Main News

വത്തിക്കാന്‍: കാത്തലിക് സ്‌കൂളുകളുടെ പേരില്‍ മാര്‍പാപ്പ ഖേദം പ്രകടിപ്പിക്കണമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. വത്തിക്കാനില്‍ പോപ്പിനെ സന്ദര്‍ശിക്കുന്നതിനിടെയാണ് ട്രൂഡോ ഇക്കാര്യം ആവശ്യപ്പെട്ടത്. 19-ാം നൂറ്റാണ്ടു മുതല്‍ കാനഡയിലെ തനത് ഗോത്ര വംശജരെ മുഖ്യധാരയുടെ ഭാഗമാക്കാനെന്ന പേരില്‍ പീഡിപ്പിച്ചതിന് കാത്തലിക് സ്‌കൂളുകള്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. 1880 മുതല്‍ ആരംഭിച്ച ഇത്തരം സ്‌കൂളുകളില്‍ അവസാനത്തേത് 1996ലാണ് അടച്ചുപൂട്ടിയത്.

അബൊറിജിനല്‍ ജനതയുമായി കനേഡിയന്‍ സമൂഹത്തിന്റെ യഥാര്‍ത്ഥ പൊരുത്തപ്പെടല്‍ എന്താണെന്ന് മാര്‍പാപ്പയെ താന്‍ ധരിപ്പിച്ചിട്ടുണ്ടെന്നും ഒരു ഖേദപ്രകടനം ഇക്കാര്യത്തില്‍ ഏറെ ഫലം ചെയ്യുമെന്നും ട്രൂഡോ വ്യക്തമാക്കി. കാനഡയില്‍ വെച്ചുതന്നെ ഈ ഖേദപ്രകടനത്തിന് വേദിയൊരുക്കാമെന്നും അതിനായി താന്‍ പോപ്പിനെ ക്ഷണിച്ചിട്ടുണ്ടെന്നും ട്രൂഡോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ഇതിനോട് മാര്‍പാപ്പ പ്രതികരിച്ചിട്ടില്ല. 36 മിനിറ്റ് നീണ്ടു നിന്ന സംഭാഷണം സൗഹാര്‍ദ്ദപരമായിരുന്നു എന്നാണ് വത്തിക്കാന്‍ അറിയിച്ചത്.

ഒന്നര ലക്ഷത്തോളം ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളെയാണ് വര്‍ഷങ്ങളായി തങ്ങളുടെ കുടുംബതങ്ങളില്‍ നിന്ന് ബലം പ്രയോഗിച്ച് അകറ്റി കാത്തലിക് സ്‌കൂളുകളില്‍ പ്രവേശിപ്പിച്ചിരുന്നത്. പള്ളികള്‍ നടത്തിയിരുന്ന ബോര്‍ഡിംഗ് സ്‌കൂളുകളില്‍ അവര്‍ക്ക് സ്വന്തം ഭാഷയില്‍ സംസാരിക്കുന്നതിനും സ്വന്തം ഗോത്രത്തിന്റെ രീതികള്‍ പിന്തുടരുന്നതിനും വിലക്കുകള്‍ ഉണ്ടായിരുന്നു. ഈ പദ്ധതിയുടെ ഇരകളെ പരിചരിക്കുന്നതിന്റെ ഭാഗമായാണ് കാനഡയുടെ ട്രൂത്ത് ആന്‍ഡ് റെക്കണ്‍സിലിയേഷന്‍ കമ്മീഷന്‍ മാര്‍പാപ്പ ഖേദ പ്രകടനം നടത്തണമെന്ന ആവശ്യം ഉന്നയിച്ചത്.

ലണ്ടന്‍: യുകെയിലെ കാര്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ റെക്കോര്‍ഡ് വളര്‍ച്ച. പ്രീമിയം നിരക്കുകളിലെ നികുതി വര്‍ദ്ധന മൂലമാണ് ഈ വളര്‍ച്ച. കംപെയര്‍ദിമാര്‍ക്കറ്റ്.കോം എന്ന വെബ്‌സൈറ്റ് നല്‍കുന്ന വിവരം അനുസരിച്ച് ശരാശരി പോളിസി നിരക്ക് ഈ മാസം 800 പൗണ്ട് ആയി ഉയരും. 2015 ജൂണിലേതിനേക്കാള്‍ 200 പൗണ്ട് കൂടുതലും ഒരു വര്‍ഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ 14 ശതമാനം ഉയര്‍ന്ന നിരക്കുമാണ് ഇത്. ഇന്‍ഷുറന്‍സ് പ്രീമിയം ടാക്‌സ് നിരക്ക് ഈ വ്യാഴാഴ്ച മുതല്‍ 12 ശതമാനമായി ഉയരും.

ഇതു വരെ 10 ശതമാനമായിരുന്നു നികുതി നിരക്ക്. സാധാരണ പോളിസികളില്‍ 15 പൗണ്ട് കൂടി അധികം നല്‍കേണ്ടി വരുമെന്നാണ് കരുതുന്നത്. 2015നു ശേഷം നികുതി നിരക്ക് പല തവണ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതിനു മുമ്പ് 6 ശതമാനം മാത്രമായിരുന്നു നിരക്ക്. അടുത്ത കാലത്ത് ഈ വളര്‍ച്ചാ നിരക്കിന് വേഗത കൂടിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടെ 13 ബില്യന്‍ പൗണ്ടിന്റെ അധിക വരുമാനമാണ് നികുതി നിരക്കിലെ വര്‍ദ്ധന കൊണ്ടുവന്നത്.

