Main News

ലണ്ടന്‍: ബ്രിട്ടീഷ് വിദ്യാര്‍ത്ഥികളെ ലോകനിലവാരത്തിലെത്തിക്കാനായി വിഭാവനം ചെയ്ത പുതിയ മൂല്യനിര്‍ണ്ണയ രീതി വിജയശതമാനത്തില്‍ കാര്യമായ കുറവുണ്ടാക്കുമെന്ന് വിദഗ്ദ്ധര്‍. 3,60,000ലേറെ വിദ്യാര്‍ത്ഥികള്‍ ശരാശരിയിലും കുറഞ്ഞ ഗ്രേഡുകള്‍ മാത്രമേ നേടാന്‍ ഇടയുള്ളുവെന്നാണ് എഡ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ലോക നിലവാരത്തില്‍ എത്തണമെങ്കില്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും വിദ്യാഭ്യാസ സമ്പ്രദായം ഇനിയും ഏറെ വികസിക്കണമെന്നും തിങ്ക് ടാങ്ക് അഭിപ്രായപ്പെടുന്നു. ബ്രിട്ടനിലെ വിദ്യാഭ്യാസ മേഖലയെ ലോക നിലവാരവുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശങ്ങള്‍ ഉള്ളത്.

ഹോങ്കോംഗ്, ഫിന്‍ലന്‍ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളാണ് വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നത്. ഇവയുമായി മത്സരിക്കണമെങ്കില്‍ ജിസിഎസ്ഇ ഇംഗ്ലീഷിലും കണക്കിലും പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന ഗ്രേഡുകള്‍ കരസ്ഥമാക്കേണ്ടി വരും. ഒരു എഡ്യുക്കേഷണല്‍ പവര്‍ഹൗസ് ആയി യുകെ മാറണമെങ്കില്‍ സി ഗ്രേഡ് എന്ന മുന്‍ അളവുകോല്‍ മതിയാവില്ലെന്നും വിദഗ്ദ്ധര്‍ പറയുന്നു. നാളെയാണ് ജിസിഎസ്ഇ പരീക്ഷാഫലം പുറത്തു വരുന്നത്. പുതിയ ഗ്രേഡിംഗ് രീതിയനുസരിച്ച് ഇംഗ്ലീഷ്, കണക്ക് എന്നിവയുടെ ഫലത്തിലാണ് കൂടുതല്‍ പേരും ആശങ്ക പുലര്‍ത്തുന്നത്.

നിലവിലുണ്ടായിരുന്ന എ സ്റ്റാര്‍ മുതല്‍ ജി വരെ ഗ്രേഡുകള്‍ നല്‍കുന്ന സമ്പ്രദായത്തിനു പകരം 9 മുതല്‍ 1 വരെ ഗ്രേഡുകള്‍ നല്‍കുന്നതാണ് പുതിയ രീതി. ഇതില്‍ 5 നേടുന്നത് മികച്ച ഗ്രേഡായി കണക്കാക്കും. ബ്രിട്ടീഷ് വിദ്യാഭ്യാസ രീതിയുടെ നിലവാരം ഉയര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ രീതി ആവിഷ്‌കരിച്ചതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഈ രീതി മൂലം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഗ്രേഡുകള്‍ തെറ്റായി രേഖപ്പെടുത്താന്‍ ഇടയുണ്ടെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു.

ലണ്ടന്‍: ലണ്ടന്‍ നഗരത്തിന്റെ സ്പന്ദനമായ ബിഗ്‌ബെന്‍ ഇനി നാല് വര്‍ഷത്തേക്ക് ശബ്ദിക്കില്ല. അറ്റകുറ്റപ്പണികള്‍ക്കായാണ് ബിഗബെന്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. തിങ്കളാഴ്ച മുതല്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. എന്നാല്‍ ചില പ്രത്യേക അവസരങ്ങളില്‍ ബിഗ്‌ബെന്‍ തന്റ മണികള്‍ മുഴക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പാര്‍ലമെന്റ് മന്ദിരത്തിന്റെ ക്ലോക്ക്ടവറില്‍ 1859 മുതലാണ് ബിഗ്‌ബെന്‍ എന്ന ഭീമന്‍ ക്ലോക്ക് പ്രവര്‍ത്തനം തുടങ്ങിയത്. അന്നു മുതല്‍ എല്ലാ ദിവസവും ഓരോ മണിക്കൂറിലും ബിഗ്‌ബെന്‍ തന്റെ വിഖ്യാതമായ മണിശബ്ദം മുഴക്കിയിരുന്നു.

