മൂന്ന് മാസങ്ങള്‍ക്കിടെ എന്‍എച്ച്എസ് വേക്കന്‍സികള്‍ 10 ശതമാനം ഉയര്‍ന്നതായി റിപ്പോര്‍ട്ട്. 107,743 വേക്കന്‍സികളാണ് ഇക്കാലയളവില്‍ ഉണ്ടായത്. ദേശീയ അടിയന്തരാവസ്ഥയ്ക്ക് തുല്യമായ സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. വിന്ററിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഇത്തരമൊരും ആപല്‍ക്കരമായ സ്ഥതിവിശേഷം വെളിവാക്കപ്പെട്ടിരിക്കുന്നത്. 2018-19 വര്‍ഷത്തെ ആദ്യ മൂന്നു മാസങ്ങളിലെ കണക്കുകള്‍ വാച്ച്‌ഡോഗായ എന്‍എച്ച്എസ് ഇംപ്രൂവ്‌മെന്റാണ് പുറത്തു വിട്ടിരിക്കുന്നത്. മാര്‍ച്ചില്‍ 98,475 ഒഴിവുകളുണ്ടായിരുന്നത് ജൂണില്‍ 107,743 ആയി ഉയര്‍ന്നു. 9268 പേര്‍ ഇക്കാലയളവില്‍ എന്‍എച്ച്എസ് ജോലികള്‍ ഉപേക്ഷിച്ചുവെന്നാണ് മനസിലാക്കുന്നത്.

നിലവിലുള്ളതില്‍ 11 തസ്തികകളില്‍ ഒന്നു വീതം ഒഴിഞ്ഞുകിടക്കുന്നുവെന്നാണ് വിലയിരുത്തല്‍. ആരോഗ്യ മേഖലയിലെ ഒഴിവുകള്‍ നികത്തുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ റിക്രൂട്ട്‌മെന്റ് ക്യാംപെയിനുകള്‍ സംഘടിപ്പിക്കുന്നതിനിടെയാണ് ഈ കൊഴിഞ്ഞുപോക്ക്. ബ്രെക്‌സിറ്റില്‍ തുടരുന്ന അനിശ്ചിതാവസ്ഥയും സര്‍ക്കാരിന്റെ ഇമിഗ്രേഷന്‍ നയവും എല്ലാം ഈ സാഹചര്യത്തിന് വളമായിട്ടുണ്ടെന്ന് വിദഗദ്ധര്‍ പറയുന്നു. ആരോഗ്യ മേഖലയിലുള്ളവരുടെ വിസയിലെ അനിശ്ചിതത്വവും യുകെയില്‍ പരിശീലനം നേടിയ ഡോക്ടര്‍മാര്‍ക്ക് തങ്ങളുടെ കരിയറിലുള്ള ആശങ്കകളും സ്ഥിതി കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്ട്.

എന്‍എച്ച്എസ് ഇംപ്രൂവ്‌മെന്റ് പുറത്തുവിട്ട ഈ കണക്കുകള്‍ അനുസരിച്ച് ഈ വിന്റര്‍ കൂടുതല്‍ പ്രതിസന്ധി നിറഞ്ഞതായിരിക്കുമെന്ന് വ്യക്തമാണെന്ന് കിംഗ്‌സ് ഫണ്ട് തിങ്ക് ടാങ്കിലെ ചീഫ് അനലിസ്റ്റ് ശിവ ആനന്ദശിവ പറയുന്നു. നഴ്‌സുമാരുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വന്‍ കുറവ് ഒരു നാഷണല്‍ എമര്‍ജന്‍സി സൃഷ്ടിച്ചിരിക്കുകയാണ്. ദീര്‍ഘവീക്ഷണമില്ലാത്ത ഇമിഗ്രേഷന്‍ നയത്തിന്റെയും ബ്രെക്‌സിറ്റിന്റെയും അനന്തരഫലമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. 11,576 ഡോക്ടര്‍മാരുടെയും 41,722 നഴ്‌സുമാരുടെയും വേക്കന്‍സിയാണ് ഇംഗ്ലീഷ് ട്രസ്റ്റുകളില്‍ നിലവിലുള്ളത്. ലണ്ടനിലാണ് നഴ്‌സുമാരുടെ എണ്ണത്തില്‍ ഏറ്റവും കുറവ് അനുഭവപ്പെടുന്നത്. ജീവിതച്ചെലവ് ഏറ്റവും കൂടുതലുള്ള ഈ മേഖലയില്‍ റിക്രൂട്ട്‌മെന്റ് വളരെ വിഷമം പിടിച്ച ജോലിയായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ന്യൂസ് ഡെസ്ക്
നീതിക്കായുള്ള കന്യാസ്ത്രീകളുടെ പ്രതിഷേധം ജനങ്ങൾ ഏറ്റെടുക്കുന്നു. ലൈംഗിക പീഡന പരാതിയിൽ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മിഷനറീസ് ഓഫ് ജീസസ് കോൺഗ്രിഗേഷനിലെ കന്യാസ്ത്രീകൾ നടത്തുന്ന എറണാകുളത്തെ സമരപന്തലിലേക്ക് നൂറുകണക്കിനാളുകളാണ് പിന്തുണയുമായെത്തുന്നത്. വിവിധ മതസാമൂഹിക നേതാക്കൾ സമരപന്തലിൽ എത്തി പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഭൂരിപക്ഷം ആളുകളും മാനസികമായി സമരത്തെ പിന്തുണയ്ക്കുന്ന അവസ്ഥയാണ് സംജാതമായിക്കൊണ്ടിരിക്കുന്നത്. റിപ്പബ്ലിക് ടിവിൽ പി.സി ജോർജ് എം.എൽ.എ നടത്തിയ പരാമർശങ്ങൾ പ്രശ്നത്തിന് വൻ ദേശീയ ശ്രദ്ധ നേടിക്കൊടുത്തു. അന്തർദ്ദേശീയ തലത്തിൽ ഗാർഡിയനും സി എൻ എൻ അടക്കമുള്ള പത്രങ്ങളും കന്യാസ്ത്രീകളുടെ പ്രതിഷേധം വൻ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്.
ഇതിനിടെ പീഡനക്കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ഏറ്റുമാനൂരില്‍വച്ച് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പിന് വ്യാഴാഴ്ച നോട്ടീസ് അയയ്ക്കും. ഒരാഴ്ചക്കുള്ളില്‍ ഹാജരാകണമെന്നാവും നോട്ടീസില്‍ ആവശ്യപ്പെടുക. അന്വേഷണ സംഘത്തിന്റെ അവലോകന യോഗം ബുധനാഴ്ച കൊച്ചിയില്‍ ചേരുന്നുണ്ട്. ഈ യോഗത്തിനു ശേഷമായിരിക്കും ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യുന്നതിനുള്ള നോട്ടീസ് അയയ്ക്കുക. ഐജിയുടെ നിര്‍ദേശം അനുസരിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് കൊച്ചിയില്‍ യോഗം ചേരാനും ബിഷപ്പിന് നോട്ടീസ് അയയ്ക്കാനും തീരുമാനിച്ചിരിക്കുന്നത്
കഴിഞ്ഞ അവലോകന യോഗത്തിനു ശേഷം ബിഷപ്പിന്റെ മൊഴികളിലെ വൈരുധ്യം ഐജി ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം വൈരുദ്ധ്യങ്ങള്‍ പരിഹരിച്ചതായും ബിഷപ്പിനെതിരായി ശക്തമായ തെളിവുകള്‍ ലഭിച്ചതായും എസ്പി വ്യക്തമാക്കിയിരുന്നു. ഏറ്റുമാനൂരിലെ ഹൈടെക് സെല്ലില്‍ വെച്ചായിരിക്കും ബിഷപ്പിനെ ചോദ്യംചെയ്യുകയെന്നാണ് സൂചന. ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് അഞ്ചു കന്യാസ്ത്രീകള്‍ എറണാകുളത്ത് സമരം ശക്തമാക്കിയിരിക്കുകയാണ്. കൂടാതെ തനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ കന്യാസ്ത്രീ വത്തിക്കാനിലേക്ക് കത്തെഴുതുകയും ചെയ്തിരുന്നു.
വാഹനങ്ങളില്‍ നടത്തുന്ന എംഒടി പരിശോധനയ്ക്ക് സമാനമായ ടെസ്റ്റ് പ്രോപ്പര്‍ട്ടികള്‍ക്കും ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. ലക്ഷക്കണക്കിന് വാടകവീടുകള്‍ ഈ പരിശോധനയ്ക്ക് വിധേയമാകേണ്ടി വരുമെന്നാണ് സൂചനകള്‍. ഇത് നടപ്പിലായാല്‍ ശോചനീയാവസ്ഥയിലുള്ള വീടുകള്‍ വാടകയ്ക്ക് നല്‍കാന്‍ ഉടമസ്ഥര്‍ക്ക് സാധിക്കില്ല. പ്രോപ്പര്‍ട്ടി എംഒടി ടെസ്റ്റ് എന്ന ഓമനപ്പേരിലാണ് ഈ പരിശോധന അറിയപ്പെടുന്നത്. സ്വകാര്യ വാടക വീടുകളുടെ മേഖലയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് യോര്‍ക്ക് നടത്തിയ പ്രൈവറ്റ് റെന്റഡ് സെക്ടര്‍ റിവ്യൂ പറയുന്നു. ഈ വിലയിരുത്തലിന്റെ ഭാഗമായി തയ്യാറാക്കുന്ന പ്രൈവറ്റ് റെന്റഡ് സെക്ടര്‍ റിപ്പോര്‍ട്ടിലാണ് പ്രോപ്പര്‍ട്ടി എംഒടി ടെസ്റ്റ് നടപ്പാക്കണമെന്ന് ഗവണ്‍മെന്റിനോട് ശുപാര്‍ശ ചെയ്യുന്നത്.

പ്രോപ്പര്‍ട്ടികള്‍ക്ക് വാര്‍ഷിക പരിശോധന നടത്തി സ്റ്റാന്‍ഡാര്‍ഡൈസ് ചെയ്യുന്ന രീതിക്കാണ് നിര്‍ദേശം. ഇലക്ട്രിക്കല്‍, ഗ്യാസ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റുകള്‍ പോലെയുള്ള നിലവിലെ അവശ്യരേഖകള്‍ പരിശോധിക്കുക മാത്രമല്ല പുതിയ സംവിധാനത്തില്‍ ചെയ്യുന്നത്. ഒരു ബേസിസ് മിനിമം സ്റ്റാന്‍ഡേര്‍ഡിന്റെ അടിസ്ഥാനത്തിലായിരിക്കും വിലയിരുത്തല്‍ നടത്തുന്നത്. സ്വതന്ത്ര ഇന്‍സ്‌പെക്ടര്‍മാരായിരിക്കും പ്രോപ്പര്‍ട്ടികള്‍ പരിശോധിച്ച് വിലയിരുത്തല്‍ നടത്തുക. സ്വകാര്യ വാടക വീടുകളില്‍ താമസിക്കുന്നവരുടെ എണ്ണത്തില്‍ അടുത്തയിടെ സാരമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് റിവ്യൂ റിപ്പോര്‍ട്ട് തയ്യാറാക്കിയ യൂണിവേഴ്‌സിറ്റി ഓഫ് യോര്‍ക്കിലെ സെന്റര്‍ ഓഫ് ഹൗസിംഗ് പോളിസി റിസര്‍ച്ച് ഫെലോ ജൂലി റഗ്ഗ് പറയുന്നു.

