Main News

തിരക്കേറിയ തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കിടയിലേക്ക് ബസ് ഇടിച്ചുകയറി 14 പേര്‍ക്ക് പരിക്ക്. കെന്റിലെ ഡാര്‍ട്ട്‌ഫോര്‍ഡ് ഹെയ്തി സ്ട്രീറ്റിലാണ് സംഭവം. തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന 25 ഓളം കാറുകള്‍ തകര്‍ന്നിട്ടുണ്ട്. അശ്രദ്ധമായി വണ്ടിയോടിച്ചുവെന്ന കുറ്റത്തിന് ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ അശ്രദ്ധയാണ് വലിയ അപകടം ഉണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്. അപകടം നടക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സമീപത്തുകൂടി പോയിരുന്ന ബസ് പെട്ടന്ന് നിയന്ത്രണം നഷ്ടപ്പെട്ട് നിര്‍ത്തിയിട്ടിരിക്കുന്ന കാറുകള്‍ക്കിടയിലേക്ക് ഇരച്ചു കയറുകയായിരുന്നു. കാറുകളെ ഇടിച്ചുമാറ്റി മുന്നോട്ട് പോയ ബസ് ഏറെ ദൂരം പിന്നിട്ട ശേഷമാണ് നിയന്ത്രണ വിധേയമായത്.

അരീവയുടെ 480 ബസാണ് അപകടത്തില്‍പ്പെട്ടത്. വൈകീട്ട് 6.50 വരെ അപകടം നടന്ന തെരുവിലെ റോഡുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. വാഹനങ്ങള്‍ മാറ്റുന്നതടക്കമുള്ള ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് റോഡ് പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്ന് നല്‍കിയത്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ബസിന്റെ യന്ത്ര തകരാറാണോയെന്ന് പരിശോധിച്ച ശേഷം മാത്രമെ പറയാന്‍ കഴിയൂ. ഡ്രൈവറെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ബസ് കാറുകള്‍ക്കിടയിലേക്ക് ഇരച്ചു കയറുന്നത് കണ്ട് ഓടി മാറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ചിലര്‍ക്ക് പരിക്ക് പറ്റിയിരിക്കുന്നത്. സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലന്‍സ് ക്രൂ ആണ് സംഭവ സ്ഥലത്ത് നിസാര പരിക്കേറ്റവരെ ചികിത്സിച്ചത്. ബസ് സര്‍വീസ് കമ്പനി വൃത്തങ്ങള്‍ പരിക്കേറ്റവര്‍ക്ക് ആവശ്യമായി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കമ്പനി വൃത്തങ്ങള്‍ പ്രതികരിച്ചു. നിരവധി കാറുകള്‍ക്കാണ് നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്. അപകടം നടന്നയുടന്‍ അടിയന്തര സേവനങ്ങള്‍ ലഭ്യമാക്കിയിരുന്നു. ആംബലുന്‍സ് ഉള്‍പ്പെടെയുള്ളവ കൃത്യ സമയത്ത് തന്നെ സ്ഥലത്തെത്തുകയും പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുകയും ചെയ്തു.

എന്‍എച്ച്എസിന്റെ നിലനില്‍പിനായി 2000 പൗണ്ടിന്റെ ഹൗസ്‌ഹോള്‍ഡ് ടാക്‌സ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് കഴിഞ്ഞയാഴ്ച മാധ്യമങ്ങളില്‍ വലിയ തലക്കെട്ടുകള്‍ നിരന്നിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസിന്റെയും ഹെല്‍ത്ത് ഫൗണ്ടേഷന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള വാര്‍ത്തയായിരുന്നു അത്. ഇത്രയും വലിയ നികുതി അടിച്ചേല്‍പ്പിക്കുമെന്ന വാര്‍ത്ത അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളെ ഞെട്ടിച്ചുകളഞ്ഞു. എന്നാല്‍ ഈ കണക്ക് വ്യാജമാണെന്ന വിമര്‍ശനം ഉയരുകയാണ്.

ഇത്രയും വലിയ തുക സംബന്ധിച്ച് നിഗമനങ്ങളില്‍ എത്തുമ്പോള്‍ അത് ഗണിതശാസ്ത്രപരമായി ശരിയാണോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് വിമര്‍ശകര്‍ പറയുന്നു. ഈ കണക്കുകൂട്ടല്‍ തന്നെ തെറ്റാകാന്‍ സാധ്യതയുണ്ടെന്നാണ് ഫില്‍ മക്ഡഫ് ഗാര്‍ഡിയനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം നിങ്ങള്‍ ബാറിലിരിക്കുമ്പോള്‍ ബില്‍ ഗേറ്റ്‌സ് കടന്നു വരികയാണെങ്കില്‍ നിങ്ങളുടെ ശരാശരി സമ്പത്ത് ദശലക്ഷക്കണക്കിന് വരുമെന്ന് കണക്കാക്കാം. എന്നാല്‍ അവിടെയുള്ള ഏറ്റവും മുന്തിയ ഷാംപെയിന്‍ നിങ്ങള്‍ വാങ്ങുകയാണെങ്കില്‍ അതിനുള്ള പണം നിങ്ങളുടെ ഡെബിറ്റ് കാര്‍ഡില്‍ ഉണ്ടാകില്ലെന്ന് മക്ഡഫ് പറയുന്നു.

