ലണ്ടന്‍: പാരമ്പര്യേതര ഊര്‍ജ്ജോദ്പാദനത്തില്‍ ഇംഗ്ലണ്ടില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പ്രദേശമാണ് ഗ്രിംസ്ബി. ആവശ്യമുളളതിന്റെ 28 ശതമാനം വൈദ്യുതിയും സൂര്യപ്രകാശം, കാറ്റ്, ജൈവ അവശിഷ്ടങ്ങള്‍ എന്നിവയില്‍ നിന്ന് ഇവര്‍ ഉത്പാദിപ്പിക്കുന്നു. ഒരു കാലത്ത് ലോകത്തിന്റെ മത്സ്യ വ്യവസായത്തിന്റെ തലസ്ഥാനമായിരുന്നു ഗ്രിംസ്ബി. എന്നാല്‍ അടുത്തകാലത്ത് മത്സ്യ വ്യവസായത്തില്‍ വന്‍ ഇടിവുണ്ടായി. അതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ ഉളള ഇടം കൂടിയായി മാറി ഗ്രിംസ്ബി. എന്നാലിപ്പോള്‍ സുസ്ഥിര ഊര്‍ജ്ജവിഭവങ്ങളെ ഫലപ്രദമായി വിനിയോഗിച്ച് കൊണ്ട് ഈ പ്രദേശം വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ്. പുതിയ വ്യവസായം ഈ മേഖലയ്ക്ക് പുതിയ പ്രതീക്ഷ പകരുകയാണ്.
വീടുകളിലെ സോളാര്‍ പാനലുകളും കാറ്റാടികളും ഉപയോഗിച്ചാണ് ഇവര്‍ വൈദ്യുതി നിര്‍മിക്കുന്നത്. ഇവരുടെ തൊട്ടടുത്ത എതിരാളികളായ ഡോണ്‍കാസ്റ്റര്‍ പത്തൊമ്പത് ശതമാനം വൈദ്യുതിയാണ് ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്നത്. ലണ്ടനിലാകട്ടെ വെറും 0.06ശതമാനം വൈദ്യുതി മാത്രമാണ് പാരമ്പര്യേതര മേഖലയില്‍ ഉദ്പാദിപ്പിക്കുന്നത്. ബര്‍മിംഗ്ഹാമില്‍ 1.4 ശതമാനം വൈദ്യുതി ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്നു. മാഞ്ചസ്റ്ററില്‍ 6.8ശതമാനം വൈദ്യുതി ഹരിത വിഭവങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നുണ്ട്.
സൗരോര്‍ജ്ജ വൈദ്യുതിയാണ് ഏറ്റവും കൂടുതല്‍ ഉദ്പാദിപ്പിക്കുന്നത്. അടുത്തിടെ തീരത്തു സ്ഥാപിച്ച വിന്‍ഡ്മില്ലുകളും വൈദ്യുതി ഉദ്പാദനത്തിന് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. മത്സ്യ വ്യവസായം അസ്തമിച്ചതോടെ ധാരാളം പേര്‍ക്ക് മേഖലയില്‍ തൊഴില്‍ നഷ്ടമായെങ്കിലും ഇവരുടെ കടല്‍ നൈപുണ്യം അവശേഷിക്കുന്നുണ്ട്. കടലോരത്ത് കാറ്റാടിപ്പാടങ്ങള്‍ സ്ഥാപിക്കാനുളള ഉദ്യമത്തില്‍ അവരും പങ്ക് ചേര്‍ന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ പരിസ്ഥിതി സൗഹൃദപരമായ ഇത്തരം ഊര്‍ജ്ജോദ്പാദന രീതികള്‍ കരുത്ത് പകരുമെന്ന് കാലാവസ്ഥാ മാറ്റത്തിനെതിരേ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പറഞ്ഞു.
സോള്‍: അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്‍പ്പ് അവഗണിച്ച് ഉത്തര കൊറിയ വീണ്ടും ദീര്‍ഘദൂര മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഭൂമിയെ നിരീക്ഷിക്കുന്നതിനുള്ള ഉപഗ്രഹ വിക്ഷേപണമാണ് നടന്നതെന്നാണ് ഉത്തര കൊറിയയുടെ വാദം. മിസൈല്‍ പരീക്ഷണമായിരുന്നുവെന്നും ഭൂഖണ്ഡാന്തര ആക്രമണത്തെ ലക്ഷ്യമിട്ടായിരുന്നുവെന്നും ദക്ഷിണ കൊറിയയും ജപ്പാനും അമേരിക്കയും ആരോപിച്ചു.
