മോസ്‌കോ: റഷ്യ പുതിയ ക്രിപ്‌റ്റോകറന്‍സി പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. ക്രിപ്‌റ്റോറൂബിള്‍ എന്ന പേരില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഡിജിറ്റല്‍ നാണയം പ്രഖ്യാപിച്ചതായാണ് വിവരം. നാണയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ റഷ്യന്‍ കമ്യൂണിക്കേഷന്‍സ് ആന്‍ഡ് മാസ് മീഡിയ മന്ത്രി നിക്കോളായ നികിഫോറോവ് പുറത്തുവിട്ടു. മോസ്‌കോ ക്യാപിറ്റല്‍ ക്ലബിലെ യോഗത്തില്‍ വെച്ചാണ് മന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് എഐഎഫ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

റഷ്യന്‍ സെന്‍ട്രല്‍ ബാങ്കിനോട് കഴിഞ്ഞയാഴ്ച ക്രിപ്‌റ്റോകറന്‍സികള്‍ക്കെതിരായി അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന് പുടിന്‍ നിര്‍ദേശിച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിനെ സ്ഥിരീകരിച്ചുകൊണ്ടാണ് നികിഫോറോവിന്റെ പ്രസ്താവന. നാം ക്രിപ്‌റ്റോകറന്‍സി പുറത്തിറക്കുമെന്ന കാര്യം ഉറപ്പിച്ചു പറയാം. രണ്ടു മാസത്തില്‍ അത് പുറത്തിറക്കിയില്ലെങ്കില്‍ യൂറേഷ്യന്‍ സാമ്പത്തിക മേഖലയിലുള്ള നമ്മുടെ അയല്‍ രാജ്യങ്ങള്‍ അവ പുറത്തിറക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

വളരെ വേഗത്തില്‍ ക്രിപ്‌റ്റോറൂബിള്‍ പുറത്തിറക്കുമെന്ന പ്രത്യാശയാണ് നികിഫോറോവ് പങ്കുവെക്കുന്നത്. വ്യക്തിഗത ആദായ നികുതി വരുമാനം വര്‍ദ്ധിക്കാന്‍ ഈ കറന്‍സി അവതരിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നാണ് ഉദ്യോഗസ്ഥരും അവകാശപ്പെടുന്നത്. ഇപ്പോള്‍ 13 ശതമാനമാണ് രാജ്യത്തിന്റെ ഇന്‍കം ടാക്‌സ് നിരക്ക്. ഈ നിരക്ക് 2018ല്‍ പുനര്‍നിര്‍ണ്ണയിച്ച് 2019ല്‍ നടപ്പാക്കാന്‍ പുടിന്‍ ഉത്തരവിട്ടിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ചയെ ഉദ്ദീപിപ്പിക്കാന്‍ ഇതി സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.