Main News

ലണ്ടന്‍: വെസ്റ്റ്മിന്‍സ്റ്റര്‍ ഭീകരാക്രമണത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ എമജന്‍സി ജീവനക്കാര്‍ക്ക് സൗജന്യ ഭക്ഷണമൊരുക്കി മുസ്ലീം റെസ്റ്റോറന്റ് ഉടമ. ഇബ്രാഹിം ഡോഗസ് എന്നയാളാണ് തന്റെ റെസ്‌റ്റോറന്റ് എമര്‍ജന്‍സി ജീവനക്കാര്‍ക്കായി തുറന്നിട്ടത്. ഇദ്ദേഹത്തിന്റെ മൂന്ന് റെസ്‌റ്റോറന്റുകള്‍ ആക്രമണത്തെത്തുടര്‍ന്ന് ഒഴിപ്പിച്ച പ്രദേശത്ത് ഉണ്ടായിരുന്നു. എന്നാല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ പാലത്തിന് തൊട്ടടുത്തുള്ള ബെലെവറേഡ് റോഡിലെ ട്രോയിയ എന്ന റെസ്‌റ്റോറന്റ് അടക്കേണ്ടെന്ന് ഡോഗസ് തീരുമാനിക്കുകയായിരുന്നു.
മറ്റ് റെസ്‌റ്റോറന്റുകള്‍ താന്‍ അടക്കുകയാണെങ്കിലും ഇവിടെ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം കഴിക്കാമെന്ന് താന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് പറഞ്ഞതായി ഡോഗസ് വ്യക്തമാക്കി. മഹത്തായ ജോലി ചെയ്യുന്ന ഇവര്‍ക്ക് പിന്തുണ ആവശ്യമുണ്ട്. അതാണ് താന്‍ ചെയ്തത്. ചിലര്‍ തനിക്ക് പണം നല്‍കാന്‍ ശ്രമിച്ചു. താന്‍ ഒരു പോലീസ് ഉദ്യോഗസ്ഥനാണെന്നും പണം വാങ്ങിയേ മതിയാകൂ എന്നും ഒരാള്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ആരില്‍ നിന്നും താന്‍ പണം വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നെന്നും ഡോഗസ് പറയുന്നു.

രാത്രി 11.30 വരെ റെസ്റ്റോറന്റ് തുറന്നു പ്രവര്‍ത്തിച്ചു. അവസാനത്തെ ഉദ്യോഗസ്ഥനും ഭക്ഷണം നല്‍കുന്നതു വരെ താന്‍ കട തുറന്നുവെച്ചു എന്നാണ് ഡോഗസ് പറഞ്ഞത്. ബ്രിട്ടീഷ് കെബാബ് അവാര്‍ഡിന്റെ സ്ഥാപകനായ ഡോഗസ് പോലീസ്, ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ്, ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് എന്നിവയില്‍ നിന്ന് 300നും 500നുമിടയില്‍ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം നല്‍കിയെന്നാണ് കരുതുന്നത്.