പാര്‍ലമെന്റ് അംഗങ്ങളും ജീവനക്കാരും മാധ്യമപ്രവര്‍ത്തകരും ടൂറിസ്റ്റുകളുമുള്‍പ്പെടെ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിലായിരുന്നു ബിഗ്‌ബെന്‍ അവസാനത്തെ മണി മുഴക്കിയത്. ഇനി 2021ല്‍ മാത്രമേ ഈ മണികള്‍ വീണ്ടും മുഴങ്ങുകയുള്ളു. അവസാന മണികള്‍ മുഴങ്ങിയതിനു ശേഷം വെസ്റ്റമിന്‍സ്റ്റര്‍ ആബിയിലെ മണികള്‍ മുഴക്കിയാണ് ബിഗ്‌ബെന്നിന് താല്‍ക്കാലിക വിട നല്‍കിയത്.

ക്ലോക്കിന് അത്യാവശ്യമായി നടത്തേണ്ടി വന്ന അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കുന്നതിന് വലിയ ശബ്ദത്തിലുള്ള മണികള്‍ തൊഴിലാളികള്‍ക്ക് തടസമാകാതിരിക്കാനാണ് ഇവ നിര്‍ത്തിവെച്ചതെന്നാണ് വിശദീകരണം. എന്നാല്‍ പ്രധാനമന്ത്രി തെരേസ മേയ് ഉള്‍പ്പെടെ നിരവധി പാര്‍ലമെന്റ് അംഗങ്ങള്‍ ബിഗ്‌ബെന്‍ നാല് വര്‍ഷത്തേക്ക് നിര്‍ത്തിവെച്ചതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ലണ്ടന്‍: പഴയ വാഹനങ്ങള്‍ക്ക് സ്‌ക്രാപ്പേജ് സ്‌കീം പ്രഖ്യാപിച്ച് വാഹന നിര്‍മ്മാണ ഭീമനായ ഫോര്‍ഡ്. 2009 ഡിസംബറിനു മുമ്പ് റോഡിലിറങ്ങിയ ഏതു കമ്പനിയുടെയും കാറുകളോ വാനുകളോ പെട്രോള്‍, ഡീസല്‍ മോഡല്‍ ഭേദമില്ലാതെ മാറ്റിവാങ്ങാനുള്ള പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നത്. പഴയ വാഹനങ്ങള്‍ നല്‍കുമ്പോള്‍ പരമാവധി 7000 പൗണ്ട് വരെ പുതിയ വാഹനങ്ങള്‍ക്ക് ഡിസ്കൗണ്ടും ലഭിക്കും. സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുന്ന പദ്ധതി ഈ വര്‍ഷം അവസാനം വരെ ലഭിക്കും.

ഡീലര്‍മാരെയും വായ്പാപദ്ധതികളിലാണോ വാഹനം വാങ്ങാന്‍ ഉദ്ദേശുക്കുന്നത് എന്നിവയനുസരിച്ചായിരിക്കും ഡിസ്‌കൗണ്ട് തുക വ്യത്യാസപ്പെടുന്നത്. പഴയ വാഹനങ്ങള്‍ക്ക് പരമാവധി വില ലഭിക്കുന്ന വിധത്തില്‍ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതി അത്തരം വാഹനങ്ങളുമായി എത്തുന്നവര്‍ക്ക് നേട്ടമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പഴയ ഡീസല്‍ കാറുകള്‍ നല്‍കുമ്പോള്‍ പുതിയവയ്ക്ക് വിലയില്‍ ഇളവ് നല്‍കുന്ന പദ്ധതി അവതരിപ്പിച്ച ബിഎംഡബ്ലുവിനോടാണ് ഇക്കാര്യത്തില്‍ ഫോര്‍ഡ് മത്സരിക്കുന്നത്.

