ലിവര്‍പൂള്‍ സിറ്റി സെന്ററില്‍ ശാരീരികാസ്വസ്ഥതകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 19 കാരി മരിച്ചു. അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതിനെത്തുടര്‍ന്നാണ് മരണമെന്നാണ് സംശയിക്കുന്നത്. ലിവര്‍പൂള്‍ ബാള്‍ട്ടിക് ട്രയാംഗിളിലെ ഗ്രീന്‍ലാന്‍ഡ് സ്ട്രീറ്റിലുള്ള ഹാംഗര്‍ 34 ക്ലബ്ബില്‍ നിന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 2.30നായിരുന്നു സംഭവം. പെണ്‍കുട്ടിക്ക് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായതായി സംശയമുണ്ട്. ആദ്യം കുട്ടിയുടെ അവസ്ഥ ഗുരുതരം എന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും പിന്നീട് പെണ്‍കുട്ടി മരിച്ചുവെന്ന് മെഴ്സിസൈഡ് പോലീസ് സ്ഥിരീകരിച്ചതായി ലിവര്‍പൂള്‍ എക്കോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉച്ചക്കു ശേഷമാണ് മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നത്. ഇക്കാര്യം ബന്ധുക്കളെ അറിയിച്ചിട്ടുണ്ടെന്നും കൊറോണര്‍ക്കു വേണ്ടിയുള്ള ഫയലുകള്‍ തയ്യാറാക്കുകയാണെന്നും പോലീസ് അറിയിച്ചു. ഹാംഗര്‍ 34 ക്ലബ് പക്ഷേ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. പുലര്‍ച്ചെ 2.30നാണ് ഒരു സ്ത്രീക്ക് ദേഹാസ്വാസ്ഥ്യമുണ്ടായെന്ന് ക്ലബ് അറിയിച്ചതെന്നും പോലീസ് റിപ്പോര്‍ട്ട് പറയുന്നു. കുട്ടിയുടെ ബന്ധുക്കളും ആശുപത്രിയില്‍ എത്തിയിരുന്നു. പെണ്‍കുട്ടി ഉപയോഗിച്ചതെന്നു കരുതുന്ന അതേ മയക്കുമരുന്ന് ഉപയോഗിച്ച മറ്റൊരാളെ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍ ഇയാള്‍ക്ക് പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്. ഈ മരുന്ന് ഉപയോഗിച്ച ആരെങ്കിലും ഗുരുതരാവസ്ഥയിലുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ലോക്കല്‍ ആശുപത്രികളിലും ക്ലബ്ബുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും മറ്റും ഇതിനായി അന്വേഷണങ്ങള്‍ നടന്നു വരികയാണ്. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുള്ളവര്‍ അടിയന്തരമായി വൈദ്യസഹായം തേടണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
ലണ്ടന്‍: മെഡിക്കല്‍ രംഗത്ത് ലോകത്തെമ്പാടും നടക്കുന്ന പരീക്ഷണങ്ങളില്‍ ഏറ്റവും പ്രധാന്യത്തോടെ ശാസ്ത്രലോകം നോക്കി കാണുന്ന ജീന്‍ പഠനത്തിനായി മാര്‍ഗങ്ങള്‍ തേടി എന്‍.എച്ച്.എസ്. ഡി.എന്‍.എ ടെസ്റ്റ് വിവരങ്ങള്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഗവേഷണ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ജീന്‍ പരീക്ഷണങ്ങള്‍ക്ക് കഴിയുമെന്നാണ് വിദഗദ്ധരുടെ അഭിപ്രായം. ഈ പഠനങ്ങളെ സഹായിക്കാനായി വളണ്ടിയേഴ്സിനെ ആവശ്യമുണ്ടെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് നേരിട്ട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഡി.എന്‍.എ ടെസ്റ്റ് വിവരങ്ങളായിരിക്കും ഗവേഷണത്തിന് ആവശ്യമായി വരിക. വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ കഴിയുന്നവര്‍ക്ക് പദ്ധതിയുടെ ഭാഗമാവാന്‍ സാധിക്കും.

ഡി.എന്‍.എ വിവരങ്ങള്‍ പങ്കുവെക്കുന്നത് ആരോഗ്യപരമായ മറ്റൊരു ഭാവിയിലേക്കുള്ള സഹായമായി മാറുമെന്ന് മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. അതേസമയം പദ്ധതിയെക്കുറിച്ച് ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും രോഗികള്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും ബ്രിട്ടീഷ് സൊസൈറ്റി ഫോര്‍ ജെനറ്റിക് മെഡിസിന് ചെയര്‍വുമണ്‍ ചൂണ്ടിക്കാണിച്ചു. സുതാര്യമല്ലാത്ത രീതിയില്‍ രോഗികളുടെ വിവരങ്ങള്‍ പങ്കുവെയ്ക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. യു.കെയില്‍ ഇത്തരമൊരു പരീക്ഷണ രീതികള്‍ ഇതാദ്യമായിട്ടാണ്. ടെസ്റ്റ് വിവരങ്ങള്‍ എങ്ങനെയൊക്കെ ഉപയോഗിക്കുമെന്നത് സംബന്ധിച്ചും അവ്യക്തതകളുണ്ട്.

