ഭര്‍ത്താവ് ഉറക്കത്തില്‍ വിചിത്രമായി പെരുമാറുന്നുവെന്ന് ആരോപിച്ച് 30 വര്‍ഷം നീണ്ട വിവാഹ ജീവിതത്തില്‍ നിന്ന് മോചനം ആവശ്യപ്പെട്ട് സ്ത്രീ രംഗത്ത്. ഉറക്കത്തില്‍ ഭര്‍ത്താവ് തന്നെ ഇടിക്കുകയും തൊഴിക്കുകയും ചെയ്യുന്നുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഈ പെരുമാറ്റം ഡോക്ടര്‍മാരെക്കൊണ്ട് പരിശോധിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ താന്‍ വിവാഹജീവിതം ഉപേക്ഷിക്കുകയാണെന്ന് ഭാര്യ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 60കാരനായ വൂ എന്നയാളാണ് സംഭവത്തിലെ വില്ലന്‍. 60കാരനായ ഇയാള്‍ക്കെതിരെ ഭാര്യ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയെന്നും വിവരമുണ്ട്.

വെസ്റ്റ് തായ്‌വാനിലെ തായ്ചുങ് സിറ്റിയിലാണ് സംഭവം. 10 വര്‍ഷമായി ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്ന സ്വഭാവമുള്ളയാളാണ് വൂ. എന്നാല്‍ ഇയാളുടെ ഭാര്യ പറയുന്നത് അനുസരിച്ച് കഴിഞ്ഞ 5 വര്‍ഷമായി ഉറക്കത്തില്‍ കയ്യും കാലുമെടുത്ത് പെരുമാറാനും തുടങ്ങിയിട്ടുണ്ടത്രേ. രാത്രിയില്‍ ഇടി വാങ്ങി മടുത്തിട്ടാണ് ഇവര്‍ പരാതിപ്പെട്ടത്. കുവാങ് ടിയന്‍ ജനറല്‍ ഹോസ്പിറ്റലില്‍ നടത്തിയ പരിശോധനയില്‍ തനിക്ക് ആര്‍ഇഎം സ്ലീപ്പ് ബിഹേവിയര്‍ ഡിസോര്‍ഡര്‍ എന്ന അസുഖമാണെന്ന തെളിഞ്ഞുവെന്നും ഇയാള്‍ പറഞ്ഞു. സ്വപ്‌നം കാണുന്നത് അതേപടി ശാരീരികമായും പ്രതിഫലിപ്പിക്കുന്ന അവസ്ഥയാണ് ഇതെന്ന് ഡോ. യാങ് ചുന്‍ ബെയ് പറയുന്നു.

ഉറക്കത്തില്‍ സ്വപ്‌നങ്ങള്‍ കാണുന്ന റാപ്പിഡ് ഐ മൂവ്‌മെന്റ് എന്ന ഘട്ടത്തിലാണ് ഇയാള്‍ ഇപ്രകാരം പെരുമാറുന്നത്. ആശുപത്രി മുറിയില്‍ ക്യാമറകള്‍ സ്ഥാപിച്ച് നടത്തിയ നിരീക്ഷണത്തില്‍ ഇയാളുടെ പാതിരാത്രി കുങ്ഫൂ അഭ്യാസങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഉറക്കത്തില്‍ സംഘട്ടനത്തിനെന്ന പോലെ കയ്യും കാലുമെടുത്ത് പെരുമാറുകയാണ് ഇയാള്‍. ചിലപ്പോള്‍ ഉറക്കെ നിലവിളിച്ചും ചീത്ത വിളിച്ചും ഭാര്യയെ ഇയാള്‍ ഭയപ്പെടുത്തുക പോലും ചെയ്തിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഈ വൈകല്യം ചികിത്സിച്ച് ഭേദമാക്കാനാകുമെന്നാണ ഡോക്ടര്‍ വ്യക്തമാക്കുന്നത്.