പഴയ ഡീസല്‍ കാറുകള്‍ക്ക് സ്‌ക്രാപ്പേജ് പദ്ധതിയുമായി ഫോക്‌സ് വാഗണും രംഗത്തെത്തിയിട്ടുണ്ട്. ജര്‍മനിയില്‍ ഇവര്‍ അവതരിപ്പിച്ച് പദ്ധതിയില്‍ പരമാവധി 9000 പൗണ്ടിനു തുല്യമായ ഡിസ്‌കൗണ്ടാണ് നല്‍കുന്നത്. മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ പിന്‍വലിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തപം സ്‌ക്രാപ്പേജ് പദ്ധതി അവതരിപ്പിച്ചതെന്ന് ഫോര്‍ഡ് അറിയിച്ചു.

അബുദാബി: ബാര്‍ബി ഡോളിനുള്ളിലും മീറ്റ് ഗ്രൈന്‍ഡറിനുള്ളിലും സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചു കടത്തി വിമാനം തകര്‍ക്കാനുള്ള പദ്ധതി പരാജയപ്പെടുത്തി. ഓസ്‌ട്രേലിയയില്‍ നിന്ന് അബുദാബിയിലേക്കുള്ള വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ട മൂന്ന് പേര്‍ പിടിയിലായിട്ടുണ്ട്. ലെബനീസ്-ഓസ്‌ട്രേലിയന്‍ പശ്ചാത്തലമുള്ള നാല് സഹോദരന്‍മാരാണ് ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. അമീര്‍ ഖയ്യാത്ത് എന്നയാള്‍ ലെബനനില്‍ പിടിയിലായപ്പോള്‍ ഖാലിദ്, മഹ്മൂദ് ഖയ്യാത്ത് എന്നിവര്‍ ഓസ്‌ട്രേലിയയിലും അറസ്റ്റിലായി.

ഇവരുടെ മറ്റൊരു സഹോദരനായ നാലാമന്‍ താരിഖ് ഖയ്യാത്ത് ഐസിസ് തീവ്രവാദിയാണ്. ഇയാള്‍ ഇപ്പോള്‍ സിറിയയിലെ ഐസിസ് തലസ്ഥാനമായ റഖയിലാണ് താമസിക്കുന്നതെന്നാണ് വിവരം. 400 യാത്രക്കാരുണ്ടായിരുന്ന വിമാനത്തില്‍ അമീര്‍ ബോംബുമായി കയറാനും ടേക്ക്ഓഫ് ചെയ്ത് 20 മിനിറ്റിനു ശേഷം വിമാനം തകര്‍ക്കാനുമായിരുന്നു പദ്ധതി. എന്നാല്‍ ഇയാളുടെ കയ്യിലുണ്ടായിരുന്ന ഹാന്‍ഡ് ബാഗിന് അനുവദനീയമായ ഏഴ് കിലോയിലും കൂടുതല്‍ ഭാരം ഉണ്ടായിരുന്നതാണ് പദ്ധതി പൊളിയാന്‍ കാരണം. ജൂലൈ പകുതിയോടെയായിരുന്നു സംഭവം.

മുമ്പ് ഒട്ടേറെ തവണ ഓസ്‌ട്രേലിയയ്ക്കും ലെബനനുമിടയില്‍ യാത്ര ചെയ്തിട്ടുള്ള അമീര്‍ വിവാഹത്തിനെന്ന പേരിലാണ് ഇത്തവണ വരാനൊരുങ്ങിയത്. ഇയാളെ ലെബനനില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഐസിസിനെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ഓസ്‌ട്രേലിയയും യുഎഇയും പങ്കെടുക്കുന്നുണ്ട്. ഇതിനു പകരം വീട്ടാനായിരുന്നു സഹോദരന്‍മാരുടെ ശ്രമം.

