Main News

തമിഴ് വംശജനായ സതീഷ് ഗൗണ്ടറെ ഡീപോര്‍ട്ട് ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് ഹോം ഓഫീസ് പിന്‍മാറി. ഡോവറില്‍ ഫിസിയോതെറാപ്പിസ്റ്റായ സതീഷിന്റെ വിസ പുതുക്കുന്നതിലുണ്ടായ സാങ്കേതികപ്രശനമാണ് ഡീപോര്‍ട്ടേഷനിലേക്ക് നയിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ ഡോവറില്‍ നടന്ന കമ്യൂണിറ്റി ക്യാംപെയിന്‍ പ്രവാസി ചരിത്രത്തില്‍ ഇടംപിടിക്കുന്ന സംഭവമായി മാറി. സണ്‍ഡേ പീപ്പിളിനാണ് ഗൗണ്ടറുടെ ഡീപോര്‍ട്ടേഷന്‍ തടഞ്ഞതിനുള്ള എല്ലാ ക്രെഡിറ്റും നല്‍കേണ്ടതെന്ന് ലോക്കല്‍ എംപിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ചാര്‍ലീ എല്‍ഫിക്ക് പറഞ്ഞു.

രണ്ടു വര്‍ഷമായി ഡോവറില്‍ ഫിസിയോതെറാപ്പി സ്ഥാപനം നടത്തി വരികയാണ് 65കാരനായ സതീഷ് ഗൗണ്ടര്‍. ഒരു അസിസ്റ്റന്‍ ഫിസിയോയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ സതീഷിന് സ്ഥാപനം അടക്കേണ്ടി വന്നു. സതീഷിന് വര്‍ക്ക് വിസ പുതുക്കണമെങ്കില്‍ ഈ സ്ഥാപനം പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമായിരുന്നു. 50,000 പൗണ്ട് മുടക്കി ആരംഭിച്ച സ്ഥാപനം അടച്ചു പൂട്ടിയതോടെ തെരുവിലിറങ്ങേണ്ട അവസ്ഥയില്‍ പോലും സതീഷ് എത്തി. ഇതിനിടയിലും ഒരു ബ്രിട്ടീഷ് സൈനികന്റെ ശരീരം പകുതി തളര്‍ന്ന ഭാര്യക്ക് ഇദ്ദേഹം ചികിത്സ നല്‍കുന്നുണ്ടായിരുന്നു.

എംപിയായ എല്‍ഫിക്ക് ഹോം സെക്രട്ടറി സാജിദ് ജാവിദിന് സതീഷിനെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങുന്ന കത്തയച്ചു. ഡോവറിലെ ഏക ഫിസിയോതെറാപ്പിസ്റ്റായ സതീഷിന്റെ കാര്യം പുനരവലോകനം ചെയ്യാമെന്ന് ഹോം സെക്രട്ടറി ഉറപ്പു നല്‍കുകയും ചെയ്തു. പുതിയ അപേക്ഷ നല്‍കാനുള്ള അവസരമാണ് ഇതിലൂടെ സതീഷിന് തുറന്നു കിട്ടിയത്. എങ്കിലും എംപിയുടെ കത്തില്‍ ഹോം സെക്രട്ടറി ആഴ്ചകളോളം നടപടിയെടുത്തില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ബ്രിട്ടനില്‍ എന്‍എച്ച്എസിലും സ്വകാര്യ മേഖലയിലുമായി 5000 ഫിസിയോതെറാപ്പിസ്റ്റുകളുടെ കുറവുണ്ടെന്നാണ് കണക്ക്. ഈ മേഖലയിലുള്ളവരെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിനിടെയാണ് സതീഷിനെ ഡീപോര്‍ട്ട് ചെയ്യാന്‍ ഹോം ഓഫീസ് ശ്രമിച്ചത്.

എന്‍എച്ച്എസ് ആശുപത്രികളില്‍ നിന്ന് രോഗികള്‍ക്ക് നല്‍കുന്ന വോക്കിംഗ് എയിഡുകളും വീല്‍ച്ചെയറുകളും മറ്റും ആവശ്യത്തിനു ശേഷം തിരികെ നല്‍കണമെന്ന് നിര്‍ദേശം. ഉപയോഗം അവസാനിച്ചാല്‍ ലിവിംഗ് റൂമുകളില്‍ ഉപേക്ഷിക്കപ്പെടുകയും പിന്നീട് ലാന്‍ഡ്ഫില്ലുകളില്‍ ഒടുങ്ങുകയും ചെയ്യുന്ന ഇത്തരം ഉപകരണങ്ങള്‍ ആശുപത്രികളില്‍ തിരികെ നല്‍കിയാല്‍ അവ മറ്റു രോഗികള്‍ക്ക് നല്‍കാന്‍ കഴിയുമെന്ന് ഹെല്‍ത്ത് മിനിസ്റ്റര്‍ സ്റ്റീവ് ബാര്‍ക്ലേ പറഞ്ഞു. ഇത്തരം മെഡിക്കല്‍ ഉപകരണങ്ങള്‍ തിരികെ വാങ്ങണമെന്നും റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്നവ അപ്രകാരം ചെയ്യണമെന്നും മിനിസ്റ്റര്‍ പറഞ്ഞു. എന്‍എച്ച്എസിന്റെ കാര്‍ബണ്‍ ഫുട്പ്രിന്റ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ ക്രച്ചസ് ആംനസ്റ്റിക്ക് തുടക്കമിട്ടിരിക്കുന്നത്. ആവശ്യം കഴിഞ്ഞ വീല്‍ച്ചെയറുകളും വോക്കിംഗ് എയിഡുകളും വീണ്ടും ഉപയോഗിക്കുന്ന ആശുപത്രികളുടെ മഹത്തായ മാതൃകകള്‍ നമുക്കു മുന്നിലുണ്ട്. രാജ്യത്തെ മറ്റ് ആശുപത്രികളും ഈ മാതൃക പിന്തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇത്തരം ഉപകരണങ്ങള്‍ ഒരിക്കല്‍ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞാല്‍ അത് പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നാം ബോധവാന്‍മാരായിരിക്കണം. ആവശ്യം കഴിഞ്ഞ വീടുകളില്‍ വെറുതെയിട്ടിരിക്കുന്ന ഈ ഉപകരണങ്ങള്‍ നിങ്ങള്‍ തിരികെ നല്‍കിയാല്‍ അത് മറ്റുള്ളവരെ സഹായിക്കുക മാത്രമല്ല ചെയ്യുന്നത്, എന്‍എച്ച്എസിനും വലിയ സഹായമായിരിക്കും. നികുതിദായകന്റെ പണം ശരിയായി വിനിയോഗിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുക കൂടിയാണ് ഇതിലൂടെ സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോക്കിംഗ് എയിഡുകളുടെ പുനരുപയോഗം എന്‍എച്ച്എസിന് പതിനായിരക്കണക്കിന് പൗണ്ടിന്റെ ലാഭമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. എന്‍എച്ച്എസ് ഈ ഉപകരണങ്ങള്‍ തിരികെ വാങ്ങുമോ എന്ന കാര്യം പോലും രോഗികള്‍ക്ക് അറിയില്ലെന്ന് പേഷ്യന്റ്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് റെയ്ച്ചല്‍ പവര്‍ പറഞ്ഞു.

