Main News

ടെന്നസി: വീടിനുള്ളില്‍ കൊല്ലപ്പെടുന്നതിനു മുമ്പായി ആരോ കതകില്‍ മുട്ടുന്നുവെന്ന് 12 കാരി അമ്മയ്ക്ക് സന്ദേശമയച്ചു. യോഹാന ആര്‍ട്ടേഗ എന്ന വിദ്യാര്‍ത്ഥിനിയെയാണ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്‌കേറ്റിംഗിനിടെയുണ്ടായ അപകടത്തില്‍ കാലിന് പരിക്കേറ്റതിനാല്‍ കുട്ടി സ്‌കൂളില്‍ പോയിരുന്നില്ല. ടെന്നസിയിലെ ഗുഡ്‌ലെറ്റ്‌സ്വില്ലിലുള്ള വീട്ടില്‍ യോഹനയ്‌ക്കൊപ്പം ഉച്ചഭക്ഷണം കഴിഞ്ഞ് അമ്മ പുറത്തു പോയിരിക്കുകയായിരുന്നു. ഏകദേശം 5.30ന് ആരോ കതകില്‍ മുട്ടുന്നുവെന്ന് അമ്മയ്ക്ക് അയച്ച സന്ദേശമാണ് കുട്ടിയില്‍ നിന്ന് ്‌വസാനം ലഭിച്ചത്.

6.45ന് യോഹാനയുടെ സഹോദരങ്ങളുമായി അമ്മ തിരിച്ചെത്തിയപ്പോള്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന കാര്യം പോലീസ് വെളിപ്പെടുത്തിയില്ല. മരണകാരണവും വെളിപ്പെടുത്താന്‍ പോലീസ് വിസമ്മതിച്ചു. എന്നാല്‍ പരിചയമുള്ളയാളായിരിക്കും കൊലയാളിയെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങള്‍ ഇല്ലാതിരുന്നതാണ് ഇതിന് കാരണമായി പറയുന്നത്.

ഇത്രയും ക്രൂരമായ കൊലപാതകം തന്റെ ഔദ്യോഗിക ജീവിതത്തില്‍ കണ്ടിട്ടില്ലെന്ന് സെര്‍ജന്റ് ഡേവിഡ് കൗട്ട്‌സ്മാന്‍ പറഞ്ഞു. മറ്റ് ഉദ്യോഗസ്ഥരും ഇതേ അഭിപ്രായമാണ് പറഞ്ഞത്. നാഷ്വില്ലില്‍ യോഹാന പഠിച്ചിരുന്ന ലിബര്‍ട്ടി കോളീജിയേറ്റ് അക്കാഡമി കുട്ടിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു.

ലണ്ടന്‍: വര്‍ദ്ധിച്ചു വരുന്ന നാണയപ്പെരുപ്പ നിരക്ക് യുകെയിലെ റീട്ടെയില്‍ മേഖലയെ സാരമായി ബാധിക്കുന്നു. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില്‍പന മാത്രമാണ് റീട്ടെയില്‍ വിപണിയെ പിടിച്ചു നിര്‍ത്തിയത്. മറ്റ് ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ കാര്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. നാണയപ്പെരുപ്പ നിരക്ക് ഉയരുന്നത് മൂലം ജനങ്ങള്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

റീട്ടെയില്‍ വിപണിയുടെ വളര്‍ച്ച ജൂണിലും ജൂലൈയിലും 0.3 ശതമാനത്തില്‍ നില്‍ക്കുകയാണ്. എന്നാല്‍ വിദഗ്ദ്ധര്‍ പ്രവചിച്ച 0.2 ശതമാനത്തേക്കാള്‍ മുകളിലാണെന്നത് മാത്രമാണ് ആശ്വസിക്കാന്‍ വക നല്‍കുന്നത്. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില്‍പന 1.5 ശതമാനമാണ്. ഒരു മാസം മുമ്പ് വരെ ഇത് 1.1 ശതമാനം മാത്രമായിരുന്നു. മൊത്തം വില്‍പനയുടെ വാര്‍ഷിക നിരക്ക് ജൂലൈയില്‍ 1.3 ശതമാനമാണ്. ജൂണില്‍ ഇത് 2.8 ശതമാനമായിരുന്നു. 2016 അവസാനം രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്കുകളെ അപേക്ഷിച്ച് ഇത് വളരെ കുറഞ്ഞ നിരക്കാണെന്ന് വ്യക്തമാക്കപ്പെടുന്നു.

