സ്വന്തം ലേഖകന്‍
കൊച്ചി ഇടപ്പള്ളിയിലെ ‘കഫെ ഡി അറേബ്യ’ ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങി കഴിച്ച സുഹൃത്തുക്കളെ ഗുരുതരമായ ഭക്ഷ്യ വിഷബാധ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്‍ മേരി (23), മെലിനി(23), ഷെറിന്‍ ബാബു(23), സ്മൃതി (31), നിഖില്‍ (24), നോഹ (26) അമര്‍ (29) ജോസ് ആന്റണി (22) എന്നിവരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും പോലീസിലും ഫുഡ് കണ്‍ട്രോളറുടെ ഓഫീസിലും പരാതിപ്പെടുകയും ചെയ്തിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നടപടികള്‍ ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല ഹോട്ടല്‍ ഉടമകള്‍ക്ക് അനുകൂലമായ രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വരാതിരിക്കാനും കേസ് എടുക്കാതിരിക്കാനും ഉന്നത തല സമ്മര്‍ദ്ദം ഉള്ളതായും പരാതിക്കാര്‍ ആരോപിക്കുന്നു.
ഈ മാസം 17ന് കഫെ ഡി അറേബ്യ ഹോട്ടലില്‍ നിന്നും ‘അല്‍ഫാം’ എന്ന ഭക്ഷണം പാഴ്സല്‍ ആയി വാങ്ങി കൊണ്ട് പോയി കഴിച്ച സുഹൃത്തുക്കള്‍ക്കാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. അന്നേ ദിവസം ഉച്ചയ്ക്ക് ൦2.3൦ ഓടെ നാല് അല്‍ഫാം പാഴ്സല്‍ വാങ്ങുകയായിരുന്നു ഇവര്‍. ഹോട്ടലിന് സമീപത്തുള്ള സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ ഒരുമിച്ച് ഈ ഭക്ഷണം കഴിക്കുകയായിരുന്നു. എന്നാല്‍ ഭക്ഷണം കഴിച്ചവര്‍ക്കെല്ലാം വൈകുന്നേരത്തോടെ അസ്വസ്ഥത അനുഭവപ്പെടുകയും കൊച്ചിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
തുടര്‍ന്ന്‍ പതിനെട്ടിന് രാവിലെ തന്നെ പോലീസില്‍ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നടപടികള്‍ ഒന്നും ഉണ്ടായില്ല എന്ന്‍ മാത്രമല്ല പ്രശ്നം പുറത്തറിയാതെ ഒതുക്കി തീര്‍ക്കുക എന്ന ഉദ്ദേശ്യത്തിലാണ് പോലീസിന്‍റെ പോക്ക് എന്നും പരാതിക്കാര്‍ ആരോപിക്കുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഉന്നത നേതാവിന്‍റെ ബന്ധുവിന്‍റെ ഉടമസ്ഥതയിലുള്ളഹോട്ടലാണ് എന്നതിനാലാണ് പോലീസ് പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നത് എന്നാണ് ഇവര്‍ പറയുന്നത്.
നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റിന് ഏതായാലും വന്‍ പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. നിരവധി ആളുകള്‍ ഇത് ഷെയര്‍ ചെയ്യുകയും സമാനമായ അനുഭവങ്ങള്‍ ഈ പോസ്റ്റിന് താഴെ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുമുണ്ട്.
ന്യൂഡല്‍ഹി: ബാബറി മസ്ജിദ് വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് സുപ്രീം കോടതി. കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാനാണ് കോടതിയുടെ ശ്രമം. ബാബറി മസ്ജിദ്, രാമക്ഷേത്രം കേസുകള്‍ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ പരാമര്‍ശം. ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാറിന്റെ ബെഞ്ചാണ് കേസുകള്‍ പരിഗണിച്ചത്. ഇതി കോടതിയുടെ ഉത്തരവല്ലെന്നും നിര്‍ദേശമാണെന്നും ജസ്റ്റിസ് വ്യക്തമാക്കി.