പലപ്പോഴും ഉപകരണങ്ങള്‍ തിരികെ വാങ്ങുമ്പോള്‍ എന്‍എച്ച്എസിനു മേലുള്ള വിശ്വാസം പോലും രോഗികള്‍ക്ക് നഷ്ടപ്പെടുകയാണ്. എന്നാല്‍ ഉപയോഗം കഴിഞ്ഞ ഉപകരണങ്ങള്‍ രോഗികള്‍ തിരികെ നല്‍കുന്ന സംസ്‌കാരമുള്ള ഒരു എന്‍എച്ച്എസിനെ കാണാന്‍ തങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും അവര്‍ പറഞ്ഞു. മിഡ് എസെക്‌സ് ഹോസ്പിറ്റല്‍ സര്‍വീസസ് എന്‍എച്ച്എസ് ട്രസ്റ്റിലാണ് നിലവില്‍ ഈ പദ്ധതിയുള്ളത്. തിരികെ ലഭിക്കുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കി ഉപയോഗിക്കുകയോ റീസൈക്കിള്‍ ചെയ്യുകയോ ആണ് ഇവിടത്തെ രീതി. രോഗികള്‍ക്ക് നല്‍കിയ 21 ശതമാനം ക്രച്ചസും 61 ശതമാനം ഫ്രെയിമുകളും കഴിഞ്ഞ വര്‍ഷം ഇവിടെ തിരികെയെത്തിയിട്ടുണ്ട്.

ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറക്കാരി യുജ്ജീന്‍ രാജകുമാരി വിവാഹിതയായി. വിവാഹ സല്‍ക്കാരത്തിലെ താരം ഡിസൈനര്‍ പീറ്റര്‍ പിലോറ്റോയുടെ കരവിരുതില്‍ നിര്‍മിച്ച തൂവെള്ള ഗൗണ്‍ ആയിരുന്നു. ആൻഡ്രൂ രാജകുമാരന്റെയും സാറ രാജകുമാരിയുടെയും മകളായ യുജ്ജീനിന്റെ വസ്ത്രധാരണത്തിലെ വ്യത്യസ്ത ലോകത്തിന്റെ കണ്ണിൽ ഉടക്കുകയും ചെയ്തു. ക്രിസ്തീയ വിവാഹങ്ങളിൽ വധു ധരിച്ചു വരുന്ന ശിരോവസ്ത്രം ഒഴിവാക്കിയതും ഗൗണിന്റെ പിൻഭാഗം ഏറെ ഇറക്കി വെട്ടിയതും വേഗം ശ്രദ്ധ പിടിച്ചുപറ്റി. അതീവഗ്ലാമറസായി ക്യാമറകൾക്കു മുന്നിൽ പ്രത്യക്ഷപ്പെടാൻ വേണ്ടിയായിരുന്നില്ല യുജ്ജീന്‍ രാജകുമാരി ഏറെ ഇറക്കി വെട്ടിയ ഗൗൺ ധരിച്ചത്. പീറ്റര്‍ പിലോറ്റോയും ക്രിസ്റ്റർഫർ ഡെവോസും ചേർന്ന് ഒരുക്കിയ ഗൗണിനു പിന്നിൽ പുറംലോകം അറിയാത്ത ഒരു രഹസ്യം ഒളിപ്പിച്ചു വച്ചിട്ടുണ്ടായിരുന്നു.

കഴുത്തിന്റെ പിൻവശം മുതൽ താഴോട്ട് നീണ്ടുകിടക്കുന്ന നീളൻ പാട് ഒറ്റ കാഴ്ചയിൽ തന്നെ ദൃശ്യമാകുന്നതിനു വേണ്ടിയാണ് രാജകുമാരി കഴുത്ത് ഇറക്കി വെട്ടിയ ഗൗൺ ധരിച്ചത്. റോയൽ നാഷണൽ ഓർതോപീഡിക് ഹോസ്പിറ്റലിലെ സർജൻമാർക്കു വേണ്ടിയുള്ള ആദരവെന്നോണമാണ് യുജ്ജീന്‍ ആ മുറിപ്പാട് മായ്ക്കാതിരുന്നത്.