ലണ്ടന്‍: ബ്രെക്‌സിറ്റ് നീക്കങ്ങള്‍ നിര്‍ത്തണമെന്ന ആവശ്യവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി. ലണ്ടനിലാണ് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രകടനം നടന്നത്. ബ്രെക്‌സിറ്റിന്റെ ഔദ്യോഗിക തുടക്കമായ ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിക്കാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെയാണ് ബ്രെക്‌സിറ്റ് വിരുദ്ധ പ്രകടനം നടന്നത്. യൂറോപ്യന്‍ ഇക്കണോമിക് കമ്യൂണിറ്റിയുടെ തുടക്കമായ റോം ഉടമ്പടിയുടെ 60-ാം വാര്‍ഷികത്തിലായിരുന്നു യൂറോപ്പ് അനുകൂല പ്രകടനം ലണ്ടനില്‍ നടന്നതെന്നതും ശ്രദ്ധേയമാണ്.
പാര്‍ക്ക് ലെയിനില്‍ നിന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച മാര്‍ച്ച് പോലീസ് വേണ്ടത്ര തയ്യാറെടുപ്പ് നടത്താതിരുന്നതിനാല്‍ ഒരു മണിക്കൂറോളം താമസിച്ചു. യൂറോപ്യന്‍ യൂണിയന്‍ പതാകകള്‍ വഹിച്ചുകൊണ്ടാണ് ജനങ്ങള്‍ പ്രകടനത്തില്‍ പങ്കെടുത്തത്. പാര്‍ലമെന്റ് സ്‌ക്വയറില്‍ എത്തുന്നതിനു മുമ്പ് പിക്കാഡിലി, പോള്‍ മാള്‍, വൈറ്റ് ഹാള്‍ എന്നിവിടങ്ങളില്‍ കൂടി പ്രകടനം കടന്നുപോയി. പാര്‍ലമെന്റ് സ്‌ക്വയറില്‍ ഭീകരാക്രമണത്തിന് ഇരയായവര്‍ക്ക് ബഹുമാനമര്‍പ്പിച്ച് ഒരു മിനിറ്റ് മൗനമാചരിച്ച ശേഷമാണ് പ്രകടനം പുനരാരംഭിച്ചത്.

ബ്രിട്ടനില്‍ താമസിക്കുന്ന ഒട്ടേറെ യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ പ്രകടനത്തില്‍ പങ്കെടുത്തു. ദി ത്രീ മില്യന്‍ എന്ന സംഘടനയാണ് ഇവരെ പ്രതിനിധീകരിച്ചത്. നിരവധി ബ്രിട്ടീഷ് പൗരന്‍മാരും പ്രകടനത്തില്‍ അണിചേര്‍ന്നു. അലിസ്റ്റര്‍ ക്യാംപ്‌ബെല്ലിനെപ്പോലെയുള്ള പ്രമുഖരും പ്രകടനത്തില്‍ പങ്കെടുക്കാന്‍ എത്തി.

വിറാല്‍: മെഴ്‌സിസൈഡിലെ ന്യൂഫെറിയില്‍ വന്‍ സ്‌ഫോടനം. നിരവധി പേര്‍ക്ക് പരിക്കേറ്റു. വന്‍ ഗ്യാസ് സ്‌ഫോടനത്തില്‍ 50 മീറ്റര്‍ ചുറ്റളവിലുള്ള കെട്ടിടങ്ങള്‍ തകര്‍ന്നാണ് നിരവധിയാളുകള്‍ക്ക് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 9.15നാണ് പൊട്ടിത്തെറിയുണ്ടായത്. 24 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ലിവര്‍പൂളിലും കിലോമീറ്ററുകള്‍ അകലെ നോര്‍ത്ത് വെയില്‍സില്‍ വരെയും സ്‌ഫോടന ശബ്ദം കേട്ടു. ഒരു ഡാന്‍സ് സ്‌കൂള്‍, ഫര്‍ണിച്ചര്‍ ഷോപ്പ്, ചൈനീസ് റെസ്റ്റോറന്റ് തുടങ്ങിയവ തകര്‍ന്ന കെട്ടിടങ്ങളിലുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ എയിന്‍ട്രീ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. 17 പേരെ പരിസരത്തുള്ള ആശുപത്രികളില്‍ എത്തിച്ചുവെന്ന് നോര്‍ത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വീസ് അറിയിച്ചു. വന്‍ സ്‌ഫോടനം കേട്ട് പുറത്തെത്തിയ താന്‍ പട്ടണം പുകയില്‍ മുങ്ങി നില്‍ക്കുന്നതാണ് കണ്ടതെന്ന് ദൃക്‌സാക്ഷിയായ ലൂയിസ് ഹോപ്കിന്‍സ് എന്ന റെയില്‍വേ ജീവനക്കാരന്‍ പറഞ്ഞു. സ്‌ഫോടനം നടന്ന സ്ഥലത്തുണ്ടായിരുന്ന കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നിരുന്നു. അടുത്തുള്ള കെട്ടിടളും തകര്‍ന്നു. പ്രദേശം മുഴുവന്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളായിരുന്നുവെന്ന് ഹോപ്കിന്‍സ് മാധ്യമങ്ങളോട് പറഞ്ഞു.