ഈ വിധത്തിലാണ് ഐഎഫ്എസ് നികുതിത്തുക കണക്കുകൂട്ടിയതെന്നാണ് അദ്ദേഹം വാദിക്കുന്നത്. മൊത്തം തുകയെടുത്ത് അതിനെ ആകെ വീടുകളുടെ എണ്ണവുമായി ഭാഗിക്കുകയാണ് ചെയ്തത്. കണക്കുകൂട്ടലിന്റെ ഒരു രീതി ഇതാണെങ്കിലും ഈ കണക്ക് തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഏറ്റവും ആധുനികമായ നികുതി നിര്‍ണ്ണയ സമ്പ്രദായമാണ് രാജ്യം പിന്തുടരുന്നത്. അതുകൊണ്ടുതന്നെ എല്ലാ വീടുകള്‍ക്കും ഒരേ നികുതിയായിരിക്കില്ല നല്‍കേണ്ടി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ലണ്ടന്‍: യുകെയില്‍ ആയിരക്കണക്കിന് പേര്‍ നിര്‍ബന്ധിത വിവാഹത്തിന് ഇരയാകുന്നതായി റിപ്പോര്‍ട്ട്. ആധുനിക അടിമപ്പണിയിലേക്കാണ് ഇത്തരം വിവാഹങ്ങള്‍ മൂലം ആളുകള്‍ എത്തിച്ചേരുന്നതെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഗാര്‍ഡിയനാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയ്ക്ക് 3,500 നിര്‍ബന്ധിത വിവാഹങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് യുകെയില്‍ ലഭിച്ചിട്ടിള്ളുത്. പോലീസില്‍ രജിസ്റ്റര്‍ ചെയ്യാത്ത നിരവധി പരാതികള്‍ ഉണ്ടാവുമെന്നും വിദഗ്ദ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇറാനിയന്‍ ആന്റ് കുര്‍ദിഷ് വിമണ്‍ റൈറ്റ്‌സ് സ്ഥാപനം വിവരാവകാശ നിയമത്തിലൂടെ കരസ്ഥമാക്കിയ രേഖകളിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സമീപകാലത്ത് യുകെയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളില്‍ നിര്‍ബന്ധിത വിവാഹവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് പരാതികളാണ് ലഭിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളുടെ ആകുലതകളാണ്.

2014, 2016 കാലഘട്ടത്തില്‍ നിര്‍ബന്ധിത വിവാഹവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന 3,546 പരാതികളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഔദ്യോഗിക രേഖകളില്‍ ഇല്ലാത്ത നിരവധി കേസുകള്‍ നടക്കുന്നതായി വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന രേഖകള്‍ മഞ്ഞുമലയുടെ മുകള്‍ഭാഗം മാത്രമാണെന്നും ഇതിനും ഇരട്ടി കേസുകള്‍ ഇനിയും റിപ്പോര്‍ട്ട് ചെയ്യപ്പെടാനുണ്ടെന്നും സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ പറയുന്നു. കര്‍മ നിര്‍വാണ എന്ന എന്‍ജിഒയ്ക്ക് 2017ല്‍ മാത്രം നിര്‍ബന്ധിത വിവാഹവുമായി ബന്ധപ്പെട്ട് ലഭിച്ചത് 8,870 കോളുകളാണ്. വിളിച്ചിരിക്കുന്നവരില്‍ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാകാത്തവരാണ്. 10 മുതല്‍ 15 വയസുവരെ പ്രായമുള്ളവരാണ് സഹായത്തിനായി എന്‍ജിഒകളെ വിളിച്ചിരിക്കുന്നത്. മറ്റൊരു എന്‍ജിഒയ്ക്ക് 3 വര്‍ഷത്തിനിടയില്‍ ലഭിച്ചത് 22,030 കോളുകളാണ്.

നിര്‍ബന്ധിത വിവാഹം ബ്രിട്ടനില്‍ നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്. പ്രായപൂര്‍ത്തിയാവാത്ത മകളെ പാകിസ്ഥാനിലേക്ക് കടത്തി ബന്ധുവിന് വിവാഹം ചെയ്തുകൊടുക്കാന്‍ ശ്രമിച്ച അമ്മയെ കോടതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും ഇവ ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. നിര്‍ബന്ധിത വിവാഹത്തിന് ഇരയാകുന്നവരില്‍ ഭൂരിഭാഗം പേരും ഗാര്‍ഹിക പീഡനത്തിനും ഇരയാകേണ്ടി വരുന്നതായി കര്‍മ നിര്‍വാണ വ്യക്തമാക്കുന്നു. വീടുകള്‍ ലൈംഗികമായും അല്ലാതെയും ഇത്തരം വിവാഹത്തിന്റെ ഇരകള്‍ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും കര്‍മ നിര്‍വാണയുടെ വക്താവ് അറിയിച്ചു.

