Main News

ആപ്പിള്‍ ഐഫോണിന്റെയും ഐപാഡിന്റെയും ഫിംഗര്‍പ്രിന്റ് സ്‌കാനറിലൂടെ നടക്കുന്ന തട്ടിപ്പ് നിങ്ങള്‍ക്ക് വന്‍ തുകകള്‍ നഷ്ടമാകാന്‍ കാരണമാകുമെന്ന് മുന്നറിയിപ്പ്. ഫിംഗര്‍പ്രിന്റ് സ്‌കാം എന്ന പേരില്‍ അറിയപ്പെടുന്ന ഈ തട്ടിപ്പ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ഒരു റെഡ്ഡിറ്റ് യൂസറാണ്. ഫിറ്റ്‌നസ് ബാലന്‍സ് എന്ന ആപ്പ് ആണ് വില്ലന്‍. ഇപ്പോള്‍ ഇത് ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്നും നിങ്ങള്‍ക്ക് 100 പൗണ്ട് വരെ നഷ്ടമായേക്കാമെന്നും റെഡ്ഡിറ്റ് ഉപയോക്താവ് പറയുന്നു. ഒരു കലോറി ട്രാക്കിംഗ് ആപ്പാണ് ഇത്. നിങ്ങളുടെ വിരലയടയാളം പരിശോധിച്ചാണ് ഇത് വിവരങ്ങള്‍ ശേഖരിക്കുന്നത്. ആപ്പിലെ നിങ്ങളുടെ വിവരങ്ങള്‍ അണ്‍ലോക്ക് ചെയ്യണമെങ്കില്‍ ടച്ച് ഐഡി സ്‌കാനറില്‍ 10 സെക്കന്‍ഡോളം വിരല്‍ അമര്‍ത്തി വെക്കണം.

എന്നാല്‍ ഇതിനിടയില്‍ പ്രത്യക്ഷപ്പെടുന്ന ഒരു പോപ്പ് അപ്പ് ഒരു 100 പൗണ്ട് ചാര്‍ജ് ആവശ്യപ്പെടും. ഈ പേയ്‌മെന്റ് ഫിംഗര്‍പ്രിന്റ് സ്‌കാനറില്‍കൂടിയാണ് അംഗീകരിക്കപ്പെടുന്നത്. ഇതോടെ നിങ്ങളുടെ ബാങ്ക് ബാലന്‍സില്‍ നിന്നോ ആപ്പ് സ്റ്റോര്‍ ക്രെഡിറ്റില്‍ നിന്നോ വന്‍ തുക അപ്രത്യക്ഷമാകുന്നു. ഇത് വിവാദമായതോടെ ഈ ആപ്പ് ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കിയിരിക്കുകയാണ് ആപ്പിള്‍. ഉപയോക്താക്കളെ കബളിപ്പിച്ച് അനാവശ്യ പര്‍ച്ചേസുകള്‍ നടത്തിക്കുകയും അനാവശ്യമായി ഡേറ്റ ചോദിച്ചു വാങ്ങുകയും ചെയ്യുന്ന ആപ്പുകള്‍ ശ്രദ്ധിക്കണമെന്ന് ആപ്പിള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പറയുന്നു. ഇത്തരം ആപ്പുകള്‍ തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നു.

ഈ നിര്‍ദേശദങ്ങള്‍ ലംഘിച്ച് ആപ്പുകള്‍ നിര്‍മിക്കുന്ന ഡവലപ്പര്‍മാരെ നിരോധിക്കുമെന്നും ആപ്പിള്‍ മുന്നറിയിപ്പ് നല്‍കുന്നു. ആപ്പ് സ്‌റ്റോറില്‍ നിന്ന് അവ നീക്കം ചെയ്യപ്പെടുകയും ഡവലപ്പര്‍ പ്രോഗ്രാമില്‍ നിന്ന് ഡവലപ്പര്‍മാരെ നീക്കുകയും ചെയ്യും. ആപ്പ് സ്റ്റോറിലെത്തുന്ന ആപ്പുകള്‍ പരിശോധിക്കാന്‍ സംവിധാനമുണ്ടെങ്കിലും ചിലപ്പോളെങ്കിലും തട്ടിപ്പുകാര്‍ നുഴഞ്ഞു കയറാറുണ്ട്.

