Main News

ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്, ലെസ്റ്റര്‍ സിറ്റിയുടെ ഉടമ വിചൈയ്‌ ശ്രീവദനപ്രഭ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. 61 കാരനായ വിചൈയ്‌ക്കൊപ്പം ഹെലികോപ്ടറിന്റെ പൈലറ്റ്, പൈലറ്റിന്റെ ഗേള്‍ ഫ്രണ്ട് കൂടിയായ കോ പൈലറ്റ്, മിസ് തായ്‌ലന്റ് യൂണിവേഴ്‌സ് 2015ല്‍ റണ്ണറപ്പായിരുന്ന നുസാര സുക്‌നമായി, വിഷൈയുടെ സഹായി ഗോള്‍ഫ് എന്ന പേരില്‍ അറിയപ്പെടുന്ന കേവ്‌പോണ്‍ പുന്‍പാരെ തുടങ്ങിയവരായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ ഹെലികോപ്ടറിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്ന് ലെസ്റ്റര്‍ സിറ്റി ഫുട്‌ബോള്‍ ക്ലബ് സ്ഥിരീകരിച്ചു. ക്ലബ്ബിന്റെ ലെസ്റ്ററിലെ ഹോം ഗ്രൗണ്ടായ കിംങ് പവര്‍ സ്റ്റേഡിയത്തിനോടു ചേര്‍ന്നുള്ള കാര്‍ പാര്‍ക്കിലാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത്.

ഹെലികോപ്ടറിന്റെ പൈലറ്റായിരുന്ന എറിക് സ്വാഫറിന്റെ മനഃസാന്നിധ്യം നൂറു കണക്കിന് ആളുകളുടെ മരണത്തിനു കാരണമാകാമായിരുന്ന ഒരു ദുരന്തത്തില്‍ നിന്നാണ് രക്ഷിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്റ്റേഡിയത്തിന്റെ മീഡിയ കോമ്പൗണ്ടിലേക്ക് ഇടിച്ചിറങ്ങുമായിരുന്ന ഹെലികോപ്ടര്‍ ഇദ്ദേഹം കാര്‍ പാര്‍ക്കില്‍ ഇറക്കുകയായിരുന്നു. കാര്‍പാര്‍ക്കില്‍ ജനങ്ങളുണ്ടായിരുന്നില്ല. സ്റ്റേഡിയത്തിലേക്ക് ഹെലികോപ്ടര്‍ ഇടിച്ചിറങ്ങിയിരുന്നെങ്കില്‍ അത് വന്‍ ദുരന്തമായി മാറിയേനെ എന്നാണ് വിലയിരുത്തല്‍. കടുത്ത ഫുട്‌ബോള്‍ പ്രേമിയായ വിചൈയ്‌ ശ്രീവദനപ്രഭ ഇംഗ്ലണ്ടിലെത്തിയാല്‍ ആഭ്യന്തര യാത്രയ്ക്കായി ഉപയോഗിക്കുന്ന സ്ഥിരം ഹെലികോപ്റ്ററാണിത്.

2010ലാണ് വിചൈയ്‌ ശ്രീവദനപ്രഭയെന്ന തായ്ലന്‍ഡ് കോടീശ്വരന്‍ ലെസ്റ്റര്‍ ഫുട്‌ബോള്‍ ക്ലബ്ബ് സ്വന്തമാക്കിയത്. ചുരുങ്ങിയകാലംകൊണ്ട് അദ്ദേഹം ലെസ്റ്ററിനെ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ പട്ടികയില്‍ മുന്‍നിരയിലെത്തിച്ചു. 2016ലെ പ്രീമിയര്‍ ലീഗ് ചാംപ്യന്‍ഷിപ്പില്‍ എല്ലാവരെയും ഞെട്ടിച്ചാണ് ലെസ്റ്റര്‍ സിറ്റി ക്ലബ്ബ് ചാംപ്യന്‍പട്ടം നേടിയത്. കോടിക്കണക്കിനു പണം മുടക്കിയാണ് അദ്ദേഹം ലെസ്റ്ററിനെ അഞ്ചുവര്‍ഷം കൊണ്ട് യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകളുടെ പട്ടികയിലേക്ക് ഉയര്‍ത്തിയത്. 1-1 സമനിലയില്‍ പിരിഞ്ഞ ഇന്നലത്തെ വെസ്റ്റ്ഹാം ലെസ്റ്റര്‍ സിറ്റി മല്‍സരത്തിനുശേഷം സ്റ്റേഡിയത്തിന്റെ സെന്റര്‍ സര്‍ക്കിളില്‍നിന്നും 8.45ന് ക്ലബ്ബ് ചെയര്‍മാനുമായി പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ഏതാനും സെക്കന്റുകള്‍ക്കകം പെട്ടെന്ന് താഴേക്കുപതിച്ച് കത്തിയമരുകയായിരുന്നു.

ഈ വര്‍ഷം ഉന്നത വിദ്യാഭ്യാസത്തിനായി അപേക്ഷിച്ചവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധന. യൂണിവേഴ്‌സിറ്റി ആന്‍ഡ് കോളേജസ് അഡ്മിഷന്‍ ബോഡിയായ യുകാസ് പുറത്തു വിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. കേംബ്രിഡ്ജ്, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റികളിലെ ഒട്ടുമിക്ക കോഴ്‌സുകളിലേക്കും മെഡിക്കല്‍ കോഴ്‌സുകളിലേക്കും മുമ്പില്ലാത്ത വിധത്തിലാണ് അപേക്ഷകള്‍ ലഭിച്ചിരിക്കുന്നത്. ഇവയില്‍ ഏറെയും പെണ്‍കുട്ടികളാണെന്നും രേഖകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷവും ഈ വിധത്തില്‍ യൂണിവേഴ്‌സിറ്റി കോഴ്‌സുകളിലേക്കും മെഡിസിന്‍, ഡെന്റിസ്ട്രി, വെറ്ററിനറി പോലെയുള്ള കോഴ്‌സുകളിലേക്കും റെക്കോര്‍ഡ് അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇതിനേക്കാള്‍ 7 ശതമാനം വര്‍ദ്ധനയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ 15 ആയിരുന്നു ഇവയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി.

