Main News

ലണ്ടന്‍: ബ്രിട്ടിനിലെ ഫാക്ടറികളില്‍ ഓര്‍ഡറുകള്‍ കുറയുന്നു. ഏപ്രില് മുതലുള്ള കാലയളവില്‍ ഏറ്റവും കുറവ് ഓര്‍ഡറുകളാണ് ഈ മാസം ലഭിച്ചത്. കയറ്റുമതിച്ചെലവ് വര്‍ദ്ധിച്ചതും ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങളുമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉദ്പാദകര്‍ക്ക് ഓര്‍ഡറുകള്‍ ലഭിക്കുന്നതില്‍ മാന്ദ്യമുണ്ടാകുന്നതായി സിബിഐ പ്രതിമാസ സര്‍വേയാണ് വ്യക്തമാക്കിയത്. ഭക്ഷ്യ, പാനീയ വ്യവസായങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത്.

കഴിഞ്ഞ മൂന്ന് മാസത്തില്‍ ഈ വ്യവസായങ്ങള്‍ക്കുണ്ടായ തിരിച്ചടി മൊത്തം വ്യവസായ മേഖലയെ ബാധിച്ചു. ഈ മേഖല ഇപ്പോളും മാന്ദ്യത്തിന്റെ പിടിയിലാണെന്ന് സിബിഐ എക്കണോമിസ്റ്റ് അന്ന ലീച്ച് പറഞ്ഞു. ഉദ്പാദനത്തില്‍ സ്ഥിരതയുണ്ടെങ്കിലും ഓര്‍ഡറുകള്‍ ലഭിക്കുന്നതിലും കയറ്റുമതിയിലുമാണ് പ്രതിസന്ധിയുണ്ടായിരിക്കുന്നത്. പൗണ്ടിന്റെ മൂല്യത്തില്‍ ഇടിവുണ്ടായതും നാണയപ്പെരുപ്പം ഉയര്‍ന്നതും മൂലം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പിന്നോട്ടു പോയിരുന്നു. ഇത് ഉപഭോക്താക്കളെയും ബാധിച്ചത് ഉദ്പാദനമേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.

നവംബര്‍ 2ന് ചേരുന്ന യോഗത്തില്‍ പലിശനിരക്കുകള്‍ ഉയര്‍ത്തുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നല്‍കുന്ന സൂചന. ശമ്പളനിരക്കുകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും അത് നാണയപ്പെരുപ്പ നിരക്കിനെ 2 ശതമാനത്തില്‍ പിടിച്ചു നിര്‍ത്തുമെന്നുമുള്ള പ്രതീക്ഷയിലാണ് ഇത്.

ലാഹോര്‍: പരിസ്ഥിതിക്ക് ഏറ്റവും വലിയ ഭീഷണിയാകുന്നത് എന്താണെന്ന ചോദ്യത്തിന് പ്ലാസ്റ്റിക് എന്നതായിരിക്കും ആരും കണ്ണടച്ചു നല്‍കുന്ന ഉത്തരം. ആഴക്കടലില്‍ വരെ എത്തിയിരിക്കുന്ന അഴുകാത്ത ഈ മാലിന്യം ജീവികളുടെ മരണത്തിനു കാരണമാകുന്നതു കൂടാതെ മണ്ണിന്റെ സ്വാഭാവിക ജൈവഘടനെപ്പോലും ഇല്ലാതാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്രയും പ്രതികൂലമായി പരിസ്ഥിതിയെ ബാധിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തെ ഇല്ലാതാക്കാന്‍ പ്രകൃതി തന്നെ മാര്‍ഗം കണ്ടെത്തിയിരിക്കുന്നു എന്നതാണ് ചില വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. തേനീച്ചക്കൂടുകളിലെ മെഴുക് തിന്ന് ജീവിക്കുന്ന ചില പുഴുക്കള്‍ പ്ലാസ്റ്റിക്ക് തിന്നുമെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക് ഇല്ലാതാക്കുന്ന ഫംഗസുകളെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

