Main News

സ്റ്റോക്ക് ഓൺ ട്രെന്റ്: ഓണം എന്നത് മലയാളിയെ സംബന്ധിച്ചിടത്തോളം ഒരു വികാരമാണ്. അതുകൊണ്ട് തന്നെ മറുനാട്ടില്‍ ഓണം ആഘോഷിക്കേണ്ടി വരുമ്പോഴും മലയാളിത്തത്തോടെ ആഘോഷിക്കാന്‍ ഓരോ മലയാളിയും ബദ്ധശ്രദ്ധ കാണിക്കുന്നു. മലയാളി തനിമ തൊട്ടുണർത്തി… സ്റ്റോക്ക് മലയാളികളുടെ ഹൃദയങ്ങളിൽ സന്തോഷത്തിന്റെ പൂക്കളം തീർത്ത..  സ്റ്റോക്ക് മലയാളി വീട്ടമ്മമാരുടെ ഒരുമയിൽ ഒരു കയ്യൊപ്പ് പതിഞ്ഞപ്പോൾ നാവില് രുചിയേറുന്ന ഓണസദ്യയുമായി എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് ഒരുക്കിയത് അവർണ്ണനീയമായ ആഘോഷപരിപാടികൾ.. പകിട്ടാർന്ന പൂക്കളവും പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും… ഓർമ്മയിൽ ഓടിയെത്തുന്ന ചിങ്ങപ്പുലരികൾ സമ്മാനിക്കുന്നത് ഓർമ്മകളുടെ പൂക്കാലമാണ് എന്ന് പ്രവാസികളായ മലയാളികൾക്ക് പറഞ്ഞുകൊടുക്കേണ്ടതില്ല എന്നത് ഒരു സത്യം..

മലയാളിയുടെ മനസ്സില്‍ സ്‌നേഹത്തിന്റെ പച്ചപ്പും, സാഹോദര്യത്തിന്റെ നറുമണവും നിറയ്ക്കുന്ന തിരുവോണനാളുകൾ ഓർമ്മയിൽ നിന്നും പൊടിതട്ടിയെടുത്തപ്പോൾ ഇന്നലെ സ്റ്റോക്ക് ഓൺ റെന്റിലെ ബ്രാഡ്‌വെൽ കമ്മ്യൂണിറ്റി ഹാളിലേക്ക് സ്റ്റോക്ക് മലയാളികൾ ഒഴുകിയെത്തി… രാവിലെ പതിനൊന്ന് മണിയോടുകൂടി മത്സരങ്ങൾക്ക് തുടക്കം… എല്ലാവര്ക്കും പങ്കെടുക്കാൻ ഉതകും വിധം പലതരം മത്സരങ്ങൾ.. മത്സരങ്ങളുടെ ആവേശം ആളിക്കത്തിയപ്പോൾ കളികളിൽ പങ്കുചേരാൻ താത്പര്യമുള്ളവരുടെ നീണ്ട നിരകൾ കാണുമാറായി.. ഓണത്തിന് കൊഴുപ്പ് പകരുന്ന വടംവലികൂടി അരങ്ങേറിയപ്പോൾ സ്റ്റോക്ക് ഓൺ ട്രെന്റ് ബ്രാഡ്‌വെൽ കമ്മ്യൂണിറ്റി സെന്റർ ഒരു കൊച്ചു കേരളമായി മാറുകയായിരുന്നു… വടംവലി അവസാനിച്ചതോടെ മത്സരങ്ങൾക്ക് വിടനൽകി ഓണസദ്യയിലേക്ക്.. മറ്റൊരു ഹാളിൽ രുചിയേറും ഓണസദ്യ.. അസോസിയേഷനിലെ അംഗങ്ങളുടെ ഭവനങ്ങളിൽ സ്റ്റോക്ക് അമ്മമാർ ഒരുക്കിയത് രുചിയേറും ഓണസദ്യ…  കഴിച്ചത് നൂറുകണക്കിന് മലയാളികൾ … മെയിൻ ഹാളിൽ നിന്ന് മാറിയെങ്കിലും ഇമ്പമാർന്ന പാട്ടുകളുമായി ഓണസദ്യ മുന്നോട്ടുപോയി…