എന്‍എച്ച്എസ് ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായി ഗവണ്‍മെന്റ് മെഡിക്കല്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. അഞ്ചു വര്‍ഷത്തിനിടെ മെഡിസിന്‍ കോഴ്‌സുകള്‍ക്ക് ലഭിച്ച റെക്കോര്‍ഡ് ആപ്ലിക്കേഷനുകളാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. 22,340 പേര്‍ ഈ വര്‍ഷം മെഡിസിന് അപേക്ഷിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 12 ശതമാനം വര്‍ദ്ധനവാണ് ഇതില്‍ രേഖപ്പെടുത്തിയത്. 2020 ഓടെ 1500 അധികം ഡോക്ടര്‍മാരെ പരിശീലിപ്പിക്കുമെന്ന് മുന്‍ ഹെല്‍ത്ത് മിനിസ്റ്ററായിരുന്ന ജെറമി ഹണ്ട് 2016ല്‍ പ്രഖ്യാപിച്ചിരുന്നു. ബ്രെക്‌സിറ്റിനു ശേഷം ഡോക്ടര്‍മാരുടെ കാര്യത്തില്‍ രാജ്യം സ്വയംപര്യാപ്തത നേടുന്നതിനായാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് 500 അധിക സീറ്റുകള്‍ ഈ വര്‍ഷം അനുവദിച്ചു.

ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന മേഖലകളായ സന്‍ഡര്‍ലാന്‍ഡ്, ലങ്കാഷയര്‍, കാന്റര്‍ബറി, ലിങ്കണ്‍, ചെംസ്‌ഫോര്‍ഡ് എന്നിവിടങ്ങളില്‍ പുതിയ മെഡിക്കല്‍ സ്‌കൂളുകളും ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികളാണ് യൂണിവേഴ്‌സിറ്റി കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നവരില്‍ ഭൂരിപക്ഷം. 25,670 പെണ്‍കുട്ടികള്‍ ആകെ അപേക്ഷകരായുണ്ട്. 12 ശതമാനം വര്‍ദ്ധനയാണ് ഇതില്‍ മുന്‍ വര്‍ഷത്തേക്കാള്‍ രേഖപ്പെടുത്തിയത്. 19,980 ആണ്‍കുട്ടികളും കോഴ്‌സുകള്‍ക്കായി അപേക്ഷ നല്‍കി. കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 6 ശതമാനം വര്‍ദ്ധനയും രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രധാന സിറ്റി റോഡുകളില്‍ കുറഞ്ഞ വേഗപരിധിയുള്ള സോണുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശം പരിസ്ഥിതിക്ക് കൂടുതല്‍ ദോഷകരമെന്ന് മോട്ടോറിംഗ് ക്യാംപെയിനര്‍മാര്‍. സെയിഫര്‍ 15 മൈല്‍ പെര്‍ അവര്‍ സോണുകള്‍ വോഗ പരിധി കൂടിയ റോഡുകളേക്കാള്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നാണ് വിലയിരുത്തല്‍. റോഡ് സുരക്ഷയും അന്തരീക്ഷ മലിനീകരണവും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം സോണുകള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ഇവയില്‍ ആദ്യ സോണ്‍ ലണ്ടനിലെ ഒരു സ്‌ക്വയര്‍ മൈല്‍ പ്രദേശത്ത് ഈയാഴ്ച ആരംഭിക്കും. സിറ്റി ഓഫ് ലണ്ടന്‍ കോര്‍പറേഷനാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. 20 മൈല്‍ സോണുകള്‍ സ്ഥാപിച്ചതിലൂടെ ലണ്ടന്‍ നഗരത്തിലെ സൈക്കിള്‍ യാത്രക്കാരുടെയും മറ്റും അപകട മരണങ്ങളും ഗുരുതരമായ പരിക്കുകളും കുറച്ചിട്ടുണ്ടെങ്കിലും അപകടങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവുകള്‍ ഉണ്ടായിട്ടില്ലെന്നും സൂചനയുണ്ട്.

കോര്‍പേറേഷന്റെ ഈ നീക്കം അപകടങ്ങള്‍ കുറക്കില്ലെന്ന് മാത്രമല്ല അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഉയര്‍ത്തുകയും ചെയ്യുമെന്ന് മോട്ടോറിംഗ് ഗ്രൂപ്പായ ഐഎഎം റോഡ്‌സ്മാര്‍ട്ടും ഓട്ടോമൊബൈല്‍ അസോസിയേഷനും പറയുന്നു. വാഹനങ്ങളുടെ എന്‍ജിനുകള്‍ ഇടക്കിടെ നിര്‍ത്തുകയും സ്റ്റാര്‍ട്ട് ചെയ്യുകയും ചെയ്യുമ്പോള്‍ കൂടുതല്‍ വിഷവാതകങ്ങള്‍ പുറത്തു വരികയും അത് പരിസ്ഥിതിക്ക് കൂടുതല്‍ ദോഷകരമാണെന്നും ക്യാംപെയിനര്‍മാര്‍ വ്യക്തമാക്കുന്നു. 15 മൈല്‍ വേഗ പരിധിയുള്ള സോണുകള്‍ ഏര്‍പ്പെടുത്തിയതു കൊണ്ട് നേട്ടമൊന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് ഐഎഎം റോഡ്‌സ്മാര്‍ട്ട് വക്താവ് റോഡ്‌നി കുമാര്‍ പറയുന്നു. 20 മൈല്‍ മേഖലകളില്‍ ഡ്രൈവര്‍മാര്‍ 25 മൈല്‍ വേഗതയിലാണ് പോകുന്നത്. അതുതന്നെയായിരിക്കും 15 മൈല്‍ സോണുകളിലും നടക്കാന്‍ പോകുന്നത്.

ലണ്ടന്‍ റോഡുകളിലെ ഗതാഗതം കുതിരവണ്ടികളേക്കാള്‍ അധികം വേഗതയിലൊന്നുമല്ല. ഇത് മലിനീകരണം കുറയ്ക്കുമെന്ന് കരാതാനാകില്ലെന്നും കുമാര്‍ പറഞ്ഞു. ക്രോസിംഗുകള്‍, പിഞ്ച് പോയിന്റുകള്‍, സ്പീഡ് ഹംപുകള്‍ എന്നിവ സ്ഥാപിച്ച് സ്പീഡ് ലിമിറ്റിനുള്ളില്‍ നില്‍ക്കാന്‍ ഡ്രൈവര്‍മാരെ പ്രേരിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കണമെന്നും ക്യാംപെയിനര്‍മാര്‍ പറയുന്നു. 15 മൈല്‍ സോണുകള്‍ സ്ഥാപിക്കുന്നതിലൂടെ ലണ്ടന്‍ റോഡുകളിലെ അപകട മരണങ്ങള്‍ കുറയ്ക്കാനാകുമെന്നാണ് സിറ്റി ഓഫ് ലണ്ടന്‍ ഭരിക്കുന്ന കോര്‍പറേഷന്‍ കരുതുന്നത്. ഇത്തരം വേഗ നിയന്ത്രണ മേഖലകള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് അംഗീകരിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള ആദ്യ സോണാണ് ആരംഭിക്കാനിരിക്കുന്നത്. 2022ഓടെ ഈ സമ്പ്രദായം വ്യാപകമാക്കാനും കോര്‍പറേഷന്‍ ലക്ഷ്യമിടുന്നു.