പാകിസ്ഥാനില്‍ നിന്നാണ് ആശ്വാസകരമായ ഈ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. ഇസ്ലാമാബാദില്‍ ചവറുകൂനയില്‍ നിന്ന് ശേഖരിച്ച മണ്ണില്‍ കണ്ടെത്തിയ പ്രത്യേകതരം പൂപ്പലാണ് പ്ലാസ്റ്റിക്കില്‍ ജീവിച്ച് അതില്‍ നിന്ന് ഭക്ഷണം കണ്ടെത്തുന്നത്. ഇതിന്റെ ഫലമായി പ്ലാസ്റ്റിക് ഫലപ്രദമായി വിഘടിച്ചു പോകുന്നതായി കണ്ടെത്തി. വേള്‍ഡ് അഗ്രോഫോറസ്ട്രി സെന്റര്‍ ആന്‍ഡ് കുന്‍മിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയിലെ ഡോ.ഷെറൂണ്‍ ഖാന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഇത് വ്യക്തമായത്. എന്‍വയണ്‍മെന്റല്‍ പൊള്യൂഷന്‍ എന്ന ജേര്‍ണലില്‍ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആസ്‌പെര്‍ജില്ലസ് ട്യൂബിന്‍ജെന്‍സിസ് എന്നാണ് തിരിച്ചറിഞ്ഞ ഫംഗസിന്റെ പേര്. പോളിയൂറിത്തീന്‍ ആണ് പ്ലാസ്റ്റിക് വസ്തുക്കള്‍ നിര്‍മിക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കാറുള്ളത്. പോളിയൂറിത്തീനെ വിഘടിപ്പിക്കാന്‍ ഈ ഫംഗസിന് കഴിവുണ്ടോ എന്നതായിരുന്നു പ്രാഥമികമായി പരിശോധിച്ചത്. അഗാര്‍ പ്ലേറ്റ്, ദ്രാവകം, മണ്ണ് എന്നിവയില്‍ ഫംഗസ് ഏതുവിധത്തില്‍ പോളിയൂറിത്തീന്‍ വിഘടിപ്പിക്കുമെന്ന് പരിശോധിച്ചു. അഗാറില്‍ പ്ലാസ്റ്റിക് വിഘടനത്തിന്റെ തോത് ഉയര്‍ന്നതായിരുന്നെന്ന് കണ്ടെത്തിയെന്ന് പഠനം പറയുന്നു.

മറ്റു മാധ്യമങ്ങളിലും സാഹചര്യങ്ങളും പ്ലാസ്റ്റിക്കിനെ വിഘടിപ്പിക്കാന്‍ ഈ ഫംഗസിനുള്ള കഴിവ് പരിശോധിക്കുകയും അത്തരം കഴിവുകള്‍ വികസിപ്പിക്കുകയുമാണ് അടുത്ത ഘട്ടത്തില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു.

ലണ്ടന്‍: തോമസ് കുക്ക് വിമാനങ്ങളിലെ പൈലറ്റുമാര്‍ പണിമുടക്കുന്നു. ബ്രിട്ടീഷ് എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ ബാല്‍പയാണ് സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ശമ്പള വിഷയത്തില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പണിമുടക്കിലേക്ക് നീങ്ങിയതെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. പൈലറ്റുമാര്‍ അസംതൃപ്തരാണെന്നും പണിമുടക്കാനുള്ള തീരുമാനം ഉറച്ചതാണെന്നും ബാല്‍പ ജനറല്‍ സെക്രട്ടറി ബ്രയന്‍ സ്ട്രട്ടന്‍ പറഞ്ഞു. യാത്രക്കാരോടല്ല തങ്ങള്‍ സമരം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

