യുകെയില്‍ ഇന്ധനവിലയിലുണ്ടായത് വന്‍ വര്‍ദ്ധനവ്. 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്‍എസി ഇന്ധന വിലവര്‍ദ്ധന രേഖപ്പെടുത്താന്‍ തുടങ്ങിയ തിനു ശേഷമുണ്ടാകുന്ന ഏറ്റവും വലിയ വര്‍ദ്ധനയാണ് മെയ് മാസത്തിലുണ്ടായതെന്നാണ് വിലയിരുത്തല്‍. അണ്‍ലെഡഡ് പെട്രോള്‍ വില 123.43 പെന്‍സില്‍ നിന്ന് 129.41 പെന്‍സ് ആയാണ് ഉയര്‍ന്നത്. ഇതോടെ 55 ലിറ്റര്‍ ടാങ്ക് കപ്പാസിറ്റിയുള്ള സാധാരണ കാറില്‍ പെട്രോള്‍ നിറക്കണമെങ്കില്‍ 71.18 പൗണ്ട് നല്‍കേണ്ടി വരും. ഒരു മാസത്തിനിടയില്‍ ഈയിനത്തിലുണ്ടായ വര്‍ദ്ധന 3.29 പൗണ്ടാണെന്ന് ആര്‍എസി ഫ്യൂവല്‍ വാച്ച് ഡേറ്റ വ്യക്തമാക്കുന്നു.
ഡീസലിനുണ്ടായ ശരാശരി വര്‍ദ്ധന 6.12 പെന്‍സാണ്. 126.27 പെന്‍സില്‍ നിന്ന് 132.39 പെന്‍സ് ആയാണ് ഡീസല്‍ വില വര്‍ദ്ധിച്ചിരിക്കുന്നത്. 2000നു ശേഷം രേഖപ്പെടുത്തിയ രണ്ടാമത്തെ വലിയ വിലക്കയറ്റമാണ് ഇത്. മെയ് മാസത്തില്‍ ഒരു ഫാമിലി കാര്‍ പൂര്‍ണ്ണമായും നിറക്കണമെങ്കില്‍ 72.81 പൗണ്ടാണ് ഉപഭോക്താവിന് നല്‍കേണ്ടി വന്നത്. ഏപ്രില്‍ 2ന് ശേഷം മിക്കവാറും എല്ലാ ദിവസങ്ങളിലും ഇന്ധനവില വര്‍ദ്ധിച്ചിട്ടുണ്ട്. 2015 മാര്‍ച്ചിന് ശേഷം ആദ്യമായാണ് ഇത്തരമൊരു സാഹചര്യത്തെ നേരിടേണ്ടി വന്നതെന്നും ആര്‍എസി വ്യക്തമാക്കുന്നു.
വാഹന ഉടമകള്‍ക്ക് നരകതുല്യമായ മാസമായിരുന്നു മെയ് എന്നാണ് ആര്‍എസി വക്താവ് പറഞ്ഞത്. പൗണ്ട് മൂല്യം കുറഞ്ഞതിനൊപ്പം ഇന്ധന വില വര്‍ദ്ധിക്കുക കൂടി ചെയ്തത് വാഹന ഉടമകളെ കഷ്ടത്തിലാക്കിയെന്നും ആര്‍എസി ഡേറ്റ വ്യക്തമാക്കുന്നു.
എന്‍എച്ച്എസ് അനുഭവിക്കുന്ന രൂക്ഷമായ സ്റ്റാഫിംഗ് പ്രതിസന്ധി കണക്കിലെടുക്കാതെ കടുത്ത നടപടികളുമായി ഹോം ഓഫീസ്. എന്‍എച്ച്എസ് നോണ്‍ യൂറോപ്യന്‍ ഡോക്ടര്‍മാരില്‍ പലരുടെയും വിസ കാലാവധി നീട്ടാന്‍ ഹോം ഓഫീസ് തയ്യാറാകുന്നില്ല. വിസ കാലാവധി അവസാനിച്ചവര്‍ യുകെ വിടണമെന്നാണ് പുതിയ നിര്‍ദേശം. പിജി പഠനം ഉപേക്ഷിച്ച് ജിപി ട്രെയിനിംഗ് കോഴ്‌സില്‍ ചേര്‍ന്ന ഇന്ത്യക്കാരനായ ഡോക്ടര്‍ തനിക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള നിര്‍ദേശം ലഭിച്ചതായി അറിയിച്ചുവെന്ന് ഇന്‍ഡിപ്പെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നോണ്‍ യൂറോപ്യന്‍ യൂണിയന്‍ ജീവനക്കാരുടെ ക്യാപ് എത്തിയതിനാല്‍ സ്‌പോണ്‍സര്‍ സര്‍ട്ടിഫിക്കറ്റ് തനിക്ക് ലഭിക്കാത്തതാണ് ഇതിന് കാരണമെന്നാണ് പേര് വെളിപ്പെടുത്താത്ത ഇദ്ദേഹം അറിയിച്ചത്.
