literature

ജോൺ കുറിഞ്ഞിരപ്പള്ളി

കഥാസൂചന

മേമനെകൊല്ലി എന്ന ഈ നോവൽ കുടകിൻ്റെ (കൊടഗ് ,Coorg ) ചരിത്രവുമായിബന്ധപ്പെട്ടുകിടക്കുന്നു  അതുകൊണ്ടുതന്നെ ഭൂമിശാസ്ത്രപരമായുള്ള ഈ പ്രദേശത്തിൻ്റെ അവസ്ഥ, കുടക് ഭരിച്ചിരുന്ന രാജവംശങ്ങൾ ,പിന്നീട് ഭരണം പിടിച്ചെടുത്ത ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സ്വാധീനം മുതലായവ കഥയിൽ പരാമർശിക്കപ്പെടാതെ വയ്യ.

രണ്ടുനൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കഥ തലമുറകളായി കൈമാറി എൻ്റെ കൈയ്യിൽ എത്തുമ്പോൾ വളരെയധികം കൂട്ടിച്ചേർക്കലുകളും ഭാവനവിലാസങ്ങളും കൂടിച്ചേർന്ന് മറ്റൊരു കഥ ആയിട്ടുണ്ടാകാം.

ചുരുക്കത്തിൽ ഈ കഥയുടെ ആധികാരികത തന്നെ ചോദ്യം ചെയ്യപ്പെടാം. ഏതു ചരിത്രവും എഴുത്തുകാരുടെ ഭാവനാ വിലാസങ്ങൾക്കനുസരിച്ച് വളച്ച് ഒടിക്കപ്പെടുന്നുണ്ട്

ഈ കഥ എൻ്റെ , വായനക്കാരുടെ ഔചിത്യബോധത്തിന് വിടുന്നു എന്നു പറയുന്നത് മുൻ‌കൂർ ജാമ്യം എടുക്കുന്നതുപോലെ തോന്നാം.

കുടകിൻ്റെ ചരിത്രവും ആയി ചേർന്ന് കിടക്കുന്ന ഈ കഥയ്ക്ക് സാധാരണ നോവലുകൾ എഴുതുന്ന രീതികളിൽനിന്നും വ്യത്യസ്തമായ മാർഗ്ഗമാണ് സ്വീകരിച്ചിരിക്കുന്നത്.അത് ഒരു നോവലിൻ്റെകൃത്യമായ ഫ്രെയിമിനുള്ളിൽ നിന്നും ചിലപ്പോഴൊക്കെ പുറത്തുചാടേണ്ടി വരുന്നതിനാലാണ് . അതിൻ്റെ ഒരു കാരണം ഇരുന്നൂറു വർഷങ്ങൾക്കു പിന്നിലുള്ള ചരിത്രവും സംസ്കാരവും എന്നെ സംബന്ധിച്ചിടത്തോളം പരിചിതമല്ല എന്നതാണ്

.പിറകിലേക്ക് നോക്കി നടക്കേണ്ടിവരുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത പോലെ എന്തോ ഒന്ന് എഴുതുമ്പോൾ എനിക്ക് അനുഭവപ്പെടുന്നു.വായനക്കാരുടെ അനുഭവം വ്യത്യസ്തമാകാം.

മൂലകഥ, എൻ്റെ കയ്യിൽ കിട്ടുന്നത് വെറും വൺ ലൈൻ സ്റ്റോറി ആയിട്ടാണ്

എൻ്റെ കുട്ടിക്കാലത്ത് കൂട്ടുപുഴ വഴി മൈസൂർക്ക് യാത്ര ചെയ്ത എൻ്റെ ചേട്ടൻ കർണ്ണാടക റിസേർവ് ഫോറെസ്റ്റിന് നടുവിൽക്കൂടിയുള്ള റോഡിൻ്റെ അരികിൽ കണ്ട ഒരു ബോർഡിനെക്കുറിച്ച് പറയുന്നത് കേൾക്കാൻ ഇടയായി.ആ ബോർഡിൽ കണ്ട സ്ഥലപ്പേരാണ് മേമനെകൊല്ലി.

ഞാൻ അപ്പോൾ പ്രൈമറി സ്‌കൂളിൽ മൂന്നാം ക്‌ളാസിൽ പഠിക്കുകയാണ്. രസകരമായി തോന്നിയ ആ പേരിനേക്കുറിച്ചു ചേട്ടനോട് ചോദിച്ചപ്പോൾ ഒരു സ്ഥലത്തിൻ്റെ പേര് എന്നതിൽ കവിഞ്ഞു കൂടുതൽ വിവരങ്ങൾ അറിയില്ല.

ജിജ്ഞാസ അടങ്ങാതെ അമ്മയോട് ചോദിച്ചപ്പോൾ അമ്മ പറഞ്ഞുതന്ന വൺ ലൈൻ സ്റ്റോറിയിൽ നിന്ന് കഥ ആരംഭിക്കുന്നു.

മനസ്സിൽ പതിഞ്ഞുകിടന്ന ആ വൺ ലൈൻ സ്റ്റോറി പൊടി തട്ടി പുറത്തു എടുക്കുന്നു.

കർണ്ണാടക സംസ്ഥാനത്തിൻ്റെ റിസർവ്വ് ഫോറസ്റ്റിന് ഉള്ളിൽ കൂടിയാണ്കൂട്ടുപുഴ മൈസൂർ റോഡ് കടന്നു പോകുന്നത്. ഇന്ന് ഈ വഴിയുള്ള യാത്ര സുഖകരമാണ്. എന്നാൽ ഒരുകാലത്ത് വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡിൻ്റെ ഇരുവശവും അഗാധമായ ഗർത്തങ്ങളും കയറ്റങ്ങളും ഇറക്കങ്ങളും ഇടുങ്ങിയ മലനിരകളും കൊണ്ട് ഭയാനകമായ ഒരു പ്രദേശമായിരുന്നു, കൂട്ടുപുഴ മാക്കൂട്ടം വഴിയുള്ള വീരരാജ്പേട്ട മൈസൂർ റോഡ്. വന്യമൃഗങ്ങളുടെ, പ്രത്യേകിച്ച് കാട്ടാനക്കൂട്ടങ്ങളുടേയും കടുവകളുടേയും വിഹാരകേന്ദ്രങ്ങളായിരുന്നു ഈ പ്രദേശം.

നട്ടുച്ചക്കുപോലും ഇരുൾ മൂടിയ വഴികൾ. വൃക്ഷങ്ങൾ വളർന്നു പടർന്നു പന്തലിച്ചു കിടക്കുന്ന ഈ കൊടുംകാട്ടിൽ സൂര്യപ്രകാശം ഭൂമിയിൽ പതിക്കുക വിരളമായ കാഴ്ച ആയിരിക്കും.പെരുമ്പാമ്പുകളും അതിലും വലിയ മലമ്പാമ്പുകളും സർവ്വസാധാരണമായിരുന്നു.അതുകൊണ്ട് ഉൾവനങ്ങളിൽ പ്രവേശിക്കുന്ന നായാട്ടുകാരും ആദിവാസികളും വളരെ മുൻ കരുതലുകളോടെ മാത്രമേ പോകാറുള്ളൂ.

അധികം മനുഷ്യസ്പർശം ഏൽക്കാത്ത ഈ കാടുകളിൽ രാജവെമ്പാലകളും അണലികളും കൂടാതെ പലതരത്തിലുള്ള വിഷപ്പാമ്പുകൾ കടന്നൽ കൂടുകൾ ,അങ്ങിനെ മനുഷ്യരെ ഭയപ്പെടുത്തുന്ന ധാരാളം സാഹചര്യങ്ങൾ നിലനിന്നിരുന്നു.നായാട്ടിനായി വനത്തിൽ കയറുന്നവരുടെ പേടിസ്വപ്നമായിരുന്നു പെട്ടന്ന് മുൻപിൽ പ്രത്യക്ഷപെടുന്ന കടുവകൾ. നായാട്ടുകൂട്ടങ്ങളുടെ ഒന്നിച്ചുള്ള നായ്ക്കൾ കടുവകളുടെ ഇഷ്ടഭക്ഷണമായിരുന്നു.

കാട്ടിൽക്കൂടി ഒഴുകിയെത്തുന്ന മൂന്നു പുഴകളുടെ സംഗമസ്ഥലമാണ് കൂട്ടുപുഴ.

ഒരുകാലത്തു് പടുകുറ്റൻ കാട്ടുമരങ്ങളും കരിവീട്ടി പോലെയുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള വൃക്ഷങ്ങളാൽ സമ്പന്നമായ ഒരു ഭൂവിഭാഗമായിരുന്നു കൊടഗ് അല്ലങ്കിൽ കുടക് എന്നു വിളിക്കുന്ന ഈ പ്രദേശം.

മാക്കൂട്ടത്തുനിന്ന് ആരംഭിക്കുന്ന ഹെയർ പിൻ വളവുകളം കയറ്റങ്ങളം ഇറക്കങ്ങളും ഏതാണ്ട് വീരരാജ്പേട്ട വരെ തുടരും.

മാക്കൂട്ടത്തുനിന്ന് ഏകദേശം പത്തുകിലോമീറ്റർ വീരരാജ്പേട്ട ഭാഗത്തേക്ക് യാത്ര ചെയ്യുമ്പോൾ കൊടും വളവുകളും ഗർത്തങ്ങളും മറ്റും ഉണ്ടായിരുന്ന മേമനെകൊല്ലി ആയി . ഇന്ന് ഗർത്തങ്ങൾ മണ്ണ് ഇടിഞ്ഞു വീണ് നിരന്നു പോയിരിക്കുന്നു.അതോടൊപ്പം ഇന്ന് മേമനെകൊല്ലി എന്ന സ്ഥലവും വിസ്മൃതിയിലായി എന്ന് പറയാം.

എന്തിന് കൊല്ലി എന്ന വാക്ക് പോലും ഇന്ന് അധികം ഉപയോഗിക്കപ്പെടുന്നില്ല.

.റോഡുകൾ പുതുക്കി വീതികൂട്ടി നല്ല രീതിയിൽ പണിതു കഴിഞ്ഞിരിക്കുന്നു. എങ്കിലും ഇന്നും ശ്രദ്ധിച്ചാൽ പഴമയുടെ അവശിഷ്ട്ടങ്ങൾ കാണാനുണ്ട്.ഒരു കയറ്റവും കൊടിയവളവും ഇന്നും മേമനെകൊല്ലി എന്നു വിളിച്ചിരുന്ന സ്ഥലത്ത് നിലനിൽക്കുന്നുണ്ട്.അവിടെ നിന്നും ഏതാണ്ട് രണ്ടുകിലോമീറ്റർ മാറി ഒരു ചെറിയ ചായപ്പീടിക വനമദ്ധ്യത്തിലെ റോഡരുകിൽ കാണാം. സമീപത്തു തന്നെ ശുദ്ധ ജലവും ലഭ്യമായതുകൊണ്ട് ദീർഘദൂരം ഓടുന്ന ബസ്സുകളും മറ്റു വാഹനങ്ങളും ഇവിടെ നിർത്തി വിശ്രമിക്കാറുണ്ട്.

ഇന്ന് എവിടെയും മേമനെകൊല്ലി എന്ന ബോർഡ് കാണാനില്ല. വിചിത്രമായ ഈ പേരിൻ്റെ പിന്നിൽ ഒരു ചരിത്രം കാണാതിരിക്കില്ല.പഴമക്കാരുടെ വായ്ത്താരികളല്ലാതെ മറ്റു വിവരങ്ങൾ ലഭ്യമല്ല.ഇന്ന് ഗവണ്മെന്റ് രേഖകളിൽ മേമനെകൊല്ലി എന്ന പേർ ഉള്ളതായി അറിവില്ല.

എങ്കിലും മേമനെകൊല്ലി എന്ന് വിളിക്കുന്ന സ്ഥലത്തിനടുത്തുള്ള ചായക്കടയിൽ, വിശ്രമത്തിനായി നിർത്തുന്ന ബസുകളിലെ യാത്രക്കാർ പലപ്പോഴും മേമനെകൊല്ലി എന്ന പേർ കേട്ട് അത് എന്താണ് എന്ന ചോദിക്കാറുണ്ട്.

തലമുറകളായി ആവർത്തിക്കുന്ന കഥയും ചരിത്രവും കെട്ടുപിണഞ്ഞു കിടക്കുന്നു.അതിൽ കുറെയെങ്കിലും സത്യം കണ്ടേക്കാം. എങ്കിലും പരസ്പര വിരുദ്ധങ്ങളായ ഈ കഥകളെ ആശയിക്കാതെ ഞാൻ എൻ്റെ ഓർമ്മയിലുള്ള വൺ ലൈൻ സ്റ്റോറിയിൽ നിന്ന് ആരംഭിക്കുന്നു –

ഏതാണ്ട് രണ്ടു നൂറ്റാണ്ട് പഴക്കമുള്ള കഥ.

ഇപ്പോൾ വായനക്കാർക്ക് എന്തായിരുന്നു ആ “വൺ ലൈൻ സ്റ്റോറി”, എന്നറിയുവാൻ താല്പര്യം കാണും.

കഥാന്ത്യം വരെ കാത്തിരിക്കുക

 

(തുടരും )

ജോൺ കുറിഞ്ഞിരപ്പള്ളി

എം . ഡൊമനിക്

ചേട്ടാ, ഇന്നലെ ഞാൻ ഡ്യൂട്ടി യ്ക്ക് ചെന്നപ്പോൾ നമ്മടെ മോളി പറയുവാ അവര് ഈ പ്രാവശ്യം അവധിയ്ക്ക് പോയത് നാട്ടിൽ അല്ല, ടർക്കിയിൽ ആണെന്ന്. ഭാര്യ സൂസമ്മ  പറഞ്ഞ  ഈ വിശേഷം കേട്ട് കൊണ്ടാണ് ശ്രീമാൻ  വർക്കി ബാത്‌റൂമിൽ  നിന്നും  മുഖം  കഴുകി, ടർക്കിയിൽ മുഖവും  തുടച്ച്
ഇറങ്ങി വന്നത്. അയാൾ ഭാര്യ യോട് ചോദിച്ചു.”അതിന് അവരുടെ ആരാ തുർക്കിയില് ഉള്ളത്”?

അയ്യോ ചേട്ടാ അവരുടെ ആരും ടർക്കിയിൽ ഇല്ല. അവര് ഹോളിഡേയ്ക്ക് പോയതാ അവിടെ “.
നമുക്കും ഇനി അവധിക്ക് നാട്ടിൽ പോകുന്നതിനു പകരം ടർക്കിയിൽ പോകണം. അവിടെ ഫൈവ് സ്റ്റാർ ഹോട്ടലിൽ ആയിരുന്നു അവരുടെ താമസം. ഒത്തിരി നല്ലതാ എന്നാ അവൾ പറഞ്ഞത്.

വർക്കിയും സൂസമ്മ യും രണ്ടു മൂന്ന് കൊല്ലമായി അയർലണ്ട് ൽ ആണ് ജോലി. സൂസമ്മ മദ്രാസിൽ നഴ്സിംഗ് പഠിച്ചു കഴിഞ്ഞു അവിടെ തന്നെ ഒരു ഹോസ്പിറ്റലിൽ ജോലി ആയിരുന്നു.എങ്ങനെ യെങ്കിലും വിദേശത്തു പോയി ജോലി ചെയ്തു ജീവിതം കരുപ്പിടിപ്പിക്കണം അതായിരുന്നു അവളുടെ സ്വപ്നം. അവളുടെ കൂടെ പഠിച്ച ഒരു സരസമ്മ പരീക്ഷ എഴുതി അയർലണ്ട് ൽ
ജോലി കിട്ടി പോയി. അവരാണ് അയർലണ്ട് ൽ പോകാൻ ഉള്ള വഴിഇവൾക്ക് പറഞ്ഞു കൊടുത്തത്.
താൻ അല്ലാതെ മറ്റാരും പച്ച പിടിക്കരുത് എന്ന് വിചാരിക്കുന്ന ചില ആൾക്കാർ ഉണ്ട്. അങ്ങനെ ചിന്തിക്കുന്നആൾ അല്ലായിരുന്നു സരസമ്മ എന്ന കൂട്ടുകാരി.

അയർലണ്ട് ൽ പോകുന്നതിനു ഒരു കൊല്ലം മുൻപ് ആയിരുന്നു സൂസമ്മയുടെ വിവാഹം. ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച അവരുടെ, അപ്പൻ അതിന് മുൻപേ മരിച്ചു പോയി. മകളുടെ വിവാഹം നടത്താൻആ പിതാവിനു യോഗം ഉണ്ടായില്ല.

ഒരു വിവാഹ ദല്ലാൾ വഴി യാണ് സൂസമ്മ യുടെ വിവാഹം നടന്നത്. ചെറുക്കൻ വർക്കിയ്ക്ക് ജോലി ഹാർഡ്‌വെയറാ ണെന്നും പറഞ്ഞാണ് കല്യാണം നടത്തിയത്. കല്യാണം കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞാണ് വർക്കിയുടെ ജോലി ഇരുമ്പുകടയിൽ സെയിൽസ് മാൻ ആണ് എന്ന് പെണ്ണ് വീട്ടുകാർക്ക് മനസ്സിലായത്. ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ എന്നൊക്കെ കേട്ടാൽ കമ്പ്യൂട്ടർ എന്ന്
മാത്രം ചി ന്തിക്കുന്ന ഈ കാലത്ത് ഹാർഡ്‌വെയറാ എന്ന് കേട്ടപ്പോൾ ചെറുക്കൻ ഹാർഡ്‌വെയർ എഞ്ചിനീയർ ആയിരിക്കും എന്നാണ് പാവം സൂസമ്മയും കൂട്ടരും ധരിച്ചത്. കളിപ്പ് പറ്റിയിട്ടു ഇനി പരിതപിച്ചിട്ട് എന്ത് കാര്യം. വർക്കിയുടെ വീട്ടുകാർ സൂസമ്മയെ പറ്റിച്ചതാണോ? എന്ന് ചോദിച്ചാൽ ഹാർഡ്‌വെയറാ എന്ന് പറഞ്ഞപ്പോൾ കമ്പ്യൂട്ടർ എന്ന് വിചാരിച്ചത് അവരുടെ കുഴപ്പം ആണോ എന്ന് ചോദിക്കാം. ഒരു തട്ടിപ്പ് മണക്കുന്നുണ്ട് എന്ന് പറയാതെയും തരമില്ല. കല്യാണം ആലോചിക്കുമ്പോൾ വേണ്ടപോലെ അന്നെഷിക്കാതെ എടുത്തു ചാടുന്നവർക്ക് പറ്റാവുന്ന ഒരു അബദ്ധം.

വർക്കിയ്ക്ക് വിദ്യാഭ്യാസം കുറവിന്റെ ചില പരിമിതികൾ അനുഭവപ്പെടുന്നത് അയർലണ്ട് ൽ വന്നതിനു ശേഷം ആണ്. ഇംഗ്ലീഷ് പരിഞ്ജാനം അൽപ്പം കമ്മി ആയതു കൊണ്ട് ശ്രീമാൻ വർക്കി,
സായിപ്പിന്റെ ഇംഗ്ലീഷ് മനസ്സിലാകാതെ വന്നാൽ യാ, യാ. ഒക്കെ, ഒക്കെ എന്നൊക്കെ പറഞ്ഞാണ് തടി തപ്പുന്നത്. എല്ലാവർക്കും ഇപ്പോൾ ശശി തരൂർ ആകാൻ പറ്റില്ലല്ലോ. ഇംഗ്ലീഷ് ൽ Phd ഇല്ലെങ്കിലും അയർലണ്ട് ൽ ജീവിക്കാൻ പറ്റും എന്നതിന് ഉത്തമ ഉദാഹരണം ആണ് വർക്കി. കുറച്ചു നാളായി അയാൾ KFC യിൽ ആണ് ജോലി ചെയ്യുന്നത്.ഭാര്യ ഹോസ്പിറ്റലിൽ രാവിലെ ജോലിക്ക് പോകുമ്പോൾ നമ്മുടെ വർക്കി വീട്ടു കാര്യങ്ങൾ നോക്കിയിട്ട് ഉച്ചക്ക് ശേഷം ഉള്ള ഷിഫ്റ്റ്‌ ൽ
ആണ് KFC ൽ ജോലിക്ക് പോകുന്നത്.

