും .ഇന്ന് നാശത്തിൻ്റെ വക്കിലാണ് മേമനെകൊല്ലി. “
മേമനെകൊല്ലിയുടെ ചരിത്രം കേട്ടപ്പോൾ രാജൻ ബാബുവിന് അവിടം സന്ദർശിക്കണമെന്നു ഒരു മോഹം ഉടലെടുത്തു.മേമനെകൊല്ലി എന്ന പേര് അവർക്ക് രസകരമായി തോന്നി.മൈസൂർ ആന്ത്രോപോളജി റിസേർച്ചു് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ.പ്രകാശും അവരുടെ ഒപ്പം ചേർന്നു.
ആന്ത്രോപോളജിയിൽ ഉന്നത ബിരുദം ഉള്ളവർ വളരെ വിരളമായിരുന്നു.അതുകൊണ്ട് ഡോ.പ്രകാശ് എപ്പോഴും തിരക്കിലാണ്.ഡോ.പ്രകാശിൻ്റെ താല്പര്യം കൂടി കണക്കിലെടുത്തു് നാളെത്തന്നെ പോകാം എന്ന് നാണയ്യ സമ്മതിച്ചു.
വെള്ളപ്പൊക്കവും ഉരുൾ പൊട്ടലും കൊണ്ട് താറുമാറായ മേമനെകൊല്ലിയിൽ അവർ സന്ദർശിക്കാൻ എത്തിയത് ആരും ശ്രദ്ധിച്ചില്ല.ഏതോ കാലത്തു മണ്ണ് മൂടിപ്പോയ സ്ഥലങ്ങളിൽകൂടെ അവർ നടന്നു. അവിടെ നിരന്നു കിടക്കുന്ന മണ്ണിൽ പ്രത്യക തരത്തിലുള്ള ആകൃതിയിൽ ഒരു അടയാളം അവരുടെ ശ്രദ്ധയിൽ പെട്ടു.
“വിചിത്രമായിരിക്കുന്നു.ഇത് എന്താണ്?”രാജൻ ബാബു ചോദിച്ചു.
“അറിഞ്ഞുകൂട.എന്താണന്നു നോക്കാം”നാണയ്യ പറഞ്ഞു.
അവർ അവിടെ കുഴിച്ചു നോക്കാൻ രണ്ടു ജോലിക്കാരെ ഏർപ്പാടാക്കി.കുഴിച്ചു ചെല്ലുമ്പോൾ ഉരുൾപൊട്ടലിൽ മണ്ണുമൂടിപ്പോയ ഒരു വീടിൻ്റെ മുഖവാരം തെളിഞ്ഞു വന്നു.
ഏതു കാലത്താണ് അവിടെ മണ്ണ് ഇടിഞ്ഞുവീണത് എന്ന് ആർക്കും അറിഞ്ഞുകൂട.
“അല്പംകൂടി കുഴിച്ചുനോക്കുകതന്നെ .”നാണയ്യ പറഞ്ഞു.
അവിടെ ഒരു തടിക്കഷണത്തിൽ 1840 എന്ന് എഴുതിയിരിക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു.
പിന്നീട്, ജോലികൾ ശ്രദ്ധാപൂർവ്വം ആർക്കിയോളജി ഡിപ്പാർട്ടമെൻ്റെറ് ഏറ്റെടുത്തു.ഇരുനൂറ് വർഷം പഴക്കമുള്ള ആ വീട് വീണ്ടെടുക്കണമെന്ന് അവർക്കു നിർബ്ബന്ധമുണ്ടായിരുന്നു.
മൂന്നുമാസത്തെ അദ്ധ്വാനംകൊണ്ടു മണ്ണിനടിയിൽ നിന്നും ഒരു ചെറിയ വീട് ഉയർന്നു വന്നു.തലശ്ശേരി ഭാഗത്തു് കാണാറുള്ള ഇരുപത്തി ഒൻപത് കോൽ ചുറ്റളവുള്ള വീടിൻറെ മാതൃകയിൽ ഒരു വീട്.
ഏറ്റവും ശ്രദ്ധേയമായത് ആ വീടിൻ്റെ അടഞ്ഞുകിടക്കുന്ന വാതിലുകൾക്ക് ഉള്ളിൽ മണ്ണ് കയറിയിരുന്നില്ല എന്നതാണ്.
കുടകിലെ തണുപ്പിനെ പ്രതിരോധിക്കാൻ തയ്യാറാക്കിയ വാതിലുകളും ജനാലകളും ആയിരുന്നു,എല്ലാം വീട്ടിത്തടിയിൽ പണി കഴിപ്പിച്ചത്.
അവർ ആദ്യത്തെ വാതിൽ തുറന്നു.
അവിടെ കട്ടിലിൽ ഒരു പുരുഷൻ്റെയും സ്ത്രീയുടെയും അസ്ഥികൂടങ്ങൾ പരസ്പരം ആലിംഗനബദ്ധരായ നിലയിൽ കിടക്കുന്നു.
പുരുഷന് 40-45 വയസ്സും സ്ത്രീയ്ക്ക് ഇരുപത് ഇരുപത്തിരണ്ട് വയസ്സും കാണും എന്ന് അന്ത്രോപോളജിസ്റ് അഭിപ്രായപ്പെട്ടു.പ്രകാശ് ആ അസ്ഥികൂടങ്ങളിൽ നോക്കിയിട്ടുപറഞ്ഞു,”പുരുഷൻ സൗത്ത് ഇന്ത്യനും സ്ത്രീ ഡോംബ വിഭാഗത്തിൽപെട്ട ആദിവാസിയും ആണ് എന്ന് തോന്നുന്നു.”
“കമ്പ്യൂട്ടർ സൂപ്പർ ഇമ്പോസിഷൻ ഉപയോഗിച്ച് നമുക്ക് അവരുടെ ഫോട്ടോ ജനറേറ്റ് ചെയ്യാം.”രാജൻ ബാബു അഭിപ്രായപ്പെട്ടു.
അസ്ഥികൂടങ്ങൾക്കരികിൽ തലശ്ശേരി ഭാഗത്തുള്ള കൊല്ലന്മാർ നിർമിച്ചിരുന്നു കോൾട്ടിൻ്റെ ഒരു ഡ്യൂപ്ലിക്കേറ്റ് റിവോൾവർ കാണപ്പെട്ടു.
“ആ പുരുഷൻ ശങ്കരൻ നായരും സ്ത്രീ മിന്നിയും ആയിരിക്കുവാൻ സാധ്യതയുണ്ട്”.രാജൻ ബാബു പറഞ്ഞു..
ചരിത്രകാരൻ രാജൻ ബാബു തൻ്റെ നോട്ട് ബുക്കിൽ എഴുതി.
“ശങ്കരൻ നായർ മേമനെകൊല്ലിയിൽ വന്നു.
മനസ്സിൽ ഒരേ ചിന്ത മാത്രം.മിന്നിയെ എങ്ങിനെയെങ്കിലും നരബലി നടത്തുന്നവരിൽ നിന്നും രക്ഷപെടുത്തണം.നരബലി നടത്തുന്നത് വളരെ രഹസ്യമായിട്ടാണ്.മിന്നിയെ തടവിൽ പാർപ്പിച്ചിരിക്കുന്നതും വളരെ രഹസ്യം ആയിരിക്കാനേ സാദ്ധ്യത യുള്ളൂ.
ആരോടും ചോദിയ്ക്കാൻ കഴിയില്ല.
ശങ്കരൻ നായർ കാത്തിരുന്നു.
നായരുടെ മനസ്സിൽ സാഹസികതയുടെ മുളപൊട്ടി.
നരബലിക്കായി കൊണ്ടുവന്ന മിന്നിയെ അവരിൽ നിന്നും രക്ഷിച്ച നായർ അവൾക്കൊപ്പം സന്തോഷമായി ജീവിച്ചു.
പക്ഷേ,എന്നും അശുഭ കാര്യങ്ങൾ മാത്രം സംഭവിക്കുന്ന മേമനെകൊല്ലി ഇത്തവണയും അത് ആവർത്തിച്ചു.ഏതോ ഒരു രാത്രിയിൽ ആർത്തലച്ചു വന്ന പ്രളയജലത്തിൽ കുടകിലെ മലകളിൽനിന്നും ഒഴുകിയെത്തിയ മണ്ണ് അവരുടെ വീടിനെ മൂടിക്കളഞ്ഞു.
ചിലപ്പോൾ ഒരു മലയുടെ കുറച്ചു ഭാഗം നിരങ്ങി വന്ന് ആ വീടിനെ മൂടി കളഞ്ഞതാകാം.”
മൂന്നുമാസങ്ങൾക്കുശേഷം .
മേമനെകൊല്ലിയിൽ നിന്നുംകിട്ടിയ വിവരങ്ങൾ അവരെ ആവേശഭരിതരാക്കി.ഈ പുതിയ ഇൻഫോർ മേഷനുകൾ വളരെ ജനശ്രദ്ധ നേടുകയും ചെയ്തു.പത്രങ്ങളിലും മറ്റു മീഡിയകളിലും വാർത്തകൾ വന്നു.
ധാരാളം ആളുകൾ മേമനെകൊല്ലി സന്ദർശിക്കാനായി വന്നുകൊണ്ടിരുന്നു.
കിട്ടിയ വിവരങ്ങൾ പഠിക്കുന്നതിനായി അവർ വീരരാജ് പേട്ടയിലുള്ള ഗവണ്മെൻറ് റസ്റ്റ് ഹൗസിൽ ഒരിക്കൽക്കൂടി ഒന്നിച്ചു കൂടിയിരിക്കുകയാണ് .
ഡോ.നാണയ്യ മുൻപിൽ ഇരിക്കുന്ന ഗ്ലാസിലെ വിസ്‌ക്കിയിലേക്ക് ഐസ് ക്യുബ് കൾ ഇടുന്നതിനിടയിൽ പറഞ്ഞു.
“മേമനെകൊല്ലിയെ ചുറ്റിപറ്റി ഒരുപാട് അന്ധവിശ്വാസങ്ങൾ നിലവിൽ ഉണ്ട്.ആദ്യം വരുന്നവർ മേമൻ്റെ പേരിൽ തീർത്ത ആ ചെറിയ കോവിലിൽ പോയി വണങ്ങാറുണ്ട്. ഒരു വിശ്വാസമാണ് .അല്ലെങ്കിൽ അശുഭമായതു പലതും അവർക്ക് സംഭവിക്കുമെന്നാണ് മേമനെകൊല്ലിയിൽ ഉള്ളവരുടെ വിശ്വാസം..”
വിസ്‌കി ഗ്ലാസ് കൈലെടുത്തിട്ട് രാജൻ ബാബു പറഞ്ഞു.
“താങ്കൾ ഇത്തരം അന്ധവിശ്വാസങ്ങളിൽ ഇപ്പോഴും കുടുങ്ങികിടക്കുകയാണോ?”
“ഹേയ് അങ്ങനെയൊന്നുമില്ല,എന്നാലും….
“ശരി,ശരി,നിങ്ങൾ ഗ്ലാസ് എടുക്കൂ,നമ്മൾക്ക് മേമന് ഒരു ചിയേർസ് പറയാം.താങ്കൾ മേമനെകൊല്ലിയുടെ ചരിത്രകാരനല്ലേ? ” പ്രകാശ് പറഞ്ഞു.
അവർ മൂന്നുപേരും ഗ്ലാസ്സ് ഉയർത്തി പിടിച്ചു തമാശയ്ക്ക് പറഞ്ഞൂ,”ചിയേർസ്, മേമൻ”.
രാജൻ ബാബുവിൻ്റെ കയ്യിലിരുന്ന വിസ്കി ഗ്ലാസ് ഒരു ശബ്ദത്തോടെ രണ്ടായി പൊട്ടി താഴേക്ക് വീണു.
“എന്ത് പറ്റി ?” എന്ന് പറഞ്ഞുകൊണ്ട് നാണയ്യ കയ്യിലെ ഗ്ലാസ് താഴെ വച്ച്, രാജൻ ബാബുവിൻ്റെ അടുത്തേക്ക് ചെന്നു.
പുറകിൽ നിന്നും ഒരു ശബ്ദം കേട്ട് തിരിഞ്ഞുനോക്കുമ്പോൾ നാണയ്യ താഴെ വച്ച ഗ്ലാസും രണ്ടായി പിളർന്നിരിക്കുന്നു.
ഭയചകിതനായ പ്രകാശ് തൻ്റെ ഗ്ലാസ്സിലേക്ക് നോക്കി.
നേരിയ ഒരു ശബ്ദത്തോടെ ആ ഗ്ലാസും രണ്ടായി പിളർന്നു വിസ്ക്കിയും ഐസ് ക്യുബ് കളും നിലത്തേക്ക് വീണു.
റസ്റ്റ് ഹൗസിലെ കാർപെറ്റിൽ വിസ്കി പൊട്ടിയ ഗ്ലാസുകളും ഐസ് ക്യുബ് കളും നിരന്നു കിടന്നു.
അവർ അമ്പരന്നു പരസ്പരം നോക്കി.
രാജൻ ബാബു പറഞ്ഞു ,”ഗ്ലാസ്സുകൾ നിർമ്മിക്കുമ്പോൾ ഒരു പ്രോസസ്സ് ഉണ്ട്.അനീലിങ് എന്ന് പറയും.മെഷീനിൽ നിന്നും പുറത്തുവരുന്ന ഗ്ലാസ്സുകൾ വീണ്ടും ചൂടാക്കി തണുപ്പിക്കുന്നു. അതിലെ സ്ട്രെസ്സ് നീക്കിക്കളയുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.ഈ പ്രോസസ്സ് ശരി ആയി നിർമ്മാണ അവസരത്തിൽ മെയിൻ ൻ്റെയിൻ ചെയ്തിട്ടില്ലെങ്കിൽ ഇങ്ങനെ സംഭവിക്കാം.”
