Main News

ലണ്ടന്‍∙ കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിന്? ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള സിനിമാപ്രേമികള്‍ ഇതിന്റെ ഉത്തരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എന്നാല്‍ ബ്രിട്ടനില്‍ എലിസബത്ത് രാജ്ഞിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആകും ആദ്യം ഈ രഹസ്യം കാണുക. എസ് എസ് രാജമൗലിയുടെ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ പ്രീമിയര്‍ ഷോ ഏപ്രില്‍ 24-ന് യുകെയിലാണു നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയും എലിസബത്ത് രാജ്ഞിയും പ്രദര്‍ശനത്തിനെത്തുമെന്നാണു റിപ്പോര്‍ട്ട്. ഏപ്രില്‍ 28-നാണ് ചിത്രം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്നത്.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ഏഴുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ലണ്ടനില്‍ ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ബക്കിങ്ഹാം കൊട്ടാരത്തില്‍ രാജ്ഞി ഇന്ത്യ-യുകെ. സാംസ്‌കാരിക വാര്‍ഷാചരണത്തിന് തുടക്കം കുറിച്ചിരുന്നു.

ലണ്ടന്‍: ബ്രിട്ടനില്‍ നിലവിലുള്ള ടെലിവിഷന്‍ ലൈസന്‍സ് ഫീസ് 145.50 പൗണ്ടില്‍നിന്നും 147 പൗണ്ടായി ഉയര്‍ത്തി. 1.50 പൗണ്ടിന്റെ വര്‍ധന ഈ വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തിലാകും. 2010നുശേഷമുള്ള ആദ്യ വര്‍ധനയാണിത്. 2017 മാര്‍ച്ച് 31 വരെ ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കില്ലെന്ന് മുന്‍ സര്‍ക്കാരിന്റെ തീരുമാനം ഉണ്ടായിരുന്നു. ഈ കാലാവധി അവസാനിക്കുന്ന അന്നുതന്നെ വര്‍ധന നിലവില്‍ വരികയാണ്. വരുംവര്‍ഷങ്ങളില്‍ പണപ്പെരുപ്പത്തിന്റെ നിരക്കനുസരിച്ച് ഫീസില്‍ ആനുപാതികമായ വര്‍ധനയുണ്ടാകും.
ഏപ്രില്‍ ഒന്നിനുശേഷം ലൈസന്‍സ് പുതുക്കുന്നവര്‍ക്കാകും പുതിയ നിരക്ക് ബാധകമാകുക. നിലവില്‍ മാസവരി അടയ്ക്കുന്നവര്‍ക്ക് അത് തീരുന്നതുവരെ പഴയനിരക്ക് തുടരും. ലൈസന്‍സ് പിരിക്കാന്‍ ചുമതലപ്പെട്ടവര്‍ വൃദ്ധരായവരെയും ഫീസ് അടയ്ക്കാന്‍ ബുദ്ധിമുട്ടുന്നവരെയും അനാവശ്യമായി അലട്ടുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ കഴിഞ്ഞദിവസം ബിബിസി. ഡയറക്ടര്‍ ജനറല്‍ ഉത്തരവിട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ലൈസന്‍സ് ഫീസ് വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനം പുറത്തുവന്നിരിക്കുന്നത്.

സര്‍ക്കാര്‍ അധീനതയിലുള്ള കോര്‍പറേഷനായ ബിബിസി.യുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായാണ് വികസ്വരരാഷ്ട്രങ്ങളില്‍പോലും ഇല്ലാത്ത ലൈസന്‍സ് ഫീസ് സംവിധാനം ബ്രിട്ടനില്‍ ഇപ്പോഴും തുടരുന്നത്. ഇതിനെതിരേ വ്യാപകമായ പ്രതിഷേധം രാജ്യമെങ്ങും ശക്തമാണ്. അടുത്തിടെ ടെലിവിഷന്‍ ലൈസന്‍സ് ഫീസ് സമ്പ്രദായം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരുലക്ഷത്തിലധികം ആളുകള്‍ ഒപ്പിട്ട നിവേദനം പാര്‍ലമെന്റ് പെറ്റീഷന്‍സ് കമ്മിറ്റിയുടെ വെബ്‌സൈറ്റിലൂടെ സര്‍ക്കാരിനു മുന്നിലെത്തിയിരുന്നു. ഇതിനോട് അനുകൂലമായ പ്രതികരണമല്ല സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. എങ്കിലും ഒരുലക്ഷത്തിലധികം ആളുകള്‍ ഒപ്പിട്ട സാഹചര്യത്തില്‍ ഇക്കാര്യം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനിരിക്കുകയാണ്. അതിനിടെയാണ് ഫീസ് വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനം വന്നിരിക്കുന്നത്.

ടെലിവിഷനിലൂടെയോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെയോ ബിബിസി. ഉള്‍പ്പെടെയുള്ള ചാനലുകളുടെ സംപ്രേക്ഷണം ആസ്വദിക്കണമെങ്കില്‍ ലൈസന്‍സ് അനിവാര്യമാണ്. നിയമപരമായ ബാധ്യതയായ ഇത് ലംഘിച്ചാല്‍ ആയിരം രൂപവരെ പിഴയും പിഴയൊടുക്കാതിരുന്നാല്‍ മൂന്നുമാസം വരെ ജയില്‍ശിക്ഷയും ലഭിക്കാം. പിഴയ്‌ക്കൊപ്പം കോടതിച്ചെലവും ഉപയോക്താക്കള്‍ നല്‍കണം.