അതേസമയം വലിയ പ്രതീക്ഷകള്‍ തരുന്നതാണ് ഗവേഷണ ലക്ഷ്യങ്ങള്‍. ഡി.എന്‍.എ പരിശോധനയിലൂടെ ഒരാള്‍ക്ക് വരാന്‍ സാധ്യതയുള്ള രോഗങ്ങളെക്കുറിച്ചുള്ള സൂചനകള്‍ കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ അനുമാനം. രോഗം വരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്‍പേ ആരംഭിക്കാന്‍ ഇതുവഴി സാധിക്കും. ആരോഗ്യരംഗത്തെ വലിയ മാറ്റത്തിന് പുതിയ ഗവേഷണം വഴിയൊരുക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. ആളുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ഗവേഷണ സഹായകമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലണ്ടന്‍: യു.കെയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ശൃഖലയായ ടെസ്കോ ചെലവ് ചുരുക്കല്‍ നടപടികള്‍ ആരംഭിക്കുന്നു. 1.5 ബില്യണ്‍ പൗണ്ട് അധിക ചെലവുകള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ഇറച്ചി, മീന്‍, ‘ഡെലി’ കൗണ്ടറുകള്‍ അടച്ചുപൂട്ടാനാണ് സൂപ്പര്‍ മാര്‍ക്കറ്റ് ഭീമന്മാരുടെ തീരുമാനം. തൊഴില്‍ മേഖലയെ അതിരൂക്ഷമായ രീതിയില്‍ പുതിയ പദ്ധതി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഏതാണ്ട് 15,000ത്തോളം തൊഴിലാളികള്‍ക്കാവും ഈ കൗണ്ടറുകള്‍ അടുച്ചുപൂട്ടിയാല്‍ ജോലി നഷ്ട്ടപ്പെടുക. ഇത് വലിയ ആഘാതം സൃഷ്ടിക്കുമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ നിരീക്ഷണം. 2014ല്‍ ഡേവ് ലൂയിസ് ചീഫ് എക്സിക്യൂട്ടീവ് സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഏതാണ്ട് 10,000 തസ്തികകളാണ് കമ്പനി ഒഴിവാക്കിയത്.

ബ്രിട്ടനിലെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റ് ശൃഖല കൂടിയായ ടെസ്കോയുടെ ഏതാണ്ട് 732 സ്റ്റോറുകളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. സാധാരണ സ്റ്റോറുകളിലെല്ലാം തന്നെ മത്സ്യം, ഇറച്ചി, ‘ഡെലി’ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മത്സ്യം, ഇറച്ചി വില്‍പ്പന നടത്തുന്ന കൗണ്ടറുകളില്‍ 5 വീതവും, ഡെലി, ചീസ് കൗണ്ടറുകളിലും കൂടി 6ധികവും പേരാണ് നിലവില്‍ തൊഴിലെടുക്കുന്നത്. ചെലവ് ചുരുക്കല്‍ നടപടി പ്രാവര്‍ത്തികമാവുന്നതോടെ ഇവരുടെ തൊഴില്‍ നഷ്ടപ്പെടും. ആകെ 15,000ത്തിലധികം തൊഴിലാളികള്‍ വഴിയാധാരമാകുമെന്നാണ് വ്യവസായിക മേഖലയിലെ വിദഗ്ദ്ധരുടെ നിരീക്ഷണം.

