പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ് 9 പൗണ്ടാക്കി ഉയര്‍ത്താനുള്ള എന്‍എച്ച്എസ് പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. രോഗികള്‍ക്ക് അത്യാവശ്യമായ ചികിത്സ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യം ഇതു മൂലം ഉണ്ടാകുമെന്ന് ക്യാംപെയിനര്‍മാര്‍ പറയുന്നു. ഏപ്രില്‍ 1 മുതല്‍ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ഇന്നലെ പ്രഖ്യാപിച്ചു. നിലവിലുള്ള 8.80 പൗണ്ടില്‍ 20 പെന്‍സ് വര്‍ദ്ധിപ്പിച്ച് 9 പൗണ്ടാക്കുമെന്നാണ് അറിയിപ്പ്. 16 വയസില്‍ താഴെയും 60 വയസിനു മുകളിലും പ്രായമുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും മാത്രമാണ് ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കുക. റോയല്‍ ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റി ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

മരുന്നുകള്‍ക്കുള്ള ചെലവ് താങ്ങാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ രോഗങ്ങള്‍ക്ക് കീഴടങ്ങുമെന്നും അനാരോഗ്യത്തിലേക്കും അനാവശ്യമായ ആശുപത്രി വാസത്തിലേക്കും നയിക്കപ്പെടുകയും ചെയ്യുമെന്നും സൊസൈറ്റി അധ്യക്ഷയായ സാന്ദ്ര ഗിഡ്‌ലി പറഞ്ഞു. തങ്ങള്‍ക്ക് താങ്ങാനാകാത്ത വിലയുള്ള മരുന്നുകള്‍ ഒഴിവാക്കണമെന്ന് രോഗികള്‍ ഫാര്‍മസിസ്റ്റുകളോട് ആവശ്യപ്പെടുന്നത് നിത്യ സംഭവമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇംഗ്ലണ്ടില്‍ മാത്രമാണ് നിലവില്‍ പ്രിസ്‌ക്രിപ്ഷന്‍ നിരക്കുകള്‍ നല്‍കേണ്ടി വരുന്നത്. വെയില്‍സില്‍ 10 വര്‍ഷം മുമ്പ് ഇത് ഒഴിവാക്കിയിരുന്നു. 2010ല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡും 2011ല്‍ സ്‌കോട്ട്‌ലന്‍ഡും പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ് വേണ്ടെന്നു വെച്ചിരുന്നു.

ഇംഗ്ലണ്ടില്‍ അണ്‍ലിമിറ്റഡ് പ്രിസ്‌ക്രിപ്ഷനുകള്‍ക്കായി ഒരു പ്രീപേയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് സംവിധാനവും നിലവിലുണ്ട്. മൂന്നു മാസത്തേക്ക് 29.10 പൗണ്ടും ഒരു വര്‍ഷത്തേക്ക് 104 പൗണ്ടുമാണ് ഇതിന്റെ നിരക്ക്. 2016-17 വര്‍ഷത്തില്‍ 554.9 മില്യന്‍ പൗണ്ടാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ഇതിലൂടെ വരുമാനമുണ്ടാക്കിയത്. ഈ സംവിധാനത്തിലൂടെ സര്‍ക്കാര്‍ ജനങ്ങളെ ശിക്ഷിക്കുകയാണെന്നാണ് 45 ഹെല്‍ത്ത് ചാരിറ്റികളെയും സംഘടനകളെയും പ്രതിനിധീകരിക്കുന്ന പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജസ് കോയാലിഷന്‍ അഭിപ്രായപ്പെടുന്നത്.
പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരെ ടോറി കലാപം ശക്തമാകുന്നു. മൂന്നു മാസത്തിനുള്ളില്‍ പ്രധാനമന്ത്രി സ്ഥാനമൊഴിയേണ്ടി വരുമെന്ന ആവശ്യം സ്വന്തം ക്യാബിനറ്റില്‍ നിന്ന് ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രെക്‌സിറ്റിന്റെ അടുത്ത ഘട്ടത്തില്‍ മറ്റൊരാള്‍ നേതൃത്വത്തിലേക്ക് വരണമെന്ന ആവശ്യം അണിയറയില്‍ ശക്തമാണെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ് മാസത്തില്‍ നടക്കുന്ന ലോക്കല്‍ ഇലക്ഷനു ശേഷം മേയ് പ്രധാനമന്ത്രി സ്ഥാനം ഒഴിയണമെന്ന് ക്യാബിനറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടേക്കും. അത് നിരസിച്ചാല്‍ ഈ വര്‍ഷം അവസാനത്തോടെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് അവരെ പുറത്താക്കാനും നീക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. അടുത്ത പൊതുതെരഞ്ഞെടുപ്പിനു മുമ്പായി പാര്‍ട്ടി നേതൃസ്ഥാനമൊഴിയാം എന്ന നിബന്ധനയിലാണ് ഡിസംബറില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ മേയ് രക്ഷപ്പെട്ടത്.

