Main News

കോട്ടയം. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന് അമ്പത് വയസ്സ് തികഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജിലേയും നവജീവന്‍ ട്രസ്റ്റിലേയും ആളുകള്‍ക്കൊപ്പമായിരുന്നു അഭിവന്ദ്യ പിതാവിന്റെ അമ്പതാം പിറന്നാള്‍ ആഘോഷം നടന്നത്. മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള സായാഹ്ന ഭക്ഷണ വിതരണത്തില്‍ പങ്കു ചേര്‍ന്ന് രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും മധുര പലഹാരം വിതരണം ചെയ്തുമാണ് മാര്‍ സ്രാമ്പിക്കല്‍ തന്റെ അമ്പതാം പിറന്നാള്‍ ആഘോഷിച്ചത്. ആശുപത്രിയിലെ ഭക്ഷണ വിതരണത്തിനു ശേക്ഷം നവജീവനിലെത്തിയ അഭിവന്ദ്യ പിതാവിനെ നവജീവന്‍ മാനേജിംഗ് ട്രസ്റ്റി പി. യു. തോമസ് ബൊക്കെ നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് നടന്ന അനുമോദന യോഗത്തില്‍ പി. യു. തോമസ്, മാത്യൂ കൊല്ലമലക്കരോട്ട്, രാജി മാത്യൂ എന്നിവര്‍ പ്രസംഗിച്ചു. ആയിരക്കണക്കിനാളുകള്‍ക്ക് ദിവസവും ഭക്ഷണം നല്‍കി ആശ്രയമാകുന്ന നവജീവന്‍ ട്രസ്റ്റിനൊപ്പം തന്റെ അമ്പതാം പിറന്നാള്‍ ആഘോഷിക്കുവാന്‍ കഴിഞ്ഞത് മറക്കുവാന്‍ കഴിയാത്ത അനുഭവമാണെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.

ലണ്ടന്‍: പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ യുണൈറ്റഡ് കിംഗ്ഡം ഇന്‍ഡിപ്പെന്‍ഡന്റ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള മത്സരത്തില്‍ മുസ്ലീം വിരുദ്ധ പ്രചാരകയും സ്ഥാനാര്‍ത്ഥിയാകും. മുസ്ലീം വിരുദ്ധ നിലപാടുകള്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ആന്‍ മേരി വാട്ടേഴ്‌സിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് നിലവിലുള്ള നേതൃത്വം അംഗീകാരം നല്‍കി. തീവ്രവലതുപക്ഷ സംഘടനകളുമായി അടുത്ത ബന്ധമുള്ള നേതാവാണ് വാട്ടേഴ്‌സ്.

അടുത്ത മാസം നടക്കുന്ന നേതൃതെരഞ്ഞെടുപ്പില്‍ 11 പേരാണ് മത്സരിക്കുന്നത്. അവരില്‍ വാട്ടേഴ്‌സിനും ഇടം നല്‍കാന്‍ പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് എടുത്ത തീരുമാനം പാര്‍ട്ടിയില്‍ വന്‍ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. വാട്ടേഴ്‌സ് വിജയിച്ചാല്‍ നേതൃനിരയില്‍ നിന്ന് രാജിവെക്കുമെന്ന് നിരവധി മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചു. അത് പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് വിഹിതത്തില്‍ രാജ്യത്ത് മൂന്നാമതെത്തിയ പാര്‍ട്ടിയാണ് യുകിപ്.