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ 12കാരനെ യുകെയിലെ ഏറ്റവും ബുദ്ധിശക്തിയുള്ള ബാലനായി തിരഞ്ഞെടുത്തു. ബാര്‍നെറ്റില്‍ താമസിക്കുന്ന രാഹുല്‍ എന്ന ബാലനാണ് ഈ ബഹുമതിക്ക് അര്‍ഹനായത്. ബിബിസി ചാനല്‍ 4ലെ പരിപാടിയുടെ ഫിനാലെയില്‍ 9 വയസുകാരനായ റോണന്‍ എന്ന കുട്ടിയോടായിരുന്നു രാഹുല്‍ ഏറ്റുമുട്ടിയത്. ശനിയാഴ്ച സംപ്രേഷണം ചെയ്ത പരിപാടിയില്‍ 4നെതിരെ 10 പോയിന്റുകള്‍ രാഹുല്‍ നേടിയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകത്തെ ഏറ്റവും ഐക്യു ഉള്ളവരുടെ കൂട്ടായ്മയായ മെന്‍സയില്‍ അംഗത്വം ലഭിക്കാന്‍ അര്‍ഹതയുള്ള ഐക്യു നിലവാരമാണ് രാഹുലിന് ഉള്ളതെന്ന് വിലയിരുത്തപ്പെടുന്നു. എട്ട് മുതല്‍ 12 വയസ് വരെ പ്രായമുള്ള 19 കുട്ടികളുമായി മത്സരിച്ചാണ് രാഹുല്‍ ഈ ബഹുമതി സ്വന്തമാക്കിയത്. 19-ാം നൂറ്റാണ്ടിലെ കലാകാരന്‍മാരായിരുന്ന വില്യം ഹോള്‍മാന്‍ ഹണ്ട്, ജോണ്‍ എവററ്റ് മില്ലെയ്‌സ് എന്നിവരേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞുകൊണ്ടായിരുന്നു രാഹുല്‍ സമ്മാനം കരസ്ഥമാക്കിയത്.

ആദ്യ റൗണ്ടില്‍ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും ശരിയായ ഉത്തരം പറഞ്ഞുകൊണ്ട് ക്വിസ് മാസ്റ്ററെ രാഹുല്‍ ഞെട്ടിച്ചുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐടി മാനേജറായ മിനേഷിന്റെയും ഫാര്‍മസിസ്റ്റായ കോമളിന്റെയും മകനാണ് ഈ കൊച്ചു മിടുക്കന്‍.

ലണ്ടന്‍: കൗമാരക്കാരുടെ രക്തം സ്വീകരിക്കുന്നത് പ്രായമാകുന്നത് തടയുമെന്ന അവകാശവാദവുമായി അമേരിക്കന്‍ കമ്പനി. സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ആംബ്രോസിയ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയത്. 100ലേറെ ആളുകളില്‍ നടത്തിയ ക്ലിനിക്കല്‍ ട്രയലുകളിലൂടെ ഇത് തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കമ്പനി പറയുന്നു. ഇതോടെ കൗമാരക്കാരുടെ രക്തത്തിന് ഒരു ഷോട്ടിന് 6200 പൗണ്ട് വരെയായി വില ഉയര്‍ന്നു.

സ്റ്റാഫോര്‍ഡില്‍ നിന്ന് പരിശീലനം നേടിയ ജെസ്സെ കാര്‍മാസിന്‍ എന്ന ഡോക്ടറാണ് ഈ കമ്പനിയുടെ സ്ഥാപകന്‍. പരീക്ഷണത്തില്‍ പങ്കെടുത്തവര്‍ക്ക് രണ്ടര ലിറ്റര്‍ ബ്ലഡ് പ്ലാസ്മ കുത്തിവെച്ചു. ഇതിന്റെ ഫലങ്ങള്‍ പ്രത്യാശ നല്‍കുന്നതാണെന്നായിരുന്നു ഡോ.കാര്‍മാസിന്‍ പറഞ്ഞത്. ഉള്ളില്‍ നിന്ന് നടത്തുന്ന പ്ലാസ്റ്റിക് സര്‍ജറിക്ക് സമാനമാണേ്രത ഈ ചികിത്സ! ആളുകളുടെ കാഴ്ചയില്‍ത്തന്നെ വ്യത്യാസമുണ്ടാക്കാന്‍ ഇതിനു കഴിയുമെന്നാണ് ഡോക്ടര്‍ അവകാശപ്പെട്ടത്.

