Main News

പരിചരണത്തെക്കുറിച്ച് രോഗികളും ജീവനക്കാരും പങ്കുവെക്കുന്ന ആശങ്കകള്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ പുറത്തു വിടണമെന്ന് നിര്‍ദേശം. ഗോസ്‌പോര്‍ട്ട് സ്‌കാന്‍ഡലിന്റെ വെളിച്ചത്തിലാണ് ഹെല്‍ത്ത് സെക്രട്ടറി ഈ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഗോസ്‌പോര്‍ട്ട് സ്വതന്ത്ര പാനല്‍ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചുകൊണ്ട് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ഈ നിര്‍ദേശം നല്‍കിയത്. ഗോസ്‌പോര്‍ട്ട് വാര്‍ മെമ്മോറിയല്‍ ഹോസ്പിറ്റിലുണ്ടായ മരണങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഈ വര്‍ഷം ആദ്യമാണ് സമര്‍പ്പിക്കപ്പെട്ടത്. രോഗികള്‍, അവരുടെ ബന്ധുക്കള്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ക്ക് ചെവി കൊടുക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചാണ് ഹാന്‍കോക്ക് തന്റെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞത്.

ഗോസ്‌പോര്‍ട്ട് ആശുപത്രിയില്‍ നടന്നത് ഒരിക്കലും നടക്കാന്‍ പാടില്ലാത്തതും ഞെട്ടിക്കുന്നതുമായ സംഭവമാണ്, അതില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ നാം തയ്യാറാകണമെന്നും ഹാന്‍കോക്ക് പറഞ്ഞു. നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്‌കാരങ്ങള്‍ സുതാര്യവും മരുന്നുകള്‍ നല്‍കുന്നതിലുള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമാണ്. ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഓരോ മരണത്തിലും അന്വേഷണവും ഉണ്ടാകും. അതായത് മുന്നറിയിപ്പുകള്‍ നേരത്തേ തന്നെ സ്വീകരിക്കുകയും അവയില്‍ നടപടി എടുക്കുകയും ചെയ്യും, അല്ലാതെ 25 വര്‍ഷത്തിന് ശേഷമല്ല! ഹാന്‍കോക്ക് വ്യക്തമാക്കി. രോഗികളും ജീവനക്കാരും ഉന്നയിച്ച വിഷയങ്ങളില്‍ എന്തു നടപടിയെടുത്തു എന്നത് ട്രസ്റ്റുകള്‍ എല്ലാ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യണം.

ഇതിനായി നിയമ ഭേദഗതി വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗോസ്‌പോര്‍ട്ട് വാര്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ 1988നും 2000നുമിടയില്‍ 656 രോഗികള്‍ മരിച്ചതിന് ഉത്തരവാദി ഡോ.ജെയിന്‍ ബാര്‍ട്ടന്‍ സ്വീകരിച്ച നിലപാടുകളാണെന്ന് വ്യക്തമായിരുന്നു. മരിച്ച രോഗികളുടെ ബന്ധുക്കള്‍ ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ശല്യക്കാരെന്ന് ഡോക്ടര്‍ക്ക് തോന്നിയ രോഗികള്‍ക്ക് അനാവശ്യ മരുന്നുകള്‍ നല്‍കിയെന്നും രോഗികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ മരണപ്പെട്ടുവെന്നുമാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്.

ലണ്ടന്‍: ബ്രിട്ടനില്‍ അതിശൈത്യം തുടരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഏറ്റവും കുറഞ്ഞ താപനില മൈനസ് അഞ്ച് ഡിഗ്രി സെല്‍ഷ്യസാണ്. വരും ദിവസങ്ങളില്‍ താപനില ഇനിയും താഴോട്ട് പോകാനാണ് സാധ്യത. കഴിഞ്ഞ മഞ്ഞുകാലത്ത് ബ്രിട്ടനെ വിറപ്പിച്ച് ‘ബീസ്റ്റ് ഫ്രം ഈസ്റ്റ്’ ശൈത്യക്കാറ്റിന്റെ ചെറിയ രൂപം വരും ദിവസങ്ങളില്‍ രാജ്യത്തെത്തുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാല്‍ നവംബര്‍ കൂടുതല്‍ തണുക്കും. ഡിസംബറില്‍ കൊടും ശൈത്യമുണ്ടാകുമെന്ന മുന്നറിയിപ്പ് കൂടിയാണ് നവംബറിലെ കാലവസ്ഥാ റിപ്പോര്‍ട്ട്. പലയിടങ്ങളിലും മഞ്ഞുവീഴ്ച്ച ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍ ഇതൊരു അസാധാരണ പ്രതിഭാസമല്ല.