ബ്രിട്ടീഷ് പൗരത്വം ഉപേക്ഷിക്കാനുള്ള ഫീസ് ഹോം ഓഫീസ് കുത്തനെ ഉയര്‍ത്തി. ബ്രെക്‌സിറ്റോടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്ന ബ്രിട്ടീഷുകാരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന ആശങ്കയെത്തുടര്‍ന്നാമ് നടപടി. മൂന്നുപേരടങ്ങുന്ന ഒരു കുടുംബത്തിന് പൗരത്വമുപേക്ഷിക്കാനായി 1000 പൗണ്ടാണ് ഇനി മുതല്‍ നല്‍കേണ്ടി വരിക. ബ്രെക്‌സിറ്റിനെ പണമാക്കി മാറ്റാന്‍ മന്ത്രിമാര്‍ ശ്രമിക്കുകയാണെന്ന വിമര്‍ശനവും ഇതേത്തുടര്‍ന്ന് ഉയര്‍ന്നിട്ടുണ്ട്. പുറത്തേക്കു പോകുന്നവര്‍ക്ക് നല്‍കുന്ന അവസാന പ്രഹരമാണ് ഇതെന്നും ചിലര്‍ പറയുന്നു. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ താമസിക്കുന്ന 1.3 മില്യന്‍ ബ്രിട്ടീഷ് പൗരന്‍മാരില്‍ ഭൂരിപക്ഷവും ഇതിനോടകം തന്നെ വിദേശ പൗരത്വം സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ വിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ അനിശ്ചിതത്വങ്ങളെത്തുടര്‍ന്നാണ് ഇവര്‍ നേരത്തേ തന്നെ ബ്രിട്ടീഷ് പൗരത്വം ഉപേക്ഷിച്ചത്. ഓസ്ട്രിയ, നെതര്‍ലന്‍ഡ്‌സ് തുടങ്ങി ഇരട്ട പൗരത്വം അനുവദിക്കാത്ത രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഹോം ഓഫീസിന്റെ പുതിയ നടപടി ഇരട്ട പ്രഹരമായത്. വിദേശ പൗരത്വത്തിനായി കനത്ത തുക നല്‍കുന്നതിനൊപ്പം ബ്രിട്ടീഷ് പൗരത്വം ഒഴിവാക്കുന്നതിനായി പുതിയ ഫീസ് കൂടി നല്‍കേണ്ടി വരുമെന്ന ഗതികേടിലാണ് ഇവര്‍. പൗരത്വം ഒഴിവാക്കുന്നതിനായി ഒരാള്‍ക്ക് നല്‍കേണ്ടി വരുന്ന ഫീസ് കഴിഞ്ഞ ഏപ്രിലിലാണ് 321 പൗണ്ടില്‍ നിന്ന് 372 പൗണ്ടായി ഉയര്‍ത്തിയത്.

വിദേശ പാസ്‌പോര്‍ട്ടുകള്‍ക്കായി അപേക്ഷിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് ഹാന്‍ഡ്‌ലിംഗ് ചാര്‍ജുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് വിശദീകരണം. ഹിതപരിശോധന നടന്ന 2016ല്‍ മറ്റു രാജ്യങ്ങളിലെ പൗരത്വം തേടിയ ബ്രിട്ടീഷുകാരുടെ നിരക്ക് മുന്‍ വര്‍ഷത്തേക്കാള്‍ 165 ശതമാനം വര്‍ദ്ധിച്ചുവെന്നാണ് യൂറോസാറ്റിന്റെ കണക്ക്. 2017ലും ഈ നിരക്കില്‍ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്.