പുറം കാഴ്ചക്കു പുറമേ, പ്രമേഹം, ഹൃദയത്തിന്റെ പ്രവര്‍ത്തനം, ഓര്‍മ്മ എന്നിവയിലും കാര്യമായ മാറ്റങ്ങള്‍ ദൃശ്യമായെന്ന് കാര്‍മാസിന്‍ പറഞ്ഞു. ചിരഞ്ജീവിയാക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്നില്ലെങ്കിലും അതിനോട് അടുത്ത ഫലങ്ങളാണ് പരീക്ഷണത്തിലൂടെ ലഭിച്ചതെന്നും ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെടേണ്ടതുണ്ടെന്നാണ് വിദഗദ്ധര്‍ അഭിപ്രായപ്പെടുന്നത്.

ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രികളുടെ നികുതി നിരക്കുകള്‍ വര്‍ദ്ധിക്കുന്നു. അതേസമയം സ്വകാര്യാശുപത്രികള്‍ക്ക് ബിസനസ് നിരക്കുകളില്‍ വലിയ തോതിലുള്ള നികുതിയിളവുകളും ലഭിക്കുന്നതായി പഠനം വ്യക്തമാക്കുന്നു. 27 ശതമാനത്തിലേറെ സ്വകാര്യാശുപത്രികള്‍ ചാരിറ്റികളായാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ 80 ശതമാനത്തോളം നികുതിയിളവാണ് ഇവയ്ക്ക് ലഭിക്കുന്നത്. 51.9 ദശലക്ഷം പൗണ്ടിന്റെ നികുതിയിളവാണ് ഈ വിധത്തില്‍ സ്വകാര്യാശുപത്രികള്‍ക്ക് ലഭിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. പ്രസ് അസോസിയേഷനു വേണ്ടി സിവിഎസ് എന്ന ബിസിനസ് റെന്റ് ആന്‍ഡ് റേറ്റ്‌സ് സ്‌പെഷ്യലിസ്റ്റ് സ്ഥാപനം തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരം ഉള്ളത്.

ഇത് ഒഴിവാക്കിയില്ലെങ്കില്‍ സ്വകാര്യാശുപത്രികളില്‍ നിന്ന് 241.4 ദശലക്ഷം പൗണ്ടാണ് സര്‍ക്കാരിന് ലഭിക്കേണ്ടത്. സാമ്പത്തിക പ്രതിസന്ധിയിലായ എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ നികുതിയിനത്തില്‍ ഉണ്ടാകാനിടയുള്ള സാമ്പത്തിക ബാധ്യത 1.83 ബില്യന്‍ പൗണ്ടാണെന്നിരിക്കെയാണ് ഇത്. ഏപ്രിലില്‍ നിലവില്‍ വന്ന പുതിയ ബിസിനസ് നിരക്ക് സമ്പ്രദായമനുസരിച്ച് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും എന്‍എച്ച്എസ് ആശുപത്രികള്‍ പ്രതിവര്‍ഷം നല്‍കേണ്ട നികുതിയില്‍ 21 ശതമാനം വര്‍ദ്ധനയുണ്ടാകും. നിലവില്‍ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന എന്‍എച്ച്എസിന് ഇത് വലിയ ഭാരമായിരിക്കും.

ബ്രിട്ടനിലെ ഏറ്റവും വലിയ മൂന്നാമത്തെ ചാരിറ്റിയായ നുഫീല്‍ഡ് ഹെല്‍ത്തിന് അടുത്ത അഞ്ച് വര്‍ഷത്തേക്ക് ബിസിനസ് റേറ്റായി നല്‍കേണ്ടി വരുന്നത് 3.2 ദശലക്ഷം പൗണ്ട് മാത്രമായിരിക്കും. ചാരിറ്റബിള്‍ സ്റ്റാറ്റസ് കാരണം അടുത്ത 5 വര്‍ഷത്തേക്ക് ഇവര്‍ക്ക് ലാഭിക്കാനാകുക 12.7 മില്യന്‍ പൗണ്ടാണെന്നും വിലയിരുത്തപ്പെടുന്നു. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 626 സ്വകാര്യാശുപത്രികളിലെ നികുതി വിവരങ്ങളാണ് സിവിഎസ് കൗണ്‍സിലുകളോട് ആവശ്യപ്പെട്ടത്. 457 ആശുപത്രികളുടെ വിവരങ്ങള്‍ ലഭിച്ചു. ഇവയില്‍ 123 എണ്ണം ചാരിറ്റി സ്റ്റാറ്റസ് ഉള്ളവയാണ്.