മധ്യസ്ഥതയ്ക്ക് തയ്യാറാണോ എന്ന് കോടതി തന്നെയാണ് ചോദിച്ചത്. മതപരവും വൈകാരികവുമാണ് വിഷയം. അത് ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിച്ചുകൂടേയെന്ന് കോടതി ചോദിച്ചു. ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഇരു വിഭാഗങ്ങള്‍ക്കും കഴിയുന്നില്ലെങ്കില്‍ സമ്മതമാണെങ്കില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നാണ് കോടതി വ്യക്തമാക്കിയത്.
രാമക്ഷേത്ര നിര്‍മാണത്തിന് എത്രയും വേഗം അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്‍കിയ ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. 2010ല്‍ അലഹബാദ് ഹൈക്കോടതിയുടെ വിധി മരവിപ്പിച്ച ശേഷം കേസ് ആറ് വര്‍ഷമായി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. മാര്‍ച്ച് 31ന് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാന്‍ സുബ്രഹ്മണ്യം സ്വാമിയോട് കോടതി ആവശ്യപ്പെട്ടു.
ലണ്ടന്‍: പല്ല് നീക്കം ചെയ്യാനായി ആശുപത്രികളെ ആശ്രയിക്കുന്ന നാല് വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധന. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 25 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. 2006-2007 വര്‍ഷത്തില്‍ 7444 കുട്ടികളാണ് ആശുപത്രികളില്‍ ഈ പ്രശ്‌നവുമായി എത്തിയിരുന്നതെങ്കില്‍ 2015-2016 വര്‍ഷത്തില്‍ അത് 9206 ആയി ഉയര്‍ന്നു. റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സിലെ ഡെന്റല്‍ സര്‍ജറി ഫാക്കല്‍റ്റി തയ്യാറാക്കിയ കണക്കുകളാണ് ഇത്.
ഇക്കാലയളവില്‍ കുട്ടികളുടെ എണ്ണത്തില്‍ 16 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഈ ചെറിയ പ്രായത്തില്‍ നടത്തുന്ന ഡെന്റല്‍ സര്‍ജറികള്‍ കുട്ടികള്‍ക്ക് വളരെ ദോഷകരമാണെന്ന് ഡെന്റിസ്റ്റായ ആന്‍ഡ്രൂ വില്‍സണ്‍ പറയുന്നു. പല്ലില്‍ പഴുപ്പ് ബാധിച്ച് ഭക്ഷണം ചവച്ച് കഴിക്കാനാകാതെയും വേദന മൂലം ഉറങ്ങാനാവാതെയും വരുന്ന കുട്ടികളെ തങ്ങള്‍ കാണാറുണ്ട് ഒന്നിലേറെ പല്ലുകള്‍ നീക്കം ചെയ്യേണ്ട അവസ്ഥയും ഈ കുട്ടികളില്‍ ഉണ്ടാകാറുണ്ടെന്ന് ഡോക്ടര്‍ വ്യക്തമാക്കി.
84,086 സര്‍ജറികളാണ് നാല് വയസിന് താഴെ പ്രായമുള്ള കുട്ടികളില്‍ ഈ പത്തു വര്‍ഷക്കാലത്തിനിടയില്‍ നടത്തിയത്. ഒരു വയസിനു താഴെ പ്രായമുള്ള 47 കുട്ടികളിലും ഡെന്റല്‍ സര്‍ജറികള്‍ വേണ്ടിവന്നു. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ 90 ശതമാനം ദന്തക്ഷയവും പ്രതിരോധിക്കാനാകുമെന്ന് ഡെന്റല്‍ സര്‍ജറി ഫാക്കല്‍റ്റിയായ നിഗല്‍ ഹണ്ട് പറയുന്നു. ഫ്‌ളൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുന്നതും കൃത്യമായ ഇടവേളകളില്‍ ദന്തഡോക്ടറെ സന്ദര്‍ശിക്കുന്നതും പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും.
18 വയസില്‍ താഴെ പ്രായമുള്ളവര്‍ക്കുള്ള ദന്ത ചികിത്സ എന്‍എച്ചഎസില്‍ സൗജന്യമായിട്ടും 2015-16 വര്‍ഷത്തില്‍ 42 ശതമാനം കുട്ടികളും ഡെന്റിസ്റ്റിനെ കാണാന്‍ എത്തിയിട്ടില്ല. മധുരം കഴിക്കാന്‍ കുട്ടികള്‍ക്കുള്ള ഇഷ്ടമാണ് ദന്തരോഗങ്ങള്‍ക്ക് ഒരു പരിധി വരെ കാരണമാകുന്നതെന്നും ഡെന്റിസ്റ്റുകള്‍ പറയുന്നു.