2010ല്‍ അഗ്നിപര്‍വതത്തില്‍ നിന്നുള്ള ചാരം മൂലം വിമാനങ്ങള്‍ റദ്ദ് ചെയ്യേണ്ടി വന്ന അതേ പ്രതിസന്ധിയാണ് ഇപ്പോള്‍ യുകെയിലെ വിമാനയാത്രക്കാര്‍ക്ക് ഈ സമരം മൂലം ഉണ്ടായിരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ശനിയാഴ്ചയിലെ ഒട്ടേറെ സര്‍വീസുകള്‍ റീഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞയാഴ്ച റയന്‍എയര്‍ വിമാനങ്ങള്‍ റദ്ദ് ചെയ്തപ്പോളുണ്ടായ സാഹചര്യത്തോളം മോശമല്ല ഇപ്പോളത്തേതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദിവസം 50 വിമാനങ്ങള്‍ എന്ന നിരക്കിലായിരുന്നു റയന്‍എയര്‍ വിമാനങ്ങള്‍ റദ്ദാക്കിയത്.

ഇന്നത്തെ മിക്ക സര്‍വീസുകളും നടക്കുമെന്ന് തന്നെയാണ് തോമസ് കുക്ക് അറിയിക്കുന്നത്. എന്നാല്‍ ചില വിമാനങ്ങളുടെ പുറപ്പെടല്‍ സമയം നാലു മണിക്കൂര്‍ വരെ വൈകിയേക്കാം. സമരം ചെയ്യാത്ത ജീവനക്കാരും മാനേജ്‌മെന്റില്‍ നിന്നുള്ളവരും സര്‍വീസുകള്‍ മുടങ്ങാതിരിക്കാന്‍ പ്രവര്‍ത്തിക്കും. അഞ്ച് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും സര്‍വീസുകള്‍ മുടങ്ങാതിരിക്കാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

ബൈബിളിലെ സംഖ്യാ ശാസ്ത്രം കൂട്ടി കിഴിച്ച് സെപ്റ്റംബര്‍ 23-ന് ലോകാവസാനത്തിന്റെ ആരംഭം ആണെന്നും കര്‍ത്താവിന്‍റെ മടങ്ങി വരവാണെന്നും പലരും വിശ്വസിക്കുന്നു. ലൂക്കോസ് 21: 25 മുതൽ 26 ഭാഗങ്ങളില്‍ പ്രതിപാധിക്കുന്നപോലെ അമേരിക്കയില്‍ ദൃശ്യമായ സോളാർ എക്ലിപ്സിന്റെ തിയതി, ഹാർവി,ഇര്‍മ്മ ചുഴലിക്കാറ്റും ടെക്സസ് വെള്ളപ്പൊക്കവും തുടങ്ങിയ സംഭവങ്ങളുടെ വെളിച്ചത്തില്‍ അന്ത്യകാലം വാതില്‍ക്കല്‍ എത്തിയെന്ന് ചില സുവിശേഷകര്‍ പറയുന്നു.

ബാംഗ്ലൂര്‍ ബെഥേല്‍ എ.ജി ചര്‍ച്ച് പാസ്റ്റര്‍ എം.എ വര്‍ഗ്ഗീസിന്റെ വീഡിയോ ഇതോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കഴിഞ്ഞു. സെപ്റ്റംബര്‍ ഇരുപത്തിമൂന്നിന് ആകാശത്തില്‍ നക്ഷത്ര മണ്ഡലത്തില്‍ ചില വത്യാസങ്ങള്‍ ഉണ്ടാകും. രണ്ടു നക്ഷത്ര മണ്ഡലങ്ങള്‍ ആണ് ഈ പ്രതിഭാസത്തില്‍ പങ്കെടുക്കുന്നത്. വെളിപ്പാട് പുസ്തകം 12:1-ല്‍ പറയുന്ന പ്രവചനത്തിന്റെ അക്ഷരീക നിവര്‍ത്തി സംഭവിക്കുന്ന ദിവസമാണ് ഈ സെപ്റ്റംബര്‍ 23. കര്‍ത്താവിന്‍റെ വരവ് എന്നാണെന്ന് ആര്‍ക്കും അറിയില്ല പക്ഷേ കര്‍ത്താവിന്‍റെ വരവിനു മുന്നോടിയായുള്ള ഏറ്റവും പ്രധാന ഒരു അടയാളമാണ് സെപ്റ്റംബര്‍ ഇരുപത്തിമൂന്നിന് സംഭവിക്കുന്നത്‌ എന്ന് ഇദ്ദേഹം പറയുന്നു. നൂറ്റാണ്ടുകള്‍ക്കു മുന്‍പേ സഹസ്രാബ്ദങ്ങള്‍ക്ക് മുന്നേ നിത്യനായ കര്‍ത്താവു പ്ലാന്‍ ചെയ്ത ആ വലിയ കാര്യം ഈ വരുന്ന സെപ്റ്റംബര്‍ ഇരുപത്തി മൂന്നിന് നടക്കുമെന്നും ദൈവ ജനം ആത്മീയമായ് ഉണരാന്‍ ഉള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ കാണാം.

