Main News

പാരീസ്: പാരീസ് മെട്രോയുടെ വാതിലില്‍ കോട്ട് കുരുങ്ങി പ്ലാറ്റ്‌ഫോമില്‍ വീണ യാത്രക്കാരന്‍ മരിച്ചു. പ്ലാറ്റ്‌ഫോമിലൂടെ ഇയാളെയും വലിച്ചു കൊണ്ട് ട്രെയിന്‍ മുന്നോട്ട് നീങ്ങിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് 24കാരനായ യുവാവിന്റെ കോട്ട് ട്രെയിനിലെ വാതിലില്‍ ഉടക്കിയത്. രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.
കോട്ട് സ്വതന്ത്രമാക്കി രക്ഷപ്പെടാന്‍ യുവാവ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതുമൂലം പ്ലാറ്റ്‌ഫോമിലൂടെ ട്രെയിന്‍ ഇയാളെ വലിച്ചുകൊണ്ട് നീങ്ങി. പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് എന്തെങ്കിലം ചെയ്യാനാകുന്നതിനു മുമ്പ് ഇയാളുമായി ട്രെയിന്‍ നീങ്ങിക്കഴിഞ്ഞിരുന്നു. പതിനഞ്ചാമത് അരോന്‍ഡിസ്മയില്‍ വെച്ച് ബുധനാഴ്ച രാത്രി പതിനൊന്നു മണിക്കാണ് അപകടമുണ്ടായത്.

എമര്‍ജന്‍സി മെഡിക്കല്‍ സംഘം ഉടനെത്തിയെങ്കിലും അവര്‍ വരുമ്പോഴേക്കും യുവാവ് മരിച്ച് കഴിഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പാരീസ് ട്രെയിന്‍ ഗതാഗത അധികൃതര്‍ അറിയിച്ചു.

അങ്കാറ: ഇസ്താംബുളില്‍ നടത്തിയ ചാവേര്‍ ആക്രമണത്തിന് പ്രതികാരമായി 200 ഐസിസ് ഭീകരരെ വധിച്ചതായി തുര്‍ക്കി. ബോംബാക്രമണത്തില്‍ പത്ത് വിനോദസഞ്ചാാരികളായിരുന്നു കോല്ലപ്പെട്ടത്. ഇതേത്തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് ഐസിസ് തീവ്രവീദികള്‍ കൊല്ലപ്പെട്ടതെന്ന് തുര്‍ക്കി അവകാശപ്പെട്ടു. സിറിയക്കാരനായ യുവാവാണ് ചാവേര്‍ ആക്രമണം നടത്തിയത്. ഇയാള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
തുര്‍ക്കിയുടെ സൈനികരും ടാങ്കുകളും മറ്റും അഞ്ഞൂറോളം ഐസിസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി പ്രധാനമന്ത്രി അഹമ്മദ് ദാവുതോഗ്ലു പറഞ്ഞു. സിറിയയിലെയും ഇറാഖിലെയും തുര്‍ക്കിയുടെ ക്യാമ്പുകള്‍ക്ക് അടുത്തുളളവയടക്കമുളള ഐസിസ് കേന്ദ്രങ്ങളിലേക്കാണ് ആക്രമണം നടത്തിയത്. ഭീകരാക്രമണത്തിന് ശേഷം രണ്ട് ദിവസത്തോളം നീണ്ട ആക്രമണങ്ങളിലായാണ് 200 ഭീകരരെ വധിച്ചത്.

തുര്‍ക്കിയ്‌ക്കോ തങ്ങളുടെ അതിഥികള്‍ക്കോ നേരെ ഇനിയും ഇത്തരം ആക്രമണമുണ്ടായാല്‍ കനത്ത തിരിച്ചടിയാകും ഉണ്ടാകുക എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്. ഇസ്താംബൂള്‍ ബോംബാക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്ത് നൂറ് കണക്കിന് പേര്‍ പുഷ്പാര്‍ച്ചന നടത്തിയും മൗനം ആചരിച്ചും മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

