കാലടി. രാജ്യാന്തര തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ.സേവ്യര്‍ തേലക്കാട്ടിനെ കപ്യാര്‍ ജോണി അതിദാരുണമായി കുത്തി കൊലപ്പെടുത്തി. 52 വയസ്സായിരുന്നു. തീര്‍ത്ഥാടന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്ന് കപ്യാര്‍ക്കെതിരെ വൈദീകന്‍ നടപടി സ്വീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വൈദീകനോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്ന കപ്യാര്‍ ഇന്ന് കുരിശുമുടിയിലെ ആറാം സ്ഥലത്ത് വെച്ച് ഉടലെടുത്ത വാക്കുതര്‍ക്കത്തിനു പിന്നാലെ തികച്ചും അപ്രതീക്ഷിതമായി കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് പറയന്നു. വൈദീകനെ കുത്തിയതിനു ശേഷം വനത്തിലേയ്ക്ക് ഒടി രക്ഷപെട്ട കപ്യാര്‍ ജോണിക്കായി തിരച്ചില്‍ തുടരുകയാണ്. പരിക്കേറ്റ ഫാ. സേവ്യറിനെ ഉടന്‍ തന്നെ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

കൊച്ചി ചേരാനല്ലൂര്‍ തേലക്കാട്ട് പൗലോസ് ത്രേസ്യാമ്മ ദമ്പതികളുടെ എട്ടു മക്കളില്‍ രണ്ടാമനാണ് ഫാ. സേവ്യര്‍. കഴിഞ്ഞ ഏഴു വര്‍ഷമായി കുരിശുമുടിയുടെ റെക്ടറായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. 1993 ഡിസംബര്‍ 27 നാണ് തിരുപ്പട്ടം സ്വീകരിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.