വസ്ത്ര വ്യാപാര മേഖലയിലും പാദരക്ഷകളുടെ വിപണിയിലുമാണ് ഏറ്റവും വലിയ തിരിച്ചടി ലഭിച്ചത്. ജൂണിനെ അപേക്ഷിച്ച് 0.5 ശതമാനത്തിന്റെ തിരിച്ചടി ഈ മേഖലകളില്‍ രേഖപ്പെടുത്തി. ഓണ്‍ലൈന്‍ വിപണിയില്‍ ഉപഭോക്താക്കള്‍ കൂടുതല്‍ മുതല്‍മുടക്കുന്നുണ്ട്. 15.1 ശതമാനമാണ് ഇതിന്റെ വാര്‍ഷിക വളര്‍ച്ച.

ഗര്‍ഭിണികളായ സ്ത്രീകള്‍ വിമാനയാത്രക്കൊരുങ്ങുമ്പോള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഗര്‍ഭം 36 ആഴ്ചയെത്തിയാല്‍ വിമാനയാത്രക്ക് ഡോക്ടര്‍മാര്‍ വിലക്കേര്‍പ്പെടുത്തും. എന്നാല്‍ അതിനു മുമ്പും ചില മുന്‍കരുതലുകള്‍ ഗര്‍ഭിണികള്‍ സ്വീകരിക്കേണ്ടതുണ്ട്. 36,000 അടിക്കു മുകളില്‍ പറക്കുമ്പോള്‍ പാലിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ

1. ലഘുഭക്ഷണങ്ങള്‍ കയ്യില്‍ കരുതുക

വിമാനയാത്രക്കിടെ നിങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുമെന്നത് ശരിയാണ്. എന്നാല്‍ ഗര്‍ഭിണികള്‍ക്ക് എപ്പോളാണ് വിശക്കുന്നതെന്നോ രക്തത്തിലെ ഗ്ലൂക്കോസ് കുറയുന്നതെന്നോ പറയാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ അത്തരം സാഹചര്യങ്ങളെ നേരിടുന്നതിനായി ലഘുഭക്ഷണങ്ങള്‍ കയ്യില്‍ കരുതണം. ഒരു ചെറിയ പാക്കറ്റ് ബദാമോ ഏതെങ്കിലും പഴങ്ങളോ ഹാന്‍ഡ് ലഗേജില്‍ കരുതിയാല്‍ മതിയാകും.

2. കുടിവെള്ളം

കുടിവെള്ളവും വിമാനത്തിനുള്ളില്‍ കിട്ടും. എന്നാല്‍ ഇത് വളരെ കുറഞ്ഞ അളവിലായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക. വെള്ളത്തിനായി അറ്റന്‍ഡന്റുമാരെ നിരന്തരം വിളിക്കേണ്ടതായും വരും. ഇത് ഒഴിവാക്കാനായി സെക്യൂരിറ്റി ചെക്കിംഗിന്റെ സമയത്ത്തന്നെ യാത്രയിലുടനീളം ഉപയോഗിക്കാന്‍ ആവശ്യമുള്ള വെള്ളം ഒരു വലിയ കുപ്പിയില്‍ കരുതാവുന്നതാണ്.