ലണ്ടന്‍: നാല്‍പ്പത് വര്‍ഷമായി അനധികൃതമായി പ്രവര്‍ത്തിച്ച് വരുന്ന ജൂത വിദ്യാലയം അടച്ചു പൂട്ടാന്‍ ഉത്തരവ്. തികച്ചും യാഥാസ്ഥിതിക മൂല്യങ്ങള്‍ പുലര്‍ത്തുന്ന ഈ സ്‌കൂളില്‍ ഇംഗ്ലീഷ് പഠനത്തിന് വിലക്കും നിലവിലുണ്ട്. വടക്കന്‍ ലണ്ടനിലുളള സ്റ്റാഫോര്‍ഡ് ഹില്ലിലെ ഷാരേദി താല്‍മുദ് തോറ താഷ്ബാര്‍ സ്‌കൂളാണ് അടച്ചുപൂട്ടാന്‍ അധികൃതര്‍ ഉത്തരവിട്ടിരിക്കുന്നത്. സ്‌കൂളിന് ആവശ്യമായ മിനിമം നിലവാരം പോലുമില്ലെന്നും ഓഫ്‌സ്റ്റെഡ് പരിശോധകര്‍ വിലയിരുത്തി. ഇരുനൂറോളം വിദ്യാര്‍ത്ഥികളുളള സ്‌കൂളിലെ ബോധന മാധ്യമം ഹീബ്രൂ ഭാഷയാണെന്നും പരിശോധകര്‍ കണ്ടെത്തി. സ്‌കൂളില്‍ സാംസ്‌കാരിക വംശീയ മൂല്യങ്ങളാണ് പഠിപ്പിക്കുന്നത്. എന്നാല്‍ വിശാലവും അഗാധവുമായി വിവിധ വിശ്വാസങ്ങളെയും സമൂഹങ്ങളെയും സംസ്‌കാരങ്ങളെയും ജീവിത ശൈലികളെയും കുറിച്ച് ഈ സ്‌കൂളില്‍ പഠിപ്പിക്കുന്നില്ല. ഇംഗ്ലണ്ടിലെ സാംസ്‌കാരിക വൈവിധ്യങ്ങള്‍ പോലും ഇവിടെ പാഠ്യ വിഷയമല്ലെന്നും കണ്ടെത്തി.
സ്വകാര്യ പദവി ലഭിക്കുന്നതിന് വേണ്ടിയുളള അപേക്ഷകളിന്‍മേലാണ് ഓഫ്‌സ്റ്റെഡ് പരിശോധകര്‍ സ്‌കൂളിനെക്കുറിച്ച് അന്വേഷണം നടത്തിയതെന്ന് വിവരാവകാശ രേഖകള്‍ പ്രകാരം ലഭിച്ച റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മത തത്വത്തിന്റെ പേര് പറഞ്ഞ് കുട്ടികളെ ഇംഗ്ലീഷും മതേതര പാഠങ്ങളും അഭ്യസിപ്പിക്കുന്നില്ല. അവശ്യം വേണ്ട നിലവാരം കൈവരിക്കുന്നതില്‍ മൂന്ന് തവണ സ്‌കൂള്‍ പരാജയപ്പെട്ടു. എന്നിട്ടും സ്‌കൂള്‍ അടച്ച് പൂട്ടാന്‍ നടപടിയെടുത്തില്ല. ഇവര്‍ നിര്‍ബാധം പ്രവര്‍ത്തനം തുടര്‍രുകയായിരുന്നു. രജിസ്റ്റര്‍ ചെയ്യാത്ത ഇസ്ലാമിക സ്‌കൂളുകള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സ്‌കൂളുകളുടെ മുഖ്യ പരിശോധകന്‍ സര്‍ മൈക്കിള്‍ വില്‍ഷാ പറഞ്ഞിരുന്നു.

അസഹിഷ്ണുത പ്രചരിപ്പിക്കുന്ന സ്‌കൂളുകള്‍ ഈമാസം അവസാനത്തോടെ അടച്ച് പൂട്ടും. ജൂത വിദ്യാലയം അടച്ച് പൂട്ടിയ നടപടിയെ ബ്രിട്ടീഷ് ഹ്യൂമനിസ്റ്റ് അസോസിയേഷന്‍ സ്വാഗതം ചെയ്തു. നിയവിരുദ്ധമായ വിശ്വാസ സ്‌കൂളുകള്‍ക്കെതിരെ പ്രചാരണം നടത്തുന്ന സംഘടനയാണിത്. ഇതുപോലുളള ബാക്കി സ്‌കൂളുകള്‍ക്കെതിരെയും ഇത്തരം നടപടി കൈക്കൊളളാന്‍ വിദ്യാഭ്യാസ സെക്രട്ടറി ആര്‍ജ്ജവം കാട്ടണമെന്നും ഇവര്‍ പറഞ്ഞു. ആയിരക്കണക്കിന് കുട്ടികളുടെ കുട്ടിക്കാലമാണ് ഇത്തരം സ്‌കൂളുകള്‍ കവരുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. എല്ലാവര്‍ഷവും എല്ലാമാസവും എല്ലാ ആഴ്ചയും ഇത്തരം സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നു. വന്‍തോതില്‍ കുട്ടികള്‍ ഒറ്റപ്പെടുകയും കുട്ടികളെ ദുരുപയോഗം ചെയ്യപ്പെടുകയുമാണ് ചെയ്യപ്പെടുന്നതെന്നും അസോസിയേഷന്‍ വ്യക്തമാക്കി. അടച്ചു പൂട്ടിയ നടപടിയില്‍ സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