വാട്ടേഴ്‌സ് വിജയിച്ചില്ലെങ്കിലും പാര്‍ട്ടിയില്‍ പിളര്‍പ്പിന് സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ബ്രക്‌സിറ്റിനു ശേഷം സ്വീകരിക്കേണ്ട നിലപാടുകളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട്. നേതാക്കളില്‍ വര്‍ദ്ധിച്ചുവരുന്ന മുസ്ലിം വിരുദ്ധ മനോഭാവവും വലതുപക്ഷ രാഷ്ട്രീയത്തോടുള്ള ചായ്‌വും ഈ അഭിപ്രായ ഭിന്നത രൂക്ഷമാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ലണ്ടന്‍: ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് വോട്ട് ചെയ്തവരില്‍ 29 ശതമാനം പേര്‍ ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ പൗരന്‍മാരെ പുറത്താക്കുന്നതിനെ അനുകൂലിക്കുന്നു. പുതിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാല്‍ യൂണിയന്‍ വിടണമെന്ന് വോട്ട് ചെയ്തവരില്‍ 34 ശതമാനം പേര്‍ യൂറോപ്യന്‍ പൗരന്‍മാരുടെ കുടിയേറ്റത്തിന് എതിരല്ലെന്നും വ്യക്തമാക്കി. നിലവിലുള്ളതുപോലെ തന്നെയുള്ള കുടിയേറ്റത്തെ നിയന്ത്രിക്കാന്‍ ബ്രിട്ടന് അധികാരം നല്‍കരുതെന്നാണ് ഇവര്‍ പറയുന്നത്. യൂണിയന്‍ വിടണമെന്ന് വോട്ട് രേഖപ്പെടുത്തിയവരില്‍ മൂന്നിലൊന്ന് വരും ഇവരെന്നാണ് കണക്ക്.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് എന്നിവയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. രണ്ട് അഭിപ്രായങ്ങളും രേഖപ്പെടുത്തിയവരുടെ കാഴ്ചപ്പാടുകള്‍ നിലവില്‍ നടക്കുന്ന മര്‍മ്മഭേദകമായ പൊതുചര്‍കളില്‍ പ്രത്യക്ഷപ്പെടുന്നതിലും തീര്‍ത്തും വിഭിന്നമാണെന്നാണ് വ്യക്തമാകുന്നത്. യൂറോപ്യന്‍ പൗരന്‍മാര്‍ യുകെയില്‍ തുടരുന്നതിനെ പിന്തുണയ്ക്കുന്നുലവെന്നാണ് യൂണിയനില്‍ തുടരണമെന്ന് അഭിപ്രായപ്പെടുന്നവരില്‍ 60 ശതമാനവും അഭിപ്രായപ്പെട്ടത്.

റിമെയ്ന്‍ പക്ഷത്തില്‍ 29 ശതമാനം പേര്‍ മാത്രമാണ് വിരുദ്ധാഭിപ്രായം പ്രകടിപ്പിച്ചത്. ഹാര്‍ഡ് ബ്രെക്‌സിറ്റിന്റെ ഫലങ്ങള്‍ സ്വീകരിക്കാന്‍ റിമെയ്ന്‍ പക്ഷക്കാരും ഒരുങ്ങുന്നുവെന്നതിന്റെ സൂചനകളാണ് ഇതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. പരാജയപ്പെട്ടവരുടെ സമ്മതമായി ഇതിനെ കാണാമെന്നും ഗവേഷകനായ ഡോ.ലീപ്പര്‍ പറയുന്നു. 3000 ആളുകളിലാണ് പഠനം നടത്തിയത്.

ലണ്ടന്‍: ഭവനരഹിതരെ അടിമകളാക്കിയ കുടുംബത്തിലെ എല്ലാ അംഗങ്ങളും കുറ്റക്കാരാണെന്ന് കണ്ടെത്തി. ലിങ്കണ്‍ഷയറിലുള്ള റൂണി കുടുംബത്തിലെ 11 പേര്‍ കുറ്റക്കാരാണെന്ന് നോട്ടിംഗ്ഹാം ക്രൗണ്‍ കോടതിയാണ് കണ്ടെത്തിയത്. ഭിക്ഷക്കാരെയും ഭിന്നശേഷിയുള്ളവരെയുമൊക്കെ ഇവര്‍ കുറഞ്ഞ ശമ്പളത്തിനോ അല്ലെങ്കില്‍ ശമ്പളമില്ലാതെയോ ജോലികള്‍ക്ക് നിയോഗിച്ചതായാണ് കണ്ടെത്തിയത്. കഴിഞ്ഞ 26 വര്‍ഷമായി ഇവര്‍ ഈ രീതി തുടര്‍ന്നു വരികയായിരുന്നു. അടിമകളാക്കപ്പെടുന്നവരെ മാലിന്യം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. 18 പേരെ ഇവര്‍ അടിമകളാക്കിയിട്ടുണ്ടെന്നും കണ്ടെത്തി.

മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെയും പെട്ടെന്ന് കീഴ്‌പ്പെടുത്താന്‍ കഴിയുന്നവരെയും തെരുവുകളില്‍ നിന്ന് തേടിപ്പിടിച്ചാണ് ഇവര്‍ അടിമകളാക്കിയിരുന്നത്. അടിമകളെ നിരന്തരം ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നു. കണ്ടെത്തിയവരില്‍ ഒരാള്‍ 26 വര്‍ഷത്തോളമായി ഇവര്‍ക്കുവേണ്ടി അടിമപ്പണി ചെയ്യുകയായിരുന്നു. ഇരയാക്കപ്പെട്ടവര്‍ നേരിട്ട മാനസികാഘാതം വളരെ വലുതാണെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. ചിലര്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തതുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നു.

ജോലിയും താമസ സൗകര്യവും വാഗ്ദാനം ചെയ്താണ് ഇവര്‍ ഇരകളെ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇവര്‍ക്ക് നല്‍കിയിരുന്നത് ഹീറ്റിംഗ്, ബാത്ത്‌റൂം സൗകര്യങ്ങളും ആവശ്യത്തിന് വെള്ളവും ഇല്ലാത്ത ജീര്‍ണ്ണിച്ച കാരവനുകളായിരുന്നു. അടുത്തുള്ള കാട്ടിലായിരുന്നു ഇവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറാന്‍ സൗകര്യം കൊടുത്തത്. ഇവര്‍ തയ്യാറാക്കിയ കരാര്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഒരു ഇരയെക്കൊണ്ട് സ്വന്തം കുഴിമാടം കുഴിപ്പിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

മലയാളം യുകെ ന്യൂസ് ടീം.

കാത്തലിക് ഹെൽത്ത് അസോസിയേഷൻറെ കേരള റീജിയൻറെ കീഴിലുള്ള ഹോസ്പിറ്റലുകളിൽ ഓഗസ്റ്റ് മുതൽ നഴ്സുമാരുടെ ശമ്പളം വർദ്ധിപ്പിക്കണമെന്ന തീരുമാനം നടപ്പാവില്ല. ശമ്പളം വർദ്ധിപ്പിക്കാൻ കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് കേരള (CHAKE) യുടെ കീഴിലുള്ള ഹോസ്പിറ്റലുകൾക്ക് പൊതുവായ ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്ന് CHAKE യുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.സൈമൺ പല്ലുപെട്ട മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.  “എല്ലാ ഹോസ്പിറ്റലുകളിലും ഒരേ രീതിയിലുള്ള ശമ്പള വർദ്ധന നടപ്പാക്കുക പ്രായോഗികമല്ല. വരുമാനവും പ്രാദേശിക സാഹചര്യങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. ശമ്പള വർദ്ധനമൂലം രോഗികൾക്ക് അധികഭാരം ഉണ്ടാവും. ചികിത്സാ നിരക്ക് വർദ്ധിപ്പിക്കേണ്ടി വരും. ശമ്പള വർദ്ധന മൂലം ഉണ്ടാവുന്ന അധിക സാമ്പത്തിക ബാധ്യതയെ നേരിടുവാൻ ഫണ്ട് കണ്ടെത്തുവാൻ ചെറുകിട ആശുപത്രികൾക്ക് കഴിഞ്ഞെന്നു വരില്ല. ആശുപത്രികൾ അടച്ചു പൂട്ടേണ്ട സ്ഥിതി ഇതു സൃഷ്ടിച്ചേക്കാം” അദ്ദേഹം പറഞ്ഞു. മേജർ ഹോസ്പിറ്റലുകളിൽ ശമ്പള വർദ്ധന ആഗസ്റ്റ് മുതൽ നടപ്പാകാൻ സാധ്യതയുണ്ടെന്നും ഫാ. സൈമൺ മലയാളം യുകെയോട് പറഞ്ഞു. പക്ഷേ ഏകീകരിച്ച ഒരു ശമ്പള സ്കെയിൽ നടപ്പാക്കുക പ്രായോഗികമല്ല. ഗവൺമെന്റ് തീരുമാനം വരുന്നതുവരെ സുപ്രീം കോടതി നിർദ്ദേശിച്ച ശമ്പളം ലഭിക്കാൻ കാത്തിരിക്കേണ്ടി വരും.

കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് കേരളയുടെ കീഴിൽ 10 ൽ കൂടുതൽ ബെഡുള്ള 193 ഹോസ്പിറ്റലുകളും 13 നഴ്സിംഗ് സ്കൂളുകളുമുണ്ട്. ഓഗസ്റ്റ് മുതൽ ശമ്പള വർദ്ധന ലഭിക്കുമെന്ന് കരുതിയിരുന്ന ഈ ഹോസ്പിറ്റലുകളിലെ നഴ്സുമാർക്ക് തിരിച്ചടിയാവുകയാണ് CHAKE യുടെ തീരുമാനം. കെ.സി.ബി.സിയുടെ സർക്കുലറിനെ വേണ്ട ഗൗരവത്തിൽ പരിഗണിക്കാൻ കാത്തലിക് ഹോസ്പിറ്റലുകളിലെ മാനേജ്മെന്റുകൾ തയ്യാറായിട്ടില്ല എന്നാണ് ഇതു തെളിയിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതൽ നഴ്സുമാർക്ക് 18,232 രൂപ മുതൽ 23,760 വരെ ശമ്പളം ഹോസ്പിറ്റലുകളിലെ ബെഡുകളുടെ എണ്ണമനുസരിച്ച് നല്കണമെന്നാണ് കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ കാത്തലിക് ഹെൽത്ത് അസോസിയേഷൻറെ കീഴിലുള്ള ഹോസ്പിറ്റലുകൾക്ക് നിർദ്ദേശം നല്കിയിട്ടുള്ളത്.

കേരളാ കാത്തലിക് ബിഷപ്സ് കൗൺസിൽ നല്കിയിരിക്കുന്ന നിർദ്ദേശം സംസ്ഥാനത്തെ കാത്തലിക് ഹോസ്പിറ്റലുകൾ നഴ്സുമാരുടെ ശമ്പള വർദ്ധനയുടെ കാര്യത്തിൽ നടപ്പാക്കുമെന്ന് തന്നെയാണ് കരുതുന്നതെന്ന് KCBC യുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗിക വക്താവുമായ ഫാ.വർഗീസ് വള്ളിക്കാട്ടിൽ പറഞ്ഞിരുന്നു. കെസിബിസിയുടെ നിലപാടിൽ യാതൊരു മാറ്റവുമില്ല. അത് നടപ്പാക്കാൻ ഹോസ്പിറ്റലുകൾ തയ്യാറാവുമെന്ന് തന്നെയാണ് കരുതുന്നത്. ഇതുവരെയും ഹോസ്പിറ്റലുകൾ ശമ്പള വർദ്ധന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലാത്തതു മലയാളം യുകെ ന്യൂസ് ചൂണ്ടിക്കാണിച്ചപ്പോൾ ഇനിയും ഒരു മാസം സമയമുണ്ടല്ലോ എന്നും ഓഗസ്റ്റ് 31 ന് ശമ്പളം ലഭിക്കുമ്പോൾ വർദ്ധിപ്പിച്ച തുക നഴ്സുമാർക്ക് കിട്ടുമെന്ന ശുഭപ്രതീക്ഷയാണ് ഉള്ളതെന്നും ഫാ. വർഗീസ് വള്ളിക്കാട്ടിൽ അഭിപ്രായപ്പെട്ടിരുന്നു.

ജൂലൈ 17ന് പുറത്തിയ പത്രക്കുറിപ്പിൽ ആഗസ്റ്റ് മാസം മുതൽ ഇൻഡസ്ട്രിയൽ റിലേഷൻസ് കമ്മിറ്റി നിർദ്ദേശിച്ചിരിക്കുന്ന ശമ്പളം കത്തോലിക്കാ സഭയുടെ ആശുപത്രികളിൽ നടപ്പിൽ വരുത്തണമെന്ന് കെസിബിസി നിർദ്ദേശിച്ചതായി അറിയിച്ചിരുന്നു. പരിഷ്കരിച്ച വേതനം സംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഇറങ്ങുന്നതിനുള്ള കാലതാമസം പരിഗണിച്ചാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പുതുക്കിയ വേതന നിരക്ക് സഭയുടെ കീഴിലുള്ള എല്ലാ ആശുപത്രികളിലും ആഗസ്റ്റ് മാസം മുതൽ നടപ്പാക്കുന്നതെന്ന് പത്രകുറിപ്പിൽ പറഞ്ഞിരുന്നു.   യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ആവശ്യപ്പെടുന്ന സുപ്രീം കോടതി നിർദ്ദേശിച്ച ശമ്പള വർദ്ധന നടപ്പാക്കുന്നതു സംബന്ധിച്ച മിനിമം വേജസ് കമ്മിറ്റിയുടെ തീരുമാനത്തിന് ഇനിയും മാസങ്ങളെടുക്കും.