വലിയ മോഹങ്ങൾ ഒന്നും ഇല്ലാത്ത സൂസമ്മയാണേൽ മറ്റു ആളുകളെയോ അവരുടെ ജോലിയോ വരുമാനത്തിലോ നോക്കി നെടുവീർപ്പെടാറില്ല. ഉള്ളത് കൊണ്ട് സന്തോഷം കണ്ടെത്തണം എന്ന
പോളിസിക്കാരിയാണ് അവർ. അതു കൊണ്ട് അവരുടെ ലളിതമായ കൊച്ചു ജീവിതം സ്വച്ഛമായി
ഒഴുകുകയാണ്.

അന്നേരമാണ് സൂസമ്മയുടെ കൂടെ ജോലി ചെയ്യുന്ന മോളി “ടർക്കിയുടെ കഥ”കൊണ്ടുവന്ന് വിളമ്പുന്നത്. തനി നാടൻ സ്വഭാവകാരൻ ആയ വർക്കി യ്ക്ക് കേരളത്തിന്റെ വെളിയിൽ പോകുന്നത് പോലും ഇഷ്ടം ഉള്ള കാര്യം അല്ല. ഭാര്യ വിദേശത്തു ആയി പ്പോയാൽ പിന്നെ അനു ഗമിക്കാതെ നിവൃത്തി ഇല്ലാത്തത് കൊണ്ടാണ് അയർലണ്ട് ൽ വന്നത് തന്നെ.

 

വല്ല നാട്ടിലും ഒക്കെ പോയി ഹോട്ടലിൽ ഒക്കെ പോയി കിടക്കുന്നത് എന്തിനാ? അവധി കിട്ടുമ്പോൾ നാട്ടിൽ പോവുക, ബന്ധു വീടുകളിൽ ഒക്കെ കറങ്ങുക.വല്ല പള്ളിപ്പെരുനാളും ഉണ്ടെങ്കിൽ അതു കൂടുക, നാട്ടുകവലയിൽ ചായ കടയിൽ പോയി ഒരു ചായ കുടിക്കുക,കൂടിയാൽ ഒരു കുപ്പി വാങ്ങി കൂട്ടുകാരും കൂടി ഒന്ന് മിനുങ്ങുക. അതൊക്കെയാണ് വർക്കിയുടെ ഇഷ്ടങ്ങൾ.

ചേട്ടാ നല്ല ഹോട്ടലാ, നല്ല ഫുഡാ, നല്ല സ്ഥലമാ, എല്ലാരും പോകുന്ന സ്ഥലമാ.നല്ല രസമാ, എന്നിങ്ങനെ ഭാര്യ സൂസമ്മയുടെ യുടെ നിർത്താതെ യുള്ള “ടർക്കി പുരാണം” കേട്ടു മടുത്ത് വർക്കി നമുക്കും
ടർക്കി യ്ക്ക് പോകാം എന്ന് സമ്മതിച്ചു. അഞ്ചു ദിവസം ഫൈവ് സ്റ്റാർ ഹോട്ടലിൽ ഭക്ഷണവും താമസവും. നല്ല ഡീൽ ആണത്രേ. വർക്കിക്കും സൂസമ്മയ്ക്കും ഒട്ടും പരിചയം ഇല്ലാത്ത
മേഖല യാണ് ഫൈവ് സ്റ്റാർ. ഒരു പ്രാവശ്യം നാട്ടിൽ പോയപ്പോൾ എയർ ലൈൻസ് കാരുടെ ഫ്ലൈറ്റ്,
ഡിലെ, ഉണ്ടായി.

അന്നേരം എയർ ലൈൻ അറേഞ്ച് ചെയ്ത ഹോട്ടലിൽ ഏതാനും മണിക്കൂർ ചെലവിട്ടതാണ് മാത്രമാണ് ഈ മേഖലയിൽ ഉള്ള ഏക പരിചയം.

സൂസമ്മ കാത്തിരുന്ന ഹോളിഡേ വന്നെത്തി. വർക്കിക്ക് ഒരു ത്രില്ല് ഉം ഇല്ല. പൂച്ചയുടെ കഴുത്തിൽ വള്ളികെട്ടി യിട്ട് വലിച്ചാൽ എങ്ങനിരിക്കും, അതേ അവസ്ഥ. എന്നാലും സൂസമ്മ യുടെ ഇഷ്ടം നിറവേറ്റാൻ വേണ്ടി വർക്കിയും റെഡി ആയിരിക്കുക ആണ്.

വെളുപ്പിന് തന്നെ അവർ എയർപോർട്ടിൽ എത്തി. നേരത്തെ ബുക്ക്‌ ചെയ്തതിനും പടി ടർക്കിഷ് എയർ ലൈൻസിൽ അന്റാലിയ യ്ക്ക് ആണ് യാത്ര. നനുത്ത മഞ്ഞുപാളികളെയും പിന്നെ അതിന് മുകളിൽ ഒഴുകി നടക്കുന്ന വെള്ളിമേഘങ്ങളെയും തലോടി കൊണ്ട് അവരുടെ വിമാനം ആകാശ
നീലിമയിൽ ഉയർന്നു പൊങ്ങി. വിമാനം നിറയെ വിവിധ ദേശക്കാർ ആയ സഹയാത്രികർ. എല്ലാവരും തന്നെ വിനോദ സഞ്ചാരികൾ എന്ന് തോന്നുന്നു. ഹോളിഡേ യുടെ മധുര നിമിഷങ്ങളെ സ്വപ്നം കണ്ട് സൂസമ്മയും ഹോട്ടലിൽ ചെന്നാൽ എങ്ങനെ ഒക്കെ ആയിരിക്കും എന്ന ഉദ്വേഗത്തിൽ
വർക്കിയും ആകാശ യാത്രയുടെ നാല്‌ മണിക്കൂർ ചിലവിട്ടു.

അപ്പോൾ അവരുടെ വിമാനം അന്റാലിയ എയർപോർട്ട്, എന്ന ലക്ഷ്യം, ദൂരെ കണ്ടു. ആകാശത്തിൽ നിന്ന് ഇരപിടിക്കാൻ പറന്നു താഴുന്ന ഒരു പരുന്തിനെ പോലെ താഴ്ന്നു വന്ന് അവൻ റൺവേയിൽ ഇറങ്ങി ഓടി കിതച്ചിട്ടു നിൽക്കുകയും ചെയ്തു. മുൻകൂട്ടി ഇടപാട് ചെയ്തപോലെ ഹോട്ടലുകാരുടെ വണ്ടി വന്നു വർക്കിയെയും സൂസമ്മ യെയും പിന്നെ മറ്റു ചിലരെയും
ഹോട്ടലിലേക്ക് കൊണ്ടുപോയി.

നല്ല വൃത്തി യുള്ള വലിയ ഒരു ഹോട്ടൽ സമുച്ചയം. മെഡിറ്ററേനിയൻ കടൽ തീരത്ത് മധ്യാഹ്ന സൂര്യന്റെ ചെങ്കതിരിൽ പത്തു പതിനാറു നിലകളിൽ തല ഉയർത്തി നിൽക്കുകയാണ്. അതിന്റെ വിശാലമായ ചുറ്റുപാടിൽ ബാറുകളും നീന്തൽ കുളങ്ങളും തൊട്ടുരുമ്മുന്ന സുദീർഘമായ ബീച്ച്.
നിഴൽ വിരിച്ച ബീച്ച് കുടകളിൽ ശരീരത്തിലെ വെളുപ്പിനെ കറുപ്പിക്കാൻ പാടുപെടുന്ന വെള്ളക്കാർ.
അതിന്റെ ഇടയ്ക്കാണ് ശരീരത്തിന്” ദൈവം അൽപ്പം കൂടി വെളുപ്പ് തന്നില്ലല്ലോ “എന്ന് പരിതപിച്ചിട്ടുള്ള സൂസമ്മ യും കെട്ടിയവനും ചെന്ന് പെട്ടിരിക്കുന്നത്. വെളുത്തവന് കറക്കാൻ ബീച്ചിൽ പോയി കിടക്കാം. എത്ര എളുപ്പം. കറുത്തവന് വെളുക്കാൻ സഹായിക്കുന്ന ഏതെങ്കിലും എളുപ്പ വഴി ഉണ്ടായിരുന്നെങ്കിൽ.

ഹോട്ടൽ റിസപ്ഷൻ വർക്കിയെയും ഭാര്യ യെയും സ്വീകരിച്ചു. അവരുടെ മുറിയുടെ താക്കോൽ കൊടുത്തു. അവിടുത്തെ മറ്റു സൗകര്യങ്ങൾ വിവരിക്കുന്ന കാർഡും കൊടുത്തു. കൌണ്ടർ ൽ വച്ച് ഹോട്ടൽ സ്റ്റാഫ്‌ അവരുടെ ഡീറ്റെയിൽസ് ചോദിച്ചു, എല്ലാം ഇംഗ്ലീഷിൽ.

അവിടെ വച്ച് വർക്കിയ്ക്ക് ഒരു കാര്യം മനസ്സിൽ ആയി. വർക്കിയുടെ ഇംഗ്ലീഷ് ഹോട്ടൽ കാരുടെ ഇംഗ്ലീഷ് നേക്കാൾ പതിൻ മടങ്ങു മെച്ചം. ജീവിതത്തിൽ ആദ്യം ആണ് വർക്കി ആരെ എങ്കിലും ഇംഗ്ലീഷ് ന് തോൽപ്പിക്കുന്നത്. ഒന്നാം ക്ലാസ്സ്‌ മുതൽ ഇംഗ്ലീഷ് ന് വർക്കിയെ എല്ലാവരും തോല്പിച്ചരുന്ന ചരിത്രമേ ഉള്ളൂ.

വർക്കിയും സൂസമ്മയും തങ്ങളുടെ മുറിയിൽ സാധനങ്ങൾ കൊണ്ടുപോയി വച്ചു. അവർ ഒരു കർട്ടൻ വലിച്ചപ്പോൾ അടുത്ത് കാണുന്നത് ചെറുതിരകൾ ഇളകുന്ന സുന്ദരമായ മെഡിറ്ററേനിയൻ
കടലിന്റെ നീല പരപ്പാണ്. ഹാ, എത്ര സുന്ദരം ആണാ കാഴ്ച്ച, സൂസമ്മ പറഞ്ഞു. വൈകുന്നേരം അവർ റെസ്റ്ററന്റ് കണ്ടു പിടിച്ചു. ചായയും ബണ്ണും ബിസ്ക്കറ്റ് ഒക്കെ കഴിച്ചു.

 

സൂസമ്മ ഉത്സാഹത്തിൽ ആണെങ്കിലും വർക്കിയ്ക്ക് നിലവത്തു കോഴി ഇറങ്ങിയത് പോലെ യാണ്. ആകെ ഒരു അസ്വസ്ഥത.

വൈകുന്നേരം ഡിന്നർ കഴിക്കാൻ സമയം ആയി. ഗ്രൗണ്ട് ഫ്‌ളോർ ൽ നടന്നു അവർ ഡൈനിങ്ങ് ഹാൾ കണ്ടു പിടിച്ചു. ഒരു വലിയ ഹാൾ. അതിൽ വെള്ള നിറം ഉള്ള കസേരകൾ. പല വലിപ്പത്തിൽ ഉള്ള
മേശകൾ. അതിൽ വെള്ളയിൽ പിങ്ക് നിറം ബോർഡർ ലൈൻ ഉള്ള വിരികൾ. ഉയർന്ന സിലിങ്ങിൽ വലിയ ചാൻഡ്ലൈയർ ലൈറ്റുകൾ വെള്ള വെളിച്ചം വിതറി നിൽക്കുന്നു.

ഒരു വലിയ കല്യാണ സദ്യ യുടെ സെറ്റ് അപ്പ്‌ പോലെ ഉള്ള അന്തരീക്ഷം. കുറെ ആളുകൾ അവിടെ ഇരുന്നു എന്തൊക്കെയോ കഴിക്കുന്നത് കാണാം. അവർ രണ്ട് പേരും ഡൈനിങ്ങ് ഹാൾ ലേക്ക് കടന്നു. അവിടെ എങ്ങനെ ഒക്കെയാണ് രീതികൾ എന്ന് ഒരു തപ്പൽ ഉണ്ട്. ഒരുനിരയിൽ പ്ലേറ്റുകളും അതിന് ശേഷം ഭക്ഷണസാധനങ്ങൾ പല ഡിഷുകളിൽ നിരയായി ഒരു ഡെസ്കിൽ നിരത്തി വച്ചിരിക്കുന്നു.
വർക്കിയും സൂസമ്മയും ഒരൊ പ്ലേറ്റ് കൾ എടുത്ത് ഒന്നാമത്തെ ഡിഷിന്റെ അടുത്ത് ചെന്നു. അതിൽ ക്യാരറ്റ് ഉം ടൊമാറ്റോ യും അരിഞ്ഞത്. അവർ അതു കുറേശ്ശേ എടുത്തു അടുത്ത ഡിഷിന്റെ
അടുത്ത് ചെന്നു. അതിൽ ക്യൂകമ്പർ ഉം പുതിന ഇലയും. അവർ അതും കുറച്ച് എടുത്തു. അടുത്ത ഡിഷ്‌ ൽ ചിക്കൻ അല്ലെങ്കിൽ മട്ടൺ ആയിരിക്കും അവർക്ക്‌ അറിയാം. അടുത്ത ഡിഷ്‌ നോക്കുമ്പോൾ അതിൽ ടോമാറ്റോയും ഉള്ളിയും ചീരയും അരി ഞ്ഞത്. ആ ടേബിൾ ലെ അടുത്ത എല്ലാ ഡിഷ്‌ ലും പല തരം സാലഡ് കൾ ! ഇവിടെ ഡിന്നർ ന് സാലഡ് മാത്രം ആയിരിക്കും. വല്ലതും പറയാൻ പറ്റുമോ, ഫൈവ് സ്റ്റാർ അല്ലെ. പുതിയ ഹെൽത്തി ഈറ്റിംഗ്സ്റ്റൈൽ ആയിരിക്കും, അവർ മനസില്ലാ മനസോടെ കുറേ സാലഡ് കഴിച്ചേച്ചു എഴുന്നേറ്റ് പോയി. റൂമിലേക്കു പോകുന്ന വഴി വർക്കി ഈ ടൂറിനു ഇറങ്ങി തിരിച്ചതിനെകുറിച്ച് മറ്റാരും കേൾക്കാതെ സൂസമ്മയെ കുറ്റപ്പെടുത്തി കൊണ്ടിരുന്നു.

 

പിറ്റേ ദിവസവും ബ്രേക്ക്ഫാസ്റ് ന് റെസ്റ്റോറന്റ് ൽ ചെന്ന് ചായയും ഓംലറ്റ് ഒക്കെ കഴിച്ചു.
വൈകിട്ട് മാത്രം ആയിരിക്കും സാലഡ് കൊണ്ട് ഉള്ള ഡിന്നർ അവർ കരുതി.

ബ്രേക് ഫാസ്റ്റ് ന് ശേഷം അവർ മനോഹരമായ ബീച്ചിൽ പോയി. വെള്ള കുടക്കീഴില് സൺ ലൗഞ്ചിൽ ഇരുന്ന് സൂസമ്മ കടലിന്റെ സൗന്ദര്യം ആസ്വദിച്ചു.

 

വർക്കിക്ക് പ്രേത്യേക വിശേഷം ഒന്നും തോന്നിയില്ല. അയാൾ കൂട്ടിൽ ഇട്ട വെരുകിനെ പൊലെ
കുറെ നേരം അലക്ഷ്യമായി കടൽ തീരത്തു കൂടി നടന്നു. പിന്നെ സൂസമ്മയും അയാളെ അനുഗമിച്ചു.
“വൈകുന്നേരം കിട്ടിയപോലെ സാലഡ് മാത്രം ആണ് ഊണിനും കിട്ടുന്നതെങ്കിൽ എന്റെ വിധം മാറും പറഞ്ഞേക്കാം” ദേഷ്യം വന്ന വർക്കി സൂസമ്മ യോട് കോപിച്ചു.”അതിനെന്താ ചേട്ടാ, നമുക്ക് ഒന്നുകൂടി നോക്കാം, സമാധാനപ്പെട് “സൂസമ്മ രംഗം തണുപ്പിച്ചു. ഉച്ച നേരം ആയപ്പോൾ അവർ തിരിച്ചു റൂമിലേക്ക് പോയി. അന്നേരം സൂസമ്മ ഭർത്താവിനോട് പറഞ്ഞു.”ഞാൻ ഒന്ന് കുളിച്ചു റെഡി ആകാം അപ്പോഴേക്കും ചേട്ടൻ റെസ്റ്ററന്റ് ലേക്ക് ചെന്നു ഉച്ച ഊണിനു എന്ത് കിട്ടും എന്ന് നോക്ക്. എന്നിട്ട് ഇങ്ങു വാ. പിന്നെ നമുക്ക് ഒരുമിച്ച് ഊണ് കഴിക്കാൻ പോകാം”.

അത് നല്ല ഐഡിയ ആണെന്ന് വർക്കിയ്ക്കും തോന്നി. അയാൾ സൂസമ്മയെ റൂമിൽ വിട്ടിട്ട് റെസ്റ്റോറന്റ് ലേക്ക് ചെന്നു. നോക്കുമ്പോൾ ഊണ് മുറിയിൽ ഡെസ്കിൽ ഇന്നലെ കണ്ടപോലെ
വീണ്ടും വേറെ കുറേ സാലഡുകൾ പല ഡിഷിൽ നിരത്തി വച്ചിരിക്കുന്നു. ഒന്ന് ചോദിച്ചിട്ടുതന്നെ, ഈ കണ്ട കാശ് എല്ലാം കൊടുത്തിട്ട് ഇതെന്തു ഫൈവ് സ്റ്റാർ? അകലെ മറി നിന്ന ഒരു വെയ്റ്റർ നോട്‌ ചോദിക്കാൻ വർക്കി മുന്നോട്ട് ചെന്നു.

അന്നേരം ദേണ്ടെ പോകുന്ന വഴിയിൽ മുഴുനീള ഡെസ്കിൽ നിറയെ ആവിപറക്കുന്ന പത്തു നാൽപ്പതു വിഭവങ്ങൾ ഇരിക്കുന്നു. വർക്കി അന്തം വിട്ടു പോയി. ഇന്നലെ ഇതൊന്നും ഞാൻ
കാണാഞ്ഞതാണോ?

അയാൾ ഇതിന് മുൻപ് ആകെ കണ്ടിട്ടുള്ളത് മലയാളി അസോസിയേഷന്റെ പരിപാടിക്ക് വിളമ്പാൻ നിരത്തി വച്ചിരിക്കുന്ന നാലും മൂന്ന് ഏഴു ഐറ്റംസ് ആണ്. അതു ചോറ്, ദാൽ കറി, ക്യാബേജ് തോരൻ, ചിക്കൻ കറി, റൈത്ത, പപ്പടം അച്ചാർ, കഴിഞ്ഞു, അത്ര മാത്രം. ഇത് എന്തെരെ ഐറ്റംസ് ആണ് എന്റെ ദൈവമേ ! ഇത് മുഴുവൻ എങ്ങനെ കഴിക്കും?

ഈ സമയം വെറുതെ കറങ്ങി നടക്കുന്ന വർക്കിയെ ശ്രദ്ധിച്ചു കൊണ്ടിരുന്ന ഒരു വെയ്റ്റർ അയാളുടെ അടുത്ത് കൂടി വന്നു വർക്കിയെ നോക്കി. എന്തോ മനസിലാക്കിയ മട്ടിൽ അയാൾ വേഗം പോയി അയാളുടെ മാനേജർ നെ വിളിച്ചു കൊണ്ട് വന്നു.

 

വർക്കി യോട് അയാൾ ചോദിച്ചു.
“സോറി സാർ, നെയിം,
യുവർ നെയിം? ”

“നെയിം?
നെയിം വർക്കി ”

“വാട്ട്‌? നെയിം ടർക്കി?

നോ ടർക്കി, വർക്കി, വർക്കി “.
വർക്കി വീണ്ടും പറഞ്ഞു.

വാട്ട്‌? വർക്കി? പേര് അവർക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു.