ജെപി മറയൂര്‍

ലണ്ടന്‍: യു.കെ മലയാളം മിഷന്റെ ഉദ്ഘാടനം MaUK യുടെ ഉടമസ്ഥതയില്‍ ഉള്ള കേരളാ ഹൗസില്‍ വെച്ച് നടക്കും. വൈകിട്ട് ആറര മണിക്ക് ആരംഭിക്കുന്ന പൊതുയോഗത്തില്‍ വെച്ച് ബഹു: സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുന്നത്. പ്രസ്തുത ചടങ്ങില്‍ വെച്ച് പ്രശസ്ത മാദ്ധ്യമ പ്രവര്‍ത്തകനായ ശ്രീ:മുരളി വെട്ടത്തിനെ യു.കെ മലയാളം മിഷന്റെ ചീഫ് കോര്‍ഡിനേറ്ററായും, പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി പത്ത് അംഗങ്ങള്‍ അടങ്ങിയ താല്‍ക്കാലിക കമ്മറ്റിയും ബഹു:മന്ത്രി പ്രഖ്യാപിക്കും.

ഉദ്ഘാടന ചടങ്ങിന് ശേഷം പ്രശസ്ത നര്‍ത്തകി ശ്രീമതി പാര്‍വതി നായര്‍ മോഹിനിയാട്ടം അവതരിപ്പിക്കും. താല്‍ക്കാലിക കമ്മിറ്റിയില്‍ ഇടം നേടിയവരുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു.

മുരളി വെട്ടത്ത് (ചീഫ് കോര്‍ഡിനേറ്റര്‍)
ശ്രീജിത്ത് ശ്രീധരന്‍
സുജു ജോസഫ്
എബ്രഹാം കുര്യന്‍
ബേസില്‍ ജോണ്‍
സി.എ.ജോസഫ് ജോസഫ്
സ്വപ്ന പ്രവീണ്‍
ജനേഷ് സി.എന്‍
ഇന്ദുലാല്‍ സോമന്‍
എസ്.എസ്.ജയപ്രകാശ്

ലണ്ടന്‍: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി യുകെ ബാങ്കുകളിലെ 70 മില്യന്‍ കറന്റ് അക്കൗണ്ടുകളില്‍ ഇമിഗ്രേഷന്‍ പരിശോധനകള്‍ നടത്തുന്നു. ബ്രിട്ടനിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പ്രധാനമന്ത്രി തെരേസ മേയുടെ നയത്തിന്റെ ഭാഗമായാണ് ഈ പരിശോധന. ജനുവരി മുതല്‍ പരിശോധനകള്‍ ആരംഭിക്കും. വിസ കാലാവധി അവസാനിച്ചതിനു ശേഷവും രാജ്യത്ത് തുടരുന്ന 6000ത്തോളം പേരെയും അഭയാര്‍ത്ഥി സ്റ്റാറ്റസിന് അപേക്ഷിച്ച് ലഭിക്കാതിരുന്നിട്ടും യുകെയില്‍ തുടരുന്നവരെയും ഡീപോര്‍ട്ടേഷന്‍ അഭിമുഖീകരിക്കുന്ന വിദേശികളെയും കണ്ടെത്താനാണ് നടപടി.

