ലണ്ടന്‍: അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും തണുപ്പ് കൂടിയ ദിവസത്തിന് അടുത്തയാഴ്ച ബ്രിട്ടന്‍ സാക്ഷിയാകുമെന്ന് മെറ്റ് ഓഫീസ്. റഷ്യയില്‍ നിന്നും സൈബീരിയയില്‍ നിന്നുമെത്തുന്ന ശീതക്കാറ്റ് ബ്രിട്ടന്റെ അന്തരീക്ഷത്തെ മൈനസ് 13 വരെയാക്കുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയുണ്ടാകുമെന്ന മുന്നറിയിപ്പും മെറ്റ് ഓഫീസ് നല്‍കുന്നുണ്ട്. ലണ്ടനിലും ഇംഗ്ലണ്ടിന്റെ സൗത്ത് ഈസ്റ്റ് പ്രദേശങ്ങളിലുമായിരിക്കും ഈ തണുത്ത കാലാവസ്ഥ ആദ്യം അനുഭവപ്പെടുക. വാരാന്ത്യത്തില്‍ മിക്ക സ്ഥലങ്ങളിലും മഞ്ഞുവീഴ്ചയുണ്ടാകും.
തിങ്കളാഴ്ചയോടെ സൈബീരിയയില്‍ നിന്നുള്ള വായുപ്രവാഹങ്ങള്‍ തണുപ്പ് വീണ്ടും കുറയ്ക്കുമെന്നും കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നു. അടുത്ത കുറച്ചു ദിവസങ്ങളില്‍ മേഘാവൃതമായ ആകാശമായിരിക്കുമെങ്കിലും ചില സമയങ്ങളില്‍ സൂര്യപ്രകാശം ലഭിക്കാനിടയുണ്ട്. പകല്‍ താപനില 6 ഡിഗ്രി വരെ ഉയര്‍ന്നേക്കാം. എന്നാല്‍ രാത്രിയില്‍ ശീതകാലാവസ്ഥ തുടരും. ശനിയാഴ്ച രാത്രിയോടെ സതേണ്‍ ഇംഗ്ലണ്ടിലെ താപനില മൈനസ് 6 വരെ താഴും. സ്‌കോട്ട്‌ലന്‍ഡിലും മറ്റും മൈനസ് 10 വരെ താപനില താഴാനിടയുണ്ട്.
ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് എന്ന പേരിലറിയപ്പെടുന്ന സൈബീരിയന്‍ കാറ്റ് തിങ്കളാഴ്ചയോടെ എത്തുന്നതിനാലാണ് ശൈത്യം വര്‍ദ്ധിക്കുന്നത്. 2013 മാര്‍ച്ചാണ് ഏറ്റവും തണുപ്പേറിയ മാര്‍ച്ചായി അറിയപ്പെടുന്നത്. ഈസ്റ്റര്‍ കാറ്റുകളും ഉച്ചമര്‍ദ്ദ മേഖലകളും ചേര്‍ന്ന് അറ്റ്‌ലാന്റിക് വായു പ്രവാഹങ്ങളെ തടയുന്നതാണ് ഇതിന് കാരണം. മാര്‍ച്ചില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില -12.9 ഡിഗ്രിയാണ്.
ലണ്ടന്‍: യുകെയില്‍ നിന്ന് തിരികെ പോകുന്ന യൂറോപ്യന്‍ പൗരന്‍മാരുടെ എണ്ണം പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ യുകെ വിട്ടത് 1,30,000 യൂറോപ്യന്‍ പൗരന്‍മാരാണെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നു. ഇതേ കാലയളവില്‍ യുകെയിലെത്തിയ യൂറോപ്യന്‍ പൗരന്‍മാരുടെ എണ്ണം 2,20,000 വരും. രാജ്യത്തേക്ക് എത്തുന്നവരുടെയും തിരിക പോകുന്നവരുടെയും എണ്ണത്തിലുള്ള വ്യത്യാസം 90,000 വരും. അഞ്ച് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.
യുകെ വിടാനുള്ള യൂറോപ്യന്‍ പൗരന്‍മാരുടെ തീരുമാനത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കാനാകുന്നത് ബ്രെക്‌സിറ്റാണ്. ഇതു കൂടാതെ മറ്റ് വിവിധ കാരണങ്ങളും കുടിയേറ്റത്തെയും തിരികെയുള്ള പോക്കിനെയും ബാധിക്കാമെന്ന് ഒഎന്‍എസ് ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഹെഡ് നിക്കോള വൈറ്റ് പറഞ്ഞു. ബ്രിട്ടീഷ് പൗരന്‍മാര്‍ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നതിന്റെ നിരക്കിലും വര്‍ദ്ധനയുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. തിരിച്ചെത്തുന്ന കുടിയേറ്റക്കാരേക്കാള്‍ കൂടുതലാണ് ഇത്.
