തിരുവനന്തപുരം: സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ സ്വത്ത് വിവരങ്ങള്‍ പൂര്‍ണ്ണമായി നല്‍കിയിട്ടില്ലെന്ന് ആരോപണം. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വിവരം പുറത്തു വിട്ടത്. ം . തമിഴ്നാട്ടിലെ സേതൂര്‍ ഗ്രാമത്തില്‍ തന്റെ പേരിലുളള 50 ഏക്കര്‍ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ ജേക്കബ് തോമസ് മറച്ചുവെച്ചുവെന്നാണ് ആരോപണം. ഇത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന ആരോപണമാണ് ഉയരുന്നത്.
സര്‍വീസ് ചട്ടമനുസരിച്ച് ഉദ്യോഗസ്ഥന്മാര്‍ കൈവശമുളളതോ, നേടിയതോ, പാട്ടത്തിനെടുത്തതോ ആയ എല്ലാ സ്വത്തുക്കളുടെയും വിവരങ്ങള്‍ സര്‍ക്കാരിനോട് വെളിപ്പെടുത്തണം. ടെംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ജേക്കബ് തോമസിന്റെയും കൊച്ചിയിലെ ഒരു ടൂര്‍ ഓപ്പറേറ്ററുടേയും പേരിലാണ് ഭൂമി രജിസ്ട്രേഷന്‍ നടന്നിട്ടുള്ളത്. ജനുവരി ഒന്നിന് ജേക്കബ് തോമസ് നല്‍കിയ സ്വത്ത് വിവരങ്ങളില്‍ തമിഴ്നാട്ടിലെ ഭൂമിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇല്ല.
33 വ്യക്തികളില്‍ നിന്ന് രണ്ടു ഭാഗമായാണ് 50 ഏക്കര്‍ ജേക്കബ് തോമസ് വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2001 നവംബര്‍ 15നാണ് രജിസ്ട്രേഷന്‍ നടത്തിയത്. സേതൂര്‍ സബ് രജിസ്ട്രാര്‍ നല്‍കിയ ബാധ്യതാ പത്രിക പ്രകാരം ഭൂമി ഇപ്പോഴും ജേക്കബ് തോമസിന്റെ കൈവശം തന്നെയാണുള്ളത്. ജേക്കബ് തോമസ് നല്‍കിയ വിവരങ്ങളനുസരിച്ച് കേരളത്തിന് പുറത്തുള്ള ഏക വസ്തു ഭാര്യയുടെ പേരില്‍ കുടകിലുളള 151 ഏക്കര്‍ എസ്റ്റേറ്റാണ്. മൊത്തം 37.95 കോടിയുടെ സ്വത്താണ് വിജിലന്‍സ് ഡയറക്ടര്‍ക്കുള്ളത്. ഇതുപ്രകാരം ജേക്കബ് തോമസാണ് കേരളത്തിലെ ഏറ്റവും സമ്പന്നനായ ഐപിഎസ് ഓഫിസര്‍ എന്നും പത്രം പറയുന്നു.
ലണ്ടന്‍: ട്രംപോലിന്‍ പാര്‍ക്കുകളില്‍ പരിക്ക് പറ്റുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ടുകള്‍. യുകെയിലെ ട്രംപോലിന്‍ പാര്‍ക്കുകളില്‍ ഒരു വര്‍ഷത്തിനിടെ 300 തവണ ആംബുലന്‍സുകള്‍ വിളിക്കേണ്ടി വന്നതായാണ് കണക്ക്. ബിബിസിയാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്. വണ്‍ പാര്‍ക്ക്, ഫഌപ്പ് ഔട്ട് സ്‌ട്രോക്ക് എന്നീ പാര്‍ക്കുകളില്‍ ആഴ്ചയില്‍ ശരാശരി ഒന്നിലേറെത്തവണ ആംബുലന്‍സുകള്‍ വിളിക്കേണ്ടി വന്നതായാണ് കണക്ക്.
2014ലാണ് യുകെയില്‍ ആദ്യത്തെ ട്രംപോലിന്‍ പാര്‍ക്ക് ആരംഭിച്ചത്. ഇതിനു പിന്നാലെ ആരംഭിച്ച്
ട്രംപോലിന്‍ പാര്‍ക്ക് വിപ്ലവത്തിന്റെ ഫലമായി ഇപ്പോള്‍ 140 പാര്‍ക്കുകളാണ് രാജ്യത്ത് ഉള്ളത്. 2016 ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷക്കാലത്ത് 30 പാര്‍ക്കുകളില്‍ നിന്ന് ആംബുലന്‍സ് സേവനം ആവശ്യപ്പെട്ടതിന്റെ കണക്കുകളാണ് പുറത്തു വിട്ടത്.