ഷിബു മാത്യൂ
പ്രസ്റ്റണ്‍. പ്രസ്റ്റണില്‍ കഴിഞ്ഞ ബുധനാഴ്ച നിര്യാതയായ ജയ നോബിയ്ക്ക് യുകെ മലയാളികള്‍ അന്തിമോപചാരമര്‍പ്പിച്ചു. പ്രസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് രൂപതാ റെക്ടര്‍ റവ. ഫാ. വര്‍ഗീസ് പുത്തന്‍പുരക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും , പരേതയുടെ ആത്മ ശാന്തിക്കായുള്ള പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂഷകളും നടന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ചെറുപുഷ്പ മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാനും ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിനുമായ റവ. ഫാ. മാത്യൂ മുളയോലില്‍, ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ചാന്‍സിലര്‍ റവ. ഫാ. മാത്യൂ പിണക്കാട്ട് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ഫാ. മാത്യൂ പിണക്കാട്ട് അനുശോചന സന്ദേശം നല്‍കി. കര്‍ത്താവിന്റെ പുനരുദ്ധാനത്തോട്ടത്തിലേയ്ക്ക് യാത്രയാകുവാന്‍ ആത്മീയമായി ഒരുങ്ങി വിശുദ്ധ കുര്‍ബാന സ്വീകരിച്ചാണ് ജയ കടന്നു പോയത്. മാതൃകയായ ഒരു കുടുംബിനിയായിരുന്നു ജയയെന്നും ക്രൈസ്തവരായ നമ്മള്‍ അത് മാതൃകയാക്കണമെന്നും തന്റെ അനുശോചന സന്ദേശത്തില്‍ ഫാ. മാത്യൂ പിണക്കാട്ട് പറഞ്ഞു. ജയ ചേച്ചി കണ്ണുകളടച്ചത് സമൂഹത്തിലെ തിന്‍മകള്‍ക്ക് നേരെ, സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാനായിരുന്നുവെന്ന് ഫാ. പിണക്കാട്ട് കൂട്ടിച്ചേര്‍ത്തു. ഫാ. മാത്യൂ മുളയോലില്‍ദേവാലയ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിശുദ്ധ ശുശ്രൂഷകള്‍ക്ക് ശേഷം ജയയുടെ മക്കളായ നിമിഷയും നോയലും ജയ അമ്മയുമായുള്ള  തങ്ങളുടെ അനുഭവം പങ്കുവെച്ചു.

തുടര്‍ന്ന് വൈകുന്നേരം അഞ്ചു മണിവരെ ജയ നോബിയുടെ ഭൗതീക ശരീരം പൊതുദര്‍ശനത്തിന് വെയ്ച്ചു. ബന്ധുക്കളും , സുഹൃത്തുക്കളുമായി സമൂഹത്തിന്റെ നാനാതുറയിലുള്ള നൂറുകണക്കിനാളുകള്‍ ശുശ്രൂഷകളില്‍ പങ്കെടുത്തു. തങ്ങളുടെ പ്രിയ സുഹൃത്തിനെ അവസാനമായി ഒരു നോക്കു കാണാന്‍ യുകെയുടെ പല ഭാഗത്തു നിന്നും നിരവധിയാളുകള്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നേരത്തേ തന്നെ എത്തിച്ചേര്‍ന്നിരുന്നു. അത്യധികം ദുഃഖകരമായ മുഹൂര്‍ത്തത്തിന് കത്തീഡ്രല്‍

ദേവാലയം സാക്ഷിയായി. സെന്റ്. അല്‍ഫോന്‍സായുടെ നാമത്തില്‍ ഈ ദേവാലയം കത്തീഡ്രല്‍ ദേവാലയമായി ഉയര്‍ത്തപ്പെട്ടതിനു ശേഷമുള്ള ആദ്യത്തെ ഏറ്റവും വലിയ ദു:ഖകരമായ ചടങ്ങായിരുന്നു ഇന്ന് നടന്നത്. പ്രസ്റ്റണിലെ മലയാളി കുടുംബങ്ങള്‍ ജാതി മത ഭേതമെന്യേ ഒരു കൂട്ടായ്മയായി ഒന്നുചേര്‍ന്ന് തങ്ങളുടെ പ്രിയ സഹോദരിക്ക് യാത്ര നല്‍കി.

ഇടുക്കി ജില്ലയില്‍ തൊടുപുഴക്കടുത്തു അറക്കുളത്ത് കുപ്പോടയ്ക്കല്‍ കുടുംബാംഗമായ നോബി ജോസഫിന്റെ ഭാര്യയാണ് പരേതയായ ജയ. നാല്‍പ്പത്തിയേഴ് വയസ്സ് പ്രായമുണ്ട്. ഈരാറ്റുപേട്ടക്കടുത്തുള്ള കളത്തുക്കടവാണ് ജയയുടെ ജന്മദേശം. വലിയ മംഗലം കുടുംബാംഗമാണ്. 2003ലാണ് ജയയും കുടുംബവും യുകെയിലെത്തിയത്. പ്രസ്റ്റണിലെ റോയല്‍ പ്രസ്റ്റണ്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി ജോലി നോക്കി വരികയായിരുന്നു. രണ്ട് മക്കളാണിവര്‍ക്കുള്ളത്. മൂത്ത മകള്‍ നിമിഷ നോബി (16 വയസ്സ്) ലെങ്കാസ്റ്റര്‍ ഗേള്‍സ് ഗ്രാമര്‍ സ്‌ക്കൂളില്‍ GCSE വിദ്യാര്‍ത്ഥിനിയാണ്. നിമിഷയുടെ സഹോദരന്‍ നോയല്‍ നോബി (10 വയസ്സ് ) സെന്റ് ഗ്രിഗൊറിസ് കാത്തലിക് പ്രൈമറി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

മൂന്നു വര്‍ഷമായി ജയ ക്യാന്‍സറിന്റെ പിടിയിലായിരുന്നുവെങ്കിലും അടുത്തകാലത്ത് രോഗം ഭേദമായിവന്ന അവസ്ഥയില്‍ എത്തിയിരുന്നു . അതിനു ശേഷം സെന്റ് കാതറിന്‍ ഹോസ്പിറ്റലിന്റെ പ്രതേക പരിചരണത്തില്‍ ആയിരുന്നു .