1

ചൈനീസ് റെസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന 15 പേരാണ് പരിക്കേറ്റവരിലുള്ളത്. വിറാലിലെ ന്യൂഫെറി ഭാഗത്ത് ബൗണ്ടറി റോഡും ബെബിംഗ്ടണ്‍ റോഡും ചേരുന്നിടത്തുണ്ടായ ഗ്യാസ് ചോര്‍ച്ചയാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് അനുമാനിക്കുന്നത്. നിരവധി രണ്ടുനില കെട്ടിടങ്ങള്‍ ഈ മേഖലയില്‍ ഉണ്ടായിരുന്നു. ഏകദേശം 50 മീറ്റര്‍ ചുറ്റളവിലുള്ള കെട്ടിടങ്ങള്‍ തകര്‍ന്നുവെന്ന് മെഴ്‌സിസൈഡ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് വക്താവ് പറഞ്ഞു.

വന്‍ സ്‌ഫോടനമാണ് ഉണ്ടായതെന്ന് ബെബിംഗ്ടണ്‍ റോഡില്‍ കണ്‍വീനിയന്‍സ് സ്‌റ്റോര്‍ നടത്തുന്ന ബിനോ ഷാന്‍ പറഞ്ഞു. സ്‌ഫോടനമുണ്ടായെങ്കിലും തീപിടിക്കുന്നത് കണ്ടില്ല. തന്റെ ഷോപ്പിന്റെ കതക് തകര്‍ന്നുവെന്നും പരിക്കേറ്റവര്‍ പരക്കം പായുന്നത് കണ്ടുവെന്നും ഷാന്‍ പറഞ്ഞു.

ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മോഹിനി ഇപ്പോള്‍ എവിടെയാണ്? നിരവധി കഥകള്‍ മോഹിനിെയക്കുറിച്ച് പ്രചരിച്ചിരുന്നെങ്കിലും ഒടുവില്‍ അവര്‍ നേരില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹിനി സിനിമ വിട്ടതിനു ശേഷമുള്ള ജീവിതം വെളിപ്പെടുത്തിയിരിക്കുന്നത്. പതിമൂന്നാം വയസ്സില്‍ എറമന റോജാവേ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച മോഹിനി 2011ല്‍ കലക്ടര്‍ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. മോഹന്‍ലാല്‍ നായകനായ സത്യന്‍ അന്തിക്കാട് ചിത്രമായ ‘ഇന്നത്തെ ചിന്താവിഷയത്തില്‍’ ആണ് അവസാനമായി മലയാളത്തില്‍ കണ്ടത്. വിവാഹശേഷം യുഎസിലേക്ക് ചേക്കേറിയ മോഹിനി ഇപ്പോള്‍ ജീവിതത്തിന്റെ പുതിയ തിരക്കുകളിലാണ്.
മഹാലക്ഷ്മിയെന്ന തമിഴ് ബ്രാഹ്മപെണ്‍കുട്ടി സിനിമയില്‍ എത്തിയപ്പോള്‍ മോഹിനിയായി. പിന്നീട് സിനിമ വിട്ടു കുടുംബ ജീവിതത്തിലേക്ക് കടന്ന അവര്‍ ഇപ്പോള്‍ ക്രിസ്റ്റീന എന്ന ക്രിസ്തുമത വിശ്വാസിയായി. അതിനുള്ള കാരണം മോഹിനി തന്നെ വ്യകത്മാക്കുന്നു. ‘ഞാന്‍ ഭയങ്കര ദൈവവിശ്വാസിയായിരുന്നു. വളരെയേറെ പാരമ്പര്യമുളള ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. എന്റെ ഭക്തിയും വിശ്വാസവും കണ്ട് വീട്ടുകാര്‍ ഞാന്‍ സന്യാസിയാകുമോ എന്നുവരെ ഭയപ്പെട്ടിരുന്നു. അങ്ങനെയുള്ള എനിക്ക് വിവാഹശേഷം ജീവിതത്തില്‍ നേരിടേണ്ടി വന്നത് കടുത്ത പരീക്ഷണങ്ങളാണ്. മോശം കാര്യങ്ങള്‍ ചെയ്തവര്‍ക്ക് മാത്രമേ ജീവിതത്തില്‍ തിരിച്ചടികളുണ്ടാകൂ എന്ന് വിചാരിച്ചിരുന്ന എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ലായിരുന്നു. എന്റെ വിഷമങ്ങള്‍ക്ക് ഉത്തരം തേടി ഞാന്‍ ഹിന്ദു മതത്തിലെ മിക്ക പുസ്തകങ്ങളും വായിച്ചു. ബുദ്ധ മതത്തെക്കുറിച്ചും സിഖ് മതത്തെക്കുറിച്ചും ഖുറാനും എല്ലാം വായിച്ചു.