ജോലി നഷ്ടപ്പെടാന്‍ പോകുന്ന തൊഴിലാളികളെ മറ്റു മേഖലകളിലേക്ക് മാറ്റുന്ന കാര്യത്തില്‍ കമ്പനി തീരുമാനമൊന്നും അറിയിച്ചിട്ടില്ല. 2020 ഓടെ 1.5 ബില്യണ്‍ ചെലവ് ചുരുക്കല്‍ പദ്ധതികളാണ് ടെസ്കോ ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പിലാക്കാനായി കൂടുതല്‍ തസ്തികകള്‍ എടുത്തു കളയുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ബിസിനസ് സുതാര്യവും കാര്യക്ഷമവുമായി മുന്നോട്ട് കൊണ്ടുപോവാനാണ് കമ്പനി ശ്രമിക്കുന്നത്. എന്തെങ്കിലും മാറ്റങ്ങള്‍ വരുന്നുണ്ടെങ്കില്‍ അക്കാര്യം ആദ്യം അറിയിക്കുന്നത് തൊഴിലാളികളെ ആയിരിക്കുമെന്ന് ടെസ്കോ വക്താവ് പ്രതികരിച്ചു.
ലണ്ടന്‍: റെക്കോര്‍ഡ് മുന്തിരി വിളവ് ലഭിച്ചതിന് പിന്നാലെ ലോകവിപണി ലക്ഷ്യമിട്ട് ഇംഗ്ലീഷ് സ്പാര്‍ക്കിലിംഗ് വൈന്‍ ബ്രാന്‍ഡുകള്‍. ഏഷ്യയിലെ വിപണികളാണ് പ്രധാനമായും ഇംഗ്ലീഷ് ബ്രാന്‍ഡുകള്‍ ലക്ഷ്യം വെക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. റെക്കോര്‍ഡ് മുന്തിരി വിളവ് സ്പാര്‍ക്കിലിംഗ് വൈന്‍ ഉത്പാദനത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. വിളെവടുപ്പിന് പിന്നാലെ ക്വാളിറ്റിയിലും ശ്രദ്ധ നേടിയതോടെ ലോകവിപണിയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഇംഗ്ലീഷ് സ്പാര്‍ക്കിലിംഗ് വൈനുകള്‍ക്ക് സാധിക്കുമെന്നാണ് കരുതുന്നത്. ഷാംപെയ്ന്‍ ബ്രാന്‍ഡുകളുടെയും ക്വാളിറ്റിയുടെയും കാര്യത്തില്‍ ലോകപ്രസിദ്ധി നേടിയിട്ടുള്ള ഫ്രഞ്ച് ഷാംപെയ്നിനെ ‘രുചി’ പരിശോധനയില്‍ ഇതിനോടകം ഇംഗ്ലീഷ് സ്പാര്‍ക്കിലിംഗ് വൈന്‍ തോല്‍പ്പിച്ചു കഴിഞ്ഞു.

യു.കെയിലെ പ്രമുഖ ബ്രാന്‍ഡായ ‘നെയ്റ്റിംബര്‍'(Nyetimber) ഏഷ്യയിലേക്കുള്ള വിപണിയിലേക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ എത്തിക്കുന്ന കാര്യം ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യയിലേക്കും വ്യാപാരം വര്‍ധിപ്പിക്കാനാണ് ‘നെയ്റ്റിംബര്‍’ പദ്ധതിയിടുന്നത്. സമീപകാലത്ത് ലോക ബ്രാന്‍ഡുകളില്‍ പ്രശ്സ്തമായവയെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാനുള്ള പദ്ധതിയുമായി വിവിധ സംസ്ഥാനങ്ങള്‍ രംഗത്ത് വന്നിരുന്നു. കേരളം ഉള്‍പ്പെടെ ലോകത്തര മദ്യ ബ്രാന്‍ഡുകളെ വിപണിയിലെത്തിച്ചിട്ടുണ്ട്. ഇംഗ്ലീഷ് സ്പാര്‍ക്കിലിംഗ് വൈനുകള്‍ കൂടിയെത്തുന്നതോടെ സീസണിയില്‍ ഏഷ്യന്‍ വിപണി സജീവ മാറ്റങ്ങള്‍ക്ക് വിധേയമാകും.

കഴിഞ്ഞ വര്‍ഷം 14 മില്യണ്‍ മുന്തിരികുലകളാണ് രാജ്യത്ത് ഉത്പാദിപ്പിച്ചിരിക്കുന്നത്. ഇതോടെ 1 മില്യണലധികം ബോട്ടില്‍ ഉത്പാദനം നടത്തിയിരുന്നു. വിളവെടുപ്പിലെ വര്‍ധനവാണ് വിപണിയെ വിപുലീകരിക്കാന്‍ പ്രധാനമായും സഹായകമായിരിക്കുന്നത്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ ഡിമാന്‍ഡ് വര്‍ധിച്ചതും വിപണിയെ കൂടുതല്‍ സജീവമാക്കി. വൈന്‍ രംഗത്ത് നിരവധി അവാര്‍ഡുകളും ഇംഗ്ലീഷ് സ്പാര്‍ക്കിലിംഗ് മേഖലയ്ക്ക് ലഭിച്ചതോടെ ഉപഭോക്താക്കളുടെ പ്രീതിയും വര്‍ധിച്ചു. കാലവസ്ഥയിലുണ്ടായ വ്യതിയാനമാണ് മുന്തിര വിളവെടുപ്പില്‍ കാര്യമായ വര്‍ധനവുണ്ടാകാന്‍ സഹായിച്ചിരിക്കുന്നത്. മണ്ണിന്റെ പോഷകഗുണം വര്‍ധിക്കാന്‍ കാലാവസ്ഥ വ്യതിയാനം കാരണമായി എന്നാണ് കാര്‍ഷിക മേഖയിലെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
ലണ്ടന്‍: നോ-ഡീല്‍ ബ്രെക്സിറ്റ് സംഭവിക്കുകയാണെങ്കില്‍ 3.5 മില്യണ്‍ പാസ്പോര്ട്ടുകള് അസാധുവാക്കപ്പെട്ടേക്കും. ഇക്കാര്യം സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 15 മാസം ട്രാവല്‍ വാലിഡിറ്റിയുള്ള പാസപോര്‍ട്ടുകള്‍ യൂറോപ്പിലെ ഫ്രീ മൂവ്മെന്റ് സോണില്‍ യാത്ര ചെയ്യുന്നത് വാലിഡ് അല്ലാതാവും. ഇത് 3.5 മില്യണലധികം ആളുകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രാഥമിക നിഗമനം. മാര്‍ച്ച് 29ന് യു.കെ യൂറോപ്യന്‍ യൂണിയന് വിടുകയാണെങ്കില്‍ മെറൂണ്‍ നിറത്തിലുള്ള യു.കെ പാസ്പോര്ട്ടുകള് അസാധുവാകുകയും നീല നിറത്തിലുള്ള പരമ്പരാഗത പാസ്പോര്ട്ടുകള് ഘട്ടംഘട്ടമായി നിലവില്‍ വരികയും ചെയ്യും.