ക്രിസ്മസിന് ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവര്‍ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ഒന്നു ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്ന് മുന്നറിയിപ്പ്. സിഗ്നല്‍ ശരായായി കിട്ടുന്ന സ്ഥലത്തു വേണം ട്രാന്‍സാക്ഷനുകള്‍ നടത്താന്‍. ഇടപാടുകളില്‍ കൂടുതല്‍ സുരക്ഷ നല്‍കുന്നതിനായി നിങ്ങളുടെ മൊബൈലിലേക്ക് പാസ്‌വേര്‍ഡുകള്‍ അയക്കുന്ന സമ്പ്രദായം ബാങ്കുകള്‍ ആരംഭിച്ചിട്ടുണ്ട്. മൊബൈല്‍ ഇല്ലാത്തവര്‍ക്കും ശരിയായ മൊബൈല്‍ സിഗ്നല്‍ ലഭിക്കാത്തവര്‍ക്കും ഇത് ലഭിക്കില്ലെന്നാണ് മുന്നറിയിപ്പ് പറയുന്നത്. യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള നിയമമാണ് ബാങ്കുകള്‍ നടപ്പാക്കുന്നത്. 27 പൗണ്ടില്‍ അധികം വരുന്ന തുക ചെലവാക്കുകയാണെങ്കില്‍ പേയ്‌മെന്റ് പ്രൊവൈഡര്‍മാര്‍ ഒരു വണ്‍ ടൈം പാസ്‌വേര്‍ഡ് നിങ്ങളുടെ ഫോണിലേക്ക് അയക്കുകയാണ് ചെയ്യുന്നത്.

യൂറോപ്യന്‍ മാനദണ്ഡമനുസരിച്ച് ഇതിന്റെ പരിധി 30 യൂറോയാണ്. എന്നാല്‍ നിങ്ങളുടെ ട്രാന്‍സാക്ഷന്‍ സുരക്ഷിതമാണെന്ന് റീട്ടെയിലര്‍ക്ക് ബോധ്യപ്പെട്ടാല്‍ ചില ഇളുവുകള്‍ ലഭിക്കാനിടയുണ്ട്. തട്ടിപ്പുകള്‍ നടന്നിട്ടില്ലെന്ന് റെഗുലേറ്ററെ ബോധ്യപ്പെടുത്താന്‍ ബാങ്കിന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ 450 പൗണ്ട് വരെ പരിധി ഉയരും. ഉപഭോക്താക്കളുടെ ഐഡന്റിറ്റി പരിശോധിക്കുന്നതിന് ബാങ്കുകള്‍ മറ്റു വഴികള്‍ തേടുകയാണ് ഇപ്പോള്‍. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ബാങ്ക് തട്ടിപ്പുകള്‍ തടയുന്നതിനായി അവതരിപ്പിച്ച പേയ്‌മെന്റ് സര്‍വീസസ് ഡയറക്ടീവ് അനുസരിച്ചാണ് ഈ ചട്ടങ്ങള്‍ നിലവില്‍ വന്നിരിക്കുന്നത്.

2019 സെപ്റ്റംബറില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഈ ചട്ടങ്ങള്‍ യുകെയില്‍ നടപ്പാക്കിക്കഴിഞ്ഞു. എന്നാല്‍ ഈ രീതികള്‍ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നവയാണെന്ന് വിമര്‍ശകര്‍ പറയുന്നു. മൊബൈല്‍ കവറേജ് ലഭിക്കാത്തവരെയും സാധാരണക്കാരായ ഉപഭോക്താക്കളെയും പരിഗണിക്കാന്‍ ബാങ്കുകള്‍ അലസത കാട്ടുകയാണെന്നാണ് ഫെയറര്‍ ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജെയിംസ് ഡേലി പറയുന്നത്. 95 ശതമാനം പേര്‍ക്കു വേണ്ടി മാത്രമാണ് ഈ സംവിധാനങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ബാക്കിയുള്ള 5 ശതമാനം ഉപേക്ഷിക്കപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുകെയില്‍ റെയില്‍ നിരക്കുകള്‍ കൂട്ടുന്നു. റെയില്‍ ഡെലിവറി ഗ്രൂപ്പ് ആണ് ഇത് പ്രഖ്യാപിച്ചത്. ജനുവരി 2 മുതല്‍ 3.1 ശതമാനം വര്‍ദ്ധന നിരക്കുകളില്‍ ഉണ്ടാകും. റെയില്‍ ഗതാഗതത്തില്‍ സാരമായ തടസങ്ങള്‍ നേരിട്ട വര്‍ഷമാണ് കടന്നു പോകുന്നത്. മെയ് മാസത്തില്‍ പുതിയ ടൈംടേബിള്‍ പ്രഖ്യാപിച്ചതോടെ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കരുതെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. 2018ല്‍ 3.4 ശതമാനം വര്‍ദ്ധനയായിരുന്നു വരുത്തിയത്. ഇത്തവണ അതിലും കുറഞ്ഞ നിരക്കാണെങ്കിലും മാഞ്ചസ്റ്ററില്‍ നിന്ന് ലിവര്‍പൂളിലേക്കുള്ള വാര്‍ഷിക സീസണ്‍ ടിക്കറ്റില്‍ 100 പൗണ്ട് അധികം നല്‍കേണ്ടി വന്നേക്കും. റെയില്‍ വ്യവസായ മേഖല യാത്രക്കാരില്‍ നിന്ന് വര്‍ഷം 10 ബില്യന്‍ പൗണ്ട് നേടുന്നുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഫോക്കസ് എന്ന സ്വതന്ത്ര വാച്ച്‌ഡോഗിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആന്തണി സ്മിത്ത് പറഞ്ഞു.

