ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബീച്ചിൽ യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ 17 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബോൺമൗത്ത് ബീച്ചിലാണ് ദാരുണ സംഭവം നടന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ദൃക്സാക്ഷികളായിട്ടുള്ളവർ വിവരം കൈമാറണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

34 വയസ്സുകാരിയായ യുവതി സംഭവസ്ഥലത്ത് വച്ചു മരിച്ചിരുന്നു. 38 വയസ്സുള്ള മറ്റൊരു സ്ത്രീയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് . വെള്ളിയാഴ്ച അർദ്ധരാത്രിക്ക് മുൻപ് ഡർലി ചൈൻ ബീച്ചിലാണ് 17 വയസ്സുകാരനായ കൗമാരക്കാരൻ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം നടക്കുന്നതിനാൽ ബീച്ച് അടച്ചിട്ടിരിക്കുകയാണ്.

കൗമാരക്കാരനായ പ്രതി ലങ്കാ ഷെയറിൽ നിന്നുള്ള ആളാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഡിറ്റക്ടീവ് സൂപ്രണ്ട് റിച്ചാർഡ് ഡിക്‌സെ പറഞ്ഞു. ഡർലി ചൈൻ ബീച്ച് ബോൺമൗത്തിൻ്റെ പടിഞ്ഞാറ് ഭാഗത്തുള്ള കടൽത്തീരമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒരുകാലത്ത് ലേബർ പാർട്ടിയുടെ മുഖമായിരുന്നു ജെറമി കോർബിൻ. എന്നാൽ പാർട്ടിയിൽ നിന്ന് പുറത്തായ അദ്ദേഹം തന്റെ സ്വന്തം പാർട്ടിയായ ലേബറിനെതിരെ മത്സരിക്കാൻ തയ്യാറെടുക്കുകയാണ് . 2015 മുതൽ 2020 വരെ താൻ നയിച്ച പാർട്ടിക്കെതിരെ മത്സരിക്കുമെന്ന് ജെറമി കോർബ് സ്ഥിരീകരിച്ചു. 1983 മുതൽ അദ്ദേഹം കൈവശം വച്ചിരുന്ന ഇസ്ലിംഗ്ടൺ നോർത്ത് സീറ്റിൽ ജൂലൈ 4 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിക്കും.

സമത്വത്തിനും ജനാധിപത്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള ശബ്ദമാകാനാണ് താൻ മത്സരിക്കുന്നത് എന്ന് പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അറിയിച്ചു. 2020 – ൽ ആണ് കോർബിനെ പാർലമെൻററി ലേബർ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. യഹൂദ വിരുദ്ധ പരാതികൾ പാർട്ടി കൈകാര്യം ചെയ്തതിനെ കുറിച്ചുള്ള വിവാദങ്ങളെ തുടർന്നായിരുന്നു നടപടി. പാർലമെൻററി പാർട്ടിയിൽ നിന്ന് പുറത്തായെങ്കിലും അദ്ദേഹം പാർട്ടിയുടെ അംഗമായി തുടരുകയായിരുന്നു. പാർട്ടി സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുന്നതിലൂടെ അദ്ദേഹം പാർട്ടിയിൽ നിന്നും പുറത്താകുമെന്ന് ഉറപ്പായി .