ഹോളി ഡേ ദിവസങ്ങള്‍ ആഘോഷിക്കാനായി യാത്രകള്‍ പദ്ധതിയിട്ടിരിക്കുന്നവര്‍ക്ക് ഇത് വലിയ തിരിച്ചടിയാകുമെന്ന് ട്രാവല്‍ എഡിറ്റര്‍ റോറി ബോളന്‍ഡ് പ്രതികരിച്ചു. ബ്രെകസിറ്റിന് ശേഷം യൂറോപ്പിലെ പല മേഖലകളും സന്ദര്‍ശിക്കുന്നതില്‍ യു.കെ പൗരന്മാര്ക്ക് തടസങ്ങളുണ്ടാകും. സാധാരണ രീതിയില്‍ നിന്നും മാറി ചില യാത്രാരേഖകള്‍ ലഭിച്ചാല്‍ മാത്രമെ യൂ.കെ പൗരന്മാര്ക്ക് യൂറോപ്പിലെ പല മേഖലകളിലും സഞ്ചരിക്കാനാവൂ. അതേസമയം നോ-ഡീല്‍ ബ്രെക്സിറ്റ് സംഭവിച്ചില്ലെങ്കില്‍ കാര്യങ്ങളില്‍ വ്യത്യാസമുണ്ടാകുമെന്നാണ് വിജഗ്ദ്ധരുടെ വിലയിരുത്തല്‍.

തെരേസ മേയുടെ പ്ലാന്‍ ബി നയരേഖയും കടുത്ത എതിര്‍പ്പുകള്‍ വഴിവെക്കുമെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നോ-ഡീല്‍ ബ്രെക്സിറ്റ് സംഭവിച്ചാല്‍ ചാന്സ്ലര് പദവി രാജിവെക്കുമെന്ന് ഫിലിപ്പ് ഹാമോന്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്ലാന്‍ ബിയെ എതിര്‍ത്ത് കണ്‍സര്‍വേറ്റീവ് വിമതരും രംഗത്ത് വന്നതോടെ മേയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. അതേസമയം പ്ലാന്‍ ബിക്ക് പരമാവധി പിന്തുണ നേടാനുള്ള ശ്രമങ്ങള്‍ മേ അനുകൂലികള്‍ നടത്തുന്നുണ്ട്. പാര്‍ട്ടിക്കുള്ളിലെ വിമതരെ അനുനയിപ്പിക്കുകയാവും മേയ്ക്ക് മുന്നിലുള്ള കടുപ്പമേറിയ കടമ്പ. അതേസമയം പ്ലാന്‍ ബി പ്ലാന്‍ എയ്ക്ക് സമാനമാണെന്ന് വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.
ലണ്ടന്‍: ‘മരണത്തിന് കീഴടങ്ങും മുന്‍പ് എനിക്ക് മക്കളെ ഒരു നോക് കൂടി കാണെണം’ മൂന്ന് കുട്ടികളുടെ പിതാവായ നസ്റുള്ള ഖാന് ഇന്ന് ലോകത്തോട് അഭ്യര്‍ത്ഥിക്കാനുള്ള ഒരേയൊരു കാര്യം ഇതാണ്. ഹൃദയ സംബന്ധിയായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഖാന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് യു.കെയില്‍ ജോലി തേടിയെത്തുന്നത്. പ്രവാസ ജീവിതത്തിനിടയിലാണ് രോഗം അതീവ ഗൗരവമേറിയതാണെന്ന് ബോധ്യപ്പെടുന്നത്. ബെര്‍മിംഗ്ഹാമിലെ ക്വീന്‍ എലിസബത്ത് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ മാത്രമാണ് ജീവന് രക്ഷിക്കാനുള്ള ഏക മാര്‍ഗമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ ഖാന്റെ ജീവിതത്തില്‍ ഇരുട്ട് വീണു.