ഓണപ്പരിപാടികളുടെ ഓർമ്മകളുണർത്തി അതിമനോഹരമായ തിരുവാതിര… തുടർന്ന് എസ് എം എ പ്രസിഡണ്ട് വിനു ഹോർമിസ് അധ്യക്ഷനായി സാംസ്ക്കാരിക സമ്മേളനം…. ഏവർക്കും സ്വാഗതമോതി എസ് എം എ യുടെ സെക്രട്ടറി ജോബി ജോസ്.. വേദിയിൽ ട്രെഷറർ വിൻസെന്റ് കുര്യക്കോസ്, ജോയിന്റ് സെക്രട്ടറി ടോമി ജോസഫ്, യുക്മ പ്രസിഡന്റ് മാമൻ ഫിലിപ്പ്, കൺവീനർമാരായ ക്രിസ്റ്റി സെബാസ്റ്റ്യൻ, ജോസ് മാത്യു, ജിജി ജസ്റ്റിൻ, മുൻ പ്രസിഡണ്ട് റിജോ ജോൺ, മുൻ  സെക്രട്ടറി അബിൻ ബേബി തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.  തിരുവോണദിനത്തില്‍ മഹാബലി തമ്പുരാന്‍ തന്റെ പ്രജകളെ കാണാന്‍ വന്നെത്തും എന്ന വിശ്വാസം തെറ്റിക്കാതെ താളമേളങ്ങളുടെയും മുത്തുക്കുടകളും പുലികളിയും ഒത്തുചേർന്ന് മാവേലിയുടെ ആഗമനം… പിന്നീട് ഔദ്യോഗികമായ ഉത്ഘാടനം..  ആശംസകളുമായി ഓണാഘോഷപരിപാടിയുടെ കൺവീനർമാരിൽ നിന്ന് ക്രിസ്റ്റി സെബാസ്റ്റ്യൻ, യുക്മ നാഷണൽ പ്രസിഡണ്ട് മാമൻ ഫിലിപ്പ്.. സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികളുടെ മനോവികാരങ്ങൾ മനസിരുത്തി പഠിച്ചശേഷം മലയാളഭാഷയെ അതിന്റെ എല്ലാ ചാരുതയോടും കൂടി അതിമനോഹരമായി  ഉപയോഗിച്ച ഷാജിച്ചേട്ടൻ (എബ്രഹാം റ്റി എബ്രഹാം)  നൽകിയ ഓണസന്ദേശം… പുതിയ ലോകം അല്ലെങ്കിൽ ന്യൂജെൻ സംസ്ക്കാരം സുഗന്ധമില്ലാത്ത പൂക്കളാണ് എന്ന് പറയുവാൻ അദ്ദേഹം മടികാണിച്ചില്ല… ഓണത്തിന്റെ അന്തസത്ത മനസിലാക്കി, മാവേലിയെ നാമാരും കണ്ടിട്ടില്ലെങ്കിലും എല്ലാവരും മാവേലി എന്ന ഒരു വിശ്വാസം കാത്തുസൂക്ഷിക്കുന്നു… കാരണം മാവേലിയുടെ നന്മകൾ മൂലമാണ് എന്നതുപോലെ മലയാളികളായ നമ്മുടെ ജീവിതവും അതനുസരിച്ചു  ക്രമപ്പെടുത്തുമ്പോൾ നമ്മുടെ ജീവിതവും സുഗന്ധം പരത്തുന്ന പുഷ്പ്പങ്ങളാവും എന്ന് ഓർമ്മിപ്പിച്ചാണ് സന്ദേശം അവസാനിപ്പിച്ചത്. തുടർന്ന് യുക്മ നാഷണൽ സ്പോർട്സ് മീറ്റിൽ കഴിവുതെളിയിച്ചവർക്കായി സമ്മാനദാനം.. എസ് എം എ യുടെ വൈസ് പ്രസിഡണ്ട് സിജി സോണിയുടെ നന്ദിപ്രകാശനത്തോടെ സാംസ്ക്കാരിക സമ്മേളനത്തിന് തിരശീല വീണു..

പാട്ടുകളും സിനിമാറ്റിക് ഡാൻസുകളും കൊണ്ട് കളം നിറഞ്ഞപ്പോൾ താളമേളങ്ങളുടെ പെരുമ്പറ മുഴക്കിയത് പ്രെസ്റ്റൺ ചെണ്ടമേളക്കാരാണ്.. പത്തുപേരുടെ ടീമുമായി ഇറങ്ങിയ അവർ അതിമനോഹരമായ ഒരു കലാവിരുന്ന് തന്നെയാണ് സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികൾക്കായി കാഴ്ചവെച്ചത്. ക്ലാസിക്കൽ ഡാൻസുകളും മോഹിനിയാട്ടവും എന്ന് തുടങ്ങി ആഘോഷം ഇടമുറിയാതെ മുന്നേറിയപ്പോൾ സമയം കടന്നുപോയത് പലരും അറിയാതെപോയി.. ഓണസദ്യകൊണ്ട് തീർന്നു എന്ന് കരുതിയവരുടെ പ്രതീക്ഷകളെ മാറ്റിമറിച്ചു ഏഴുമണിയോട് കൂടി ദോശയും ചമ്മന്തിയും സാമ്പാറും നൽകിയപ്പോൾ, ഇങ്ങനെയൊക്കെ എങ്കിൽ മാവേലിക്ക് തിരിച്ചുപോകാൻ പോലും ഒരു വൈമനസ്യം ഉണ്ടാകും എന്നാണ് സ്റ്റോക്ക് മലയാളികളുടെ അടക്കം പറച്ചിൽ…

[ot-video][/ot-video]