ലേബർ പാർട്ടി ജെറമി കോർബിന്റെ മണ്ഡലത്തിൽ പ്രഖ്യാപിച്ച സാധ്യത പട്ടികയിൽ അദ്ദേഹത്തിൻറെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. മുൻ നേതാവിന്റെ സ്ഥാനാർത്ഥിത്തത്തോടെ പരസ്യമായി പ്രതികരിക്കാൻ നിലവിലെ നേതാവ് വിസമ്മതിച്ചു. ഞങ്ങൾക്ക് അവിടെ മികച്ച ഒരു സ്ഥാനാർത്ഥി ഉണ്ടാകുമെന്നാണ് കെയർ സ്റ്റാർമർ മാധ്യമങ്ങളോട് പ്രതികരിച്ചത് . ജെറമി കോർബിന്റെ സ്ഥാനാർത്ഥിത്തത്തിന് കെയർ സ്റ്റാർമറിൻ്റെ നേതൃത്വത്തിനോട് താത്പര്യമില്ലാത്ത പാർട്ടി അണികളുടെ പിന്തുണ ലഭിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ ജനിച്ച് സഭയുടെ വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിന് ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിച്ച കാർലോ അക്യൂട്ടിനെ കത്തോലിക്കാ സഭ വിശുദ്ധനായി പ്രഖ്യാപിച്ചു. 15-ാം വയസ്സിൽ അന്തരിച്ച കാർലോ അക്യൂട്ടിനെ വിശുദ്ധരുടെ പദവിയിലേയ്ക്ക് ഉയർത്താൻ ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയിൽ ചേർന്ന സമിതിയാണ് തീരുമാനിച്ചത്. ഈ നൂറ്റാണ്ടിൽ കത്തോലിക്കാ സഭ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തിയവരിൽ ഏറ്റവും പ്രായം കുറഞ്ഞയാളും ആദ്യ കമ്പ്യൂട്ടർ പ്രതിഭയുമാണ് കാർലോ അക്യൂട്ട്.

മാറുന്ന കാലത്ത് പുതിയ രീതിയിലുള്ള വിശ്വാസപ്രഘോഷണത്തെ സഭ എങ്ങനെ കാണുന്നു എന്നത് വെളിവാക്കുന്നതായി മാർപാപ്പയുടെ പ്രഖ്യാപനം. സമൂഹമാധ്യമങ്ങളും തന്റെ കമ്പ്യൂട്ടർ പരിജ്ഞാനവും ജപമാലയും ജീവിതത്തിൽ സമന്വയിപ്പിച്ച് വിശ്വാസ പ്രചാരണത്തിനും ക്രിസ്തുവിൻറെ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനും തൻറെ ജീവിതം ഉഴിഞ്ഞു വയ്ക്കുകയാണ് കാർലോ അക്യൂട്ടീസ് ചെയ്തത്. തൻറെ 11-ാം വയസ്സിൽ അവീവിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്സൈറ്റ് ആരംഭിച്ചാണ് കാർലോ വിശ്വാസപ്രചാരണത്തിന് തുടക്കമിട്ടത്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഒട്ടേറെ വിശ്വാസ സത്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിൽ നേതൃത്വം നൽകി. കമ്പ്യൂട്ടറിന് മുന്നിൽ സമയം ചിലവഴിക്കുന്നതു പോലെ തന്നെ മണിക്കൂറുകളോളം പ്രാർത്ഥനയിലും കാർലോ മുഴുകുമായിരുന്നു . രക്താർബുദം ബാധിച്ച് 2006 ൽ ഒക്ടോബർ 12ന് മരിക്കും വരെ സജീവസാക്ഷ്യം തുടർന്നു. കഴിഞ്ഞ വർഷം പോർച്ചുഗലിൽ നടന്ന ലോക യുവജനദിനത്തിന്റെ മധ്യസ്ഥൻ കാർലോ ആയിരുന്നു.

കാർലോയുടെ മധ്യസ്ഥതയിൽ പലർക്കും രോഗശാന്തി കിട്ടിയിരുന്നു. ബ്രസീലിൽ ഒരു ബാലൻ രോഗസൗഖ്യം നേടിയത് കാർലോയുടെ മധ്യസ്ഥതയിലാണെന്നു സാക്ഷ്യപ്പെടുത്തിയതിനെ തുടർന്ന് 2020 ഒക്ടോബർ 10നാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. വിശുദ്ധരെ പ്രഖ്യാപിക്കുന്നതിന് സഭാ അംഗീകരിച്ച അത്ഭുതങ്ങൾ രേഖപ്പെടുത്തി പരിശുദ്ധ ജീവിതം നയിച്ച കാർലോ വിശുദ്ധ പദവിയിലേക്ക് ഉയരുമ്പോൾ നവമാധ്യമങ്ങളെ വിശ്വാസപ്രഘോഷണത്തിന് ഉപയോഗിക്കുന്നവർക്കുള്ള പ്രചോദനം കൂടിയായി കാർലോയുടെ വിശുദ്ധ പദവി
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഓരോ ദിവസം ചൊല്ലുന്തോറും അപ്രതീക്ഷിത നീക്കങ്ങളിലൂടെ ഞെട്ടിക്കുന്നതാണ് ബ്രിട്ടീഷ് രാഷ്ട്രീയം. ഏറ്റവും ഒടുവിലായി ക്യാബിനറ്റ് മിനിസ്റ്റർ മൈക്കൽ ഗോവ് അടുത്ത പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറി. പ്രധാനമന്ത്രി ഋഷി സുനകിന് കടുത്ത പിന്തുണ നൽകിയിരുന്ന മൈക്കൽ ഗോവിൻ്റെ പിന്മാറ്റം കടുത്ത ഞെട്ടലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ഉണ്ടാക്കിയിരിക്കുന്നത്.