ശസ്ത്രക്രിയക്ക് ഭീമമായ തുക ആവശ്യമായിരുന്നു. എന്നാല്‍ തുക കണ്ടെത്തിയാലും യു.കെയില്‍ തുടരാനുള്ള വിസ കാലാവധി കഴിഞ്ഞതിനാല്‍ ശസ്ത്രക്രിയ അസാധ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് എന്‍.എച്ച്.എസ് പാലിയേറ്റീവ് കെയര്‍ (എന്‍ഡ് ഓഫ് ലൈഫ് കെയര്‍) സര്‍വീസ് നല്‍കാമെന്നും എന്നാല്‍ ഇതിനായി സ്വന്തം പണം മുടക്കണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഏതാണ്ട് 32,000 പൗണ്ടാണ് എന്‍ഡ് ഓഫ് ലൈഫ് കെയറിനായി നല്കാന് ഖാനോട് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ സാമ്പത്തിക അവസ്ഥയില്‍ ഇത്രയും ഭീമമായ തുക ഖാനെ സംബന്ധിച്ചിടത്തോളം അസാധ്യമായതാണ്.

ക്രൗഡ് ഫണ്ടിംഗ് രീതികള്‍ ഉപയോഗപ്പെടുത്തി ഖാന് ആവശ്യമായ സഹായങ്ങള്‍ ചെയ്യാനായി ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്റെ 11 വയസുള്ള മകനെ കണ്ടിട്ട് 9 വര്‍ഷങ്ങളായി മരണത്തിന് മുന്‍പ് അവരെ ഒരു നോക്ക് കാണണമെന്നാണ് ആഗ്രഹമെന്ന് ഖാന് മിററിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഖാന് ഹൃദയമാറ്റ ശസ്ത്രക്രിയ നിഷേധിക്കപ്പെടാന്‍ കാരണം ഹോം ഓഫീസിന്റെ കടുപ്പമേറിയ നിയമങ്ങളാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഖാന്റെ കുടുംബത്തിന് യു.കെയിലേക്ക് എത്താന്‍ വിസയും ഇതുവരെ ലഭിച്ചിട്ടില്ല. അവര്‍ നല്കിയ അപേക്ഷ യുദ്ധകാല അടിസ്ഥാനത്തില്‍ പരിഗണിക്കണമെന്നാണ് ക്യാംപെയിനേര്‍സിന്റെ ആവശ്യം.
ലണ്ടന്‍: തെരേസ മേ ബ്രെക്സിറ്റ് നയരേഖയ്ക്ക് മേല്‍ സമ്മര്‍ദ്ദങ്ങളേറുന്നു. നോ-ഡീല്‍ ബ്രെക്സിറ്റ് സംഭവിക്കുകയാണെങ്കില്‍ ചാന്‍സലര്‍ പദവി രാജിവെക്കുമെന്ന് ഫിലിപ്പ് ഹാമോന്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നോ-ഡീല്‍ ബ്രെക്സിറ്റ് സംഭവിക്കുകയാണെങ്കില്‍ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകരുമെന്ന് ഹാമോന്‍ഡ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കണ്‍സര്‍വേറ്റീസ് അംഗം തന്നെ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിട്ടും നയരേഖയുമായി മുന്നോട്ട് പോകാനാണ് മേ തീരുമാനിക്കുന്നതെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ അപകടത്തിലേക്ക് എത്തുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. പാര്‍ലമെന്റില്‍ ആദ്യഘട്ടത്തില്‍ അവതരിപ്പിച്ച നയരേഖ പരാജയപ്പെട്ടതിന് പിന്നാലെ പ്ലാന്‍ ബി അവതരിപ്പിക്കാനാണ് മേയുടെ തീരുമാനം. എന്നാല്‍ പ്ലാന്‍ ബിയും തിരിച്ചടി നേരിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നോ-ഡീല്‍ ബ്രെക്സിറ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത് ബ്രിട്ടീഷ് ജനതയോടെ ചെയ്യുന്ന വഞ്ചനയാകുമെന്നാണ് ഹാമോന്‍ഡ് കഴിഞ്ഞ ദിവസം പറഞ്ഞത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ള വിമര്‍ശനങ്ങള്‍ മറനീക്കി പുറത്തുവന്ന സാഹചര്യത്തില്‍ ഇനി മേ നടത്തുന്ന ഓരോ ചുവടും അതീവ നിര്‍ണായകമാകും. ഹാമോന്‍ഡിന്റെ ഭീഷണിയെ സമാവയത്തിലൂടെ പരിഹരിക്കാനാവും മേ ശ്രമിക്കുക. എന്നാല്‍ മേ സംബന്ധിച്ചടത്തോളം കാര്യങ്ങള്‍ അത്ര അനുകൂലമല്ല. വിമത നീക്കത്തെയും പ്രതിപക്ഷ അഭിപ്രായ ഭിന്നതയും മറികടന്ന നയരേഖ പാര്‍ലമെന്റില്‍ പാസാക്കാന്‍ മേയ്ക്ക് കഴിയില്ല. ഇത് വലിയ തിരിച്ചടിയുണ്ടാക്കും.