ഓരോ മലയാളിയ്ക്കും ഓണനാളുകള്‍, പ്രത്യേകിച്ചും തിരുവോണദിനം കാത്തിരിപ്പുകളുടെ സാഫല്യത്തിന്റെ ദിനമാണ്. ഏറെ നാളായി ദൂരദേശങ്ങളില്‍ വസിക്കുന്ന ബന്ധു മിത്രാദികള്‍ നാട്ടിലേക്ക് ഓടിയെത്തി, പഴയ ഓര്‍മ്മകളും, സ്‌നേഹബന്ധങ്ങളും പുതുക്കുന്ന സുന്ദര ദിനം. പലദേശങ്ങളില്‍ ജോലി ചെയ്യുന്ന മക്കള്‍, വേര്‍പാടിന്റെയും ഒറ്റപെടലിന്റെയും വേദന പേറി ജീവിക്കുന്ന അച്ഛനമ്മമാരെ സന്ദര്‍ശിച്ച് അവര്‍ക്കൊപ്പമിരുന്ന് പൂക്കളം തീര്‍ത്തും, സദ്യയുണ്ടും അടുത്ത ഓണനാളുകള്‍ വരുന്നത് വരെ ഓര്‍ത്തു വെക്കാനുള്ള നനുത്ത ദിനങ്ങള്‍ തീര്‍ക്കുന്ന ദിനങ്ങളാണ് ഓണക്കാലം. യൂറോപ്പിലെ പ്രവാസികളെ സംബന്ധിച്ചു പല പ്രായോഗിക ബുദ്ധിമുട്ടുകളും ഓണദിനങ്ങളിലുള്ള ഇത്തരം ഒത്തുചേരലിന് തടസം സൃഷ്ടിക്കുമെങ്കിലും തന്റെ ഓർമ്മകളെ മക്കൾക്ക് പകർന്നുനൽകാൻ കിട്ടുന്ന അവസരം മലയാളികൾ നഷ്ടപ്പെടുത്താറില്ല എന്നത് ഒരു നല്ല കാര്യമാകട്ടെ എന്ന് പ്രത്യാശിക്കാം..

ഫെയ്‌സ്ബുക്ക്, വാട്സ് ആപ്പ് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ നിറഞ്ഞൊഴുകുന്ന ഓണാശംസകള്‍ മാറ്റിവച്ച്, തിരക്കിന്റെ ഈ ആധുനികകാലത്ത് മനുഷ്യ സ്‌നേഹം ഊട്ടിയുറപ്പിക്കാന്‍ ഇത്തരം കൂട്ടായ്മകൾ പര്യാപ്തമാവും എന്ന് പ്രത്യാശിക്കുന്നതോടൊപ്പം മറ്റൊരു ഓണപ്പുലരിക്കായി കാത്തിരിക്കാം…

[ot-video][/ot-video]

 

 

കൂടുതൽ ഫോട്ടോസ് കാണാം..

[ot-video][/ot-video]

 

പാപ്പാ മൊബീലില്‍ തലയിടിച്ച് മാർപ്പാപ്പയ്ക്ക് പരിക്ക്. കൊളംബിയിന്‍ നഗരമായ കാര്‍ട്ടാഗനയില്‍ കാത്തുനിന്നവര്‍ക്ക് മുന്നിലേക്ക് മാര്‍പാപ്പ എത്തിയത് തിരുവസ്ത്രത്തിലും മുഖത്തും ചോരപ്പാടുകളുമായിട്ടാണ്. പര്യടനത്തിനിടെ പാപ്പാ മൊബീലില്‍ തലയിടിച്ച് പോപ്പിന് നിസ്സാരമായ പരിക്കുകളുണ്ടായത്. ജനങ്ങളെ അഭിസംബോധന ചെയ്ത് നീങ്ങുന്നതിനിടെ ബാലന്‍സ് നഷ്ടപെട്ട് പ്രത്യേക വാഹനമായ പാപ്പാ മൊബീലിന്റെ വശത്തുള്ള കമ്പിയില്‍ തലയിടിക്കുക യായിരുന്നു.

Image result for Pope Francis hits himself against the popemobile and injures his cheekbone and left eyebrow

മുഖത്തിന്റെ ഇടതുഭാഗമാണ് കമ്പിയില്‍ ഇടിച്ചത്. കണ്‍പോളയ്ക്കും കവിളിനും ക്ഷതമേറ്റിട്ടുണ്ട്. പരിക്കേറ്റ പോപ്പിന് ഐസ് ഉപയോഗിച്ച് പ്രാഥമീക ശുശ്രൂഷ നല്‍കി. എങ്കിലും പര്യടന പരിപാടികളില്‍ മാറ്റം വരുത്തുവാന്‍ പോപ്പ് തയ്യാറായില്ല. ഇടതുകണ്ണ് വിങ്ങിയ നിലയിലാണു അദ്ദേഹം പര്യടനം തുടര്‍ന്നത്.

