literature

ഷിജോ ഇലഞ്ഞിക്കൽ

അവളുമായി മിണ്ടാതായിട്ട് മൂന്നുവർഷമായി …
മനസ്സ് വിങ്ങിപൊട്ടുകയായണ്, ഒരുസമാധാനവുമില്ല …
ധ്യാനം കൂടിനോക്കി; ഒരുമാറ്റവുമില്ല!!
പൂജിച്ച രക്ഷകെട്ടി; രക്ഷയില്ല!!
ഓതിച്ച തകിട് പരീക്ഷിച്ചു; ഫലം – പരാജയം!!
ഏകാന്തതയുടെ തടവറയിൽ തണുത്ത കഞ്ഞിയും മോന്തിയിരിക്കുമ്പോൾ വായിലെന്തോതടഞ്ഞു!
ചൂണ്ടുവിരൽ വായിലിട്ട് തിരഞ്ഞുനോക്കി…സാധനം വിരലിലുടക്കി – നാക്ക്!
ധ്യാനത്തിന് അലമുറയിട്ട നാക്ക്,
രക്ഷകെട്ടിയപ്പോൾ മന്ത്രങ്ങൾ പിറുപിറുത്ത നാക്ക്,
തകിട് ഓതിയപ്പോൾ ഓളിയിട്ട നാക്ക് …
ദൈവങ്ങളെക്കാണുമ്പോൾ ഒച്ചവെക്കുന്ന നാക്ക്, മനുഷ്യരെക്കാണുമ്പോൾ എന്തേ മിണ്ടുന്നില്ല ?
ഈ ബോധോദയത്തോടെയാണ് അന്നത്തെ കഞ്ഞികുടിയവസാനിപ്പിച്ചത്.
സിദ്ധാർഥന് ബോധിവൃക്ഷം…എനിക്ക് തണുത്തകഞ്ഞി;
ബോധോദയത്തിന് ഓരോരുത്തർക്കും ഓരോരോകാരണങ്ങൾ.
പിറ്റേന്നുതന്നെ അവളെച്ചെന്നുകണ്ടു, സംസാരിച്ചു – സമാധാനം.
ഇന്ന് ഞങ്ങളിരുവരും കൂടിയിരുന്ന് നല്ല ചൂടുകഞ്ഞി കുടിക്കുന്നു , നല്ലരുചി !!! വാക്കിലും,നാക്കിലും.

ഷിജോ തോമസ്‌ ഇലഞ്ഞിക്കൽ

ഇംഗ്ലഡിലെ രേജിസ്റെർഡ് സോഷ്യൽ വർക്കറാണ്. സൈക്കോളജിയിൽ ബിരുദാനദരബിരുദം.UK യിൽ വിവിധ ഇടവകകളിൽ Children and Youth പേഴ്‌സണാലിറ്റി ഡെവലപ്മെൻറ്, റിട്രീറ്റ് പ്രോഗ്രാമുകൾ നടത്തിവരുന്നു. കൂട്ടിനൊരുദൈവം, നന്മ്മയുടെനിറം, Charge & Change എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: ജിംസി
മക്കൾ: ഹെയ്‌സൽമരിയ, ഹെലേനറോസ്

Email: [email protected]
Mobile: 07466520634

 