ഷിബു മാത്യു.
ലീഡ്‌സ്. ഫാ: മഞ്ഞളിയെ യൂറോപ്പ് ഒരിക്കല്‍ക്കൂടി കാത്തിരിക്കുന്നു. നോമ്പ് കാലത്തോട് അനുബന്ധിച്ച് ലീഡ്‌സ് രൂപതയിലെ സീറോ മലബാര്‍ ചാപ്ലിയിന്‍സിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള വാര്‍ഷീക ധ്യാനം ഇക്കുറി ഫാ: ജേക്കബ് മഞ്ഞളി നയിക്കും. ഇടിവെട്ടു പ്രസംഗം എന്ന് ലോകമെമ്പാടും പേരെടുത്ത
ഫാ: മഞ്ഞളി, യൂറോപ്പില്‍ വരുന്നത് ഇതാദ്യമല്ല. 2016 മാര്‍ച്ച് 4,5,6, തീയതികളില്‍ ലീഡ്‌സില്‍ നടക്കുന്ന വാര്‍ഷീക ധ്യാനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കുകൊള്ളും. രൂപതയുടെ കീഴിലുള്ള ആറ് വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നുള്ളവര്‍ ധ്യാനത്തിനു നേതൃത്വം നല്‍കും. ponnethഫാ: മഞ്ഞളിയുടെ വചങ്ങളോടു ചേര്‍ന്നു നിന്നു കൊണ്ട് വിശ്വാസങ്ങള്‍ക്ക് സാക്ഷിയായ ജീവിതം നയിക്കുവാന്‍ എല്ലാവരെയും പ്രാര്‍ത്ഥനയില്‍ സ്വാഗതം ചെയ്യുന്നുവെന്ന് ലീഡ്‌സ് രൂപതാ വികാരി ഫാ. ജോസഫ് പൊന്നേത്ത് അറിയ്ച്ചു.

കൊച്ചി : കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോ ഓടിത്തുടങ്ങാന്‍ ഒരുങ്ങുമ്പോള്‍ അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച ഡിഎംആര്‍സിയ്ക്കും സാരഥി ഇ.ശ്രീധരനും അഭിനന്ദനങ്ങള്‍ അര്‍പ്പിയ്ക്കാന്‍ നമ്മള്‍ മറക്കരുത്. കാരണം ഡിഎംആര്‍സി എന്ന ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്ത പച്ചാളം മേല്‍പ്പാലം സര്‍ക്കാര്‍ അനുവദിച്ച എസ്റ്റിമേറ്റ് തുകയേക്കാള്‍ 13 കോടി തുക കുറവിനാണ് പൂര്‍ത്തിയാക്കിയത്.
അതായത് സര്‍ക്കാര്‍ പദ്ധതിക്ക് അനുവദിച്ചത് 52 കോടി 10 ലക്ഷം ആയിരുന്നു. എന്നാല്‍ വെറും 39.5 കോടിക്ക് പണി പൂര്‍ത്തിയാക്കി ബാക്കി തുക സര്‍ക്കാരിലേക്ക് തിരിച്ചേല്‍പ്പിക്കുകയായിരുന്നു. പൊതു മേഖലാ സ്ഥാപനങ്ങള്‍ കള്ളമില്ലാതെ പ്രവര്‍ത്തിച്ചാല്‍ പൊതു മുതല്‍ കൊള്ളയടിക്കാതെ എല്ലാം ഭംഗിയായി ചെയ്യാം എന്നതിന്റെ നേര്‍സാക്ഷ്യമാണ് പച്ചാളം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിലൂടെ വ്യക്തമാകുന്നത്.

2014 മാര്‍ച്ച് 4 ന് ആണ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 52.7 കോടി രൂപ ചെലവ് വന്ന പാലത്തിന്റെ നിര്‍മ്മാണച്ചുമതല ഡിഎംആര്‍സിയ്ക്കായിരുന്നു. ഇ.ശ്രീധരനാണ് പാലത്തിന്റെ ഘടന നിശ്ചയിച്ചതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചതും. പാലത്തിന്റെ നിര്‍മ്മാണത്തിനായി 32 പേരുടെ 44.96 സെന്റ് സ്ഥലമേറ്റെടുത്തു.

പച്ചാളത്തെ രൂക്ഷമായ ഗതാഗതകുരുക്കില്‍ നിന്നുള്ള രക്ഷയ്ക്കായി റെയില്‍വേ മേല്‍പ്പാലം വേണമെന്നത് ജനങ്ങളുടെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു. കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് അനുബന്ധമായാണ് പച്ചാളം മേല്‍പ്പാലം നിര്‍മ്മിച്ചത്. ഇ. ശ്രീധരന്റെ നേതൃത്വത്തിലെ ആസൂത്രണമികവാണ് ചിലവ് കുറച്ചുള്ള നിര്‍മ്മാണം സാധ്യമാക്കിയത്.