ഇപ്പോള്‍ യുകെയിലേക്ക് എത്തുന്ന യൂറോപ്യന്‍ പൗരന്‍മാരില്‍ തൊഴില്‍ തേടിയെത്തുന്നവരുടെ എണ്ണം കുറഞ്ഞതായും കണക്ക് വ്യക്തമാക്കുന്നു. യൂറോപ്പിതര രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തില്‍ വര്‍ദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. 2014ലെ നിരക്കിന് സമാനമാണ് ഈ വര്‍ദ്ധന. 2,85,000 നോണ്‍ യൂറോപ്യന്‍ പൗരന്‍മാര്‍ ഒരു വര്‍ഷക്കാലയളവില്‍ യുകെയില്‍ എത്തിയിട്ടുണ്ട്. 80,000 പേര്‍ മാത്രമാണ് തിരികെ പോയത്. വിദ്യാഭ്യാസാവശ്യത്തിനായാണ് ഈ കുടിയേറ്റമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
റെഡിംഗ്: മലയാളിയായ സിറിയക് ജോസഫിന്റെയും (ബെന്നി) മറ്റ് ഏഴ് പേരുടെയും മരണത്തിന് കാരണമായ എം വണ്‍ മോട്ടോര്‍വേ ആപകടത്തിന്റെ വിചാരണ ആരംഭിച്ചു. റെഡിംഗ് ക്രൗണ്‍ കോര്‍ട്ടിലാണ് വിചാരണാ നടപടികള്‍ ആരംഭിച്ചത്. പൂര്‍ണ്ണമായും ഒഴിവാക്കാമായിരുന്ന അപകടം ട്രക്ക് ഡ്രൈവര്‍മാരുടെ അശ്രദ്ധയും മദ്യലഹരിയിലുള്ള ഡ്രൈവിംഗും കാരണമാണ് സംഭവിച്ചതെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു. ബ്രിട്ടീഷുകാരനായ ഡേവിഡ് വാഗ്സ്റ്റാഫ്, പോളണ്ടുകാരനാട റൈസാര്‍ഡ് മാസീറാക്ക് എന്നിവരുടെ ലോറികളാണ് ബെന്നി യുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയത്. സ്ലോ ലെയിനില്‍ നിര്‍ത്തിയിട്ടിരുന്ന മാസീറാക്കിന്റെ ലോറിയെ കടന്നു പോകാന്‍ ബെന്നിയുടെ മിനി ബസ് ശ്രമിക്കുന്നതിനിടെ വാഗ്‌സ്റ്റാഫിന്റെ ലോറി ഇടിച്ചു കയറുകയായിരുന്നു.
അപകടത്തില്‍ രണ്ടു ലോറികള്‍ക്കുമിടയില്‍പ്പെട്ട മിനി ബസ് പൂര്‍ണ്ണമായും തകര്‍ന്നു. ഓഗസ്റ്റ് 26ന് നടന്ന അപകടത്തില്‍ എട്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മാസീറാക്ക് അനുവദനീയമായതിനേക്കാള്‍ രണ്ടിരട്ടിയിലധികം മദ്യപിച്ചിരുന്നുവെന്നും അപകടത്തിനു മുമ്പ് റൗണ്ട്എബൗട്ടില്‍ തെറ്റായ ദിശയിലോടിച്ച് രണ്ട് കാറുകളുമായി കൂട്ടിയിടിക്കാന്‍ തുടങ്ങിയിരുന്നുവെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. താന്‍ 21 മണിക്കൂര്‍ മുമ്പ് മദ്യപിച്ചിരുന്നുവെന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞെങ്കിലും അത് പച്ചക്കള്ളമാണെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. നിര്‍ത്തിയിട്ട വാഹനത്തിന്റെ ഡ്രൈവര്‍ സീറ്റിനും പാസഞ്ചര്‍ സീറ്റിനുമിടയില്‍ ഇയാള്‍ ഇരുട്ടില്‍ ഇരിക്കുന്നത് കണ്ടതായി ഒരു ടാക്‌സി ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു.
ഇയാള്‍ മദ്യപിച്ചിരുന്നതായും നിര്‍ത്തിയിട്ട വാഹനത്തില്‍ കിടന്ന് ഉറങ്ങുകയായിരുന്നുവെന്നുമാണ് വ്യക്തമായത്. അപകടത്തിന് ശേഷം സ്ഥലത്തെത്തിയ പോലീസ് ഇയാളുടെ ലോറിക്കുള്ളില്‍ നിന്ന് സിഡറിന്റെ രണ്ട് ക്യാനുകള്‍ കണ്ടെത്തിയിരുന്നു. മറ്റ് ചില ഡ്രൈവര്‍മാരും ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. വാഗ്സ്റ്റാഫ് വാഹനമോടിച്ചിരുന്നത് ഓട്ടോ പൈലറ്റിലായിരുന്നുവെന്നും തനിക്കു മുമ്പില്‍ നടക്കുന്നത് എന്താണെന്ന് അയാള്‍ അറിഞ്ഞതുപോലുമില്ലെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. 56 മൈല്‍ വേഗതയില്‍ പോകുകയായിരുന്ന ഇയാള്‍ക്ക് 10 സെക്കന്‍ഡ് മുമ്പ് തന്റെ മുന്നിലുള്ള വാഹനം കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.