ലണ്ടന്‍: സൗത്ത് ലണ്ടനിലുള്ള റസിഡന്‍ഷ്യല്‍ ടവറുകളിലെ നൂറ്കണക്കിന് താമസക്കാര്‍ ഒഴിപ്പിക്കല്‍ ഭീഷണിയില്‍. കെട്ടിടങ്ങള്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനാല്‍ ഏതു നിമിഷവും ഇവര്‍ ഒഴിപ്പിക്കപ്പെട്ടേക്കാമെന്നാണ് കരുതുന്നത്. ടവര്‍ ബ്ലോക്കുകളിലെ ഗ്യാസ് വിതരണം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതോടെയാണ് ഇത്. അമ്പേഷണത്തെത്തുടര്‍ന്ന് സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനാല്‍ സൗത്ത്‌വാര്‍ക്കിലുള്ള ലെഡ്ബറി ടവേഴ്‌സിലെ 242 ഫ്‌ളാറ്റുകളിലേക്കുള്ള ഗ്യാസ് വിതരണം നിര്‍ത്തി വെച്ചു. ഒരു പൊട്ടിത്തെറിയുണ്ടായാല്‍ കെട്ടിടം തന്നെ തകരാനിടയുണ്ടെന്നാണ് കണ്ടെത്തിയത്.

ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തത്തിനു ശേഷം കെട്ടിടത്തിലെ ചില വിള്ളലുകളേക്കുറിച്ച് താമസക്കാര്‍ ആശങ്ക അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എന്‍ജിനീയര്‍മാരെ പഠനത്തിനായി നിയോഗിച്ചുവെന്ന് കൗണ്‍സില്‍ അറിയിച്ചു. ഈ അന്വേഷണത്തിലാണ് ഗ്യാസ് സപ്ലൈയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നത്. 1960കളില്‍ സ്ഥാപിച്ചതാണ് ഗ്യാസ് വിതരണ സംവിധാനം. ഇതിന്റെ സുരക്ഷയേക്കുറിച്ച് ആശങ്കകളുള്ളതിനാല്‍ ടവറുകള്‍ ഒഴിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഈ കെട്ടിടത്തിന്റെ നാല് ടവറുകളും സുരക്ഷിതമല്ലെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. ന്യൂഹാമില്‍ ഇതേ രൂപകല്‍പനയില്‍ നിര്‍മിച്ച ഒരു കെട്ടിടം 1968ല്‍ ഗ്യാസ് സ്‌ഫോടനത്തില്‍ തകര്‍ന്ന വിവരവും ഒഴിപ്പിക്കലിനുള്ള തീരുമാനം അറിയിച്ചുകൊണ്ടുള്ള കത്തില്‍ താമസക്കാരെ കൗണ്‍സില്‍ ഓര്‍മിപ്പിച്ചു. കെട്ടിടം നിര്‍മാണം പൂര്‍ത്തിയായി രണ്ട് മാസത്തിനു ശേഷമായിരുന്നു ഈ അപകടം ഉണ്ടായത്. മൂന്ന് പേര്‍ ഈ അപകടത്തില്‍ മരിച്ചിരുന്നു.