തിരുവനന്തപുരം: മനുഷ്യകടത്ത് നടത്തി യുവതികളെ വിദേശത്ത് ലൈംഗിക വ്യാപാരത്തിന് ഉപയോഗിച്ച് വരികയായിരുന്ന സംഘത്തിലെ നടത്തിപ്പുകാരായ ദമ്പതികളെ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. ബാലുശേരി സ്വദേശി അബ്ദുള്‍ നാസര്‍ എന്ന് വിളിയ്ക്കുന്ന നസീര്‍, കൊല്ലം ചന്ദനതോപ്പ് സ്വദേശിനി സുമി എന്ന് വിളിയ്ക്കുന്ന ഷാജിദ എന്നിവരാണ് മുംബൈയില്‍ പിടിയിലായത്.
ഇന്നലെ പുലര്‍ച്ചെ നാലരക്ക് ബഹ്‌റിനില്‍ നിന്നുള്ള വിമാനത്തില്‍ മുംബൈയിലെത്തിയ ഇരുവരെയും ഭീകരവിരുദ്ധ സേനയും എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതരും തടഞ്ഞ് വച്ചു. കേരള പോലീസ് ഇരുവര്‍ക്കുമെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയ ഇരുവരെയും മുംബൈയ് ഭീകരവിരുദ്ധ സേന ഐജി. നികേത് കൗശിക്കിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞ് വയ്ക്കുകയും മുബൈയ് പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

മുംബൈയ് പോലീസ് കേരള പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ ഒരു തിരുവനന്തപുരത്ത് നിന്നുള്ള പോലീസ് സംഘം മുംബൈയിലേക്ക് പോകുകയും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാസറിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഷാജിദയുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തും. നാളെ വൈകുന്നേരത്തോടെ ഇരുവരെയും മുംബൈയില്‍ നിന്നും തിരുവനന്തപുരത്തെത്തിക്കും.

ബഹ്‌റിന്‍, ദുബായ് എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ വിദേശത്തേക്ക് കടത്തി നിര്‍ബന്ധിച്ച് ലൈംഗിക വ്യാപാരം നടത്തി വന്ന ഇരുവര്‍ക്കുമെതിരെ ഇരകളാക്കപ്പെട്ട യുവതികള്‍ പോലീസില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യാന്തര ബന്ധമുള്ള കേസായതിനാല്‍ ഡിജിപി. ടി.പി.സെന്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്.

ബഹ്‌റിനില്‍ ഇരുവരും പോലീസിന്റെ പിടിയിലാകുമെന്ന് മനസ്സിലാക്കി അവിടെ നിന്നും ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു ഇരുവരുമെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. നസീറിനെയും ഷാജിദയെയും നാളെ വൈകുന്നേരത്തോടെ പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്തെത്തിക്കും. ബഹ്‌റിന്‍ കേന്ദ്രീകരിച്ച് ഇവരുടെ അഭാവത്തില്‍ രഹസ്യമായി ഇടപാടുകള്‍ നടത്താനായി കൊച്ചിയില്‍ നിന്നും അഞ്ച് പേരെ ബഹ്‌റിനിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള തയാറെടുപ്പുകള്‍ നടത്തിയ ശേഷമാണ് ഇരുവരും ഇന്ത്യയിലേക്ക് കടന്നതെന്ന്്് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഇവരുടെ നിര്‍ദേശാനുസരണം ബഹ്‌റിനിലേക്ക് പുറപ്പെടാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അഞ്ച് പേരെ ക്രൈംബ്രാഞ്ചും സൈബര്‍ പോലീസും ചേര്‍ന്ന് പിടികൂടി. കൊച്ചി സ്വദേശികളായ മനാഫ്, ദിലീപ് ഖാന്‍, എന്നിവരെ കൂടാതെ രണ്ട് യുവതികളും ഒരു യുവാവുമാണ് സൈബര്‍ പോലീസിന്റെ കസ്റ്റഡിയിലായത്. ഇവരെ ക്രൈംബ്രാഞ്ച് ഐജി. എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം വിശദമായി ചോദ്യം ചെയ്യുകയാണ്.

ബഹ്‌റിനില്‍ നിന്നും രക്ഷപ്പെട്ട് ചെന്നൈ കേന്ദ്രീകരിച്ച് പെണ്‍വാണിഭ ഇടപാട് നടത്തുന്നതിനാണ് അബ്ദുള്‍ നസീറും ഷാജിദയും പദ്ധതി തയ്യാറാക്കിയിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ നസീര്‍ പ്രത്യേക അന്വേഷണ സംഘത്തിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. മുംബൈയിലെ രഹസ്യ കേന്ദ്രത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇരുവരെയും ചോദ്യം ചെയ്യുകയാണ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി. പി.വേലായുധന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് നസീറിനെയും ഷാജിദയെയും കസ്റ്റഡിയിലെടുത്തത്.

കൊച്ചി കേന്ദ്രീകരിച്ച് നടത്തിയ ഓണ്‍ ലൈന്‍ പെണ്‍വാണിഭ കേസില്‍ രാഹുല്‍ പശുപാലന്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായതിന്റെ ചുവട് പിടിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് രാജ്യന്തര ബന്ധമുള്ള മനുഷ്യകടത്തിലെയും പെണ്‍വാണിഭ ഇടപാടുകളിലെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്താകാനും പ്രതികളെ പിടികൂടാന്‍ സഹായിച്ചതും. ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ അച്ചായന്‍ എന്ന് വിളിയ്ക്കുന്ന ജോഷിയുടെ മകന്‍ ജോയിസിനെ പിടികൂടിയതോടെയാണ് കേസ് പുതിയ വഴിത്തിരിവിലേക്ക് കടന്നത്.