ഒടിവും ചതവും ഉണ്ടാകുന്ന അവസരങ്ങളിലാണ് മിക്കവാറും ആംബുലന്‍സ് സേവനം ആവശ്യമായി വരാറുള്ളത്. കാലിന് ഒടിവുണ്ടാകുന്നതാണ് ഏറ്റവും കുടുതലുണ്ടാവാറുള്ള പരിക്ക്. നട്ടെല്ല്, തല, പുറം, കാല് എന്നിവയ്ക്കാണ് ഈ പാര്‍ക്കുകളിലെത്തുവര്‍ക്ക് സാധാരണ പരിക്കേല്‍ക്കുന്നത്. ഇതോടെ ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ പാര്‍ക്കുകള്‍ക്കായുള്ള മാനദനണ്ഡങ്ങളും നിബന്ധനകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചിക്കാഗോ: കുട്ടികള്‍ എത്ര ഉത്സാഹത്തോടെയാണ തങ്ങളുടെ പിറന്നാളുകള്‍ ആഘോഷിക്കാറുള്ളത്. പിറന്നാള്‍ സമ്മാനങ്ങളും അത്രമേല്‍ പ്രധാനമാണ് ഇവര്‍ക്ക്. എന്നാല്‍ ചിക്കാഗോയില്‍ നിന്നുള്ള ഒരു ആറുവയസുകാരി തന്റെ പിറന്നാള്‍ സമ്മാനങ്ങള്‍ വ്യത്യസ്തമായി ഉപയോഗിച്ചുകൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ്. വീടില്ലാത്ത പാവപ്പെട്ടവരെ സഹായിക്കാന്‍ തനിക്ക് കിട്ടിയ സമ്മാനങ്ങള്‍ നല്‍കിയിരിക്കുകയാണ് അര്‍മാനി ക്രൂസ് എന്ന ഈ പെണ്‍കുട്ടി.
ചിക്കാഗോയിലെ ലോക്കല്‍ പാര്‍ക്കിനാണ് സമ്മാനങ്ങള്‍ അര്‍മാനി നല്‍കിയത്. അര്‍മാനി ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ തങ്ങള്‍ തമാശയായാണ് കരുതിയിരുന്നതെന്ന് അമ്മയായ ആര്‍ട്ടെഷയും ഭര്‍ത്താവ് അന്റോയിന്‍ എന്നിവര്‍ പറഞ്ഞു. എന്നാല്‍ തന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ചെലവാക്കുന്ന തുകയ്ക്ക് തുല്യമായ തുക വീടില്ലാത്തവര്‍ക്ക് നല്‍കാന്‍ അവള്‍ ആവശ്യപ്പെടുകയായിരുന്നു.
പള്ളിയില്‍ ഇക്കാര്യം അറിയിച്ചതോടെ മറ്റുള്ളവരും സഹായത്തിനായി എത്തി. ടൂത്ത് ബ്രഷ്, പേസ്റ്റ്, ഡിയോഡറന്റ് തുടങ്ങി ദൈനംദിനാവശ്യത്തിനുള്ള വസ്തുക്കളുമായി നിരവധി പേരാണ് എത്തിയത്. ഈ വിധത്തില്‍ ഈസ്റ്റ് ഗാര്‍ഫീല്‍ഡ് പാര്‍ക്കില്‍ 125 പേര്‍ക്ക് സഹായം നല്‍കാന്‍ ഇവര്‍ക്ക് സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
മണമ്പൂര്‍ സുരേഷ്
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപതാം വര്‍ഷം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന കാലയളവില്‍, ‘വൈസ്രോയ്‌സ് ഹൗസ്’ എന്ന ചിത്രവുമായി വരികയാണ് ബ്രിട്ടനിലെ പ്രമുഖ ഇന്ത്യന്‍ ചലച്ചിത്രകാരിയായ ഗുരീന്ദര്‍ ഛദ്ദ. സ്വാതന്ത്ര്യ സമര കാലവും തുടര്‍ന്നു നടന്ന വിഭജനവും ചരിത്രത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹവും കൂട്ടക്കുരുതിയും ചലച്ചിത്ര സംവിധായകരുടെയും ചരിത്ര കാരന്മാരുടെയും അക്ഷയ ഖനിയാണ്. ചരിത്രം വിജയിച്ചവരുടെ സൃഷ്ടടി ആയിരിക്കെ ഗുരീന്ദര്‍ ഛദ്ദ മറ്റോരു പാഠഭേദം അവതരിപ്പിക്കുകയാണ്. ‘വൈസ്രോയ്‌സ് ഹൗസ് ഇപ്പോള്‍ ഇവിടെ തിയേറ്ററില്‍ റിലീസ് ആയിരിക്കയാണ്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കാനും അത് നടപ്പിലാക്കാനും ചുമതലപ്പെടുത്തി ലണ്ടനില്‍ നിന്നും അയക്കുന്ന ബ്രിട്ടീഷ് വൈസ്രോയി മൗണ്ട് ബാറ്റന്റെയും അദ്ദേഹത്തിന്റെ പത്‌നി എഡ്വീന മൗണ്ട് ബാറ്റന്റെയും ഔദ്യോഗിക വസതിയാണ് ചിത്രത്തിന്റെ ന്യൂക്ലിയസ്. വൈസ്രോയിയുടെ വസതിക്കകത്തും അതിനു ചുറ്റും ചരിത്രം പിറവിയെടുക്കുകയാണ്. അല്ലെങ്കില്‍ അങ്ങനെയാണ് ജനം വിശ്വസിക്കുന്നത്. ഒരു പക്ഷെ മൗണ്ട് ബാറ്റന്‍ പോലും അത് വിശ്വസിച്ചിരുന്നു. ചരിത്രത്തിന്റെ യഥാര്‍ഥ തിരക്കഥ എഴുതുന്നത് അവിടെയെങ്ങുമല്ല എന്ന കാര്യം മൗണ്ട്ബാറ്റന്‍ പോലും അറിയുന്നില്ല. ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനങ്ങളെപ്പോലെ ബ്രിട്ടന്റെ സാമ്രാജ്യ താല്‍പര്യങ്ങളുടെ ഇരയായി മാറുകയാണ് മൗണ്ട്ബാറ്റന്‍.
