സൗമ്യതയുടെയും അഗാധ പാണ്ഡിത്യത്തിൻെറയും പ്രതീകം.. ഭാവിയിലേയ്ക്ക് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉത്തരവാദിത്വമുള്ള വ്യക്തിത്വം.. കർമ്മമേഖലയെ ദൈവനിയോഗമായി കണ്ട് തീഷ്ണമായ ഒരുക്കങ്ങൾ.. പതിനായിരത്തോളം വരുന്ന വനിതകൾക്കു നേതൃത്വം നല്കാൻ ഉത്സാഹത്തോടെ ഡോ. സിസ്റ്റർ മേരി ആൻ സി.എം.സി.. രൂപരേഖകൾ തയ്യാറാക്കുന്നത് വനിതകളുമായി സംവദിച്ചുകൊണ്ട്.. ഡോ. മേരി ആൻ, യുകെയെ തൻെറ കർമ്മ മണ്ഡലമാക്കാൻ തയ്യാറെടുക്കുകയാണ്.. കുടുംബ ബന്ധങ്ങൾ ദൃഡമാക്കണം.. സ്ത്രൈണതയുടെ ഏകോപനം ലക്ഷ്യം.. മാറ്റങ്ങൾ തുടങ്ങേണ്ടത് കുടുംബങ്ങളിൽ നിന്ന്.. വ്യക്തമായ നയവും കാഴ്ചപ്പാടുകളുമായി തൻെറ ദൗത്യം ആരംഭിക്കുകയാണ് സിസ്റ്റർ മേരി ആൻ.. പൂർണ പിന്തുണയുമായി സി. അനൂപയും സി. റോജിറ്റും ഒപ്പം.. മാർഗ നിർദ്ദേശകനായി ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും..
സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻെറ വിമൻസ് ഫോറം ഡയറക്ടറായി ഡോ. മേരി ആൻ സി.എം.സി യെ അഭിവന്ദ്യ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ഫെബ്രുവരിയിലാണ് നിയമിച്ചത്. ദൈവ ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുള്ള ഡോ. മേരി ആനിന്റെ ദൗത്യം യുകെയിലെ സീറോ മലബാർ എപ്പാർക്കിയുടെ കീഴിലുള്ള വനിതകളുടെ ഏകോപനമാണ്.
വിമൻസ് ഫോറത്തിൻെറ രൂപരേഖയെക്കുറിച്ചും തൻെറ ദൗത്യത്തെക്കുറിച്ചും ഡോ. സിസ്റ്റർ മേരി ആൻ മലയാളം യുകെ ന്യൂസ് സീനിയർ എഡിറ്റർ ബിനോയി ജോസഫ് കുന്നക്കാട്ടുമായി സംസാരിക്കുന്നു.
പ്രസക്തഭാഗങ്ങളിലേയ്ക്ക്…
“പരിശുദ്ധ അമ്മയും സ്വന്തം അമ്മയും എന്നും എനിക്ക് പ്രചോദനം.. മാതാവിനോടുള്ള ഭക്തിയിൽ വളർന്നു.. ആത്മീയതയിലും സൽശിക്ഷണത്തിലും വളരാൻ ഭാഗ്യം ലഭിച്ചു.. പാലാ സെൻറ് മേരീസ് സ്കൂളിലെ നല്ലവരായ അദ്ധ്യാപകരുടെ പ്രോത്സാഹനങ്ങളും പിന്തുണയും മറക്കാവുന്നല്ല..” ഡോ. മേരി ആൻ അതീവ വിനീതയായി പറഞ്ഞു തുടങ്ങി..
സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻെറ വിമൻസ് ഫോറം ഡയറക്ടർ എന്ന പദവിയുടെ ഉത്തരവാദിത്വം ഭാരിച്ചതാണെന്നു സിസ്റ്റർ കരുതുന്നുണ്ടോ?
എൻെറ പുതിയ ചുമതല ദൈവത്തിന്റെ പ്രത്യേക നിയോഗമായി ഞാൻ കരുതുന്നു. കർത്താവിലാശ്രയിച്ചു കൊണ്ട് മുൻപോട്ടു പോകുമ്പോൾ എല്ലാം സാധ്യമാകും. ദൈവിക പദ്ധതിയിൽ ഭാഗമാകാൻ ലഭിച്ച ഈ അവസരം സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റാനുള്ള അവസരമായി കാണുകയും അതിനെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്യുന്നു.
രൂപതാ സംവിധാനം പൂർണമായും പ്രവർത്തന സജ്ജമാക്കുന്നതിൻെറ ആദ്യപടിയാണോ ഈ നിയമനം?
രൂപതാ സംവിധാനം പ്രവർത്തന സജ്ജമായിക്കഴിഞ്ഞു. അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് വിവിധ കമ്മീഷനുകൾ പ്രഖ്യാപിച്ച് വൈദികർക്ക് ചുമതലകൾ കൈമാറി. കുർബാന സെൻററുകളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ട്. രൂപതയുടെ കൂരിയ സംവിധാനവും പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. വനിത ഫോറത്തിൻെറ തുടക്കം രൂപതയുടെ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കുന്ന ഒരു സുപ്രധാന നടപടിയാണ്.
സ്ത്രീ പുരുഷ സമത്വം നിലനിൽക്കുന്ന ബ്രിട്ടണിൽ വനിതാ ശാക്തീകരണത്തിന്റെ ആവശ്യകതയെന്താണ്?
പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പയുടെ ആഗ്രഹങ്ങൾക്കും നിർദ്ദേശങ്ങൾക്കും കാഴ്ചപ്പാടുകൾക്കും അനുയോജ്യമായ ഒരു സഭാനയത്തിൻെറ ഭാഗമാണ് വനിതാ ഫോറം. വനിതകളുടെ ശാക്തീകരണത്തെക്കാളുപരി സ്ത്രൈണ സിദ്ധികളുടെ ഏകോപനമാണ് ലക്ഷ്യമിടുന്നത്.
മലയാളി സമൂഹങ്ങളിൽ ഇപ്പോഴും പുരുഷ മേധാവിത്വം തുടരുന്നതു മൂലമാണോ രൂപത ഇത്തരമൊരു സംരംഭം പ്രഖ്യാപിച്ചത്?