പാര്‍ട്ടി നിയമം അനുസരിച്ച് ഡിസംബര്‍ വരെ മറ്റൊരു വോട്ടിനെ അഭിമുഖീകരിക്കാന്‍ പ്രധാനമന്ത്രിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്താനാവില്ല. എന്നാല്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിച്ചാല്‍ പുറത്താക്കുമെന്നാണ് മന്ത്രിമാര്‍ വ്യക്തമാക്കുന്നത്. ബ്രെക്‌സിറ്റിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ആഭ്യന്തര കലാപത്തിനാണ് കളമൊരുങ്ങുന്നത്. കടുത്ത ബ്രെക്‌സിറ്റ് വാദികളും മൃദു നിലപാടുകളുള്ള എംപിമാരും തമ്മില്‍ നേരിട്ടുള്ള പോര്‍മുഖം തുറന്നു കഴിഞ്ഞു. ബ്രെക്‌സിറ്റിനെ ഒരു മത്സരമായി കാണുന്നത് അവസാനിപ്പിക്കാനും കണ്‍സര്‍വേറ്റീവ് പോരിന്റെ പശ്ചാത്തലത്തില്‍ അത് നടക്കാതെ പോകരുതെന്നും ബ്രെക്‌സിറ്റ് അനുകൂലികള്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കുകയും ചെയ്തു.

കടുത്ത ബ്രെക്‌സിറ്റ് വാദികളായ യൂറോപ്യന്‍ റിസര്‍ച്ച് ഗ്രൂപ്പ് പോലെയുള്ള ‘ബ്രെക്‌സ്ട്രീമിസ്റ്റുകള്‍’ പ്രധാനമന്ത്രിയുടെ നീക്കങ്ങളെ നിരന്തരം തടയുന്നതിനെ വിമര്‍ശിച്ച് ആന്‍ഡ്രൂ പേഴ്‌സിയെപ്പോലെയുള്ള നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു. ബ്രെക്‌സിറ്റ് വൈകിപ്പിക്കണമെന്ന ആവശ്യവും എംപിമാര്‍ക്കിടയില്‍ ശക്തമാണ്. അതിനായുള്ള പ്രമേയത്തിന് 25 മന്ത്രിമാരുള്‍പ്പെടെ 100ഓളം കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ പിന്തുണ നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കുടിയേറ്റക്കാര്‍ക്ക് എന്‍എച്ച്എസ് ചികിത്സ സൗജന്യമായി നല്‍കരുതെന്നും ബ്രിട്ടന്‍ ഇസ്ലാമികവത്കരിക്കപ്പെടുകയാണെന്നും വാദിച്ച വിദ്യാര്‍ത്ഥിയെ യൂണിവേഴ്‌സിറ്റി സസ്‌പെന്‍ഡ് ചെയ്തു. സെബാസ്റ്റ്യന്‍ വാല്‍ഷ് എന്ന 19 കാരനെയാണ് ക്ലാസ് ചര്‍ച്ചക്കിടെ ഈ വാദങ്ങള്‍ ഉന്നയിച്ചതിന് യൂണിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ലങ്കാഷയര്‍ സസ്‌പെന്‍ഡ് ചെയ്തത്. യുകിപ് അംഗമായ സെബാസ്റ്റ്യനെതിരെ നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് യൂണിവേഴ്‌സിറ്റിയുടെ നടപടി. ഹലാല്‍ മാംസം പ്രാകൃതമാണെന്നും ഈ രീതിയില്‍ മൃഗങ്ങളെ കൊല്ലുന്നത് മനുഷ്യത്വ വിരുദ്ധമാണെന്നും സെബാസ്റ്റ്യന്‍ വാദിക്കുന്നു. ഹലാല്‍ ഭക്ഷണം വിതരണം ചെയ്യുന്ന സബ് വേ, കെഎഫ്‌സി എന്നിവിടങ്ങളില്‍ നിന്ന് താന്‍ ഇനി ഭക്ഷണം കഴിക്കില്ലെന്നും ഇയാള്‍ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

യൂണിവേഴ്‌സിറ്റിയുടെ നടപടി മനുഷ്യാവകാശ ലംഘനമാണെന്നാണ് സെബാസ്റ്റ്യന്‍ പ്രതികരിച്ചത്. ക്ലാസിനിടയിലെ ഇടവേളയിലുണ്ടായ സംഭവമാണ് ഇതിന് ആധാരമായതെന്ന് സെബാസ്റ്റ്യന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെല്ലാവരും പുതിയ ആളുകളായിരുന്നതിനാല്‍ മറ്റൊരു ടേബിളിലെത്തി അവരുമായി സംസാരിക്കാന്‍ താന്‍ ശ്രമിച്ചു. ടേക്ക് എവേകളില്‍ നാം കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചായി സംസാരം. എന്നാല്‍ ഒരു സംവാദത്തിനായിരുന്നില്ല താന്‍ അവിടേക്ക് പോയത്. ഹലാല്‍ രീതിയില്‍ മൃഗങ്ങളെ കൊല്ലുന്നതിനാല്‍ സബ് വേ, കെഎഫ്‌സി എന്നിവിടങ്ങളില്‍ നിന്ന് താന്‍ ഭക്ഷണം കഴിക്കാറില്ലെന്ന് പറഞ്ഞു. മതത്തിന്റെ പേരില്‍ മൃഗങ്ങളെ പ്രാകൃതമായി കൊല്ലുന്നതിനോട് തനിക്ക് യോജിക്കാന്‍ കഴിയില്ല. മറ്റൊരു ചര്‍ച്ചയില്‍ എന്‍എച്ച്എസിന്റെ സ്വകാര്യവത്കരണമായിരുന്നു വിഷയം. കുടിയേറ്റക്കാര്‍ക്ക് സൗജന്യ ചികിത്സ നല്‍കേണ്ടതില്ല എന്നാണ് അതില്‍ താന്‍ അഭിപ്രായം പ്രകടിപ്പിച്ചത്.