അറക്കുളം സെന്റ് തോമസ്സ് ഓള്‍ഡ് ചര്‍ച്ചില്‍ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കും. സംസ്‌കാര ചടങ്ങുകളുടെ തീയതിയും സമയക്രമവും മൃതദേഹം നാട്ടിലേയ്ക്ക് അയ്ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനു ശേഷമേ തീരുമാനിക്കുകയുള്ളുവെന്ന് ബന്ധുക്കള്‍ അറിയ്ച്ചു.

കുട്ടികള്‍ക്ക് എ-ലെവലിന് പകരം സാങ്കേതിക വിദ്യാഭ്യാസത്തിന് അവസരമൊരുക്കാനൊരുങ്ങി സര്‍ക്കാര്‍. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ദശകങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ പൊളിച്ചെഴുത്ത് എന്ന് വിശേഷിപ്പിക്കാവുന്ന നിയമഭേദഗതിയാണ് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. ഇതനുസരിച്ച് 2020 സെപ്റ്റംബര്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സ്ട്രക്ഷന്‍, ഡിജിറ്റല്‍ സ്‌കില്‍സ്, ചൈല്‍ഡ്‌കെയര്‍ തുടങ്ങിയവയില്‍ വിദ്യാഭ്യാസ യോഗ്യത നേടാന്‍ അവസരമുണ്ടാകും. ഇംംഗ്ലണ്ടിലെ 52 കോളേജുകളിലാണ് ഇതിനായുള്ള സൗകര്യങ്ങള്‍ ഒരുങ്ങുന്നത്. ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിംഗ്, എന്‍ജിനീയറിംഗ് ആന്‍ഡ് മാനുഫാക്ചറിംഗ്, ക്രിയേറ്റീവ് ആന്‍ഡ് ഡിസൈന്‍ തുടങ്ങി 22 കോഴ്‌സുകള്‍ 2021 മുതല്‍ വിവിധ ഘട്ടങ്ങളിലായി അവതരിപ്പിക്കും.

ഈ ടൈംടേബിള്‍ അനുസരിച്ച് ഈ വര്‍ഷം ജിസിഎസ്ഇ ആരംഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണ എ-ലെവല്‍ കോഴ്‌സിനോ പുതിയ സാങ്കേതിക പഠനത്തിനോ ചേരാനുള്ള അവസരം ലഭിക്കും. കഴിഞ്ഞ നവംബറിലാണ് ഈ ഭേദഗതിക്കായുള്ള കണ്‍സള്‍ട്ടേഷന്‍ അവതരിപ്പിച്ചത്. ബിസിനസുകള്‍ക്കും ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കുമായാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് പറഞ്ഞു. മറ്റു രാജ്യങ്ങളിലെ സമാന പദ്ധതികള്‍ പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാലങ്ങളായി കൗമാരക്കാര്‍ക്ക് തങ്ങളുടെ ഭാവി സംബന്ധിച്ച് ഒരു തീരുമാനമെടുക്കാന്‍ സാധിച്ചിരുന്നില്ല. എ-ലെവല്‍ ഒരു ലോകോത്തര വിദ്യാഭ്യാസ യോഗ്യത നല്‍കുന്നുണ്ടെങ്കിലും നമ്മുടെ പല ടെക്‌നിക്കല്‍ കോഴ്‌സുകള്‍ക്കും തൊഴിലുടമകള്‍ വില നല്‍കുന്നില്ല. ഇതു മൂലം വിദഗ്ദ്ധ യോഗ്യത നേടിയ പലര്‍ക്കും മികച്ച ജോലികള്‍ ലഭിക്കുന്നതുമില്ല. ഈ രീതിക്ക് മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോളേജുകള്‍, സ്‌കൂളുകള്‍, കമ്യൂണിറ്റി കോളേജുകള്‍, ട്രെയിനിംഗ് സെന്ററുകള്‍ എന്നിവിടങ്ങളിലായിരിക്കും ഈ കോഴ്‌സുകള്‍ നടത്തുന്നത്.

2012ലെ കണക്കനുസരിച്ച് യുകെയില്‍ വിവാഹിതരായവരില്‍ 42 ശതമാനം പേര്‍ വിവാഹമോചിതരാകുന്നുണ്ട്. ഈ വിവാഹമോചനങ്ങളിലെല്ലാം നിയമപരമായി ഒരു കാരണം മാത്രമാണ് നിലനില്‍ക്കുന്നത്. ബന്ധത്തില്‍ പരിഹരിക്കാനാകാത്ത വിധത്തിലുണ്ടാകുന്ന തകര്‍ച്ച. ഒരു ബന്ധം തകരാനായി ചൂണ്ടിക്കാണിക്കാനാകുന്നത് മൂന്ന് പ്രധാന കാരണങ്ങളാണ്. 1. അവിഹിതബന്ധങ്ങള്‍, 2. യുക്തിക്ക് നിരക്കാത്ത പെരുമാറ്റം, 3. വേര്‍പിരിയല്‍. ആദ്യത്തെ രണ്ട് കാരണങ്ങളും ദമ്പതികള്‍ പരസ്പരം ആരോപിക്കുന്നവയാണ്.