കഴിഞ്ഞ വര്‍ഷം രാജ്യത്തുണ്ടായ അതിശൈത്യത്തിന് കാരണമായത് ബീസ്റ്റ് ഫ്രം ഈസ്റ്റ് എന്ന പ്രതിഭാസമായിരുന്നു. താപനില അസാധാരണമായി താഴ്ന്നതോടെ ജനജീവിതം സ്തംഭിച്ചിരുന്നു. ഇത്തവണ നവംബറില്‍ തന്നെ ബീസ്റ്റ് ഫ്രം ഈസ്റ്റിന്റെ മിനി രൂപം രാജ്യത്തെത്തുമെന്നത് ചെറിയ ആശങ്ക ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഭയപ്പെടാനില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. നിലവിലെ അവസ്ഥ തന്നെയായിരിക്കും അടുത്ത ആഴ്ച്ചയിലുമെന്നാണ് കാലാവസ്ഥാ നിരീക്ഷകനായ ബെക്കി മിച്ചല്‍ പ്രവചിച്ചിരിക്കുന്നത്. ഉയരമുള്ള പ്രദേശങ്ങളില്‍ മൈനസ് അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടാതെ മഞ്ഞ് വീഴ്ച്ചയുമുണ്ട്.

താഴ്ന്ന പ്രദേശങ്ങളിലും ചെറിയതോതില്‍ മഞ്ഞ് വീഴ്ച്ച ഉണ്ടായിട്ടുണ്ട്. സൗത്ത്-ഈസ്റ്റിലും സമാനമാണ്. ഈ ആഴ്ച്ചയില്‍ മാത്രമല്ല, ചിലപ്പോള്‍ സമാന താപനില പിന്നിടുള്ള ദിവസങ്ങളില്‍ തുടരാനും സാധ്യതയുണ്ട്. നോര്‍ത്തേണ്‍ മലനിരകളില്‍ മഞ്ഞ് വീഴ്ച്ചയുള്ളതായും ബെക്കി മിച്ചല്‍ വ്യക്തമാക്കി. ഇന്ന് ഏറ്റവും നല്ല കാലവസ്ഥാ ലഭിക്കുക ഇംഗ്ലണ്ടിലെ സൗത്ത് വെസ്റ്റ് ഭാഗങ്ങളിലായിരിക്കും. 10 ഡിഗ്രി സെല്‍ഷ്യസായിരിക്കും ഇവിടങ്ങളിലെ താപനിലയെന്ന് ബെക്കി മിച്ചല്‍ പറഞ്ഞു. നോര്‍വിച്ച്, ന്യൂകാസില്‍, മാഞ്ചസ്റ്റര്‍ എന്നീ സ്ഥലങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ മഞ്ഞ് വീഴ്ച്ചയ്ക്ക് സാധ്യതയുണ്ട്. വീക്കന്‍ഡിലേക്ക് എത്തുമ്പോഴേക്കും തണുപ്പ് കനക്കുമെന്നാണ് സൂചനയെന്നും ബെക്കി മിച്ചല്‍ കൂട്ടിച്ചേര്‍ത്തു.

തെരേസ മേയെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് താഴെയിറക്കാന്‍ നടത്തിയ വിപ്ലവം വിജയിക്കാതെ വന്നപ്പോള്‍ പുതിയ തന്ത്രവുമായി ടോറി എംപി ജേക്കബ് റീസ് മോഗ്. പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഇപ്പോള്‍ മേയെ നീക്കിയില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പിലും കണ്‍സര്‍വേറ്റീവുകളെ അവര്‍ തന്നെ നയിക്കുമെന്നും 2022ലെ തെരഞ്ഞെടുപ്പില്‍ മേയുടെ നേതൃത്വം ബ്രെക്‌സിറ്റ് അനുകൂലികള്‍ ആഗ്രഹിക്കുന്നില്ലെന്നും മോഗ് പറഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ 15 ശതമാനം വരുന്ന 48 എംപിമാരുടെ പിന്തുണയുണ്ടെങ്കില്‍ മേയ്‌ക്കെതിരെ അവിശ്വാ പ്രമേയം വോട്ടിനിടാന്‍ കഴിയും. ബാക്ക്‌ബെഞ്ചേഴ്‌സ് 1922 കമ്മിറ്റിയുടെ ചെയര്‍മാന്‍ സര്‍ ഗ്രഹാം ബ്രാഡിക്കാണ് കത്ത് നല്‍കേണ്ടത്. മേയ് ബ്രെക്‌സിറ്റ് കരട് ധാരണ അവതരിപ്പിച്ച് ആറു ദിവസം പിന്നിട്ടിട്ടും 26 പേര്‍ മാത്രമാണ് ബ്രാഡിക്ക് കത്ത് നല്‍കിയിട്ടുള്ളത്.

