ലണ്ടന്‍: രാജ്യത്തെ നടുക്കിയ റോഡപകടം 24 മണിക്കൂറിന് തികയും മുന്‍പ് പ്രിന്‍സ് ഫിലിപ്പിനെ തേടി പുതിയ ലാന്‍ഡ് റോവറെത്തി. പ്രിന്‍സ് ഫിലിപ്പ് ഉപയോഗിച്ചിരുന്ന ദി ബ്ലാക്ക് ഫ്രീലാന്‍ഡര്‍ തന്നെയാണ് പുതിയ വാഹനവും. കഴിഞ്ഞ ദിവസം നടന്ന അപകടത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കണ്ണില്‍ സൂര്യപ്രകാശം തട്ടിയതാണ് പ്രിന്‍സ് ഫിലിപ്പിന്റെ ശ്രദ്ധ മാറാനും അപകടമുണ്ടാകാനും കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 97 കാരനായ പ്രിന്‍സ് ഫിലിപ്പിന്റെ ലൈസന്‍സ് നഷ്ടപ്പെടാന്‍ ഒരുപക്ഷേ അപകടം കാരണമാകുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഫിലിപ്പിന്റെ വാഹനം ഇടിച്ച കാറിലുണ്ടായിരുന്ന രണ്ട് പേരുടെ കൈക്ക് പൊട്ടലേറ്റിട്ടുണ്ട്. ഇവരെ കിംഗ്സ് ലെയ്നിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രിന്‍സ് ഫിലിപ്പ് ഇന്നലെയുണ്ടായ അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ശരീരത്തില്‍ മുറിവുകളോ ചതവോ ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത് എന്നാല്‍ അദ്ദേഹം 48 മണിക്കൂര്‍ നിരീക്ഷണത്തിലായിരിക്കും. സാന്‍ഡ്രിഗ്രഹാം എസ്റ്റേറ്റിന് സമീപത്തുള്ള പോക്കറ്റ് റോഡില്‍ നിന്ന് മെയിന്‍ റോഡിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കവെയാണ് പ്രിന്‍സ് ഫിലിപ്പിന്റെ കാര്‍ അപകടത്തില്‍പ്പെടുന്നത്. ലാന്‍ഡ് റോവര്‍ അപകടത്തെ തുടര്‍ന്ന് തലകീഴായി മറിഞ്ഞിരുന്നു. ഭാഗ്യംകൊണ്ട് മാത്രമാണ് പ്രിന്‍സ് ഫിലിപ്പ് രക്ഷപ്പെട്ടതെന്നാണ് ദൃസാക്ഷികള്‍ പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.

അപകടം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പോലീസെത്തി പ്രിന്‍സ് ഫിലിപ്പ് ഉള്‍പ്പെടെയുള്ളവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അപകടം നടന്ന സമയത്ത് പരിഭ്രാന്തനായിട്ടായിരുന്നു പ്രിന്‍സ് ഫിലിപ്പ് കാണപ്പെട്ടതെന്ന് ദൃസാക്ഷികള്‍ പറയുന്നു. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ ആരോഗ്യവിവരം തിരക്കി രംഗത്ത് വന്നിരിക്കുന്നത്. അപകടത്തില്‍പ്പെട്ട ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെ ശ്വാസ പരിശോധന പോലീസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇരുകൂട്ടരും യാതൊരു ലഹരിയുടെയും സ്വാധീനത്തിലായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. പ്രിന്‍സ് ഫിലിപ്പിന് കൈയ്യില്‍ നിയമം അനുശാസിക്കുന്ന ലൈസന്‍സ് ഉണ്ടായിരുന്നതായി ബെക്കിംഗ്ഹാം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.