2016-17 വര്‍ഷത്തില്‍ 5 ബില്യന്‍ പൗണ്ടിന്റെ വരുമാനം പ്രതീക്ഷിക്കുന്നതായി അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേഴ്‌സ് അറിയിച്ചു. വിപ്പ്‌ലാഷ് പേയ്‌മെന്റുകള്‍ വര്‍ദ്ധിച്ചതോടെ പ്രതിസന്ധിയിലാണെന്ന് അറിയിച്ചിരുന്ന കമ്പനികള്‍ക്കാണ് ഇപ്പോള്‍ പോളിസി നിരക്കുകളിലം വര്‍ദ്ധന അപ്രതീക്ഷിത ലോട്ടറിയായത്. അപകടങ്ങളിലും തുടര്‍ ചികിത്സകളിലും നല്‍കേണ്ടി വരുന്ന നഷ്ടപരിഹാരത്തിന്റെ നിരക്ക് സര്‍ക്കാര്‍ പുനര്‍നിര്‍ണയം ചെയ്തതോടെയാണ് വിപ്പ്‌ലാഷ് നിരക്കുകള്‍ ഉയര്‍ന്നത്.

ലണ്ടന്‍: തെരുവുകളോട് ചേര്‍ന്നുള്ള വീടുകള്‍ക്കു മുന്നില്‍ പാര്‍ക്കിംഗ് സ്ഥലം അടയാളപ്പെടുത്താന്‍ മിക്കയാളുകളും ട്രാഫിക് കോണുകള്‍ ഉപയോഗിക്കാറുണ്ട്. പാര്‍ക്കിംഗ് സ്ഥലം ഉറപ്പാക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗമായാണ് ജനങ്ങള്‍ ഇതിനെ കാണുന്നത്. എന്നാല്‍ ഈ സമ്പ്രദായം മിക്കവാറും അയല്‍ക്കാരുമായുള്ള വഴക്കിലേക്ക് നയിക്കാറുണ്ട്. പാര്‍ക്കിംഗിനായി നല്ല സ്ഥലം തിരഞ്ഞെടുക്കാനുള്ള മത്സരമായിരിക്കും ഈ തര്‍ക്കങ്ങള്‍ക്ക് കാരണമാകുക. എന്നാല്‍ ട്രാഫിക് കോണുകള്‍ ഈ വിധത്തില്‍ ഉപയോഗിക്കുന്നത് നിയമപരമായി ശരിയാണോ?

പാര്‍ക്കിംഗ് സ്ഥലം സ്വന്തമാക്കാന്‍ കോണുകള്‍ ഉപയോഗിക്കുന്നത് അനുവദിച്ചിട്ടില്ലെന്നാണ് ഈ വിഷയത്തില്‍ ഔരു ലോക്കല്‍ കമ്മിറ്റി നല്‍കിയ വിശദീകരണം. എന്നാല്‍ വീടുകള്‍ക്ക് പുറത്ത് ഇങ്ങനെ ചെയ്യുന്നവരെ സാധാരണ ഗതിയില്‍ ശിക്ഷിക്കാറില്ല. ഇങ്ങനെ കോണുകള്‍ ശ്രദ്ധില്‍പ്പെട്ടാല്‍ അവ എടുത്തു മാറ്റുകയാണ് പതിവെന്ന് ഗ്ലോസ്റ്റര്‍ഷയര്‍ കൗണ്ടി കൗണ്‍സില്‍ അധികൃതര്‍ പറഞ്ഞു. എന്തു കാരണത്താലായാലും കോണുകളും ബിന്നുകളും ഉപയോഗിച്ച് പാര്‍ക്കിംഗ് സ്ഥലം അടയാളപ്പെടുത്തുന്നത് അപകടകരമാണെന്നും അധികൃതര്‍ വ്യക്തമാക്കി. പരാതികള്‍ ലഭിച്ചാല്‍ അവിടെ നേരിട്ട് എത്തുകയും പ്രദേശവാസികളുമായി സംസാരിക്കുകയും ചെയ്യാറുണ്ട്.

പാര്‍ക്കിംഗ് പ്രശ്‌നത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ അതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ കാണാനും ശ്രമിക്കും. മില്‍ബ്രൂക്ക് സ്ട്രീറ്റ്, ചെല്‍ട്ടന്‍ഹാമിലെ ഗ്രേറ്റ് വെസ്റ്റേണ്‍ ടെറസ്, ഗ്ലോസ്റ്റര്‍ഷയര്‍ എന്നിവിടങ്ങളില്‍ വീടുകള്‍ക്കു മുന്നിലുള്ള നടപ്പാതകളില്‍ പോലും മറ്റുള്ളവര്‍ കാറുകള്‍ പാര്‍ക്ക് ചെയ്യാറുണ്ട്. ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത്തരം പ്രദേശങ്ങളിലെ പാര്‍ക്കിംഗിന് വ്യക്തമായ നിയമങ്ങളും നിലവിലുണ്ട്. അവ പരിശോധിക്കാം.