സ്കോളിയോയിസ് എന്ന രോഗം ബാധിച്ച് കുട്ടികൾക്ക് ധൈര്യം നൽകുന്നതിനു വേണ്ടിയാണ് യുജ്ജീന്‍ ഇത്തരമൊരു വസ്ത്രം ധരിച്ചതും. നട്ടെല്ലിന് വളവ് വരുന്ന ഒരുതരം രോഗമാണ് സ്കോളിയോയിസ്. പത്തിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് ഈ രോഗവസ്ഥ കൂടുതലായും കണ്ടുവരുന്നത്. രോഗം ബാധിക്കുന്ന കുട്ടികളിൽ ആറിൽ അഞ്ചുപേരും പെൺകുട്ടികളാണെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. സർജറി സമയത്ത് തന്നെ സഹായിച്ച ഡോക്ടർമാരെ ആദരിക്കുന്നതിനും ഇത്തരം അവസ്ഥകളിലൂടെ കടന്നു പോകുന്ന പെൺകുട്ടികളെ സ്വാന്ത്വനിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു കഴുത്ത് ഇറക്കിവെട്ടിയതെന്ന് യുജ്ജീന്‍ വെളിപ്പെടുത്തി.ആ പാടുകൾ മറച്ചു വെക്കേണ്ടവയല്ല. ഏറെ സ്പെഷ്യലാണ്– യുജ്ജീന്‍ പറഞ്ഞു. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ കാമുകനായ ജാക്ബ്രൂക്സ് ബാങ്കിനെയാണ് യുജ്ജീന്‍ വിവാഹം കഴിച്ചത്.

29 മില്യണ്‍ ഉപഭോക്താക്കളുടെ ഫെയിസ്ബുക്ക് അക്കൗണ്ടിലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി സമ്മതിച്ച് കമ്പനി. ഇ-മെയില്‍ വിലാസവും മൊബൈല്‍ നമ്പറുകളും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയിരിക്കുന്നത്. അഞ്ചു കോടി ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്കു ചെയ്യപ്പെട്ടതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. കമ്പനിയുടെ വൈസ്പ്രസിഡന്റുമാരില്‍ ഒരാളായ ഗെയ് റോസണാണ് (Guy Rosen) ഈ വിവരം അറിയിച്ചത്. സെപ്റ്റംബര്‍ 25-ാം തീയതിയാണ് സുരക്ഷാ പാളിച്ച കണ്ടെത്തുന്നത്. തുടര്‍ന്ന് അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും ഫെയിസ്ബുക്ക് വ്യക്തമാക്കിയിരുന്നു. ഫെയിസ്ബുക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ വീഴ്ച്ചകളിലൊന്നാണ് ഇത്.

ഫെയിസ്ബുക്ക് ഹെല്‍പ്പ് സെന്റര്‍ ഫീച്ചര്‍ ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്കും അക്കൗണ്ട് ഹാക്ക് ചെയ്തിട്ടുണ്ടോയെന്ന് അറിയാന്‍ കഴിയും. ഹെല്‍പ്പ് സെന്ററില്‍ നല്‍കിയിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങളില്‍ നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായി സംശയം രേഖപ്പെടുത്തിയാല്‍ ടെക്‌നിക്കല്‍ ടീം ഇത് പരിശോധിച്ച് ഉപഭോക്താവിന് മറുപടി നല്‍കുന്നതാണ്. ഏതൊക്കെയാണ് ചോര്‍ത്തപ്പെട്ടതെന്ന് സംബന്ധിച്ച വിവരങ്ങളും ഉപഭോക്താവിന് ലഭ്യമാകും. അഞ്ച് കോടിയിലേറെപ്പേരുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തെപ്പെട്ടെങ്കിലും എല്ലാവരുടെയും മൊബൈല്‍ നമ്പറുകള്‍ തുടങ്ങിയ നഷ്ടപ്പെട്ടിട്ടില്ല. ഫെയിസ്ബുക്ക് നല്‍കിയിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ ഉപയോഗപ്പെടുത്തി നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യാന്‍ ഹെല്‍പ്പ് സെന്റര്‍ ഉപാകരപ്രദമാണ്.

ഫെയ്സ്ബുക്കിന്റെ വ്യൂ ആസ് (‘View As’) ഫീച്ചര്‍ മുതലെടുത്താണ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടത്. അക്കൗണ്ട് പ്രൊഫൈല്‍ എഡിറ്റു ചെയ്യുമ്പോഴോ പ്രൊഫൈല്‍ ഫോട്ടോ മാറ്റുമ്പോഴൊ (edit your account details or the profile picture) കാണാന്‍ സാധിക്കുന്നതാണ് ഈ ഫീച്ചര്‍. നിങ്ങളുടെ അക്കൗണ്ട് മറ്റാരെങ്കിലുമാണെന്ന രീതിയില്‍ കാണാന്‍ അനുവദിക്കാനായി ആണ് ഇതുണ്ടാക്കിയിരുന്നത്. അക്കൗണ്ട് ടോക്കണ്‍സ് ഒരുതരം ഡിജിറ്റല്‍ താക്കോലുകളാണ്. ഒരാള്‍ ഫെയ്സ്ബുക്കിലേക്കു ലോഗ്-ഇന്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് ഓരോ തവണയും പാസ്വേഡ് കൊടുക്കുന്ന ശല്യം ഒഴിവാക്കാന്‍ വേണ്ടിയാണ് ഇത് നല്‍കിയിരിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്. ഹാക്കര്‍മാര്‍ തങ്ങളുടെ കോഡിലേക്ക് കടന്നു കയറുകയാണ് ചെയ്തിരിക്കുന്നതെന്നാണ് ഫെയ്സ്ബുക്ക് വിശദീകരിച്ചിരിക്കുന്നത്.

പ്രശ്നബാധിതരായ 5 കോടി ഉപയോക്താക്കളുടെ അക്സസ് ടോക്കണുകള്‍ റീസെറ്റു ചെയ്തു. ഒരു മുന്‍കരുതലെന്നവണ്ണം 4 കോടി ഉപയോക്താക്കളുടെ കൂടി അക്സസ് ടോക്കണുകള്‍ റീസെറ്റു ചെയ്തായി കമ്പനി അറിയിച്ചു. ഒപ്പം, വ്യൂ ആസ് ഫീച്ചര്‍ താത്കാലികമായി നിറുത്തിവെച്ചിട്ടുണ്ട്.