ജോൺ കുറിഞ്ഞിരപ്പള്ളി

പ്രസാദും ശ്രുതിയും പോയിക്കഴിഞ്ഞിരുന്നു.
അവളെ എങ്ങിനെയാണ് കുറ്റം പറയുക?
പ്രസാദിനെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്നില്ല.അല്ല ഞാൻ എന്തിനാണ് ഇതെല്ലാം ഓർമ്മിച്ചു തല പുകയ്ക്കുന്നത് ?
അടുത്ത ദിവസം ” റാം അവതാർ ആൻഡ് കോ.” യിൽ ഒരു ഇൻ്റർവ്യൂ ഉണ്ട്.അതിലാണ് എൻ്റെ ശ്രദ്ധ പതിയേണ്ടത്.
പറഞ്ഞിരുന്നതുപോലെ കാലത്തു പത്തുമണിക്കുതന്നെ അവിടെ ചെന്നു.
ഒരു വലിയ ഗോഡൗണിൻ്റെ മുകൾ ഭാഗത്തേക്ക് ഒരു സ്റ്റെയർ കേസ് കാണാം.മുകളിൽ തട്ടുകൾ ഉണ്ടാക്കി അതിന് ഗ്ലാസ് പാനലുകൾ പിടിപ്പിച്ചു മനോഹരമാക്കിയതായിരുന്നു “റാം അവതാർ ആൻഡ് കോ.”യുടെ ഓഫീസ് .മുകളിലിരുന്നാൽ താഴെ ഗൗഡൗണിലെ ചരക്കു നീക്കങ്ങൾ കാണാം.
ബംഗാളിലെ ചണമില്ലുകളിൽ ഉണ്ടാക്കുന്ന ചാക്ക് സൗത്ത് ഇന്ത്യയിൽ വിതരണം ചെയ്യുന്ന ഏജൻസിയാണ് റാം അവതാർ ആൻഡ്.കോ.
ശരാശരി ദിവസം മൂന്നു കോടി രൂപ യുടെ ബിസ്സിനസ്സ് അവർക്ക് ഉണ്ട്.അതായത് വർഷത്തിൽ ആയിരം കോടി രൂപയുടെ ടെർണോവർ .ഞാൻ വിചാരിച്ചതുപോലെ നിസ്സാരക്കാരല്ല നമ്മുടെ റാം അവതാർ ആൻറ് കോ.
ഓഫിസിൽ ചെന്ന് മാനേജരെ അന്വേഷിച്ചു.
മെലിഞ്ഞ ഏകദേശം അറുപതു വയസ്സ് തോന്നിക്കുന്ന ഒരാൾ തനി ബംഗാളി ഡ്രെസ്സിൽ, അവിടെ ഓഫിസിൽ ടെലിഫോണിൽ ആരോടോ സംസാരിച്ചുകൊണ്ട് ഇരിക്കുന്നു.ഒന്നും ചോദിക്കുന്നതിനു മുമ്പ് അക്കൗണ്ട് ഓഫിസർ എന്ന് എഴുതിയിരിക്കുന്ന ഒരു ബോർഡ് ചൂണ്ടി കാണിച്ചു.
അവിടെ ഉണ്ടായിരുന്ന ഒരു കസേരയിൽ പോയി ഇരിക്കാൻ ആയിരിക്കണം അയാൾ ഉദ്ദേശിച്ചത് .ഒരു മണിക്കൂർ അവിടെ അങ്ങിനെ ഇരുന്നു.ഇടക്ക് ഒരു പ്യൂൺ കാപ്പിയും ഉഴുന്നുവടയും കൊണ്ട് വന്നു തന്നു. കുറച്ചകഴിഞ്ഞു പ്യൂൺ വന്നു വിളിച്ചു ,കൂടെ വരാൻ പറഞ്ഞു.
ചുറ്റും നോക്കുമ്പോൾ ഏകദേശം പതിനഞ്ചു പേർ അവിടവിടെ കംപ്യൂട്ടറുകളുമായി മല്ലടിച്ചുകൊണ്ട് ഇരിക്കുന്നത് കാണാം.
മാനേജർ ഞാൻ ആദ്യം കണ്ട ആ മനുഷ്യൻ തന്നെ ആയിരുന്നു.അയാൾ ഇരിക്കാന്‍ പറഞ്ഞു.
ഇരുന്നതിനുശേഷം ഞാൻ കയ്യിലെ CV അയാളുടെ നേരെ നീട്ടി. അയാൾ അത് കണ്ടതായി ഭവിച്ചതേയില്ല.
“എന്താ പേര്?”
ഞാൻ പേരുപറഞ്ഞു
” ഇന്നുമുതൽ ഇവിടെ അക്കൗണ്ട് ഓഫിസർ ആയിട്ട് ജോയിൻ ചെയ്യാം”..
“ഞാൻ അക്കൗണ്ട് കൈകാര്യം ചെയ്തിട്ടില്ല.”
“നിങ്ങൾക്ക് രണ്ടു സംഖ്യകൾ തമ്മിൽ കൂട്ടാനും കുറക്കാനും അറിയാമോ?”
“അറിയാം.”
” ഗുണിക്കാനും ഹരിക്കാനും അറിയാമോ?”.
“അറിയാം”.
“ഇനിയുള്ളത് ടാബുലേഷൻ കോളങ്ങളിൽ ഗുണിച്ചതും ഹരിച്ചതും എഴുതാൻ സാധിക്കുമോ?”
“സാധിക്കും.”.
“എങ്കിൽ ജോയിൻ ചെയ്തോളു”
വിചിത്രമായ ഒരു ഇന്റർവ്യൂ.
ജോലി,അക്കൗണ്ട് ഓഫീസറുടേത് .
ഞാൻ ഒരിക്കൽ കൂടി CV അയാളുടെ നേരെ നീട്ടി.
അയാൾ അത് കണ്ടതായി ഭാവിച്ചതേയില്ല.
ശമ്പളം എന്താണ് എന്നും പറഞ്ഞിട്ടില്ലല്ലോ എന്നും ഞാൻ ഓർത്തു.ആരോ ടെലിഫോണിൽ വിളിച്ചു.
അയാൾ എഴുന്നേറ്റുപോയി.
ഉച്ച ഭക്ഷണത്തിനു ശേഷം അവിടെ ജോലി ചെയ്യുന്ന എല്ലാവരെയും പരിചയപ്പെട്ടു.രണ്ടുമണി ആയപ്പോൾ മാനേജർ,എല്ലാവരും സേട് ജി എന്ന് വിളിക്കുന്ന അയാൾ,എന്നെ കാബിനിലേക്ക് വിളിച്ചു.
ജൂബയുടെ പോക്കറ്റിൽ നിന്നുചുവന്ന മഷിയിലും പച്ചമഷിയിലും എഴുതിയ ഏകദേശം നൂറു കടലാസ്സ് തുണ്ടുകൾ വാരി മേശപ്പുറത്തിട്ടു.എന്നിട്ട് വിശദീകരിച്ചു.
“ഇതിൽ ചുവന്ന മഷിയിൽ എഴുതിയത് ക്രെഡിറ്റ് ആണ്.പച്ച മഷിയിൽ എഴുതിയത് ഡെബിറ്റും.
ഇതെല്ലം അക്കൗണ്ട് ബുക്കിൽ എഴുതി ചേർക്കുക.”
ഞാൻ സീറ്റിൽ നിന്നും എഴുന്നേറ്റു കാബിനിലേക്കു നടന്നു,ആ കടലാസ് തുണ്ടുകളുമായി.അയാൾ തിരിച്ചുവിളിച്ചിട്ടു പറഞ്ഞു,”എല്ലാ അക്കൗണ്ടുകളും ലെഡ്ജറിൽ ചേർക്കുമ്പോൾ ഒരു പൂജ്യം വിട്ടുകളഞ്ഞേക്ക്.”
?
“അതായത് ഒരുകോടി എന്നത് ലെഡ്ജറിൽ എഴുതുമ്പോൾ പത്തു ലക്ഷം ആയിരിക്കും.”
എനിക്ക് സംഗതി പിടികിട്ടി.മൂന്നു കോടി രൂപയുടെ ബിസിനസ്സ് മുപ്പതുലക്ഷമായി കാണിക്കുന്ന മാന്ത്രിക വിദ്യ ആണ് ഇത് .
ഇടപാടുകൾ മുഴുവൻ ബിനാമിയും കുഴൽ പണവും ആണന്നു ചുരുക്കം.
നാലുമണി ആയപ്പോൾ വീണ്ടും സേട്ട്ജി കാബിനിലേക്ക് വിളിപ്പിച്ചു.കാബിൻ്റെ മൂലയിൽ അഞ്ഞൂറ്റി ഒന്ന് ബാർ സോപ്പിൻ്റെ ഒഴിഞ്ഞ കുറെ പെട്ടികൾ കൂട്ടിയിട്ടിരിക്കുന്നു.ഇന്നത്തെ ക്യാഷ് കളക്ഷൻ അതിൽ നിറക്കാൻ ആവശ്യപ്പെട്ടു.ഇങ്ങനെ ക്യാഷ് നിറയ്ക്കുന്നപെട്ടികൾ കൽക്കത്തയിലേക്കു തിരിച്ചു പോകുന്ന ലോറികളിൽ കൊടുത്തയാക്കുന്നു.
വൈകുന്നേരം അഞ്ചു മണിക്ക് സേട് ജി പറഞ്ഞു,”ജോലി ഇഷ്ടപ്പെട്ടാൽ നാളെ മുതൽ വന്നോളൂ.ഇല്ലങ്കിൽ………………”,ആയിരം രൂപ അയാൾ എന്റെ നേരെ നീട്ടി.
ഞാൻ പൈസ വാങ്ങിയില്ല.
സ്റ്റാഫിൽ ആറുപേർ പെൺകുട്ടികൾ .എല്ലാസ്റ്റാഫിൻ്റെയും പേരുകൾഎഴുതിയ ഒരു നെയിം ഷീൽഡ് അവരുടെ ഡ്രെസ്സിൽ പിൻ ചെയ്തിരുന്നു.
യുവതികൾ ആ നെയിം ഷീൽഡ് അവരുടെ ഇടതു ഭാഗത്ത് ഒരു സൈഡിലായി പിൻചെയ്തിരിക്കുന്നതു എനിക്ക് അല്പം തമാശയായി തോന്നി.
അതിൻ്റെ രഹസ്യം പിന്നീടാണ് മനസ്സിലായത്.
എല്ലാവരുടെയും നെയിം ഷീൽഡ് പിടിച്ചു നോക്കി സേട് ജി പേര് വായിക്കും.ആരുടെയും പേരറിയില്ല.കണ്ണിനു കാഴ്ച കുറവാണെന്ന ഭാവത്തിൽ ഷീൽഡ് പിടിക്കുന്നതിൻ്റെ കൂട്ടത്തിൽ അല്പം അമർത്തി ശരീരത്തിൽ പിടിക്കുക സേട് ജിയുടെ സ്വഭാവമാണ്.
അല്പസമയം എടുക്കും പിടിവിടാൻ,വായിച്ചു തീരാൻ.
കൊള്ളാം സേട് ജി,നിങ്ങൾ അപാരബുദ്ധിമാൻ തന്നെ. ഞാൻ മനസ്സിൽ പറഞ്ഞു.
ഏതായാലും കുറച്ചു ദിവസം ജോലി ചെയ്തു നോക്കാൻ തീരുമാനിച്ചു .
തിരിച്ചുവരുമ്പോൾ ലോഡ്ജിൽ ശ്രുതി കാത്തു നിൽക്കുന്നു.
“എന്തിനാ മാത്തു വേറെ ജോലി അന്വേഷിക്കുന്നത്?”
ഞാൻ വെറുതെ ചിരിച്ചു.
“ഇന്നലെ പ്രസാദ് വഴക്കിട്ടുപോയി.എല്ലാത്തിനും ഞാനാണ് കാരണക്കാരൻ എന്നാണ് അവൻ പറയുന്നത്”ഞാൻ പറഞ്ഞു.
അവൾ പെട്ടെന്ന് മൂകയായി.”എല്ലാം നിനക്ക് മനസ്സിലാകും. ഭാഗ്യത്തിന് നിന്നെ കണ്ടതുകൊണ്ടു രക്ഷപെട്ടു.”
പ്രസാദിൻ്റെ എല്ലാ കോമാളിത്തരങ്ങളും തട്ടിപ്പുകളും ഞാൻ ഒരു തമാശയായ് മാത്രമേ കണ്ടിരുന്നുള്ളൂ.പക്ഷെ ഇത് കടന്ന കയ്യായി പോയി.
ശ്രുതി വീണ്ടും നിർബന്ധിച്ചു,”മാത്തു നീ വേറെ എങ്ങും പോകേണ്ട എൻ്റെകൂടെ വാ.”
““ശ്രുതി നിനക്ക് എൻ്റെ കാര്യങ്ങൾ കുറെ അറിയാം.എനിക്ക് ഒരു ജോലി വേണമെന്ന് തന്നെ ഇല്ല.അപ്പച്ചൻ്റെ ചെറിയ ബിസ്സിനസ്സിൽകൂടി നാട്ടിൽ നിൽക്കുന്നത് തന്നെയാണ് എനിക്കിഷ്ട്ടം.അപ്പച്ചൻ വലിയ ഗൗരവക്കാരനാണെന്നു അഭിനയിക്കും.അമ്മച്ചിയുടെ കയ്യിൽ കാശുകൊടുത്തിട്ട് എനിക്ക് പൈസ അയക്കാൻ പറയും.എന്നിട്ടു ഉച്ചത്തിൽ പറയും ആവശ്യമുണ്ടെങ്കിൽ അവൻ അദ്ധ്വാനിച്ചു പണമുണ്ടാക്കട്ടെ ,ഒരു ചില്ലിപൈസ ഞാൻ കൊടുക്കില്ല.”
അവൾ ഒന്നും പറഞ്ഞില്ല.
“എനിക്ക് ഒരനിയത്തി ഉണ്ട്. ഒരു ദിവസം അവളെ കിള്ളിയില്ലങ്കിൽ എനിക്കുറക്കം വരില്ല.എന്തെങ്കിലും കാരണം പറഞ്ഞു എന്നോട് ഉടക്കിയില്ലങ്കിൽ അവൾക്കും സമാധാനമില്ല.അങ്ങിനെയുള്ള ഞാൻ ഇവിടെ എത്ര നാൾ ജോലിയിൽ ഉറച്ചു നിൽക്കും?”
അവൾ ഒന്നും പറയാതെ അകലേക്ക് നോക്കി നിന്നു.
.കണ്ണുകൾ നിറയുന്നു.ഇങ്ങനെ ഒരു സീൻ ഞാൻ പ്രതീക്ഷിച്ചതല്ല. ബോൾഡായ ഈ പെൺകുട്ടി മെഴുകുപോലെ ഉരുകിപോകുന്നു.
“ശ്രുതി ……”,ഞാൻ വിളിച്ചു.
“മാത്തു നിനക്ക് വർണശബളമായ ഒരു ബാല്യം ഉണ്ട്.സ്നേഹിക്കുന്ന ഒരു കുടുംബമുണ്ട്.ഒരനിയത്തി യുണ്ട്.ഞാൻ ജീവിതം മുഴുവൻ ഹോസ്റ്റലിലായിരുന്നു.ഒരു നല്ല ജീവിതം സ്വപ്നംകണ്ടു.പ്രസാദ് എല്ലാം ഉഴുതു മറിച്ചു.സാരമില്ല.” അവൾ തുടർന്നു.
“നിനക്ക് മനസ്സിലാകുമോ എന്നറിയില്ല.ഒറ്റപ്പെട്ടുപോയ ഒരു പെൺകുട്ടിയുടെ ബാല്യം.എൻ്റെ പപ്പാ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്നു.അവധിക്കു വരുന്ന പപ്പായുടെ അടുത്ത് നിന്ന് ഞാൻ മാറില്ല പപ്പാ എന്നെയും മമ്മിയെയും കൊണ്ട് നാടുചുറ്റും. വർണ്ണ ശബളമായിരുന്നു ആ കാലം. മമ്മ സർക്കാർ സർവീസിലാണ് .
വെക്കേഷന് ഞങ്ങൾ പപ്പയുടെ അടുത്തുപോകും.ഞങ്ങളെ വിട്ടു താമസിക്കാൻ പപ്പയ്ക്ക് ഇഷ്ടമില്ലാതിരുന്നതുകൊണ്ട് ജോലി രാജിവെക്കാൻ തീരുമാനിച്ചു.ഒരു വർഷം കൂടി ജോലി ചെയ്താൽ കിട്ടുന്ന ആനുകൂല്യങ്ങൾക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു.
ജോലിയിൽനിന്നു പിരിയുന്ന അവസാനദിവസം ഒരു ആക്സിടൻറിൽ പപ്പ മരിച്ചു.
ഞാനും മമ്മിയും ഒറ്റക്കായി.ഇടക്കിടെയുള്ള ട്രാൻസ്‌ഫർ കാരണം മമ്മി എന്നെ ഹോസ്റ്റലിലാക്കി.പിന്നീട് ഞാൻ അവധിക്കാലങ്ങളിൽ വീട്ടിൽ പോകുന്ന ഒരു ഹോസ്റ്റൽ ജീവിയായി മാറി.
പ്രസാദിനെ പരിചയപ്പെട്ടപ്പോൾ ഒരാശ്വാസമായിരുന്നു.കൊടിയ വഞ്ചനയാണ് അയാൾ എന്നോട് കാണിച്ചത് .
ഒരു മനുഷ്യൻ പറയുന്നത് മുഴുവൻ കള്ളവും അറിഞ്ഞുകൊണ്ട് വഞ്ചിക്കുകയും ആയിരുന്നു എന്ന് മനസ്സിലാക്കുമ്പോൾ ഉണ്ടാകുന്ന വേദന അനുഭവിച്ചാലേ മനസ്സിലാകൂ ”
ഞാനെന്തുചെയ്യാനാണ്?
“വരൂ,നമുക്ക് അല്പം നടന്നിട്ട് വരാം .”അവളുടെ ടെൻഷൻ അല്പം കുറയട്ടെ എന്ന് വിചാരിച്ചു ഞാൻ പറഞ്ഞു.ഒന്നും സംസാരിക്കാതെ അരമണിക്കൂർ നടന്നു കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു,”ശ്രുതി,കഴിഞ്ഞതെല്ലാം മറക്കുക.ആരെങ്കിലും കാണിക്കുന്ന വിഡ്ഢിത്തരം ഓർത്തു നമ്മൾ വേവലാതിപ്പെടണമോ?”
“മാത്തു ,നീ എൻ്റെ താമസസ്ഥലം കണ്ടിട്ടില്ലല്ലോ.ഇവിടെ ഇന്ദിരാനഗറിലുള്ള വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ ആണ്.എന്നെ അവിടെ ഡ്രോപ്പ് ചെയ്തിട്ട് പൊയ്ക്കോളൂ”
ഞാൻ സമ്മതിച്ചു.
കാറിൽ കയറുമ്പോൾ ഒരു ഫോൺ കോൾ.അപ്പച്ചനാണ്, ടെലിഫോണിൽ.സാധാരണ വിളിക്കാറുള്ളതല്ല, അത് അമ്മച്ചിയുടെ ജോലിയാണ്.അമ്മച്ചി സംസാരിക്കുന്നത് കേൾക്കാവുന്ന അകാലത്തിൽ നിന്ന് മുഴുവനും കേൾക്കും.എല്ലാം കേട്ടുകഴിഞ്ഞു പറയും ,”കുരുത്തം കെട്ടവൻ. ”
വെറുതെയാണെന്ന് എല്ലാവർക്കും അറിയാം.
ഇത് എന്തോ അടിയന്തര പ്രശനമാണ്.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