1. സിറ്റി സെന്ററുകളില്‍ താമസിക്കുന്നവര്‍ക്കാണ് വീടുകളുടെ മുന്നിലെ പാര്‍ക്കിംഗ് പ്രശ്‌നമാകുന്നത്. നിങ്ങളുടെ വാഹനത്തെ തടയാതെയാണ് പാര്‍ക്ക് ചെയ്തിരിക്കുന്നതെങ്കില്‍ അത് നിയമവിരുദ്ധമാകുന്നില്ല എന്നതാണ് ആദ്യത്തെ വസ്തുത.

2. വീടുകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്യരുതെന്ന് പോലീസ് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്.

3. റഡിസന്റ് പാര്‍ക്കിംഗ് പെര്‍മിറ്റുകള്‍ ഇല്ലാത്ത തെരുവുകളില്‍ ആര്‍ക്കും പാര്‍ക്ക് ചെയ്യാവുന്നതാണ്. അത് മറ്റുള്ളവര്‍ക്ക് തടസമാകരുതെന്ന് മാത്രം.

പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍ ഹൈവേ കോഡില്‍ പറയുന്നത്

1. സിഗ് സാഗ് ലൈനുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഉള്‍പ്പെടെയുള്ള ക്രോസിംഗുകളില്‍

2. മാര്‍ക്ക് ചെയ്ത ടാക്‌സി ബേകളില്‍

3. സൈക്കിള്‍ ലെയിനുകളില്‍

4. റെഡ് ലൈനുകളില്‍

5. ബ്ലൂ ബാഡ്ജ് ഉള്ളവര്‍ക്കായും പ്രദേശവാസികള്‍ക്കും മോട്ടോര്‍ ബൈക്കുകള്‍ക്കുമായും റിസര്‍വ് ചെയ്ത പ്രദേശങ്ങളില്‍

6. സ്‌കൂള്‍ കവാടങ്ങള്‍ക്കു മുന്നില്‍.

7. അടിയന്തര സേവനങ്ങള്‍ തടയുന്ന വിധത്തില്‍

8. ബസ്, ട്രാം സ്റ്റോപ്പുകളില്‍

9. ജംഗ്ഷനുകള്‍ക്ക് എതിര്‍വശത്തോ 10 മീറ്റര്‍ പരിധിയിലോ

10. നടപ്പാതയുടെ അരികുകളില്‍

11. വീടുകളുടെ കവാടങ്ങള്‍ക്കു മുന്നില്‍

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോ പാളത്തിലിറങ്ങുന്നു. ജൂൺ 17ന് ആലുവയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മെട്രോ ഔദ്യോ​ഗികമായി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി ഉദ്ഘാടനത്തിനെത്തുമെന്ന അറിയിപ്പ് തന്റെ ഓഫീസിനു ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

നേരത്തെ ഈ മാസം ഈമാസം 30ന് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടക്കുമെന്നും പ്രധാനമന്ത്രി എത്തിയില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് നിർവ്വഹിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചിരുന്നു. മന്ത്രിസഭാ വാർഷികാഘോഷങ്ങളുടെ ഭാ​ഗമായി ഉദ്​ഘാടനം നടത്താനായിരുന്നു സർക്കാരിന്റെ തീരുമാനം.

കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത്തരമൊരു നിർദേശം ഉയർന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ സൗകര്യമനുസരിച്ച് ഉദ്ഘാടനം നടത്താൻ സർക്കാർ പിന്നീട് തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്നാണ് തിയ്യതി മാറ്റിവച്ചത്. മേയ് 29 മുതൽ ജൂൺ മൂന്നുവരെ വിദേശ പര്യടനത്തിലായതിനാലാണ് പ്രധാനമന്ത്രിക്ക് ഇന്ന് എത്താനാവില്ലെന്ന് അറിയിച്ചിരുന്നത്.

ഈ മാസം രണ്ടാം വാരം നടന്ന പരീക്ഷണ ഓട്ടം മെട്രോ വിജയകരമായി പൂർത്തിയാക്കിയിരുന്നു. പൈലറ്റുമായി ഏഴു വനിതകളും ഇടംപിടിച്ചിരിക്കുന്നു എന്നതാണ് കൊച്ചി മെട്രോയെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്.

ആലുവ മുതൽ തൃപ്പൂണിത്തുറയിലെ പേട്ട വരെ 25.6 കിലോമീറ്റർ ദൂരമുള്ള കൊച്ചി മെട്രോക്ക് 22 സ്‌റ്റേഷനുകളുണ്ടാകും. എന്നാൽ ആദ്യഘട്ടത്തിൽ ആലുവ മുതൽ പാലാരിവട്ടം വരെ 11 സ്റ്റേഷനുകളാണുള്ളത്.

ഒൻപതു ട്രെയിനുകളാണ് ആദ്യഘട്ട സർവീസിന് എത്തിയിരിക്കുന്നത്. ഏഴു റേക്കുകളാണു പ്രതിദിന സർവീസിനു വേണ്ടത്. പത്തു മിനിറ്റ് ഇടവിട്ടാകും സർവീസ് നടക്കുക. 10 രൂപയായിരിക്കും മിനിമം യാത്രാക്കൂലി. അതേസമയം, ടിക്കറ്റ് നിരക്കിൽ വിദ്യാർത്ഥികൾക്ക് ഇളവുണ്ടാകും.