വാടകയ്ക്ക് വീടുകള്‍ എടുക്കുന്നവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുള്ളവയായിരിക്കണം പ്രോപ്പര്‍ട്ടികള്‍ എന്ന് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണെന്ന് അവര്‍ തുടര്‍ന്നു. പ്രോപ്പര്‍ട്ടി എംഒടി ഇക്കാര്യം ഉറപ്പു വരുത്തുമെന്ന് അവര്‍ വ്യക്തമാക്കി. മാനദണ്ഡങ്ങളനുസരിച്ചുള്ള വീടുകള്‍ വാടകക്കാര്‍ക്ക് ലഭിക്കുന്നതിനൊപ്പം വീട്ടുടമകള്‍ക്ക് പ്രോസിക്യൂഷനില്‍ നിന്ന് സുരക്ഷയും ഇത് നല്‍കും.
അദ്ധ്യായം 34
സദാചാരത്തിന്റെ മറുപുറം
ആ കാഴ്ച്ച കണ്ടവര്‍ ഞെട്ടിത്തരിച്ചു നിന്നു. പ്രാര്‍ത്ഥനകള്‍ നടക്കുന്ന സമയമെല്ലാം കടകള്‍ അടച്ചിടും. തുറന്നാല്‍ പിന്നീടൊരിക്കലും ആ കട തുറക്കില്ല. കേരളത്തിലെ സദാചാര ഗുണ്ടകളുടെ പണിയല്ല മുത്തപ്പന്മാര്‍ നടത്തുന്നത്, മറിച്ച് മത സദാചാര ന്യായങ്ങളാണ്. പ്രാര്‍ത്ഥനാ സമയത്ത് ആരെങ്കിലും കട തുറക്കുന്നുണ്ടോ, സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നുണ്ടോ, സ്ത്രീകള്‍ തല മൂടിയിട്ടുണ്ടോ ഇങ്ങനെ പല വിഷയങ്ങളുടെ മേലാളന്മാരാണ്. ഇവരില്‍ ധാരാളം മതപണ്ഡിതന്മാരുമുണ്ട്. വിദേശ സ്ത്രീകള്‍ ഏതു മതക്കാരാണെങ്കിലും ശിരസ്സു മൂടി വേണം വെളിയിലിറങ്ങി നടക്കാന്‍. മുഖം പ്രദര്‍ശിപ്പിക്കാനുള്ളതല്ല എന്നാണ് ആ മതം പഠിപ്പിക്കുന്നത്. അതാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.
മദാമ്മമാര്‍ വളരെ രൂക്ഷമായിട്ടാണ് പ്രതികരിച്ചത്. ഒരു സ്ത്രീ കെട്ടിവച്ചിരുന്ന മുടി ചിതറിയിട്ടിട്ട് പറഞ്ഞു, ഇയാള്‍ക്ക് ചെയ്യാവുന്നതങ്ങ് ചെയ്യ്, ജയിലിലടയ്ക്ക് അതു കണ്ടിട്ടേ ഞങ്ങള്‍ പോകുന്നുള്ളൂ. ആ ശബ്ദത്തിന്റെ കനം പോലെ അഴിഞ്ഞുലഞ്ഞ മുടിയും കാറ്റിലാടി. മുത്തപ്പാക്ക് സംസാരിക്കാനുള്ള ശക്തി തന്നെ നഷ്ടപ്പെട്ടിരുന്നു. ആ മുഖത്ത് കണ്ടത് ഭയമായിരിന്നു. ഇവര്‍ ശ്രമിച്ചാല്‍ സ്ത്രീപീഡനത്തിന് തന്നെ ജയിലിലാക്കാന്‍ സാധിക്കും. ആത്മ സംയമനത്തോടെ അയാള്‍ മുന്നോട്ടു പോയി. ”ഞങ്ങളുടെ സ്വകാര്യത, സ്വാതന്ത്ര്യം ചോദ്യം ചെയ്യാന്‍ നിനക്കെന്തവകാശം? ഞങ്ങള്‍ തുണിയില്ലാതെയാണോ നടക്കുന്നത്. ആ സ്ത്രീയുടെ കണ്ണുകള്‍ ജ്വലിച്ചു നിന്നു.” അയാള്‍ മടങ്ങിപ്പോയിട്ടും മദാമ്മക്ക് കോപം അടക്കാനായില്ല.
എല്ലാം സഹിച്ച് ശ്വാസം മുട്ടി നിന്ന മുത്തപ്പയോട് എനിക്ക് സഹതാപം തോന്നിയില്ല. ഒരു ഏഷ്യക്കാരി ഇതുപോലെ തല്ലാന്‍ ധൈര്യപ്പെടില്ല. ഇവിടെ ജീവിക്കുന്ന സ്ത്രീയായാലും പുരുഷനായാലും ഇവരുടെ നിയമപ്രകാരം ജീവിക്കാന്‍ ബാധ്യസ്ഥരാണ്. ദരിദ്ര രാജ്യത്തുനിന്നുവന്നവര്‍ ഓരോരോ വിശ്വാസങ്ങളും ആചാരങ്ങളും മുറുകെ പിടിച്ചു ജീവിക്കുമ്പോള്‍ സമ്പന്ന രാജ്യത്തു നിന്നുവന്നവര്‍ക്ക് അവരുടെ ശിരസ്സ് നഗ്നമാക്കി നടക്കാനാണ് താല്പര്യം. അത്തരക്കാരെ ആജ്ഞകൊണ്ട് അനുസരിപ്പിക്കാന്‍ കഴിയില്ല. അതിനെ നീതി നിഷേധമായിട്ടോ നിന്ദയായിട്ടോ കണ്ടിട്ട് കാര്യമില്ല. മദാമ്മയുടെ മുഖം കണ്ടപ്പോള്‍ ഒരു അടി കൊടുത്തതിന്റെ സന്തോഷം ആസ്വദിക്കുന്നുണ്ട് എന്നു തോന്നി. ഈ മെലിഞ്ഞ സ്ത്രീ ഇത്ര ധൈര്യശാലിയോ. എല്ലാം വിശ്വാസങ്ങളും എല്ലാവരും വിഴുങ്ങുവാന്‍ ഒരുക്കമല്ലെന്ന് ചുരുക്കം.
ചില സൗദി ടാക്‌സി ഡ്രൈവര്‍മാര്‍ വിദേശികളുടെ മുഖത്ത് തുപ്പുന്നതും പിടിച്ച് തള്ളുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. സ്വന്തം ആത്മാഭിമാനത്തിന് മുറിവേറ്റുകൊണ്ട് ധാരാളം പ്രവാസികള്‍ ഇവിടെ കഴിയുന്നുണ്ട്. നമ്മളെ ദരിദ്രരായി ഇങ്ങോട്ടു കയറ്റിയയച്ച സമ്പന്നര്‍ ആത്മസംതൃപ്തിയോടെ സുഖലോലുപരായി ജനാധിപത്യത്തെ ചൂഷണം ചെയ്ത് ജീവിക്കുന്നു. അല്‍ക്കോബറില്‍ നടന്ന സംഭവം എന്റെ സുഹൃത്തുക്കളായ ബ്രിട്ടീഷ്, അമേരിക്കക്കാരുമായി പങ്കുവച്ചു. അവര്‍ തമാശയായി തന്ന മറുപടി ഭര്‍ത്താക്കന്മാര്‍ തോന്ന്യാസം കാണിച്ചാല്‍ തല്ലാന്‍ മടിയില്ലാത്തവര്‍ മുത്തപ്പയെ അടിച്ചത് വലിയ കാര്യമായി തങ്ങള്‍ക്കു തോന്നുന്നില്ല എന്നാണ്. അവരുടെ കയ്യുടെ ചൂട് എത്രയോ തങ്ങള്‍ ഏറ്റുവാങ്ങിയിരിക്കുന്നു. വീടിനുള്ളില്‍ അവളെ ഉപദ്രവിച്ചതായി പോലീസിനെ അറിയിച്ചാല്‍ പോലീസ് ഞങ്ങളെ പൊക്കും. ജയിലില്‍ നിന്ന് മോചിപ്പിക്കുന്നതും അവള്‍ തന്നെ. കുറ്റം പറയരുതല്ലോ, ”ഞങ്ങളെ നന്നാക്കിയെടുക്കുന്നതില്‍ ഭാര്യമാര്‍ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.” അതെനിക്ക് പുതിയ അറിവായിരുന്നു. ഇന്ത്യയില്‍ പീഡനമനുഭവിക്കുന്ന പാവം സ്ത്രീകളും മനസ്സിലേക്ക് കടന്നു വന്നു.
കുട്ടികളെ ഇന്ത്യന്‍ സ്‌കൂളില്‍ വിട്ടതു മുതല്‍ ആ സ്‌കൂളിലെ പലവിധ ചൂഷണങ്ങളും അഴിമതികളും മനസ്സിലാക്കാന്‍ കഴിഞ്ഞു. അതിന്റെ വെളിച്ചത്തില്‍ ഞാനൊരു സംഗീത നാടകമെഴുതി. ”കടലിനക്കരെ എംബസി സ്‌കൂള്‍.” ഇന്ത്യയിലാണ് ചൂഷണങ്ങള്‍ കൂടുതലായി കണ്ടിട്ടുള്ളത്. വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഈ കമ്മീഷന്‍ കച്ചവടം നടത്തി ലാഭമുണ്ടാക്കുന്നവര്‍ ധാരാളമുണ്ട്. പലവിധ പേരുകള്‍ പറഞ്ഞ് കുട്ടികളില്‍ നിന്ന് പണം ഈടാക്കുന്നു. ഞാനടക്കം പലരും നിര്‍ധനരായ കുട്ടികള്‍ക്ക് ഫീസില്‍ ഇളവു നല്‍കണമെന്ന് പറഞ്ഞിട്ടും മാനേജ്‌മെന്റ് തയ്യാറായില്ല. സ്‌കൂള്‍ വൈസ്പ്രിന്‍സിപ്പല്‍ എം.സി സെബാസ്റ്റ്യന്‍ എനിക്കൊപ്പമുണ്ടെങ്കിലും ഭൂരിപക്ഷത്തിന്റെ മുന്നില്‍ മുട്ടുമടക്കാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ. ഇതുമായി ബന്ധപ്പെട്ട് ‘ഗള്‍ഫ് മനോരമ’യില്‍ ഞാന്‍ ഒരു ലേഖനമെഴുതിയിരുന്നു. സൗദിയുടെ ജന്മദിനമായ സെപ്തംബര്‍ ഇരുപത്തി മൂന്ന് പല വര്‍ഷങ്ങളിലും ഗള്‍ഫ് മനോരമയില്‍ ഞാന്‍ എഴുതിയിട്ടുണ്ട്. ഒരിക്കല്‍ ജോസ് പനച്ചിപ്പുറത്തിന്റെ ഒരു കത്തു വന്നു. അതില്‍ അദ്ദേഹമെഴുതി.യത് ”ഈ ദിനം ഞാനും മറന്നിരുന്നു, തക്ക സമയത്ത് ലേഖനമയച്ചു തന്നതില്‍ നന്ദി അറിയിക്കുന്നു.” ആ കത്ത് ഇപ്പോഴും എന്റെ കൈയ്യിലുണ്ട്.