കാരൂർ സോമൻ 
 
തിരകള്‍ക്കപ്പുറം

സിസ്റ്റര്‍ കാര്‍മേലിന്‍െറ ഹൃദയം വല്ലാതെ മിടിക്കാന്‍ തുടങ്ങി. തന്റെ പിതാവിന്റെ വീട്ടുപേരും ഇതുതന്നെയാണെല്ലോ? മുഖഭാവം മാറിവന്നു. മനസ്സ് പിതാവിന്റെ ഓര്‍മ്മയില്‍ മുഴുകി. ജാക്കിയെ ശ്രദ്ധയോടെ നോക്കി. ഇവന്‍ താമരക്കുളത്തുകാരനാണോ?
പെട്ടെന്ന് മൊബൈല്‍ കൈമാറി. തിടുക്കത്തോടും സന്തോഷത്തോടും ഷാരോന്റെ നമ്പര്‍ അമര്‍ത്തി. ഷാരോന്റെ ഒച്ച കേട്ടപ്പോള്‍ അവന്റെ മുഖം പൂ പോലെ വിടര്‍ന്നു. “”ഷാരോണ്‍, ഞാനാ ജാക്കി. സുഖമായി ഞാനിവിടെയെത്തി.”

“” ഒ.കെ നീ ഡാനിയല്‍ എന്ന ആളിനൊപ്പമാണോ താമസം”
“” അല്ല. ഇപ്പോള്‍ സിസ്റ്റര്‍ കാര്‍മേലിന്റെ ആശ്രമത്തിലാണ്. ഡാനിയല്‍ സാര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കൊണ്ടുവന്നത് ഇങ്ങോട്ടാണ്. ഇവിടെ രണ്ടാഴ്ച കാണും. നീ കോശി സാറിനോടും ആന്റിയോടും പറയണം- കേട്ടൊ. ഞാന്‍ പുതിയ ഫോണ്‍ വാങ്ങിയിട്ട് വിളിക്കാം. ഇത് സിസ്റ്ററുടെ ഫോണാണ്. വയ്ക്കുകയാണ്.” സിസ്റ്റര്‍ പുഞ്ചിരിയോടെ അവനെ നോക്കിയിരുന്നു. മനസ്സ് ഇളകിയാടി. ഇവന്‍ സംസാരിച്ചത് അഡ്വക്കേറ്റ് കോശിയെക്കുറിച്ചാണോ? പിതാവ് ഒരിക്കല്‍ പറഞ്ഞത് ഏകമകന്‍ കോശി എല്‍. എല്‍. ബിക്ക് പഠിക്കുന്നു. താന്‍ പ്രതീക്ഷിക്കുന്നതുപോലെ അത് തന്റെ സഹോദരനാണോ? ്. ഇവന്റെ വാക്കുകള്‍ ഇത്രമാത്രം ഹൃദയത്തില്‍ സ്പര്‍ശിച്ചത് എന്തുകൊണ്ടാണ്.? തുറന്നു ചോദിക്കാന്‍ തന്നെ തീരുമമാനിച്ചു.
“”ജാക്കിയുടെ സ്ഥലം മാവേലിക്കര താമരക്കുളമാണോ ? ”
“”അതെ കേരളത്തിലെ ഗ്രാമീണ സുന്ദരമായ ഒരു ഗ്രാമം ”
“‘ജാക്കിയുടെ വീട്ടില്‍ ആരൊക്കെയുണ്ട്? ”
“”വീട്ടില്‍ അച്ഛനുമമ്മയും രണ്ടു സഹോദരിമാരും. അച്ഛനുമമ്മയും കല്‍പ്പണിക്കാരാണ്. എനിക്കും കല്‍പ്പണി വശമാണ്. മൂത്തസഹോദരി വിവാഹിതയും ഇളയ പെങ്ങള്‍ ബാംഗ്ലൂരില്‍ നഴ്‌സിംഗ് പഠിക്കുന്നു.”
“”ഈ കൊട്ടാരം കോശി ജാക്കിയുടെ ആരാണ്? ”
“”കൊട്ടാരം എന്നത് വീട്ടുപേരാണ് അവിടുത്തെ ഒരു സമ്പന്ന കുടുംബം. ഞങ്ങളുടെ പിതാമഹന്മാര്‍ അവിടുത്തെ ജോലിക്കാരായിരുന്നു. കോശിസാര്‍ പേരെടുത്ത വക്കീലാണ്. അദ്ദേഹത്തിന്റെ അച്ഛനും ബ്രിട്ടീഷുകാരുടെ കാലത്ത് വക്കീലായിരുന്നു. രണ്ടുപേരും പാവങ്ങള്‍ക്കായി വാദിക്കുന്നവര്‍. ഷാരോണ്‍ അദ്ദേഹത്തിന്റെ മകളാണ്. കോളേജില്‍ പഠിക്കുന്നു. ഒരു സഹോദരനുള്ളത് ജര്‍മ്മനിയിലാണ്.

എന്റെ കുടുംബം വളരെ പാവപ്പെട്ടതാണ്. എന്റെ സഹോദരിയെ പഠിപ്പിക്കുന്നതും മൂത്ത പെങ്ങളെ കെട്ടിച്ചയയ്ക്കാന്‍ സഹായിച്ചതുമൊക്കെ കോശിസാറാണ്. പല കുട്ടികളെയും പഠിപ്പിക്കുന്നുണ്ട്.” എല്ലാം ശ്രദ്ധയോടെ കേട്ടിരുന്ന സിസ്റ്റര്‍ ചോദിച്ചു. “”ഷാരോണിന്റെ മമ്മി എന്തുചെയ്യുന്നു.” “” സോറി അത് പറഞ്ഞില്ല. ഷാരോണിന്റെ മമ്മി ബ്ലോക്കോഫിസില്‍ ജോലി ചെയ്യുന്നു.” ഹിന്ദുവായിരുന്നു. ഇപ്പോള്‍ ക്രിസ്തിയാനിയാണ്. അവരൊക്കെ ഞങ്ങള്‍ക്ക് കാണപ്പെട്ട ദൈവങ്ങളാണ്. ഞാനിവിടെ വരാന്‍ കാരണവും ആ കുടുംബമാണ്.”

എല്ലാംകേട്ടുകൊണ്ട് ഒരു നിസ്സംഗഭാവത്തോടെ സിസ്റ്റര്‍ ഇരുന്നു. നിശബ്ദയായിരിക്കുന്ന സിസ്റ്ററെ സൂക്ഷിച്ചുനോക്കി. എന്താണ് സിസ്റ്റര്‍ക്ക് മൗനം. എന്തോ അഗാതമായി ചിന്തിക്കുന്നു. ഞാന്‍ എന്തെങ്കിലും അധികപ്പറ്റ് പറഞ്ഞോ? സിസ്റ്റര്‍ ചോദിച്ചതിനുള്ള മറുപടി മാത്രമെ പറഞ്ഞുള്ളു. സിസ്റ്റര്‍ ഒരു സംശയത്തോടെ ചോദിച്ചു.
“” ജാക്കിയുടെ യഥാര്‍ത്ഥ പേരന്താണ്. ” “” ഹരിഹരന്‍ എന്നാണ്.” പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“” ങേ! ഹരിഹരന്‍ എങ്ങനെ ജാക്കിയായി.” തെല്ലൊരു സംശയത്തോടെ ചോദിച്ചു. “” അതൊരു കഥയാണ് സിസ്റ്റര്‍. ” ചെറുചിരിയോടെ പറഞ്ഞു. “”കഥയോ ? കേള്‍ക്കട്ടെ” ആകാംഷയോടെ നോക്കി. ജാക്കി പുഞ്ചിരിച്ചുകൊണ്ട് കഥ പറഞ്ഞുതുടങ്ങി. “” ഞങ്ങള്‍ക്കൊരു വളര്‍ത്തു പശുവുണ്ടായിരുന്നു. പേര് ലക്ഷ്മി. ഒരു ദിവസം അവള്‍ പെട്ടന്ന് കയറും പൊട്ടിച്ചു കുതറിയോടി. വണ്ടോ മറ്റെന്തോ കടിച്ചതാകും. ഞായറാഴ്ച ആയതിനാല്‍ എല്ലാവരും വീട്ടിലുണ്ടായിരുന്നു. അച്ചന്‍ പിറകേയോടി. ഞാനും അച്ചനു പിറകേയോടി. ലക്ഷ്മി ഓടി പോയത് കൊയ്തു കഴിഞ്ഞുകിടന്ന പാടത്തേക്കാണ്. കോശിസാറും മറ്റ് ചിലരുംകൂടി പാടവരമ്പത്ത് സംസാരിച്ചു നില്ക്കുകയായിരുന്നു. ഞാനും ലക്ഷ്മിയും പാടത്ത് മത്സരച്ചൊടി. ഒടുവില്‍ പശുവിനെ കീഴ്‌പ്പെടുത്തി വരമ്പത്തു കൊണ്ടുവന്നു. അവിടെ പരിഭ്രമത്തോടെ നോക്കി നിന്ന കോശിസാര്‍ വളരെ സന്തോഷത്തോടെ എന്റെ തോളില്‍ തട്ടി പറഞ്ഞു. “” ങ്ഹും! മിടുക്കന്‍, മിടുമിടുക്കന്‍ നീ ആളുകൊള്ളാമല്ലോടാ ചെറുക്കാ. നീ പശുവിനെ പിടിക്കേണ്ടവനല്ല. കുതിരയെ പിടിക്കേണ്ടവനാടാ. നീ ജാക്കിയാണ്.. ജാക്കി……കുതിരയെ ഓടിക്കുന്ന ജാക്കി. അച്ചനും മറ്റുള്ളവരും ചിരിച്ചു കൊണ്ടുനിന്നു. അന്നു മുതല്‍ എന്റെ വിളിപ്പേരാണ് ജാക്കി.”