പ്രധാനമന്ത്രിയായി തിരിച്ചെത്താൻ ഋഷി സുനകിനെ പിന്തുണയ്ക്കുമെന്നും എന്നാൽ പുതിയ തലമുറകൾക്കായി വഴിമാറി കൊടുക്കേണ്ട സമയമാണിതെന്നും മൈക്കൽ ഗോവ് പറഞ്ഞു. നേരത്തെതന്നെ ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ള പല പ്രമുഖരും അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു. പല പ്രമുഖരുടെയും മത്സര രംഗത്ത് നിന്നുള്ള പിന്മാറ്റം കൺസർവേറ്റീവ് പാർട്ടിക്ക് കടുത്ത തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

70-ൽ അധികം കൺസർവേറ്റീവ് പാർട്ടി എംപിമാരാണ് അടുത്ത പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. പ്രതിപക്ഷമായ ലേബർ പാർട്ടിയിൽ നിന്ന് 2 പേരും എസ്എൻ പിയിൽ നിന്ന് 9 പേരും മത്സരിക്കുന്നില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ പ്രധാനമന്ത്രി ഋഷി സുനക് നോർത്ത് അയർലൻഡ് സന്ദർശിച്ചു . ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമാർ സ്കോട്ട് ലൻഡിൽ പ്രചാരണം നടത്തി കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ പ്രത്യാരോപണങ്ങളാൽ സജീവമാണ് പ്രചാരണ രംഗം. ഊർജ്ജ വിലയിലെ ഇടിവ് സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റത്തിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. രാജ്യത്തെ അരാജകത്വം നിർത്താൻ തൻറെ പാർട്ടിക്കെ സാധിക്കുകയുള്ളൂവെന്നും നിലവിൽ എൻഎച്ച്എസിലെ വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കുന്നതിനാണ് തന്റെ പാർട്ടി മുൻതൂക്കം നൽകുകയെന്നും കെയർ സ്റ്റാർമർ പ്രഖ്യാപിച്ചു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്ത് ഈസ്റ്റ് ലണ്ടനിൽ ഫ്ലാറ്റിൽ നിന്ന് വീണ് കുട്ടി മരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ കെന്നിംഗ്ടണിലെ ഹോട്സ്പർ സ്ട്രീറ്റിലെ ഫ്ലാറ്റിൻ്റെ മുകളിലത്തെ നിലയിൽ നിന്ന് വീണ കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 4. 23 നാണ് സംഭവത്തെ കുറിച്ച് അത്യാഹിത വിഭാഗത്തിൽ വിവരമറിഞ്ഞത്. ഉടൻ തന്നെ ലണ്ടൻ ആംബുലൻസ് സേവനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തി.

കുട്ടി സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ സംഭവത്തിൽ സംശയിക്കുന്നതായി ഒന്നുമില്ലെന്ന് പോലീസ് പറഞ്ഞു. എന്നിരുന്നാലും അപകടത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരുകയാണ്.