സാമ്പത്തിക അടിത്തറ തകരുന്ന ഒരു നയരേഖയ്ക്കോ നീക്കത്തിനോ കൂട്ട്നില്‍ക്കാന്‍ തനിക്ക് സാധിക്കില്ല. ബ്രിട്ടീഷ് ജനതയുടെ സാമ്പത്തിക താല്‍പ്പര്യങ്ങളെ സംരക്ഷിക്കുയെന്നതാണ് തന്നില്‍ അര്‍പ്പിതമായിരിക്കുന്ന കര്‍ത്തവ്യമെന്നും ഹാമോന്‍ഡ് പറയുന്നു. നോ-ഡീല്‍ വ്യവസ്ഥയില്‍ യൂറോപ്യന്‍ യൂണിയന് വിടുകയെന്നത് രാജ്യതാല്‍പ്പര്യത്തിന് അനുകൂലമാണെന്ന് ഞാന്‍ കരുതുന്നില്ല. സാമ്പത്തികമായ വലിയ പ്രത്യാഘാതങ്ങള്‍ ഇത് മൂലമുണ്ടാകുമെന്നും ഹാമോന്‍ഡ് കൂട്ടിച്ചേര്‍ത്തു. രാജീ ഭീഷണിയോട് മേ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷവും ഇക്കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ആയുധമാക്കുമെന്നാണ് സൂചന.
ലണ്ടന്‍: മദ്യപിച്ച് ബഹളമുണ്ടാക്കുന്നവരെ നിയന്ത്രിക്കാന്‍ ബാറുകള്‍ക്ക് മുന്നില്‍ ബൗണ്‍സര്‍മാരെ നിര്‍ത്തുന്ന സര്‍വ്വ സാധാരണമായ കാഴ്ച്ചയാണ്. ഇത്തരം ബൗണ്സര്മാര് ആശുപത്രിയില്‍ നിയമിച്ചാലോ!. കാര്യം തമാശയായി തോന്നുമെങ്കിലും എമര്‍ജന്‍സി സര്‍വീസ് ഡോറിന് മുന്നിലുള്ള സമയ നഷ്ടവും തിരക്കും നിയന്ത്രിക്കാന്‍ ബൗണ്‍സര്‍മാരായ നഴ്സുമാരെ നിയമിച്ചിരിക്കുകയാണ് യു.കെയിലെ റോയല്‍ ബോര്‍ണ്‍മൗത്ത് ആശുപത്രി അധികൃതര്‍. എ ആന്റ് ഇ സര്‍വീസ് ഡോറിന് മുന്നില്‍ ധാരാളം സമയം നഷ്ടപ്പെടുന്നതായി വ്യക്തമായതോടെയാണ് കടുംകൈയുമായി ആശുപത്രി അധികൃതര്‍ രംഗത്ത് വന്നിരിക്കുന്നത്.

കാഷ്യാലിറ്റിക്ക് മുന്നില്‍ സമയം നശിപ്പിക്കുന്നവരെയും ശല്യക്കാരെയും ഒഴിവാക്കുകയെന്നതാണ് ബൗണ്‍സര്‍ നഴ്സുമാരുടെ ജോലി. സംഭവം ഗേറ്റ് കീപ്പിംഗ് ജോലിയാണെങ്കിലും ബൗണ്‍സര്‍മാരുടെ സമാന രീതിയാണിത്. ആശുപത്രികളില്‍ ഇത്തരം ഗേറ്റ് കീപ്പിംഗ് ജോലികള്‍ വളരെ അപൂര്‍വ്വമായി മാത്രമെ നിര്‍ത്താറുള്ളു. രോഗികളെ കൃത്യമായി ഗെയിഡ് ചെയ്യുന്നതിനും മുന്‍ഗണനാ ക്രമത്തില്‍ ഡോക്ടര്‍മാരുടെ അടുത്തേക്ക് എത്തിക്കുന്നതിനും ഗേറ്റ് കീപ്പിംഗ് ജോലി ചെയ്യുന്ന നഴ്സുമാര്‍ സഹായിക്കും. രോഗികളുടെയും ആശുപത്രി ജീവനക്കാരുടെയും സമയം നഷ്ടം ഗേറ്റ് കീപ്പിംഗിലൂടെ ഒഴിവാക്കാന്‍ കഴിയുമെന്ന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