അഞ്ചു മാസം തികച്ചു ഇല്ലാത്തപ്പോള്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കുന്ന, ഭരണം കൈമാറുന്ന ചുമതലയുമായി ദല്‍ഹിയില്‍ എത്തുന്ന മൗണ്ട്ബാറ്റന്‍ പല അനുരഞ്ജന ചര്‍ച്ചയിലും ഏര്‍പ്പെടുന്നു. ആദ്യ പ്രധാന മന്ത്രി ആയി ജിന്നയെ കൊണ്ടുവരണം എന്ന അനുരഞ്ജനം തന്നെ നെഹ്രുവും സംഘവും എതിര്‍ക്കുന്നു. നെഹ്റു ജിന്ന തര്‍ക്കങ്ങളുടെ ഉള്ളറകളിലെക്കൊന്നും ചിത്രം പോകുന്നില്ല.
ഇന്ത്യയെ വിഭജിക്കണം എന്ന മുസ്ലിം ലീഗിന്റെ വാദം ശക്തമായതോടെ മൌണ്ട് ബാടനും അസംത്രുപ്തിയോടെ അതംഗീകരിക്കുകയും വിഭജനത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്യുകയാണ്.
തുടര്‍ന്ന് ബൗണ്ടറി കമ്മീഷന്റെ നിയമനവും ഒരു രാജ്യത്തെ എങ്ങനെ വെട്ടി മുറിക്കണം എന്നറിയാതെ കുഴയുന്ന ഏകാംഗ കമ്മീഷനെയുമാണ് നാം കാണുന്നത്. സ്വാതന്ത്യ ദിനത്തോട് കൂടുതല്‍ അടുക്കുന്തോറും എന്ത് ചെയ്യണം എന്നറിയാതെ ആശയക്കുഴപ്പത്തിലാവുകയാണ് ബൗണ്ടറി കമ്മീഷന്‍. ഈ ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സീനുകള്‍ ഇവിടെ തുടങ്ങുകയാണ്.
ഇവിടെ മൗണ്ട് ബാറ്റനും എഡ്വീന മൗണ്ട് ബാറ്റനും വെറും കഥാപാത്രങ്ങള്‍ മാത്രം ആയി മാറുന്നു. അവരൊന്നും അറിയാതെ ജനറല്‍ ഹെയ്‌സ്റ്റിങ്ങ്‌സ് ബൗണ്ടറി കമ്മീഷനു വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ്. ഇന്ത്യയെ എങ്ങനെ വിഭജിക്കണം എന്ന മാപ്പോട് കൂടി. തയ്യാറാക്കിയത് രണ്ടു വര്‍ഷം മുന്‍പ് 1945 ഇല്‍ മറ്റൊരു പ്രൈം മിനിസ്റ്റര്‍- വിന്‍സ്റ്റന്‍ ചര്‍ച്ചില്‍, ലണ്ടനില്‍ വച്ചും! അങ്ങനെ ഇന്ത്യാ വിഭജനത്തിന്റെ തിരക്കഥ മൗണ്ട് ബാറ്റന്‍ പ്ലാന്‍ എന്ന പേരില്‍ മൗണ്ട് ബാറ്റന്‍ പോലും അറിയാതെ ലണ്ടനില്‍ രചിക്കപ്പെടുക ആയിരുന്നു. സോവിയറ്റ് യൂണിയന്‍ പ്രബലമായിരുന്ന ഒരു കാലയളവില്‍ ബ്രിട്ടന്റെ വ്യവസായ വ്യാപാര സൈനികതന്ത്ര താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പര്യാപ്തമായ രീതിയിലാണ് ഇന്ത്യാ വിഭജനത്തിന്റെ രൂപ രേഖ തയാറാക്കിയത്. അങ്ങനെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ഗ്രാന്റ് ഡിസൈന്‍ ലണ്ടനില്‍ രൂപം കൊണ്ടു. പുതുതായി പുറത്ത് വന്ന ഔദ്യോഗിക രേഖകള്‍ ആധാരമാക്കിയാണ് സംവിധായിക ഈ നിഗമനത്തില്‍ എത്തിയത്.