ലണ്ടന്‍: പന്നികളുടെ അവയവങ്ങള്‍ മനുഷ്യരിലേക്ക് മാറ്റിവെക്കാനുള്ള പരിശ്രമങ്ങള്‍ വിജയത്തിലേക്ക്. അവയവങ്ങള്‍ മാറ്റിവെക്കുന്നതില്‍ ഉണ്ടായിരുന്ന ഏറ്റവും വലിയ തടസം നീങ്ങിയെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. പന്നികളിലെ ഡിഎന്‍എയില്‍ ഉണ്ടായിരുന്ന പ്രത്യേകതരം വൈറസായിരുന്നു ഈ പ്രക്രിയയിലെ ഏറ്റവും വലിയ വില്ലന്‍. അവയെ നീക്കം ചെയ്യാന്‍ സാധിച്ചുവെന്നാണ് ഗവേഷകര്‍ അറിയിക്കുന്നത്. ഇതോടെ മനുഷ്യന് ആവശ്യമായ അവയവങ്ങള്‍ക്കും ശരീരകലകള്‍ക്കും വേണ്ടി മൃഗങ്ങളെ വളര്‍ത്താനുള്ള സാധ്യതയാണ് തെളിയുന്നത്.

പന്നികളാണ് മനുഷ്യരുടെ ശരീരപ്രകൃതിയുമായി ഏറ്റവും സാമ്യമുള്ള മൃഗങ്ങള്‍. പന്നികളുടെ അവയവങ്ങള്‍ മനുഷ്യരിലേക്ക് മാറ്റിവെക്കുന്ന രീതിയെ സെനോട്രാന്‍സ്പ്ലാന്റേഷന്‍ എന്നാണ് വിളിക്കുന്നത്. എന്നാല്‍ ഇവയുടെ ഡിഎന്‍എയിലുള്ള റെട്രോവൈറസുകള്‍ മനുഷ്യര്‍ക്ക് മാരകമാണ്. ഇവ ബാധിച്ചു കഴിഞ്ഞാല്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുകയും ചെയ്യും. പോര്‍സിന് എന്‍ഡോജീനസ് റെട്രോവൈറസ് എന്ന ഇവ പെര്‍വുകള്‍ എന്നാണ് അറിയപ്പെടുന്നത്. ജീനുകളില്‍ ലയിച്ചുപോയിരുന്ന ഇവയെ നീക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഇവയാണ് സെനോട്രാന്‍സ്പ്ലാന്റേഷന് ഇക്കാലമത്രയും തടസമായി നിന്നിരുന്നത്.

പ്രത്യേകതരം ജീന്‍ എഡിറ്റിംഗ് സങ്കേതം ഉപയോഗിച്ചാണ് ഈ വൈറസുകളെ നീക്കം ചെയ്തത്. ഇത് അവയമാറ്റ ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന ചുവടുവയ്പാണെന്ന് കെന്റ് സര്‍വകലാശാലയിലെ ജനറ്റിക്‌സ് പ്രൊഫസര്‍ ഡാരന്‍ ഗ്രിഫിന്‍ പറഞ്ഞു. ഇതോടെ ആവശ്യത്തിന് അവയവങ്ങള്‍ ലഭിക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതിക്ഷിക്കുന്നതെങ്കിലും ധാര്‍മിക പ്രശ്‌നങ്ങള്‍ തടസങ്ങളായി ഇപ്പോഴും നിലവിലുണ്ട്.

ലണ്ടന്‍: ബ്രിട്ടനിലെ സ്വകാര്യ വാടക വീടുകളില്‍ മൂന്നിലൊന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തല്‍. ഈ മാനദണ്ഡങ്ങള്‍ പ്രകാരം താമസയോഗ്യമല്ലാത്ത വീടുകളിലാണ് ലക്ഷക്കണക്കിന് ആളുകള്‍ താമസിക്കുന്നത്. നാഷണല്‍ ഡീസന്റ് ഹോംസ് സ്റ്റാന്‍ഡാര്‍ഡ് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അവലോകനത്തിലാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. ഇത്തരം വീടുകള്‍ക്ക് സുരക്ഷാ സംവിധനങ്ങളും ശരിയായ ബാത്ത്‌റൂം, കിച്ചണ്‍ സംവിധാനങ്ങളും ഹീറ്റിംഗിന് ആവശ്യമായ സൗകര്യങ്ങളുമില്ലെന്നാണ് വിശദീകരിക്കപ്പെടുന്നത്.