അതുകൊണ്ടു തന്നെ പണത്തിന്റെ മൂല്യത്തിനിണങ്ങിയ സേവനം ലഭിക്കാന്‍ യാത്രക്കാര്‍ അര്‍ഹരാണെന്നും അദ്ദേഹം പറഞ്ഞു. വെറും 45 ശതമാനം യാത്രക്കാര്‍ മാത്രമാണ് റെയില്‍ സേവനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തുന്നതെന്നും ട്രാന്‍സ്‌പോര്‍ട്ട് ഫോക്കസ് പറയുന്നു. റെയില്‍വേയുടെ കൃത്യനിഷ്ഠ 12 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും മോശം അവസ്ഥയിലാണെന്ന് വിച്ച് എന്ന കണ്‍സ്യൂമര്‍ ഗ്രൂപ്പിലെ അലക്‌സ് ഹേയ്മാന്‍ പറയുന്നു. പുതിയ നിരക്കു വര്‍ദ്ധന യാത്രക്കാര്‍ക്ക് ദുരിതം മാത്രമേ സമ്മാനിക്കൂ. പുതിയ ഗവണ്‍മെന്റ് റിവ്യൂ യാത്രക്കാരുടെ പണത്തിന് മൂല്യം നല്‍കുന്നതായിരിക്കണം. ട്രെയിനുകള്‍ വൈകുന്നതിനും ക്യാന്‍സലേഷനുകള്‍ക്കും ഓട്ടോമാറ്റിക്കായി നഷ്ടപരിഹാരം നല്‍കുന്ന സമ്പ്രദായം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യാത്രക്കാരെ പരിഗണിക്കാതെയുള്ള വര്‍ദ്ധനയാണ് റെയില്‍ ഇന്‍ഡസ്ട്രിയും സര്‍ക്കാരും വരുത്തിയിരിക്കുന്നതെന്നാണ് ഷാഡോ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ആന്‍ഡ് മക്‌ഡൊണാള്‍ഡ് പറഞ്ഞത്. യാത്രക്കാരുടെ മുഖത്തു കിട്ടിയ പ്രഹരമാണെന്നായിരുന്നു ആര്‍എംടി യൂണിയന്‍ ജനറല്‍ സെക്രട്ടറി മിക്ക് കാഷ് പ്രതികരിച്ചത്.

ഷിബു മാത്യൂ
സ്‌കിപ്റ്റണ്‍. യുറോപ്പിലെ പ്രമുഖ ക്ലബായ സ്പീക്കേഴ്‌സ് ക്ലബ് യുകെ തലത്തില്‍ സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തിന്റെ പ്രാഥമിക മത്സരം യോര്‍ക്ഷയറില്‍ നടന്നു. ക്രേവന്‍ ഡിസ്ട്രിക് കൗണ്‍സിലില്‍ ക്രേവന്‍ സ്പീകേഴ്‌സ് ക്ലബ് നടത്തിയ പ്രസംഗ മത്സരില്‍ ഒന്നാമത് എത്തിയത് മലയാളിയായ അഭയ് നമ്പ്യാര്‍. പതിനാലു വയസ്സ് മുതല്‍ എഴുപത് വയസ്സ് വരെ പ്രായമുള്ള പാശ്ചാത്യരായ ഇംഗ്ലീഷുകാര്‍ മത്സരിക്കുന്ന പ്രസംഗ മത്സരത്തിലാണ് മലയാളിയായ ഈ ബാലന്റെ മുന്നേറ്റം. സ്പീക്കേഴ്‌സ് ക്ലബ് സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ ഒരു ഏഷ്യന്‍ വംശജന്‍ പങ്കെടുക്കുന്നതും വിജയിക്കുന്നതും ഇതാദ്യമായാണ്. ‘സാങ്കേതീക വിദ്യ’ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു പ്രസംഗ മത്സരം നടന്നത്. പതിനാലു വയസ്സ് മുതല്‍ എഴുപത് വയസ്സുവരെ പ്രായമുള്ള ഇംഗ്ലീഷുകാര്‍ മത്സരത്തിനെത്തിയിരുന്നു. വികസിത രാജ്യത്തിന്റെ പ്രൗഡിയും സാങ്കേതീക വിദ്യയുടെ മുന്നേറ്റത്തിലുളള ബ്രിട്ടന്റെ പങ്കും നിറഞ്ഞു നിന്നതായിരുന്നു പാശ്ചാത്യ സമൂഹത്തിന്റെ പ്രസംഗം. പക്ഷേ, ഉയരങ്ങളിലേയ്ക്ക് കുതിക്കുന്ന ഒരു വികസ്വര രാജ്യത്തിന്റെ സങ്കല്പം. അതിന് ഊന്നല്‍ നല്‍കിയാണ് അഭയ് നമ്പ്യാര്‍ സംസാരിച്ചത്. പ്രായത്തിനേക്കാള്‍ കൂടുതല്‍ പക്വതയില്‍ ഒരു രാജ്യത്തിനു വേണ്ടി പാശ്ചാത്യരുടെ മുമ്പില്‍ സംസാരിച്ച് വിജയവുമുറപ്പിച്ചു. പാശ്ചാത്യരായ വിധികര്‍ത്താക്കളുടെ നേരിട്ടുള്ള പ്രശംസയ്ക്ക് പാത്രമായി. യോര്‍ക്ഷയറിലെ സ്‌കിപ്റ്റണിലുള്ള എര്‍മിസ്റ്റെഡ് ഗ്രാമര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭയ് നമ്പ്യാര്‍.