സിസ്റ്റര്‍ വിടര്‍ന്ന മിഴികളോടെ പറഞ്ഞു. “” കോശി സാര്‍ നല്‍കിയ പേര് സുന്ദരമാണ് ക്രിസ്തിയന്‍ പേര് ” “” അതേ സിസ്റ്റര്‍. ക്രൈസ്തവ ചൈതന്യം അടയാളപ്പെടുത്തിയ പേര്. ” “” ഹരിഹരനും വളരെ ചൈതന്യമുള്ള പേരാണ്. ” സിസ്റ്റര്‍ കൂട്ടി ചേര്‍ത്തു. സിസ്റ്ററുടെ മുഖത്ത് മന്ദസ്മിതം കണ്ടു. എന്നാല്‍ ഉള്ളിന്റെയുള്ളില്‍ വല്ലാത്ത പിരിമുറുക്കമാണുള്ളത്. ജാക്കിയെ അനുകമ്പയോട് നോക്കിയിട്ട് പറഞ്ഞു. “” നമുക്കിനി ഭക്ഷണത്തിന് പോകാം. അതിന് ശേഷം ഞങ്ങള്‍ക്ക് ധ്യാനത്തിനും പ്രാര്‍ത്ഥനയ്ക്കുമുള്ള സമയമാണ്” സിസ്റ്റര്‍ പുറത്തേക്കിറങ്ങി. ജാക്കി വസ്ത്രം മാറി കതകടച്ച് സിസ്റ്റര്‍ക്കൊപ്പം കാന്റീനിലേക്ക് നടന്നു. ആറു മണി കഴിഞ്ഞതേയുളള്ളു. ഇത്ര നേരുത്തെയാണോ ഇവര്‍ ഭക്ഷണം കഴിക്കുന്നത്. സിസ്റ്റര്‍ അതിനുള്ളിലെത്തയപ്പോള്‍ ഉയര്‍ന്ന ശബ്ദമെല്ലാം പെട്ടന്ന് നിലച്ചു. അവര്‍ ആദരവോട് സിസ്റ്ററെ നോക്കി. മുന്‍പ് കണ്ടതിനേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ മേശക്ക് ചുറ്റുമുണ്ട്. ഞാന്‍ മുന്‍പിരുന്ന മുറിയില്‍ സിസ്റ്റര്‍ പറഞ്ഞതനുസരിച്ച് പോയിരുന്നു. സിസ്റ്റര്‍ മറ്റു സ്ത്രീകളുമായി സംസാരിച്ചുനില്ക്കുന്നത് കണ്ടെങ്കിലും പിന്നീട് കണ്ടില്ല. മനസ്സില്‍ ആശങ്കകളുയര്‍ന്നു. മുന്‍പ് കിട്ടിയതുപോല ഇല വര്‍ഗ്ഗങ്ങളാണോ ഇനിയും കഴിക്കാന്‍ കിട്ടുക. ഹാളിനുള്ളില്‍ എല്ലാവരും നിശബ്ദരാണ്. സിസ്റ്റര്‍ പോയികഴിയുമ്പോള്‍ തുടരുമായിരിക്കുമെന്ന് തോന്നി.

അല്പ സമയത്തിനുള്ളില്‍ ജാക്കിക്കുള്ള ഭക്ഷണവുമായി സിസ്റ്റര്‍ എത്തി. മനസ്സില്ലാ മനസ്സോടെ അവന്‍ തീന്‍മേശയിലേക്ക് നോക്കി.
കുറ്റബോധത്തോടെ അവന്‍ പറഞ്ഞു “”സിസ്റ്റര്‍ ഞാന്‍ എടുക്കാമായിരുന്നു.” “” ഇവിടേക്ക് പുരുഷന്മാര്‍ക്ക് പ്രവേശനമില്ല. ഞങ്ങളുടെ ഗസ്റ്റായി വരുന്നവരെ ഞങ്ങളാണ് സേവിക്കുന്നത്. ഞാന്‍ അവര്‍ക്കൊപ്പമാണ് കഴിക്കുന്നത്. ഭക്ഷണം ഇനിയും ആവശ്യമെങ്കില്‍ കൊടുത്തുവിടാം. ഇപ്പോള്‍ ജാക്കി കഴിക്കൂ” ഉടനടി സിസ്റ്റര്‍ മടങ്ങിപ്പോയി.

ആവശ്യത്തിനുള്ള പരിചാരികമാര്‍ ഉണ്ടായിട്ടും അവരെയൊന്നും ബുദ്ധിമുട്ടിക്കാന്‍ മനസ്സില്ലാത്ത മാലാഖ. അവന്‍ പാത്രത്തിലേക്ക് നോക്കി. മുഖത്ത് സംതൃപ്തി നിറഞ്ഞു. മെര്‍ളിന് ഇന്ത്യാക്കാരുടെ ഭക്ഷണം എന്തെന്നറിയില്ല. സിസ്റ്റര്‍ ഇന്ത്യക്കാരിയായതുകൊണ്ടാണ് ചോറും മറ്റ് കറികളും ഇപ്പോള്‍ വന്നത്. വേവിച്ച മീന്‍ കഷണം മുന്നില്‍. ഒന്നും ചേര്‍ത്തല്ല വേവിച്ചത്. എങ്കിലും നല്ലൊരു കഷണമാണ്. പാശ്ചാത്യര്‍ ഇന്ത്യക്കാരെപ്പോലെ എരിവുള്ള മുളകുകള്‍ കഴിക്കാറില്ലെന്ന് വായിച്ചിട്ടുണ്ട്. ഇവര്‍ക്കറിയില്ലേ എരിവും പുളിയുമൊക്കെ ഔഷധമാണെന്ന്. കേരളത്തില്‍ നിന്നുള്ള കുരുമുളകും ഇഞ്ചിയും സുഗദ്ധദ്രവ്യങ്ങളും മറ്റും ഔഷധമാണെന്ന് അവര്‍ അറിഞ്ഞു വരുന്നതേയുള്ളൂ. മുള്ളുപോലുള്ള ഫോര്‍ക്കുകൊണ്ട് കൈ തൊടാതെ അവന്‍ ഭക്ഷണം കഴിച്ചു തുടങ്ങി.

അവനെ ചിന്താകുഴപ്പത്തിലാക്കിയത് വലിയൊരു ഉരുളന്‍കിഴങ്ങാണ്. പുഴുങ്ങിയ ഒരു കിഴങ്ങ് അവനെ നോക്കിയിരിപ്പുണ്ട്. അതുപോലുള്ളത് കഴിച്ചാല്‍ ആര്‍ക്കും വയര്‍ നിറയും. ഉരുളന്‍കിഴങ്ങ് ഇവരുടെ പ്രധാന ഭക്ഷണമാണെന്നു തോന്നുന്നു. ഇവിടുത്തെ രീതികളോട് പൊരുത്തപ്പെടണം. ഇന്ത്യക്കാരനെന്ന ഭാവമൊന്നും ഇനി വേണ്ട. ജീവിതവും സന്തോഷവും നിലനിര്‍ത്താന്‍ വിശാലമായ ഒരു മനസുണ്ടായാല്‍ മതി. സ്വയം ശരികളുടെ അതീശത്തിന് കിഴ്‌പ്പെടുക.

ഐശ്വര്യ ലക്ഷ്മി.എസ്സ്

തിരയാത്ത സ്വപ്നങ്ങൾ.
തീച്ചൂളയിലെഴും നനവിൻ ഗന്ധങ്ങൾ.
തളരാത്ത മോഹങ്ങൾ മിഴിച്ചെപ്പിൻ നാദങ്ങൾ.
തകരുന്നു ഈ പടർപ്പിൻ പാളയങ്ങളിൽ.
ഏറുന്നു ഭാരങ്ങൾ അറിയുന്നു നിശ്വാസങ്ങൾ.
പിളരുന്നു പാരിജാതമെന്നിൽ.
ചെമ്പകപൂമൊട്ടുകൾ പുണർന്നീടുമോ പുൽകീടുമോ ആയിരം രാവിലെ ചിത്രമണികൾ.
തച്ചുടഞ്ഞു വീഴുന്നൊരീ ആമ്പൽമുറ്റത്ത് നീ എരിഞ്ഞു തീരുകയോ ഈ കൽപ്പടവുകളിൽ?
നീലകുപ്പിച്ചില്ലുകൾകൊണ്ടൊരു ജാലകപൂഞ്ചില്ലയിൽ ഞാൻ പുണർന്നീടവേ.

 

ഐശ്വര്യ ലക്ഷ്മി.എസ്സ്.

സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. തിരുവല്ലമാക്ഫാസ്റ്റ് കോളേജിലെ അവസാനവർഷ എം.സി.എ വിദ്യാർഥിനി ആണ് .അച്ഛൻ ശശിധരകൈമൾ.അമ്മ ഇന്ദു കുമാരി. ഇമെയിൽ: [email protected]

ചിത്രീകരണം : ജിഷ എം വർഗീസ്

ഷിജോ ഇലഞ്ഞിക്കൽ

കളിവീടുണ്ടാക്കുമ്പോൾ നിന്നെ സഹായിക്കാനായിരിക്കും അവൾക്ക് കൂടുതൽ താൽപ്പര്യം…

ഒളിച്ചുകളിക്കുമ്പോൾ നിന്നോടോപ്പമായിരിക്കും അവൾ ഒളിക്കുക.

അവളാണ് ഒളിച്ചവരെ പിടിക്കുന്നതെങ്കിലോ! നിന്നെ ആദ്യം കണ്ടാലും അവൾ പിടിക്കുകല്ല, കണ്ണടച്ചുകാണിക്കും.

കഞ്ഞിയും കറിയും വച്ചുകളിക്കുമ്പോൾ നിന്റെ വീട്ടുകാരിയാകാനായിരിക്കും അവൾക്കിഷ്ടം.

പരസ്പരം മണ്ണുവാരിയെറിഞ്ഞു കളിക്കുമ്പോൾ അവളെ പ്രൊട്ടക്ട് ചെയ്യാൻ നീ പ്രത്യേകം ശ്രെദ്ധിച്ചിരുന്നു. എന്നാലും കൂട്ടുകാരൻ എറിഞ്ഞ ഒരുപിടിമണ്ണ് അവളുടെ ദേഹത്തുവീണു, കണ്ണിൽ മണ്ണുപോയ് അവൾ കരയാൻ തുടങ്ങി, അതോടെ കളിനിന്നു; ഇടിതുടങ്ങി, അവളുടെ കണ്ണിൽമണ്ണുവാരിയിട്ടവനെ നീ തിരഞ്ഞുപിടിച്ചിടിച്ചു.

കളികഴിഞ്ഞു തോട്ടിൽകുളിക്കുന്നതിനു മുൻപ് മീൻപിടിക്കാൻ തോർത്തു വിരിക്കുമ്പോൾ നിന്റെ തോർത്തിന്റെ അങ്ങേതലപ്പത് അവൾ പിടിക്കും,

നീ കുളിച്ചുകയറിവരുവോളം കരയ്ക്ക്‌ ഊരിവച്ച നിന്റെ   നിക്കറിലോ ഷർട്ടിലോ ഒരുതുള്ളിവെള്ളം വീഴാതെ അവൾ സൂക്ഷിക്കും.