ബെയ്ജിംഗ്: ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന കാറുകളുടെ വില്‍പന അവസാനിപ്പിക്കാനുള്ള തീരുമാനവുമായി ചൈന. ഇലക്ട്രിക് കാറുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കുന്നതിനുള്ള സമയക്രമം തീരുമാനിക്കുമെന്ന് ചൈനീസ് വ്യവസായ മന്ത്രാലയം അറിയിച്ചു. എന്നാല്‍ എത്ര കാലത്തിനുള്ളില്‍ തീരുമാനം നടപ്പിലാക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

വില്‍ക്കുന്ന വാഹനങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയാണ് ചൈനയിലേത്. പെട്രോള്‍, ഡീസല്‍ കാറുകളുടെ ഉദ്പാദനവും വിപണനവും നിര്‍ത്താനുള്ള സമയക്രമം തീരുമാനിക്കാനുള്ള പഠനങ്ങള്‍ നടന്നുവരികയാണെന്ന് ഡെപ്യൂട്ടി ഇന്‍ഡസ്ട്രി മിനിസ്റ്റര്‍ സിന്‍ ഗുവോബിന്‍ പറഞ്ഞു. പീപ്പിള്‍സ് ഡെയിലിയും സിന്‍ഹുവ ന്യൂസ് ഏജന്‍സിയുമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

2040ഓടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഉദ്പാദനവും വില്‍പനയും അവസാനിപ്പിക്കുമെന്ന് ഫ്രാന്‍സും ബ്രിട്ടനും അറിയിച്ചിരുന്നു. ജൂലൈയിലാണ് ഈ രാജ്യങ്ങള്‍ സുപ്രധാനമായ പ്രഖ്യാപനം നടത്തിയത്. കാര്‍ബണ്‍ പുറന്തള്ളലും മലിനീകരണവും ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ നിരോധിക്കാനുള്ള തീരുമാനം ബ്രിട്ടനും ഫ്രാന്‍സും കൈക്കൊണ്ടത്.

ലണ്ടന്‍: യുകെയിലെ ജനങ്ങളുടെ ജീവിത ദൈര്‍ഘ്യം കുറയുന്നുവെന്ന് കണ്ടെത്തല്‍. യൂറോപ്യന്‍ ശരാശരിക്കും താഴെയാണ് യുകെയിലുള്ളവരുടെ ജീവിതദൈര്‍ഘ്യം എന്നാണ് വ്യക്തമായിരിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ ജനങ്ങളുടെ ജീവിതദൈര്‍ഘ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ യുകെയില്‍ അത് താഴ്ന്നുകൊണ്ടിരിക്കുകയാണ്. വിഷയത്തില്‍ വിശദമായ പഠനം അടിയന്തരമായി നടത്തണമെന്ന് യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഇക്വിറ്റി ഡയറക്ടര്‍ സര്‍.മൈക്കിള്‍ മാര്‍മോട്ട് പറഞ്ഞു. ദശാബ്ദങ്ങളായി ജീവിത ദൈര്‍ഘ്യത്തില്‍ ക്രമമായുണ്ടായ കുറവിനു ശേഷം ഇപ്പോള്‍ കുറഞ്ഞ നിരക്കില്‍ അത് തുടരുകയാണെന്ന് അദ്ദേഹം പറയുന്നു.

യുകെയില്‍ സ്ത്രീകളുടെ ജീവിതദൈര്‍ഘ്യം 83 വയസാണ്. പുരുഷന്‍മാരില്‍ അത് 79 വയസും. ഇതേ നിരക്ക് തുടര്‍ന്നാണ് യുകെ യൂറോപ്പിലെ രോഗി എന്ന പദവി ഉടന്‍ തന്നെ സ്വന്തമാക്കുമെന്ന് അദ്ദേഹം ദി ടൈംസില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. 2010 വരെ ജീവി ദൈര്‍ഘ്യം ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ഓരോ നാലു വര്‍ഷത്തിലും ഇതില്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ സഖ്യകക്ഷി സര്‍ക്കാര്‍ നടപ്പാക്കിയ ചെലവുചുരുക്കല്‍ നടപടികള്‍ക്കു ശേഷം ഇത് പിന്നോട്ടടിക്കുന്ന കാഴ്ചയാണ് കണ്ടത്. സര്‍ക്കാര്‍ നയം തന്നെയാണ് ഈ പ്രതിഭാസത്തിന് ഒന്നാമത്തെ കാരണമെന്നും വിഷയത്തില്‍ പഠനം നടത്തണമെന്നും ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ടിനോട് സര്‍. മാര്‍മോട്ട് ആവശ്യപ്പെട്ടു.

2008ലെ സാമ്പത്തിക മാന്ദ്യ കാലത്ത് ലോകമൊട്ടാകെ ജീവിതദൈര്‍ഘ്യത്തില്‍ ഇടിവുണ്ടായിരുന്നു. എന്നാല്‍ യുകെയില്‍ ഉണ്ടായത് അതിനേക്കാളും ഗുരുതരമാണ്. സ്ത്രീകളുടെ ജീവിതദൈര്‍ഘ്യത്തിന്റെ നിരക്ക് യൂറോപ്പിലെ ഏറ്റവും മോശം അവസ്ഥയിലാണ് യുകെ പ്രകടിപ്പിക്കുന്നത്.പുരുഷന്‍മാരില്‍ ഇത് രണ്ടാം സ്ഥാനത്താണ്. സ്വാഭാവികമായ കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടാകുന്നതെന്ന് ചില വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും സര്‍. മൈക്കില്‍ മാര്‍മോട്ട് ഇത് അംഗീകരിക്കുന്നില്ല.

