Main News

ഓറിയെന്റല്‍ ഐ വേം ബ്രിട്ടനിലെത്തുമെന്ന് ആശങ്ക. തെലാസിയ കാലിപീഡ അല്ലെങ്കില്‍ ഒറിയെന്റല്‍ ഐ വേം എന്നറിയപ്പെടുന്ന കണ്ണുകളില്‍ വിരകളുണ്ടാകുന്ന രോഗം സാധരണഗതിയില്‍ മൃഗങ്ങളിലാണ് കണ്ടുവരുന്നത്. വളര്‍ത്തു നായകളുടെ കണ്ണുകളിലാണ് ഇവ സാധാരണയായി പടര്‍ന്നു പിടിക്കാറ്. ഒരു തരം പഴയീച്ച മൃഗങ്ങളുടെ കണ്ണുകളില്‍ നിക്ഷേപിക്കുന്ന ലാര്‍വകളാണ് ഈ വിരകള്‍. യൂറോപ്പില്‍ സാധാരണമായ ഈ രോഗം യുകെയില്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതായി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞയാഴ്ച യുഎസ് സ്വദേശിയായ യുവതിയുടെ കണ്ണില്‍ ഇത്തരം വിരകളെ കണ്ടെത്തിയിരുന്നു. ഏതാണ്ട് പതിനാലോളം വിരകളാണ് യുവതിയുടെ കണ്ണില്‍ നിന്നും നീക്കം ചെയ്തത്. രോഗം ബ്രിട്ടനിലേക്ക് പടരുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

2016 സമ്മറില്‍ ഒറിഗോണ്‍ സ്വദേശിയായ ആബി ബെക്ക്‌ലി എന്ന 26 കാരിക്ക് കന്നുകാലി ഫാമിംഗ് പ്രദേശത്തുകൂടി നടത്തിയ കുതിര സവാരിക്ക് ശേഷം കണ്ണില്‍ കരട് കുടുങ്ങിയത് പോലെ ബുദ്ധിമുട്ട് അനുഭവപ്പെടാന്‍ തുടങ്ങി. കണ്‍പീലി കൊഴിഞ്ഞു വീണതിന്റെ അസ്വസ്ഥതയായിരിക്കാമെന്നാണ് ആദ്യം ഇവര്‍ കരുതിയത്. പിന്നീടാണ് കണ്ണില്‍ വിരകളാണെന്ന് ഇവര്‍ക്ക് മനസ്സിലായത്. കണ്ണിലേക്ക് നോക്കിയ സമയത്ത് എന്തോ ചലിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും വെറും അഞ്ച് സെക്കന്റുകള്‍ക്കുള്ളില്‍ കണ്ണിലെ വിര ചത്തതായും ആബി ബെക്ക്‌ലി പറയുന്നു. ഇതേ തരത്തിലുള്ള വിരകളാണ് ബ്രിട്ടനില്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നത്.

ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷന്‍ ആന്റ് ഗ്ലോബല്‍ ഹെല്‍ത്തിലെ ഡോ. ജോണ്‍ ഗ്രഹാം ബ്രൗണിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് രോഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രോഗം ബാധിച്ച മൂന്ന് നായകളില്‍ പഠനം നടത്തിയ ഡോ.ജോണിന്റെ നേതൃത്വത്തിലുള്ള സംഘം യൂറോപ്പിലെ വളര്‍ത്തു മൃഗങ്ങളില്‍ രോഗ ലക്ഷണങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. കണ്ണുകളെ ആക്രമിക്കുന്ന ഇത്തരം വിരകള്‍ മനുഷ്യര്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നതായി ഇവര്‍ മുന്നറയിപ്പ് നല്‍കുന്നു.

രോഗം പടര്‍ന്നു കഴിഞ്ഞ പ്രദേശങ്ങളില്‍ നിന്ന് വളര്‍ത്തു നായകളെ കൊണ്ടുവരുന്നത് യുകെയിലേക്കും തെലാസിയ കാലിപീഡ വരാന്‍ കാരണമായേക്കുമെന്ന് പഠനം പറയുന്നു. സസ്തനി വര്‍ഗ്ഗങ്ങില്‍പെട്ട ജന്തു ജാലങ്ങളില്‍ ഇവ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും മനുഷ്യനിലെത്താനുള്ള സാധ്യതകള്‍ ഏറെയാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. കൃത്യമായി രോഗ നിര്‍ണ്ണയവും ചികിത്സയും നിലവില്‍ ലഭ്യമാണ്. അസുഖ ലക്ഷണങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ എത്രയും വേഗം വിദഗ്ദ്ധ ചികത്സ തേടണമെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു.