1.4 ദശലക്ഷം വീടുകള്‍ ഇത്തരത്തിലുള്ളവയുണ്ടെന്ന് അവലോകനത്തില്‍ കണ്ടെത്തി. വാടക വീടുകളുടെ 29 ശതമാനത്തോളം വരും ഇതെന്നാണ് കണക്ക്. ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ ലക്ഷക്കണക്കിനാളുകളാണ് താമസിച്ചു വരുന്നതെന്നാണ് വ്യക്തമാക്കപ്പെടുന്നത്. 2013ലെ കണക്കുകളെ അപേക്ഷിച്ച് 20,000 വീടുകള്‍ കൂടി സുരക്ഷിതമല്ലെന്ന് വ്യക്തമായിട്ടുണ്ട്. വീടുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയല്ലെന്ന് വ്യക്തമായാല്‍ പ്രശ്‌നം പരിഹരിക്കുന്നതിന് ലോക്കല്‍ കൗണ്‍സിലുകള്‍ക്കും കെട്ടിട ഉടമകള്‍ക്കും നിയമപരമായ ബാധ്യതയുണ്ട്. എന്നാല്‍ സ്വകാര്യ വീട്ടുടമസ്ഥര്‍ ഇവ പരിഹരിക്കാന്‍ വലിയ താല്‍പര്യം കാണിക്കാറില്ലെന്നാണ് വ്യക്തമാകുന്നത്.

സുരക്ഷാപ്പിഴവുകള്‍ അവഗണിക്കപ്പെടുകയോ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുകയോ ചെയ്യുന്നു. വാര്‍ഷിക ഇംഗ്ലീഷ് ഹൗസിംഗ് സര്‍വേയിലെ കണക്കുകള്‍ അനുസരിച്ച് സ്വകാര്യ ഉടമസ്ഥരുടെ 7,95,000 വീടുകള്‍ വാടകയ്ക്ക് നല്‍കിയിട്ടുണ്ട്. അവയില്‍ 17 ശതമാനവും സുരക്ഷിതമല്ല. അപകടകരമായ ബോയിലറുകള്‍, വയറിംഗുകള്‍ പുറത്തു വന്ന നിലയിലുള്ളവ, ഓവര്‍ലോഡ് ചെയ്യപ്പെട്ട ഇലക്ട്രിക് സോക്കറ്റുകള്‍, കീടങ്ങളുടെ ശല്യം തുടങ്ങിയവയാണ് ഈ വീടുകളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍.

ലണ്ടന്‍: ആനക്കൊമ്പ് നിയമാനുസൃതം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങഴളുടെ പട്ടികയില്‍ യുകെ ഒന്നാമത്. ആനക്കൊമ്പ് നൂലാമാലകളില്ലാതെ ലഭിക്കുമെന്നതിനാല്‍ ആവശ്യക്കാരുടെ എണ്ണം കൂടാനും അതുവഴി ആനവേട്ട വര്‍ദ്ധിക്കാനും ഇതി കാരണമാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിയമപരവും നിയമവിരുദ്ധവുമായ ആനക്കൊമ്പ് കയറ്റുമതിയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഹോങ്കോങ്, ചൈന എന്നീ രാജ്യങ്ങളിലേക്കും ഏറ്റവും കൂടുതല്‍ ആനക്കൊമ്പ് യുകെയില്‍ നിന്നാണ് കയറ്റുമതി ചെയ്യുന്നതെന്ന് ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എന്‍വയണ്‍മെന്റല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി വെളിപ്പെടുത്തി.

2010നും 2015നുമിടയില്‍ 36,000 ആനക്കൊമ്പ് ഉല്‍പ്പന്നങ്ങള്‍ നിയമാനുസൃതമായി യുകെയില്‍ നിന്ന് കയറ്റി അയച്ചു. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന കണ്‍വെന്‍ഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഇന്‍ എന്‍ഡേഞ്ചേര്‍ഡ് സ്പീഷീസിന്റെ ഡേറ്റാബേസില്‍ രേഖപ്പെടുത്തിയ കണക്കാണ് ഇത്. അമേരിക്ക നടത്തിയ കയറ്റുമതിയേക്കാള്‍ മൂന്നിരട്ടി വരും ഇത്. കയറ്റുമതിയില്‍ രണ്ടാം സ്ഥാനമാണ് അമേരിക്കയ്ക്ക് ഉള്ളത്.