കാരൂര്‍ സോമന്‍ ചാരുംമൂട്റോമന്‍ സാമ്രാജ്യത്തിന്റെ ക്രൂരതകളുടെ ഓര്‍മ്മപ്പെടുത്തലും അടയാളവുമാണ് രക്തനിലമായ റോമിലെ കൊളോസിയം. ആകാശത്തോളവും ഉയര്‍ന്നു നില്ക്കുന്ന ഈ അത്ഭുതഗോപുരത്തിലേക്ക് ഹൃദയത്തില്‍ അലയടിക്കുന്ന ദുരന്തസ്പന്ദനങ്ങളുമായി ഞാന്‍ നിന്നു. മനുഷ്യനും വന്യമൃഗങ്ങളുമായി ഏറ്റുമുട്ടുന്ന രക്തനാടക ശക്തിയുടെ പരീക്ഷണശാല. കുറ്റവാളികള്‍ മൃഗവുമായി ഏറ്റുമുട്ടി മരണപ്പെട്ടാല്‍ ആ ശരീരം മൃഗത്തിന് ഭക്ഷണമാണ്. കുറ്റവാളികള്‍ മൃഗവുമായി ഏറ്റുമുട്ടി ജയിച്ചാല്‍ അയാള്‍ക്ക് മോചനം ലഭിക്കും. ക്രിസ്തീയ വിശ്വാസികളും കുറ്റവാളികളുടെ പട്ടികയിലുണ്ട്. അവരെല്ലാം രക്തസാക്ഷികളായി മൃഗങ്ങളുടെ മുന്നില്‍ ജീവന്‍ ഹോമിച്ചവരാണ്. മനുഷ്യരും മൃഗങ്ങളുമായി ഏറ്റുമുട്ടുന്നതും മല്ലന്മാര്‍ പരസ്പരം ഏറ്റുമുട്ടി മരണം വരിക്കുന്നതും ഒരു വിനോദമായിട്ടാണ് റോമന്‍ ചക്രവര്‍ത്തിമാര്‍ കണ്ടിരുന്നത്. കൊളോസിയത്തിന്റെ മുന്നിലുളള റോഡരികില്‍ ഇറ്റലിയുടെ പ്രകൃതിഭംഗിക്ക് മാറ്റുകൂട്ടുന്ന മനോഹരമായ പയിന്‍കുട മരങ്ങള്‍ നിരനിരയായി രണ്ടോ മൂന്നോ ശാഖകളായി ഒരു കുടപോലെ ആകാശത്തേക്കുയര്‍ന്ന് നില്ക്കുന്നത് ഒരു കൗതുകകരമായ കാഴ്ചയാണ്. റോമ നഗരം കത്തിയെരിഞ്ഞപ്പോള്‍ ആകാശത്തേക്കുയര്‍ന്ന അഗ്നിജ്വാലകള്‍പോലെ വീണ വായിച്ചു രസിച്ച നീറോ ചക്രവര്‍ത്തിയെപ്പോലെയുളളവര്‍ക്ക് മനുഷ്യവര്‍ഗ്ഗത്തിന്റെ പ്രതിനിധിയായി എങ്ങനെ ഭരിക്കാന്‍ കഴിഞ്ഞുവെന്നതും ഇന്നും ഒരു ചോദ്യചിഹ്നമാണ്. റോമന്‍ ചക്രവര്‍ത്തിമാരുടെ റോമാന്റിക്ക് നാടക അരങ്ങില്‍ ഒഴുകിയത് മനുഷ്യമൃഗങ്ങളുടെചൂടുളള രക്തമായിരുന്നു. സുഖലോലുപനായി ജീവിച്ച നീറോ റോമിന്റെ ഹൃദയഭാഗത്ത് കൂടുതല്‍ ഉല്ലാസത്തിനായി തീര്‍ത്തതാണ് ഗോള്‍ഡന്‍ ഹൗസ്.

b

രാജഭരണത്തില്‍ മനംനൊന്തു കഴിഞ്ഞിരുന്ന ജനങ്ങള്‍ എ.ഡി. 68-ല്‍ പട്ടാളത്തെ കൂട്ടുപിടിച്ച് നീറോയെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിവരുമ്പോള്‍ ഹിറ്റ്‌ലറെപ്പോലെ ഒളിച്ചോടി ആത്മഹത്യചെയ്യുകയായിരുന്നു. നീറോയിക്ക് ശേഷം വന്ന ചക്രവര്‍ത്തി ഗോള്‍ഡന്‍ ഹൗസിന് അടുത്തായി ഒരു പടുകൂറ്റന്‍ ആംഫീ തിയേറ്റര്‍ നിര്‍മ്മിച്ചു. അവിടെ നീറോയുടെ കൊളോസ് എന്ന പേരിലുളള ഒരു ചെമ്പ് പ്രതിമയുണ്ടായിരുന്നു. അത് പിന്നീട് കൊളോസിയം എന്ന പേരില്‍ ലോക പ്രശസ്തി നേടി. ആ പ്രതിമ നശിപ്പിച്ചുവെങ്കിലും ഈ പേര് ഇന്നും ജീവിക്കുന്നു. കോളോസിയത്തിന്റെ അസാധാരണത്വം കണ്ടുനില്‌ക്കെ നീറോ കൊളോസിയത്തെ പ്രതിനിധീകരിച്ച് ആകാശമേഘങ്ങള്‍ ഇളകിതെറിക്കുകയും ഭൂമിയെ വിറപ്പിച്ചുകൊണ്ട് ഇടിയും മിന്നലും കാറ്റും ഉണ്ടായി. കൊളോസിയത്തിന്റെ ബീഭത്സകരൂപം മഴയിലും ഇടിമിന്നലിലും കണ്ടു. എന്റെ കൈയിലിരുന്ന കുട കാറ്റില്‍ കുടകമ്പികളായി മാറി. മരങ്ങളുടെ കമ്പുകള്‍ ഒടിഞ്ഞുവീണു. മരത്തിനടുത്തുനിന്നവര്‍ അടുത്ത കെട്ടിടത്തിലേക്ക് ഓടി. ചില പക്ഷികള്‍ മണ്ണില്‍ ചിറകൊടിഞ്ഞു വീണു. ബംഗ്‌ളാദേശികള്‍ തല മുതല്‍ പാദം വരെയണിയുന്ന പ്‌ളാസ്റ്റിക്കുമായി ഒരോരുത്തരെ സമീപിച്ചു. ഞാനും ഒരെണ്ണം വാങ്ങി ശരീരത്തണിഞ്ഞു. പ്‌ളാസ്റ്റിക്ക് ശരീരങ്ങളെ വലിഞ്ഞുമുറുക്കി. കേരളത്തിലും ലോകത്തിന്റെ പല ഭാഗങ്ങളിലും കോരിച്ചൊരിയുന്ന മഴയും ഇടിമിന്നലും കണ്ടിട്ടുണ്ട്. ആദ്യമായിട്ടാണ് കാതുപിളര്‍ക്കുന്ന വിധമുളള ഇടിയും മഴയും മനുഷ്യരെ കാറ്റില്‍ പറത്തുന്ന കൊടുംങ്കാറ്റും കണ്ടത്. കൊളോസിയത്തിലെ മനുഷ്യത്വത്തിന് വന്നു ചേര്‍ന്ന മൃഗീയത ഇവിടുത്തെ ഇടിമിന്നലിലും മഴയിലും ഞാന്‍ നിരീക്ഷിക്കയുണ്ടായി.