ബ്രിട്ടണിൽ പുരുഷന്മാർ കൂടുതൽ ഉത്തരവാദിത്വത്തോടെ കുടുംബ കാര്യങ്ങൾ നിർവ്വഹിക്കുന്നവർ ആണെന്നാണ് ഞാൻ മനസിലാക്കുന്നത്. ഇവിടുത്തെ മലയാളി സമൂഹങ്ങളിൽ കുട്ടികളുടെ കാര്യങ്ങളിൽ കുടുംബനാഥന്മാർ പ്രത്യേക ശ്രദ്ധ പുലർത്തി വരുന്നതായും കാണുന്നുണ്ട്. നാട്ടിലെ പാരമ്പര്യ രീതികളിൽ നിന്നും വ്യത്യസ്തമായ സമീപനം അഭിനന്ദനീയമാണ്. ഇക്കാര്യം എൻെറ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ഫുൾ ടൈം ജോലി കൂടാതെ ഓവർടൈം ചെയ്യുകയും കുടുംബ കാര്യങ്ങൾ നോക്കി നടത്തുകയും ചെയ്യുന്നതിനിടയിൽ വിമൻസ് ഫോറത്തിൻെറ പ്രവർത്തനത്തിൽ പങ്കാളികളാകാൻ, എങ്ങനെയാണ് സ്ത്രീകൾക്ക് സമയം ലഭിക്കുക?
ജീവിതചര്യകളെ മാറ്റിമറിക്കാതെ ഒഴിവു സമയങ്ങൾ ഫലപ്രദമായി കുടുംബത്തിൻെറയും സമൂഹത്തിന്റെയും നന്മയ്ക്കായി ഉപയോഗിക്കാൻ വനിതകളെ പ്രാപ്തരാക്കാനുള്ള പ്രവർത്തനമാണ് വിഭാവനം ചെയ്യുന്നത്. മാതൃത്വത്തിൻെറ മഹിമയും സ്ത്രീത്വത്തിൻെറ ശക്തിയും സമന്വയിപ്പിച്ചു കൊണ്ട് സ്വയം കണ്ടെത്താൻ അവസരമൊരുക്കാനും അത് സമൂഹത്തിലേക്ക് പകരാനും ഫോറം അവസരം ഒരുക്കും. കുടുംബങ്ങളിൽ തന്നെയാണ് ഈ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം ആരംഭിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം.
വിമൻസ് ഫോറത്തിൻെറ ഉദ്ദേശലക്ഷ്യങ്ങൾ എന്തൊക്കെയാണ്?
സ്ത്രീത്വത്തിൻെറ മാഹാത്മ്യം എന്ന വി.ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ചാക്രിക ലേഖ നത്തിൻെറ സന്ദേശം ഉൾക്കൊണ്ട്, സ്ത്രൈണ സിദ്ധികളുടെ ഏകോപനമാണ് ഫോറത്തിൻെറ രൂപീകരണത്തിലൂടെ നമ്മുടെ രൂപതാദ്ധ്യക്ഷൻ ലക്ഷ്യമിടുന്നത്. ആത്മീയ നിറവിലൂടെ സഹകരണത്തിൻെറയും വിട്ടുവീഴ്ചയുടെയും അന്തരീക്ഷം ഒരുക്കി ബന്ധങ്ങൾ ഊട്ടി ഉറപ്പിച്ച് ആരോഗ്യകരമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കുക വഴി സമൂഹത്തിൽ ഗുണകരമായ മാറ്റം വരുത്താൻ കഴിയും. ടീനേജ് കുട്ടികളെക്കുറിച്ച് ആകുലരായ മാതാപിതാക്കൾ, കുട്ടികൾക്ക് വേണ്ട സന്മാർഗികപരമായ അറിവുകൾ പകർന്നു കൊടുക്കുവാനുള്ള അവസരമില്ലായ്മ, മദ്യത്തിൻെറയും മയക്കുമരുന്നിൻെറയും സെക്സിൻെറയും ദൂഷ്യഫലങ്ങൾ അനുഭവിക്കുന്ന യുവതലമുറ, യുവതലമുറയെ ഓർത്ത് ആശങ്കപ്പെടുന്ന പൊതുസമൂഹം… ഇവയെല്ലാം നാം അനുദിന ജീവിതത്തിൽ കാണുന്നുണ്ട്. കുടുംബങ്ങളിലും സമൂഹത്തിലും വൈവിധ്യമാർന്ന ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ ഫോറം ശ്രമിക്കും. 18 വയസ് പൂർത്തിയായ വനിതകളെ ഉദ്ദേശിച്ചാണ് ഈ ഫോറം രൂപീകരിച്ചിരിക്കുന്നത്.
ഇതര സഭാ വിഭാഗങ്ങളെയും മറ്റു മതസ്ഥരെയും സാധ്യമാകുന്ന മേഖലകളിൽ സഹകരിപ്പിക്കുമോ?
തീർച്ചയായും, വളരെ സന്തോഷത്തോടെ സാധ്യമായ മേഖലകളിൽ ഇതര സഭാ വിഭാഗങ്ങൾക്കും മറ്റു മതസ്ഥർക്കും സഹകരണത്തിനുള്ള അവസരം നല്കും. പൊതുവായി സെമിനാറുകൾ, ക്ലാസ്സുകൾ എന്നിവ സംഘടിപ്പിക്കുമ്പോൾ പങ്കെടുക്കുവാൻ എല്ലാവർക്കും അവസരം ലഭിക്കും. വനിതാ ഫോറത്തിൻെറ പ്രവർത്തനങ്ങൾ സുതാര്യവും പൊതു സമൂഹ താത്പര്യത്തെ മുൻനിറുത്തിയുള്ളതും ആയിരിക്കും.
ഇംഗ്ലീഷ് കമ്യൂണിറ്റിയുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കുവാൻ ഉതകുന്ന പ്രവർത്തന ശൈലി ആണോ രൂപപ്പെടുത്തുക?
എല്ലാവരിലേയ്ക്കും എത്തുക എന്നതാണ് ലക്ഷ്യം. നമ്മുടെ കമ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾ വളരെ ആകാംഷയോടെയാണ് ഇംഗ്ലീഷ് സമൂഹം വീക്ഷിക്കുന്നത്. ഇംഗ്ലീഷ് പാരമ്പര്യത്തിൻെറ നല്ല വശങ്ങളുടെ ഗുണഗണങ്ങൾ അനുഭവിച്ചവരാണ് നമ്മൾ. പടിപടിയായി, പുതു തലമുറയെ ഏകോപ്പിപ്പിച്ചു കൊണ്ട് ഭാവിയിൽ ഇംഗ്ലീഷ് സമൂഹവുമായി ചേർന്ന് പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നത്.