3. ബോഡി സ്‌കാന്‍ മെഷീനുകള്‍ക്ക് പകരം ശരീര പരിശോധനയ്ക്ക് ആവശ്യപ്പെടുക

സാധാരണ മെറ്റല്‍ ഡിറ്റക്ടറുകള്‍ നമുക്ക് ദോഷകരമല്ല. എന്നാല്‍ ബോഡി സ്‌കാന്‍ മെഷീനുകളിലെ എക്‌സ്‌റേ ഗര്‍ഭസ്ഥ ശിശുവിന് അത്ര നല്ലതല്ല. അതുകൊണ്ട് ശരീര പരിശോധന നടത്താന്‍ ആവശ്യപ്പെടുക. കുഞ്ഞിന് അതായിരിക്കും ഏറ്റവും സുരക്ഷിതം.

4. യാത്രക്കിടെ എഴുന്നേറ്റ് നില്‍ക്കുകയും നടക്കുകയും ചെയ്യുക

യാത്രക്കിടെ എഴുന്നേറ്റ് നില്‍ക്കുകയും അല്‍പം നടക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ദീര്‍ഘദൂര വിമാനയാത്രകളില്‍ പ്രത്യേകിച്ചും ഇതിന് പ്രാധാന്യമുണ്ട്. രക്തസഞ്ചാരം ശരിയായി നടക്കാനും രക്തം കട്ടപിടിക്കുന്ന അവസ്ഥ ഒഴിവാക്കാനും ഇത് അത്യാവശ്യമാണ്. ഇടക്കിടക്ക് ബാത്ത്‌റൂം ഉപയോഗിക്കാന്‍ പോകുന്നത് ഉത്തമമാണ്. കംപ്രഷന്‍ സോക്‌സുകള്‍ ഉപയോഗിക്കുന്നതും ഫലപ്രദമാണ്.

5. ഫ്‌ളൈറ്റ് അറ്റന്‍ഡന്റിനെ വിവരങ്ങള്‍ ധരിപ്പിക്കുക

ആദ്യ മൂന്ന് മാസങ്ങളില്‍ ഒറ്റക്കാണ് യാത്രയെങ്കില്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റിനെ വിവരം ധരിപ്പിക്കണം. അപ്രകാരം ചെയ്താല്‍ നിങ്ങളെ ജീവനക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കും. ഇതുകൂടാതെ കൂടുതല്‍ ലെഗ്‌റൂമുള്ള സീറ്റിലേക്ക് നിങ്ങളെ മാറ്റാനും സാധ്യതയുണ്ട്.

ലണ്ടന്‍: എന്‍എച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് സര്‍ ലിയോനാര്‍ഡ് ഫെന്‍വിക്കിനെ സ്ഥാനത്തു നിന്ന് നീക്കം ചെയ്തു. ഏറ്റവും കൂടുതല്‍ കാലം ഈ പദവിയിലിരുന്ന ഫെന്‍വിക്കിനെ പെരുമാറ്റദൂഷ്യത്തിന്റെ പേരിലാണ് പുറത്താക്കിയിരിക്കുന്നത്. ഇദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളില്‍ ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. ദി ന്യൂകാസില്‍ അപ്പോണ്‍ ടൈന്‍ ഹോസ്പിറ്റല്‍ ട്രസ്റ്റ് മേധാവികൂടിയായ ഫെന്‍വിക്ക് നിര്‍ബന്ധിത അവധിയിലാണ് ഇപ്പോള്‍ ഉള്ളത്. ആരോപണങ്ങള്‍ക്കെതിരെ അദ്ദേഹം അപ്പീല്‍ നല്‍കിയിരുന്നു.