സോറി സാർ, യൂ നോ ഫുഡ്‌.

ഫുഡ്‌ തരില്ല എന്ന് പറഞ്ഞത് മനസ്സിൽ ആയി. എന്തു കൊണ്ട് തരില്ല എന്ന് വർക്കിക്ക്‌ മനസ്സിൽ ആയില്ല.

അവർ സെക്യൂരിറ്റിയെ വിളിച്ച് വർക്കിയെ ബലമായി പുറത്തോട്ട് ഇറക്കാൻ നോക്കുകയാണ്. ഈ സമയം റെസ്റ്ററന്റ് ൽ ഭക്ഷണംകഴിച്ചുകൊണ്ടിരിക്കുന്ന ചിലരെങ്കിലും ഇത് കാണുന്നുണ്ട്.
എല്ലാവരും വർക്കിയെ നോക്കുന്നു. വർക്കിക്കും ആകെ നാണക്കേട്. പക്ഷേ, കാശ് ഒക്കെ കൊടുത്തിട്ടാണ് താനും ഇവിടെ വന്നിരിക്കുന്നത് എന്ന് ഇവരെ എങ്ങനെ മനസ്സിൽ ആക്കും?
മനസ് ഒന്ന് പതറിയ വർക്കി സമനില വീണ്ടെടുത്തു അവരോടു പറഞ്ഞു
“മൈ വൈഫ്, റൂം 500 ”

“വൈഫ് റൂം? “എന്ന് ചോദിച്ചിട്ട് സെക്യൂരിറ്റികൾ വർക്കിയെയും കൊണ്ട് റൂം നമ്പർ 500 ൽ ചെന്ന് ബെൽ അടിച്ചു.അപ്പോളേക്കും കുളിച്ചു റെഡി ആയി നിന്ന സൂസമ്മ കതകു തുറന്നു.
നോക്കുമ്പോൾ സെക്യൂരിറ്റിക്കാർ പിടിച്ചോണ്ട് നിൽക്കുന്ന കെട്ടിയവൻ വാതിൽക്കൽ !

പേടിച്ചു പോയ അവർ ചോദിച്ചു “എന്തു പറ്റി ചേട്ടാ? “വർക്കി എന്തെങ്കിലും പറയുന്നതിന് മുൻപ് സെക്യൂരിറ്റികാരൻ പറഞ്ഞു. “മാഡം, ദിസ് ഹുസ്ബൻഡ്, നോ റിസ്റ്റ് ബാൻഡ് , കമിങ് റെസ്റ്ററന്റ് “. യൂ നോ ഫുഡ്‌.

അന്നേരം ആണ് വർക്കിയുടെ കൈയിൽ ഹോട്ടൽ കാര് കെട്ടി കൊടുത്ത റിസ്റ് ബാൻഡ് ഇല്ല എന്ന് സൂസമ്മ ശ്രദ്ധിച്ചത്.

സൂസമ്മ ചോദിച്ചു ഇന്നലെ അവര് കയ്യിൽ കെട്ടി തന്ന സാധനം എന്തിയെ?

“അത് ഇന്നലെ രാത്രി കൈ ചൊറിഞ്ഞിട്ട് ഞാൻ വലിച്ചു പറിച്ചു കളഞ്ഞു, ഇനി അതെന്തിനാ? ”

ചേട്ടൻ എന്ത് പണിയാ കാണിച്ചത്, എവിടാ അത് ഇട്ടത്?

അത് ആ റൂമിൽ എങ്ങാനും കിടപ്പുകാണും. വർക്കി പറഞ്ഞു. സെക്യൂരിറ്റികൾ ഇവരുടെ സംസാരം കോട്ട് ഒന്നും മനസ്സിൽ ആകാതെ മിഴിച്ചു നിൽക്കുകയാണ്.നാണം കേട്ട് വർക്കിയും

സൂസമ്മ അവരെ ലോഞ്ച് ൽ ഇരുത്തിയിട്ട് . “വൺ മിനിറ്റ് ” എന്ന് പറഞ്ഞു ബെഡ്‌റൂം ൽ പോയി റിസ്റ്റ് ബാൻഡ് തപ്പി. ആരുടെയോ ഭാഗ്യത്തിന് വർക്കി പറിച്ചു കളഞ്ഞ റിസ്റ്റ് ബാൻഡ്
കാർപെറ്റ് ൽ നിന്നും കണ്ടുകിട്ടി. അവർ അതുകൊണ്ടെ സെക്യൂരിറ്റി കാരെ കാണിച്ചു.
സംഗതിയുടെ കിടപ്പുവശം മനസ്സിൽ ആയ അവർ സോറി പറഞ്ഞ് ഇറങ്ങി പോയി.

നിസാരം എന്ന് തോന്നാവുന്ന ഒരു റിസ്റ്റ് ബാൻഡും ഇംഗ്ലീഷ് ന്റെ പരിമിതിയും. വർക്കിയ്ക്ക് ടർക്കിയിൽ കിട്ടി ഒരു ഫൈവ് സ്റ്റാർ പണി !

എം . ഡൊമനിക്

ലണ്ടനിൽ സർവീസ് എഞ്ചിനീയറായി ജോലി ചെയ്യുന്ന എം . ഡൊമനിക് ബെർക്ക്‌ഷെയറിലെ സ്ലോവിലാണ് താമസിക്കുന്നത്. അസോസിയേഷൻ ഓഫ് സ്ലഫ് മലയാളിസ് വൈസ് പ്രസിഡന്റ് ആണ് .

 

 ശ്രീ അഖിൽ മുരളിയുടെ “നിഴൽക്കുപ്പായം “കവിതാ സമാഹാരത്തിന്റെ പ്രകാശനം തിരുവനന്തപുരം പ്രെസ്സ് ക്ലബ്‌ വെച്ച് നോവലിസ്റ്റും കഥാകൃത്തുമായ ഡോ: ജോർജ് ഓണക്കൂർ നിർവഹിച്ചു. പ്രശസ്ത കവി ആറ്റിങ്ങൽ സി ദിവാകരൻ പുസ്‌തകം ഏറ്റുവാങ്ങി. മാക്‌ഫാസ്‌റ് കോളേജ് പ്രിൻസിപ്പൽ ആയ ഫാദർ ഡോ .ചെറിയാൻ ജെ കോട്ടയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ :ടിജി തോമസ് സ്വാഗതം ആശംസിച്ചു.

മഹാഭാരതകഥയെ ഓർമിപ്പിക്കുന്ന ചില മിത്തുകൾ അഖിലിന്റെ കവിതയിൽ കാണാൻ സാധിക്കുമെന്ന് ഡോ . ജോർജ് ഓണക്കൂർ പറയുകയുണ്ടായി. മലയാള സാഹിത്യ ശാഖയിൽ പുതു ശൈലിയുടെ ഉടമയാണ് ശ്രീ അഖിൽ മുരളി. സമൂഹത്തെക്കുറിച്ചും സമൂഹത്തിലെ മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളെക്കുറിച്ചും തന്റെ കവിതയിലൂടെ വർണ്ണിക്കാൻ അഖിൽ മറന്നില്ല. ധ്യാനധന്യമായ ഒരു മനസ്സിൽ നിന്ന് കവിഞ്ഞൊഴുകുന്ന വികാരങ്ങളുടെ തിരനോട്ടമാണ് കവിതയെങ്കിൽ ഈ പുസ്തകത്തിലെ ആദ്യ കവിതയായ വഴിത്താര മുതൽ അവസാന കവിതയായ ജീവിത വേഷങ്ങൾ വരെ ഈ പ്രസ്താവന ശരിവെയ്ക്കുന്നവയാണെന്ന് ശ്രീ ഏഴാച്ചേരി രാമചന്ദ്രൻ പറയുകയുണ്ടായി. തുടർന്ന് ഡോ :വി ആയിഷ, സന്തോഷ്‌ കല്ലറ, രാധാകൃഷ്ണൻ തുടങ്ങിയർ ആശംസകൾ അറിയിച്ചു.

രാജു കാഞ്ഞിരങ്ങാട്

എന്നേ മരിച്ച ഞാൻ….!

അന്ന്,
ഒരു പൂമ്പറ്റയെപ്പേലെ പാറിപ്പറന്നു
പ്രണയത്തിന്റെ അലകടൽ തീർത്തു
സ്നേഹത്തിന്റെ ഭൂമിയും ആകാശവും –
പണിതു
സുന്ദരമായൊരു സ്വാതന്ത്ര്യം സ്വപ്നം –
കണ്ടു.

ഇന്ന്,
പപ്പും, പൂടയും പറിച്ച്
ഉപ്പും, മുളകും പുരട്ടി
നിന്റെ പാകത്തിന്
പൊരിച്ചെടുത്തില്ലെ

കാലിലൊരു കാണാച്ചരടിട്ട്
ചിന്തകൾക്ക് ചിന്തേരിട്ട്
വഴങ്ങാത്തതൊക്കെവശപ്പെടുത്തി
കാണാ കമ്പിയുടെ കൂട്ടിലടച്ച്
ചിരിയുടെ ചായങ്ങൾ കൊണ്ട്
ചുണ്ടുകളെ കെട്ടി
കണ്ണീരിനെ കാണാക്കയത്തിലൊളി –
പ്പിക്കാൻ മെരുക്കിയെടുത്ത്
ഇഷ്ടാനുസരണം മേയ്ച്ചു നടന്നില്ലെ

വളരാതിരിക്കാൻ വേരുകൾ പിഴുതു
പടരാതിരിക്കാൻ ശാഖകളും
ഭൂമിയും
ആകാശവും
കടലും
വർണ്ണപ്പെട്ടിയിലടച്ച്
സ്വർണ്ണമത്സ്യത്തെപ്പോലെ പിടിച്ചിട്ടില്ലെ

എന്നിട്ടും,
ആഹ്ലാദാ,ഭിമാനത്തോടെ നീ പറയുന്നു
രാജകുമാരിയെപ്പോലെ ജീവിതം
ഞാനില്ലെങ്കിൽ നീ എന്താകുമായിരുന്നു
എന്റെ അലച്ചിലെല്ലാം
നിന്നെ ഉയർത്തുക എന്ന ലക്ഷ്യം.
പക്ഷേ,
അറിയുന്നില്ലല്ലോ നീ
ആചിരി കരച്ചിലിന്റെ ബഹിർസുഫുരണമെന്ന്
ഇല്ലാതാക്കിയത് സർഗ്ഗ സാന്നിദ്ധ്യമെന്ന്
കരളിലൊളിപ്പിച്ച കൊച്ചു കൊച്ചു സ്വപ്നമെന്ന്
എന്നെ ഞാനാക്കുന്ന വർണ്ണങ്ങളെന്ന്
ഞാൻ എന്നേ മരിച്ച ഞാനെന്ന്.

 

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138
Email – [email protected]

ചിത്രീകരണം : അനുജ കെ

ആകാശങ്ങള്‍ക്കപ്പുറത്ത്

ഡാനിയേല്‍ സാര്‍ സന്തോഷത്തോടെ കടന്നുവന്നു. സിസ്റ്റര്‍ കാര്‍മേല്‍ അതേ സന്തോഷത്തോടെ അദ്ദേഹത്തെ സ്വീകരിച്ചു. അദ്ദേഹത്തോട് പ്രത്യേക ഇഷ്ടമാണ് സിസ്റ്റര്‍ക്ക്. ആര്‍ക്കും എന്തു സഹായവും ചെയ്യുന്ന സാധുവായ മനുഷ്യന്‍. നല്ല സേവനങ്ങള്‍ ചെയ്യുന്നവര്‍ സ്‌നേഹസമ്പന്നരാണ്. ആദ്യമായിട്ടാണ് ഒരു ആവശ്യം അദ്ദേഹത്തോട് പറഞ്ഞത്. അതു നന്നായി നിറവേറ്റുകയും ചെയ്തു. ഏറ്റെടുത്ത കാര്യം നിറവേറ്റിയതിന് സിസ്റ്റര്‍ അഭിനന്ദിച്ചു.

“”അണ്ണാനായാലും തന്നാലായത് അങ്ങനെയല്ലേ പഴമൊഴി. ഈ നഗരത്തില്‍ ചെറിയ കാര്യങ്ങളെങ്കിലും ചെയ്യാന്‍ കഴിയുന്നത് ഒരു ഭാഗ്യമാണ്”. “”സാര്‍ ഞാന്‍ നാളെ ബഹ്‌റിനില്‍ പോകുകയാണ്. ജാക്കിയുടെ കാര്യങ്ങള്‍ക്ക് ഒരു കുറവുണ്ടാകരുത്. ഒരു ജ്യേഷ്ഠന്റെ സ്ഥാനത്ത് നിന്ന് സഹായിക്കണം. സഹായിക്കാന്‍ ആരുമില്ലാത്തവരെ സഹായിക്കുമ്പോഴാണല്ലേ മനുഷ്യനാകുന്നത് ജാക്കീ ചെന്ന് പെട്ടിയെടുത്തു വരൂ”
അവന്‍ അകത്തേക്കു നടന്നു. സിസ്റ്റര്‍ കര്‍മേലിന്റെ ഫോണ്‍ ശബ്ദിച്ചു. അവര്‍ ഫോണെടുത്ത് സംസാരിച്ചു നില്‌ക്കെ ഡാനിയേല്‍ സാറും അകത്തേക്കു പോയി. ജാക്കി പെട്ടിയുമായി തിരികെയെത്തി. സിസ്റ്റര്‍ കാര്‍മേല്‍ ഫോണില്‍ സംസാരിക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. മെര്‍ളിന്‍ അവിടേക്കുവന്ന് ജാക്കിയെ സ്‌നേഹപൂര്‍വ്വം നോക്കി. അവളുടെ കണ്ണുകളിലേക്ക് നോക്കാന്‍ ജാക്കിക്ക് മടിയായിരുന്നു. അവള്‍ ശരിക്കുമൊരു സുന്ദരിയാണ്. പുഞ്ചിരിയോടെയാണ് ജാക്കി അവളോട് യാത്ര പറഞ്ഞത്. എല്ലാ നന്മകളും നേര്‍ന്ന് സിസ്റ്റര്‍ കാര്‍മേല്‍ അവരെ യാത്രയാക്കി.
മുറ്റത്ത് തത്തിക്കളിച്ചുകൊണ്ടിരുന്ന പ്രാവുകള്‍ ആകാശത്തേക്ക് പറന്നു.

അടുത്തു ദിവസംതന്നെ സിസ്റ്റര്‍ കര്‍മേലും ഫാത്തിമയും ഗള്‍ഫ് എയറില്‍ ബഹ്‌റിനിലെത്തി. ഫാത്തിമ മുമ്പ് മോഡലുകള്‍ക്കും കസ്റ്റമേഴ്‌സിനുമൊപ്പം പലതവണ ഗള്‍ഫ് രാജ്യത്ത് വന്നിട്ടുണ്ട്. ആ കഥകളെല്ലാം സിസ്റ്ററോട് പറഞ്ഞു. അതിനാല്‍ അറബി കുറച്ചറിയാം. അന്ന് പോയത് പാട്ടിലും ഡാന്‍സിലും കാമത്തിലും ആഘോഷിക്കാനായിരുന്നു. ഇന്ന് പോകുന്നത് പുതിയൊരു ജീവിത വഴിത്തിരിവിലേക്ക് അറിയാവുന്ന സുഹൃത്തുക്കളെ വഴിതിരിച്ചു വിടാനാണ്. അവര്‍ താമസിച്ച ഹോട്ടലില്‍ ധാരാളം വിദേശ വനിതകളെ കാണാനിടയായി. അവരില്‍ പലര്‍ക്കും ഇംഗ്ലീഷ് അറിയില്ല. അറിയാവുന്നവര്‍ അത് പരിഭാഷപ്പെടുത്തി. ധാരാളം രാജ്യങ്ങളിലെ സ്ത്രീകള്‍ വേശ്യാവൃത്തിക്കായി അവിടെയുണ്ട്. ദേശാടനക്കിളികളെപ്പോലെ ഇവിടേക്ക് സ്ത്രീകള്‍ പറന്നു വരുന്നു. അവരെ തേടി ഗള്‍ഫിന്റെ പലഭാഗത്തുനിന്നും സമ്പന്നരായ അറബികള്‍ എത്തുന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ ആഴ്ചയുടെ അവസാനനാളുകള്‍ ചിലവിടുന്നത് ബഹ്‌റിനിലാണ്. അവരുടെ കാമം തീര്‍ക്കാന്‍ കൊഴുത്തു തടിച്ചതും മെല്ലിച്ചതുമായ സുന്ദരികള്‍ കാത്തിരിക്കുന്നു.

ഹോട്ടലുകള്‍ക്കുള്ളില്‍ ധാരാളം കലാപരിപാടികള്‍ അരങ്ങേറുന്നു. സ്വന്തം ഭാര്യമാരെ വീട്ടിലിരുത്തി അന്യസ്ത്രീകളുമായി പ്രണയവും അനുരാഗവും പങ്കിടുന്ന ഭര്‍ത്താക്കന്മാര്‍. സൗദിയില്‍ നിന്ന് ഒന്നോ ഒന്നരയോ മണിക്കൂര്‍ യാത്ര ചെയ്താല്‍ ബഹ്‌റിനിലെത്താം. സൗദിയും ബഹ്‌റിനും തമ്മില്‍ കടലിലൂടെ തീര്‍ത്തിരിക്കുന്ന പാലമാണ് ഇരുരാജ്യങ്ങളെയും കൂട്ടിയോജിപ്പിക്കുന്നത്. അവധി ദിവസങ്ങളില്‍ ഈ പാലത്തിലൂടെ അറബികളുടെ പ്രവാഹമാണ്. ഇവര്‍ കാമത്തിന്റെ പാരമ്യത്തില്‍ വിദേശസുന്ദരിമാരുടെ മുന്നില്‍ എല്ലാം മറന്ന് ഗാഢനിദ്രകൊള്ളുന്നു. സുഗന്ധപൂരിതമായാ മുറിക്കുള്ളില്‍ ശ്വാസംമുട്ടിയും വിറച്ചും വേദനിച്ചും ലജ്ജിച്ചും ശരീരമാസകലം അടയാളങ്ങള്‍ രേഖപ്പെടുത്തുന്നു. മദ്യം നിരോധിച്ചിട്ടുളള അറബ് രാജ്യങ്ങളിലെ കുടിയന്മാര്‍ മദ്യവും മദിരാക്ഷിയുമായി ഹോട്ടലിന്റെ വരാന്തയിലേക്ക് വേച്ച് വേച്ച് നടക്കുന്നതും സിസ്റ്റര്‍ കാര്‍മേല്‍ കണ്ടു. ഒന്നിലധികം ഭാര്യമാരും ധാരാളം കുട്ടികളും ഉള്ള ഇവര്‍ക്ക് ഇതില്‍ കുറ്റബോധം ഇല്ലേ? ഭര്‍ത്താക്കന്മാരുടെ സ്വഭാവം അറിയുന്ന ഭാര്യമാര്‍ ഭര്‍ത്താവ് ഇല്ലാത്ത രാവിലും പകലിലും വീട്ടിലെ ഡ്രൈവര്‍മാരടക്കമുള്ള വിദേശപുരുഷന്മാരെയും സുഹൃത്തുക്കളേയും വീട്ടില്‍ വിളിച്ചുവരുത്തി കിടപ്പറ പങ്കിടാറുണ്ടെന്ന് സൗദിയില്‍ നിന്ന് മനസ്സിലാക്കി. കണക്കെടുപ്പ് നടത്തിയാല്‍ പലഗള്‍ഫ് രാജ്യങ്ങളും മുന്‍നിരയില്‍ ആയിരിക്കുമെന്ന് സിസ്റ്റര്‍ കര്‍മേലിനെ ഫാത്തിമ ധരിപ്പിച്ചു.