പുലര്‍ച്ചെ 3 മണിക്കുണ്ടായ അപകടത്തില്‍ വാഗ്സ്റ്റാഫ് ആക്‌സിലറേറ്റര്‍ കുറയ്ക്കാനോ ബ്രേക്ക് ചെയ്യാനോ ശ്രമിച്ചതിന്റെ അടയാളം പോലും പരിശോധനയില്‍ കണ്ടെത്താനായില്ല. രണ്ട് പ്രതികളും റോഡില്‍ അപകടകരമായാണ് പെരുമാറിയത്. അതുതന്നെയാണ് അപകടത്തിന് കാരണമായതെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. ബെന്നിയുടെ ഭാര്യ ആന്‍സി ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ വിചാരണ കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു.
പേസ്‌മേക്കറുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഹൃദയ ചലനത്തെ നിയന്ത്രിക്കുന്നതിനായി പേസ്‌മേക്കറുകള്‍ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ഏകദേശം 35,000 രോഗികള്‍ യുകെയില്‍ ജീവിക്കുന്നുണ്ട്. ജീവന്‍ രക്ഷിക്കുന്നതിനായി ഇംപ്ലാന്റബിള്‍ കാര്‍ഡിയോവെര്‍ട്ടര്‍ ഡീഫൈബ്രിലേറ്റേഴ്‌സ് (ICDs) ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള രോഗികളുടെ എണ്ണം 13,000ത്തിലധികം വരും. ജീവന്‍ നിലനിര്‍ത്തുന്നതിനായ ഘടിപ്പിച്ചിട്ടുള്ള ഇത്തരം കുഞ്ഞ് ഉപകരണങ്ങള്‍ രാഷ്ട്രീയ സാമ്പത്തിക ലാഭത്തിനായി ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി അമേരിക്കന്‍ കോളെജ് ഓഫ് കാര്‍ഡിയോളജി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. നെഞ്ചിലോ ഹൃദയത്തിന് മുകളിലോ ആയി ഘടിപ്പിച്ചിരിക്കുന്ന ഈ ഉപകരണങ്ങള്‍ ഹൃദയ ചലനങ്ങള്‍ കൃത്യമല്ലെങ്കില്‍ ചെറു വൈദ്യുത തരംഗങ്ങള്‍ ഉണ്ടാക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ ഗതിയിലാക്കുകയും ചെയ്യും. രോഗികളുടെ നില ഗുരുതരമാണെങ്കില്‍ അവരുടെ ഡോക്ടറെ വിവരമറിയിക്കാനും ഈ ഉപകരണങ്ങള്‍ക്ക് കഴിവുണ്ട്. ഹാക്കര്‍മാര്‍ക്ക് പേസ്‌മേക്കറുകളുടെ സോഫ്റ്റ്‌വെയറുകളില്‍ അനധികൃതമായി ലോഗിന്‍ ചെയ്ത് അകത്തു കടക്കാനും പേസ് മേക്കറുകളുടെ ബാറ്ററി ലെവലിനെ നിയന്ത്രിക്കാനും കഴിയുമെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇംപ്ലാന്റബിള്‍ കാര്‍ഡിയോവെര്‍ട്ടര്‍ ഡീഫൈബ്രിലേറ്റേഴ്‌സിന്റെ കാര്യമെടുത്താല്‍ ഹൃദയ ചലനം നിര്‍ത്താനുള്ള വൈദ്യൂത തരംഗങ്ങള്‍ നിര്‍മ്മിക്കാന്‍ ഹാക്കര്‍മാര്‍ക്ക് കഴിയും. ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഈ ഉപകരണങ്ങളെ വൈറസ് ഉപയോഗിച്ചോ ഇന്‍അഡ്വെര്‍ട്ടെന്റ് ഹാക്കിംഗ് രീതി ഉപയോഗിച്ചോ നിയന്ത്രിക്കാന്‍ കഴിയുമെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. പേസ്‌മേക്കറുകള്‍ക്കും ഇംപ്ലാന്റബിള്‍ കാര്‍ഡിയോവെര്‍ട്ടര്‍ ഡീഫൈബ്രിലേറ്റേഴ്‌സിനും ഹാക്കര്‍മാരുടെ ഭീഷണി നിലനില്‍ക്കുന്നതായി ഇവയുടെ നിര്‍മ്മാതാക്കള്‍ക്കും രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പേസ്‌മേക്കറുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കാര്‍ഡിയോവാസ്‌ക്യുലാര്‍ ഇംപ്ലാന്‍ബിള്‍ ഇലക്ട്രോണിക് ഡിവൈസിനെ ഹാക്ക് ചെയ്യാന്‍ കഴിയുമെന്നും വ്യക്തികളെ അടിസ്ഥാനപ്പെടുത്തിയുള്ള ഇത്തരം ഹാക്കിംഗിന് സാധ്യതകള്‍ കുറവാണെന്ന് പഠനം നടത്തിയ പ്രൊഫസര്‍ ധനഞ്ജയ ലാക്കിറെഡ്ഡി പറയുന്നു. മാല്‍വെയര്‍ അല്ലെങ്കില്‍ റാന്‍സംവെയര്‍ ആക്രമണങ്ങള്‍ ആശുപത്രി നെറ്റ്‌വര്‍ക്കുകളുടെ ആശയവിനിമയത്തെ ബാധിക്കുന്ന വിധത്തില്‍ ആസൂത്രണം ചെയ്യാനാണ് സാധ്യതകളെന്നും ലാക്കിറെഡ്ഡി പറയുന്നു. കാര്‍ഡിയാക് പേസ്‌മേക്കറുമായി ബന്ധിപ്പിക്കുന്ന വൈഫൈ നെറ്റ്‌വര്‍ക്കുകള്‍ ഹാക്കര്‍മാര്‍ ആക്രമിക്കുമെന്ന ഭീതി മൂലം വിച്ഛേദിച്ചിരിക്കുകയാണെന്ന് 2013ല്‍ മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ഡിക്ചീനി പ്രഖ്യാപിച്ചിരുന്നു.
ന്യൂസ് ഡെസ്ക്
അമ്മയോടൊപ്പം പുഷ്ചെയറിൽ റോഡ് ക്രോസ് ചെയ്യുകയായിരുന്ന രണ്ടു വയസുകാരൻ കാറിടിച്ച് മരിച്ചു. അമ്മയുടെ കൈയിൽ പിടിച്ച് ഒപ്പമുണ്ടായിരുന്ന ആറു വയസുകാരനായ സഹോദരനെയും കാർ ഇടിച്ച് തെറുപ്പിച്ചു. രണ്ടു വയസുള്ള ആൺകുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ച ഉടൻ മരിച്ചു. ആറു വയസുകാരനായ സഹോദരൻ അതീവ ഗുരുതരാവസ്ഥയിലാണ്. ഇടിയുടെ ആഘാതത്തിൽ പുഷ്ചെയർ തകർന്ന് നാമാവശേഷമായി. പുഷ്ചെയറിന്റെ ഭാഗങ്ങൾ റോഡിലും പരിസരങ്ങളിലുമായി ചിതറിക്കിടക്കുകയാണ്. പോലീസ് റോഡ് അടച്ച് അന്വേഷണം തുടങ്ങി. കവൻട്രിയിലെ സ്റ്റോക്ക് ഏരിയയിലുള്ള മക്ഡൊണാൾഡ്സ് റോഡിലാണ് അതിദാരുണമായ ദുരന്തം ഇന്നു ഉച്ചക്ക് ശേഷം രണ്ടു മണിയോടെ നടന്നത്.
അപകടമുണ്ടായ ഉടൻ തന്നെ രണ്ടു വയസുകാരനെ കവൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറു വയസുകാരനെ ബിർമ്മിങ്ങാം ചിൽഡ്രൻസ് ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവം നടന്ന ഉടൻ വെസ്റ്റ് മിഡ്ലാൻഡ്സ് ആംബുലൻസ് സർവീസ് നാല് എമർജൻസി ആംബുലൻസുകൾ സംഭവ സ്ഥലത്തേയ്ക്ക് അയച്ചിരുന്നു.
ലേറ്റസ്റ്റ് പോലീസ് അപ്ഡേറ്റ് അനുസരിച്ച് ബിർമിങ്ങാം ചിൽഡൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്ന ആറു വയസുള്ള ആൺകുട്ടിയും മരണത്തിന് കീഴടങ്ങി.
ഇടിച്ച കാർ നിറുത്താതെ ഓടിച്ചു പോയി. സംഭവസ്ഥലത്ത് നിന്ന് ഒരു മൈൽ ദൂരത്ത് ഇടിച്ചു എന്നു കരുതുന്ന കാർ പിന്നീട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 53 വയസുള്ള പുരുഷനെയും 41 വയസുള്ള സ്ത്രീയേയും സംഭവുമായി ബന്ധപ്പെട്ട പോലീസ് അറസ്റ്റ് ചെയ്തു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കറുത്ത നിറമുള്ള ഫോർഡ് ഫോക്കസ് കാറാണ് കുട്ടികളെ ഇടിച്ച് തെറിപ്പിച്ചത്.
സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് മോഡലായ എസ്9 സ്മാര്‍ട്ട്‌ഫോണിന്റെ ചിത്രങ്ങള്‍ പുറത്തായി. സാംസങ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിനു വേണ്ടി തയ്യാറാക്കിയ മൊബൈല്‍ ആപ്പില്‍ നിന്നാണ് അബദ്ധത്തില്‍ ഇവയുടെ ചിത്രങ്ങള്‍ പുറത്തായതെന്നാണ് വിവരം. ബാഴ്‌സലോണയില്‍ 25-ാം തിയതി നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ക്കായി അവതരിപ്പിച്ച ആപ്പിലൂടെയാണ് ഇത് ചോര്‍ന്നത്. ഗ്യാലക്‌സി എസ്9നെക്കുറിച്ച് നേരത്തേ അനൗദ്യോഗികമായി പുറത്തു വന്ന വിവരങ്ങള്‍ ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്തായ വിവരങ്ങള്‍.
ഈ വിവരങ്ങള്‍ പുറത്തായത് ഔദ്യോഗിക അവതരണത്തെ ബാധിക്കുമെന്ന് ചില വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്നതിനായി തയ്യാറാക്കിയ ഫോണിനെക്കുറിച്ചുള്ള ഓഗ്മെന്റഢ് റിയാലിറ്റി എക്‌സ്പീരിയന്‍സില്‍ നിന്നുള്ള ചിത്രങ്ങളാണ് പുറത്തായതെന്ന് എക്‌സ്ഡ്എ ഡെവലപ്പേഴ്‌സ് എന്ന വാര്‍ത്താ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആപ്പിന്റെ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ ഡീകംപൈല്‍ ചെയ്ത ഒരു റെഡ്ഡിറ്റ് യൂസറുടെ പ്രൊഫൈലില്‍ നിന്നാണ് ഈ ചിത്രങ്ങള്‍ ലഭിച്ചതെന്ന് വിശദീകരിച്ചുകൊണ്ട് ചിത്രങ്ങള്‍ ആദ്യം പുറത്തു വിട്ടത് ഈ സൈറ്റാണ്.
സാംസങ് സെര്‍വറില്‍ നിന്ന് നേരിട്ടാണ് ഈ ചിത്രങ്ങള്‍ ഇയാള്‍ക്ക് ലഭിച്ചതെന്ന് സൈറ്റിന്റെ എഡിറ്റര്‍ മിഷാല്‍ റഹ്മാന്‍ പറഞ്ഞു. ഇവ യാഥാര്‍ത്ഥ ചിത്രങ്ങളാണെന്നതില്‍ സംശയമേയില്ല. സാംസങ് രഹസ്യമാക്കി വെച്ചിരുന്നവയാണ് ഇതെന്നും റഹ്മാന്‍ പറഞ്ഞു. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ക്യാമറയുടെ താഴേക്ക് മാറ്റിയതൊഴിച്ചാല്‍ എസ്8ല്‍ നിന്ന് കാര്യമായ മാറ്റങ്ങളൊന്നും പുതിയ മോഡലില്‍ ദൃശ്യമല്ല. എന്നാല്‍ ഊഹോപോഹങ്ങളില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു സാംസങ് വക്താവ് ഇതോട് പ്രതികരിച്ചത്.
ലണ്ടന്‍: ശരിയായ അളവില്‍ മരുന്ന് പുറത്തു വിടാത്തതിനാല്‍ രണ്ട് തരത്തിലുള്ള ആസ്ത്മ ഇന്‍ഹേലറുകള്‍ വിപണിയില്‍ നിന്ന് തിരികെ വിളിച്ചു. മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയാണ് ഇവ തിരികെ വിളിച്ചത്. ആറായിരത്തോളം രോഗികളെ ഇത് ബാധിക്കുമെന്നാണ് വിലയിരുത്തല്‍. വെന്റോലിന്‍ 200 എംസിജി, സെറെറ്റൈഡ് 50/250എംസിജി ഇന്‍ഹേലറുകളാണ് അടിയന്തരമായി വിപണിയില്‍ നിന്ന് പിന്‍വവലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ശരിയായ വിധത്തില്‍ മരുന്ന് പുറത്തു വിടുന്നതില്‍ ഈ ഇന്‍ഹേലറുകള്‍ പരാജയമാണെന്നും അത് രോഗികളുടെ ജീവന് തന്നെ ഭീഷണിയാണെന്നും ജിപിയും ആസ്ത്മ യുകെ വക്താവുമായ ഡോ.ആന്‍ഡി വിറ്റമോര്‍ വ്യക്തമാക്കി.
