Main News

ബെംഗളൂരു∙ മൂന്നര വയസ്സുകാരിയായ മകളെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ ഫ്രഞ്ച് കോൺസുലേറ്റ് ഉദ്യോഗസ്‌ഥൻ പാസ്‌ക്കൽ മസൂരിയറിനെ ബെംഗളൂരു കോടതി കുറ്റവിമുക്തനാക്കി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് നടപടി. നീതി നടപ്പായതിൽ സന്തോഷമുണ്ടെന്ന് പാസ്ക്കൽ പ്രതികരിച്ചു. സ്വന്തം ഭാര്യതന്നെ ചതിക്കുമ്പോഴുള്ള വിഷമമെന്തെന്ന് ഞാൻ മനസിലാക്കി. ഇത്തരമൊരു സാഹചര്യത്തിൽ പിടിച്ചുനിൽക്കാനുള്ള ശക്തി നൽകിയത് ദൈവമാണെന്നും പാസ്ക്കൽ പറഞ്ഞു. അതേസമയം, കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഭാര്യ സുജ ജോൺസ് പറഞ്ഞു.

മകളെ മാനഭംഗപ്പെടുത്തിയെന്ന ഭാര്യയും മലയാളിയുമായ സുജ ജോൺസിന്റെ പരാതിയിൽ ജൂൺ 19നാണ് പാസ്‌ക്കൽ മസൂരിയറെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് മാസങ്ങളോളം ജുഡീഷ്യൽ കസ്‌റ്റഡിയിലായിരുന്ന മസൂരിയർ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം ഭാര്യയ്‌ക്കെതിരെ കേസ് നൽകിയിരുന്നു. കുട്ടി മാനഭംഗത്തിനിരയായെന്നു തെളിഞ്ഞെങ്കിലും മസൂരിയറിന് ഇതിൽ നൂറുശതമാനം പങ്കുണ്ടെന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധനയിൽ സാധിച്ചിരുന്നില്ല. മാത്രമല്ല സംഭവം ആരും നേരിട്ടു കണ്ടിട്ടുമില്ല.

സാഹചര്യ തെളിവുകൾ നൽകിയ വീട്ടുവേലക്കാരി ഗീത, പാചകക്കാരി ജ്യോതി, ഡ്രൈവർ ചാൾസ് എന്നിവരും മസൂരിയർ കുറ്റകൃത്യം നടത്തിയതായി വ്യക്‌തമാക്കിയില്ല.

ചെന്നൈ ∙  തമിഴ്നാട്ടിൽ രാഷ്ട്രീയ വിസ്ഫോടനം. പാർട്ടി ജനറൽ സെക്രട്ടറി ശശികലയെയും ഡപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനെയും പുറത്താക്കിയെന്ന് മുതിർന്ന അണ്ണാ ഡിഎംകെ നേതാക്കളുടെ പ്രഖ്യാപനം.

മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുടെ വസതിയിൽ 20 മുതിർന്ന മന്ത്രിമാർ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. ‘‘ദിനകരന്റെയും കുടുംബത്തിന്റെയും സ്വാധീനമില്ലാതെ മുന്നോട്ടുപോകും. പാർട്ടിയെ നയിക്കാൻ പുതിയ സമിതി വരും’’– യോഗശേഷം ധനമന്ത്രി ഡി.ജയകുമാർ അറിയിച്ചു.

മുഴുവൻ എംഎൽഎമാരുടെയും പിന്തുണ തീരുമാനത്തിനുണ്ടെന്നാണ് അവകാശവാദമെങ്കിലും ഇരുപതോളം പേർ ഇപ്പോഴും ശശികലയെ പിന്തുണയ്ക്കുന്നതായാണു സൂചന. വെട്രിവേൽ, തങ്കത്തമിഴ്സെൽവൻ എന്നീ എംഎൽഎമാർ ദിനകരനു പരസ്യ പിന്തുണയുമായി രംഗത്തെത്തി.