എല്ലാവരും തലകുലുക്കി.
ഡോ.നാണയ്യ പറഞ്ഞു,”ചരിത്രകാരാ മേമനെകൊല്ലിയുടെ ചരിത്രം എഴുതുമ്പോൾ നമ്മളുടെ ഗ്ലാസ് പൊട്ടിയ കാര്യം എഴുതരുത്.”
“ഇല്ല.”രാജൻ ബാബു ചിരിച്ചുകൊണ്ട് തലകുലുക്കി.
അവർ മൂന്നുപേരും ചിരിച്ചു .
തങ്ങളുടെ മനസ്സിൽ ഭയത്തിൻ്റെ വിത്തുകൾ മുളപൊട്ടുന്നത് പരസ്പരം അറിയിക്കാതെ ഇരിക്കാൻ അവർ ബദ്ധപ്പെട്ടുകൊണ്ടിരുന്നു.
നിഗൂഢതകളുടെ പര്യായപദമായ മേമനെകൊല്ലിയിൽ എന്താണ് സംഭവിക്കുന്നത് എന്ന് ഇന്നും ആർക്കും മനസ്സിലാകുന്നില്ല.
അവരുടെ ഇടയിൽ മൗനം ഘനീഭവിച്ചു.
“ടക് ,ടക്”.
ആരോ അടഞ്ഞുകിടന്ന വാതിലിൽ മുട്ടുന്നു.രാജൻ ബാബു ചെന്ന് വാതിൽ തുറന്നു.
“ആരാ?എന്തുവേണം?”
“ഞാൻ കണ്ണൂർ നിന്നും വരികയാണ്.മേമനെകൊല്ലിയെക്കുറിച്
“ഞാനാണ് രാജൻ ബാബു”.
അയാൾ കയ്യിൽ ഇരുന്ന ഒരു കവർ രാജൻ ബാബുവിൻ്റെ നേർക്ക് നീട്ടി
“എന്താണിത്?നിങ്ങൾ ആരാണ്?”
“രണ്ടു നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ചിരുന്ന ശങ്കരൻ നായരുടെ മകൾ ഗീത, ഞങ്ങളുടെ മുത്തശ്ശിയാണ്.കുറേ തലമുറകൾക്ക് മുൻപുള്ള മുത്തശ്ശി എന്ന് വിളിക്കാം അല്ലെ?മുത്തശ്ശിതുടങ്ങിവച്ച ബേക്കറി രണ്ടു നൂറ്റാണ്ടുകളായി ഇന്നും ഒരു കുടുംബ ബിസ്സിനസ്സായി തുടർന്ന് വരുന്നുണ്ട്.ഞങ്ങളുടെ ഒരു ഗോഡൗണിൽ കൂടി കിടന്നിരുന്ന ആക്രി സാധനങ്ങൾ വൃത്തിയാക്കികൊണ്ടിരുന്നപ്പോൾ ഒരു പെട്ടിയിൽ നിന്നും കിട്ടിയതാണ് ഈ ഡയറി.”
അവർ ആ കവർ തുറന്നു.
പഴകി ദ്രവിച്ച ഒരു ഡയറി,ശങ്കരൻ നായരുടെ മകൾ ഗീത എഴുതിയതാണ്.
“അച്ഛൻ പേരും വേഷവും എല്ലാം മാറ്റി ആരും അറിയാതെ മിന്നിയും ഒന്നിച്ചു് മേമനെകൊല്ലിയിൽ താമസിക്കുന്നത് എനിക്കറിയാമായിരുന്നു.പാവം അച്ഛൻ.എന്തുകൊണ്ടോ മേമൻ്റെ മരണത്തിന് താനും കാരണക്കാരനാണ് എന്ന കുറ്റബോധമായിരുന്നു അച്ഛന്.ഈ നാടകം അധിക കാലം തുടരാൻ കഴിയില്ല എന്ന് ഞങ്ങൾ രണ്ടുപേർക്കും അറിയാമായിരുന്നു.അവസാനം മിന്നിയും ഒന്നിച്ച നാട്ടിൽ തിരിച്ചു വന്ന് ജോലിയിൽ തുടരാമെന്ന് അച്ഛൻ സമ്മതിച്ചു.ദാനിയേലിനും അത് ഇഷ്ടമായിരുന്നു.
അച്ഛൻ വരാമെന്ന് പറഞ്ഞ ദിവസം വന്നു ചേർന്നു.
ഞങ്ങൾ എല്ലാകാര്യങ്ങളും ഡാനിയേൽ വൈറ്റ് ഫീൽഡിനെ അറിയിച്ചിരുന്നു.അച്ഛനെ വളരെ ഇഷ്ടപ്പെട്ടിരുന്ന ഡാനിയേൽ പറഞ്ഞു,”ഞാനും നിങ്ങളുടെകൂടെ വരുന്നു.”
ഞങ്ങൾ മേമനെകൊല്ലിയിൽ ചെന്നു.
തലേ ദിവസ്സം പെയ്ത മഴയിൽ എല്ലാം അവസാനിച്ചിരുന്നു.അച്ഛനും മിന്നിയും താമസിച്ചിരുന്ന സ്ഥലം പോലും എവിടെയാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല.”
തുടർന്നും എഴുതിയിട്ടുണ്ട്.രാജൻ ബാബു വായന നിർത്തി.
അയാൾ പുറത്തേക്ക് ഇറങ്ങി.
“നല്ല മഴയുടെ ലക്ഷണം ഉണ്ട്,നിങ്ങൾ എവിടെ പോകുന്നു?”രാജൻ ബാബുചോദിച്ചു.
“കണ്ണൂരേക്ക്”.
“ഇത്രയും ദൂരം തനിച്ചു ഈ രാത്രിയിൽ യാത്ര ചെയ്യാനോ?ഇന്ന് ഇവിടെ താമസിച്ചിട്ട് നാളെ കാലത്തുപോകാം”
നാണയ്യ ഒരു ഗ്ലാസ് കൂടി എടുത്തുകൊണ്ടുവന്നു.
നാലുഗ്ലാസിലും വിസ്‌ക്കി ഒഴിച്ചു.ഐസ് കട്ടകൾ വിസ്‌ക്കിയിൽ കോരിയിട്ടു.
അവ അലിഞ്ഞു ചേർന്നുതുടങ്ങുന്നു.
“ചിയേർസ്”.
അവർ മൂന്നുപേരും വിസ്കി ഗ്ലാസ്സിലേക്ക് തുറിച്ചു നോക്കി.
ചെറുപ്പക്കാരൻ ഒന്നും മനസ്സിലാകാതെ അവരെ മൂന്നു പേരെയും മാറി മാറി നോക്കി.അസാധാരണമായ അവരുടെ മുഖഭാവം ശ്രദ്ധിച്ച ചെറുപ്പക്കാരൻ ചോദിച്ചു.
“എന്താ?.എന്തെങ്കിലും പ്രശനങ്ങൾ?”
“ഹേയ് ,ഒന്നുമില്ല”.രാജൻ ബാബു പറഞ്ഞു.
രാത്രിയിൽ താമസ്സിച്ചു കിടന്നതുകൊണ്ട് വളരെ വൈകിയാണ് എല്ലാവരും എഴുന്നേറ്റത്.
ഒരു കെട്ടു ചോദ്യങ്ങളും മനസ്സിൽ തയ്യാറാക്കി രാജൻ ബാബു ചെറുപ്പക്കരൻ കിടന്നിരുന്ന മുറിയിലേക്ക് ചെന്നു .
അവിടെ ആരും ഉണ്ടായിരുന്നില്ല.
അയാൾ കൊടുത്ത ഡയറി വച്ചിരുന്ന സ്ഥാനത്തു പോയി നോക്കി.
അവിടെ പൊടിഞ്ഞുപോയ കടലാസ്സുകളുടെ ആവശിഷ്ടങ്ങൾ കിടന്നിരുന്നു.
എല്ലാം ഒരു സ്വപനമായിരുന്നോ?രാജൻ ബാബു സംശയിച്ചു.
അപ്പോൾ ഡോ.പ്രകാശ്, നാണയ്യയും ഒന്നിച്ചു് അവിടേക്കു വന്നു.
“അയാൾ എവിടെ?”
അവർ രണ്ടുപേരും ഒന്നിച്ചു ചോദിച്ചു.
രാജൻ ബാബു ചുറ്റും നോക്കി.
ഒരേ സ്വപ്നം മൂന്നുപേരും കാണാനിടയില്ല.
രാജൻ ബാബു നടന്നു ചെന്ന് ഭിത്തിയിൽ തൂക്കിയിരിക്കുന്ന കലണ്ടറിൽ നോക്കി നിന്നു.
“എന്താണ് കലണ്ടറിൽ നോക്കുന്നത്?”
“ഞാൻ നിൽക്കുന്നത് ഏതു നൂറ്റാണ്ടിൽ ആണ് എന്ന് മനസ്സിലാകുന്നില്ലല്ലോ”.
പുറത്തു മഴപെയ്യുന്നു.
മഴ കടുത്തു.
പതുക്കെ പതുക്കെ മൂടൽ മഞ്ഞു കുടകുമലകളെ മൂടി.
അവസാനിച്ചു.
(മേമനെകൊല്ലി,ഇവിടെ അവസാനിക്കുന്നു.
മേമനെകൊല്ലി,ഇന്ദുലേഖ പബ്ലിഷേഴ്സ് (indulekha.com)പുസ്തകമായി ഉടൻ പ്രസ്സിദ്ധീകരിക്കുന്നു.amazone.com ലും ലഭ്യമാണ്.വായനക്കാർക്ക്,നന്ദി.)
ജോൺ കുറിഞ്ഞിരപ്പള്ളി
ഡോ. ഐഷ . വി.
ഭൂതകാലത്തിലേയ്ക്ക് ചികഞ്ഞ് ഓർത്തെടുക്കാൻ നോക്കിയാൽ ഏതറ്റം വരെ ഒരാൾക്ക് ഓർത്തെടുക്കാൻ പറ്റും? ചിലർക്ക് രണ്ടര വയസ്സു മുതലുള്ള കാര്യങ്ങൾ ഓർമ്മ കണ്ടേക്കാം. ചിലർക്ക് 3 വയസ്സു മുതലുള്ള കാര്യങ്ങൾ ഒാർമ്മിച്ചെടുക്കാൻ പറ്റിയേക്കാം. ചിലർക്ക് ചിലപ്പോൾ മറവി ഒരനുഗ്രഹമായേക്കാം. ചിലർക്ക് ഓർത്തെടുക്കൽ ആനന്ദം നൽകിയേക്കാം. ജീർണ്ണിച്ച ഓർമ്മകളിൽ ജീവിക്കാനാകും ചിലർക്കിഷ്ടം. എന്നാൽ ചിലർക്കാകട്ടെ ഒന്നും ഓർക്കാനുള്ള നേരം കാണില്ല . എപ്പോഴും മുന്നോട്ടുള്ള കുതിപ്പാണ്. അതിനാൽ തന്നെ ബന്ധങ്ങൾ ബന്ധുക്കൾ എല്ലാം അവർക്ക് ബന്ധനങ്ങൾ ആകും.
കുറെ നാളുകൾക്ക് മുമ്പ് തിരുവനന്തപുരം പോത്തൻകോട്ടെ ശാന്തിഗിരിയിലെ ആശ്രമ സ്ഥാപകനായ ശ്രീ കരുണാകര ഗുരുവിന്റെ ജീവചരിത്ര ലഘുലേഖ വായിക്കാനിടയായി. അദ്ദേഹത്തിന്റെ ഓർമ്മയിൽ പിറന്ന ദിനത്തിൽ മുറിയിലുണ്ടായിരുന്ന റാന്തൽ വെളിച്ചം ഓർമ്മയിൽ ഉണ്ടായിരുന്നത്രേ. മഹാഭാരതത്തിൽ ഗർഭസ്ഥ ശിശുവായിരിക്കുമ്പോൾ കേട്ട കാര്യം ഓർക്കുന്ന പ്രതിഭകളെ കുറിച്ചു o പ്രതിപാദിക്കുന്നുണ്ട്.
ഞാനും ഒന്ന് ശ്രമിച്ചു നോക്കി. 19/05/1971 ൽ അത് ചെന്ന് അവസാനിക്കുന്നു. അതിന് മുമ്പുള്ള കാര്യങ്ങൾ എനിയ്ക്ക് കേട്ടറിവാണ്. കേട്ടറിവ് മാത്രം. മേൽ പറഞ്ഞ ദിനം ഞാനോർക്കാൻ ഒരു കാരണമുണ്ട്. അന്ന് രാവിലെ ഒരു വയറ്റാട്ടി ത്തള്ളയാണ് എന്നെ വിളിച്ചുണർത്തിയത്. അവരുടെ കൈയിൽ തുണിയിൽ പൊതിഞ്ഞു വച്ചിരുന്ന പിഞ്ചു പൈതലിനെ എനിയ്ക്ക് കാണിച്ചു തന്നിട്ട് അവർ പറഞ്ഞു. ഇത് മോളുടെ കുഞ്ഞനുജനാണ്. മോൾക്ക് കളിക്കാൻ കൂട്ടായി. എനിയ്ക്ക് വളരെ സന്തോഷം തോന്നി.