സ്‌പെയിന്‍ തീരത്ത് ബ്രിട്ടീഷ് മുങ്ങിക്കപ്പലും ടാങ്കറും കൂട്ടിയിടിച്ച സംഭവത്തില്‍ ഷിപ്പ് കമാന്റര്‍ ജസ്റ്റിന്‍ കോഡ് കുറ്റക്കാരനാണെന്ന് കോടതി. 1.1 ബില്ല്യണ്‍ പൗണ്ട് മൂല്യമുള്ള ബ്രിട്ടീഷ് മുങ്ങിക്കപ്പലാണ് ടാങ്കര്‍ കപ്പലുമായി കൂട്ടിയിടിച്ചത്. കപ്പലുകള്‍ കൂട്ടിയിടിക്കുന്ന സമയത്ത് ട്രെയിനി വിദ്യാര്‍ത്ഥികളായിരുന്നു കപ്പല്‍ നിയന്ത്രിച്ചിരുന്നത്. കൂട്ടിയിടിച്ചനെത്തുടര്‍ന്ന് അസ്റ്റ്യൂട്ട് ക്ലാസ് മുങ്ങിക്കപ്പലിന് മുന്ന് മാസത്തോളം നീണ്ടു നിന്ന അറ്റകുറ്റ പണികള്‍ നടത്തേണ്ടതായി വന്നിട്ടുണ്ട്. ഏതാണ്ട് 2.1 മില്ല്യണ്‍ പൗണ്ടാണ് കമാന്ററുടെ അശ്രദ്ധ മൂലമുണ്ടായ നഷ്ടം. ജിബ്രാള്‍ട്ടര്‍ തീരത്തിനടുത്ത് 2016 ജൂലൈയില്‍ നടന്ന അപകടത്തെത്തുടര്‍ന്ന് എച്ച്എംഎസ് ആംബുഷിന്റെ കോണിംഗ് ടവറിന് കാര്യമായ തകരാറ് സംഭവിച്ചിരുന്നു.

അപകട സമയത്ത് കമാന്റര്‍ കോഡ് ട്രെയിനികള്‍ക്ക് പെരിഷര്‍ ട്രയിനിംഗ് നല്‍കുകയായിരുന്നു. ട്രെയിംനിഗിന്റെ അവസാന ദിനമായിരുന്നു അത്. വിദ്യാര്‍ത്ഥികളായിരുന്നു സബ്മറൈന്‍ ഷിപ്പ് പൂര്‍ണമായും നിയന്ത്രിച്ചിരുന്നത്. പെരിസ്‌കോപ്പ് വഴി മറ്റു ഷിപ്പുകളുടെ സഞ്ചാരം വീക്ഷിക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ക്ക് അപകടം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. കപ്പലില്‍ രണ്ട് പെരിസ്‌കോപ്പ് ഉണ്ടായിട്ടും കമാന്റര്‍ കോഡ് അവ ഉപയിഗിച്ച് നിരീക്ഷണം നടത്തിയില്ലെന്ന് ക്യാപ്റ്റന്‍ ആറ്റ്‌വില്‍ കോടതിയില്‍ വാദിച്ചു. വിദ്യാര്‍ത്ഥികള്‍ സമീപത്തുണ്ടായിരുന്ന കഥാര്‍സിസ് എന്ന യാട്ടിലാണ് ശ്രദ്ധമുഴുവന്‍ കൊടുത്തിരുന്നത്. മുങ്ങിക്കപ്പലിന് തൊട്ടടുത്തായി ഉണ്ടായിരുന്ന എംവി ആന്‍ഡ്രിയാസ് എന്ന ടാങ്കറിലേക്ക വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ പതിഞ്ഞില്ലെന്നും ക്യാപ്റ്റന്‍ ആറ്റ്‌വില്‍ പറയുന്നു. കമാന്റര്‍ കോഡിന്റെ ഈ സമയത്തെ ശ്രദ്ധ മുഴുവന്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിലായിരുന്നെന്നും സുരക്ഷയേക്കുറിച്ച് അദ്ദേഹം ചിന്തിച്ചില്ലെന്നും ആറ്റ്‌വില്‍ പറഞ്ഞു.

കമാന്റര്‍ കോഡിന്റെ സര്‍വീസിനിടെയിലെ ഏറ്റവും മോശപ്പെട്ട ദിനങ്ങളില്‍ ഒന്നായിരുന്നു അപകടം നടന്ന ദിവസമെന്ന് പ്രതിഭാഗത്തിനു വേണ്ടി ഹാജരായ ക്യാപ്റ്റന്‍ സീന്‍ മുറെ പറയുന്നു. അപകടം നേരിടുന്നതിലേറ്റ പരാജയം കോഡിന്റെ ജീവിതാവസാനം വരെ അദ്ദേഹത്തിന്റെ കൂടെയുണ്ടാകും. പെരിഷര്‍ പരിശീലനമെന്നത് ഏറ്റവും കടുപ്പമേറിയ കോഴ്‌സുകളില്‍ ഒന്നായിട്ടാണ് അറിയപ്പെടുന്നത്. പരിശീലനത്തിന്റെ അവസാന ഘട്ടത്തിലാണ് കമാന്റര്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ നിയന്ത്രണവും നല്‍കുന്നത്. അത്തരമോരു ഘട്ടത്തിലായിരുന്നു കമാന്റര്‍ കോഡും വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം വിട്ടു നല്‍കിയതെന്നും ക്യാപ്റ്റന്‍ സീന്‍ മുറെ കോടതിയില്‍ ബോധിപ്പിച്ചു. മറ്റു ഓഫീസര്‍മാര്‍ക്കിടയില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന കമാന്റര്‍ കോഡ് അപകടത്തില്‍ നിന്നും പുതിയ പാഠങ്ങള്‍ ഉള്‍കൊണ്ടതായും ക്യാപ്റ്റന്‍ സീന്‍ പറഞ്ഞു.