ലണ്ടന്‍: എം25 ന് ശേഷം യു.കയിലെ ഏറ്റവും വലിയ റോഡ് പദ്ധതി ‘ലോവർ തെംസ് ക്രോസിംഗ’ായിരിക്കുമെന്ന് ഹൈവേയ്‌സ് ഓഫ് ഇംഗ്ലണ്ട്. തെംസ് നദിക്ക് കുറുകെ നടപ്പിലാക്കുന്ന പദ്ധതി കെന്റിനെയും എസെക്‌സിനെയും തമ്മില്‍ ബന്ധിപ്പിക്കും. ഡാര്‍ട്ട്‌ഫോര്‍ഡിലുള്ള നോര്‍ത്ത്ബൗണ്ട് ക്രോസിംഗ് സമയം മാത്രമെ പുതിയ പാത ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ആവശ്യമായി വരികയുള്ളു. പുതിയ റോഡിന് ആധുനിക സജ്ജീകരണങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പുകളും ഹൈവേയ്‌സ് ഓഫ് ഇംഗ്ലണ്ട് നടത്തിവരുന്നുണ്ട്. നിലവില്‍ ലോവർ തെംസ് ക്രോസിംഗിന്’ സമാന്തര പാത ഉപയോഗിക്കുന്നവര്‍ക്ക് വലിയ സമയ ലാഭമുണ്ടാക്കാന്‍ പുതിയ പദ്ധതി സഹായകമാകും.

അതേസമയം പുതിയ റോഡ് നിര്‍മ്മാണം വായു മലീനികരണം വര്‍ദ്ധിപ്പിക്കുമെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പരിസ്ഥിതി സംഘടനയായ ഫ്രണ്ട്‌സ് ഓഫ് എന്‍വിറോണ്‍മെന്റാണ് വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം തടയുന്നതുമായി ബന്ധപ്പെട്ട് അടിയന്തരമായ നീക്കങ്ങളുണ്ടാകണമെന്ന് കഴിഞ്ഞ ദിവസം യു.എന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ യു.കെയിലെ ഭരണകൂടം കൂടുതല്‍ റോഡ് നിര്‍മ്മാണങ്ങള്‍ നടത്താനാണ് തീരുമാനിച്ചത്. റോഡ് നിര്‍മ്മിക്കുന്നത് വാഹനങ്ങളുടെ എണ്ണത്തെ വര്‍ദ്ധിപ്പിക്കും. കൂടുതല്‍പ്പേര്‍ക്ക് വാഹനങ്ങള്‍ വാങ്ങാന്‍ ഇത് പ്രചോദനമാകും. അത് അപകടകരമായ രീതിയില്‍ വായു മലനീകരണം ഉണ്ടാക്കുമെന്നും രാഷ്ട്രീയ നേതാക്കള്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും പരിസ്ഥിതി പ്രവര്‍ത്തകയായ ജെനി ബെയിറ്റ്‌സ് അഭിപ്രായപ്പെട്ടു.

പുതിയ ക്രോസിംഗ് ഉപയോഗിക്കുന്നതിനായി ജനങ്ങള്‍ പണം നല്‍കേണ്ടി വരുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. ക്രോസിംഗ് ഉപയോഗിക്കുന്നതിനായി വാഹന ഉടമകളില്‍ നിന്ന് പണം ഈടാക്കാനാണ് നിലവിലെ തീരുമാനം. എന്നാല്‍ ഇത് വളരെ ആലോചിച്ച ശേഷമെ നടപ്പിലാക്കൂ. ഇതിനായി ആളുകളുടെ അഭിപ്രായം ആരായുമെന്നും പദ്ധതി ഡയറക്ടറായ ടിം ജോണ്‍സ് വ്യക്തമാക്കി. 14.5 മൈല്‍ ദുരമുള്ള ത്രീ-ലൈന്‍ ഇരട്ട ക്യാരേജ് വേ റോച്ചെസ്റ്ററിന് സമീപത്തുള്ള എം2വിനെ ബന്ധിപ്പിക്കും. കൂടാതെ നോര്‍ത്ത്, സൗത്ത് ഒകെന്‍ഡന് ഇടയ്ക്കുള്ള എസകെ്‌സ് എം.25നെയും പുതിയ പാത ബന്ധിപ്പിക്കും. 10 ആഴ്ച്ച നീളുന്ന പബ്ലിക് കണ്‍സള്‍ട്ടേഷന് ശേഷമായിരിക്കും പദ്ധതി ഡിസൈന്‍ സംബന്ധിച്ച് കാര്യങ്ങള്‍ തീരുമാനിക്കുക.

കൊല്ലം: സ്ത്രീകളെ അധിക്ഷേപിച്ച നടന്‍ കൊല്ലം തുളസിക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീകളെ അധിക്ഷേപിക്കല്‍, മതസ്പര്‍ദ്ധ വളര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ശബരിമല സത്രീപ്രവേശന വിഷയത്തില്‍ ഇന്നലെയാണ് കൊല്ലം തുളസി സ്ത്രീകളെ അധിക്ഷേപിച്ച് പ്രസംഗിച്ചത്.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ ശുഭന്മാരാണെന്നും സുപ്രീംകോടതി വിധിയുടെ ബലത്തില്‍ ശബരിമലയില്‍ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ട് കൊടുക്കണമെന്നുമാണ് എന്‍ഡിഎ സംഘടിപ്പിച്ച ശബരിമല സംരക്ഷണറാലിയില്‍ പങ്കെടുത്തു കൊണ്ട് കൊല്ലം തുളസി പറഞ്ഞത്.

കൊല്ലം തുളസിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെ വനിതാ കമ്മീഷന്‍ അദ്ദേഹത്തിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. ഇതിനു പിന്നാലെ തുളസിക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് പൊലീസിനും പരാതി ലഭിച്ചിട്ടുണ്ടായിരുന്നു. ഈ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തത്. ഡിവൈഎഫ്‌ഐ ചവറ ബ്ലോക്ക് കമ്മിറ്റിംയഗം രതീഷാണ് നടനെതിരെ ചവറ പൊലിസില്‍ പരാതി നല്‍കിയത്. ശബരിമലയിലെത്തുന്ന സ്ത്രീകളെ അപമാനിച്ച കൊല്ലം തുളസിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്.