ജോയിസിന്റെ സുഹൃത്തും പറവൂര്‍ പെണ്‍വാണിഭ കേസിലെ കൂട്ടുപ്രതിയുമായിരുന്ന ആലുവ സ്വദേശി മുജീബും ജോയിസും ചേര്‍ന്നാണ് വിദേശത്തേക്ക് യുവതികളെ ലൈംഗിക വ്യാപാരത്തിന് എത്തിച്ചിരുന്നതെന്ന് ഇരകളാക്കപ്പെട്ട യുവതികള്‍ പോലീസില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. ബഹ്‌റിന്‍ കേന്ദ്രീകരിച്ച് മുജീബും നസീറും ഷാജിദയുമാണ് പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നതെന്ന് ഇരകളായ യുവതികള്‍ തങ്ങള്‍ അനുഭവിച്ച യാതനകള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു.

ലൈംഗിക വ്യാപാരത്തിന് വഴങ്ങാത്തവരെ കള്ളക്കേസുകളില്‍ കുടുക്കി പീഡിപ്പിച്ച വിവരങ്ങള്‍ ഉള്‍പ്പെടെ പുറത്തായതോടെയാണ് കേസ് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് കടന്നത്. രണ്ട് വര്‍ഷക്കാലത്തിനിടെ 63-ഓളം യുവതികളെ കേരളത്തിലെ വിവിധ വിമാനത്താവളത്തില്‍ നിന്നും വിദേശത്തേക്ക് കടത്തിയിരുന്നതായി ജോയിസും കൂട്ടുപ്രതിയായ അക്ബറും ചോദ്യം ചെയ്യലില്‍ നേരത്തെ പോലീസിനോട് സമ്മതിച്ചിരുന്നു.

വിവാഹശേഷം തന്നെ സിനിമയില്‍ നിന്ന്‌ പുറത്താക്കാന്‍ ശ്രമമുണ്ടായെന്ന്‌ ദിലീപ്‌. തന്നെ പുറത്താക്കാന്‍ സിനിമയില്‍ ഒരു കോക്കസ്‌ തന്നെ പ്രവര്‍ത്തിച്ചിരുന്നെന്നും ദിലീപ്‌ പറഞ്ഞു. വിവാഹം കഴിഞ്ഞ സമയത്ത്‌ അഞ്ച്‌ മാസത്തോളം തനിക്ക്‌ സിനിമകള്‍ ഇല്ലായിരുന്നു. ചെയ്‌ത പടങ്ങള്‍ വിജയിക്കുന്നില്ല. ചില പടങ്ങള്‍ ഇറങ്ങാത്ത സ്‌ഥിതിയുണ്ടയി. അങ്ങനെ കുറച്ചു നാള്‍ അഭിനയം നിര്‍ത്തിവച്ചു.
തന്നെയും ലാല്‍ ജോസിനെയും കലാഭവന്‍ മണിയെയും ബിജു മേനോനെയും സിനിമയില്‍ നിന്ന്‌ പുറത്താക്കാനായിരുന്നു പദ്ധതി. കാരണം തന്റെ വിവാഹത്തിന്‌ കൂട്ടു നിന്നത്‌ ഇവരായിരുന്നു. ഇന്‍ഡസ്‌ട്രിയില്‍ നിന്ന്‌ പുറത്താക്കാന്‍ ഒരു കോക്കസ്‌ തന്നെ പ്രവര്‍ത്തിച്ചിരുന്നു. ഈ ഘട്ടത്തില്‍ നിര്‍മ്മാതാവ്‌ സുരേഷ്‌ കുമാറാണ്‌ തനിക്ക്‌ പിന്തുണ നല്‍കിയത്‌. ഒരാള്‍ ജീവിതം തെരഞ്ഞെടുത്താല്‍ പിന്നെ അവരുടെ ലൈഫാണ്‌. അതില്‍ ഇടപെടുന്നതിനോട്‌ യോജിപ്പില്ലെന്ന്‌ സുരേഷ്‌ കുമാര്‍ പറഞ്ഞു. പ്രതിസന്ധി കാലഘട്ടം കഴിഞ്ഞ്‌ ജോക്കര്‍ എന്ന ചിത്രത്തോടെയാണ്‌ തന്റെ കരിയറില്‍ മാറ്റമുണ്ടായതെന്നും ദിലീപ്‌ പറഞ്ഞു.