ഇത്തരക്കാരെ ആദ്യ വര്‍ഷത്തെ പരിശോധനയില്‍ത്തന്നെ കണ്ടെത്താനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പരിശോധനയില്‍ കണ്ടെത്തുന്ന ഇത്തരക്കാരുടെ അക്കൗണ്ടുകള്‍ റദ്ദാക്കുകകയോ മരവിപ്പിക്കുകയോ ചെയ്യും. യുകെയില്‍ അനധികൃതമായി താമസിക്കുന്നവരെ സമാധാനമായി കഴിയാന്‍ അനുവദിക്കില്ലെന്നാണ് ഇതേക്കുറിച്ചുള്ള വിശദീകരണം. സ്വമേധയാ രാജ്യം വിടാന്‍ സമ്മതിക്കുന്ന ഇത്തരക്കാരുടെ മരവിപ്പിച്ച അക്കൗണ്ടുകളിലെ പണം തിരികെ നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. രാജ്യം വിട്ടതിനു ശേഷമേ പണം നല്‍കൂ.

എന്നാല്‍ ഹോം ഓഫീസ് അടുത്തിടെ വരുത്തിയ പിഴവുകള്‍ പരിശോധിച്ചാല്‍ ഈ നടപടി തെറ്റുകള്‍ ഇല്ലാതെ നടപ്പാക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് ഇമിഗ്രേഷന്‍ വെല്‍ഫെയര്‍ ക്യാംപെയിനര്‍മാര്‍ പറയുന്നു. ബ്രിട്ടനില്‍ താമസിക്കാന്‍ യോഗ്യതയുള്ള കുടിയേറ്റക്കാരെ ഇത് പ്രതികൂലമായി ബാധിച്ചേക്കാം. ഹോം ഓഫീസിന്റെ സമീപകാലം ചരിത്രം ഇത്തരം നടപടികളില്‍ അതിന്റെ വിശ്വാസ്യത തന്നെ ഇല്ലാതാക്കിയിരിക്കുകയാണെന്ന് ജോയിന്റ് കൗണ്‍സില്‍ ഫോര്‍ വെല്‍ഫെയര്‍ ഓഫ് ഇമിഗ്രന്റ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് സത്ബീര്‍ സിങ് വ്യക്തമാക്കി.

ലണ്ടന്‍: യുകെയില്‍ സ്വകാര്യ മേഖലയിലെ സമരങ്ങള്‍ ഉയര്‍ന്ന നിരക്കില്‍. പത്ത് വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സമരങ്ങളെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ബ്രിട്ടനിലെ റെയില്‍വേ നെറ്റ്‌വര്‍ക്കുകളിലെ സമരങ്ങളാണ് ഈ നിരക്ക് ഉയരാന്‍ കാരണം. ജനുവരിക്കും ജൂലൈക്കുമിടയില്‍ 1,22,000 പ്രവൃത്തിദിനങ്ങള്‍ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2004നു ശേഷം രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടിലും തോമസ് കുക്ക് വിമാനങ്ങളിലും കൂടുതല്‍ സമരങ്ങള്‍ ഇനിയും നടക്കാനിരിക്കെ ഈ വര്‍ഷം സ്വകാര്യമേഖലയുടെ സമരങ്ങളുടേതാകുമെന്ന് ഏകദേശം ഉറപ്പായി.

ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. 2016 ജനുവരി മുതല്‍ ജൂലൈ വരെയുണ്ടായ സമരങ്ങളുടെ ഇരട്ടിയേക്കാള്‍ കൂടുതലാണ് ഇത്. 2004ല്‍ ആകെയുണ്ടായ സമരങ്ങളില്‍ നഷ്ടമായത് 1,65,000 പ്രവൃത്തിദിനങ്ങളാണ്. ഇപ്പോള്‍ നടന്നുവരുന്ന സമരങ്ങളുടെ നിരക്കനുസരിച്ച് 2017 പൂര്‍ത്തിയാകുന്നതിനു മുമ്പായി ഈ റെക്കോര്‍ഡ് തകര്‍ക്കപ്പെടും. സമരങ്ങള്‍ നടക്കണമെന്ന് ആര്‍ക്കും ആഗ്രഹമില്ലെന്നായിരുന്നു ഈ വാര്‍ത്തയോട് ടിയുസി വക്താവ് പ്രതികരിച്ചത്.

കഠിനാദ്ധ്വാനം ചെയ്യുന്ന ജീവനക്കാരുടെ അഭിമാനം ഇല്ലാതാക്കുന്ന നടപടികള്‍ ഉണ്ടാകുമ്പോളാണ് സമരങ്ങള്‍ നടക്കുന്നത്. അല്ലെങ്കില്‍ സമരം നടത്തി അന്നത്തെ ശമ്പളം നഷ്ടമാക്കാന്‍ ആരാണ് താല്‍പര്യപ്പെടുകയെന്നും വക്താവ് ചോദിച്ചു. ചില കാര്യങ്ങളില്‍ സമവായത്തിന് തൊഴിലുടമകള്‍ തയ്യാറാകാതെ വന്നാല്‍ സമരമല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്നും യൂണിയന്‍ പറയുന്നു. ഈ വര്‍ഷം സമരം ചെയ്തവരില്‍ റെയില്‍ ഗാര്‍ഡുകള്‍, കാര്‍ നിര്‍മാണക്കമ്പനികളിലെ ജീവനക്കാര്‍, എന്‍എച്ച്എസ് ജീവനക്കാര്‍ മുതല്‍ ആണവ മേഖലയിലെ ജീവനക്കാര്‍ വരെയുണ്ട്.

ലണ്ടന്‍: ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം എന്‍എച്ച്എസ് വിട്ടത് 10,000ത്തോളം യൂറോപ്യന്‍ ജീവനക്കാരെന്ന് കണക്കുകള്‍. എന്‍എച്ച്എസ് സംബന്ധിച്ച വിവരങ്ങള്‍ ക്രോഡീകരിക്കുന്ന എന്‍എച്ച്എസ് ഡിജിറ്റല്‍ നല്‍കിയ വിവരങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന ഹിതപരിശോധനയ്ക്കു ശേഷം ഡോക്ടര്‍, നഴ്‌സ്, മറ്റ് അനുബന്ധ തസ്തികകള്‍ എന്നിവയില്‍ ജോലി ചെയ്തിരുന്ന 9832 യൂറോപ്യന്‍ പൗരന്‍മാര്‍ 12 മാസത്തിനുള്ളില്‍ എന്‍എച്ച്എസ് വിട്ടു. കഴിഞ്ഞ മൂന്ന് മാസത്തില്‍ ജോലി വിട്ടവരുടെ കണക്കുകള്‍ പുറത്തു വന്നിട്ടില്ല.

മുന്‍ വര്‍ഷത്തേക്കാള്‍ 22 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. രണ്ടു വര്‍ഷത്തില്‍ 42 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയെന്നും കണക്കുകള്‍ പറയുന്നു. ഹിതപരിശോധനയ്ക്കു ശേഷമുള്ള 12 മാസത്തെ കാലയളവില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 3885 നഴ്‌സുമാരും 1794 ഡോക്ടര്‍മാരും എന്‍എച്ച്എസ് ഉപേക്ഷിച്ചിട്ടുണ്ട്. ബ്രെക്‌സിറ്റ് എന്‍എച്ച്എസിനുണ്ടാക്കുന്ന പ്രതിസന്ധിയേക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ ആദ്യമായാണ് പുറത്തു വരുന്നത്. ജീവനക്കാരുടെ കുറവ് മൂലം പ്രതിസന്ധിയെ നേരിടുന്ന ആരോഗ്യ സര്‍വീസിന് ഇത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതാകില്ലെന്നാണ് വിലയിരുത്തുന്നത്.