സന്ധ്യയാകുമ്പോൾ കളിക്കൂട്ടം പിരിയും, തിരികെ വീട്ടിലേക്ക്‌ നടക്കാൻ അവൾ ഓടി നിന്റെയടുത്തുവരും, പിന്നെ ഒരുമിച്ച് വീട്ടിലേക്ക്.

വീട്ടുപടിക്കൽ എത്തുമ്പോൾ അവളുടെ മുത്തശ്ശി വിറയ്ക്കുന്ന സ്വരമുയർത്തി പറയും: “പെണ്ണിന് കളികൂടുന്നുണ്ട് സന്ധ്യക്കുമുന്പ് വീട്ടിൽക്കയറണ്ടേ, വല്ലാത്തകാലമാ “.

“എന്തിനാണമ്മേ പേടിക്കുന്നത് അവൾ ഉണ്ണിയുടെ കൂടയല്ലേ പോകുന്നത് “: അവളുടെ അമ്മ ഇതു പറയുന്നത് നിനക്ക് പടിപ്പുരയുടെ പുറത്തുനിന്നുകേൾക്കാം, അപ്പോൾ നിന്റെ നെഞ്ചുവിരിവ് രണ്ടിഞ്ചു കൂടും.

“ഉണ്ണീ വാ…കയറീട്ട് പോകാം…ശർക്കരയും തേങ്ങയും ചേർത്ത അവലുണ്ട് കഴിച്ചിട്ടുപോകാം”: അവളുടെ അമ്മ സ്നേഹപൂർവ്വം വിളിക്കും.

“വേണ്ടമ്മേ… ഞാൻ നാളെവരാം”.

ഇത്രയും പറഞ്ഞിട്ട് നീ വലതുകാൽ ഉയർത്തിച്ചവിട്ടി വണ്ടി സ്റ്റാർട്ട് ചെയ്തു, പിന്നെ വലതുകൈ തിരിച് ആക്‌സിലേറ്റർകൊടുത്തു. വായിൽനിന്ന് തുപ്പലുചീറ്റുന്നശബ്ദത്തിൽ വണ്ടി റെയ്‌സ് ചെയ്തു. ഇടതുകൈത്തിരിച് ഫസ്റ്റ് ഗിയർഇട്ടു, വായിൽ ശബ്ദവ്യത്യാസം, പിന്നെ സെക്കന്റ് ഗിയർ…തേർഡ് ഗിയർ…ഓട്ടത്തിന്റെ സ്പീഡ് അതനുസരിച്ചു കൂടി, വായിൽനിന്ന് തുപ്പലും ശബ്ദവും സ്പേറേപോലെ ചീറ്റി…

“ഛെ…എന്താണിത് വൃത്തികെട്ട ശബ്ദo കേൾപ്പിക്കുന്നത് “: ഭാര്യയുടെ ശബ്ദo കേട്ട് ഞാൻ ഞെട്ടി.

“ദേ കിറി മുഴുവൻ തുപ്പലൊഴുകിയിരിക്കുന്നു”, അവൾ സ്നേപൂർവം സാരിത്തുമ്പുകോണ്ട് എന്റെ മുഖം തുടച്ചു. “ഇതെന്താ കൊച്ചുകുട്ടികളെ പോലെ വണ്ടിയോടിച്ചുകളിക്കുകയാണോ? വാ, ദേ അത്താഴം വിളമ്പി വച്ചിരിക്കുന്നു.”

മുറ്റത്തുകൈകഴുകാൻ ഇറങ്ങിയപ്പോൾ പടിപ്പുരക്കുപുറത്തുനിന്ന് അവൾ വീണ്ടും വിളിക്കുന്നു:

ഉണ്ണീ… വാ കളിക്കാൻ പോകാം…

അനുജ.കെ

മഴത്തുള്ളികൾ നെറ്റിത്തടത്തിലേക്കു വീണപ്പോളാണ് ഞാൻ കണ്ണ് തുറന്നത്. വീടെത്താറായിരിക്കുന്നു. തിരക്കു പിടിച്ചു ബാഗിൽ നിന്നും കുടയെടുത്തു. ബസ്സിറങ്ങി കുറച്ചു ദൂരം നടക്കണം വീട്ടിലെത്താൻ. നീണ്ട യാത്ര കഴിഞ്ഞതിന്റെ ക്ഷീണത്തിൽ നടപ്പിന് ഒരു വേഗത കിട്ടുന്നില്ല. പെട്ടെന്നാണ് പുറകിൽ നിന്ന് ഒരു കൂക്കു വിളി കേട്ടത്. തിരിഞ്ഞു നോക്കിയപ്പോൾ കടത്തിണ്ണയിൽ മുഷിഞ്ഞ കോട്ടും സ്യൂട്ടുമിട്ടു ഒരാൾ ചിരിച്ചു കൊണ്ട് നിൽക്കുന്നു. ഏറെ നാളുകൾക്കു ശേഷം തമ്മിൽ കാണുകയാണ്.

മഴക്കാലം തുടങ്ങിയിരിക്കുന്നു…. അന്തരീക്ഷം തണുപ്പ് കൊണ്ട് നിറയുകയാണ്. ഞാൻ സാരി തലപ്പ് പുതപ്പാക്കാനുള്ള ശ്രമത്തിനിടയിൽ ചിരിക്കുള്ള മറുപടിയായി “തണുപ്പുണ്ടോ?…… ” എന്നൊരു ചോദ്യം.

നേരം ഒരുപാട് വൈകിയിരിക്കുന്നു…. ഈ തണുപ്പത്ത് അയാൾ എന്ത് ചെയ്യും….. എവിടെ കിടന്നുറങ്ങും….. എന്തായിരിക്കും കഴിക്കുന്നത്…… വ്യാകുലപ്പെടുന്ന മനസ്സിനെ അടക്കിപ്പിടി ച്ചുകൊണ്ടു ചോദ്യത്തിന്റെ മറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ നടപ്പിന്റെ വേഗം കൂട്ടി…….

അമ്മയുടെ നാട്ടിൽ വലിയൊരു കോലാഹലം സൃഷ്ടിച്ചായിരുന്നു ഞാനും എന്റെ സഹോദരനും ഭൂജാതരായത് .

ഇരട്ടക്കുട്ടികൾ !!! ഞങ്ങൾ ഇരട്ടക്കുട്ടികളാണെന്ന് ഒരു എക്സ്-റേയിലൂടെയാണ് ആശുപത്രി അധികൃതരും വീട്ടുകാരും മനസ്സിലാക്കുന്നത്. ഏറെ വിവാദമായ ആ എക്സ്-റേ പിന്നീട് ഞാനും കണ്ടിട്ടുണ്ട്. എക്സ്-റേയിൽ എന്റെ സഹോദരൻ ഒരു കൂടയ് ക്കുള്ളിലായിരുന്നു. ഞാൻ ജനിച്ച് മൂന്ന് മിനിറ്റിനു ശേഷമാണ് അവനെ പുറത്തേയ്ക്ക് എടുക്കുന്നത്. കൂടയ്ക്കു ഉള്ളിൽ നിന്നും പുറത്തെടുക്കണമല്ലോ !!… പക്ഷേ അവന്റെ വരവ് വലിയ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് ആയിരുന്നു. അപ്പോഴാണ് മൂന്ന് മിനിറ്റ് മുൻപ് പുറത്തുവന്ന ഞാനും കരയുന്നത്. കൂട്ടനിലവിളി…. എനിക്ക് ചെവിക്കു കുഴപ്പമൊന്നുമില്ലയെന്ന് ബന്ധുക്കളുടെ കമന്റ്. ഇരട്ടക്കുട്ടികളിൽ രണ്ടാമത് ജനിച്ചയാളാണ് മൂത്തത് എന്നൊരഭിപ്രായം പരക്കെയുണ്ട്. അങ്ങനെയെങ്കിൽ എന്റെ സഹോദരനാണ് മൂത്തയാൾ. പക്ഷേ ആ മൂന്ന് മിനിറ്റ് കണക്ക് പരിശോധിച്ചാൽ ഞാനാണ് മൂത്തത്. ഞങ്ങൾ തമ്മിൽ മൂത്തയാളാരാരാണെന്നുള്ള തർക്കം ഇന്നും നിലനിൽക്കുന്നു…

എന്റെ ജനനവും കടത്തിണ്ണയിൽ കണ്ടയാളും തമ്മിൽ എന്തു ബന്ധമെന്നോർക്കുന്നുണ്ടാവും. ഒരു മലയോരപ്രദേശത്തു ഒരു പുതിയ സ്കൂൾ തുടങ്ങുന്നതിനായി എത്തിയ അധ്യാപക ദമ്പതികളുടെ അരുമ സന്തതികൾ ആ നാട്ടുകാരുടെ മുഴുവൻ ഓമനകളായിരുന്നു. താലോലിക്കാൻ അപ്പച്ചനും( കടത്തിണ്ണയിൽ കണ്ടയാളെ അങ്ങനെയാണ് നാട്ടിൽ അറിയപ്പെടുന്നത് ) ആവശ്യപ്പെടാറുണ്ടായിരുന്നു.
അച്ഛനോട് കുഞ്ഞുങ്ങളെ എടുക്കാൻ തരണമെന്ന് പറയും. അപ്പോൾ അച്ഛൻ തോർത്തും സോപ്പുമെടു ത്തു കൊടുത്തു കുളിച്ചിട്ടു വരാൻ പറയും. വല്ലപ്പോഴുമേ കുളിയുള്ളൂ…. കുളി കഴിഞ്ഞു വരുമ്പോൾ ഞങ്ങളെ മടിയിൽ വച്ചു കൊടുക്കും. അപ്പോൾ അപ്പച്ചന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു എന്ന് അമ്മ പറയാറുണ്ട്…. ആ സ്നേഹമായിരിക്കണം ഇന്നും ആ കൂക്കു വിളിയിൽ.സ്നേഹത്തിന്റെ വിളി….
തണുപ്പിനെ പ്രതിരോധിക്കാൻ ചൂടു കാപ്പിയും മോന്തികൊണ്ട് ഞാൻ വീടിന്റെ ഉമ്മറത്തേയ്‌ക്ക്‌ വന്നപ്പോൾ അപ്പച്ചനുണ്ട് മുറ്റത്തു നിൽക്കുന്നു.

എന്റെ ചോദ്യത്തിനുത്തരം തരാൻ വന്നതാണോ??

അനുജ.കെ

ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍ എന്റെ ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

ലോക പ്രവാസി മലയാളികളുടെ പ്രിയ പ്രസിദ്ധീകരണം ജ്വാല ഇ-മാഗസിൻ കെട്ടിലും മട്ടിലും കൂടുതൽ മാറ്റങ്ങളുമായി പുതിയ ലക്കം പ്രസിദ്ധീകരിച്ചു. മലയാളത്തിന്റെ മഹാ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മുഖ ചിത്രത്തോടെ പുറത്തിറങ്ങിയ ജൂലൈ ലക്കം ഉള്ളടക്കത്തിലും ഉന്നത നിലവാരം പുലർത്തുന്നു.