സ്ഥാനത്തു നിന്ന് നീക്കം ചെയ്യാനുള്ള കാരണങ്ങള്‍ ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. അന്വേഷണവും മറ്റ് നടപടികളും തുടരുന്നതിനാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാനാകില്ലെന്ന് ട്രസ്റ്റ് അറിയിച്ചു. ഗുരുതര സ്വഭാമവമുള്ള കുറ്റങ്ങളാണ് അദ്ദേഹം ചെയ്തതെന്നാണ് വിവരം. അതുകൊണ്ടുതന്നെ എന്‍എച്ച്എസ് കൗണ്ടര്‍ ഫ്രോഡ് ആന്‍ഡ് സെക്യൂരിറ്റി സര്‍വീസില്‍ ട്രസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. മോശം പെരുമാറ്റം, ട്രസ്റ്റ് ഭരണത്തിലെ പ്രശ്‌നങ്ങള്‍, ധനവിനിയോഗത്തിലെ തിരിമറികള്‍ എന്നിവയാണ് ഇദ്ദേഹത്തിനെതിരെ അച്ചടക്ക സമിതിക്ക് ലഭിച്ച പരാതികളെന്നാണ് വിവരം.

ട്രസ്റ്റിനു പുറത്തുനിന്നുള്ള മുതിര്‍ന്ന എച്ച്ആര്‍ വിദഗ്ദ്ധനാണ് അന്വേഷണം നടത്തിയത്. റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം ഫെന്‍വിക്കിന് വിശദീകരണത്തിന് സമയം നല്‍കിയിരുന്നു. രണ്ടു ദിവസം നീണ്ട ഹിയറിംഗിനു ശേഷം അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ അച്ചടക്ക സമിതി സ്ഥിരീകരിക്കുകയായിരുന്നു. പാനലാണ് ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ന്യൂകാസില്‍ ഹോസ്പിറ്റല്‍ ട്രസ്റ്റില്‍ 40 വര്‍ഷം ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ബോളിവുഡ് നടി സണ്ണി ലിയോണിനെ ഉദ്ഘാടനത്തിനെത്തിച്ച ഫോണ്‍ ഫോര്‍ ഷോപ്പുടമയ്‌ക്കെതിരെ പൊലീസ് കേസ്. പൊതുറോ‍ഡിൽ ഗതാഗതം തടസപ്പെടുത്തിയതിനാണു കേസെടുത്തിരിക്കുന്നത്. എംജി റോഡിൽ ഗതാഗതം തടസപ്പെട്ട സംഭവത്തിൽ ഷോപ്പ് ഉടമയ്ക്കെതിരെയും കണ്ടലറിയാവുന്ന ഏതാനും പേർക്കെതിരെയുമാണ് സെന്‍ട്രല്‍ പൊലീസ് കേസ് റജിസ്റ്റർ ചെയ്‌തിരിക്കുന്നത്. അനധികൃതമായി വാഹനം പാർക്ക് ചെയ്തവർക്കു പിഴ ചുമത്തുകയും ചെയ്‌തു.

രാവിലെ 11മണിയോടെ സണ്ണി ഉദ്ഘാടനവേദിയില്‍ എത്തുമെന്ന് അറിയിച്ചെങ്കിലും വേദിയിലേക്കുള്ള റോഡ് ഗതാഗതം ജനബാഹുല്യം മൂലം തടസ്സപ്പെട്ടതോടെ 12.30ഓടെയാണ് സണ്ണി എത്തിയത്. ഇതേത്തുടര്‍ന്ന് ആരാധകര്‍ ബഹളം വയ്‌ക്കുകയും പൊലീസ് ലാത്തി വീശുകയും ചെയ്‌തിരുന്നു.

സണ്ണിയെ കാണുന്നതിനായി ആയിരങ്ങൾ കൊച്ചിയില്‍ എത്തിയിരുന്നു. തിരക്കു മൂലം എസ്ബിഐ ശാഖയുടെ മുകളിലും അതുവഴി കടന്നു പോയ ബസിന്റെ മുകളിലും കയറിയിരുന്നാണു പലരും താരത്തെ കണ്ടത്.