c
കൊളോസിയത്തിനുളളിലേക്ക് പ്രവേശിച്ചാല്‍ ശ്രദ്ധയില്‍പ്പെടുന്നത് ഭീമാകാരമായ തൂണുകളും കരിംങ്കല്ലുകളുമാണ്. പഴമയുടെ മണവും പ്രൗഢവുമായ ഇടനാഴികള്‍ മുകളിലേക്ക് പോകാന്‍ കരിങ്കല്ലുപാകിയ സ്റ്റെപ്പുകളുണ്ട്. അതിന്റെ ഒരു കോണില്‍ ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഏ.ഡി.70-കളില്‍ 50,000 പേര്‍ക്ക് ഇരിക്കാവുന്ന ഇരിപ്പിടമാണ് കൊളോസിയത്തിനുളളത്. അതില്‍ ഉന്നതര്‍ക്കും പട്ടാള മേധാവികള്‍ക്കും ചക്രവര്‍ത്തിക്കും പ്രതേ്യക ഇരിപ്പിടങ്ങളുണ്ട്. കൊളോസിയത്തിന്റെ ചരിത്രമറിയാത്തവര്‍ക്ക്‌പോലും അതിനുളളില്‍ കടന്നാല്‍ മനസ്സില്‍ പ്രത്യക്ഷമായി അനുഭവപ്പെടുന്നതും ഭയം തന്നെയാണ്. അതിന്റെ കാര്യവും കാരണവും മറ്റൊന്നുമല്ല. വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുളളപോരാട്ടങ്ങളും രക്തചൊരിച്ചിലുമാണ്. കൊടുംകുറ്റവാളികളെ, ക്രിസ്തീയവിശ്വാസികളെ മൃഗങ്ങള്‍ക്ക് ഭക്ഷണമായി കൊടുത്തിരുന്നു. യൂറോപ്പിലെ പ്രശസ്തരായ ഗ്‌ളാഡിയേറ്റന്‍ന്മാര്‍ക്ക് തങ്ങളുടെ പേശിബലം തെളിയിക്കാനുളള ഒരു വേദി കൂടിയായിരുന്നു കൊളോസിയം. ഈ ക്രൂരതകള്‍ കണ്ടിരുന്ന് രസിച്ചവരില്‍ ചക്രവര്‍ത്തിമാര്‍ മാത്രമല്ല ജനങ്ങളുമുണ്ടായിരുന്നു. ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതല്‍ രക്തസാക്ഷിത്വം വഹിച്ചിട്ടുളളതിന്റെ തെളിവുകള്‍ കൊളോസിയത്തില്‍ നിന്ന് പുരാവസ്തു ഗവേഷകള്‍ കണ്ടെത്തിയിട്ടുണ്ട്. കൊളോസിയത്തിന്റെ മുകളില്‍ നിന്ന് താഴെക്ക് നോക്കുമ്പോള്‍ മേല്‍ക്കൂരയില്ലാത്ത നൂറുകണക്കിന് ചെറിയ മുറികളും, നടപ്പാതകളും, ഇരുമ്പുഗേറ്റുകളും കാണാം. ഇവിടെയാണ് മൃഗങ്ങളെയും കുറ്റവാളികളെയും ക്രിസ്തീയ വിശ്വാസികളെയും പാര്‍പ്പിച്ചിരുന്നത്. ഈ അഗാധഗര്‍ത്തം ഏകദേശം മുപ്പത് തൊടിയുളള ഒരു കിണറിന്റെ താഴ്ച കാണാം. ഇതിന്റെ ഒരു ഭാഗത്തായി വലിയൊരു കുരിശ് കാണാം. ദു:ഖവെളളിയാഴ്ച പോപ്പ് നടത്തുന്ന കുരിശിന്റെ വഴിയില്‍ കൊളോസിയവുമുണ്ട്. കൊളോസിയത്തില്‍ നിന്ന് പുറത്ത് വരുമ്പോള്‍ മൗനനൊമ്പരങ്ങള്‍ മാറി പ്രകൃതി സുഖകരമായ ഒരനുഭവമാണ് അനുഭവപ്പെട്ടത്. പുറത്ത് സഞ്ചാരികള്‍ക്കൊപ്പം നിന്ന് അഭിനവ ഗ്‌ളാഡിയേറ്റര്‍മാര്‍ ഫോട്ടോ എടുക്കുന്നു. ഒരു കഠാര കൈയില്‍ തന്നിട്ട് അടുത്ത് നില്ക്കുന്നവനെ കുത്തുന്ന രംഗം ഞാനും ആ രംഗം അഭിനയിച്ച് ഫോട്ടോ എടുത്തു. കൊളോസിയം സ്ഥിതി ചെയ്യുന്നത് റോമന്‍ഫോറത്തിലാണ്.

പുരാതന റോമിന്റെ സാമൂഹ്യ-സാമ്പത്തിക സിരാകേന്ദ്രമായിരുന്നു റോമന്‍ ഫോറം. റോമന്‍ ഭരണകാലം ജനങ്ങള്‍ ഭയന്നാണ് കഴിഞ്ഞത്. കൊളോസിയം അവരുടെ മുന്നില്‍ മരണത്തിന്റെ വാതിലാണ്. അതിന്റെ മൂര്‍ത്തഭാവങ്ങളാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്. ചക്രവര്‍ത്തിഭരണത്തിനെതിരെ ശബ്ദിച്ചാല്‍ തല കാണില്ലെന്ന് ജനങ്ങള്‍ക്കറിയാം. എന്നുമെന്നും പീഢനങ്ങള്‍ ഏറ്റുവാങ്ങി കുനിഞ്ഞ ശിരസ്സുമായി ജീവിക്കുന്ന അടിമകളുടെ ലോകം. ഇവിടേക്കാണ് ഒരു കൊടുങ്കാറ്റുപ്പോലെ ക്രിസ്തു ശിഷ്യനായ സെന്റ് പീറ്റര്‍ കടന്നുവരുന്നത്. ചക്രവര്‍ത്തിമാരുടെ സുഖലോലുപത, ദേവിദേവന്മാരുടെ പ്രതിമകളുണ്ടാക്കി നടത്തുന്ന അന്ധവിശ്വാസ ആചാരങ്ങള്‍, നരബലി, മൃഗബലി ഇവയ്‌ക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു. പാവങ്ങളെ പീഡിപ്പിക്കുന്ന ഭരണാധിപന്മാരെ പുറത്താക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരണമെന്ന് റോമയിലെങ്ങും അദ്ദേഹം ആഹ്വാനം ചെയ്തു. ഈ പൈശാചിക ശക്തികള്‍ക്കെതിരെ ആഞ്ഞടിച്ചതിന്റെ ഫലമായി അദ്ദേഹത്തെ അവര്‍ ക്രൂരമായി കൊലപ്പെടുത്തി. സെന്റ് പീറ്റര്‍ അന്ത്യവിശ്രമം കൊളളുന്ന സെന്റ് പീറ്റര്‍ ബസിലിക്കയിലേക്ക് ബസ്സില്‍ ഞാന്‍ യാത്ര തിരിച്ചു.