ഇതോടെയാണ് പ്രധാനമന്ത്രിക്കെതിരെ പാളയത്തില്‍ പടയ്ക്ക് നേതൃത്വം കൊടുക്കുന്ന മോഗ് തന്ത്രം മാറ്റിയത്. ആവശ്യമായ പിന്തുണ ലഭിക്കില്ലെന്ന് മനസിലായതോടെ അത് ലഭിക്കുന്നതു വരെ ക്ഷമിക്കാം എന്ന നിലപാടിലാണ് മോഗ്. യൂറോപ്പ് വിരുദ്ധ എംപിമാരുടെ യൂറോപ്യന്‍ റിസര്‍ച്ച് ഗ്രൂപ്പ് തലവനായ മോഗ് ഇന്നലെയാണ് നിലപാട് മാറ്റിയത്. 48 പേരുടെ പിന്തുണ ലഭിച്ചില്ലെങ്കില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ കഴിയില്ല. ഇതോടെ ബ്രെക്‌സിറ്റ് അനുകൂലികളായ ടോറികള്‍ മേയുടെ നേതൃത്വത്തില്‍ അതൃപ്തരാണെന്ന സന്ദേശം അണികളിലും നേതാക്കളിലും എത്തിക്കാനാണ് ഇദ്ദേഹം ശ്രമിക്കുന്നത്.

പാര്‍ട്ടിക്കുള്ളില്‍ കലാപമുയര്‍ന്നിട്ടും തെരേസ മേയ്ക്ക് കാര്യമായ ഭീഷണിയില്ലെന്നതാണ് വിമത കലാപത്തിന്റെ പരാജയം വ്യക്തമാക്കുന്നത്. ഇപ്പോള്‍ മേയ്‌ക്കെതിരെ കത്തു നല്‍കിയവര്‍ പോലും രഹസ്യമായി അതു വേണ്ടായിരുന്നു എന്ന് സമ്മതിക്കുന്നവരാണെന്നും ചില എംപിമാര്‍ പറയുന്നു. യൂറോപ്പ് വിരുദ്ധരെന്ന് അറിയപ്പെടുന്ന ഇയാന്‍ ഡങ്കന്‍സ്മിത്ത്, ബെര്‍ണാര്‍ഡ് ജെന്‍കിന്‍സ് എന്നിവര്‍ പ്രധാനമന്ത്രിക്കെതിരെ കത്തു നല്‍കാന്‍ വിസമ്മതിച്ചവരാണ്.

ഒരു കുട്ടി മാത്രമേയുള്ളുവെങ്കിലും കുടുംബം നോക്കാനുള്ള ബുദ്ധിമുട്ടുകള്‍ പറയുന്നവരാണ് നമ്മളില്‍ ഏറെയും. കുട്ടിയുടെ കാര്യം നോക്കിയിട്ട് ജോലിക്ക് പോകാന്‍ തയ്യാറെടുക്കാന്‍ പോലും സമയമില്ലാത്ത വീട്ടമ്മമാരുടെ പരിഭവങ്ങള്‍ ദിവസവും നാം കേള്‍ക്കാറുണ്ട്. അപ്പോള്‍ 21 കുട്ടികളുള്ള ഒരു അമ്മയ്ക്ക് എന്തൊക്കെയായിരിക്കും ഒരു ദിവസം ചെയ്യേണ്ടി വരിക? ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബമാണ് സ്യൂവിന്റെയും നോയല്‍ റാഡ്‌ഫോര്‍ഡിന്റെയും. ലങ്കാഷയറിലെ മോര്‍കാംബില്‍ താമസിക്കുന്ന ഇവരുടെ 21-ാമത്തെ കുട്ടി ഈ മാസം ആദ്യമാണ് പിറന്നത്. 10 ബെഡ്‌റൂമുകളുള്ള ഒരു കണ്‍സവേര്‍ട്ടഡ് കെയര്‍ ഹോമാണ് ഇവരുടെ വീട്. ഇപ്പോള്‍ 43 വയസുള്ള സ്യൂ താന്‍ എങ്ങനെയാണ് ഈ കുടുംബത്തെ കൈകാര്യം ചെയ്യുന്നതെന്ന് വിവരിക്കുന്നു.