ഇതിലൂടെ സഭയിലേയ്ക്ക് വരും തലമുറകളിൽ നിന്ന് കൂടുതൽ സന്യസ്തർ കടന്നു വരുമോ?
സാധ്യതയുണ്ട്, ഫോറത്തിൻെറ പ്രാഥമിക ലക്ഷ്യം അതല്ല എങ്കിലും. ദൈവവിളി തിരിച്ചറിയുന്നവർ സന്ന്യാസ ജീവിതത്തിലേയ്ക്ക് കടന്നു വന്നേക്കാം.
സിസ്റ്ററിൻെറ യൂറോപ്പിലെ വിദ്യാഭ്യാസവും അദ്ധ്യാപികയായുള്ള പരിചയവും പുതിയ പ്രവർത്തന മേഖലയിൽ മുതൽക്കൂട്ടാകുമെന്നു കരുതുന്നുണ്ടോ?
യൂറോപ്പിലെ വിദ്യാഭ്യാസ കാലഘട്ടത്തെ അനുഭവ സമ്പത്തും അധ്യാപികയായുള്ള പ്രവർത്തന പരിചയവും തീർച്ചയായും മുതൽക്കൂട്ടാണ്. യൂറോപ്പിലെ സംസ്കാരത്തെ മനസിലാക്കാൻ പഠന കാലത്തിനിടെ അവസരം ലഭിച്ചത് പുതിയ മേഖലയിൽ പ്രവർത്തിക്കുമ്പോൾ ഒരു അനുഗ്രഹമായി മാറുമെന്ന് പ്രത്യാശിക്കുന്നു.
വിമൻസ് ഫോറത്തിൻെറ പ്രവർത്തന രൂപരേഖ തയ്യാറാക്കുന്നത് യുകെയിലാണോ?
അതെ, 8 റീജിയനുകളിലായി 160 കുർബാന സെന്ററുകൾ ആണ് നമുക്കുള്ളത്. രൂപതയുടെ ആഗ്രഹവും പിതാവിൻെറ ദാർശനികതയും നിർദ്ദേശവും ഉൾക്കൊണ്ട് പ്രവർത്തന രൂപരേഖ തയ്യാറാക്കും. ഓരോ സെൻററുകളിലുമുള്ള വനിതകളുടെ സ്വപ്നങ്ങളും ആശയങ്ങളും കോർത്തിണക്കി, നിരവധി ചർച്ചകളിൽ കൂടിയും അനുഭവങ്ങളുടെ പങ്കുവെയ്ക്കലും വഴിയാണ് പ്രവർത്തനങ്ങളുടെ ദിശ തീരുമാനിക്കപ്പെടുക.
സിസ്റ്ററിനോടൊപ്പം മുഴുവൻ സമയം പ്രവർത്തിക്കാൻ എത്ര പേരുണ്ടാകും?
എന്നോടൊപ്പം രണ്ടു സിസ്റ്റർമാർ കൂടി കമ്യൂണിറ്റിയിൽ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഒരു സിസ്റ്റർ കൂടി താമസിയാതെ ഞങ്ങളോടൊപ്പം ചേരും. കൂടാതെ മലയാളി സമൂഹത്തിൽ നിന്നും പ്രവർത്തകർ ഇതിൽ പങ്കാളികളാവും.
സ്നേഹവും സന്തോഷവും നിറഞ്ഞ തൻെറ കുടുംബത്തിലെ കുട്ടിക്കാലത്തെക്കുറിച്ചും മാതാപിതാക്കളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ലഭിച്ച പ്രചോദനത്തിൻെറ ചിന്തകളും ഡോ. മേരി ആൻ സന്തോഷത്തോടെ പങ്കു വെച്ചു. ആത്മീയതയും സഹിഷ്ണുതാ മനോഭാവവും ചാരിറ്റി പ്രവർത്തനങ്ങളും ജീവിത ലക്ഷ്യമാക്കിയവരുടെ നാടാണ് ഇംഗ്ലണ്ട് എന്ന് ഡോ. മേരി ആൻ പറഞ്ഞു.
പ്രസ്റ്റണിലെ സി.എം.സി കോൺവന്റ് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ സ്ഥാപനത്തോടൊപ്പം നിലവിൽ വന്നിരുന്നു. ഡോ. സിസ്റ്റർ മേരി ആനിനൊപ്പം ചാലക്കുടി സ്വദേശിയായ മദർ സുപ്പീരിയർ സി. ആനൂപയും ഇരിങ്ങാലക്കുട സ്വദേശിയായ സി. റോജിറ്റും ഈ കോൺവെന്റിൽ സേവനം അനുഷ്ഠിക്കുന്നു. പാലാ മാതവത്ത് കുടുംബത്തിൽ നിന്നുള്ള സിസ്റ്റർ മേരി ആൻ ഫിസിക്സിൽ ബി.എസ്.സിയും എം.എസ്.സിയും എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നും റാങ്കോടെയാണ് പാസായത്. ബി.എഡ് പാസായ ശേഷം പാലാ സി.എം.സി പ്രൊവിൻസിൽ അർത്ഥിനിയായി ചേരുകയും 2000-ൽ പ്രഥമ വ്രതവാഗ്ദാനം നടത്തുകയും ചെയ്തു. പാലാ സെന്റ് മേരീസ് സ്കൂളിലെ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുള്ള സിസ്റ്റർ, ബൽജിയത്തിലെ ലുവൻ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ദൈവശാസ്ത്ര ബിരുദങ്ങൾ നേടിയത്.
രൂപതാദ്ധ്യക്ഷൻെറയും രൂപതയിലെ വൈദികരുടെയും സഭാ വിശ്വാസികളുടെയും സഹകരണത്തോടെ വിമൻസ് ഫോറത്തിൻെറ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കാൻ കഴിയുമെന്ന് സിസ്റ്റർ മേരി ആൻ ശുഭ പ്രതീക്ഷ പ്രകടിപ്പിച്ചു. വിമൻസ് ഫോറത്തിൻെറ ഉദ്ദേശ ലക്ഷ്യങ്ങൾ സമൂഹത്തിലെത്തിക്കാൻ മലയാളം യുകെ നടത്തുന്ന പരിശ്രമങ്ങൾക്ക് നന്ദി രേഖപ്പെടുത്തിയ സിസ്റ്റർ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ സഹകരണം അഭ്യർത്ഥിച്ചു.
തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നുവെന്ന് പരാതി പറഞ്ഞ സൈനികന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന് ബന്ധുക്കള്‍. മരിച്ച് റോയ് മാത്യു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സൈന്യം പറയുന്നത്. എന്നാല്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇതിന് അനുമതിയില്ലെന്ന് സൈനിക അധികൃതര്‍ പറഞ്ഞു. മൃതദേഹം കൊണ്ടുപോകുന്നതും സൈന്യം തടഞ്ഞു.
ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഒരു മറാത്തി ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉദ്യോഗസ്ഥ പീഡനത്തേക്കുറിച്ച് റോയ് മാത്യു പരാതി പറഞ്ഞത്. തന്നേക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കില്ലെന്ന ഉറപ്പിലാണ് വിവരങ്ങള്‍ പുറത്തു പറഞ്ഞതെന്ന് റോയ് വീട്ടുകാരോട് പറഞ്ഞിരുന്നു. രഹസ്യ ക്യമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ചാനല്‍ സംപ്രേഷണം ചെയ്യുകയായിരുന്നു. തന്റെ ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇതേത്തുടര്‍ന്ന് റോയ് വീട്ടുകാരോട് പറഞ്ഞിരുന്നു.
ഇതിനു ശേഷം മഹാരാഷ്ട്രയിലെ നാസിക്കിലെ ദേവലാലിയിലെ ക്യാമ്പിലാണ് റോയ് മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം 25നാണ് റോയ് മാത്യൂ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. പിന്നീട് വിവരമൊന്നും ഇല്ലായിരുന്നു. നിരവധി തവണ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു. ജവാനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് റോയ്മാത്യുവിന്റെ മൃതദേഹം ലഭിച്ചുവെന്ന് കരസേന അറിയിച്ചതെന്ന് ഇവര്‍ പറയുന്നു.
ലണ്ടന്‍: ഡ്രിങ്ക് ഡ്രൈവ് പരിധി മൂന്നിലൊന്നായി കുറയ്ക്കണമെന്ന് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കൗണ്‍സിലുകള്‍. മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ആവശ്യം. കൗണ്‍സിലുകളും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ അതോറിറ്റികളുമാണ് ഈ ആവശ്യത്തിനു പിന്നില്‍. നിലവില്‍ 80 എംജിയാണ് അനുവദനീയമായ ആല്‍ക്കഹോള്‍ പരിധി. ഇത് 50 എംജിയായി കുറയ്ക്കണമെന്നാണ് ആവശ്യം.
ഇംഗ്ലണ്ടിലും വെയിസിലും അനുവദിച്ചിരിക്കുന്ന ആല്‍ഹോള്‍ പരിധി യൂറോപ്പില്‍ രണ്ടാം സ്ഥാനത്താണ്. മാള്‍ട്ടയില്‍ മാത്രമാണ് ഇതിലും ഉയര്‍ന്ന പരിധിയുള്ളത്. മാള്‍ട്ട ഈ നിരക്ക് ഈ വര്‍ഷം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. വാഹനം ഉപയോഗിക്കുന്നവര്‍ക്ക് മോശം സന്ദേശമാണ് നിയമം നല്‍കുന്നതെന്നാണ് വാദം. എന്നാല്‍ പരിധി കുറയ്ക്കുന്നതിനെ യുകെയിലെ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് അനുകൂലിക്കുന്നില്ല. അമിതമായി മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്നാണ് വകുപ്പ് പറയുന്നത്.
സ്‌കോട്ടിഷ് സര്‍ക്കാര്‍ 2014ല്‍ത്തന്നെ ഈ പരിധി 50 എംജിയായി കുറച്ചിരുന്നു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ഉടന്‍തന്നെ നിരക്ക് കുറയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2010നും 2015നുമിടക്ക് 220നും 240 നുമിടക്ക് ആളുകള്‍ മ്ദ്യപിച്ചുണ്ടായ വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
ലണ്ടന്‍: വിദേശരാജ്യങ്ങളില്‍ പ്രശ്‌നങ്ങളില്‍ അകപ്പെടുന്ന 18 വയസില്‍ താഴെ പ്രായമുള്ളവരെ തിരികെ രാജ്യത്തെത്തിക്കുന്നതിന് ചെലവാകുന്ന തുക ഇനി തിരിച്ചടക്കേണ്ടതില്ല. ഫോറിന്‍ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. 16 വയസിനു മുകളില്‍ പ്രായമുള്ളവര്‍ ഇത്തരത്തില്‍ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള പണം തിരിച്ചടക്കണമെന്നായിരുന്നു ഇതുവരെയുള്ള വ്യവസ്ഥ. പണമില്ലാത്തവര്‍ക്ക് ലോണ്‍ അനുവദിക്കുകയും അത് അടച്ചു തീരുന്നതുവരെ പാസ്‌പോര്‍ട്ട് പിടിച്ചു വെക്കുകയുമായിരുന്നു പതിവ്.
നിര്‍ബന്ധിതമായി വിവാഹം കഴിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഇസ്ലാമാബാദിലെ യുകെ എംബസിയില്‍ സഹായം ചോദിച്ച് എത്തിയ 17വയസുകാരിയേക്കുറിച്ചുള്ള വാര്‍ത്തയാണ് ഈ നയത്തേക്കുറിച്ച് പുനര്‍വിചിന്തനത്തിന് ഫോറിന്‍ ഓഫീസിനെ പ്രേരിപ്പിച്ചത്. 2014ല്‍ നടന്ന സംഭവം ഗാര്‍ഡിയന്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. യുകെയിലേക്ക് തിരികെ എത്തിക്കുന്നതിനു മുമ്പായി ഈ പെണ്‍കുട്ടിക്ക് ഒരു ലോണ്‍ എഗ്രിമെന്റില്‍ ഒപ്പു വെക്കേണ്ടതായി വരികയും പാസ്‌പോര്‍ട്ട് നല്‍കേണ്ടി വരികയും ചെയ്തിരുന്നു.
പിന്നീട് ഈ പെണ്‍കുട്ടിക്ക് 814 പൗണ്ടിന്റെ ഒരു ബില്ല് അധികൃതര്‍ നല്‍കി. ഈ തുക തിരിച്ചടക്കുന്നതുവരെ പാസ്‌പോര്‍ട്ട് നല്‍കില്ലെന്നായിരുന്നു അറിയിച്ചത്. 18 വയസില്‍ താഴെയുള്ളവര്‍ വിദേശത്ത് നേരിടുന്ന ഭീഷണികളില്‍ സംരക്ഷണമാണ് ആദ്യം പരിഗണിക്കുന്നതെന്ന് ഇത്തരം ചാര്‍ജുകള്‍ ഒഴിവാക്കിക്കൊണ്ട് ഫോറിന്‍ ഓഫീസ് വക്താവ് അറിയിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ എമര്‍ജന്‍സി ലോണുകള്‍ നല്‍കുന്നത് ഒഴിവാക്കിക്കൊണ്ട് മറ്റ് ഫണ്ടിംഗ് സാധ്യതകള്‍ പരിഗണിക്കുമെന്ന് വക്താവ് പറഞ്ഞു.