ചരിത്രം വിജയിച്ചവരുടെ സൃഷ്ട്ടി ആകുമ്പോള്‍ സ്വതന്ത്ര ഇന്ത്യയിലെ ഒരു വനിതയുടെ പിന്മുറക്കാരി സ്വാതന്ത്ര്യത്തിനും ഏഴു പതിറ്റാണ്ടുകള്‍ക്കിപ്പുറം ബ്രിട്ടനില്‍ നിന്നുകൊണ്ട് പറയുകയാണ് ചരിത്രം നിങ്ങള്‍ പറയുന്ന വഴിക്കല്ല ഇങ്ങനെയും കാണാമെന്നു. ചരിത്രം ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നുള്ള ഒരു പിടിച്ചുപറ്റല്‍ കൂടി ആണ്. ഹ്യൂ ബോനെവേല്‍ മൗണ്ട് ബാറ്റനായും, ജിലിയന്‍ ആന്‍ഡേഴ്‌സണ്‍ എഡ്വിന മൌണ്ട് ബാറ്റനായും ഹൃദ്യമായഭിനയിക്കുന്നു. ഹിന്ദു മുസ്ലിം പ്രേമ കഥ ചിത്രത്തില്‍ കൊണ്ട് വരുന്നത് ഇന്ത്യയിലെ ഹുമ കുരെഷിയിലൂടെയും, മനീഷ് ദയാലിലൂടെയുമാണ്. ഓം പുരിയുടെ അവസാനത്തെ ചിത്രമാകാമിത്. മൈക്കല്‍ ഗാമ്പന്‍ തുടങ്ങിയ പ്രമുഖ ബ്രിട്ടീഷ് നടീനടന്മാരുള്ള ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ് ”ബെന്‍ഡ് ഇറ്റ് ലൈക് ബെക്കാം” സംവിധാനം ചെയ്ത ഗുരീന്ദര്‍ ചധയുടെ ‘വൈസ്രോയ്‌സ് ഹൗസ്’. എ.ആര്‍. റഹ്മാന്റെതാണ് സംഗീതം.
കുടുംബജീവിതത്തിന്റെ യഥാര്‍ത്ഥമായ ധര്‍മ്മം സ്‌നേഹവും ജീവനും പങ്കുവയ്ക്കുക എന്നതാണ്. കുടുംബ പൈതൃകം മാതാപിതാക്കളിലൂടെ മക്കളിലേയ്ക്ക് കൈമാറപ്പെടുന്നു. പഴയ കൂട്ടുകുടുംബത്തിൽ നിന്നും വിട്ട് ഇന്നത്തെ തലമുറ അണു കുടുംബങ്ങളില്‍ ഉണ്ടാകുന്ന വെല്ലുവിളികളെ പോലും നേരിടുന്നത്തിൽ പലപ്പോഴും പരാജയപ്പെടുന്ന കാഴ്ചകൾ നമ്മൾ കണ്ടിട്ടുള്ളതാണ്. ഒരു ജോലി തേടിയുള്ള ജീവിത പ്രയാണത്തിൽ പല മലയാളികളും പ്രവാസികളായി മാറി എന്നുള്ളത് ഒരു നഗ്നസത്യം. മാതാപിതാക്കളെയും ഭാര്യയെയും കുട്ടികളെയും വിട്ട് പുറം രാജ്യങ്ങളിൽ ജോലിചെയ്യുന്ന വിദേശമലയാളികളുടെ കൊച്ചുകാര്യങ്ങൾ പോലും പ്രവാസികളായ നാമെല്ലാവരും ശ്രദ്ധിക്കുന്നു. ഇതാ ഇവിടെ ഒരു ബഹറിൻ മലയാളി സ്വന്തം പിതാവിനെ ബഹറിനിൽ കൊണ്ടുവരാനായി ചെയ്ത ത്യാഗം പ്രവാസികളായ ഓരോ മലയാളിക്കും പാഠമാകേണ്ടതാണ്. സ്വന്തം മാതാപിതാക്കളെ എന്തിന്റെ കാരണം കൊണ്ടായാലും വൃദ്ധസദനകളിൽ തള്ളുന്ന പുതുതലമുറക്ക് ഒരു വഴികാട്ടിയാകട്ടെ ദേവസി ചിറമേൽ എന്ന യുവാവിന്റെ കണ്ണ് നനയിക്കുന്ന പ്രവർത്തി എന്ന് ആശംസിക്കുന്നു… ഡേവിസിന്റെ ഫേസ്ബുക് പോസ്റ്റിനു കിട്ടിയ ഷെയറുകളുടെ എണ്ണവും ലൈക്കുകളും ഇതിന്റെ തെളിവാണ് ..
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം..