ഗള്‍ഫിലെ സമ്പന്ന ഷേയ്ക്കന്മാരുടെ ഉല്ലാസ വീടുകളില്‍ ഫാത്തിമ പോയതും അനുഭവിച്ചതും വിവരിച്ചുകൊടുത്തു. സിസ്റ്റര്‍ കാര്‍മേലിന് അതിലൂടെ ഒരു കാര്യം മനസ്സിലായി. ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഉള്ളതുകൊണ്ടാണ് വിസിറ്റിംഗ് വിസപോലും ആവശ്യമില്ലാതെ ഗള്‍ഫിന്റെ നാഗരികതയില്‍ അവള്‍ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞത്. കുറ്റവാളികളെ തീവ്രമായ ശിക്ഷകള്‍ കൊടുത്ത് ജയിലില്‍ അടയ്ക്കുന്ന രാജ്യങ്ങളിലെ അന്തഃര്‍നാടകങ്ങള്‍ സിസ്റ്റര്‍ കാര്‍മേലിന് പുതിയൊരു അറിവായിരുന്നു. ആരോരുമറിയാതെ സ്വന്തം വീടുകള്‍പോലും വേശ്യകളെ സൃഷ്ടിക്കുന്നു. മനുഷ്യര്‍ ദൈവത്തിന്റെ കണ്‍മുന്നില്‍ നിന്ന് മറഞ്ഞിരിക്കുന്നതുപോലെ ഭാര്യയും ഭര്‍ത്താവും ഭൗതിക സുഖങ്ങളില്‍ മറഞ്ഞിരിക്കുന്നു. മദ്യവും മയക്കമരുന്നും കാമവും മനുഷ്യനെ അശുദ്ധിയിലേക്കും മ്ലേച്ഛതയിലേക്കും വഴി നടത്തുന്നതിന്റെ പ്രധാനകാരണം ആത്മീയാനന്ദം അനുഭവിപ്പാന്‍ മനസ്സില്ലാത്തതുകൊണ്ടാണ്. അതുകൊണ്ടാണ് യേശുക്രിസ്തു പറഞ്ഞത്
“”ഞാന്‍ പാപികളെ തേടിയാണ് വന്നിരിക്കുന്നത്. ”
തളര്‍വാതരോഗികളെ സൗഖ്യപ്പെടുത്തി പറഞ്ഞത്. “”നിനക്ക് സൗഖ്യമായല്ലോ, അധികം തിന്മയായത് ഭവിക്കാതിരിപ്പാന്‍ ഇനിയും പാപം ചെയ്യരുത്”

ഇവരൊക്കെ കടല്‍ക്ഷോഭത്തില്‍ അകപ്പെട്ട കപ്പലിലെ യാത്രക്കാരാണ്. അവരെ രക്ഷപെടുത്താനാണ് ഇവിടെ എത്തിയിരിക്കുന്നത്. ഇവിടുത്തെ ഹോട്ടലുകളിലും സമ്പന്നരായ അറബികളുടെ ഉല്ലാസസൗധങ്ങളിലും യാതൊരു ഭയവുമില്ലാതെ അവര്‍ കഴിയുന്നു. ഇവിടെ ജീവിക്കാന്‍ വിസ ഉളളവര്‍ക്ക് ഒരു പുനരധിവാസം ആവശ്യമാണ്. അതിനൊപ്പം ഈ രാജ്യത്ത് സന്ദര്‍ശനത്തിനായി വരുന്ന സ്ത്രീകളെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും സംവിധാനങ്ങളുണ്ടാകണം. അങ്ങനെ കുറച്ചുപേരെയെങ്കിലും ഈ പാപപങ്കിലമായ ജീവിതത്തില്‍ നിന്ന് സ്വതന്ത്രമാക്കിയെടുക്കാന്‍ കഴിയും.
പല സ്ത്രീകളും ഇവിടെയെത്തിയിരിക്കുന്നത് അവരുടെ പട്ടിണിയും ദാരിദ്ര്യവും മൂലമാണ്. മറ്റ് ചിലര്‍ ജഡികസുഖത്തിനും. ഇവരൊക്കെ ഈ പാതയില്‍ നിന്ന് മാറി സഞ്ചരിക്കണം. അവരെ പുനരധിവസിപ്പിക്കാന്‍ ഭരണാധിപന്മാര്‍ തന്നെയാണ് മുന്നോട്ടു വരേണ്ടത്. എല്ലാ പാപങ്ങളും അക്രമങ്ങളും മനുഷ്യമനസ്സില്‍ മുളച്ചു പൊന്തുന്നതിന്റെ കാരണം മാനസിക ദൗര്‍ബല്യമാണ്.

ആ മനസ്സിന് ധൈര്യവും ജീവനും പകരാന്‍ കരുത്താര്‍ന്ന ഭരണസംവിധാനങ്ങളും ആത്മീയ കാഴ്ചപ്പാടുകളുമുണ്ടെങ്കില്‍ ഈ നിരാശയനുഭവിക്കുന്ന ജനവിഭാഗത്തെ നന്മയുള്ളവരാക്കാന്‍ കഴിയും. അങ്ങനെയെങ്കില്‍ ഇവരൊക്കെ ഉയര്‍ത്തെഴുന്നേല്ക്കും.

യാത്രാക്ഷീണം കാരണം ഫാത്തിമ നേരത്തെ കിടന്നുറങ്ങിയെങ്കിലും സിസ്റ്റര്‍ കാര്‍മേല്‍ ഭരണത്തിലുള്ളവര്‍ക്ക് കൊടുക്കാനുള്ള ഉപദേശ-നിര്‍ദേശങ്ങള്‍ ലാപ്‌ടോപ്പില്‍ ടൈപ്പ് ചെയ്ത് ഉറപ്പുവരുത്തിയതിന് ശേഷമാണ് ഉറങ്ങാന്‍ കിടന്നത്.

രാവിലെതന്നെ എഴുതി തയ്യാറാക്കിയ നിവേദനവുമായി അവര്‍ ആരോഗ്യവകുപ്പിലെ ഭരണാധിപനെ കാണാന്‍ പുറപ്പെട്ടു. അറേബ്യന്‍ സംസ്കൃതിയുമായി വസിക്കുന്ന നഗരത്തിലൂടെ അവര്‍ ടാക്‌സിക്കാറില്‍ യാത്ര ചെയ്തു. കൊടും ചൂടാണെങ്കിലും കാറില്‍ എ.സി. ഉള്ളതിനാല്‍ ചൂട് അനുഭവിക്കുന്നില്ല. നഗരറോഡുകള്‍ വികസിത രാജ്യങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. ആരോഗ്യവകുപ്പിന്റെ ഓഫീസിലെത്തിയ സിസ്റ്റര്‍ കാര്‍മേലിനെ അറബികള്‍ സൂക്ഷിച്ചുനോക്കി. കന്യാസ്ത്രീ വേഷമാണ് അവരെ ആകര്‍ഷിച്ചത്. റിസപ്ഷനില്‍ കാര്യങ്ങള്‍ വിവരിച്ചു. അവിടെ ധാരാളം സന്ദര്‍ശകരുണ്ടായിരുന്നു. സിസ്റ്റര്‍ക്ക് അറബി ഭാഷ ഒട്ടും വശമില്ല. ഫാത്തിമയുടെ ശരീരഭംഗി പല അറബികളെയും ആകര്‍ഷിക്കുന്നുണ്ടായിരുന്നു. അവരുടെ കണ്ണുകളില്‍ കാണാന്‍ കഴിഞ്ഞത് കാമാഗ്നി മാത്രമായിരുന്നു.

സിസ്റ്റര്‍ കര്‍മേല്‍ വളരെ എളിമയോടും പ്രതീക്ഷയോടും കാത്തിരുന്നു. ഓഫീസ് ബോയ് അവര്‍ക്ക് ചായ കൊണ്ടുവച്ചു. ചായ കുടിക്കാന്‍ ഓഫീസര്‍ ആവശ്യപ്പെട്ടു. ഫാത്തിമയാണ് സിസ്റ്ററുടെ വാക്കുകള്‍ അവര്‍ക്കായി ഓഫീസറോട് പറഞ്ഞത്. അറുപത് വയസ് തോന്നിക്കുന്ന അബ്ദുള്ള സൗമ്യതയോടെ പറഞ്ഞു.
“”എന്റെ രാജ്യത്ത് വേശ്യകളുടെ എണ്ണം പെരുകിയതിന് കാരണം അന്യരാജ്യങ്ങളില്‍ നിന്നും സന്ദര്‍ശകവിസയില്‍ ഇവിടെ എത്തുന്നവര്‍ മുഖാന്തിരമാണ്. ഇത്തരം രഹസ്യവിവരങ്ങള്‍ ഞങ്ങള്‍ക്ക് അറിയാനും സാധിക്കുന്നില്ല. ഒന്നെനിക്കറിയാം സൗദി-ബഹ്‌റിന്‍ കടല്‍ പാലത്തിലൂടെ പലരും ഇവിടേക്ക് വന്ന് ലഹരി കുപ്പികള്‍ വാങ്ങി പോകാറുണ്ട്. ഇത് ആരും എന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ല”.

“” അത് രഹസ്യവിഭാഗത്തിന്റെ വീഴ്ചയല്ലേ?
ഇവിടേക്ക് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ വരുന്നത് വിദേശരാജ്യങ്ങളില്‍ നിന്നാണെന്ന് ഞങ്ങള്‍ക്കറിയാം. അങ്ങയുടെ പുണ്യഭൂമിയില്‍ ഇതനുവദിക്കരുത്” സിസ്റ്റര്‍ വിനയത്തോടെ പറഞ്ഞു.
വളരെ ശ്രദ്ധയോടെ എല്ലാം കേട്ടുകൊണ്ടിരുന്ന അബ്ദുള്ള വികാരാവേശത്തോടെ അറിയിച്ചു.
“” ഞങ്ങളിത് അതികര്‍ശനമായി നിയന്ത്രിക്കും. ഇതില്‍ പോലീസിനും പങ്കുള്ളതായി ഞാന്‍ മനസ്സിലാക്കുന്നു. അവര്‍ക്ക് ശിക്ഷ ഉറപ്പാണ്. എന്റെ രാജ്യം വേശ്യാലയമാക്കാന്‍ ഞാന്‍ അനുവദിക്കില്ല. കര്‍ശന നിയമം ഞാനിതിന് ഉപയോഗപ്പെടുത്തും. ഉടനടി ഇതിനുള്ള ഉത്തരവിറക്കും. ഈ പുണ്യപ്രവര്‍ത്തിയുടെ ദൗത്യം ഏറ്റെടുത്ത് ലണ്ടനില്‍നിന്നും ഇവിടെയെത്തിയ നിങ്ങളെ എന്റെ രാജ്യം വരവേല്‍ക്കുന്നു. നന്ദി സിസ്റ്റര്‍ നന്ദി. നിങ്ങള്‍ ഇന്ന് എന്റെ അതിഥിയായി വിരുന്നില്‍ പങ്ക് കൊള്ളണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു”

സിസ്റ്റര്‍ ബഹുമാനത്തോടെ അദ്ദേഹത്തെ നോക്കി.
ആ വാക്കുകള്‍ ഹൃദയസ്പര്‍ശിയായി തോന്നി. സിസ്റ്റര്‍ കര്‍മേല്‍ അബ്ദുള്ളയ്ക്ക് നന്ദി പറഞ്ഞു. സിസ്റ്റര്‍ ബാഗില്‍ നിന്ന് കെയര്‍ഹോമിന്റെ പുനരധിവാസ രീതികളുടെ ലീഫ് ലെറ്ററുകളും മറ്റും അദ്ദേഹത്തെ ഏല്പിച്ചു. ഇതുപോലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ അവരുടെ സുരക്ഷ ഗവണ്‍മെന്റ് ഏറ്റെടുക്കണം. വികസിത രാജ്യത്തെ കോപ്പി ചെയ്താണ് എല്ലാ ഗള്‍ഫ് രാജ്യങ്ങളും മുന്നോട്ട് പോയിട്ടുള്ളത്. അവരുടെ ബുദ്ധിയും ടെക്‌നോളജിയും എല്ലാം മേഖലയിലും ഉപയോഗിക്കാമെങ്കില്‍ എന്തുകൊണ്ട് സിസ്റ്റര്‍ മുന്നോട്ടുവെച്ചകാര്യങ്ങള്‍ ചെയ്തുകൂടാ. ഇതിനൊരു പരിഹാരമുണ്ടാകുമെന്ന് ഉറപ്പുകൊടുത്തിട്ട് അബ്ദുള്ള അവരെ യാത്രയാക്കി.

ചക്രവാളങ്ങളെ നന്ദി

സിസ്റ്റര്‍ കാര്‍മേല്‍ മനഃപ്രയാസത്തോടെയാണ് ആ വാര്‍ത്തകള്‍ വായിച്ചത്. കണ്ണുകള്‍ മ്ലാനമായി. ചക്രവാളം മുതല്‍ ചക്രവാളംവരെ കാമഭ്രാന്തന്മാര്‍ കൂര്‍ത്ത നഖങ്ങളുമായി പറക്കുന്നു. ഇവരില്‍ കൂടുതലും ശക്തരും കരുത്തരും ധനികരും അധികാരികളുമാണ്. ഓരോന്ന് വായിക്കുന്തോറും മരവിപ്പാണ് തോന്നുന്നത്. ഇപ്പോള്‍ പലരും വന്‍കൊടുംങ്കാറ്റില്‍ പിഴുതെറിയപ്പെടുന്ന മരങ്ങള്‍ പോലെ നിലം പരിശാവുകയും ചെയ്യുന്നു. പ്രകൃതിയുടെ പ്രമാണലംഘനമായതുകൊണ്ടാകാം ഇതൊക്കെ സംഭവിക്കുന്നത്. മുന്‍ ജര്‍മ്മന്‍ മലയാളി എം.പി ബാലലൈംഗിക ചിത്രങ്ങളുടെ പേരില്‍ കോടതിയില്‍ നിന്ന് ശിക്ഷ വാങ്ങിയിരിക്കുന്നു. പതിനഞ്ചു വര്‍ഷത്തോളം ഈ പദവിയിലിരുന്ന മനുഷ്യന്‍ എന്താണ് ഇങ്ങനെ ചെയ്തത്. ജര്‍മന്‍ രാഷ്ട്രീയത്തില്‍ കരുത്ത് തെളിയിച്ച ഈ നാല്‍പത്തഞ്ചുകാരന് എന്താണ് സംഭവിച്ചത്?

താന്‍ ജര്‍മ്മനിയിലായിരുന്ന കാലത്ത് ഇയാളെപ്പറ്റി മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും എന്ത് അഭിമാനമായിരുന്നു. ഏതാനും പേരാല്‍ തെരെഞ്ഞെടുക്കുന്ന ഒരു കൗണ്‍സിലര്‍ പോലെ മറ്റൊന്നും ചെയ്യാനില്ലാത്ത രാഷ്ട്രീയ പദവിയല്ല വികസിത രാജ്യങ്ങളിലെ ഒരു മെംബര്‍ ഓഫ് പാര്‍ലമെന്റ് പദവി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ധാരാളം ക്രിമിനലുകളായ എം.പി. മാരും എം.എല്‍.എ.മാരും മന്ത്രിമാരുമുണ്ട്. അവരെപ്പോലെ ഇയാളും ആയതില്‍ സ്വാഭാവികമായി ആര്‍ക്കും സംശയങ്ങളുണ്ടാകാം. അതാണ് വാസ്തവം. ഇങ്ങനെയൊരു മോഹം മനസിലുണ്ടായിരുന്നുവെങ്കില്‍ എന്തിനാണ് ജര്‍മനിയിലേക്ക് വന്നത്. നിങ്ങളെപ്പോലുള്ളവര്‍ക്ക് ഇന്ത്യയായിരുന്നില്ലേ നല്ലത്. കൊലയാളിയായാലും കൊള്ളക്കാരനായാലും അഴിമതിക്കാരനായാലും കോടതി വഴി രക്ഷപെടാനുള്ള എല്ലാ വാതിലുകളും ഭരണകൂടം ചെയ്തുതരുമായിരുന്നു.

എഴുപതില്‍പ്പരം വര്‍ഷമായി ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചിട്ട്്. ഇന്നുവരെ പട്ടിണിയും ദാരിദ്ര്യവും അഴിമതിയും മാറിയിട്ടില്ല. ബഹുഭൂരിപക്ഷവും ദാരിദ്ര്യത്തിലാണ്. സ്വാതന്ത്യം കിട്ടിയ നാള്‍മുതല്‍ ഭരണത്തില്‍ വന്നവരൊക്കം കുത്തകമുതലാളിമാര്‍ക്കൊപ്പം മുതലാളിമാരായി വാഴുന്നു. ജന്മംകൊണ്ട് ഇന്ത്യക്കാരിയാണെങ്കിലും അവിടുത്തെ സ്ത്രീവിരുദ്ധചിന്തകള്‍ക്കും അതിക്രമങ്ങളും കാണുമ്പോള്‍ അമര്‍ഷമാണ്‌തോന്നുന്നത്. യുദ്ധസമാനമായ ഭീതിയിലാണ് പെണ്‍കുഞ്ഞുങ്ങള്‍ അവിടെ ജീവിക്കുന്നത്. ക്രമസമാധാനചുമതലയുള്ള പോലീസാകട്ടെ സമ്പന്നരുടെ പിടിയിലാണ്.
പാവങ്ങള്‍ക്ക് രക്ഷയില്ല. നിയമങ്ങളെ കാറ്റില്‍ പറത്തുന്ന പോലീസ്. അവരെ ശിക്ഷിക്കാന്‍ ഭരണത്തിലുള്ളവര്‍ മുന്നോട്ട് വരില്ല. കാരണം അവരും ഇവരെക്കാള്‍ കൊടുംകുറ്റവാളികളാണ്. ചരിത്രം പരിശോധിച്ചാല്‍ ക്രിമിനലുകളായ പോലീസ് ഉദ്യോഗസ്ഥന്മാര്‍ ഒരുപാടുണ്ട്. ഇന്ത്യയില്‍ എല്ലാ നഗരങ്ങളിലും ഇന്ന് വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്ന സ്ത്രീകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ദാരിദ്ര്യവും പട്ടിണിയും പോലെ വേശ്യകളെയും വളര്‍ത്തുന്ന രാജ്യം. ഇവരൊക്കെ സ്വന്തം താല്പര്യപ്രകാരം ഈ തൊഴില്‍ കണ്ടെത്തിയവരല്ല, ജന്മത്തില്‍ വേശ്യകളില്ല. സാഹചര്യത്തില്‍ സൃഷ്ടിക്കപ്പെടുന്നവരാണവര്‍.

ബ്രിട്ടനിലെ മന്ത്രി രാജിവച്ചിരിക്കുന്നു. അതിന്റെ കാരണം അയാളുടെ നഗ്നമായ ഫോട്ടോകളും മറ്റും ചില സ്ത്രീകള്‍ക്ക് അയച്ചുകൊടുത്തതാണ്. അതൊക്കെ മാധ്യമങ്ങള്‍ അപ്പപ്പോള്‍ പുറത്തു കൊണ്ടുവരികയും ചെയ്തു. . അതിനുള്ള ധൈര്യവും ആത്മാര്‍ത്ഥതയും ആദരിക്കപ്പെടണം. ഇവിടുത്തെ പത്രങ്ങളില്‍ സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് പുരുഷന്മാരെ വശീകരിക്കുന്നതുപോലെ ഈ മന്ത്രി എന്തിനു ശ്രമിച്ചു. സ്ത്രീകളെ വശീകരിക്കാന്‍ ഒരു മന്ത്രിയെന്ന നിലയില്‍ ആ കാണിച്ചത് അവിവേകമായി പോയി. ഇയാളൊരു മനോരോഗിയെന്ന് ആരെങ്കിലും വിളിച്ചാല്‍ കുറ്റപ്പെടുത്താനാകുമോ? സാധാരണ സിനിമയിലും മോഡലിംഗിലുമാണ് സ്ത്രീശരീരങ്ങളെ വിറ്റു കാശാക്കുന്നത്. ഇവിടെയിത് ഇന്റര്‍നെറ്റിലും പ്രദര്‍ശിപ്പിക്കുന്നു. കാണുമ്പോള്‍ പലപ്പോഴും പ്രയാസം തോന്നാറുണ്ട്. ഇത് സ്വന്തം സഹോദരിയോ അമ്മയോ ആണെങ്കില്‍ ഇവര്‍ക്ക് എന്തു വികാരമാണ് ഉണ്ടാകുക. എല്ലാ രംഗത്തും സ്ത്രീകളെ ഒരു കച്ചവട ചരക്കാക്കുന്ന ഒരു ജീര്‍ണിച്ച സംസ്കാരത്തിന്റെ ഭാഗമാണിത്. പെണ്‍കുട്ടിയുടെ പ്രായവും സൗന്ദര്യവും നോക്കി വില്പന നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ പ്രാകൃതസ്വഭാവത്തിലേക്കാണോ ഇന്നത്തെ ആധുനിക മനുഷ്യന്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇതിനെ നിരൂത്സാഹപ്പെടുത്തേണ്ടവര്‍ ഇവരെ പ്രോത്സാഹിപ്പിക്കുന്നത് എന്താണ്?