ന്യൂയോര്‍ക്കില്‍ ട്രെയിന്‍ യാത്രയ്ക്കിടെ ഇന്ത്യന്‍ യുവതിയ്ക്ക് നേരെ ആഫ്രിക്കന്‍ അമേരിക്കന്‍ യുവാവിന്റെ വംശീയ അധിക്ഷേപം.ന്യൂയോര്‍ക്കില്‍ കഴിയുന്ന ഏക്താ ദേശായി ആണ് അധിക്ഷേപത്തിന് ഇരയായത്. ഫെബ്രുവരി 23ന് നടന്ന സംഭവത്തിന്റെ യുവതി ചിത്രീകരിച്ച വീഡിയോ പുറത്തുവന്നിട്ടുണ്ട്. വൈറലായ വീഡിയോ ഇതിനകം പതിനായിര കണക്കിന് ആളുകള്‍ കണ്ടു.
‘ഇവിടെ നിന്നു പുറത്തുപോകൂ, കറുപ്പിന്റെ കരുത്ത്’ എന്നീ വാക്കുകളോടെയാണ് എക്തയ്ക്ക് നേരെയുള്ള യുവാവിന്റെ അധിക്ഷേപം. തന്റെ വീഡിയോ ചിത്രീകരിക്കുന്നത് കണ്ട് യുവാവ് രോഷാകുലനാകുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം.
യുവാവിന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കെതിരെ താന്‍ ഒരക്ഷരം പോലും പറഞ്ഞിരുന്നില്ല. പക്ഷെ എന്തിനാണ് ചിത്രം എടുക്കുന്നതെന്ന് ചോദിച്ച് വീണ്ടും ആക്രോശവും ചോദ്യം ചെയ്യലും തുടങ്ങി. സംഭവത്തില്‍ യുവതി പൊലീസില്‍ പരാതി നല്‍കി.
അലീഷയുടെ കുടുംബ സുഹൃത്തും ജി.എം.എ സെക്രട്ടറിയുമായ മനോജ് വേണുഗോപാല്‍ ഒരുക്കിയ വീഡിയോ ഡോക്യൂമെന്ററിയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ചിരിയും കുസൃതികളും കൗതുകങ്ങളും നിറഞ്ഞു സമ്പന്നമായ അവളുടെ ഹ്രസ്വ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി മാറിയ ആ വീഡിയോ അവിടെ സന്നിഹിതരായിരുന്ന എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു.
ജി.എം.എ ചെല്‍ട്ടന്‍ഹാം യൂണിറ്റിന്റെ അനുഗ്രഹാശിസ്സുകളോടെ അലീഷയുടെ കൊച്ചു കൂട്ടുകാരും ജി.എം.എ യുടെ യുവ നേതൃനിരയും ചേര്‍ന്നാണ് ആ സായാഹ്നത്തിന് നൃത്ത നൃത്ത്യങ്ങളുമായി നിറം പകര്‍ന്നത്. പഠനത്തിലും കലാരംഗത്തും ഒരു പോലെ മികവ് പുലര്‍ത്തിയിരുന്ന അലീഷയെന്ന ചിരിക്കുടുക്കയുടെ പുഞ്ചിരിക്കുന്ന മുഖച്ചിത്ത്രത്തിനു മുന്നില്‍ വേദിയിലേക്ക് കുരുന്നുകള്‍ ഒഴുകിയെത്തിയപ്പോള്‍ അത് ഒരു വേറിട്ട കാഴ്ചയായി മാറി. അലീഷയുടെ ഇഷ്ടപ്പെട്ട ഗാനങ്ങളും നൃത്തങ്ങളും കോര്‍ത്തിണക്കി അവളുടെ കൂട്ടുകാര്‍ ചേര്‍ന്നൊരുക്കിയ ശ്രദ്ധാഞ്ജലിയിലൂടെ അലീഷ അവിടെ പുനര്‍ജ്ജനിക്കുകയായിരുന്നു.
അലീഷയെന്ന തന്റെ വാവച്ചിയുടെ വേര്‍പാട് ഉള്‍കൊള്ളാന്‍ പാടുപെട്ടിരുന്ന അവളുടെ പിതാവ് രാജീവ് ജേക്കബും ആറ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ കാന്‍സര്‍ രോഗം മൂലം മറ്റ് രണ്ട് മക്കളേയും അവരുടെ അമ്മ ബീന രാജീവിന്റെ സുരക്ഷിത കരങ്ങളില്‍ ഏല്‍പ്പിച്ചു വാവച്ചിയുടെ അടുത്തേക്ക് യാത്രയായിരുന്നു. ചടങ്ങില്‍ സജീവ സാന്നിദ്ധ്യമായിരുന്ന അലീഷയുടെ അമ്മ ബീന രാജീവും ചേച്ചി അമീഷയും കുഞ്ഞനുജത്തി അനീഷയും അലീഷയുടേയും രാജീവിന്റെയും സ്മരണകളില്‍ മുഴുകിയപ്പോള്‍ കേവലം ഒരു ചാരിറ്റി നൈറ്റിലുപരി ജി.എം.എ കുടുംബം മുഴുവനും മനസ്സുകൊണ്ടും പ്രാര്‍ത്ഥന കൊണ്ടും അവരോടൊപ്പം ചേരുകയായിരുന്നു. ഈ തീരാ വേദനയിലും വാവച്ചിയുടേയും രാജീവിന്റെയും ജീവിക്കുന്ന ഓര്‍മ്മകള്‍ തുടര്‍ന്നുള്ള അവരുടെ ജീവിതത്തിന് മാര്‍ഗ്ഗ ദീപമാകുമ്പോള്‍ അവര്‍ക്കൊപ്പം താങ്ങുീ തണലുമായി ഗ്ലോസ്റ്റര്‍ഷയര്‍ മലയാളികള്‍ എന്നുമുണ്ടാകും എന്നതിന്റെ പ്രത്യക്ഷ പ്രകടനമായി മാറി ആ സായാഹ്നം.