ആലുവ കമ്പനിപ്പടി, കളമശേരി, ഇടപ്പള്ളി, പാലാരിവട്ടം എന്നിങ്ങനെയാണ് പ്രധാന സ്റ്റേഷനുകൾ. ആലുവയിൽനിന്ന് കമ്പനിപ്പടി വരെ 20 രൂപയാണ് നിരക്ക്. കളമശേരി വരെ 30 രൂപയും ഇടപ്പള്ളി വരെ 40 രൂപയുമായിരിക്കും ടിക്കറ്റ് നിരക്ക്. രാത്രി 10 മണി വരെയാണ് കൊച്ചി മെട്രോ സർവീസ് നടത്തുക.

മൂന്നു കോച്ചുകളുള്ള കൊച്ചി മെട്രോയിൽ ഓരോന്നിലും 136 പേർക്കു വീതം ഇരുന്നു യാത്ര ചെയ്യാം. നിൽക്കുന്നവരുടെ കൂടി കണക്കെടുത്താൽ ഇത് 975 ആയി ഉയരും.

കൊച്ചി മെട്രോ റെയിൽ‌വേ അഥവാ കോമെറ്റ് (Komet) എന്നാണ് കൊച്ചി മെട്രോ പദ്ധതിയുടെ നാമം. 2011-ൽ തുടങ്ങാനിരുന്ന പദ്ധതി പല കാരണങ്ങൾ കൊണ്ടു വൈകുകയായിരുന്നു. ഡെൽഹി മെട്രോ നടത്തുന്ന ഡിഎംആർസിയാണ് ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. സംസ്ഥാന സർക്കാരും കേന്ദ്ര നഗരവികസന മന്ത്രാലയവും സംയുക്തമായി രൂപീകരിച്ച കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ ആണ് കോമെറ്റിന്റെ ചുമതല നിർവ്വഹിക്കുന്നത്.

17ന് ഉദ്ഘാടനം നടക്കുന്നതോടെ, രാജ്യത്ത്, ഏറ്റവും കുറഞ്ഞ സമയം കൊണ്ടു നിർമാണം പൂർത്തിയാക്കി ഏറ്റവും കൂടുതൽ ദൂരം സർവീസ് നടത്തുന്ന മെട്രോ എന്ന പേരുകൂടി കൊച്ചി മെട്രോയ്ക്കു സ്വന്തമാകുകയാണ്.

ലീഡ്‌സ്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ചെറുപുഷ്പ മിഷന്‍ ലീഗ് ഇന്നലെ ഉദ്ഘാടനം ചെയ്യപ്പെട്ടു. ലീഡ്‌സിലെ സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കലാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കേരള സഭയില്‍ പൗരോഹിത്യ സമര്‍പ്പണ ജീവിതത്തിലേയ്ക്കുള്ള ദൈവവിളിയില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെറുപുഷ്പ മിഷന്‍ ലീഗ് നിര്‍വ്വഹിച്ചിട്ടുണ്ടെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടന പ്രസംഗ മദ്ധ്യേ പറഞ്ഞു. വിശുദ്ധ കൊച്ചുത്രേസ്യായേയും ഭാരത ചെറുപുഷ്പമായ വിശുദ്ധ അല്‍ഫോന്‍സാമ്മയെയും മിഷന്‍ ലീഗംഗങ്ങള്‍ മാതൃകകളാക്കണം. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ കുര്‍ബാന സെന്ററുകളിലും മിഷന്‍ ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതോടെ ഈ രൂപതയിലും ധാരാളം ദൈവവിളികള്‍ ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായും മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു.

രാവിലെ പത്ത് മണിക്ക് അഭിവന്ദ്യ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയാരംഭിച്ചു. മിഷന്‍ ലീഗ് രൂപതാ കമ്മീഷന്‍ ചെയര്‍മാനും ഡയറക്ടറുമായ റവ. ഫാ. മാത്യൂ മുളയൊലില്‍, റവ. ഫാ. സിബു കള്ളാപ്പറമ്പില്‍, റവ. ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍, റവ. ഫാ.ഫാന്‍സുവാ പത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ആദ്യകുര്‍ബാന സ്വീകരണത്തിന്റെ തിരുക്കര്‍മ്മങ്ങളായിരുന്നു ആദ്യം നടന്നത്. ചാപ്ലിന്‍സിയിലെ പത്തു കുട്ടികള്‍ ഈശോയെ ആദ്യമായി ഹൃദയത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് അവര്‍ ഉത്തരീയ സഭയിലെ അംഗങ്ങളായി.

ഡിയാ ജോജി, ആബേല്‍ വിനോദ്, അനയാ ജോബി, അനൈനാ ജോസഫ്, അന്നാ മരിയാ ജോണ്‍, മരിയാ വര്‍ഗ്ഗീസ്, മരിയാ സാജന്‍, ജോയല്‍ ജോസ്, .ഗ്ലോറിയാ ബിബി, ഗബ്രിയേലാ ബിബി എന്നിവരാണ് ആദ്യമായി ഈശോയെ ഹൃദയത്തില്‍ സ്വീകരിച്ചവര്‍.