ഈ ആരോപണ ഗെയിം തന്നെയാണ് വിവാഹമോചനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ കാരണമാകുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. വേര്‍പിരിയല്‍ കാരണമായി ഉന്നയിക്കുന്ന വിവാഹമോചനക്കേസുകളില്‍ തങ്ങള്‍ വേറിട്ടാണ് താമസിക്കുന്നതെന്ന കാര്യം കോടതിയില്‍ തെളിയിച്ചാല്‍ മതിയാകും. ഒരു വീട്ടിലാണ് താമസമെങ്കില്‍ ഒരു കിടക്ക പങ്കിടുന്നില്ലെന്നും ദമ്പതികളായല്ല താമസിക്കുന്നതെന്നും തെളിയിച്ചാല്‍ മതിയാകും. ഇരുവരും സമ്മതിച്ചാല്‍ ഇംഗ്ലണ്ടിലും വെയില്‍സിലും രണ്ടു വര്‍ഷത്തിനുള്ളിലും ഒരാളുടെ സമ്മതമില്ലെങ്കില്‍ അഞ്ചു വര്‍ഷത്തിനുള്ളിലും വിവാഹമോചനം അനുവദിക്കും. സ്‌കോട്ട്‌ലന്‍ഡില്‍ ഈ കാലയളവ് ഒന്നും രണ്ടു വര്‍ഷമാണ്.

ഉപേക്ഷിച്ചു പോകുന്നത് വിവാഹമോചനങ്ങള്‍ക്ക് മറ്റൊരു കാരണമാണ്. രണ്ടു വര്‍ഷത്തിലേറെയായി പങ്കാളിയുമൊത്തല്ല കഴിയുന്നതെങ്കില്‍, അതിന് വ്യക്തമായ കാരണം ബോധിപ്പിക്കാന്‍ പങ്കാളിക്ക് കഴിയുന്നില്ലെങ്കില്‍ വിവാഹമോചനം ലഭിക്കും. അവിഹിത ബന്ധങ്ങളും ൃകാരണമായി ഉന്നയിക്കാമെങ്കിലും അത്തരം ബന്ധങ്ങളെക്കുറിച്ച് വിവരം ലഭിച്ചിട്ടും ആറു മാസത്തിലേറെക്കാലം ഒരുമിച്ച് കഴിഞ്ഞിട്ടുണ്ടെങ്കില്‍ വിവാഹമോചനത്തിന് അതൊരു കാരണമായി ഉന്നയിക്കാന്‍ കഴിയില്ല. സ്വവര്‍ഗ്ഗ ദമ്പതികള്‍ക്കും ആണു പെണ്ണും തമ്മിലുള്ള അവിഹിതബന്ധം കാരണമായി ഉന്നയിക്കാനാകില്ല.

ഈ വിധത്തില്‍ കുറ്റാരോപണം നടത്തിയുള്ള വിവാഹമോചന സമ്പ്രദായത്തിന് അന്ത്യമുണ്ടാകണമെന്നാണ് അഭിഭാഷകര്‍ ആവശ്യപ്പെടുന്നത്. ഒരു നോ ഫോള്‍ട്ട് സമ്പ്രദായത്തിനാണ് തുടക്കമിടേണ്ടത്. കോടതിക്കു മുന്നില്‍ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടാല്‍ അതിന്റെ നടപടികള്‍ ആരംഭിക്കാനാകുന്ന വിധത്തില്‍ നിയമങ്ങള്‍ മാറണമെന്നാണ് അഭിപ്രായം.

ശരീരഭാരം കുറയ്ക്കുന്നതിന് ക്രാഷ് ഡയറ്റ് ഫലപ്രദമാണെന്ന് പഠനം. നോര്‍മല്‍ ഡയറ്റുകളെക്കാള്‍ ക്രാഷ് ഡയറ്റ് ശരീരഭാരം കുറയ്ക്കുമെന്ന് തെളിഞ്ഞതായി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ സൂസന്‍ ജെബ് വ്യക്തമാക്കുന്നു. ക്രാഷ് ഡയറ്റ് അമിത ശരീരഭാരത്താല്‍ ബുദ്ധിമുട്ടുന്നവരില്‍ വലിയ വ്യത്യാസമുണ്ടാക്കുമെന്നും മറ്റു മാര്‍ഗങ്ങളെക്കാള്‍ മികച്ചതാണെന്ന് ശാസ്ത്രീയമായ തെളിയിക്കപ്പെട്ടതായും ജെബ് പറയുന്നു. ക്രാഷ് ഡയറ്റ് അശാസ്ത്രീയമായ രീതിയാണെന്ന് നേരത്തെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇത് ശരീരത്തെ പ്രതികൂലമായിട്ടാണ് ബാധിക്കുകയെന്ന് വിദഗ്ദ്ധര്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍ പ്രൊഫ. ജെബ് നടത്തിയ പഠനത്തില്‍ ക്രാഷ് ഡയറ്റുകള്‍ ഫലപ്രദമാണെന്ന് വ്യക്തമാക്കുന്നു.