ജീവിതത്തില്‍ തകര്‍ന്നുപോയ സമയത്ത് മീനൂട്ടി (മകള്‍) യുടെ വാക്കുകളാണ് വീണ്ടും എഴുന്നേല്‍ക്കാന്‍ സഹായകരമായത്. അച്ഛന്‍ എന്ത് തീരുമാനം വേണമെങ്കിലും എടുത്തോളു, ഞാന്‍ ഒപ്പമുണ്ടാകും എന്ന അവളുടെ വാക്കുകള്‍ പ്രചോദനമായി എന്നും ദിലീപ് പറയുന്നു. ഇനിയങ്ങോട്ട് തന്റെ ജീവിതം ആ ആള്‍ക്കുവേണ്ടിയിട്ടാണെന്നും ദിലീപ് പറയുന്നു. താന്‍ തന്റെ ജീവിതത്തില്‍ ഇതുവരെ ആരെയും ദ്രോഹിച്ചിട്ടില്ല. ആരെയും വേദനിപ്പിക്കാനായി ഒരു വാക്ക്‌പോലും എഴുതുകയോ കീപാഡില്‍ ഞെക്കുകയോ ചെയ്തിട്ടില്ലെന്നും ദിലീപ് പറയുന്നു.

മഞ്ജുവാര്യറുമായി തന്റെ വിവാഹബന്ധം വേര്‍പ്പെടുത്തിയ സമയത്ത് തന്നെയാണ് ഇന്നസെന്റിന് ക്യാന്‍സര്‍ രോഗം മൂര്‍ച്ഛിച്ചത്. ‘നമ്മുടെ സമയദോഷമായിരിക്കുമെടാ, അതൊക്കെ വിട്ടേക്കെടാ’ എന്നുള്ള ഇന്നസെന്റിന്റെ വാക്കുകള്‍ ഏറെ ബലംനല്‍കിയെന്നും ദിലീപ് പറയുന്നു.

സിനിമയില്‍ അഭിനയിച്ചുതുടങ്ങിയ സമയത്ത് പൊക്കമില്ല വേണ്ടത്ര വണ്ണമില്ല തുടങ്ങിയ കോംപ്ലക്‌സുകള്‍ തനിക്കുണ്ടായിരുന്നു. ഇടക്കാലത്ത് ഇന്നര്‍ ഡ്രസുകള്‍ ഇടുകയും ഷൂവിന് സോള്‍ പിടിപ്പിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ അതിന്റെ ആവശ്യമൊന്നുമില്ല. താന്‍ എന്താണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അമ്മയുടെ സിനിമ നിര്‍മ്മിക്കാനുള്ള ധൈര്യം കിട്ടിയത് ആ സംഘടനയോടുള്ള ആത്മാര്‍ത്ഥത കൊണ്ടാണ്. പ്രതിസന്ധിഘട്ടത്തില്‍ അമ്മ എനിക്കൊപ്പം നിന്നിട്ടുണ്ട്. അന്ന് ആറു കോടി രൂപ മുടക്കിയാണ് സിനിമ നിര്‍മ്മിച്ചത്. അത് വിജയിച്ചില്ലായിരുന്നെങ്കില്‍ തന്റെ ജീവിതസമ്പാദ്യങ്ങള്‍ മുഴുവന്‍ തീരുമായിരുന്നു. പിന്നീട് അമ്മയുടെ മറ്റൊരു പ്രൊജക്ട് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ വന്നപ്പോള്‍ മമ്മൂട്ടി പറഞ്ഞു, അതിനെന്താ നമ്മുടെ ദിലീപുണ്ടല്ലോ, അവന്‍ നിര്‍മ്മിക്കും. അയ്യോ, നമ്മളില്ലേ, ഇനിയൊരു അങ്കത്തിന് ബാല്യമില്ലേ എന്ന് മറുപടി പറഞ്ഞ് ഒഴിവാകുകയായിരുന്നു. കൈയ്യില്‍ പണമില്ലാത്തത് കൊണ്ടല്ല. പത്തുരൂപ വരുമാനമുണ്ടെങ്കില്‍ 20 രൂപയുടെ ചെലവുകളുമുണ്ട്. അച്ഛന്റെ പേരില്‍ നടത്തുന്ന ട്രസ്റ്റിലേക്ക് എന്റെ വരുമാനം പോരാതെ വന്നതോടെ ഇപ്പോ പുറത്തുനിന്നും സംഭാവനകള്‍ സ്വീകരിച്ചുതുടങ്ങി. ആളുകള്‍ക്ക് സഹായമായി പണം നല്‍കുന്ന പരിപാടി നിര്‍ത്തി. മരുന്നു വേണ്ടവര്‍ക്ക് അത് വാങ്ങി നല്‍കും, അഡ്മിഷന്‍ വേണ്ടവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് വേണ്ടത് ചെയ്യും. ചിലര്‍ നമ്മളെ പറ്റിക്കും അതുകൊണ്ടാണ് നേരിട്ട് പണം കൊടുക്കുന്നത് നിര്‍ത്തിയത് തുടങ്ങിയ കാര്യങ്ങളും ദിലീപ് അഭിമുഖത്തില്‍ പങ്കുവെയ്ക്കുന്നുണ്ട്.