‘ചെരിപ്പിടാത്ത അപ്പച്ചനെയാണെനിക്കിഷ്ടം’
ഞാന്‍ ജോലി ചെയ്യുന്ന രാജ്യമായ ബഹറിനിലെക്ക് കുറേക്കാലമായി എന്റെ അപ്പച്ചനെ ഞാന്‍ ക്ഷണിക്കുന്നു. അപ്പോഴോക്കെ സന്തോഷത്തോടെ അപ്പച്ചന്‍ അത് നിരസിക്കുമായിരുന്നു. അതിനിടയില്‍ മൂന്ന് പ്രാവശ്യം എന്റെ അമ്മച്ചി ബഹറനില്‍ വന്ന് പോയീ. അപ്പോഴും അപ്പച്ചന്‍ വന്നില്ല. ഈ കഴിഞ്ഞ ഡിസംബറില്‍ ആണ് ഞാന്‍ ആ വിവരം അറിയിന്നുന്നത്, അപ്പച്ചന്‍ വരാന്‍ മടിക്കുന്നതിന്റെ കാരണം.
കൃഷിക്കാരായ തനി നാട്ടിന്‍പുറത്തുകാരാണ് ഞങ്ങളുടെ കുടുംബം. ഇന്നേവരെ എന്റെ അപ്പച്ചന്‍ ചെരിപ്പ് ധരിച്ചിട്ടില്ല. PANTS എന്നാ പാശ്ചാത്യരുടെ കോണകവും ഇടാറില്ല. അതുകൊണ്ട് മുണ്ടും ഷര്‍ട്ടും ഉടുത്ത് ചെരിപ്പിടാതെ വന്നാല്‍ എന്റെ മോന് അവന്റെ കൂട്ടുകാരുടെയും മറ്റുള്ളവരുടേയും മുന്‍പില്‍ ഞാന്‍ ഒരു അപമാനം ആകും എന്ന് കരുതിയിട്ടാണ് അപ്പച്ചന്‍ വരാന്‍ മടിക്കുന്നത് എന്ന്.
ഇന്ന് ഞങ്ങള്‍ ബഹറിനിലെക്ക് പോകുകയാണ്. അപ്പച്ചന്‍ ഈ അറബിനാട്ടില്‍ നിന്ന് തിരിച്ചുപോകുന്നതുവരെ അപ്പച്ചന്റെ കൂടെ ഞാനും മുണ്ട് ഉടുത്ത് ചെരിപ്പിടാതെ ഉണ്ടാവും. ഞാന്‍ ഇന്ന് ആരായിരിക്കുന്നുവോ അത് എന്റെ പിതാവിന്റെ ആ നഗ്‌നമായ കാലുകള്‍ കൊണ്ട് കുന്നും, മലയും, പാടവും, പറമ്പും, കല്ലും, മുള്ളും ചവിട്ടി പൊടിഞ്ഞ രക്തത്തിന്റെ പ്രതിഫലം ആണ്. മക്കളുടെ പത്രാസ്സിന് അനുസരിച്ച് മാതാപിതാക്കളെ കോലം കേട്ടിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.
ചെരുപ്പ് ഇടാതെ നടക്കുമ്പോള്‍ കാലിന് ചെറിയൊരു വേദന ഉണ്ട്, പക്ഷെ ആ വേദനക്ക് നല്ലോരു സുഖം കിട്ടുന്നത്, മാതാപിതാക്കള്‍ നമ്മള്‍ക്ക് വേണ്ടി അനുഭവിച്ച കഷ്ടതകള്‍ ഓര്‍ക്കുമ്പോള്‍ ആണ്. മാതപിതാക്കള്‍ മക്കള്‍ക്കുവേണ്ടി അനുഭവിക്കുന്ന വേദന മനസിലായത് ഞാനും ഒരു പിതാവ് ആയപ്പോഴാണ്. കുഴിമാടത്തില്‍ പൂക്കള്‍ വക്കുന്നതിന് പകരം ജീവിച്ചിരിക്കുമ്പോള്‍ മാതപിതാക്കളുടെ കയ്യില്‍ നമ്മള്‍ക്ക് പൂക്കള്‍ കൊടുക്കാം.
വാര്‍ദ്ധക്യത്തിലായിരിക്കുന്ന മാതാപിതാക്കളെ ബഹുമാനിക്കേണ്ടതും സംരക്ഷിക്കേണ്ടതും ഓരോ മക്കളുടെയും കടമയും, ഉത്തരവാദിത്വവും ആണന്ന് ഞാന്‍ പൂര്‍ണമായി വിശ്വസിക്കുന്നു.
ദൈവമേ അങ്ങേക്ക് നന്ദി.