ഉത്തര കൊറിയന്‍ സമയം ഞായറാഴ്ച രാവിലെ 9.30നാണ് മിസൈല്‍ പരീക്ഷണം നടന്നത്. മിസൈല്‍ കുതിക്കുന്ന ദൃശ്യം ജപ്പാനിലെ ഫുഡി ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് പുറത്തുവിട്ടിട്ടുണ്ട്. ചൈനയും ഉത്തര കൊറിയയും തമ്മിലുള്ള അതിര്‍ത്തിയില്‍ നിന്നും പകര്‍ത്തിയാണ് ദൃശ്യം. മിസൈല്‍ പരീക്ഷണം വിജയമായോ എന്ന് വ്യക്തമല്ല.
ബാലിസ്റ്റിക് മിസൈല്‍ സാങ്കോതിക വിദ്യ ഉപയോഗിക്കുന്നതിന് ഐക്യരാഷ്ട്ര സമിതി ഉത്തര കൊറിയയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പുതിയ സാഹചര്യത്തില്‍ യു.എന്‍ രക്ഷാസമിതി ഇന്നു തന്നെ അടിയന്തര യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്.
അന്താരാഷ്ട്ര വിലക്കുകള്‍ക്കിടയിലും ആണവ, ഹൈഡ്രജന്‍ ബോംബുകള്‍ പരീക്ഷിച്ച് ഞെട്ടിച്ച ഉത്തര കൊറിയയുടെ ഭാഗത്തുനിന്നുള്ള പ്രകോപനമായാണ് ലോകരാഷ്ട്രങ്ങള്‍ ഈ നടപടിയെ കാണുന്നത്. റോക്കറ്റ് വിക്ഷേപണം വീക്ഷിച്ചുവരികയാണെന്നു അമേരിക്ക പറഞ്ഞു. ഇതു തങ്ങള്‍ക്കോ സഖ്യകക്ഷികള്‍ക്കോ ഭീഷണിയാകുമെന്ന് വിശ്വസിക്കുന്നില്ലെന്നും യു.എസ് പ്രതിരോധ അധികൃതര്‍ അറിയിച്ചു. വിക്ഷേപണത്തെ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ജപ്പാന്റെ നിലപാട്. കഴിഞ്ഞ മാസം ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയ സാഹചര്യത്തില്‍ ഈ നടപടിയെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ പറഞ്ഞു.
ചെന്നൈ: ചെന്നൈയില്‍ ഒരു മാസം മുന്‍പ് കണ്ടെത്തിയ അജ്ഞാത മൃതദേഹം പോലീസ് തിരിച്ചറിഞ്ഞു. സിനിമാ താരം ശശിരേഖ (32)യാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഉടലില്‍ നിന്ന് തലയറുത്തുമാറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞതോടെ സംഭവവുമായി ബന്ധപ്പെട്ട് നടിയുടെ ഭര്‍ത്താവ് രമേശ് (36) കാമുകിയും നടിയുമായ കോകില്യ കശിവ് (22)എന്നിവര്‍ അറസ്റ്റിലായി. കോടതിയില്‍ ഹാജരാക്കിയ ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ചെന്നൈയ്ക്ക് സമീപം രാമപുരത്ത് ജനുവരി അഞ്ചിനാണ് മാലിന്യകൂമ്പാരത്തില്‍ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. രമേശും കാമുകിയും പിടിയിലായതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമായ ശശിരേഖയെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് രമേശ് വിവാഹം ചെയ്തത്. എന്നാല്‍ കോകില്യയുമായുള്ള ബന്ധത്തെ ചൊല്ലി ഇരുവരും കലഹം പതിവായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി, ഗാര്‍ഹിക പീഡനം തുടങ്ങി രമേശിനെതിരെ ശശിരേഖ പരാതിയും നല്‍കിയിരുന്നുവെന്ന് പോലീസ് പറയുന്നു.
ശശിരേഖയുടെ ഉടല്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് നിന്നും കിലോമീറ്ററുകള്‍ മാറിയായിരുന്നു തിരിച്ചറിയാനാവാത്ത വിധത്തില്‍ വികൃതമായ നിലയില്‍ തല കണ്ടെടുത്തത്. തല കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു എന്നാണ് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞത്. അടുത്തകാലത്ത് റിലീസ് ചെയ്യാനിരിക്കുന്ന ചില ചിത്രങ്ങളിലും ശശിരേഖ സുപ്രധാന വേഷങ്ങള്‍ ചെയ്തിരുന്നു. ‘നാളെ മുതല്‍ കുടിക്കമാട്ടേന്‍’ എന്നതാണ് ശശിരേഖ ഒടുവില്‍ അഭിനയിച്ച ചിത്രം.
കൊളംബിയ: കൊളംബിയയില്‍ 3177 ഗര്‍ഭിണികളെ സിക വൈറസ് ബാധിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് മൊത്തം 25,645 പേര്‍ക്ക് സിക ബാധിച്ചതായും പ്രസിഡന്റ് ഹുവാന്‍ മാനുവല്‍ സാന്റോസ് പറഞ്ഞു. രാജ്യത്തെ സിക ബാധിതരുടെ എണ്ണം ആറുലക്ഷത്തിലെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കിഴക്കന്‍ നോര്‍ട്ട് ദെ സാന്റാന്‍ഡറിലാണ് ഏറ്റവും കൂടുതല്‍ ഗര്‍ഭിണികളില്‍ സിക ബാധിച്ചിട്ടുളളത്.
ധാരാളം വിനോദസഞ്ചാരികള്‍ എത്തുന്ന കരിബീയയില്‍ 11,000 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. സിക വൈറസ് നവജാത ശിശുക്കളെ തലച്ചോര്‍ വികാസത്തെ ബാധിക്കും. എന്നാല്‍ കൊളംബിയയില്‍ ഇതുവരെ ഇത്തരം പ്രശ്‌നങ്ങളുളള കുട്ടികള്‍ ജനിച്ചിട്ടില്ലെന്നും പ്രസിഡന്റ് സാന്റോസ് പറഞ്ഞു. വൈറസ് ബാധ തടയാനായി കൊതുകുവളരുന്നതിനുളള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശവും പ്രസിഡന്റ് നല്‍കിയിട്ടുണ്ട്. വെളളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്നും പുകയിടുന്നത് ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സിക അനിയന്ത്രിതമാം വിധം പടരുകയാണ്. സിക ബാധയെ തുടര്‍ന്ന് കൊളംബിയയില്‍ മൂന്ന് പേര്‍ മരിച്ചു. സിക വൈറസ് ബാധിച്ച് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി നഷ്ടപ്പെട്ടാണ് മരണം സംഭവിക്കുന്നത്. നാഡീവ്യൂഹത്തെ ഈ രോഗം ബാധിക്കുന്നു. ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെടാനും സിക വൈറസ് കാരണമാകുന്നു.
ഷിബു മാത്യു
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ യൂറോപ്പിലെ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നിന്നു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഹാപ്പി അച്ചന്‍ എന്നു വിളിക്കുന്ന
റവ. ഫാ. ഹാപ്പി ജേക്കബ് മലയാളം യുകെയില്‍ എഴുതുന്നു.
ശുദ്ധമുളള നോമ്പേ, സമാധാനത്താലെ വരിക…
നോയമ്പുകാലത്തേക്കുറിച്ചുള്ള വ്യക്തമായ ചിന്തകള്‍…
നോയമ്പിലെ എല്ലാ ഞായറാഴ്ചകളിലും മലയാളം യുകെയില്‍…
ക്രിസ്തീയ വിശ്വാസത്തില്‍ യൂറോപ്പില്‍ ജീവിക്കുമ്പോഴും ജീവിതത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ വ്യക്തമായി പ്രസ്താവിക്കപ്പെടുകയാണിവിടെ. യൂറോപ്പില്‍ പ്രശസ്തനായ ഹാപ്പിയച്ചന് ഈ നോയമ്പു കാലത്ത് യൂറോപ്പിലെ മലയാളികളായ എല്ലാ വിശ്വാസികളോടും പറയുവാന്‍ ഒരു പാടുണ്ട്.
ബ്രൈറ്റന്‍: ഈസ്റ്റ്ബോണ്‍ പിയറില്‍ ഇരുപത്തിയൊന്നുകാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ മലയാളി മാണി കുര്യന്‍ (50) കുറ്റവാളിയെന്ന്‍ കോടതി വിധിച്ചു. ഈസ്റ്റ്ബോണിലെ എറിഡ്ജ് റോഡില്‍ താമസിക്കുന്ന മാണി കുര്യന്‍ ഈ കേസില്‍ കുറ്റക്കാരന്‍ ആണെന്ന തീരുമാനത്തില്‍ ജൂറി എത്തിച്ചേരുകയായിരുന്നു. അഞ്ച് കൗണ്ട് ലൈംഗിക പീഡനത്തിനും ഒരു ശാരീരിക ഉപദ്രവത്തിനും ആണ് മാണി കുര്യന്‍ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയിട്ടുള്ളത്.
അര്‍ദ്ധരാത്രിയില്‍ വഴിയില്‍ കൂടി നടന്നുപോയ ബ്രിട്ടീഷ് യുവതിയെ മാനഭംഗപ്പെടുത്തിയ കേസിലാണ് മാണി കുര്യന്‍ അറസ്റ്റിലായത്. ബ്രൈറ്റന്‍ നഗരത്തിനടുത്ത ഈസ്റ്റ് ബോണില്‍ കടല്‍ തീരത്തുള്ള നടപ്പാതയിലൂടെ രാത്രി നടന്നു പോയ 21 കാരിയെ ബലാല്‍ക്കാരമായി കീഴ്‌പ്പെടുത്തി മാനഭംഗപ്പെടുത്തിയെന്ന കുറ്റമായിരുന്നു മാണി കുര്യനില്‍ ചുമത്തിയത്.