ന്യൂസ് ഡെസ്ക്

ബ്രിട്ടണിൽ ഭൂചലനം. സ്വാൻസി കേന്ദ്രമായി 4.7 മാഗ്നിറ്റ്യൂഡിൽ ഉണ്ടായ ഭൂമികുലുക്കം കോൺവാൾ മുതൽ ബ്ലാക്ക്പൂൾ വരെയും അനുഭവപ്പെട്ടു. ഉച്ചയ്ക്കുശേഷം 2.30 നാണ് ഭൂമി കുലുക്കം ഉണ്ടായത്. സൌത്ത്  ഗ്ലോസ്സറ്റര്‍ഷെയറില്‍ 4.4 മാഗ്നിറ്റ്യൂഡിൽ ഭൂമികുലുക്കം ഉണ്ടായി.  പരിഭ്രാന്തരായ ജനങ്ങൾ ബ്രിസ്റ്റോളിൽ വീടിനു പുറത്തിറങ്ങി. നാശനഷ്ങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 

 

വെയിൽസിലും ഇംഗ്ലണ്ടിലുമാണ് ചലനം അനുഭവപ്പെട്ടത്. സ്വാൻസിയിൽ നിന്നും 20 കിലോമീറ്റർ നോർത്ത് – ഈസ്റ്റ് ഭാഗത്ത്  7.4 കിലോമീറ്റർ ആഴത്തിലാണ് ഭൂമി കുലുക്കത്തിന്റെ പ്രഭവകേന്ദ്രം. ഗ്ലോസ്റ്റർ, ചെൽട്ടന്‍ഹാം ഏരിയകളിൽ കുലുക്കം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. പല ഭാഗങ്ങളിലും ഇതുമൂലം പവർ കട്ട് ഉണ്ടായി. ആയിരക്കണക്കിനുു ഫോൺ കോളുകളാണ് എമർജൻസി സർവീസുകൾക്ക് ലഭിച്ചത്. 10 മില്യണിലേറെപ്പേർ ഭൂചലനം ഉണ്ടായ ഭൂപ്രദേശങ്ങളിൽ വസിക്കുന്നുണ്ട്.

വീടുകളുടെ ഭിത്തികൾക്ക് വിള്ളലുകൾ ഉണ്ടായതായി നിരവധി റിപ്പോർട്ടുകളുണ്ട്. സ്വാൻസി യൂണിവേഴ്സിറ്റി ഭൂമി കുലുക്കത്തെ തുടർന്ന് അടിയന്തിരമായി ഒഴിപ്പിച്ചു. അനേകം വീടുകളില്‍ വൈദ്യുതി , ടെലഫോണ്‍ , ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നഷടപ്പെട്ടു എന്ന് വെസ്റ്റേണ്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി റിപ്പോര്‍ട്ട്‌ ചെയ്തു. നൂറുകണക്കിന് ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ ഭൂമി കുലുക്കത്തിന്റെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഭൂമി കുലുക്കത്തില്‍ പരിഭ്രാന്തരായ അനേകം ആളുകളില്‍ നിന്ന് ഫോണ്‍ കോളുകള്‍ ലഭിച്ചതായി പോലീസ് റിപ്പോര്‍ട്ട് ചെയ്തു. യുകെയിലെ എല്ലാ ഹോസ്പിറ്റലുകളിലേയ്ക്കും അടിയന്തിര സാഹചര്യത്തെ നേരിടാന്‍  തയ്യാറാകുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നു.  ഇതുവരെ അത്യാഹിതങ്ങള്‍ ഒന്നും നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല .

സ്വാൻസി യൂണിവേഴ്സിറ്റി ക്യാമ്പസ്സില്‍ നിന്നുള്ള  ദൃശ്യങ്ങള്‍ കാണുക

ലണ്ടന്‍: അമേരിക്കന്‍ കളിപ്പാട്ട റീട്ടെയിലറായ ടോയ്‌സ് ആര്‍ അസിന്റെ യുകെ ശാഖകള്‍ അടച്ചുപൂട്ടലിലേക്ക്. ഫെബ്രുവരി 27നുള്ളില്‍ വാറ്റ് കുടിശികയായ 15 മില്യന്‍ പൗണ്ട് അടച്ചു തീര്‍ത്തില്ലെങ്കില്‍ കമ്പനിയെ അഡ്മിനിസ്‌ട്രേഷന്‍ ഏറ്റെടുക്കും. അമേരിക്കയിലെ മാതൃ കമ്പനി ഡിസംബറില്‍ പാപ്പര്‍ ഹര്‍ജി നല്‍കിയതിനാല്‍ ഡിസംബറില്‍ ഏറ്റെടുക്കലിന് സ്റ്റേ ലഭിച്ചിരുന്നു. യുകെയിലെ 26 സ്റ്റോറുകളില്‍ ഇപ്പോള്‍ അടച്ചുപൂട്ടലിനോടനുബന്ധിച്ച് ആദായ വില്‍പന നടന്നുകൊണ്ടിരിക്കുകയാണ്. സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ ഉടമകള്‍ കുറഞ്ഞ വാടക മതിയെന്നും അറിയിച്ചു കഴിഞ്ഞതായാണ് വിവരം.