സിസ്റ്റര്‍ കാര്‍മേലിന്റെ കണ്ണുകളില്‍ പിന്നീട് പ്രത്യക്ഷപ്പെട്ടത് അമേരിക്കയിലെ ചിക്കാഗോയിലെ മരിയ പുസ്സോസിലാണ്. ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ ഉന്നതന്മാരും സ്ത്രീകളെ വെറും കറവപശുക്കളെപ്പോലെയാണ് കാണുന്നത്.
വികസിത രാജ്യങ്ങളില്‍ ഇതാണ് അവസ്ഥയെങ്കില്‍ ദരിദ്ര്യരാജ്യങ്ങളിലെ പെണ്‍കുട്ടികളും സ്ത്രീകളും സ്വന്തം കുടുംബത്തിലെങ്കിലും സുരക്ഷിതരാണോ? അതൊന്നും പുറംലോകമറിയുന്നില്ല. ഈ രാജ്യങ്ങളില്‍ അത് അത്ര ഗുരുതരമല്ല .പോലീസും കോടതിയും നിയമങ്ങളും ഇന്നും സ്ത്രീകളെ വേട്ടയാടുന്നു. ദരിദ്ര്യരാജ്യത്തായാലും വികസിതരാജ്യത്തായാലും സുന്ദരസ്വപ്നങ്ങളുള്ള ജീവിതത്തിന്റെ മധുരിമകള്‍ നുകര്‍ന്ന് ജീവിക്കാനാഗ്രഹിക്കുന്നവരാണ് സ്ത്രീകള്‍. അതിനുകഴിയാതെ വരുമ്പോഴാണ് അവരുടെ സ്ത്രീത്വം വിലപേശപ്പെടുന്നത്.

സിസ്റ്റര്‍ കാര്‍മേല്‍ സന്തോഷത്തോടെ ഫാത്തിമയോട് പറഞ്ഞു.

“”നമ്മെ മുന്നോട്ടു നയിക്കുന്നത് ധൈര്യവും വിശ്വാസവും പ്രാര്‍ത്ഥനയുമാണ്. അങ്ങനെയെങ്കില്‍ നമ്മള്‍ ലക്ഷ്യത്തിലെത്തും. അതിനാല്‍ നമ്മുടെ ഓരോ ചലനങ്ങളും വാക്കുകളും മറ്റുള്ളവര്‍ കീഴടക്കാന്‍ ഇടയാക്കരുത്” സിസ്റ്റര്‍ കാര്‍മേലിന്റെ വാക്കുകള്‍ അവള്‍ക്ക് വിലയേറിയ മുത്തുകള്‍പോലെയാണ്.മറ്റുള്ളവരെ സ്‌നേഹിക്കാനും ശുശ്രൂഷിക്കാനും അള്ളാഹു തനിക്കും അവസരം തരാതിരിക്കില്ല. യാതൊരു പ്രതിഫലവും കൈപറ്റാത്ത നല്ലൊരു സാമൂഹികപ്രവര്‍ത്തകയായി മാറാന്‍ അവളുടെ മനസ് ആഗ്രഹിച്ചു.

മേശപ്പുറത്തിരുന്ന ഫോണില്‍ സിസ്റ്റര്‍ കാര്‍മേല്‍ ജാക്കിയെ വിളിച്ചു. അവന്‍ വേഗത്തില്‍ സിസ്റ്ററുടെ അടുത്തെത്തി.

ഫാത്തിമ യാത്ര പറഞ്ഞുപോയി. എല്ലാറ്റിനും പരിഹാരമായല്ലോ എന്ന ഭാവത്തില്‍ സിസ്റ്റര്‍ സ്‌നേഹവായ്‌പോടെ ജാക്കിയെ നോക്കി പറഞ്ഞു.
“”ഞാന്‍ കൊട്ടാരം കോശിയെ വിളിച്ചു. ഞങ്ങള്‍ ധാരാളമായി സംസാരിച്ചു. എന്റെ ഗള്‍ഫ് യാത്ര കഴിഞ്ഞ് ഇന്ത്യയിലേക്ക് പോകണമെന്നുണ്ട്. നാളെ മുതല്‍ ഒരാഴ്ചക്കാലം ഞാന്‍ ബഹ്‌റിനിലും ദുബൈയിലുമാണ്. യു.എന്‍.എ.യുടെ പ്രത്യേക ആവശ്യപ്രകാരമാണ് ഈ യാത്ര. സഭയും ഒപ്പമുണ്ട്. പിന്നെ എന്നെ ഏല്പിച്ച കാര്യങ്ങള്‍ ചെയ്തു എന്നാണ് എന്റെ വിശ്വാസം. എന്തെങ്കിലും കുറവ് വരുത്തിയാല്‍ കൊട്ടാരം കോശി വഴക്ക് പറയില്ലേ. ഇവിടെ നിന്ന് പോയാലും പഠനത്തിലും ജോലിയിലുമൊക്കെ വളരെ ശ്രദ്ധിക്കണം. പണത്തിന് ആവശ്യമുണ്ടെങ്കില്‍ പറയൂ.”

അവന്‍ ആദരവോടെ പറഞ്ഞു”” വേണ്ട സിസ്റ്ററെ, ചെയ്ത ഉപകാരങ്ങള്‍ക്ക് നന്ദി പറയാന്‍ വാക്കുകളില്ല. മരിക്കും വരെ ഈ ഉപകാരങ്ങള്‍ ഞാന്‍ മറക്കില്ല. എനിക്ക് ഒരു ആഗ്രഹമുള്ളത് പതുക്കെ ഒരു കണ്‍സ്റ്റ്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യണമെന്നാണ്. അതിന്റെ കാരണം പഠനം കഴിഞ്ഞ് മടങ്ങിപ്പോയാലും എന്റെ തൊഴില്‍രംഗം തന്നെ അതാണ് സിസ്റ്റര്‍”.

സിസ്റ്റര്‍ അവന്റെ കണ്ണുകളിലേക്ക് നോക്കി. അവന്റെ ആഗ്രഹത്തിന് ഉറപ്പൊന്നും കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവന് പ്രതീക്ഷ കൊടുത്തുകൊണ്ട് പറഞ്ഞു “”നിന്റെ ആഗ്രഹങ്ങള്‍ നിറവേറാനായി പ്രത്യേകം പ്രാര്‍ത്ഥിക്കുക. അങ്ങിനെയെങ്കില്‍ നിന്റെ ആഗ്രഹം പോലെ സാധിക്കും. ഇവിടെ അമ്പലങ്ങളുണ്ട്. സമയം കിട്ടുമ്പോള്‍ ഈശ്വരന്റെ മുന്നില്‍ നിന്റെ ആഗ്രഹങ്ങള്‍ സമര്‍പ്പിക്കുക. ഒക്കെ സാധിക്കും ഞാനും പ്രര്‍ത്ഥിക്കാം” സിസ്റ്റര്‍ പുഞ്ചിരിയോടെ പറഞ്ഞു.

രഞ്ജിത്ത് ശിവഹരി

ദേവികാ എന്റെ സൺസ്‌ക്രീൻ ലോഷൻ കണ്ടോ ??
കുക്കറിന്റെ മൂന്നാം വിസിലിനായി കാതോർത്തു നിൽക്കുന്ന അവർ പെട്ടെന്ന് മനോരാജ്യങ്ങളിൽ നിന്നുമുണർന്നു ..അതാ ദിവാന്റെ ചുവട്ടിൽ ഉണ്ടാവും ശ്രീയേട്ടാ ദാ വരുന്നു .
ഒന്നും നോക്കിയെടുക്കാനും വയ്യ രാവിലെ തൊട്ട് ദേവികാ ദേവികാ ന്ന് അലറിക്കൊണ്ടിരിക്കും ചെയ്യും ന്നാ പിന്നെ അടുക്കളയിൽ വന്ന് എന്തെങ്കിലും ചെയ്യുക അതും ഇല്ല അല്ലെങ്കിലും അതെങ്ങെനെ ഞാൻ വെറും പത്താം ക്ലാസ്സുകാരിയും അങ്ങേര് വലിയ ബിസിനസ്കാരനും അല്ലെ ?
തെക്കേലെ സൂമിം ജാനും ഒക്കെ പറയാ എന്താ ദേവു ന്റെ ഭാഗ്യം എന്നാ ??എന്ത് ഭാഗ്യം ചാണകം വാരിട്ടായാലും നാട്ടിൽ തന്നെ ജീവിക്ക്യാർന്നു നല്ലത് .അച്ഛന്റെയും അനിയന്റെയും ശബ്ദം കേട്ടിട്ട് തന്നെ എത്ര ദിവസമായി ?തന്റെ മകനെ കണ്ടിട്ട് എത്ര കാലമായി എല്ലാം താൻ തന്നെ വരുത്തി വച്ചതല്ലേ ഇനി പരിഭവം പറഞ്ഞിട്ടെന്ത് കാര്യം ?ശ്രീ ഏട്ടനെ ഒന്ന് മിണ്ടാൻ പോലും കിട്ടില്ല ,പിന്നിങ്ങനെ ആത്മഗതങ്ങളായി ജീവിക്കുന്നു ഹാ കൊക്കിലൊതുങ്ങിത് കൊത്താഞ്ഞിട്ടല്ലേ ഇനി അനുഭവിക്ക്യ തന്നെ ,നീണ്ട നെടുവീർപ്പിട്ടു കൊണ്ട് മനസ്സിലെ പിറുപിറുക്കൽ പുറമേക്ക് കേൾക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി അവൾ ബെഡ്റൂമിലേക്ക് നടന്നു ..
ഈ സമയം കൊണ്ട് തന്നെ ശ്രീകുമാരൻ പോർട്ടിക്കോയിലെത്തിയിരുന്നു …ശ്രീയേട്ടാ ഉച്ചയയൂണിനു നല്ല വെണ്ടയ്ക്ക മെഴുക്കുപുരട്ടിത് ഉണ്ടാക്കിട്ടുണ്ട് കൊണ്ട് വരട്ടെ ..വേണ്ട എന്ന ഒറ്റവക്കിൽ ഒതുക്കി അയാൾ അതിവേഗത്തിൽ കാർ എടുത്തു ..
ഈയിടെ ഏട്ടന്റെ സ്വഭാവം വല്ലാതെ മാറിയിരിക്കുന്നു .കമ്പനിയിലെ സുന്ദരികളെ കണ്ട് എന്നെയൊന്നും പിടിക്കുന്നില്ലായിരിക്കും ..സാൻഫ്രാന്സിസ്കോയിലെ സുന്ദരി മദാമ്മകൾക്കു മുന്നിൽ താൻ ആരാ നാട്ടിൻപുറത്തെ ഒരു പൊട്ടിപെണ്ണ് ..പണ്ടൊക്കെ ശ്രീയേട്ടൻ പറഞ്ഞിരുന്നു ദേവു നിന്റെ പൊട്ടത്തരം ആണ് എനിക്ക് ഏറ്റവും ഇഷ്ടം എന്ന് ഹാ ഓന്ത് സ്വഭാവം മാറണ പോലെ അല്ലെ ഓരോരുത്തരുടെ സ്വഭാവം മാറണത് ..ദേവുവോ ആരേം കണ്ണടച്ചു വിശ്വസിക്കരുത് മോളെ അദ്ധ്യാപകനായ അച്ഛന്റെ വാക്കുകൾ അവളുടെ ചെവികളിൽ അലയടിച്ചു ….
നീട്ടിയടിച്ച ഫോൺ ബെൽ അവളെ തെല്ല് അലസോരപ്പെടുത്തി ..ഈ സമയത്ത് ആരാണ് വിളിക്കുന്നത് ?മറുതലക്കലെ ശബ്ദം അവളെ അത്ഭുദപ്പെടുത്തി അച്ഛൻ …അച്ഛനാണ് ..
മോളെ എനിക്കിവിടെ നിൽക്കാൻ വയ്യ സ്വത്ത് ഭാഗം വെക്കണം എന്നൊക്കെ പറഞ് നിന്റെ അനിയനും ചേച്ചിയും എല്ലാവരും കൂടെ വഴക്കാണ് ..അപ്പോൾ നീ ഇങ്ങോട്ട് ഒന്നും പറയണ്ട ഞാൻ ഒരാഴ്ച കഴിഞ്ഞ് അങ്ങോട്ട് വരുന്നുണ്ട് ..മടുത്തു മോളെ ഈ വയ്യാത്ത കാലത്തും ഇനി മനസ്സ് വിഷമിപ്പിക്കാൻ വയ്യ ..ശ്രീകുമാറിനോട് പറയണം അച്ഛൻ വരുന്നുണ്ടെന്ന് അവന് വലിയ സന്തോഷം ആവും കഴിഞ്ഞ തവണ ലീവിന് വന്നപ്പോഴും പറഞ്ഞിരുന്നു എന്നോട് അങ്ങോട്ടൊന്ന് വരാൻ .

ഒറ്റശ്വാസത്തിൽ അച്ഛനിത്രയും പറഞ്ഞപ്പോൾ അവൾക്കാകെ ഒരു മരവിപ്പാണ് അനുഭവപ്പെട്ടത് ..ശരി അച്ഛാ എന്ന് പറഞ്ഞ് അവൾ പെട്ടെന്ന് റീസിവർ നിലത്തു വെച്ചു ..
സ്വത്ത് വേണ്ടവർ തന്നെ നോക്കികൂട്ടെ ഈ വയ്യാവേലികൾക്കിടയിൽ കൂടെ ഇതും കൂടെ എനിക്ക് തലയിൽ വെക്കാൻ വയ്യ ദേവിക …
ഈ പ്രായത്തിൽ അതും ഇങ്ങോട്ട് അതൊന്നും ശരിയാവില്ല ..എത്രയെത്ര ഓൾഡേജ് ഹോംസ് ഉണ്ട് നാട്ടിൽ അവിടെ ചെലവിനുള്ളത് എന്താച്ചാൽ കൊടുക്കാം താറ്റ്സ് ഓൾ …അറുത്തുമുറിച്ച ഈ മറുപടി പ്രതീക്ഷിച്ചതു കൊണ്ട് ദേവികക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല .ബിസിനസ് തിരിക്കിന്റെ പേര് പറഞ്ഞു മകനെ വരെ ബോര്ഡിങ്ങിലാക്കിയ മനുഷ്യൻ ഇതല്ല ഇതിനപ്പുറവും പറയുന്നതിൽ എന്താണത്ഭുദം ..അയാളുടെ ലോകം അയാളുടെ സാമ്രാജ്യം അതിനിടയിൽ താൻ എന്തിനാണ് നിൽക്കുന്നത് എന്നവൾ പലപ്പോഴും ചിന്തിക്കാറുണ്ട് ഒരുപക്ഷെ ഒരു വേലക്കാരിയുടെ സ്ഥാനമാവാം ..ജീവിതത്തിൽ ചായം തേച്ചതല്ലേ കെട്ടിയാടുക തന്നെ ..
പിറ്റേന്ന് തന്നെ കാര്യങ്ങൾ എല്ലാം അവൾ അച്ഛനെ വിളിച്ചു പറഞ്ഞു ..എത്താവുന്ന ദൂരം ആണെങ്കിൽ ഞാൻ വന്നേനെ അച്ഛാ ..പക്ഷെ ഇതിപ്പോ ..
ഹാ സാരമില്ല മോളെ നീ സന്തോഷമായി ഇരുന്നാൽ മതി അച്ഛൻ പറഞ്ഞു നിർത്തി .
സന്തോഷം ആ വാക്ക് അവളെ ഇരുപത് വർഷങ്ങൾക്കപ്പുറത്തേക്ക് കൊണ്ട് പോയി .വീട്ടിലെ നാലുകെട്ടിൽ വിരുന്നെത്തിയ ആ പൊടിമീശക്കാരൻ പയ്യൻ അവിടുത്തെ പെണ്ണുങ്ങളുടെ ഒക്കെ ആരാധനാപുരുഷൻ ആയി പെട്ടെന്ന് തന്നെ മാറി.കഴുത്തിൽ ടൈ ധരിച്ച ,അലക്കിത്തേച്ച വസ്ത്രവുമായി അയാൾ നടന്നു വരുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗി ആണെന്ന് പലരും അഭിപ്രായപ്പെട്ടു …പക്ഷെ പൊടിമീശക്കാരന് കുപ്പിവളകൾ കൈകളിലണിഞ്ഞ ഇരുനിറക്കാരിയെ ആണ് ബോധിച്ചത് ..
അന്നൊരല്പം അഹങ്കാരം ഒക്കെ തോന്നിത്തുടങ്ങിയിരുന്നു .അമ്മയില്ലാത്ത ആ കുട്ടി അന്ന് അനുരാഗത്തിന്റെ സുഗന്ധം നുകർന്ന് തുടങ്ങി …ഏതാഗ്രഹത്തിനും എതിരു നിൽക്കാത്ത അച്ഛൻ ശ്രീകുമാർ എന്ന ആ പയ്യന് കൈപിടിച്ചു കൊടുക്കുമ്പോൾ ഒരു കാര്യം മാത്രമാണ് പറഞ്ഞത് .മോളെ നീ സന്തോഷമായി ഇരുന്നാൽ മതി …
ഭൂതകാലത്തിലെ ഓർമ്മകൾ അയവിറക്കി അതിലൊരാശ്വാസം കണ്ടെത്താറുള്ള അവൾക്ക് പക്ഷെ ഈ ഓർമ്മകൾ കനത്ത മുറിവാണ് ഏൽപ്പിച്ചത് …
ആഴ്ചകൾ കടന്ന് പോയി ശ്രീകുമാർ ബിസിനസ് ടൂർ ആയി സ്വിസർലാൻഡിലാണ് ..ഏകാന്തതയുടെ പാരമ്യത്തിൽ എത്തിയപ്പോൾ ദേവിക പതുക്കെ പുറത്തേക്കിറങ്ങി ..കുട്ടികളുടെ പാർക്കിലെ ആ കാഴ്ച്ച അവളെ വല്ലാതെ സ്പർശിച്ചു ഒരു കുട്ടിയെ അച്ഛൻ കൈപിടിച്ചു കൊണ്ട് പോവുകയാണ് ഇടയ്ക്കിടെ അവൾ തെന്നുന്നുണ്ടോ എന്നയാൾ നോക്കുന്നുണ്ട് .പണ്ട് ട്രെയിൻ കാണാൻ തന്നെ അച്ഛൻ കൊണ്ടുപോകാറുള്ളത് അവൾ പെട്ടെന്ന് ഓർത്തു .ചെറിയമ്മമാരുടെ കുത്തുവാക്കുകൾക്കിടയിലും അച്ഛൻ പറയും നീ എന്റെ രാജകുമാരി അല്ലെ പിന്നെന്താ ??
കണ്ണീരു വറ്റിയ തന്റെ കണ്ണിൽ നിന്നും ഒരു കണം താഴേക്ക് പതിച്ചതിൽ അവൾക്ക് അത്ഭുദം തോന്നി ..
ഇവിടെ എത്തിയതിൽ പിന്നെ താൻ കരയാൻ പോലും മറന്നിരിക്കുന്നു ..
അവൾ തിരക്കിട്ട് ഫോണിൽ നമ്പർ ഡയല് ചെയ്തു, ലിറ്റിൽ ഫ്ലവർ കോളേജിലെ മകനോട് രണ്ട് വാക്ക് സംസാരിക്കാൻ അവൾക്ക് ഏറെ പ്രയാസം അനുഭവപ്പെട്ടു ..മാസങ്ങൾക്ക് മുന്നേ കേട്ട ശബ്ദം ആണ് ,മോനെ നീ അച്ഛനെ നന്നായി നോക്കണം അതിപ്പോ നീ എത്ര തിരക്കായാലും കരച്ചിലടക്കി അവർ പറഞ്ഞുനിർത്തി തിരക്കിട്ട് കയ്യിൽ കിട്ടിയ പേപ്പറിൽ എഴുതി ഐആം സോറി ശ്രീകുമാർ നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ ഒരു നന്നങ്ങാടി ആയി ജീവിക്കാൻ ഞാൻ വിചാരിക്കുന്നില്ല ..എനിക്ക് എന്റേതായ ഇഷ്ടങ്ങളുണ്ട് അഭിപ്രായങ്ങൾ ഉണ്ട് ,കാപട്യം നിറഞ്ഞ തന്റെ ജീവിതത്തിൽ ഇനി ഞാനില്ല ..
ബൈ .
തിരക്കിട്ട് അവൾ മണ്ണെണ്ണ പാത്രം എടുത്തു *******
അച്ഛാ …ഇപ്പോഴത്തെ ഈ സുഖം ഉണ്ടല്ലോ അത് മതി നമുക്ക് ഈ നാലു ചുവരുകളും തരുന്ന ഒരാനന്ദം ഉണ്ട് അത് മതി അത് മാത്രം ..ഒന്നുടെ എന്നെ രാജകുമാരീ ന്ന് വിളിക്കുവോ അച്ഛന്റെ മടിയിൽ കിടന്ന് ദേവു ചോദിച്ചു നിറഞ്ഞൊഴുകിയ ആ വൃദ്ധന്റെ കണ്ണുകളിൽ ഒരു തിളക്കം ഉണ്ടായിരുന്നു .. ..