2014 ഒക്ടോബറില്‍ നടന്ന സംഭവത്തില്‍ സിസി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഏറെ വൈകിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇതോടെ തെളിവുകള്‍ ശേഖരിച്ചു അറസ്റ്റ് രേഖപ്പെടുത്തിയ ഈസ്റ്റ് സസക്‌സ് പൊലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
താന്‍ മുന്‍പ് കണ്ടിട്ടില്ലാത്ത ഏഷ്യന്‍ വംശജനായ പുരുഷനാണ് മാനഭംഗം ചെയ്തതെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സി സി ടി വി ദൃശ്യാ സഹായത്തോടെ അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തിയത്. ഇതിനായി രേഖാചിത്രം സഹിതമുള്ള ലുക്ക്ഔട്ട് നോട്ടീസും പോലീസ് ഇറക്കിയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 19 ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കാണ് സംഭവം നടന്നത്. ബലാത്സംഗം നടന്നതിനെ പറ്റിയുള്ള വാര്‍ത്ത പ്രദേശ വാസികളായ മലയാളികളില്‍ ചിലര്‍ അറിഞ്ഞിരുന്നെങ്കിലും മലയാളിയാണ് പ്രതിയെന്ന് അറിയുന്നത് അറസ്റ്റു നടന്നതോടെയായിരുന്നു.
കേസ് പൊലീസ് ഏറ്റെടുത്ത സമയത്ത് ഇവിടുത്തെ പ്രാദേശിക മാദ്ധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംഭവ സമയം യുവതി മദ്യലഹരിയില്‍ ആണെന്നും കരുതുന്നു. നടപ്പാതയുടെ അടിയിലേക്ക് യുവതിയെ വലിച്ചുകൊണ്ട് പോയി ബാലാല്‍ക്കാരമായി കീഴ്‌പ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് കേസ്. ഈ കേസില്‍ പലവട്ടം ദൃക്‌സാക്ഷികളെ തേടി പൊലീസ് അപ്പീല്‍ നടത്തിയിരുന്നു. മാണി കുര്യന്റെ രൂപസാദൃശ്യം വ്യക്തമായി മനസ്സിലാകുന്ന തരത്തിലാണ് പൊലീസ് പൊതുജന സഹായം അഭ്യര്‍ത്ഥിച്ചത്.
ഇക്കഴിഞ്ഞ ജൂലൈ 31 നു ആണ് മാണി കുര്യനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ബ്രൈറ്റന്‍ ല്യുവിസ് ക്രൌണ്‍ കോടതിയാണ് മാണി കുര്യന്‍ കുറ്റവാളിയാണെന്ന് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. മാണി കുര്യനുള്ള ശിക്ഷ കോടതി ഈ മാസം 26ന് പ്രഖ്യാപിക്കും.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ മൂന്ന് മലയാളികളാണ് യുകെയില്‍ മാനഭംഗക്കേസില്‍ ജയിലിലാകുന്നത്. നേരത്തേ ലിവര്‍പൂളില്‍ മലയാളി ഡോക്ടറെ പീഡനക്കേസില്‍ പോലീസ് അറസ്റ്റു ചെയ്യുകയും ആറ് വര്‍ഷത്തെ തടവിന് വിധിക്കുകയും ചെയ്തിരുന്നു. രണ്ടു നേഴ്‌സുമാര്‍ നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ അറസ്റ്റിലായത്. തുടര്‍ന്ന് നടന്ന വിചാരണയില്‍ ആറുവര്‍ഷം തടവിന് കോടതി വിധിക്കുകയായിരുന്നു.
ലണ്ടനില്‍ ടിവി താരത്തെ മാനഭംപ്പെടുത്തിയെന്ന കേസില്‍ മറ്റൊരു മലയാളിക്കും തടവ് ശിക്ഷ ലഭിച്ചിട്ടുണ്ട്. 2013 ലായിരുന്നു കോട്ടയം സ്വദേശിയായ സോബി ജോണിനെ പത്തുവര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചത്. സ്റ്റുഡന്റ് വീസയില്‍ എത്തിയശേഷം വീസയുടെ കാലാവധി തീര്‍ന്ന് നാട്ടിലേക്ക് തിരിച്ചുപോകാറായ ഘട്ടത്തിലാണ് കോട്ടയം സ്വദേശിയായ വിദ്യാര്‍ഥി മാനഭംഗക്കേസില്‍ അറസ്റ്റിലായത്. പത്തുവര്‍ഷത്തെ തടവിനാണ് കോടതി വിധിച്ചത്. ശിക്ഷാ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ഇന്ത്യയിലേക്ക് കയറ്റി അയക്കണമെന്നും വിധിയിലുണ്ട്. സ്റ്റുഡന്റ് വിസയില്‍ എത്തിയ യുവാവ് അര്‍ദ്ധരാത്രി കാമുകന് ഒപ്പം മദ്യപിച്ചു എത്തിയ യുവതിയെ ഹോട്ടല്‍ മുറിയില്‍ നുഴഞ്ഞുകയറി മാനഭംഗപ്പെടുത്തി എന്നായിരുന്നു കേസ്.