ഒരു ദിവസം കൈയ്യില്‍ ആയിരം രൂപ പോലും എടുക്കാനില്ലാത്ത അവസ്ഥ വന്നിട്ടുണ്ട്. ഞാനും മറ്റുള്ളവരെ പോലെ കടം മേടിക്കാറുണ്ട്. എന്തെങ്കിലും ആവശ്യങ്ങള്‍ വരുമ്പോള്‍ പണമില്ലെന്ന് കരുതി നടത്താതിരിക്കാന്‍ സാധിക്കില്ലല്ലോ എന്നും ദിലീപ് പറയുന്നു.

ടോം ജോസ് തടിയംപാട്
ലിവര്‍പൂള്‍: ലിവര്‍പൂളില്‍ വീണ്ടും മറ്റൊരു മലയാളി മരണം കൂടി. കഴിഞ്ഞ വര്‍ഷം മൂന്ന്‍ മലയാളി മരണങ്ങള്‍ നടന്ന ലിവര്‍പൂളിനു പുതുവര്‍ഷത്തിലും ദുഖ വാര്‍ത്തയ്ക്ക് വിരാമമില്ല. ലിവര്‍പൂള്‍ മലയാളികള്‍ക്ക് പ്രിയംകരനായ പുനലൂര്‍ അഞ്ചല്‍ സ്വദേശിയായ 42 കാരന്‍ വിനു ജോസഫാണ് ലിവര്‍പൂള്‍ റോയല്‍ ഹോസ്പിറ്റലില്‍ വച്ച് മരണമടഞ്ഞത്. അസുഖ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. ഭാര്യ ലിനിയും മൂന്ന്‍ കുട്ടികളുമൊത്ത് ലിവര്‍പൂള്‍ നോട്ടി ആഷില്‍ താമസിച്ച് വരികയായിരുന്നു.

കരള്‍ സംബന്ധമായ അസുഖങ്ങളാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു വിനു ജോസഫ്. ഏകദേശം മൂന്നാഴ്ചക്കാലമായി അസുഖം കൂടിയതിനെ തുടര്‍ന്ന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ആയിരുന്ന വിനു ഇന്ന്‍ രാവിലെയാണ് ഈ ലോകത്തോട്‌ വിടപറഞ്ഞത്‌. വിനുവിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ലിവര്‍പൂളിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന നിരവധി മലയാളികള്‍ ഹോസ്പിറ്റലില്‍ എത്തി ചേര്‍ന്നിട്ടുണ്ട്.

മാതാപിതാക്കളുടെ ഏകമകനായ വിനു ജോസഫിന്‍റെ മൃതദേഹം നാട്ടില്‍ കൊണ്ട് പോയി സംസ്കരിക്കാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. ലിവര്‍പൂള്‍ മലയാളികള്‍ ചേര്‍ന്ന്‍ ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്ത് വരികയാണ്. യുകെയിലെത്തിയ കാലം മുതല്‍ ലിവര്‍പൂളില്‍ തന്നെയായിരുന്നു വിനുവും കുടുംബവും താമസിച്ചിരുന്നത്. ഭാര്യ ലിനി ലിവര്‍പൂളിലെ സിടിസി ആശുപത്രിയില്‍ നഴ്സ് ആണ്.

ന്യൂഡല്‍ഹി: നാളെ നടത്താനിരുന്ന ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയില്‍ നിന്ന് പാകിസ്ഥാന്‍ പി്ന്‍മാറി. ഇപ്പോഴത്തെ നിലയില്‍ ചര്‍ച്ച സാധ്യമല്ലെന്ന് പാക് വിദേശകാര്യ വക്താവ് അറിയിച്ചു. ചര്‍ച്ചകള്‍ക്ക് മറ്റൊരു തിയതി നിശ്ചയിക്കാമെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി. അതേ സമയം ജയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസറിന്റെ അറസ്റ്റുവിവരം സ്ഥിരീകരിക്കാനും പാകിസ്ഥാന്‍ തയ്യാറായില്ല. അസര്‍ അറസ്റ്റിലായതായി പാക് മാധ്യമങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഷയത്തില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ജെയ്‌ഷെ തലവന്‍ മസൂദ് അസറിനെ അറസ്റ്റ് ചെയ്ത കാര്യം പാകിസ്ഥാന്‍ ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് നേരത്തേ പറഞ്ഞിരുന്നു. രണ്ട് ദിവസത്തേക്ക് ഇയാളെയും കൂട്ടാളികളെയും തടവിലാക്കിയിരിക്കുകയാണെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചര്‍ച്ചകള്‍ യഥാസമയം നടക്കുമെന്നാണ് ഇന്ത്യ ഇതുവരെ പറഞ്ഞ് കൊണ്ടിരുന്നത്.

പത്താന്‍കോട്ടിലെ ആക്രമണങ്ങളില്‍ ഉത്തരവാദികളായവരെ പാകിസ്ഥാന്‍ മാതൃകപരമായി ശിക്ഷിക്കുമെന്ന് കരുതുന്നതായും ഇന്ത്യ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഷെരീഫ് വിഷയത്തില്‍ ഉറപ്പ് നല്‍കുകയും് ചെയ്തതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ കൂടുതലൊന്നും പറയാനില്ലെന്നാണ് പാക് നിലപാട്.