ലണ്ടന്‍: അത്ര അത്യാവശ്യമല്ലാത്ത ഓപ്പറേഷനുകള്‍ മാറ്റിവെക്കുകയും അവയ്ക്കായുള്ള കാത്തിരിപ്പ് സമയം വര്‍ദ്ധിക്കുകയും ചെയ്യുന്നത് എന്‍എച്ച്എസില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്നു. ഒട്ടേറെ ആളുകള്‍ സ്വകാര്യാശുപത്രികളെ ആശ്രയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയാണ് എന്‍എച്ച്എസ് ചികിത്സകള്‍ വൈകുന്നതിന് കാരണം. എന്നാല്‍ ഇതുമൂലം ലാഭമുണ്ടാക്കുന്നത് സ്വകാര്യാശുപത്രികളാണ്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക് ആശുപത്രി ചെലവുകള്‍ സ്വന്തം കയ്യില്‍ നിന്ന് നല്‍കേണ്ടി വരുന്നു. ഇടുപ്പ്, മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്കും തിമിര ശസ്ത്രക്രിയക്കുമൊക്കെയായി 15,000 പൗണ്ട് വരെ ചെലവഴിക്കേണ്ടതായി വരുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ക്ക് ഇതുമൂലം 15 മുതല്‍ 25 ശതമാനം വരെ വാര്‍ഷികലാഭത്തില്‍ വര്‍ദ്ധനയുണ്ടാകുന്നുണ്ട്. സ്വന്തം സമ്പാദ്യത്തില്‍ നിന്നോ വായ്പകളില്‍ നിന്നോ ഒക്കെയാണ് രോഗികള്‍ സ്വകാര്യാശുപത്രികളിലെ ചികിത്സാച്ചെലവ് കണ്ടെത്തുന്നത്. ശാരീരിക വൈകല്യങ്ങള്‍ക്ക് കാരണമാകുന്ന അസുഖങ്ങളുടെ ചികിത്സക്ക് എന്‍എച്ച്എസില്‍ കൂടുതല്‍ സമയമെടുക്കുന്നതാണ് സ്വകാര്യമേഖലയെ ആശ്രയിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. സ്വകാര്യാശുപത്രികളില്‍ വര്‍ദ്ധിച്ചുവരുന്ന ശസ്ത്രക്രിയകള്‍ക്ക് കാരണം ഈ എന്‍എച്ച്എസ് പ്രതിസന്ധിയാണെന്ന് ട്രസ്റ്റുകള്‍ക്ക് വ്യക്തമാണെങ്കിലും അതിന് പരിഹാരം കാണാന്‍ കഴിയാത്ത നിസഹായാവസ്ഥയിലാണ് അവര്‍.

റഫറല്‍ ടു ട്രീറ്റ്‌മെന്റ് പദ്ധതിയനുസരിച്ച് 18 ആഴ്ചക്കുള്ളില്‍ ചികിത്സ ലഭിക്കുമെന്ന് എന്‍എച്ച്എസ് ഉറപ്പു നല്‍കുന്ന രോഗികളുടെ എണ്ണം 40 ലക്ഷം കടന്നു. ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഇത്രയും വര്‍ദ്ധനവ് രേഖപ്പെടുത്തുന്നത്. സ്വകാര്യാശുപത്രികളെ ആശ്രയിക്കുന്ന കാന്‍സര്‍ രോഗികളുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഫ്‌ളോറിഡ: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഇര്‍മ. ഫ്‌ളോറിഡയില്‍ കനത്ത നാശം വിതയ്ക്കുമെന്ന് കരുതുന്ന ഇര്‍മയെ നേരിടാന്‍ മുന്‍കരുതലുകളുമായി ഭരണകൂടങ്ങള്‍ നീങ്ങുമ്പോള്‍ വിചിത്രമായ ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫ്‌ളോറിഡയിലെ തോക്കുടമകള്‍. ഇര്‍മയെ വെടിവെച്ചു വീഴ്ത്താനാണ് ആഹ്വാനം. ഫേസ്ബുക്കില്‍ നല്‍കിയിരിക്കുന്ന ആഹ്വാനത്തോട് പതിനായിരക്കണക്കിന് തോക്കുടമകളാണ് അനുകൂലമായി പ്രതികരിച്ചിരിക്കുന്നത്.

കൊടുങ്കാറ്റിനെ വെടിവെച്ചു വീഴ്ത്താനാകുമോ എന്ന സംശയം സ്വാഭാവികമായും ഉയരാം. അതിനും ഉത്തരമുണ്ട്. ഇര്‍മ ഉയര്‍ത്തുന്ന ആശങ്കയില്‍ നിന്ന് രക്ഷപ്പെടാന്‍ താന്‍ സൃഷ്ടിച്ച ഫേസ്ബുക്ക് ഇവന്റിന് ഇത്രയും പ്രതികരണങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ഇവന്റ് സൃഷ്ടാവായ റ്യോന്‍ എഡ്വേര്‍ഡ്‌സ് പറയുന്നു. ബിബിസി ന്യൂസ്ബീറ്റ് ആയ 22 കാരനാണ് ഇയാള്‍. തമാശയ്ക്ക് ചെയ്ത കാര്യത്തിന് ഇത്രയും പ്രതികരണങ്ങള്‍ ലഭിച്ചതിന്റെ ഞെട്ടലിലാണ് ഇയാള്‍.