രോഗികളുടെ സുരക്ഷ പരിഗണിച്ചാണ് പുതിയ നീക്കമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കാഷ്യാലിറ്റിയിലേക്ക് എത്തുന്ന രോഗികള്‍ക്ക് എത്രയും പെട്ടന്ന് ചികിത്സ ലഭ്യമാക്കുന്നതിന് കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ഗേറ്റ് കീപ്പിംഗ് സഹായിക്കും. രോഗികളെ മുന്‍ഗണനാ ക്രമത്തില്‍ ഡോക്ടര്‍മാര്‍ക്ക് മുന്നിലെത്തിക്കാനും കാഷ്യാലിറ്റിക്ക് മുന്നില്‍ ഏറെ നേരം കാത്തിരിക്കുന്നവര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും ബൗണ്‍സര്‍ നഴ്സുമാര്‍ക്ക് പ്രാവീണ്യമുണ്ടാകും. നിലവില്‍ രണ്ട് പേരാണ് ഗേറ്റ് കീപ്പിംഗ് തസ്തികയിലേക്ക് നിയമിക്കപ്പെട്ടിരിക്കുന്നത്.
ഗര്‍ഭിണികള്‍ക്കും പ്രസവത്തിനു ശേഷം തിരികെ ജോലിയില്‍ കയറുന്ന അമ്മമാര്‍ക്കും തൊഴിലില്‍ കൂടുതല്‍ സുരക്ഷ നല്കുന്ന പദ്ധതികള്‍ക്ക് രൂപം നല്കി ഗവണ്മെന്റ്. പേരന്റല്‍ ലീവിന് ശേഷം തിരികെയെത്തുന്ന പുരുഷന്മാര്ക്കും ഈ പദ്ധതി പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. പ്രസവാവധിക്കു ശേഷം തിരിച്ചെത്തുന്ന മാതാപിതാക്കള്‍ക്ക് ഒട്ടേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നുണ്ടെന്നത് സത്യമാണെന്നും അക്കാര്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. ഒട്ടേറെ അമ്മമാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കാനെത്തുമ്പോള്‍ പുറത്താക്കപ്പെടുന്നുണ്ടെന്നും മേലുദ്യോഗസ്ഥരില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വരുന്നുണ്ടെന്നും ബിസിനസ് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു.

ഓരോ വര്‍ഷവും ഗര്‍ഭിണികളാണെന്ന കാരണത്താലും ആറു മാസത്തെ മെറ്റേണിറ്റി ലീവിനു ശേഷവും 54,000 സ്ത്രീകള്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള വിവേചനം നിയമവിരുദ്ധമാണെന്ന് ബിസിനസ് മിനിസ്റ്റര്‍ കെല്ലി ടോള്‍ഹേഴ്സ്റ്റ് പറഞ്ഞു. എന്നാല്‍ മിക്കയിടങ്ങളിലും അമ്മമാര്‍ക്ക് മോശം പെരുമാറ്റവും വിവേചവനവും നേരിടേണ്ടി വരുന്നുണ്ടെന്നത് വാസ്തവമാണ്. ഇതേത്തുടര്‍ന്ന് ഇവര്‍ക്ക് മറ്റു ജോലികള്‍ തേടേണ്ടി വരാറുണ്ടെന്നും ടോള്‍ഹേഴ്സ്റ്റ് പറഞ്ഞു.

പുതിയ നിര്‍ദേശങ്ങളില്‍ പത്ത് ആഴ്ച കണ്സള്ട്ടേഷന് പ്രഖ്യാപിച്ചിരിക്കുകയാണ് ഗവണ്മെന്റ്. ഇതിനെ കണ്‍സ്യൂമര്‍ ഗ്രൂപ്പുകള്‍ സ്വാഗതം ചെയ്യുന്നു. രാജ്യത്തെ ജനങ്ങള്‍ ലോകത്തെ ഏറ്റവും മികച്ച വര്‍ക്ക് പ്ലേസ് സ്റ്റാന്‍ഡാര്‍ഡുകളാണ് അനുഭവിക്കുന്നതെന്ന് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. പേരന്റല്‍ ലീവുകളും എന്‍ടൈറ്റില്‍മെന്റുകളും നമുക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ യൂറോപ്പില്‍ നിന്ന് പിന്മാറുമ്പോള് അതിലുമേറെ നമ്മുടെ ജനതയ്ക്ക് ലഭിക്കേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു.
കടം വീട്ടാനുള്ള പണം കണ്ടെത്താനായി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഡോക്ടര്‍ നടത്തിയ നാടകം പൊളിഞ്ഞു. സംഭവത്തില്‍ പിടിയിലായ കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിക് സര്ജന് എട്ടു വര്‍ഷം തടവുശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. പക്ഷേ ഇയാളുടെ ഡോക്ടര്‍ കൂടിയായ ഭാര്യയെ കോടതി കുറ്റവിമുക്തയാക്കുകയും ചെയ്തു. ഡോ.ആന്തണി മക്ഗ്രാത്തിനാണ് ലൂട്ടണ് ക്രൗണ്‍ കോടതി തടവു വിധിച്ചത്. ആയിരക്കണക്കിന് പൗണ്ട് കടമുണ്ടായിരുന്ന ഡോക്ടര്‍ അവ വീട്ടുന്നതിന് പണം കണ്ടെത്തുന്നതിനാണ് തട്ടിപ്പു നാടകം നടത്തിയത്. തന്റെ വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള പുരാവസ്സ്തു ശേഖരം കൊള്ളയടിക്കപ്പെട്ടുവെന്ന് ഇയാള്‍ പോലീസില്‍ അറിയിച്ചു. പിന്നീട് 180,000 പൗണ്ടിന്റെ ഇന്‍ഷുറന്‍സ് ക്ലെയിം ഇയാള്‍ സമര്‍പ്പിക്കുകയും ചെയ്തു. നഷ്ടപ്പെട്ടുവെന്ന് അവകാശപ്പെട്ട വസ്തുക്കളുടേതെന്ന് വ്യക്തമാക്കി ഫോട്ടോകളും ഇയാള്‍ നല്‍കിയിരുന്നു.