അങ്ങനെയിരിക്കെ വീട്ടിലെ ജോലിക്കാരിയില്‍ നിന്ന് ഒരു ബൈബിള്‍ ലഭിച്ചത് ഞാന്‍ വായിച്ചു തുടങ്ങി. വായിക്കാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ ബൈബിളിലെ കഥകള്‍ വായിച്ചു തുടങ്ങി. അന്ന് രാത്രി സ്വപ്‌നത്തില്‍ ഞാന്‍ ഒരു പ്രകാശവും ഒരു ദൈവീക രൂപവും കണ്ടു. ആ രൂപം എനിക്ക് നോഹയെയും നോഹയുടെ പെട്ടകവും കാണിച്ചു തന്നു. വെളളത്തില്‍ കിടന്നിരുന്ന ആ ബോട്ടിലേക്ക് എന്നെയും കൊണ്ടുപോകാന്‍ ആ രൂപം പറഞ്ഞു. അത് വലിയൊരു തിരിച്ചറിവാണ് എനിക്ക് നല്‍കിയത്. പക്ഷേ പിന്നെയും ഞാന്‍ യഥാര്‍ഥ ദൈവത്തെ തേടിയുളള അന്വേഷണം തുടര്‍ന്നു.

അങ്ങനെ അവസാനം ഞാന്‍ ദൈവമാതാവിലേക്കും ക്രിസ്തുവിലേക്കുമുളള വഴി കണ്ടെത്തി. ക്രിസ്തുമതം സ്വീകരിക്കാനുള്ള കാരണം മോഹിനി വിശദീകരിക്കുന്നു. സിനിമയില്‍ നിന്ന് പൂര്‍ണമായും അകന്ന മോഹിനി ഇപ്പോള്‍ കുടുംബവുമൊത്ത് യുഎസിലാണ് താമസിക്കുന്നത്. രണ്ട് ആണ്‍മക്കളാണ് എനിക്കുളളത്. രണ്ടാമത്തെ മകനെ ഗര്‍ഭിണിയാകുന്നതു വരെ സിനിമയിലും ടെലിവിഷനിലും സജീവമായിരുന്നു.

ഒരാള്‍ക്ക് 17 വയസ്സും ഇളയ കുട്ടിക്ക് ആറ് വയസ്സും. ഭര്‍ത്താവ് ഭരത് കൃഷ്ണസ്വാമി ഇവിടെ എച്ച്‌സിഎല്ലില്‍ ജോലി ചെയ്യുന്നു. ഭാര്യയുടെയും അമ്മയുടെയും ഉത്തരവാദിത്തങ്ങള്‍ക്കിടയില്‍ ഒരുപാട് യാത്രകള്‍ എനിക്ക് ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഇടവേള വരുന്നത്. നല്ല റോളുകള്‍ കിട്ടിയാല്‍ തീര്‍ച്ചയായും ഇനി ചെയ്യും.’– വീട്ടമ്മയുടെ പക്വതയോടെ മോഹിനി പറഞ്ഞു നിർത്തി.