സ്റ്റുഡന്റ് വിസ അവസാനിച്ചതിനാല്‍ മാസ്റ്റേഴ്‌സ് ഡിഗ്രി പഠനത്തിലേക്കും തിരികെ പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. തന്റെ ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന നിരവധി ഡോക്ടര്‍മാര്‍ യുകെയിലുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ടയര്‍ 2 വിസ പുതുക്കി ലഭിക്കാത്തതിനാല്‍ അഞ്ചു വര്‍ഷത്തെ ജിപി ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ മറ്റൊരു ഡോക്ടറോടും രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഹോം ഓഫീസ്. രണ്ടു കുട്ടികളടങ്ങുന്ന കുടുംബവുമായി വേണം ഇദ്ദേഹത്തിന് മടങ്ങാന്‍. വിദഗ്ദ്ധ മേഖലയിലുള്ളവര്‍ക്ക് നല്‍കുന്ന ഈ വിസ ഓരോ വര്‍ഷവും 20,700 എണ്ണം മാത്രമേ അനുവദിക്കാനാകൂ എന്നാണ് ഗവണ്‍മെന്റ് മാനദണ്ഡം.
വിഷയത്തില്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ലോബിയിംഗ് ഗ്രൂപ്പ് ഹോം സെക്രട്ടറിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ എന്‍എച്ച്എസില്‍ പ്രവര്‍ത്തിക്കുന്നതും ട്രെയിനിംഗില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നവരുമായ ഡോക്ടര്‍മാരോടാണ് നാടുവിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം വിസ ചടങ്ങള്‍ എന്‍എച്ച്എസ് നേരിടുന്ന ഗുരുതരമായ സ്റ്റാഫിംഗ് പ്രതിസന്ധിയെ രൂക്ഷമാക്കാനേ ഉപകരിക്കൂ എന്ന് ഹോം സെക്രട്ടറി സാജിദ് ജാവിദിന് ഡോക്ടര്‍മാര്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തീവ്രവാദ ഭീഷണി ഒഴിവാക്കാന്‍ കൂടുതല്‍ ശക്തമായ നടപടികള്‍. സംശയകരമായ ഓര്‍ഡറുകളെക്കുറിച്ച് എംഐ5ന് വിവരം നല്‍കണമെന്ന് ഓണ്‍ലൈന്‍ റീട്ടെയിലര്‍മാര്‍ക്കുമേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്താനൊരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. കത്തികള്‍, രാസവസ്തുക്കള്‍ എന്നിവക്കായി ലഭിക്കുന്ന ഓര്‍ഡറുകള്‍ അറിയിക്കണമെന്ന് ഇ കൊമേഴ്‌സ് സൈറ്റുകളോട് ആവശ്യപ്പെടാനാണ് പദ്ധതി. മാഞ്ചസ്റ്റര്‍ അറീന ഭീകരാക്രമണത്തിനായുള്ള ആയുധങ്ങള്‍ നിര്‍മിക്കാന്‍ സല്‍മാന്‍ അബേദി ഓണ്‍ലൈനിലാണ് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയതെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
വിവിധ പേരുകളിലായിരുന്നു അബേദി ഈ വസ്തുക്കള്‍ ഓണ്‍ലൈനില്‍ വാങ്ങിയത്. പക്ഷേ എല്ലാം ഒരു അഡ്രസില്‍ തന്നെ ഡെലിവര്‍ ചെയ്യുകയും ചെയ്തു. ഇത്തരം സംഭവങ്ങളില്‍ നിരീക്ഷണത്തിലുള്ള ആളുകളില്‍ ഏജന്‍സികള്‍ പ്രത്യേകം ശ്രദ്ധ നല്‍കാനും തീരുമാനമുണ്ട്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ കൗണ്‍സിലുകള്‍, ലോക്കല്‍ പോലീസ് സേനകള്‍, ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയിലേക്കും കൈമാറും. ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കൊപ്പം ഈ സംവിധാനങ്ങളുടെയും യോജിച്ചുള്ള പ്രവര്‍ത്തനമാണ് ഉദ്ദേശിക്കുന്നത്.