കേരളത്തിൽ നടക്കുന്ന ഭീതിതമായ രാഷ്ട്രീയ സാമൂഹ്യ സംഭവ വികാസങ്ങളെ കണ്ടുകൊണ്ട് എഴുതിയിരിക്കുന്ന എഡിറ്റോറിയലിൽ, പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെ നേരിടുവാൻ യുക്മ പോലുള്ള ദേശീയ സംഘടനകൾ മുന്നോട്ട് വരണമെന്ന് ചീഫ് എഡിറ്റർ റജി നന്തികാട്ട് ആവശ്യപ്പെടുന്നു.

എഡിറ്റോറിയൽ ബോർഡ് അംഗവും ചിത്രകാരനുമായ സി ജെ റോയി വരച്ച ചിത്രങ്ങൾ രചനകളെ കൂടുതൽ മനോഹരമാക്കുന്നു. അദ്ദേഹത്തിന്റെ “വിദേശ വിചാരം” എന്ന കാർട്ടൂൺ പംക്തിയും കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തിന്റെ ജീർണ്ണാവസ്ഥയെ ചൂണ്ടിക്കാണിക്കുന്നു. ബീന റോയിയുടെ എസ്കോർട്ട് എന്ന കഥയും “ജ്വാല” എഡിറ്റോറിയൽ അംഗവും സാഹിത്യകാരിയുമായ നിമിഷ ബേസിൽ എഴുതിയ കവിതയും ഈ ലക്കത്തെ കൂടുതൽ സമ്പന്നമാക്കുന്നു.

ജ്വാലയുടെ മുൻ ചീഫ് എഡിറ്ററും സാഹിത്യകാരനുമായ കാരൂർ സോമന്റെ “വർഷമേഘങ്ങൾ” എന്ന കവിതയും ജൂലൈ ലക്കത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. കൂടാതെ സോഷ്യൽ മീഡിയകളിൽ സജീവമായി എഴുതുന്ന എഴുത്തുകാരുടെ കഥകളും കവിതകളുമായി ജ്വാല ഇ-മാഗസിൻ ജൂലൈ ലക്കം സാഹിത്യ രചനകളാൽ സമൃദ്ധമാണ്.

പ്രമുഖ സാഹിത്യകാരൻ ടി ഡി. രാമകൃഷ്ണനുമായുള്ള അഭിമുഖം അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടുകളും നിരീക്ഷണങ്ങളും നന്നായി വെളിപ്പെടുത്തുന്നു. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ പ്രസ്ഥാനമായ യുക്മയുടെ കലാ സാംസ്ക്കാരിക വിഭാഗമായ യുക്മ സാംസ്ക്കാരികവേദിയുടെ നേതൃത്വത്തിലാണ് ജ്വാല ഇ-മാഗസിൻ പ്രസിദ്ധീകരിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ജ്വാല ഇ-മാഗസിന്റെ ജൂലൈ ലക്കം വായിക്കുക

ജോൺ കുറിഞ്ഞിരപ്പള്ളി

ഈ ജോലി വേണ്ട എന്ന് തീരുമാനിക്കാൻ എനിക്ക് അധികസമയം വേണ്ടിവന്നില്ല.ഞാൻ ആ ഓഫർ ലെറ്റർ ചുരുട്ടിക്കൂട്ടി ചവറ്റുകൂട്ടയിലേക്ക് ഇട്ടു .
ജോൺ ചെറിയാനും ഉണ്ണികൃഷ്ണനും ഒരേ ശബ്ദത്തിൽ ചോദിച്ചു.
“എന്തുവിവരക്കേടാണ് നീ കാണിക്കുന്നത്?”
ഇത് എന്തെങ്കിലും അഭ്യാസമാകാനാണ് വഴി,എന്നായിരുന്നു എൻ്റെ നിഗമനം.
ഇനിയും തക്കം കിട്ടിയാൽ ആ സ്ത്രീ എന്തെങ്കിലും വിളച്ചിൽ കാണിക്കാതിരിക്കില്ല. അവരുടെ കീഴിൽ ജോലി ചെയ്യുക എന്നത് ചിന്തിക്കാൻ പോലും പറ്റില്ല.
പക്ഷെ,ഇനി എന്ത് എന്ന ചോദ്യം ബാക്കിയായി.കയ്യിലെ കാശു തീർന്നു തുടങ്ങുന്നു.എളുപ്പവഴി അമ്മച്ചിയോട് അപ്പച്ചൻ അറിയാതെ കുറച്ചു പൈസ അയച്ചുതരാൻ പറയുകയാണ്.
ഞങ്ങളുടെ സംസാരം കേട്ടുകൊണ്ടിരുന്ന ജോസഫ് മാത്യു എന്ന മലബാർ ലോഡ്ജിലെ ഒരു അന്തേവാസി പറഞ്ഞു.അവന് പരിചയമുള്ള ഒരു കമ്പനിയിൽ വേണമെങ്കിൽ ഒരു ചാൻസ് നോക്കാം എന്ന്.
ജോസഫ് മാത്യു ഇൻഡോറിലുള്ള ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സെയിൽസ് റെപ്പ്റസൻറ്റിവ് ആണ്.അവരുടെ ബാംഗ്ലൂർ സെയിൽസ് ഡിവിഷനിൽ ആണ് ഇപ്പോൾ ജോലിചെയ്യുന്നത്..
രണ്ടു മീറ്റർ നീളമുള്ള ജോസഫ് മാത്യുവിൻ്റെ ശബ്ദം വളരെ പതുക്കെയാണ്. സംസാരിക്കുമ്പോൾ അല്പം കുനിയുകയും ചെയ്യുന്നതുകൊണ്ട് ഒരു ജിറാഫ് വർത്തമാനം പറയുകയാണ് എന്നേ തോന്നൂ.
ജോലിക്കുള്ള ഉണ്ണികൃഷ്ണന്റെ ഓഫർ മറ്റൊന്ന് കാത്തിരിക്കുന്നു.
മലബാർ ലോഡ്ജി ൻ്റെ ഏറ്റവും വലിയ സൗകര്യം വെള്ളം ഇഷ്ടംപോലെ കിട്ടാനുണ്ട് എന്നതായിരുന്നു.
ലോഡ്‌ജിൻ്റെ മുറ്റത്തുതന്നെയുള്ള കിണറ്റിൽ വെള്ളം സുലഭമായിരുന്നു. അധികം ആഴമില്ല എപ്പോഴും ആവശ്യത്തിനുള്ള വെള്ളം കിട്ടാനുമുണ്ട് .ബാംഗ്ലൂരിലെ ജലക്ഷാമം, കാവേരി നദി മുഴുവൻ അവിടേക്ക് തിരിച്ചുവിട്ടാലും തീരില്ല എന്നോർക്കണം.
ഒരു നൂറുവർഷത്തിൽ കൂടുതൽ പഴക്കമുള്ള കെട്ടിടമാണ് മലബാർ ലോഡ്ജ് എങ്കിലും അവിടെ താമസിക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം വെള്ളത്തി ൻ്റെ സൗകര്യം തന്നെ ആയിരുന്നു.
എൻ്റെ ഡ്രെസ്സകൾ കഴുകുക എന്നത് ഒരു വിരസമായ ജോലിയായി എനിക്ക് തോന്നി.
ജോൺ സെബാസ്റ്റിയനും ഉണ്ണികൃഷ്ണനും അവരുടെ ഷർട്ടുകളും പാൻറ്സുകളും കഴുകുന്നതിനായി ബക്കറ്റിൽ സോപ്പ് വെള്ളത്തിൽ കുറച്ചുസമയം കുതിർത്തു വെക്കുന്ന സ്വഭാവം ഉണ്ട്.അവർ ഇങ്ങനെ കുതിർത്തു കഴുകാനായി വച്ചിരിക്കുന്ന തുണികളുടെ അടിയിൽ ആരും കാണാതെ എൻ്റെ ഷർട്ടും പാൻറ്സും തിരുകിവയ്ക്കും.
അവരുടെ ഷർട്ട് കഴുകാൻ എടുത്തപ്പോൾ അബദ്ധത്തിൽ എൻ്റെ ഡ്രസ്സുകളും എടുത്തുപോയതായിരിക്കും എന്ന ധാരണയിൽ സോറി പറഞ്ഞു അവർ അതുകൂടി വാഷ് ചെയ്തു വെക്കും .
അങ്ങിനെ വലിയ അല്ലലില്ലാതെ കാര്യങ്ങൾ നടന്നുപോകുന്നുണ്ടങ്കിലും സ്ഥിരമായ ഒരു സംവിധാനം ഉണ്ടാക്കുന്നതിനെക്കുറിച്ചു ആലോചിച്ചുകൊണ്ടിരിക്കുമ്പോളാണ് ജിറാഫ് ജോലിക്കാര്യം പറയുന്നത്.
ഇവർക്കെല്ലാം എന്ത് അസുഖമാണെന്ന് മനസിലാകുന്നില്ല.
എന്നേക്കാൾ എനിക്ക് ജോലികിട്ടേണ്ടത് അവരുടെ ആവശ്യമാണ് എന്നുതോന്നുന്നു.
അങ്ങിനെ ജോസഫ് മാത്യു തന്ന അഡ്രസ്സിൽ വിളിച്ചു നോക്കി.അവർ അടുത്ത ദിവസം കാലത്തു പത്തുമണിക്ക് ചെല്ലാൻ പറഞ്ഞു.സിറ്റി മാർക്കറ്റിൽ ചിക്പെട്ട് റോഡിലാണ് അവരുടെ ഓഫിസ്.
റാം അവതാർ ആൻറ് കമ്പനി എന്നാണ് പേര് .
ഒന്ന് പോയി നോക്കുന്നതിൽ തകരാറൊന്നും ഇല്ലല്ലോ.
ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു കാർ ലോഡ്ജിൻ്റെ മുൻപിൽ വന്നു നിന്നു.അതിൽ നിന്നും ഒരു സ്ത്രീ,അന്ന് ഞങ്ങളെ കാറിൽ കയറ്റിയ ആ സ്ത്രീ തന്നെ ,ഇറങ്ങി വരുന്നു.
ആരും ഞെട്ടിപ്പോകും
ഓഫിസിൽ വച്ചുകണ്ടപ്പോൾ പ്രായം തോന്നിയിരുന്നു.ഇത് ഒരു കോളേജ് വിദ്യാർഥിയെപ്പോലെ സ്മാർട്ട് ആയി ഡ്രസ്സ് ചെയ്ത ഒരു പെൺകുട്ടി..