പ്രസ്താവന വിവാദമായതിന് പിന്നാലെ ഖേദപ്രകടനവുമായി കൊല്ലം തുളസി രംഗത്തുവന്നു. പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്ത ചില അമ്മമാരുടെ പ്രയോഗത്തില്‍ ആവേശം തോന്നിയപ്പോള്‍ നടത്തിയ പ്രതികരണമായിരുന്നു അതെന്നും അയ്യപ്പഭക്തന്‍ എന്ന നിലയിലെ ഒരു വേദനയായിരുന്നു പങ്കു വച്ചതെന്നും കൊല്ലം തുളസി പറഞ്ഞു.

ലണ്ടന്‍: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന പൊണ്ണത്തടി നിയന്ത്രിക്കാനുള്ള പദ്ധതിയുമായി പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട്. കലോറി കുറഞ്ഞ അളവില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ലഭ്യമാക്കാനുള്ള റസ്റ്റോറന്റുകളോട് നിര്‍ദേശിക്കുകയാവും ആദ്യഘട്ടത്തില്‍ ചെയ്യുക. സാധാരണഗതിയില്‍ 1000ത്തിലേറെ കലോറിയില്‍ വിപണിയിലുള്ള പിസ്സ തുടങ്ങിയ ഭക്ഷണങ്ങള്‍ 928 കലോറിയിലേറെ വര്‍ദ്ധിക്കാന്‍ പാടില്ലെന്ന് നിര്‍ദേശത്തില്‍ പറയുന്നു. പൊണ്ണത്തടിയന്മാരായ പൗരന്മാരുടെ എണ്ണത്തില്‍ സമീപകാലത്തുണ്ടായ ക്രമാതീതമായ വളര്‍ച്ച നിയന്ത്രിക്കുക ലക്ഷ്യം വെച്ചാണ് പുതിയ നീക്കം. പൊണ്ണത്തടി വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും അകാല മരണത്തിനും കാരണമാകുന്നതായി നേരത്തെ ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ കണ്ടെത്തിയിരുന്നു.

കലോറി കുറയ്ക്കുന്നതുമായ ഗെയിഡ് ലൈന്‍സ് ‘റെഡി മീല്‍സ്, സാന്‍ഡ്‌വിച്ച്, കുക്കിംഗ് സോസ്, സൂപ്പ്, ബര്‍ഗര്‍, പ്രോസസ്ഡ് മീല്‍സ്’ തുടങ്ങിയവയ്ക്കും ബാധകമാവും. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉടന്‍ തന്നെ റസ്‌റ്റോറന്റുകളെ അറിയിക്കാനാണ് തീരുമാനം. 2024 ഓടെ രാജ്യത്ത് ഒരാള്‍ ഉപയോഗിക്കുന്ന കലോറിയില്‍ 20 ശതമാനം കുറവ് വരുത്താനാണ് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. നേരത്തെ യു.കെയിലെ ആളുകള്‍ക്ക് ഭക്ഷണ ക്രമീകരണം സംബന്ധിച്ച് കൃത്യമായ നിയന്ത്രണങ്ങള്‍ അത്യാവശ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കലോറിയില്‍ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.

പൊണ്ണത്തടിയുള്ള കുട്ടികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവുണ്ടായ സാഹചര്യത്തിലാണ് പുതിയ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 10 മുതല്‍ 11 വയസുവരെയുള്ള പ്രായത്തില്‍ ഏതാണ്ട് 24,000 പേര്‍ക്ക് പൊണ്ണത്തടിയുണ്ട്. മിക്ക കുട്ടികളും ഫാസ്റ്റ് ഫുഡ് ഇനത്തില്‍പ്പെട്ട ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് അടിമകളാകുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് അപകടരമായ അവസ്ഥയാണെന്ന് നേരത്തെ തന്നെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ‘ഡൊമിനോസ് പിസ്സ, മക്‌ഡൊണാള്‍ഡ്‌സ്, ജസ്റ്റ് ഈറ്റ്, ഡെലിവെറോ, കെ.എഫ്‌സി’ തുടങ്ങിയ യു.കെയിലെ പ്രധാന റസ്റ്റോറന്റുകളുമായി ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ കലോറി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

കുടിയേറ്റക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ എന്‍എച്ച്എസ് സര്‍ച്ചാര്‍ജ് ഇരട്ടിയാക്കി. എന്‍എച്ച്എസ് സേവനങ്ങള്‍ ലഭിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കു പുറത്തു നിന്നെത്തിയ കുടിയേറ്റക്കാര്‍ ഇനി 400 പൗണ്ട് നല്‍കേണ്ടി വരും. യുകെയില്‍ താല്‍ക്കാലികമായി താമസിക്കുന്നവര്‍ക്ക് ഗുണകരമായ പദ്ധതിയാണ് ഇതെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ കരോളിന്‍ നോക്ക്‌സ് പറഞ്ഞു. ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരിക്കുന്ന ഈ വര്‍ദ്ധനയ്ക്ക് ഇനി പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കണം. 2015ലാണ് ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ച്ചാര്‍ജ് എന്ന ഈ ഫീസ് അവതരിപ്പിച്ചത്. യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുറത്തു നിന്നെത്തുന്ന കുടിയേറ്റക്കാര്‍ക്കാണ് ഇത് ബാധകമായിട്ടുള്ളത്. ആറു മാസത്തിനു മേല്‍ കാലയളവില്‍ യുകെയില്‍ താമസത്തിനെത്തുന്നവര്‍ ഇത് നല്‍കണമെന്നാണ് നിബന്ധന.