അപകടത്തിൽ മരിച്ച കുട്ടിയുടെ പ്രായം എത്രയാണെന്നോ ആൺകുട്ടിയാണെന്നോ പെൺകുട്ടിയാണെന്നോ എന്ന് തുടങ്ങിയ ഒരു വിവരവും പോലീസ് പുറത്തുവിട്ടിട്ടില്ല. എന്നാൽ വോക്‌സ്‌ഹാളിലെ ലേബർ എംപിയായ ഫ്ലോറൻസ് എഷലോമി അപകടത്തിൽ പെട്ടത് ആൺകുട്ടിയാണെന്ന സൂചന നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഈസ്റ്റ് ലണ്ടൻ ടവർ ബ്ലോക്കിൻ്റെ 15-ാം നിലയിലെ അടുക്കളയിലെ ജനലിൽ നിന്ന് വീണ് അഞ്ച് വയസുകാരനായ ആലിം അഹമ്മദ് മരിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒരു പതിന്നാല് വയസു മാത്രം പ്രായമുള്ള ആൺകുട്ടിയെ തീവ്രവാദ കുറ്റത്തിന് അറസ്റ്റ് ചെയ്തത് യുകെയിലാകെ വൻ ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. വെസ്റ്റ് ലണ്ടനിൽ നിന്നാണ് കൗമാരക്കാരനായ ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ ഏതുതരത്തിലുള്ള ഭീകര പ്രവർത്തനത്തിൽ പങ്കാളിയായി എന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും ഭീകര പ്രവർത്തനത്തിന് സഹായകരമായ രേഖകൾ ഇയാളിൽ നിന്ന് കണ്ടെടുത്തു എന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

അറസ്റ്റിലായ കുട്ടിയെ ആഗസ്റ്റ് മാസം വരെ ജാമ്യത്തിൽ വിട്ടിരിക്കുകയാണ്. ഇയാളിൽ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണെന്ന വിവരങ്ങൾ ആണ് പോലീസ് പുറത്തു വിട്ടിരിക്കുന്നത്. ഇയാൾ തീവ്ര വലതുപക്ഷ തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. യുവാക്കൾ തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നതും അതിൽ ഏർപ്പെടുന്നതും ആശങ്കാജനകവുമായ പ്രവണതയാണ് എന്ന് മെറ്റിൻ്റെ തീവ്രവാദ വിരുദ്ധ കമാൻഡ് മേധാവി ഡൊമിനിക് മർഫി പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
2000 ത്തിലാണ് യുകെയിലേയ്ക്ക് മലയാളി കൂടിയേറ്റം കൂടുതലായി ആരംഭിച്ചത്. യു കെ യിൽ എത്തിയ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരായിരുന്നു. ഇന്നും കേരളത്തിൽ നേഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്ന ഭൂരിപക്ഷം പേരുടെയും സ്വപ്നഭൂമിയാണ് യുകെ. എന്നാൽ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമ്പോഴും ബ്രിട്ടന്റെ സാമൂഹിക സാംസ്കാരിക മേഖലയിൽ ഇടപെട്ട് കഴിവ് തെളിയിച്ച ഒട്ടേറെ മലയാളികൾ ആണ് യുകെയിൽ ശ്രദ്ധേയരാവുന്നത്. ഇത്തരം ഒരു അപൂർവ്വ വിജയത്തിൻറെ കഥയാണ് മലയാളം യുകെ ഇന്ന് വായനക്കാരുമായി പങ്കുവെയ്ക്കുന്നത്.
നേഴ്സായ മാർട്ടീന മാർട്ടിനാണ് യുകെയിൽ നടന്ന ഇൻറർ ഫാഷൻ ഷോയുടെ അവസാനഘട്ടത്തിൽ ഇടം പിടിച്ച് അപൂർവ്വ നേട്ടത്തിന് ഉടമയായത്. യുകെയിലെ പല കൗണ്ടികളിൽ നടന്ന മത്സരങ്ങളിൽ വിജയിച്ചാണ് ഫൈനൽ മത്സരത്തിൽ മത്സരാർത്ഥിയായി മാർട്ടീന എത്തിയത്.