 എല്ലാ  വായനക്കാർക്കും  മലയാളംയുകെയുടെ നൻമ നിറഞ്ഞ പുതുവത്സരാശംസകൾ  …………

കാര്‍മേഘങ്ങളുടേയും ഇല്ലായ്മയുടേയും മാസമായ കര്‍ക്കിടകം അവസാനിച്ചു. പൊന്നോണം കൊണ്ടാടുന്ന പൊന്നിന്‍ ചിങ്ങം എന്നും മലയാളിയുടെ പ്രിയ മാസമാണ്. പൊന്നോണ മാസം എന്നതിന് ഉപരി ഇപ്പോള്‍ ചിങ്ങം മലയാള ഭാഷാ മാസവും കൂടിയാണ്. കേരളക്കരയില്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്.

അന്യമായിക്കൊണ്ടിരിയ്ക്കുന്ന കൊയ്ത്താണ് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. പാടത്ത് വിളഞ്ഞ പൊന്‍കതിര്‍ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസം. കര്‍ഷക ദിനാഘോഷത്തിനു നാടെങ്ങും ഒരുക്കമാരംഭിച്ചു. പ്രസന്നമായ കാലാവസ്ഥയാണ് ഈ മാസത്തിലെ ഒരു പ്രത്യേകത. എന്നാല്‍ ചിങ്ങത്തിലും മൂടിക്കെട്ടിയ ആകാശവും പൊടുന്നനെ പെയ്യുന്ന മഴയും ഇപ്പോള്‍ പതിവായി. കാലാവസ്ഥാ വ്യതിയാനമാണ് കാരണം.

വര്‍ഷം മുഴുവന്‍ സുഖവും സമ്പദ് സമൃദ്ധിയും കിട്ടാന്‍ വിശ്വാസികളൊക്കെ ആരാധനാലയങ്ങള്‍ സന്ദര്‍ശിയ്ക്കുന്ന ദിവസമാണ് ചിങ്ങം ഒന്ന്. അത്കൊണ്ട് തന്നെ ആരാധനാലയങ്ങളിലും ഇന്ന് തിരക്ക് വര്‍ദ്ധിക്കും.

ലോകത്ത് ജീവിതനിലവാരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നഗരങ്ങളില്‍ ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണ്‍ ഒന്നാം സ്ഥാനത്ത്. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ റാങ്കിംഗിലാണ് മെല്‍ബണ്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. തുടര്‍ച്ചയായി ഏഴാമത്തെ തവണയാണ് മെല്‍ബണ്‍ ഈ സ്ഥാനം നിലനിര്‍ത്തിയത്. 100 പോയിന്റുകളില്‍ 97.5ഉം നേടിയാണ് വാര്‍ഷിക പട്ടികയില്‍ സ്ഥാനം നിലനിര്‍ത്താന്‍ മെല്‍ബണിനായത്. ആരോഗ്യസേവനം, സംസ്‌കാരം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, സമാധാനം തുടങ്ങിയ നിരവധി കാര്യങ്ങള്‍ വിശകലനം ചെയ്താണ് പട്ടിക തയ്യാറാക്കുന്നത്.

140 നഗരങ്ങളിലാണ് പഠനം നടത്തിയത്. 97.4 പോയിന്റുകളുമായി ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്ന രണ്ടാം സ്ഥാനത്തെത്തി. കാനഡയിലെ വാന്‍കൂവറിനാണ് മൂന്നാം സ്ഥാനം. 97.3 പോയിന്റുകള്‍ നഗരം നേടി. കഴിഞ്ഞ വര്‍ഷത്തെ അതേ സ്ഥാനം തന്നെയാണ് ഇവ നിലനിര്‍ത്തിയത്. പട്ടികയിലെ മുന്‍നിരയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായില്ലെങ്കിലും താഴത്തെ നിരയില്‍ വലിയ മാറ്റങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഐസ് ലാന്‍ഡിലെ റെയ്ക്യാവിക്ക് 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 50ല്‍ നിന്ന് 37ലെത്തി. 89.9ആണ് ലഭിച്ച പോയിന്റുകള്‍. ടൂറിസത്തിലു വികസനത്തിലുമുണ്ടായ കുതിപ്പാണ് ഇതിന് കാരണം. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞതോടെ ആംസ്റ്റര്‍ഡാം 94 പോയിന്റുകള്‍ നേടി 18-ാം സ്ഥാനത്തേക്ക് കുതിച്ചു.