ലണ്ടന്‍: പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ്ബായ ലെസ്റ്റര്‍ സിറ്റിയുടെ ഉടമ വിചായി ശ്രീവധനപ്രഭയുടെ ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു. ഹെലികോപ്റ്ററില്‍ വിചായി ശ്രീവധനപ്രഭ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഹെലികോപ്റ്ററിലുള്ള മറ്റു വ്യക്തികളെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. സ്റ്റേഡിയത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഉഗ്രശബ്ദത്തോടെ ഹെലികോപ്റ്റര്‍ പൊട്ടിത്തെറിച്ചതായും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശനിയാഴ്ച രാത്രി നടന്ന വെസ്റ്റ്ഹാം-ലെസ്റ്റര്‍ സിറ്റി മത്സരത്തിന് പിന്നാലെയാണ് അപകടമുണ്ടായത്. മത്സരം 1-1 ന് സമനിലയില്‍ കലാശിച്ചിരുന്നു. ഹെലിക്കോപ്റ്ററിന് തീ പിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കിങ് പവര്‍ സ്റ്റേഡിയത്തിലെ കാര്‍ പാര്‍ക്കിലേക്കാണ് ഹെലികോപ്ടര്‍ തകര്‍ന്ന് വീണത്. പൊലീസും അഗ്‌നിശമനസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങളൊന്നും മാധ്യമങ്ങള്‍ക്ക് കൈമാറാന്‍ പോലീസ് തയ്യാറായിട്ടില്ല. തായ് കോടീശ്വരനായ ശ്രിവധനപ്രഭ ലെസ്റ്ററിന്റെ എല്ലാ ഹോം മത്സരങ്ങളിലും പങ്കെടുക്കുന്നതിനായി ബന്ധുക്കള്‍ക്കൊപ്പം ഹെലികോപ്ടറിലാണ് സ്റ്റേഡിയത്തിലെത്താറുള്ളത്. സ്വന്തം ടീമിന്റെ എല്ലാ ഹോം മത്സരങ്ങള്‍ക്കും അദ്ദേഹം പങ്കെടുക്കാറുമുണ്ട്.

ഫുട്‌ബോള്‍ ലോകത്തിന്റെ കറുത്ത ദിനമായിരുന്നു ഇന്നലെയെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചത്. ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം തായ്‌ലന്റിലെ ഏറ്റവും വലിയ പണക്കാരില്‍ നാലാമനാണ് ലെസ്റ്റര്‍ ഉടമയായ ശ്രിവധനപ്രഭ. 2010ല്‍ 39 മില്യന്‍ പൗണ്ടിനാണ് ഇദ്ദേഹം ക്ലബ് വാങ്ങുന്നത്. തുടര്‍ന്ന് 2015-16 സീസണിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടുകയും ചെയ്തു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി വിജയങ്ങളിലൊന്നായിരുന്നു അത്. 1894ലാണ് ലെസ്റ്റര്‍ സിറ്റി ഫുട്‌ബോള്‍ ലീഗിന് യോഗ്യത നേടുന്നത്. 1928-29 സീസണില്‍ രണ്ടാം സ്ഥാനത്ത് എത്തിയതാണ് ക്ലബ്ബിന്റെ ഏറ്റവും മികച്ച പ്രകടനമായി കണക്കാക്കിയിരുന്നത്. എന്നാല്‍ 2015-16ല്‍ അത് മറികടന്നു. ശ്രിവധനപ്രഭ ഉടമസ്ഥതയിലെത്തിയതിന് ശേഷം ക്ലബിന്റെ ആരാധകരുടെ എണ്ണവും വര്‍ദ്ധിച്ചിരുന്നു.

ബ്രിട്ടനില്‍ ദാരിദ്ര്യം പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് രക്ഷിതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് വസ്ത്രങ്ങളും ഭക്ഷണവും ലഭ്യമാക്കാന്‍ ബേബി ബാങ്കുകളെ ആശ്രയിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടന്റെ ഓസ്‌റ്റെരിറ്റി നയം മൂലം രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന ജോലിക്കാരായ രക്ഷിതാക്കള്‍ പോലും ഫുഡ് ബാങ്കുകള്‍ക്ക് സമാനമായ സേവനം നല്‍കുന്ന ചാരിറ്റികളെ സമീപിക്കുന്നുണ്ട്. ഈ വര്‍ഷം ഇത്തരം സേവനങ്ങള്‍ സ്വീകരിച്ചത് 35,000 കുടുംബങ്ങളാണെന്ന് പുതിയ കണക്കുകള്‍ പറയുന്നു. കുട്ടികള്‍ക്കായുള്ള കട്ടിലുകള്‍, ബഗ്ഗികള്‍, നാപ്പി, വൈപ്‌സ്, ബോട്ടിലുകള്‍ മുതലായവയാണ് പ്രധാനമായും ഈ കേന്ദ്രങ്ങള്‍ വിതരണം ചെയ്തിട്ടുള്ളത്. എന്നാല്‍ ബുദ്ധിമുട്ടുകള്‍ക്കിടയിലും ഇത്തരം സേവനങ്ങള്‍ തേടേണ്ടി വരുന്നത് വളരെയേറെ ബുദ്ധമുട്ടുണ്ടാക്കുന്നുണ്ടെന്ന് ചില മാതാപിതാക്കള്‍ പറയുന്നു.