 

ലണ്ടന്‍: ഭീകരാക്രമണത്തില്‍ കുത്തേറ്റ് രക്തം വാര്‍ന്ന് കിടന്ന പോലീസ് ഉദ്യോഗസ്ഥന് പ്രഥമ ശുശ്രൂഷ നല്‍കിയ സെക്യൂരിറ്റി മിനിസ്റ്റര്‍ക്കും എംപിക്കും പ്രിവി കൗണ്‍സിലില്‍ അംഗത്വം. സെക്യൂരിറ്റി മിനിസ്റ്റര്‍ ബെന്‍ വാലസ്, ടോറി എംപി റ്റോബിയാസ് എല്‍വുഡ് എന്നിവരെയാണ് ബഹുമാന സൂചകമായി പ്രിവി കൗണ്‍സിലില്‍ നിയമിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഭീകരാക്രമണത്തില്‍ അവസരോചിതമായി പ്രവര്‍ത്തിച്ചതിനാണ് ഈ അംഗീകാരം.
പ്രിവി കൗണ്‍സിലില്‍ അംഗത്വം ലഭിച്ചതോടെ രാജ്യസുരക്ഷയെ സംബന്ധിച്ച രഹസ്യ ചര്‍ച്ചകളുടെ വിവരങ്ങള്‍ പോലും ഇവരുമായി പങ്കു വെക്കും. ഫോറിന്‍ ഓഫീസ് മിനിസ്റ്റര്‍ കൂടിയായ എല്‍വുഡ് ബ്രിട്ടീഷ് ആര്‍മിയില്‍ ക്യാപ്റ്റന്‍ റാങ്കില്‍ വിരമിച്ചയാളാണ്. കുത്തേറ്റ് വീണ കെയ്ത്ത് പാമര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന് പ്രഥമ ശുശ്രൂഷ നല്‍കാന്‍ രംഗത്തെത്തിയത് ഇദ്ദേഹമാണ്.

ബാലി ബോംബ് ആക്രമണത്തില്‍ സഹോദരന്‍ നഷ്ടമായ ഇദ്ദേഹം ബോണ്‍മൗത്ത് ഈസ്റ്റില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ്. പാമറിനെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും രക്തസ്രാവം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതാണ് അദ്ദേഹം മരിക്കാന്‍ കാരണമെന്ന് എല്‍വുഡ് പറഞ്ഞു. ആക്രമണത്തിനു ശേഷമുള്ള ചിത്രങ്ങളില്‍ പാമറിന് എല്‍വുഡ് പ്രഥമ ശുശ്രൂഷ നല്‍കുന്നത് വ്യക്തമായിരുന്നു. ലോകമൊട്ടാകെയുള്ള മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയാകുകയും ചെയ്തു.

ലണ്ടന്‍: ആല്‍ക്കഹോളിനൊപ്പം എനര്‍ജി ഡ്രിങ്കുകള്‍ ചേര്‍ത്ത് കഴിക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന് പഠനം. വോഡ്ക, റെഡ്ബുള്‍ കോക്ക്ടെയില്‍, എസ്പ്രസോ മാര്‍ട്ടീനീസ്. ജാഗര്‍ബോംബ്സ് കോക്ക്ടെയില്‍ എന്നിവ ആല്‍ക്കഹോള്‍ മാത്രം കഴിക്കുന്നതിനേക്കാള്‍ ദോഷം ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു. എനര്‍ജി ഡ്രിങ്കുകളില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ആല്‍ക്കഹോളിന്റെ പ്രവര്‍ത്തനത്തെ മറച്ചുവെക്കുകയും കൂടുതല്‍ മദ്യം കഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. 13 പഠനങ്ങള്‍ വിലയിരുത്തിയാണ് ഈ നിഗമനത്തില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്നത്.
ആല്‍ക്കഹോളിന്റെ ഫലം മറച്ചുവെക്കാന്‍ എനര്‍ജി ഡ്രിങ്കുകള്‍ക്ക് സാധിക്കുന്നതിനാല്‍ കൂടുതല്‍ മദ്യം കഴിക്കുന്നത് വീഴ്ചകള്‍ക്കും അപകടങ്ങള്‍ക്കും ഇടയാക്കുമെന്ന് കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് വിക്ടോറിയ നടത്തിയ പഠനം വ്യക്തമാക്കുന്നു. എന്നാല്‍ ആല്‍ക്കഹോള്‍ മാത്രമാണ് കഴിക്കുന്നതെങ്കില്‍ വളരെ വേഗം ക്ഷീണിക്കുകയും അപകട സാധ്യതകള്‍ താരതമ്യേന കുറയുകയും ചെയ്യുന്നു. ജേര്‍ണല്‍ ഓഫ് സ്റ്റഡീസ് ഓണ്‍ ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ്സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.

