ജോജി തോമസ്

കേരളത്തെ പിടിച്ചുകുലുക്കിയ സ്ത്രീപീഡനക്കേസിലെ പ്രതി ജാമ്യം നേടി സ്വീകരണ പരിപാടികള്‍ ഏറ്റുവാങ്ങി മുന്നേറുമ്പോള്‍ ഞാന്‍ അവള്‍ക്കൊപ്പമാണോ, അവനൊപ്പമാണോ എന്നതിലുപരി വേട്ടക്കാരനൊപ്പമാണോ ഇരയ്‌ക്കൊപ്പമാണോ എന്ന ചോദ്യമാണ് പ്രസക്തമായിരിക്കുന്നത്. ബോധപൂര്‍വ്വം സൃഷ്ടിച്ച ആള്‍ക്കൂട്ടങ്ങള്‍ പലപ്പോഴും വരുന്നത് കള്ളിനും ഒരു നേരത്തെ ബിരിയാണിക്കും വേണ്ടിയാണെങ്കില്‍ ഇവിടെ തലകുനിക്കപ്പെടുന്നത് രാഷ്ട്രീയ സാമൂഹിക പ്രബുദ്ധതയില്‍ മുന്നില്‍ നില്‍ക്കുന്നു എന്ന് അഭിമാനിച്ചിരുന്ന മലയാളിയുടെ ശിരസ്സാണ്. കോടതി ശിക്ഷ വിധിക്കുംവരെ ആരും കുറ്റവാളിയാകുന്നില്ലെങ്കിലും ഒരു ബലാത്സംഗക്കേസിലെ പ്രതിക്ക് ലോകത്ത് ആദ്യമായി ആയിരിക്കും ഇങ്ങനെ ഒരു ഗംഭീര സ്വീകരണം ഒരുക്കുന്നത്. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരുടെ അജണ്ട എന്തായിരുന്നാലും അത് സമൂഹത്തിന് നല്‍കുന്നത് വളരെ മോശമായ സന്ദേശമാണ്. പ്രതിയോടുളള ജനങ്ങളുടെ മനോഭാവം തെളിവെടുപ്പ് സമയത്ത് ദൃശ്യമായിരുന്നെങ്കിലും അതെല്ലാം മായ്ക്കാനും മറവിയിലാക്കാനും ഒറ്റ ദിവസം കൊണ്ട് സാധിച്ചു.

താരസാമ്രാജ്യത്തെ രാജാവിന് ഗംഭീര സ്വീകരണമൊരുക്കുമ്പോള്‍ താര ചക്രവര്‍ത്തിമാരും സഹ രാജാക്കന്മാരും രാജകുമാരന്മാരുമെല്ലാം നല്‍കുന്ന സന്ദേശം വളരെ വ്യക്തമായിരുന്നു. തങ്ങളുടെ സാമ്രാജ്യത്തില്‍ തങ്ങള്‍ ഉണ്ടാക്കിവച്ചിരിക്കുന്ന അലിഖിത നിയമങ്ങള്‍ തിരുത്തിയെഴുതാന്‍ ഇനിയും ഒരു ‘അവള്‍’ ജനിക്കരുത്. ശ്രമിച്ചാലും അവള്‍ മോശക്കാരിയാവുകയേ ഉള്ളൂ. അവനാകും ഹീറോ. കഴിഞ്ഞ ദിവസം ജാമ്യം നേടി പുറത്തിറങ്ങിയ ദിലീപിന് ഒരുക്കിയ സ്വീകരണം ഒരു വ്യക്തിക്ക് വേണ്ടി കരുതിയതായിരുന്നില്ല. ഒരു മനോഭാവത്തിനും ചില അലിഖിത നിയമങ്ങള്‍ക്കുമായി ഒരുക്കിയ സ്വീകരണമാണ്. ഇവിടെ ചുവരെഴുത്ത് വളരെ വ്യക്തമാണ്. ”താര സാമ്രാജ്യത്തിലെ നിയമങ്ങള്‍ അവനുവേണ്ടിയാണ്, എന്തു സംഭവിച്ചാലും ഞാനാണ് ഹീറോ”.