ലണ്ടന്‍: അഞ്ചു വയസുകാരിയായ പെണ്‍കുട്ടിക്ക് പിതാവിന്റെ അനുമതി ഇല്ലാതെ തന്നെ വാക്‌സിനുകള്‍ നല്‍കാന്‍ കഴിയുമെന്ന് ഹോക്കോടതി വിധി. പിതാവ് വാക്‌സിനേഷന്‍ നല്‍കേണ്ടതില്ല എന്ന് പ്രസ്താവിച്ചിരിക്കുന്നത് കൃത്യമായ ഗവേഷണത്തിന്റെയോ തെളിവുകളുടെയോ സാന്നിധ്യത്തിലല്ലെന്ന് കോടതി നിരീക്ഷിച്ചു. ഹൈക്കോടതി ഡെപ്യൂട്ടി ജഡ്ജായ ക്ലിഫോര്‍ഡ് ബെല്ലാമിയാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്. യു.കെയില്‍ കുട്ടികള്‍ക്ക് നിര്‍ബന്ധിതമായി വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള നിയമമം നിലവിലില്ല. മാതാപിതാക്കളാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്.

എന്നാല്‍ ഹൈക്കോടതി ‘ബി’ എന്ന പേരിട്ടിരിക്കുന്ന കുട്ടിയുടെ കാര്യത്തില്‍ പിതാവിന്റെ അനുമതി ആവശ്യമില്ലെന്ന് നിരീക്ഷിച്ചു. വാക്‌സിനേഷന്‍ വേണമോ വേണ്ടെയോ എന്ന കാര്യത്തില്‍ കോടതി അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ‘ബി’ പെണ്‍കുട്ടിയുടെ കാര്യത്തില്‍ പിതാവിന്റെ വാദങ്ങള്‍ അംഗീകരിക്കാനാവില്ല. ചില അമേച്ച്യര്‍ ഡാറ്റകളാണ് പിതാവ് നിരത്തിയിരിക്കുന്നത്. കുട്ടിയുടെ ആരോഗ്യമാണ് കോടതിക്ക് മുഖ്യമെന്നും ജഡ്ജ് ക്ലിഫോര്‍ഡ് ബെല്ലാമി വ്യക്തമാക്കി. ഫ്രാന്‍സില്‍ ഇയിടെ കുട്ടികള്‍ക്ക് നിര്‍ബന്ധിത വാക്‌സിന്‍ നല്‍കണമെന്ന് നിയമം കൊണ്ടുവന്നിരുന്നു. ഇറ്റലിയും സമാന നിയമം നടപ്പിലാക്കാനുള്ള തീരുമാനത്തിലാണ്.

‘ബി’ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹ മോചിതരാണ്. അതുകൊണ്ട് തന്നെ ഇവരുടെ തീരുമാനങ്ങള്‍ തമ്മില്‍ വൈരുദ്ധങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രധാനപ്പെട്ട എല്ലാ വാക്‌സിനുകളും കുട്ടിക്ക് നല്‍കാന്‍ തീരുമാനം ആയിട്ടുണ്ട്. ഇന്‍ഫ്‌ലുയെന്‍സ്യ വാക്‌സിന്‍, ഡിഫ്ത്തീരിയ, ടെറ്റനസ്, പോളിയോ തുടങ്ങിയ വാക്‌സിനുകളായിരിക്കും നല്‍കുക. പിതാവിന്റെ വാദങ്ങള്‍ വിശ്വാസ യോഗ്യമല്ലെന്നും കുട്ടിയുടെ ആരോഗ്യസംരക്ഷണത്തെ മുന്‍നിര്‍ത്തി വിദഗ്ദ്ധ അഭിപ്രായങ്ങള്‍ മാത്രമെ കോടതിക്ക് സ്വീകരിക്കാന്‍ കഴിയുകയുള്ളുവെന്നും ജഡ്ജ് പറഞ്ഞു.