ആദ്യാവസാനം ചടങ്ങില്‍ നിറസാന്നിധ്യമായിരുന്ന ചെല്‍ട്ടന്‍ഹാം മേയര്‍ കൗണ്‍സിലര്‍: ക്രിസ് റൈഡര്‍ തിരി തെളിയിച്ചു കൊണ്ടായിരുന്നു ചാരിറ്റി നൈറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. വേദിയില്‍ അലീഷയുടെയും രാജീവിന്റെയും ഓര്‍മ്മയുടെ പുസ്തകത്താളുകള്‍ ഓരോന്നായി മറിഞ്ഞു വന്നപ്പോള്‍ മറ്റുള്ളവര്‍ക്കൊപ്പം മേയറും അക്ഷരാര്‍ത്ഥത്തില്‍ വിതുമ്പലടക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്വാഗതം ആശംസിച്ച ജി.എം.എ ചെല്‍റ്റെന്‍ഹാം യൂണിറ്റ് സെക്രട്ടറി സിബി ജോസഫും അദ്ധ്യക്ഷ പ്രസംഗത്തിലുടെ പ്രസിഡന്റ് ഡോ. ബീന ജ്യോതിഷും തങ്ങളുടെ വാക്കുകളിലൂടെ ഈയൊരു ചാരിറ്റി മിഷന്റെ പ്രാധാന്യത്തെയും പ്രസക്തിയെയും കുറിച്ച് വിശദീകരിച്ചപ്പോള്‍ നിശ്ചയദാര്‍ഢ്യത്തോടെ അതേറ്റെടുത്ത് വന്‍ വിജയമാക്കിയ അലീഷയുടെ കൊച്ചു കൂട്ടുകാര്‍ക്കുള്ള അംഗീകാരത്തിന്റെ ആദരമായി.
ചാരിറ്റി സെയിലിന് ആവശ്യമായ മുഴുവന്‍ ഭക്ഷണവും ജി.എം.എ ചെല്‍ട്ടന്‍ഹാം യൂണിറ്റിലുള്ള എല്ലാ കുടുംബങ്ങളും ചേര്‍ന്ന്, ജി.എം. എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ജോ വില്‍ട്ടന്റെയും ബിജു ഉള്ളാട്ടിലിന്റെയും നേതൃത്വത്തില്‍ സ്വന്തമായി ഒരുക്കിയപ്പോള്‍ അത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും രുചിക്കൂട്ടായി മാറി. ജി.എം. എ ചെല്‍റ്റെന്‍ഹാം യൂണിറ്റ് ട്രെഷറര്‍ ജെഡ്സന്‍ ആലപ്പാട്ടിന്റെ നന്ദി പ്രകാശനം അലീഷയെന്ന മാലാഖയെ മാറോടു ചേര്‍ത്ത എല്ലാവരോടുമുള്ള കൃതജ്ഞതയായി. ജി.എം.എ പ്രസിഡന്റ് ടോം ശങ്കൂരിക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി സജീവമായിരുന്ന വേദിയില്‍ ജി.എം.എ കുടുംബത്തോടൊപ്പം ഇംഗ്ലീഷുകാര്‍ അടക്കമുള്ളവര്‍ വിങ്ങുന്ന മനസ്സോടെയെങ്കിലും അലീഷയുടെ മധുര സ്മരണകള്‍ ഒരു ആഘോഷമാക്കിത്തന്നെ മാറ്റി.
അലീഷ പഠിച്ചിരുന്ന സെന്റ് ഗ്രിഗറി സ്‌കൂള്‍ ഹാളില്‍ വച്ച് നടന്ന ചാരിറ്റി നിശയില്‍ അതിഥിയായെത്തിയ അലീഷയുടെ കൂടി ഹെഡ് ടീച്ചര്‍ ആയിരുന്ന ഷാരന്‍ ആസ്റ്റണ്‍ അലീഷയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവക്കുകയുണ്ടായി. ഒപ്പം അലീഷയുടെ കുടുംബത്തിന് സാന്ത്വനമായി എപ്പോഴും കൂടെയുള്ള മലയാളി സമൂഹത്തെ ടീച്ചര്‍ പ്രത്യേകം പ്രകീര്‍ത്തിക്കുകയുണ്ടായി. മെയ്ക്ക് എ വിഷ് ചാരിറ്റി വക്താവിന്റെ വാക്കുകളും അവരുടെചാരിറ്റി പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഹ്രസ്വമായ വീഡിയോയും എല്ലാവരുടേയും കണ്ണ് തുറപ്പിക്കുന്നതായിരുന്നു.
ചാരിറ്റി നൈറ്റിന്റെ നന്മക്ക് ഒരു കൈ താങ്ങായി മുന്നോട്ട് വന്ന യു.കെ. യിലെ പ്രമുഖ നഴ്സിംഗ് ഏജന്‍സിയായ ‘ടി.സി.എസ്’ പരിപാടിയുടെ പ്രധാന സ്പോണ്‍സേര്‍സ് ആയിരുന്നു. യു.കെ യിലെ തന്നെ ഏറ്റവും മികച്ച കമ്യൂണിറ്റി അസോസിയേഷനുകളില്‍ ഒന്നായ ജി.എം.എ യുടെ ചിട്ടയായ പ്രവത്തന രീതി കണ്ട് വളരുന്ന യുവ തലമുറയുടെ നേതൃ പാടവം മേയര്‍ അടക്കമുള്ളവരുടെ അളവറ്റ പ്രശംസക്ക് പാത്രമായി. അലീഷയുടെ കൊച്ചു കൂട്ടുകാര്‍ ഈയൊരു മിഷന്‍ അവരുടെ നെഞ്ചോട് ചേര്‍ത്തപ്പോള്‍ ഫുഡ് കൗണ്ടര്‍, റാഫിള്‍, ആന്റിക് സെയില്‍ തുടങ്ങിയവയിലൂടെ മുവ്വായിരത്തില്‍ പരം പൗണ്ടാണ് മേക്ക് എ വിഷ് എന്ന ചാരിറ്റിക്കായി സ്വരൂപിക്കാനായത്.