ഒരു ദിവസം അലക്കാനുള്ള തുണികള്‍ മാത്രം 9 ലോഡ് വരും. ഇത് അലക്കുന്നതിനായി ഒരു മാസം 30 കുപ്പി വാഷിംഗ് ലിക്വിഡ് വേണ്ടി വരുമത്രേ! ഒരു ദിവസം നാല് ടോയ്‌ലെറ്റ് റോളുകള്‍ ഇവര്‍ക്ക് വേണ്ടി വരും. ഭക്ഷണത്തിനു വേണ്ടി ഒരാഴ്ച 300 പൗണ്ടാണ് ചെലവാകുക. ലോക്കല്‍ ബുച്ചറില്‍ നിന്ന് ഇറച്ചിയും പച്ചക്കറിക്കാരനില്‍ നിന്ന് പച്ചക്കറി സൗജന്യമായി ചോദിച്ചുമൊക്കെയാണ് ഭക്ഷണം തയ്യാറാക്കുന്നതെന്നും സ്യൂ പറയുന്നു. അടുക്കളയാണ് ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയം. പാചകത്തില്‍ കുട്ടികളും സഹായത്തിനെത്തും. മൂന്നോ നാലോ വിധത്തിലുള്ള ഭക്ഷണം ഒരുക്കേണ്ടി വരികയാണെങ്കില്‍ അത് വലിയ പ്രതിസന്ധിയായി മാറാറുണ്ടെന്നും സ്യൂ വ്യക്തമാക്കി.

എപ്പോഴും കുട്ടികള്‍ അരികിലുണ്ടെന്നതാണ് തന്റെ കുടുംബത്തിന്റെ ഏറ്റവും സന്തോഷകരമായ അവസ്ഥയെന്ന് അവര്‍ പറഞ്ഞു. വലിയ കുടുംബമുണ്ടായാല്‍ കുട്ടികള്‍ എപ്പോഴും നിങ്ങള്‍ക്കൊപ്പം കാണുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികളുമായുള്ള യാത്രയ്ക്ക് ഇവര്‍ ഒരു മിനി ബസാണ് ഉപയോഗിക്കുന്നത്. വീട്ടില്‍ നിന്ന് 10 മിനിറ്റ് മാത്രം അകലെയുള്ള സ്‌കൂളിലാണ് ഒമ്പത് കുട്ടികള്‍ പഠിക്കുന്നത്. ഇളയ കുട്ടികള്‍ മൂന്നു പേര്‍ സ്യൂവിനൊപ്പം വീട്ടില്‍ കാണും. കുട്ടികളെ എല്ലാവരെയും ഉറക്കി ഇവര്‍ ഉറങ്ങാനെത്തുമ്പോള്‍ 10 മണിയാകുമെന്നും സ്യൂ പറയുന്നു.

ഹോളിഡേ ആഘോഷത്തിനിടെ ഗുരുതരാവസ്ഥയിലായ ഉപഭോക്താക്കള്‍ക്ക് അടിയന്തര ചികിത്സാ സൗകര്യം ലഭ്യമാകാത്തതിനെത്തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ അന്വേഷണം. ബൂട്ട്‌സ് ട്രാവല്‍ ഇന്‍ഷുറന്‍സ് എന്ന കമ്പനിയുടെ മാതൃ കമ്പനിയായ ട്രാവല്‍ ഇന്‍ഷുറന്‍സ് ഫെസിലിറ്റീസിനെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം നാട്ടിലേക്ക് മടങ്ങാന്‍ എമര്‍ജന്‍സി ഫ്‌ളൈറ്റുകള്‍ ഏര്‍പ്പാടാക്കാന്‍ കമ്പനിക്ക് സാധിച്ചില്ലെന്നും ഇതു മൂലം ചികിത്സ ലഭിക്കാതെ ഉപഭോക്താക്കള്‍ മരിച്ചെന്നും കമ്പനിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. കമ്പനിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ മെഡിക്കല്‍ നെഗ്ലിജെന്‍സിനും ഫ്രോഡിനുമാണ് ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

പോളിസി ഉടമകള്‍ക്ക് ശരിയായ സുരക്ഷ നല്‍കിയില്ലെന്നാണ് കമ്പനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഹോളിഡേയില്‍ ചികിത്സ തേടിയവരില്‍ നിന്ന് അതിന് ചെലവായ പണം ഈടാക്കിയെന്ന ആരോപണവും കമ്പനിക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. യുകെയിലെ ഏറ്റവും വലിയ രണ്ടാമത്തെ ട്രാവല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് ട്രാവല്‍ ഇന്‍ഷുറന്‍സ് ഫെസിലിറ്റീസ്. ഹോളിഡേ സെയിഫ് ആന്‍ഡ് ആല്‍ഫ എന്ന കമ്പനിയും ട്രാവല്‍ ഇന്‍ഷുറന്‍സ് ഫെസിലിറ്റീസിന്റെ അനുബന്ധ കമ്പനിയായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെതിരെ ഫിനാന്‍ഷ്യല്‍ കോണ്‍ഡക്ട് അതോറിറ്റിയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പോളിസിയുടമകളെ തെറ്റിദ്ധരിപ്പിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ അന്വേഷണം.