കടലിനക്കരെ എംബസി സ്‌കൂളിന് അവതാരിക എഴുതിയത് തോപ്പില്‍ ഭാസിയാണ്. അദ്ദേഹത്തെ ജന്മനാട്ടില്‍ കിട്ടുക വളരെ അപൂര്‍വ്വമാണ്. ഞാന്‍ മുന്‍കൂട്ടി കത്തെഴുതി കാണുന്ന ദിവസം അറിയിച്ചിരുന്നു. ഗള്‍ഫില്‍ നിന്നുള്ള ആദ്യ നാടകമെന്ന പ്രത്യേകതയും ഇതിനുണ്ട്. നാട്ടില്‍ അവധിക്കു പോയ സമയത്ത് അദ്ദേഹത്തെ കണ്ട് അവതാരിക എഴുതി വാങ്ങിയെങ്കിലും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം അതെടുക്കുന്നതിന് അസംതൃപ്തി പ്രകടിപ്പിച്ചു. അതിന്റെ കാരണം നാടകം വായിക്കുന്നവരുടെ എണ്ണം കുറഞ്ഞു എന്നാണ്.
1990 ഓഗസ്റ്റ് രണ്ട് ഇറാഖ് യുദ്ധം പൊട്ടിപുറപ്പെട്ടു. ഗള്‍ഫിലാകെ ആശങ്ക പരന്നു. കുവൈറ്റികള്‍ സൗദിയിലേക്കും ഖത്തറിലേക്കും മറ്റ് രാജ്യങ്ങളിലേക്കും പാലായനം ചെയ്തു. കുവൈറ്റ് ഭരണാധികാരി ജാഫര്‍ അല്‍ അഹമ്മദ് അല്‍സബയും പരിവാരങ്ങളും സൗദിയില്‍ അഭയം പ്രാപിച്ചു. മലയാളികള്‍ അയല്‍രാജ്യങ്ങളിലേക്കും ഇന്ത്യയിലേക്കും രക്ഷപ്പെട്ടു തുടങ്ങി. ഡല്‍ഹിയിലെ എന്റെ സുഹൃത്തുക്കള്‍ ഉസ്മാന്റെയും, രാജേന്ദ്രന്റെയും മക്കള്‍ അവരുടെ കാറുമായി കബ്ജി വഴി എന്റെയടുക്കലെത്തി. അവര്‍ക്കായി ഞാനൊരു കെട്ടിടം വാടക്കയ്‌ക്കെടുത്തു. അവര്‍ എന്റെ വീട്ടിലും ഹോട്ടലിലുമായി ഭക്ഷണം കഴിച്ചു. ഈസ്‌റ്റേണ്‍ പ്രൊവിന്‍സിലുണ്ടായിരുന്ന പല സംഘടനകളും മുസ്ലീം കൂട്ടായ്മകളും വന്നുകൊണ്ടിരുന്ന മലയാളികളെ സ്വീകരിച്ച് അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്തു.
ഞാനെടുത്ത കെട്ടിടത്തില്‍ ഒരു ഹിന്ദിക്കാരനേയും രണ്ടു തമിഴരെയും പാര്‍പ്പിച്ചു. എല്ലാവരും ഭയന്നത് ഇറാഖില്‍ നിന്ന് തൊടുത്തു വിടുന്ന സ്‌കഡ് മിസൈലുകളെയാണ്. അമേരിക്ക, ബ്രിട്ടണ്‍ കൂട്ടുകെട്ടാണ് ഈ യുദ്ധത്തില്‍ എല്ലാവര്‍ക്കും ആശ്വാസമായത്. അവരുടെ പേട്രിയറ്റ് മിസൈലുകള്‍ ഇറാഖില്‍ നിന്ന് വരുന്ന മിസൈലുകളെ ആകാശത്ത് വെച്ച് തന്നെ നശിപ്പിക്കുന്നുണ്ടായിരുന്നെങ്കിലും പല സ്‌കഡ് മിസൈലുകളും സൗദിയിലും ഇസ്രയേലിലും വീണ് ധാരാളം പേര്‍ മരിക്കുകയും ധാരാളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദഹറാനില്‍ അമേരിക്കന്‍ പട്ടാളക്കാരാണ് മരിച്ചത്. അതിന്റെ നാലിരട്ടിയിലധികം പേര്‍ക്ക് പരുക്കുകളുണ്ടായി. ഞാനവിടെ കാണാന്‍ പോയിരുന്നു. സൈറണ്‍ മുഴങ്ങുമ്പോഴൊക്കെ ജനങ്ങള്‍ക്ക് പേടിയാണ്. ശബ്ദം കേട്ട് ഞങ്ങള്‍ ഓഫീസില്‍ നിന്ന് പുറത്തിറങ്ങാറില്ല. ഗ്ലാസ്സിലൂടെ ആകാശത്തേക്ക് നോക്കും. ഭീമാകാരങ്ങളായ മിസൈലുകള്‍ ഞങ്ങളുടെ തലക്കു മുകളിലൂടെ പോകുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. യിസ്രയേലില്‍ പതിച്ച മിസൈലില്‍ മരിച്ചത് എഴുപത്തിനാല് പേരാണ്. 230 ലധികം പേര്‍ക്ക് പരുക്കേറ്റു അതോടെ എല്ലാവര്‍ക്കും വീണ്ടും ഭയമായി. യിസ്രയേല്‍ കൂടി ഇടപെട്ടാല്‍ ഇറാഖിനു മാത്രമല്ല സൗദിയിലുള്ളവര്‍ക്കും അയല്‍രാജ്യങ്ങള്‍ക്കും അതാപത്താണ്. ഒരു മൂന്നാം ലോകമഹായുദ്ധമുണ്ടാകും. അമേരിക്കയുടെ കഠിന ശ്രമഫലമായി അവര്‍ യുദ്ധത്തില്‍ നിന്ന് പിന്മാറി. മൊത്തം 88 മിസൈല്‍ അയച്ചതില്‍ 47 എണ്ണം സൗദിയിലേക്കാണ് വന്നത്. സദാം ഹുസ്സൈന്‍ സൗദിയിലേക്കു വിഷ വാതകം കയറ്റി വിടുമോ എന്നാണ് എല്ലാവരും ഭയപ്പെട്ടത്. അതൊക്കെ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളായിരുന്നു. സൗദിയിലെ ഫഹദ് രാജാവിന്റെ ഉത്തരവനുസരിച്ച് എല്ലാവര്‍ക്കും ഗ്യാസ് മാസ്‌ക് വിതരണം ചെയ്തു. ഞങ്ങളും അത് ഫയര്‍ സ്റ്റേഷനില്‍ പോയി വാങ്ങി. സൈറണ്‍ മുഴങ്ങുമ്പോഴൊക്കെ ഞങ്ങളും കുട്ടികളും അത് മുഖത്ത് ഫിറ്റു ചെയ്യും. സിമ്മി കുഞ്ഞായിരുന്നതിനാല്‍ തൊട്ടിലു പോലുള്ള ഒന്നാണ് കിട്ടിയത്. എല്ലാ വീട്ടുകാരെപ്പോലെ ഞങ്ങളും വീടിന്റെ വാതിലും എ സി മുറികളും ജനാലകളും പ്ലാസ്റ്റിക്കു കൊണ്ട് അടയ്ക്കും. വിഷ വാതകം അകത്തു കയറാതിരിക്കാനാണ് ഈ മുന്‍കരുതല്‍ എടുക്കുന്നത്.
കുവൈറ്റിലുണ്ടായിരുന്നവരാണ് ഏറ്റവും കൂടുതല്‍ യാതനകള്‍ അനുഭവിച്ചത്. ജനുവരിയില്‍ ഇറാഖി സേന സൗദിയുടെ ബോര്‍ഡര്‍ ടൗണായ കബ്ജി പിടിച്ചടക്കിയതോടെ എല്ലാവരിലും ഭീതി ഏറി. ഇതു വരെ ഭയന്നിരുന്നത് മിസൈലുകളെയായിരുന്നു. രണ്ടു ദിവസത്തെ രക്തച്ചൊരിച്ചിലിനിടയില്‍ ഇറാഖി പട്ടാളത്തെ സഖ്യസേന തുരത്തി. സൗദിയില്‍ കടന്നവരാരും അതു പോലെ തിരിച്ചുപോയില്ല. 300 റിലധികം ഇറാഖി പട്ടാളക്കാരാണ് കൊല്ലപ്പെട്ടത്. 400ല്‍ അധികം പട്ടാളക്കാരെ തടവുകാരാക്കുകയും ചെയ്തു. സഖ്യസേനയുടെ പട്ടാളക്കാരും കൊല്ലപ്പെട്ടു. മരണ സംഖ്യ ഇറാഖില്‍ കൂടിക്കൊണ്ടിരുന്നു.
മനുഷ്യത്വം നഷ്ടപ്പെട്ടു പോയ ഭരണാധിപന്മാര്‍ ഒരു രാജ്യത്തുണ്ടായാല്‍ ആ രാജ്യത്തെ നശിപ്പിക്കും. സമാധാന കാംക്ഷികളായ ഭരണാധികാരികളുണ്ടെങ്കില്‍ അതു തന്നെയാണ് ആ രാജ്യത്തിന്റെ സുരക്ഷിതത്വം. ആപത്ത് വരുന്നു എന്ന അറിയിപ്പുമായി സൈറണ്‍ മുഴങ്ങുമ്പോള്‍ മനസ്സിലുണ്ടാകുന്ന നെടുവീര്‍പ്പുകള്‍ കുറച്ചൊന്നുമല്ല. പുറത്ത് നിന്നിട്ട് എത്രയോ പ്രാവശ്യം അകത്തേക്ക് ഓടിക്കയറേണ്ടി വന്നു. ഉറക്കമില്ലാത്ത രാത്രികള്‍, കുട്ടികളെ നോക്കുമ്പോഴുള്ള ഉത്കണ്ഠ, വിങ്ങല്‍, നിര്‍വികാരത തീവ്രയുദ്ധം നടക്കുന്ന രണഭൂമിയിലേതു പോലെയാണ് മനസ്സിനുള്ളിലെ യുദ്ധം. ഒരു മനുഷ്യന്‍ ജന്മമെടുക്കുന്നത് രക്തത്തില്‍ കുളിച്ചു മരിക്കാനാണോ, ഓപ്പറേഷന്‍ ഡസേര്‍ട്ട് ഫീല്‍ഡെന്നും സ്‌റ്റോവെന്നുമൊക്കെ പേരിട്ടിരുന്ന യുദ്ധം 1991 ജനുവരി 17 നു അവസാനിക്കുമ്പോഴാണ് മരണഭീതിയകന്നത്.