സ്റ്റോറുകള്‍ അടച്ചു പൂട്ടിയാല്‍ 3200 പേര്‍ക്ക് പ്രത്യക്ഷത്തില്‍ ജോലി നഷ്ടമാകുമെന്നാണ് കരുതുന്നത്. 1985 മുതല്‍ യുകെയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം കഴിഞ്ഞ ഏഴ് വര്‍ഷമായി നഷ്ടം നേരിടുകയാണ്. ഇതേത്തുടര്‍ന്ന് ഈ മാസം ആദ്യം കമ്പനി വില്‍പനയ്ക്ക് വെച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലെത്തിക്കണമെങ്കില്‍ 120 മില്യന്‍ പൗണ്ട് വേണ്ടിവരുമെന്ന് വിലയിരുത്തപ്പെടുന്നു. ആള്‍ട്ടേരി ഇന്‍വെസ്റ്റേഴ്‌സ്, എച്ച്എംവിയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച ദി എന്റര്‍ടെയിനര്‍ ആന്‍ഡ് ഹില്‍കോ ക്യാപ്പിറ്റല്‍ എന്നിവര്‍ നിക്ഷേപത്തിന് തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ 800ഓളം തൊഴിലാളികളെ കുറച്ചുകൊണ്ടുള്ള പരിഹാരമാണ് ഇവര്‍ നിര്‍ദേശിച്ചത്. ഇതിനൊപ്പം കളിപ്പാട്ടങ്ങളുടെ നിരയിലും കുറവ് വരുത്തേണ്ടി വരുമെന്നാണ് ഇവര്‍ വ്യക്തമാക്കിയത്. കമ്പനിയുടെ ഭാവി ഉറപ്പാക്കാന്‍ നേതൃത്വം ഈ വാരാന്ത്യത്തില്‍ ചര്‍ച്ചകള്‍ നടത്തുമെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ അധികൃതര്‍ വിസമ്മതിച്ചു.

ലണ്ടന്‍: കുറ്റകൃത്യങ്ങള്‍ നേരിട്ട് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനമൊരുക്കുമെന്ന് ടാക്‌സി സര്‍വീസായ ഊബര്‍. ഇതിനായി പ്രത്യേക ഫോണ്‍ലൈന്‍ തയ്യാറാക്കുമെന്നും ഓണ്‍ലൈന്‍ ടാക്‌സി കമ്പനി അറിയിച്ചു. ലൈംഗിക കുറ്റകൃത്യങ്ങള്‍ ശരിയായ വിധത്തിലും സമയത്തും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ യാത്രക്കാരുടെ സുരക്ഷയില്‍ ഉറപ്പ് പറയാനാകില്ലെന്ന് കഴിഞ്ഞ വര്‍ഷം ഒരു മെട്രോപോളിറ്റന്‍ പോലീസ് ഓഫീസര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രതികരണങ്ങള്‍ മുഖവിലക്കെടുത്തുകൊണ്ട് തങ്ങള്‍ നയം മാറുകയാണെന്ന് ഊബര്‍ അറിയിച്ചു. ലണ്ടനില്‍ സുരക്ഷാ പ്രശ്‌നങ്ങളുടെ പേരില്‍ പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനാല്‍ ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്റെ നടപടിക്കെതിരെ അപ്പീല്‍ നല്‍കിയിരിക്കുകയാണ് കമ്പനി.

ഊബര്‍ പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തിലല്ലെന്നായിരുന്നു ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ കഴിഞ്ഞ വര്‍ഷം അഭിപ്രായപ്പെട്ടത്. ഗുരുതരമായ വിഷയങ്ങള്‍ ഉടന്‍ തന്നെ പോലീസില്‍ അറിയിക്കുന്ന സംവിധാനം നേരത്തേതന്നെ ലണ്ടനില്‍ നടപ്പാക്കിയിരുന്നെന്നും മറ്റ് പോലീസ് സേനകളുമായി സംസാരിച്ചു കൊണ്ട് യുകെ മുഴുവന്‍ ഈ പദ്ധതി നടപ്പാക്കാനുള്ള ഉദ്യമത്തിലാണ് കമ്പനിയെന്നുമാണ് ഊബര്‍ അറിയിക്കുന്നത്. വലിയ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഊബര്‍ പ്രോത്സാഹനം നല്‍കിയിട്ടേയുള്ളു. ഇത്തരം കേസുകള്‍ കമ്പനി വീണ്ടും വിലയിരുത്തി വരികയാണെന്നും അവയില്‍ കൂടുതല്‍ ശ്രദ്ധയാവശ്യപ്പെടുന്നവയുണ്ടോ എന്ന് പഠിക്കുമെന്നും ഊബര്‍ വ്യക്തമാക്കി.