ജീവന്‍ രക്ഷപ്പെടണമെങ്കില്‍ ചികിത്സയോ ശസ്ത്രക്രിയ പോലുമോ ആവശ്യമായി വരുന്നവര്‍ വിളിച്ചാല്‍ ഡോക്ടര്‍മാര്‍ ഫോണ്‍ എടുക്കാറില്ലെന്നും ചിലര്‍ പറയുന്നു. ടിഐഎഫ് സേവനം കൃത്യ സമയത്ത് ലഭിക്കാത്തതു മൂലം മസ്തിഷ്‌കത്തില്‍ രക്തസ്രാവമുണ്ടായ തന്റെ പിതാവ് ചികിത്സ ലഭിക്കാതെ മരിച്ചുവെന്ന് നിക്കോളാസ് കിംഗ്‌സ്ബറി എന്നയാള്‍ പറയുന്നു. നാട്ടിലേക്ക് അടിയന്തരമായി പോകണമെന്ന ആവശ്യം പോലും കമ്പനി നിരസിച്ചു. ബൂട്ട്‌സിന്റെ ഇന്‍ഷുറന്‍സ് കവര്‍ ഉണ്ടായിട്ടും ഒരു ഡീഫൈബ്രിലേറ്റര്‍ പോലുമില്ലാത്ത ആശുപത്രിയിലാണ് തന്റെ പിതാവ് മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കമ്പനിക്കെതിരെ അഞ്ചു കേസുകളാണ് എടുത്തിട്ടുള്ളതെന്നാണ് സൂചന. രണ്ടു ഡോക്ടര്‍മാര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.

ചെന്നൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് ലോക്‌സഭാ മണ്ഡലം എംപിയും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായ എം ഐ ഷാനവാസ്(67) അന്തരിച്ചു. ചെന്നൈ ക്രോംപേട്ടിലെ ഡോ.റെയ് ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സെന്ററില്‍ ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം.

പാന്‍ക്രിയാസ് ശസ്ത്രക്രിയ നടത്തിയിട്ടുളള അദ്ദേഹത്തിന് ദീര്‍ഘനാളായി ആരോഗ്യപ്രശ്നങ്ങള്‍ നിലനിന്നിരുന്നു. കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നവംബര്‍ ഒന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്  നവംബര്‍ രണ്ടിന് കരള്‍ മാറ്റ ശസ്ത്രക്രിയയും നടത്തിയിരുന്നു. എന്നാല്‍ അണുബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആവുകയായിരുന്നു

മൃതദേഹം ബുധനാഴ്ച ഉച്ചയ്ക്കു ശേഷം ചെന്നൈയില്‍നിന്ന് വിമാനമാര്‍ഗം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ നൂര്‍ജഹാന്‍ മന്‍സിലില്‍ എത്തിക്കും. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് എറണാകുളം തോട്ടത്തുംപടി പള്ളി ഖബറിസ്ഥാനില്‍.

പ്രശസ്ത അഭിഭാഷകനായിരുന്ന  ഇബ്രാഹിംകുട്ടിയുടെയും നൂര്‍ജഹാന്‍ ബീഗത്തിന്റെയും മകനായി 1951 സെപ്റ്റംബര്‍ 22ന് കോട്ടയത്താണ് ഷാനവാസിന്റെ ജനനം. ഭാര്യ: ജുബൈദിയത്ത്. മക്കള്‍: ഹസീബ്, അമീനാ. മരുമക്കള്‍: എ.പി.എം. മുഹമ്മദ് ഹനീഷ് (മാനേജിങ് ഡയറക്ടര്‍ കെ.എം.ആര്‍.എല്‍.).തെസ്ന.

കെ എസ് യുവിലൂടെയാണ് ഷാനവാസിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടര്‍ന്ന് 1972-73 കാലത്ത് കാലിക്കട്ട് യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍, 1978 ല്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, 1983ല്‍ കെ പി സി സി ജോയന്റ് സെക്രട്ടറി, 1985ല്‍ കെ പി സി സി വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

1987ലും 1991ലും വടക്കേക്കരയിലും ,1996 ല്‍ പട്ടാമ്പിയിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും1999ലും 2004ലും ചിറയന്‍കീഴ് ലോക്സഭമണ്ഡലത്തിലും മത്സരിച്ച് പരാജയപ്പെട്ടിട്ടുണ്ട്.

2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് ഏറ്റവും അധികം ഭൂരിപക്ഷം നേടി വിജയിച്ചത് ഷാനവാസായിരുന്നു. എ റഹ്മത്തുള്ളയായിരുന്നു അന്ന് ഷാനവാസിന്റെ എതിരാളി.1,53,439 വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്. 2014ലെ തിരഞ്ഞെടുപ്പില്‍ സി പി ഐയിലെ സത്യന്‍ മൊകേരിയായിരുന്നു ഷാനവാസിന്റെ എതിര്‍ സ്ഥാനാര്‍ഥി. 20870 വോട്ടുകള്‍ക്ക് ഷാനവാസ് അത്തവണയും വിജയം ആവര്‍ത്തിച്ചു.