യുദ്ധങ്ങളും സംഘര്‍ഷങ്ങളുമില്ലാത്ത ഒരു ലോകത്തെ വാര്‍ത്തെടുക്കുവാന്‍ സമാധാനത്തിന്റെ ദൂതുമായി ഓരോ രാജ്യങ്ങളും മുന്നോട്ടു വരട്ടെ. യുദ്ധം കഴിഞ്ഞയുടനെ സുഹൃത്തുക്കളുടെ മക്കളും മറ്റുള്ളവരും കുവൈറ്റിലേക്ക് പോകാന്‍ തയ്യാറെടുത്തു. അതില്‍ ഒരു തമിഴന്‍ മദ്രാസിലേക്ക് പോകാനായി കാത്തിരുന്നു. അവരെ ഞങ്ങള്‍ കുവൈറ്റിന്റെ അതിര്‍ത്തിയായ കഫ്ജി വരെ അനുഗമിച്ചു. ഇറാഖി പട്ടാളം അക്രമിച്ച കഫ്ജി എനിക്കും കാണണമെന്ന് ആഗ്രഹമുള്ളതു കൊണ്ടാണ് കാറില്‍ യാത്ര ചെയ്തത്. ദമാമില്‍ നിന്നു രണ്ടര മണിക്കൂര്‍ യാത്ര ചെയ്താണ് അവിടെ എത്തിയത്. യുദ്ധത്തില്‍ ഇടിഞ്ഞുപൊളിഞ്ഞുകിടക്കുന്ന ഭിത്തികള്‍, കേടായ ടാങ്കറുകള്‍, ഒക്കെ അവിടെ കണ്ടു. അതിനടുത്തു തന്നെ അറേബ്യന്‍ ഓയില്‍ കമ്പനിയും ചെറിയൊരു ആശുപത്രിയുമൊക്കെ കണ്ടു മടങ്ങി. അങ്ങോട്ടുപോയതും വന്നതും ജുബൈയില്‍ വഴിയാണ്. യാത്രയില്‍ പല ഭാഗത്തും ഈന്തപ്പനകളും ഒട്ടകങ്ങളും ധാരാളമായി കണ്ടു.
നീണ്ട മാസങ്ങളായി ഭയമായിരുന്നു മനസ്സില്‍ ഇപ്പോള്‍ ആഹ്ലാദത്തിരകാളാണുള്ളത്. എന്റെ മനസ്സില്‍ ഉറങ്ങിക്കിടന്നിരുന്ന കാവ്യ സങ്കല്‍പ്പങ്ങള്‍ ഉണര്‍ന്നു. അത് എത്രമാത്രം ഹൃദയഹാരിയാകുമെന്ന് എനിക്കറിയില്ല. ആദ്യം എഴുതിയത് യുദ്ധക്കൊതിയന്മാരുടെ മണ്ണിലെ നിസ്സഹായരായ മനുഷ്യരെപ്പറ്റിയാണ്. പ്രാര്‍ത്ഥിക്കുന്നവനെ നിരാശനും അസ്വസ്തനുമാക്കിയത് എന്താണ്. യുദ്ധം എന്താണ് മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പിക്കുന്നത്. ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ കൊല്ലുന്നത് അല്ലാഹുവില്‍ വിശ്വാസമില്ലാത്തതു കൊണ്ടല്ലേ. തിന്മയെ തടയാന്‍ ഭൂതങ്ങളെ പുറത്താക്കാന്‍ ആയുധം വേണം പക്ഷേ ആത്മാവില്ലാത്ത യുദ്ധങ്ങള്‍ ആവശ്യമുണ്ടോ. ദുരന്തങ്ങള്‍ നേരിടുന്ന യുദ്ധ ഭൂമിയില്‍ ദൈവത്തെ കാണാന്‍ കഴിയുന്നുണ്ടോ. മരണത്തെ മുഖാമുഖം കണ്ട അനുഭവങ്ങള്‍ ലേഖനത്തിലെഴുതി ഗള്‍ഫ് മനോരമയ്ക്കും, കൗമുദിക്കും കൊടുത്തു.
അറാംകോ ജോലിക്കാരുടെ താമസസ്ഥലമായ ദഹ്‌റാനിലെ ക്വാര്‍ട്ടറില്‍ ഞങ്ങള്‍ ഒരു ഈസ്റ്റര്‍ സദ്യയില്‍ പങ്കെടുത്തു. അമേരിക്കന്‍, ബ്രിട്ടീഷകാരുടെ കുടുംബങ്ങളാണ് അവിടെ കൂടുതലായി താമസിക്കുന്നത്. അതൊരു കോളനി പോലെ തോന്നി. അതിനുളളില്‍ സ്ത്രീകള്‍ കാറോടിക്കും. സൗദി റോഡുകളില്‍ സ്ത്രീകള്‍ക്ക് കാറോടിക്കാന്‍ അവകാശമില്ലായിരുന്നു. അന്നത്തേ സദ്യയില്‍ സായിപ്പും മദാമ്മയും വീഞ്ഞും മദ്യവും കഴിക്കുന്നുണ്ട്. ഞാനും ഒരു ഗ്ലാസ് കുടിച്ചു. ഓമനയ്ക്ക് അതിന്റെ മണം പോലും ഇഷ്ടമല്ല. കുട്ടികള്‍ക്ക് ജൂസും കേക്കുമൊക്കെ കിട്ടി. സായിപ്പ് ഒറ്റയ്ക്കു താമസിക്കുന്ന കോംമ്പൗണ്ടുകളിലും ഞാന്‍ മദ്യം കണ്ടിട്ടുണ്ട്. ഇത് വരുന്നത് ബഹ്‌റിനില്‍ നിന്നാണ്. സൗദി- ബഹ്‌റിന്‍ കടല്‍ പാലത്തിലൂടെയാണ് കടത്തുന്നത്. സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കും സൗദി പോലീസ്.
ബ്രിട്ടനിലെ ആദ്യ എയര്‍ ടാക്‌സി നാലു വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന അവകാശവാദവുമായി ടെക്‌നോളജി കമ്പനി. ബ്രിസ്റ്റോള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെര്‍ട്ടിക്കല്‍ എയറോസ്‌പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ആണ് എയര്‍ ടാക്‌സി എന്ന ആശയവുമായി രംഗത്തെത്തിയത്. 2016ല്‍ ആരംഭിച്ച കമ്പനി വെര്‍ട്ടിക്കല്‍ ടേക്ക് ഓഫും ലാന്‍ഡിംഗും നടത്താനാകുന്ന ഒരു എയര്‍ക്രാഫ്റ്റ് നിര്‍മിക്കുകയും അത് പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഗതാഗതക്കുരുക്കള്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഡസ്ട്രിയില്‍ നാഴികക്കല്ലാണ് ഈ കണ്ടുപിടിത്തം. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ എയര്‍ക്രാഫ്റ്റുകള്‍ ഓണ്‍ ഡിമാന്‍ഡ് പേഴ്‌സണല്‍ എയര്‍ ട്രാവല്‍ സാധ്യമാക്കുമെന്നാണ് കമ്പനി പറയുന്നത്. ഇത് പൂര്‍ണ്ണമായും മലിനീകരണ മുക്തവുമാണ്.

ഹെലികോപ്റ്ററിനു സമാനമായ ബോഡിയില്‍ നാലു വശത്തും പ്രൊപ്പല്ലറുകള്‍ ഘടിപ്പിച്ച ഡിസൈനാണ് ഇതിനുള്ളത്. ഈ രൂപഘടന വെര്‍ട്ടിക്കല്‍ ടേക്ക് ഓഫും ലാന്‍ഡിംഗും സാധ്യമാക്കുന്നതിനാല്‍ പൈലറ്റിന്റെ സഹായമില്ലാതെ തന്നെ പ്രവര്‍ത്തിപ്പിക്കാനാകും. പ്രത്യേക വിമാനത്താവളങ്ങളുടെ ആവശ്യവും ഇതോടെ ഇല്ലാതാകും. എയര്‍ക്രാഫ്റ്റ് പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ നിന്ന് കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. ജൂണില്‍ ഇതിന്റെ പരീക്ഷണപ്പറക്കല്‍ ഗ്ലോസ്റ്റര്‍ഷയറിലെ കെംബിളില്‍ വെച്ച് നടത്തുകയും ചെയ്തു.

ഇതുവരെ ഒരു ഡസനോളം പരീക്ഷണപ്പറക്കലുകള്‍ കമ്പനി നടത്തിക്കഴിഞ്ഞു. പരമാവധി 80 കിലോമീറ്റര്‍ വേഗതയില്‍ 5 മിനിറ്റ് വരെ പറക്കാന്‍ ഇതിന് ഇപ്പോള്‍ കഴിയും. ഉപയോക്താക്കള്‍ക്ക് ഫ്‌ളൈയിംഗ് ടാക്‌സി വിളിച്ചു വരുത്തി യാത്ര ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം ഉദ്ദേശിക്കുന്നത്. ഒാണ്‍ ഡിമാന്‍ഡ് ഓട്ടോണോമസ് ഫ്‌ളൈറ്റുകളായിരിക്കും ഇവ. 2022ഓടെ ഇന്റര്‍സിറ്റി എയര്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.
ഡിന്നറിനൊപ്പം ഒരു ഗ്ലാസ് വൈന്‍ കഴിക്കുന്ന ശീലമുള്ള മധ്യവയസ്‌കര്‍ ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഈ ശീലം ഒഴിവാക്കണമെന്ന് നിര്‍ദേശം. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഡ്രിങ്ക് ഫ്രീ ഡേയ്‌സ് എന്ന പേരില്‍ ഡ്രിങ്കെവയര്‍ ഒഫീഷ്യലുകള്‍ ആരംഭിച്ചിരിക്കുന്ന ക്യാംപെയിനിന്റെ ഭാഗമായാണ് ഈ നിര്‍ദേശം. ജനങ്ങളെ ആല്‍ക്കഹോളില്‍ നിന്ന് കൂടുതല്‍ ദിവസങ്ങള്‍ വിട്ടു നില്‍ക്കാന്‍ പ്രേരിപ്പിക്കുകയാണ് ഈ ക്യാംപെയിനിലൂടെ ലക്ഷ്യമിടുന്നത്. ചീഫ് മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചിട്ടുള്ള സുരക്ഷിത മദ്യപാന മാനദണ്ഡങ്ങളേക്കാള്‍ കൂടുതല്‍ അളവില്‍ യുകെയിലെ മുതിര്‍ന്നവര്‍ മദ്യപിക്കുന്നുണ്ടെന്ന് യുഗോവ് പോളില്‍ കണ്ടെത്തിയിരുന്നു.

മധ്യവയസ്‌കരില്‍ അഞ്ചിലൊന്നു പേര്‍ അമിതമായി ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നവരാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പുതിയ ക്യാംപെയിന്‍ ആരംഭിച്ചിരിക്കുന്നത്. പുകവലി നിര്‍ത്തുക, വ്യായാമം ചെയ്യുക, ആഹാര നിയന്ത്രണം എന്നിവ ജീവിതത്തില്‍ നടപ്പില്‍ വരുത്തുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് മദ്യപാന ശീലം ഒഴിവാക്കുന്നതെന്നാണ് മൂന്നില്‍ രണ്ടു പേര്‍ സര്‍വേയില്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫീസറായ ഡെയിം സാലി ഡേവിസ് മുന്നോട്ടുവെച്ച മദ്യപാന മാനദണ്ഡങ്ങള്‍ വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റത്തിന് തുല്യമാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നീട് ഇതില്‍ അവര്‍ ഖേദപ്രകടനം നടത്തുകയും ചെയ്തു.

ചെറിയ അളവില്‍ ആല്‍ക്കഹോള്‍ കഴിക്കുന്നത് ഡ്രൈവിംഗിനോളം അപകട സാധ്യതയില്ലാത്ത കാര്യമാണെന്ന് ഹെല്‍ത്ത് ചീഫുമാര്‍ സമ്മതിക്കുന്നതിനു മുമ്പായിരുന്നു ഡെയിം സാലി ഡേവിസ് ഈ മുന്നറിയിപ്പ് നല്‍കിയത്. ഒരു ഗ്ലാസ് വൈന്‍ കഴിക്കുന്നത് സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് അവര്‍ പറഞ്ഞത്. ദിവസവും മദ്യപിച്ചാല്‍ കരളിനുണ്ടാകാനിടയുള്ള തകരാറുകള്‍ എല്ലാവര്‍ക്കും അറിവുള്ളതാണ്. എന്നാല്‍ അമിത രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍, നിരവധി ക്യാന്‍സറുകള്‍ എന്നിവയ്ക്ക് മദ്യപാനശീലവുമായി അടുത്ത ബന്ധമുണ്ടെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ഡങ്കന്‍ സെല്‍ബീ വ്യക്തമാക്കി.