കൂടുതൽ എംഎൽഎമാർ ഇവർക്കൊപ്പം ചേർന്നാൽ സർക്കാർ പ്രതിസന്ധിയിലാകുമെന്നതിനാൽ അനുനയനീക്കം സജീവമാണ്. ഇതു വിജയിച്ചാൽ പനീർസെൽവം മുഖ്യമന്ത്രിസ്ഥാനത്തേക്കോ പാർട്ടി നേതൃസ്ഥാനത്തേക്കോ എത്തിക്കൂടെന്നില്ല.

പാർട്ടി സ്ഥാനാർഥിയായ ടി.ടി.വി. ദിനകരനു വേണ്ടി വോട്ടർമാർക്കു വൻതോതിൽ പണം നൽകിയെന്ന സൂചനകളെ തുടർന്ന് ആർകെ നഗർ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കിയതോടെ പുകഞ്ഞു തുടങ്ങിയ അമർഷമാണ് രാഷ്ട്രീയ പൊട്ടിത്തെറിക്കു വഴി തുറന്നത്.

അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നം കിട്ടാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥനു കൈക്കൂലി കൊടുക്കാൻ ദിനകരൻ ശ്രമിച്ചെന്ന ഡൽഹി ക്രൈംബ്രാഞ്ച് കേസ് കൂടി പുറത്തു വന്നതോടെ മുഖം നഷ്ടപ്പെട്ട ശശികല വിഭാഗം, പനീർസെൽവം പക്ഷവുമായി ലയനത്തിനു തയാറാണെന്നു പ്രഖ്യാപിച്ചതു തിങ്കളാഴ്ച രാത്രിയാണ്.

തങ്ങളും പനീർസെൽവം പക്ഷവും അണ്ണനും തമ്പിയുമാണെന്നു തിങ്കളാഴ്ച രാത്രി തന്നെ പളനിസാമി വിഭാഗം വ്യക്തമാക്കിയപ്പോൾ ചിന്നമ്മ പുറത്താകുമോ എന്നു മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു.

ശശികലയെയും കുടുംബത്തെയും പൂർണമായി ഒഴിവാക്കാതെ ഒത്തുതീർപ്പൊന്നുമില്ലെന്ന് ഒ. പനീർസെൽവം അറുത്തുമുറിച്ചു പറഞ്ഞതോടെ ഐക്യ ചർച്ചകൾ ഇന്നലെ പകൽ വഴിമുട്ടി.

ശശികല ജനറൽ സെക്രട്ടറിയായി തുടരുകയും ദിനകരൻ ഡപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയുകയുമെന്ന ഒത്തുതീർപ്പു നിർദേശം ഉപേക്ഷിക്കേണ്ടിവന്നു. തുടർന്നാണു രാത്രി മുഖ്യമന്ത്രിയുടെ വസതിയിൽ യോഗം ചേർന്ന് ശശികലയെയും ദിനകരനെയും തള്ളിപ്പറയാൻ തീരുമാനിച്ചത്.

എളുപ്പമല്ല, സമ്പൂർണ ഐക്യം

മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവവും കൈകോർത്തെങ്കിലും ശശികല പക്ഷത്ത് ഇപ്പോഴുമുള്ള ഇരുപതോളം എംഎൽഎമാരെ കൂടി ഒപ്പം നിർത്താനായില്ലെങ്കിൽ അണ്ണാ ഡിഎംകെയിൽ അടുത്ത പിളർപ്പാകും സംഭവിക്കുക.

ഡിഎംകെയും കോൺഗ്രസും അടക്കമുള്ള മറ്റു പാർട്ടികളുടെ നിലപാട് വീണ്ടും പ്രസക്തമാകുകയും ചെയ്യും.  ശശികലയുടെ വിശ്വസ്തരായ 20 പേർ പിൻവാങ്ങിയാൽ സർക്കാർ പ്രതിസന്ധിയിലാകും. ശശികലയെ പിന്തുണയ്ക്കുന്ന മന്ത്രിമാർ- സി.വിജയഭാസ്കർ, ദിണ്ടിഗൽ സി.ശ്രീനിവാസൻ, ആർ.കാമരാജ്, ഉദുമലൈ കെ.രാധാകൃഷ്ണൻ.