ഒരു ഫുള്‍ടൈം ജീവനക്കാരിയും അമ്മയുമായ തനിക്ക് അപരിചിതര്‍ നല്‍കുന്ന സഹായം തേടേണ്ടി വരുന്നത് വിഷമിപ്പിക്കുന്ന കാര്യമാണെന്ന് രണ്ടു കുട്ടികളുടെ അമ്മയായ ബിയാന്‍ക എന്ന സ്ത്രീ പറയുന്നു. പ്രധാനമായും ഈ സേവനങ്ങള്‍ തേടുന്നത് ഗാര്‍ഹിക പീഡനത്തിന് ഇരയായവരും യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ലഭിക്കാത്തവരും സിംഗിള്‍ പേരന്റ്‌സും ഭവനരഹിതരുമാണെന്ന് ഇതു സംബന്ധിച്ച ടിവി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വളരെ നിരാശാജനകമായ അവസ്ഥയാണ് ഇതെന്ന് മുന്‍ വെല്‍ഫെയര്‍ റിഫോം മിനിസ്റ്ററായ ലേബര്‍ എംപി ഫ്രാങ്ക് ഫീല്‍ഡ് പറയുന്നു. വാടക, ഭക്ഷണത്തിനായുള്ള ബജറ്റ്, മറ്റ് അത്യാവശ്യ ചെലവുകള്‍ എന്നിവയ്ക്കു പുറമേ കുട്ടികള്‍ക്ക് അത്യാവശ്യമായ വസ്തുക്കള്‍ വാങ്ങാന്‍ പല കുടുംബങ്ങള്‍ക്കും സാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദശകത്തില്‍ സമ്പദ് വ്യവസ്ഥ നേരിട്ട അട്ടിമറിയുടെയും ഓസ്‌റ്റെരിറ്റി നയത്തിന്റെയുമൊക്കെ ഇരകളായി മാറിയിരിക്കുകയാണ് സാധാരണ കുടുംബങ്ങള്‍. നമ്മുടെ രാജ്യത്തെ ദാരിദ്ര്യത്തിന്റെ മാറുന്ന മുഖമാണ് ഇതിലൂടെ ദൃശ്യമാകുന്നതെന്നും ഫ്രാങ്ക് ഫീല്‍ഡ് പറഞ്ഞു. ബേബി ബാങ്കുകളിലേക്ക് ഒട്ടേറെപ്പേരെ മിഡ് വൈഫുമാരും, ഹെല്‍ത്ത് കെയര്‍ വിസിറ്റര്‍മാരും സോഷ്യല്‍ വര്‍ക്കര്‍മാരും റഫര്‍ ചെയ്യാന്‍ തുടങ്ങിയതോടെ ഈ സേവനങ്ങള്‍ നല്‍കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. തങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുന്നവരില്‍ അഞ്ചിലൊരാളെങ്കിലും സ്വന്തമായി ജോലി ചെയ്യുന്നവരോ അല്ലെങ്കില്‍ പങ്കാളി ജോലിക്കാരായവരോ ആണെന്ന് കാംഡെനിലും വാന്‍ഡ്‌സ് വര്‍ത്തിലും ഔട്ട്‌ലെറ്റുകളുള്ള ലിറ്റില്‍ വില്ലേജ് ബേബി ബാങ്കിന്റെ സ്ഥാപകയായ സോഫിയ പാര്‍ക്കര്‍ പറയുന്നു.

മലയാളം യുകെ ന്യൂസ് ടീം.

യൂറോപ്പിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് തിരശ്ശീല വീണു. കഴിഞ്ഞ മൂന്ന് വർഷവും ജേതാക്കളായിരുന്ന ആയിരുന്ന മിഡ്‌ലാൻഡ്‌സ് റീജിയണെ രണ്ടാം സ്ഥാനത്തേക്ക് തള്ളി  ആതിഥേയരായ യോര്‍ക്ഷയര്‍ ആൻഡ് ഹംബര്‍ റീജിയണ്‍ കിരീടം ചൂടി. സൗത്ത് യോര്‍ക്ഷയറിലെ ഷെഫീല്‍ഡിലുള്ള പെനിസ്റ്റോണ്‍ ഗ്രാമര്‍ സ്‌കൂളിലെ ബാലഭാസ്‌കര്‍ നഗറില്‍ രാവിലെ പതിനൊന്നു മണിക്ക് ആരംഭിച്ച മത്സരങ്ങള്‍ അവസാനിച്ചത് രാത്രി പതിനൊന്നരയ്ക്ക് . അഞ്ചു സ്റ്റേജുകളിയാട്ടാണ് മത്സരങ്ങള്‍ നടന്നത്. പ്രതികൂലമായ കാലവസ്ഥയെ മറികടന്ന് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 750തോളം മത്സരാര്‍ത്ഥികളടക്കം രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു.രാത്രി പന്ത്രണ്ട് മണിക്ക് ഒമ്പതാമത് യുക്മ നാഷണല്‍ കലാമേളയുടെ സമാപന സമ്മേളനം ആരംഭിച്ചു. കലാമേളയുടെ വിശിഷ്ടാതിഥി എം ജി രാജമാണിക്യം IAS സ്റ്റേജിലെത്തി.. നിറഞ്ഞ കൈയ്യടികളോടെയാണ് അദ്ദേഹത്തെ  സദസ്സിലെ മലയാളികൾ സ്വീകരിച്ചത്. യൂറോപ്പിലെ മലയാളികളോട് വളരെ ലളിതമായ ഭാഷയില്‍ ചുരുങ്ങിയ മിനിറ്റുകളിൽ അദ്ദേഹം സംസാരിച്ചു. മലയാളികളെ ഒന്നടങ്കം കൈയ്യിലെടുത്ത അദ്ദേഹത്തിന്റെ ഓരോ വാക്കിലും വിനയത്തിന്റെ അലയൊലികൾ ഒഴുകിവന്നതോടെ കൈയ്യടിയുടെ പ്രളയം തന്നെയായിരുന്നു. തുടര്‍ന്ന് നാഷണല്‍ കലാമേളയുടെ വിജയികള്‍ക്കുള്ള സമ്മാനദാനം ആരംഭിച്ചു. രാവേറെയായിട്ടും ആകാംഷയോടെ കാത്തിരുന്ന മത്സരാര്‍ത്ഥികള്‍ക്കു മുമ്പില്‍ മത്സരത്തിന്റെ ഫലങ്ങള്‍ ഓരോന്നായി പുറത്തു വന്നു.അസോസിയേഷനുകളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഈസ്ററ് യോർക്ഷയർ കൾച്ചറൽ അസോസിയേഷൻ (EYCO HULL) ആണ് അസ്സോസിയേഷൻ ചാംമ്പ്യൻഷിപ് കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷത്തെ ജേതാക്കൾ ആയ ബി സി എം സി ബിർമിങ്ഹാമിന് കിരീടം നിലനിർത്താൻ സാധിച്ചില്ല. എഴുപത്തിമൂന്ന് പോയിന്റ് നേടിയാണ് പോയിന്റ് പട്ടികയിൽ ഈസ്ററ് യോർക്ഷയർ കൾച്ചറൽ അസോസിയേഷൻ ഒന്നാമതെത്തിയത്. ഒന്നാം സ്ഥാനം നേടിയ റീജിയൻ നേടിയത് 125 പോയിന്റ് മാത്രമാണ് എന്നതിൽ തന്നെ ഈ അസോസിയേഷന്റെ പങ്ക്‌ എത്ര വലുതാണെന്ന് തിരിച്ചറിയുക വളരെ ലളിതം.  യോര്‍ക്ഷയര്‍ ആന്റ് ഹംബര്‍ റീജിയണ്‍ യുക്മ കലാമേളയുടെ ഒമ്പതാമത് കിരീടം ചൂടി.