ചിലര്‍ ഇതിനെ വളരെ ഗൗരവമായാണ് എടുത്തത്. തോക്കുമെടുത്ത് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് ഞാന്‍ വെറുതെയിരിക്കാന്‍ ഉദ്ദേശിക്കുന്നില്ല, കൊടുങ്കാറ്റിന്റെ കേന്ദ്രമാണ് എന്റെ ലക്ഷ്യം എന്നൊക്കെ ആളുകള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങി. വെടിവെക്കുന്നത് കൊടുങ്കാറ്റിന്റെ ദേഷ്യം വര്‍ദ്ധിപ്പിക്കില്ലേ എന്ന് ചോദിച്ചവരും നിരവധി. കൊടുങ്കാറ്റിനെ ശാസ്ത്രീയമായി വെടിവെക്കാനുള്ള ഡയഗ്രങ്ങളും ചിലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്തായാലും തന്റെ ഒരു ഭ്രാന്തന്‍ ആശയം കൈവിട്ടു പോയതിന്റെ ഞെട്ടലിലാണ് എഡ്വേര്‍ഡ്‌സ്. കരീബിയനില്‍ നാശം വിതച്ച ഇര്‍മ 22 പേരുടെ മരണത്തിനു കാരണമായിട്ടുണ്ട്.

ലണ്ടന്‍: ധ്രുവ പ്രദേശങ്ങളില്‍ മാത്രം ദൃശ്യമാകുന്ന നോര്‍ത്തേണ്‍ ലൈറ്റ്‌സ് എന്ന ആകാശദൃശ്യത്തിന് സാക്ഷ്യം വഹിക്കാന്‍ യുകെ വാസികള്‍ക്കും അവസരം. വെള്ളിയാഴ്ച ആദ്യം ദൃശ്യമായ അറോറയ്ക്കു പിന്നാലെ വരുന്ന രാത്രികളിലും കൂടുതല്‍ അറോറകള്‍ കാണാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന അറിയിപ്പ്. ധ്രുവപ്രദേശത്തോട് അടുത്ത പ്രദേശങ്ങളില്‍ മാത്രമാണ് രാത്രികാലങ്ങളില്‍ ഈ പ്രതിഭാസം ദൃശ്യമാകാറുള്ളത്. ഈ ദശാബ്ദത്തിലെ തന്നെ ഏറ്റവും വലിയ സൗരവാതം കഴിഞ്ഞ ദിവസം സൂര്യനില്‍ നിന്ന് പുറത്തു വന്നിരുന്നു. ഇതാണ് ധ്രുവ പ്രകാശം മറ്റു പ്രദേശങ്ങളിലും ദൃശ്യമാകാന്‍ കാരണം.

ഉയര്‍ന്ന പ്രദേശങ്ങളിലുള്ളവര്‍ക്കാണ് അറോറ നന്നായി ദൃശ്യമാകുക. സൗരവാതത്തിന്റെ ഫലമായുണ്ടായ കാന്തിര പ്രഭാവമാണ് അറോറകള്‍ സാധാരണ ഗതിയില്‍ കാണുന്ന അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് എത്താന്‍ കാരണമെന്ന് ദി അറോറ സോണ്‍ മാനേജിംഗ് ഡയറക്ടര്‍ അലിസ്റ്റര്‍ മക് ലീന്‍ പറഞ്ഞു. സൗരവാതത്തിന്റെ രൂക്ഷതയനുസരിച്ച് വന്‍തോതിലുള്ള അറോറകള്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. അന്തരീക്ഷത്തില്‍ ജി3 കാന്തിക പ്രവാഹങ്ങള്‍ ഈ സൗരവാതം സൃഷ്ടിച്ചിട്ടുണ്ടെന്നും അതാണ് അറോറകള്‍ അതിര്‍ത്തികള്‍ക്കപ്പുറവും ദൃശ്യമാകുന്നതിന് കാരണമെന്നും അദ്ദേഹം വിശദീകരിച്ചു.

തെക്കന്‍ ഇംഗ്ലണ്ടില്‍ പോലും അറോറകള്‍ കാണാന്‍ ഈ ശക്തമായ സൗരവാതം കാരണമാകുമെന്നാണ് വിശദീകരണം. എന്നാല്‍ രാജ്യത്തിന്റെ നോര്‍ത്ത് ഈസ്റ്റ് മേഖലിയാണ് ഇവ കാണാന്‍ ഏറ്റവും സാധ്യതയുള്ളത്. വടക്കന്‍ ചക്രവാളത്തിലാകും ഇവ ദൃശ്യമാകുക. തെളിഞ്ഞതും പ്രകാശസാന്നിധ്യമില്ലാത്തതുമായ ആകാശമായിരിക്കും ഈ അപൂര്‍വ ആകാശപ്പൂരം കാണാന്‍ അനുയോജ്യമായത്. അതുകൊണ്ട് നഗരപ്രദേശങ്ങളില്‍ നിന്ന് അകന്ന് ബീച്ചുകള്‍ പോലെയുള്ള തുറന്ന പ്രദേശങ്ങളില്‍ നിന്നാല്‍ ഈ അപൂര്‍വ കാഴ്ച ആസ്വദിക്കാം.