എന്നാല്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലുള്ള അലംഭാവമാണ് കമ്പനിയുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കാനുള്ള പ്രധാന കാരണമെന്നായിരുന്നു ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ വര്‍ഷം മെറ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ നെയില്‍ ബില്ലനി എഴുതിയ ഒരു കത്ത് സണ്‍ഡേ ടൈംസ് പുറത്തു വിട്ടിരുന്നു. ഡ്രൈവര്‍മാര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കമ്പനി മടിക്കുകയാണെന്നും അവയിലുണ്ടാകുന്ന കാലതാമസം യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തിലാണെന്നും കത്തില്‍ പറഞ്ഞിരുന്നു. ലൈംഗിക കുറ്റകൃത്യങ്ങളുള്‍പ്പെടെയുള്ള സംഭവങ്ങളാണ് ഈ വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ലണ്ടന്‍: യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ കുറയ്ക്കാന്‍ തീരുമാനം. ഉന്നത വിദ്യാഭ്യാസ ഫണ്ടിംഗില്‍ പുനരവലോകനം നടത്തുമെന്ന സര്‍ക്കാരിന്റെ ഏറെക്കാലമായുള്ള വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. തിങ്കളാഴ്ച ഇത് സംബന്ധിച്ച് നടത്തുന്ന പ്രഖ്യാപനത്തില്‍ ട്യൂഷന്‍ ഫീസുകളില്‍ വരുത്തുന്ന കുറവുകള്‍ പ്രധാനമന്ത്രി അറിയിക്കും. നിലവില്‍ ഈടാക്കുന്ന 9250 പൗണ്ട് എന്ന നിരക്കില്‍ നിന്ന് 6000 പൗണ്ടായി ഫീസുകള്‍ കുറയ്ക്കാനാണ് പദ്ധതി. ഈ പുനര്‍നിര്‍ണ്ണയം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന ബര്‍സറികള്‍ ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഇതിന്റെ ഭാഗമായി വന്നേക്കുമെന്നും സൂചനയുണ്ട്.

ഫീസ് നിരക്ക് 6000 പൗണ്ടായി കുറയ്ക്കുന്നത് യൂണിവേഴ്‌സിറ്റികള്‍ക്ക് പ്രതിവര്‍ഷം 3 ബില്യന്‍ പൗണ്ടിന്റെ നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. ഉയര്‍ന്ന വരുമാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും ഇത് ഗുണം ചെയ്യുകയെന്നും ഒരു ലണ്ടന്‍ ഇക്കണോമിക് കണ്‍സള്‍ട്ടന്‍സി പറയുന്നു. സര്‍ക്കാരിന്റെ പുതിയ നീക്കമനുസരിച്ച് മെഡിസിന്‍, എന്‍ജിനീയറിംഗ്, വിവിധ സയന്‍സ് കോഴ്‌സുകള്‍ എന്നിവയ്ക്ക് നല്‍കി വരുന്ന ഫണ്ടുകള്‍ വര്‍ദ്ധിപ്പിക്കേണ്ടതായി വരും. സ്റ്റുഡന്റ് ലോണുകളുടെ പലിശ നിര്‍ണ്ണയ രീതിയിലും മാറ്റം വരുത്തേണ്ടി വരുമെന്നാണ് കരുതുന്നത്. നിലവില്‍ 3 ശതമാനം പലിശയും നാണ്യപ്പെരുപ്പമനുസരിച്ചുള്ള റീട്ടെയില്‍ പ്രൈസ് ഇന്‍ഡെക്‌സുമാണ് ഈടാക്കുന്നത്.

മേയ് ഇതു സംബന്ധിച്ചുള്ള പ്രസ്താവന നടത്തുന്നതിനു മുമ്പായി ദരിദ്ര സാഹചര്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായി മെയിന്റനന്‍സ് ഗ്രാന്റുകള്‍ വീണ്ടും അവതരിപ്പിക്കണമെന്ന ആവശ്യവുമായി അക്കാഡമിക് ജീവനക്കാരുടെ സംഘടനയായ യൂണിവേഴ്‌സിറ്റി ആന്‍ഡ് കോളേജ് യൂണിയന്‍ രംഗത്തെത്തിയിട്ടുണ്ട്. അടുത്ത കാലത്തായി വിദ്യാഭ്യാസ മേഖലയില്‍ നടപ്പില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ വിദ്യാര്‍ത്ഥികളെ കടക്കെണിയില്‍ പെടുത്തുന്നവയായിരുന്നുവെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി സാലി ഹണ്ട് പറഞ്ഞു. കോര്‍പറേഷന്‍ ടാക്‌സില്‍ അടുത്തിടെ വരുത്തിയ വെട്ടിക്കുറയ്ക്കലുകള്‍ റദ്ദാക്കിയാല്‍ അത് വിദ്യാഭ്യാസ മേഖലയിലേക്ക് വകയിരുത്താനാകും. ഇതിലൂടെ മെയിന്റനന്‍സ് ഗ്രാന്റുകളും തിരികെ കൊണ്ടുവരാന്‍ കഴിയും. ഇവ നടപ്പിലാക്കിയാലും ഏറ്റവും കുറഞ്ഞ കോര്‍പറേഷന്‍ ടാക്‌സുള്ള രാജ്യം എന്ന പദവിയില്‍ യുകെയ്ക്ക് തുടരാനാകുമെന്നും ഹണ്ട് പറഞ്ഞു.