യൂറോപ്യന്‍ ഡോക്ടര്‍മാരില്‍ പത്തിലൊന്ന് പേര്‍ എന്‍എച്ച്എസ് ഉപേക്ഷിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് തങ്ങള്‍ നടത്തിയ പഠനത്തിലും വ്യക്തമായിരുന്നുവെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. മറ്റൊരു 25 ശതമാനവും കൂടി ഇതിനായി തയ്യാറെടുക്കുകയാണെന്നും ഡോക്ടര്‍മാരുടെ സംഘടന പറഞ്ഞു. യൂറോപ്യന്‍ പൗരന്‍മാരായ എന്‍എച്ച്എസ് ജീവനക്കാരുടെയും അവരുടെ കുടുംംബങ്ങളുടെയും ബ്രെക്‌സിറ്റിനു ശേഷമുള്ള ഭാവിയെക്കുറിച്ച് വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ബിഎംഎ കുറ്റപ്പെടുത്തി.

ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബമാണ് നോയല്‍ റാഡ്‌ഫോര്‍ഡ്-സ്യു റാഡ്‌ഫോര്‍ഡ് ദമ്പതിമാരുടേത്. ലേറ്റസ്റ്റായി ഇരുപതാമത്തെ കുഞ്ഞാണ് അവര്‍ക്ക് പിറന്നത്. ഇതോടെ ഇരുപതാമതും അമ്മയായ സ്യു ഒരു തീരുമാനമെടുത്തു. ഇത് അവസാനത്തേതാണ്. ഇത് കൊണ്ട് നിര്‍ത്തിക്കോളാം! എന്നാല്‍ ഭര്‍ത്താവ് നോയല്‍ അതിന് തയ്യാറാകുന്ന മറ്റൊന്നുമില്ല. നോയല്‍ ഇതേക്കുറിച്ച് പറഞ്ഞ മറുപടി ഇതാണ്-”വാസക്ടമി ചെയ്യുന്നതിനെക്കുറിച്ച് ഇതുവരെ ഞാന്‍ ആലോചിച്ചിട്ടില്ല”.46-കാരനായ നോയലിനും 42-കാരിയായ സ്യുയ്ക്കും കഴിഞ്ഞ തിങ്കളാഴ്ചയാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്.

Image result for britain biggest family member home

കുടുംബത്തിലെ പതിനൊന്നാമത്തെ ആണ്‍കുട്ടി. ഒന്‍പത് പേര്‍ പെണ്‍കുട്ടികള്‍. കുട്ടികളുടെ മുത്തശ്ശി പറയുന്നത് എന്തെന്നാല്‍ ഒരു കൃത്യമായ ഇരട്ടസംഖ്യയില്‍ ഇത് അവസാനിപ്പിക്കുന്നത് നല്ലതെന്നാണ്. ഇപ്പോള്‍ പിറന്ന കുഞ്ഞിന് ആര്‍ച്ചി റോവാന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ലങ്കാഷെയറിലെ മൊറേക്യാമ്പയില്‍ വെച്ചാണ് ഇരുവരും കുട്ടിക്കാലത്ത് കണ്ടുമുട്ടുന്നത്. പിന്നീട് പ്രണയമായും വിവാഹത്തിലും അവസാനിച്ചു. 28 വര്‍ഷം മുന്‍പ്, അതായത് സ്യുക്ക് 14 വയസ്സുള്ളപ്പോഴാണ് ഇരുവര്‍ക്കും തങ്ങളുടെ ആദ്യ കുഞ്ഞായ ക്രിസ് പിറന്നത്.