ഓരോ വിഷയത്തിലും ജനങ്ങള്‍ക്ക് പല അഭിപ്രായങ്ങളുമുണ്ടാകും. അവ സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ കഴിയണമെന്നാണ് തന്റെ അഭിപ്രായം. എന്നാല്‍ തന്നെ പൂര്‍ണ്ണമായും കുറ്റക്കാരനാക്കുകയായിരുന്നു യൂണിവേഴ്‌സിറ്റിയെന്ന് സെബാസ്റ്റ്യന്‍ പറയുന്നു. അതേസമയം, ഗുഡ് കോണ്‍ഡക്റ്റ് എഗ്രിമെന്റില്‍ ഒപ്പു വെക്കുകയും ഡൈവേഴ്‌സിറ്റി ട്രെയിനിംഗ് കോഴ്‌സില്‍ പങ്കെടുക്കുകയും ചെയ്താല്‍ സെപ്റ്റംബര്‍ മുതല്‍ സെബാസ്റ്റ്യന് പഠനം തുടരാമെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു. ഇതിന് ഒരുക്കമല്ലെന്നാണ് സെബാസ്റ്റ്യന്‍ വ്യക്തമാക്കിയത്. അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം മനുഷ്യാവകാശമാണ്. ആ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് സെബാസ്റ്റ്യന്‍ പറഞ്ഞു.
ജനുവരി മാസത്തില്‍ 14.9 ബില്യന്‍ പൗണ്ട് സര്‍പ്ലസ് രേഖപ്പെടുത്തി ട്രഷറി. കണക്കുകള്‍ രേഖപ്പെടുത്താന്‍ ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഇത്രയും വലിയ തുക മിച്ചം പിടിക്കാന്‍ ട്രഷറിക്ക് സാധിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വായ്പകള്‍ 11 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ബ്രെക്‌സിറ്റിനോട് അനുബന്ധിച്ച് സ്വീകരിച്ച മുന്‍കരുതല്‍ നടപടികളുടെ ഫലമായി ധനകമ്മി കുറയുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജനുവരി മാസത്തില്‍ നികുതി വരുമാനം വര്‍ദ്ധിക്കുന്നതിനാല്‍ സാധാരണയായി ട്രഷറി മിച്ചം ഉണ്ടാകാറുള്ളതാണ്. എന്നാല്‍ ഈ വര്‍ഷം നിലവിലുള്ള റെക്കോര്‍ഡുകളെല്ലാം ഭേദിക്കപ്പെട്ടിരിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

10 ബില്യന്‍ പൗണ്ട് സര്‍പ്ലസ് രേഖപ്പെടുത്തുമെന്നായിരുന്നു സാമ്പത്തിക വിദഗ്ദ്ധര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷകളെയും കടത്തിവെട്ടിക്കൊണ്ടുള്ള നേട്ടമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അടുത്ത മാസം പ്രഖ്യാപിക്കാനിരിക്കുന്ന സ്പ്രിംഗ് ബജറ്റിന് ഇത് ഉണര്‍വാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ സര്‍പ്ലസ് നിരക്കിനേക്കാള്‍ 5.6 ബില്യന്‍ അധികമാണ് ഇത്തവണ നേടാനായത്. സെല്‍ഫ് അസസ്‌മെന്റ് ഇന്‍കം ടാക്‌സ്, ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് റെസിപ്റ്റ് എന്നിവയിലൂടെയായിരുന്നു ഈ നേട്ടം കഴിഞ്ഞ വര്‍ഷം ട്രഷറിക്കുണ്ടായത്. ഇവയിലൂടെ കഴിഞ്ഞ മാസം 21.4 ബില്യനായിരുന്നു വരുമാനമുണ്ടായത്. 2018 ജനുവരിയില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ 3.1 ബില്യന്റെ വര്‍ദ്ധനവ് ഇതിലുണ്ടായി.