ലണ്ടന്‍: 55 വയസ്സിനു താഴെയുള്ളവര്‍ക്ക് 10,000 പൗണ്ട് വീതം നല്‍കാന്‍ ദി റോയല്‍ സോസൈറ്റി ഫോര്‍ ദി എന്‍കറേജ്‌മെന്റ് ഓഫ് ദി ആര്‍ട്‌സ്, മാനിവാക്‌ച്ചേര്‍സ് ആന്റ് കോമേഴ്‌സ് (ആര്‍എസ്എ) ശുപാര്‍ശ ചെയ്തു. രണ്ടു വര്‍ഷത്തിനിടയ്ക്ക് രണ്ടു തവണകളായി 5,000 പൗണ്ട് വീതം നല്‍കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ചില ബെനിഫിറ്റുകളും നികുതിയിളവുകളും ഇത് നല്‍കുന്നതോടെ പിന്‍വലിക്കാനും നിര്‍ദേശമുണ്ട്. മാറുന്ന സാഹചര്യങ്ങളില്‍ ജോലി നഷ്ടപ്പെടല്‍ ഭീഷണി നേരിടുന്നവര്‍ക്ക് ഒരു നഷ്ടപരിഹാരം എന്ന നിലയ്ക്കാണ് പുതിയ പദ്ധതി കണക്കാക്കപ്പെടുന്നത്. 2020 ഓടെ ഓട്ടോമേഷന്‍ മൂലം ജോലി നഷ്ടമാകുന്ന യുകെ പൗരന്മാര്‍ക്കും സോഷ്യല്‍ കെയര്‍ സഹായം തേടേണ്ടി വരുന്നവര്‍ക്കും പുതിയ പദ്ധതി പ്രകാരം ലഭിക്കുന്ന ആനുകൂല്യം ഉപകാരം ചെയ്യും.

രണ്ട് വര്‍ഷത്തിനിടയില്‍ 5,000 പൗണ്ട് വീതം രണ്ട് തവണകളായിട്ടാണ് പണം നല്‍കേണ്ടതെന്നാണ് ആര്‍എസ്എ ശുപാര്‍ശ ചെയ്തിരിക്കുന്നത്. പണം ലഭിക്കുന്നവര്‍ തങ്ങള്‍ ഈ പണം എന്തിനായിട്ടാണ് ഉപയോഗിക്കുകയെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഇത്തരത്തില്‍ നല്‍കുന്ന പണം ജനങ്ങളെ സഹായിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വൈദഗ്ദ്ധ്യമില്ലാത്ത ജോലിയില്‍ തുടരുന്ന ഒരാള്‍ക്ക് തന്റെ കരിയര്‍ മെച്ചപ്പെടുത്താനും പുതിയ ജോലിയിലെത്താനും ഈ തുക ഉപകാരപ്രദമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യവസായസംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള പ്രചോദനമാകാന്‍ ഈ ഫണ്ടിനു കഴിഞ്ഞേക്കും.

പുതിയ പദ്ധതി നിലവില്‍ വരുന്നതോടെ ചൈല്‍ഡ് ബെനഫിറ്റ്, നികുതിയിളവ്, ജോബ് സീക്കര്‍ അലവന്‍സ് തുടങ്ങിയവ ഷ്ടമാകുമെന്നാണ് കരുതുന്നത്. വര്‍ഷം 14.5 ബില്ല്യണ്‍ വീതം വകയിരുത്തിയാല്‍ ഏതാണ്ട് 13 വര്‍ഷം കൊണ്ട് രാജ്യത്തെ പകുതിയോളം വരുന്ന ജനവിഭാഗങ്ങള്‍ക്ക് ഈ ആനുകൂല്യം സര്‍ക്കാര്‍ തലത്തിലെ സേവിംഗ്‌സില്‍ നിന്ന് എടുത്ത നല്‍കാന്‍ കഴിയും. ഇത്തരത്തില്‍ ഒരു യൂണിവേഴ്‌സല്‍ ബേസിക്ക് ഇന്‍കം എന്ന പദ്ധതിയുടെ സാധ്യതകള്‍ തങ്ങള്‍ അന്വേഷിച്ചു വരികയായിരുന്നുവെന്ന് ലേബര്‍ പാര്‍ട്ടി പറയുന്നു. ജോലിയടിസ്ഥാനത്തിലും മറ്റു തലങ്ങളിലും ഭാവിയില്‍ ഉയര്‍ന്നേക്കാവുന്ന ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് എതിരെ കൃത്യമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതാണ് പുതിയ ആര്‍എസ്എ റിപ്പോര്‍ട്ടെന്ന് ലേബര്‍ പാര്‍ട്ടിയുടെ ഷാഡോ ട്രഷറി മിനിസ്റ്റര്‍ ജോനാദന്‍ റെയ്‌നോള്‍ഡ്‌സും അഭിപ്രായപ്പെട്ടു.

മലയാളം യുകെ ന്യൂസ് സ്പെഷ്യല്‍

കേരളത്തില്‍ ഏറ്റവുമധികം ഭൂസ്വത്ത് കൈവശം വച്ചിരിക്കുന്നത് ടാറ്റ കമ്പനിയാണെന്നാണ് നമ്മള്‍ ധരിച്ചിരിക്കുന്നത്. കഴിഞ്ഞ കാലഘട്ടങ്ങളില്‍ ടാറ്റ കമ്പനിയുടെ കൈവശം ഭൂസ്വത്തുമായി ബന്ധപ്പെട്ട് പല രാഷ്ട്രീയ ഭൂകമ്പങ്ങളും ഉണ്ടായിട്ടുണ്ട്. കരം അടക്കുന്നതിന്റെ ഇരട്ടിയിലധികം സ്ഥലം ടാറ്റ കൈവശം വച്ചിട്ടുണ്ടെന്നാണ് വിവാദത്തിന് അടിസ്ഥാനം. എന്നാല്‍ ബ്രിട്ടീഷ് രാജ്ഞിയാണ് കേരളത്തിലെ ഏറ്റവും വലിയ ഭൂവുടമയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒരു ലക്ഷത്തിലധികം ഏക്കര്‍ സ്ഥലത്തിനാണ് ഓരോ വര്‍ഷവും രാജ്ഞിയുടെ പേരില്‍ കേരള സര്‍ക്കാരിന് കരം അടയ്ക്കുന്നത്. ഒരു തുണ്ടു ഭൂമിക്കുവേണ്ടി ആദിവാസികളും സാമൂഹികമായി പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്നവരും സമര കോലാഹലങ്ങളുമായി വര്‍ഷങ്ങളായി മാറി മാറി വരുന്ന സര്‍ക്കാരുകളുടെ കാരുണ്യത്തിന് കാത്തു കിടക്കുമ്പോഴാണ് കേരളത്തിന്റെ ഇത്രയധികം മണ്ണ് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ റാണി കൈവശം വെച്ചിരിക്കുന്നത്.

