2010 ല്‍ സ്റ്റുഡന്റ് വിസയില്‍  യുകെയില്‍ എത്തിയ ടീനയ്ക് അഞ്ച് വര്ഷം മുന്‍പാണ് കാന്‍സര്‍ രോഗം ഉണ്ടെന്ന് അറിയുന്നത്. എങ്കിലും മനോധൈര്യം കൈവിടാതെ നടത്തിയ ചികിത്സകള്‍ക്ക് ഒടുവില്‍ 2013 ല്‍ പൂര്‍ണമായും അസുഖം ഭേദമായ എന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് 2015 ജനുവരിയില്‍ അങ്കമാലി സ്വദേശി സിജോയെ ടീന വിവാഹം ചെയ്തു.

എല്ലാവരോടും സൗമ്യമായും സന്തോഷമായും പെരുമാറുന്ന സ്വഭാവമായിരുന്നു ടീനയുടേത് എന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പറഞ്ഞു. അസുഖം പൂര്‍ണ്ണമായും ഭേദമായി എന്ന് ആശ്വസിച്ച് ജീവിതം മുന്നോട്ടു പോകുമ്പോഴാണ് ഈ വര്‍ഷം വീണ്ടും രോഗം ടീനയെ കടന്നാക്രമിച്ചത്.

ടീനയുടെ മാതാവ് അന്ത്യ സമയത്ത് കൂടെ ഉണ്ടായിരുന്നു. പിതാവും സഹോദരനും നാളെ രാവിലെ യുകെയിലേക്ക് പുറപ്പെടാന്‍ വേണ്ടി എയര്‍പോര്‍ട്ടിലേക്ക് തിരിച്ചപ്പോളാണ് ടീനയുടെ മരണം സംഭവിച്ചത്. കാര്‍ഡിഫില്‍ ഉള്ള ടീനയുടെ സുഹൃത്തുക്കള്‍ മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.