തമിഴ്നാട് നിയമസഭ : 234

കേവല ഭൂരിപക്ഷത്തിനു വേണ്ടത് 117

അണ്ണാ ഡിഎംകെ 135 (സ്പീക്കർ ഉൾപ്പെടെ)

പളനിസാമിയെ പിന്തുണയ്ക്കുന്നവർ 123

പനീർസെൽവത്തെ പിന്തുണയ്ക്കുന്നവർ 12

ഡിഎംകെ 89

കോൺഗ്രസ് എട്ട്

മുസ്‌ലിം ലീഗ് ഒന്ന്

മുംബൈ: പള്ളികളിലെ ബാങ്കുവിളിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ തല മൊട്ടയടിച്ച് ഗായകന്‍ സോനു നിഗം. ഗായകന്റെ തല മൊട്ടയടിക്കുന്നവര്‍ക്ക്  പശ്ചിമ ബംഗാള്‍ യുണൈറ്റഡ് മൈനോറിറ്റി കൗണ്‍സില്‍ പ്രസിഡന്റ് സയ്യിദ് ഷാ അതെഫ് അലി അല്‍ ക്വാദെരി പത്ത് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തല മുണ്ഠനം ചെയ്താണ് സോനു നിഗം വിവാദത്തില്‍ തന്റെ നിലപാട് വ്യക്തമാക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തിനെത്തിയത്. ഒരു മതപ്രശ്നമല്ല, സാമൂഹിക പ്രശ്നമാണ് താന്‍ ഉയര്‍ത്തിക്കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

ആരാധനാലയങ്ങളിലെ ലൗഡ് സ്പീക്കറുകളുടെ ഉപയോഗത്തിനെതിരായ സോനു നിഗമിന്റെ ട്വീറ്റ് വന്‍ വിവാദ കൊടുങ്കാറ്റിനാണ് തിരി കൊളുത്തിയത്. കാലത്ത് പള്ളിയിലെ ബാങ്കുവിളി കേട്ടാണ് ഉണര്‍ന്നതെന്നും മതവും വിശ്വാസവും അടിച്ചേല്‍പ്പിക്കുന്നത് എന്നാണ് അവസാനിക്കുക എന്നുമായിരുന്നു ട്വീറ്റ്. ഒരു വിഭാഗം ഗായകനെ പിന്തുണച്ചപ്പോള്‍ മറ്റൊരു വിഭാഗം ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നു. ഇതിനിടെയാണ് ബാങ്കുവിളിക്കെതിരെ പ്രതികരിച്ച ഗായകന്റെ തല മൊട്ടയടിക്കുകയും ചെരിപ്പ്മാല അണിയിക്കുകയും ചെയ്യുന്നവർക്ക് പത്ത് ലക്ഷം രൂപ സമ്മാനം നല്‍കാമെന്ന വാഗ്ദാനവുമായി അല്‍ ക്വാദെരി രംഗത്തുവന്നത്.

ഞാന്‍ മതേതര ചിന്താഗതിയുള്ള ഒരു വ്യക്തിയാണ്. ബാങ്കുവിളിക്കെതിരെയല്ല, ലൗഡ് സ്പീക്കറിന്റെ ഉപയോഗത്തിനെതിരെയായിരുന്നു എന്റെ ട്വീറ്റ്. സ്പീക്കറില്‍ ഇങ്ങനെ ഉച്ചത്തില്‍ ശബ്ദം വയ്ക്കുന്നത് ശരിയായ കാര്യമല്ലെന്നാണ് ഞാന്‍ പറഞ്ഞത്. ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്. ആര്‍ക്കും ആര്‍ക്കെതിരെയും ആക്രമണം അഴിച്ചുവിടാം, ഫത്വ പുറപ്പെടുവിക്കാം. ഞാന്‍ ഒരു പ്രത്യേക മതത്തെയും കുറിച്ചല്ല സംസാരിക്കുന്നത്. പള്ളിയെക്കുറിച്ച് മാത്രമല്ല, ക്ഷേത്രങ്ങളെക്കുറിച്ചും ഗുരുദ്വാരകളെക്കുറിച്ചും ഞാന്‍ എഴുതിയിട്ടുണ്ട്. അതാരും ശ്രദ്ധിക്കുന്നില്ല- വാര്‍ത്താസമ്മേളനത്തില്‍ സോനു നിഗം പറഞ്ഞു.