കേരളത്തില്‍ കണ്ണൂര്‍ സ്വദേശിയായ ജയരാജ് നമ്പ്യാരാരുടെയും രമ്യാ നമ്പ്യാരുടേയും എക മകനാണ് അഭയ് നമ്പ്യാര്‍. യു കെയില്‍ ടെസ്‌കോ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ IT മാനേജരാണ് ജയരാജ് നമ്പ്യാര്‍. എക്വാഫാക്‌സ് ലീഡ്‌സിന്റെ IT എനൈലിസ്റ്റായി ജോലി നോക്കുകയാണ് രമ്യാ നമ്പ്യാര്‍. യോര്‍ക്ഷയറിലെ സ്റ്റീറ്റണില്‍ സ്ഥിരതാമസമാണിവര്‍. മലയാളം യുകെ ന്യൂസ് ടീമിന്റെ ആശംസകള്‍.

എന്‍എച്ച്എസ് സ്റ്റാഫിംഗ് പ്രതിസന്ധി പരിഹരിക്കാന്‍ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇളവുകള്‍ വരുത്തുമെന്ന സൂചന നല്‍കി ഗവണ്‍മെന്റ്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നല്ലാത്ത ഡോക്ടര്‍മാര്‍ക്കും ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇളവുകള്‍ അനുവദിക്കും. കൂടുതല്‍ ഡോക്ടര്‍മാരെ രാജ്യത്ത് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മെഡിക്കല്‍ ട്രെയിനിംഗ് ഇനിഷ്യേറ്റീവ് പദ്ധതി അനുസരിച്ച് നിലവിലുള്ള 1500 ഡോക്ടര്‍മാര്‍ എന്ന പരിധി പുനര്‍നിര്‍ണയിക്കും. നോണ്‍ യൂറോപ്യന്‍ യൂണിയന്‍ ഡോക്ടര്‍മാരുടെ പരിധി 3000 ആയി ഉയര്‍ത്തുമെന്നാണ് സൂചന. മിനിസ്റ്റര്‍മാര്‍ ഇതിന് അംഗീകാരം നല്‍കി. യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന യുവാക്കളായ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് രാജ്യത്ത് തങ്ങാനുള്ള കാലാവധി രണ്ടു വര്‍ഷത്തില്‍ നിന്ന് മൂന്നാക്കി ഉയര്‍ത്താനും പദ്ധതിയില്‍ നിര്‍ദേശമുണ്ട്.

ബ്രെക്‌സിറ്റിനു ശേഷമുള്ള ഇമിഗ്രേഷന്‍ നയം വിശദീകരിക്കാന്‍ സര്‍ക്കാരിനു മേല്‍ കടുത്ത സമ്മര്‍ദ്ദം നിലനില്‍ക്കെയാണ് ഈ വിവരങ്ങള്‍ പുറത്തു വരുന്നത്. റൈറ്റ് ടു എന്‍ട്രി വൈദഗ്ദ്ധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ഇത് എന്‍എച്ച്എസ് സ്റ്റാഫിംഗ് പ്രതിസന്ധി കുറച്ചേക്കുമെന്നാണ് കരുതുന്നത്. കുടിയേറ്റ നിയമത്തില്‍ വരുത്തുന്ന ഇളവുകള്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുമെങ്കിലും ആശുപത്രികള്‍ നേരിടുന്ന പ്രതിസന്ധിക്ക് ഇത് പരിഹാരമാകുമെന്നാണ് മന്ത്രിമാര്‍ കരുതുന്നത്. കുറച്ചു നാളുകളായി ഈ വിഷയത്തില്‍ ഹോം ഓഫീസുമായി ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു. വിഷയത്തില്‍ അനുകൂല നിലപാട് ആവശ്യപ്പെട്ടുകൊണ്ട് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ കരോളിന്‍ നോക്ക്‌സിന് ഹാന്‍കോക്ക് കത്ത് നല്‍കിയിരുന്നു.

ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കാന്‍ കഴിയാത്തത് എന്‍എച്ച്എസിന് സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഏറെയാണ്. ഇതു മൂലം ചില ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികള്‍ അടച്ചുപൂട്ടേണ്ടതായി വന്നു. ഡിസംബര്‍ മധ്യത്തോടെ ഇമിഗ്രേഷന്‍ ഇളവുകള്‍ അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ദീര്‍ഘകാല പദ്ധതി അവതരിപ്പിച്ചേക്കും. ബ്രെക്‌സിറ്റ് ധാരണ സംബന്ധിച്ച് 11-ാം തിയതി നടക്കുന്ന വോട്ടെടുപ്പിനു ശേഷമായിരിക്കും പ്രഖ്യാപനം.

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ 2500 കോടി രൂപയുടെ അധിക സഹായവുമായി കേന്ദ്രം. നേരത്തെ 4800 കോടി രൂപ കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടിരുന്നു. അതേസമയം ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഉന്നത സമിതിയുടെ അംഗീകാരം ലഭിച്ചാല്‍ മാത്രമെ 2500 കോടിയുടെ സഹായം ലഭ്യമാവുകയുള്ളു.

കേരളത്തിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് വിലയിരുത്തിയ ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് കേരളത്തിനുള്ള സഹായത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്തത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് മന്ത്രി രാജ്നാഥ്‌സിങ്ങിന്റെ നേതൃത്വത്തിലുള്ള ഉന്നത സമിതിയാണ്. ഈ സമിതി അംഗീകരിച്ചില്ലെങ്കില്‍ കേരളത്തിന് അധിക സഹായം ലഭിക്കില്ല. നേരത്തെ ആദ്യഘട്ടത്തില്‍ കേരളത്തിന് 600 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചിരുന്നു.

ഇന്നലെ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. പ്രളയസമയത്ത് കേന്ദ്രം അനുവദിച്ച റേഷന് പോലും പണം വാങ്ങിച്ചതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. കൂടാതെ വ്യോമസേന 25 കോടിയുടെ ബില്ല് സംസ്ഥാനത്തിന് നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. ഈ ചെലവുകള്‍ മാറ്റി നിര്‍ത്തിയാല്‍ ഏതാണ്ട് 310 കോടിയുടെ സഹായം മാത്രമാണ് ഇതുവരെ ലഭിച്ചതെന്ന് പിണറായി നിയമസഭയില്‍ പറഞ്ഞിരുന്നു.

നിങ്ങള്‍ താമസിക്കുന്നത് ഈ പ്രദേശങ്ങളിലാണോ? എങ്കില്‍ ഈ വിന്ററില്‍ ഹീറ്റിംഗ് ബില്‍ ഇനത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ പണം നല്‍കേണ്ടതായി വന്നേക്കാം. മണി സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിയ പഠനത്തിലാണ് രാജ്യത്തെ ഒമ്പത് പ്രദേശങ്ങളെ ഉയര്‍ന്ന ബില്ലുകള്‍ വരാന്‍ സാധ്യതയുള്ളവയായി സ്ഥിരീകരിച്ചിരിക്കുന്നത്. ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കൂടുതല്‍ എനര്‍ജി ബില്ലുകള്‍ ഉയരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ട്രൂറോ, കോണ്‍വാള്‍ എന്നിവയാണ് മുന്‍നിരയില്‍. മറ്റു പ്രദേശങ്ങളിലേതിനേക്കാള്‍ ശരാശരി 16.35 പൗണ്ട് കൂടുതല്‍ ബില്ല് ഈ പ്രദേശങ്ങളിലെ വീടുകള്‍ക്ക് ആകുമെന്ന് പഠനം പറയുന്നു. ട്രൂറോയില്‍ വിന്റര്‍ ഹീറ്റിംഗിനായി ശരാശരി 194.10 പൗണ്ട് നല്‍കേണ്ടി വരും.