എനിക്ക് ഓർത്തെടുക്കാൻ പറ്റിയതിന്റെ അങ്ങേയറ്റം. അന്ന് എനിയ്ക്ക് മൂന്നു വയസ്സും രണ്ട് മാസവും ആറ് ദിവസവും പ്രായമായിരുന്നു. എന്തെങ്കിലുമൊക്കെ പ്രത്യേകതകൾ, പ്രാധാന്യങ്ങൾ ഒക്കെയുണ്ടെങ്കിൽ അതൊക്കെ നമ്മൾ ഓർത്തിരിക്കാൻ സാധ്യതയുണ്ട്. അമ്മയുടെ ആദ്യ പ്രസവം കൊട്ടിയം ഹോളിക്രോസ്സ് ആശുപത്രിയിലായിരുന്നെങ്കിലും രണ്ടാമത്തെ പ്രസവം വീട്ടിലായിരുന്നു. അമ്മ ആശുപത്രിയിൽ പരിശോധനയ്ക്ക് കൃത്യമായി പോയിരുന്നെങ്കിലും കുഗ്രാമത്തിൽ നിന്ന് അന്ന് കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലേയ്ക്കു പോകാൻ വണ്ടിയൊന്നും കിട്ടിയില്ല. പട്ടണപ്രദേശത്ത് സ്ത്രീ രോഗ വിദഗ്ദർ ( ഗൈനക്കോളജിസ്റ്റുകൾ) ഉണ്ടായിരുന്നെങ്കിലും ഗ്രാമങ്ങളിലെ വയറ്റാട്ടികൾ നാമാവശേഷമായിരുന്നില്ല. അമ്മയുടെ വീട്ടിലെ കഷായപ്പുരയിൽ പണി ചെയ്യുന്ന പത്മനാഭന്റെ (പപ്പനാവൻ എന്ന് മറ്റു പണിക്കാർ പറയും. എളുപ്പമുണ്ടല്ലോ?) അമ്മയായിരുന്നു ആ വയറ്റാട്ടി.
ഞാനും വയറ്റാട്ടിയും കൂടി അമ്മയുടെ അടുത്തേയ്ക്ക് പോയി. അമ്മ സന്തോഷത്തോടെ എന്റെ തോളത്തു തട്ടി.
ലോകം മുഴുവനുള്ള അഭയാർത്ഥികളുടെ വേദന ഒപ്പിയെടുത്തു കൊണ്ട് ആദില ഹുസൈൻ മലയാളം യു കെ യിൽ എഴുതിയ വേരില്ലാത്തവർ എന്ന കവിതയുടെ വീഡിയോ ആവിഷ്കാരം പുറത്തിറങ്ങി . ലോക മനസ്സാക്ഷിയെ പരിക്കേൽപ്പിച്ച റോഹിൻഗ്യൻ അഭയാർത്ഥികളുടെ പലായനത്തിനിടയിൽ ബോട്ട് മറിഞ്ഞു ദാരുണാന്ത്യത്തിന് ഇരയായ അയ്‌ലൻ കുർദിയെ സ്മരിച്ചു എഴുതിയതാണ് കവിത.
ഒരിക്കൽ പ്രസിദ്ധീകരിച്ച ഈ കവിത പിന്നീട് ബൾഗേറിയയിൽ നിന്ന് ട്രക്കിൽ കയറി ലണ്ടനിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ തണുത്തു മരവിച്ചു മരിച്ച 39 അഭയാർത്ഥികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മലയാളം യു കെ പുനപ്രസിദ്ധീകരിച്ചിരുന്നു.
പൗരത്വ ബില്ലിനെതിരെ ഉള്ള പ്രതിഷേധങ്ങൾ കൊടുമ്പിരി കൊള്ളുമ്പോൾ വേരില്ലാത്തവർ എന്ന കവിതയ്ക്ക് പുതിയ പുതിയ മാനങ്ങൾ കൈവരികയാണ് .
രാധിക
പിച്ചവെച്ചു നടന്നൊരു നാളിലെൻ
മച്ചകത്തിൻറെയോമനേ നിന്നുടെ
പിഞ്ചു കൈയിലെ മിന്നും വളകളെൻ
സ്വന്തമാക്കീടുവാൻ ഏറെ കൊതിച്ചു ഞാൻ
ഗീതോപദേശവും ഭാരത യുദ്ധവും
അന്യമായ് നിന്നൊരെന്നുള്ളത്തിലന്നെല്ലാം
കണ്ണൻ ചിരട്ടയിൽ മണ്ണു നിറക്കുന്ന
ബാല്യമായ് വന്നു നിറഞ്ഞു നീ മാധവാ
കാലിയെ മേച്ചു നീ കാട്ടിൽ നടക്കുമ്പോൾ
കൂട്ടുകാരൊത്തു നീ നൃത്തമാടീടുമ്പോൾ
ആടുവാൻ പാടുവാൻ കൂട്ടുകൂടീടുവാൻ
കൂട്ടുമോയെന്നെ നീ എന്നു മോഹിച്ചു ഞാൻ
രാമന്നുകൂട്ടായി രാധയ്ക്ക് ജീവനായി
ഗോകുലനാഥനായ് നീ വളർന്നീടുമ്പോൾ
ഏതോസ്വയംവര പന്തലിൽ വച്ച് ഞാൻ
കണ്ടുവോ രുഗ്മിണീ നാഥനാം കൃഷ്ണനെ
വീരനാം പാർത്ഥനു നേർവഴി കാട്ടുന്ന
വിശ്വൈക സത്യമായ് നീ നിറഞ്ഞീടുമ്പോൾ
എന്നുള്ളിലുള്ളൊരു താപവും ഭീതിയും
ഭക്തിയായ് യുക്തിയായ് മാറുന്നു കേശവാ
എൻറെ പൊന്നുണ്ണിയെ വാരിയെടുത്തു ഞാൻ
ഉമ്മ കൊടുക്കുമ്പോൾ ആന കളിക്കുമ്പോൾ
പിന്നെയും പിന്നെയും കണ്ണൻ പിറക്കുന്നു
വിണ്ണിനെയെന്നെന്നും ധന്യമാക്കീടുവാൻ
പിന്നെയും പിന്നെയും കണ്ണൻ പിറക്കുന്നു
വിണ്ണിനെ എന്നെന്നും ധന്യമാക്കീടുവാൻ.
ചിത്രീകരണം : അനുജ കെ
ജോർജ്ജ് മറ്റം
നഗരങ്ങളും തെരുവുകളും മാറുന്നു. ഭാഷകളും സംസ്കാരങ്ങളും മാറുന്നു. കാലം തന്നിലേല്പിച്ച മാറ്റങ്ങളും പേറി അയാൾ ഇന്നും യാത്ര തുടരുകയാണ്. ഒരു തോൾസഞ്ചിയും, കയ്യിൽ ക്യാൻവാസും പെൻസിലും ഛായങ്ങളുമായി അയാൾ സഞ്ചരിക്കാത്ത പാതകൾ വിരളമാണെന്നു തന്നെ പറയേണ്ടി വരും. വാരണാസിയിലെ ഈ തെരുവീഥിയിൽ എത്തിപ്പെടുന്നതിനും മുൻപ് എത്ര ദൂരം നഗ്നപാദനായി അയാൾ നടന്നുകാണണം, മുൻപിലെത്തുന്ന മുഖങ്ങൾ കാൻവാസിൽ പകർത്തി അന്നം തേടുന്ന ഒരു ചിത്രകാരനായി, സഞ്ചാരിയായി.
തോളറ്റം നീണ്ട മുടിയിലും പാറിപ്പറക്കുന്ന താടിയിലും നരവീണിരിക്കുന്നു. നൂലിഴ പൊട്ടി, നിറം മങ്ങിയ കരിമ്പടം പുതച്ചു കൂനിക്കൂടിയിരിക്കുന്ന ആ മനുഷ്യനെ കണ്ടാൽ സർവ്വവും പരിത്യജിച്ച് മോക്ഷം തേടി അലയുന്ന ഒരു സന്യാസിയാണെന്ന് തോന്നും. രുദ്രാക്ഷങ്ങളോ ഭസ്മമോ ധരിക്കാതെ എപ്പോഴും ശാന്തനായി തെരുവോരങ്ങളിലും മറ്റുമിരിക്കുന്ന ആ മനുഷ്യൻ ആരാണെന്നത് ആജ്ഞാതമാണ്. പുഞ്ചിരിമാത്രം ഭാഷയാക്കിയ ആ മനുഷ്യൻ ആരോടെങ്കിലും സംസാരിക്കുന്നതുപോലും ആരും കണ്ടിരിക്കാനിടയില്ല.
ഒരിക്കൽ ആറുവയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുട്ടി അയാളോട് ചോദിച്ചു, “दादाजी, आप कौन हैं? यह कहां से आता है? (മുത്തച്ഛാ, നിങ്ങൾ ആരാണ്? നിങ്ങൾ എവിടെനിന്ന് വരുന്നു.)
പകുതിയടഞ്ഞ കണ്ണുകളുയർത്തി ആ കുട്ടിയുടെ മുഖത്തുനോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് അയാൾ ചെയ്തത്. അന്ന് രാത്രി, ചരിത്രങ്ങളും വിശ്വാസങ്ങളുമുറങ്ങുന്ന കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ കല്ലുപാകിയ പടിക്കെട്ടിലിരുന്നപ്പോഴും അയാളുടെ ചിന്തകളിൽ പ്രതിധ്വനിച്ചത് ആ ബാലകൻ ചോദിച്ച ചോദ്യങ്ങളായിരുന്നു. തനിക്കു മുൻപിലൂടെ ഒഴുകുന്ന ഗംഗാ നദിയിലെ ഓളങ്ങളും അതേ ചോദ്യം ആവർത്തിക്കുന്നതായി അയാൾക്ക് തോന്നി. അയാൾ വെറുതെ ആലോചിച്ചു, “ആരാണ് ഞാൻ?”
എന്നോ വിസ്മരിച്ച ഭൂതകാലത്തിന്റെ ആഴങ്ങളിൽ അയാൾ തന്റെ തന്നെ സ്വത്വം തിരയാൻ തുടങ്ങുകയായിരുന്നു.
അയാൾ ഓർത്തു, താൻ ആരാണ്? പേരുപോലും വിസ്മരിച്ച ഒരു യാത്രികൻ. എത്രയോ കലാപങ്ങൾക്കും പ്രളയങ്ങൾക്കും ജീർണ്ണതകൾക്കും അതിജീവനങ്ങൾക്കും സാക്ഷിയാകേണ്ടി വന്നവൻ. ദുഃഖക്ഷതങ്ങളേറ്റ് പിടഞ്ഞവൻ. മകനായും, കാമുകനായും, സഞ്ചരിയായും, ഭ്രാന്തനായും, ചിത്രകാരനായുമൊക്കെ എത്രയെത്ര വേഷങ്ങൾ കെട്ടിയാടാൻ വിധിക്കപ്പെട്ടവൻ. കാലമേൽപ്പിച്ച മുറിവുകൾക്കുമേൽ പറ്റിപ്പിടിച്ച മറവിയുടെ പൊറ്റകൾക്കു കീഴെ നേർത്ത ഞരമ്പുകളിലൂടെ രക്തത്തോടൊപ്പം ഓർമ്മകൾ അതിശീഘ്രം ഒഴുകുന്നത് അയാൾ തിരിച്ചറിഞ്ഞു. പിന്നിലെവിടെയോ അറിഞ്ഞുകൊണ്ട് ഉപേക്ഷിച്ച ഭൂതകാലം ഹൃദയത്തിന്റെ ഭിത്തികളിൽ വേലിയേറ്റം കണക്കെ ആഞ്ഞടിച്ച് വിള്ളലുകൾ സൃഷ്ടിക്കാൻ തുടങ്ങിയതായി അയാൾക്ക് തോന്നി.
ചുറ്റും പരക്കുന്ന ഇരുട്ടിലേക്ക് നോക്കി കണ്ണുമിഴിച്ചിരുന്നപ്പോൾ കാലങ്ങൾക്കു മുൻപ് തന്നേ സന്ത്വനിപ്പിച്ച രണ്ടു ശബ്ദങ്ങൾ വിദൂരതയിൽനിന്നും അയാളുടെ കാതുകളിലേക്ക് മാറ്റൊലികൾപോലെ പതിക്കാൻ തുടങ്ങി, “ശിവാ…” “ശിവാ…”
———————————————————————-
———————————————————————-
പുറത്ത് ഇടമുറിയാതെ മഴ പെയ്യുന്നു. നേരം പുലരാൻ ഇനിയെത്ര സമയം ഉണ്ടെന്ന് വ്യക്തമല്ല. എത്രയോ നേരമായി കട്ടിലിന്റെ അരികിലുള്ള ജാലകത്തിലൂടെ പുറത്തേക്ക് നോക്കി കിടക്കുകയാണ് ശിവൻ. അയാളുടെ ശരീരത്തോട് ചേർന്ന് ഒട്ടിപ്പിടിച്ച് കിടന്നുറങ്ങുന്ന യുവതി. നഗ്നമായ ശരീരത്തിനുമേൽ ഒരു പഴയ പുതപ്പും പുതച്ച് അവൾ ഗാഢമായി ഉറങ്ങുന്നു. ഇളം നീല നിറമുള്ള സീറോ വോൾട്ട് ബൾബ് ഇപ്പോളും കത്തിക്കിടക്കുന്നു. അരികിലെ കൈ ഒടിഞ്ഞ കസേരയിൽ അവരുടെ വസ്ത്രങ്ങൾ ചുരുണ്ടുകിടക്കുന്നു. കഴിഞ്ഞ രാത്രിയിൽ അവൾ ചൂടിയെത്തിയ മുല്ലപ്പൂമാലയിലെ ഒരു വാടിയ പൂവ് അയാളുടെ നെഞ്ചിൽ ഒട്ടിപ്പിടിച്ചിരിക്കുന്നു. അവളുടെ മുടിയിഴകളിൽ അവശേഷിക്കുന്ന വാസന തൈലത്തിന്റെ നനുത്ത ഗന്ധം അയാൾ അറിഞ്ഞു. അകലെ എവിടെ നിന്നോ അവ്യക്തമായ നേർത്ത സംഗീത വീചികൾ അവിടേക്ക് ഒഴുകി എത്തുന്നുണ്ടായിരുന്നു.