ലീഡ്‌സ്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ലീഡ്‌സ് സെന്റ്. മേരീസ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ പരി. കന്യകാ മാതാവിന്റെ പിറവിത്തിരുന്നാളും എട്ടുനോമ്പാചരണത്തിന്റെ സമാപനവും ഭക്തിയാദര പൂര്‍വ്വം കൊണ്ടാടി. ലീഡ്‌സ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ഞായറാഴ്ച രാവിലെ പത്തു മണിക്ക് റവ. ഫാ. ജോര്‍ജ്ജ് വയലിലിന്റെ (ഇറ്റലി) മുഖ്യകാര്‍മ്മികത്വത്തില്‍
ആഘോഷമായ വിശുദ്ധ കുര്‍ബാന നടന്നു. റവ. ഫാ. മാത്യൂ മുളയോലില്‍ സഹകാമ്മികത്വം വഹിച്ചു. ഫാ. ജോര്‍ജ്ജ് വയലില്‍ തിരുന്നാള്‍ സന്ദേശം നല്‍കി. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം അത്യധികം ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണം നടന്നു. മരക്കുരിശിന്റെയും വെള്ളിക്കുരിശിന്റെയും സ്വര്‍ണ്ണക്കുരിശിന്റെയും പിറകില്‍ വി. തോമ്മാശ്ലീഹായുടെയും വി. അല്‍ഫോന്‍സാമ്മയുടെയും വി. ചാവറയച്ചന്റെയും വി. ഏവു പ്രാസ്യാമ്മയുടെയും വി. സെബസ്ത്യാനോസിന്റെയും വി. യൗസേപ്പിതാവിന്റെയും തിരുസ്വരൂപങ്ങളോടൊപ്പം
പ്രത്യേകമായി അലങ്കരിച്ച പരിശുദ്ധ കന്യകാ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം ദേവാലയത്തിനു ചുറ്റുമുള്ള വഴികളിലൂടെ സഞ്ചരിച്ച് തിരിച്ച് ദേവാലയത്തിലെത്തി. കൊടികളും മുത്തുക്കുടകളും
പ്രദക്ഷിണത്തിന് അകമ്പടി സേവിച്ചു. ഹാരോഗേറ്റ്, ലീഡ്‌സ്, വെയ്ക്ഫീല്‍ഡ്, പോണ്ടിഫ്രാക്ട്, ഹഡേല്‍സ്ഫീല്‍ഡ്, ഹാലിഫാക്‌സ്, ബ്രാഡ്‌ഫോര്‍ഡ്, കീത്തിലി തുടങ്ങിയ കമ്മ്യൂണിറ്റികളില്‍ നിന്നും പതിവ് പോലെ ഇത്തവണയും നൂറുകണക്കിനാളുകള്‍ തിരുന്നാളില്‍ പങ്കുകൊണ്ടു. പ്രദക്ഷിണത്തിനു ശേഷം സമാപനാശീര്‍വാദം നടന്നു.
2013 മുതല്‍ യുകെയില്‍ പ്രസിദ്ധമായ ലീഡ്‌സ് എട്ടു നോമ്പാചരണത്തിലും പരി. കന്യകാ മാതാവിന്റെ പിറവിത്തിരുന്നാളിലും പങ്ക് ചേര്‍ന്ന് അനുഗ്രഹം പ്രാപിക്കാന്‍ എത്തിയ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ എല്ലാ വിശ്വാസികള്‍ക്കും വികാരി റവ. ഫാ. മാത്യൂ മുളയോയില്‍ നന്ദി പറഞ്ഞു. സ്‌നേഹ വിരുന്നോടെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചു.




യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനത്തിനായി നല്‍കേണ്ട യുകാസ് ആപ്ലിക്കേഷന്‍ ഫോമില്‍ ഈ വര്‍ഷം മുതല്‍ അപേക്ഷകരുടെ മാനസിക വൈകല്യങ്ങളും രേഖപ്പെടുത്തണം. യുകാസ് ഫോമിന്റെ ഒരു സെക്ഷനില്‍ ഇവ കൂടി ഉള്‍പ്പെടുത്തണമെന്ന് യൂണിവേഴ്‌സിറ്റീസ് യുകെയുടെ മെന്റല്‍ ഹെല്‍ത്ത് തലവന്‍ ആവശ്യപ്പെട്ടു. ഭക്ഷണം കഴിക്കുന്നതിലുള്ള വൈകല്യങ്ങള്‍, ആത്മഹത്യാ പ്രവണത തുടങ്ങിയവയെക്കുറിച്ച് പ്രസ്താവന നല്‍കണമെന്നാണ് നിര്‍ദേശം. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ച് സ്ഥാപനങ്ങളോട് വ്യക്തമാക്കുന്ന വിധത്തില്‍ യൂണിവേഴ്‌സിറ്റി പ്രവേശന സമ്പ്രദായം മാറണമെന്നും ഇത് ഫ്രഷേഴ്‌സ് വീക്കിനു മുമ്പായി ചെയ്യണമെന്നും യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ഇംഗ്ലണ്ട് വൈസ് ചാന്‍സലര്‍ സ്റ്റീവ് വെസ്റ്റ് പറഞ്ഞു.

യുകാസില്‍ മാനസിക വൈകല്യങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികളെ മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. ഇത് ഒരു വൈകല്യമായി കണക്കാക്കുന്നതിനാലായിരുന്നു ഇപ്രകാരം ചെയ്തിരുന്നത്. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചു വരുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്ക ഉയരുന്നതിനിടെയാണ് ഈ സമ്പ്രദായം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നതെന്ന പ്രത്യേകതയും ഉണ്ട്. ഒരു തലമുറ തന്നെ പരാജയത്തിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പാണ് ഇക്കാര്യത്തില്‍ മന്ത്രിമാര്‍ നല്‍കുന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റിയിലെ 10 വിദ്യാര്‍ത്ഥികളും യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ഇംഗ്ലണ്ടിലെ രണ്ട് വിദ്യാര്‍ത്ഥികളും ആത്മഹത്യ ചെയ്തിട്ടുണ്ട്. ഈ വിധത്തിലേക്ക് വിദ്യാര്‍ത്ഥികളുടെ മാനസിക പ്രശ്‌നങ്ങള്‍ ഉയരുന്നത് യൂണിവേഴ്‌സിറ്റികളിലേക്കുള്ള പ്രവേശനം നടന്നു വരുന്ന ഈ സമയത്ത് പരിഗണിക്കേണ്ട സുപ്രധാന വിഷയമാണെന്ന് പ്രൊഫസര്‍ വെസ്റ്റ് പറയുന്നു.
അദ്ധ്യായം – 32
മതപണ്ഡിതന്റെ കരണത്തടിച്ച് മദാമ്മ
എല്ലാം അറിഞ്ഞപ്പോള്‍ ഭീതി തോന്നി. കഠിനമായ ശിക്ഷാവിധി നടപ്പാക്കുന്ന രാജ്യമാണിത്. ദമാമിലെ വലിയ പള്ളിക്കു മുന്നില്‍ കൊലക്കുറ്റത്തിന് വെള്ളിയാഴ്ച്ച ഒരു പാക്കിസ്ഥാനിയുടെ തല വെട്ടി മാറ്റുന്നത് ഞാന്‍ നേരില്‍ കണ്ടതാണ്. അതു കണ്ടു നില്‍ക്കാനുള്ള മനോധൈര്യം എല്ലാവര്‍ക്കുമുണ്ടാകണമെന്നില്ല. എന്നിട്ടും അതു കാണാന്‍ ജനക്കൂട്ടമുണ്ടായിരുന്നു. കൊലപാതകം, മയക്കു മരുന്ന്, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് തലവെട്ടിയാണ് ശിക്ഷ നടപ്പാക്കുന്നത്. ഇന്ത്യയെപോലെ സുദീര്‍ഘമായ കാലങ്ങളെടുത്തുള്ള വിധിന്യായങ്ങളോ, അധികാരത്തിലിരിക്കുന്ന രാഷ്ട്രീയക്കാരുടെ ഇടപെടലോ, സമ്പത്ത് കൊടുത്ത് രക്ഷപ്പെടുത്തലോ ഈ രാജ്യത്ത് സാധ്യമല്ല. യു.എ.ഇ, ബഹ്‌റിന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സൗദികളെ പോലെ മതമൗലീക വാദികളല്ല എന്നത് ഈ രാജ്യങ്ങളില്‍ മീറ്റിംഗിന് പോകുമ്പോള്‍ അവിടുത്തുകാരില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.
ഞാന്‍ ഗള്‍ഫ് ന്യൂസില്‍ ലേഖനമെഴുതിയതിന്റെ ഫലമായി ഒലയാന്റെ അല്‍ക്കോബറിനടുത്തുള്ള ഹെഡ് ഓഫീസ്സില്‍, ഒലയാന്റെ വൈസ്പ്രസിഡന്റ് ഒരു ബ്രിട്ടീഷുകാരന്‍ എന്നെ വിളിപ്പിച്ചു. അവിടെ ചെല്ലുന്നതു വരെ എന്തിനു വിളിപ്പിക്കുന്നു എന്നത് എനിക്കറിയില്ലായിരിന്നു. ജീ.എം. പറഞ്ഞിട്ടാണ് പോയത്, ഇതിനു മുമ്പ് ഞാന്‍ പോയിട്ടുള്ളത് വീസയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ സംസാരിക്കാനാണ്. വൈസ് പ്രസിഡന്റിന്റെ സെക്രട്ടറിയായി ജോലി ചെയ്യുന്നത് മലയാളിയായ ശാമുവേലും ഒലയാന്റെ സെക്രട്ടറിയായി പാലക്കാട്ടുകാരന്‍ വേണുവുമാണ്. വേണുവിനെ അറിയാമെങ്കിലും ശാമുവേലിനെ ആദ്യമായിട്ടാണ് കാണുന്നത്. എന്നെ വിളിപ്പിച്ചത് ഗള്‍ഫ് ന്യൂസിലെ ലേഖനവുമായി ബന്ധപ്പെട്ടാണെന്ന് അപ്പോഴാണ് മനസ്സിലായത്. മലയാളികള്‍ നല്ലവരെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ മറ്റുള്ളവന്റെ വളര്‍ച്ചയില്‍ അസ്സൂയയുള്ളവരുമുണ്ടെന്ന് അന്നാണ് മനസ്സിലാക്കിയത്. അതില്‍ ചിലരുടെ കപടമുഖം അവരുടെ പുഞ്ചിരിക്കും സ്‌നേഹസമര്‍ത്ഥമായ വാക്കുകളിലും നമുക്ക് മനസ്സിലാവില്ല. എന്നാല്‍ വായനയിലൂടെ വളര്‍ന്ന വിവേകമുള്ളവരില്‍ ആദരവും സ്‌നേഹവും ലാളിത്യവുമൊക്കെ എനിക്കനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവിടെ വന്നിട്ടുള്ളവരില്‍ നല്ലൊരു വിഭാഗം നല്ല വിദ്യാഭ്യാസമുള്ളവരല്ല. എങ്ങനെയും കാശുണ്ടാക്കണം അതാണ് ലക്ഷ്യം. കഷ്ടതകളും ക്ഷാമവും അന്ധവിശ്വാസങ്ങളുമായി ഇവിടേക്കു വരുന്നവര്‍ പലപ്പോഴും പലകാരണങ്ങളാല്‍ പാരയായി മാറാറുണ്ട്.