ഏറ്റവും സാര്‍ത്ഥപൂര്‍ണ്ണമായ ഒരു ഒത്തുചേരലില്‍ കൂടി മരണത്തിനും മറവിക്കും അലീഷയെയും രാജീവിനെയും ഒരിക്കലും വിട്ട് കൊടുക്കില്ലെന്ന് ഗ്ലോസ്റ്റര്‍ഷെയറിലെ മലയാളികളും ഇംഗ്ളീഷുകാരും ഒന്ന് ചേര്‍ന്ന് മനസ്സില്‍ കുറിച്ചപ്പോള്‍ കൈവന്നത് ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ നഷ്ടപ്പെട്ട നിരവധി കുരുന്നുകള്‍ക്ക് അവരുടെ ജീവിതത്തിലെ ചെറിയ സ്വപ്നങ്ങളുടെ സാഫല്യമാണ്.
തിരുവനന്തപുരം: റോഡ് വെട്ടിപ്പൊളിക്കുന്നത് മൂലം സംസ്ഥാനത്തിന് നഷ്ടമാകുന്നത് 3,000 കോടി രൂപയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. അയ്യായിരത്തോളം സ്ഥലങ്ങളില്‍ ഓരോ വര്‍ഷവും റോഡ് വെട്ടിപ്പൊളിക്കുന്നുണ്ട്. റോഡ് പൊളിക്കുന്ന വകുപ്പ് നിശ്ചിത തുക പുനര്‍നിര്‍മ്മാണത്തിന് കെട്ടിവെക്കണം. എന്നാല്‍ പിന്നീട് റോഡ് പഴയതു പോലെ ആകുന്നില്ല. വലിയ ക്രമക്കേടുകള്‍ ഇതില്‍ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റോഡ് പൊളിക്കുന്ന ചില സ്വകാര്യ കമ്പനികള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും വ്യാഴാഴ്ച്ച മന്ത്രി നിയമസഭയില്‍ അറിയിച്ചു.
പൊതുമരാമത്ത് വകുപ്പിന് കീഴില്‍ സംസ്ഥാനത്ത് ഉടനീളം സോഷ്യല്‍ ഓഡിറ്റിങ് ഘട്ടംഘട്ടമായി നടപ്പാക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. പ്രവൃത്തികളുടെ ഗുണനിലവാരം, ജനകീയത, സുതാര്യത എന്നിവയും സമയബന്ധിതമായി പണികള്‍ പൂര്‍ത്തിയാക്കലുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ക്രമക്കേട് കണ്ടെത്തിയാല്‍ അംഗീകൃത ഗവ. ഏജന്‍സിയെക്കൊണ്ട് അന്വേഷിച്ച ശേഷം നടപടി എടുക്കും. ഓരോ പ്രദേശത്തെയും ജനപ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരടങ്ങിയ സമിതി രൂപീകരിച്ചാണ് ഇത് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന് കീഴിലുള്ള എല്ലാ ടോളുകള്‍ നില്‍ത്തലാക്കുമെന്ന് മന്ത്രി അറിയിച്ചു. ഏഴ് സ്ഥലങ്ങളില്‍ ഇതുവരെ ടോള്‍ പിരിവ് നിര്‍ത്തലാക്കിയിട്ടുണ്ട്. ദേശീയ പാതയില്‍ത്തന്നെ 100 കോടിയില്‍ താഴെ മുടക്കുമുതല്‍ വരുന്ന നാലിടങ്ങളില്‍ ടോള്‍ പിരിവ് നിര്‍ത്തലാക്കി. ഇനി നിര്‍മ്മിക്കുന്ന റോഡുകള്‍ക്ക് ടോള്‍ അനുവദിക്കില്ലെന്നും മന്ത്രി സഭയില്‍ പറഞ്ഞു.
ലണ്ടന്‍: പരീക്ഷണശാലയില്‍ കൃത്രിമ ഭ്രൂണം നിര്‍മിക്കുന്നതില്‍ വിജയിച്ചതായി കേംബ്രിഡ്ജ് സര്‍വകലാശാല അറിയിച്ചു. ചരിത്രപരമായ കണ്ടെത്തലെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. എലിയുടെ ഭ്രൂണമാണ് വികസിപ്പിച്ചത്. ഇത് യഥാര്‍ത്ഥ ഭ്രൂണവുമായി എല്ലാക്കാര്യങ്ങളിലും സാമ്യമുള്ളതാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ജീവന്റെ ഉല്‍പ്പത്തിയേക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ വെളിച്ചം പകരുന്നതാണ് ഈ കണ്ടെത്തല്‍. ഒരു ജീവിയായി വളരാന്‍ ഇതിനു സാധിക്കില്ല. എന്നാല്‍ ഉടന്‍ തന്നെ ഇത്തരം ഭ്രൂണത്തെ വളര്‍ത്തിയെടുക്കാന്‍ ശാസ്ത്രത്തിന് കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
മനുഷ്യ ഭ്രൂണം സൃഷ്ടിക്കാനും ഇതെ സാങ്കേതികത ഉപയോഗിക്കാനാകും. ചില സമയത്ത് ഭ്രൂണങ്ങള്‍ ഗര്‍ഭപാത്രത്തില്‍ത്തന്നെ ഇല്ലാതാകുന്നതിന്റെ രഹസ്യങ്ങള്‍ കണ്ടെത്താനും ഇത് ഉപകരിച്ചേക്കും. സയന്‍സ് ജേര്‍ണലിലാണ് ഈ കണ്ടുപിടിത്തം സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. രണ്ട് വ്യത്യസ്ത തരത്തിലുള്ള വിത്ത്‌കോശങ്ങള്‍ ചേര്‍ത്താണ് ഈ ഭ്രൂണം വികസിപ്പിച്ചത്. ഇത് ഏതു വിധത്തിലുള്ള കലകളായും മാറ്റിയെടുക്കാവുന്ന വിധത്തിലുള്ളവയാണ്. മസ്തിഷ്‌ക കോശങ്ങള്‍ മുതല്‍ ചര്‍മം വരെ ഈ വിധത്തില്‍ നിര്‍മിക്കാം.
ഒരു ഭാഗം ഭ്രൂണമായി മാറുമ്പോള്‍ മറ്റൊരു ഭാഗം പ്ലാസന്റയായി മാറുകയാണ് ചെയ്യുന്നത്. ഇങ്ങനെ സംയോജിപ്പിച്ച കോശങ്ങള്‍ ഭ്രൂണത്തിനു സമാനമായ വസ്തുവായി രൂപാന്തരം പ്രാപിക്കുകയായിരുന്നുവെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. മഗ്ദലേന സെര്‍ണിക്ക് ഗോയെറ്റ്‌സ് പറഞ്ഞു. മനുഷ്യന്റെ വിത്തുകോശങ്ങള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ ഇതിലും വിപ്ലവകരമായി ഫലങ്ങള്‍ ഉണ്ടാക്കുമെന്നും ഗവേഷകര്‍ പറഞ്ഞു.
ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിന് നല്‍കുന്ന സോവറിന്‍ ഗ്രാന്റ് വര്‍ദ്ധിപ്പിക്കുന്ന വിഷയത്തിനായി രൂപീകരിച്ച പാര്‍ലമെന്ററി കമ്മിറ്റിക്ക് തീരുമാനമെടുക്കാന്‍ വേണ്ടിവന്നത് 13 മിനിറ്റ് മാത്രം. രാജകുടുംബത്തിനുള്ള ഗ്രാന്റ് ഇരട്ടിയാക്കാനുള്ള തീരുമാനമാണ് കമ്മിറ്റി എടുത്തത്. 15 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കിയാണ് ഗ്രാന്റ് വര്‍ദ്ധിപ്പിച്ചത്. ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായാണ് തുക വര്‍ദ്ധിപ്പിച്ചത്. 360 മില്യന്‍ പൗണ്ട് ഇതിനായി വേണ്ടിവരുമെന്നാണ് കരുതുന്നത്.
തീരുമാനം എടുത്തു കഴിഞ്ഞതിനാല്‍ ഉടന്‍ തന്നെ കമ്മിറ്റി പിരിച്ചു വിടുകയും ചെയ്തു. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുടെ പ്രതിനിധികള്‍ മാത്രമാണ് തീരുമാനത്തെ എതിര്‍ത്തത്. ടോമി ഷെപ്പേര്‍ഡ്, ജോര്‍ജ് കെരെവാന്‍ എന്നിവരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ഇത്തരത്തില്‍ തീരുമാനമെടുക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് എതിര്‍പ്പ് വ്യക്തമാക്കിക്കൊണ്ട് ഷെപ്പേര്‍ഡ് പറഞ്ഞു. സോവറിന്‍ ഗ്രാന്റിന്റെ പേരില്‍ വന്‍ നിര്‍മാണ പ്രവര്‍ത്തനത്തിനാണ് ഫണ്ട് അനുവദിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വെസ്റ്റ് മിന്‍സ്റ്റര്‍ കൊട്ടാരം മോടിപിടിപ്പിക്കുന്നതിനായി എംപിമാര്‍ക്ക് ശമ്പളം കൂട്ടി നല്‍കുന്നതിനു തുല്യമാണ് ഈ നടപടിയെന്ന പരിഹാസവും അദ്ദേഹം ഉന്നയിച്ചു. അടുത്തയാഴ്ച ഇക്കാര്യത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ എസ്എന്‍പി അംഗങ്ങളുടെ വിയോജിപ്പ് വിഷയമാകും. ഇത് ഫണ്ട് അനുവദിക്കുന്നതില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് വഴിവെക്കുമെന്നും നിരീക്ഷിക്കപ്പെടുന്നു.
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ പോലുള്ള സംരംഭങ്ങള്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും അനുകരിക്കപ്പെടേണ്ടതുണ്ടെന്ന് രാഷ്ട്രപതി ശ്രീ പ്രണബ് കുമാര്‍ മുഖര്‍ജി.
സമകാലീന ലോകത്തെ പ്രശ്നങ്ങളും ആശയങ്ങളും പങ്കുവയ്ക്കുന്നതിന് കലയെപ്പോലെ പ്രാധാന്യമുള്ള മറ്റൊന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘സുസ്ഥിര സാംസ്‌കാരിക നിര്‍മിതി’ എന്ന വിഷയത്തില്‍ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ഫോര്‍ട്ട്കൊച്ചി കബ്രാള്‍ യാര്‍ഡില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.
ചരിത്രമുറങ്ങുന്ന മണ്ണില്‍ സംസ്ഥാനസര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും പിന്തുണയോടെ നടത്തുന്ന ഈ കലാസംരംഭത്തിലൂടെ കേരളത്തിന്റെ കലാസൗഹൃദമാണ് വെളിപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കലാ-സാംസ്‌കാരിക ലോകത്ത് കേരളം പിന്തുടരുന്ന മതേതര കാഴ്ചപ്പാട് പ്രസിദ്ധമാണ്. ഇതിന്റെ ഉദാത്തമായ പ്രതീകമാണ് ഐക്യവും സമഭാവനയും കളിയാടുന്ന കൊച്ചി-മുസിരിസ് ബിനാലെയെന്നും അദ്ദേഹം പറഞ്ഞു.
പൊതുലക്ഷ്യം നേടുന്നതിന് നിരവധി ഏജന്‍സികള്‍ ഒന്നിച്ച് എങ്ങിനെ പ്രവര്‍ത്തിക്കാമെന്നതിന്റെ ഉദാഹരണമാണ് ഈ ബിനാലെ. സംസ്‌കാരത്തെ ബഹുമാനിക്കുന്ന, മാനുഷികമൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന ഇത്തരം സംരംഭങ്ങള്‍ സാസ്‌കാരിക വളര്‍ച്ചയുടെ അവിഭാജ്യഘടകമാണെന്നും അദ്ദേഹം പറഞ്ഞു.
ദൈവത്തിന്റെ സ്വന്തം നാടിനെ കലാലോകത്തെ സ്വര്‍ഗമാക്കി ബിനാലെ മാറ്റിയെന്ന് ഗവര്‍ണര്‍ ജസ്റ്റീസ് പി സദാശിവം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ സൃഷ്ടികള്‍ പ്രമേയത്തിനനുസരിച്ച് ഒരുക്കിയതില്‍ ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി പ്രശംസയര്‍ഹിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
രാജ്യത്തിനകത്തേക്കും പുറത്തേക്കും കലയെ സ്വതന്ത്രമായി പ്രവഹിപ്പിക്കുന്ന സ്ഥാപനമാണ് കൊച്ചി ബിനാലെയെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. സാംസ്‌കാരിക ജീവിതത്തിന്റെ മുഖപ്രസാദമാണ് ബിനാലെ. ബിനാലെയ്ക്ക് സ്ഥിരം വേദി നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി.
കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ബിനാലെ പുത്തന്‍ ഉണര്‍വ് നല്‍കിയെന്ന് ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയും കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമുവും രാഷ്ട്രപതിക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി നന്ദി പറഞ്ഞു.
മേയര്‍ സൗമിനി ജെയിന്‍, എംപി കെ വി തോമസ്, എം എല്‍ എ കെ ജെ മാക്സി, മുന്‍മന്ത്രി എം എ ബേബി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.