എണ്‍പതുകളിലാണ് സര്‍വ്വകലാശാലകള്‍ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ആരംഭിക്കുന്നത്. അന്ന് ഞങ്ങളൊക്കെ കേരളാ യൂണിവേഴ്‌സിറ്റിയുടെ പരിധിയിലാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി ഈ സ്ഥലങ്ങളിലായിരുന്നു ക്യാമ്പുകള്‍ നടന്നിരുന്നത്. പ്രതിഫലം ഉടന്‍ കിട്ടുന്നതുകൊണ്ടും പ്രതിദിനം ഡി.എ. ലഭിക്കുന്നതുകൊണ്ടും പരിമിതമായ ശമ്പളം മാത്രം ലഭിച്ചിരുന്ന (യു.ജി.സി. ശമ്പളം വന്നിട്ടില്ല) കോളജ് അധ്യാപകര്‍ക്ക് ഈ ക്യാമ്പുകള്‍ നല്ല ആശ്വാസമായിരുന്നു. ഒരേ വിഷയംപഠിപ്പിക്കുന്ന പല കോളജുകളിലെ അധ്യാപകര്‍ക്ക് ഒന്നിച്ച് കാണുവാനും സൗഹൃദം പുതുക്കാനുമുള്ള ഒരവസരം. 1983ലാണ് ഞാന്‍ ആദ്യമായൊരു സെന്‍ട്രലൈസ്ഡ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. അത് കൊച്ചിയിലെ ഒരു സ്‌കൂള്‍ ഹാളില്‍ വച്ചായിരുന്നു. രാവിലെ എല്ലാവരും സംഘമായി വേണാട് എക്‌സ്പ്രസില്‍ കൊച്ചിയിലേക്കും വൈകുന്നേരം അതേ തീവണ്ടിയില്‍ തിരികെയും പോരും. സീനിയര്‍ അധ്യാപകനായ പ്രാല്‍ജിയുടെ കൂടെ പോയിരുന്നതുകൊണ്ട് പ്രശസ്തരും കലാകാരന്മാരുമായ ഒട്ടേറെ മലയാളം അധ്യാപകരെ പരിചയപ്പെടുവാന്‍ കഴിഞ്ഞു.

സര്‍ക്കാര്‍ കോളജുകളില്‍നിന്നു വന്നിരുന്ന സുഗതന്‍ സാര്‍, സി.ആര്‍. ഓമനക്കുട്ടന്‍, കോലഞ്ചേരി കോളജിലെ ബിനോയി ചാത്തുരുത്തി, ഫിലിപ്പ് സാര്‍, എഴുത്തുകാരികളായ ഗ്രേസി, ശാരദക്കുട്ടി അങ്ങനെ പോകുന്നു ആ നിര. അവരുടെയൊക്കെ സംഭാഷണങ്ങളില്‍പങ്കുചേര്‍ന്ന് ഒരു ഉത്സവം പോലെ ആഘോഷിച്ചു ഞാന്‍ പങ്കെടുത്ത ആദ്യത്തെ വാല്യുവേഷന്‍ ക്യാമ്പ്. പ്രതാപികളായ ഈ അധ്യാ പ ക രുടെ മുന്നില്‍ ബാലനായ അഭി മ ന്യു വി നെ പ്പോലെയായിരുന്നു ഞാന്‍. പുസ്തകങ്ങളെക്കുറിച്ചും സിനിമകളെക്കുറിച്ചും സ്വതന്ത്ര ചിന്തകരെക്കുറിച്ചുമുള്ള പുതിയ ധാരണകള്‍ രൂപപ്പെടുവാന്‍ ഇവരുമായുണ്ടായ സമ്പര്‍ക്കം ഒരു സാധ്യതയായി. ഫലിതത്തിന്റെ നിശിതമായ പ്രയോഗങ്ങള്‍ കൊണ്ടും പരദൂഷണങ്ങളുടെ വന്യമായ ആക്രമണങ്ങള്‍ക്കൊണ്ടും ഹാളുമുഴുവന്‍ എപ്പോഴും പൊട്ടിച്ചിരിയിലാണ്. ഇരിക്കാന്‍ കസേരയും കാറ്റുകിട്ടാന്‍ പങ്കയും ഇല്ലെങ്കില്‍ അധ്യാപകര്‍ പ്രതിഷേധിക്കുമായിരുന്നു. അധ്യാപകരുടെ അന്തസിനുചേര്‍ന്ന പ്രാഥമിക സൗകര്യങ്ങള്‍ക്കുവേണ്ടി ഉറക്കെ ശബ്ദിക്കുവാന്‍ അവര്‍ക്കൊന്നും ഭയമുണ്ടായിരുന്നില്ല. ആത്മാഭിമാനവും സ്വാതന്ത്ര്യബോധവുംനല്‍കുന്ന അധ്യാപകസംഘടനകളിലെ പ്രവര്‍ത്തകരായിരുന്നു അവരെല്ലാം. അത് ഞങ്ങള്‍ക്കും ഊര്‍ജം പകര്‍ന്നു.

എണ്‍പത്തഞ്ചോടു കൂടി കോട്ടയത്തേക്ക് ക്യാമ്പുകള്‍ മാറി. മാന്നാനം ട്രെയിനിംഗ് കോളജിലായിരുന്നു ആദ്യ വര്‍ഷങ്ങളിലെ ക്യാമ്പുകളെങ്കില്‍ പിന്നെയത് ബി.സി.എം കോളജിന്റെ ഓഡിറ്റോറിയത്തിലേക്കുമാറി. 1986 മെയ് മാസം. ഞങ്ങളുടെ ഗ്രൂപ്പിന്റെ ചീഫ് കുറവിലങ്ങാട് കോളജിലെ പ്രൊഫ. ജോസഫ് മലമുണ്ടയാണ്. ഞങ്ങളുടെ ഗ്രൂപ്പില്‍ മാന്നാനം കോളജിലെ വി.ജെ. സെബാസ്റ്റ്യന്‍, ബി.സി.എം കോളജിലെ കെ.സി.ത്രേസ്യാമ്മ, അരുവിത്തുറ കോളജിലെ ജോസഫ് വര്‍ഗ്ഗീസ്, വൈക്കം കോളജിലെ സിറിയക്ക് ചോലങ്കരി എന്നിവരാണുള്ളത്. മലമുണ്ടസാര്‍ രാവിലെ പതിനൊന്നരയാകാതെ വരില്ല. ഹൈബ്രോ പെന്‍സിലുകൊണ്ട് മീശ കറുപ്പിച്ച് ഒരു കൈയ്യില്‍ കുടയും പിടിച്ച് മറുകൈകൊണ്ട് മുണ്ടിന്റെ കോന്തലം ഉയര്‍ത്തിപ്പിടിച്ച് മലമുണ്ടസാറങ്ങനെ വരും. അപ്പോള്‍ ഞങ്ങള്‍ ആദ്യ സെറ്റ് പേപ്പര്‍ നോക്കി വച്ചിരിക്കുകയാണ്. അത് റീ വാല്യൂ ചെയ്തിട്ടുവേണം അടുത്തസെറ്റ് വാങ്ങിക്കുവാന്‍. സാറ് ചുവന്ന മഷികൊണ്ട് കുറെ വരകളും കുറികളുമൊക്കെ നടത്തി കുറെ പേപ്പര്‍ റീ വാല്യുചെയ്യും. ബാക്കി ഞങ്ങളെക്കൊണ്ടുതന്നെ വരപ്പിക്കും. ഏതിനും ഹാസ്യപ്രധാനമായ മറുപടി. അങ്ങനെ കുലുങ്ങിച്ചിരികളുടെ ഒരു ഗ്രൂപ്പായിരുന്നു ഞങ്ങളുടേത്. കുറവിലങ്ങാട് കോളജിലെ അധ്യാപകര്‍ മലമുണ്ടസാറിനെ കളിയാക്കും. അതിലൊരുകഥ ഇങ്ങനെയാണ്.

സിനിമാപ്രേമിയായ മലമുണ്ടസാര്‍ ഒരു തിരക്കഥയെഴുതി. പ്രശസ്തനായ ഒരു സംവിധായകനെ സമീപിച്ച് മലമുണ്ടസാര്‍ തിരക്കഥ സമര്‍പ്പിച്ചു. ഇത് സിനിമയാക്കാന്‍ എനിക്കൊരു കണ്ടീഷന്‍ മാത്രമേയുള്ളു. സംവിധായകന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ മലമുണ്ടസാര്‍ പറഞ്ഞു. ”ഇതില്‍ അഞ്ച് ബലാല്‍സംഗങ്ങളുണ്ട്. അത് അഞ്ചും എനിക്കുതന്നെ ചെയ്യണം.” സംവിധായകനെ പിന്നെ കണ്ടിട്ടില്ല. മലമുണ്ടസാറിന്റെ തിരക്കഥാപ്രേമം അതോടെ അവസാനിച്ചു. വാല്യുവേഷന്‍ ക്യാമ്പിലെ സൗഹൃദങ്ങള്‍ ചില യാത്രകളിലേക്ക് നയിച്ചു. ഞങ്ങളുടെ ഗ്രൂപ്പിലെ ഏറ്റവും സൗമ്യനും ശാന്തനുമായ സാറാണ് ജോസഫ് വര്‍ഗ്ഗീസ്. ഞാനും സെബാസ്റ്റ്യനും ജോസഫുമായി കൂടുതല്‍ സ്‌നേഹത്തിലായി. ജോസഫ് ഇലവീഴാപൂഞ്ചിറയെക്കുറിച്ച് സംസാരിച്ചു. ക്യാമ്പ് തീര്‍ന്ന് പ്രതിഫലമെല്ലാം കിട്ടി. പിറ്റേദിവസം തന്നെ ഇലവീഴാപൂഞ്ചിറ കാണാന്‍ തീരുമാനിച്ചു.

ഈരാറ്റുപേട്ടയിലെ ജോസഫിന്റെ ഭവനത്തില്‍ ഞാനും സെബാസ്റ്റ്യനും രാവിലെ തന്നെയെത്തി. ഒരു വാടകവീടാണത്. സെറ്റുടുത്ത ശാന്തയും ശാലീനയുമായ ജോസഫിന്റെ ഭാര്യ. ചായ നല്‍കി അവര്‍ ഞങ്ങളെ സ്വീകരിച്ചു. അവരുടെ ഒക്കത്ത് ഒരു പെണ്‍കുഞ്ഞുണ്ട്. ജോസഫിന്റെ മൂത്തമകള്‍. പേര് ഇന്ദുലേഖ. ഇലവീഴാപൂഞ്ചിറയിലേക്ക് പോകാന്‍ ഇറങ്ങുമ്പോള്‍ ഭാര്യ ജോസഫിന്റെ കൈയ്യില്‍ ഒരു ബിഗ്‌ഷോപ്പര്‍ കൊടുത്തു. ജോസഫ് ഞങ്ങളോടു പറഞ്ഞു ”ഉച്ചഭക്ഷണം ചക്കവേവിച്ചതും ബീഫുകറിയും.” ഒരു കുപ്പി വെള്ളവും മറക്കാതെ ആ സഹോദരി വച്ചിട്ടുണ്ട്. മേലുകാവ് വഴി ജീപ്പില്‍ ഇലവീഴാപൂഞ്ചിറയുടെ താഴ്‌വാരങ്ങളിലെത്തിയ ഞങ്ങള്‍ നടന്നു വലഞ്ഞ് ഉച്ചയോടുകൂടി ഇലവീഴാപൂഞ്ചിറയുടെ ഉച്ചിയിലെത്തി. വിശന്നു വലഞ്ഞ ഞങ്ങള്‍ ചെറിയ വിശേഷ പാനീയങ്ങളുടെ അകമ്പടിയോടെ ചക്കയും ബീഫുകറിയും അകത്താക്കി. പച്ചപ്പിന്റെ തണലില്‍ മലര്‍ന്നുകിടന്ന് ആകാശ നിരീക്ഷണം നടത്തി.

കോട്ടയം ജില്ലയിലെ മേലുകാവ് ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഇലവീഴാപൂഞ്ചിറ. കോട്ടയം ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലാണ് ഈ സ്ഥലം. സമുദ്രനിരപ്പില്‍ നിന്നും 3200 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. കോട്ടയത്തുനിന്നും 55 കിലോമീറ്ററും തൊടുപുഴയില്‍ നിന്നും 20  കിലോമീറ്ററും ദൂരെയാണ്. പൂക്കളും ഇലകളും പതിക്കാത്തസ്ഥലം എന്നാണ് ഈ പേരിന്റെ അര്‍ത്ഥം. പാണ്ഡവര്‍ വനവാസമനുഷ്ടിച്ചു കൊണ്ടിരുന്നപ്പോള്‍ തടാകത്തില്‍ നീരാടുമായിരുന്നു. യുവാക്കളായ ചില ദേവന്മാര്‍ ദ്രൗപതിയുടെ നീരാട്ടുകാണാന്‍ മറഞ്ഞിരുന്നു എന്നറിഞ്ഞ ഇന്ദ്രന്‍ ഈ തടാകത്തിനു ചുറ്റും മലകള്‍ കൊണ്ടൊരു കോട്ട കെട്ടി അവരുടെ കാഴ്ചമറച്ചു. അങ്ങനെയാണത്രെ ഉയര്‍ന്ന കുന്നുണ്ടായതെന്ന് സങ്കല്‍പ്പം. കുടയതുരുത്തുമല, മാങ്കുന്ന്, തോണിപ്പാറ എന്നീ മൂന്നുമലകളാല്‍ ചുറ്റപ്പെട്ടതാണീസ്ഥലം. ഇവിടെനിന്നുനോക്കിയാല്‍ സൂര്യന്റെ ഉദയവും അസ്തമയവും ഭംഗിയായി കാണാം. കാഞ്ഞാറില്‍നിന്ന് ജീപ്പിലെത്തി നടന്നു കയറണം മലയിലേക്ക്. ആള്‍വാസമില്ലാത്ത ഈ പ്രദേശത്തേക്ക് ധാരാളം സന്ദര്‍ശകര്‍ വരുന്നുണ്ട്. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് സന്ദര്‍ശനത്തിന് ഉത്തമം. ചില സമയങ്ങളില്‍ ശക്തമായ കാറ്റുവീശാറുണ്ട്. മലിനീകരണമില്ലാത്ത പ്രകൃതികൊണ്ടും നിറഞ്ഞപച്ചപ്പുകൊണ്ടും വിജനതയുടെ സൗന്ദര്യം കൊണ്ടും ഇലവീഴാപൂഞ്ചിറ ആകര്‍ഷകമാണ്. അവിടെ ഉയര്‍ന്നു നില്‍ക്കുന്ന വലിയ ഒരു പാറക്കല്ലുണ്ട്.

സായാഹ്നത്തോടെ ഞങ്ങള്‍ മല തിരിച്ചിറങ്ങി. പിന്നെ ഞങ്ങള്‍ ജോസഫിനെ അധികം കണ്ടിട്ടില്ല. എന്നാല്‍ ഇന്ദുലേഖയിലൂടെ ജോസഫ് പ്രസിദ്ധനായി. ഇന്ദുലേഖയുടെ അപ്പനെന്ന നിലയിലാണ് ജോസഫ് പ്രശസ്തനാകുന്നത്. നര്‍ത്തകിയും കലാകാരിയുമായി ഇന്ദുലേഖ വളര്‍ന്നു. അവഗണനകളോടും അനീതിയോടും അധികൃതരോടും അവള്‍ കലഹിച്ചു. ഡല്‍ഹിയില്‍ പോയി പാര്‍ലമെന്റിന്റെ മുന്‍പില്‍ നൃത്തം ചെയ്ത് പ്രതിഷേധമറിയിച്ചു. അപ്പന്റെ കോള ജില്‍ അരു വി ത്തുറ കോളജില്‍ വിദ്യാര്‍ത്ഥിയായി വന്ന് വിദ്യാര്‍ത്ഥി നേതാവായി മാറി ഇന്ദുലേഖ അവളുടെ പേര് അന്വര്‍ത്ഥമാക്കികൊണ്ടിരുന്നു. അനീതികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ അവള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ജോസഫാകട്ടെ മകള്‍ക്കുവേണ്ടി കോടതികളില്‍ കേസുകള്‍ പറഞ്ഞുകൊണ്ടിരുന്നു. ഇന്ദുലേഖയുടെ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഞാന്‍ ഇലവീഴാപൂഞ്ചിറയെക്കുറിച്ച് ഓര്‍മ്മിക്കുമായിരുന്നു. അഡ്വ. ഇന്ദുലേഖ പ്രശസ്തയായ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകയായി ചാനല്‍ ചര്‍ച്ചകളില്‍ സജീവമാണ്.

 

ന്യൂസ് ഡെസ്ക്

ബ്രിട്ടണിൽ നാളെ വിന്റർടൈമിന് തുടക്കമാകും. ഒക്ടോബർ മാസത്തിലെ അവസാന ഞായറാഴ്ചയാണ് സമയമാറ്റം ഉണ്ടാകുന്നത്. ഇതനുസരിച്ച് നാളെ ഒക്ടോബർ 28 ഞായറാഴ്ച രാവിലെ രണ്ടു മണിക്ക് സമയം മാറും. രണ്ടു മണിക്ക് ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നോട്ടാക്കുകയാണ് ചെയ്യുന്നത്. അതിനാൽ നൈറ്റ് ഷിഫ്റ്റ് ചെയ്യുന്നവർ ഒരു മണിക്കൂർ അധിക ഡ്യൂട്ടി ചെയ്യേണ്ടി വരും. ഡ്യൂട്ടിയില്ലാത്തവർക്ക് ഒരു മണിക്കൂർ അധിക ഉറക്കം ലഭിക്കുകയും ചെയ്യും. ഡേ ലൈറ്റ് സേവിംഗ്  സമ്പ്രദായമനുസരിച്ചുള്ള ഈ സിസ്റ്റം നിലവിൽ വന്നത് നൂറോളം വർഷങ്ങൾക്ക് മുമ്പാണ്.

1916 ലാണ് ബ്രിട്ടിഷ് പാർലമെൻറ് സമ്മർ ടൈം ആക്ട് പാസാക്കിയത്. 1907ൽ വില്യം വില്ലറ്റ് ആരംഭിച്ച കാമ്പയിനിന്റെ വിജയമായിരുന്നു ഈ സമയമാറ്റം. രാവിലെയും വൈകുന്നേരങ്ങളിലും സൂര്യപ്രകാശം ലഭിക്കുന്നതിലെ വ്യതിയാനമനുസരിച്ച് ജോലി സമയം ക്രമീകരിക്കുന്നതിനായാണ് പ്രധാനമായും സമയമാറ്റം നടപ്പാക്കിയത്. സമ്മർ ടൈം ആരംഭിക്കുന്ന മാർച്ച് മാസത്തിലെ അവസാന ഞായറാഴ്ച സമയം ഒരു മണിക്കൂർ മുന്നോട്ടാക്കും. ഇതനുസരിച്ച് 2019 മാർച്ച് 31 ഞായറാഴ്ച രാവിലെ ഒരു മണിക്ക് സമയം രണ്ടു മണിയാക്കും.

മലയാളം യുകെ ന്യൂസ് ടീം
ഒൻപതാമത് യുക്മ ദേശീയ കലാമേളയ്ക്ക് യോര്‍ക്ഷയറില്‍ തിരി തെളിഞ്ഞു. സൗത്ത് യോര്‍ക്ഷയറിലെ ഷെഫീല്‍ഡിലുള്ള പെനിസ്റ്റോണ്‍ ഗ്രാമര്‍ സ്‌കൂളിലെ ബാലഭാസ്‌കര്‍ നഗറില്‍ രാവിലെ പതിനൊന്നു മണിക്ക് സീനിയേഴ്‌സിന്റെ ഭരതനാട്യ മത്സരത്തോടെ 2018ലെ ദേശീയകലാമേള ആരംഭിച്ചു. അഞ്ചു സ്റ്റേജുകളിയാട്ടാണ് മത്സരങ്ങള്‍ നടക്കുക. രാവിലെ 8 മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പ്രതികൂലമായ കാലവസ്ഥയെ മറികടന്ന് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 750തോളം മത്സരാര്‍ത്ഥികളടക്കം ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ കലാ മാമാങ്കം അര്‍ത്ഥരാത്രി വരെ നീളും. കേരള സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ പ്രതീതിയാണ് പെനിസ്റ്റോണ്‍ ഗ്രാമര്‍ സ്‌കൂളിലെ ബാലഭാസ്‌കര്‍ നഗറില്‍. അഞ്ചു സ്റ്റേജിലും മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. കലാമേളയുടെ ഔദ്യോഗീകമായ ഉദ്ഘാടനം പിന്നീട് നടക്കും. എം ജി രാജമാണിക്യം IAS ആയിരിക്കും കലാമേളയുടെ മുഖ്യാതിഥി.
കലാമേളയുടെ ഫോട്ടോകളുമായി കൂടുതല്‍ വിശേഷങ്ങള്‍ പിന്നീട് അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.

See More images from the UUKMA National Kalamela below.

വരാനിരിക്കുന്നത് കടുത്ത മഞ്ഞുകാലമാണെന്നതിന് സൂചന നല്‍കി താപനില താഴുന്നു. ഒക്ടോബര്‍ അവസാന ദിവസങ്ങള്‍ തണുപ്പേറിയതായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. 25 വര്‍ഷത്തിനിടെ ഒക്ടോബര്‍ മാസത്തില്‍ അനുഭവപ്പെടുന്ന ഏറ്റവും കുറഞ്ഞ താപനില ഈ വീക്കെന്‍ഡില്‍ ഉണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞ വിന്ററില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടാക്കിയ ബീസ്റ്റ് ഓഫ് ദി ഈസ്റ്റിനു ശേഷം ആദ്യമായി ഐസ് വാണിംഗും നല്‍കിക്കഴിഞ്ഞു. വിന്റര്‍ തുടങ്ങുന്നതിനു മുമ്പു തന്നെ മഞ്ഞുവീഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് രാജ്യം. രാജ്യത്തെ പല പ്രദേശങ്ങളിലും മൈനസ് 14 ഡിഗ്രി വരെയായിരിക്കും താപനിലയെന്നാണ് മുന്നറിയിപ്പ്.

തണുത്ത കാലാവസ്ഥയെ അതിജീവിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. റഷ്യ, ഗ്രീന്‍ലാന്‍ഡ്, ഐസ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളേക്കാള്‍ കുറഞ്ഞ താപനിലയായിരിക്കും മിക്ക പ്രദേശങ്ങളിലും അനുഭവപ്പെടുക. ശീതക്കാറ്റ് ചില മേഖലകളെ ആര്‍ട്ടിക്കിനേക്കാള്‍ തണുത്തുറഞ്ഞതാക്കും. അടുത്തയാഴ്ചയോടെ കടുത്ത ശീത കാലാവസ്ഥയിലേക്ക് രാജ്യം നീങ്ങും. അതിനു ശേഷം മെഡിറ്ററേനിയനില്‍ നിന്ന് ഒരു കൊടുങ്കാറ്റ് രാജ്യത്തെ ലക്ഷ്യമാക്കി വരാന്‍ സാധ്യതയുണ്ട്. ചൊവ്വാഴ്ച സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളില്‍ ഇതിനോടനുബന്ധിച്ച് കനത്ത മഴയും കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

വെള്ളിയാഴ്ചയോടെ പോളാര്‍ വിന്‍ഡ് രാജ്യത്തേക്ക് എത്തും. ഇതു മൂലം താപനില സാരമായി താഴുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. ഇന്ന് ഉച്ചയോടെ സ്‌കോട്ട്‌ലന്‍ഡില്‍ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. മുന്നറിയിപ്പും ഇതിനോടനുബന്ധിച്ച് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് -6 വരെ താപനില താഴ്‌ന്നേക്കാമെന്നാണ് മുന്നറിയിപ്പ്.

RECENT POSTS
Copyright © . All rights reserved