വാഷിംഗ്ടണ്‍: മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക എന്നീ മേഖലകളിലെ എട്ട് രാജ്യങ്ങല്‍ നിന്നുള്ളവര്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവരുന്നത് അമേരിക്ക നിരോധിച്ചേക്കും. വലിയ ഉപകരണങ്ങള്‍ക്കാണ് നിരോധനം. എന്നാല്‍ അമേരിക്കന്‍ വിമാക്കമ്പനികളില്‍ വരുന്നവര്‍ക്ക് ഈ നിരോധനത്തില്‍ ചില ഇളവുകളും നല്‍കിയിട്ടുണ്ട്. ലാപ്ടോപ്പുകള്‍, ഐപാഡ്, ക്യാമറ തുടങ്ങിയവ കൊണ്ടുവരുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 12ഓളം എയര്‍ലൈനുകള്‍ക്ക് ഈ നിയന്ത്രണം ബാധകമാകും.
ജോര്‍ദാന്‍, ഈജിപ്റ്റ്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയവയുടെ പട്ടികയിലുണ്ടെന്നാണ് കരുതുന്നത്. ഇന്ന് ഇത് സംബന്ധിച്ചുള്ള ബില്‍ അവതരിപ്പിക്കും. വിലക്കിന് കാരണം എന്താണെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടില്ല. ബില്‍ അവതരിപ്പിക്കുന്നതിനൊപ്പം കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുമെന്നാണ് കരുതുന്നത്. ഹോംലാന്‍ഡ് സെക്യൂരിറ്റി വക്താവും ട്രാന്‍സ്പോര്‍ട്ട് സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്‍ വൃത്തങ്ങളും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.
മെഡിക്കല്‍ ഉപകരണങ്ങളെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് റോയല്‍ ജോര്‍ദാനിയന്‍ എയര്‍ലൈന്‍ അറിയിച്ചു. മറ്റുള്ളവ ഒരു കാരണവശാലും ലഗേജുകളില്‍ കൊണ്ടുവരരുതെന്ന് എയര്‍ലൈന്‍ യാത്രക്കാരോട് ആവശ്യപ്പെട്ടു. ലാപ്ടോപ്പ്, ക്യാമറ, ടാബ്ലറ്റുകള്‍, ഡിവിഡി പ്ലെയറുകള്‍, ഇലക്ട്രോണിക് ഗെയിമുകള്‍ എന്നിവയാണ് കമ്പനി കൊണ്ടുവരരുതെന്ന് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ലണ്ടന്‍: ബ്രിട്ടീഷ് ബാങ്കുകള്‍ വന്‍തോതില്‍ റഷ്യന്‍ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തല്‍. റഷ്യന്‍ സര്‍ക്കാരും രഹസ്യാന്വേഷണ ഏജന്‍സിയായ കെജിബിയുമായി ബന്ധമുള്ള ക്രിമിനലുകളാണ് ഇതിനു പിന്നിലെന്ന് ഗാര്‍ഡിയന്‍ പത്രം ആരോപിക്കുന്നു. 740 മില്യന്‍ പൗണ്ടിനു തുല്യമായ തുകയാണ് ബ്രിട്ടീഷ് ബാങ്കുകളിലൂടെ ഇവര്‍ വെളുപ്പിച്ചെടുത്തത്. എച്ച്എസ്ബിസി, റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലാന്‍ഡ്, ലോയ്ഡ്‌സ്, ബാര്‍ക്ലേയ്‌സ്, കൗട്ട്‌സ് എന്നീ പ്രമുഖ ബാങ്കുകളുള്‍പ്പെടെ 17 ബാങ്കുകളിലൂടെയാണ് ഇടപാടുകള്‍ നടന്നതെന്നാണ് വിവരം. സംശയകരമായ പണനമിടപാടുകള്‍ നടന്നിട്ടും വിവരമറിയിക്കാത്തതിനാല്‍ ഈ ബാങ്കുകള്‍ക്കെതിരെ അന്വേഷണം ഉണ്ടായേക്കും.
