ലണ്ടന്‍: ഓസീ ഫ്‌ളൂ ബ്രിട്ടനില്‍ പടരുന്നതിനിടെ അപകടകാരിയായ ഫ്രഞ്ച് ഫ്‌ളൂ ബാധ യുകെയിലുണ്ടാകാമെന്ന് മുന്നറിയിപ്പ്. 30 ഓളം പേരുടെ മരണത്തിന് കാരണമായ ഫ്രഞ്ച് ഫ്‌ളൂ ബാധക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാന്‍ എന്‍എച്ച്എസ് നേതൃത്വം ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. മൂന്നിലൊന്ന് ജീവനക്കാരും ഈ വാക്‌സിന്‍ എടുത്തു കഴിഞ്ഞതായാണ് വിവരം.

ഡിസംബര്‍ അവസാന ആഴ്ചയില്‍ ഫ്രഞ്ച് ഫ്‌ളൂ ലക്ഷണങ്ങളുമായി ഏഴ് ലക്ഷത്തിലേറെപ്പേര്‍ ഫ്രാന്‍സില്‍ ഡോക്ടര്‍മാരെ കണ്ടുവെന്ന് അവിടെനിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരു ലക്ഷം പേരില്‍ 527 പേര്‍ക്കെങ്കിലും ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മൂന്ന് മാസം മുതല്‍ 93 വയസ് വരെ പ്രായമുള്ളവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവയില്‍ 46 ശതമാനം പേര്‍ പുരുഷന്‍മാരാണ്. ക്രിസ്തുമസ്-ന്യൂഇയര്‍ കാലയളവിലാണ് ഇത്രയും രോഗികള്‍ ആശുപത്രികളില്‍ എത്തിയത്.

ബ്രിട്ടനില്‍ ഫ്രഞ്ച് ഫ്‌ളൂ ബാധയ്ക്ക് സാധ്യതയുണ്ടെന്ന ആശങ്കകള്‍ക്കിടയിലും ആരോഗ്യ ജീവനക്കാര്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ഉത്സാഹം കാട്ടുന്നില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിന്റര്‍ ക്രൈസിസില്‍ രോഗികള്‍ നിറഞ്ഞു കവിഞ്ഞ ആശുപത്രി പരിസരങ്ങള്‍ ഈ രോഗം അതിവേഗത്തില്‍ പടരാന്‍ കാരണമാകുമെന്ന ആശങ്കയും നിലവിലുണ്ട്.