തിരുവനന്തപുരം: കൈരളി ടിവിക്കും ദേശാഭിമാനി ദിനപ്പത്രത്തിനും തിരുവനന്തപുരത്ത് കൂറ്റന്‍ ഓഫീസ് ഉണ്ടായത് ലീഗ് നേതാവിന്റെ സഹായത്തോടെയെന്ന് നിയമസഭയില്‍ പിണറായി വിജയന്‍. ലീഗ് എംഎല്‍എ ടി.എ അഹമ്മദ് കബീറിന്റെ ചോദ്യത്തിന് മറുപടിയായാണ് പിണറായി ഇക്കാര്യം പറഞ്ഞത്. ദേശാഭിമാനിക്ക് എങ്ങനെയാണ് കൂറ്റന്‍ കെട്ടിടങ്ങളും ഓഫിസും ഉണ്ടായതെന്ന് നാട്ടിലെ ജനങ്ങള്‍ക്കറിയാം. കൈരളിയുടെ കാര്യം നിങ്ങള്‍ നിങ്ങളുടെ നേതാവിനോട് ചോദിക്കുക എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഇന്നലെയാണ് നിയമസഭയില്‍ ഇക്കാര്യം ചര്‍ച്ചയായത്. പിന്നാലെ മുഖ്യമന്ത്രി തന്നെ കാര്യം വിശദമാക്കി. കൈരളി രൂപം കൊളളുമ്പോള്‍ പണപ്പിരിവിനും മറ്റും മുന്നില്‍ നില്‍ക്കാന്‍ ഒരാള്‍ ഉണ്ടായിരുന്നു. പി.വി അബ്ദുള്‍ വഹാബ് ആണെന്ന് തോന്നുന്നു. അയാളെ ഇപ്പോള്‍ നിങ്ങളുടെ പാര്‍ട്ടിയുടെ എന്തോ ഭാരവാഹിയായി തെരഞ്ഞെടുത്തിട്ടുണ്ടെന്നായിരുന്നു പിണറായിയുടെ വിശദീകരണം.

മുഖ്യമന്ത്രിയുടെ മറുപടിക്ക് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ പി.കെ കുഞ്ഞാലിക്കുട്ടി സ്ഥിരീകരണവും നല്‍കി. ശരിയാണ്, ഒരു പുതിയ ചാനല്‍ വന്നപ്പോള്‍ വഹാബ് സാഹിബും ഞങ്ങളും കെഎംസിസിയും ഒക്കെ സഹായിച്ചിട്ടുണ്ട്. അതൊരു മര്യാദയെന്നായിരുന്നു വിശദീകരണം.

ലണ്ടന്‍: ഫാസ്റ്റ് ഫുഡ് പ്രേമികള്‍ക്ക് ഞെട്ടല്‍ സമ്മാനിച്ചുകൊണ്ട് പഠന റിപ്പോര്‍ട്ട് പുറത്ത്. സബ് വേ ബ്രാന്‍ഡ് ചിക്കന്‍ ഉല്‍പ്പന്നങ്ങളില്‍ ചിക്കന്‍ ഡിഎന്‍എയുടെ അംശം 53 ശതമാനം മാത്രമേയുള്ളുവെന്നാണ് പഠനം പറയുന്നത്. ഫാസ്റ്റ്ഫുഡ് ചെയിന്‍ ആയ സഹ് വേയുടെ ഓവന്‍ റോസ്റ്റഡ് ചിക്കനില്‍ 53.6 ശതമാനം മാത്രമേ ചിക്കന്‍ ഡിഎന്‍എയുടെ സാന്നിദ്ധ്യം കണ്ടെത്താന്‍ സാധിച്ചുള്ളു. ചിക്കന്‍ സ്ട്രിപ്പ്‌സില്‍ 42.8 ശതമാനം മാത്രമാണ് ഡിഎന്‍എയുടെ സാന്നിധ്യം. കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍ (സിബിസി) നടത്തിയ അന്വേഷണത്തിലാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായത്.
സോയ് ഫില്ലറുകളുടെ ഡിഎന്‍എയാണ് ഇവയില്‍ ശേഷിക്കുന്നതെന്നാണ് വിശദീകരണം. ഫാസ്റ്റ് ഫുഡ് ചെയിനുകളുടെ ചിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം സംബന്ധിച്ചുള്ള അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തു വന്നത്. കാനഡയിലാണ് പഠനം നടന്നത്. മക്‌ഡോണാള്‍ഡ്‌സ്, ചിപ്‌റ്റോള്‍, വെന്‍ഡിസ് എന്നീ ചെയിനുകളുടെ ഉല്‍പ്പന്നങ്ങളും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ സബ് വേയുടെ ഫലങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു.

ഒന്‍ടാരിയോയിലെ ട്രെന്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ മാറ്റ് ഹാന്‍ഡന്‍ ആണ് പഠനം നടത്തിയത്. റെസ്റ്റോറന്റുകളില്‍ നിന്ന് വാങ്ങിയ ആറ് സാന്‍ഡ്വിച്ചുകളിലായിരുന്നു പരിശോധന. സബ് വേയില്‍ നിന്ന് വാങ്ങിയ രണ്ട് സാന്‍ഡ് വിച്ചുകളില്‍ പ്രശ്‌നം കണ്ടെത്തുകയായിരുന്നു. തയ്യാറാക്കാത്ത ചിക്കനില്‍ 100 ശതമാനം ചിക്കന്‍ ഡിഎന്‍എ കണ്ടെത്തിയപ്പോള്‍ പാചകത്തിന് തയ്യാറാക്കിയവയില്‍ ഇത് പകുതിയായി കുറയുകയാണെന്നാണ് വ്യക്തമായത്. എന്നാല്‍ മറ്റ് ചെയിനുകളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഈ തകരാറ് ഇല്ലെന്നും കണ്ടെത്തി.