———————————————————————-
അവൾ ആനി, ലോകം അഭിസാരികയെന്ന് മുദ്രകുത്തിയ ഒരു പെൺകുട്ടി. താൻ തിരഞ്ഞെടുത്ത വഴിയെ ഒരിക്കൽപ്പോലും ന്യായീകരിക്കാൻ മുതിരാത്ത ഒരു സ്ത്രീ. ഒരിക്കൽ വിശാലമായ ബോംബെ തെരുവിൽ വെച്ചാണ് വളരെ അപ്രതീക്ഷിതമായി ശിവൻ ആനിയെ കണ്ടുമുട്ടുന്നത്. തൊഴിൽ തെണ്ടി അലയുന്നതിനിടയിൽ എങ്ങനെയോ എത്തിപ്പെട്ടതാണ് അയാൾ ആ മഹാ നഗരത്തിൽ. പട്ടിണി മാറ്റാൻ ഒരുപാട് ജോലികൾ ചെയ്തു. ഒടുവിൽ ചിത്രം വരയ്ക്കാനുള്ള കഴിവ് അയാൾ ജീവിതമാർഗ്ഗമായി സ്വീകരിച്ചു. തിരക്കുപിടിച്ച തെരുവിലെ കല്ലുപാകിയ ഒരു ഓരത്ത് കയ്യിൽ ഒരു ക്യാൻവാസും പല നിറത്തിലുള്ള പെൻസിലുകളുമായി അയാൾ ഇരിക്കും. മുൻപിലെത്തി ആവശ്യപ്പെടുന്നവരുടെ ചിത്രങ്ങൾ ഭംഗിയായി വരച്ചു നൽകി അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കും. യാതൊരു മാറ്റവും കൂടാത്ത അയാളുടെ ജീവിതം വിരസമായി നീങ്ങിക്കൊണ്ടിരുന്നു. അങ്ങനെ ഒരു ദിവസം വൈകിട്ട് അയാൾ ആനിയെ ആദ്യമായി കണ്ടു. കടും ചുവപ്പ് നിറമുള്ള സാരി ഉടുത്ത്, പരുഷമായി മുഖഭാവത്തോടുകൂടി അവൾ ശിവനിരിക്കുന്ന സിമന്റ് ബെഞ്ചിന്റെ അപ്പുറത്തെ അറ്റത്ത് വന്നിരുന്നു. മുഷിഞ്ഞ വസ്ത്രവും ചീകി ഒതുക്കാത്ത നീളൻ മുടിയും താടിയും കണ്ടിട്ടാവണം ആനി ശിവന്റെ നേർക്ക് ഒന്ന് നോക്കുക പോലും ചെയ്തില്ല. പക്ഷെ, അവളുടെ വിടർന്ന കണ്ണുകൾ ശിവന്റെ ഉള്ളിലേക്ക് അയാൾപോലും അറിയാതെ ആഴത്തിൽ പതിയുകയായിരുന്നു. അയാൾ ഒന്നിനുമല്ലാതെ മെല്ലെ തന്റെ ക്യാൻവാസിലേക്ക് ആ നീണ്ട മിഴിയിണകൾ വരച്ചു ചേർക്കാൻ തുടങ്ങി. പരുഷമായ അവളുടെ നോട്ടത്തിന്റെ പിന്നിൽ നിസ്സഹായതയുടെ നിഴൽപ്പാടുകൾ അയാൾക്ക് കാണാൻ സാധിക്കുന്നുണ്ടായിരുന്നു. അൽപ്പ നേരത്തിനു ശേഷം തിരക്കിട്ട് അവൾ എങ്ങോട്ടോ നടന്നു പോവുകയും ചെയ്തു. അടുത്ത ദിവസങ്ങളിലും തെരുവിന്റെ പല കോണുകളിലും വെച്ച് അയാൾ അവളെ കണ്ടു. കാണാത്ത ദിവസങ്ങൾ ശിവന്റെ കണ്ണുകൾ അവളുടെ മിഴികൾ തേടി അലഞ്ഞു.
തിരക്കുള്ള ഒരു വൈകുന്നേരം, ആനി വഴിയൊരത്തുള്ള റഹീം എന്ന മലയാളിയുടെ ഭക്ഷണ ശാലയിൽ നിന്നും എന്തോ കഴിക്കുകയായിരുന്നു. ആ നഗരത്തിൽ ശിവന് ആകെ അടുപ്പം റഹീമിനോട് മാത്രമായിരുന്നു. അയാൾ റഹീമിനെ സ്നേഹത്തോടെ റഹീം ഇക്കാ എന്ന് വിളിച്ചിരുന്നു. ശിവൻ അവിടേക്ക് നടന്നെത്തി ആനിയിരിക്കുന്ന മേശയുടെ മറുവശത്ത് നിശ്ശബ്ദനായി തല കുനിച്ചു നിന്നു. ആനി മുഖമുയർത്തി അയാളെ നോക്കി. എന്തുവേണം എന്ന അർത്ഥത്തിൽ തലയാട്ടി. ശിവൻ അപ്പോഴും നിശബ്ദനായി നിൽക്കുകയായിരുന്നു. പതിഞ്ഞ ശബ്ദത്തിൽ അവൾ അവനോട് ചോദിച്ചു, “ക്യാ ചാഹിയെ?”. അല്പനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം അവൾ പതിയെ പരുഷമായി പറഞ്ഞു, “ഹസാർ രൂപയാ… ഫിക്സഡ് റേറ്റ്. നോ അഡ്ജസ്റ്മെന്റ്.”
ശിവൻ നിശബ്ദനായി പുഞ്ചിരിച്ചുകൊണ്ട് അവളുടെ മുഖത്ത് നോക്കി നിൽക്കുകയായിരുന്നു. അല്പം സംശയത്തോടെ ആനി ചോദിച്ചു, “മലയാളി ആണോ?”
അയാൾ ഒന്ന് മൂളുകമാത്രം ചെയ്തു. നിർവികാരയായി അവൾ പറഞ്ഞു, “പണം കയ്യിൽ ഉണ്ടല്ലോ? ആയിരം രൂപയാണ്, അതിൽ മാറ്റം ഇല്ല. ആദ്യം പണം.”
തലകുനിച്ചു നിന്ന ശിവന്റെ മുഖത്തേയ്ക്ക് നോക്കിയിട്ട് ദീർഘമായി നിശ്വസിച്ചിട്ട് അവൾ തുടർന്നു, “എവിടെ വരണം?”
കയ്യിൽ മടക്കി വെച്ചിരുന്ന വിലാസം എഴുതിയ കടലാസ്തുണ്ട് ആനിയുടെ മുൻപിൽ മെല്ലെ വെച്ചിട്ട് ശിവൻ തിരികെ നടന്നു. തെരുവിലെ തിരക്കിലൂടെ അയാൾ നടന്നകലുന്നത് ആനി നോക്കിയിരുന്നു.
ആനി മുറിയാകെ ഒന്ന് കണ്ണോടിച്ചു. അലങ്കോലപ്പെട്ടുകിടക്കുന്ന ഒരു കൊച്ചു മുറി. പിഞ്ചിക്കീറാറായ ജനൽമറ. ഒരു മൂലയിൽ കൂട്ടിയിട്ട ബീഡിക്കുറ്റികൾ. പുറംപാളികൾ ഇളകിത്തുടങ്ങിയ പുസ്തകങ്ങൾ പുറത്ത് അടുക്കിവെച്ച നിറം മങ്ങിയ ഒരു പച്ച തകരപ്പെട്ടി. ഭിത്തിയിൽ അടിച്ചുവെച്ചിരിക്കുന്ന അണികളിൽ തൂങ്ങിക്കിടക്കുന്ന നരച്ചുതുടങ്ങിയ കുപ്പായങ്ങൾ. കാലുകൾ പൊടിഞ്ഞു തുടങ്ങിയ മേശയുടെ മുകളിൽ ചിത്രം വരയ്ക്കുന്ന ക്യാൻവാസും പെൻസിലും മറ്റും. അരികിലായി ഒരു മൺകുടവും, രണ്ടു ചില്ലുഗ്ലാസ്സുകളും. മൺകുടം മൂടിയിരിക്കുന്ന സ്റ്റീൽ പാത്രത്തിന്റെ മുകളിൽ ആവി പറക്കുന്ന രണ്ടു പൊതികൾ.
“ആദ്യം പണം, ഞാൻ നേരത്തേ പറഞ്ഞിരുന്നല്ലോ?” ആനിയാണ് ആദ്യം നിശബ്ദത ഭഞ്ജിച്ചത്. ഉടൻതന്നെ ശിവൻ മേശയുടെ വിരിപ്പിന്റെ അടിയിൽനിന്നും കുറച്ചു നോട്ടുകൾ എടുത്ത് ആനിയുടെ നേരെ നീട്ടി. എന്നിട്ട് പറഞ്ഞു, “പറഞ്ഞത് മുഴുവൻ ഉണ്ട്. എണ്ണി നോക്കിക്കോളൂ.”
അവൾ പണം വാങ്ങി എണ്ണി തിട്ടപ്പെടുത്തി, എന്നിട്ട് കീറിത്തുടങ്ങിയ തന്റെ ബാഗിന്റെ ഉള്ളിലേക്ക് വെച്ചു. പിന്നെ നിശ്ശബ്ദയായി കട്ടിലിലേക്ക് കിടന്നു. അപ്പോൾ അവളുടെ മുഖത്ത് നിറഞ്ഞുനിന്നിരുന്ന ഭാവം നിർവികാരത ആയിരുന്നു. അയാൾ അവളുടെ അരികിലെത്തി എന്നിട്ട് പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു, “കഴിക്കാൻ ആഹാരം വാങ്ങിയിട്ടുണ്ട്. എന്റെ ഒപ്പം അത് കഴിക്കാമോ?”
ആ ചോദ്യം ആനിയുടെ ഹൃദയത്തിന്റെ ആഴങ്ങളെ സ്പർശിച്ചു. കാരണം, ജീവിതത്തിൽ ആദ്യമായിട്ടാണ് തന്റെ ശരീരത്തിന് വില നൽകിയ ഒരാളിൽനിന്നും അങ്ങനെയൊരു ആവശ്യം കേൾക്കേണ്ടിവരുന്നത്. അവൾ മെല്ലെ എഴുനേറ്റു, അപ്പോഴേക്കും ശിവൻ ആഹാരത്തിന്റെ പൊതി തുറന്ന് അവളുടെ മുൻപിലേക്ക് നീട്ടി.
ആനി ജനാലയുടെ അരികിൽ പുറത്തേക്കുനോക്കി നിൽക്കുന്നു. ശിവൻ അവളുടെ അരികിലെത്തി എന്നിട്ട് അവളോട് ചോദിച്ചു, “പേര് ആനി എന്നല്ലെ? റഹീം ഇക്ക പറഞ്ഞിരുന്നു.”
ജനാലയുടെ അരികിൽനിന്നും നടന്ന് കട്ടിലിൽ വന്നിരുന്നിട്ട് അവൾ പുച്ഛത്തോടെ പറഞ്ഞു, “ആദ്യമായിട്ടാണ് ഒരാൾ ഇങ്ങനെ നിസാരമായ ചോദ്യങ്ങൾ ചോദിച്ച് സമയം കളയുന്നത്. എന്നെപ്പോലെയുള്ളവർക്ക് ആവശ്യമില്ലാത്ത ഒന്നാണ് ഒരു പേര്. ഞാൻ വെറും ശരീരം മാത്രമാണ്. ആനി എന്ന പേര്, അതിനൊന്നും പ്രസക്തിയില്ല.”
പുഞ്ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു, “ഞാൻ ശിവൻ… വിരോധമില്ലെങ്കിൽ ഞാൻ നിങ്ങളുടെ ഒരു ചിത്രം വരച്ചോട്ടെ?”
അല്പം ആശ്ചര്യത്തോടെ അവൾ അയാളെ നോക്കി. വന്നതുമുതൽ ആ മനുഷ്യൻ അവളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അവൾ ഒന്ന് മൂളുക മാത്രം ചെയ്തു. ശിവൻ അപ്പോഴേക്കും ക്യാൻവാസുമായി അവളുടെ എതിരെ കിടന്ന കസേരയിൽ വന്നിരുന്നു. അയാളുടെ വിരലുകൾക്കിടയിൽ പെൻസിൽ അതിവേഗം ചലിച്ചു. ആനി നോക്കിയപ്പോൾ കണ്ണുകൾ കൂർപ്പിച്ച് അതിസൂഷ്മമായി അയാൾ അവളെ നോക്കി തന്റെ ക്യാൻവാസിലേക്ക് പകർത്തുന്ന തിരക്കിലായിരുന്നു.