ഈ സര്‍ക്കാര്‍ ഭീകരവാദത്തിനെതിരായി കഴിയാവുന്ന എല്ലാ മാര്‍ഗ്ഗങ്ങളും തേടുമെന്ന് പദ്ധതി അവതരിപ്പിച്ചുകൊണ്ട് ഹോം സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. ഈ വിധത്തില്‍ എല്ലാ വിഭാഗങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം ഭീകരവാദത്തെ ചെറുക്കാന്‍ ഫലപ്രദമാണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
സെന്‍ട്രല്‍ ലണ്ടനില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട 18കാരി കുറ്റം ചെയ്തുവെന്ന് തെളിഞ്ഞതായി കോടതി. സഫാ ബൗലാര്‍ എന്ന പെണ്‍കുട്ടിക്കു മേലാണ് കുറ്റം ചുമത്തിയത്. മൂത്ത സഹോദരിയും അമ്മയുമൊത്ത് ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയതായാണ് വ്യക്തമായിരിക്കുന്നത്. സ്ത്രീകള്‍ മാത്രമടങ്ങുന്ന ബ്രിട്ടനിലെ ആദ്യ ഭീകരാക്രമണ ശ്രമമായാണ് ഇത് അറിയപ്പെടുന്നത്. സിറിയയിലെത്തി ഒരു ഐസിസ് തീവ്രവാദിയെ വിവാഹം കഴിക്കാനായിരുന്നു സഫാ ശ്രമിച്ചത്. ഈ ശ്രമം പോലീസ് തകര്‍ത്തതോടെ ബ്രിട്ടീഷ് മ്യൂസിയത്തില്‍ ചാവേര്‍ ബോംബാക്രമണവും വെടിവെപ്പും നടത്താന്‍ സഫാ പദ്ധതിയിടുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സഫ പിടിയിലാകുന്നത്. ഇതിനു ശേഷം ഇവരുടെ മൂത്ത സഹോദരി റിസ്ലെയിന്‍, അമ്മ മിന ഡിച്ച് എന്നിവര്‍ക്കെതിരെയും ഭീകരാക്രമണത്തിന് പദ്ധതിയിട്ട കുറ്റം ചുമത്തിയിരുന്നു. 2016ല്‍ തന്നെ സഫ തീവ്രവാദാശയങ്ങളില്‍ ആകൃഷ്ടയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ പറഞ്ഞു. ചാവേര്‍ ബോംബ് ബെല്‍റ്റുമായി നില്‍ക്കുന്ന കുട്ടിയുടെയും സ്ത്രീയുടെയും ചിത്രങ്ങളും തലയറുക്കുന്ന ചിത്രങ്ങളും ഇവര്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നു. 2016ല്‍ മൊറോക്കോയില്‍ ഹോളിഡേയ്ക്ക് ശേഷം തിരികെ വന്നപ്പോള്‍ രക്തസാക്ഷിയാകാന്‍ താല്‍പര്യമുണ്ടെന്ന പരാമര്‍ശത്തിന് സഫയെ പോലീസ് ചോദ്യം ചെയ്തിരുന്നു.
300 മുതല്‍ 400 വരെ ഐസിസ് ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ തനിക്കുണ്ടെന്ന് സഫ പോലീസിനോട് സമ്മതിച്ചു. നവീദ് ഹുസൈന്‍ എന്ന ഐസിസ് തീവ്രവാദിയുമായി സഫ ബന്ധം സ്ഥാപിച്ചിരുന്നു. കവന്‍ട്രിയില്‍ നിന്ന് സിറിയയിലെത്തിയ ഇയാളെ വിവാഹം കഴിക്കാന്‍ അവിടേക്ക് പോകാും സഫ ശ്രമം നടത്തി. ഇവര്‍ തമ്മില്‍ മണിക്കൂറുകളോളം ചാറ്റ് ചെയ്തതിന്റെ തെളിവുകളും കോടതിയില്‍ ഹാജരാക്കപ്പെട്ടു.