മുണ്ടുമുറുക്കിയുടുത്തു കഷ്ടപ്പെടുന്നവനും അറിവുള്ളവനും ഈ പാരപ്പണിക്കൊന്നും പോകില്ല. സംസ്‌കാരസമ്പന്നരായ പലരേയും ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. അതില്‍ കോയമ്പത്തൂരുകാരന്‍ ഒ.പി.ആര്‍ കുട്ടി, ദമാം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. സി സെബാസ്റ്റ്യന്‍,അബ്ദുള്ള മഞ്ചേരി, കുണ്ടറക്കാരന്‍ കോശി വൈദ്യന്‍ അങ്ങനെ ധാരാളം പേര്‍. എന്റെ സര്‍ട്ടിഫിക്കറ്റിലുള്ള പേര് ഡാനിയേല്‍ ശമുവേല്‍ എന്നാണ്. ഓഫീസ്സുകളിലല്ലാതെ എന്നെയാരും ഈ പേര് വിളിക്കാറില്ല.
കാരൂര്‍ സോമന്‍ എന്ന വ്യക്തിയെ അറിയാവുന്ന ഒരാളാണ് ഈ ലേഖനത്തിന്റെ സാരാംശം ഒലയാന്റെ വൈസ് പ്രസിഡന്റിനെ അറിയിച്ചത്. എന്നെ അധികം മലയാളികള്‍ക്ക് അറിയില്ല, ഇനിയും ഫോട്ടോ കണ്ടിട്ടാണോ? അത് വന്നത് മലയാളം ന്യൂസില്‍ വേള്‍ഡ് മലയാളീ കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് ആഫ്രിക്കയുടെ കലാസാഹിത്യ വിഭാഗം ചെയര്‍മാനായി നിയമിച്ചതും പാറപ്പുറം പ്രവാസി അവാര്‍ഡ് മനോരമയില്‍ വന്നതുമാണ്. ഇവനൊരു പണി കൊടുക്കണമെന്ന് ആരോ ഒരാള്‍ ആഗ്രഹിച്ചതാണ്. എന്തുകൊണ്ട് മലയാളികള്‍ ഓടിപ്പോകുന്നു എന്നും അറബി മുതലാളിമാരുടെ പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നും എംബസി ഇടപെടണമെന്നും അനീതി നടത്തുന്ന സൗദികളെ സംരക്ഷിക്കുന്ന സമീപനം സൗദി ഭരണകൂടം അവസാനിപ്പിക്കണമെന്നുമാണ് ലേഖനത്തിലുള്ളത്. അകത്തേ മുറിയില്‍ വൈസ് പ്രസിഡന്റിന്റെ മുന്നില്‍ ഇത് ഞാന്‍ അവതരിപ്പിച്ചെങ്കിലും ഇത് പൂര്‍ണമായി ഉള്‍കൊള്ളുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അവസാനം ഞാന്‍ ചോദിച്ചു. ഈ സൗദികള്‍ നടത്തുന്ന പീഡനങ്ങള്‍ കണ്ടുകൊണ്ടിരിക്കണമെന്നാണോ അങ്ങു പറയുന്നത്. ഈ രാജ്യത്തിരുന്നു കൊണ്ട് ഈ രാജ്യത്തിനെതിരെ എഴുതാന്‍ പാടില്ല. അതവര്‍ അംഗീകരിക്കില്ല. അവരുടെ അന്ത്യം ജയിലിലാണ്. രാജ്യ സുരക്ഷയ്ക്ക് ഹാനി വരുത്തുന്നവന്‍ എന്ന ഓമനപ്പേരും അവരതിന് ചാര്‍ത്തിത്തരും. അത്തരക്കാരെ കമ്പനിയും സംരക്ഷിക്കില്ല. കമ്പനി മുതലാളി രാജ കുടുംബവുമായി നല്ല ബന്ധമുള്ളയാളാണ്. ഇനിയും എഴുതാനാണ് താല്പര്യമെങ്കില്‍ ഞാന്‍ എതിരല്ല. അത് പുറത്തുപോയിട്ടു മതി. കമ്പനി എന്‍.ഒ.സി.തരാം. നിങ്ങളെപ്പോലുള്ളവര്‍ ഭീരുക്കളല്ലെന്ന് എനിക്കറിയാം. ഞാനും വന്നിരിക്കുന്നത് ജോര്‍ജ് ബര്‍ണാഡഷായുടെ നാട്ടില്‍ നിന്നാണ്. അദ്ദേഹത്തെ തല കുത്തനെ മരത്തില്‍ കെട്ടിയിട്ട രാജാക്കന്മാരും അവിടെ ഉണ്ടായിരുന്നുവെന്ന് ഇതു കണ്ടപ്പോള്‍ ഓര്‍ത്തു എന്നു മാത്രം. മുന്നിലിരിക്കുന്ന ഗള്‍ഫ് ന്യൂസ് പത്രത്തിലേക്ക് ഞാനൊന്നു സൂക്ഷിച്ചു നോക്കിയിട്ട് അദ്ദേഹത്തോട് ക്ഷമാപണം നടത്തി പുറത്തിറങ്ങി. ഇവനാണോ രഹസ്യമായി ഈ ചരടു വലിച്ചത്?.
ഓഫീസില്‍ എത്തിയപ്പോള്‍ ഇതാ മറ്റൊന്ന്, ബേബി മറ്റൊരു ജോലിക്കാരനെ മര്‍ദ്ദിക്കുന്നു, അതിന് ദൃക്‌സാക്ഷികളുമുണ്ട്. വെറുതേ ഒരാളുടെ മേല്‍ ഈ രാജ്യത്ത് കുറ്റം ആരോപിച്ചാല്‍ അത് അതിലും വലിയ കുറ്റമാണ്. ആ ഗൂഢാലോചനയില്‍ ആരെങ്കിലും പങ്കെടുത്താല്‍ അതെ അളവില്‍ അവനും കിട്ടും. വെറും കടലാസല്ല ഇവിടുത്തെ നിയമങ്ങള്‍. വളരെ കഠോരമാണ്. അത് മിന്നിത്തിളങ്ങുന്ന വാളില്‍ വരെ ചെന്നെത്തി നില്‍ക്കുന്നു. മനസ്സിലുണ്ടായിരുന്ന സന്തോഷത്തിന്റെ മുകളില്‍ വിഷാദത്തിന്റെ നിഴല്‍ വീണിരിക്കുന്നു. അമേരിക്കകാരനായ സൈമണ്‍ കോള്‍ഗേറ്റ് ആന്‍ഡ് പാമൊലിവ് കമ്പനിയുടെ പ്ലാന്റ് ഡയറക്ടര്‍ ആണ്. ഗള്‍ഫിലെ എല്ലാ രാജ്യത്തേക്കും ഇവിടെ നിന്നാണ് ഈ പ്രോഡക്റ്റ് പോകുന്നത്. സൗദിയിലെ പ്രമുഖ കമ്പനിയായ ഒലയാനും അമേരിക്കന്‍ കമ്പനിയായ കോള്‍ഗേറ്റുമായി ജോയിന്റ് വെന്‍ചര്‍ ആയിട്ടാണ് ഇത് ഇവിടെ ഉല്പാദിപ്പിക്കുന്നത്. കൊക്കക്കോളയും ഇതുപോലെ ഇവിടെ ഉല്പാദിപ്പിക്കുന്നു. സൈമണ്‍ കാനഡയിലുള്ള കോള്‍ഗേറ്റിലേക്ക് സ്ഥലം മാറി പോയതിനു ശേഷം ആ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത് ഫിലിപ്പീന്‍സുകാരനാണ്. ഞങ്ങള്‍ മീറ്റിംഗുകളില്‍ കണ്ടു സംസാരിക്കുമെങ്കിലും അത്ര വലിയ അടുപ്പമില്ല.ബേബിയെ കണ്ട് കാര്യങ്ങള്‍ തിരക്കി. ഞാന്‍ വളരെ ദേഷ്യത്തിലാണ് സംസാരിച്ചത്. കൂടെ പണിചെയ്യുന്നവന്‍ അനാവശ്യമായി സംസാരിച്ചപ്പോള്‍ അതിന്റെ മറുപടി ഉപദ്രവമാണോ? എന്റെ ഭൂതകാലവും ഒരു നിമിഷം ഞാന്‍ ഓര്‍ക്കാതിരുന്നില്ല. കമ്പനി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. അന്വേഷണം ഏത് വഴിക്കു നീങ്ങുന്നുവെന്നറിയില്ല.
ഫാക്ടറിയിലേക്ക് ജോലിക്കാരെയെടുക്കാനുള്ള അനുമതിക്കായിട്ടുള്ള കത്ത് ഡയറക്ടറില്‍ നിന്ന് ജനറല്‍ മാനേജര്‍ക്ക് കിട്ടിയ സമയം മുതല്‍ ബേബിയെ ഇവിടെ എത്തിക്കാന്‍ കഴിയുമെന്ന ചിന്തയാണ് എന്നെ ഭരിച്ചത്. പല ജോലികള്‍ക്കായി ഏഴു പേരെയാണെടുക്കുന്നത്. അതില്‍ രണ്ടു ഫിറ്ററുണ്ട്. വിദ്യാഭ്യാസ യോഗ്യത എന്‍ജനീയറിംഗാണ്. അഞ്ചാം ക്ലാസുകാരനെ ഞാനെങ്ങനെ എന്‍ജിനീയറാക്കും. അനുകൂലമായ ഒരുത്തരം സൈമണില്‍ നിന്നുണ്ടായാല്‍ ജനറല്‍ മാനേജര്‍ക്ക് എതിര്‍ക്കാന്‍ കഴിയില്ല. അടുത്ത ദിവസം തന്നെ സൈമണെകണ്ടു ബേബിയുടെ സര്‍ട്ടിഫിക്കേറ്റുകള്‍ കാണിച്ചു. വിശ്വാസമാകും വിധത്തില്‍ കാര്യങ്ങള്‍ ധരിപ്പിച്ചു. ജോലിയില്‍ ഒരപാകതയും വരിത്തില്ലെന്ന് ഞാനുറപ്പു കൊടുത്തു. അല്പനേരത്തെ മൗനത്തിനു ശേഷം അറിയിച്ചു. ഞാന്‍ ഇന്നുവരെ യോഗ്യത നോക്കിയാണ് ആരേയും എടുത്തിട്ടുള്ളത്. ഇവന്‍ ജോലിയില്‍ പ്രവേശിച്ചിട്ട് ഞാനൊരു തീരുമാനം പറയാം. മടങ്ങി പോകേണ്ടിവന്നാല്‍ എന്നെ കുറ്റപ്പെടുത്തരുത്.