 

യൂറോപ്യന്‍ യൂണിയന്‍ കൊണ്ടുവരാന്‍ ഇടയുള്ള നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ ഗൂഗിള്‍ ന്യൂസ് യൂറോപ്പിലെ തങ്ങളുടെ സേവനങ്ങള്‍ അവസാനിപ്പിച്ചേക്കുമെന്ന് സൂചന. ലിങ്ക് ടാക്‌സ് ഏര്‍പ്പെടുത്തന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ അംഗീകാരം നല്‍കിയെന്നാണ് വിവരം. സെപ്റ്റംബറില്‍ അവതരിപ്പിച്ച ഈ ലെജിസ്ലേഷന്‍ മ്യൂസിക്, സിനിമ, മീഡിയ പബ്ലിഷിംഗ് കമ്പനികളുടെ കോപ്പിറൈറ്റ് നിയമങ്ങള്‍ പുനരവലോകനം ചെയ്യുന്നു.. ഇതനുസരിച്ച് വാര്‍ത്തകള്‍ ഗൂഗിള്‍ ന്യൂസിലും യൂട്യൂബിലും ഉള്‍പ്പെടുത്തണമെങ്കില്‍ അവ തയ്യാറാക്കുന്ന കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പണം നല്‍കണം. ഗൂഗിളിന്റെ ന്യൂസ് ആപ്പിനെയും വെബ്‌സൈറ്റിനെയുമാണ് പബ്ലിഷര്‍മാര്‍ ഏറെ ആശ്രയിക്കുന്നതെങ്കിലും ഗൂഗിള്‍ നല്‍കുന്ന ഓണ്‍ലൈന്‍ പരസ്യങ്ങള്‍ അമിതമാകരുതെന്ന ആവശ്യം ഇവര്‍ പതിവായി ഉന്നയിക്കാറുണ്ട്.

യൂറോപ്യന്‍ യൂണിയനിലെ 500 മില്യന്‍ ആളുകളില്‍ നിന്ന് ഗൂഗിള്‍ ന്യൂസ് സേവനങ്ങള്‍ ഇല്ലാതായേക്കുമെന്ന സൂചനയാണ് യൂറോപ്യന്‍ യൂണിയന്‍ അവതരിപ്പിക്കാനിരിക്കുന്ന നിയമത്തിനെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് ഗൂഗിള്‍ നല്‍കിയത്. ഇത് വാര്‍ത്താ മാധ്യമങ്ങളെ ബാധിക്കാനും സാധ്യതയുണ്ട്. സ്‌പെയിനില്‍ ഇതേ വിധത്തില്‍ നികുതി ഏര്‍പ്പെടുത്താന്‍ 2014ല്‍ ഗവണ്‍മെന്റ് ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സ്‌പെയിനില്‍ നിന്ന് ഗൂഗിള്‍ ന്യൂസ് കമ്പനി പിന്‍വലിച്ചു. സ്പാനിഷ് ന്യൂസ് വെബ്‌സൈറ്റുകളുടെ ട്രാഫിക് ശോചനീയമായി ഇടിയുകയായിരുന്നു ഇതിന്റെ ഫലം. ഇതേ അവസ്ഥ യൂറോപ്പിലുണ്ടാകുന്നതില്‍ താല്‍പര്യമില്ലെന്നാണ് ഗൂഗിള്‍ ന്യൂസ് െൈവെസ് പ്രസിഡന്റ് പറഞ്ഞത്.

ഗൂഗിള്‍ ന്യൂസ് സേവനങ്ങള്‍ അവസാനിപ്പിച്ചാല്‍ പുതിയ ന്യൂസ് വെബ്‌സൈറ്റുകള്‍ക്ക് ഉപയോക്താക്കളെ ലഭിക്കാതെ വരും. കമ്പനി ഈ ആപ്പിലൂടെ ലാഭമുണ്ടാക്കുന്നില്ല. അതുകൊണ്ടു തന്നെ നിയമം പ്രാബല്യത്തിലായാല്‍ സേവനം അവസാനിപ്പിക്കുന്നതില്‍ വലിയ ബുദ്ധിമുട്ട് കമ്പനിക്കില്ലെന്നും വൈസ് പ്രസിഡന്റ് ജിന്‍ഗ്രാസ് പറഞ്ഞു. ബ്രെക്‌സിറ്റ് ട്രാന്‍സിഷന്‍ കാലം അവസാനിക്കുന്നതിനു മുമ്പ് നിയമം നടപ്പാക്കിയാല്‍ യുകെയിലും ഗൂഗിള്‍ ന്യൂസ് ലഭിച്ചേക്കില്ല.