ചൈനയിലേക്കും ഹോങ്കോങ്ങിലേക്കും 13,000 ആനക്കൊമ്പ് ഉല്പന്നങ്ങള്‍ കയറ്റിയയച്ചു. നിയമപരമായ ഈ കയറ്റുമതി ആനക്കൊമ്പ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള ആവശ്യം ഉയര്‍ത്തുമെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ആഫ്രിക്കയില്‍ ഓരോ 25 മിനിറ്റിലും കൊമ്പിനു വേണ്ടി ആനകള്‍ വേട്ടയാടപ്പെടുന്നുണ്ടെന്ന് ഡബ്ല്യു ഡബ്ല്യു എഫ് യുകെ മുന്നറിയിപ്പ് നല്‍കുന്നു. 2017 അവസാനത്തോടെ ആനക്കൊമ്പ് വിപണിക്ക് താഴിടാന്‍ ചൈന ലക്ഷ്യമിടുമ്പോള്‍ അതിനു വിരുദ്ധമായ സമീപനമാണ് യുകെ സ്വീകരിക്കുന്നതെന്നാണ് ആരോപണം.

ലണ്ടന്‍: പ്രധാനമന്ത്രിപദത്തിലേക്കും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്തേക്കും തെരേസ മേയ്ക്ക് പിന്‍ഗാമിയാകാന്‍ യോഗ്യരായവര്‍ ക്യാബിനറ്റില്‍ ഇല്ലെന്ന് അംഗങ്ങള്‍. അടുത്ത നേതാവ് ആരാകണമെന്നത് സംബന്ധിച്ച് അംഗങ്ങള്‍ക്കിടയില്‍ നടന്ന സര്‍വേയിലാണ് അംഗങ്ങള്‍ ‘നോട്ട’യ്ക്ക് ഭൂരപിക്ഷം നല്‍കിയത്. നിലവില്‍ നേതൃസ്ഥാനത്തേക്ക് സാധ്യത കല്‍പിക്കുന്നവരില്‍ പ്രമുഖരയാവരെപ്പോലും അണികള്‍ സര്‍വേയില്‍ എഴുതിത്തള്ളി. ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസിന് മാത്രമാണ് 10 ശതമാനത്തില്‍ കൂടുതല്‍ വോട്ട് നേടാനായത്.

ക്യാബിനറ്റില്‍ ഉള്ളവരെ മാത്രം പരിഗണിക്കാതെ പിന്‍നിരയിലുള്ള നേതാക്കളെയും നേതൃസ്ഥാനത്തേക്ക് പരിഗണന നല്‍കി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സമയമായെന്ന് ഈ സര്‍വേയുടെ പശ്ചാത്തലത്തില്‍ ഒരു മുതിര്‍ന്ന ടോറി നേതാവ് പറഞ്ഞു. കണ്‍സര്‍വേറ്റീവ് വെബ്‌സൈറ്റ് നടത്തുന്ന പ്രതിമാസ സര്‍വേയിലാണ് നേതാക്കള്‍ക്ക് അണികളിലുള്ള സ്വാധീനം കുറഞ്ഞതായി വ്യക്തമായത്. സര്‍വേയില്‍ പങ്കെടുത്ത 1200 അംഗങ്ങളില്‍ 34 ശതമാനം ആളുകള്‍ നേതൃസ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ട പേരുകൡ ആരെയും പിന്തുണയ്ക്കുന്നില്ലെന്ന് വ്യക്തമാക്കി.

20 ശതമാനത്തില്‍ താഴെയാണ് ഡേവിഡ് ഡേവിസിന് ലഭിച്ച പിന്തുണ. ബോറിസ് ജോണ്‍സണ് 9 ശതമാനവും ക്യാബിനറ്റ് അംഗമല്ലാത്ത ഡൊമിനിക് റാബിന് 8 ശതമാനവും പിന്തുണ ലഭിച്ചു. സര്‍ക്കാരിന്റെ ബ്രെക്‌സിറ്റ് സമീപനത്തെ വിമര്‍ശിച്ച ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിന് 5 ശതമാനം വോട്ടുകളേ നേടാനായുള്ളൂ. ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റ് സെക്രട്ടറി പ്രീതി പട്ടേല്‍, ഹോം സെക്രട്ടറി ആംബര്‍ റൂഡ് എന്നിവര്‍ക്കും 5 ശതമാനം പിന്തുണ ലഭിച്ചു.

RECENT POSTS
Copyright © . All rights reserved