ചികിത്സിച്ചു ഭേദമാക്കാനാകാത്തതെന്ന് ഇതുവരെ കരുതിയിരുന്ന ഘട്ടത്തിലുള്ള സ്തനാര്‍ബുദത്തെ കീഴടക്കി പുതിയ തെറാപ്പി. ശരീരമാകമാനം പടര്‍ന്ന അര്‍ബുദത്തെ കീഴടക്കിക്കൊണ്ട് ക്യാന്‍സര്‍ ചികിത്സാ മേഖലയില്‍ അദ്ഭുതകരമായ മുന്നേറ്റം നടത്തിയിരിക്കുകയാണ് അമേരിക്കയിലെ വിദഗ്ദ്ധര്‍. ക്യാന്‍സര്‍ കോശങ്ങളെ നേരിടാന്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ പ്രാപ്തമാക്കിക്കൊണ്ടുള്ള ചികിത്സാരീതിയാണ് പരീക്ഷിച്ചത്. ജൂഡി പെര്‍കിന്‍സ് എന്ന 49കാരിയായ എന്‍ജിനീയറാണ് ഈ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നത്.
ലോകത്ത് തന്നെ ഇതാദ്യമായാണ് അന്തിമഘട്ട ക്യാന്‍സര്‍ ചികിത്സിച്ചു ഭേദമാക്കുന്നത്. വലത് സ്തനത്തില്‍ കണ്ടെത്തിയ ട്യൂമര്‍ നിരവധി കീമോതെറാപ്പി നല്‍കിയിട്ടും ഭേദപ്പെടുത്താനാകാതെ വന്നു. ഈ ട്യൂമര്‍ പിന്നീട് കരളിലേക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നതായും കണ്ടെത്തി. മൂന്ന് വര്‍ഷം വരെ മാത്രമേ ഇവര്‍ ജീവിച്ചിരിക്കാനിടയുള്ളൂ എന്നായിരുന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ഇതോടെയാണ് പുതിയ തെറാപ്പി ഇവരില്‍ ചെയ്യാന്‍ തീരുമാനിച്ചത്. ഇമ്യൂണോതെറാപ്പിയുടെ ഒരു വകഭേദമായ ഈ ചികിത്സയില്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ സജ്ജമാക്കുകയാണ് ചെയ്യുന്നത്.
ക്യാന്‍സര്‍ ബാധിച്ച കലകളില്‍ നിന്നുള്ള ഡിഎന്‍എയില്‍ പഠനം നടത്തി അവയുടെ സ്വഭാവം മനസിലാക്കുകയാണ് ആദ്യഘട്ടം. പിന്നീ്ട് ക്യാന്‍സര്‍ കോശങ്ങളെ നേരിടുന്ന ശരീരത്തിലെ പ്രതിരോധ കോശങ്ങളെ വേര്‍തിരിച്ചെടുത്തു. ഇവയെ ലബോറട്ടറിയില്‍ വളര്‍ത്തിയശേഷം ശരീരത്തില്‍ തിരികെ നിക്ഷേപിച്ചു. ഇതിനൊപ്പം പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്ന മരുന്നുകള്‍ കൂടി നല്‍കിയായിരുന്നു ചികിത്സ. മേരിലാന്‍ഡിലെ യുഎസ് നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു പെര്‍ക്കിന്‍സ് ചികിത്സക്ക് വിധേയയായത്. ഈ തെറാപ്പി വളരെ ഫലപ്രദമായാണ് പെര്‍ക്കിന്‍സില്‍ പ്രവര്‍ത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചികിത്സ കഴിഞ്ഞിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷമായി. ഇവര്‍ പൂര്‍ണ്ണമായും രോഗമുക്തയാണെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിെൻറ ജീവിതം ആധാരമാക്കി ഹോളിവുഡ് സിനിമ ഒരുങ്ങുന്നു. ഹോളിവുഡ് ചലചിത്രനിർമാണ കമ്പനിയായ എസ്.റ്റി.എക്സ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഇന്ത്യൻ ചലചിത്ര നടനും സംവിധായകനുമായ ശേഖർ കപൂറാണ്.