ക്രാഷ് ഡയറ്റുകള്‍ ശരീരഭാരം കുറയ്ക്കാന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ഇവ എന്‍എച്ച്എസ് പ്രിസ്‌ക്രൈബ് ചെയ്ത് നല്‍കാന്‍ തയ്യാറാവണമെന്ന് ജെബ് ആവശ്യപ്പെട്ടു. എന്നാല്‍ ക്രാഷ് ഡയറ്റുകള്‍ തുടരാന്‍ വിഷമകരമാണെന്നും പലര്‍ക്കും ഇതിന് സാധിക്കില്ലെന്നും എന്‍എച്ച്എസ് ഉപദേശകര്‍ വ്യക്തമാക്കിയിരുന്നു. ഡയറ്റ് നിര്‍ത്തുന്ന സമയത്ത് ശരീരഭാരം വീണ്ടും വര്‍ദ്ധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ജീവിതകാലം മുഴുവന്‍ ക്രാഷ് ഡയറ്റില്‍ കഴിയാനും സാധ്യമല്ല. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ ക്രാഷ് ഡയറ്റിനെക്കുറിച്ചല്ല എന്നാണ് ജെബ് പറയുന്നത്. യോ-യോ ഡയറ്റിനെ ക്രാഷ് ഡയറ്റായി തെറ്റിദ്ധരിച്ചത് മൂലമാണ് ആളുകള്‍ അത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്ന് ജെബ് വിശദീകരിക്കുന്നു.

ഓക്‌സ്‌ഫോര്‍ഷയറിലെ പൊണ്ണത്തടിയുള്ള 278 രോഗികളിലാണ് ജെബ് പഠനം നടത്തിയത്. ഡയറ്റ് പ്രകാരമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിന്തുടര്‍ന്ന ഇവരുടെ ശരീരഭാരം ഒരു വര്‍ഷത്തിനുള്ളില്‍ 10 കിലോ കുറഞ്ഞു. ഇതര ഡയറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രാഷ് ഡയറ്റ് മികച്ചതാണെന്ന് തെളിയിക്കുന്നതായിരുന്നു പഠനം. മറ്റു ഡയറ്റുകള്‍ പിന്തുടരുന്നവര്‍ക്ക് വര്‍ഷത്തില്‍ മൂന്ന് കിലോഗ്രാം മാത്രമാണ് കുറവുണ്ടായിട്ടുള്ളത്. ഈ പ്രോഗ്രാമില്‍ പങ്കെടുക്കുന്നവര്‍ക്ക് സാധാരണ ഡയറ്റുകളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ 7 കിലോ വരെ കുറയുമെന്ന് ഉറപ്പിച്ചുപറയാന്‍ സാധിക്കുമെന്ന് ജെബ് പറഞ്ഞു.

ബാംഗ്ലൂര്‍. മാണ്ടിയ രൂപതയുടെ മതബോധന വാര്‍ഷികാഘോഷം ഇന്നലെ നടന്നു. രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളില്‍ നിന്നുമായി അഞ്ഞൂറിലധികം ആളുകള്‍ വാര്‍ഷീകാഘോഷ ചടങ്ങുകളില്‍ പങ്കെടുത്തു. വിശ്വാസ പരിശീലനത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ കുട്ടികളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി അവരെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു വാര്‍ഷിക ആഘോഷത്തിന്റെ ലക്ഷ്യം.

വിശ്വാസ പരിശീലന രംഗത്ത് 25 വര്‍ഷം സേവനമനുഷ്ഠിച്ച മാണ്ടിയ രൂപതയുടെ മതബോധന കമ്മീഷനംഗവും മത്തിക്കര സെന്റ് സെബാസ്റ്റ്യന്‍ ഫൊറോനായിലെ മതബോധന അദ്ധ്യാപകനുമായ ജോസ് വേങ്ങത്തടത്തിന്റെ 25 വര്‍ഷത്തെ മതബോധന അദ്ധ്യാപനത്തിനെ ആദരിക്കുന്ന ചടങ്ങും പ്രസ്തുത ആഘോഷവേളയില്‍ നടന്നു. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി രൂപതയ്ക്കും കത്തോലിക്കാ സഭയ്ക്കും ജോസ് വേങ്ങത്തടം നല്കികൊണ്ടിരിക്കുന്ന ആദ്ധ്യാത്മീക ഊര്‍ജ്ജത്തെ രൂപത സ്മരിച്ചു. അഭിവന്ദ്യ പിതാവ് മാര്‍ ആന്റണി കരിയില്‍ ജോസ് വേങ്ങത്തടത്തിനെ പൊന്നാടയണിയിച്ചു. വികാരി ജനറാള്‍ മോണ്‍. മാത്യൂ കോയിക്കര CMI, രൂപതാ ചാന്‍സിലര്‍ ഫാ. ജോമോന്‍