കുളിമുറിയിലും ഡ്രസ്സിംഗ് റൂമിലും ഒളിക്യാമറ വച്ച് ആയിരക്കണക്കിന് നഗ്ന വീഡിയോകള്‍ ചിത്രീകരിച്ചതിന് മറ്റൊരു മലയാളി ഇപ്പോള്‍ വിചാരണ നേരിട്ട് കൊണ്ടുമിരിക്കുകയാണ്.
Related News
ബലാത്സംഗ കേസില്‍ യുകെ മലയാളിയെ അറസ്റ്റ് ചെയ്തു റിമാന്‍ഡില്‍ വിട്ടു
ബലാത്സംഗ കേസില്‍ അറസ്റ്റിലായ യുകെ മലയാളിക്ക് കോടതി ജാമ്യം നിഷേധിച്ചു
കൊച്ചി: ബാര്‍ കോഴക്കേസില്‍ ഗൂഢാലോചന ആരോപിച്ച് വിജിലന്‍സ് എസ്പി സുകേശനും ബിജു രമേശിനുമെതിരേ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിനു കാരണമായ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് ഒരു വര്‍ഷത്തോളം പൂഴ്ത്തിവെച്ചതായി ആരോപണം. എറണാകുളം ക്രൈംബ്രാഞ്ച് എസ്പി നല്‍കിയ രഹസ്യറിപ്പോര്‍ട്ടാണ് എട്ടു മാസത്തിലേറെ നടപടിയൊന്നും എടുക്കാതെ പൂഴ്ത്തിവെച്ചത്. 2015 ഫെബ്രുവരി ആറിനാണ് എഡിജിപിയായ എസ്.ആനന്ദകൃഷ്ണന് എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി റിപ്പോര്‍ട്ട് കൈമാറിയത്. ബിജുരമേശും, സുകേശനുമായി വഴിവിട്ട ബന്ധമുണ്ടെന്നും, മൊഴി നല്‍കുവാനായി സാക്ഷികളെ സ്വാധീനിച്ചെന്നുമാണ് എസ്പിയുടെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്.
മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാര്‍ എന്നിവര്‍ക്ക് എതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന ഇപ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ സുകേശനെതിരെ നടപടിയുമായി രംഗത്ത് എത്തിയത്. തന്നോട് സഹകരിച്ചാല്‍ ചരിത്രത്തില്‍ നിങ്ങളുടെ പേരും തങ്കലിപിയില്‍ സ്ഥാനം പിടിക്കും എന്നായിരുന്നു കെ.എം മാണിക്ക് എതിരെ തെളിവുനല്‍കാനായി സുകേശന്‍ സാക്ഷികളോട് ആവശ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും ബിജു രമേശിന് സുകേശന്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി. ഇതിനായി ഇരുവരുടെയും ടെലിഫോണ്‍ വിവരങ്ങളുള്‍പ്പെടെയുളളവ പരിശോധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കെ.എം.മാണിക്ക് എതിരായ ആരോപണങ്ങളില്‍ അദ്ദേഹത്തിന്റെ രാജിവരെ ഉണ്ടായപ്പോഴും സര്‍ക്കാര്‍ സുകേശനെതിരെ നടപടിക്ക് മുതിര്‍ന്നിട്ടില്ലായിരുന്നു. വിജിലന്‍സ് കോടതിയില്‍ ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിജിലന്‍സിന്റെ ഉന്നതങ്ങളില്‍ നിന്ന് ഇടപെടലുണ്ടായതിനേത്തുടര്‍ന്ന് കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സുകേശന്‍ തന്നെ കേസ് അന്വേഷിക്കാനായിരുന്നു കോചതി ആവശ്യപ്പെട്ടത്. എന്നാല്‍ സുകേശന്‍ രണ്ടാമത് നല്‍കിയ റിപ്പോര്‍ട്ടില്‍ മാണിെ കുറ്റവിമുക്തനാക്കിയിരുന്നു. കേരള കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ജോസഫ് എം പുതുശേരിയുടെ പരാതിയിലാണ് സുകേശനെതിരെ ക്രൈംബ്രാഞ്ച് രഹസ്യാന്വേഷണം നടത്തിയത്.
വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ ചരിത്രത്തില്‍ ചരിത്രപരം എന്നു വിശേഷിപ്പിക്കാവുന്ന ഒരു കൂടിക്കാഴ്ചയ്ക്ക് ഈ മാസം ക്യൂബ സാക്ഷ്യം വഹിക്കും. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനമാണ് വേദി. റഷ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ തലവനായ പാട്രിയാര്‍ക്ക് കിറിലുമായുള്ള കൂടിക്കാഴ്ച ഈ സന്ദര്‍ശനത്തിനിടെ നടക്കുമെന്നാണ് സൂചന. ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് കത്തോലിക്കാ സഭയുമായി പിരിഞ്ഞ ശേഷം ഇരുമതമേധാവികളും തമ്മിലുളള ആദ്യ കൂടിക്കാഴ്ചയാണിത്. ഈ മാസം പന്ത്രണ്ടിന് ഹവാനയിലെത്തുന്ന പോപ്പിനെ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ സ്വീകരിക്കും. പിന്നീടാണ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മേധാവി പാട്രിയാര്‍ക് കിറിലുമായി അദ്ദേഹം സ്വകാര്യ സംഭാഷണം നടത്തുന്നത്.
ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ വിഭജനവും തുടര്‍ന്നുളള സംഘര്‍ഷങ്ങളും അയയുന്നു എന്നതിന്റെ സൂചനയാണ് ഈ കൂടിക്കാഴ്ചയെന്ന് വിലയിരുത്തലുണ്ട്. രണ്ട് കൊല്ലം നീണ്ട നയതന്ത്ര ചര്‍ച്ചകള്‍ക്ക് ശേഷം നടക്കുന്ന ഈ കൂടിക്കാഴ്ചക്ക് അത് കൊണ്ട് തന്നെ അസാധാരണമായ പ്രാധാന്യമുണ്ടെന്ന് വത്തിക്കാന്‍ വക്താവ് ഫെഡറികോ ലോംബാര്‍ഡി പറയുന്നു. ഷൂസേ മാര്‍ട്ടി രാജ്യാന്തര വിമാനത്താവളത്തിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുളളത്. രണ്ട് മണുക്കൂറോളം ഇരു മതനേതാക്കളും ചര്‍ച്ച നടത്തുമെന്നാണ് സൂചന. ഇത്രയും ദൈര്‍ഘ്യമായ കൂടിക്കാഴ്ച ലോകനേതാക്കള്‍ക്ക് പോലും പോപ്പ് അനുവദിച്ചിട്ടില്ല. മിക്ക നേതാക്കളുമായും ഒരു മണിക്കൂറില്‍ താഴെയാണ് ചര്‍ച്ചകള്‍ നടത്തുക.
ചര്‍ച്ചകള്‍ക്ക് ശേഷം ഇരുമതമേലധ്യക്ഷന്‍മാരും ചില കരാറുകളില്‍ ഒപ്പിടും. റഷ്യനിലും ഇറ്റാലിയനിലും തയാറാക്കിയ ഈ കരാറുകളിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പിന്നീട് ഇരുവരും സംയുക്ത പ്രസ്താവന നടത്തുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യും. കൂടിക്കാഴ്ച പോപ്പിന്റെ റഷ്യന്‍ സന്ദര്‍ശനത്തിലേക്ക് നയിച്ചേക്കുമെന്ന അഭ്യൂഹവും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം വത്തിക്കാന്‍ സ്ഥിരീകരിച്ചിട്ടില്ല. ഇരുമതനേതാക്കള്‍ക്കും ചര്‍ച്ച നടത്താന്‍ പറ്റിയ ഒരു നിഷ്പക്ഷ രാജ്യമാണ് ക്യൂബയെന്നും ലൊംബാാര്‍ഡി ചൂണ്ടിക്കാട്ടി. ഇരുവര്‍ക്കും ഇത് ഏറെ സ്വീകാര്യമായ നിര്‍ദേശമായിരുന്നു. ക്രില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് ക്യൂബയില്‍ എത്തുന്നത്. എന്നാല്‍ പോപ്പ് മെക്‌സിക്കോയിലെക്കുളള യാത്രയ്ക്കിടെ ക്യൂബയില്‍ ഇറങ്ങുകയാണ്.