സെല്‍ഫ് അസസ്‌മെന്റ് ഇന്‍കം ടാക്‌സ് വരുമാനം 14.7 ബില്യനാണ് ജനുവരിയില്‍ രേഖപ്പെടുത്തിയത്. 1.9 ബില്യന്‍ പൗണ്ടിന്റെ വര്‍ദ്ധന ഇതിലുണ്ടായി. ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് റെസിപ്റ്റുകളിലൂടെ 6.8 ബില്യന്‍ പൗണ്ട് ലഭിച്ചു. 1.2 ബില്യനാണ് ഇതിലെ വര്‍ദ്ധന. ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങള്‍ സാമ്പത്തിക മേഖലയെ ബാധിക്കുമെന്ന ആശങ്കകള്‍ നിലനില്‍ക്കെയാണ് ആശാവഹമായ ഈ കണക്കുകള്‍ പുറത്തു വരുന്നത്.
പള്ളികളിലെ ഞായറാഴ്ച സര്‍വീസുകള്‍ നിര്‍ബന്ധമായി നടത്തേണ്ടതില്ലെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ജനറല്‍ സിനോഡിന്റെ തീരുമാനം. 17-ാം നൂറ്റാണ്ടില്‍ രൂപീകരിച്ച നിയമം എടുത്തു കളഞ്ഞുകൊണ്ടാണ് ഈ നിര്‍ദേശം സിനോഡ് പുറപ്പെടുവിച്ചിരിക്കുന്നത്. എല്ലാ പള്ളികളിലും ഞായറാഴ്ച സര്‍വീസുകള്‍ നിര്‍ബന്ധമാക്കിക്കൊണ്ട് 1603ലാണ് കാനോന്‍ നിയമം കൊണ്ടുവന്നത്. 1964ല്‍ ഇത് പുനര്‍നിര്‍വചിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഗ്രാമീണ മേഖലയിലെ പള്ളിവികാരിമാരുടെ ആവശ്യ പ്രകാരമാണ് ഇതില്‍ മാറ്റം വരുത്താന്‍ തീരുമാനമായിരിക്കുന്നത്. 20ഓളം പള്ളികളുടെ ചുമതലയുള്ള വികാരിമാരാണ് തങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സിനോഡിനു മുന്നില്‍ അവതരിപ്പിച്ചത്.

പുരോഹിതരുടെ എണ്ണത്തില്‍ സാരമായ കുറവുണ്ടാകുന്നതിനാല്‍ എല്ലാ പള്ളികളിലും സര്‍വീസ് നടത്തുക എന്നത് അപ്രായോഗികമാണെന്നും നിയമം പാലിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ അത് ലംഘിക്കേണ്ടി വരികയാണെന്നും അവര്‍ അറിയിച്ചു. നേരത്തേ ഓരോ പള്ളികളിലും സ്വതന്ത്രമായി കുര്‍ബാനകള്‍ നടത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ കുറച്ചു വര്‍ഷങ്ങളായി ചില ഇടവകകള്‍ ഒരുമിച്ചു ചേര്‍ന്നാണ് ഞായറാഴ്ച കുര്‍ബാനകള്‍ നടത്തി വരുന്നത്. ഈ പ്രവണത വര്‍ദ്ധിച്ചു വരികയാണെന്നും വ്യക്തമായി. എന്നാല്‍ കാനോനിക നിയമം തെറ്റിച്ചതില്‍ ഇതുവരെ ഒരു വികാരിയും ശിക്ഷിക്കപ്പെട്ടിട്ടില്ല.

വ്യാഴാഴ്ച പുറത്തുവന്ന പുതിയ നിര്‍ദേശം അനുസരിച്ച് വിവിധ കോണ്‍ഗ്രിഗേഷനുകള്‍ക്ക് രേഖാമൂലമുള്ള അനുമതിയില്ലാതെ തന്നെ ഒരുമിച്ചു ചേര്‍ന്ന് ഞായറാഴ്ച കുര്‍ബാന നടത്താന്‍ സാധിക്കും. ഈ മാറ്റം നടപ്പില്‍ വരുത്തണമെന്ന് മൂന്നു വര്‍ഷം മുമ്പ് വില്ലെസ്‌ഡെന്‍ ബിഷപ്പ് റൈറ്റ് റവ. പീറ്റ് ബ്രോഡ്‌ബെന്റ് ആവശ്യപ്പെട്ടിരുന്നു. ജനങ്ങള്‍ സത്യസന്ധരായിരിക്കാന്‍ ഇത്തരം മാറ്റങ്ങള്‍ ആവശ്യമാണെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.
കൈവശമുണ്ടായിരുന്ന 70,000 പൗണ്ടിന്റെ നോട്ടുകള്‍ കത്തിച്ചു കളഞ്ഞ് കടംകയറിയ ബിസിനസുകാരന്‍. വിചിത്രമായ കാരണമാണ് ഇതിന് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഡേവിഡ് ലോവ്‌സ് ബേര്‍ഡ് എന്ന 71 കാരനാണ് നോട്ടുകള്‍ കത്തിച്ചു കളഞ്ഞത്. പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ക്കായി ഇയാള്‍ സമീപിച്ച നിയമസ്ഥാപനത്തോടുണ്ടായ വെറുപ്പാണേ്രത ആ ‘ക്രൂരകൃത്യത്തിന്’ പ്രേരിപ്പിച്ചത്. ഇവര്‍ക്ക് പണം നല്‍കാതിരിക്കാന്‍ കൈവശമുണ്ടായിരുന്ന പണം കത്തിച്ചു കളയുകയായിരുന്നു. 30,000 പൗണ്ടായിരുന്നു നിയമസ്ഥാപനത്തിന് നല്‍കേണ്ട ഫീസ്. ഇന്‍സോള്‍വന്‍സി പ്രാക്ടീഷണര്‍മാരുമായി നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് 30,000 പൗണ്ട് ഫീസായി നല്‍കാന്‍ ഉത്തരവായത്. ഇതിനിടയില്‍ ഇന്‍ഷുറന്‍സ് തുകയായി ഇയാള്‍ക്ക് 80,000 പൗണ്ട് ലഭിച്ചിരുന്നു. ഈ പണം അധികൃതര്‍ക്ക് കൈമാറണമെന്ന നിര്‍ദേശവും ലഭിച്ചു.