നോര്‍ത്ത് യോര്‍ക്ക്ഷയര്‍: കാഴ്ചയും കേള്‍വിയും നശിച്ച വളര്‍ത്തു നായയെ തലയില്‍ ആണിയടിച്ചു കയറ്റി കുഴിച്ചു മൂടിയ സംഭവത്തില്‍ രണ്ട് പേര്‍ക്ക് നാല് മാസം വീതം തടവ്. റെഡ്കാര്‍ സ്വദേശികളായ മൈക്കിള്‍ ഹീത്ത്‌കോക്ക്, റിച്ചാര്‍ഡ് ഫിഞ്ച് എന്നിവര്‍ക്കാണ് കോടതി ആനിമല്‍ വെല്‍ഫെയര്‍ ആക്ട് പ്രകാരം തടവ് വിധിച്ചത്. പ്രായമായ നായയുടെ ചികിത്സയ്ക്ക് ചെലവാകുന്ന പണം ലാഭിക്കാനാണ് ഇവര്‍ ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് തെളിഞ്ഞത്. സ്‌കാംപ് എന്ന 16 വയസുള്ള ടെറിയര്‍ നായയ്ക്കാണ് ക്രൂരത അനുഭവിക്കേണ്ടി വന്നത്.
മൈക്കിള്‍ ഹീത്ത്‌കോക്കും സുഹൃത്ത് റിച്ചാര്‍ഡ് ഫിഞ്ചും ചേര്‍ന്ന് സ്ംപിനെ നായയെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിക്കുകയും ആണി തലയില്‍ അടിച്ചു കയറ്റുകയും ചെയ്ത ശേഷം ജീവനോടെ കുഴിച്ചു മൂടുകയായിരുന്നുവെന്ന് ആര്‍എസ്പിസിഎയ്ക്കു വേണ്ടി ഹാജരായ പ്രോസിക്യൂട്ടര്‍ ജോണ്‍ എല്‍വുഡ് കോടതിയില്‍ പറഞ്ഞു. ഹീത്ത്‌കോക്കിന്റെ വളര്‍ത്തുനായയായിരുന്നു സ്‌കാംപ്. കിര്‍ക്കില്‍ആതം വുഡിലാണ് ഇവര്‍ നായയെ കുഴിച്ചു മൂടിയത്. പിന്നീട് അതുവഴി വന്ന ദമ്പതികള്‍ മണ്ണിനടിയില്‍ നിന്ന് നായയുടെ നിലവിളി കേള്‍ക്കുകയും സ്‌കാംപിനെ ജീവനോടെ കണ്ടെത്തുകയുമായിരുന്നു.

1

ഇവര്‍ പോലീസില്‍ വിവരമറിയിച്ചു. വെറ്ററിനറി ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ നായയുടെ തലയ്ക്ക് ആറ് അടിയെങ്കിലും ലഭിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് നായെ കൊല്ലാന്‍ ശ്രമിച്ചതെന്ന് കണ്ടെത്തിയ കോടതി ഇരുവര്‍ക്കും നാല് മാസം വീതം തടവ് ശിക്ഷ നല്‍കുകയായിരുന്നു. നൂറുകണക്കിന് ആളുകളാണ് ഇവര്‍ക്ക് ശിക്ഷ വിധിക്കുന്നത് കാത്ത് വളര്‍ത്തുനായ്ക്കളുമായി കോടതിക്കു മുന്നില്‍ എത്തിയത്.

ലണ്ടന്‍: ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂളുകളിലും ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ജസ്റ്റിന്‍ ഗ്രീനിംഗ്. നാല് വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ബന്ധങ്ങളെക്കുറിച്ചും സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രായത്തിന് അനുസൃതമായി ലൈംഗികതയെക്കുറിച്ചുള്ള പാഠങ്ങളും നല്‍കാനാണ് പദ്ധതി. നിലവിലുള്ള പാഠ്യപദ്ധതി കാലഹരണപ്പെട്ടതാണെന്നും ചെറുപ്പക്കാര്‍ ഇപ്പോള്‍ നേരിടുന്ന ഭീഷണികള്‍ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ളവയല്ലെന്നും എംപിമാരും ചാരിറ്റികളും മാസങ്ങളായി നടത്തിയ ക്യാംപെയിനിംഗിന്റെ ഫലമായാണ് പുതിയ തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ലോക്കല്‍ അതോറിറ്റികള്‍ക്ക് കീഴിലല്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ലൈംഗിക വിദ്യാഭ്യാസം തങ്ങളുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായിരുന്നില്ല. ബയോളജി മാത്രമായിരുന്നു ഇവര്‍ പഠിപ്പിക്കാന്‍ തയ്യാറായിരുന്നത്. പുതിയ സര്‍ക്കാര്‍ പ്രഖ്യാപനം അനുസരിച്ച് ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂളുകളിലും ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കും. ഓണ്‍ലൈന്‍ പോര്‍ണോഗ്രഫിയുടെ അപകടങ്ങള്‍, ലൈംഗികാധിക്ഷേപം, ലൈംഗിക മെസേജിംഗ് തുടങ്ങിയവ ഉള്‍പ്പെടുന്ന പാഠങ്ങളായിരിക്കും സ്‌കൂളുകളില്‍ പഠിപ്പിക്കേണ്ടി വരിക.

2000ത്തിലാണ് സ്റ്റാറ്റിയട്ടറി ഗൈഡന്‍സ് ഫോര്‍ റിലേഷന്‍ഷിപ്പ് ആന്‍ഡ് സെക്‌സ് എജ്യുക്കേഷന്‍ എന്ന പേരില്‍ ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കിയത്. എന്നാല്‍ ഇത് ഇപ്പോള്‍ കാലഹരണപ്പെട്ടതായി ഗ്രീനിംഗ് പറഞ്ഞു. ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കിയെങ്കിലും കുട്ടികളെ ഈ ക്ലാസുകളില്‍ ഇരുത്താതിരിക്കാനുള്ള രക്ഷിതാക്കളുടെ അവകാശം നിലനിര്‍ത്തിയിട്ടുണ്ട്. അധ്യപനം ഏതു തരത്തില്‍ വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം സ്‌കൂളുകള്‍ക്കും നല്‍കിയിട്ടുണ്ട്.