യൂറോപ്പില്‍ വച്ചുളള കൂടിക്കാഴ്ചയ്ക്ക് ക്രില്ലിന് യാതൊരു താല്‍പര്യവും ഉണ്ടായിരുന്നില്ല. ക്രൈസ്തവര്‍ക്കിടയിലുണ്ടായ വിഭജനത്തിന്റെയും പോരാട്ടങ്ങളുടെയും ചരിത്രം ഓര്‍മിപ്പിക്കുന്ന യൂറോപ്പിലേക്ക് വരാന്‍ ക്രില്‍ മടിക്കുന്നതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. തീവ്രവാദം ക്രൈസ്തവ സമൂഹത്തെ ഇല്ലാതാക്കാനൊരുങ്ങുന്ന ഈ വേളയില്‍ ഒന്നിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കിയാണ് ഇരുസഭകളും ഇപ്പോള്‍ ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുന്നത് എന്ന നിരീക്ഷണമുണ്ട്. ഇരുപക്ഷത്തെയും അഭിപ്രായ ഭിന്നതകള്‍ ഈ സാഹചര്യത്തില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതുണ്ടെന്നും അഭിപ്രായം ഉയരുന്നു. ഏതായാലും വരാനിരിക്കുന്ന ചര്‍ച്ചകളെ ഇരുപക്ഷവും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ലണ്ടന്‍: സ്വകാര്യ ബിസിനസ് കോളേജായ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് ആന്‍ഡ് ഫിനാന്‍സിന് അംഗീകാരം നഷ്ടമായ സാഹചര്യത്തില്‍ 350 രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ രാജ്യം വിട്ടുപോകണമെന്ന് നിര്‍ദേശം. അടുത്തമാസം അവസാനത്തോടെ ഇവര്‍ രാജ്യം വിടണമെന്നാണ് നിര്‍ദേശം. വിദേശ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുളള ലണ്ടന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് ആന്‍ഡ് ഫിനാന്‍സിന്റെ അവകാശം പുനഃപരിശോധിക്കുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. 8500 പൗണ്ട് ഫീസ് അടച്ചു ചേര്‍ന്ന കോഴ്‌സ് പൂര്‍ത്തിയാക്കാനാകുമോയെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. യോഗ്യതനേടിയ എല്ലാവിദ്യാര്‍ത്ഥികള്‍ക്കും കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കുമെന്നാണ് കോളേജ് അധികൃതരുടെ നിലപാട്.
ഇവിടെ പഠിക്കുന്ന കുട്ടികള്‍ മതിയായ യോഗ്യത നേടിയവരാണെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കുന്നു. കോളേജിലെ പകുതിയിലേറെ കുട്ടികള്‍ക്കും ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം കിട്ടിക്കഴിഞ്ഞു. ഫീസ് നഷ്ടപ്പെടുന്ന അവസ്ഥ യൂറോപ്പിലുണ്ടാകുമെന്ന് കരുതിയതല്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പ്രശ്‌നം വേണ്ട വണ്ണം നേരിടാന്‍ കോളേജ് അധികൃതര്‍ തയാറാകുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കോഴ്‌സിന്റെ കാലാവധി കുറച്ച് മാര്‍ച്ച് മാസത്തോടെ കോഴ്‌സ് പൂര്‍ത്തായാക്കാമെന്നാണ് കോളേജ് അധികൃതര്‍ നല്‍കുന്ന വാഗ്ദാനം. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ആശങ്ക പ്രകടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളുടെ രേഖകളെല്ലാം പരിശോധിച്ച് കഴിഞ്ഞതാണ്. ഇവര്‍ വീണ്ടും പ്രവേശനത്തിനായി പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട കാര്യമില്ലെന്നും കോളേജ് വ്യക്തമാക്കി. പോയിവരാനോ ഇവിടത്തന്നെ തുടരാനോ ഇവര്‍ അര്‍ഹരാണെന്നും കോളേജ് അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ താമസ വിസകള്‍ തിരികെ നല്‍കണമെന്നും രാജ്യത്ത് ജോലി ചെയ്യാനാകില്ലെന്നും ബ്രിട്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് പുറത്ത് നിന്നുളള വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിനുളള നിയമങ്ങള്‍ കോളേജ് അധികൃതര്‍ ലംഘിച്ചതായാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ആരോപണം. എന്നാല്‍ മന്ത്രാലയത്തിന്റെ കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നാണ് കോളേജ് അധികൃതരുടെ പ്രതികരണം. ഇവിടെ പ്രവേശനം നേടിയിട്ടുളള വിദ്യാര്‍ത്ഥികളിലേറെയും ഉയര്‍ന്ന യോഗ്യതയുളളവരാണ്. മിക്കവരുടെയും കോഴ്‌സുകള്‍ അടുത്തമാസം തന്നെ അവസാനിക്കുകയും ചെയ്യും. ദീര്‍ഘകാല കോഴ്‌സിന് ചേര്‍ന്നിട്ടുളള അഞ്ചോ ആറോ പേരെ ഫ്രാന്‍സിലോ ഇറ്റലിയിലോ ഉളള തങ്ങളുടെ സഹോദര സ്ഥാപനങ്ങളിലേക്ക് മാറ്റാമെന്നും അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ കോഴ്‌സുകള്‍ നേരത്തെ അവസാനിപ്പിക്കാനും കുട്ടികളെ മറ്റിടങ്ങളിലേക്ക് മാറ്റാനുമുളള തീരുമാനം ശരിയല്ലെന്നാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ അഭിപ്രായം. രാജ്യാന്തര വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാനാവശ്യമായ നടപടികള്‍ കൈക്കൊളളണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തിലുളള നീതി നിഷേധങ്ങള്‍ രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ കാലങ്ങളായി അനുഭവിച്ച് പോരുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.