എന്നാല്‍ ഈ പണം കൈമാറാന്‍ ഒരുക്കമല്ലായിരുന്ന ബേര്‍ഡ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണമെടുക്കുകയും അത് കത്തിച്ചു കളയുകയുമായിരുന്നു. താന്‍ 30,000 പൗണ്ട് മാത്രമേ കത്തിച്ചു കളഞ്ഞിട്ടുള്ളുവെന്നും ബാക്കി തുക ഒരു ചാരിറ്റിക്ക് നല്‍കിയെന്നും സ്വാന്‍സീ ക്രൗണ്‍ കോടതിയില്‍ ഇയാള്‍ പറഞ്ഞുവെങ്കിലും അതിന് തെളിവു ഹാജരാക്കാന്‍ കഴിഞ്ഞില്ല. താന്‍ കുറ്റക്കാരനല്ലെന്ന് ബേര്‍ഡ് വാദിച്ചെങ്കിലും മൂന്നു ദിവസം നീണ്ട നടപടികള്‍ക്കൊടുവില്‍ കുറ്റം ചെയ്തതായി കോടതി സ്ഥിരീകരിച്ചു. ആറു മാസത്തെ തടവാണ് ഇയാള്‍ക്ക് ശിക്ഷയായി വിധിച്ചത്. ഇത് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വെസ്റ്റ് വെയില്‍സിലെ ലാനെല്ലിയില്‍ ഒരു ഔട്ട്‌ഡോര്‍ അഡ്വെഞ്ചറും പെയിന്റ് ബോളിംഗ് സെന്ററും നടത്തുകയായിരുന്നു ഇയാള്‍. 2014 മുതല്‍ ബേര്‍ഡ് സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിട്ടു വരികയായിരുന്നു.

ഇന്‍സോള്‍വന്‍സി സര്‍വീസിന് 30,000 പൗണ്ട് നല്‍കുകയായിരുന്നു ബേര്‍ഡ് ചെയ്യേണ്ടിയിരുന്നതെന്ന് സര്‍വീസിന്റെ ചീഫ് ഇന്‍വെസ്റ്റിഗേറ്ററായ ഗ്ലെന്‍ വിക്ക്‌സ് പറഞ്ഞു. എന്നാല്‍ കമ്പനിയോടുള്ള അയാളുടെ വെറുപ്പ് പണം നല്‍കേണ്ടെന്ന തീരുമാനത്തില്‍ എത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലേബറില്‍ ആരംഭിച്ച പിളര്‍പ്പ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലേക്കും. മൂന്ന് വനിതാ എംപിമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് പാര്‍ലമെന്റിലെ സ്വതന്ത്ര ഗ്രൂപ്പില്‍ ചേര്‍ന്നു. ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു വന്ന എട്ട് എംപിമാരാണ് പാര്‍ലമെന്റില്‍ സ്വതന്ത്ര ഗ്രൂപ്പായി ഇരിക്കുന്നത്. മുതിര്‍ന്ന ടോറി എംപിമാര്‍ ആശങ്കപ്പെട്ടതു തന്നെയാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ സംഭവിക്കുന്നത്. അന്ന സൗബ്രി, സാറ വോളാസ്റ്റണ്‍, ഹെയ്ദി അലന്‍ എന്നിവരാണ് ടോറി പാര്‍ട്ടിയില്‍ നിന്ന് പുറത്തു വന്നത്. പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ ഇവര്‍ രാജിക്കാര്യം സ്ഥിരീകരിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ കടുത്ത വിമര്‍ശനമാണ് മൂന്നു പേരും ഉന്നയിച്ചത്. കടുത്ത യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധരും വിഡ്ഢികളുമായവര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണം നല്‍കിയിരിക്കുകയാണെന്ന് ഇവര്‍ കുറ്റപ്പെടുത്തി. വിഷയത്തില്‍ ദുഃഖമുണ്ടെന്നായിരുന്നു പ്രധാനമന്ത്രി തെരേസ മേയ് പ്രതികരിച്ചത്.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന അഭിപ്രായക്കാരായിരുന്ന ഈ മൂന്ന് എംപിമാരും ഇന്‍ഡിപ്പെന്‍ഡന്റ് ഗ്രൂപ്പില്‍ ചേരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ അന്ന സൗബ്രി തെരേസ മേയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. പ്രധാനമന്ത്രി സഖ്യകക്ഷിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുടെയും ലീവ് പക്ഷക്കാരായ യൂറോപ്യന്‍ റിസര്‍ച്ച് ഗ്രൂപ്പിന്റെയും പിടിയിലാണെന്ന് അവര്‍ പറഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ രൂപവും ഘടനയും പോലും ബ്രെക്‌സിറ്റിന് അനുസരിച്ചായി മാറിയിരിക്കുകയാണ്. കടുത്ത യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധരായ വിഡ്ഢികളുടെ സംഘമാണ് ഇപ്പോള്‍ പാര്‍ട്ടി ഭരിക്കുന്നത്. അവരാണ് ഇപ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെന്നും സൗബ്രി കുറ്റപ്പെടുത്തി.