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍.കെ. അദ്വാനി, ഉമാഭാരതി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. 2 വര്‍ഷത്തിനുള്ളില്‍ ഇടവേളകളില്ലാതെ വിചാരണ പൂര്‍ത്തിയാക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. രാജസ്ഥാന്‍ ഗവര്‍ണ്ണര്‍ സ്ഥാനം വഹിക്കുന്നതിനാല്‍ കല്ല്യാണ്‍സിംഗിനെ വിചാരണയില്‍ നിന്നും തല്‍ക്കാലത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്. ബാബറി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ യുപി മുഖ്യമന്ത്രിയായിരുന്നു കല്യാണ്‍ സിംഗ്. ഗൂഢാലോചന കുറ്റത്തിനാണ് ഇവര്‍ വിചാരണ നേരിടേണ്ടി വരിക. ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥികളായി ഉയര്‍ന്നു കേട്ടിരുന്ന പേരുകളായിരുന്നു ഇവര്‍ മൂന്നുപേരും.

ഇവരടക്കം 13 നേതാക്കള്‍ ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് വിചാരണ നേരിടണമെന്ന് ആവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജിയിലാണ് വിധി വന്നത്. ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിച്ച സുപ്രീം കോടതി അലഹബാദ് കോടതി വിധി റദ്ദാക്കി. റായ്ബറേലി കോടതിയിലുള്ള കേസുകള്‍ ലക്നൗ കോടതിയിലേക്ക് മാറ്റാനും സുപ്രീം കോടതി ഉത്തരവിട്ടു. കേസിലുള്‍പ്പെട്ട വിഐപികളുടെ കേസുകള്‍ റായ്ബറേലി കോടതിയിലായിരുന്നു കൈകാര്യം ചെയ്തിരുന്നത്. മറ്റു കര്‍സേവകര്‍ക്കെതിരെയുള്ള കേസുകള്‍ ലക്‌നൗ കോടതിയില്‍ നടന്നു വരികയാണ്.

രണ്ട് വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനാണ് സുപ്രീം കോടതി നിര്‍ദേശം. കേസ് മാറ്റിവെക്കരുതെന്നും കോടതി നിര്‍ദേശിച്ചു. 13 പേരെ കുറ്റവിമുക്തരാക്കിക്കൊണ്ടാണ് അലഹബാദ് കോടതി വിധി പ്രഖ്യാപിച്ചിരുന്നത്. ഇതാണ് സുപ്രീം കോടതി റദ്ദാക്കിയത്. രാമന്റെ ജന്‍മ സ്ഥലമാണ് തര്‍ക്കഭൂമിയെന്നും ക്ഷേത്രം പൊളിച്ചാണ് ഇവിടെ പള്ളി നിര്‍മിച്ചതെന്നും അലഹബാദ് കോടതി വിധിയില്‍ പറഞ്ഞിരുന്നു.

ലണ്ടന്‍: പൊതുതെരഞ്ഞെടുപ്പ് നേരത്തേ പ്രഖ്യാപിച്ചതിലൂടെ തെരേസ മേയ് അബദ്ധമാണ് കാട്ടിയതെന്ന് സ്‌കോട്ട്‌ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍. യുകെയ്ക്ക് ശരിയുടെ പാതയിലേക്ക് മാറാനുള്ള അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. രാഷ്ട്രീയമായി വലിയ പിഴവാണ് മേയ്ക്ക് സംഭവിച്ചിരിക്കുന്നത്. ഹാര്‍ഡ് ബ്രെക്‌സിറ്റിലേക്ക് നയിക്കുന്ന കണ്‍സര്‍വേറ്റീവ് നയങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന അവസരമായി ജനങ്ങള്‍ ഇതിനെ കണക്കാക്കുമെന്നും അവര്‍ പറഞ്ഞു.