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍നിന്നും ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സിന്റെ പാസഞ്ചര്‍ ജെറ്റ് വിമാനം ചക്രത്തിനുണ്ടായ തകരാറുമൂലം ഇന്നലെ അടിയന്തരമായി ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തിന്റെ മുന്നിലെ ചക്രം ചലിക്കാതായതോടെയാണ് പൈലറ്റ് അടിയന്തര ലാന്‍ഡിംങിന് അനുമതി തേടിയത്. യോര്‍ക്ക്‌ഷെയറിനു മുകളിലൂടെ പലകുറി വട്ടമിട്ടു പറന്ന വിമാനം ഒടുവില്‍ ഹിത്രൂവില്‍ ഇറക്കുകയായിരുന്നു. ഇരുപത് മിനിറ്റോളം ഡ്യൂസ്‌ബറിക്ക് മുകളിലൂടെ പറന്നതായി ഒരു ദൃക്‌സാക്ഷി വെളിപ്പെടുത്തി. കാരണം വ്യക്തമാല്ലത്തതിനാൽ ലോങ്ങ് റേഞ്ച് ക്യാമറയിൽ പകർത്തിയ ചിത്രത്തിൽ നിന്നുമാണ് കാര്യം മനസ്സിലായതെന്ന് ഒരു ദൃക്‌സാക്ഷി വെളിപ്പെടുത്തിയതായി മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
853 പേർക്ക് യാത്ര ചെയ്യാൻ പറ്റുന്ന എമിറേറ്റ്സ് A380 (ഇകെ.18) ഇന്നലെ ഉച്ചയ്ക്ക് 1.32 നായിരുന്നു മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍നിന്നും വിമാനം ദുബായിലേക്ക് യാത്ര ആരംഭിച്ചത്. വിമാനം പറന്നുയര്‍ന്നശേഷം ഉള്ളിലേക്ക് വലിയേണ്ട ചക്രങ്ങള്‍ ചലിക്കാതായോടെയാണ് തകരാര്‍ മനസിലാക്കി പൈലറ്റ് വിമാനം തിരിച്ചിറക്കാന്‍ തീരുമാനിച്ചത്. ഈസമയം എടുത്തിട്ടുള്ള വിമാനത്തിന്റെ ചിത്രങ്ങളില്‍ ചക്രം പുറത്തേക്ക് തള്ളിനില്‍ക്കുന്നത് കൃത്യമായി കാണാം. വിമാനം ആകാശത്തിലൂടെ ഏറെനേരം വട്ടമിട്ടു പറക്കുന്നത് ശ്രദ്ധയില്‍പെട്ട ഒരു ഡ്യൂസ്‌ബെറിക്കാരൻ ആണ് ഈ ചിത്രം കാമറയിലാക്കിയത്.
മാഞ്ചസ്റ്റർ ദുബായ് വിമാനം തിരിച്ചുവിട്ട് ലണ്ടൻ ഹീത്രു വിമാനത്താവളത്തിൽ മൂന്ന് മണിയോടുകൂടി സുരക്ഷിതമായി ഇറക്കിയെന്ന് എമിറേറ്റ്സ് വ്യക്താവ് അറിയിച്ചു. യാത്രക്കാരെ എല്ലാം മറ്റൊരു വിമാനത്തിൽ കയറ്റി യാത്രയാക്കിയെന്നും വ്യക്താവ് വെളിപ്പെടുത്തി. യാത്രക്കാരുടെ സുരക്ഷക്കാണ് മുഖ്യ പരിഗണനയെന്നും അവർ പറഞ്ഞു.
കൊച്ചി: സിഎ വിദ്യാര്‍ത്ഥിനിയായിരുന്ന മിഷേല്‍ ഷാജി വര്‍ഗീസിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കസ്റ്റഡിയില്‍. മിഷേലിനെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന് കരുതുന്ന തലശേരി സ്വദേശിയെയും മിഷേലിന്റെ പരിചയക്കാരനായ യുവാവിനെയുമാണ് കസ്റ്റഡിയില്‍ എടുത്തത്. മിഷേലിന്റെ പരിചയക്കാരനെ ചെന്നെയില്‍ നിന്ന് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. മിഷേലിനെ ഇയാള്‍ ശല്യപ്പെടുത്തിയിരുന്നതായി പരാതി ലഭിച്ചിരുന്നു. കൊച്ചി കായലിലാണ് മിഷേലിന്റെ മൃതദേഹം കണ്ടെത്തിയത്.
മിഷേല്‍ മുങ്ങി മരിച്ചെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ മിഷേല്‍ ഒരിക്കലും ആത്മഹത്യചെയ്യില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. മരണം ആത്മഹത്യയാണെന്ന് പറഞ്ഞ് കേസ് എഴുതി തള്ളാന്‍ പൊലീസ് ധൃതി കാണിക്കുകയാണെന്നും വീട്ടുകാര്‍ കുറ്റപ്പെടുത്തി. കാണാതായ ദിവസം മിഷേല്‍ കലൂര്‍ പള്ളിയിലെത്തി പ്രാര്‍ത്ഥിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാണ്.ഞായറാഴ്ചകളില്‍ അവധിയായതിനാല്‍ മിഷേല്‍ വീട്ടില്‍ പോകുകയായിരുന്നു പതിവ്. തിങ്കളാഴ്ച്ച പരീക്ഷയായതിനാലാണ് മിഷേല്‍ ഹോസ്റ്റലില്‍ നിന്നത്.