2010നും 2014നുമിടയില്‍ പുറത്തേക്ക് 20 ബില്യന്‍ പൗണ്ടിന് തുല്യമായ തുക ഈ വിധത്തില്‍ ഒഴുകിയിട്ടുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 80 ബില്യന്‍ പൗണ്ടെങ്കിലും ഈ വിധത്തില്‍ ഒഴുകിയിട്ടുണ്ടാകുമെന്നാണ് ഡിറ്റക്ടീവുകള്‍ വിശ്വസിക്കുന്നത്. റഷ്യയില്‍ നിന്നുള്ള പണം കൊള്ളമുതലോ കുറ്റവാളികളുടേതോ ആകാമെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. ഈ ഇടപാടുപകള്‍ക്കു പിന്നിലുള്ള രാഷ്ട്രീയ സ്വാധീനവമുള്ള ധനികര്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷകര്‍.
ആഗോള തലത്തില്‍ ഇടപാടുകള്‍ നടത്തി കള്ളപ്പണം വെളുപ്പിക്കുന്ന ഈ സംഘത്തില്‍ 500 ആളുകള്‍ എങ്കിലും ഉണ്ടാകുമെന്നാണ് നിഗമനം. ഇവരില്‍ മോസ്‌കോ ബാങ്കര്‍മാരും ധനികരും കെജിബിയുടെ അനുബന്ധമായ എഫ്എസ്ബിയുമായി ബന്ധമുള്ളവരും ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരങ്ങള്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ബന്ധുവായ ഇഗോര്‍ പുടിനും ഈ ഇടപാടില്‍ ബന്ധമുണ്ടെന്ന് സംഘം വെൡപ്പെടുത്തുന്നു. ഈ തട്ടിപ്പില്‍ പങ്കുള്ള ബാങ്ക് ഓഫ് മോസ്‌കോയുടെ ബോര്‍ഡില്‍ അംഗമാണ് ഇഗോര്‍.
ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത് കമ്പനികള്‍ക്ക് ഈ ഇടപാടുകളില്‍ വലിയ പങ്കുണ്ടായിരുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ച് ഇവയുടെ വിവരങ്ങള്‍ പരസ്യമാക്കിയിട്ടില്ല. 70,000 ബാങ്കിംഗ് ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇവയില്‍ 1920 എണ്ണം യുകെ ബാങ്കുകള്‍ വഴിയും 373 എണ്ണം യുഎസ് ബാങ്കുകള്‍ വഴിയുമാണ് നടന്നത്. ലാത്വിയ, മോള്‍ഡോവ എന്നിവിടങ്ങളിലെ പോലീസ് നടത്തിയ അന്വേഷണങ്ങളില്‍ ലഭിച്ച വിവരങ്ങളാണ് ഇവ.
ജുബ: ദക്ഷിണ സുഡാനില്‍ വിമാനം തകര്‍ന്നു. വാവു എയര്‍പ്പോര്‍ട്ടില്‍ ലാന്റ് ചെയ്യുന്നതിനിടയാലാണ് വിമാനം അപകടത്തില്‍ പെട്ടത്. പ്രാദേശിക സമയം മൂന്ന് മണിക്കാണ് അപകടം സംഭവിച്ചത്. ജൂബയില്‍ നിന്ന് വാവുയിലേക്ക് വന്ന സൗത്ത് സുപ്രീം എയര്‍ലൈനര്‍ ആണ് അപകടത്തില്‍പെട്ടത്. എത്രപേര്‍ക്ക് പരിക്കുപറ്റിയെന്നതില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ആദ്യം വന്ന റിപ്പോർട്ടുകൾ എല്ലാവരും മരിച്ചു എന്നാണെങ്കിലും ഏറ്റവും ഒടുവിൽ വന്ന ലോക്കൽ റിപോർട്ടുകൾ അനുസരിച്ചു എല്ലാവരും പരിക്കുകളോടെ രക്ഷപെട്ടു എന്നാണ്. ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സുഡാനിലെ ലോക്കൽ റേഡിയോ റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ ടെലികോം രംഗത്തെ പ്രമുഖരായ വൊഡാഫോണ്‍, ഐഡിയയില്‍ ലയിക്കാൻ ധാരണ. ഇന്ത്യന്‍ ടെലികോം രംഗത്തെ ഏറ്റവും വലിയ ലയനമാണിത്. നഷ്ടം കനത്തതാണ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങാന്‍ വൊഡാഫോണിനെ പ്രേരിപ്പിച്ചത്. ഒപ്പം, റിലയന്‍സ് ജിയോയുടെ മത്സരം അതിജീവിക്കുന്നതിന് കൂടിയാണ് ബ്രിട്ടീഷ് കമ്പനിയായ വൊഡാഫോണിന്റെ തീരുമാനം. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഐഡിയയില്‍ ലയിക്കുന്നതോടെ ഇപ്പോള്‍ നേരിടുന്ന നഷ്ടം കുറയ്ക്കാമെന്നാണ് വൊഡാഫോണിന്റെ വിലയിരുത്തല്‍.