എനര്‍ജി ഡ്രിങ്കുകളില്‍ അടങ്ങിയിരിക്കുന്ന വലിയ അളവിലുള്ള കഫീന്‍ ഹൃദയമിടിപ്പ് കൂടുന്നതിനും ഉറക്കം കുറയുന്നതിനും മാനസിക സംഘര്‍ഷങ്ങള്‍ക്കും ദേഷ്യമുണ്ടാകാനും കാരണമാകുന്നു. എനര്‍ജി ഡ്രിങ്കുകള്‍ മദ്യത്തിന് ഒപ്പം കഴിക്കുന്നത് അപകടകരമായ രീതിയാണെന്ന് ഡ്രിങ്കെവയര്‍ എന്ന ചാരിറ്റിയും മുന്നറിയിപ്പ് നല്‍കുന്നു.

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ ശിവസേന എം.പിയുടെ ചെരുപ്പ് കൊണ്ടുള്ള അടിയേറ്റത് മലയാളിക്ക്. എയര്‍ ഇന്ത്യ ഡ്യൂട്ട മാനേജരായ കണ്ണൂര്‍ സ്വദേശി സുകുമാരനെയാണ് അധികാരത്തിന്റെ തിളപ്പില്‍ ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്‌വാദ് ചെരിപ്പൂരി അടിച്ചത്. സുകുമാരന്റെ പരാതിയില്‍ എംപിക്കെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. നരഹത്യാശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസ് വിശദമായി അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
സംഭവം വിവാദമായിട്ടും മാപ്പ് ചോദിക്കാന്‍ എംപി തയ്യാറായിട്ടില്ല. മാപ്പ് ചോദിക്കേണ്ടത് ഉദ്യോഗസ്ഥനാണ് എന്നാണ് ഇയാളുടെ നിലപാട്. തന്റെ പെരുമാറ്റം പാര്‍ലമെന്റിന് അഭിമാനകരമാണെന്നും ഗെയ്ക്ക്‌വാദ് വിശദീകരിക്കുന്നു. മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് ഗെയ്ക്ക്വാദ്. സംഭവത്തിനു പിന്നാലെ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ജെറ്റ് എയര്‍വേയ്‌സ്, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികള്‍ എം.പിയെ തങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പൂണെയിലേക്ക് തിരിച്ചു പോകാനായി ഗെയ്ക്ക്‌വാദ് ബുക്ക് ചെയ്തിരുന്ന ടിക്കറ്റും എയര്‍ ഇന്ത്യ റദ്ദാക്കി.

ഇക്കോണമി ക്ലാസ് മാത്രമായി സര്‍വീസ് നടത്തിയ വിമാനത്തില്‍ ബിസിനസ് ക്ലാസ് സീറ്റ് നല്‍കണമെന്ന് പറഞ്ഞ് എംപി വാശി പിടിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. പൂനെയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ച ഗെയ്ക്ക് വാദിനെ അനുനയിപ്പിക്കാന്‍ എത്തിയ സുകുമാരന്‍ എംപി അസഭ്യം പറയുകയും ഷര്‍ട്ട് വലിച്ചു കീറുകയും ചെരിപ്പിന് അടിക്കുകയും ചെയ്‌തെന്നാണ് പരാതി.