സ്വന്തം ലേഖകന്‍
കൊച്ചി : ഒരാൾ വിശ്വസിക്കുന്ന പാർട്ടി തെറ്റ് ചെയ്താൽ അത് പറയരുത്. എല്ലാ രാഷ്ട്രീയ പാർട്ടിയുടേയും അവസ്ഥ ഇതാണ്. ഏതെങ്കിലുമൊരു പാർട്ടിയുടെ ആളല്ലെങ്കിൽ മിണ്ടാതിരുന്നോണം. എന്തൊരു കഷ്ടമാണിത് ?.  സിനിമ നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മിക്ക് എതിരെ കേരളത്തിലെ തരംതാണ രാഷ്ട്രീയ പ്രവര്‍ത്തകരുടെ വക മാനസിക ആക്രമണം. കേരളത്തില്‍ ഈ അടുത്ത കാലങ്ങളില്‍ ആയി നടന്നിട്ടുള്ള പല സ്ത്രീ പീഡനങ്ങള്‍ക്ക് എതിരെയും, സാധാരണ ജനങ്ങളുടെ ജീവിതത്തെ ബാധിച്ച പല കൊല്ലരുതായ്മകള്‍ക്ക് എതിരെയും പ്രതികരിച്ച ഭാഗ്യലക്ഷ്മിയെ പല രീതിയില്‍ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആണ് നടക്കുന്നത്. ഈ തെറ്റുകള്‍ക്ക് എതിരെ പ്രതികരിച്ച തന്നെ പല രിതീയിലും ആക്രമിക്കുന്നു എന്നാണ് സ്വന്തം ഫേസ്ബുക്കിലൂടെ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുന്നത്.

ജിഷയുടെ കൊലപാതകം, നോട്ട് നിരോധിക്കല്‍, ഭാവനയോടുള്ള ആക്രമണം തുടങ്ങിയ പല വിഷയങ്ങളിലും വളരെ ശക്തമായ ഭാഷയില്‍ സമൂഹ മനസാക്ഷിക്ക് ഒപ്പം നിന്ന് ഭാഗ്യലക്ഷ്മി ഇരകള്‍ക്ക് വേണ്ടി പ്രതികരിച്ചിരുന്നു. ഇതില്‍ കലിപൂണ്ട വിവിധ രാഷ്ട്രീയക്കാരും, അവരുടെ പക്ഷം താങ്ങികളുമാണ് ഭാഗ്യലക്ഷിക്ക് എതിരെ വിമര്‍ശനങ്ങളുമായി വരുന്നത്. ഭാഗ്യലക്ഷ്മിയെ പോലെയുള്ളവരുടെ സത്യസന്ധമായ പരസ്യ പ്രതികരണങ്ങള്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയക്കാര്‍ക്കും ദിനം പ്രതി അവരുടെ പ്രവര്‍ത്തകരെ നഷ്ടപ്പെടുന്ന അവസ്ഥയിലേയ്ക്ക് എത്തിക്കുന്നു എന്നതാണ് സത്യം. കേരളത്തിലെ നിലവിലെ രാഷ്ട്രീയ‍ത്തില്‍ നിന്നും മാറി ചിന്തിക്കണം എന്ന് കരുതുന്ന ഒരു വലിയ കൂട്ടം ജനം സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഉത്തു കൂടുന്നു എന്നത് കേരളത്തിലെ രാഷ്ട്രീയക്കാരുടെ ഒറക്കം കെടുത്തുന്നു എന്നതാണ് ഭാഗ്യലക്ഷിക്ക് എതിരെയുള്ള ആക്രമണങ്ങളില്‍ നിന്നും വെളിവാകുന്നത്. ഏതായാലും നൂറുകണക്കിന് ആളുകളാണ് ഭാഗ്യലക്ഷിയുടെ നിലപാടികളെ പ്രകീര്‍ത്തിച്ച് എല്ലാവിധ പിന്തുണയും അറിയിച്ച് മുന്നോട്ട് വന്നിരിക്കുന്നത്.

ഭാഗ്യലക്ഷിയുടെ ഫേസ്‌ബുക്ക്‌ പോസ്റ്റ്

ഈ നാട്ടിൽ ഒന്നും ചെയ്യാനോ പറയാനോ അവകാശമില്ലാതായിരിക്കുന്നു ആർക്കൊക്കെയോ വേണ്ടി സംസാരിക്കണം ജീവിക്കണം, എഴുതണം… ഒരു പാർട്ടിയല്ലെങ്കിൽ മറ്റൊരു പാർട്ടി.. എല്ലാവരും ഏകപക്ഷീയമാണ്.. ഒരാൾ വിശ്വസിക്കുന്ന പാർട്ടി തെറ്റ് ചെയ്താൽ അത് പറയരുത്.. എല്ലാ രാഷ്ട്രീയ പാർട്ടിയുടേയും അവസ്ഥ ഇതാണ്.. ഏതെങ്കിലുമൊരു പാർട്ടിയുടെ ആളല്ലെങ്കിൽ മിണ്ടാതിരുന്നോണം.. എന്തൊരു കഷ്ടമാണിത്. നാല്പത് വർഷത്തെ സിനിമാ ജീവിതത്തിൽ നിന്ന് അല്പം മാറിനിന്ന്, കുട്ടിക്കാലത്ത് അനുഭവിച്ച അനാഥത്വവും ദാരിദ്ര്യവും വേദനയുമൊക്കെ ഒരു ആത്മകഥയായി എഴുതിയപ്പോൾ എന്തോ ഒരു സ്നേഹത്തിന്റേയോ വിശ്വാസത്തിന്റേയോ പേരിൽ പല പല സങ്കടങ്ങളുമായി എന്റെയരികിലേക്ക് വരുന്നവർക്ക് വേണ്ടിയാണ് സമൂഹത്തിലിറങ്ങി പ്രതികരിക്കാൻ തുടങ്ങിയത്. അതിന് കേൾക്കേണ്ടി വരുന്ന വിമർശനം കുറച്ചൊന്നുമല്ല.. നിങ്ങളാരാ?.. ഈ നാട്ടിലെ സ്ത്രീ സുരക്ഷിതത്വം മുഴുവൻ നിങ്ങൾ ഏറ്റെടുത്തിരിക്കുകയാണോ? 