വര്‍ദ്ധിപ്പിച്ച നിരക്കനുസരിച്ച് അന്താരാഷ്ട്ര സ്‌കീമുകളില്‍ പഠനത്തിനെത്തിയിരിക്കുന്ന 18 മുതല്‍ 30 വയസു വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ ഡിസ്‌കൗണ്ട് ചെയ്ത നിരക്കായ 300 പൗണ്ട് അടക്കണം. നേരത്തേ ഇത് 150 പൗണ്ടായിരുന്നു. ബ്രിട്ടീഷ് നികുതിദായകരുടെ പണത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍എച്ച്എസ് ആവശ്യങ്ങളില്‍ എപ്പോഴും ഉണ്ടാകുമെന്ന് നോക്ക്‌സ് പറഞ്ഞു. ദീര്‍ഘകാല താമസക്കാരായ കുടിയേറ്റക്കാര്‍ ഈ സേവനം ഉപയോഗിക്കുന്നത് ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ആരോഗ്യ സര്‍വീസിന്റെ നിലനില്‍പ്പിനായി അവര്‍ അവരുടേതായ സംഭാവന നല്‍കേണ്ടത് അത്യാവശ്യമാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും നോക്ക്‌സ് വ്യക്തമാക്കി.

ഈ ഉദ്ദേശ്യത്തിലാണ് 2015 ഏപ്രിലില്‍ ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ച്ചാര്‍ജ് നടപ്പാക്കിയത്. ഈ പണം അടക്കുന്നവര്‍ക്ക് യുകെ പൗരന്‍മാര്‍ക്ക് ലഭിക്കുന്നതു പോലെ ഏതു സമയത്തും എന്‍എച്ച്എസ് സേവനങ്ങള്‍ ലഭ്യമാകും. നിയമവിധേയമായി രാജ്യത്ത് തുടരുന്ന കാലയളവില്‍ ഇത് ഫലപ്രദമായി ഉപയോഗിക്കാനാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ പദ്ധതി ഇമിഗ്രന്റ്‌സിന് നല്‍കുന്ന ശിക്ഷയാണെന്നായിരുന്നു എന്‍എച്ച്എ,സ് ജീവനക്കാരുടെ സംഘടന കുറ്റപ്പെടുത്തിയത്. ബ്രിട്ടീഷ് വിസയ്ക്കായി അപേക്ഷിക്കുമ്പോളും പിന്നീട് എല്ലാ വര്‍ഷവും ഈ സര്‍ച്ചാര്‍ജ് അടക്കേണ്ടി വരും.

ഫാ.ഹാപ്പി ജേക്കബ്

സദ് വാര്‍ത്തകള്‍ കേള്‍ക്കുവാനും പങ്കുവെക്കുവാനും സ്‌നേഹിക്കുവാനും ആ സ്‌നേഹത്തില്‍ ആത്മാര്‍ത്ഥത നുകരുവാനും കഴിയുമായിരുന്ന ഒരു കാലത്തിന്റെ പ്രജകള്‍ ആയിരുന്നല്ലോ നാം. സ്‌നേഹം നിഷ്‌കളങ്കമായിരുന്നു, പങ്കുവെക്കലുകള്‍ ജീവനുള്ളവയായിരുന്നു, ആത്മാര്‍ത്ഥത ഹൃദയത്തില്‍ നിന്നുള്ളവയായിരുന്നു. എന്നാല്‍ ഇന്ന് നമുക്ക് ചുറ്റും കണ്ണും കാതും പായിച്ചാല്‍ സംശയവും കാപട്യവും പ്രമാണലംഘനങ്ങളും മാത്രമുള്ള ഒരു ജീവിതലോകത്തിന്റെ പരിച്ഛേദനം മുന്നില്‍ പ്രത്യക്ഷപ്പെടും. അതിനിടയില്‍ നുറുങ്ങുവെളിച്ചമായി നന്മകള്‍ എവിടെയോ മിന്നുന്നതും കാണാം. പരിശോധനയും ചികിത്സയും നമുക്കാണോ വേണ്ടത് അതോ നമുക്കു ചുറ്റുമുള്ളവര്‍ക്കാണോ വേണ്ടത്. വേദനകള്‍ക്ക് ശമനവും പാപവിടുതല്‍ പ്രസംഗിക്കുകയും ആത്മതപനങ്ങള്‍ക്ക് ഉറവിടവുമായ ദൈവസന്നിധി പോലും മലീമസ വാര്‍ത്തകള്‍ക്ക് നടുവില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. ഈ അവസരത്തില്‍ പ്രയോജനപ്പെടും എന്ന വിശ്വാസത്തില്‍ ചില ചിന്തകള്‍ പങ്കുവെക്കട്ടെ.

ഈ ലോകം മുഴുവനും ഒരു തറവാടായി നാം ഓരോരുത്തരും സഹോദരങ്ങളുമായും കഴിഞ്ഞ കാലത്തിന്റെ വളര്‍ച്ചയിലെ അടുത്ത ഏടിലാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയിരിക്കുന്നത് എന്ന വസ്തുത ആശ്ചര്യത്തോടെ മാത്രമേ ഉള്‍ക്കൊള്ളാന്‍ കഴിയൂ. വേദപുസ്തകത്തില്‍ ആത്മീക മനുഷ്യനെയും പ്രാകൃത മനുഷ്യനെയും ഇരുവരുടെയും സ്വഭാവ രീതികളും വിവരിക്കുന്നുണ്ട്. ഹൈന്ദവ ധര്‍മ്മത്തില്‍ ദേവനും അസുരനുമുണ്ട്. ഇവിടെ എല്ലാം വിജയമായും നീതിയായും സ്‌നേഹമായും വര്‍ണ്ണനയില്‍ വിരിയുന്നത് ആത്മീകവും ദേവനും ഒക്കെയാണ്. ദൈനംദിന ജീവിത സാഹചര്യങ്ങളിലും നാം ഈ വേര്‍തിരിവ് പല രൂപത്തിലും അനുവര്‍ത്തിക്കുകയും പഠിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നുണ്ടല്ലോ. പ്രകൃതിപോലും രാത്രി പകല്‍ ഭേദങ്ങളില്‍ ഈ അവസ്ഥയെ കാട്ടിത്തരുന്നു. ഇരുട്ട് ഭയത്തിന്റെ പ്രതീകമെങ്കില്‍ പകല്‍ സമാധാനവും സ്വസ്ഥതയും നമുക്ക് നല്‍കുന്നു. ധര്‍മ്മം, നീതി, നേര് എന്ന് നാം ഉപയോഗിക്കുന്ന വാക്കുകളില്‍ എല്ലാം കുറച്ചു കാലം ശരി നാം കണ്ടിരുന്നു. അത്ത് ഇതെല്ലാം ലോക തറവാട്ടിലെ എല്ലാ അംഗങ്ങളും മനസിലാക്കുകയും അതിന് അനുസരിച്ച് ജീവിക്കുകയും ചെയ്തിരുന്നു.