മാര്‍ ജോസഫ് പൗവ്വത്തില്‍

കോലഞ്ചേരി, മതബോധന കമ്മീഷന്‍ സെക്രട്ടറി ഫാ. സിറിയക് മഠത്തില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ചങ്ങനാശ്ശേരി അതിരൂപതയില്‍ കോട്ടയ്ക്കുപുറം ഇടവകയില്‍ വേങ്ങത്തടം കുടുംബത്തിലെ ജോസഫ് കത്രീന ദമ്പതികളുടെ അഞ്ച് മക്കളില്‍ രണ്ടാമത്തെയാളാണ് ജോസ് വേങ്ങത്തടം. സ്വന്തം ഇടവകയിലായിരുന്ന കാലത്തും മതബോധന പരിശീലനത്തിന് നേതൃത്വം വഹിച്ചിരുന്നു. ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് പൗവ്വത്തിലിന്റെ പ്രശംസയ്ക്ക് പാത്രമായ ജോസ് വേങ്ങത്തടം ഇപ്പോള്‍ ദീപികയുടെ ബാംഗ്ലൂര്‍ റീജണല്‍ മാനേജരായി സേവനമനിഷ്ഠിക്കുകയാണ്. ലിസിയാണ് ഭാര്യ. അഭിജിത് മകനാണ് ഇളയ സഹോദരന്‍ ജോണ്‍സണ്‍ വേങ്ങത്തടം ദീപികയുടെ ഇടുക്കി ജില്ലാ ബ്യൂറോ ചീഫായി സേവനമനുഷ്ഠിക്കുന്നു.

വെറും 93 പൗണ്ട് മാത്രം വിലയുള്ള മൗത്ത് വാഷിന് 3000 പൗണ്ട് ഈടാക്കിയ ഹൈസ്ട്രീറ്റ് ഫാര്‍മസി ബൂട്ട്‌സ് പ്രതിക്കൂട്ടില്‍. ഡ്രഗ് റെഗുലേഷനിലെ പഴുതുകള്‍ ഉപയോഗിച്ചാണ് ഇവര്‍ എന്‍എച്ച്എസില്‍ നിന്ന് ഇത്രയും പണം ഈടാക്കിയത്. സ്‌പെഷ്യല്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന അണ്‍ലൈസന്‍സ്ഡ് മരുന്നുകള്‍ക്ക് സ്വന്തമായി വിലയിടാമെന്ന് പഴുതുപയോഗിച്ചാണ് ബൂട്ട്‌സ് ഈ കൊള്ള നടത്തിയതെന്നാണ് വിമര്‍ശനമുയരുന്നത്. കീമോതെറാപ്പിക്ക് വിധേയരായി വായ്ക്കുള്ളില്‍ വ്രണങ്ങളുണ്ടാകുന്നവര്‍ക്ക് നല്‍കുന്ന മൗത്ത് വാഷാണ് ഇത്. നിര്‍മാതാക്കള്‍ ഈടാക്കുന്നതിനേക്കാള്‍ അഞ്ചിരട്ടി വിലയാണ് ബൂട്ട്‌സ് ഈടാക്കിയത്.

അഞ്ച് ഓര്‍ഡറുകളില്‍ ബൂട്ട്‌സ് എന്‍എച്ച്എസില്‍ നിന്ന് 1843 മുതല്‍ 3220 പൗണ്ട് വരെയാണ് ഈടാക്കിയത്. 200 മില്ലിലിറ്റര്‍ മൗത്ത് വാഷ് ബോട്ടിലിന് മറ്റ് ഫാര്‍മസിസ്റ്റുകള്‍ 93.42 പൗണ്ടാണ് ഈടാക്കുന്നത്. കമ്പനി എന്‍എച്ച്എസിനെയും രോഗികളെയും ചൂഷണം ചെയ്യുന്ന നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ഹെല്‍ത്ത് മിനിസ്റ്റര്‍ സ്റ്റീവ് ബ്രൈന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോംപറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ്‌സ് അതോറിറ്റിയോട് ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഫണ്ടുകള്‍ നഷ്ടമാകാതിരിക്കാനും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ വാല്‍ഗ്രീന്‍സ് ബൂട്ട്‌സ് അലയന്‍സ് അമിത വിലയീടാക്കിയെന്ന ആരോപണം നിഷേധിച്ചു. റെഗുലേഷന്‍ അനുസരിച്ചാണ് തങ്ങള്‍ വിലയീടാക്കുന്നതെന്നാണ് കമ്പനിയുടെ പ്രതികരണം. 1 പൗണ്ട് മാത്രം വിലവരുന്ന ബേസിക് സ്ലീപ്പിംഗ് പില്‍സിന് 2600 പൗണ്ടും ആര്‍ത്രൈറ്റിസ് പെയിന്‍ കില്ലറിന് 3200 പൗണ്ടും ഈടാക്കിയതായും വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved