Main News

സിംഗപ്പൂരില്‍ വെച്ച് നടന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ എന്നിവരുടെ കൂടിക്കാഴ്ചയും സമാധാനക്കരാര്‍ രൂപീകരണവും ലോകത്ത് വന്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് സൂചന. സമ്പൂര്‍ണ്ണ ആണവ നിരായുധീകരണത്തിന് കിം സന്നദ്ധത പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഉത്തര കൊറിയക്ക് ഇക്കാര്യത്തില്‍ എല്ലാ സുരക്ഷയും ട്രംപ് വാഗ്ദാനം നല്‍കുകയും ചെയ്തു. ഇന്നലെ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയില്‍ തങ്ങള്‍ തമ്മില്‍ ഒരു പ്രത്യേക ബന്ധം ഉരുത്തിരിഞ്ഞതായാണ് ട്രംപ് പറഞ്ഞത്. കിമ്മിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്നും ട്രംപ് പറഞ്ഞു. ഭൂതകാലം പിന്നില്‍ ഉപേക്ഷിക്കാനും അമേരിക്കയുമായി പുതിയ ബന്ധത്തിന്റെ അദ്ധ്യായം തുറക്കാമെന്നുമാണ് കിം പറഞ്ഞത്.

ഇതിലൂടെ ലോകം വലിയൊരു മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്നും കിം വ്യക്തമാക്കി. കാപ്പെല്ല ഹോട്ടലില്‍ വെച്ച് ഇവര്‍ ഒപ്പുവെച്ച സമാധാന കരാറിന്റെ വിശദ വിവരങ്ങള്‍ പുറത്തു വിട്ടില്ലെങ്കിലും ട്രംപ് പ്രദര്‍ശിപ്പിച്ച കോപ്പിയില്‍ നിന്ന് ന്യൂസ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വിവരങ്ങള്‍ ലഭിച്ചു കൊറിയയുടെ സമ്പൂര്‍ണ്ണ ആണവ നിരായുധീകരണത്തേക്കുറിച്ച് കരാറില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നാലര മണിക്കൂറിലേറെ നീണ്ടു.

ട്രംപിനൊപ്പം വിദേശകാര്യ സെക്രട്ടറി പോംപെയോ, സെക്കന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍, വൈറ്റ് ഹൗസ് ഓപ്പറേഷന്‍സ് മേധാവി ജോ ഹാഗിന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റീ യോഹ് ഹോ, കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി പ്രതിനിധി കിം യോങ് ചോള്‍, കിമ്മിന്റെ സഹോദരി കിം യോ ചോങ്, വിദേശകാര്യ സെക്രട്ടറി ചോ സോന്‍ ഹുയി എന്നിവരായിരുന്നു കൊറിയന്‍ സംഘത്തിലുണ്ടായിരുന്നത്.

വിദേശ ഡോക്ടര്‍മാര്‍ക്കു വേണ്ടി ഇമിഗ്രേഷന്‍ ചട്ടങ്ങളില്‍ ഇളവു വരുത്താന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. എന്‍എച്ച്എസിലേക്ക് കൂടുതല്‍ ഡോക്ടര്‍മാരെ എത്തിക്കുന്നതില്‍ തടസമായി നിന്നിരുന്ന ഇമിഗ്രേഷന്‍ ക്യാപ്പ് എടുത്തു കളയാനാണ് തീരുമാനം. ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്, ഹോം സെക്രട്ടറി സാജിദ് ജാവീദ് എന്നിവരുടെ പരിശ്രമങ്ങളാണ് വിജയം കണ്ടിരിക്കുന്നത്. എന്‍എച്ച്എസ് ഓര്‍ഗനൈസേഷനുകളും ഗ്രൂപ്പുകളും നിരന്തരം ആവശ്യപ്പെട്ടതനുസരിച്ചാണ് ചട്ടങ്ങളില്‍ ഇളവ് വരുത്തണമെന്ന് മന്ത്രിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. ഇളവുകള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കും.

വിദേശ തൊഴിലാളികള്‍ ബ്രിട്ടനിലേക്ക് കുടിയേറുന്നതില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഡോക്ടര്‍മാരുടെ കാര്യത്തിലും വിദഗ്ദ്ധ മേഖലയിലെ ജീവനക്കാരുടെ കാര്യത്തിലും ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. ഈ നിയന്ത്രണം മൂലം സ്റ്റാഫിംഗ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടുന്ന എന്‍എച്ച്എസിലേക്ക് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും റിക്രൂട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല. ജിപി ട്രെയിനിംഗിന് യോഗ്യത നേടിയവര്‍ക്കു പോലും ഹോം ഓഫീസ് വിസ നിഷേധിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബറിനും ഈ വര്‍ഷം ഏപ്രിലിനുമിടയില്‍ യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുറത്തു നിന്നുള്ള 2300 ഡോക്ടര്‍മാര്‍ക്കാണ് ഈ വിധത്തില്‍ വിസ നിഷേധിച്ചത്. പ്രതിവര്‍ഷം യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുറത്തുനിന്നുള്ള 20,700 വിദഗ്ദ്ധ മേഖലയിലുള്ളവര്‍ക്കു മാത്രമേ ടയര്‍-2 വിസ അനുവദിച്ചിരുന്നുള്ളു. ഹോം ഓഫീസ് ഏര്‍പ്പെടുത്തിയ ഈ നിയന്ത്രണം എടുത്തു കളയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജെറമി ഹണ്ടും സാജിദ് ജാവീദും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു വരികയായിരുന്നു.

യുകെയിലെ വാഹന നിര്‍മാണ ഭീമനായ ജാഗ്വാറിന്റെ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി മോഡലിന്റെ നിര്‍മാണം യുകെയില്‍ നിന്ന് സ്ലോവാക്യയിലേക്ക് മാറ്റുന്നു. വെസ്റ്റ് മിഡ്‌ലാന്‍സിലാണ് കമ്പനിയുടെ നിര്‍മാണ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. അടുത്ത വര്‍ഷത്തോടെ നിര്‍മാണെ സ്ലോവാക്യയിലേക്ക് മാറ്റാനാണ് പദ്ധതി. ഇതോടനുബന്ധിച്ച് കുറച്ചുപേര്‍ക്ക് ജോലി നഷ്ടമാകാന്‍ ഇടയുണ്ടെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കി. ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലാണ് ജാഗ്വാര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കമ്പനി യുകെയോടുള്ള പ്രതിബദ്ധത കാത്തുസൂക്ഷിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

ഡിസ്‌കവറി മോഡലുകള്‍ നിര്‍മിച്ചിരുന്ന സോലിഹള്ളിലുള്ള ഫാക്ടറിയില്‍ നിന്ന് പുതുതലമുറ റേഞ്ച് റോവറുകളായിരിക്കും ഇനി ഉദ്പാദിപ്പിക്കുക. ഈ ഫാക്ടറിയില്‍ നടത്തിയിരിക്കുന്ന നിക്ഷേപം സംബന്ധിച്ച കണക്കുകള്‍ ടാറ്റ പുറത്തു വിട്ടിട്ടില്ല. ഏജന്‍സികള്‍ വഴി നിയമിതരായിരിക്കുന്ന തൊഴിലാളികള്‍ക്കായിരിക്കും ജോലി നഷ്ടമാകുക. ഈ പ്ലാന്റില്‍ 1800 ഏജന്‍സി വര്‍ക്കര്‍മാരാണ് നിലവിലുള്ളത്. ആകെ 10,000 പേരാണ് ഇവിടുത്തെ ജീവനക്കാര്‍. സ്ലോവാക്യയിലും സോലിഹള്ളിലുമായി ഡിസ്‌കവറി നിര്‍മാണം നടത്താനാണ് പദ്ധതിയെന്നായിരുന്നു കമ്പനി നേരത്തേ അറിയിച്ചിരുന്നത്.

ജെഎല്‍ആറിന്റെ എല്ലാ കാറുകളുടെയും ഇല്ക്ട്രിക്, ഹൈബ്രിഡ്, പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ 2020 മുതല്‍ ലഭിച്ചു തുടങ്ങുമെന്നും കമ്പനി അറിയിച്ചിരുന്നു. ഡിസ്‌കവറിയുടെ നിര്‍മാണം മാറ്റിയത് മറ്റു മോഡലുകളുടെ നിര്‍മാണ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണെന്നും അത് കമ്പനിക്ക് രാജ്യത്തോടുള്ള പ്രതിബദ്ധതയ്ക്ക് തെളിവാണെന്നും ആസ്റ്റണ്‍ ബിസിനസ് സ്‌കൂളിലെ മോട്ടോര്‍ ഇന്‍ഡസ്ട്രി സ്‌പെഷ്യലിസ്റ്റ് പ്രൊഫ.ഡേവിഡ് ബെയ്‌ലി പറഞ്ഞു.

ബ്രിട്ടീഷ് വാല്യൂ വെറൈറ്റി സ്‌റ്റോര്‍ ശൃംഖലയായ പൗണ്ട് വേള്‍ഡ് അടച്ചു പൂട്ടലിലേക്ക്. നിരവധി കമ്പനികളുമായി നടത്തിയ ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ തീരുമാനമാകാത്തതിനെത്തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റര്‍മാരെ നിയോഗിച്ചിരിക്കുകയാണ് കമ്പനി. ആര്‍ ക്യാപ്പിറ്റല്‍ എന്ന ബയറുമായി നടത്തിയ ചര്‍ച്ചയും പരാജയമായതോടെയാണ് കമ്പനി അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നത്. ബ്രിട്ടനില്‍ 335 സ്റ്റോറുകളുള്ള കമ്പനി അടച്ചുപൂട്ടുമ്പോള്‍ 5100 പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് കരുതുന്നത്. എന്നാല്‍ വലിയ തോതിലല്ലെങ്കിലും സ്‌റ്റോറുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു.

ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനയും ഉപഭോക്താക്കള്‍ കുറഞ്ഞതും മൂലം മറ്റ് ഹൈസ്ട്രീറ്റ് റീട്ടെയിലര്‍മാരെപ്പോലെ പൗണ്ട് വേള്‍ഡിനും കനത്ത നഷ്ടമാണ് നേരിടേണ്ടി വന്നതെന്ന് പ്രസ്താവനയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡെലോയ്റ്റ് വ്യക്തമാക്കി. ഡിസ്‌കൗണ്ട് റീട്ടെയില്‍ മാര്‍ക്കറ്റിലെ കടുത്ത മത്സരവും ഉപഭോക്താക്കളുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ കഴിയാതിരുന്നതും കമ്പനിയെ പിന്നോട്ടു നയിക്കുകയായിരുന്നു. യുകെയിലെ റീട്ടെയില്‍ വ്യാപാര മേഖല വെല്ലുവിളികളെ നേരിടുന്ന ഘട്ടമാണ് ഇതെന്നും പൗണ്ട് വേള്‍ഡ് അതിന് അനുസൃതമായി ഒരു പുനസംഘടനയാണ് ഉദ്ദേശിച്ചതെന്നും ജോയിന്റ് അഡ്മിനിസ്‌ട്രേറ്റര്‍ ക്ലെയര്‍ ബോര്‍ഡ്മാന്‍ പറഞ്ഞു.

നിര്‍ഭാഗ്യവശാല്‍ അത് പ്രായോഗികമായില്ല. ഒരു ഏറ്റെടുക്കല്‍ നടക്കുമെന്നായിരുന്നു ഡെലോയ്റ്റ് കരുതിയിരുന്നതെന്നും ക്ലെയര്‍ വ്യക്തമാക്കി. ഈ തീരുമാനം വളരെ ബുദ്ധിമുട്ടോടെയാണ് സ്വീകരിച്ചതെന്ന് പൗണ്ട് വേള്‍ഡ് ഉടമയായ ടിജിപി അറിയിച്ചു. ബിസിനസ് ശക്തിപ്പെടുത്തുന്നതിനായി നിക്ഷേപം നടത്തിയെങ്കിലും യുകെ റീട്ടെയില്‍ മേഖലയിലെ തളര്‍ച്ചയും മാറിയ ഉപഭോക്തൃ സംസ്‌കാരവും തങ്ങളെ കാര്യമായി ബാധിച്ചുവെന്നും ടിജിപി വ്യക്തമാക്കി.

സ്വന്തം നാടായ പാകിസ്ഥാനിലേക്ക് തിരികെ അയച്ചാല്‍ കൊല്ലപ്പെടുമെന്ന് ഭീഷണിയുള്ള പാക് അഭയാര്‍ത്ഥി കുടുംബത്തിന് അഭയം നല്‍കണമെന്ന് ആവശ്യം. മഖ്‌സൂദ് ബക്ഷ്, ഭാര്യ പര്‍വീണ്‍, മക്കളായ സോമര്‍, അരീബ് എന്നിവരാണ് നാട്ടിലേക്ക് തിരികെ അയച്ചാല്‍ ഇസ്ലാമിക് തീവ്രവാദികളാല്‍ കൊല്ലപ്പെടുമെന്ന ആശങ്ക പങ്കുവെക്കുന്നത്. ക്രിസ്തുമത വിശ്വാസികളായ ഇവരെ തീവ്രവാദികള്‍ വിശ്വാസത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയിരുന്നു. 2012ല്‍ യുകെയിലെത്തിയ ഇവര്‍ അഭയത്തിനായി അപേക്ഷിച്ചെങ്കിലും ഹോം ഓഫീസ് ഇതുവരെ അനുവാദം നല്‍കിയിട്ടില്ല. വിഷയം ഗ്ലാസ്‌ഗോ നോര്‍ത്ത് ഈസ്റ്റ് ലേബര്‍ എംപി പോള്‍ സ്വീനി പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഈ കുടുംബവുമായി അദ്ദേഹം ചര്‍ച്ചകളിലാണ്.

പ്രധാനമന്ത്രിക്ക് ഉള്‍പ്പെടെ നിവേദനങ്ങള്‍ അയച്ച് കാത്തിരിക്കുകയാണ് ബക്ഷ് കുടുംബം. പക്ഷേ, പാകിസ്ഥാനില്‍ ഇവരുടെ ജീവന് ഭീഷണിയുണ്ടോ എന്ന കാര്യത്തില്‍ സംശയുമുണ്ടെന്ന കാരണമുന്നയിച്ച് ഇവരുടെ അപേക്ഷകള്‍ ഹോം ഓഫീസ് നിരസിച്ചുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് ഹോം ഓഫീസ് തന്റെ അപേക്ഷ നിരസിക്കുന്നതെന്ന് അറിയില്ലെന്നും സഹായിക്കണമെന്നും പ്രധാനമന്ത്രിയോട് ബക്ഷ് ആവശ്യപ്പെടുന്നു. പാകിസ്ഥാനിലെ ചില പ്രദേശങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് സുരക്ഷിതമാണെന്നാണ് ഹോം ഓഫീസ് തങ്ങളോട് പറയുന്നത്. അപ്പീല്‍ നല്‍കാനുള്ള  അവസരങ്ങള്‍ കഴിഞ്ഞുവെന്നും ഇനി അപേക്ഷിക്കാന്‍ കഴിയില്ലെന്നുമാണ് നോര്‍ത്ത് ഗ്ലാസ്‌ഗോയില്‍ താമസിക്കുന്ന ബക്ഷിനും കുടുംബത്തിനും ഹോം ഓപീസ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത നടപടിയായി ഇവരെ സ്വന്തം നാട്ടിലേക്ക് തിരികെ അയക്കും.

പാകിസ്ഥാനില്‍ ക്രിസ്ത്യാനികള്‍ ജീവിക്കുന്നുണ്ടെന്നത് ശരിയാണ്. എന്നാല്‍ തീവ്രവാദികള്‍ ഒരിക്കല്‍ നോട്ടമിട്ടു കഴിഞ്ഞാല്‍, നിങ്ങളുടെ പേരും മുഖവും അവര്‍ക്ക് വ്യക്തമായിക്കഴിഞ്ഞാല്‍ അവിടെ ജീവിക്കുക എന്നത് അസാധ്യമാണ്. തന്റെ നാല് സുഹൃത്തുക്കളെ തീവ്രവാദികള്‍ വധിച്ചു കഴിഞ്ഞു. ഭാര്യാ സഹോദരിയുടെ ഭര്‍ത്താവ് മതനിന്ദാക്കുറ്റം ആരോപിക്കപ്പെട്ട് ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. സഹോദരിയുടെ മകനെ കഴിഞ്ഞ മാസം ആരോ തട്ടിക്കൊണ്ടുപോയി. അവന് എന്തു സംഭവിച്ചുവെന്ന് ആര്‍ക്കുമറിയില്ലെന്നും ബക്ഷ് പറയുന്നു. ഹോം ഓഫീസ് തീരുമാനത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് ഇവര്‍.

തിരുവനന്തപുരം: യു.ഡി.എഫിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെ തുടര്‍ന്ന് കേണ്‍ഗ്രസില്‍ ഉണ്ടായ കലാപം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിലും പ്രതിഫലിച്ചു. നേതാക്കള്‍ ഗ്രുപ്പ് തിരിഞ്ഞ് ഏറ്റുമുട്ടുന്ന കാഴ്ചയാണ് രാഷ്ട്രീയകാര്യ സമിതി യോഗത്തിലും നടക്കുന്നതെന്ന വിവരമാണ് പുറത്ത് വരുന്നത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കൊമ്പുണ്ടോയെന്ന് രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ട പി.ജെ കുര്യന്‍ ചോദിച്ചു. രാജ്യസഭാ സീറ്റ് ചര്‍ച്ചയ്ക്ക് എന്തിനാണ് ഉമ്മന്‍ ചാണ്ടിയെ ഡല്‍ഹിക്ക് വിളിപ്പിച്ചത്. എ.ഐ.സി.സി ജനറല്‍ സ്വെകട്ടറി എന്ന നിലയ്ക്കാണെങ്കില്‍ കെ.സി വേണുഗോപാലിനെയല്ലേ വിളിക്കേണ്ടതെന്നും പി.ജെ കുര്യന്‍ ചോദിച്ചു.

അതേസമയം ആക്രമണം കടുത്തതോടെ പ്രതിരോധവുമായി എ ഗ്രൂപ്പ് രംഗത്ത് വന്നു. ഉമ്മന്‍ ചാണ്ടിക്ക് കൊമ്പുണ്ടെന്ന് എ ഗ്രൂപ്പ് മറുപടി നല്‍കി. ഉമ്മന്‍ ചാണ്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് പി.സി വിഷ്ണുനാഥ് കുര്യന് മറുപടി നല്‍കി. വഴിയില്‍ കൊട്ടാനുള്ള ചെണ്ടയല്ല ഉമ്മന്‍ ചാണ്ടിയെന്നായിരുന്നു ബെന്നി ബെഹനാന്റെ മറുപടി.

അതേസമയം രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീഴ്ച സമ്മതിച്ചു. ഇനി നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യുമെന്ന് ചെന്നിത്തല പറഞ്ഞു. മുന്നണിയുടെ കെട്ടുറപ്പ് മാത്രമാണ് പരിഗണിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. എം.എം ഹസനും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്.

അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍ രാഷ്ട്രീയകാര്യ സമിതി വിലക്കി. പാര്‍ട്ടിയെ അപമാനിക്കുന്ന രീതിയില്‍ വിമര്‍ശിച്ചാല്‍ നടപടി എടുക്കും. പറയാനുള്ളത് പാര്‍ട്ടി ഫോറത്തില്‍ പറയണമെന്നും രാഷ്ട്രീയകാര്യ സമിതി നിര്‍ദ്ദേശം നല്‍കി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിതനായ ഉമ്മന്‍ ചാണ്ടി ആന്ധ്രയിലേക്ക് പോയതിനാല്‍ അദ്ദേഹത്തിന്റെ അഭാവത്തിലാണ് രാഷ്ട്രീയകാര്യ സമിതി യോഗം ചേര്‍ന്നത്.

 

നോര്‍ത്ത് ലണ്ടന്‍ സ്വദേശിയായ 15കാരന്‍ ഇന്റര്‍നെറ്റ് ഗെയിമിംഗിന് അടിമയാണെന്ന് എന്‍എച്ച്എസ്. ഇത്തരത്തിലുള്ള ആദ്യ പ്രഖ്യാപനമാണ് എന്‍എച്ച്എസ് നടത്തിയിരിക്കുന്നത്. ഗെയിമിംഗില്‍ അടിമയായ കുട്ടിക്ക് വീടുവിട്ടു പോകാന്‍ ആത്മവിശ്വാസമില്ലാത്തതിനാല്‍ ഒരു വര്‍ഷമായി സ്‌കൂളില്‍ പോലും പോയിരുന്നില്ല. കുട്ടിയെ ഈ പ്രശ്‌നത്തില്‍ നിന്ന് രക്ഷിക്കാന്‍ മാതാവായ കെന്‍ഡാല്‍ പാര്‍മര്‍ മൂന്ന് വര്‍ഷമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനു ശേഷമാണ് ഇപ്പോള്‍ എന്‍എച്ച്എസ് ഇത് രോഗമായി സ്ഥിരീകരിച്ചതും ചികിത്സ നല്‍കാന്‍ തുടങ്ങിയതും.

ഇന്റര്‍നെറ്റ് ഗെയിമിംഗ് ഒരു മാനസിക തകരാറാണെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് എന്‍എച്ച്എസ് ഈ രോഗത്തിന് ചികിത്സ നല്‍കാന്‍ തീരുമാനിക്കുന്നത്. ഇതേ അവസ്ഥയിലുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് പ്രതീക്ഷ പകരുന്നതാണ് പുതിയ നീക്കം. ഇതിനെ ഒരു സൈലന്റ് അഡിക്ഷന്‍ എന്നാണ് മിസ് പാര്‍മര്‍ വിളിക്കുന്നത്. നിങ്ങള്‍ ഒരു പാര്‍ക്കില്‍ പോയി വെടിയുതിര്‍ത്താല്‍ എല്ലാവരും ശ്രദ്ധിക്കും, മദ്യപിച്ച് മോട്ടോര്‍ ബൈക്ക് ഓടിച്ചാലും അതേക്കുറിച്ച് എല്ലാവരും അറിയും. എന്നാല്‍ സ്വന്തം ബെഡ്‌റൂമിലിരുന്ന് ഗെയിം കളിച്ചുകൊണ്ടിരിക്കുന്നത് ആരും ശ്രദ്ധിക്കാറില്ലെന്ന് അവര്‍ പറയുന്നു.

കൗണ്ടി റഗ്ബി, ക്രിക്കറ്റ് ടീമുകളുടെ ക്യാപ്റ്റനായിരുന്നു ഈ 15കാരന്‍. സെക്കന്‍ഡറി സ്‌കൂളില്‍ മികച്ച വിദ്യാര്‍ത്ഥികളുടെ ഇടയിലായിരുന്നു ഇവന്റെ സ്ഥാനം. പിന്നീട് ഗെയിമിംഗിംന് അടിമയായതോടെ ഇവയില്‍ നിന്നെല്ലാം അവന്‍ പിന്നോട്ടു പോയി. വീട്ടില്‍ തന്നെ അടച്ചുപൂട്ടിയിരിക്കാന്‍ തുടങ്ങിയ അവന് ഓണ്‍ലൈനിലുള്ള മറ്റു ഗെയിമര്‍മാരുമായി മാത്രമായി സൗഹൃദങ്ങളെന്നും പാര്‍മര്‍ പറഞ്ഞു.

റോള്‍സ് റോയ്‌സ് 4000 ജീവനക്കാരെ പിരിച്ചു വിടുന്നു. ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് ഇത്രയും തസ്തികകള്‍ ഒഴിവാക്കുന്നതെന്ന് എയറോസ്‌പേസ് ഭീമന്‍ വെളിപ്പെടുത്തി. മിഡില്‍ മാനേജ്‌മെന്റ് തസ്തികകളില്‍ നിന്നാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി ഉദ്ദേശിക്കുന്നത്. ബാക്ക് ഓഫീസ് ജീവനക്കാരെ പിരിച്ചു വിടുന്ന കാര്യം കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് വാറന്‍ ഈസ്റ്റ് വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് കരുതുന്നു. ഡെര്‍ബിയിലെ സിവില്‍ എയറോസ്‌പേസ്, ന്യൂക്ലിയര്‍ ഡിവിഷനുകളിലെ ജീവനക്കാരെയായിരിക്കും ഈ നീക്കം ഏറ്റവും കൂടുതല്‍ ബാധിക്കുക എന്നാണ് കരുതുന്നത്. 2015 മുതല്‍ കമ്പനി 5500 ജീവനക്കാരെ പിരിച്ചു വിട്ടിട്ടുണ്ട്.

നിലവിലുള്ള 50,000 ജീവനക്കാരില്‍ 10 ശതമാനം പേരെ പിരിച്ചു വിടാനാണ് കമ്പനി തയ്യാറെടുക്കുന്നതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2016ല്‍ നേരിട്ട 4.6 ബില്യന്‍ പൗണ്ടിന്റെ പ്രീടാക്‌സ് നഷ്ടത്തിനു ശേഷം കമ്പനി ഈ വര്‍ഷം കരകയറാന്‍ തുടങ്ങുന്നതേയുള്ളുവെന്നാണ് രണ്ടു മാസം മുമ്പ് വാറന്‍ ഈസ്റ്റ് അറിയിച്ചത്. 150 രാജ്യങ്ങളിലായി പരന്നു കിടക്കുന്ന ഉപഭോക്തൃനിരയുണ്ടായിട്ടും കമ്പനിക്ക് കാര്യമായ ലാഭം കഴിഞ്ഞ വര്‍ഷം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. 400ലേറെ എയര്‍ലൈനുകളും 160 സൈന്യങ്ങളും 70 നേവികള്‍ ഉള്‍പ്പെടെ 4000 മറൈന്‍ ഉപഭോക്താക്കളും 5000ലേറെ പവര്‍, ന്യൂക്ലിയര്‍ ഉപഭോക്താക്കളുമാണ് കമ്പനിക്കുള്ളത്.

ട്രെന്റ് 1000, ട്രെന്റ് 900 വിമാന എന്‍ജിനുകളുടെ പാര്‍ട്ടുകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ കാലാവധി കഴിയുന്ന തകരാറ് 270 മില്യന്‍ പൗണ്ടിന്റെ നഷ്ടമാണ് കമ്പനിക്ക് വരുത്തിവെച്ചത്. 2018ല്‍ 4.9 ബില്യന്‍ പൗണ്ട് മാത്രമാണ് കമ്പനിയുടെ പ്രീടാക്‌സ് ലാഭം. സ്‌പെയിനിലെ ആസ്റ്റില്ലെറോസ് ഗോന്‍ഡന്‍ ഷിപ്പ് യാര്‍ഡ് കമ്പനിയുമായി കരാറിലെത്തിയതായി കഴിഞ്ഞയാഴ്ച റോള്‍സ് റോയ്‌സ് അറിയിച്ചിരുന്നു.

രാജ്യത്തെ തൊഴില്‍ദാതാക്കള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥ സ്ഥാനങ്ങളിലുള്ളവരുടെയും സാധാരണ ജീവനക്കാരുടെയും വേതനത്തിലെ അന്തരം ബോധ്യപ്പെടുത്തണമെന്ന് നിയമം. ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന നിയമത്തിലാണ് ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 250 ജീവനക്കാരില്‍ ഏറെയുള്ള കമ്പനികളുടെ ഡയറക്ടര്‍മാര്‍ ഈ വ്യത്യാസം വെളിപ്പെടുത്തേണ്ടി വരുമെന്ന് ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക് അറിയിച്ചു. പേയ് റേഷ്യോ എന്നാണ് ഇത് അറിയപ്പെടുന്നത്. ബ്രിട്ടനിലെ ബിസിനിസുകളില്‍ നിലവിലള്ള വേതന അസമത്വത്തെ ഇല്ലാതാക്കാന്‍ ഈ നിയമത്തിന് സാധിക്കില്ലെന്ന് ലേബറും യൂണിയനുകളും വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്.

എക്‌സിക്യൂട്ടീവ് വേതന നിരക്കുകളില്‍ കമ്പനി ഓഹരിയുടമകള്‍ നേരത്തേ തന്നെ വിമര്‍ശനമുന്നയിച്ചിരുന്നു. ചില കമ്പനി മേധാവികള്‍ക്ക് അമിത ശമ്പളം നല്‍കുന്നതിനെതിരെ അവര്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. പുതിയ നിയമം പേയ് റേഷ്യോ വെളിപ്പെടുത്തുന്നതിനു പുറമേ ഓഹരി നിരക്കുകളിലുണ്ടാകുന്ന വര്‍ദ്ധനവ് എക്‌സിക്യൂട്ടീ വ് വേതനത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കും. പാര്‍ലമെന്റിന്റെ അംഗീകാരം കിട്ടുന്ന മുറയ്ക്ക് കമ്പനികള്‍ തങ്ങളുടെ പേയ് റേഷ്യോ 2020 മുതല്‍ വെളിപ്പെടുത്തിത്തുടങ്ങണം.

യുകെയിലെ വന്‍കിട ബിസിനസുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വേതനങ്ങള്‍ തമ്മിലുള്ള അന്തരത്തില്‍ ജീവനക്കാര്‍ക്കും ഓഹരിയുടമകള്‍ക്കുമുള്ള പ്രതിഷേധം കാണാതിരിക്കാനാകില്ലെന്ന് ബിസിനസ് സെക്രട്ടറി പറഞ്ഞു. മേലധികാരികള്‍ക്ക് കമ്പനിയുടെ പ്രകനത്തിനു മേല്‍ ശമ്പളം നല്‍കുന്നത് പലപ്പോഴും പ്രതിഷേധങ്ങള്‍ക്ക് കാരണമാകാറുണ്ട്. പെര്‍സിമ്മണ്‍, ബിപി തുടങ്ങിയ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വന്‍ ശമ്പളം നല്‍കിയതിലുണ്ടായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് പുതിയ നടപടി. ഷെല്‍, ലോയ്ഡ്‌സ്, ആസ്ട്രസെനെക, പ്ലേടെക്, വില്യം ഹില്‍, ജിവിസി, ഇന്‍മര്‍സാറ്റ് തുടങ്ങിയ കമ്പനികളിലും ഇത്തരം കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രവാസി മലയാളികളുടെ എക്കാലത്തെയും ആശങ്കയാണ് അവിചാരിതമായി അന്യനാട്ടില്‍ വച്ച് സംഭവിക്കുന്ന മരണവും തുടര്‍ന്നുണ്ടാകുന്ന വിഷമതകളും. ഇതില്‍ ഏറ്റവും പ്രധാനമായ ഒന്ന് മരണമടയുന്ന ആളുടെ മൃതദേഹം നാട്ടിലെത്തിക്കുക എന്നതാണ്. ഈ ആശങ്കയ്ക്ക് ഒരു ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിന് കേരള സര്‍ക്കാര്‍ തുടക്കം കുറിച്ചപ്പോള്‍  അതിന് കാരണമായത് ഇംഗ്ലണ്ടില്‍ നിന്നുള്ള ലോക കേരള സഭ അംമായ രാജേഷ് കൃഷ്ണയുടെ നിരന്തര ഇടപെടല്‍ ആണെന്നത് യുകെയിലെ മലയാളികള്‍ക്ക് ഒന്നടങ്കം അഭിമാനിക്കാവുന്ന കാര്യമാണ്. KSFE തുടങ്ങുന്ന പ്രവാസി ചിട്ടിയില്‍ ചേരുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. പ്രവാസികള്‍ക്കായി ചിട്ടി എന്ന ആശയം ഒരുവര്‍ഷം മുന്‍പ് ധനമന്ത്രി തോമസ് ഐസക് മുന്നോട്ടുവച്ചപ്പോള്‍ത്തന്നെ ഇത് സംബന്ധിച്ച നിര്‍ദേശം രാജേഷ് അപേക്ഷയായി സമര്‍പ്പിച്ചിരുന്നു. പ്രഥമ ലോക കേരള സഭയില്‍ രാജേഷ് മുന്നോട്ടുവച്ച കരട് നിര്‍ദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും ഇതായിരുന്നു. ധനമന്ത്രി ഡോക്ടര്‍ തോമസ് ഐസക് ഈ വിഷയത്തിലെടുത്ത പ്രത്യേക താല്പര്യവും അതിന് മുഖ്യമന്ത്രി നല്‍കിയ അനുമതിയുമാണ്, ചിട്ടിയുടെ തുടക്കത്തില്‍ തന്നെ ഇത് പദ്ധതിയോട് ചേര്‍ക്കാന്‍ സഹായകരമായത്.

UK യിലെയും യൂറോപ്പിലെയും ആകസ്മിക മരണങ്ങളും അതുകഴിഞ്ഞു മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവുകളും സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു. ഈ ഘട്ടത്തിലെല്ലാം മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് കൈത്താങ്ങായിരുന്നത് അതാതു പ്രദേശത്തെ സാമൂഹിക സംഘടനകള്‍ ആയിരുന്നു. ആ സംഘടനകള്‍ക്കും പരിമിതികള്‍ ഉണ്ടായിരുന്നു.

പ്രവാസി ചിട്ടിയിലേക്കുള്ള രജിസ്‌ട്രേഷന്‍ നടപടികളുടെ ഉദ്ഘാടനം ജൂണ്‍ 12ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഒരുവശത്ത് സുരക്ഷിതവും ആദായകരവുമായ ഒരു നിക്ഷേപമാര്‍ഗം എന്ന നിലയിലും മറുവശത്ത് സംസ്ഥാനത്തിന്റെ വികസനത്തിനുള്ള മുതല്‍മുടക്കെന്ന രീതിയിലും ഇരട്ടപ്രാധാന്യത്തോടെയാണ് പ്രവാസി ചിട്ടി രൂപപ്പെടുത്തുന്നത്. കേരള ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (KSFE) യ്ക്കാണ് പദ്ധതിയുടെ നടത്തിപ്പുചുമതല. കിഫ്ബിയുടെയും (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) നോര്‍ക്കയുടെയും സഹകരണവും പദ്ധതിക്കുണ്ട്.

വിദേശരാജ്യങ്ങളില്‍ കഴിയുന്ന മലയാളികള്‍ക്കായിട്ടുള്ള പ്രവാസി ചിട്ടിക്ക് തുടക്കം യുഎഇയിലായിരിക്കും. പിന്നീട് മറ്റു ജിസിസി രാജ്യങ്ങള്‍, ക്ക് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക എന്നിങ്ങനെ മുഴുവന്‍ പ്രവാസി മലയാളികളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ ചിട്ടികള്‍ക്കില്ലാത്ത ചില പ്രത്യേകതകള്‍ പ്രവാസി ചിട്ടിക്കുണ്ട് . പ്രവാസി ചിട്ടിക്ക് എല്‍ഐസിയുടെ ഇന്‍ഷുറന്‍സ് സുരക്ഷ ലഭ്യമാകും. ചിട്ടിയില്‍ ചേരുന്ന ആരെങ്കിലും മരിച്ചാല്‍ ബാക്കിവരുന്ന തവണകള്‍ എല്‍ഐസി അടച്ചുതീര്‍ക്കും. ആനുകൂല്യങ്ങള്‍ ബന്ധുക്കള്‍ക്ക് നല്‍കുകയും ചെയ്യും.

സ്റ്റേറ്റ് ഇന്‍ഷുറന്‍സിന്റെ പരിരക്ഷയും പ്രവാസി ചിട്ടിക്കുണ്ടാകും. പ്രവാസികള്‍ പവര്‍ ഓഫ് അറ്റോര്‍ണി വഴി ചുമതലപ്പെടുത്തിയാല്‍ അവരുടെ പ്രതിനിധിയായി നാട്ടിലുള്ളവര്‍ക്കും കുറിയില്‍ ചേരാം. അവര്‍ക്ക് ലേലം വിളിക്കാനും തടസ്സമില്ല.

ചിട്ടിയില്‍ ചേരുന്നവരുടെ സെക്യൂരിറ്റി , ഫിക്‌സെഡ് ഡിപ്പോസിറ്റുകള്‍, ഫോര്‍മാന്‍ കമീഷന്‍, ഫ്രീ ഫ്‌ലോട്ട് തുടങ്ങിയ തുകകള്‍ കിഫ്ബി ബോണ്ടുകളില്‍ നിക്ഷേപിക്കും. ഈ തുക സംസ്ഥാനത്തിന്റെ വിവിധ വികസനപദ്ധതികള്‍ക്കായി മുതല്‍മുടക്കും. ഇവയില്‍ ഫോര്‍മാന്‍ കമീഷന്‍ ഒഴികെ ബാക്കിയെല്ലാം വട്ടമെത്തുമ്പോഴേക്കെങ്കിലും തിരിച്ചുകൊടുക്കേണ്ടവയാണ്. പക്ഷേ, അപ്പോഴേക്കും പുതിയ കുറികളുടെ വിഹിതം നിക്ഷേപത്തിനായി ലഭിക്കും .

ചിട്ടിനടത്തിപ്പ് പൂര്‍ണമായും ഓണ്‍ലൈനാണ്. ചിട്ടി രജിസ്‌ട്രേഷനും പണം അടയ്ക്കലും ലേലംവിളിയും പണം കൊടുക്കലുമെല്ലാം ഓണ്‍ലൈനായിരിക്കും. ഇതിനുള്ള സോഫ്റ്റ്വെയറും തയ്യാറാണെന്ന് ധനകാര്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പ്രവാസികളുടെ കൈയിലെ പണം സംസ്ഥാനവികസനത്തിന് ഉപയോഗിക്കുന്നില്ല എന്നത് ഏറെ കാലമായി ഉയരുന്ന വിമര്‍ശമാണ്. ചില ബോണ്ടുകളിലെ നിക്ഷേപവും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനയായി നല്‍കുന്ന പണവും മാത്രമായി ഈ വികസനപങ്കാളിത്തം ഒതുങ്ങിനില്‍ക്കുകയായിരുന്നു.

റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റി (http://www.rncc.org.uk) എന്ന കുട്ടികള്‍ക്കായുള്ള കാന്‍സര്‍ ചാരിറ്റിയുടെ ധനശേഖരണാര്‍ദ്ധം ലണ്ടന്‍നില്‍ തുടങ്ങി കേരളം വരെ നീളുന്ന റോഡ് ട്രിപ്പിന്റെ തയ്യാറെടുപ്പിലാണ് രാജേഷ് കൃഷ്ണ. ജൂണ്‍ 30നാണ് യാത്രയുടെ ഫ്‌ലാഗ് ഓഫ്. ലണ്ടനില്‍ സോളിസിറ്ററായ സന്ദീപ് പണിക്കരും യാത്രയില്‍ ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ https://london2kerala.com/ എന്ന വെബ്‌സൈറ്റിലും https://www.facebook.com/london2kerala/ എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

RECENT POSTS
Copyright © . All rights reserved