പാര്‍ട്ടി വിടുന്നതില്‍ ദുഃഖമുണ്ടെന്ന് സാറ വോളാസ്റ്റണ്‍ പറഞ്ഞു. പക്ഷേ സമൂഹത്തിലെ നീറുന്ന അനീതികള്‍ക്കെതിരെ നിലപാടെടുക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് പടവുകളില്‍ നിന്നെടുത്ത പ്രതിജ്ഞ പാലിക്കാന്‍ തെരേസ മേയ്ക്ക് കഴിഞ്ഞില്ലെന്ന് അവര്‍ പറഞ്ഞു. ദാരിദ്ര്യം പോലെയുള്ള സുപ്രധാന വിഷയങ്ങള്‍ പരിഗണിക്കുക പോലും ചെയ്യാത്ത സര്‍ക്കാരിന്റെ ഭാഗമായിരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഹെയ്ദി അലന്‍ പറഞ്ഞത്. ബ്രെക്‌സിറ്റ് വിഷയത്തിലെ സര്‍ക്കാര്‍ നയത്തിനെതിരെയും അവര്‍ പ്രതിഷേധമറിയിച്ചു. ബ്രെക്‌സിറ്റ്, സെമിറ്റിക് വിരുദ്ധത തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്തതില്‍ ലേബര്‍ പരാജയമാണെന്ന ആരോപണം ഉന്നയിച്ചാണ് എട്ട് എംപിമാര്‍ ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ഇന്‍ഡിപ്പെന്‍ഡന്റ് ഗ്രൂപ്പ് രൂപീകരിച്ചത്.
ലണ്ടന്‍: ആധുനിക കാലത്ത് രക്തസമ്മര്‍ദ്ദം കാരണം ബുദ്ധിമുട്ടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജോലി സാഹചര്യവും സാമൂഹിക സാഹചര്യവും ആരോഗ്യ സംരക്ഷണത്തിന് പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. ഇത്തരക്കാര്‍ മിക്കപ്പോഴും സമയം ആവശ്യമുള്ള ചികിത്സകളെ മാറ്റിനിര്‍ത്തി കൂടുതല്‍ എളുപ്പത്തില്‍ സാധ്യമാകുന്ന മരുന്നുകളെ സമീപിക്കുകയാണ് പതിവ്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു മാറ്റം സാധ്യമാണെന്ന് ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരിക്കുകയാണ് യു.കെ കേന്ദ്രീകരിച്ച് നടത്തിയിരിക്കുന്ന ഗവേഷണം. ദിവസത്തില്‍ ഒരു 30 മിനിറ്റ് മാറ്റിവെക്കാന്‍ നമുക്ക് കഴിയുമെങ്കില്‍ മരുന്നുകളെക്കാള്‍ ഫലപ്രദമായി രക്തസമ്മര്‍ദ്ദത്തെ നേരിടാന്‍ കഴിയുമെന്ന് ഗവേഷണം വ്യക്തമാക്കുന്നു.

ദിവസവും 30 മിനിറ്റ് ട്രെഡ്മില്ലില്‍ നടക്കുന്നത് രക്തസമ്മര്‍ദ്ദത്തെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് ഗവേഷണം ചൂണ്ടിക്കാണിക്കുന്നു. പൊണ്ണത്തടിയുള്ളവരും അമിത ശരീരഭാരം മൂലം കഷ്ടപ്പെടുന്നവര്‍ക്കും ഈ രീതി കൂടുതല്‍ ഫലപ്രദമാവും. നാം ഇരിക്കുന്ന ഓരോ അരമണിക്കൂറിലും 3 മിനിറ്റ് നടക്കാന്‍ ഉപയോഗിച്ചാണ് ഗവേഷണം നടത്തിയിരിക്കുന്നത്. തുടര്‍ച്ചയായി ഇരിക്കാതെ അരമണിക്കൂര്‍ ഇടവിട്ട് നടക്കുന്നത് രക്തസമ്മര്‍ദ്ദത്തെ സ്വാധീനിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഏതാണ്ട് 67പേരിലാണ് പഠനം നടത്തിയത്. വ്യായാമം ചെയ്യാത്തവരുടെ താരതമ്യം ചെയ്യുമ്പോള്‍ ചെയ്തവരുടെ രക്തസമ്മര്‍ദ്ദം വളരെ കുറവാണെന്ന് കണ്ടെത്തി.