എത്രയോ നേരമായി അയാൾ അവളുടെ കണ്ണുകളിൽ നോക്കിയിരിക്കുന്നു. സമയം അർധരാത്രിയോട് അടുക്കുന്നു. ഇത്രനേരമായിട്ടും ശിവൻ അവളുടെ ശരീരത്തിൽ ഒന്ന് സ്പർശിക്കുക പോലും ചെയ്തിട്ടില്ല. അവളുടെ കണ്ണുകളിലേക്ക് മയക്കം പടരുന്നത് അയാൾ അറിഞ്ഞു. വളരെ മൃദുവായി അയാൾ അവളോട് പറഞ്ഞു, “ഉറക്കം വരുന്നെങ്കിൽ കിടന്നോളൂ… ഞാൻ ഇവിടെ ഉണ്ടാവും.”.
“ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്, താങ്കൾക്ക് ഭ്രാന്തുണ്ടോ? ഇങ്ങനെ വെറുതെ ഇരിക്കാനാണോ നിങ്ങൾ എനിക്ക് പണം തന്നത്?” ആനി അയാളോട് ചോദിച്ചു. ഒരു നീണ്ട പുഞ്ചിരിമാത്രമായിരുന്നു അയാളുടെ ഉത്തരം.അവൾ വീണ്ടും ചോദിച്ചു, “നിങ്ങൾക്ക് എന്താണ് വേണ്ടത്? ഒരു ചിത്രം വരയ്ക്കുന്നതിനാണോ ശിവൻ എന്നെ ഇവിടെ വരുത്തിയത്, പണം തന്നത്? എനിക്ക് താങ്കളെ മനസ്സിലാക്കാൻ പറ്റുന്നില്ല.”
ശിവൻ കസേര അവളുടെ അടുത്തേക്ക് അല്പം കൂടി നീക്കിയിട്ടിട്ട് അവളോട് പറഞ്ഞു, “ആനിയെ ഒന്ന് കാണണമായിരുന്നു. അൽപ്പസമയം കൂടെ ചിലവഴിക്കണമായിരുന്നു. പിന്നെ ചിത്രം, അത് പെട്ടെന്നുണ്ടായ ഒരു ആഗ്രഹം മാത്രമായിരുന്നു. കൂടുതൽ ഒന്നും ആഗ്രഹിച്ചിരുന്നില്ല.”
അല്പനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം അയാൾ അവളോട് ചോദിച്ചു, “ഞാൻ ആനിയ്ക്ക് ഒരു ചുംബനം തന്നോട്ടെ?”.
വേണമെന്നോ വേണ്ടെന്നോ അവൾ പറഞ്ഞില്ല.തന്റെ മുൻപിൽ ഇരിക്കുന്ന വ്യത്യസ്തനായ മനുഷ്യനെപ്പറ്റി ആലോചിക്കുകയായിരുന്നു അവൾ. ആർത്തിയോടെ തന്നെ സമീപിക്കാത്ത ഏക പുരുഷൻ അയാൾ മാത്രമായിരുന്നു എന്ന് അവൾ ഓർത്തു. ശിവൻ അവളുടെ അരികിൽ വന്നിരുന്നു, പിന്നെ അവളുടെ മുഖം കൈകളിൽ എടുത്ത് നെറുകയിൽ മൃദുവായി ഒരു ചുംബനം നൽകി. എന്നിട്ട് പിന്നിലേക്ക് നീങ്ങിയിരുന്നു.
“ആനി ഉറങ്ങികോളൂ.” പുഞ്ചിരിച്ചുകൊണ്ട് അത്രയും പറഞ്ഞ് അയാൾ മുറിക്കുള്ളിലെ ലൈറ് ഓഫ് ചെയ്തു. ആനി നിശ്ശബ്ധയായി കട്ടിലിലേക്ക് ചാഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. ജനലിലൂടെ കടന്നെത്തിയ നിലാവെളിച്ചതിൽ തന്നെ നോക്കികൊണ്ട് കസേരയിൽ ചാരിയിരിക്കുന്ന, അല്പം മുൻപ് വരെ തനിക്ക് അപരിചിതനായിരുന്ന ആ മനുഷ്യന്റെ രൂപം അവൾ നോക്കി കിടന്നു. ഒരു ചുംബനത്തിന്റെ നേർത്ത ചൂടിൽ അപരിചിതത്വം ഉരുകിപ്പോയതായി അവൾക്ക് തോന്നി. ചിന്തകളുടെ ആഴങ്ങളിലേക്ക് ആനി മുങ്ങാംകുഴിയിട്ടപ്പോഴേക്കും എപ്പോഴോ മിഴികളിൽ നിറഞ്ഞ നിദ്ര എവിടെയോ പോയ് മറഞ്ഞുകഴിഞ്ഞിരുന്നു.
തെരുവിലെ ഏതോ വാഹനത്തിന്റെ നീട്ടിയുള്ള ഹോൺ കേട്ടാണ് ശിവൻ ഉണർന്നത്. സമയം ഏതാണ്ട് എട്ട് മണിയോട് അടുക്കുന്നു. ആനി അപ്പോഴേക്കും പൊയ്ക്കഴിഞ്ഞിരുന്നു. കസേരയിലിരുന്ന് എപ്പോഴാണ് ഇറങ്ങിപ്പോയത് എന്ന് അയാൾക്ക് ഓർമ്മയുണ്ടായിരുന്നില്ല. ഉറക്കത്തിലേക്ക് വഴുതിവീഴുന്നതിനു തൊട്ടുമുൻപ് വരെ അവൾ ഉറങ്ങുന്നത് നോക്കിയിരുന്നത് മാത്രം അയാൾ ഇപ്പോഴും ഓർക്കുന്നു. പെട്ടന്നാണ് കട്ടിലിൽ ഒരു കടലാസുതുണ്ടും, കഴിഞ്ഞ ദിവസം താൻ ആനിയ്ക്ക് നൽകിയ നോട്ടുകളും ഇരിക്കുന്നത് ശിവന്റെ ശ്രദ്ധയിൽ പെട്ടത്. അവൾ ആ പണത്തിൽ നിന്നും ഒന്നുമെടുത്തിരുന്നില്ല. അയാൾ അവൾക്ക് വിലാസം എഴുതി നൽകിയ കടലാസായിരുന്നു കൂടെ വെച്ചിരുന്നത്. അതിന്റെ മറുപുറത്ത് ഇപ്രകാരം എഴുതിയിരുന്നു-
“നന്ദി… സ്നേഹം…
ഈ വിലാസം മനസ്സിൽ നിന്ന് മായില്ല, നിങ്ങളുടെ മുഖവും”
അയാളുടെ ഉള്ളിൽ വല്ലാത്ത ഒരു തണുപ്പ് അനുഭവപ്പെട്ടു. അമ്മയുടെ അകാരണമായ മരണത്തിനുശേഷം ആദ്യമായി ഒരു കുട്ടിയെപ്പോലെ അയാൾ ആനന്ദിച്ചു. പാറിപ്പറക്കുന്ന മുടിയും തടിയുമൊക്കെ ചീകിയൊതുക്കാൻ അയാൾക്കും മോഹം തോന്നി. തെരുവിലെ തിരക്കുകളിൽ അവർ വീണ്ടും വീണ്ടും കണ്ടുമുട്ടി. അലങ്കോലപ്പെട്ട ആ മുറിയിലേക്ക് അനുവാദം കാത്തുനിൽക്കാതെ അവൾ കടന്നുവന്നുകൊണ്ടിരുന്നു.
———————————————————————
അകലെനിന്നും ഒഴുകിയെത്തിയ സംഗീതം എപ്പോഴോ നിലച്ചിരുന്നു. പുറത്ത് ഇളം മഞ്ഞ വെയിൽ മെല്ലെ പരക്കാൻ തുടങ്ങിയിരുന്നു. അയാളുടെ അരികിൽ പുതപ്പിനടിയിൽ കിടന്നിരുന്ന ആനി എപ്പോഴോ എഴുനേറ്റ് സാരി ഉടുത്തിരുന്നു. ചിന്തകളിൽ മുഴുകിയിരുന്ന ശിവൻ ഒന്നും അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം. അവൾ ജനാലയിലൂടെ പുറത്തേക്ക് നോക്കി കൈവിരലുകൾക്കൊണ്ട് തന്റെ മുടി കോതി നിൽക്കുകയായിരുന്നു. പെട്ടന്ന് ശിവൻ പറഞ്ഞു, “ആനി, ഞാൻ നിന്നെ വിവാഹം കഴിക്കാൻ പോകുന്നു.”
അവൾ തിരിഞ്ഞുനിന്ന് ശിവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു, “ഇത്ര വലിയ തമാശകൾ താങ്ങാനുള്ള ശക്തി എന്റെ ഹൃദയതിനില്ല ശിവാ.” ഇത്രയും പറഞ്ഞുകൊണ്ട് അവൾ പൊട്ടിച്ചിരിച്ചു.
അയാൾ മന്ദഹസിച്ചുകൊണ്ട് മുറിയുടെ മൂലയിലിരിക്കുന്ന തകരപ്പെട്ടി ചൂണ്ടിക്കാട്ടി അവളോട് ചോദിച്ചു, “ആ പെട്ടി തുറന്ന് അതിലിരിക്കുന്ന കവർ ഇങ്ങ് എടുക്കുമോ?”
അവൾ മെല്ലെ നടന്നുചെന്ന് പെട്ടിയുടെ മൂടി ഉയർത്തി ഒരു കവർ പുറത്തെടുത്തു.
“അതൊന്ന് തുറന്ന് നോക്കുമോ?” ശിവൻ ചോദിച്ചു.
ആനി അല്പം സംശയത്തോടെ കവർ തുറന്നു. ഇളം നീല നിറമുള്ള ഒരു സാരിയായിരുന്നു അതിനുള്ളിൽ. അവൾ സന്തോഷത്തോടെ അത് നിവർത്തി നോക്കി. അവളുടെ കണ്ണുകളിൽ ആശ്ചര്യം നിറയുകയും , മുഖത്ത് ദുഃഖത്തിന്റെ നിഴൽ പരക്കുകയും ചെയ്തു. ഇടറുന്ന സ്വരത്തിൽ അവൾ അവനോട് ചോദിച്ചു, “ശിവാ… ഇത്…” സാരിക്കുള്ളിൽ നിന്നും ഒരു താലിച്ചരടെടുത്ത് ഉയർത്തിയതിനൊപ്പം വാക്കുകൾ കിട്ടാനില്ലാതെ ആനി വിതുമ്പി.
ശിവൻ അവളുടെ അരികിലെത്തി. അവളെ നെഞ്ചോട് ചേർത്തുനിർത്തി. പെട്ടന്ന് അയാളുടെ കൈകൾ തട്ടിമാറ്റി അവൾ പിന്നിലേക്ക് മാറിനിന്നു. എന്നിട്ട് പറഞ്ഞു, “ശിവാ ഇത് നടക്കില്ല. ഇതിന് ഞാൻ ഒരിക്കലും സമ്മതിക്കില്ല.”
“എന്തുകൊണ്ട് സമ്മതിച്ചുകൂടാ. നാം തമ്മിലുള്ള പ്രായവ്യതാസമാണോ നിന്റെ കാരണം. പ്രായം കൊണ്ട് നീ എന്നിലും മുതിർന്നതാണെന്ന് അറിഞ്ഞുകൊണ്ടല്ലേ നാം അടുത്തത്?” ദേഷ്യം ഉള്ളിലൊതുക്കി ശിവൻ ചോദിച്ചു.
അവൾ കണ്ണുനീർ ഒളിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു, “പ്രായം ഒരു കാരണമേയല്ല ശിവാ. എന്റെ ജീവിതം. നിനക്ക് എന്നെപ്പറ്റി ഒന്നും അറിയില്ല. ഒരു വേശ്യയാണ് ഞാൻ. ശരീരം വിറ്റ് ജീവിക്കുന്ന വെറും വേശ്യ. ഒരിക്കലും നിന്റെ ജീവിതത്തിലേക്ക് ഞാൻ വന്നുകൂടാ. എന്റെ മനസാക്ഷി അതിനെന്നെ ഒരിക്കലും അനുവദിക്കില്ല.” ഇത്രയും പറഞ്ഞ് അവൾ പൊട്ടിക്കരഞ്ഞു.
“ശരീരം വിൽക്കാൻ നിർബന്ധിതയായ ഏതൊരു പെണ്ണിനെയും പോലെ നിനക്കും ഒരു കഥ പറയാൻ ഉണ്ടാകും, മറക്കാൻ നീ തന്നെ ശ്രമിക്കുന്ന കഥ. എനിക്ക് ഒരിക്കലും അത് കേൾക്കേണ്ട. സഹതാപം കൊണ്ടല്ല, മറിച്ച് പറഞ്ഞറിയിക്കാൻ കഴിയാത്ത സ്നേഹം നിന്നോട് ഉള്ളത് കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം.” അയാൾ പറഞ്ഞു.