സ്‌ട്രോക്ക് വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന രോഗികള്‍ക്ക് വിഷം നല്‍കിയെന്ന സംശയത്തെത്തുടര്‍ന്ന് നഴ്‌സിനെ അറസ്റ്റ് ചെയ്തു. ലങ്കാഷയര്‍, ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലിലെ നഴ്‌സാണ് അറസ്റ്റിലായിരിക്കുന്നത്. രോഗികള്‍ക്ക് ഹാനിയുണ്ടാക്കുന്ന വിധത്തില്‍ വിഷമോ മാരകമായ വസ്തുക്കളോ രോഗികള്‍ക്ക് ഇവര്‍ നല്‍കിയെന്ന സംശയത്തെത്തുടര്‍ന്നാണ് അന്വേഷണം നടത്തുന്നതെന്നാണ് പോലീസ് വിശദീകരിക്കുന്നത്. നഴ്‌സിനെതിരെ സഹപ്രവര്‍ത്തകരാണ് ആദ്യം സംശയമുന്നയിച്ചത്. ഇതേത്തുടര്‍ന്ന് ബ്ലാക്ക്പൂള്‍ ടീച്ചിംഗ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് നവംബര്‍ 8ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. രോഗികള്‍ക്ക് മരുന്നുകള്‍ നല്‍കുന്നതില്‍ ട്രസ്റ്റ് മതിയായ ശ്രദ്ധ ചെലുത്തുന്നില്ലെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നഴ്‌സ് പിടിയിലാകുന്നത്. ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലിലെ ഒരു ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളിലാണ് അറസ്റ്റ് നടന്നിരിക്കുന്നതെന്ന് ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ ജില്‍ ജോണ്‍സ്റ്റണ്‍ പറഞ്ഞു. അന്വേഷണം കുറച്ച് സങ്കീര്‍ണ്ണമാണെന്നും ഒരു പ്രത്യേക ഡിറ്റക്ടീവ് സംഘത്തെ ഇതിനായി നിയോഗിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രോഗികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുകയാണ് പ്രാഥമിക ലക്ഷ്യമെന്നും പോലീസ് അറിയിക്കുന്നു.

ജീവനക്കാരുടെ കുറവു മൂലം ഏജന്‍സി നഴ്‌സുമാരെ കണക്കിലധികം നിയോഗിക്കുന്നുവെന്ന പരാതി ഈ ആശുപത്രിക്കെതിരെ നിലവിലുണ്ട്. എന്നാല്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന നഴ്‌സ് ഇവിടത്തെ സ്ഥിരം ജീവനക്കാരിയാണെന്നാണ് വിവരം. ഇവരെ സസ്‌പെന്‍ഡ് ചെയ്തത് സ്‌ട്രോക്ക് യൂണിറ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് വെന്‍ഡ് സ്വിഫ്റ്റ് പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ ഗൗരവത്തോടെയാണ് തങ്ങള്‍ കാണുന്നതെന്നും അതുകൊണ്ടാണ് പെട്ടെന്നു തന്നെ പോലീസിനെ വിവരം അറിയിച്ചതെന്നും സ്വിഫ്റ്റ് വ്യക്തമാക്കി.

ലിവര്‍പൂള്‍: നടുറോഡില്‍ റൗഡിത്തരം കാണിക്കുകയും മക്‌ഡൊണാള്‍ഡ്‌സ് ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്ത കൗമാരക്കാരെ മാതാപിതാക്കള്‍ നേരിട്ട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കി. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഉള്‍പ്പെടുന്ന 13 അംഗ സംഘത്തെയാണ് മാതാപിതാക്കള്‍ നേരിട്ടെത്തി പോലീസില്‍ ഏല്‍പ്പിച്ചത്. 13നും 16നും ഇടയില്‍ പ്രായമുള്ളവരാണ് എല്ലാവരും. ഇവര്‍ സ്ഥിരം പ്രശ്‌നക്കാരാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. നല്ല നടപ്പിനുള്ള ശാസന നല്‍കിയ ശേഷം പോലീസ് ഇവരെ വിട്ടയച്ചു. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കിയാല്‍ ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ലിവര്‍പൂളിലെ റീട്ടെയില്‍ പാര്‍ക്കില്‍ വെച്ചാണ് ഇവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ജീവനക്കാരെ അപമാനിക്കുകയും ചെയ്തത്. മക്‌ഡൊണാള്‍ഡ്‌സ്, സെയിന്‍സ്‌ബെറീസ്, ബി ആന്റ് എം റീട്ടെയില്‍ പാര്‍ക്കില്‍ വെച്ച് ജീവനക്കാരുമായി തര്‍ക്കിച്ച കൗമാരക്കാര്‍ അനാവശ്യമായി ബഹളം വെക്കുകയും ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇവരോട് സ്ഥാപനം വിട്ടുപോകാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതരായ കുട്ടികള്‍ ജീവനക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. അവിടേക്ക് കടന്നുവന്ന ഉപഭോക്താക്കളുടെ കാറുകള്‍ക്ക് നേരെ ഇവര്‍ കല്ലെറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