സ്ത്രീകളിലാണ് ട്രെഡ്മില്‍ നടത്തം ഏറ്റവും കൂടുതല്‍ ഫലപ്രദമായി കണ്ടെത്തിയതെന്ന് ഗവേഷകര്‍ വ്യക്തമാക്കി. എന്നാല്‍ എന്തുകൊണ്ടാണ് സ്ത്രീകളില്‍ കൂടുതല്‍ ഫലം കാണുന്നത് എന്നത് സംബന്ധിച്ച വിശദീകരണം പഠനം നടത്തിയവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സ്ഥിരമായ വ്യായാമങ്ങള്‍ രക്ത സമ്മര്‍ദ്ദത്തെ കൃത്യമായി നേരിടാന്‍ കഴിയുമെന്നതിന് ഉദാഹരണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പഠനമെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ പ്രതിനിധി ക്രിസ് അലന്‍ അഭിപ്രായപ്പെട്ടു.
കത്തോലിക്കാ സഭയെ നിരന്തരം വിമര്‍ശിക്കുന്നവര്‍ സാത്താന്റെ സുഹൃത്തുക്കളെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സതേണ്‍ ഇറ്റലിയില്‍ നിന്നുള്ള തീര്‍ത്ഥാടകരുമായി സംസാരിക്കുന്നതിനിടെയാണ് മാര്‍പാപ്പ ഈ പരാമര്‍ശം നടത്തിയത്. സഭയുടെ പിഴവുകള്‍ വിമര്‍ശിക്കപ്പെട്ടാലേ അവ പരിഹരിക്കാനാകൂ. എന്നാല്‍ അത്തരം വിമര്‍ശനങ്ങളില്‍ സ്‌നേഹമുണ്ടായിരിക്കണം. അതില്ലാത്ത വിമര്‍ശകരെ സാത്താന്റെ സുഹൃത്തുക്കള്‍ എന്നേ വിശേഷിപ്പിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു. ഒരാള്‍ക്ക് തന്റെ ജീവിതകാലം മുഴുവന്‍ സഭയെ വിമര്‍ശിച്ചുകൊണ്ടിരിക്കാന്‍ കഴിയില്ല. അങ്ങനെ ചെയ്യുന്നവര്‍ സാത്താന്റെ സുഹൃത്തുക്കളും സഹോദരങ്ങളും ബന്ധുക്കളുമൊക്കെയാണെന്ന് മാര്‍പാപ്പ വ്യക്തമാക്കി. കത്തോലിക്കാ പുരോഹിതര്‍ നടത്തുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് വത്തിക്കാന്‍ നടത്താനിരിക്കുന്ന ഉച്ചകോടിക്ക് തൊട്ടു മുമ്പായി പുരോഹിതരുടെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവര്‍ റോമില്‍ ഒത്തുകൂടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പോപ്പിന്റെ പരാമര്‍ശം.

ലൈംഗികാതിക്രമങ്ങളെക്കുറിച്ച് കത്തോലിക്കാ സഭാ നേതൃത്വം നടത്തുന്ന സമ്മേളനം നാലു ദിവസം നീളും. ഇതില്‍ 180 ബിഷപ്പുമാരും കര്‍ദിനാള്‍മാരും പങ്കെടുക്കുന്നുണ്ട്. വ്യാഴാഴ്ചയാണ് സമ്മേളനം ആരംഭിക്കുന്നത്. അതേസമയം, ഈ വിഷയം സഭ വേണ്ട വിധത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഇരകള്‍ കുറ്റപ്പെടുത്തുന്നു. സമ്മേളനം ഒരു വഴിത്തിരിവായിരിക്കുമെന്നാണ് സഭ അവകാശപ്പെടുന്നത്. എന്നാല്‍ വളരെ ആഴത്തിലുള്ള ഈ വിഷയത്തെ അഭിമുഖീകരിക്കാന്‍ പോലും സഭ തയ്യാറായിട്ടില്ലെന്ന് പുരോഹിതരാല്‍ പീഡിപ്പിക്കപ്പെട്ടവര്‍ പറയുന്നു. കുട്ടികളെ പീഡിപ്പിക്കുന്ന പുരോഹിതര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന് പോപ്പിനോട് ആവശ്യപ്പെടുമെന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പീഡിപ്പിക്കപ്പെട്ടവരെയും ആക്ടിവിസ്റ്റുകളെയും ഒരുമിപ്പിക്കുന്ന എന്‍ഡിംഗ് ക്ലെര്‍ജി അബ്യൂസ് എന്ന സംഘടനയുടെ വക്താവ് പീറ്റര്‍ ഐസ്ലി പറഞ്ഞു.