ലണ്ടന്‍: രാജ്യത്ത് ചെറുപ്പക്കാരുടെ ഇടയില്‍ ആത്മഹത്യാനിരക്ക് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ആണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തു വിട്ടത്. 2010ന് ശേഷം പത്തിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുളളവരുടെ ആത്മഹത്യകളില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 2014ല്‍ മാത്രം പത്തിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുളള 5504 പേര്‍ സ്വയം ജീവനൊടുക്കി. തൊട്ടുമുമ്പത്തെ കൊല്ലം ഇത് 240 മാത്രമായിരുന്നു. തങ്ങള്‍ എന്നന്നേക്കുമായി ഇല്ലാതാകുകയാണെന്ന കാര്യം ആത്മഹത്യയിലേക്ക് നീങ്ങുന്ന പല കൗമാരക്കാരും മനസിലാക്കുന്നില്ലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മുതിര്‍ന്നവര്‍ തങ്ങള്‍ക്ക് മുന്നിലുളള യാഥാര്‍ത്ഥ്യങ്ങള്‍ കൂടി ഉള്‍ക്കൊണ്ടാണ് ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നത്. എന്നാല്‍ കുട്ടികള്‍ പെട്ടെന്ന് വികാരങ്ങള്‍ക്ക് അടിമപ്പെടുന്നു. അതുകൊണ്ടാണ് അവര്‍ കൂടുതല്‍ ആലോചനകളില്ലാതെ ആത്മഹത്യ തെരഞ്ഞെടുക്കുന്നത്. മുതിര്‍ന്നവരുടെ തലച്ചോറിന് പ്രശ്‌നങ്ങളെ പരിഹരിക്കാനും വിലയിരുത്താനുമുളള കഴിവുകള്‍ ഉണ്ട്. രാജ്യത്തെ പല കൗമാര ആത്മഹത്യകളും വലിയ തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നു.
പതിനേഴുകാരായ രണ്ടു പെണ്‍കുട്ടികളുടെ ആത്മഹത്യ രാജ്യത്ത് അടുത്തിടെ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഒരേ സ്‌കൂളില്‍ പഠിച്ചിരുന്ന ഈ പെണ്‍കുട്ടികളുടെ മരണങ്ങള്‍ തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോയെന്ന് പൊലീസ് ഇപ്പോള്‍ പരിശോധിച്ച് വരികയാണ്. അമിതമായി മരുന്ന് കഴിച്ചാണ് ഇവരിലൊരാള്‍ മരിച്ചത്. മറ്റേയാള്‍ വീടിനുളളില്‍ തൂങ്ങി മരിക്കുകയായിരുന്നു. കഴിഞ്ഞ മാസം മുപ്പത്തൊന്നിനായിരുന്നു സംഭവം.
അതേസമയം ആത്മഹത്യാനിരക്കിലെ വര്‍ദ്ധനയ്ക്ക് കാരണമെന്താണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് വിദ്ഗ്ദ്ധര്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടികളേക്കാള്‍ നാല് മടങ്ങ് കൂടുതല്‍ ആണ്‍കുട്ടികളാണ് ആത്മഹത്യ തെരഞ്ഞെടുക്കുന്നത്. പശ്ചിമ മേഖലയിലെലെ ഉള്‍നാടുകളിലാണ് കൗമാരക്കാര്‍ കൂടുതലും ആത്മഹത്യ ചെയ്യുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സാമൂഹ്യമായി ഒറ്റപ്പെട്ട മേഖലയായ ഇവിടെ മാനസികാരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ വളരെ കുറവാണ്. ആത്മഹത്യകള്‍ക്ക് പിന്നില്‍ സൈബര്‍, സാമ്പത്തിക കാരണങ്ങളാകാമെന്ന നിരീക്ഷണവും ഉണ്ട്.
സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കപ്പെടുന്നത് ആത്മഹത്യയ്ക്ക് കാരണമാകുന്നതായി കരുതുന്നു. ഈ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ പഠിക്കേണ്ടതാണെന്നാണ് വിദ്ഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആത്മഹത്യാ പ്രവണതയുളളവര്‍ക്കോ അവരുടെ മാതാപിതാക്കള്‍ക്കോ നാഷണല്‍ സൂയിസൈഡ് ഹോട്ട്‌ലൈനിന്റെ സഹായം തേടാവുന്നതാണ്. സഹായത്തിനായി 1-800-273-8255 എന്ന നമ്പരില്‍ വിളിക്കാം.