ലണ്ടന്‍: ഈയാഴ്ച പുറത്തു വരുന്ന ജിസിഎസ്ഇ ഫലങ്ങളില്‍ ആയിരക്കണക്കിന് കുട്ടികളുടെ ഗ്രേഡുകള്‍ തെറ്റായി രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഇത്തവണ ഏര്‍പ്പെടുത്തിയ പുതിയ മൂല്യനിര്‍ണ്ണയ രീതിയാണ് പ്രശ്‌നത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തവണ എ സ്റ്റാര്‍ മുതല്‍ ജി വരെ നല്‍കുന്ന രീതിക്കു പകരം 9 മുതല്‍ 1 വരെയുള്ള സംഖ്യകളാണ് ഗ്രേഡുകളായി നല്‍കുന്നത്. ഉയര്‍ന്ന ഗ്രേഡുകള്‍ ലഭിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധന തടയുന്നതിനായി നടപ്പിലാക്കിയ പാഠ്യപദ്ധതി നവീകരണത്തില്‍ നിര്‍ദേശിച്ച രീതിയാണ് ഇത്.

ജിസിഎസ്ഇക്കു ശേഷം പുറത്തിറങ്ങുന്നവര്‍ ഉപരിപഠനത്തിന് ശ്രമിക്കുമ്പോളും ജോലികള്‍ക്ക് അപേക്ഷിക്കുമ്പോളും ഗ്രേഡുകള്‍ വ്യക്തമായി മനസിലാക്കുന്നതിനായാണ് ഈ രീതി നടപ്പിലാക്കിയിരിക്കുന്നതെന്നാണ് വിശദീകരണം. എന്നാല്‍ ഒരു തരത്തിലും വിശ്വസിക്കാനാകാത്ത സമ്പ്രദായമാണ് ഇതെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഫലങ്ങളില്‍ കാര്യമായ പൊരുത്തക്കേടുകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇംഗ്ലീഷിനുമാത്രം തെറ്റായ ഗ്രേഡ് ലഭിക്കുന്നവരുടെ എണ്ണത്തില്‍ 30 മുതല്‍ 45 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടായേക്കും.

വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേഡുകളേക്കാള്‍ ശതമാനം നല്‍കുന്ന മൂല്യനിര്‍ണ്ണയ രീതിയാണ് കൂടുതല്‍ മികച്ചതെന്നും വിദ്ഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ബ്രിട്ടനിലെ വ്യവസായ പ്രമുഖരും പുതിയ സമ്പ്രദായത്തെ വിമര്‍ശിക്കുന്നു. ഈ രീതിയിലുള്ള ഗ്രേഡിംഗ് മനസിലാക്കാന്‍ ബുദ്ധിമുട്ടാണെന്നും പഴയ രീതിയിലുള്ള ഗ്രേഡിംഗ് ആയിരിക്കും തൊഴില്‍ ദാതാക്കള്‍ കൂടുതല്‍ ഇഷ്ടപ്പെടുകയെന്നും അവര്‍ വ്യക്തമാക്കി. പുതിയ രീതിയേക്കുറിച്ചുള്ള ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി 5 ലക്ഷം പൗണ്ട് ചെലവഴിച്ചുള്ള പദ്ധതി തയ്യാറായി വരികയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

ബാഴ്സലോണയില്‍ കഴിഞ്ഞ ദിവസം നടന്ന തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ബ്രിട്ടനില്‍ ജനിച്ച ഏഴു വയസ്സുകാരനും ഉള്‍പ്പെട്ടതായി സ്ഥിരീകരിച്ചു. ജൂലിയന്‍ കാഡ്മാന്‍ എന്ന ഏഴു വയസ്സുകാരന്‍ ആണ് അപകടത്തില്‍ കൊല്ലപ്പെട്ടതായി കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഓടിച്ച് കയറ്റിയുണ്ടായ അപകടത്തില്‍ ആണ് ജൂലിയനും കൊല്ലപ്പെട്ടത്.