1971 മുതൽ 2004 വരെ യു.എ.ഇയുടെ പ്രസിഡൻറ് ആയിരുന്ന ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്ർറെ ജന്മശതാബ്ദി വർഷം തന്നെയാണ് ജീവചരിത്ര സിനിമ ഒരുക്കുന്നത്. യു.എ.ഇക്കൊപ്പം ലോകവും വളരണമെന്നാഗ്രഹിച്ച് നന്മനിറഞ്ഞ മനസോടെ സേവനം ചെയ്ത സുൽത്താന്ർറെ ഓർമകൾ നിറയുന്നതായിരിക്കും ചിത്രമെന്നാണ് എസ്.റ്റി.എക്സ് വ്യക്തമാക്കുന്നത്. ചരിത്രപരമായ മാറ്റത്തിന് സഹായിച്ച സജീവവും കരുത്തുറ്റതുമായ വ്യക്തിത്വത്തെ കുറിച്ചുള്ള കഥ പറയുന്നതാണ് ചിത്രമെന്ന് എസ്.റ്റി.എക്സ് ഫിലിംസ് ചെയർമാൻ ആഡം ഫോഗൽസൺ പറഞ്ഞു. ചിത്രീകരണം, അഭിനേതാക്കൾ തുടങ്ങിയ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എലിസബത്, ദ ഫോർ ഫെദേഴ്സ് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത നടൻ ശേഖർ കപൂറായിരിക്കും ചിത്രം സംവിധാനം ചെയ്യുന്നത്. ക്ളിഫ് ഡോർഫ്മാനാണ് തിരക്കഥാകൃത്ത്. രാഷ്ട്രപിതാവിനോടുള്ള ആദരസൂചകമായി യു.എ.ഇ ഈ വർഷം ഷെയ്ഖ് സായിദ് വർഷമായാണ് ആചരിക്കുന്നത്. ഇതിൻറെ ഭാഗമായുള്ള കാരുണ്യ, വികസന പദ്ധതികൾക്കൊപ്പമാണ് ജീവിതകഥ പറയുന്ന ചിത്രം പിറവിയെടുക്കുന്നത്.
ലണ്ടന്‍ മലയാളികളെ ദുഖത്തിലാഴ്ത്തി മറ്റൊരു മലയാളി മരണം കൂടി. ലണ്ടന് സമീപം ഹോണ്‍സ്ലോയില്‍ താമസിക്കുന്ന ഫിലിപ്പ് വര്‍ഗീസ് (ബെന്നി) ആണ് ഇന്നലെ രാത്രി മരണമടഞ്ഞത്. കേവലം മുപ്പത്തിയെട്ട് വയസ്സ് മാത്രം പ്രായമുള്ള ബെന്നിയെ ഇന്നലെ വൈകുന്നേരം സുഹൃത്തുക്കള്‍ക്ക് ഒപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടയില്‍ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ രാത്രിയോടെ ഹോസ്പിറ്റലില്‍ വച്ച് മരണമടയുകയായിരുന്നു.
പത്തനംതിട്ട ചെരിവ്കാലായില്‍ കുടുംബാംഗമായ ഫിലിപ്പ് വര്‍ഗീസ് ഭാര്യ സിനി ഫിലിപ്പിനും രണ്ട് മക്കള്‍ക്കും ഒപ്പമായിരുന്നു ഹോണ്‍സ്ലോയില്‍ താമസിച്ചിരുന്നത്. ബെന്നിയുടെ അപ്രതീക്ഷിതമായ മരണത്തില്‍ പകച്ച് പോയ കുടുംബംഗങ്ങള്‍ക്ക് ആശ്വാസമേകി ഹോണ്‍സ്ലോയിലെ മലയാളികള്‍ രംഗത്തുണ്ട്. സംസ്കാര കര്‍മ്മങ്ങള്‍ നാട്ടില്‍ നടത്താനാണ് ബന്ധുക്കളുടെ തീരുമാനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടു കിട്ടുന്ന മുറയ്ക്ക് യുകെയിലെ പൊതുദര്‍ശനത്തിന് ശേഷമായിരിക്കും നാട്ടിലേക്ക് കൊണ്ട് പോകുന്നത്.
ബെന്നിയുടെ ആകസ്മിക നിര്യാണത്തില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഉണ്ടായ ദുഖത്തില്‍ മലയാളം യുകെ ന്യൂസ് ടീം പങ്ക് ചേരുന്നു. ആദരാഞ്ജലികള്‍.