അതേ സമയം മാഞ്ചസ്റ്റര്‍, സ്‌റ്റോക്ക്‌ഹോം എന്നീ നഗരങ്ങളുടെ റാങ്കിങ്ങില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ 43ല്‍ നിന്ന് 51-ാാ സ്ഥാനത്തേക്കാണ് താഴ്ന്നത്. മെല്‍ബണ്‍ (ഓസ്‌ട്രേലിയ), വിയന്ന (ഓസ്ട്രിയ), വാന്‍കൂവര്‍ (കാനഡ), ടൊറന്റോ (കാനഡ), കാല്‍ഗാരി (കാനഡ), അഡലെയ്ഡ് (ഓസ്‌ട്രേലിയ), പെര്‍ത്ത് (ഓസ്‌ട്രേലിയ), ഓക്ക്‌ലാന്‍ഡ് (ന്യൂസിലാന്‍ഡ്), ഹെല്‍സിങ്കി (ഫിന്‍ലന്‍ഡ്), ഹാംബര്‍ഗ് (ജര്‍മനി) എന്നിങ്ങനെയാണ് ആദ്യത്തെ പത്ത് സ്ഥാനങ്ങള്‍ നേടിയ രാജ്യങ്ങളുടെ പട്ടിക.

ലണ്ടന്‍: ബ്രിട്ടീഷ് സമ്മറിന് അന്ത്യം കുറിച്ചുകൊണ്ട് ഗെര്‍ട്ട് ചുഴലിക്കൊടുങ്കാറ്റ് വരുന്നു. ഈ ആഴ്ച അവസാനത്തോടെ ഗെര്‍ട്ട് യുകെയില്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്. രാജ്യമൊട്ടാകെ ഇതിന്റെ പ്രഭാവമുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. സമ്മര്‍ അവസാനത്തോടെ ഇത്തരം ചുഴലിക്കാറ്റുകള്‍ പതിവാണെന്നാണ് മെറ്റ് ഓഫീസ് പറയുന്നത്. കഴിഞ്ഞ വര്‍ഷം ഗാസ്റ്റണ്‍ ചുഴലിക്കാറ്റായിരുന്ന സമ്മറിന്റെ അവസാനം എത്തിയത്. 2015ല്‍ കെയിറ്റ് ചുഴലിക്കാറ്റ് ഇതേ സമയത്ത് എത്തിയിരുന്നു.

2014ല്‍ ബെര്‍ത്തയെന്ന് പേരുള്ള ചുഴലിക്കാറ്റാണ് യുകെയില്‍ എത്തിയത്. ഓഗസ്റ്റ് 19, 20 തിയതികളില്‍ (ശനി, ഞായര്‍) ഗെര്‍ട്ട് ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്. നോര്‍ത്ത് അറ്റ്‌ലാന്റിക്കിലെ ശീതജലപ്രവാഹം മൂലം രൂപമാറ്റം സംഭവിച്ച ചുഴലിക്കാറ്റാണ് ഇതെന്ന് കാലാവസ്ഥാ നിരീക്ഷകയായ ക്ലെയര്‍ നാസിര്‍ പറഞ്ഞു. വെസ്റ്റേണ്‍ യൂറോപ്പിലേക്കുള്ള ശീതജലത്തിന്റെ പ്രവാഹം മൂലം ചൂഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി മാറാന്‍ ഇടയുണ്ടെന്നും അവര്‍ പറഞ്ഞു. നോര്‍ത്ത് അറ്റ്‌ലാന്റിക്കില്‍ നിന്ന് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ചുഴലിക്കൊടുങ്കാറ്റാണ് ഗെര്‍ട്ട്. ഇത് ഒരു കാറ്റഗറി 1 കൊടുങ്കാറ്റാണ്.