ഈ ആനന്ദ നിമിഷങ്ങൾക്ക് സാക്ഷിയായി സ്വർഗം എന്ന ആ ഓൾഡേജ് ഹോമിലെ അന്തേവാസികളും ഇന്ത്യൻ എംബസിയിലെ സുഷമയും നിൽപ്പുണ്ടായിരുന്നു ..ഒരു കള്ളച്ചിരിയോടെ തന്നെ തന്റെ അച്ഛന്റെ അടുത്ത് സുരക്ഷിതമായി എത്തിച്ച സുഷമയോട് അവൾ നന്ദി പറഞ്ഞു …സാൻഫ്രാന്സിസ്കോ ഫ്ളാറ്റിലെ ശേഷിപ്പായ കല്യാണ ഫോട്ടോകളും ശ്രീകുമാർ അയച്ച പ്രണയലേഖനങ്ങളും കത്തിയമരുകയായിരുന്നു അപ്പോൾ ..അതെ ദേവിക മരിച്ചു …അല്ല ദേവിക എന്ന നന്നങ്ങാടി മരിച്ചു.

 

 

രഞ്ജിത്ത് ശിവ ഹരി
ഒറ്റപ്പാലം എൻ എസ് എസ് കോളേജിൽ ബികോം രണ്ടാം വർഷ വിദ്യാർത്ഥി.
ആനുകാലികങ്ങളിൽ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിരവധി സാഹിത്യ മത്സരങ്ങളിൽ പങ്കെടുത്തു സമ്മാനങ്ങൾ നേടിയിട്ടുണ്ട്

 

 

 

ചിത്രീകരണം : അനുജ കെ 

 

സജീഷ്  ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

യുക്മയുടെ കൾച്ചറൽ വിഭാഗമായ യുക്മ സാംസ്ക്കാരികവേദി പുറത്തിറക്കുന്ന “ജ്വാല” ഇ-മാഗസിന്റെ സെപ്റ്റംബർ ലക്കം തിരുവോണപ്പതിപ്പായി പുറത്തിറങ്ങി. കടൽകടന്നും മലയാള സിനിമക്ക്‌വേണ്ടി അംഗീകാരങ്ങൾ നേടിക്കൊണ്ടിരിക്കുന്ന, മലയാളികളുടെ സ്വന്തം ഇന്ദ്രൻസ് ആണ് ഇത്തവണത്തെ മുഖചിത്രം.

പ്രാദേശിക ഭരണകൂടത്തിന്റെയും ഉദ്യോഗവർഗത്തിന്റെയും ചതിയിൽ കുടുങ്ങി തങ്ങളുടെ ജീവിത സമ്പാദ്യം മുഴുവൻ നഷ്ടപ്പെടുവാൻ പോകുന്നത് നോക്കിനിൽക്കേണ്ടിവരുന്ന കുടുംബങ്ങളുടെ നിസ്സഹായതയാണ് ഇത്തവണത്തെ പത്രാധിപക്കുറിപ്പിന്റെ പ്രമേയം. പൊളിച്ചു നീക്കൽ ഭീക്ഷണി നേരിടുന്ന കൊച്ചിയിലെ വിവാദമായ മരട് അപ്പാർട്ട്മെന്റ്സ് വിഷയത്തിൽ കേരള സർക്കാർ ഇടപെടണമെന്ന് എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റജി നന്തികാട്ട് ശക്തമായി ആവശ്യപ്പെടുന്നു.

മലയാള സാഹിത്യകാരന്മാരിൽ ഉന്നതനായ ചിന്തകനായ ആനന്ദുമായി എം എൻ കാരശ്ശേരി മാഷ് നടത്തിയ അഭിമുഖത്തോട് കൂടി ആരംഭിക്കുന്ന ജ്വാല ഇ-മാഗസിന്റെ സെപ്‌റ്റംബർ ലക്കത്തിൽ, നമ്മുടെ ജനാധിപത്യവും മതേതരത്വവും ദേശീയതയും സർവ്വ ദിക്കിൽ നിന്നും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമകാലിക സമൂഹത്തിലെ രാഷ്ട്രീയ സാംസ്‌കാരിക പ്രശ്നങ്ങളെ ആനന്ദ് എങ്ങനെ കാണുന്നു എന്ന് വ്യക്തമാക്കുന്നു.

ഈ ലക്കത്തിലെ മറ്റൊരു പ്രൗഢ രചനയാണ്‌ മലയാളത്തിന്റെ പ്രിയ കവിയും ചിന്തകനുമായ കെ സച്ചിദാനന്ദൻ എഴുതിയ ‘എന്തായിരുന്നു? എന്താവണം? നവോത്ഥാനം’ എന്ന ലേഖനം വായനക്കാരെ നവോത്ഥാനത്തെക്കുറിച്ചു കൂടുതൽ ആഴത്തിൽ മനസിലാക്കുവാൻ സഹായിക്കുന്നതോടൊപ്പം ലേഖകന്റെ അപാരമായ അറിവ് അത്ഭുതമുളവാക്കുകയും ചെയ്യുന്നു.

മലയാളിക്ക് വളരെ സുപരിചിതനാണ് സിനിമാഗാനങ്ങളോട് ബന്ധപ്പെട്ട വിഷയങ്ങൾ എഴുതുന്ന രവി മേനോൻ. അദ്ദേഹം എഴുതിയ ‘എന്നിട്ടും തോൽക്കാതെ ജോൺസൺ’ എന്ന ഓർമ്മക്കുറിപ്പിൽ “എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ……. എന്നാർദ്ര നയനങ്ങൾ തുടച്ചില്ലല്ലോ” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പിറവിയെക്കുറിച്ചു രസകരമായി വിവരിക്കുന്നു.

ആനുകാലിക രാഷ്ട്രീയ വിഷയങ്ങൾ ആക്ഷേപ ഹാസ്യത്തിലൂടെ കൈകാര്യം ചെയ്യുന്ന കാർട്ടൂൺ പംക്തിയായ വിദേശവിചാരത്തിൽ പുതിയൊരു വിഷയുമായി ചിത്രകാരൻ സി ജെ റോയ് എത്തുന്നു. മനോഹരങ്ങള കഥകളും കവിതകളും അടങ്ങുന്ന ജ്വാലയുടെ സെപ്തംബർ ലക്കം താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ വായിക്കാം

ദൈവദൂതന്‍

ജാക്കി വന്നതിനുശേഷം സഹോദരനെയും കുടുംബത്തെയും കാണണമെന്നുള്ള മോഹം മനസ്സിലുണ്ട്. ആ ഹൃദയവികാരം കൂടുതല്‍ ശക്തി പ്രാപിച്ചു വരികയാണ്. വളരെ അകലത്തില്‍ കഴിയുന്നവരെ കാണുക അത്ര എളുപ്പമാണോ? ഫോണിലൂടെ സംസാരിച്ച് ഒരല്പം ആശ്വാസം കണ്ടെത്താന്‍ കഴിയില്ലേ? മണ്‍മറഞ്ഞ പിതാവിന്റെ മുഖം ഇനി കാണാന്‍ പറ്റുന്നത് കോശിയിലൂടെയാണ്. ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല കോശിയുമായി ഒരു ബന്ധം ഉണ്ടാകുമെന്ന്. ആ ബന്ധം ജാക്കിയിലൂടെ സാദ്ധ്യമായിരികുന്നു. ദൈവം അയച്ച ഒരു ദൂതന്‍. അവനെ കണ്ടതുമുതല്‍ മനസ്സില്‍ ബന്ധങ്ങള്‍ മുളപൊട്ടാന്‍ തുടങ്ങി. ആകാശത്ത് പാറിപ്പറക്കുന്ന മഞ്ഞുപൂക്കളെപ്പോലെ മനസും പാടിപ്പറക്കുന്നു. ശബ്ദമുണ്ടാക്കി പാടുന്നു. സംഗീതം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെന്നവണ്ണം കാറ്റും കൊടുംകാറ്റും അന്തരീക്ഷത്തെ ഇളക്കി മറിക്കുന്നു. കാറ്റിനും മനുഷ്യന്റെ മനസ്സിന്റെ സ്വഭാവമെന്ന് തോന്നും. ശാന്തമായി അന്തരീക്ഷത്തിലൊഴുകുന്നു.

പ്രതീക്ഷയോടെ മൊബൈല്‍ എടുത്തു. ഷാരോണിന്റെ നമ്പര്‍ ഇതിലുണ്ട്. ഇന്ന് ശനിയാഴ്ച ആയതിനാല്‍ എല്ലാവരും വീട്ടില്‍ കാണുമായിരിക്കും. ജനാലകളെ ഛിന്ന ഭിന്നമാക്കുംവിധം കാറ്റ് ആഞ്ഞടിച്ചു.
നിമിഷനേരത്തേക്ക് ചിന്തയിലാണ്ടു. കോശിക്ക് താന്‍ ആരെന്ന് പറഞ്ഞാല്‍ വിശ്വസിക്കണമെന്നുണ്ടോ? ആര്‍ക്കുമറിയാത്ത ബന്ധമായിരുന്നില്ലേ അമ്മയുമായി ഉണ്ടായിരുന്നത്. എന്തായാലും സത്യം തുറന്നുപറയാം. വരാനിരിക്കുന്നത് സന്തോഷമോ സഹതാപമോ എന്തുമാകട്ടെ. ഇനിയും മനസ്സിലിട്ട് നീറ്റാന്‍ വയ്യ. കുറഞ്ഞപക്ഷം സഹോദരന്റെ ശബ്ദമെങ്കിലും കേള്‍ക്കാമല്ലോ. ഒരിക്കലും കാണാനാകുമെന്ന് കരുതിയതല്ല. എന്തായാലും വിളിക്കുക തന്നെ. ഒളിച്ചോടാന്‍ ഉദ്ദേശിക്കുന്നില്ല. നഷ്ടപ്പെട്ട ഒരു ബന്ധം ഊട്ടി ഉറപ്പിക്കുക എന്നത് ദൈവഹിതം തന്നെ. നമ്പര്‍ തപ്പിയെടുത്ത് അതിലേക്ക് വിളിച്ചു.
ഷാരോണിന്റെ ഫോണ്‍ ശബ്ദിച്ചു. അവള്‍ അതെടുത്തുനോക്കി. ഇത് ഇംഗ്ലണ്ടില്‍ നിന്നാണല്ലോ. ജാക്കിയുടെ നമ്പരല്ല. അവന്റെ ആരെങ്കിലുമാണോ?
“”ഹലോ” സിസ്റ്റര്‍ കാര്‍മേലിന്റെ കണ്ണുകള്‍ വികസിച്ചു.
“”മോളെ, ഞാന്‍ സിസ്റ്റര്‍ കാര്‍മേല്‍, ഇംഗ്ലണ്ടില്‍ നിന്നും വിളിക്കുന്നു, മോള്‍ക്ക് സുഖമാണോ? എന്നെ അറിയുമോ?”
ആ ശബ്ദം അവളുടെ ഹൃദയത്തില്‍ തട്ടി. പെട്ടെന്നവള്‍ സന്തോഷത്തോടെ പറഞ്ഞു, “”ഞാന്‍ സുഖമായിരിക്കുന്നു. സിസ്റ്ററെപ്പറ്റി ജാക്കി ധാരാളം പറഞ്ഞിട്ടുണ്ട്.”
സിസ്റ്റര്‍ അവളുടെ കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. ഒടുവില്‍ ഫോണ്‍ പപ്പയ്ക്ക് കൊടുക്കാന്‍ പറഞ്ഞു. അവള്‍ സന്തോഷത്തോടെ പപ്പയുടെ മുറിയിലേക്ക് നടന്നു.
ഏതോ കേസ് പഠിച്ചുകൊണ്ടിരുന്ന കോശിയെ അവള്‍ വിളിച്ചു. “”പപ്പാ, ഇംഗ്ലണ്ടില്‍ നിന്ന് സിസ്റ്റര്‍ കാര്‍മേല്‍ വിളിക്കുന്നു.”
പൊടുന്നനെ കൊട്ടാരം കോശിയുടെ മുഖത്ത് അമ്പരപ്പുണ്ടായി. വിടര്‍ന്ന കണ്ണുകളോടെ ഷാരോണെ നോക്കിയിരുന്നു.
“”ഇതാ പപ്പ ഫോണ്‍”
എഴുന്നേറ്റ് ഫോണ്‍ വാങ്ങി.
“”ഹലോ, ഞാന്‍ കോശിയാ”
കണ്ണുകള്‍ തിളങ്ങി. ഗൃഹാത്വരത്തിന്റെ ഒരിളം കാറ്റ് കാതുകളില്‍ വന്നിറങ്ങിയതുപോലെ സിസ്റ്റര്‍ കാര്‍മേലിന് തോന്നിച്ചു.
“”എന്നെ അറിയുമോ?” ഇത്രയും നാളില്ലാത്തൊരു ശബ്ദമമാധുര്യം. ഫോണിന്റെ മറുതലയ്ക്കല്‍ ഒരു ശബ്ദമില്ലായ്മ.
കോശിയുടെ മിഴികള്‍ വിടര്‍ന്നുവികസിച്ചു. ആ തുടുത്ത കവിളുകളിലെ മാംസപേശികളില്‍ ഒരു ചലനം. അധരങ്ങളില്‍ നേരിയ വിറയലും വിതുമ്പലും. മൗന നൊമ്പരങ്ങളോടെ പറഞ്ഞു.

“”അറിയാം….. അറിയാം പെങ്ങളെ ….. അറിയാം…..എനിക്കറിയാം” ആ “”പെങ്ങളെ” എന്ന വിളിയിയില്‍ സാഹോദര്യത്തിന്റെ ആത്മനൊമ്പര മര്‍മ്മരം. രക്തം രക്തത്തെ തിരിച്ചറിയുന്നു. മനസ്സിന്റെ അടുക്കുകളില്‍ സൂക്ഷിച്ചുവെച്ച രഹസ്യം അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്നു. വികേന്ദ്രികരിക്കപ്പെടുന്നതിന്റെ ചിറകുകള്‍ ഒന്നിക്കപ്പെടുന്നു. ഉള്ളിന്റെയുള്ളില്‍ ശക്തമായ ഒരേയൊരു വികാരമേയുള്ളു. അത് നിര്‍വ്യാജമായ സ്‌നേഹമാണ്.

പപ്പായുടെ മുഖത്തുണ്ടായ സ്‌നേഹഹര്‍ഷം ഷാരോണ്‍ കൃത്യമായി ശ്രദ്ധിച്ചു. അത് സ്‌നേഹത്തിന്റെ മിന്നലാട്ടമാണ്. പപ്പായ്ക്കിതെന്തു പറ്റി? ഫോണ്‍ വിളിയിലെ ഒന്നോ രണ്ടോ വാക്കുകളില്‍ പപ്പായുടെ മുഖം വൈവിധ്യമാര്‍ന്ന ഭാവങ്ങള്‍ പ്രകടനം നടത്തി. ആ ഭാവതെളിമയുടെ ശുദ്ധാര്‍ത്ഥം മനസ്സിലാവാതെ അവള്‍ മിഴിച്ചുനിന്നു. പരസ്പരം ബന്ധമുള്ളവരെ പോലെ! അവരുടെ സ്‌നേഹവും അനുകമ്പയും ആ സന്ദേശമാണ് നല്കുന്നത്. സിസ്റ്റര്‍ കാര്‍മേല്‍ ആരാണ്!!
“”കോശി……കോശി… എന്താ ഒന്നും പറയാത്തെ……….”
ഫോണില്‍ ശബ്ദമില്ലാതായപ്പോള്‍ സിസ്റ്റര്‍ ആരാഞ്ഞു.
“” ങ്ഹാ……! ങ്ഹാ……. പെങ്ങള്‍ക്ക്…..പെങ്ങള്‍ക്ക് സുഖമാണോ!……..”
ഷാരോണിന് അമ്പരപ്പ് മാറുന്നില്ല. ഉത്കണ്ഠ വര്‍ദ്ധിച്ചു. ഇത്ര നിര്‍വികാരമായി പപ്പ പ്രതികരിക്കുന്നതെന്താണ്? കോടതികളില്‍ വാചിക പ്രഹരങ്ങള്‍ കൊണ്ട് എതിര്‍വാദ വക്കീലന്‍ന്മാരെ കൊമ്പുകുത്തിക്കുന്ന ഈ പപ്പായ്ക്കിതെന്ത് പറ്റി? അതും പെങ്ങളെ….പെങ്ങളെയെന്ന്. കന്യാസ്ത്രീയാണ്. സിസ്റ്ററെയെന്നല്ലേ വിളിക്കേണ്ടത്? മനസ്സ് വീണ്ടും വീണ്ടും അസ്വസ്ഥമാകുന്നു. ഒന്നും മനസ്സിലാകുന്നില്ല. വല്യപ്പച്ചന്‍ ധാരാളം കുട്ടികളെ പഠിപ്പിച്ചതായി പപ്പായില്‍ നിന്നും നാട്ടുകാരില്‍ നിന്നും കേട്ടിട്ടുണ്ട്. ഭൂതകാലത്തെ ഓര്‍മ്മകള്‍ പുതുജീവിതം കെട്ടിപ്പെടുത്തുന്നവര്‍ പങ്കുവെക്കുന്നതാകാം. നന്ദി പ്രകടിപ്പിക്കുക നല്ല മനുഷ്യരുടെ മനഃസാക്ഷിയുടെ ഭാഗമാണ്. അങ്ങനെയാകുമ്പോള്‍ ഒരു കൃതാര്‍ത്ഥതയും ഒരു പ്രത്യുപകാര വാഞ്ചയുമൊക്കെ സിസ്റ്റര്‍ക്കുണ്ടാവും. പക്ഷെ ഇതെന്തോ…..?
കോശിയുടെ കണ്ണുകള്‍ നിറഞ്ഞു നിറഞ്ഞു വന്നു. ഉള്ളു നിറഞ്ഞ ആഹ്ലാദം തുളുമ്പാതെ നിന്ന ആ കണ്ണീരലകളില്‍ തുടിച്ചു നിന്നു.
“”പെങ്ങള്‍ക്ക് സുഖമാണല്ലോ……..ങ്ഹാ…..ങ്ഹാ.
അതു കേട്ടാമതി….ങ്ഹാ….പിന്നെ………പിന്നെ
ഞങ്ങള്‍ക്ക്….ഞങ്ങള്‍ക്ക്…….ഒന്ന് കാണണമെന്നുണ്ട്…….”
നനവാര്‍ന്ന സ്വരത്തില്‍ കോശി പറഞ്ഞു നിറുത്തി.
“”ഞാനിവിടെ സുഖമായിരിക്കുന്നു കോശീ. നിനക്കും
കുടുംബത്തിനും സുഖമല്ലേ?………എനിക്കും നിങ്ങളെയൊക്കെ കാണാന്‍ ആഗ്രഹമുണ്ട്.
പിന്നെ……പിന്നെ…….അപ്പന്റെ ശവകല്ലറ……. ഒന്നു കാണണമെന്നുണ്ട്….”
കല്ലറയുടെ കാര്യം പറഞ്ഞപ്പോള്‍ സിസ്റ്റര്‍ കാര്‍മേലിന്റെ സ്വരത്തില്‍ ശോകം വിഴുങ്ങിയ ഒരു നേരിയ വിതുമ്പല്‍. ആ ശോകമൂകത കോശിയുടെ മുഖത്തും നിഴലിച്ചു.
മൂടികിടന്ന മഞ്ഞുമലകള്‍ ഉരുകിതീര്‍ന്ന ഒരനുഭവം കോശിയുടെ മനസ്സിലുണ്ടായി. അയാള്‍ അതീവ സന്തോഷത്തോടെ പെട്ടന്ന് പറഞ്ഞു.
“”പെങ്ങള്‍ക്ക് എപ്പോള്‍ വരണമെന്നു തോന്നിയാലും വരാം……വരണം…….എനിക്കും……..എനിക്കും……. കാണണം. ഇതെന്റെ മോടെ നമ്പരാണ് എന്റെ നമ്പര്‍ കൂടി എഴുതിക്കോ………ഇനിയും വിളിക്കണം പെങ്ങളെ………വിളിക്കണം………….”