ബ്രസ്റ്റ് ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായി പുതിയ പഠനം. രാജ്യത്ത് ബ്രസ്റ്റ് ക്യാന്‍സര്‍ ബാധിച്ച് ചികിത്സ തേടുന്ന 5000ത്തിലധികം സ്ത്രീകളെ കീമോ തെറാപ്പിയില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിയുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. യുകെയിലെ ആരോഗ്യ രംഗവും ചാരിറ്റികളും പുതിയ റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്. ചികിത്സാരംഗത്ത് ഇത് സമഗ്രമായ മാറ്റത്തിന് കാരണമാകുമെന്നാണ് സൂചന. ജെനറ്റിക് ടെസ്റ്റ് വഴി ചികിത്സാരീതിയെ നിര്‍ണയിക്കാന്‍ കഴിയുമെന്നാണ് പുതിയ ഗവേഷണം തെളിയിച്ചിരിക്കുന്നത്. ഇത് വഴി കൃത്യമായി ചികിത്സ നിര്‍ദേശിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയും.
സമീപകാലത്ത് ബ്രസ്റ്റ് ക്യാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മിക്കവര്‍ക്കും കീമോ തെറാപ്പിയോ അനുബന്ധ ചികിത്സകളോ ആണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ പുതിയ പഠനത്തില്‍ മിക്ക രോഗികളും അനാവിശ്യമായി കീമോ തെറാപ്പിക്ക് വിധേയമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജെനറ്റിക് ടെസ്റ്റ് ഉള്‍പ്പെടെയുള്ളവ ഉപയോഗപ്പെടുത്തിയ നടത്തിയ ഗവേഷണത്തിന്റെ ഫലങ്ങള്‍ വൈകാതെ തന്നെ രോഗികള്‍ക്ക് ലഭ്യമായി തുടങ്ങും.
ബ്രസ്റ്റ് ക്യാന്‍സര്‍ ചികിത്സാ രംഗത്ത് കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ മുന്നേറ്റമാണിതെന്ന് ലണ്ടനിലെ റോയല്‍ മഡിസണ്‍ ആശുപത്രി സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ അലിസറ്റെയര്‍ റിംഗ് വ്യക്തമാക്കി. കീമോ തെറാപ്പി നിര്‍ദേശിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ മാറ്റമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്‍.എച്ച്.എസ് ചികിത്സ തേടുന്ന രോഗികള്‍ക്ക് പുതിയ ഗവേഷണത്തിലെ കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തി ചികിത്സായിയിരിക്കും ഇനി ലഭിക്കുക.
കീമോ തെറാപ്പിയുടെ പാര്‍ശ്യഫലങ്ങള്‍ പല രോഗികളെയും മാനസികമായി തളര്‍ത്തുന്നതാണ്. മുടി ഇല്ലാതാകുന്നത് മുതല്‍ പല കാര്യങ്ങളും രോഗികളെ തളര്‍ത്തുന്നു. ഇതിന്റെ അളവ് കുറയ്ക്കാനും പുതിയ പഠനം സഹായിക്കും. ആയിരക്കണക്കിന് രോഗികളായി സ്ത്രീകള്‍ക്ക് ജീവിതത്തെ മാറിമറിയുന്നതായിരിക്കും പുതിയ ചികിത്സാരീതിയെന്ന് ബ്രസ്റ്റ് ക്യാന്‍സര്‍ കെയറിലെ റാച്ചെല്‍ റാസണ്‍ പറഞ്ഞു. പലരും കീമോ തെറാപ്പിക്ക് വിധേയമാകുന്നത് ഡോക്ടര്‍മാരുടെ കൃത്യമായി രോഗ നിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ അല്ല. പുതിയ ടെസ്റ്റ് വരുന്നതോടെ ഈ പിഴവ് നികത്തപ്പെടും.
ടൈം ട്രാവലറെന്ന് സ്വയം വിശേഷിപ്പിച്ച വ്യക്തി നുണ പരിശോധനയില്‍ വിജയിച്ചു. യൂടൂബ് ചാനലായ അപെക്‌സ് ടിവി നടത്തിയ പരീക്ഷണമായിരുന്നു നുണ പരിശോധന. യുകെ സംസാര ശൈലിയുള്ള ജെയിംസ് ഒലിവറിന്റെ കഥ വിശ്വസിനീയമാണെന്ന് തോന്നിയ യൂടൂബ് ചാനല്‍ അധികൃതര്‍ അദ്ദേഹത്തെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പരിശോധനയില്‍ ജെയിംസ് പറയുന്നത് നുണയാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ല. 6491ല്‍ നിന്ന് 2018ലേക്ക് യാത്ര ചെയ്തുവെന്നാണ് ജെയിസിന്റെ അവകാശവാദം. നൂറ്റാണ്ടുകളിലൂടെ ടൈം മെഷീന്‍ ഉപയോഗിച്ച് യാത്ര ചെയ്ത് കഴിഞ്ഞ താന്‍ 2018ലെത്തിയപ്പോള്‍ തന്റെ മെഷീന്‍ കേടായതായും അദ്ദേഹം പറയുന്നു. ഇത് തെറ്റാണെന്ന് തെളിയിക്കാനായിരുന്നു യൂടൂബ് ചാനലിന്റെ ശ്രമം.