സ്വാതന്ത്ര്യത്തിനായി ഹിതപരിശോധന നടത്താന്‍ ശ്രമം നടത്തുന്ന സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടിക്കും സഹായകരമായ സാഹചര്യമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലൂടെ ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്. ലേബറിലെ പ്രതിസന്ധിയുടെ ആനുകൂല്യത്തില്‍ വലിയ ഭൂരിപക്ഷം നേടാനാണ് ടോറികള്‍ ശ്രമിക്കുന്നത്. അപ്പോള്‍ സ്‌കോട്ട്‌ലന്‍ഡ് സ്വാതന്ത്ര്യത്തിനു വേണ്ടി കൂടുതല്‍ വാദിക്കാന്‍ എസ്എന്‍പിക്ക് സാധിക്കുമെന്നാണ് സ്റ്റര്‍ജന്‍ പറയുന്നത്. കണ്‍സര്‍വേറ്റീവുകളെ തിരസ്‌കരിക്കാനും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനോട് പ്രതികരിച്ചുകൊണ്ട് നല്‍കിയ ട്വീറ്റില്‍ സറ്റര്‍ജന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു.

ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപനത്തോട് അനുബന്ധിച്ചായിരുന്നു സ്വാതന്ത്ര്യത്തിനായുള്ള ഹിതപരിശോധനാ ആവശ്യവുമായി സ്‌കോട്ടിഷ് സര്‍ക്കാര്‍ രംഗത്തെത്തിയത്. ഇപ്പോള്‍ അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഈ ആവശ്യം കൂടുതല്‍ ഫലപ്രദമായി ഉന്നയിക്കാന്‍ കഴിയുമെന്ന ആശ്വാസത്തിലാണ് എസ്എന്‍പി.

വാഷിംഗ്ടണ്‍: 75കാരനായ വൃദ്ധന് സമാധാനത്തോടെ മരിക്കാന്‍ മുന്‍ ഭാര്യക്ക് വലിയൊരു നുണ പറയേണ്ടി വന്നു. എന്നാല്‍ ആ വ്യാജവാര്‍ത്ത കേട്ട സന്തോഷത്തില്‍ മൈക്കിള്‍ ഗാര്‍ലന്‍ഡ് എലിയറ്റ് എന്നയാള്‍ സമാധാനമായി മരിക്കുകയും ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തു എന്നായിരുന്നു മുന്‍ ഭാര്യയായ തെരേസ എലിയറ്റ് അദ്ദേഹത്തോട് പറഞ്ഞ നുണ. ഒരു വാര്‍ത്താ ഭ്രാന്തനായിരുന്ന എലിയറ്റ് ട്രംപിനോടുള്ള അപ്രിയം പല തവണ വ്യക്തമാക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

75-ാമത്തെ വയസില്‍ ഹൃദ്രോഗത്തെത്തുടര്‍ന്നാണ് എലിയറ്റ് മരിച്ചത്. പ്രിയപ്പെട്ടവരുടെയെല്ലാം സാന്നിധ്യത്തിലായിരുന്നു മരണം. അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത സുഹൃത്തായിരുന്ന മുന്‍ ഭാര്യ തെരേസ സുഖ മരണത്തിനായി ഈ വ്യാജ വാര്‍ത്ത എലിയറ്റിനോട് പറയുകയായിരുന്നുവെന്ന് ദി ഓറിഗോണിയന്‍ പത്രത്തില്‍ വന്ന മരണ വാര്‍ത്ത പറയുന്നു. ഈ വാര്‍ത്ത കേട്ടുകൊണ്ടാണ് എലിയറ്റ് തന്റെ അന്ത്യശ്വാസം വലിച്ചതെന്നും വാര്‍ത്ത വ്യക്തമാക്കുന്നു.

ഇത്തരം ഒരു വാര്‍ത്ത അദ്ദേഹത്തിന് ആശ്വാസകരമായിരിക്കുമെന്ന് തനിക്ക് അറിയാമായിരുന്നെന്ന തെരേസ മാധ്യമങ്ങളോട് പറഞ്ഞു. ഒരു വ്യാജവിവരം നല്‍കി തന്റെ സുഹൃത്തിനെ മരണത്തിലേക്ക് വിട്ടു എന്ന കുറ്റബോധമുണ്ടോ എന്ന ചോദ്യത്തിന് ഇതിലും സന്തോഷം അദ്ദേഹത്തിന് നല്‍കാന്‍ മറ്റൊന്നിനും കഴിയുമായിരുന്നില്ല എന്നായിരുന്നു അവര്‍ പ്രതികരിച്ചത്.

അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ‌ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 13 ഇന്ത്യക്കാരുളളതായി കാബൂളിലെ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ ആക്രമണത്തില്‍ 96 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ കേരളത്തില്‍ നിന്നടക്കം ഐ.എസില്‍ ചേര്‍ന്നവര്‍ ഉള്‍പെട്ടോ എന്ന സംശയം നിലനില്‍ക്കെയാണ് പുതിയ റിപ്പോര്‍ട്ട്. ഇക്കാര്യം എന്‍.ഐ.എ അന്വേഷിക്കുന്നുണ്ടെങ്കിലും അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടില്ല.

 

ലണ്ടന്‍: അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട പൊതു തെരഞ്ഞെടുപ്പിനായി പാര്‍ട്ടികള്‍ തയ്യാറെടുപ്പു തുടങ്ങി. മുന്‍ പ്രധാനമന്ത്രിയായ ടോണി ബ്ലെയര്‍ വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുന്നു എന്ന പ്രത്യേകത കൂടി ഈ തെരഞ്ഞെടുപ്പിനുണ്ടാവും. ലേബര്‍ പാര്‍ട്ടിക്കു വേണ്ടി മൂന്ന് തവണ വിജയിക്കുകയും പ്രധാനമന്ത്രിയാവുകയും ചെയ്ത ബ്ലെയര്‍ പക്ഷേ രണ്ടാമൂഴത്തില്‍ ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പമാണ് എത്തുന്നതെന്ന് സവിശേഷതയും ഉണ്ട്. തെരഞ്ഞെടുപ്പില്‍ ബ്രെക്‌സിറ്റ് വിരുദ്ധ പ്രചരണവുമായി ടിം ഫാരണിനൊപ്പം ബ്ലെയറും പങ്കാളിയാകുമെന്ന് മുതിര്‍ന്ന ലിബറല്‍ ഡെമോക്രാറ്റ് നേതാക്കള്‍ സ്ഥിരീകരിച്ചു.

ഹാര്‍ഡ് ബ്രെക്‌സിറ്റ് ഒഴിവാക്കാനും രാജ്യത്തിന്റെ ദിശാ നിര്‍ണ്ണയ ശക്തിയാകാനുമുള്ള അവസരം എന്നാണ് തെരഞ്ഞെടുപ്പിനെ ഫാരണ്‍ വിശേഷിപ്പിക്കുന്നത്. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നവര്‍ക്കായിരിക്കും ജനങ്ങള്‍ വോട്ടു ചെയ്യുകയെന്നാണ് ബ്ലെയര്‍ പ്രസ്താവനയില്‍ പറഞ്ഞത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ തങ്ങള്‍ അനുഭവിച്ചിരുന്ന സൗകര്യങ്ങള്‍ തുടര്‍ന്നു ലഭിക്കുന്ന വിധത്തിലുള്ള സമീപനത്തെയായിരിക്കും ജനങ്ങള്‍ പിന്തുണയ്ക്കുകയെന്നും ബ്ലെയര്‍ പറഞ്ഞു. രാജ്യം നേരിടുന്ന രാഷ്ട്രീയ സാഹചര്യം പ്രവചനാതീതവും അപകടകരവുമാണെന്നും ബ്ലെയര്‍ പറഞ്ഞു.

നിലവിലെ പാര്‍ലമെന്റ് സന്തുലിതമല്ല. ടോറിം അംഗങ്ങള്‍ക്കാണ് പ്രാതിനിധ്യം കൂടുതലുള്ളത്. ഇത് ടോറികളുടെ കഴിവോ ബ്രെക്‌സിറ്റില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷയോ മൂലമല്ല. മറിച്ച് ലേബറാണ് ഇതിനു കാരണമെന്നും മുന്‍ ലേബര്‍ നേതാവ് വിമര്‍ശിച്ചു. തുറന്ന മനസോടെയുള്ള പ്രതിനിധികളെയാണ് പാര്‍ലമെന്റിന് ആവശ്യം. ബ്രിട്ടീഷ് ജനതയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സജ്ജരായവരെ വേണം തെരഞ്ഞെടുക്കാനെന്നും ബ്ലെയര്‍ പറഞ്ഞു.

ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും വൻ തുക വെട്ടിച്ചതിന് ലണ്ടനില്‍ പിടിയിലായി ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ ഇ​ന്ത്യ​ൻ മാ​ധ്യ​മ​ങ്ങ​ളെ വിമര്‍ശിച്ച് വിവാദ വ്യവസായി വിജയ് മല്യ. പതിവുപോലെ ഇന്ത്യന്‍ മാധ്യമങ്ങള്‍ അ​മി​തപ്രചാരം തു​ട​ങ്ങി​യെ​ന്നും എ​ന്നാ​ൽ ത​ന്നെ ഇ​ന്ത്യ​യ്ക്കു കൈ​മാ​റാ​നു​ള്ള വാ​ദം കോ​ട​തി​യി​ൽ ഇ​ന്ന് പ്ര​തീ​ക്ഷി​ച്ചത് പോലെ ആരംഭിച്ചെന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ കോടതി ജാമ്യം നല്‍കിയതിന് പിന്നാലെയാണ് മല്യയുടെ പ്രതികരണം. ബ്രീട്ടിഷ് പൗരത്വം ഉള്ള വിജയ് മല്യക്ക് ബ്രിട്ടീഷ് നിയമങ്ങള്‍ തുണയായതാണ് ജാമ്യം ലഭിക്കാന്‍ കാരണം. ഇതോടെ വിജയ് മല്യയെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള സിബിഐയുടെ നീക്കങ്ങൾ പ്രതിസന്ധിയിലായി. ഇന്ത്യയിൽ 9000 കോടിരൂപയുടെ കുടിശ്ശിക​ വരുത്തിയ മല്യയെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
ലണ്ടനിൽ വെച്ച് സ്കോട്ട്‌ലൻഡ് യാഡാണ് വിജയ് മല്യയെ കസ്റ്റഡിയിൽ എടുത്തത്. കുറ്റവാളികളെ കൈമാറാനുള്ള കരാർ പ്രകാരമാണ് സ്കോട്ട്ലൻഡ് യാർഡ് മല്യയെ കസ്റ്റഡയിൽ എടുത്തത്. ലണ്ടനിൽ അഭയം പ്രാപിച്ച വിജയ് മല്യയെ കൈമാറുന്നതിന് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിൽ എത്തിയിരുന്നു. ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ, വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് ബ്രിട്ടനിൽ നിന്നുള്ള പ്രതിനിധി സംഘവുമായി കൂടിക്കാഴ്‌ച നടത്തിയത്.

മറ്റ് കേസുകളിൽ ബ്രിട്ടനിൽ ഒളിച്ചുകഴിയുന്ന ലളിത് മോദി, ടൈഗർ മേമൻ എന്നിവരെയും വിട്ടുനൽകണമെന്ന് ഇന്ത്യൻ പ്രതിനിധികൾ ബ്രിട്ടീഷ് പ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ബ്രിട്ടീഷ് പ്രതിനിധികൾ ഇരുവർക്കുമെതിരായ കേസിന്റെ കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ് മല്യയ്‌ക്കെതിരെ മുംബൈയിലെ പ്രത്യേക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ട് മാസങ്ങളായി.

കിംഗ് ഫിഷർ എയർലൈൻസിന് വേണ്ടിയാണ് മല്യ വൻതുകകൾ ബാങ്കിൽ നിന്നും വായ്പയായി വാങ്ങിയത്. വൻ മുതൽ മുടക്കിൽ തുടങ്ങിയ കിംഗ് ഫിഷർ എയർലൈൻസ് നഷ്ടത്തിലായതോടെ കമ്പനി അടച്ചുപൂട്ടുകയായിരുന്നു. പിന്നീട് ബാങ്ക് ലോണുകൾ അടയ്ക്കാതെ മല്യ രാജ്യം വിടുകയും ചെയ്തു.