തുടര്‍ന്ന് ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഓദ്യോഗിക ഉദ്ഘാടനം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വ്വഹിച്ചു. മഞ്ഞ കൊടിതോരണങ്ങളാല്‍ ദേവാലയം നിറമുറ്റതായി. ഏഴാം ക്ലാസില്‍ പഠിക്കുന്ന നിരവധി പേര്‍ ബാഡ്ജ് ധരിച്ച് മിഷന്‍ ലീഗിന്റെ അംഗങ്ങളായി. ലീഡ്‌സ് ചാപ്ലിന്‍സിക്ക് ആഹ്‌ളാദത്തിന്റെ നിമിഷങ്ങമായിരുന്നു. ആയിരത്തിലധികം പേര്‍ തിങ്ങിനിറഞ്ഞ സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയം. മുന്‍ ചാപ്ലിന്‍ റവ. ഫാ. ജോസഫ് പൊന്നേത്തിന്റെ ദീര്‍ഘവീക്ഷണം ഫലമണിയുകയായിരുന്നിവിടെ. തുടര്‍ന്ന് അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസ സമൂഹത്തെ അഭിസംബോദന ചെയ്തു.

ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സിയിലെ സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയം വിശ്വാസികളെ കൊണ്ട് നിറയുന്നത് ഇതാദ്യമല്ല. ഇതൊരു പതിവാണ്. അതു കൊണ്ടു തന്നെ റവ. ഫാ. മാത്യൂ മുളയൊലില്‍ നേതൃത്വം നല്‍കുന്ന രൂപതയുടെ കീഴിലുള്ള ഈ ദേവാലയം പ്രസിദ്ധമായി. ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം അഘോഷമായ സ്‌നേഹവിരുന്ന് നടന്നു. അഭിവന്ദ്യ പിതാവ് കേക്ക് മുറിച്ച് ആദ്യമായി ഈശോയെ സ്വീകരിച്ച കുഞ്ഞുങ്ങള്‍ക്ക് നല്‍കി.

വിശ്വാസികളുടെ വലിയ കൂട്ടായ്മയായിരുന്നു ലീഡ്‌സില്‍ കണ്ടത്. ഓരോ ഞായറാഴ്ചയും തിങ്ങി നിറയുന്ന ദേവാലയം. ഒരിടവകയുടെ എല്ലാ വിധ സുഖവും സൗകര്യവും ഒത്തൊരുമയോടെ നേരിട്ടനുഭവിക്കുന്ന ലീഡ്‌സിലെ ജനം. മുന്‍ ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. ജോസഫ് പൊന്നേത്തിന്റെ ദീര്‍ഘവീക്ഷണം ഫലമണിഞ്ഞു. ‘നന്ദിയല്ലാതെ മറ്റൊന്നുമില്ലെന്റെ ദൈവമേ ‘ സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ മലയാളത്തിന്‍ ആദ്യമായി ദിവ്യബലി അര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പ് ഫാ. പൊന്നേത്ത് പ്രാര്‍ത്ഥിച്ചതിങ്ങനെയാണ്.
സംശയമില്ല. പൊന്നേത്ത് മോഡല്‍ സീറോ മലബാറിന് മാതൃകയാകും.,

ലണ്ടന്‍: ഐടി തകരാറ് മൂലം സര്‍വീസുകള്‍ റദ്ദാക്കിയ ബ്രിട്ടീഷ് എയര്‍വേയ്‌സ് മറ്റു വിമാന സര്‍വീസുകളില്‍ ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്കെതിരെ ധാര്‍ഷ്ട്യം നിറഞ്ഞ നിലപാടുമായി രംഗത്ത്. പകരം യാത്രാ സംവിധാനം ഒരുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുഴുവന്‍ പണവും തിരികെ നല്‍കുമെന്ന് ബിഎ അറിയിച്ചിരുന്നു. എന്നാല്‍ വീക്കെന്‍ഡില്‍ യാത്രകള്‍ക്കായി എത്തിയ ചില യാത്രക്കാര്‍ മറ്റു വിമാനങ്ങളില്‍ ടിക്കറ്റ് എടുത്തു. ഇങ്ങനെ ടിക്കറ്റ് എടുത്തവര്‍ക്ക് ടിക്കറ്റിനുള്ള പണം നല്‍കാനാവില്ലെന്നുംം ട്രാവല്‍ ഇന്‍ഷുറന്‍സിലൂടെ പണം അവകാശപ്പെടാമെന്നുമാണ് കമ്പനിയുടെ നിലപാട്. ഇങ്ങനെ ടിക്കറ്റ് എടുക്കുന്നവര്‍ സ്വന്തം ഉത്തരവാദിത്തത്തിലാണ് അപ്രകാരം ചെയ്യുന്നതെന്നും കമ്പനി വ്യക്തമാക്കി.