സിനിമകളില്‍ മാത്രം കണ്ടും കേട്ടും പരിചയമുള്ള വസ്തുവാണ് ടൈം മെഷീന്‍. ഒരു കാലഘട്ടത്തില്‍ നിന്ന് നമുക്ക് പരിചിതമല്ലാത്ത മറ്റൊരു യുഗത്തിലെത്തി അവിടെ പ്രതിസന്ധിയിലാവുന്ന നായകനും നായികയുമെല്ലാം നമ്മെ ഏറെ രസിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതിന് സമാനമാണ് ജെയിംസ് ഒലിവറിന്റെ ജീവിതമെന്ന് അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്ന് തോന്നും. ഭൂമിയുടെ ഘടനെയെക്കുറിച്ചും സൂര്യനും ഇതര ഗ്രഹങ്ങളും തുടങ്ങി സിനിമയെ വെല്ലുന്ന അവകാശവാദങ്ങളാണ് അദ്ദേഹം നമുക്ക് മുന്നില്‍ ഉന്നയിക്കുക. സമീപകാലത്ത് വൈറലായ യൂടുബ് വീഡിയോയില്‍ സംസാരിക്കുന്നത് ജെയിംസായിരുന്നു. മുഖം മറച്ചുകൊണ്ട് കാലഘട്ടങ്ങളുടെ പ്രത്യേകതയെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഭൂമിയില്‍ അന്യഗ്രഹ ജീവികളുമായി മനുഷ്യന്‍ യുദ്ധം നടത്തിയിട്ടുണ്ടെന്നും സൂര്യന്‍ ദൂരയുള്ള ഗ്രഹത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും തുടങ്ങി ഹോളിവുഡ് സിനിമകളെ വെല്ലുന്ന കഥകളാണ് അദ്ദേഹം പറയുന്നത്.
ഇതുവരെ യാതൊരു ശാസ്ത്രീയ അന്വേഷണങ്ങളും ജെയിംസിന്റെ അവകാശവാദങ്ങള്‍ക്ക് പിന്നില്‍ നടത്തിയിട്ടില്ല. ബെര്‍മിംഗ്ഹാം സ്വദേശിയാണ് ഇദ്ദേഹമെന്നാണ് കരുതുന്നത്. അദ്ദേഹത്തിന്റെ വാദങ്ങള്‍ പ്രസക്തിയില്ലെന്ന പ്രത്യക്ഷത്തില്‍ തോന്നും. എങ്കിലും നുണ പരിശോധനയില്‍ അദ്ദേഹം വിജയിച്ചതെങ്ങനെയെന്ന് സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോഴും അവ്യക്തമാണ്. പരിശോധന സമയത്ത് ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും വളരെ കൃത്യമായ ഉത്തരം നല്‍കാന്‍ ജെയിംസിന് കഴിഞ്ഞു. ജെയിംസ് വരുന്ന ഗ്രഹത്തില്‍ ഭൂമിയില്‍ ഉള്ളതിനേക്കാള്‍ എത്രയോ അനുഗ്രഹീതരായ മാത്തമാറ്റിഷ്യന്‍മാര്‍ ഉള്ളതായി അദ്ദേഹം പറയുന്നു. വരും ദിവസങ്ങളില്‍ ജെയിംസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.