ബ്രിട്ടനിൽ പ്രധാനമന്ത്രി തെരേസ മേയ് ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കൺസർവേറ്റീവ് പാർട്ടിക്കു വ്യക്തമായ ഭൂരിപക്ഷമുള്ള പാർലമെന്റിന്റെ കാലാവധി തീരാൻ മൂന്നുവർഷം ബാക്കിയുള്ളപ്പോഴാണ് അപ്രതീക്ഷിതമായി ഏവരെയും ഞെട്ടിച്ചുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം. ജൂൺ എട്ട്, വ്യാഴാഴ്ച പൊതുതിരഞ്ഞടുപ്പ് നടത്താൻ അനുമതി തേടിക്കൊണ്ടുള്ള പ്രമേയം നാളെ രാവിലെ പ്രധാനമന്ത്രി പാർലമെന്റിൽ അവതരിപ്പിക്കും. കാലാവധി തീരുംമുമ്പ് തിരഞ്ഞെടുപ്പു നടത്താൻ പാർലമെന്റിൽ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ അനിവാര്യമാണ്. സർക്കാർ ഇടക്കാല തിരഞ്ഞെടുപ്പിനു തയാറായാൽ പിന്തുണയ്ക്കുമെന്ന് മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈസാഹചര്യത്തിൽ ബില്ല് പാസാകാൻ തടസമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.

നേരത്തെ തിരഞ്ഞെടുപ്പു നടത്താനുള്ള തീരുമാനം ഇന്നു രാവിലെ 11.15ന് അത്യന്തം നാടകീയമായാണ് പ്രധാനമന്ത്രി തെരേസ മേയ് പ്രഖ്യാപിച്ചത്. ഔദ്യോഗിക വസതിക്കു പുറത്ത് വാർത്താസമ്മേളനത്തിലായിരുന്നു അപ്രതീക്ഷിതമായ ഈ പ്രഖ്യാപനം.

ബ്രെക്സിറ്റിനായി ജനങ്ങളെടുത്ത തീരുമാനം നടപ്പിലാക്കാൻ രാജ്യത്തിനു കൂടുതൽ രാഷ്ട്രീയ സ്ഥിരതയും ശക്തമായ നേതൃത്വവും ആവശ്യമാണെന്നും പുതിയൊരു തിരഞ്ഞടുപ്പിലൂടെ ഇത് സാധ്യമാക്കാനാണ് തന്റെ സർക്കാർ ഉദ്ദേശിക്കുന്നതെന്നും തെരേസ മേയ് പറഞ്ഞു. നേരത്തെ ഇടക്കാല തിരഞ്ഞടുപ്പിനുള്ള സാധ്യതകൾ തള്ളിക്കളഞ്ഞിരുന്ന പ്രധാനമന്ത്രി മുൻ നിലപാടുകളിൽ മാറ്റം വരുത്തിയാണ് ഇപ്പോൾ തിരഞ്ഞടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തിൽ സ്വതന്ത്ര സ്കോട്ട്ലൻഡിനായി സ്കോട്ടിഷ് നാഷണൽ പാർട്ടി (എസ്എൻപി) വീണ്ടും ഹിതപരിശോധന ആവശ്യപ്പെടുന്നതും ചർച്ചകളിൽ ഉരുത്തിരിയുന്ന അവസാന ഉടമ്പടി വ്യവസ്ഥകൾ പാർലമെന്റ് അംഗീകരിക്കാതിരിക്കുമോയെന്ന ആശങ്കയുമാണ് തിരഞ്ഞടുപ്പിന് തെരേസ മേയെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങൾ.

ബ്രെക്സിറ്റ് ചർച്ചകൾ ചൂടുപിടിക്കുന്നതിനു മുമ്പ് തിരഞ്ഞടുപ്പ് നടത്തി കൂടുതൽ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് അവരുടെ ലക്ഷ്യം. മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടി ക്ഷീണിച്ചുനിൽക്കുന്ന ഈ ഘട്ടത്തിൽ തിരഞ്ഞെടുപ്പു നടത്തിയാൽ കൂടുതൽ സീറ്റോടെ അധികാരത്തിൽ തിരിച്ചെത്താനാകുമെന്നാണ് തെരേസയുടെ പ്രതീക്ഷ.

RECENT POSTS
Copyright © . All rights reserved