ഫ്‌ളൈറ്റുകള്‍ റദ്ദാക്കുമ്പോള്‍ പകരം യാത്രാ സൗകര്യം ഒരുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലഭ്യമായ മറ്റു സര്‍വീസുകളില്‍ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കണമെന്നാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പറയുന്നത്. ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ റിട്ടേണ്‍ ടിക്കറ്റ് എടുത്ത് മറ്റു വിമാനങ്ങളില്‍ പോയവര്‍ക്കും ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കും. കമ്പനിയുമായി ബന്ധപ്പെട്ട് റിട്ടേണ്‍ ടിക്കറ്റ് സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ശനിയാഴ്ചയാണ് ഐടി തകരാര്‍ മൂലം ഹീത്രൂ, ഗാറ്റ്‌വിക്ക് വിമാനത്താവളങ്ങളില്‍ നിന്നുള്ള ബിഎ വിമാനങ്ങള്‍ എല്ലാം റദ്ദാക്കിയത്.

വാരാന്ത്യ യാത്രകള്‍ക്ക് തയ്യാറെടുത്തു വന്നവര്‍ക്കാണ് ഇത് ദുരിതമായത്. ഒരു ലക്ഷത്തിലേറെ യാത്രക്കാര്‍ക്ക് വിമാനങ്ങള്‍ റദ്ദാക്കിയതു മൂലം ദുരിതം അനുഭവിക്കേണ്ടി വന്നുവെന്നാണ് കണക്ക്. ഞായറാഴ്ചയും ചില സര്‍വീസുകളെ ഈ പ്രതിസന്ധി ബാധിച്ചു. രണ്ടു വിമാനത്താവളങ്ങളിലെയും ബിഎ ടെര്‍മിനലുകള്‍ക്കു മുന്നില്‍ നിരാശരായ യാത്രക്കാര്‍ കൂടി നില്‍ക്കുന്നത് കാണാമായിരുന്നു.

ലണ്ടന്‍: ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കിക്കൊണ്ട് അപകടങ്ങള്‍ കുറയ്ക്കാനുള്ള നീക്കങ്ങള്‍ക്ക് ജനങ്ങള്‍ പുല്ലുവിലയാണ് കല്‍പിക്കുന്നതെന്ന് കണക്കുകള്‍. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിച്ച് പിടിക്കപ്പെടുന്നവരുടെ എണ്ണം ദിവസവും 200 ലേറെ വരുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷ വര്‍ദ്ധിപ്പിച്ച് ഒരു മാസം പിന്നിട്ടപ്പോള്‍ 6000 ആളുകളെ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിടിക്കുകയും ശിക്ഷിക്കുകയും ചെയ്തുവെന്നാണ് കണക്കുകള്‍. പ്രസ് അസോസിയേഷന് ലഭിച്ച രേഖകളാണ് ഇത് വ്യക്തമാക്കുന്നത്.

ഓരോ ഏഴ് മിനിറ്റിലും നിയമലംഘനങ്ങള്‍ നടക്കുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കടുത്ത ശിക്ഷകള്‍ ഏര്‍പ്പെടുത്തുകയും ശക്തമായ പ്രചാരണ പരിപാടികള്‍ ആരംഭിക്കുകയും ചെയ്‌തെങ്കിലും അപകടകരമായ ശീലങ്ങളില്‍ നിന്ന് വാഹനമോടിക്കുന്നവര്‍ പിന്തിരിയുന്നില്ല എന്നതാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. വളരെ ആശങ്കാജനകമാണ് ഈ പ്രവണതയെന്ന് ക്യാംപെയിന്‍ ഗ്രൂപ്പുകള്‍ പറയുന്നു. മാര്‍ച്ച് 1 മുതലാണ് മൊബൈല്‍ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിംഗിന്റെ ശിക്ഷ വര്‍ദ്ധിപ്പിച്ചത്. 100 പൗണ്ടും മൂന്ന് പെനാല്‍റ്റി പോയിന്റും എന്ന മുന്‍ ശിക്ഷ 200 പൗണ്ടും 6 പെനാല്‍റ്റി പോയിന്റുമായാണ് വര്‍ദ്ധിപ്പിച്ചത്.

പുതുതായി ലൈസന്‍സ് നേടിയവര്‍ ഈ വിധത്തില്‍ പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. യുകെയിലെ പോലീസ് സേനകളില്‍ നിന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരങ്ങളിലാണ് ഈ കണക്കുകള്‍ ഉള്ളത്. എന്നാല്‍ 7 സേനകള്‍ തങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല. അതു കൂടി കണക്കുകൂട്ടിയാല്‍ നിയമം ലംഘിക്കുന്നവരുടെ എണ്ണം ഞെട്ടിക്കുന്നതായിരിക്കുമെന്നാണ് വിലയിരുത്തല്‍.

ബെര്‍ലിന്‍: ഡൊണാള്‍ഡ് ട്രംപിനു കീഴിലുള്ള അമേരിക്കയെ ജര്‍മനിക്കും യൂറോപ്പിനും വിശ്വസിക്കാനാകില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കല്‍. യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ വിധി സ്വയം നിര്‍ണ്ണയിക്കണമെന്നും അവര്‍ പറഞ്ഞു. പരമ്പരാഗതമായി തുടര്‍ന്നു വരുന്ന പാശ്ചാത്യ സഖ്യം എന്ന സങ്കല്‍പത്തിന് അമേരിക്കയുടെ പുതിയ ഭരണകൂടവും ബ്രെക്‌സിറ്റും ഭീഷണിയാണെന്നും അവര്‍ പറഞ്ഞു.മറ്റുള്ളവരില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കുന്നതിന്റെ കാലം അവസാനിച്ചുവെന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അത് താന്‍ അനുഭവിച്ചു വരികയാണെന്നും മെര്‍ക്കല്‍ വ്യക്തമാക്കി.