കുഞ്ചെറിയ മാത്യു
മലയാള സിനിമയിലെ താരരാജാക്കന്മാരുടെയും പ്രമാണിമാരുടെയും അധീശത്വവും പ്രമാണിത്വവും പരസ്യമായ രഹസ്യമാണ്. തിരുവായ്ക്ക് എതിര്‍വാ പാടില്ലെന്നുള്ളതാണ് മലയാള സിനിമയിലെ അലിഖിത നിയമം. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും നടീനടന്മാരും താര രാജാക്കന്മാരുടെയും പ്രമാണികളുടെയും ഇംഗിതത്തിനും ഇഷ്ടാനിഷ്ടങ്ങള്‍ക്കും വഴങ്ങി കൊടുക്കാതിരിക്കുകയും എതിര് നില്‍ക്കുകയും ചെയ്താല്‍ എത്ര പ്രതിഭയുള്ളവരാണെങ്കിലും സിനിമാ ലോകത്തെ കരിയര്‍ അവസാനിക്കാന്‍ മറ്റൊരു കാരണവും തേടിപ്പോകണ്ടതില്ല.

എന്നാല്‍ മലയാള സിനിമയിലെ മാഫിയാ വാഴ്ചയ്ക്ക് ചെറിയൊരു തിരിച്ചടി ലഭിച്ചിരിക്കുകയാണ്. സംവിധായകന്‍ വിനയനെതിരെ അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ താരസംഘടനയായ ‘അമ്മ’യ്ക്കും സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയ്ക്കും കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ കനത്ത പിഴ ചുമത്തി. ചലച്ചിത്ര രംഗത്തെ പ്രമുഖരായ ഇന്നസെന്റ്, ഇടവേള ബാബു, സിബി മലയില്‍, ബി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരും പിഴ അടയ്ക്കണം. അമ്മ നാലു ലക്ഷം രൂപയും ഫെഫ്ക 81,000 രൂപയും ഇന്നസെന്റ് 51,000 രൂപയും സിബിമലയില്‍ 61,000 രൂപയും പിഴയായി നല്‍കണം.

വിനയന് അനുകൂലമായ വിധി ഉണ്ടായെങ്കിലും തന്റെ 8 വര്‍ഷത്തെ ചലച്ചിത്ര ജീവിതം അപ്രഖ്യാപിത വിലക്ക് നശിപ്പിച്ചെന്ന് വിനയന്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പരിതപിച്ചിരുന്നു. നിയമപരമായ പോരാട്ടത്തിന് വിനയന്‍ മാത്രമേ ഇറങ്ങിത്തിരിച്ചുള്ളുവെങ്കിലും ‘ഒറ്റപ്പെടുത്തലും’ ‘അപ്രഖ്യാപിത’വിലക്കും ഒറ്റപ്പെട്ട സംഭവങ്ങളല്ല. മലയാള സിനിമ കണ്ട എക്കാലത്തെയും പ്രതിഭയായ തിലകനും ഭാവനയുമെല്ലാം വിലക്കിന്റെയും താര പ്രമാണികളുടെ മാഫിയാ പ്രവര്‍ത്തനങ്ങളുടെയും ഇരകളാണ്. സലീം കുമാറിനെപ്പോലുള്ള നടന്‍മാര്‍ക്കും പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. എന്തായാലും താരരാജാക്കന്മാരുടെ അപ്രമാദിത്വത്തിന് ഏറ്റ ഒരു തിരിച്ചടിയാണ് കോംപറ്റീഷന്‍ കമ്മീഷന്റെ പിഴ ചുമത്താനുള്ള തീരുമാനം.

ആന്ധ്ര സ്വദേശികളായ ടെക്കിയുവതിയും മകനും അമേരിക്കയില്‍ കൊല്ലപ്പെട്ടു. ആന്ധ്രസ്വദേശി ശശികല മകന്‍ ഏഴുവയസ്സുളള മകന്‍ അനീഷ് സായ് എന്നിവരാണ് കൊല്ലപ്പെട്ടത്. കഴുത്ത് മുറിച്ച നിലയില്‍ വീടിനകത്താണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്.