“ഹലോ, മാത്യു, നിന്നെ തേടി വന്നതാണ് ഞാൻ.”
“ഹലോ”
ജോലി മിക്കവാറും വേണ്ട എന്ന് വച്ചിട്ടുണ്ടാകും,അല്ലെ”?
ഇതൊരു വിളഞ്ഞ വിത്തു തന്നെ.ഞാൻ മനസ്സിൽ വിചാരിച്ചു.
“ഹേയ് അങ്ങിനെ തീരുമാനമൊന്നും എടുത്തിട്ടില്ല”
എൻ്റെ CV നോക്കി അഡ്രസ് കണ്ടുപിടിച്ചു വന്നിരിക്കുകയാണ്.
“ഉം ,വെറുതെ കള്ളം പറയണ്ട മത്തായി.മാത്യു,നിനക്ക് എന്നെ അറിഞ്ഞുകൂടാ എങ്കിലും എനിക്ക് നിന്നെ നന്നായി അറിയാം ഞാൻ ശ്രുതി .ശ്രുതി ഡേവിഡ്. നമ്മൾ ഒരേ കോളേജിൽ ഉണ്ടായിരുന്നവരാണ്”
“കണ്ടതായി ഓർമ്മയില്ല”
“.ഞാൻ സയൻസ് ഗ്രുപ്പിലായിരുന്നു. നീ ഇംഗ്ലീഷ് ലിറ്ററേച്ചറും.ശരിയല്ലേ?”
“ശരിയാണ്” .
“പിന്നെ മൂവായിരത്തിൽ അധികം കുട്ടികളുള്ള ഒരു കോളേജിലെ എല്ലാവരും തമ്മിൽ അറിയണമെന്നില്ലല്ലോ.? ഇപ്പോൾ നാടകം കളി ഒന്നും ഇല്ലേ?”
“സത്യം പറഞ്ഞാൽ തമ്മിൽ കണ്ടതായി ഓർമ്മയില്ല”
“നീ കോളേജിൽ പ്രസിദ്ധനായിരുന്നല്ലോ.നമ്മളെല്ലാം പഠിപ്പ് മാത്രം തലയിൽ ഉള്ളവരും”ഒന്ന് നിർത്തിയിട്ട് അവൾ ചോദിച്ചു.
“നീ എന്താ ജോലിക്കൊന്നും ശ്രമിക്കാതിരുന്നത്?”
“നിൻറ്റെ കാഞ്ഞിരപ്പള്ളിയിലെ പപ്പയ്ക്ക് സുഖമല്ലേ?”വിഷയം മാറ്റാനായി ഞാൻ കണ്ട സൂത്രമായിരുന്നു
അവൾ പൊട്ടിച്ചിരിച്ചു.”നിന്റെ അഭ്യാസത്തിന് ഞാൻ ഒരു പൂള് ഇറക്കിയതല്ലേ?”
“ഞാൻ ആ ജോലി അത്ര സീരിയസ്സായി എടുത്തിരുന്നില്ല.എല്ലാവരും നിർബന്ധിച്ചപ്പോൾ വന്നു എന്നേയുള്ളു.”
” മാത്യു നിന്റെ പഴയ കമ്പനിയുമായി കണക്ഷൻ ഉണ്ടോ ഇപ്പോഴും?”അവൾ നിർത്താതെ ഓരോന്ന് ചോദിച്ചുകൊണ്ടിരിക്കുകയാണ്.
ഒരു കാര്യം മനസ്സിലായി.അവൾ എന്നെക്കുറിച്ച് വിശദമായി മനസ്സിലാക്കിയിട്ടുണ്ട്.
അവളുടെ ചോദ്യത്തിന് മറുപടി പറയേണ്ടിവന്നില്ല.ഒരു ഫോൺ കോൾ രക്ഷിച്ചു.
പ്രസാദ് ആണ്.എന്നെ ബാംഗ്ലൂർ കൊണ്ടുവന്നവൻ.
അവന് ഇന്ന് ഫ്രീ ആണ്.ലോഡ്ജിലേക്ക് വരുന്ന വഴിയാണ് എന്ന് .
ഇടക്ക് ഇടക്ക് വിളിച്ചു ക്ഷേമന്യഷണം നടത്താൻ അവൻ മറക്കാറില്ല.ഒരുകണക്കിന് പാവമാണ് അവൻ.
ജീവിക്കാൻവേണ്ടി ഓരോ വേലയിറക്കുന്നു..
“എൻ്റെ സുഹൃത്താണ് .അവൻ കാരണമാണ് ഞാൻ ബാംഗ്ലൂർ വന്നത്.വിവാഹം ഒക്കെ ഉറപ്പിച്ചു കാത്തിരിക്കുകയാണ്.”
അവനോടൊത്തുള്ള രണ്ടു ദിവസത്തെ ജീവിതവും അവൻ്റെ അഭ്യാസങ്ങളും വിവരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവൻ ഒരു ഓട്ടോ റിക്ഷയിൽ ലോഡ്ജിനുമുന്പിൽ ഇറങ്ങി.അവൻ നടന്നു വന്ന് ലോഡ്ജിൻ്റെ ഗെയ്റ്റ് തുറന്ന് അകത്തേക്ക് വന്നു.
ശ്രുതി എൻ്റെ കഥയിൽ രസിച്ചു ചിരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു.
“വിവാഹം ?അതും എന്തെങ്കിലും ഉടക്ക് കേസ് ആയിരിക്കും അല്ലെ?”അവൾ ചോദിച്ചു.
“അറിയില്ല”
“എടാ,മത്തായി………..”
പെട്ടന്ന് അവൻ്റെ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ അവൾ സ്തംഭിച്ചുപോയി.
“ഇതാണോ മാത്യു പറഞ്ഞ പ്രസാദ്………….?”
“അതെ:”
അവളെ കണ്ടതും പ്രസാദിനും ഷോക്ക് ഏറ്റതുപോലെ ആയി.
രണ്ടുപേരും മുഖത്തോട് മുഖം നോക്കി ഒരു നിമിഷം നിന്നു.അവൾ പറഞ്ഞു.
“പിന്നെ കാണാം മാത്യു…………. ……….ജനറൽ മാനേജർ…..തെണ്ടി……”
അവസാന വാക്ക് പറഞ്ഞത് പതുക്കെയായിരുന്നു.
അവൾ ചെന്ന് കാറിൽ കയറി.
“ശ്രുതി………….”
“ഞാൻ പിന്നെ വിശദമായി പറയാം ”
അവൾ പോയി.
പ്രസാദ് ചോദിച്ചു.”നീ എല്ലാം അവളോട് പറഞ്ഞു അല്ലെ?”
“അതെ,ഞങ്ങൾ ഒരേ കോളേജിൽ പഠിച്ചതാണ്,നിനക്ക് അവളെഎങ്ങിനെ അറിയാം?”
അവൻ ഒന്നും പറഞ്ഞില്ല.
പ്രസാദിൻ്റെ ഭാവി ഭാര്യ ആകേണ്ടവൾ.
ഒരു നിമിഷം കൊണ്ട് എല്ലാം തകർന്നു.
അവൻ എന്നെ ദയനീയമായി നോക്കി.
ഞാൻ അവൻ്റെ സ്വപ്ങ്ങൾ തകർത്തുകളഞ്ഞ മണ്ടൻ ആയ മത്തായിആണന്നു കരുതുന്നുണ്ടാകും.
ഞാൻ എന്ത് ചെയ്യാൻ?
“അവൾ എന്താ പതുക്കെ പറഞ്ഞത്?”
“തെണ്ടി,എന്നാണ് പറഞ്ഞത്”..
“എങ്കിൽ നിന്നെ വിളിച്ചതാണ് തെണ്ടി എന്ന് .എല്ലാം അവളോട് പറഞ്ഞ നീ ഒരു തെണ്ടി തന്നെ.”.
അവൻ പണിത് ഉയർത്തിയ സ്വപ്നങ്ങളുടെ കൊട്ടാരം തകർന്നു വീണു.
“പക്ഷേ നീ കാണിച്ചത് …?
അവൻ ഒന്നും കേൾക്കാൻ നിന്നില്ല.
ഞാൻ ഒരു ശത്രുവിനെ നേടിയെടുത്തു.
കുനിഞ്ഞ ശിരസ്സുമായി അവൻ ഒന്നും മിണ്ടാതെ നടന്നുപോകുന്നത് നോക്കി നിൽക്കാനേ എനിക്ക് കഴിയുമായിരുന്നുള്ളൂ.
(തുടരും)

“ഒരു മണ്ടൻ്റെ സ്വപ്നങ്ങൾ” അദ്ധ്യായം -3

ജോൺ കുറിഞ്ഞിരപ്പള്ളി

ഷിജോ ഇലഞ്ഞിക്കൽ

അവർ പ്രണയിച്ചുതുടങ്ങിയിട്ട് അന്നേക്ക് ഇരുപത്തിയഞ്ചുവര്ഷം പൂർത്തിയാകുകയായിരിന്നു …
മെഴുകുതിരിവെളിച്ചത്തിൽ അത്താഴ0 കഴിച്ചു, പതിവിലുംകൂടുതൽനേരം വർത്തനമാനം പറഞ്ഞു …
രാവേറെയായ് …ഇനിയുറങ്ങാം: അവൾ പറഞ്ഞു.
അവൻ്റെ നെഞ്ചോടുചേർന്ന്അവൾക്കിടന്നു …
ചേട്ടന്റ്റെഹൃദയമിടിപ്പിന് എന്തോരുശബ്ദമാണ്, എനിക്കിതുകേട്ടിട്ട് ഉറങ്ങാൻപറ്റുന്നില്ല: അവൾ പരിഭവം പറഞ്ഞു.
ഒരൊറ്റദീർഘശ്വാസത്തിൽ അവൻ ഹൃദയമിടിപ്പ്നിറുത്തി; കാരണം അവൻ അവളെ അത്രമേൽ സ്നേഹിച്ചിരുന്നു …
അവൾ സുഖമായി ഉറങ്ങി …
അവനും !!!