ബ്രിട്ടീഷ് കമ്പനിയായ ഹാരിസണ്‍ മലയാളത്തിന്റെ ഭൂസ്വത്തുക്കളാണ് ബ്രിട്ടീഷ് രാജ്ഞിക്ക് സ്വന്തമായിരിക്കുന്നത്. ഹാരിസണ്‍ മലയാളത്തെ കമ്പനീസ് ആക്ട് പ്രകാരം ബ്രിട്ടീഷ് സര്‍ക്കാര്‍ പിരിച്ചു വിട്ടതിനെ തുടര്‍ന്ന് സ്ഥാവര ജംഗമ വസ്തുക്കള്‍ ബ്രിട്ടന്റെ രാഷ്ട്രത്തലവയായ എലിസബത്ത് രാജ്ഞിക്ക് സ്വന്തമാകുകയായിരുന്നു. കമ്പനിയുടെ സ്വത്തുവകകള്‍ ബ്രിട്ടീഷ് രാജ്ഞിയുടെ പേരിലാക്കി കൊണ്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്ഞിയുടെ പേരിലാണ് കരം അടയ്ക്കുന്നത്.

കേരളത്തിലെ ആദ്യ ഇടതുപക്ഷ മന്ത്രിസഭ ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയപ്പോള്‍ മധ്യവര്‍ഗത്തില്‍പ്പെട്ട ഭൂവുടമകള്‍ നിയമത്തിന്റെ പരിധിയില്‍ വന്നെങ്കിലും കമ്പനി രൂപീകരിച്ച് പ്ലാന്റേഷന്‍ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരുന്ന വന്‍ തോക്കുകള്‍ക്ക് ഒരു പരുക്കു പറ്റാതെ രക്ഷപ്പെടും. ഭൂരഹിതരായ ആയിരങ്ങള്‍ ഉണ്ടെങ്കിലും ഇത്രയധികം ഭൂമി ബ്രിട്ടീഷ് രാജ്ഞിയുടെ പേരില്‍ കിടക്കുന്നതിനെ ഭരണപ്രതിപക്ഷ കക്ഷികളോ കേന്ദ്ര സര്‍ക്കാരോ കണ്ട ഭാവമില്ല. ബ്രിട്ടീഷ് രാജ്ഞിയുടെ പേരിലുള്ള സ്ഥലം തിരിച്ചുപിടിക്കാന്‍ ഉതകുന്ന രാജമാണിക്യം റിപ്പോര്‍ട്ട് ചില തത്പര കക്ഷികള്‍ പൂഴ്ത്തി വച്ചിരിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. ഇതിനു പുറമെ ഹാരിസണ്‍ മലയാളത്തിന്റെ പേരില്‍ വിവിധ ബാങ്കുകളില്‍ നിന്ന് അനുവദിച്ച നൂറുകോടിയിലധികം വരുന്ന വായ്പാത്തുക കമ്പനി പിരിച്ചുവിട്ട സ്ഥിതിക്ക് ഇനിയും ആര് തിരിച്ചടയ്ക്കും എന്നതു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. നിയമപ്രകാരം ബ്രിട്ടീഷ് രാജ്ഞിയാണ് വായ്പ തിരിച്ചടയ്ക്കേണ്ടത്. കൃത്യമായ രേഖകളോ കരം കെട്ടിയ രസീതോ ഇല്ലാതെയാണ് ബാങ്കുകള്‍ വായ്പകള്‍ അനുവദിച്ചതിനാല്‍ ജപ്തി നടപടികളുമായി മുന്നോട്ടു പോകുക ദുഷ്‌കരമാണ്.

പ്രസവത്തിനായി സ്ത്രീകള്‍ക്ക് കൂടുതല്‍ സമയം നല്‍കണമെന്ന് ലോകാരോഗ്യ സംഘടന. സിസേറിയന്‍ ശസ്ത്രക്രിയകള്‍ കുറയ്ക്കണമെന്നും പുതുക്കിയ നിര്‍ദേശങ്ങളില്‍ ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നു. അമ്മമാരാകാന്‍ തയ്യാറെടുക്കുന്നവര്‍ ഇപ്പോള്‍ ഒട്ടേറെ വൈദ്യശാസ്ത്ര ഇടപെടലുകള്‍ക്ക് വിധേയരാകുന്നുണ്ട്. ഏതു വിധത്തില്‍ തങ്ങളുടെ പ്രസവം നടത്തണമെന്ന കാര്യത്തില്‍ അവര്‍ക്ക് അഭിപ്രായങ്ങളുമുണ്ടെന്ന് സംഘടന വ്യക്തമാക്കുന്നു.

പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ സാധാരണ പ്രസവത്തിന്റെ വേഗതയെക്കുറിച്ചുള്ള മുന്‍നിര്‍ദേശം പാടെ നിരാകരിച്ചിരിക്കുകയാണ്. മണിക്കൂറില്‍ ഒരു സെന്റീമീറ്റര്‍ എന്ന നിരക്കിലാണ് ഗര്‍ഭശയമുഖം വികസിക്കുന്നത് എന്ന ധാരണ യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്നും ഈ ധാരണ ഒട്ടേറെ സ്ത്രീകളെ അനാവശ്യ സിസേറിയനിലേക്ക് തള്ളി വിടുന്നുണ്ടെന്നും സംഘടന കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ രണ്ട് ദശകങ്ങളിലായി കൂടുതല്‍ അനാവശ്യ ഇടപെടലുകള്‍ പ്രസവങ്ങളിലുണ്ടാകുന്നുണ്ടെന്ന് സംഘടനയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റീപ്രൊഡക്ടീവ് ഹെല്‍ത്ത് ആന്‍ഡ് റിസര്‍ച്ചിലെ മെഡിക്കല്‍ ഓഫീസറായ ഡോ.ഒലുഫെമി ഒലഡപോ പറഞ്ഞു.

സിസേറിയനും ഓക്‌സിടോക്‌സിന്‍ ഉപയോഗിച്ച് പ്രസവം വേഗത്തിലാക്കുന്നതും ലോകത്ത് വ്യാപകമായിരിക്കുകയാണ്. സെര്‍വിക്‌സിന്റെ വികാസം സംബന്ധിച്ച ധാരണ 1950കള്‍ മുതലുള്ളതാണ്. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷക്കാലത്തെ ഗവേഷണങ്ങള്‍ അനുസരിച്ച് ഈ വികാസത്തിന്റെ വേഗതക്കുറവ് അമ്മയ്‌ക്കോ കുട്ടിക്കോ ദോഷമുണ്ടാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ നിരക്ക് പലര്‍ക്കും പല വിധത്തിലാകാമെങ്കിലും സാധാരണ പ്രസവങ്ങള്‍ക്ക് അത് തടസമാകാന്‍ ഇടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലണ്ടന്‍: യുകെ സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലേക്കെന്ന് വിലയിരുത്തല്‍. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യം കടുത്ത മാന്ദ്യത്തിന്റെ പിടിയിലമുമെന്ന് വന്‍കിട നിക്ഷേപകരാണ് വിലയിരുത്തുന്നത്. 2019 തുടക്കത്തോടെ മാന്ദ്യം തുടങ്ങുമെന്ന് സര്‍വേയില്‍ പങ്കെടുത്ത എക്‌സിക്യൂട്ടീവുകളില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നു. 56 ശതമാനം പ്രൈവറ്റ് ഇക്വിറ്റി എക്‌സിക്യൂട്ടീവുകളും 57 ശതമാനം ഡെറ്റ് ഇന്‍വെസ്റ്റര്‍മാരും 2020ഓടെ രാജ്യത്ത് മാന്ദ്യമുണ്ടാകുമെന്ന ആശങ്ക പങ്കുവെക്കുന്നു.

2018 ബ്രെക്‌സിറ്റ് ചര്‍ച്ചകളെ സംബന്ധിച്ച് നിര്‍ണ്ണായകമായ വര്‍ഷമാണെന്ന് ഗ്രീന്‍ഹില്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ കാര്‍ലോ ബോസ്‌കോ പറയുന്നു. ഇപ്പോള്‍ത്തന്നെ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ നാണ്യപ്പെരുപ്പത്തില്‍ ബുദ്ധിമുട്ടിനെ നേരിടുകയാണ്. ഉപഭോക്തൃ വിനിമയ നിരക്കും വളര്‍ച്ചാ നിരക്കും മറ്റ് വികസിത രാജ്യങ്ങളേക്കാള്‍ താഴെയാണ് ഇപ്പോള്‍ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. യുകെയിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയും യൂറോപ്പിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളും 2019 ആദ്യം തന്നെ രാജ്യം മാന്ദ്യത്തിലേക്ക് നീങ്ങാന്‍ കാരണമാകുമെന്ന് പ്രമുഖ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനത്തിന്റെ പ്രതിനിധിയും പറഞ്ഞു.

80 ഡിസ്‌ട്രെസ്ഡ് ഡെറ്റ് ഇന്‍വെസ്റ്റര്‍മാരും 50 പ്രൈവറ്റ് ഇക്വിറ്റി എക്‌സിക്യൂട്ടീവുകളുമാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇവരില്‍ യുകെയ്ക്ക് പുറത്തുള്ളവര്‍ ബ്രെക്‌സിറ്റ് ഗുണം ചെയ്യുമെന്ന് കരുതുന്നില്ല. ബ്രെക്‌സിറ്റി സാമ്പത്തിക വ്യവസ്ഥയെ ബാധിക്കാന്‍ തുടങ്ങിയതിനാല്‍ അതിനെ രക്ഷിക്കുന്നതിന് യുകെ മാര്‍ഗ്ഗങ്ങള്‍ തേടണമെന്ന് ഐഎംഎഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാന്ദ്യം പ്രവാസികള്‍ക്കായിരിക്കും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുകയെന്നും വിലിയിരുത്തപ്പെടുന്നു.

Copyright © . All rights reserved