ഇത്രയും കാലം എവിടെയായിരുന്നു?, മറ്റേ കേസിൽ ഒന്നും മിണ്ടാത്തതെന്താ?,
സിനിമയിലെ കാര്യം നോക്കിയാൽ പോരേ?. ടിവിയിൽ സംസാരിച്ചാലും എഫ് ബി പോസ്റ്റിട്ടാലും പബ്ളിസിറ്റിക്ക് വേണ്ടിയല്ലേ?. പുരുഷ വിദ്വേഷി,ഫെമിനിസ്റ്റ്,അഹങ്കാരം,ജാട…
ഹോ എന്തൊക്കെയാണ്.. അല്ലാ എനിക്കറിയാൻ വയ്യാഞ്ഞിട്ട് ചോദിക്യാ ഇതെങ്ങനെയാ? എത്ര കൊല്ലം മുമ്പ് മുതലാണ് പ്രതികരിച്ച് തുടങ്ങേണ്ടത്?, ഒരു കേസിലിടപെട്ടാൽ
എല്ലാ കേസിലും ഇടപെടണോ? എന്നിട്ട് കോടതിയിൽ തന്നെ താമസിച്ച് കേസിന്റ വിവരമിങ്ങനെ ചോദിക്കുന്നവരെ അറിയിച്ചു കൊണ്ടിരിക്കണോ? സിനിമാക്കാര് പൊതു പ്രശ്നത്തിൽ ഇടപെടരുതെന്ന് വല്ല നിയമവുമുണ്ടോ?. പീഡന വിഷയം പറയുമ്പോ ഈ പാർട്ടിക്കാർ തെറി വിളിക്കുന്നു ആയിരം രൂപ നോട്ടിന്റെ ബുദ്ധിമുട്ട് പറഞ്ഞപ്പൊ അവര് തെറി വിളിക്കുന്നു..
ഇനി സങ്കടം പറഞ്ഞ് വരുന്നവരോട് ഫേസ് ബുക്കിലുളളവരോട് ചോദിച്ചിട്ട് സഹായിക്കാമെന്ന് പറയണോ?


ആരെയാ സന്തോഷിപ്പിക്കേണ്ടത്? ആരെയാ സഹായിക്കേണ്ടത്?അതോ ആര് കരഞ്ഞാലും പീഡിപ്പിക്കപ്പെട്ടാലും എനിക്കെന്താണ് എന്റെ കാര്യം നോക്കി ജീവിച്ചാൽ പോരേന്നാണോ?.രാഷ്ട്രീയമില്ലാത്തവർ സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കാൻ പാടില്ലേ?ഒന്നും മനസ്സിലാവുന്നില്ല..ഓരോ ചോദ്യത്തിനും മറുപടി പറയാൻ വയ്യ.പറഞ്ഞില്ലെങ്കിൽ എനിക്കുത്തരം മുട്ടി എന്ന് കരുതും. ഒന്നും ചെയ്യാതെ ഒരു വിഷയത്തിലും പ്രതികരിക്കാതിരിക്കാൻ ആവത് ശ്രമിച്ചു. പറ്റുന്നില്ല. മടുത്തു…അറിയാവുന്നവർ ഒന്നു പറഞ്ഞു തരൂ. അതുപോലെ ചെയ്യാം.

17078554_2241648999393027_935510014_n

ലണ്ടന്‍: പാര്‍ലമെന്റംഗമെന്ന നിലയില്‍ നാടിന്റെ നന്മയ്ക്കായി ചെയ്യുന്ന കാര്യങ്ങള്‍ വിളംബരം ചെയ്യുന്ന നിലപാടല്ല തനിക്കുള്ളതെന്നു നടന്‍ സുരേഷ് ഗോപി. വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്ന പ്രമാണം കാലഘട്ടം മാറിവന്നപ്പോള്‍ ഇടതുകൈ മാത്രമല്ല, രാജ്യം മുഴുവന്‍ അറിയണമെന്ന സ്ഥിതിയായി. ജനപ്രതിനിധികള്‍ ചെയ്യുന്ന കാര്യങ്ങള്‍ മുഴുവന്‍ ബോര്‍ഡുവച്ച് അറിയിക്കുന്ന സ്ഥിതിയായി നാട്ടിലെന്നും എന്നാല്‍ തന്നെ ഏല്‍പിച്ചിരിക്കുന്ന കാര്യങ്ങള്‍ കഴിയുന്നതും ആത്മാര്‍ഥമായി ചെയ്യുക എന്നതു മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ബക്കിങ്ങാം പാലസില്‍ ഇന്നലെ രാത്രി നടന്ന ഇന്ത്യാ-യുകെ കള്‍ച്ചറല്‍ ഫെസ്റ്റില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയ അദ്ദേഹം ഹൈക്കമ്മിഷന്‍ ഓഫിസില്‍ രാവിലെ നല്‍കിയ പ്രത്യേക സ്വീകരണത്തില്‍ സംസാരിക്കവേയാണ് രാഷ്ട്രീയലാഭത്തിനായി ജനപ്രതിനിധികള്‍ നടത്തുന്ന വിലകുറഞ്ഞ പ്രചാരണരീതിയെ നിശിതമായി വിമര്‍ശിച്ചത്.ഒരിക്കലും രാഷ്ട്രീയത്തില്‍ വരുമെന്ന് വിചാരിച്ചിരുന്നില്ല. രാഷ്ട്രീയക്കാരനാകാനല്ല, രാഷ്ട്രക്കാരനാകാനാണ് താല്‍പര്യപ്പെട്ടത്. എന്നാല്‍ ജനാധിപത്യ സംവിധാനത്തില്‍ ചിലതൊക്കെ നടപ്പിലാക്കാനും വികസന പദ്ധതികളെ പിന്തുണയ്ക്കാനും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ പിന്തുണ ആവശ്യമാണ്. സിനിമയേക്കാള്‍ സംഗീതവും സംഗീതത്തേക്കാള്‍ പ്രകൃതിയും എന്ന തത്വത്തില്‍ ഊന്നിയാണ് തന്റെ പ്രവര്‍ത്തനം. പ്രകൃതിക്കുവേണ്ടിയെടുത്ത ചില നിലപാടുകള്‍ക്ക് രാഷ്ട്രീയ സംരക്ഷണം ആവശ്യമായിവന്നു. അപ്പോഴാണ് ഒന്നിനെ തെരഞ്ഞെടുത്തത്. ഏറ്റവും മികച്ചതാണ് തെരഞ്ഞെടുത്തതെന്നാണ് തന്റെ ഉത്തമവിശ്വാസം. എല്ലാ രാഷ്ട്രീയത്തിലെയും എല്ലാ നല്ലതിനെയും ഉള്‍ക്കൊള്ളുന്ന ഉത്തമ പൌരനായി കഴിയാനാണ് ആഗ്രഹിച്ചത്. കുറേ പിശാചുക്കള്‍ ചേര്‍ന്ന് തുരത്തി ഒരു തൊഴുത്തില്‍ കൊണ്ടുകെട്ടി എന്നും വ്യാഖ്യാനിക്കാമെന്ന് ബി.ജെ.പി.യിലേക്കുള്ള തന്റെ വഴി വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
വളരെ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രധാനമന്ത്രിയുടെ നേരേതാഴെനിന്നു പ്രവര്‍ത്തിക്കാനുള്ള ഭാഗ്യമാണ് ദൈവം നല്‍കിയിരിക്കുന്നത്. അത് മലയാളികളുടെ യശസ് ഉയര്‍ത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഉപയോഗിക്കും. എന്നെ സ്‌നേഹിക്കുന്നവരുടെ പ്രാര്‍ഥനയാണ് ഏറ്റവും വലിയ ശക്തിയും ബലവും. സിനിമയിലും രാഷ്ട്രീയത്തിലും പാര്‍ലമെന്റിലുമെല്ലാം അതാണ് ശക്തി. നരേന്ദ്രമോഡിയുമായി രണ്ടുവര്‍ഷംമുമ്പ് രണ്ടുമണിക്കൂര്‍ 17 മിനിറ്റു നീണ്ട കൂടിക്കാഴ്ചയിലൂടെ പുതിയൊരു പാത വെട്ടിത്തുറക്കാനുണ്ടായ സാഹചര്യവും ഈശ്വരനിശ്ചയമായിരുന്നു.