എറണാകുളം ഫോർട്ട് കൊച്ചി സ്വദേശിയായ മാർട്ടീന പഠന കാലം മുതൽ ഫാഷൻ ഷോകളിൽ സജീവമായിരുന്നു. ഇതിന് മുൻപ് മിസ് ഫെയ്സ് ഓഫ് കേരള അവാർഡും മാർട്ടീന സ്വന്തമാക്കിയിട്ടുണ്ട്. ഇനിയും കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് മാർട്ടീന. ഇനി നടക്കുന്ന മിസ് എർത്ത് ഇംഗ്ലണ്ട്, മിസ് സൂപ്പർ നേഷൻ 2025 തുടങ്ങിയ മത്സരങ്ങളിൽ വിജയം കൊയ്യാനുള്ള തയ്യാറെടുപ്പിലാണ് മാർട്ടീന.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജൂലൈ നാലിന് യുകെയിൽ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് പ്രധാനമന്ത്രി ഋഷി സുനകിൻ്റെ ഭാഗത്തു നിന്നുള്ള അപ്രതീക്ഷിത നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പ്രധാനമന്ത്രി ഭരണപക്ഷത്തെ ക്യാബിനറ്റ് അംഗങ്ങളെ പോലും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് വിശ്വാസത്തിലെടുത്തില്ലെന്ന സംശയം ശക്തിപ്പെട്ടു വരികയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ഭരണകക്ഷിയുടെ ജനപ്രതിനിധികൾ സ്വകാര്യ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നടത്തിയ ചർച്ചകൾ ഇത്തരത്തിലുള്ള അനുമാനങ്ങൾക്കാണ് വഴിവെക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഇനിയും പ്രധാനമന്ത്രിക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള സാധ്യതയെ പറ്റി ഒരു മന്ത്രി എംപിമാരുടെ യോഗത്തിൽ സംസാരിച്ചതായുള്ള വിവരങ്ങൾ മാധ്യമങ്ങളിൽ വാർത്തയായി. ആരോഗ്യമന്ത്രി ഡാം ആൻഡ്രിയ ലീഡ്‌സം ആണ് എംപിമാരുടെ യോഗത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടുള്ള അതൃപ്തി വെളിവാക്കുന്ന ഈ ചോദ്യം ഉന്നയിച്ചത്. എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകളോട് പ്രതികരിക്കാൻ അവർ വിസമ്മതിച്ചു.

ജൂലൈ നാലിന് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് കൺസർവേറ്റീവ് പാർട്ടിയുടെ വിവിധതലത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ചൂടുപിടിച്ച ചർച്ചകൾ നടന്നതായാണ് റിപ്പോർട്ടുകൾ. പാർട്ടി എംപിമാർക്കിടയിലും പ്രവർത്തകരിലും ഈ സമയത്ത് തിരഞ്ഞെടുപ്പിനെ നേരിടാൻ കടുത്ത ആത്മവിശ്വാസ കുറവ് ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് . തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിലൂടെ ഭരണപക്ഷത്തെയും പ്രതിപക്ഷ പാർട്ടികളെയും ഒരു നിമിഷം ഞെട്ടിക്കുന്ന പ്രഖ്യാപനമാണ് പ്രധാനമന്ത്രി നടത്തിയത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നിലവിലെ മോശം ഭരണത്തിൽ നിന്ന് മാറ്റത്തിനുള്ള സമയമാണിതെന്ന് ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാർമർ പറഞ്ഞു . അടുത്തയിടെ നടന്ന മിക്ക അഭിപ്രായ വോട്ടെടുപ്പുകളിലും ഭരണപക്ഷത്തിന് എതിരെയുള്ള ജനവികാരം പ്രകടമായിരുന്നു.