ആസ്ത്മ രോഗികള്‍ ഉപയോഗിക്കാറുള്ള റിലീവര്‍ ഇന്‍ഹേലറുകളാണ് വെന്റോലിന്‍ ഇന്‍ഹേലറുകള്‍. ചുമ, ശ്വാസതടസം തുടങ്ങിയ ആസ്ത്മ ലക്ഷണങ്ങള്‍ കാണുമ്പോള്‍തന്നെ ആളുകള്‍ ഇത് ഉപയോഗിക്കാറുണ്ട്. തകരാറുള്ള ഇന്‍ഹേലറുകള്‍ ഉപയോഗിക്കുമ്പോള്‍ അത് രോഗിക്ക് പ്രയോജനപ്പെടുന്നില്ലെന്ന് മാത്രമല്ല, രോഗികള്‍ക്ക് അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇന്‍ഹേലറുകള്‍ നിരോധിക്കപ്പെട്ട ബാച്ചിലുള്ളവയാണോ എന്ന് തിരിച്ചറിയുന്നതിന് അവയുടെ കീഴില്‍ രേഖപ്പെടുത്തിയിരിക്കുന്ന നമ്പര്‍ പരിശോധിക്കണമെന്ന് രോഗികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിരോധിക്കപ്പെട്ട ബാച്ച് നമ്പറിലുള്ളവയാണെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടുകയും ഫാര്‍മസിസ്റ്റിന് അവ തിരികെ നല്‍കി പകരം വാങ്ങുകയും വേണമെന്നാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ഗ്ലാക്‌സോ വെല്‍കം യുകെ ലിമിറ്റഡ് നിര്‍മിച്ചവയാണ് നിരോധിക്കപ്പെട്ട രണ്ട് ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളും. 4500 വെന്റോലിന്‍ ഇന്‍ഹേലറുകളും 1400 സെറെറ്റൈഡ് ഇന്‍ഹേലറുകളും നിരോധിച്ച് ബാച്ചിലുണ്ടെന്ന് വക്താവ് പറഞ്ഞു.
ലണ്ടന്‍: വാഹനമോടിക്കുന്നതിനിടയില്‍ ഇ-സിഗരറ്റുകള്‍ വലിക്കുന്നതിന് നിയന്ത്രണം. ഡ്രൈവിംഗിനിടയില്‍ ഇ-സിഗരറ്റ് വലിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടി വരുമെനനും ലൈസന്‍സ് തന്നെ റദ്ദാക്കപ്പെടുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. ഇ-സിഗരറ്റുകള്‍ വാഹനമോടിക്കുന്നതിനിടെ ഉപയോഗിക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടില്ലെങ്കിലും ഡ്രൈവിംഗിലെ ശ്രദ്ധ അപകടകരമായി മാറുന്നുവെന്ന് തോന്നിയാല്‍ നടപടിയെടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ വിവേചനാധികാരം ഉപയോഗിച്ച് കേസെടുക്കാന്‍ കഴിയും. ഈ ഉപകരണങ്ങളില്‍ നിന്ന് ഉയരുന്ന പുക ഡ്രൈവര്‍മാരുടെ കാഴ്ചയെ തടയുമെന്നും അപകടങ്ങള്‍ക്ക് കാരണമാകുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
ശ്രദ്ധയില്ലാതെയുള്ള ഡ്രൈവിംഗിനായിരിക്കും ഇ-സിഗരറ്റ് വലിച്ചു കൊണ്ടുള്ള ഡ്രൈവിംഗില്‍ കുറ്റം ചുമത്തപ്പെടുക. ലൈസന്‍സ് റദ്ദാക്കല്‍, ലൈസന്‍സില്‍ മൂന്ന് മുതല്‍ ഒമ്പത് പെനാല്‍റ്റി പോയിന്റുകള്‍ രേഖപ്പെടുത്തുക, 2500 പൗണ്ട് വരെ പിഴ തുടങ്ങിയവയാണ് ശിക്ഷയായി ലഭിക്കാന്‍ സാധ്യതയുള്ളത്. യുകെയില്‍ മുപ്പത് ലക്ഷത്തിലേറെയാളുകള്‍ ഇ-സിഗരറ്റുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവരില്‍ ഭൂരിപക്ഷവും വാഹനമോടിക്കുമ്പോള്‍ പോലും ഇവ വലിക്കാറുണ്ട്. ഇ-സിഗരറ്റുകളില്‍ നിന്ന് ഉയരുന്ന കനത്ത പുക ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കാന്‍ കാരണമാകാറുണ്ട്. ഒരു നിമിഷം മതി ഗുരുതരമായ അപകടങ്ങള്‍ ഉണ്ടാകാനെന്നിരിക്കെ ഇവയുടെ ഉപയോഗമുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഏറെയാണെന്ന് സസെക്‌സ് റോഡ് പോലീസിംഗ് യൂണിറ്റിലെ സാര്‍ജന്റ് കാള്‍ നാപ്പ് പറഞ്ഞു.