ഇപ്പോള്‍ അമേരിക്കന്‍ തീരത്തിന് സമാന്തരമായി നീങ്ങിക്കൊണ്ടിരിക്കുന്ന ഇത് കിഴക്കോട്ടാണ് സഞ്ചരിക്കുന്നത്. ഇന്ന് കാനഡയുടെ കിഴക്കന്ഡ പ്രദേശം കടക്കുന്ന ഗെര്‍ട്ടിന് ശക്തി കുറയുകയും അറ്റ്‌ലാന്റിക്കിന് മധ്യത്തില്‍വെച്ച് ന്യൂനമര്‍ദ്ദമായി മാറുകയും ചെയ്യും. വെള്ളിയാഴ്ചയോടെ യുകെയില്‍ എത്തുന്ന ഗെര്‍ട്ട് ഞായറാഴ്ച വരെ തുടരുമെന്നാണ് വിവരം. കനത്ത മഴയും കാറ്റും പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്.

ലണ്ടന്‍: മിനിമം വേതനത്തേക്കാള്‍ കുറവ് ശമ്പളം വാങ്ങിയിരുന്ന 13,000ത്തിലേറെ ആളുകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത തെളിയുന്നു. ഇവര്‍ക്ക് നഷ്ടപരിഹാരത്തിനായി 20 ലക്ഷം പൗണ്ട് നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ജീവനക്കാര്‍ക്ക് മിനിമം വേതനത്തിലും കുറഞ്ഞ ശമ്പളം നല്‍കുന്ന 233 സ്ഥാപനങ്ങളെ അന്വേഷണത്തില്‍ കണ്ടെത്തി. മിനിമം വേതനത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള ബാക്കി ശമ്പളം കണക്കുകൂട്ടിയതാണ് ഈ തുക. നിയമലംഘനത്തിന് കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് തൊഴിലുടമകള്‍ക്ക് ഇതിലൂടെ സര്‍ക്കാര്‍ നല്‍കുന്നതെന്ന് ബിസിനസ് മിനിസ്റ്റര്‍ മാര്‍ഗോട്ട് ജെയിംസ് പറഞ്ഞു.

നിയമം അനുശാസിക്കുന്ന മിനിമം വേതനം നല്‍കാത്തതും ജീവനക്കാരരെ അടിക്കടി മാറ്റുന്നതും ഏറ്റവും നന്നായി ജോലി ചെയ്യുന്നവര്‍ക്കു പോലും ശരിയായ ശമ്പളം നല്‍കാത്തതും നിയമവിരുദ്ധമാണെന്നും ജെയിംസ് വ്യക്തമാക്കി. യൂണിഫോമുകള്‍ക്ക് പണം ഈടാക്കുക, ഓവര്‍ടൈമിന് ശമ്പളം നല്‍കാതിരിക്കുക, ജീവനക്കാര്‍ക്ക് അപ്രന്റീസ് നിരക്കുകളില്‍ മാത്രം ശമ്പളം നല്‍കുക തുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെയിന്‍സ്ബറിസ് ഏറ്റെടുത്ത ആര്‍ഗോസ് അവരുടെ 12,176 ജീവനക്കാര്‍ക്ക് 1.5 ദശലക്ഷം പൗണ്ട് ശമ്പളയിനത്തില്‍ നല്‍കാതെ പിടിച്ചുവെച്ചതായി കണ്ടെത്തി.