അപകട സമയത്ത് അമ്മയോടൊപ്പം ഉണ്ടായിരുന്ന ജൂലിയന്‍ ആളുകള്‍ ചിതറിയോടിയപ്പോള്‍ അമ്മയുടെ അടുത്ത് നിന്ന് വേര്‍പെട്ടു പോവുകയായിരുന്നു.  അപകടത്തെ തുടര്‍ന്ന് ജൂലിയാനെ കാണാതായി എന്നായിരുന്നു ആദ്യം ലഭിച്ച വിവരം.

ബ്രിട്ടനില്‍ ജനിച്ച ജൂലിയന്‍ നാലാം വയസ്സില്‍ മാതാപിതാക്കള്‍ക്കൊപ്പം ഓസ്ട്രേലിയയിലേക്ക് കുടിയേറിയിരുന്നു. അപകടത്തെ തുടര്‍ന്ന് തങ്ങളെ ആശ്വസിപ്പിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ജൂലിയന്റെ കുടുംബം അറിയിച്ചു.

ലണ്ടന്‍: ഗെര്‍ട്ട് ചുഴലിക്കാറ്റിന്റെ ഫലമായി യുകെ നേരിടാനിരിക്കുന്നത് കടുത്ത ഉഷ്ണ കാലാവസ്ഥ. ഈ മാസത്തെ ഏറ്റവും ചൂട് കൂടിയ ദിവസം തിങ്കളാഴ്ചയായിരിക്കുമെന്നാണ് പ്രവചനം. സമ്മിശ്രമായ കാലാവസ്ഥ ഈ വാരാന്ത്യത്തിലും തുടരുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. ഇന്ന് രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ വരണ്ട കാലാവസ്ഥയായിരിക്കുമെന്നാണ് പ്രവചനം. നോര്‍ത്ത് ഇംഗ്‌ളണ്ടിലും സ്‌കോട്ട്‌ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും താപനില 15 ഡിഗ്രി സെല്‍ഷ്യസിനും 19 ഡിഗ്രി സെല്‍ഷ്യസിനു ഇടയിലായിരിക്കുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു.

സൗത്ത് ഇംഗ്‌ളണ്ടില്‍ ഇന്ന് ചെറിയ തോതില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നിഗമനം. എങ്കിലു താപനില 25 ഡിഗ്രി വരെയാകാന്‍ ഇടയുണ്ട്. ഗെര്‍ട്ട് ചുഴലിക്കാറ്റിന്റെ ശേഷിക്കുന്ന ഭാഗങ്ങളാണ് ഈ കാലാവസ്ഥയ്ക്ക് കാരണമാകുന്നതെന്ന് മെറ്റ് ഓഫീസ് അറിയിക്കുന്നു. വരണ്ടതും ആര്‍ദ്രവുമായ കാലാവസ്ഥയായിരിക്കും തെക്കന്‍, കിഴക്കന്‍ പ്രദേശങ്ങളില്‍ ഞായറാഴ്ച ഉണ്ടാകാന്‍ സാധ്യതയുള്ളത്. കാറ്റഗറി 2 ചുഴലിക്കാറ്റായിരുന്ന ഗെര്‍ട്ട് ഇപ്പോള്‍ ശക്തി കുറഞ്ഞ് അറ്റ്‌ലാന്റക്കിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.

തെക്കന്‍ പ്രദേശങ്ങളില്‍ ഈര്‍പ്പമുള്ളതും ചൂടുള്ളതുമായ കാലാവസ്ഥയ്ക്ക് ഇത് കാരണമാകും. തിങ്കളാഴ്ച ഗെര്‍ട്ട് എത്തുകയാണെങ്കില്‍ 27 ഡിഗ്രി വരെ ചൂട് ഉയര്‍ന്നേക്കാം. എന്നാല്‍ സമ്മറിന് ഇതോടെ അവസാനമാകുമെന്നാണ് പ്രവചനം. നോര്‍ത്തില്‍ കാറ്റും മഴയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇത് ഉറപ്പു പറയാന്‍ കഴിയില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

RECENT POSTS
Copyright © . All rights reserved