പീഡനം നടത്തുന്ന പുരോഹിതരെയും അത് മറച്ചുവെക്കുന്ന ബിഷപ്പുമാരെയും കര്‍ദിനാള്‍മാരെയും പുറത്താക്കുകയാണ് വേണ്ടത്. രാജിവെക്കുന്നത് വിഷയത്തില്‍ പരിഹാര മാര്‍ഗ്ഗമല്ലെന്ന് അദ്ദേഹം പറഞ്ഞു. വത്തിക്കാന്‍ നടത്തുന്ന സമ്മേളനത്തിന്റെ സംഘാടക സമിതിയുമായി പുരോഹിത പീഡനത്തിനിരയായ 12 പേര്‍ ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. കുട്ടികളെ പീഡനത്തിന് ഇരയാക്കിയതില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആയിരക്കണക്കിന് പുരോഹിതരുടെ പേരുവിവരങ്ങള്‍ പുറത്തു വിടണമെന്ന് ഇവര്‍ മാള്‍ട്ട ആര്‍ച്ച് ബിഷപ്പിന് നല്‍കിയ കത്തില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. പുരോഹിതര്‍ നടത്തുന്ന പീഡനങ്ങളിലൂടെ ജനങ്ങള്‍ക്ക് വത്തിക്കാനിലുള്ള വിശ്വാസം നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും കത്തില്‍ പറയുന്നു.
യുകെയില്‍ ജോലി ചെയ്യുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരുടെ എണ്ണം സാരമായി കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്‍ തൊഴിലാളികളുടെ എണ്ണം 61,000 ആയി കുറഞ്ഞുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ളവരും ബ്രിട്ടീഷുകാരുമായവര്‍ ജോലികളില്‍ പ്രവേശിക്കുന്നതിന്റെ നിരക്ക് വര്‍ദ്ധിക്കുകയും ചെയ്തു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ 2.33 മില്യന്‍ ആളുകള്‍ യുകെയില്‍ ജോലി ചെയ്യുന്നുണ്ടെന്നായിരുന്നു 2017 ഒക്ടോബറിനും ഡിസംബറിനും ഇടയിലെ കണക്ക്. ഒരു വര്‍ഷത്തിനിടെ ഇവരില്‍ 2.27 മില്യന്‍ ആളുകള്‍ യുകെയില്‍ നിന്ന് മടങ്ങി. 2004ല്‍ യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ന്ന പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക് എന്നിവിടങ്ങളില്‍ നിന്നായിരുന്നു കൂടുതലാളുകളും എത്തിയിരുന്നത്. ഇവര്‍ മടങ്ങിയതാണ് തൊഴിലാളികളുടെ എണ്ണത്തില്‍ ഇത്രയും കുറവുണ്ടാകാന്‍ കാരണം.

അതേസമയം നോണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരുടെ എണ്ണത്തില്‍ സാരമായ വര്‍ദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. 2017 ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 1.16 മില്യനില്‍ നിന്ന് 1.29 മില്യനായാണ് ഇവരുടെ എണ്ണം ഉയര്‍ന്നത്. 2016ല്‍ ഇതേ കാലയളവില്‍ ഉണ്ടായതിനെ അപേക്ഷിച്ച് 130,000 പേരുടെ വര്‍ദ്ധനവാണ് ഇതില്‍ രേഖപ്പെടുത്തിയത്. ഇത്തരം കണക്കുകള്‍ രേഖപ്പെടുത്താന്‍ ആരംഭിച്ച 1997നു ശേഷം ആദ്യമായാണ് ഇത്രയും വര്‍ദ്ധന രേഖപ്പെടുത്തുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തു വിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. നോണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളില്‍ 277,000 ആഫ്രിക്കക്കാരും 593,000 ഏഷ്യക്കാരും 299,000 അമേരിക്കക്കാരും ഓഷ്യാനിയക്കാരും ഉള്‍പ്പെടുന്നു.

യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലാത്ത യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 126,000 പേരും ഈ തൊഴിലാളി സമൂഹത്തില്‍ ഉള്‍പ്പെടുന്നു. ഓരോ വര്‍ഷവും ഈ ഗ്രൂപ്പുകളില്‍ നിന്നുള്ളവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നുണ്ട്. ഏഷ്യയില്‍ നിന്നു മാത്രം 85,000 പേരുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആകെ 32.6 മില്യന്‍ ആളുകള്‍ ജോലികള്‍ക്കായി എത്തിയിട്ടുണ്ട്. ജോലികളില്‍ പ്രവേശിക്കുന്നവരുടെ എണ്ണം 372,000ല്‍ നിന്നും 29.1 മില്യനായി ഉയരുകയും ചെയ്തു. ഇതോടെ തൊഴിലില്ലായ്മാ നിരക്ക് 4 ശതമാനമായി മാറിയിട്ടുണ്ട്. 1975നു ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.