മോഡി പ്രധാനമന്ത്രിയാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. സാധാരണരീതിയിലുള്ള ഒരു ഭരണമല്ല അദ്ദേഹം ലക്ഷ്യം വയ്ക്കുന്നത്. താന്‍ പ്രധാനമന്ത്രിയില്‍നിന്നും മനസിലാക്കിയതനുസരിച്ച് 2016 ആകുമ്പോള്‍ ലോകത്തെ ഏറ്റവും ഉന്നതമായ ശക്തികളിലൊന്നായി ഇന്ത്യയെ മാറ്റുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതു മനസിലാക്കിയാല്‍ ഇപ്പോഴുള്ള ചെറിയ ബുദ്ധിമുട്ടുകള്‍ സുഖമുള്ള വേദനയായി മാറും.
ദുഷ്ടലാക്കോടെ ചിലര്‍ ഡീമോണിറ്റൈസേഷന്‍ എന്നു വിളിക്കുന്ന റീമോണിറ്റൈസേഷനും ഇതിന്റെ ഭാഗമാണ്. ഭൂരിഭാഗം ആളുകള്‍ക്കും ഇത് ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെങ്കിലും ആരും പദ്ധതിക്ക് എതിരായിരുന്നില്ല. നടപ്പിലാക്കിയപ്പോള്‍ ഉണ്ടായ പ്രശ്‌നങ്ങളാണ് എതിര്‍പ്പുണ്ടാക്കിയത്. ഈ പദ്ധതിയുടെ ഫലപ്രാപ്തിയെക്കുറിച്ച് തനിക്ക് ഒട്ടും സംശയമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഒരുപാട് വികസന പദ്ധതികള്‍ മുടങ്ങിക്കിടക്കുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. ഉദ്യോഗസ്ഥവൃന്ദത്തിന്റെ അനാസ്ഥയാണ് ഇതിനു കാരണം. 29 വര്‍ഷം മുമ്പ് സ്ഥലമെടുത്ത് 20 വര്‍ഷംമുമ്പ് തറക്കല്ലിട്ട തിരുവനന്തപുരത്തെ മൂന്ന് പോസ്റ്റ് ഓഫിസ് കെട്ടിടങ്ങളുടെ പണിതുടങ്ങാന്‍ സ്വീകരിച്ച നടപടി വിശദീകരിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തെ ശ്രീചിത്തിര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏഴുവര്‍ഷമായി അനുമതി കാത്തിരിക്കുന്ന 450 കോടിയുടെ പദ്ധതിക്കും ഇത്തരത്തില്‍ തന്റെ പ്രത്യേക ശ്രമഫലമായി 230 കോടി രൂപ കഴിഞ്ഞദിവസം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു.
ഹൈക്കമ്മിഷനിലെ ഗാന്ധി ഹാളില്‍ നടന്ന സ്വീകരണയോഗത്തില്‍ സുരേഷ് ഗോപിയുടെ അടുത്ത സുഹൃത്തുകൂടിയായ നടന്‍ ശങ്കര്‍, സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ടി. ഹരിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ രമേശ് നായര്‍ ഉള്‍പ്പെടെയുള്ള എംബസിയിലെ മലയാളി ഉദ്യോഗസ്ഥരും ലണ്ടനിലെ വിവിധ മലയാളി സംഘടനാ ഭാരവാഹികളും സംബന്ധിച്ചു.

ലണ്ടൻ∙ ഇന്നാരംഭിക്കുന്ന വലിയ നോമ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ത്യജിക്കുന്നത് ഇഷ്ടഭക്ഷണങ്ങളിലൊന്നായ പൊട്ടേറ്റോ ചിപ്സ്. ഡൗണിങ് സ്ട്രീറ്റിലെ പതിവു വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ വക്താവുതന്നെയാണ് ചിപ്സ് ഉപേക്ഷിച്ചുള്ള നോമ്പാചരണം പരസ്യമാക്കിയത്.

‘’സോൾട്ട് ആൻഡ് വിനഗർ’’ രുചിയുള്ള ചിപ്സാണു പ്രധാനമന്ത്രിയുടെ ഇഷ്ടയിനം. എന്നാൽ ഇത് ഏതു ബ്രാൻഡിൽപ്പെട്ടതാണെന്നോ എത്രമാത്രം ഉപയോഗിക്കാറുണ്ടായിരുന്നെന്നോ വെളിപ്പെടുത്താൻ വക്താവ് തയാറായില്ല.

ഒരുദിവസമോ ആഴ്ചയോ മാസമോ എത്ര ചിപ്സ് പായ്ക്കറ്റുകൾ പ്രധാനമന്ത്രി ഉപയോഗിക്കുന്നു എന്നു പറയാൻ തനിയ്ക്കാകില്ലെന്നും എന്നാൽ അത് തൽകാലത്തേക്ക് ഉപേക്ഷിക്കുകയാണെന്നുമായിരുന്നു വക്താവിന്റെ വാക്കുകൾ.

ഈസ്റ്ററിനു മുമ്പുള്ള 40 ദിവസം ഇഷ്ടപ്പെട്ട ചെയ്തികളിൽനിന്ന് വിട്ടുനിന്നും ഇഷ്ടഭക്ഷണങ്ങൾ ത്യജിച്ചും നോമ്പെടുക്കുന്നത് ക്രിസ്ത്യൻ ആചാരപാരമ്പര്യത്തിൽപ്പെട്ട കാര്യമാണ്. യേശുക്രിസ്തു നാൽപതു രാവും പകലും മരുഭൂമിയിൽ ഉപവസിച്ചതിന്റെ ഓർമ പുതുക്കൽകൂടിയാണ് ഈ ആചാരം

Copyright © . All rights reserved