ലണ്ടന്‍: കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി എഴുത്തുപരീക്ഷകള്‍ നിര്‍ത്തലാക്കുന്നു. പേപ്പറും പേനയുമുപയോഗിച്ച് എഴുതുന്ന പരീക്ഷകള്‍ നിര്‍ത്തലാക്കാന്‍ യൂണിവേഴ്‌സിറ്റി നല്‍കുന്ന കാരണവും വിചിത്രമാണ്. വിദ്യാര്‍ത്ഥികളുടെ കയ്യക്ഷരം വായിക്കാന്‍ ബുദ്ധിമുട്ടാണെന്നതിനാലാണേ്രത പരീക്ഷകള്‍ തന്നെ ഉപേക്ഷിക്കുന്നത്. ലാപ്‌ടോപ്പുകളും കമ്പ്യൂട്ടറുകളും കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ കുട്ടികള്‍ കയ്യക്ഷരത്തില്‍ കാര്യമായി ശ്രദ്ധിക്കുന്നില്ല. ഉത്തരപേപ്പറുകള്‍ വായിച്ചു മനസിലാക്കാന്‍ അധ്യാപകര്‍ ഏറെ ബുദ്ധിമുട്ടുകയാണത്രേ. അതുകൊണ്ട് പരീക്ഷകള്‍ ഇനി കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ നടത്തിയാല്‍ മതിയെന്നാണ് തീരുമാനം.

800 വര്‍ഷത്തോളം നീണ്ട എഴുത്തുപരീക്ഷാ സമ്പ്രദായത്തിനാണ് യൂണിവേഴ്‌സിറ്റി ഇതോടെ അന്ത്യം കുറിക്കുന്നത്. വിദ്യാര്‍ത്ഥിികളുടെ കയ്യക്ഷരം മോശമാകുന്നതിനെക്കുറിച്ച് അധ്യാപകരെന്ന നിലയില്‍ വര്‍ഷങ്ങങ്ങളായി തങ്ങള്‍ ചിന്തിക്കുന്നുണ്ടായിരുന്നുവെന്ന് ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപികയായ ഡോ.സാറ പേഴ്‌സോള്‍ പറഞ്ഞു. ഉത്തരങ്ങള്‍ എഴുതിയിരിക്കുന്നത് വായിക്കാന്‍ അധ്യാപകര്‍ക്ക് കഴിയാതെ വരുന്നത് അധ്യാപകര്‍ക്ക് മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്കും ദോഷം ചെയ്യും.

തങ്ങള്‍ എഴുതിയ ഉത്തരങ്ങള്‍ വായിച്ചു കേള്‍പ്പിക്കാന്‍ സമ്മര്‍ അവധികള്‍ക്കിടയില്‍ യൂണിവേഴ്‌സിറ്റിയിലേക്ക് വിളിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും വര്‍ദ്ധിച്ചു വരികയാണ്. ഡിജിറ്റല്‍ വിദ്യാഭ്യാസ നടത്തിന്റെ ഭാഗമായി വിഷയത്തില്‍ ഒരു അവലോകനം നടത്തി വരികയാണെന്ന് സര്‍വകലാശാല അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതിന്റെ ഭാഗമായി ഹിസ്റ്ററി ആന്‍ഡ് ക്ലാസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഉത്തരങ്ങള്‍ ടൈപ്പ് ചെയ്തുകൊണ്ടുളള ഒരു പരീക്ഷ നടത്തിയിരുന്നു.

ലണ്ടന്‍: ലണ്ടന്‍, മാഞ്ചസ്റ്റര്‍ ഭീകരാക്രമണങ്ങള്‍ക്ക് ഇരയായി ചികിത്സയില്‍ കഴിയുന്നവരെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ട്രോള്‍ ചെയ്യുന്നതിനെതിരെ എന്‍എച്ച്എസ് ഡോക്ടര്‍മാര്‍. ഇക്കാര്യത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് എന്‍എച്ച്എസ് ജീവനക്കാര്‍ക്കും ചികിത്സയിലുള്ള ഇരകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. മാധ്യമപ്രവര്‍ത്തകര്‍ കൂടുതകല്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിപ്പുണ്ട്. സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങളില്‍ ആദ്യമായാണ് എന്‍എച്ച്എസ് ഇത്തരം ഒരു മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുന്നത്.

ആക്രമണത്തിനിരയായവര്‍ ഇപ്പോള്‍ അതുപയോഗിച്ച് സൗജന്യങ്ങള്‍ പറ്റുകയാണെന്നും പണമുണ്ടാക്കുകയാണെന്നും ആരോപിച്ചുകൊണ്ടുള്ള ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്. ഇവയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. ആക്രമണത്തിന് ഇരയായവര്‍ക്ക് വലിയ മാനസികാഘാതം ഏറ്റിട്ടുണ്ട്. ഇത്തരം സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ അവയുടെ പ്രഹരശേഷി വര്‍ദ്ധിക്കാനേ ഉപകരിക്കൂ. ആക്രമണങ്ങള്‍ക്കു ശേഷമുണ്ടാകുന്ന വാര്‍ത്തകള്‍ ഇരകള്‍ക്ക് ദോഷകരമാകാത്ത വിധത്തിലായിരിക്കണമെന്ന നിര്‍ദേശം മാധ്യമപ്രവര്‍ത്തകര്‍ക്കും എന്‍എച്ച്എസ് നല്‍കുന്നു.