കലൂര്‍ പള്ളിയില്‍ നൊവേന കൂടാന്‍ പോയ പെണ്‍കുട്ടി എട്ടുമണിയായിട്ടും ഹോസ്റ്റലില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഒരു യുവാവ് പെണ്‍കുട്ടിക്ക് പിന്നാലെ നടന്നിരുന്നതായി സൂചനയുണ്ട്. മിഷേല്‍ മരിച്ച ദിവസം ഇയാളുടെ ഫോണ്‍കോള്‍ മിഷേലിനു വന്നതായി തെളിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ആക്രമിക്കപ്പെട്ടതിന്റെ പാടുകള്‍ ഇല്ലാതിരുന്നതിനാല്‍ ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നത്. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ചലച്ചിത്രതാരങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിരുന്നു.
ലണ്ടന്‍: വെസ്റ്റ്മിന്‍സ്റ്റര്‍ മടുത്തുവെന്ന് മഹൈരി ബ്ലാക്ക്. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും പാര്‍ലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം വെളിപ്പെടുത്തി. പെയ്സ്ലി, റെന്‍ഫ്രൂഷയര്‍ സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി എംപിയാണ് ബ്ലാക്ക്. ഹൗസ് ഓഫ് കോമണ്‍സുമായി യോജിച്ച് പോകാനാകുന്നില്ലെന്നാണ് ബ്ലാക്ക് പറയുന്നത്. 22 വയസ് മാത്രമാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പാര്‍ലമെന്റംഗത്തിന് ഉള്ളത്.
രണ്ടു വര്‍ഷത്തോളമായി താന്‍ പാര്‍ലമെന്റില്‍ അംഗമാണ്. ഇപ്പോള്‍ താന്‍ ഇത് വെറുത്തു കഴിഞ്ഞെന്ന് സണ്‍ഡേ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി. ഇത് തികച്ചും വ്യക്തിപരമാണ്. എല്ലാ ആഴ്ചയിലും ഇവിടെ വരണം. മാനസികമായി പൊരുത്തപ്പെടാന്‍ കഴിയാത്ത ഒട്ടേറെപ്പേരുമായി ഒരുമിച്ച് ജോലി ചെയ്യണം. ഇവിടുത്തെ രീതികള്‍ പഴയതും കാലഹരണപ്പെട്ടതുമാണ്. ഏറെ സമയം എടുക്കുന്നവ. സമയ നഷ്ടം മാത്രമാണ് ഇതിന്റെ ഫലമെന്നും ബ്ലാക്ക് പറയുന്നു.
2020ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പറയുമ്പോളും അക്കാര്യം ഉറപ്പിക്കാന്‍ ബ്ലാക്ക് തയ്യാറല്ല. താന്‍ ചില കാര്യങ്ങളില്‍ വീണുപോയാല്‍ അവിടെത്തന്നെ തുടരുന്നതാണ് പതിവ്. യൂണിവേഴസിറ്റിയില്‍ പോയപ്പോള്‍ അവിടെത്തന്നെ കുറച്ചുകാലം തുടര്‍ന്നു. പിന്നീട് ജോലികള്‍ ചെയ്തപ്പോളും അങ്ങനെ തന്നെയെന്നും ബ്ലാക്ക് പറയുന്നു. ലേബര്‍ ഫോറിന്‍ ഷാഡോ സെക്രട്ടറിയായിരുന്ന ഡഗ്ലസ് അലക്‌സാന്‍ഡറെയാണ് തന്റെ 20-ാമത്തെ വയസില്‍ ഇവര്‍ തോല്‍പ്പിച്ച് പാര്‍ലമെന്റ് അംഗമായത്.
ലണ്ടന്‍: സ്വയം തൊഴില്‍ സംരംഭകരുടെ നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം വര്‍ദ്ധിപ്പിച്ച നടപടി ടോറികളുടെ ആഭ്യന്തര സംഘര്‍ഷം വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ട്. 145 മില്യന്‍ പൗണ്ടിന്റെ നികുതി വരുമാനം പ്രതീക്ഷിക്കുന്ന പദ്ധതി ഇതോടെ കോമണ്‍സ് ചര്‍ച്ചയില്‍ പരാജയപ്പെടുമോ എന്ന ഭീതിയിലാണ് സര്‍ക്കാര്‍. തെരഞ്ഞെടുപ്പു വാദ്ഗാനം ലംഘിച്ചാണ് നികുതി വര്‍ദ്ധിപ്പിക്കാന്‍ ബജറ്റില്‍ ഫിലിപ്പ് ഹാമണ്ട് നിര്‍ദേശിച്ചത്. എന്നാല്‍ ഈ വിധത്തില്‍ ബജറ്റിനെ താറുമാറാക്കിയതില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത് എന്ന കാര്യത്തില്‍ മാത്രമേ എംപിമാര്‍ക്ക് ആശയക്കുഴപ്പമുള്ളൂ എന്നാണ് വിവരം.