എന്റെ ശുപാര്‍ശയ്ക്ക് ഫലമുണ്ടായി. സൈമണ്‍ അടിയില്‍ സെലക്ടഡ് എന്നെഴുതി ഒപ്പിട്ടു തന്നു. ഞാന്‍ അതിരറ്റ നന്ദി രേഖപ്പെടുത്തി. അപേക്ഷകള്‍ പലതും ഇവനു വേണ്ടി മാറ്റിവച്ചു. സൈമണില്‍ നിന്ന് ഒപ്പിട്ടു വാങ്ങിയ ഉദ്യോഗാര്‍ത്ഥികളുടെ ലിസ്റ്റില്‍ ബേബിയും ഇടം പിടിച്ചു. ഇനിയും ജനറല്‍ മാനേജരാണ് സൂക്ഷമതയോടെ പേപ്പറുകള്‍ പരിശോധിച്ച് ഒപ്പിടേണ്ടത്. ബ്രിട്ടീഷ്‌കാരനായ ജെയിംസ് വില്യംസ് ആണ് ജനറല്‍ മാനേജര്‍. ഞാന്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആണ്. സാധാരണ ഞാന്‍ ഒപ്പിട്ടു കൊടുക്കുന്ന പേപ്പറുകളില്‍ അധികമൊന്നും നിരീക്ഷണം നടത്താറില്ല. വളരെ ശ്രദ്ധയോടെയാണ് ഓരോ പേപ്പറുകളും ജീ എമ്മില്‍ നിന്ന് ഒപ്പിട്ടു വാങ്ങി ഹെഡ് ഓഫീസിലേക്ക് അയച്ചത്. എനിക്ക് അത്യധികമായ സന്തോഷമാണുണ്ടായത്. ഉടനടി ഡല്‍ഹിയില്‍ ബേബിയെ വിളിക്കാനറിയിച്ചു. വീസ കിട്ടി, വരാനായി തയാറായിക്കൊള്ളുക. ഒരു മാസത്തിനുളളില്‍ അവനെത്തി. ജോലി തുടര്‍ന്നു. അതില്‍ മതിപ്പുണ്ടാക്കി. സൈമണും നല്ല അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
ഇപ്പോള്‍ മനസ്സാകെ അസ്വസ്ഥമാണ്. സ്വന്തം ശരീരം സൂക്ഷിക്കുന്നത് പോലെയായിരിക്കണം സ്വന്തം ജോലി സൂക്ഷിക്കേണ്ടതെന്ന് അവന്‍ മറന്നു. വിവേകശാലികള്‍ അങ്ങനെ അബദ്ധത്തില്‍ വീഴില്ല. ജീ.എം. എന്നെ ഓഫീസ്സിലേക്ക് വിളിപ്പിച്ചു. ആദ്യത്തെ ചോദ്യം, ഈ ബേബി നിന്റെ ബന്ധുവാണോ. എന്റെ കണ്ണുകള്‍ വിടര്‍ന്നു. അതെയെന്ന് ഉത്തരം കൊടുത്തു. അപമാനഭാരവുമായി ഞാനിരുന്നു. നീ എന്തു കൊണ്ട് മുമ്പേ പറഞ്ഞില്ല എന്നായിരിക്കും ചിന്തിച്ചത്. സോറി ഡാനി ഇങ്ങനെ അക്രമം കാണിക്കുന്നവരെ പിരിച്ചു വിടാനേ മാര്‍ഗ്ഗമുള്ളൂ. വിളറിയ മുഖഭാവത്തോടെ നോക്കി. അദ്ദേഹത്തോട് കയര്‍ത്തിട്ട് കാര്യമില്ലെന്നറിയാം. ജീ.എം. തുടര്‍ന്നു. അവന്‍ അച്ചടക്കവും മര്യദയും പരശീലിക്കേണ്ടതുണ്ട്. അവന് പരാതിയുണ്ടെങ്കില്‍ പറയാന്‍ ഫാകടറിയില്‍ എത്രയോ പേരുണ്ട്. ഇത് അവര്‍ക്ക് അംഗീകരിക്കാന്‍ പറ്റില്ല. ഞാന്‍ ഒരു യാചകനെപ്പോലെ താണുവണങ്ങി പറഞ്ഞു. പുതിയ ആളാണ് ഈ രാജ്യത്തെപ്പറ്റി അറിയില്ല. അതിനാല്‍ ഇത് അറിവില്ലായ്മയാണ്. ഒരു ദരിദ്രന്‍, കുടുംബപ്രാരാബ്ദങ്ങള്‍ ധാരാളമുണ്ട്. വളരെ പ്രതീക്ഷയോടെയാണ് വന്നത്. അവന്റെ അച്ഛന്‍ ഒരു ക്യാന്‍സര്‍ രോഗിയാണ്. സഹോദരിക്കും ഫീസ് കൊടുക്കുന്നത് ഇവനാണ്. സത്യത്തില്‍ ഞാനാണ് അവനെ കൊണ്ടുവന്നത്. അവന്‍ ചെയ്ത കുറ്റത്തിന് ശിക്ഷ ഞാന്‍ ഏറ്റെടുക്കാന്‍ തയ്യാറാണ്. അവന് പകരം ഞാന്‍ പൊയ്‌ക്കോളാം. ഇത്രയും നാള്‍ അങ്ങേക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. അങ്ങ് എനിക്കൊരു എന്‍.ഒ.സി. തന്ന് സഹായിക്കണം. ഞാന്‍ അങ്ങേയ്ക്ക് ഉറപ്പു തരുന്നു. ഇനിയും ഇങ്ങനെ അവന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. ആദ്യത്തെ ഈ തെറ്റിന് മാപ്പു കൊടുത്തു കൂടെ. അവനെ ആത്മഹത്യയിലേക്ക് തള്ളി വിടണോ സാര്‍. ഞാന്‍ തീരുമാനിച്ചതാണ് ഇവിടുത്തെ ജോലി വിടണമെന്ന്. വൈസ്പ്രസിഡന്റിന് കമ്പനി വലുതെങ്കില്‍ എനിക്ക് എന്റെ എഴുത്താണ് വലുത്. ആ കാര്യം വില്യംസുമായി സംസാരിച്ചില്ല.
ജി. എമ്മിന്റെ നെറ്റിത്തടം ഉയര്‍ന്നു. ഞാന്‍ രാജിവയ്ക്കാമെന്ന് പറഞ്ഞത് വിശ്വസിക്കാനാകാതെ ചോദിച്ചു. നീ എന്തിനു പോകണം. ഉടനടി ഞാനുത്തരം കൊടുത്തു. ഞാനാണ് അവനെ കൊണ്ടുവന്നത്. അവനു പകരം ഞാന്‍ പൊയ്‌ക്കൊള്ളാം. ദയവായി അവനെ പറഞ്ഞുവിടരുത്. ജീ. എം. അവസാനമായി പറഞ്ഞു, നീ ഒന്നു കൂടി ആലോചിച്ചിട്ട് ഒരു മറുപടി പറഞ്ഞാല്‍ മതി. ഞാന്‍ നിമിഷ നേരത്തേക്ക് നോക്കിയിട്ട് പറഞ്ഞു. ഇതില്‍ മറ്റൊന്നും ആലോചിക്കാനില്ല സാര്‍, ജി.എം. ചിന്തിച്ചിരുന്നിട്ട് അറിയിച്ചു. മറ്റൊരാള്‍ വരുന്നതു വരെ നീ ഇവിടെ തുടരണം. ഞാനതിനു സമ്മതിച്ചു. അദ്ദേഹത്തിനു നന്ദി പറഞ്ഞിട്ട് പുറത്തേക്ക് നടന്നു. ജി.എം. മൂകനായി നോക്കിയിരുന്നു. ഞാന്‍ ഇങ്ങനെ ഒരു തീരുമാനമെടുക്കുമെന്ന് അദ്ദേഹം ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല.
ഓമനയുമായി നടന്ന കാര്യങ്ങള്‍ പങ്കുവച്ചു. ആ രാത്രിയില്‍ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ദുഖഭാരത്താല്‍ കണ്ണടച്ചു കിടന്നു. ഇവിടെയും ഞാനാണ് കുറ്റവാളി. കഴിഞ്ഞ കാല സ്മരണകളുടെ താളുകളില്‍ ഒരദ്ധ്യായം കൂടി എഴുതിച്ചേര്‍ത്തു. എന്റെ ലക്ഷ്യം ഒന്ന് മാത്രമാണ്, അവനെ പിരിച്ചുവിടരുത്. അതിന്റെ ശിക്ഷ സങ്കീര്‍ണ്ണതയുള്ളതാണ്. പുതിയൊരു ജോലി അത്ര എളുപ്പമല്ല. ദൈവം കാരുണ്യവാനെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഇതുപോലുളള ജീവിത പോരാട്ടത്തില്‍ തളര്‍ന്ന് പോകാതെ ശക്തിയാര്‍ജ്ജിച്ചു തന്നെയാണ് ജീവിച്ചത്. ഒരു പക്ഷേ തെറ്റായ ഒരു തീരുമാനമാണ് ഞാനെടുത്തത് എന്ന് ഓമനയ്ക്ക് തോന്നുമെങ്കിലും എന്റെ നിലപാടിനൊപ്പമാണ് അവള്‍ നിന്നത്. എന്തായാലും മുറിവുണ്ടാക്കുന്നതും ചികിത്സിക്കുന്നതും ഞാന്‍ തന്നെയല്ലേ എന്ന ചിന്തയായിരിക്കും. ഒലയാന്‍ എനിക്ക് എന്‍.ഒ.സി.തന്നു. നീണ്ട ആഴ്ച്ചകള്‍ ജോലിക്കു വേണ്ടിയള്ള അലച്ചില്‍ തുടര്‍ന്നു.
സൗദി അരാംകൊ ഓയില്‍ കമ്പനിയുടെ പ്രോജെക്ടില്‍ ജോലി ചെയ്തിരുന്ന നിസ്സാര്‍ വഴി അവരുടെ ഇന്‍സ്‌പെക്ഷന്‍ ടെക്‌നിക്കല്‍ സര്‍വ്വീസില്‍ ജോലി ലഭിച്ചു.. പല കമ്പിനികളും ഇത് ഏറ്റെടുത്തു നടത്തുന്നുണ്ട്. എന്ജിനീര്‍മാര്‍ വിദേശത്തു നിന്ന് ഓയില്‍ പൈപ്പ് ലൈന്‍ ജോലിക്കായി അറാംങ്കോ എന്‍ജിനിയേഴ്‌സ് വഴി കൊണ്ടുവരും, സൗദിയിലുള്ള ആറംങ്കോയുടെ പൈപ്പ് ലൈന്‍ ഓഫിസുകള്‍, റിഫൈനറികള്‍, സന്ദര്‍ശിച്ച് അവിടുത്തെ ഉന്നത ഉദ്ദ്യോഗസ്ഥരുമായി മീറ്റിംഗുകള്‍ നടത്തി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി സമര്‍പ്പിക്കുകയാണ്. എനിക്ക് ലഭിച്ചിരിക്കുന്ന പദവി അഡ്മിനിസ്‌ട്രേഷന്‍, മാനേജര്‍ ആണ്. ഇതിന്റെ ഫലമായി സൗദിയുടെ എല്ലാ പ്രമുഖ സിറ്റികളിലേക്കും ഓയില്‍ പൈപ്പു ലൈനുകളുള്ള മരുഭൂമിയുടെ ഭാഗത്തേക്കും ആറാംങ്കോയുടെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ ഇടയുണ്ടായി. പ്രധാനമായും രാസ്തനുരയില്‍ നിന്ന് ജിദ്ദ, റിയാദ്, യാന്‍ബു, അബ, അബഹ, ജീസാന്‍ അങ്ങനെ തുടരുന്നു. മറ്റു സ്ഥലങ്ങളിലേക്ക് പോയത് കാറിലാണ്. എന്റെ സെക്രട്ടറി കണ്ണൂര്‍ക്കാരന്‍ ഷൈജു ആയിരുന്നു.