ആനി കരഞ്ഞുകലങ്ങിയ കണ്ണുകളുമായി കട്ടിലിൽ ഇരുന്നു. ശിവൻ നടന്ന് ജനാലയുടെ അരികിൽ എത്തി പുറത്തേക്ക് നോക്കിക്കൊണ്ട് തുടർന്നു, “ആനി, എന്റെ അമ്മയുടെ പേര് തങ്ക. അച്ഛൻ ആരാണെന്ന് അറിയാതെ വളർന്ന എന്റെ ലോകം അമ്മ മാത്രമായിരുന്നു. പട്ടിണി മാറ്റാൻ അരവയറും മുറുക്കിയുടുത്ത് അടുക്കളപ്പുറങ്ങളിൽ വിഴുപ്പലക്കിയിരുന്ന അമ്മയുടെ രൂപം ഇന്നും മനസ്സിലുണ്ട്. എന്നെ പഠിപ്പിച്ച് നല്ല നിലയിലാക്കാൻ അമ്മയ്ക്ക് ഒരുപാട് മോഹം ഉണ്ടായിരുന്നു. പക്ഷെ, ജനിപ്പിച്ച അച്ഛനാരെന്നറിയാത്തവനായ ഈ എനിക്ക് അവഹേളനങ്ങളെ നേരിടാൻ കഴിഞ്ഞില്ല. അങ്ങനെ പഠനം പകുതിയിൽ ഉപേക്ഷിക്കേണ്ടിവന്നപ്പോഴും അമ്മ കൂടെ ഉണ്ടായിരുന്നു.”
അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ശിവൻ ഒരു ബീഡി ചുണ്ടിൽവെച്ച് കത്തിച്ചു. ജനലഴികളിൽ പിടിച്ചുകൊണ്ട് ശിവൻ തുടർന്നു, “ലോകം മുഴുവൻ ഒറ്റ സ്വരത്തിൽ എന്റെ അമ്മയെ അഭിസാരികയെന്ന് മുദ്രകുത്തി. പക്ഷെ, പട്ടിണി കിടക്കേണ്ടി വന്നപ്പോൾ പോലും അവർ ശരീരം വിറ്റിട്ടില്ല എന്ന് എനിക്കറിയാം. ഒറ്റ രാത്രിയിൽ പോലും ഞങ്ങളുടെ കുടിലിന്റെ വാതിലിനപ്പുറം ഒരു അപരിചിതന്റെ പോലും കാൽപ്പെരുമാറ്റം ഞാൻ കേട്ടിട്ടില്ല. എന്നിട്ടും ലോകം അവർക്ക് നൽകിയ പേര് വേശ്യ… ഒടുവിൽ തൊഴിൽതേടി ഇറങ്ങിയപ്പോ മുഷിഞ്ഞ കുറച്ചു നോട്ടുകൾ കൈകളിൽ വെച്ചുതന്ന് നെറുകയിൽ ഒരു മുത്തവും നൽകി അമ്മ എന്നെ യാത്രയാക്കി. ആ നോട്ടുകൾക്ക് അമ്മയുടെ വിയർപ്പിന്റെ ഗന്ധമുണ്ടായിരുന്നു. നെറുകയിൽ നൽകിയ ചുംബനത്തിന് സ്നേഹത്തിന്റെ മധുരവും. ഉടൻ തിരികെയെത്താം എന്ന് വാക്കുപറഞ്ഞു നടന്നകലുമ്പോൾ മനസ്സുനിറയെ സ്വപ്നങ്ങളായിരുന്നു. പക്ഷെ, ഞാൻ തിരിച്ചു ചെല്ലുന്നതിനും മുൻപ് അമ്മ പോയി. ഒടുവിൽ ഒരുനോക്ക് കാണാൻ പോലും ഈ ഗതികേട്ടവന് സാധിച്ചില്ല. പാവം എന്നെപ്പറ്റി ഒരുപാട് പ്രതീക്ഷകൾ അവർക്കുണ്ടായിരുന്നു.” ശിവന്റെ കവിളിലൂടെ പടർന്ന കണ്ണുനീരിൽ ഇളംവെയിൽ തട്ടി പ്രതിഫലിക്കുന്നുണ്ടായിരുന്നു. നിശ്ശബ്ദയായി എലാം കേട്ടുകൊണ്ട് ആനി കട്ടിലിലിരുന്നു. കണ്ണിമ ചിമ്മാതെ അവൾ ശിവനെ നോക്കിയിരുന്നു.
തിരിഞ്ഞുനോക്കാതെ കണ്ണുനീർ തുടച്ചുകൊണ്ട് അയാൾ വീണ്ടും തുടർന്നു, “സ്വപ്നങ്ങളും മോഹങ്ങളുമെല്ലാം ഉപേക്ഷിച്ച യാത്രയായിരുന്നു പിന്നീട്. പട്ടിണി മാറ്റാൻ ഞാൻ തിരഞ്ഞെടുത്ത ഒരു തൊഴിൽ മാത്രമാണ് ഈ ചിത്രരചന. ഒരുപാട് നാടുകൾ കറങ്ങി ഈ മഹാ നഗരത്തിലെത്തി. മുൻപിലൂടെ കടന്നുപോയ ഒരു മുഖത്തോടും തോന്നാത്ത ഒരടുപ്പം നിന്നോട് തോന്നിപ്പോയി. കാരണം എന്താണെന്ന് ചോദിച്ചാൽ എനിക്കുമറിയില്ല. നിന്നെ കണ്ടതുമുതൽ മുരടിച്ചുപോയെന്ന് കരുതിയ സ്വപ്നങ്ങളൊക്കെ ഉള്ളിൽ വീണ്ടും തളിരിടുകയായിരുന്നു.
അഭിസാരികയുടെ മകൻ എന്ന് സർവ്വരും മുദ്രകുത്തിയ, സ്വന്തം അച്ഛനാരെന്നറിയാത്ത ഈ ജന്മത്തിന് നിന്നെ എല്ലാ അർത്ഥത്തിലും മനസ്സിലാക്കാൻ സാധിക്കും. ഒരു കാമുകിയുടെ, ഭാര്യയുടെ, സുഹൃത്തിന്റെ, അമ്മയുടെ സ്നേഹം എനിക്ക് നൽകാൻ നിനക്ക് സാധിക്കില്ലേ.”
അയാളുടെ ചുണ്ടിലെ ബീഡി പുകഞ്ഞുതീരാറായിരുന്നു.
ആനി നിശ്ശബ്ദയായി ഒരു പ്രതിമ കണക്കെ ഇരിക്കുകയാണ്. കണ്ണുകളുയർത്തി ശിവന്റെ മുഖത്തേക്ക് ഒന്നു നോക്കിയിട്ട് അവൾ ഒന്നും പറയാതെ വാതിൽ തുറന്ന് പുറത്തേക്ക് നടന്നു. അയാൾക്ക് എന്തെങ്കിലും ചോദിക്കാൻ സാധിക്കുന്നതിനും മുൻപ് അവൾ തെരുവിലെ തിരക്കിലൂടെ നടന്നകന്നുകഴിഞ്ഞിരുന്നു.
മൂന്നു നാല് ദിവസങ്ങളായി ശിവൻ ആനിയെ കണ്ടിട്ട്. എവിടെയാണെന്ന് ഒരു വിവരവുമില്ല. തെരുവിലെ തിരക്കിനിടയിലും താൻ ഒറ്റപ്പെട്ടതുപോലെ അയാൾക്കനുഭവപ്പെട്ടു. പെട്ടന്ന് തോളിൽ ഒരു കൈ വന്നു പതിച്ചത് ശിവൻ അറിഞ്ഞു. അയാൾ തിരിഞ്ഞുനോക്കി. ഒരു കയ്യിൽ ഒരു പത്രവും മറുകയ്യിൽ ഒരു പോസ്റ്റ് കവറുമായി റഹീം ഇക്ക നിൽക്കുന്നു. നിർനിമേഷനായി ശിവൻ റഹീം ഇക്കയുടെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചു. പോസ്റ്റ് കവർ ശിവന്റെ നേരെ നീട്ടി അയാൾ പറഞ്ഞു, “ഇത് അന്റെ കയ്യിൽ തരണം ന്ന് പറഞ്ഞ് ആനി രണ്ടു ദിവസം മുൻപ് ഏല്പിച്ചതാണ്.”
ശിവൻ ശീഘ്രം കവർ വാങ്ങി പൊട്ടിച്ചു. അതിനുള്ളിൽ ഒരു കത്ത് അയാളെയും കാത്ത് ഇരിക്കുന്നുണ്ടായിരുന്നു.
പ്രിയപ്പെട്ട ശിവന്,
ഒരു ജന്മം മുഴുവൻ നൽകേണ്ട സ്നേഹം ഈ കുറഞ്ഞ ദിവസങ്ങളിൽ നിങ്ങൾ എനിക്കു നൽകി. എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും സന്തോഷിച്ച ദിവസങ്ങളായിരുന്നു അവ. ഒരിക്കൽപ്പോലും എന്റെ മുൻ ജീവിതത്തെപ്പറ്റി നിങ്ങൾ എന്നോട് ചോദിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അനുഭവങ്ങളുടെ മാറാപ്പ് തുറക്കാൻ ഞാനും ആഗ്രഹിക്കുന്നില്ല. അറിഞ്ഞും അറിയാതെയും ഒരുപാട് തെറ്റുകൾ ചെയ്തുകൂട്ടിയ ഈ പെണ്ണിന് ശിവന്റെ ജീവിതത്തിലേക്ക് കടന്നുവരാൻ സാധിക്കുകയില്ല. എന്റെ ശരീരം തേടിവന്ന ഒരു പുരുഷനോടും എനിക്ക് വെറുപ്പില്ല, സ്നേഹവുമില്ല. പക്ഷേ ആരോടും തോന്നാത്ത സ്നേഹം എപ്പോഴോ നിങ്ങളോട് തോന്നിപ്പോയി. ആ സ്നേഹത്തിലേക്ക് ഞാൻ നിങ്ങളെ വലിച്ചടുപ്പിച്ചു. മാപ്പ്.
നിങ്ങളുടെ സ്നേഹം എന്നെ കൂടുതൽ കൂടുതൽ ആർദ്രയാക്കുകയായിരുന്നു. ഇതുവരെയും മനസ്സിനെ മുറിപ്പെടുത്തതിരുന്ന അപകർഷതാബോധം ഇപ്പോൾ എന്നെ കഠിനമായി നോവിക്കുന്നു. ഇനിയും നാം തമ്മിൽ കാണില്ല എന്ന് ഞാൻ ഉറപ്പ് പറയുന്നു. അങ്ങേയറ്റം സന്തോഷത്തോടുകൂടിയാണ് ഞാൻ പോകുന്നത്. നിങ്ങളുടെ പ്രണയം സ്വീകരിക്കാനുള്ള യോഗ്യത ഈയുള്ളവൾക്കില്ല. നിങ്ങൾ പറഞ്ഞത് മുഴുവൻ അംഗീകരിക്കുമ്പോഴും നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകാൻ എനിക്ക് സാധിക്കുന്നില്ല. എന്നെ അംഗീകരിക്കാൻ നിങ്ങൾക്ക് സാധിക്കും പക്ഷെ, നിങ്ങളുടെ മനസ്സിന്റെ വലിപ്പം നമ്മുടെ സമൂഹത്തിനില്ല. അവർക്കു മുൻപിൽ ഞാൻ പിഴച്ചുപോയവളാണ്, വേശ്യയാണ്. നിങ്ങൾ എനിക്ക് പറഞ്ഞുതരാറുണ്ടായിരുന്ന കഥകൾ പോലെ വെറുമൊരു കഥമാത്രമായിരുന്നു ഞാൻ എന്ന് വിശ്വസിക്കുക. നേരിൽ കണ്ട് നിങ്ങളോട് യാത്ര പറയാൻ എനിക്ക് സാധിക്കില്ല എന്നുറപ്പുള്ളതുകൊണ്ടാണ് ഇങ്ങനെയൊരു കത്ത് എഴുതുന്നത്. നിങ്ങൾ എനിക്കായി വാങ്ങിയ താലിയിലേക്ക് ഒരിക്കൽക്കൂടി നോക്കാൻ എനിക്ക് ധൈര്യമില്ല.
എല്ലാ സ്നേഹത്തോടും കൂടി ഞാൻ യാത്ര ചോദിക്കുകയാണ്. എനിക്ക് ഒരു ആഗ്രഹമുണ്ട്. ആഗ്രഹിക്കാൻ യോഗ്യതയില്ലാത്തവളാണെന്നറിയാം എങ്കിലും ആദ്യമായും അവസാനമായും നിങ്ങളോട് ഞാൻ ആവശ്യപ്പെടുകയാണ്, ഒരിക്കലും എന്നെ അന്വേഷിക്കരുത്. ഒരിക്കലും എന്റെ പിന്നാലെ വരികയും ചെയ്യരുത്. പുനർജന്മങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നില്ല, പക്ഷെ ഇപ്പൊ ഞാൻ ആഗ്രഹിച്ചുപോകുന്നു, അടുത്ത ജന്മമെങ്കിലും നിങ്ങളുടെ സ്വന്തമാവാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ എന്ന്. അങ്ങനെയെങ്കിൽ ഞാൻ കാത്തിരിക്കും, നിങ്ങൾക്കുവേണ്ടി. പറഞ്ഞതോന്നിനും ന്യായീകരണങ്ങളില്ല എന്നറിയാം, എങ്കിലും ഞാൻ തീരുമാനിച്ചു കഴിഞ്ഞു, ഈ വേർപിരിയൽ അനിവാര്യമാണ്. അല്ലെങ്കിൽ ഒരുപക്ഷേ ഞാൻ ഒരു ഭ്രാന്തിയായി പോയേക്കാം എന്ന ഭയം എന്നെ ഭ്രമണം ചെയ്യുന്നു. ഈ കത്ത് വായിക്കുമ്പോഴേക്കും ഞാൻ പൊയ്ക്കഴിഞ്ഞിരിക്കും. ചെയ്തുപോയത്തിനും ചെയ്യാൻ പോകുന്നതിനുമെല്ലാം ഒരിക്കൽക്കൂടി മാപ്പ്.