മിനിമം വേതനത്തില്‍ താഴെ ശമ്പളം നല്‍കി ഏറ്റവും വലിയ നിയമലംഘനം നടത്തിയത് ആര്‍ഗോസ് ആണെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ മുന്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 37,000 പേര്‍ക്കായിരുന്നു ശമ്പളക്കുടിശിക നല്‍കാനുണ്ടായിരുന്നതെന്നും തുക 2.4 ദശലക്ഷമായിരുന്നെന്നും സെയിന്‍സ്ബറിസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന ഏറ്റെടുക്കലിനു ശേഷമാണ് ഈ പ്രശ്‌നം കണ്ടെത്തിയതെന്നും അത് പരിഹരിക്കാനുള്ള നടപടികളിലാണ് കമ്പനിയെന്നും ആര്‍ഗോസിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ജോണ്‍ റോജേഴ്‌സ് പറഞ്ഞു.

ന്യൂഡല്‍ഹി: വായ്പയെടുത്ത വന്‍ തുക വിദേശ അക്കൗണ്ടുകളിലേക്ക് മാറ്റിയ സംഭവത്തില്‍ അദാനി ഗ്രൂപ്പിനെതിരെ അഴിമതിയാരോപണം. ഓസ്‌ട്രേലിയയില്‍ കല്‍ക്കരി ഖനി സ്ഥാപിക്കുന്നതിനായാണ് അദാനി ഗ്രൂപ്പ് വായ്പയെടുത്തത്. ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനിയാണ് ഇവിടെ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഈ പണം നികുതി വെട്ടിക്കാനായി വിദേശ അക്കൗണ്ടിലേക്ക് മാറ്റിയതാണ് ആരോപണത്തിന് കാരണമായത്. 15 ബില്യന്‍ രൂപയാണ് ഈ വിധത്തില്‍ മാറ്റിയതെന്ന് ഇന്ത്യന്‍ കസ്റ്റംസ് ഇന്റലിജന്‍സ് രേഖകള്‍ പറയുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗത്ത് കൊറിയ, ദുബായ് എന്നീ രാജ്യങ്ങളിലൂടെ വിനോദ് ശാന്തിലാല്‍ അദാനിയുടെ ഉടമസ്ഥതയില്‍ മൗറീഷ്യസില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കരുതുന്ന കമ്പനിയുടെ അക്കൗണ്ടിലേക്കാണ് പണം കടത്തിയതെന്ന് റവന്യൂ ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു. അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനിയുടെ മൂത്ത സഹോദരനാണ് വിനോദ് അദാനി. ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലുള്ള കാര്‍മിഖായേലില്‍ വന്‍ കല്‍ക്കരി ഖനിയും അതിനോട് ചേര്‍ന്നുള്ള തുറമുഖം വികസിപ്പിക്കുന്നതിനും റെയില്‍പ്പാത നിര്‍മിക്കുന്നതിനുമാണ അദാനി ഗ്രൂപ്പ് കരാര്‍ നേടിയിരിക്കുന്നത്.

ഈ പദ്ധതി നടപ്പാക്കുന്ന നാല് കമ്പനികളില്‍ ഡയറക്ടറാണ് വിനോദ് അദാനി. ഖനി പദ്ധതി ഓസ്‌ട്രേലിയയില്‍ വന്‍ വിവാദമായി മാറിയിരുന്നു. ഇതുണ്ടാക്കുന്ന പാരിസ്ഥിതികാഘാതത്തിലുള്ള ആശങ്ക പങ്കുവെച്ചുകൊണ്ട് പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും നടന്നു വരികയാണ്. കല്‍ക്കരി തുറമുഖത്തിന്റെ വികസനത്തിനായി ഗ്രേറ്റ് ബാരിയര്‍ റീഫിനോട് ചേര്‍ന്നുള്ള പ്രദേശത്ത് 1.1ദശലക്ഷം ക്യുബിക് മീറ്റര്‍ പ്രദേശത്ത് മണ്ണെടുപ്പ് നടത്തേണ്ടി വരും. ഖനിയില്‍ നിന്നുള്ള മലിനീകരണവും വന്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിവരം.

RECENT POSTS
Copyright © . All rights reserved