ലയനത്തോടെ 38 കോടി ഉപയോക്താക്കളുമായി ഐഡിയ, രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി മാറും. രണ്ടാമതാകുന്ന എയര്‍ടെല്ലിന് 26 കോടി ഉപയോക്താക്കളാണുള്ളത്. അഞ്ചു മാസം മുൻപ് എത്തിയ റിലയന്‍സ് ജിയോ 7.2 കോടി ഉപയോക്താക്കളുമായി നാലാമതുണ്ട്. ലയന തീരുമാനം വന്നതോടെ ഐഡിയയുടെ ഓഹരിമൂല്യം പതിമടങ്ങായി വർധിച്ചു.
അലഹബാദ്: ഉത്തര്‍ പ്രദേശില്‍ ബിഎസ്പി നേതാവ് വെടിയേറ്റ് മരിച്ചു. പ്രമുഖ നേതാവായ മുഹമ്മദജ് ഷമിയാണ് വെടിയേറ്റ് മരിച്ചത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു തൊട്ടുപിന്നാലെ ഞായറാഴിച രാത്രിയാണ് സംഭവമുണ്ടായത്. ബിജെപിയുടെ പ്രാദേശിക പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
അലഹബാദില്‍ ഷമിയുടെ ഓഫീസിന് പുറത്തുവെച്ചാണ് ആക്രമണമുണ്ടായത്. കാര്‍ പാര്‍ക്ക് ചെയ്യുകയായിരുന്ന ഷമിക്കു നേരെ അക്രമികള്‍ വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് തവണ ഇദ്ദേഹത്തിനു നേരെ ആക്രമികള്‍ വെടിയുതിര്‍ത്തു. മുഹമ്മദ് ഷമിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ബിഎസ്പി പ്രതിഷേധ പ്രകടനം നടത്തി.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷമി പിന്നീട് സമാജ് വാദി പാര്‍ട്ടിയില്‍ എത്തി. അടുത്തിടെയാണ് ബിഎസ്പിയില്‍ ചേര്‍ന്നത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവാണ് മുഹമ്മദ് ഷമി.
ലണ്ടന്‍: പാരഫിന്‍ അടങ്ങിയ സ്‌കിന്‍ ക്രീമുകള്‍ പെട്ടെന്ന് തീപിടിക്കുന്നവയാണെന്ന് കണ്ടെത്തല്‍. ശരീരത്തില്‍ പുരട്ടിയാല്‍ തീപിടിക്കുമെന്നും ഇതു മൂലം മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. എക്‌സിമ, സോറിയാസിസ് എന്നീ ത്വക്ക് രോഗങ്ങള്‍ക്ക് നല്‍കുന്ന ക്രീമുകള്‍ പാരഫിന്‍ അടങ്ങിയവയാണ്. എന്നാല്‍ ഇവ വസ്ത്രങ്ങളിലും ബെഡ് ഷീറ്റുകളിലും പറ്റുന്നത് അപകടകരമാണെന്ന് ബിബിസി റേഡിയോ 5 ലൈവ് പറയുന്നു.