അതേസമയം ലണ്ടന്‍ നഗരത്തില്‍ ഇത് 192.78 പൗണ്ട് മാത്രമാണ്. ടോണ്ടനിലെ വീടുകളില്‍ 191.79 പൗണ്ടായിരിക്കും ശരാശരി ബില്‍ തുക. പ്ലിമൗത്തില്‍ 191.66 പൗണ്ടും ടോര്‍ക്വേയില്‍ 190.66 പൗണ്ടും ഹീറ്റിംഗ് ബില്‍ ഇനത്തില്‍ നല്‍കേണ്ടി വരും. സൗത്ത് വെസ്റ്റിലുള്ളവര്‍ക്കായിരിക്കും ഈയിനത്തില്‍ കൂടുതല്‍ പണം ചിലവാകുകയെന്നും കണക്കുകള്‍ പറയുന്നു. ഹാരോയില്‍ ശരാശരി 161.88 പൗണ്ട് മാത്രമായിരിക്കും എനര്‍ജി ബില്ലിനത്തില്‍ വിന്ററില്‍ നല്‍കേണ്ടി വരിക. ഇതാണ് പട്ടികയിലെ ഏറ്റവും കുറഞ്ഞ തുക. ശരാശറി വിന്റര്‍ താപനിലയില്‍ യുകെയിലെ 118 പ്രദേശങ്ങളിലെ എനര്‍ജി ഉപയോഗം വിശകലനം ചെയ്താണ് സര്‍വേ നടത്തിയിരിക്കുന്നത്.

ഓരോ ഡിഗ്രി സെല്‍ഷ്യസ് താപനില താഴുമ്പോഴും വീടുകള്‍ക്ക് ശരാശരി 3.34 പൗണ്ട് വീതം എനര്‍ജി ബില്‍ ഇനത്തില്‍ കൂടുതലായി നല്‍കേണ്ടി വരുന്നുണ്ടെന്ന് പഠനത്തില്‍ വ്യക്തമായി. അതായത് വിന്ററില്‍ വീടുകള്‍ക്കുള്ളിലെ താപനില ക്രമീകരിക്കുന്നത് ഒരു ചെലവേറിയ കാര്യമായി മാറുകയാണെന്ന് മണി സൂപ്പര്‍മാര്‍ക്കറ്റിലെ എനര്‍ജി വിദഗ്ദ്ധന്‍ സ്റ്റീഫന്‍ മുറേ പറയുന്നു.

സിറിയയില്‍ നിന്ന് എത്തിയ അഭയാര്‍ത്ഥി കുടുംബത്തിലെ 15 കാരന് സ്‌കൂളില്‍ മര്‍ദ്ദനം. ഹഡേഴ്‌സ്ഫീല്‍ഡിലെ ആല്‍മന്‍ഡ്ബറി സ്‌കൂളിലാണ് ജമാല്‍ എന്ന പതിനഞ്ചുകാരനെ മറ്റൊരു വിദ്യാര്‍ത്ഥി ഗ്രൗണ്ടില്‍ തള്ളിയിടുകയും മുഖത്ത് വെള്ളമൊഴിക്കുകയുമായിരുന്നു. ഈ ആക്രമണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും അഭയാര്‍ത്ഥി ബാലനെതിരെ നടന്ന ആക്രമണത്തില്‍ വലിയ ജനരോഷം ഉടലെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷം വ്യാഴാഴ്ച ജമാല്‍ സ്‌കൂളിലെത്തി. അച്ഛനുമൊത്താണ് ജമാല്‍ സ്‌കൂളില്‍ എത്തിയത്. സ്‌കൂളിന്റെ മുന്നില്‍ 30ഓളം ആക്ടിവിസ്റ്റുകള്‍ ജമാലിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. വീഡിയോ പുറത്തു വന്നതിനു പിന്നാലെ ജമാലിനെത്തേടി നിരവധി സഹായങ്ങളാണ് എത്തിയത്. 1,35,000 പൗണ്ടോളം സഹായമായി ജമാലിന് ലഭിച്ചു.

തനിക്ക് പിന്തുണ തരികയും സഹായിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി ജമാല്‍ പറഞ്ഞു. ആക്രമണത്തിനു ശേഷം ആദ്യമായാണ് ജമാല്‍ ജനങ്ങളുടെ മധ്യത്തില്‍ എത്തുന്നത്. ഹഡേഴ്‌സ്ഫീല്‍ഡ് സ്‌കൂളില്‍ ഒരു പെണ്‍കുട്ടിയെ ഉപദ്രവിച്ച സംഭവത്തില്‍ കുറ്റവാളിയാണ് ജമാല്‍ എന്ന് ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് എന്ന മുസ്ലീം വിരുദ്ധ സംഘടനയുടെ നേതാവ് ടോമി റോബിന്‍സണ്‍ പറഞ്ഞിരുന്നു. ഇയാള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജമാലിന്റെ അഭിഭാഷകനായ തസ്‌നിം അകുന്‍ജി പറഞ്ഞു. ബ്രിട്ടീഷ് ഏഷ്യന്‍സ് എന്ന ഗ്രൂപ്പാണ് ജമാലിനു വേണ്ടി പ്രതിഷേധം സംഘടിപ്പിച്ചത്. സ്‌കൂളുകള്‍ കൂടുതല്‍ ആക്രമണ വിരുദ്ധ നയങ്ങള്‍ സ്വീകരിക്കണമെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