കാലം കഴിഞ്ഞു, പഴഞ്ചന്‍ രീതികളെല്ലാം പോയ്മറഞ്ഞു. ഏവരും ഒരുപോലെ ആധുനികന്‍മാരായി. ചിന്തകള്‍ക്ക് വ്യതിയാനമുണ്ടായി. നീതി എന്റെയും നിന്റേതും വ്യത്യസ്തമായി. കാഴ്ചപ്പാടുകള്‍ക്ക് അര്‍ത്ഥം ഇല്ലാതായി. സാമൂഹികം ഈഗോയ്ക്ക് വഴിമാറി. നേട്ടങ്ങള്‍ക്കിടയിലുള്ള അപചയങ്ങള്‍ മനസിലാക്കാതെ കുന്നുകൂടി നമുക്കു മീതെ നിഴലുകളായി രൂപാന്തരപ്പെട്ടു. ദൈവനീതിക്ക് പ്രചാരകരേറി. ജാതിമത ഭേദമെന്യേ മുന്‍പ് മറ്റെങ്ങും കണ്ടിട്ടില്ലാത്ത വണ്ണം പ്രസംഗകരും ജ്ഞാനികളും ധ്യാനഗുരുക്കന്‍മാരും ഉണര്‍ന്നു വന്നു. വാര്‍ത്താമാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ആത്മീയതയുടെ പ്രോക്താക്കളായി. അറിഞ്ഞും അറിയാതെയും നാം ഓരോരുത്തരും ദിനങ്ങള്‍, മണിക്കൂറുകള്‍, വേണ്ട രാത്രി പോലും ഉറക്കം കളഞ്ഞ് ഫോര്‍വേര്‍ഡ് യന്ത്രങ്ങളായി ഈ കര്‍മ്മത്തില്‍ പങ്കാളികളായി. എന്നിട്ടും പ്രകാശം കെടുന്നതല്ലാതെ ആളിക്കത്തിക്കുവാന്‍ കഴിയാതെ വന്നു. പ്രകൃതിക്ക് മനംമടുത്തു. കാലങ്ങളായി ഭേദമാകാതെ കിടന്ന പല രോഗങ്ങളും രോഗികളും കിടക്ക വിട്ടോടി.

എല്ലാവര്‍ക്കും ഒരേ സ്വരം, ഒരേ പ്രാര്‍ത്ഥന, ഒരേ ചിന്ത. ജീവിതത്തിന്റെ ദര്‍ശനം തന്നെ മാറിയ നാളുകള്‍ പിടിച്ചടക്കിയതെല്ലാം കണ്‍മുന്നില്‍ കുതിര്‍ന്നു വീണത് നിസഹായമായി നോക്കി നിന്നപ്പോള്‍ ചിലരെങ്കിലും അന്വേഷിച്ച ദൈവചൈതന്യം കണ്ടെത്തി. അത് സ്വന്തം ഹൃദയത്തില്‍ തന്നെ കണ്ടെത്തിയവരുണ്ട്, സഹജീവികളുടെ മുഖത്ത് കണ്ടെത്തിയവരുണ്ട്. അപ്പോഴാണ് അയല്‍ക്കാര്‍ സഹോദരങ്ങളായത്, ആരുമല്ലാതിരുന്നവര്‍ ആത്മമിത്രങ്ങളും ആയത്. മനുഷ്യരാല്‍ അസാധ്യമായത് ദൈവത്തിന് നിസാരമായി സാധ്യമെന്ന് ഇനിയെങ്കിലും മനസിലാക്കിയാല്‍ നന്ന്.

മങ്ങിപ്പോയ വെളിച്ചം ആളിക്കത്തിയ ദിവസങ്ങള്‍ ആയിരുന്നു. ജീവിതം സാധാരണമായി വരാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും കേള്‍ക്കാന്‍ തുടങ്ങി, കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്തകള്‍. പീഡനങ്ങള്‍, കലഹങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ എല്ലാം സമാധാനത്തെ കെടുത്തുന്ന വാര്‍ത്തകളായി ദിനംപ്രതി കടന്നു വരുന്നു. പല ശരികളും തെറ്റായും തെറ്റുകള്‍ ശരിയുമായി. ഇന്നലെവരെ നാം പരിപാലിച്ച് അനുഷ്ഠിച്ചിരുന്ന മര്യാദകള്‍ ഇന്ന് ലംഘനങ്ങളായി മാറി. പരിശുദ്ധതയുടെ ഇടങ്ങള്‍ മലിനതയുടെ കൂത്തരങ്ങായി. ദൈവനിഷേധവും അര്‍ദ്ധസത്യങ്ങളും നമുക്ക് ഫാഷനായി. ഓരോ ദിവസവും ആഘോഷിക്കുവാന്‍ എന്തെങ്കിലും പുതുതായി വേണം. അത് സമൂഹം നല്‍കുകയും ചാനലുകള്‍ പ്രചരിപ്പിക്കുകയും നാം ആത്മസന്തോഷം നേടുകയും ചെയ്യുന്നു. ഒരു പീഡന വാര്‍ത്തയില്ലെങ്കില്‍ സുഖമായി ഉറക്കം നടക്കില്ല. ഒരു സ്‌നേഹിതന്റെ കമന്റാണ്. അത് ആത്മീക മേഖലയില്‍ നിന്നായാല്‍ കൂടുതല്‍ ഇഷ്ടം.