തിരഞ്ഞെടുപ്പ് ഇനിയും താമസിച്ചാൽ ഭരണപരാജയങ്ങളുടെ പേരിൽ കൂടുതൽ തിരിച്ചടികൾ നേരിടേണ്ടി വരുമോ എന്ന് ഭയമാണ് തിരഞ്ഞെടുപ്പ് നേരത്തെ നടത്താൻ ഋഷി സുനകിനെ പ്രേരിപ്പിച്ചതെന്നാണ് പൊതുവെ കരുതപ്പെടുന്നത്. നിലവിൽ കഴിഞ്ഞ ബഡ്ജറ്റിൽ നികുതികൾ വെട്ടി കുറച്ചതിനെ തുടർന്നുള്ള അനുകൂല സാഹചര്യം ലഭിക്കുമെന്നാണ് ഭരണപക്ഷം പ്രതീക്ഷിക്കുന്നത്. ജൂണില്‍ പരിശ നിരക്കുകൾ കുറയുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചന നൽകിയിരുന്നു. ഇത്തരം അനുകൂല സാഹചര്യങ്ങൾ പരമാവധി വോട്ടാക്കി മാറ്റാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ വിസ അപേക്ഷകളും റീ-എൻട്രി ആവശ്യകതകളും സംബന്ധിച്ച കർശനമായ ഇമിഗ്രേഷൻ നിയമങ്ങളിൽ വലഞ്ഞ് കുടുംബങ്ങൾ. പലരും തങ്ങളുടെ പ്രിയപ്പെട്ടവരെ തിരിച്ചയക്കാൻ നിർബന്ധിതരാവുകയാണ്. ഇത്തരത്തിലൊരു അവസ്ഥയിലൂടെ കടന്ന് പോവുകയാണ് ഒരു വയസുകാരി മസാഹയുടെ കുടുംബം. ബ്രിട്ടനിൽ ജനിച്ച തൻ്റെ മകൾ മസാഹ് യുകെ വിടണമെന്ന് കാണിച്ചുള്ള കത്ത് മസാഹയുടെ പിതാവിന് ലഭിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ മിഡ്‌ലാൻഡിൽ ജനിച്ച മസാഹിന് 13 മാസമാണ് പ്രായം. 2021ൽ ജോർദാനിൽ നിന്ന് പിതാവിൻ്റെ പിഎച്ച്ഡി പഠനത്തിനായി കുടുംബം യുകെയിലെത്തിയതാണ്. കുടുംബം ആശ്രിത വിസയ്ക്ക് അപേക്ഷിച്ചെങ്കിലും ജനുവരിയിൽ ഇവർ വിദേശത്ത് അവധി ആഘോഷിച്ചത് ചൂണ്ടിക്കാട്ടി ഇത് നിഷേധിക്കുകയായിരുന്നു. ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ ഇരിക്കുകയാണ് മസാഹയുടെ പിതാവ് മുഹമ്മദും ഭാര്യയും.

രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനായി യുകെ സർക്കാർ ഇമിഗ്രേഷൻ നയങ്ങൾ കർശനമാക്കിയിരിക്കുയാണ്. ഏറ്റവും പുതിയ കണക്കുകളിൽ നെറ്റ് മൈഗ്രേഷനിൽ കുറവുണ്ടെങ്കിലും റുവാണ്ടയിലേക്ക് അഭയം തേടുന്നവരെ നീക്കം ചെയ്യുന്നത് പൊതുതെരഞ്ഞെടുപ്പിന് ശേഷം മാത്രമായിരിക്കും ഉണ്ടാവുക എന്ന് പ്രധാനമന്ത്രി റിഷി സുനക് അറിയിച്ചു. ഇത്തരം കർശനമായ ഇമ്മിഗ്രേഷൻ നിയമങ്ങൾ മസാഹിൻെറ പോലുള്ള കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.

അഭയാർഥികളെ റുവാണ്ടയിലേക്ക് മാറ്റാനുള്ള കൺസർവേറ്റീവ് ഗവൺമെൻ്റിൻ്റെ പദ്ധതി പാർട്ടി മുന്നോട്ട് വച്ചിരിക്കുന്ന പ്രധാനപ്പെട്ട അവകാശങ്ങളിൽ ഒന്നാണ്. എന്നാൽ ഇത് പൊതു തിരഞ്ഞെടുപ്പിന് ശേഷം മാത്രം ആയിരിക്കും നടപ്പിലാക്കുക. തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചുള്ള തൻ്റെ ആശങ്കകൾ അഭയാർത്ഥികൾക്ക് ഉണ്ട്. റുവാണ്ട പദ്ധതിയെക്കുറിച്ചും തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുമുള്ള ആശങ്കയിലാണ് ഇവർ.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ചരിത്ര നേട്ടമായി കേംബ്രിഡ്ജിന്റെ ആദ്യ ഏഷ്യൻ മേയറായി മലയാളിയായ ബൈജു വർക്കി തിട്ടാല തിരഞ്ഞെടുക്കപ്പെട്ടു. നേരെത്തെ കേംബ്രിഡ്ജിന്റെ ആദ്യ ഏഷ്യൻ ഡെപ്യൂട്ടി മേയർ എന്ന നിലയിൽ ബൈജു വർക്കി തിട്ടാല വാർത്തകളിൽ സ്‌ഥാനം പിടിച്ചിരുന്നു. നിരവധിയായ സാമൂഹിക പ്രവർത്തനങ്ങളിലൂടെ ബ്രിട്ടീഷ് ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ ശ്രദ്ധേയനായ വ്യക്തിയായി ബൈജു തിട്ടാല വളരെ നേരത്തെ തന്നെ അറിയപ്പെട്ടിരുന്നു. യുകെയിലെത്തുന്ന മലയാളി നേഴ്സുമാർക്ക് തങ്ങളുടെ തൊഴിൽ രംഗത്ത് നേരിടുന്ന വിവേചനങ്ങൾക്കെതിരെ ബൈജു വർക്കി തിട്ടാല നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിൽനിന്ന് യുകെയിൽ എത്തി കേംബ്രിഡ്ജിന്റെ മേയറായി മാറിയ ബൈജു വർക്കി തിട്ടാലയുടെ സ്‌ഥാന ലബ്ധി വളരെ സന്തോഷത്തോടെയാണ് യുകെ മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്.