ഇവരുടെ പ്രവൃത്തികളെല്ലാം സിസിടിവി ക്യാമറയില്‍ പതിഞ്ഞതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. വാല്‍ട്ടണ്‍ ലെയിന്‍ പോലീസ് സ്‌റ്റേഷന്‍ അധികാരികളും വിദഗദ്ധരും അടങ്ങിയ സംഘമാണ് ഹാജരായ കൗമാരക്കാരുമായി സംസാരിച്ചത്. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഇവര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. നിരന്തരമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് തുടര്‍ന്നതോടെയാണ് മക്കളെ പോലീസില്‍ ഏല്‍പ്പിക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചത്.

ലണ്ടന്‍: ജീവനക്കാരുടെ അപര്യാപ്തത മൂലം യുകെയിലെ പ്രധാനപ്പെട്ട ആശുപത്രി യൂണിറ്റുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. ദി ഗാര്‍ഡിയനാണ് ആയിരക്കണക്കിന് രോഗികളെ ആശങ്കയിലാഴ്ത്തുന്ന വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. പ്രധാനമായും കുട്ടികള്‍ക്ക് സ്‌പെഷ്യന്‍ വാര്‍ഡുകളും ക്യാന്‍സര്‍ വാര്‍ഡുകളുമാണ് അടച്ചുപൂട്ടല്‍ ഭിഷണി നേരിടുന്നത്. ഈ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാനാവശ്യമായ ഡോക്ടറര്‍മാരോ നഴ്‌സുമാരോ ഇല്ലാത്തതാണ് അടച്ചുപൂട്ടലിന് നിര്‍ബന്ധിതമാക്കിയിരിക്കുന്നത്. യൂ.കെയില്‍ ആയിരങ്ങള്‍ അധികം ദൂരം സഞ്ചരിച്ചാണ് കൃത്യമായ ചികിത്സ തേടുന്നത്. പല സ്ഥലങ്ങളിലും ആവശ്യമായി ചികിത്സാ സൗകര്യങ്ങളോ ജീവനക്കാരോ ഇല്ലെന്ന് രോഗികള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ അധികമായി ഏറെ ദൂരം സഞ്ചരിച്ചാണ് മിക്ക രോഗികളും ചികിത്സ തേടുന്നത്.

എന്‍.എച്ച്.എസ് ജീവനക്കാരുടെ അപര്യാപ്തത മൂലം രോഗികള്‍ വലയുന്നതായി നേരത്തെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജീവനക്കാരില്ലാത്തത് മിക്ക നഴ്‌സുമാര്‍ക്കും അധിക ബാധ്യത നല്‍കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മിക്ക ജീവനക്കാര്‍ക്കും അധിക സമയം ജോലി ചെയ്യേണ്ടി വരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജീവനക്കാരുടെ അപര്യാപ്തത രോഗികള്‍ക്കാണ് ഇരുട്ടടിയാകുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഡെയിം ഡോണാ കിനായിര്‍ വ്യക്തമാക്കി. എല്ലാ ദിവസം ജീവനക്കാരുടെ അപര്യാപ്തത മൂലം രോഗികള്‍ക്കുണ്ടാകുന്ന കഥകളാണ് കേട്ടുകൊണ്ടിരിക്കുന്നതെന്ന് ഡെയിം ഡോണാ കിനായിര്‍ പറഞ്ഞു.

ജീവനക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടും അവ പരിഹാരിക്കാതെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അര്‍ത്ഥമില്ല. ജിവനക്കാരില്ലാത്തത് പ്രതികൂലമായി ബാധിക്കുന്നത് രോഗികളെ മാത്രമാണെന്നും റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഡെയിം ഡോണാ കിനായിര്‍ വ്യക്തമാക്കി. നേരത്തെ എന്‍.എച്ച്.എസ് പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികളുമായി സര്‍ക്കാര്‍ ഏജന്‍സികള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇവയൊന്നും പ്രാവര്‍ത്തികമായിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍. നഴ്‌സ്, ഡോക്ടര്‍ മാത്രമല്ല ഇതര ജോലികളും ചെയ്യാന്‍ ആളുകളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ക്യാന്‍സര്‍ പോലുള്ള യൂണിറ്റുകള്‍ അടച്ചിടേണ്ടി വരുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കും.

Copyright © . All rights reserved