ടെലിഫോണ്‍ നമ്പര്‍ പറഞ്ഞുകൊടുത്തു. പറഞ്ഞറിയിക്കാനാവാത്ത അത്യാനന്ദം ആ ഫോണ്‍ വിളി കോശിയില്‍ തടഞ്ഞുനിന്നു. അസാധാരണമായ ഒരാനന്ദം അനുഭവിച്ചുകൊണ്ട് ഫോണ്‍ മകള്‍ക്ക് കൈമാറി. അവള്‍ അകത്തേക്ക് പോയി.
ആകാശമറിയാതെ ഉദിച്ച നക്ഷത്രം പോലെയായിരുന്നു ഈ ഫോണ്‍വിളി കോശിക്ക്. മുറിഞ്ഞ ഗാനം പാടി പൂര്‍ത്തിയാക്കാന്‍ സ്വയം ഹൃത്തടത്തില്‍ നുഴഞ്ഞുകയറിയ സംഗീതം.

കോശിക്ക് വിലപ്പെട്ട എന്തോ നിധി കിട്ടിയപോലായിരുന്നു. അയാള്‍ ചിന്താമഗ്നനായി കസേരയിലിരുന്നു. മുറിക്കുള്ളിലാകെ നിശ്ശബ്ദത വ്യാപരിച്ചു. എക്കാലവും ഈ സഹോദരി മനസ്സിലുണ്ടായിരുന്നു. ഒരിക്കലും കാണുമെന്ന് പ്രതീക്ഷിച്ചതല്ല. അറിവുപോലെ സ്‌നേഹവും അഗാധമാണ്. അത ്‌നമ്മെ അദൃശ്യമായൊരു ലോകത്ത് എത്തിക്കും. ജീവിതത്തിലെ ഏറ്റവും വലിയൊരു അഭിലാഷം പൂര്‍ത്തീകരിക്കാന്‍ പോകുന്നു. അതിനുള്ള സാധ്യതകളാണ് മുന്നില്‍ വ്യക്തമായി തെളിഞ്ഞിരിക്കുന്നത്. മനസ്സിലെ സന്തോഷം ഒഴിയുന്നില്ല. സത്യം അടുത്താണ്. അത് അകലെയല്ല. മണ്ണില്‍ തകര്‍ന്ന് കിടന്ന പഴയവീട് വീണ്ടും പുതുതായി പണിതുയര്‍ത്തണം. അതിലാണ് ഇനിയുളള്ള ആനന്ദം. ആ ലഹരിയില്‍ നിമിഷങ്ങള്‍ ഇരുന്നു. മനസ്സില്‍ ചൂഴ്ന്ന് നിന്നിരുന്ന എല്ലാ വ്യഥകളും മാറിയിരിക്കുന്നു. എന്നിട്ടും മനസ്സിനെ നിയന്ത്രിക്കാനോ തൃപ്തിപ്പെടുത്താനോ കഴിയുന്നില്ല. ഞങ്ങളുടെ കൂടികാഴ്ചയ്ക്ക് ആരെങ്കിലും പ്രതിബന്ധം സൃഷ്ടിക്കുമോ?

സന്യാസിമഠത്തിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ജീവിച്ച സഹോദരിയെ ഓര്‍ത്ത് പലപ്പോഴും മനസ് വ്യാകുലപ്പെട്ടിരുന്നു. ആത്മീയജീവിതത്തിലേക്ക് പിശാച് നുഴഞ്ഞു കയറിയ കാലമാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വില്‍സണ്‍ ചര്‍ച്ചിലിന്റെ വാക്കുകള്‍ ഓര്‍ത്തു. “” റഷ്യ എന്ന കരടിയും അമേരിക്കയെന്ന കാട്ടുപോത്തിനുമിടയില്‍ ഞാനൊരു വെറും കഴുത” ആ കഴുതകള്‍ എല്ലാരംഗത്തും ഇന്നും മൂകരായിരിക്കുന്നു. അതിനാല്‍ ഇരകളുടെ എണ്ണവും കൂടുന്നു. മനുഷ്യര്‍ ആത്മശുദ്ധി നടത്തിയില്ലെങ്കില്‍ എല്ലാം തകര്‍ത്തെറിയാന്‍ ഇനിയുമൊരു മലവെള്ളപ്രവാഹമോ ഭൂമികുലുക്കമോ പ്രതീക്ഷിക്കാം. കീഴടങ്ങാത്തവര്‍ കീഴടങ്ങും അല്ലെങ്കില്‍ പ്രകൃതി കീഴടക്കും. ഇന്ന് താന്‍ സന്തുഷ്ടനാണ്. സ്വന്തം സഹോദരി പാപത്തില്‍ കഴിയുന്നവരെ വീണ്ടെടുത്ത് ജീവിതം നല്കുന്നു. ഇവിടെയാണ് മനുഷ്യര്‍ ദൈവത്തെ കാണുന്നത്. സ്വര്‍ഗ്ഗത്തില്‍ വസിക്കുന്ന ഈശ്വരന്റെ മണ്ണിലെ മക്കള്‍!

സിസ്റ്റര്‍ കാര്‍മേല്‍ സന്തോഷവതിയായിരുന്നു. എന്നിട്ടും സ്വന്തം അന്തേവാസികളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ് ഭാരപ്പെടുന്നു. എത്രയോ പെണ്‍കുട്ടികളുടെ ജീവിതമാണ് നിത്യവും അന്ധകാരത്തിലാകുന്നത്. അവരെ ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള കാമഭ്രാന്തന്മാര്‍ ലൈംഗികസുഖത്തിനായി മാത്രം ഉപയോഗിക്കുന്നു. ഉപേക്ഷിക്കപ്പെടുന്നു. പലരം നിസ്സഹായരാണ്. പുരുഷന്റെ അടങ്ങാത്തദാഹം സ്ത്രീകളുടെ വേദനകളായി മാറുന്നു. എല്ലാവര്‍ക്കും മോഹങ്ങളും സ്വപ്നങ്ങളുമുണ്ട്. അതോരിക്കലും ഒരു സ്ത്രീയുടെ ഹൃദയമിടിപ്പ് കൂട്ടുന്നതാകരുത്. അതിന്റെ ശിക്ഷ തലമുറകളായി അവരുടെ മീതെ ഉയര്‍ന്നുകൊണ്ടിരിക്കും. മണ്ണിലാണ്ടുപോയവര്‍ കുഴിച്ചിട്ടിടത്തു നിന്ന് ഒരിക്കലും ഉയര്‍ത്തെഴുന്നേല്‍ക്കില്ല. മനുഷ്യന്റെ ദുര്‍ബലവികാരങ്ങളാണ് അവരെ സംഘട്ടനത്തിലേക്കും സര്‍വ്വനാശങ്ങളിലേക്കും നയിക്കുന്നത്. അറിവോ ആത്മാവിന്റെ പ്രേരണയോ ഇവരിലുണ്ടെങ്കില്‍ ഒരിക്കലും ഒരു പാപവും സൃഷ്ടിക്കപ്പെടില്ല. അതിന് മനസ്സ് വേണം. അത് മാത്രം പോരാ. സന്മനസ്സുവേണം. അവര്‍ക്ക് ഏതുതിന്മയും തോല്‍പ്പിക്കാന്‍ സാധിക്കും. സിസ്റ്ററുടെ മൊബൈയില്‍ ശബ്ദിച്ചു. അതെടുത്ത് ആരുമായോ ഇംഗ്ലീഷില്‍ സംസാരിച്ചതിന് ശേഷം കംമ്പ്യൂട്ടറിലേക്ക് ശ്രദ്ധ തിരിച്ചു. അതിലെ കത്തുകള്‍ക്ക് മറുപടിഎഴുതി അയച്ചുകൊണ്ടിരിക്കെ ഫാത്തിമ അവിടേക്കു വന്നു. പുഞ്ചിരിച്ചുകൊണ്ട് ഇരിക്കാന്‍ പറഞ്ഞു. അവള്‍ ഇരുന്നു. അവളുടെ മുഖത്ത് സന്തോഷം പ്രകടമാകുന്നുവെങ്കിലും അവളുടെ ഉള്ളു നിറയെ മുറിവുകളെന്ന് സിസ്റ്റര്‍ മനസ്സിലാക്കി.

“”നാളത്തെ യാത്രക്ക് തയ്യാറായോ? ”
“” സിസ്റ്റര്‍ നമ്മള്‍ ആദ്യം പോകുന്നത് ദുബൈയിലേക്കോ, അതോ ബഹ്‌റിനോ?” ഫാത്തിമ സംശയത്തോടെ ചോദിച്ചു.
“” ആദ്യം ബഹ്‌റനിലേക്കാണ്. എന്നോടൊപ്പം വരുന്നതില്‍ ബുദ്ധിമുട്ടുണ്ടോ?”
“”സിസ്റ്റര്‍ക്കൊപ്പം എവിടെ വരാനും ഞാന്‍ തയ്യാര്‍” അവളുടെ മനസ്സ് മന്ത്രിച്ചത് തന്നെപ്പോലെ ധാരാളം പെണ്‍കുട്ടികള്‍ വഴിതെറ്റി ജീവിക്കുന്നുണ്ട്. അവരെ രക്ഷപെടുത്തുക എന്റെയുംകൂടി കടമയാണ്.

ഫാത്തുമ്മയുടെ മുഖത്ത് പ്രകാശം തുടിച്ചു നിന്നിരുന്നു. ഇത്രനാളും ശരീരം വിറ്റ് കാശാക്കിയവള്‍ ഇന്ന് ലോകത്തിനുവേണ്ടി നന്മകള്‍ ചെയ്യാന്‍ തയ്യാറായി നില്ക്കുന്നു. സിസ്റ്ററ് അവളെ സന്തോഷത്തോടെ നോക്കി. ഇതുപോലെ ദുഷിച്ച പ്രവണതകളെ തളയ്ക്കാന്‍ പെണ്‍കുട്ടികള്‍ ഒന്നാകെ ശ്രമിച്ചാല്‍ ലോകത്തെ മാറ്റത്തിലേക്ക് നയിക്കാന്‍ സാധിക്കും.
അവര്‍ സംസാരിച്ചിരിക്കെ മെര്‍ളിന്‍ യാത്രാ ടിക്കറ്റും അന്നത്തെ പത്രവുമായി മുറിയിലേക്ക് വന്നു. സിസ്റ്ററെ അതേല്പിച്ചിട്ട് അവള്‍ മടങ്ങിപ്പോയി. ഫാത്തിമയിലെ മാറ്റം സിസ്റ്റര്‍ കാര്‍മേലിനെ വല്ലാതെ സന്തോഷിപ്പിച്ചു. സിസ്റ്റര്‍ പറഞ്ഞു “”മോളെ, നിന്റെ കണ്ണു തുറന്നു കണ്ടതില്‍ സന്തോഷമുണ്ട്.”

സിസ്റ്ററെ അവള്‍ വിടര്‍ന്ന കണ്ണുകളോടെ നോക്കി. അമ്മ മകളെ വിളിക്കുന്നതുപോലെ തോന്നി. “”മോളെ ”എന്ന വിളി കേട്ടപ്പോള്‍ അമ്മ മുന്നിലിരിക്കുന്നതായി തോന്നി. സ്വന്തം പെറ്റമ്മപോലും തന്നെ ഇത്രയധികം സ്‌നേഹിച്ചിട്ടില്ല. അവരും താല്കാലിക സുഖങ്ങളിലായിരുന്നു താല്പര്യം കാണിച്ചത്. തന്നെ ഈ രീതിയിലേക്ക് തള്ളിവിട്ടതില്‍ അമ്മയ്ക്കും നല്ലൊരു പങ്കുണ്ട്.
അമ്മയുടെ സഹോദരനും രണ്ടാനച്ഛനും എത്രയോ തവണ തന്നെ പീഡിപ്പിച്ചിരിക്കുന്നു.

മിക്ക ദിവസവും രണ്ടുപേരും തന്റെ ശരീരം കൊത്തിവലിച്ചു. പ്രായമാകുംതോറും താനവരെ വെറുത്തു. സ്കൂള്‍ ജീവിതവും വ്യത്യസ്തമായിരുന്നില്ല. അവിടെ ഇതെല്ലാം അനുവദനീയമാണ്. ചെറുപ്രായം മുതലെ ലൈംഗികശാസ്ത്രം പഠിപ്പിക്കുകയാണ്. അതില്‍ താല്പര്യമുള്ള ആണ്‍കുട്ടികള്‍ ധാരാളമാണ്. തെല്ലും ഭയവും ഭീതിയുമില്ലാതെ ലൈംഗികത ആസ്വദിക്കുന്ന രാജ്യങ്ങള്‍ ഇതുപോലുണ്ടെങ്കില്‍? ഒരു സ്ത്രീ ഭര്‍ത്താവിന് എങ്ങനെ കിരീടമാകും? പെണ്‍കുട്ടികള്‍ ആപത്തിലാകും. നല്ല കുട്ടികള്‍ ഒരിക്കലും അതിന് അടിമപ്പെടില്ല. സന്തോഷവും സ്‌നേഹവും എങ്ങനെ നിലനിര്‍ത്തും?. ഭാര്യയും ഭര്‍ത്താവും സല്‍സ്വഭാവികളായിരിക്കണം എന്ന കാഴ്ചപ്പാടില്ലാത്തവര്‍ക്ക് ഇതൊന്നും വിഷയമല്ല. സ്വാതന്ത്ര്യം നിയന്ത്രണരേഖ വിട്ടുകഴിഞ്ഞാല്‍ ആണിനും പെണ്ണിനും ഏത് ഉടുക്ക് വഴികളിലൂടെയും സഞ്ചരിക്കാമല്ലോ!
സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാത്ത സ്വഭാവം സ്വന്തം നിയന്ത്രണത്തിലാക്കുന്ന കുട്ടികളുമുണ്ട്. അങ്ങനെയുള്ളവര്‍ പരിശുദ്ധവും ആരോഗ്യകരവുമായ ജീവിതം നയിക്കുന്നു. അങ്ങനെയുള്ള കുടുംബങ്ങളില്‍ കുടുംബകലഹങ്ങളും വേര്‍പിരിയലുമില്ല. നല്ല അമ്മമാരെ ഒരിക്കലും മക്കള്‍ തള്ളിക്കളയില്ല. അവര്‍ എന്നും മക്കള്‍ക്കുണ്ടാകുന്ന പ്രതിസന്ധികളില്‍ ഒപ്പം നില്ക്കുന്നവരാണ്. തന്റെ അമ്മയ്ക്ക് അതിന് കഴിഞ്ഞില്ല. അമ്മയുടെ വേണ്ടാധീനങ്ങള്‍ കണ്ടാണ് താനും വളര്‍ന്നത്. ഇപ്പോഴിതാ മകളെ പോലെ സ്‌നേഹിക്കാന്‍ ഒരമ്മയെ കിട്ടിയിരിക്കുന്നു. എന്തെന്നില്ലാത്ത സന്തോഷം തോന്നി. സ്ത്രീത്വത്തിനേല്ക്കുന്ന ഏറ്റവും വലിയ അപമാനം തന്നെയാണ് വേശ്യാവൃത്തി. പട്ടിണിയില്‍ കഴിയുന്ന പാവം സ്ത്രീകള്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ചീഞ്ഞു നാറുന്ന കുപ്പത്തൊട്ടിയില്‍ വീഴുന്നു. സിസ്റ്റര്‍ കാര്‍മേല്‍ ഇന്റര്‍നെറ്റില്‍ വായിച്ചത് അവളുമായി പങ്കുവച്ചു.

  ജോൺ കുറിഞ്ഞിരപ്പള്ളി   

 ശ്രുതി ന്യൂയോർക്കിൽ നിന്നും പഠനം മതിയാക്കി  തിരിച്ചു വരുന്നു എന്നാണ് എന്നോട് പറഞ്ഞത്.എങ്കിലും പിന്നീട് വിളിച്ചു വിവരങ്ങൾ വിശദമായി അറിയിക്കുകയുണ്ടായില്ല.മനസ്സ് ആകെക്കൂടി അസ്വസ്ഥമായി.ഞാൻ ശ്രുതിയുടെ അമ്മയെ വിളിച്ചുനോക്കി.അമ്മയോടും പിന്നെ വിളിച്ചു് വിശദമായി വരുന്ന  സമയവും മറ്റുവിവരങ്ങളും അറിയിക്കാം എന്ന് പറഞ്ഞിരുന്നു.എന്നാൽ അങ്ങിനെ പറഞ്ഞതല്ലാതെ വിളിക്കുകയുണ്ടായില്ല.

കാത്തിരിക്കുക,അല്ലാതെ എന്തുചെയ്യാൻ?

ഒരാഴ്ച്ച കഴിഞ്ഞു കാലത്തെ ജോലിത്തിരക്കിനിടയിലാണ് അവൾ വിളിച്ചത്.രണ്ടു ദിവസം കഴിഞ്ഞു കാലത്ത്‌ പത്തുമണിക്ക്  ബാംഗ്ലൂര് എത്തുമെന്നും യാതൊരു കാരണവശാലും എയർ പോർട്ടിൽ വരാതിരിക്കരുതെന്നും പ്രത്യേകം പറഞ്ഞു.എത്ര ജോലിത്തിരക്ക് ഉണ്ടെങ്കിലും വരാതിരിക്കില്ല എന്ന് ഞാൻ അവൾക്ക് ഉറപ്പ് കൊടുത്തു.

പക്ഷേ ആ സംസാരത്തിലെ അപാകത ഞാൻ ശ്രദ്ധിക്കാതിരുന്നില്ല.ചിലപ്പോൾ അവൾ പോയ സമയത്തു് തമ്മിൽ കാണാൻ കഴിയാതിരുന്നതിൻ്റെ പരിഭവം ആകാനും സാധ്യതയുണ്ട്.

ഞാൻ അഞ്ജലിയുടെ കാബിനിലേക്ക് ചെന്നു.സാധാരണ ഞാൻ അവളുടെ കാബിനിൽ പോകാറില്ല.എന്തെങ്കിലും ആവശ്യമുണ്ടങ്കിൽ അവൾ എൻ്റെ  അടുത്ത് വരികയാണ് പതിവ്.എന്നെ കണ്ടയുടനെ നിറഞ്ഞ ചിരിയുമായി അവൾ വാതിക്കലേക്കു വന്നു.

ഞാൻ  പറഞ്ഞു,”അഞ്ജലിയോട് ഒരു കാര്യം പറയാനുണ്ട്.”

അവളുടെ ചിരി മാഞ്ഞു.”എന്തുപറ്റി?”നിറഞ്ഞ ഉത്കൺഠയോടെ അവൾ ചോദിച്ചു.

“ഒന്നും സഭവിച്ചില്ല.നാളെകഴിഞ്ഞു  കാലത്തു് ശ്രുതി വരുന്നുണ്ട്.അവളെ കാണാൻ എയർപോർട്ടിൽ പോകണം.”

“അതിനെന്താ?ഞാനും വന്നോട്ടെ?”