കൊല്ലപ്പെടുന്നവരുടെ പ്രിയപ്പെട്ടവരെയും കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി നല്‍കുന്ന വാര്‍ത്തകളും ആദരാഞ്ജലികളും മറ്റും അര്‍പ്പിച്ചുകൊണ്ട് നല്‍കുന്ന റിപ്പോര്‍ട്ടുകളും അവരുടെ സ്വകാര്യതയെ മാനിച്ചുകൊണ്ടായിരിക്കണമെന്ന നിര്‍ദേശവും ഡോക്ടര്‍മാര്‍ നല്‍കുന്നു. പരിക്കേറ്റവരോട് സംസാരിക്കുമ്പോള്‍ പരിധികള്‍ നിശ്ചയിക്കണമെന്ന നിര്‍ദേശവും മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്‍എച്ച്എസ് നല്‍കുന്നു.

ഫ്‌ളോറിഡ: അമേരിക്കയെ ആശങ്കയിലാഴ്ത്തിക്കൊണ്ട് എത്തുന്ന ഇര്‍മ ചുഴലിക്കാറ്റിനെ ഭയന്ന് ഫ്‌ളോറിഡ വിട്ടത് 56 ലക്ഷത്തോളം ആളുകള്‍. സര്‍ക്കാരും പ്രാദേശിക ഭരണകൂടങ്ങളും ആവശ്യപ്പെട്ടതിനേത്തുടര്‍ന്നാണ് ഇത്രയും ആളുകള്‍ ഒഴിപ്പിക്കപ്പെട്ടത്. കരീബിയനില്‍ നാശം വിതച്ച ഇര്‍മ ഫ്‌ളോറിഡയില്‍ കനത്ത നാശമുണ്ടാക്കുമെന്നാണ് പ്രവചനങ്ങള്‍. ഇതുവരെ ഉണ്ടായതില്‍ ഏറ്റവും ശക്തമായ കാറ്റുകളില്‍ ഒന്നാണ് ഇര്‍മ. ഹാര്‍വി ചുഴലിക്കാറ്റുണ്ടാക്കിയ നാശങ്ങളില്‍ നിന്ന് കരകയറുന്നതിനു മുമ്പാമ് ഇര്‍മയുടെ വരവ്. പിന്നാലെ ജോസ് ചുഴലിക്കാറ്റും ഫ്‌ളോറിഡയിലൂടെ കടന്നുപോകുമെന്നും മുന്നറിയിപ്പുണ്ട്.

രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ ഇര്‍മയുടെ നശീകരണ ശേഷിയെക്കുറിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പരാമര്‍ശങ്ങള്‍ നടത്തി. വളരെ നശീകരണശേഷിയുള്ള കൊടുങ്കാറ്റാണ് ഇതെന്നായിരുന്നു ട്രംപ് പറഞ്ഞത്. പ്രദേശവാസികളോട് ഒഴിഞ്ഞു പോകണമെന്ന് ഫ്‌ളോറിഡ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. കാറ്റ് വീശാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ അടിയന്തരമായി ഒഴിയണമെന്ന് അധികൃതര്‍ ആവശ്യപ്പെടുന്നു. സ്റ്റേറ്റ് അതിന്റെ ചരിത്രത്തില്‍ കാണാത്ത വിധത്തിലുള്ള ചുഴലിക്കാറ്റാണ് ഇര്‍മയെന്നാണ് വിശദീകരണം.

ചുഴലിക്കാറ്റിന്റെ പ്രഭാവം തീരദേശത്ത് ഉടനീളമുണ്ടാകുമെന്ന് ഗവര്‍ണര്‍ റിക്ക് സ്‌കോട്ട് പറഞ്ഞു. കൊടുങ്കാറ്റ് വന്‍ നശീകരണ ശേഷിയുള്ളതാണെന്ന് അമേരിക്കന്‍ ഫെഡറല്‍ എമര്‍ജന്‍സി ഏജന്‍സി മുന്നറിയിപ്പ് നല്‍കിയതിനു ശേഷമാണ് ഗവര്‍ണര്‍ ഫ്‌ളോറിഡയിലുള്ളവര്‍ക്ക് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം നല്‍കിയത്. ഫ്‌ളോറിഡയിലും അമേരിക്കയിലെ സൗത്ത് ഈസ്‌റ്റേണ്‍ സ്‌റ്റേറ്റുകളിലും ഇര്‍മ കനത്ത നാശം വിതക്കുമെന്നാണ് ഫെഡറല്‍ എമര്‍ജന്‍സി ഏജന്‍സിയുടെ മുന്നറിയിപ്പ്.

RECENT POSTS
Copyright © . All rights reserved