പത്ത് വര്‍ഷത്തിലധികമായി ഇക്കാര്യത്തില്‍ മുന്നറിയിപ്പുകള്‍ നല്‍കി വരുന്നുണ്ട്. എന്നാല്‍ 2010 മുതല്‍ ക്രീമുകള്‍ മൂലം ശരീരത്തില്‍ തീ പിടിച്ച് ഇംഗ്ലണ്ടില്‍ മാത്രം 37 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാരഫിന്‍ അടങ്ങിയ ക്രീമുകള്‍ അപകട സാധ്യത സൂചിപ്പിക്കുന്ന മുന്നറിയിപ്പുകള്‍ നല്‍കണമെന്നാണ് മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രോഡക്റ്റ് റെഗുലേറ്ററി ഏജന്‍സിയുടെ പുതുക്കിയ മാനദണ്ഡങ്ങള്‍ പറയുന്നത്.
ലെസ്റ്ററില്‍ 2015 63കാരന്‍ പൊള്ളലേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട ഇന്‍ക്വസ്റ്റില്‍ ബെഡ്ഷീറ്റില്‍ പാരഫിന്‍ അടങ്ങിയ ക്രീമിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ക്രീം പുരട്ടിയ ശേഷം ബെഡില്‍ കിടന്ന് സിഗരറ്റ് വലിച്ചതിനേത്തുടര്‍ന്നാണ് ഇയാളുടെ ശരീരത്തില്‍ തീ പടര്‍ന്ന് പിടിച്ചത്.
ലണ്ടന്‍: വിഷാദരോഗം, അമിതാകാംക്ഷ എന്നീ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഓണ്‍ലൈന്‍ ചികിത്സ നല്‍കുന്ന എന്‍എച്ച്എസ് രീതിക്കെതിരെ വിമര്‍ശനം ഉയരുന്നു. ഇംപ്രൂവിംഗ് ആക്സസ് ടു സൈക്കോളജിക്കല്‍ തെറാപ്പീസ് എന്ന പദ്ധതിയില്‍ വെബ്ക്യാമിലൂടെയും ഇന്‍സ്റ്റന്റ് മെസേജിലൂടെയും സഹായം തേടുന്നവരുടെ എണ്ണത്തില്‍ 9മടങ്ങ് വര്‍ദ്ധനയാണ് 2012-13 വര്‍ഷത്തിനും 2015-16 വര്‍ഷത്തിനുമിടയില്‍ ഉണ്ടായതെന്നാണ് കണക്ക്.
5738ല്‍ നിന്ന് 19475 എണ്ണമായാണ് ഇത്തരത്തിലുള്ള ചികിത്സ ഇംഗ്ലണ്ടില്‍ വര്‍ദ്ധിച്ചത്. 144 ശതമാനം വര്‍ദ്ധനവാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്. സാധാരണ മട്ടിലുള്ള നേരിട്ടുള്ള കൂടിക്കാഴ്ചയും ചികിത്സയും ഒഴിവാക്കി പുതിയ മാര്‍ഗ്ഗങ്ങള്‍ തേടാന്‍ എന്‍എച്ച്എസ് കമ്മീഷണര്‍മാര്‍ ശ്രമിക്കുന്നതാണ് ഇതിനു കാരണം. കൂടുതല്‍ രോഗനിര്‍ണ്ണയവും നടക്കുന്നതും ഫോണിലൂടെയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഡിജിറ്റല്‍ മെന്റല്‍ ഹെല്‍ത്ത് സര്‍വീസിനായി കൂടുതല്‍ പണമനുവദിക്കുമെന്ന് ജനുവരിയില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു ശേഷമാണ് ഈ കണക്കുകള്‍ തയ്യാറാക്കിയത്. എന്നാല്‍ ഇത്തരം പദ്ധതികള്‍ മാനസിക രോഗ ചികിത്സയില്‍ ഫലപ്രദമാവില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇത്തരം അസുഖമുള്ളവര്‍ മിക്കവാറും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനായിരിക്കും ആഗ്രഹിക്കുന്നത്. കീബോര്‍ഡ്, വെബ്ക്യാം എന്നിവ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ അത് ഈ രോഗികളെ അകറ്റുന്നതിന് തുല്യമായിരിക്കുമെന്നാണ് ലിവര്‍രപൂളിലെ സൈക്കോളജിക്കല്‍ തെറാപ്പീസ് യൂണിറ്റ് ഡയറക്ടര്‍ സ്റ്റീവ് ഫല്‍റ്റ് പറയുന്നത്.