ആ ചോദ്യം എന്നെ വല്ലാതെ  കുഴക്കികളഞ്ഞു.വേണ്ട എന്ന് എങ്ങിനെ പറയും?ഒരു കണക്കിന് എല്ലാം അവളും അറിയുന്നതിൽ കുഴപ്പമില്ല.അവൾക്ക് ഞാനും ശ്രുതിയുമായി ഉള്ള അടുപ്പത്തെക്കുറിച്ചു അറിയാം.ഞാൻ സമ്മതം മൂളി.

ശ്രുതി വരുന്ന  വിവരം ജോൺ സെബാസ്റ്റിയനെ കൂടി അറിയിക്കണം.അവനെ വിളിച്ചു പറഞ്ഞു.കേട്ടപ്പോഴേ അവൻ പറഞ്ഞു,”മാത്യു വിവരങ്ങൾ എല്ലാം കൂട്ടിവായിക്കുമ്പോൾ എനിക്ക് തോന്നുന്നത് എന്തോ പ്രശനമുണ്ട് എന്നാണ്.അല്ലങ്കിൽ ഇത്ര പെട്ടന്ന് ശ്രുതി തിരിച്ചുവരില്ല”.

എന്തുകൊണ്ടോ ഒരു വല്ലാത്ത ടെൻഷൻ,ഉത്കണ്ഠ.

എയർ പോർട്ടിലേക്ക് അവനും വരാമെന്നു സമ്മതിച്ചു.പിറ്റേ ദിവസം അഞ്ജലിയുടെ മൂത്തസഹോദരൻ ഓഫീസിൽ വന്നു അഞ്ജലിയുമായി എന്തോ സംസാരിച്ചിട്ട് ഉടനെ  തിരിച്ചുപോയി.അഞ്ജലിയുടെ മുഖത്ത് എപ്പോഴും കാണുന്ന ആ ചിരിയില്ല.ഞാൻ അറിയാത്ത എന്തോ ഒന്ന് റാം അവതാർ ആൻഡ് കോ.യിൽ സംഭവിക്കുന്നുണ്ട്,എന്ന് തോന്നുന്നു.

ഒന്നും ചോദിയ്ക്കാൻ പോയില്ല.ചിലപ്പോൾ അവരുടെ വ്യക്തിപരമമായ  എന്തെങ്കിലും കാര്യങ്ങൾ ആയിരിക്കും.

കാലത്തു് ജോൺ സെബാസ്റ്റിയനും ഞാനും ഒരു ടാക്സിയിൽ എയർ പോർട്ടിലേക്കു തിരിച്ചു. എയർ പോർട്ടിൽ വച്ചുകാണാം എന്ന് അഞ്ജലി നേരത്തെ പറഞ്ഞിരുന്നു.

ഒരു മണിക്കൂർ മുൻപേ ഞങ്ങൾ എയർ പോർട്ടിൽ എത്തി.കുറച്ചു കഴിഞ്ഞു ശ്രുതിയുടെ അമ്മയും അങ്കിളും വന്നു.ഫ്ലൈറ്റ് അറൈവൽ സമയത്തു് അഞ്ജലിയും സഹോദരനും എത്തി.എല്ലാവരുടെയും മുഖത്തു് ഉത്ക്കണ്ഠ നിറഞ്ഞു നിൽക്കുന്നു.വരിഞ്ഞു മുറുകിയ മുഖങ്ങളുമായി അപരിചിതരെപ്പോലെ ഞങ്ങൾ പരസ്പരം നോക്കി നിന്നു.

ഫ്ലൈറ്റ് ലാൻഡ് ചെയ്തു.ആളുകൾ എക്സിറ്റ് ഗേറ്റിൽ വന്നുതുടങ്ങി.ഏറെ കാത്തിരുന്നിട്ടും ശ്രുതിയെ മാത്രം കാണാനില്ല.ആളുകൾ ഏതാണ്ട് പുറത്തേക്ക് പോയി കഴിഞ്ഞിട്ടുണ്ടാകണം.അപ്പോൾ അവൾ വന്നു ശ്രുതി.

ഒരു റോൾ സ്റ്റൂളിൽ.

പിറകിൽ പ്രസാദ്.ശ്രുതി തല ഒരു സ്കാർഫ് കൊണ്ട് മറച്ചിരിക്കുന്നു.

എവിടെയൊക്കെയോ എന്തെല്ലാമോ തകർന്നു വീണു.സ്വപ്നങ്ങൾകൊണ്ട് പടുത്തുയർത്തിയ കൊട്ടാരങ്ങൾ തകർന്നുവീഴുന്നത് ഞാൻ അറിഞ്ഞു.

എങ്ങിനെ ശ്രുതിയുടെ അടുത്ത് ചെന്നു  എന്ന് എനിക്കറിഞ്ഞുകൂടാ.

ഒന്നും സംഭവിക്കാത്തതുപോലെ അവൾ ചിരിച്ചു.അവളുടേത് മാത്രമായ ചിരി.

 അമ്മയും അങ്കിളും എന്താണ് സംഭവിച്ചത് എന്ന് അറിയുന്നതിന് മുൻപേ കരയാൻ തുടങ്ങി.അവളുടെ പിന്നിൽ റോൾ സ്റ്റൂളിൽ പിടിച്ചു പ്രസാദ് നിൽക്കുന്നു,വികാരങ്ങളില്ലാത്ത ഒരു പാവപോലെ.

ശ്രുതി വിളിച്ചു,”മാത്തു നീ ഇങ്ങടുത്തുവാ,എന്നെ ഒന്ന് കെട്ടിപിടിക്ക്.”

“ശ്രുതി,എന്താണിതെല്ലാം?നിനക്ക് എന്ത് സംഭവിച്ചു?”

അവൾ പറഞ്ഞു.

“നീ ഓർമ്മിക്കുന്നുണ്ടാകും,പ്രസാദ് കുറെ ഗുണ്ടകളെ നിന്നെ തല്ലാൻ വിട്ടത്?”

“ഉം”

“അതിനടുത്ത ദിവസം എനിക്ക് വല്ലാത്ത തലവേദന അനുഭവപ്പെട്ടു.ഒരു ചെക്ക് അപ്പിന്  ചെന്നതാണ്,ഹോസ്പിറ്റലിൽ.പരിചയമുള്ള ഡോക്ടർ ആയിരുന്നു.ടെൻഷൻ കൊണ്ടായിരിക്കും തലവേദന എന്ന് പറഞ്ഞു.എന്നാലും ഒരു ഉറപ്പിന് ഒന്ന് സ്കാൻ ചെയ്യാം എന്ന് പറഞ്ഞു.ഒന്നുമില്ല തലച്ചോറിൽ ഒരു  ട്യൂമർ.ഒരു നെല്ലിക്കയുടെ അത്രയേ ഉള്ളു.നിന്നെയും അമ്മയെയും അറിയിക്കാതിരിക്കണം എന്ന് പറഞ്ഞപ്പോൾ ഡോക്ടർ ഒരു നിർദേശം വച്ചു.അദ്ദേഹത്തിന്റെ സുഹൃത്ത്‌ ന്യൂയോർക്കിൽ ഉണ്ടെന്നും അവിടെ വേണമെങ്കിൽ ഓപ്പറേഷൻ അറേഞ്ച് ചെയ്യാമെന്നും പറഞ്ഞു.നിങ്ങളെ വിഷമിപ്പിക്കേണ്ടന്ന് വിചാരിച്ചു.അപ്പോൾ മെനഞ്ഞെടുത്ത കഥ ആണ് ഹയർ സ്റ്റഡീസ്.”

അല്പസമയം അവൾ മിണ്ടാതിരുന്നു,

പ്രസാദ് പറഞ്ഞു,”ശ്രുതി നിർത്തൂ.അധികം ഇമോഷണൽ ആകരുതെന്ന് പറഞ്ഞിട്ടുള്ളതല്ലേ ?”അവൾ സംസാരിക്കാതിരിക്കാൻ  പ്രസാദ് പറഞ്ഞു.

“ബാക്കി ഞാൻ പറയാം.ഞങ്ങൾ തമ്മിൽ തെറ്റിപ്പിരിഞ്ഞെങ്കിലും എനിക്ക് ശ്രുതിയെ എന്തുകൊണ്ടോ മറക്കാൻ കഴിഞ്ഞില്ല.കുറ്റബോധത്തോടൊപ്പം കാണിക്കുന്നതെല്ലാം മണ്ടത്തരങ്ങൾ ആയിപ്പോയി.എല്ലാം പറഞ്ഞു അവസാനിപ്പിച്ചു ബാംഗ്ലൂർ വിടാൻ ഞാൻ തീരുമാനിച്ചു. അങ്ങിനെ ഞാൻ അവളെ വിളിച്ചു, അവൾ ദേഷ്യപ്പെട്ടു പറഞ്ഞു.”ഇനി നീ അധികനാൾ എന്നെ വിളിക്കേണ്ടി വരില്ല”, എന്ന്.ദേഷ്യപ്പെട്ട് ശ്രുതി തന്നെയാണ് എല്ലാം പറഞ്ഞത്.ന്യൂയോർക്കിലേക്ക് പോകുന്നു എന്നറിഞ്ഞപ്പോൾ ഞാൻ മാത്യു നെ കാണാൻ റാം അവതാർ  ആൻഡ് കോ.യിൽ വന്നിരുന്നു.മാത്യു പുറത്തുപോയിരിക്കുകയായിരുന്നു.വിവരങ്ങൾ പറഞ്ഞപ്പോൾ അഞ്ജലി എനിക്ക് ന്യൂയോർക്കിൽ പോകാനുള്ള ചിലവുകൾ വഹിക്കാമെന്നും മാത്യു നെ തല്കാലം വിവരം അറിയിച്ചു വിഷമിപ്പിക്കരുതെന്നും പറഞ്ഞു.ദിവസവും ഞാൻ അഞ്ജലിയെ വിളിച്ച വിവരങ്ങൾ അറിയിച്ചു കൊണ്ടാണിരുന്നത്.”

അപ്പോൾ അതായിരുന്നു ശ്രുതിയുടെ സഹോദരൻ ഇടക്കിടെ  വന്ന് അവളോട് എന്തോ പറഞ്ഞിട്ട് പോകുന്നതിന്റെ പിന്നിലുള്ള രഹസ്യം.

 

“കഴിഞ്ഞ മൂന്നുമാസം ഒരു കൊച്ചുകുഞ്ഞിനെ എന്നപോലെ എന്നെ നോക്കുകയായിരുന്നു പ്രസാദ്.”

ഒരു വർഷം എങ്കിലും വേണ്ടി വരും നോർമൽ ആകാൻ എന്ന് വേണം കരുതാൻ.

“ഇന്ന് എൻ്റെ എല്ലാം പ്രസാദ് ആണ്.മാത്തു നീ….”അവൾ പൂർത്തിയാക്കിയില്ല.

എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.ചുണ്ടുകൾ കടിച്ചുപിടിച്ചു  ഞാൻ കരച്ചിൽ അമർത്താൻ കഷ്ടപെട്ടു. എ ൻ്റെ അടുത്തുനിന്ന് പൊട്ടിക്കരയുന്നു ജോൺ സെബാസ്റ്റിയൻ. ശ്രുതി കണ്ണ് നീര് തുടച്ചു,അവൾ വിളിച്ചു.”ജോൺ,നീ ഒന്ന് എൻ്റെ അടുത്തുവാ.”

അവൻ അവളുടെ അടുത്ത് ചെന്നു.അവൻ്റെ കയ്യിൽ മുറുകെ പിടിച്ചു.അവൾ ചോദിച്ചു,”നിന്നെ ഞാൻ ചേട്ടാ എന്ന് വിളിച്ചോട്ടെ?”

പ്രസാദ് പറഞ്ഞു, “ദീർഘമായ യാത്രയായിരുന്നല്ലോ.ശ്രുതി വല്ലാതെ ടയേർഡ് ആണ്”.

പതുക്കെ റോൾ സ്റ്റൂൾ തള്ളിക്കൊണ്ട് അവൻ  മുൻപോട്ടു നടന്നു.

എല്ലാം കണ്ടുകൊണ്ട് അഞ്ജലി നിൽക്കുന്നുണ്ടായിരുന്നു.ശ്രുതി അഞ്ജലിയെ കൈകാട്ടി വിളിച്ചു.ശ്രുതി അവളുടെ കയ്യിൽ മുറുകെ പിടിച്ചു,പതുക്കെ പറഞ്ഞു,”നീ ഒരു സുന്ദരിക്കുട്ടി തന്നെ.”

“മാത്തു നീ കൂടി സഹായിക്കണം കാറിൽ കയറാൻ.പാവം പ്രസാദ് എനിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നു.നീ അല്പനേരം എൻ്റെ റോൾ സ്റ്റൂൾ ഒന്ന് തള്ളിക്കേ.”

ടെൻഷൻ കുറയ്ക്കാൻ അവൾ പറയുന്നതാണ് എല്ലാമെന്ന് എല്ലാവർക്കും അറിയാമായിരുന്നു.

ദിവസവും ശ്രുതിയെ  കാണാൻ ഞാൻപോകും.പ്രസാദും അമ്മയും അവളെ മാറിമാറി നോക്കി ,പരിചരിച്ചു.

പ്രസാദിൻ്റെ മനസ്സ് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല.

ശ്രുതി സാവകാശം നോർമൽ ജീവിതത്തിലേക്ക് മടങ്ങി വരുന്നു എന്ന് തോന്നുന്നു.

പ്രശ്നങ്ങളില്ലാതെ രണ്ട് ആഴ്ച കടന്നു പോയി.

ഒരു ദിവസം രാത്രി രണ്ടുമണിക്ക് പ്രസാദ് വിളിച്ചു.” മാത്യു ശ്രുതി തലകറങ്ങി വീണു ഹോസ്പിറ്റലിലാണ് അല്പം സീരിയസ് ആണെന്ന് തോന്നുന്നു.”

 ഞാൻ ഞെട്ടിപ്പോയി. പ്രസാദ് പറഞ്ഞു,” നീ ഇങ്ങോട്ട് തൽക്കാലം വരേണ്ട. ആരെയും അകത്തേക്ക് വിടുന്നില്ല ” ഞാൻ കാത്തിരുന്നു. കുറച്ചുകഴിഞ്ഞ് അവൻറെ ഫോൺ വന്നു ” അൽപം സീരിയസാണ് ആണ്.”

എന്ത് ചെയ്യണമെന്നറിയാതെ ഞാൻ കുഴങ്ങി.

“എന്തെങ്കിലും പുതിയ വിവരം ഉണ്ടെങ്കിൽ അറിയിക്കാം”. എന്നു പറഞ്ഞു പ്രസാദ്.

അവൻ കരയുകയായിരുന്നു. എന്ത് ചെയ്യാനാണ്?

അടുത്ത ദിവസം ഞാൻ  ഓഫീസിൽ പോയി. പത്തു മണിയായപ്പോൾ പ്രസാദിൻ്റെ കോൾ വന്നു. എനിക്ക് ഫോൺ എടുക്കാൻ കഴിയുന്നില്ല. എന്തോ ഒരു ഒരു ദുസൂചനപോലെ.

ടെലിഫോണിൽ നോക്കി  ഞാൻ അനങ്ങാതിരുന്നു.

അത് കണ്ടു കൊണ്ടാണ് അഞ്ജലി റൂമിലേക്ക് വന്നത്. അവൾ പറഞ്ഞു,” എന്താണെങ്കിലും മാത്യു ഫോൺ എടുക്ക്”.

കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.എനിക്ക് അത് കേൾക്കാൻ കഴിയില്ല.ഞാൻ അനങ്ങാതെ അതേ ഇരിപ്പ് തുടർന്നു.

അഞ്ജലി ടെലിഫോൺ എടുത്തു.ഒരു നിമിഷം അവൾ ,എന്നെ നോക്കി.

എനിക്ക് മനസ്സിലായി .

അവൾ പോയി.

ഉള്ളിൽ എവിടെയോ ഒരു നീരുറവ പൊട്ടി ഒഴുകുന്നു.

ഒഴുകിവരുന്ന കണ്ണീർ തുള്ളികളെ എനിക്ക് തടഞ്ഞു നിർത്താൻ കഴിഞ്ഞില്ല.

ഒരു പ്രവാഹമായി അതിൽ ഞാൻ ഒഴുകി നടന്നു.

ഒരു മിന്നൽപിണർ പോലെ ഒരുപാട് വെളിച്ചം നൽകി ഹ്രസ്വമായ ആയുസ്സുമായി,സ്നേഹിക്കുന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി അവൾ പോയി.

ഒരുപാട് പൂക്കൾ വാരിപുണർന്ന് തനിക്ക് ഏറ്റവും ഇഷ്ടമായിരുന്ന റോസാപ്പൂക്കൾ കവിളിൽ ചേർത്തുവച്ചു് യാത്രയൊന്നും പറയാതെ ഒരു യാത്ര.

 

നഗരത്തിൻ്റെ വെന്ത് ഉരുകി ഒലിക്കുന്ന ചൂടിൽ ഒരു മഴയ്ക്കായി കാത്തിരിക്കുമ്പോൾ ജനൽ ചില്ലുകളിൽ മഴത്തുള്ളികൾ വീഴുന്നു.

പുറത്തേക്ക് നോക്കി ഞാൻ ഇരുന്നു.

അഞ്ജലി അടുത്ത് വന്നു.

അവൾ പറഞ്ഞു.” വരൂ പോകാം”.

” എവിടേക്ക്?” ഞാൻ ചോദിച്ചു.

അവൾ പറഞ്ഞു,” കഷ്ടം തന്നെ.ഇപ്പോൾ പറയുന്നില്ല. എൻറെ കൂടെ വരു.”

ഞാൻ കാറിനടുത്തേക്ക് നടക്കുമ്പോൾ അവൾ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു എനിക്കൊന്നും മനസ്സിലായില്ല.

കാർ  സെമിത്തേരിക്ക്  മുമ്പിലുള്ള ഗേറ്റിൽ നിന്നു.

ഞാൻ ഓർമ്മിച്ചു, ശ്രുതി ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് ഇന്ന് ഒരു വർഷം ആകുന്നു.

കഷ്ടം ഞാൻ ഓർമ്മിച്ചില്ല. അഞ്ജലി ഒന്നും പറയാതെ പിൻസീറ്റിൽ വച്ചിരുന്ന റോസാപ്പൂക്കൾ കയ്യിൽ എടുത്തു.

കല്ലറയുടെ അടുത്തേക്ക്  അവൾ നടന്നു.

അവിടെ,ശ്രുതിയുടെ കല്ലറ ഭംഗിയായി  അലങ്കരിച്ചു് നിറയെ പൂക്കൾ നിരത്തി പ്രസാദും അമ്മയും നിൽക്കുന്നുണ്ടായിരുന്നു.

ആരെയും ശ്രദ്ധിക്കാതെ അഞ്ജലി കൊണ്ടുവന്ന പൂക്കൾ കല്ലറയിൽ വച്ചു.

ശ്രുതി ഡേവിഡ് ,ജനനം………….“

കല്ലറയിൽ ഭംഗിയായി ആലേഖനം ചെയ്തിരിക്കുന്നത് നോക്കി ഞാൻ നിന്നു.

ശ്രുതിയുടെ ‘അമ്മ അഞ്ജലിയെ  നോക്കികൊണ്ട് ചലനമില്ലാതെ അവിടെ നിൽക്കുകയായിരുന്നു.

അൽപ്പം കഴിഞ്ഞു അവർ അടുത്തുവന്നു.അവളുടെ കയ്യിൽ പിടിച്ചു,”നിന്നെ ഞാൻ മോളെ എന്നു വിളിച്ചോട്ടെ?”

അഞ്ജലി ഒരു കൊച്ചുകുട്ടിയെപ്പോലെ വാവിട്ടുകരയുന്നു.

പ്രസാദ് പറഞ്ഞു,” ഞാൻ ബാംഗ്ലൂർ വിടുകയാണ്.ഗുഡ് ബൈ മാത്യു.”

അവൻ എന്നെ മത്തായി എന്ന് വിളിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു.

 

(കഥ അവസാനിക്കുന്നു.)

ജോൺ കുറിഞ്ഞിരപ്പള്ളി

 

RECENT POSTS
Copyright © . All rights reserved