പത്താന്‍കോട്ടില്‍ നിന്ന് ഭീകരര്‍ വിളിച്ച ഫോണ്‍ നമ്പരുകളടങ്ങിയ തെളിവുകള്‍ പാകിസ്ഥാന്‍ തളളി. ഇത് പാകിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള നമ്പരുകളല്ലെന്നാണ് പാക് അധികൃതര്‍ പറയുന്നത്. ഇന്ത്യയിലേക്ക് ഒരു അന്വേഷണസംഘത്തെ അയക്കാമെന്ന് തങ്ങള്‍ പറഞ്ഞെങ്കിലും ഇന്ത്യന്‍ അധികൃതര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും പാകിസ്ഥാന്‍ പരാതിപ്പെടുന്നു.

1994ല്‍ അസറിനെ കാശ്മീരില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ 1999ല്‍ റാഞ്ചികള്‍ കൈക്കലാക്കിയ എയര്‍ ഇന്ത്യാ വിമാനത്തിലെ യാത്രക്കാരെ വിട്ട് കിട്ടാന്‍ വേണ്ടി മറ്റ് രണ്ട് പാക് തീവ്രവാദികള്‍ക്കൊപ്പം ഇയാളെ പിന്നീട് വിട്ടയച്ചു. 155 യാത്രക്കാരുമായി പോയ വിമാനമാണ് കാണ്ഡഹാറിലേക്ക് റാഞ്ചിക്കൊണ്ട് പോയത്.

ബെര്‍ലിന്‍: രാജ്യത്ത് അഭയാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ജര്‍മനിയിലെ വലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിക്ക് കടുത്ത ആശങ്ക. അടുത്തിടെ നടന്ന ഒരു സര്‍വേയിലാണ് പാര്‍ട്ടി തങ്ങളുടെ ആശങ്ക പങ്ക് വച്ചത്. ബില്‍ഡ് മാസികയാണ് സര്‍വേ നടത്തിയത്. ഇന്ന് നടക്കുന്ന ഫെഡറല്‍ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പതിനൊന്നര ശതമാനം വോട്ട് നേടുമെന്നും മാസിക വിലയിരുത്തി. ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന്റെ സിഡിയു പാര്‍ട്ടിക്ക് മുപ്പത്തഞ്ച് ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വേ വ്യക്തമാക്കുന്നു.
സോഷ്യല്‍ ഡെമോക്രാറ്റുകള്‍ 21.5 ശതമാനം വോട്ട് കരസ്ഥമാക്കും. ഗ്രീന്‍ പാര്‍ട്ടിക്കും ഇടത് പാര്‍ട്ടിക്കും പത്ത് ശതമാനം വീതം വോട്ട് ലഭിക്കും. ലിബറല്‍ പാര്‍ട്ടിയായ എഫ്ഡിപിയ്ക്ക് ആറ് ശതമാനം വോട്ടേ ലഭിക്കൂ. എങ്കിലും പാര്‍ലമെന്റില്‍ പുനഃപ്രവേശിക്കാന്‍ പാര്‍ട്ടിക്കാകും. അടുത്തിടെ നടന്ന ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തൂത്തെറിയപ്പെട്ടിരുന്നു. ജര്‍മനിയാണ് യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ ഏറ്റെടുത്തിരിക്കുന്ന രാജ്യം. വര്‍ഷത്തില്‍ പത്ത് ലക്ഷം അഭയാര്‍ത്ഥികളെ രാജ്യം സ്വീകരിക്കുമെന്നാണ് ചാന്‍സിലര്‍ ആഞ്ചേല മെര്‍ക്കലിന്റെ പ്രഖ്യാപനം.

കൊളോണിലുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മെര്‍ക്കല്‍ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നു. ആക്രമണങ്ങളെ തുടര്‍ന്ന് തീവ്ര വലതുപക്ഷ വാദികള്‍ ലെയ്‌സിഗിലുളള കടകളും മറ്റും അടിച്ച് തകര്‍ത്തിരുന്നു. ഇവിടെ ഏറെയും വംശീയ ന്യൂനപക്ഷങ്ങളാണ് വ്യവസായം നടത്തുന്നത്. അടുത്തിടെ മെര്‍ക്കലും തന്റെ നിലപാടില്‍ ചില തിരുത്തലുകള്‍ വരുത്തിയിരുന്നു. യൂറോ കറന്‍സിയില്‍ നിന്നും ജര്‍മനി പിന്‍മാറണമെന്ന് എഎഫ്ഡി ആവശ്യപ്പെടുന്നു. യൂറോപ്യന്‍ യൂണിയനുമായുളള അടുപ്പവും അവസാനിപ്പിക്കണം. കുടിയേറ്റക്കാരോടും അഭയാര്‍ത്ഥികളോടും കടുത്ത നിലപാട് സ്വീകരിക്കണമെന്നും ഇവര്‍ ആഹ്വാനം ചെയ്യുന്നു.

RECENT POSTS
Copyright © . All rights reserved