ഷിജോ തോമസ്‌ ഇലഞ്ഞിക്കൽ

ഇംഗ്ലഡിലെ രേജിസ്റെർഡ് സോഷ്യൽ വർക്കറാണ്. സൈക്കോളജിയിൽ ബിരുദാനദരബിരുദം.UK യിൽ വിവിധ ഇടവകകളിൽ Children and Youth പേഴ്‌സണാലിറ്റി ഡെവലപ്മെൻറ്, റിട്രീറ്റ് പ്രോഗ്രാമുകൾ നടത്തിവരുന്നു. കൂട്ടിനൊരുദൈവം, നന്മ്മയുടെനിറം, Charge & Change എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: ജിംസി

മക്കൾ: ഹെയ്‌സൽമരിയ, ഹെലേനറോസ്

Email: [email protected]
Mobile: 07466520634

ജോൺ കുറിഞ്ഞിരപ്പള്ളി

കാറിൽ വന്ന ആ സ്ത്രീ ആരാണെങ്കിലും എനിക്ക് എന്താ?അതായിരുന്നു എന്റെ ചിന്ത.പക്ഷേ ഇന്റർവ്യൂ ചെയ്യുന്ന സ്ഥലത്തെങ്ങാനും അവർ എന്നെ കണ്ടാൽ നാ ണക്കേടാകും എന്ന് ഒരു ചിന്ത മനസ്സിനെ അലട്ടാതിരുന്നുമില്ല
ഞാൻ റിസപ്ഷനിൽ റിപ്പോർട്ട് ചെയ്തു.ജോൺ സെബാസ്റ്റ്യൻ ഗേറ്റിൽ ഞാൻ തിരിച്ചുവരുന്നതുവരെ കാത്തു നിൽക്കാം എന്നും തീരുമാനിച്ചു.
ഞാൻ വിചാരിച്ചതിലും വലിയ ഒരു സ്ഥാപനമായിരുന്നു NGEF.റിസപ്ഷനിൽ ഏതാണ്ട് ഇരുപതോളം പേർ ഇന്റർവ്യൂ ന് എത്തിയിട്ടുണ്ട്.എല്ലാവരുടെയും മുഖത്ത് പരിഭ്രമവും ഭയവും തെളിഞ്ഞു കാണാം.എന്നെ സംബന്ധിച്ച് ഇത് ആദ്യത്തെ ഇന്റർവ്യൂ ആണ്.കിട്ടിയാൽ കിട്ടി,പോയാൽ പോട്ടെ എന്ന ഒരു ആറ്റിട്യൂട് ആയിരുന്നു മനസ്സിൽ.
നാട്ടിലെ ക്ലബും ചീട്ടുകളിയും മറ്റുമായിരുന്നു എനിക്ക് ഈ ജോലിയെക്കാൾ പ്രധാനം.
ഒരു ക്ലാർക്ക് വന്ന് എല്ലാവരുടെയും CV വാങ്ങി അകത്തേക്ക് പോയി.
കുറച്ചുകഴിഞ്ഞു ഓരോരുത്തരെയായി ഇന്റർവ്യൂ ന് വിളിച്ചു തുടങ്ങി.
എനിക്ക് മനസ്സിൽ ഭയം ഇല്ലാതില്ല.ഞങ്ങളെ കാറിൽ കയറ്റി ഇവിടെ എത്തിച്ച ആ സ്ത്രീ ഞാൻ ഇവിടെ ഇരിക്കുമ്പോൾ കയറി വന്നാൽ ആകെ നാണക്കേടാകും.അഥവാ അവർ കയറി വന്നാൽ എന്തുചെയ്യണം ?അവരിൽ നിന്നും രക്ഷപ്പെടുന്നത് പ്ലാൻ ചെയ്തുകൊണ്ടിരിക്കുമ്പോൾ ക്ലർക്ക് വന്ന് എന്റെ പേരുവിളിച്ചു.
“മാത്യു എം.എ.”
രക്ഷപെട്ടു.ഇനി അവരെ പേടിക്കണ്ട .തമ്മിൽ കണ്ടാൽ എന്തെങ്കിലും തരികിട കാണിച്ചു രക്ഷപെടാം.
ഞാൻ വാതിൽ തുറന്ന് അകത്തുകയറി.
അഞ്ചുപേരടങ്ങുന്ന ഒരു ഗ്രൂപ് ആയിരുന്നു ഇന്റർവ്യൂ ബോർഡ് .നടുഭാഗത്തെ സീറ്റിൽ ഒരു സ്ത്രീ ഇരിക്കുന്നു.ഞാനൊന്നേ നോക്കിയുള്ളൂ.അത് അവരായിരുന്നു, ഞങ്ങളെ കാറിൽ കയറ്റി കൊണ്ടുവന്ന ആ യുവതി.
അവർ യാതൊരു പരിചയവും കാണിച്ചില്ല.പുരുഷന്മാരിൽ ഒരാൾ ഇരിക്കാൻ പറഞ്ഞു.ഞാൻ കസേരയുടെ ഒരറ്റത്തിരുന്നു.
അവർ എന്നെ തിരിച്ചറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. ഒന്നും മനസ്സിലാകുന്നില്ല.ഒരാൾ എന്റെ ബയോ ഡാറ്റ നോക്കിയിട്ട് മദ്ധ്യത്തിൽ ഇരിക്കുന്ന സ്ത്രീയുടെ കയ്യിലേക്ക് കൊടുത്തു.ആരൊക്കെയോ എന്തൊക്കെയോ ചോദ്യങ്ങൾ ചോദിച്ചു.എന്തൊക്കെയോ ഉത്തരങ്ങൾ പറഞ്ഞു.
എങ്ങിനെയെങ്കിലും ഇത് അവസാനിപ്പിച്ചിട്ട് രക്ഷപ്പെട്ടാൽ മതിയെന്നായി.ഇനി ബോർഡ് ചെയർമാന്റെ ഊഴമാണ്.അവർ മലയാളി അല്ലാത്തത്.ഭാഗ്യമായി.ഞങ്ങൾ മലയാളത്തിൽ അവരെക്കുറിച്ചു തമ്മിൽ പറഞ്ഞ വളിച്ച കോമഡി ഏതായലും അവർക്ക് മനസിലായിട്ടില്ല.
പിന്നെ ഒരു ലിഫ്റ്റ് കിട്ടാൻ ഒരു ചീപ് കളി കളിച്ചു.
സാരമില്ല.
ഞാൻ സ്വയം സമാധാനിച്ചു.
അല്ലെങ്കിൽ ഞാൻ എന്തിന് പേടിക്കണം?ഇത് കൊലപാതക കേസ് ഒന്നുമല്ലല്ലോ.
കൂടിവന്നാൽ ഈ ജോലി കിട്ടില്ല. അത്ര തന്നെ.
എന്റെ ബയോ ഡാറ്റയിൽ നിന്ന് മുഖമുയർത്തി അവർ ഒരുചോദ്യം.
“മാത്യു ,പാലാക്കാരൻ ആണ് അല്ലെ”?
ഈശ്വര ഇവർ മലയാളി ആണോ ?വായിലെ ഉമിനീർ വറ്റിപോയി.”കൂട്ടുകാരൻ എവിടെ,?നിങ്ങളുടെ അസിസ്റ്റന്റ്?”
ഒന്നും പറയാതെ ഞാൻ സീറ്റിൽ നിന്നും എഴുനേറ്റു.ഇനി ഇവിടെ ഇരുന്നിട്ട് പ്രയോജനമില്ല.
അവർ പറഞ്ഞു.”ഇരിക്കൂ”
ഞാൻ അറിയാതെ ഇരുന്നുപോയി.അപ്പോൾ ഞാൻ തീരുമാനിച്ചു,ഇവരെ അങ്ങിനെ ജയിക്കാൻ അനുവദിക്കരുത്.
“അല്ല.കാഞ്ഞിരപ്പള്ളിയാണ്”ഞാൻ വെറുതെ തട്ടിവിട്ടു.
“അവിടെ?”
“കൊട്ടാരത്തിൽ ജോസഫ് എന്ന് കേട്ടിട്ടുണ്ടോ?”അറിയുന്ന ഏറ്റവും വലിയ പണക്കാരന്റെ പേര് വെറുതെ പറഞ്ഞതാണ്.
“കേട്ടിട്ടുണ്ട് ,എന്നുമാത്രമല്ല അടുത്തറിയും എൻ്റെ പപ്പയാണ്”അവർ തുടർന്നു.
“പപ്പാ വലിയ തമാശക്കാരനാണ്.”
ഞാൻ ശരിക്കും വിയർത്തുപോയി.അവരെ പറ്റിക്കാൻ കാഞ്ഞിരപ്പള്ളിയിലെ ഏറ്റവും ധനികനായി അറിയപ്പെടുന്ന ആളിന്റെ പേര് പറഞ്ഞതാണ്.
“എൻ്റെ പപ്പയുടെ ഓരോ താമാശുകൾ..അതുപോകട്ടെ ,അപ്പോൾ എന്റെ ജോലിയുടെ കാര്യം എങ്ങിനെ?”
ഇത്രയുമായപ്പോൾ ഞാൻ ധൈര്യം സംഭരിച്ചു ചോദിച്ചു
“പേരെന്താ?”
“നിങ്ങളുടെ തരികിട കളി കണ്ടപ്പോഴേ എനിക്ക് മനസ്സിലായി നിങ്ങൾ മലയാളികളാണെന്ന്”അവർ പറഞ്ഞു.അടുത്ത ചോദ്യത്തിൽ ശരിയ്ക്കും ഞാൻ ചമ്മി.
.”നിങ്ങളുടെ സ്റ്റീയറിങ് കൂട്ടുകാരന്റെ കയ്യിലാണോ?”
“അത് വെറുതെ.വഴി അറിഞ്ഞുകൂടാത്തതുകൊണ്ട് ലോഡ്ജിൽ നിന്നും കൂട്ടികൊണ്ടു വന്നതാണ് അയാളെ..”
അവർ പിന്നെ കൂടുതൽ ഒന്നും ചോദിച്ചില്ല.ബോർഡിൽ ഉള്ളവർ ഞങ്ങൾ സംസാരിക്കുന്നത് ശ്രദ്ധിക്കുന്നതുകൊണ്ടായിരിക്കണം.
ഇന്റർവ്യൂ കഴിഞ്ഞുപുറത്തിറങ്ങിയപ്പോൾ കാഞ്ഞിരപ്പള്ളിയിലുള്ള എൻ്റെ അടുത്ത ഒരു സുഹൃത്ത് ,ജെയിംസിനെ ഓർമ്മ വന്നു.ഏതായാലും അവനെ ഒന്ന് വിളിച്ചു നോക്കാം.
സംസാരമദ്ധ്യേ അവനോട് കാര്യം പറഞ്ഞു,”എടാ നീ കൊട്ടാരത്തിൽ ജോസഫ് ചേട്ടനെ അറിയുമോ?”
“അറിയും.ഞങ്ങളുടെ അടുത്ത ബന്ധു ആണ്”.
“പുള്ളിക്കാരന്റെ മകളെ ഇന്ന് പരിചയപ്പെട്ടു”
“മകളെ?”
“അതെ.ബാംഗ്ലൂരിൽ വച്ച്”
“അതിന് അങ്കിളിന് മകളില്ലല്ലോ”
“നീ എന്താ പറഞ്ഞത്?.മകൾ ഇല്ലന്നോ?”
“അങ്കിളിന് പെണ്മക്കളില്ല.രണ്ട് ആണ്കുട്ടികളേയുള്ളു.”
അപ്പോൾ ഞാൻ വെറും മത്തായി .
ശശി വീണ്ടും ശശി ആയി എന്ന് പറയുന്നതുപോലെ മത്തായി വീണ്ടും വെറും മത്തായി.
എന്നാൽ പോസ്റ്റിൽ അടുത്ത ദിവസം വന്ന ലെറ്റർ തുറന്നു നോക്കിയപ്പോൾ ഞാൻ വീണ്ടും ഞെട്ടിപ്പോയി.
N.G.E.F.ൽ HR ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റ് ആയി ജോലിക്കുള്ള ഓഫർ ലെറ്റർ ആയിരുന്നു അത്.

(തുടരും)

ഒരു മണ്ടൻ്റെ സ്വപ്നങ്ങൾ”   നോവൽ അദ്ധ്യായം -2

 

ജോൺ കുറിഞ്ഞിരപ്പള്ളി

RECENT POSTS
Copyright © . All rights reserved