സാമൂഹിക രാഷ്ട്രീയ രംഗത്തെ മികച്ച ഇടപെടലിനുള്ള 2022 -ലെ മലയാളം യുകെ ന്യൂസിൻെറ അവാർഡ് ശ്രീ. ബൈജു വർക്കി തിട്ടാലയ്ക്കാണ് നൽകിയത് . കേരളത്തിലെ ഒരു സാധാരണ കർഷക തൊഴിലാളി കുടുംബത്തിൽ ജനിച്ച് സാമ്പത്തിക പരാധീനതകളാൽ ഉന്നത വിദ്യാഭ്യാസത്തിന് അവസരം നിഷേധിക്കപ്പെടുകയും ചെയ്തിട്ടുള്ള ബൈജു വർക്കി തിട്ടാല യുകെയിലെത്തിയ ശേഷം സ്വപ്രയത്നത്തിലൂടെ ഉയർന്ന് വന്ന അപൂർവ്വ വ്യക്തിത്വമാണ്.

നേഴ്സായ ആൻസിയെ വിവാഹം ചെയ്ത് 20 വർഷം മുമ്പ് യുകെയിലെത്തിയ ബൈജു വർക്കി തിട്ടാല ആദ്യം ഒരു കെയർ അസിസ്റ്റൻറ് ആയി ആണ് ജോലിയിൽ പ്രവേശിച്ചത്. പ്രായമായവരെ നോക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന ജോലി സന്തോഷത്തോടെ ചെയ്യുന്നതിനൊപ്പം പഠനത്തിനായും പ്രാദേശിക രാഷ്ട്രീയത്തിൽ ഇടപെടുന്നതിനും അദ്ദേഹം സമയം കണ്ടെത്തി.

2013 ൽ ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിൽ നിന്നും എൽ എൽ ബി ബിരുദം നേടിയായിരുന്നു തുടക്കം. പിന്നീട് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിൽ നിന്നും എംപ്ലോയ്മെൻറ് ലോയിൽ ഉന്നത ബിരുദം നേടി. ഇക്കാലയാളവിൽ തന്നെ യുകെയിലുടനീളം സഞ്ചരിച്ച് ജോലിസ്ഥലങ്ങളിൽ തൊഴിലാളികൾ നേരിടുന്ന അവകാശ ലംഘനങ്ങൾക്കെതിരെ ബോധവത്കരണം നടത്തുകയും ചെയ്തു. തൊഴിൽ രംഗത്ത് നീതി നിഷേധിക്കപ്പെട്ട പലർക്കും ബൈജുവിന്റെ സേവനങ്ങൾ ഇക്കാലത്ത് തുണയായി മാറിയിരുന്നു.