എന്തേ ഇങ്ങനെയാകുന്നു. നമുക്കു തന്നെ മൂല്യങ്ങള്‍ തിരിച്ചു പിടിക്കാന്‍ കഴിയാതെ പോയോ? അതോ അതിനും പ്രകൃതി നീതിവാഹകയാകേണ്ടി വരുമോ? ഇപ്പോഴത്തെ അവസ്ഥയില്‍ ആര് ആരെ പഠിപ്പിക്കും? ആര് ആരെ ന്യായം വിധിക്കും? നിയമം ചിലരെ അഴിക്കുള്ളില്‍ ആക്കിയപ്പോള്‍ പുറത്തു നിന്നവര്‍ ആശ്വസിച്ചു. എന്നാല്‍ ദൈവിക നീതി അത് തുല്യമല്ലോ. ഹൃദയശുദ്ധി അത് മാത്രമേ പരിഹാരമുള്ളു. ഏതു നന്മയും തിന്മയും അതിന്റെ ആരംഭം ഹൃദയത്തില്‍ നിന്നല്ലേ?

രോഗി വൈദ്യന്റെ അടുക്കല്‍ ചെല്ലുകയും ചികിത്സാവിധി ഏറ്റുവാങ്ങുകയും അത് അനുസരിക്കുകയും ചെയ്താലല്ലേ രോഗം ശമിക്കൂ. ഉപവാസവും പ്രാര്‍ത്ഥനയും ആണ് മരുന്നായി വേദപുസ്തകവും മറ്റു ഗ്രന്ഥങ്ങളും ചൂണ്ടിക്കാണിക്കുന്നത്. ദൈവിക നീതി പുലരട്ടെ. കാലിക ധര്‍മ്മം നീതിക്ക് മുതല്‍ക്കൂട്ടാകട്ടെ.

ഇന്‍കം ടാക്‌സ് പരിധി വര്‍ദ്ധിപ്പിക്കുമെന്ന ഗവണ്‍മെന്റ് വാഗ്ദാനം ഉടനൊന്നും നടപ്പാകാന്‍ സാധ്യതയില്ലെന്ന് സൂചന. യൂണിവേഴ്‌സല്‍ ക്രെഡിറ്റിനു വേണ്ടി കൂടുതല്‍ പണം ആവശ്യമായി വരുന്നതിനാല്‍ വരുമാന നികുതി പരിധി ഉയര്‍ത്താനുള്ള തീരുമാനം എടുത്തു കളയാന്‍ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് പദ്ധതിയിടുന്നതായി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബെനഫിറ്റ് പദ്ധതികള്‍ കാര്യക്ഷമമായി നടത്തണമെങ്കില്‍ 20 ബില്യന്‍ പൗണ്ടിന്റെ അധിക ഫണ്ട് കണ്ടെത്തേണ്ട അവസ്ഥയിലാണ് ട്രഷറി. യൂണിവേഴ്‌സല്‍ ക്രെഡിറ്റില്‍ നിന്ന് ആനുകൂല്യങ്ങള്‍ വാങ്ങുന്നവരില്‍ ചിലര്‍ക്ക് 2400 പൗണ്ട് വരെ കുറവേ ഒരു വര്‍ഷം ലഭിക്കാന്‍ സാധ്യതയുള്ളുവെന്ന് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറി ക്യാബിനറ്റിനെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

യൂണിവേഴ്‌സല്‍ ക്രെഡിറ്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ പോള്‍ ടാക്‌സ് നല്‍കിയതിനു തുല്യമായ പ്രതിസന്ധികളിലേക്ക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വീഴുമെന്ന് മുന്‍ പ്രധാനമന്ത്രി സര്‍ ജോണ്‍ മേജര്‍ പറഞ്ഞു. 2015ല്‍ ജോര്‍ജ് ഓസ്‌ബോണ്‍ ആണ് യൂണിവേഴ്‌സല്‍ ക്രെഡിറ്റില്‍ നിന്ന് 2 ബില്യന്‍ വെട്ടിക്കുറച്ചത്. ഇത് പിന്‍വലിക്കേണ്ടത് അത്യാവശ്യമാണെന്ന് ജോണ്‍ മേജറും യൂണിവേഴ്‌സല്‍ ക്രെഡിറ്റിന്റെ ശില്പിയായ ഇയാന്‍ ഡങ്കന്‍ സ്മിത്തും ആവശ്യപ്പെടുന്നു. മുന്‍ ചാന്‍സലര്‍ വരുത്തിവെച്ച മാറ്റങ്ങള്‍ മൂലമുണ്ടായ വീഴ്ചകള്‍ പരിഹരിക്കുന്നതിനായിരിക്കും ഈ പണം ഉപയോഗിക്കേണ്ടി വരികയെന്നാണ് കരുതുന്നത്.

വിഷയം നിരീക്ഷിച്ചു വരികയാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് പ്രതികരിച്ചു. നിലവില്‍ 11850 പൗണ്ടാണ് ഇന്‍കം ടാക്‌സ് പരിധി. ഇത് 2020 ഓടെ 12500 പൗണ്ടായി ഉയര്‍ത്തുമെന്നായിരുന്നു ടോറി പ്രകടനപത്രികയിലെ വാഗ്ദാനം. എന്നാല്‍ അധിക ഫണ്ട് കണ്ടെത്തേണ്ടി വരുന്നതിനാല്‍ ഈ വാഗ്ദാനം എടുത്തു കളയാനാണ് ഹാമണ്ട് ഉദ്ദേശിക്കുന്നതെന്നാണ് വിവരം. എന്‍എച്ച്എസിന് 20 ബില്യന്‍ അധിക ഫണ്ട് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം നിറവേറ്റണമെങ്കില്‍ നികുതി വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നാണ് സൂചന. ഇത് ചാന്‍സലര്‍ക്കു മേല്‍ അധിക സമ്മര്‍ദ്ദമാണെന്നും വിലയിരുത്തപ്പെടുന്നു.

RECENT POSTS
Copyright © . All rights reserved