വാനമോടിക്കുമ്പോള്‍ അതില്‍ നൂറ് ശതമാനം ശ്രദ്ധയും കൊടുക്കണമെന്നാണ് ജനങ്ങളോട് തനിക്ക് പറയാനുള്ളതെന്നും നാപ്പ് വ്യക്തമാക്കി. ഇ-സിഗരറ്റ് വലി നിരോധിക്കാന്‍ നിയമങ്ങളൊന്നുമില്ലെങ്കിലും വാഹനം നിങ്ങളുടെ നിയന്ത്രണത്തിലാണെന്നത് ഉറപ്പാക്കേണ്ട ബാധ്യത നിങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി സിഗരറ്റ് വലിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ വിന്‍ഡോകള്‍ തുറന്നിട്ടുകൊണ്ട് പുക ക്യാബിനില്‍ തങ്ങി നില്‍ക്കാതെ ശ്രദ്ധിക്കണമെന്നും വാഹനം നിയന്ത്രണത്തില്‍ നിന്ന് വിട്ടുപോകുന്നില്ലെന്ന് ശ്രദ്ധിക്കുകയും വേണമെന്നും നാപ്പ് നിര്‍ദേശിക്കുന്നു.
കഴിഞ്ഞു പോയ സംഭവങ്ങളെക്കുറിച്ചും ഭാവിയക്കുറിച്ചും ആലോചിക്കാന്‍ മനുഷ്യന്റെ സവിശേഷ കഴിവുണ്ട്. ഈ കഴിവിന് മനുഷ്യരുടെ ജീവിതത്തെ സ്വാധീനിക്കാനുള്ള സാധ്യതകളേറെയാണ്. ഭാവിയെക്കുറിച്ചും കഴിഞ്ഞു പോയ കാര്യങ്ങളെക്കുറിച്ചും മനുഷ്യന്റെ ചിന്തിക്കാനുള്ള കഴിവ് ക്രോനസ്‌തേഷ്യ അഥവാ മാനസികമായ ടൈംട്രാവല്‍ എന്നാണ് അറിയപ്പെടുന്നത്. ഇത്തരം ചിന്തകള്‍ നടത്താനുള്ള മനുഷ്യന്റെ കഴിവിനെക്കുറിച്ച് പുതിയ ഗവേഷണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഒരു പറ്റം ശാസ്ത്രജ്ഞര്‍. വിഷയത്തില്‍ പുതിയ ഉള്‍ക്കാഴചകള്‍ ലഭിച്ചതായി ക്യാനഡയിലെ ടൊറന്റോ സര്‍വകലാശാലയിലെ ഗവേഷകര്‍ വ്യക്തമാക്കി.
പഠനത്തില്‍ പങ്കെടുത്തവരുടെ മസ്തിഷ്‌കം ഫങ്ഷണല്‍ മാഗ്നെറ്റിക്ക് റിസോണന്‍സ് ഇമേജിംഗ് മെഷീന്‍ ഉപയോഗിച്ച് പരിശോധിക്കുകയയാണ് ഇവര്‍ ആദ്യം ചെയ്തത്. മുന്‍പ് സഞ്ചരിച്ചിട്ടുള്ള ഒരു സ്ഥലത്തു കൂടി നടക്കുന്നതായി ചിന്തിക്കാന്‍ ഇവരോട് ആവശ്യപ്പെട്ടു. വര്‍ത്തമാന കാലഘട്ടത്തിലും ഭാവിയിയും അതേ സ്ഥലത്തു കൂടി നടക്കുന്നതായി സങ്കല്‍പ്പിക്കുന്നതും പരിശോധിച്ചു. മൂന്ന് സമയങ്ങളിലും തലച്ചോറിന്റെ വ്യത്യസ്ഥ ഭാഗങ്ങള്‍ പല വിധത്തിലാണ് പ്രതികരിക്കുന്നതെന്നാണ് കണ്ടെത്തിയത്.
തലച്ചോറിന്റെ വിവിധ ഭാഗങ്ങളായ ലെഫ്റ്റ് ഫ്രന്റല്‍ കോര്‍ട്ടെക്‌സ്, സെറിബെല്ലം, തലാമസ് തുടങ്ങിയവയയുടെ പ്രതികരണങ്ങളാണ് നിരീക്ഷണ വിധേയമാക്കിയത്. ഗവേഷണ ഫലം നാഷണല്‍ അക്കാദമി ഓഫ് സയന്‍സിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാനസിക ടൈം ട്രാവല്‍ രണ്ട് സ്വതന്ത്ര പ്രക്രിയകളായാണ് നടക്കുന്നതെന്ന് ഗവേഷക സംഘത്തിലെ അംഗം എന്‍ഡല്‍ ടുല്‍വിംഗ് പറഞ്ഞു. സിനിമയില്‍ കാണുന്നതു പോലെ കഥാപാത്രങ്ങളും സംഭവങ്ങളുമെല്ലാം തെളിഞ്ഞു വരുന്ന രീതിയിലുള്ള ഒരു പ്രക്രിയയും. ഭാവിയിലോ കഴിഞ്ഞുപോയ കാലഘട്ടത്തിലേയോ വര്‍ത്തമാനത്തിലെയോ നടക്കുന്ന സംഭവ വികാസങ്ങളെ അടയാളപ്പെടുത്തുന്ന മറ്റൊരു പ്രക്രിയയും.