2018 ൽ കേംബ്രിഡ്ജിലെ ഈസ്റ്റ് ചെസ്റ്റർട്ടൻ മണ്ഡലത്തിൽ നിന്നും കൗൺസിലർ ആയി തെരഞ്ഞെടുക്കപ്പെട്ട ബൈജു വർക്കി തിട്ടാല മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുകയും 2022 -ൽ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ഉണ്ടായി. കൗൺസിലർ ആയി പ്രവർത്തിക്കുന്നതിനിടയിൽ തന്നെ 2019 ൽ സോളിസിറ്റർ ആയി മാറിയ ബൈജു തിട്ടാല ക്രിമിനൽ ഡിഫൻസ് ലോയർ ആയി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.

യൂറോപ്യൻ യൂണിയന് വെളിയിലുള്ള നേഴ്സുമാർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഭാഷാപരിജ്ഞാന നിബന്ധനകൾ മൂലം മലയാളികളായ നിരവധി നേഴ്സുമാർക്ക് അർഹിക്കുന്ന ജോലിയും തൊഴിൽ പരമായ ഉയർച്ചയും പലപ്പോഴും തടയപ്പെട്ടിരുന്നു. ഇതിനെതിരെ യുകെയിൽ ഉയർന്ന് വന്ന പ്രതിഷേധങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച ബൈജു വർക്കി തിട്ടാല പ്രാദേശിക എംപിമാരുടെയും മറ്റും നേതൃത്വത്തിൽ നടത്തിയ ക്യാമ്പെയിനുകളിലും നിറ സാന്നിധ്യമായിരുന്നു . ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായി ഭാഷാ പ്രാവീണ്യം സംബന്ധിച്ച് ഏർപ്പെടുത്തിയിരുന്ന പല കടുത്ത നിബന്ധനകളും പിൻവലിക്കുകയുണ്ടായി.
ആര്‍പ്പൂക്കര തിട്ടാല പാപ്പച്ചന്‍- ആലീസ് ദമ്പതികളുടെ മകനാണ് ബൈജു വർക്കി തിട്ടാല . കേംബ്രിഡ്ജില്‍ നഴ്‌സിങ് ഹോം യൂണിറ്റ് മാനേജരായി ജോലി ചെയ്യുന്ന ഭാര്യ ആന്‍സി തിട്ടാല, കോട്ടയം മുട്ടുചിറ മേലുക്കുന്നേല്‍ കുടുംബാംഗമാണ്. വിദ്യാര്‍ത്ഥികളായ അന്ന തിട്ടാല, അലന്‍ തിട്ടാല, അല്‍ഫോന്‍സ് തിട്ടാല എന്നിവര്‍ മക്കളാണ്.
കേംബ്രിഡ്ജിലെ മേയർ പദവി ലഭിച്ചതോടെ ബ്രിട്ടന്റെ രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുന്ന ഏഷ്യൻ വംശജരായ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന്റെയും ലണ്ടൻ മേയറായ സാദിഖ് ഖാൻ ഉൾപ്പെടെയുള്ളവരുടെയും ഗണത്തിലേയ്ക്ക് മലയാളിയായ ബൈജു വർക്കി തിട്ടാലയും എത്തിച്ചേർന്നതിന്റെ സന്തോഷത്തിലാണ് യുകെ മലയാളികൾ . മഹാത്മാഗാന്ധി, നെൽസൺ മണ്ടേല നെഹ്‌റു, മാർട്ടിൻ ലൂഥർ കിംഗ്, ഭഗത് സിംഗ്, ലാൽ-ബാൽ-പാൽ, സുബാഷ് ചന്ദ്രബോസ് എന്നീ ലോക നേതാക്കളാണ് തന്റെ രാഷ്ട്രീയത്തിന്റെയും ജനസേവനത്തിന്റെയും മാതൃക എന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക നീതിയും സമത്വവും ഉറപ്പാക്കുന്നതിൽ തന്റെ പ്രവർത്തനങ്ങൾ തുടർന്നും ഉണ്ടാവുമെന്ന് ബൈജു വർക്കി തിട്ടാല മലയാളം യുകെ ന്യൂസിനോട് പറഞ്ഞു . എല്ലാവർക്കും താങ്ങാനാവുന്ന ഭവന പദ്ധതികൾ, സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുക, വിദ്യാഭ്യാസത്തിന് കൂടുതൽ നിക്ഷേപം വകയിരുത്തുക എന്നീ മേഖലകൾക്കായി മേയർ എന്ന നിലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.