അമേരിക്കയും ബ്രിട്ടനുമായുള്ള ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുമെങ്കിലും യൂറോപ്പിന്റെ ഭാവിക്കായി നാം പ്രവര്‍ത്തിച്ചാലേ മതിയാകൂ എന്ന് മനസിലാക്കണമെന്നും മറ്റു യൂറോപ്യന്‍ രാജ്യങ്ങളോട് മെര്‍ക്കല്‍ പറഞ്ഞു. പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ട്രംപ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് മെര്‍ക്കലിന്റെ പ്രതികരണം. യൂറോപ്യന്‍ പ്രതിനിധികളെ നിരാശരാക്കിക്കൊണ്ടാണ് അമേരിക്ക ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ സമയം ആവശ്യപ്പെട്ടത്.

ആഗോള താപനം എന്നത് തട്ടിപ്പാണെന്ന് മുമ്പ് പറഞ്ഞിട്ടുള്ള ട്രംപിനോട് 2015ലെ പാരീസ് കരാറിനെ മാനിക്കണമെന്ന് മറ്റു നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. അടുത്തയാഴ്ചയോടെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് ട്രംപിന്റെ ട്വീറ്റ്. 195 രാജ്യങ്ങള്‍ ഒപ്പ് വെച്ച കരാറില്‍ അമേരിക്ക മാത്രം ഒപ്പുവെക്കാന്‍ മടി കാണിക്കുന്നതിലുള്ള നീരസമാണ് മെര്‍ക്കല്‍ പ്രകടിപ്പിച്ചത്.

മലയാളികള്‍ മാത്രം തമിഴ്‌നാട്ടില്‍ അപകടത്തില്‍ പെടുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുതല്‍ വാട്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ ആണ് ഇത്. ഞായറാഴ്ചത്തെ മാതൃഭൂമിയില്‍ ജി ശേഖരന്‍ നായര്‍ എഴുതിയ ‘പദ്മതീര്‍ഥകരയില്‍ ‘ എന്ന പംക്തിയില്‍ ഇതിനെ സാധൂകരിക്കുന്ന വിവരങ്ങള്‍ ആണ് പ്രതിപാധിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലേക്ക് തീര്‍ഥാടനത്തിനു പോകുന്ന മലയാളികളുടെ പ്രത്യേക ശ്രദ്ധയ്ക്ക് എന്ന തലക്കെട്ടോയാ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത താഴെ കൊടുക്കുന്നു;
തമിഴ്‌നാട്ടിലേക്ക് തീര്‍ഥാടനത്തിനു പോകുന്ന മലയാളികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്. 2004 മുതല്‍ 2017 മേയ് വരെ തമിഴ്‌നാട്ടിലെ ദേശീയ പാതയോരങ്ങളില്‍ നടന്ന 97 അപകടങ്ങളിലായി മരണപെട്ടത് 337 മലയാളികള്‍ ആണ്‍ ഇവരില്‍ പളനിയിലേക്ക് പോയവരും, വേളാങ്കണ്ണിക്കു പോയവരും, നാഗൂര്‍ പോയവരും ഒക്കെ ഉള്‍പെടും. തമിഴ്‌നാട്ടിലെ സേലം, ഈറോഡ്, തിരുനെല്‍വേലി, ത്രിച്ചി, മധുര എന്നിവിടങ്ങളില്‍ നൂറു കണക്കിന് മലയാളികള്‍ക്കാണ് വാഹനാപകടങ്ങളില്‍ കൂട്ട മരണം സംഭവിച്ചിട്ടുള്ളത്. തൊണ്ണൂറു ശതമാനം അപകടങ്ങളിലും ലോറിയോ, ട്രക്കോ ആയിരിക്കും തീര്‍ഥാടകരുടെ വാഹനത്തില്‍ വന്നിടിക്കുന്നത്. കൂടുതല്‍ അപകടങ്ങളും കുപ്രസിദ്ധമായ ‘തിരുട്ടു ഗ്രാമങ്ങള്‍ ‘ സ്ഥിതി ചെയ്യുന്ന പരിസരങ്ങളില്‍ ആണ് നടന്നിട്ടുള്ളത്.