മാതാപിതാക്കള്‍ക്കും സഹോദരിക്കും ഒപ്പം സിറിയയില്‍ നിന്ന് യുകെയിലേക്ക് പലായനം ചെയ്ത് എത്തിയതാണ് ജമാല്‍. ഹഡേഴ്‌സ്ഫീല്‍ഡില്‍ എത്തിയതിനു ശേഷമുള്ള രണ്ടു വര്‍ഷം ഇത്തരം ആക്രമണങ്ങള്‍ക്ക് നിരന്തരം വിധേയരായിക്കൊണ്ടിരിക്കുകയാണ് ഇവര്‍. ഭീഷണിയും ആക്രമണങ്ങളും വര്‍ദ്ധിച്ചു വരുന്നതിനാല്‍ സഹായമായി കിട്ടിയ പണം ഉപയോഗിച്ച് മറ്റെവിടേക്കെങ്കിലും മാറിത്താമസിക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ജമാലിന്റെ കുടുംബം അറിയിച്ചിരുന്നു. ജമാലിന്റെ സഹോദരിക്കും നേരത്തേ സ്‌കൂളില്‍ ആക്രമണത്തെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അക്രമികള്‍ കുട്ടിയുടെ ശിരോവസ്ത്രം അഴിച്ചെടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

നേതൃഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ എന്‍എച്ച്എസ് മാനേജര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ പദ്ധതി. സൈന്യമായിരിക്കും പരിശീലനം നല്‍കുക. സൈന്യത്തില്‍ നിന്നും വ്യവസായ മേഖലയില്‍ നിന്നും എന്‍എച്ച്എസ് മാനേജര്‍മാര്‍ക്ക് ലീഡര്‍ഷിപ്പ് ഗുണങ്ങള്‍ പഠിക്കാനുള്ള പദ്ധതികള്‍ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അവതരിപ്പിച്ചു. മറ്റു മേഖലകളില്‍ നിന്ന് എന്‍എച്ച്എസിന് ഏറെക്കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും അത്തരം മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ എന്‍എച്ച്എസിന്റെ മാനേജ്‌മെന്റ് സ്ഥാനങ്ങളില്‍ നിയമിക്കണമെന്നും ഹാന്‍കോക്ക് പറഞ്ഞു. ടീം വര്‍ക്ക്, സമ്മര്‍ദ്ദമേറിയ സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങളില്‍ സൈനിക ഉദ്യോഗസ്ഥര്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ക്ലാസുകള്‍ നല്‍കും.

മുതിര്‍ന്ന വ്യവയായ പ്രമുഖരും എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് പാഠങ്ങള്‍ പകരാന്‍ എത്തും. റീട്ടെയില്‍, സേവന മേഖലകളില്‍ നിന്നുള്ളവരായിരിക്കും എത്തുക. ടീം മാനേജ്‌മെന്റ്, മോട്ടിവേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇവര്‍ ക്ലാസുകള്‍ നല്‍കും. എന്‍എച്ച്എസില്‍ ഏറ്റവും മികച്ച നേതൃത്വമാണ് നമുക്ക് ആവശ്യമെന്ന് ഹാന്‍കോക്ക് പറഞ്ഞു. അത് ഈ സംവിധാനത്തിന് അകത്തു നിന്നായാലും പുറത്തു നിന്നായാലും പ്രശ്‌നമില്ല. ശരിയായ നേതൃ സംസ്‌കാരം കൊണ്ടുവരിക എന്നത് മാത്രമാണ് കാര്യം. രോഗികളുടെ പരിചരണത്തില്‍ ഉന്നത നിലവാരവും തുടര്‍ച്ചയായുള്ള വളര്‍ച്ചയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാഫ് കോളേജ് എന്ന സ്വതന്ത്ര ചാരിറ്റിയുമായി ചേര്‍ന്നായിരിക്കും ഇത് നടപ്പാക്കുക. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍, ബിസിനസ് രംഗത്തു നിന്നുള്ള എക്‌സിക്യൂട്ടീവ് കോച്ചുമാര്‍ എന്നിവരെ എന്‍എച്ച്എസ് മാനേജര്‍മാരുടെ പരിശീലനത്തിന് സ്റ്റാഫ് കോളേജ് ആയിരിക്കും കൊണ്ടു വരിക. ഏറ്റവും മികച്ച നേതൃത്വത്തിനായുള്ള അന്വേഷണം എന്‍എച്ച്എസ് തുടര്‍ന്നു കൊണ്ടിരിക്കണമെന്നും ഹാന്‍കോക്ക് ആവശ്യപ്പെട്ടു.