മില്യണ്‍ കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സൗജന്യ സ്‌കൂള്‍ മീല്‍സ് നഷ്ടപ്പെടുമെന്ന് എജ്യൂക്കേഷന്‍ ഷാഡോ മിനിസ്റ്റര്‍ ആഞ്ചല റൈനര്‍. യൂണിവേഴ്‌സല്‍ ക്രഡിറ്റ് സംവിധാനത്തെക്കുറച്ച് ജി.എം.ബി യൂണിയന്‍ കോണ്‍വറന്‍സില്‍ സംസാരിക്കവെയാണ് ഷാഡോ മിനിസ്റ്റര്‍ ഇക്കാര്യം വ്യക്തമാക്കിയത്. യൂണിവേഴ്‌സല്‍ ക്രഡിറ്റ് സംവിധാനത്തില്‍ പ്രാവര്‍ത്തികമാവാന്‍ പോകുന്ന ഭേദഗതികള്‍ ബെനിഫിറ്റുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന മാതാപിതാക്കളുടെ മക്കള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സൗജന്യ മീല്‍സ് ഇല്ലാതാക്കുമെന്നും റൈനര്‍ വ്യക്തമാക്കുന്നു. 2022ഓടെയായിരിക്കും ഇത് നിലവില്‍ വരിക. സൗജന്യ മീല്‍സ് ലഭിക്കുന്നവര്‍ക്ക് ഈ ബെനിഫിറ്റ് ഇല്ലാതാവുന്നതോടെ പ്രതികൂലമായ സാഹചര്യമുണ്ടാവുമെന്നാണ് കരുതുന്നത്.
2013ലാണ് യുകെയില്‍ യൂണിവേഴ്‌സല്‍ ക്രഡിറ്റ് സംവിധാനം കൊണ്ടുവരുന്നത്. ജോലി ഇല്ലാത്തവരെയും സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെയും സഹായിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി ഏറെക്കുറെ ഫലപ്രദമായിരുന്നു. ജോലി ഇല്ലാത്തവരുടെ കുട്ടികളെ പഠനത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവര്‍ക്ക് സഹായം നല്‍കുന്നതിനുമായി സൗജന്യ സ്‌കൂള്‍ മീല്‍സ് (എഫ്.എസ്.എം) സംവിധാനം കൊണ്ടുവന്നു. എന്നാല്‍ അധികനാള്‍ ഇത് തുടര്‍ന്നില്ല. സര്‍ക്കാര്‍ എഫ്എസ്എമ്മിന്റെ യോഗ്യത മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു. കുടുംബത്തിന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമെ എംഎഫ്എം ലഭ്യമാക്കാന്‍ കഴിയുകയുള്ളുവെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 7,400 പൗണ്ടിന് താഴെ വരുമാനം ഉള്ളവര്‍ക്ക് മാത്രമെ ഈ ബെനിഫിറ്റ് ലഭ്യമാകുയുള്ളു. അതേസമയം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 14,000 പൗണ്ടില്‍ താഴെ വരുമാനമുള്ളവര്‍ ബെനിഫിറ്റിന് അര്‍ഹരാണ്.
യൂണിവേഴ്‌സല്‍ ക്രഡിറ്റ് സംവിധാനത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സ്റ്റേറ്റ് സ്‌കൂള്‍ കുട്ടികളില്‍ പകുതി പേരും സൗജന്യ മീല്‍സ് അര്‍ഹതരുടെ ലിസ്റ്റില്‍ എത്തിപ്പെടുമെന്ന് ഗവണ്‍മെന്റ് പ്രസിദ്ധീകരിച്ച ടെക്‌നിക്കല്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു. എഫ്എസ്എം അര്‍ഹരായവരില്‍ നിന്ന് മാറി സഞ്ചരിക്കുന്നത് തടയാനായിരിക്കും മാറ്റം കൊണ്ടുവരുന്നതെന്നാണ് സര്‍ക്കാര്‍ തലത്തില്‍ നിന്ന് ലഭിക്കുന്ന വിശദീകരണം. 2017ല്‍ 1.1 മില്യണ്‍ വിദ്യാര്‍ത്ഥികള്‍ സൗജന്യ മീല്‍സിന് അര്‍ഹരായിരുന്നു. യൂണിവേഴ്‌സല്‍ ക്രഡിറ്റ് സംവിധാനത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ 2,300,000 മുതല്‍ 2,600,000 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ മീല്‍സ് ലഭ്യമാകുമായിരുന്നു. ഒരു വിദ്യാര്‍ത്ഥിക്ക് പോലും സൗജന്യ മീല്‍സ് സൗകര്യം നഷ്ടപ്പെടുകയില്ലെന്ന് മിനിസ്റ്റോര്‍സ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് അതല്ലെന്നും റൈനര്‍ വിമര്‍ശിക്കുന്നു. മില്യണ്‍ കണക്കിന് കുട്ടികളുടെ എഫ്എസ്എം ആണ് നിഷേധിക്കപ്പെടാന്‍ പോകുന്നതെന്നും റൈനര്‍ ആരോപിച്ചു.