കുടുംബത്തോടൊപ്പം തീര്‍ഥയാത്രയ്ക്ക് പുറപ്പെടുന്നവര്‍ കൈവശം ധാരാളം പണം കരുതും. സ്ത്രീകള്‍ പൊതുവേ സ്വര്‍ണം ധരിക്കും. എന്നാല്‍ അപകടസ്ഥലത്ത് നിന്നും ഇവയൊന്നും തന്നെ ഉറ്റവര്‍ക്ക് തിരിച്ചു കിട്ടിയിട്ടില്ലാ. തമിഴ്‌നാട് പോലീസ് ഈ കേസുകളില്‍ തീര്‍ഥാടകരുടെ വണ്ടി ഓടിച്ചിരുന്ന ഡ്രൈവറുടെ അശ്രദ്ധ മൂലം അപകടം സംഭവിച്ചു എന്ന് ‘എഫ്‌ഐആര്‍’ എഴുതി കേസ് ക്ലോസ് ചെയ്യുന്നു. വന്നിടിച്ച ട്രക്ക് ഡ്രൈവര്‍മാരെകുറിച്ച് ആരും കേട്ടിട്ടുമില്ലാ കണ്ടിട്ടും ഇല്ല. തമിഴ്‌നാട്ടില്‍ നിന്നും പിന്നീട് ബോഡി നാട്ടിലെത്തിക്കാന്‍ വെമ്പുന്ന ബന്ധുകളെ അവിടങ്ങളിലെ ആംബുലന്‍സ് ഉടമകള്‍ മുതല്‍ മഹസ്സര്‍ എഴുതുന്ന പോലീസുകാര്‍ വരെ ചേര്‍ന്നു നന്നായി ഊറ്റി പിഴിഞ്ഞാണ് വിടാറള്ളത്. ഇതിനെ കുറിച്ച് ഇപ്പോള്‍ ഇവിടെ പറയാന്‍ കാരണം, വളരെ മുമ്പ് ഒരു ഓണ്‍ലൈന്‍ പത്രത്തില്‍ തമിഴ്‌നാട്ടില്‍ മലയാളി തീര്‍ഥാടകരുടെ ദുരൂഹ മരണത്തെ കുറിച്ച് ഒരു റിപ്പോര്‍ട്ട് വായിച്ചിരുന്നു.

അതില്‍ തമിഴ് നാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കൊള്ളസംഘങ്ങള്‍ ആണ് ഇതിനു പിന്നില്‍ എന്ന് , പോലീസുകാരുടെ മൊഴി സഹിതം പറഞ്ഞിരുന്നു. നാഷണല്‍ ഹൈവേയില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ചു നടക്കുന്ന ഈ കൂട്ടകൊലകള്‍കെതിരെ ഇത് വരെ കേരള സര്‍ക്കാരോ, ജനങ്ങളോ ഒന്നും പ്രതികരിച്ചു കണ്ടില്ലാ. അങ്ങ് അമേരിക്കയിലെ കാര്യങ്ങള്‍ക്കു വേണ്ടി വരെ ഇവിടെ കിടന്നു കടി കൂടുന്നവര്‍ കുറച്ചു ശ്രദ്ധ ഈ ‘സംഘടിത നരഹത്യക്കും ‘ നല്‍കണം. ഇല്ലെങ്കില്‍ ചിലപ്പോള്‍ നാളെ ഒരു തമിഴ്‌നാട് ഹൈവെ അപകട വാര്‍ത്തയില്‍ നിങ്ങളുടെ ഉറ്റവരുടെയോ ഉടയവരുടെയോ പേരുകളും പെട്ടേക്കാം. അങ്ങനെ ഉണ്ടാവാതിരികട്ടെ.

ഉത്തർപ്രദേശിൽ ട്രെയിനിൽ പശുവിനെ കൊണ്ടുപോയതിന് 2 പേരെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്. പശുക്കളെ കയറ്റിയ ബോഗിയിൽ നിന്ന 2 പേരെയാണ് ഗോരക്ഷ പ്രവർത്തകർ ക്രൂരമായി മർദ്ദിക്കുന്നത്. മർദ്ദനത്തിൽ 40 വയസ്സിന് മുകളിൽ പ്രായം തോന്നിപ്പിക്കുന്ന ഓരാൾക്കും, 27 വയസ്സ് തോന്നിക്കുന്ന ഒരാൾക്കുമാണ് അതിക്രൂരമായ മർദ്ദനമേറ്റത്.

മേഘാലയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഗ്രോ കമ്പനി അവരുടെ തമിഴ്‌നാട് സേലത്തു പ്രവര്‍ത്തിക്കുന്ന ഫാമില്‍നിന്നും മേഘാലയയിലേക്ക് പശുക്കളെ കൊണ്ടുപോകുന്നതിനിടെയായിരുന്നു അക്രമം. മേഘാലയ സര്‍ക്കാരിന്റെ അനുമതിയോടെ കൊച്ചുവേളി- ഗുവാഹട്ടി എക്‌സ്പ്രസില്‍ പശുക്കളെ കൊണ്ടുപോവുകയായിരുന്നു.
ട്രെയിന്‍ തടഞ്ഞുനിര്‍ത്തി ഇരുപതോളം വരുന്ന ഗോരക്ഷാപ്രവര്‍ത്തകര്‍ ലോക്കോപൈലറ്റുമാരെയും പശുവിന്റെ കൂടെയുണ്ടായിരുന്നവരെയും ആക്രമിക്കുകയായിരുന്നു. പശുക്കളെ ട്രെയിനില്‍നിന്നും ഇറക്കി പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തുകയും ചെയ്തു.

സംഭവത്തിൽ ഗോരക്ഷ പ്രവർത്തകർക്ക് എതിരെ കേസ് എടുത്തിട്ടുണ്ട് , പക്ഷെ ഇതുവരെയും ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല.

RECENT POSTS
Copyright © . All rights reserved