ലണ്ടനില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് ട്രെയിനില്‍ പോകണമെങ്കില്‍ ന്യൂയോര്‍ക്കില്‍ പോയി വരാനുള്ളതിനേക്കാള്‍ കൂടുതല്‍ പണം വേണ്ടി വരും! അതിശയിക്കേണ്ട, സ്‌കൈ അവതാരക മാര്‍ത്ത കെല്‍നറാണ് ഈ വിവരം പുറത്തു വിട്ടത്. വിര്‍ജിന്‍ ട്രെയിന്‍സിലാണ് തനിക്ക് വലിയ തുക നല്‍കേണ്ടി വന്നതെന്ന് കെല്‍നര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. 338 പൗണ്ടാണ് ഒരു റിട്ടേണ്‍ ടിക്കറ്റിനായി ഇവര്‍ക്ക് നല്‍കേണ്ടി വന്നത്. വിര്‍ജിന്‍ ട്രെയിന്‍സ് ഒരു ദേശീയ നാണക്കേടാണെന്ന് ട്വീറ്റില്‍ കെല്‍നര്‍ പറയുന്നു. ഇതിലും കുറഞ്ഞ തുകയ്ക്ക് തനിക്ക് ന്യൂയോര്‍ക്കില്‍ പോയി വരാന്‍ കഴിയുമെന്നും അവര്‍ വ്യക്തമാക്കി. ന്യൂയോര്‍ക്കിലേക്കുള്ള ഡയറക്ട് ഫ്‌ളൈറ്റിന് അവസാന നിമിഷം ടിക്കറ്റ് എടുത്താല്‍ പോലും 257 പൗണ്ട് വരെയേ ആകാറുള്ളു.

ഹീത്രൂവില്‍ നിന്ന് ജെഎഫ്‌കെ വിമാനത്താവളത്തിലേക്കുള്ള ഈ ശനിയാഴ്ചയിലെ നിരക്ക് 245 പൗണ്ട് മാത്രമാണ്. മറ്റ് യാത്രക്കാരും കെല്‍നര്‍ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. ഒരു സിംഗിള്‍ യുകെ ആംഡ് ഫോഴ്‌സ് ടിക്കറ്റിന് 130 പൗണ്ടാണ് വിര്‍ജിന്‍ ഈടാക്കിയതെന്ന് മൈക്കിള്‍ ഡൗഡ് എന്നയാള്‍ പറയുന്നു. വാരാന്ത്യങ്ങളില്‍ വീട്ടിലെത്തകുയെന്നത് ചെലവേറിയ കാര്യമായി മാറുകയാണെന്നും അദ്ദഹം പറയുന്നു. ഹീത്രൂവില്‍ നിന്ന് മോസ്‌കോയിലേക്ക് ഡയറക്ട് ഫ്‌ളൈറ്റും ഷെറാട്ടന്‍ പാലസ് ഹോട്ടലില്‍ ഒരു രാത്രി തങ്ങാനും 338 പൗണ്ടില്‍ സാധിക്കുമെന്നാണ് ടിം റിച്ച് എന്നയാള്‍ പ്രതികരിച്ചത്. റഷ്യയിലെ 5 സ്റ്റാര്‍ ഹോട്ടലാണ് ഷെറാട്ടന്‍ പാലസ്.

ഈ നിരക്കില്‍ സിഡ്‌നിയില്‍ നിന്ന് ലണ്ടനിലേക്ക് എത്താന്‍ കഴിയുമെന്ന് പട്രീഷ്യ ബാറക്ലോ പറയുന്നു. സിഡ്‌നിയില്‍ നിന്ന് ലണ്ടനിലേക്കുള്ള ഡയറക്ട് ഫ്‌ളൈറ്റുകളുടെ ഡിസംബറിലെ നിരക്ക് ആരംഭിക്കുന്നത് 293 പൗണ്ടിലാണ്. എന്നാല്‍ നേരത്തേ ബുക്ക് ചെയ്യുന്നവര്‍ക്ക് വെറും 23 പൗണ്ടില്‍ ലണ്ടന്‍-മാഞ്ചസ്റ്റര്‍ യാത്ര നടത്താമെന്നാണ് വിര്‍ജിന്‍ ട്രെയിന്‍സ് പ്രതികരിച്ചത്.

RECENT POSTS
Copyright © . All rights reserved