എന്ന് സ്വന്തം
ആനി
കത്ത് വായിച്ചുകഴിഞ്ഞപ്പോൾ ശിവൻ നിശ്ശബ്ദനായിരുന്നു. നിർവികാരനായി അയാൾ അല്പനേരം കണ്ണുകൾ അടച്ചിരുന്നു. തെരുവിലെ ബഹളങ്ങളൊന്നും അയാൾ അറിയുന്നുണ്ടായിരുന്നില്ല. ശിവൻ റഹീം ഇക്കയുടെ മുഖത്തുനോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു. റഹീം തന്റെ കയ്യിലിരുന്ന പത്രം അയാളുടെ നേർക്ക് നീട്ടി എന്നിട്ട് പറഞ്ഞു, “ഈ പത്രത്തിൽ ഒരു വാർത്ത കണ്ടു. ജ്ജ് അതൊന്ന് നോക്ക്.”
ശിവൻ പത്രം വാങ്ങി. റഹീം ഇക്ക അയാളുടെ തോളിൽ മെല്ലെ കൈ വെച്ചു, പിന്നെ ശിവന് മുഖം കൊടുക്കാതെ തിരിഞ്ഞുനടന്നു. ശിവൻ ധൃതിയിൽ പത്രത്തിന്റെ താളുകൾ മറിച്ചു നോക്കി. പെട്ടന്നാണ് ഉള്ളിലുള്ള ഒരു പേജിലെ ഒരു കോളം വാർത്ത അയാളുടെ കണ്ണിൽ പെട്ടത്. ഒരു നടുക്കത്തോടെയാണ് അയാൾ ആ തലക്കെട്ട് വായിച്ചത്.
“रेलवे ट्रैक से अज्ञात महिला की लाश बरामद” (റെയിൽവേ ട്രാക്കിൽനിന്നും അജ്ഞാത യുവതിയുടെ ശരീരം കണ്ടെത്തി)
ശിവന്റെ കൈകൾ അനിയന്ത്രിതമായി വിറയ്ക്കുന്നുണ്ടായിരുന്നു. കൺപോളകളുടെ കീഴെയുള്ള നേർത്ത ഞരമ്പുകൾ തെളിഞ്ഞുവരികയും, മിഴിക്കോണുകളിൽ കണ്ണുനീർ പടരുകയും ചെയ്തു. തലക്കെട്ടിനു താഴെ നൽകിയിരുന്ന ഫോട്ടോ കാണാൻ പറ്റാത്ത വിധം അയാളുടെ കണ്ണുകൾ നിറഞ്ഞു. ഒരു ദീർഘനിശ്വാസത്തിനു ശേഷം ശിവൻ ഒരിക്കൽകൂടി ആ ഫോട്ടോയിലേക്ക് നോക്കി. ആനി തന്റെ കീറിത്തുടങ്ങിയ ബാഗിൽ സൂക്ഷിച്ചുവെച്ച അവളുടെ അതേ പഴയ ചിത്രം. ഒരിക്കൽ ശിവൻ ആ ചിത്രം തനിക്ക് നൽകുമോ എന്ന് അവളോട് ചോദിച്ചിരുന്നു. അതിനുത്തരമെന്നോണം അവൾ പറഞ്ഞു, “ഈ ചിത്രം എന്നോട് ചോദിക്കരുത്. ഇത് ഞാൻ ആർക്കും കൊടുക്കില്ല. കാരണം, ആനി എന്ന ഞാൻ ഇന്നും ജീവിക്കുന്നു എന്ന് എന്നെ തന്നെ ഓർമ്മിപ്പിക്കാനുള്ള ഒരേയൊരു തെളിവാണ് ഇത്. മരിക്കുവോളം ഞാനിത് സൂക്ഷിച്ചു വെക്കും.” ഇത്രയും പറഞ്ഞുകൊണ്ട് അവൾ പൊട്ടിച്ചിരിച്ചു. ആനിയുടെ ആ ചിരി ശിവന്റെ കാതുകളിൽ നിറഞ്ഞു. കൈകളിൽനിന്നും ആ പത്രം താഴേക്ക് പതിച്ചത് അയാൾ അറിഞ്ഞിരുന്നില്ല. ഒരു കോളം വാർത്തയ്ക്കുള്ളിൽ ഒരു അജ്ഞതയായി അവളുടെ ചിത്രം അവശേഷിച്ചു.
തങ്കയുടെ മരണശേഷം ജന്മനാടിനോട് തോന്നിയ അതേ അകൽച്ച ആനിയുടെ മരണശേഷം ശിവന് ബോംബെ എന്ന മഹാ നഗരത്തോടും തോന്നി. ആനിയുടെ മരണം അയാളെ വല്ലാതെ തളർത്തിക്കഴിഞ്ഞിരുന്നു. ഒരിക്കൽപ്പോലും മെഡിക്കൽ കോളേജിന്റെ മോർച്ചറിയിലെത്തി വികൃതമാക്കപ്പെട്ട ആനിയുടെ മുഖം കാണാൻ അയാൾ തയാറായില്ല. ആനിയുടെ അവസാനത്തെ ആഗ്രഹവും അതുതന്നെ ആയിരുന്നല്ലോ. ഒരു രാത്രിയിൽ ആരോടും പറയാതെ ആ നഗരത്തോടും അയാൾ യാത്ര പറഞ്ഞു. ഒരു സഞ്ചാരിയെപ്പോലെ എത്ര ദേശങ്ങളിൽ അലഞ്ഞു.
ഒരു കർക്കിടക മാസത്തെ രാത്രിയിൽ ആരുമറിയാതെ സ്വന്തം നാട്ടിലേക്ക് ശിവൻ തിരികെ വന്നു. ഇടിഞ്ഞു വീഴാറായ തന്റെ കൂരയുടെ വരാന്തയിൽ അല്പനേരം കിടന്നു, പിന്നെ, വളർന്നുനിൽക്കുന്ന പുൽക്കൊടികളെ വകഞ്ഞുമാറ്റി തങ്കയുടെ കുഴിമാടത്തിൽ ഒരു തിരി കത്തിച്ചു. തന്റെ അമ്മയുറങ്ങുന്ന വെളുത്ത പൂഴിമണൽ ഒരു കൈക്കുമ്പിളിൽ വാരിയെടുത്ത് അയാൾ നെഞ്ചോട് ചേർത്തു. ഒരുതുള്ളി കണ്ണുനീരിന്റെ നനവുമായി അയാൾ ഇരുട്ടിലൂടെ നടന്നു. നേരം പുലരുന്നുണ്ടായിരുന്നു.
കർക്കിടകവാവ് ബലിയിടാൻ അപരിചിതരായ ആളുകൾ എത്തിത്തുടങ്ങി. നിളയുടെ തീരത്ത് അനേകായിരങ്ങളോടൊപ്പം ശിവനും ബലിയിടാനായി ഇരുന്നു. പവിത്രമോതിരം ധരിച്ച് അയാളും ഒരിലക്കീറിൽ ബലി സമർപ്പിച്ചു. ബലിയിടേണ്ടവരെ മനസ്സിലോർക്കാൻ കർമ്മി പറഞ്ഞപ്പോൾ മൂന്ന് പേരുകളാണ് ശിവന്റെ മനസ്സിലേക്ക് കടന്നുവന്നത്. ആദ്യം തങ്ക, മകം നക്ഷത്രം. പിന്നെ ആനി, കാർത്തിക നക്ഷത്രം. ഒടുവിൽ ശിവൻ, തിരുവാതിര നക്ഷത്രം. സ്വന്തം ആത്മാവിനുള്ള ബലിതർപ്പണം സ്വന്തം കരങ്ങളാൽ സമർപ്പിക്കുക. ലോകത്തിന്റെ മുൻപിൽ അക്ഷന്തവ്യമായ പിഴ. പക്ഷെ ശിവനെന്ന മനുഷ്യനെ സംബന്ധിച്ച് ഏറ്റവും അനിവാര്യമായ ഒരു തീരുമാനം. ഇലക്കീറിൽ സമർപ്പിച്ച തർപ്പണവും തലയിൽ വെച്ച് അയാളും പുഴയിലേക്ക് ഓളങ്ങളെ വകഞ്ഞുമാറ്റി ഇറങ്ങി. മൂന്നുവട്ടം മുങ്ങിനിവർന്ന് കരയിലേക്ക് കയറി. ജീവിതത്തിലെ എല്ലാ ജന്മബന്ധങ്ങളും കർമ്മബന്ധങ്ങളും അവസാനിച്ചിരിക്കുന്നതായി അയാൾക്ക് അനുഭവപ്പെട്ടു. ഇത്രനാളും മനസ്സിനെ നൊമ്പരപ്പെടുത്തിയ പലതും ഉരുകിപ്പോയതായും, താൻ ഒരു തൂവൽപോലെ ഭരമില്ലാത്ത ഒന്നായി രൂപന്തരപ്പെട്ടതുപോലെയും അയാൾക്ക് തോന്നി. സ്വന്തം പേരുപോലും ഉപേക്ഷക്കപ്പെട്ടവനായി, ഭൂതകാലത്തിലേക്ക് ഒരിക്കൽക്കൂടി തിരിഞ്ഞു നോക്കാൻ തയാറാകാതെ അയാൾ നടന്നകന്നു.
———————————————————————-
———————————————————————-
നേരം പുലർന്നിരിക്കുന്നു. രാത്രിയിലെ ഇരുട്ട് അതിവേഗം വെളിച്ചത്തിന്റെ ചില്ലകൾക്കു പിന്നിൽ ചേക്കേറുന്നു. ക്ഷേത്രത്തിനുള്ളിലെ നാഴിക മണികളുടെ ആദ്യ മുഴക്കം കേട്ടാണ് അയാൾ കണ്ണു തുറന്നത്. ഒരു രാത്രി മുഴുവൻ ഓർമ്മകളുടെ താഴ്‌വരയിൽ അയാൾ അലയുകയായിരുന്നു. മോക്ഷം തേടി അലയുന്ന ഒരുപാട് ജന്മങ്ങൾ അവിടെയും ഇവിടെയും തന്നെപ്പോലെ കൂനിക്കൂടി ഇരിക്കുന്നത് അയാൾ കണ്ടു. ഓർമ്മകളിൽനിന്നും തിരികെക്കിട്ടിയ ശിവൻ എന്ന പേര് അയാൾക്ക് കടുത്ത ഭാരമായി തോന്നി. ശിവൻ ഓർമ്മകൾ പേറുന്ന ഒരു ഭാണ്ഡം മാത്രമാണ്. മറവിയുടെ ആഴങ്ങളിലേക്ക് അയാൾ ആ ഭാണ്ഡം വലിച്ചെറിയാൻ ആഗ്രഹിച്ചു. പടിക്കെട്ടുകളിൽ വെയിൽ പരക്കുന്നുണ്ടായിരുന്നു. അയാൾ മെല്ലെ എഴുനേറ്റു. യാത്ര തുടരാൻ നേരമായി എന്ന് ആരോ കാതിൽ പതിയെ പറയുന്നതായി അയാൾക്ക് അനുഭവപ്പെട്ടു. അയാളുടെ ഹൃദയം മന്ത്രിച്ചുകൊണ്ടിരുന്നു, “ശിവൻ ഒരു കഥമാത്രമാണ്. ഒടുവിലത്തെ പൂർണ്ണവിരാമത്തിനപ്പുറം ആരും ഓർത്തുവെയ്ക്കാനില്ലാത്ത അസംഖ്യം കഥകളിൽ ഒരെണ്ണം മാത്രം.” ഒരു കഥയ്ക്കുമപ്പുറം താൻ ഒന്നുമായിരുന്നില്ല എന്ന തിരിച്ചറിവ് അയാളെ അസ്വസ്ഥനാക്കിയില്ല. ഒരു ചെറു പുഞ്ചിരിയോടെ അയാൾ ആ സത്യത്തെ ഹൃദയത്തിൽ ഏറ്റുവാങ്ങി. ഒരു ദീർഘനിശ്വാസത്തോടെ അയാൾ മെല്ലെ നടന്നു. സ്‌മൃതികൾ കടന്നെത്തി ഉള്ളുപൊള്ളിക്കാത്ത പുതിയ തീരങ്ങൾ തേടി നഗ്നപാദനായി, ഒരിക്കൽപ്പോലും പിന്തിരിഞ്ഞു നോക്കാതെ അയാൾ യാത്ര തുടർന്നു.
ജോർജ്ജ് മറ്റം
യഥാർഥ പേര് ജോർജ്ജ് പി മാത്യു.
തിരുവല്ല മാർത്തോമ കോളേജിൽനിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. കാതോലിക്കേറ്റ് കോളേജ് വിദ്യാർത്ഥി യൂണിയൻ ചെയർമാനായി പ്രവർത്തിച്ചു. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലും യൂണിവേഴ്സിറ്റി യുവജനോത്സവങ്ങളിലും കവിതാ രചന, കവിതാ പാരായണം, മിമിക്രി തുടങ്ങിയ ഇനങ്ങളിലും, കവിയരങ്ങുകളിലും പങ്കെടുത്തിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ തട്ടാരമ്പലം (മറ്റം) സ്വദേശി ആണ്.
സിസ്റ്റർ കാർമേൽ ഭവനം
ആഡംബരങ്ങൾ അധികപ്പെടുത്താത്ത രീതിയിലുള്ള ഒരു കൊച്ചു കല്യാണപന്തൽ.
കുരുത്തോല തോരണങ്ങളോടൊപ്പം വർണ്ണ കടലാസുകളിലെ അലങ്കാരങ്ങൾ മാത്രം. വൃത്തിയുള്ള ഷാമിയാന തുണികളിൽ അകവും പുറവും മറച്ചും മറക്കാതെയുമാണ്.