എനിക്ക് രണ്ട് കുട്ടികള്‍ കൂടിയുണ്ടായി. ഒരു മോളും ഒരു മോനും. സിമ്മിയും സിബിനും. എല്ലാ വര്‍ഷവും ഞങ്ങള്‍ ഡല്‍ഹി, കേരള യാത്ര തുടര്‍ന്നിരുന്നു. പണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ആള്‍ക്കാരുടെ ആവശ്യങ്ങളും കൂടി വന്നു. ആ കൂട്ടത്തില്‍ എന്റെ സാഹിത്യ രചനകളും തുടര്‍ന്നു. വിദ്യര്‍ത്ഥിമിത്രം സൗദിയുടെ ചരിത്രം ലേഖന പുസ്തകം കുട്ടികള്‍ക്കായി പുറത്തിറക്കി. പുസ്തകത്തിന്റെ പേര് കണ്ട സൗദിയുടെ മണ്ണില്‍. എസ്.പി.സി. എസ്. ‘കദനമഴ നനഞ്ഞപ്പോള്‍’ എന്ന നോവലുമിറക്കി. നാട്ടില്‍ അവധിക്കു പോകുമ്പോഴൊക്കെ ഒന്നും രണ്ടും കൃതികളുമായിട്ടാണ് പോകുന്നത്. അത് കോട്ടയത്തെ പുസ്തക പ്രസാധകരെ ഏല്‍പിച്ചിട്ടാണ് മടങ്ങുന്നത്. 1991 ല്‍ ഞങ്ങള്‍ മുംബൈയിലേക് പോയത് ഓമനയുടെ സഹോദരങ്ങളായ ഇസിജിസി ജനറല്‍ മാനേജര്‍ മാമന്‍ മാത്യു, റിസേര്‍വ് ബാങ്ക് ഓഫീസര്‍ ജോണിമോന്‍, എന്റെ അമ്മായിയുടെ കൊച്ചുമകന്‍ കറ്റാനം പുതുകാട്ട് മണലില്‍, സിബിഐ ഓഫീസര്‍ ക്രിസ്റ്റഫര്‍ ഡാനിയേലിനെ കാണാനായിരിന്നു. ആ യാത്രയിലാണ് എയര്‍പോര്‍ട്ട് കസ്റ്റംസ് ഓഫീസര്‍ കൈക്കൂലി ചോദിച്ചതിന്റെ പേരില്‍ ഞാനുമായി ഇടഞ്ഞതും പോലീസ് ഓടിയെത്തി എന്നോട് ശാന്തനാകാന്‍ അഭ്യര്‍ത്ഥിച്ചതും.
ദമാമിലെ ചില സംഘടനകള്‍, സുഹൃത്തുക്കള്‍ വഴി വാഹനാപകടത്തില്‍ മരിച്ചവര്‍, പരുക്കേറ്റവര്‍ മറ്റു വിഷമങ്ങള്‍ അനുഭവിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യാനും ജോലിക്കായി അലയുന്നവരെ സഹായിക്കാനും കഴിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ജോലിക്കു പോകുമ്പോള്‍ കുട്ടികളെ പരിപാലിക്കുന്നത് ഞങ്ങള്‍ താമസ്സിക്കുന്ന കെട്ടിടത്തില്‍ തന്നെ തൊഴില്‍ ഇല്ലാത്ത വീട്ടമ്മമാരായിരുന്നു. അവര്‍ക്ക് അതൊരു വരുമാനമാര്‍ഗ്ഗമായിരുന്നു. സൗദികളെ ഭയന്ന് വിദേശികളാരും കുട്ടികളെ ഒറ്റയ്ക്ക് പുറത്തു വിടാറില്ല. എല്ലാ ശനി- ഞയര്‍ ദിവസങ്ങളിലും ഈസ്റ്റേണ്‍ പ്രവിശ്യയിലുള്ള എല്ലാ പാര്‍ക്കുകളിലും, കടല്‍ത്തീരത്തും ഞങ്ങള്‍ പോകും. കമ്പനിയുടെ കാറുളളതിനാല്‍ പെട്രോളിനും കാശു കൊടുക്കേണ്ട. അറബികളുടെ മക്കള്‍ റോഡില്‍ കിടക്കുന്ന കാറിലേക്ക് മുട്ടയെറിയും അവര്‍ക്ക് അതൊരു വിനോദമാണ്. മാതാപിതാക്കള്‍ അത് കണ്ട് ഗൗരവമായെടുക്കാറില്ല. അഹങ്കാരികളായ മാതാപിതാക്കളെ കണ്ടു വളരുന്ന അനുസരണയില്ലാത്ത കുട്ടികള്‍.
സൗദിയിലേക്ക് അയല്‍ രാജ്യങ്ങളായ യമന്‍, സിറിയ, ജോര്‍ദാന്‍, തുര്‍ക്കി, ഈജിപ്ത്, ലബനോന്‍ എന്നിവിടങ്ങളില്‍നിന്ന് വന്നവര്‍ തലമുറകളായി ഇവിടെ പാര്‍ക്കുന്നുണ്ട്. ഇവിടുത്തെ ആദിവാസികളായി കഴിയുന്നവര്‍ ബിദു വംശജരാണ്. അവരെല്ലാം പാര്‍ക്കുന്നത് കാട്ടിലല്ല മരുഭൂമിയിടെ ഉള്‍ഭാഗത്താണ്. സിറ്റികളില്‍ കാണുന്നഇവിടുത്തെ ആദിമ മനുഷ്യരുടെ പരമ്പരയിലുള്ളവര്‍ നല്ല കറുത്ത നിറമുള്ള സൗദികളാണ്. പോലീസില്‍ ധാരാളം കറുത്തവരെ കണ്ടിട്ടുണ്ട്. പന്ത് കളിയില്‍ ഏഷ്യയിലെ പ്രമുഖ ടീമാണ് സൗദി അറേബ്യ. ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ അവര്‍ ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട്. മനോരമയില്‍ ആ ടീമിന്റെ പടത്തോടുള്ള ലേഖനം പ്രസിദ്ധീകരിച്ചു. സ്‌പോട്‌സ് ലേഖകന്‍ സനില്‍ പി തോമസ്സിന്റെ ആവശ്യപ്രകാരമാണ് സൗദി ടീമിനെ ബന്ധപ്പെട്ട് എഴുതിയത്. കേരളത്തിലും ഗള്‍ഫിലെ ഗള്‍ഫ് മനോരമ, മലയാളം ന്യൂസ്, മാധ്യമം എഴുതികൊണ്ടിരുന്നു.
കലാ പരിപാടികള്‍ തുറന്ന സ്ഥലത്തു നടത്താന്‍ അനുവാദമില്ല. സ്ത്രീകള്‍ക്കും അതിനുള്ളഅവകാശമില്ല. അധികാരമുളള മതത്തിന്റെ മൂത്തപ്പന്മാര്‍ എല്ലാ ഭാഗത്തുമുണ്ട്. ഞങ്ങള്‍ കടയില്‍ എന്തോ വാങ്ങാന്‍ പോയ നേരം രണ്ട് മദാമ്മമാര്‍ വഴിയിലൂടെ നടക്കുമ്പോള്‍ ഒരു മുത്തപ്പ അവരെ തടഞ്ഞു നിര്‍ത്തി അറിയിച്ചു. സ്ത്രീകള്‍ തല മറച്ചു വേണം ഇവിടെ സഞ്ചരിക്കാന്‍. ഇല്ലെങ്കില്‍ ജയിലില്‍ പോകേണ്ടി വരും. മദാമ്മയ്ക്ക് ദേഷ്യം കേറി ഇരുവരുമായി തര്‍ക്കം മൂത്തു വന്നു. അയാളുടെ കവിളില്‍ അതില്‍ ഒരു സ്ത്രീ അടിക്കുന്നതാണ് ഞങ്ങള്‍ കണ്ടത്.
ബ്രിട്ടന്റെ ഭീമമായ പെന്‍ഷന്‍ ബില്‍ മൂലം അവശ്യ സര്‍വീസുകളുടെ ഫണ്ടിംഗ് വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്ന് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട്. പബ്ലിക് സെക്ടര്‍ പെന്‍ഷന്‍ ബില്‍ തുക 1.3 ട്രില്യന്‍ പൗണ്ടാണ്. ഇത് നല്‍കണമെങ്കില്‍ അവശ്യ സര്‍വീസുകള്‍ക്ക് നല്‍കുന്ന പണത്തില്‍ നിന്ന് 4 ബില്യന്‍ പൗണ്ട് വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്നാണ് ഹാമണ്ട് മുന്നറിയിപ്പ് നല്‍കുന്നത്. സ്‌കൂളുകള്‍, ആശുപത്രികള്‍, പോലീസ്, സായുധ സേനകള്‍ തുടങ്ങി ഒട്ടുമിക്ക സര്‍വീസുകളെയും ഈ വെട്ടിക്കുറയ്ക്കല്‍ ബാധിക്കും. പൊതു മേഖലയിലെ ഫണ്ട് വെട്ടിക്കുറയ്ക്കല്‍ അനിവാര്യമാണെന്നാണ് ഹാമണ്ട് പറയുന്നത്.

ആശുപത്രികള്‍ പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിക്കേണ്ടതായി വരും. പൊതുമേഖലാ ജീവനക്കാര്‍ക്കായുള്ള പൊതുധനം കൈകാര്യം ചെയ്യുന്നതിലെ സങ്കീര്‍ണ്ണതയാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചത്. ഇതു മൂലം ഇനി അവശ്യ സര്‍വീസുകള്‍ക്ക് ആവശ്യത്തിനുള്ള ഫണ്ടിംഗ് ലഭിക്കുമോ എന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ടാകും. 2019-20 സാമ്പത്തിക വര്‍ഷത്തെ പെന്‍ഷന്‍ ചെലവുകള്‍ റീഫണ്ട് ചെയ്യാന്‍ ഒരുക്കമാണെന്ന് ട്രഷറി അറിയിച്ചിട്ടുണ്ടെങ്കിലും അതിനപ്പുറത്തേക്കുള്ള കാര്യം ഏറ്റെടുക്കില്ല.

സ്‌പെന്‍ഡിംഗ് റിവ്യൂവില്‍ ഇക്കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കുടുംബത്തിന് 45000 പൗണ്ട് വീതമാണ് രാജ്യത്തിന്റെ പെന്‍ഷന്‍ ലയബിലിറ്റിയെന്ന് ഇന്റര്‍ജനറേഷണല്‍ ഫൗണ്ടേഷന്‍ എന്ന തിങ്ക്ടാങ്ക് പറയുന്നു. അടുത്ത സാമ്പത്തിക വര്‍ഷം സാമ്പത്തിക വളര്‍ച്ച കുറയാനിടയുണ്ടെന്നാണ് ഓഫീസ് ഓഫ് ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി പ്രവചനം. പെന്‍ഷന്‍ ഭാരം വര്‍ദ്ധിക്കുന്നതിന് ട്രഷറി ഒരു കാരണമായി പറയുന്നതും ഇതു തന്നെയാണ്.