പ്രതിവര്‍ഷം 16,250 പൗണ്ടിനു മേല്‍ വരുമാനമുള്ള സ്വയം തൊഴില്‍ സംരംഭകര്‍ക്കാണ് നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതത്തില്‍ വര്‍ദ്ധന വരുത്തിയത്. ഈ നീക്കത്തെ എതിര്‍ക്കുമെന്ന് 18 കണ്‍സര്‍വേറ്റീവ് എംപിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ കോമണ്‍സ് വോട്ടെടുപ്പില്‍ ഈ നിര്‍ദേശം പരാജയപ്പെടും. ബജറ്റിനു മുമ്പ് ബജറ്റ് നിര്‍ദേശങ്ങളെക്കുറിച്ച് മന്ത്രിസഭയില്‍ ഹാമണ്ട് ഹ്രസ്വമായി വിശദീകരണം നല്‍കിയെങ്കിലും നികുതി വര്‍ദ്ധനയെക്കുറിച്ച് പറഞ്ഞിരുന്നില്ല.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് വിരുദ്ധമായ ഈ നീക്കം മൂലം പല അഭിമുഖങ്ങളിലും മന്ത്രിമാര്‍ക്ക് ഉത്തരം മുട്ടുകയും ചെയ്തിരുന്നു. 2.5 മില്യന്‍ സ്വയം തൊഴില്‍ സംരംഭകര്‍ക്ക് ഈ വര്‍ദ്ധിച്ച ഇന്‍ഷുറന്‍സ് വിഹിതം നല്‍കേണ്ടിവരും. ഇത് വര്‍ഷം ശരാശരി 240 പൗണ്ട് വരുമെന്നാണ് ട്രഷറി കണക്കാക്കുന്നത്.
റജി നന്തികാട്ട്
സംഗീതവും നൃത്തവും സമന്യയിപ്പിച്ചു ലണ്ടന്‍ മലയാള സാഹിത്യവേദി ഒരുക്കുന്ന ‘വര്‍ണനിലാവ് ‘ മാര്‍ച്ച് 17 ശനിയാഴ്ച ഈസ്റ്റ് ഹാമിലെ ശ്രീ നാരായണഗുരു മിഷന്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്നു. വൈകുന്നേരം 5.30ന് മികച്ച സംഘാടകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ടോണി ചെറിയാന്‍ ആഘോഷം ഉദഘാടനം ചെയ്യും. സാഹിത്യവേദി കോര്‍ഡിനേറ്റര്‍ റജി നന്തികാട്ട് സ്വാഗതപ്രസംഗം നടത്തും. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിക്കുന്ന നൃത്തങ്ങള്‍ വേദിയില്‍ അരങ്ങേറും. കൂടെ പ്രമുഖ ഗായകരായ മനോജ് പണിക്കര്‍, വക്കം ജി. സുരേഷ്‌കുമാര്‍, സതീഷ് കുമാര്‍, ജെയ്ന്‍ കെ. ജോണ്‍, ജോയ്സി ജോയ്, ശാന്തമ്മ സുകുമാരന്‍, മനീഷ ഷാജന്‍ തുടങ്ങിയ പ്രമുഖ ഗായകര്‍ മലയാളികളുടെ മനസ്സില്‍ നീറുന്ന നൊമ്പരമായി നില്‍ക്കുന്ന അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ മണി ആലപിച്ച ഗാനങ്ങളും ഉള്‍പ്പെടുത്തി പഴയതും പുതിയതുമായ ചലച്ചിത്ര ഗാനങ്ങള്‍ ആലപിക്കും.
പ്രമുഖ നാടകവേദിയായ ദൃശ്യകല അവതരിപ്പിച്ച ‘നിറ നിറയോ നിറ’ യിലെ അഭിനേതാക്കളെയും പിന്നണി പ്രവര്‍ത്തകരെയും ലണ്ടന്‍ മലയാള സാഹിത്യവേദി ആദരിക്കും. മികച്ച കലാകാരന്‍ ജെയ്‌സണ്‍ ജോര്‍ജ് കവിത ആലപിക്കും. മികച്ച സംഘാടകനും അഭിനേതാവും ആയ സി. എ. ജോസഫും സാഹിത്യകാരിയും പ്രഭാഷകയുമായ മീര കമലയും ആശംസകള്‍ നേരും. പ്രമുഖ നൃത്താധ്യാപകരായ കലാഭവന്‍ നൈസ്, കലാമണ്ഡലം ശ്രുതി, ധന്യ രാമന്‍ തുടങ്ങിയ പ്രതിഭകളെ വേദിയില്‍ ആദരിക്കുന്നതായിരിക്കും.
ലണ്ടന്‍ മലയാള സാഹിത്യവേദി രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നല്‍കുന്ന സാഹിത്യവേദി പുരസ്‌കാരങ്ങള്‍ക്ക് 2016 ല്‍ അര്‍ഹരായ പ്രമുഖ എഴുത്തുകാരായ ജിന്‍സണ്‍ ഇരിട്ടിയും ജോയിപ്പാനും പ്രസിദ്ധ കലാകാരന്‍ മനോജ് ശിവയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങും. പരിപാടികള്‍ ഏകോപിപ്പിക്കുന്നതിന്
ഷാജന്‍ ജോസഫിന്റെ നേതൃത്വത്തില്‍ കമ്മറ്റി പ്രവര്‍ത്തിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 07852437505; 07584074707