പഴയകാല ഫര്‍ണിച്ചറുകള്‍, ആഭരണങ്ങള്‍, വെള്ളിപ്പാത്രങ്ങള്‍, കലാശില്പങ്ങള് തുടങ്ങിയവ മോഷ്ടിക്കപ്പെട്ടുവെന്നായിരുന്നു ഇയാ ള്‍ അവകാശപ്പെട്ടത്. 30,000 പൗണ്ട് മൂല്യമുള്ള 19-ാം നൂറ്റാണ്ടിലെ റോകോകോ റെഡ് മാര്‍ബിള്‍ ഫയര്‍പ്ലേസും മോഷ്ടിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നതായി ഇയാള്‍ അറിയിച്ചു. ഹെര്‍ട്ഫോര്‍ഡ്ഷയറിലെ സെയിന്റ് അല്‍ബാന്‍സില്‍ ഇയാളും ഭാര്യയും പുതുതായി വാങ്ങിയ 1.1 മില്യന്‍ പൗണ്ട് വിലയുള്ള വീട് പുതുക്കിപ്പണിയാനും ഇന്‍ഷുറന്‍സ് തുക ഉപയോഗിക്കാമെന്നായിരുന്നു മക്ഗ്രാത്ത് പദ്ധതിയിട്ടത്. എന്നാല്‍ മോഷണം നടന്നുവെന്ന് പരാതിയില്‍ പറഞ്ഞ വാടകവീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കള്ളി വെളിച്ചത്താകുകയായിരുന്നു. എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും ഹണിമൂണിന് താമസിച്ച വീടാണ് ഇത്.

പരിശോധനയില്‍ ഇയാളുടെ കടങ്ങള്‍ എന്തുമാത്രമുണ്ടെന്ന് പോലീസിന് വ്യക്തമായി. മക്ഗ്രാത്തിന്റെയും ഭാര്യയുടെയും വരുമാനം സംബന്ധിച്ച് നല്കിയ തെറ്റായ വിവരങ്ങളും മൂന്ന് മോര്‍ഗിജുകളെക്കുറിച്ചുള്ള വ്യാജ വിവരങ്ങളും പോലീസ് വെളിച്ചത്തു കൊണ്ടുവന്നു. ഇതേത്തുടര്‍ന്ന് നാല് കൗണ്ട് ഇന്‍ഷുറന്‍സ് തട്ടിപ്പ് കുറ്റങ്ങളാണ് ഇയാളുടെ മേല്‍ കോടതി ചുമത്തിയിരിക്കുന്നത്. ശിക്ഷ കഴിഞ്ഞിറങ്ങിയാലും ഇനി ചികിത്സിക്കാനുള്ള അനുമതിയും ഇയാള്‍ക്കില്ലെന്ന് കോടതി അറിയിച്ചു. വിധിപ്രസ്താവത്തിനിടെ ജഡ്ജിയോട് കയര്‍ത്ത മക്ഗ്രാത്തിനെ സെല്ലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കുട്ടികളെയും പ്രായമായ അമ്മയെയും നോക്കാനുള്ളതിനാല്‍ കുടുംബത്തിന്റെ സ്വത്തു സംബന്ധിച്ചുള്ള കാര്യങ്ങള്‍ തനിക്ക് അറിയില്ലെന്നും എല്ലാം ഭര്‍ത്താവായിരുന്നു നോക്കിനടത്തിയിരുന്നതെന്നുമാണ് മക്ഗ്രാത്തിന്റെ ഭാര്യയും ജിപിയുമായ ആന്‍ ലൂയിസ് മക്ഗ്രാത്ത് കോടതിയെ അറിയിച്ചത്. ഈ വാദം മുഖവിലക്കെടുത്ത കോടതി ഇവരെ കുറ്റവിമുക്തയാക്കുകയായിരുന്നു.