ക്രോണസ്‌തേഷ്യ അഥവാ മാനസികമായ ടൈംട്രാവല്‍ തികച്ചും പുതിയ ആശയമാണ്. ഭൂതകാലത്തിലും വര്‍ത്തമാനത്തിലും ഭാവിയിലുമുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പ്രവര്‍ത്തനക്ഷമമാകുന്ന മേഖലകള്‍ തലച്ചോറിലുണ്ടെന്ന് കണ്ടെത്തിയതാണ് ഈ പഠനത്തില്‍ വ്യക്തമായത്. വിഷയത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നു വരികയാണ്.
ലണ്ടന്‍: കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍, പ്രത്യേകിച്ച് കോളകളുടെ ഉപയോഗം മനുഷ്യന്റെ പ്രത്യുല്‍പാദനശേഷിയെ ബാധിക്കുമെന്ന് പഠനം. ദിവസവും കോള കുടിക്കുന്നത് പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനു പുറമേയാണ് ഇത്. ദിവസവും ഒരു ക്യാന്‍ കോക്കകോള കുടിച്ചാല്‍ അത് സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്നതിനുള്ള സാധ്യത 20 ശതമാനം വരെ കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്. ഒരു ക്യാന്‍ കോക്കില്‍ 46 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഒരു ദിവസം 30 ഗ്രാം പഞ്ചസാരയില്‍ കൂടുതല്‍ ഉപയോഗിക്കരുതെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ടൈപ്പ് 2 പ്രമേഹം, അമിതവണ്ണം, കുട്ടികളില്‍ നേരത്തേയുണ്ടാകുന്ന ആര്‍ത്തവം, ശുക്ലത്തില്‍ ബീജങ്ങളുടെ എണ്ണം കുറയുക തുടങ്ങിയ അവസ്ഥകള്‍ക്ക് കോള ഉപയോഗം കാരണമാകുമെന്നാണ് വ്യക്തമായിരിക്കുന്നത്.
അതുകൊണ്ട് സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്‍മാര്‍ക്കും കോളയുടെ ഉപയോഗം വന്ധ്യതയുണ്ടാക്കും. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ വിദഗ്ദ്ധരാണ് പഠനം നടത്തിയത്. അമേരിക്കയിലും ക്യാനഡയിലുമുള്ള 21നും 45നുമിടയില്‍ പ്രായമുള്ള 3828 സ്ത്രീകളില്‍ നടത്തിയ പഠനം പഞ്ചസാരയടങ്ങിയ പാനീയങ്ങളും വന്ധ്യതയുമായുള്ള ബന്ധം വ്യക്തമാക്കുന്നു. ഈ സ്ത്രീകളുടെ 1045 പങ്കാളികളെയും പഠനത്തിന് വിധേയരാക്കി. ജീവിതശൈലി, മെഡിക്കല്‍ ഹിസ്റ്ററി, ആഹാരം, കോളകളുടെ ഉപയോഗം തുടങ്ങിയ കാര്യങ്ങളാണ് ചോദിച്ചറിഞ്ഞത്.
സ്ത്രീകളുടെ കോള ഉപയോഗം ഓരോ മാസത്തിലും ഗര്‍ഭം ധരിക്കാനുള്ള സാധ്യതകളെ 20 ശതമാനം ഇല്ലാതാക്കുന്നുണ്ടെന്ന് കണ്ടെത്തി. ഒന്നിലേറെ ക്യാനുകള്‍ ഉപയോഗിക്കുന്നവര്‍ ഗര്‍ഭിണികളാകാന്‍ 25 ശതമാനം സാധ്യത കുറവാണെന്നും വ്യക്തമായി. കോളകള്‍ ഉപയോഗിക്കുന്ന പുരുഷന്‍മാര്‍ക്ക് തങ്ങളുടെ പങ്കാളികളെ ഗര്‍ഭിണികളാക്കാനുള്ള കഴിവ് 33 ശതമാനം കുറയുന്നതായും പഠനം കണ്ടെത്തി. ഡയറ്റ് കോളകളും അമിതമായി പഞ്ചസാരയടങ്ങിയ ഫ്രൂട്ട് ജ്യൂസുകളും ഇതേവിധത്തില്‍ പാര്‍ശ്വഫലങ്ങളുള്ളവയാണെന്നും കണ്ടെത്തിയിട്ടുണ്ട്.