ചെറിയ ചെറിയ അലങ്കാരവിളക്കുകൾ യഥാവിധി ഒരുക്കിയിരിക്കുന്നു. ഒത്ത നടുവിൽ മനോഹരമായ കതിർ മണ്ഡപം. അധികം വലിപ്പമില്ലാത്ത പറയിൽ നെൽമണികളും കതിർ കുലയുമാണ്.
പൂജാ സാമഗ്രികളും സുഗന്ധവസ്തുക്കളും യഥാക്രമം നിരത്തിയിരിക്കുന്നു.
ഇൗ കൊച്ചു പന്തലിൽ ഒരു പാവപ്പെട്ട ഹൈന്ദവ യുവതിയുടെ പുടമുറി നടത്താനിരിക്കുന്നു.
ഇൗ ചെറിയ പൂപ്പന്തിന്റെ പുറകിലായി ആധുനീകരീതിയിൽ പുതുതായി നിർമ്മിച്ച മനോഹരമായ ഒരു കൊച്ചു ഭവനം. പത്ത് സെന്റ് ഭൂമിയുടെ വിസ്തീർണ്ണത്തിൽ ഒരു ചുറ്റുമതിലുമുണ്ട്. അത് കന്യാസ്ത്രീ കാർമേലിന്റെ സ്മരണക്കായി സഹോദരൻ കോശി നിർമ്മിച്ചതാണ്. അതിന്റെ പേരാണ് സിസ്റ്റർ കാർമേൽ ഭവനം.
ലണ്ടനിലെ സ്ത്രീകളുടെ കെയരർ ഹോം ഇന്നറിയപ്പെടുന്നത് സിസ്റ്റർ കാർമേൽ ലേഡീസ് കെയർ ഹോം എന്നാണ്. മെക്സിക്കോയടക്കം ലോകത്തിന്റെ പലഭാഗങ്ങളിലും ആ പുണ്യവതിയുടെ നാമം ഇതുപൊലെ സ്മരിക്കപ്പെടുന്നു. ആ നാമത്തിൽ രോഗികൾക്ക് സൗഖ്യവും ലഭിച്ചതായി വത്തിക്കാൻ അടയാളപ്പെടുത്തികഴിഞ്ഞു.
അവിടെയെത്തിയ തങ്കപ്പനും ജോഷ്വവായും, സലാമത്തും, സുധീർഖാനും പരസ്പരം പങ്ക് വെച്ചത് ഇത് മാത്രമായിരുന്നില്ല. സിസ്റ്ററെ കൊലപ്പെടുത്തിയ ബോംബയിലെ മൂന്ന് അധോലോക ഭീകരരും മെക്സിക്കോയിലെ ആഗോളതലത്തിൽ സ്ത്രീകളെ വിറ്റ് കാശാക്കുന്ന വലിയൊരു ബിസ്സിനസുകാരനും ഇന്ന് തടങ്കൽ പാളയങ്ങളിൽ ജീവപര്യന്തം ശിക്ഷവാങ്ങി കഴിയുന്ന കാര്യമാണ്. ബോംബെയിലെ ഭീകരസംഘത്തെ ഏർപ്പെടുത്തിയത് ഇൗ ബിസ്സിനസ്സുകാരനായിരുന്നു. അതിന് സഹായമായത് സിസ്റ്ററുടെ ശിഷ്യ ജെസീക്കയുടെ പല വെളിപ്പെടുത്തലുകളായിരുന്നു.
“”ഇന്ത്യക്കൊപ്പം ബ്രിട്ടൻ, അമേരിക്കയിലെ
കുറ്റന്വേഷണ ഏജൻസികൾ ഇതിൽ ഇടപെട്ടതുകൊണ്ടാണ്
ഇവന്മാരെ കണ്ടെത്താൻ കഴിഞ്ഞത് ” സുധീർഖാൻ അഭിപ്രായപ്പെട്ടു
“”ഇവനെപ്പോലുള്ള കൊടുംഭീകരർക്ക് ജീവപര്യന്തമല്ല
കൊടുക്കേണ്ടത്. ഗൾഫിലേതുപൊലെ തലയറുത്ത് കൊല്ലണം.”
“”കോശിസാറും ഇതിനായി പലവെട്ടം ബോംബയിലെ കൊടതിയിൽ
പോയി പെങ്ങൾക്കായി വാദിച്ചില്ലെ?
കൊലക്കയർ കിട്ടാത്തതിൽ ഇപ്പോഴും
അദ്ദേഹത്തിന് വേദനയുണ്ട്” സലാമത്ത് പറഞ്ഞു.
“”തൂക്കി കൊന്നല്ലേലും ആ കാട്ടാളന്മാരെ
ജയിലിലാക്കിയത് വലിയകാര്യം. തങ്കപ്പൻ സന്തോഷത്തോടെ പറഞ്ഞു.
സിസ്റ്റർ കാർമേൽ ഭവനത്തിന്റെ മുൻവാതിലിൽ ഇളം നീലനിറത്തിൽ ഒരു കസവ്നാട ഘടിപ്പിച്ചു വെച്ചിരുന്നു.ഏലീമയാമ്മ കൊടുത്ത കത്രികകൊണ്ട് കോശി നാടമുറിച്ച് ഗൃഹാരംഭം കുറിച്ചു. അവിടെയുള്ളവർ ആഹ്ലാദഭരിതരായി കൈയ്യടിച്ചു.
രണ്ട് മംഗളകർമ്മങ്ങൾക്കും സാക്ഷ്യം വഹിക്കാൻ അയൽപക്കത്തുള്ള ഏതാനംപേർ മാത്രം.
ഒരു തുടർകഥയുടെ ചുരുളുകൾ ഇൗ രണ്ട് മംഗളകർമ്മങ്ങളിലും ഒളിഞ്ഞിരിപ്പുണ്ട്.
ഇൗ പ്രദേശത്ത് ഒരു കൊച്ചുകുടുംബം. ഗൃഹനാഥൻ മികച്ച മരപ്പണിക്കാരൻ. ഭാര്യയും യുവതിയായ മകളുമുള്ള ഒരു സന്തുഷ്ട കുടുംബം.
ധനസമ്പാദനം എെച്ഛിക വിഷയമായെടുത്തു പഠിക്കാതിരുന്നതിനാൽ പാവം മരപ്പണിക്കാരന് പാസ്മാർക്ക് പോലും കിട്ടിയില്ല. നിഷ്കളങ്കനായ ആ മനുഷ്യന് ഭാര്യയും മകളുമടങ്ങുന്ന സ്വന്തംകുടുംബം തന്നെയായിരുന്നു പർവ്വതശ്രേണി.
കടുത്ത ഒരു ഹൃദയാഘാതം ഇൗ മികച്ച മരപ്പണിക്കാരനെ മരണം കൊണ്ടുപോയി.
ജീവിത വിലങ്ങുകൾ എന്തെന്നുപോലുമറിയാത്ത ആ അമ്മയും മകളും പ്രത്യേക ചുറ്റുപാടിൽ വിറങ്ങലിച്ചു നിന്നു.
അഗ്നിയിലെരിയുന്ന മോഹങ്ങൾ തണുപ്പിച്ച് ആ അമ്മയും മകളും ഉപജീവനമാർഗ്ഗമായി കൂലിപ്പണിക്ക് ജാക്കിയുടെ അച്ഛനൊപ്പം കെട്ടിടനിർമ്മാണ ജോലിയിൽ പങ്കാളികളായി.
ആരോടും വിദ്വേഷവും പകയും വെറുപ്പുമില്ലാത്ത ഇൗ രണ്ട് മനുഷ്യജീവികളോട് ആ പ്രദേഷത്തുള്ളവർക്ക് അലിവും അനുതാപവും അടുപ്പവുമുണ്ടായി.
ഒറ്റപ്പെട്ടവരുടെ നിലവിളികൾ കേൾക്കാൻ ആളുകളുണ്ടായി. വർത്തമാനകാലത്തോട് കലഹിക്കാനറിയാത്ത ആ പാവങ്ങൾക്ക് താങ്ങും തണലുമേകാൻ നന്മമനസ്സിന്റെ ഉടമകളെത്തി.
വിവാഹപ്രായം കഴിഞ്ഞ മകൾക്ക് അനുയോജ്യനായ ഒരു വരനെ കണ്ടെത്തി. കുടാതെ ആഭരണങ്ങളും, വസ്ത്രങ്ങളുമായി വിവാഹചിലവുകൾ മുഴുവനായും ദാനമായി നൽകാൻ അവിടുത്തെ പാവങ്ങളുടെ കണ്ണിലുണ്ണിയും ക്യാൻവാസിൽ ഒതുങ്ങാത്ത ഹൃദയവിശാലതയുള്ള സ്ഥലത്തേ പ്രശസ്തനായ അഭിഭാഷകൻ കൊട്ടാരം കോശി.
കുരവകളോടെ, താളമേളങ്ങളോടെ നല്ലവരുടെ അനുഗ്രഹാശിസ്സുകളോടെ ഒരു പൂജാരിയുടെ സാന്നിദ്ധ്യത്തിൽ വിവാഹം നടന്നു.
മംഗളകർമ്മത്തിന് സാക്ഷ്യം വഹിക്കാൻ കൊട്ടാരം കോശി മുന്നിൽ തന്നെയുണ്ടായിരുന്നു. കൂടെ ഏലീയാമ്മയും ആദ്യ വർഷ നിയമ വിദ്യാർത്ഥിനിയുമായ ഷാരോണും.
ഒരു തളിർവെറ്റിലയിൽ നൂറ്റിയൊന്ന് രൂപയുമായി നവദമ്പതികൾ കൊശിയുടെ കാൽക്കൽ പ്രണമിച്ചു. ഒരു കനത്ത കവർ മറുദക്ഷിണയായി കോശിയും നല്കി.
അവിടം കരഘോഷത്തിന്റെ മംഗള മന്ത്രധ്വനികൾ ഉയർന്നു. നവവധുവരൻന്മാരെ പുതിയ സിസ്റ്റർ കാർമേലിന്റെ ഭവനത്തിലേയ്ക്ക് പ്രവേശിപ്പിച്ചിട്ട് കോശിയും കുടുംബവും പുറപ്പെട്ടു.
രണ്ട് മംഗളകർമ്മങ്ങൾ കഴിഞ്ഞെത്തിയ കോശിയുടെ കാർ സ്വന്തം ഇടവക പള്ളിയുടെ സെമിത്തേരി വളപ്പിൽ കടന്നു.
അവിടെ രണ്ട് കല്ലറകൾ അലങ്കരിച്ചുവെച്ചിരിക്കുന്നു. അത് കൊട്ടാരം തറവാട്ടിലെ ശാമുവേലിന്റേയും സിസ്റ്റർ കാർമേലിന്റേതുമാണ്. അതിന് ചുറ്റും പൂക്കൾ പ്രാകാശിച്ചു നില്ക്കുന്നു.
അപ്പനും മകളും അടുത്തടുത്തായി ഉറങ്ങുന്നു. ഒരേയളവിൽ, ഒരേ മാതൃകയിൽ, ഒരേ കുരിശടയാളത്തിൽ, ഒരേ ഡിസൈനിൽ പണിത കല്ലറകൾ.
രണ്ട് കല്ലറകൾക്കും മുന്നിൽ കോശിയും ഭാര്യയും മകളും കൈയ്യിൽ കരുതിയിരുന്ന മെഴുകുതിരികൾ കത്തിച്ചുവെച്ച കണ്ണടച്ച് പ്രാർത്ഥിച്ചു. പ്രിയപ്പെട്ടവർ ശവകല്ലറക്കുള്ളിലുറങ്ങുന്നു. ആ സമയം കോശിയുടെ ഹൃദയം പിടഞ്ഞ് മിഴികൾ ഇൗറനണിഞ്ഞു. ഏലീയാമ്മയുടേയും ഷാരോണിന്റേയും കൺപോളകളിൽ നിന്നും കണ്ണുനീർതുള്ളികൾ എരിയുന്ന മെഴുകുതിരിപോലെയൊഴുകി വന്നു. തിളങ്ങിനിന്ന സൂര്യൻ കണ്ണീരിന്റെ സ്പർശനമേറ്റതുപോലെ മങ്ങി മങ്ങി വന്നു. ശോകാർദ്രരായി അവർ മടങ്ങാൻ തുടങ്ങി.
പള്ളിമേടയുടെ മച്ചിലിരുന്നു കുറുകിയിരുന്ന ഒരു പ്രാവ് പിതാവിന്റെ കല്ലറകുരിശിൽ വന്നിരുന്നിട്ട് പെട്ടന്നത് പറന്നുയർന്ന് സിസ്റ്റർ കാർമേലിന്റെ കല്ലറകുരിശിൽ അമർന്നിരുന്നു.
തൂവെള്ളനിറത്തിലുള്ള മനോഹരമായ ആ പ്രാവ് സ്വന്തം സഹോദരിക്ക് തുല്യമായ ഒരു മാടപ്രാവിനെപോലെ തോന്നി.
ആകാശത്ത് പ്രകമ്പനം കൊള്ളിക്കുന്ന മിന്നൽപിണരുകളും മാരിവില്ലിന്റെ വർണ്ണങ്ങളും തെളിഞ്ഞു.
ഇന്ന് സിസ്റ്റർ കാർമേലിന്റെ ഒന്നാം ചരമവാർഷികം.
(അവസാനിച്ചു)
കാരൂർസോമൻ