Related image

2016 ജൂലൈ 24-ന് അവര്‍ക്ക് പത്തൊന്‍പതാം കുഞ്ഞ് പിറക്കുകയും കഴിഞ്ഞ പതിനെട്ടാം തീയ്യതി ഒടുവിലത്തെ കുഞ്ഞായ ആര്‍ച്ചി പിറക്കുകയും ചെയ്തു. ദമ്പതികളുടെ മക്കളുടെ പ്രായക്കണക്ക് ഇങ്ങനെയാണ്..ക്രിസ്-28, സോഫി-23, ക്ലോ-22, ജാക്ക്-20, ഡാനിയേല്‍-18, ലൂക്ക്,മിലി-16, കാത്തി-14, ജെയിംസ്-13, എല്ലി-12, ഐമീ-11, ജോഷ്-10, മാക്‌സ്-8, ടില്ലി-7, ഓസ്‌കാര്‍-5, കാസ്‌പെര്‍-4, ഹാലി-2, ഫോബ്-13 മാസം. മറ്റൊരു രസകരമായ സംഭവം കൂടി ദമ്പതിമാരുമായി ബന്ധപ്പെട്ട് ഉണ്ട്. ഇരുവരും മുത്തശ്ശനും മുത്തശ്ശിയും ആകാന്‍ പോകുകയാണ്. ഇവരുടെ മൂത്തമകളായ സോഫി മൂന്ന് മക്കളുടെ അമ്മയാകും ഉടന്‍.

ലണ്ടന്‍: യുകെയിലെ ഊര്‍ജ്ജ നിരക്കുകള്‍ കുതിക്കുകയാണെന്ന് റിപ്പോര്‍ട്ട്. 2014 മുതല്‍ വര്‍ദ്ധിച്ച വേഗതയിലാണ് നിരക്കുകള്‍ ഉയരുന്നത്. ഉപഭോക്തൃ വെബ്‌സൈറ്റ് ആയ മണിസേവിംഗ്എക്‌സ്‌പെര്‍ട്ട് ഡോട്ട്‌കോം പുറത്തു വിട്ട വിവരങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ശരാശരി ഊര്‍ജ്ജ നിരക്കില്‍ 5.3 ശതമാനം വര്‍ദ്ധനവുണ്ടായി. 2014 ഫെബ്രുവരി മുതല്‍ കുത്തനെയുള്ള വര്‍ദ്ധനവാണ് ഉണ്ടായതെന്നാണ് വിശദീകരിക്കപ്പെടുന്നത്. വൈദ്യുതി നിരക്കില്‍ മാത്രം 9 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി.

യുകെയിലെ വന്‍കിട എനര്‍ജി കമ്പനികള്‍ ഈ വര്‍ഷം നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഗ്യാസിന്റെ സ്റ്റാന്‍ഡാര്‍ഡ് വേരിയബിള്‍ താരിഫില്‍ 12.5 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച നിലവില്‍ വന്ന ഈ വര്‍ദ്ധനവ് 3.1 ദശലക്ഷം ആളുകളെ ബാധിക്കും. ഓരോ വീടിനും ശരാശരി 235 പൗണ്ട് അധികം ചെലവ് വരുന്ന മാറ്റമാണ് ഇതെന്ന് മണിസൂപ്പര്‍മാര്‍ക്കറ്റ് പറയുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ അഞ്ച് ലക്ഷം ഉപഭോക്താക്കളെങ്കിലും തങ്ങളുടെ സേവനദാതാക്കളെ മാറ്റിയിട്ടുണ്ടെന്നാണ് എനര്‍ജി യുകെ പറയുന്നത്.

ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായി നിരക്കുകള്‍ നിലനിര്‍ത്താന്‍ ശ്രമിക്കണമെന്ന് ബിസിനസ് ആന്‍ഡ് എനര്‍ജി സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക് ഓഫ്‌ജെമിന് കത്തയച്ചു. ഇതേത്തുടര്‍ന്ന് നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് റെഗുലേറ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്. എനര്‍ജി നിരക്കുകള്‍ കുറയ്ക്കുമെന്നത് തെരേസ മേയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. എന്നാല്‍ ഓഗസ്റ്റ് അവസാനത്തോട് ഇതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയിരുന്നു.

RECENT POSTS
Copyright © . All rights reserved