കോഗ്നിസെന്റ് ജീവനക്കാരിയാണ് ആന്ധ്രയിലെ പ്രകാശം ജില്ലയില്‍ നിന്നുള്ള ശശികല. ഇവരുടെ ഭര്‍ത്താവ് ഹനുമന്ത റാവു ആണ് ആദ്യ മൃതദേഹങ്ങള്‍ കണ്ടത്. ഉടന്‍ തന്നെ ഇയാള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആന്ധ്ര സ്വദേശികളായ ഹനുമന്ത റാവുവും ഭാര്യയും ഒമ്പത് വര്‍ഷമായി അമേരിക്കയിലാണ്. സോഫ്റ്റ് വെയര്‍ പ്രൊഫഷണുകളാണ് ഇരുവരും. വീട്ടില്‍ നിന്നാണ് ശശികല ജോലി ചെയ്യുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവം വംശീയ ആക്രമണം എന്ന് തന്നെ സംശയം

നേരത്തെ കാന്‍സാസ് സിറ്റിയില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍ ശ്രീനിവാസ് കുത്ചിബോല വെടിയേറ്റ് മരിച്ചിരുന്നു. സൗത്ത് കരോലിനയില്‍ ഇന്ത്യന്‍ വംശജനായ് വ്യാപാരി ഹര്‍നിഷ് പട്ടേലും കൊല്ലപ്പെട്ടിരുന്നു. അടുത്തിടെ അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കെതിരെ വര്‍ധിച്ച് വരുന്ന അക്രമങ്ങളില്‍ ഇന്ത്യന്‍ സമൂഹം ആശങ്കയിലാണ്.

9000 കോടിയുടെ വായ്പയെടുത്ത് രാജ്യത്തെ ബാങ്കുകളെ വെട്ടിച്ച് നാടുവിട്ട വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഉറപ്പ്. എക്സ്റ്റ്രാഡിഷനുള്ള (അന്യരാജ്യത്തുനിന്നു വന്ന കുറ്റവാളിയെ ആ ഗവണ്‍മെന്റിന് തിരിയെ ഏല്‍പിച്ചുകൊടുക്കല്‍) ഇന്ത്യയുടെ അപേക്ഷ ബ്രിട്ടീഷ് ഗവണ്‍മെന്റ് രേഖാമൂലം അംഗീകരിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മല്യക്ക് അറസ്റ്റ് വാറണ്ട് ഇറക്കുന്നത് യുകെ കോടതിയുടെ പരിഗണനയിലാണ്.

ഫെബ്രുവരിയില്‍ മല്യയെ നാടുകടത്തണമെന്ന ഇന്ത്യയുടെ അപേക്ഷ യുകെ ഗവണ്‍മെന്റിന്റ് സ്റ്റേറ്റ് സെക്രട്ടറിയുടെ പരിശോധനക്ക് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചുള്ള ബ്രിട്ടന്റെ നീക്കം. നേരത്തെ മല്യയെ നാടുകടത്താനാവില്ലെന്ന നിലപാടായിരുന്നു ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.

ബ്രിട്ടന്‍ മല്യയുടെ അറസ്റ്റ് വാറണ്ട് പരിഗണിക്കുന്നത് ജില്ലാ കോടതിയിലേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം വക്താവ് ഗോപാല്‍ ബഗ്ലേ പറഞ്ഞു.

60 വയസുകാരനായ കിംഗ് ഫിഷര്‍ മുതലാളി, കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടിയാണ് ഭീമന്‍ തുക 17 ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തത്. കിംഗ് ഫിഷര്‍ നഷ്ടത്തിലായി പൂട്ടിപ്പോവുകയും ചെയ്തതോടെ മല്യ വായ്പ തുക തിരിച്ചടച്ചില്ല. ദേശസാല്‍കൃത ബാങ്കുകള്‍ നിയമ നടപടി സ്വീകരിച്ചതോടെ മാര്‍ച്ച് 2ന് വിജയ് മല്യ ഇന്ത്യയില്‍ നിന്ന് മുങ്ങി. നാടുവിട്ട വ്യവസായി ഇംഗ്ലണ്ടിലാണ് താമസം.

Copyright © . All rights reserved